Monday, December 30, 2019

ഗവർണർ പദവി...

ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  വിവാദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ജീവനാംശ ബില്ലിലുടക്കി ഉറ്റ സുഹൃത്തായ രാജീവ് ഗാന്ധിയുമായി  പിണങ്ങി കേന്ദ്ര മന്ത്രി സ്ഥാനം വേണ്ടെന്ന് വെക്കുകയും തുടർന്ന് കോൺഗ്രസ്സിൽ നിന്ന് തന്നെ പുറത്തായി പിന്നെ  വിവിധ പാർട്ടികളിലൂടെ ഇപ്പോൾ വിവേകാനന്ദ ട്രസ്റ്റ്മായി  ബന്ധപ്പെട്ട്  ബി. ജെ.പി.യുമായി സമരസപ്പെട്ട് കഴിയവേയാണ്  ഗവണറായി തീർന്നത്.
അദ്ദേഹത്തിന് ഹിതകരമല്ലാത്ത  വിഷയത്തിന്മേൽ  ഏതറ്റം വരെ വാദിക്കാനും  മൂപ്പര്  ഒരുക്കമാണ്.  ഗവർണർ പദവിയിലിരിക്കുന്നു എന്നതൊന്നും  അദ്ദേഹത്തിന് ചിന്തനീയ വിഷയമല്ല. അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി സഭയും  ഭരണ പക്ഷവും  ഒപ്പത്തിനൊപ്പം  നിൽക്കുന്ന ഒരു  പ്രതി പക്ഷവും നിലവിലുള്ള നാട്ടിൽ  പുറത്ത് നടക്കുന്ന കോലാഹലത്തിനെ സംബന്ധിച്ച്  ചർച്ച ചെയ്യാൻ  ബന്ധപെട്ട കക്ഷികളെ ചർച്ചക്ക് ഗവർണർ പലവുരു വിളിക്കുകയും അവർ വരാതിരുന്നപ്പോൾ   ചാനൽകാർ പത്രക്കാർ  തുടങ്ങിയവരെ നേരിട്ട് വിളിച്ച് അഭിമുഖവും  പ്രസ്താവനയും  കൊടുക്കാൻ തുനിയുമോ?
 കണ്ണൂർ നടന്ന സംഭവും  മറ്റും  നമുക്ക് മാറ്റി വെക്കാം.
 എന്താണ് ഒരു സംസ്ഥാന ഗവർണരുടെ  ജോലി അത് ഏതറ്റം വരെ പോകാം.  ഒരു വിഷയത്തെ പറ്റി ഗവർണർ ഇടപെടുന്നതിന്റെ പ്രാഥമിക മര്യാദ എന്താണ്. ഒരു പരാതി ലഭിക്കുകയോ   കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരമോ അല്ലാതെ    തനിക്ക് രാഷ്ട്രീയ അഭിപ്രായ   വ്യത്യാസമുള്ള   വിഷയത്തെ പറ്റി        നേരിൽ അഭിപ്രായ പ്രകടനം നടത്തുന്നത്  ഗവർണർ പദവിക്ക് ഭൂഷണമാണോ?    ? രാജ്ഭവൻ ഉദ്യോഗസ്തർ മുഖേനെ ബന്ധപ്പെട്ട സർക്കാരുമായി  ബന്ധപ്പെടുക അല്ലാതെ ആദ്യ അവസരത്തിൽ തന്നെ ഗവർണർ നേരിട്ട് ഇടപെടുന്ന ഒരു കീഴ്വഴക്കം  ഈ സംസ്ഥാനത്ത് മുമ്പ് നടന്നിട്ടുണ്ടോ?
  (അദ്ദേഹത്തിന്റെ മുൻ ഗാമികളായ,)1956ൽ കേരള പിറവി സമയത്തെ ഗവർണറായ ബി.രാമക്രിഷ്ണ റാവു മുതൽ തൊട്ട് മുമ്പ് ഗവർണറായിരുന്ന ഉന്നത കോടതിയിലെ  ഉയർന്ന ന്യായാ ധിപനായ ജസ്റ്റിസ് സദാശിവം വരെ ഉള്ളവരുടെ  ഇത് പോലുള്ള അവസ്തയിലെ  നടപടി ക്രമങ്ങൾ എങ്ങിനെയായിരുന്നു? കീഴ്വഴക്കങ്ങളാണല്ലോ പലപ്പോഴും നമുക്ക് വഴികാട്ടിയാകുന്നത്. നടെ പറഞ്ഞവരെല്ലാം ശ്രീ ആരിഫ് മുഹമ്മദ് ഖാനെ പോലെയോ അതിലുമേറെയോ ഭരണഘടന പഠിച്ചവരും പൂർവാശ്രമത്തിൽ രാഷ്ട്രീയവും നിയമവും         പയറ്റി  തെളിഞ്ഞവരുമായിരുന്നു.
തികഞ്ഞ രാഷ്ട്രീയക്കാരൻ നാടിന്റെ പ്രസിഡന്റ് ആകുമ്പോഴോ ഗവർണർ ആകുമ്പോഴോ നിയമ നിർമ്മാണ സഭയുടെ  സ്പീക്കർ ആകുമ്പോഴോ  പ്രഗൽഭനായ വക്കീൽ  ന്യായാധിപ സ്ഥാനത്തെത്തുമ്പോഴോ  തന്റെ പൂർവാശ്രമം  മാറ്റി വെക്കുന്നതാണ് നാട്ട് മര്യാദ .
ഈ നാട്ടിൽ ആ മര്യാദ ഇത് വരെ  തുടർന്ന് പോന്നു. ഈ കൊച്ച് സംസ്ഥാനത്ത് അത് തുടരുന്നതല്ലേ നല്ലത് ബഹുമാനപ്പെട്ട ഗവർണർ.

Thursday, December 26, 2019

ശ്മശാന ഭൂമിയിൽ.

ഡിസമ്പറിലെ  തണുപ്പ് നിറഞ്ഞ പ്രഭാതത്തിൽ  ഞാൻ ആ മണൽ പറമ്പിൽ മൂകനായി നിന്നു. വെളുത്ത് പഞ്ചസാര പോലെ  നിരന്ന് കിടന്ന ആ മണലിൽ സമീപത്ത് നിന്ന  മരങ്ങളിലെ ഇലകൾ പൊഴിഞ്ഞ് വീണിരുന്നതിന്മേൽ  മഞ്ഞ് തുള്ളികൾ വെട്ടി തിളങ്ങി.  പ്രഭാത സൂര്യ ശോഭ എങ്ങും പരന്നിരുന്നു..
എങ്ങും നിശ്ശബ്ദത!
 ഞാൻ ഒരു ശ്മശാന  ഭൂമിയിലായിരുന്നല്ലോ നിന്നിരുന്നത്.
എല്ലാ വർഷവും ഡിസമ്പറിൽ ഞാൻ ആലപ്പുഴ വരും ബാല്യ കൗമാര ഓർമ്മകൾ  അലയടിക്കുന്ന മനസ്സുമായി. ഇവിടെയെത്തുമ്പോൾ  പള്ളി പറമ്പും സന്ദർശിക്കും. എവിടെയാണ് അടക്കിയിരിക്കുന്നതെന്ന്  കൃത്യമായി  പറയാൻ കഴിയാത്ത പിതാവിന് വേണ്ടി പ്രാർത്ഥിക്കാൻ.
 എവിടെയെന്ന് പറയാൻ  സാധിക്കില്ലെങ്കിലും ആ ഭാഗം ഏതെന്ന് എനിക്കറിയാം. അതിന് സമീപം നാല് കുടീരങ്ങളും അതിന്മേൽ വ്യക്തമായി വായിക്കാൻ കഴിയാത്ത കുറിപ്പുകളടങ്ങിയ സ്മാരക ശിലകളും ഉണ്ടല്ലോ. സുപ്രസിദ്ധ സിനിമാ സംവിധായകൻ  ഫാസിലിന്റെ അമ്മാവന്റെ മകൻ ബാബു, അബ്ദുൽ റഹുമാൻ , ഹംസാ, പിന്നെ യൂനുസും.. ഇവർ നാല് പേരും വളരെ വർഷങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികളായിരിക്കവേ  ചേർത്തലയിൽ ഫുട്ബാൾ  കളി കാണാൻ പോയപ്പോൾ വളവ നാട് എന്ന സ്ഥലത്ത്  വെച്ച് കാർ ആക്സിഡന്റ് ഉണ്ടായി  മരണപ്പെട്ടു. ഞാൻ അന്ന് തേഡ് ഫോമിൽ പഠിക്കുന്നു. ആലപ്പുഴ മുഹമ്മദൻ സ്കൂളിനെയും നാട്ടുകാരെയും ഞെട്ടിച്ച  ആ ദുരന്തത്തിന്റെ വേദനിക്കുന്ന സ്മരണകളുമായി നിൽക്കുന്ന ആ കുടീരങ്ങൾ   എനിക്ക് സുപരിചിതമായിരുന്നു. വാപ്പാ മരിച്ചപ്പോൾ  അതിനടുത്താണ് അടക്കിയത്.വാപ്പാക്ക്  വേണ്ടി സ്മാരക ശിലകൾ സ്ഥാപിക്കാൻ കയ്യിൽ പൈസാ ഇല്ലായിരുന്ന കാലമാണത്. ആ നാല് കല്ലറകളാണ് എന്റെ വാപ്പായുടെ കുഴിമാടത്തിന്റെ ഭാഗം എനിക്ക് അടയാളമാക്കി തന്നിരുന്നത്  കുറച്ച് അപ്പുറത്ത് മാറി എന്റെ പ്രിയ ഉമ്മാ, പ്രിയപ്പെട്ട മൂത്ത സഹോദരി, സഹോദരി  ഭർത്താവ് അവരുടെ കുഴിമാടങ്ങൾ!  എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.
അവിടെയുള്ള എല്ലാവരും ഉറങ്ങുകയാണ്. നിത്യമായ ഉറക്കം. മാർബിളിൽ തീർത്ത ശിലാഫലകങ്ങളും വെറും വെട്ട്കല്ലാൽ അടയാളം കാട്ടിയ കുഴിമാടങ്ങളും നാല് ചുറ്റും നിറഞ്ഞ് നിൽക്കുന്നു.. പണക്കാരന്റെയും പാവപ്പെട്ടവന്റെയും  ശവകുടീരങ്ങൾ അവിടുണ്ട്. ജീവിച്ചിരുന്നവർക്കാണ് ഉച്ച നീചത്വം. മരിച്ചവർക്ക് എന്ത് വ്യത്യാസം. എല്ലാം ഒരു പോലെ. ഇവിടമാണദ്ധ്യാത്മ വിദ്യാലയം എന്ന് കവി പാടിയത് എത്ര അർത്ഥവത്താണ്
മൂകമായ മനസ്സുമായി ഞാൻ മുത്തലിബ് തങ്ങളുടെ  മഖ്ബറക്ക് സമീപത്ത് കൂടി വൻ വൃക്ഷങ്ങൾ തണൽ വിരിച്ച നിരത്തിലൂടെ  ഡച്ച് മുക്കും കടന്ന് കടപ്പുറം ലക്ഷ്യമാക്കി നടന്നു.
   പ്രഭാതത്തിലെ മഞ്ഞ വെയിൽ ഒളിച്ച് കളിക്കുന്ന  വിശാല മണൽ പ്പുറത്ത്  ഉയരത്തിൽ  പറന്ന് പോകുന്ന പക്ഷികളെയും അതിനും മുകളിലെ നീലാകാശവും  നോക്കി  മലർന്ന് കിടക്കുവാനും  വീണ്ടുമെന്റെ ബാല്യത്തിലും കൗമാരത്തിലുമെത്തി ചേരുവാനുമായി ഞാൻ അവിടെക്ക് പോയേ മതിയാകൂ.

Monday, December 16, 2019

ഈ മണ്ണിൽ ജീവിക്കാനനുവദിക്കണം

“ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക്  ഈ രാജ്യം ഭരിക്കണമെന്നോ ഇവിടെ അധികാരത്തിൽ വരണമെന്നോ  ഒട്ടും തന്നെ ആഗ്രഹം ഇല്ല. കാരണം അങ്ങിനെ അൽപ്പമെങ്കിലും  ആഗ്രഹം അവർക്കുണ്ടായിരുന്നെങ്കിൽ 800 കൊല്ലത്തിലധികം കാലം  അവർ ഇവിടെ അധികാരം  കയ്യാളിയിരുന്നപ്പോൾ ഈ നാട്ടിലെ മുസ്ലിമേതര  സമൂഹത്തെ ബലപ്രയോഗത്താൽ  മതം മാറ്റാമായിരുന്നു, ഈ നാട്ടിൽ നിന്നും തുരത്തി ഓടിക്കാമായിരുന്നു  നശിപ്പിക്കാമായിരുന്നു. ഇതൊന്നും അവർ ചെയ്തില്ല.
  ഇവിടത്തെ മുസ്ലിങ്ങൾക്ക് സഹോദര മത വിശ്വാസികൾക്കൊപ്പം  ഈ മണ്ണിൽ ജീവിച്ച്  ഈ മണ്ണിൽ മരിക്കണം അതിന് ഈ രാജ്യം  മതേതര, ജനാധിപത്യ രാജ്യമായി നില നിൽക്കണം അത്രമാത്രം. “
പൗരത്വ  നിയമ ഭേദഗതി  ആക്റ്റിനെതിരെ  കൊട്ടാരക്കര മുസ്ലിം ജമാത്തിന്റെ ആഭിമുഖ്യത്തിൽ  ഇന്ന് നടന്ന പ്രൗഡഗംഭീര പ്രതിഷേധ ജാഥക്ക് സമാപനം കുറിച്ച്  കൊട്ടാരക്കര ചന്തമുക്കിൽ  ബഹുമാനപ്പെട്ട ജമാ അത്ത്  ഇമാം  മുഹസൻ അഹമ്മദ് ബാഖവി  ചെയ്ത പ്രസംഗത്തിൽ നിന്നും അൽപ്പം ചില  വാക്കുകൾ.
അഭിവാദ്യങ്ങൾ ബഹുമാനപ്പെട്ട ഇമാം.

Tuesday, December 10, 2019

ഇത്തിരി കഞ്ഞി വെള്ളം തരുവോ?

ഇത്തിരി കഞ്ഞി വെള്ളം  തരുവോ?
വർഷങ്ങൾക്ക് മുമ്പ് വരെ  കേരളത്തിലെ അരിവെക്കുന്ന അടുക്കളകൾക്ക് മുമ്പിൽ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.
അത് പറമ്പിൽ ജോലി ചെയ്യുന്ന  ജോലിക്കാരനായിരിക്കാം  ചോറ് വെക്കാത്ത വീട്ടിലെ  കുട്ടികൾ ആയിരിക്കാം, ചോറ് വെച്ചില്ലെങ്കിലും മരച്ചീനി പുഴുങ്ങി കാന്താരി ചമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ  കഞ്ഞിവെള്ളം കൂട്ടിന്  കഴിക്കാൻ ആഗ്രഹിച്ചവരായിരിക്കാം. ഭിക്ഷക്കാരായിരിക്കാം. എന്തായാലും കഞ്ഞി വെള്ളം ഒരു കാലത്ത് ഒഴിച്ച് കൂട്ടാനാവാത്ത  ആഹാരമായിരുന്നു. അന്ന് പ്രമേഹ രോഗം സർവ സാധാരണമല്ലാത്തതിനാൽ  കഞ്ഞി വെള്ളത്തിന് നിരോധനവുമില്ലായിരുന്നു.
കുത്തരി കഞ്ഞിവെള്ളത്തിൽ തേങ്ങാ  ചിരവിയിട്ട് കഴിക്കുന്നത്  ഉന്മേഷ ദായകമായ കാലഘട്ടവും ഉണ്ടായിരുന്നു. പിന്നെയും കഞ്ഞി വെള്ളം ബാക്കി ഉണ്ടായിരുന്നെങ്കിൽ  അത് വീട്ടിലെ കന്നുകാലികൾക്കോ  കന്നുകാലികൾ ഇല്ലാത്ത വീടാണെങ്കിൽ അതുള്ളവർക്കോ കഞ്ഞി വെള്ളം ഉപകാരപ്പെട്ടു. ഇസ്തിരി ഇടുന്നവർ ഇന്നുപയോഗിക്കുന്ന കെമിക്കലുകൾ  അന്നില്ലാത്തതിനാൽ  ആ ആവശ്യത്തിനും കഞ്ഞിവെള്ളം ഉപയോഗിക്കുകയും കഞ്ഞി പശമുക്കിയ ഉടുപ്പ്  എന്ന മൊഴി മലയാളത്തിൽ ഉണ്ടാവുകയും ചെയ്തിരുന്നല്ലോ.
പട്ടിണിയുടെ കാലമായിരുന്നു അത്.   അത് കൊണ്ട് തന്നെ കഞ്ഞി വെള്ളം പാഴായില്ല, അത് കളയാൻ ഇടം അന്വേഷിക്കേണ്ട ആവശ്യവും ഉണ്ടായില്ല.
കാലം കടന്ന് പോയപ്പോൾ പട്ടിണി പറഞ്ഞ് കേട്ട ഒരു തമാശയും  കഞ്ഞി വെള്ളം ആവശ്യമില്ലാത്ത  സാധനവുമായി. ഡയബിറ്റിക്ക് ഭീതി കഞ്ഞി വെള്ളത്തെ ഒഴിവാക്കാനിടയാക്കി, കന്നുകാലികൾ പോയിട്ട് ഒരു കോഴിയെ പോലും വളർത്തി മെനക്കെടാൻ മലയാളി തയാറാകാതെയും  വന്നതിനാൽ  കഞ്ഞി വെള്ളം കളയാൻ വെയ്സ്റ്റ്  കുഴി അന്വേഷിക്കുന്ന മലയാളിയാണ് ഇന്നുള്ളത്.

Friday, December 6, 2019

പരമൻ പത്തനാപുരം.

ദൈനംദിന കാര്യങ്ങളിൽ തിരക്ക് വർദ്ധിച്ചപ്പോൾ  ഇരു ചക്ര വാഹനം ഉപയോഗിച്ച് സമയം ലാഭിക്കാമെന്ന് കരുതി. പണ്ടെന്നോ പഠിച്ചിരുന്ന  ഇരു ചക്ര  വാഹന പരിചയം ഒന്ന് കൂടി പുതുക്കാൻ തീരുമാനിക്കുകയും ആഴ്ചകൾ അതിനായി ചെലവഴിക്കുകയും ചെയ്തു, എന്നെക്കാളും പ്രായമുള്ളവർ  സ്കൂട്ടറിൽ കയറി പുസ്കെന്ന് പറന്ന് പോകുന്ന കാഴ്ച  പഠിക്കാനുള്ള ത്വര വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ വാഹനത്തിൽ കയറി ഇരുന്ന്  അതിനെ നയിക്കുമ്പോൾ ഉടൻ തലയിൽ കയറി വരുന്ന  കേസ് കാര്യങ്ങളും പൊതുക്കാര്യങ്ങളും  കുടുംബ കാര്യങ്ങളും  ഏകാഗ്രത നഷ്ടപ്പെടുത്താനായി തുനിഞ്ഞ് ഇറങ്ങിയാൽ പിന്നെ എന്ത് ചെയ്യും. എത്ര കഠിന ശ്രമം ചെയ്ത് അവയെ തലയിൽ നിന്നും ആട്ടി പായ്ച്ചാലും  അപ്പുറത്തും ഇപ്പുറത്ത് നിന്നും അവറ്റകൾ തലയിൽ കയറി  പിന്നെയും ശ്രദ്ധ മാറ്റും. അപ്പോൾ ബ്രേക്ക് അമർത്തുന്നതിന് പകരം ആക്സിലേറ്റർ  അമർത്താനും ആക്സിലേറ്ററിന് പകരം  ക്ളച്ച് ആകാനും തുടങ്ങിയപ്പോൾ  നമുക്ക് ഈ പണി പറ്റില്ലാ എന്ന് തിരിച്ചറിഞ്ഞ്  വണ്ടിയിൽ നിന്നും താഴെ ഇറങ്ങി. (പലതവണ നൂലിഴക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടിരുന്നു എന്നുള്ളതും പറഞ്ഞ് വെക്കട്ടെ)അങ്ങിനെ വീണ്ടും നടപ്പ്  തന്നെ ശരണം എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിൽ സമീപ സ്ഥലങ്ങളിൽ  നടന്നും ദൂരെ സ്ഥലങ്ങളിൽ ആട്ടോയും  ഉപയുക്തമാക്കി. ലൈസൻസ് എടുക്കാൻ കാർ  ഓടിച്ചതല്ലാതെ   പിന്നെ ആ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല എന്നുള്ളതും ഇതിനോട് കൂട്ടി വായിക്കുക.
അപ്രകാരം നടരാജ വണ്ടിയിൽ യാത്ര ചെയ്യവേ  പരിചയക്കാരും സ്നേഹിതരും  ഇരു ചക്ര വാഹനം കൊണ്ട് വന്ന് അരികിൽ നിർത്തിയിട്ട് പറയും “ കയറ് സാറേ!“ ഈയുള്ളവൻ ബൈക്കിന്റെ പുറകിൽ കയറി ഇരുന്ന് ഉദ്ദിഷ്ട  സ്ഥാനെത്തുകയും ചെയ്തു വന്നു. ഈ വിധമുള്ള സൗജന്യ യാത്ര കേരളത്തിൽ എല്ലായിടത്തും പ്രത്യേകിച്ച് ചേർത്തലക്ക് വടക്ക് എറുണാകുളം  വരെയുള്ള റോഡിന്റെ വശങ്ങളിൽ പലയിടത്തും വിദ്യാർത്ഥികളും ഉദ്യോഗസ്തരും  അത്യാവശ്യക്കാരും പ്രയോജനപ്പെടുത്തി വന്നു.
ഇപ്പോൾ ദിവസം 12 ലക്ഷം രൂപാ വീതം പിഴ ലഭിക്കാൻ തക്കവിധം  പിൻ സീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയപ്പോൾ  എന്നെ പോലുള്ള ഓസ്സ് യാത്രക്കാരുടെ പള്ളക്കടിച്ചു. ഹെൽമറ്റ് ഇല്ലാതെ കയറി ഇരുന്നാൽ ആദ്യ തവണ 500, പിന്നെ 1000, എന്നിങ്ങനെയുള്ള സ്ളാബിൽ  പിഴ അടക്കേണ്ടി വരുമെന്നതിനാൽ  ഇരു ചക്രവാഹനങ്ങൾ  ഞങ്ങളെ പോലുള്ളവരുടെ സമീപം നിർത്താതെയുമായി. അല്ലെങ്കിൽ  ഒരു ഹെൽമറ്റ് വാങ്ങി കയ്യിൽ തൂക്കി നടക്കുകയോ  പണ്ട് ഒരു ഗൾഫ് പ്രോഗ്രാമിൽ കണ്ട പരമൻ പത്തനാപുരം പോലെ   ഹെൽമറ്റ് തലയിൽ ധരിച്ച്  നടക്കുകയോ ചെയ്യണം.
ലോകത്ത് എല്ലായിടത്തും ഉള്ള ഈ നിയമം, നമ്മുടെ നാട്ടിൽ വന്നാൽ കുഴപ്പമെന്താണ്, നമ്മുടെ ജീവൻ രക്ഷിക്കാനല്ലേ, നിയമം പാലിക്കേണ്ട ബാദ്ധ്യത പൗരനില്ലേ, എന്നിങ്ങനെയുള്ള മഹദ്  വചനങ്ങൾ  കേൾക്കാത്തതല്ല സാർ,  പെണ്ണീനെ കടിച്ച് തിന്ന്  ബാക്കി കത്തിച്ച് കളഞ്ഞ്,  താണ്ഡവം ആടുന്ന ഈ നാട്ടിൽ  പോലീസിന് ആ വക കുറ്റങ്ങളും പിന്നെ ഒരുപാട് കുറ്റങ്ങളും തടയാൻ   ഒരു പാട് പണിയുണ്ട് സാർ. ഒരു ടാർജറ്റ് കൊടുത്ത് ഇത്രയും  പിടിച്ചിരിക്കണം എന്ന് ആജ്ഞ്ഞാപിക്കുമ്പോൾ  പാവം പോലീസ്സ്കാരനും  വാഹന വകുപ്പ്കാരും പൊതുജനത്തെ ഹെൽമറ്റ് ധരിക്കാത്തതിനാൽ ലാത്തി എറിഞ്ഞ് വീഴ്ത്തുന്നതിൽ എന്താണ് കുഴപ്പം സാർ!....
നിയമം  അനുസരിക്കേണ്ട ബാദ്ധ്യത  പൗരനുള്ളത് തന്നെയാണ്. സമൂഹ സുരക്ഷ കണക്കിലെടുത്ത് ദുരന്തം ഒഴിവാക്കാൻ  ഹെൽമറ്റ് ധരിക്കേണ്ടത്  ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരുടെ നിർബന്ധ ബാദ്ധ്യത തന്നെയാണ്. പക്ഷേ  നിയമം മനുഷ്യന് വേണ്ടിയുള്ളതാണെന്നും  മനുഷ്യൻ നിയമത്തിന് വേണ്ടിയുള്ളതല്ലെന്നും കണക്കിലെടുത്ത്  ആദ്യ തവണ താക്കീതും പിന്നെ പിഴ ചുമത്തലും അല്ലേ  നല്ലത്.

Wednesday, November 27, 2019

സക്കാഫിയും ദാരിമിയും പിന്നെ ഫൈസിയും

കോളേജിൽ നിന്നും ബിരുദം കരസ്തമാക്കുക എന്നത് ഒരു കാലത്ത് പ്രശംസനീയമായ യോഗ്യത ആയിരുന്നു. അത് കൊണ്ട് തന്നെ പേരിന് പിമ്പേ ആ ബിരുദവും കൂടി എഴുതി ചേർക്കുക പതിവായിരുന്നു. പഴയ കാല കഥകൾ വായിക്കുമ്പോൾ കഥാകൃത്തിന്റെ പേരിന് പുറകേ ആ ബിരുദങ്ങളും കാണുവാൻ കഴിയും. ക്രിഷ്ണ പിള്ള ബി.എ. പരമേശ്വരൻ എം.എ. എന്നൊക്കെ. അതൊരു ചെറിയ പൊങ്ങച്ചവും കൂടിയായിരുന്നു. കാലം കടന്നപ്പോൾ ബിരുദം സർവ സാധാരണമാവുകയും അത് അപ്രാപ്യമല്ലാതായി തീരുകയും ചെയ്തപ്പോൾ ആരും പേരിന് പുറകിൽ ബിരുദ വാൽ ചേർക്കാതായി.
ഇപ്പോൾ ഐ.പി.എസ്, ഐ.എ.എസ്. എന്നീ ബിരുദങ്ങൾ പേരിന് പിറകേ ചേർത്ത് കാണാറുണ്ട്. അത് അധികാര ഗർവ് പ്രകടിപ്പിക്കാനാവാം.
കാലമീ വിധത്തിൽ മാറിയിട്ടും ഈ ഉസ്താദ്മാർ പേരിന് പുറകിൽ സക്കാഫി, സുല്ലമി, ദാരിമി, ഫൈസി, എന്നൊക്കെ ഫിറ്റ് ചെയ്ത് നോട്ടീസിലും ബാനറിലും അടിപ്പിക്കുന്നതെന്താണ്? മറ്റുള്ളവർക്ക് ആകാമെങ്കിൽ ഉസ്താദുമാർക്ക് എന്താ കൊയപ്പം എന്നൊന്നും ചോദിക്കരുതേ.. കാരണം പൊങ്ങച്ചം നടിക്കുന്നവരെ ദൈവം ഇഷ്ടപ്പെടുന്നില്ലാ എന്നാണ് ഇമാമുമാർ/ഉസ്താദുമാർ നമ്മളെ പഠിപ്പിക്കുന്നത്, എന്നിട്ട് അവർ തന്നെ അത് കാണിക്കുന്നതിലുള്ള വിരോധാഭാസം കൊണ്ട് ചോദിച്ച് പോയതാണ്. അല്ലെങ്കിൽ അവർ പറഞ്ഞ് തരട്ടെ ഇതിന്റെ ഉദ്ദേശമെന്താണെന്ന്.
കാലങ്ങൾക്ക് മുമ്പ് വിനയവും എളിമയും മുഖമുദ്രയായുള്ള നമ്മുടെ മൊല്ലാക്കമാരുടെയും പണ്ഡിത ശ്രേഷ്ഠന്മാരായ മുദരിസ്സുകളുടെയും പേരിൻ പുറകിൽ അവർ ഒരു ബിരുദവും ചേർത്തിരുന്നില്ലല്ലോ.
പക്ഷേ അവർ പാണ്ഡിത്യത്തിന്റെ ഉന്നതിയിലായിരുന്നു എന്ന് തീർച്ച.

Tuesday, November 26, 2019

ഹരിതമിഷൻ ഉത്തരവ്

ഒരു സ്ത്രീ  വീട്ടിൽ വന്ന് രസീത് എഴുതി കൊടുത്ത്  50 രൂപാ വാങ്ങി കൊണ്ട് പോകുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോൾ  അവർ  മുനിസിപ്പാലിറ്റിയിൽ നിന്നും  പ്ളാസ്റ്റിക്ക് ശേഖരണത്തിന് വരുന്നവരാണെന്നും വീട്ടിൽ പ്ളാസ്റ്റിക്ക്  ഉണ്ടായാലും ഇല്ലെങ്കിലും നിർബന്ധമായി ഈ 50 രൂപാ കൊടുത്തിരിക്കണമെന്നും  ഭാര്യ  പറഞ്ഞപ്പോൾ  50 രൂപയുടെ കാര്യമല്ലേ  അതിൽ ഇത്ര ചുഴിഞ്ഞ് അന്വേഷിക്കേണ്ടതില്ലാ എന്ന് കരുതി. പക്ഷേ ആ സ്ത്രീ  ഇളയമകന്റെ  വീട്ടിൽ ചെന്ന്  ആ സമയം   അവനും ഭാര്യയും അവിടെ ഇല്ലാ എന്ന് അറിഞ്ഞപ്പോൾ  അവരുടെ മേൽ വിലാസം അടുത്തുള്ളവരോട് അന്വേഷിച്ച്  കുറിച്ചെടുത്ത് കൊണ്ട് പോയി എന്നറിഞ്ഞതിനെ തുടർന്ന്  ഞാൻ  എന്താണ് ഇവരുടെ സ്കീം എന്ന് തിരക്കി.
 തദ്ദേശ സ്വയംഭരണ സ്ഥാപനം  ഒരോ വാർഡിലേക്കും സ്ത്രീശക്തി പ്രവർത്തകരിൽ നിന്നും ആൾക്കാരെ നിയമിച്ച് ഇങ്ങിനെ  പ്ളാസ്റ്റിക്ക് ശേഖരിച്ച്  കൊണ്ട് പോകുന്നുണ്ടെന്നും അതിന്റെ പ്രതിഫലമെന്ന നിലയിൽ 50 രൂപാ രസീതിൻ പ്രകാരം ആ സ്ത്രീകൾ കളക്ട് ചെയ്യുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു. മാത്രമല്ല അപ്രകാരം പൈസാ കൊടുക്കാത്തവരുടെ പേർ വിവരം കുറിച്ചെടുത്ത്  നഗരസഭയിൽ  അറിയിക്കുവാനും അവർക്ക് നിർദ്ദേശം ഉണ്ടത്രേ! നഗരസഭയുടെ ഏതെങ്കിലും സേവനങ്ങൾക്കായി നാം ചെല്ലുമ്പോൾ  പൈസാ അടക്കാത്തവരിൽ നിന്നും അത് ഈടാക്കി കഴിഞ്ഞേ  നഗരസഭയിൽ നിന്നും സേവനങ്ങൾ ലഭിക്കുകയുള്ളൂ എന്നും അറിയാൻ കഴിഞ്ഞു. അപ്രകാരം പ്രതിമാസം 50 രൂപാ നൽകുക എന്നത് ഒരു നിർബന്ധിത കരം ഒടുക്കായി  മാറ്റപ്പെട്ടിരിക്കുന്നു.
പ്ളാസ്റ്റിക്ക് ശേഖരിക്കുന്നതിനുള്ള പ്രതിഫലമാണ്  ഇതെന്ന് കണക്കിലെടുത്താൽ തന്നെയും  പ്ളാസ്റ്റിക്ക് ഇല്ലാ എങ്കിലും ഈ നിർബന്ധ ഫീസ് കൊടുത്തേ മതിയാകൂ എന്നാണറിഞ്ഞത്. ഇല്ലെങ്കിൽ അവർ നമ്മൾ ഒരു ക്രിമിനൽ കുറ്റം ചെയ്തത് പോലെ നമ്മുടെ മേൽ വിലാസം ശേഖരിച്ച്  റിപ്പോർട്ട് ചെയ്യും പോലും. അതായത് കെട്ടിട നികുതി തുടങ്ങിയവ കൂടാതെ പ്രതിവർഷം 600 രൂപാ  ഓരോ വീട്ടുകാരനും കൊടുക്കണമത്രേ!.
ബന്ധപ്പെട്ട കൗൺസിലറോട് അന്വേഷിച്ചപ്പോൾ ഇത് ഹരിതമിഷന്റെ ഉത്തരവും പ്രകാരം  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ  നടപ്പിലാക്കിയതാണെന്ന് അറിയാൻ കഴിഞ്ഞു. ഈ കുറിപ്പ് അവസാനിക്കുന്നതിന് മുമ്പ് ഈ വിഷയത്തിൽ അറിവുള്ളവർ താഴെ പറയുന്ന സംശയങ്ങൾ നിവർത്തിച്ച് തരണമെന്ന് അപേക്ഷിക്കുന്നു.
(1) ഹരിത മിഷന് ഇപ്രകാരം നികുതി ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം ഉണ്ടോ?
(2) നിയമ സഭയിൽ വെച്ച് പാസാക്കാത്ത ഒരു നിയമം  പുതിയതായി  നടപ്പിൽ വരുത്താൻ  നഗരസഭകൾക്ക്  അധികാരമുണ്ടോ?
(3)  നഗരസഭക്ക് മറ്റുള്ള  ഒരു അധികാരിയുടെ നിർദ്ദേശം നിർബന്ധമായി നടത്താൻ ബാദ്ധ്യത ഉണ്ടോ? (നിയമസഭയിൽ നിയമാകാത്ത നിയമം)

Monday, November 25, 2019

45 വർഷങ്ങൾക്ക് ശേഷവും മരിക്കാത്ത സ്മരണകൾ...

45 വർഷം ഒരു നീണ്ട കാലയളവാണ്.
 വാപ്പാ യാത്ര പറഞ്ഞ് പോയിട്ട് 23--11--2019 തീയതിയിൽ  45 വർഷം തികഞ്ഞെങ്കിലും ആ യാത്ര പറച്ചിൽ ഇന്നലെ കഴിഞ്ഞ പോലെ ഇപ്പോഴും  അനുഭവപ്പെടുന്നു.
വാപ്പായുടെ ഒരു ഫോട്ടോ ഇന്നെന്റെ കയ്യിലില്ല. അദ്ദേഹത്തെ മറമാടിയ സ്ഥലം തിരിച്ചറിയാനായി ഒരു സ്മാരക ശില  പോലും സ്ഥാപിക്കാൻ  അന്നത്തെ ദാരിദ്ര്യം മൂലം  കഴിഞ്ഞിട്ടില്ല. ഞങ്ങളെ പോറ്റാനായി  വെറും ചായയിലും ചാർമിനാർ സിഗററ്റിലും  ജീവിതം മിതപ്പെടുത്തിയ വാപ്പാ അക്ഷരാർത്ഥത്തിൽ  പട്ടിണി കിടന്ന് ക്ഷയരോഗ ബാധിതനായാണ് മരിച്ചത്. അന്ന് ക്ഷയ രോഗം പാവപ്പെട്ട  ഗൃഹനായകന്മാരുടെ  തോളോട് ചേർന്നായിരുന്നല്ലോ നടന്നിരുന്നത്.
   വാപ്പാ വീട്ടിലുള്ള സമയം  അയല്പക്കത്ത് വീടുകളിൽ  ശബ്ദമുണ്ടാക്കി സംസാരിക്കുന്ന  സ്ത്രീകൾ പോലും  പട്ടിണിക്കാരനാണെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി  , അവരുടെ ശബ്ദം താഴ്ത്തി സംസാരിക്കും. മറ്റുള്ളവരിൽ നിന്നും പലത് കൊണ്ടും പെരുമാറ്റത്തിൽ വാപ്പാ    വ്യത്യസ്ഥനായിരുന്നല്ലോ. ഒരുകാലത്ത് സമ്പൽ സമൃദ്ധിയിൽ കഴിഞ്ഞിരുന്ന വാപ്പ പട്ടിണീ കാലത്ത് തന്റെ കഷ്ടതകളെ പറ്റി ആവലാതിപ്പെടുന്നത് ഞാൻ കേട്ടിട്ടേയില്ല.
 മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ  പാതിരാത്രിയിലും   പുസ്തകങ്ങൾ വായിച്ചിരുന്ന വാപ്പാ ഞങ്ങൾക്ക് അതിശയമായിരുന്നു. പണ്ട്  ആലപ്പുഴയിലെ മുസ്ലിമ്ങ്ങൾ  തല മൊട്ടയടിച്ചും താടി വെച്ചും മത നിഷ്ഠയിൽ  നിർബന്ധം  പുലർത്തിയിരുന്ന കാലത്ത് മുടി ക്രോപ്പ് വെട്ടി  വളർത്തിയിരുന്നു വാപ്പ  കൃത്യ നിഷ്ഠയോടെ സമയാ സമയങ്ങളിൽ പള്ളിയിലും പോയിരുന്നു  ഞാൻ ജനിച്ച് വളർന്ന് വന്നപ്പോൾ എന്റെ  തലയും മൊട്ടയടിക്കാതെ ക്രാപ്പ് വളർത്താൻ വാപ്പാ തയാറായി.     മത നിഷ്ഠയിൽ കാർക്കശ്യം പുലർത്തിയുമിരുന്ന ആളും  ഞാൻ അപ്പച്ചി വാപ്പാ എന്നു വിളിച്ചിരുന്ന വ്യക്തിയുമായ  വാപ്പായുടെ സഹോദരീ ഭർത്താവ്  എന്നെ നോക്കി ഉച്ചത്തിൽ പറഞ്ഞു  അവനും കാഫർ, അവന്റെ മോനും കാഫർ (അവിശ്വാസി)...എന്ന്. അതൊന്നും കേട്ടിട്ട് വാപ്പാക്ക് ഒരു കുലുക്കവുമുണ്ടായില്ല.
നല്ലൊരു ബുൾബുളിസ്റ്റായ വാപ്പയുടെ ഓർമ്മക്ക് ഒരു ബുൾബുൾ  എന്നും എന്റെ വീട്ടിൽ സൂക്ഷിക്കുന്നു. വാപ്പാ ഇഷ്ടപ്പെടുന്ന ചില പാട്ടുകൾ ബുൾബുളിൽ വായിക്കുവാനായി.
അത് കൊണ്ട്തന്നെ  എന്റെ മനസ്സിൽ നിന്നും വാപ്പാ വിട്ടു പോയിട്ടില്ല, ഈ 45 വർഷങ്ങൾക്ക് ശേഷവും.

Tuesday, October 29, 2019

മാടത്തരുവി കൊലക്കേസ്

മാടത്തരുവി കൊലക്കേസ് !
മന്ദമരുതി കൊലക്കേസ് എന്ന പേരിലും ഈ  കേസ് അറിയപ്പെട്ടിരുന്നു. 1966 ലാണ് ഈ കൊലപാതകം നടന്നത്. കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കേസായിരുന്നു ഇത്.
 റാന്നിക്ക് സമീപം അപ്രധാനമായ  ഒരു സ്ഥലമാണ് മന്ദമരുതി. അതിന് സമീപമാണ് മാടത്തരുവി.
ഫാദർ ബനഡിക്റ്റ് എന്ന  സീറോ മലബാർ കത്തോലിക്കാ പുരോഹിതനായിരുന്നു  ഈ കേസിലെ പ്രതി. കത്തോലിക്കാ പുരോഹിതൻ കൊലക്കേസിൽ പ്രതിയായി വരുന്ന ആദ്യ കേസായിരുന്നു ഇത്. അഞ്ച് കുട്ടികളുടെ  മാതാവും മൂന്ന് തവണ വിവാഹിതയുമായ  മറിയക്കുട്ടി എന്ന പേരുള്ള ഒരു വിധവയായിരുന്നു  കൊല്ലപ്പെട്ടത്.
മറിയക്കുട്ടി  ആലപ്പുഴ അവലൂക്കുന്നു സ്വദേശിയായിരുന്നു. ഫാദർ അവിടെ  പള്ളിയിൽ പുരോഹിതനും. അച്ചൻ പിന്നീട് സ്ഥലം    മാറി ചങ്ങനാശ്ശേരിയിൽ  പോയി. ആലപ്പുഴയിൽ വെച്ചുണ്ടായ അവിഹിത ബന്ധം  മുതലെടുത്ത് അച്ഛനെ  ഭീഷണിപ്പെടുത്തി  പണം ഈടാക്കനാണ്  മറിയക്കുട്ടി  ചങ്ങനാശ്ശേരിയിൽ  പൊയ്ക്കൊണ്ടിരുന്നതെന്നാണ് പ്രൊസിക്യൂഷൻ കേസ്. തന്നെ സ്ഥിരമായി ഉപദ്രവിക്കുന്ന, അവരുടെ ഇളയകുട്ടി  അഛന്റേതെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഈ ശല്യക്കാരിയെ  എന്നെന്നേക്കുമായി ഒഴിവാക്കാനായി  സ്നേഹം നടിച്ച് കൂട്ടിക്കൊണ്ട് പോയി  മാടത്തരുവിക്ക് സമീപം  വെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
കൊല്ലം സെഷൻസ് കോടതിയിലായിരുന്നു വിചാരണ.സെഷൻസ് ജഡ്ജി ആയ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ  പ്രതിയെ 5 വർഷം  തടവിനും മരണം വരെ തൂക്കി കൊല്ലാനും വിധിച്ചു. ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ ആദ്യമായിരുന്നു ഇപ്രകാരമുള്ള ഒരു കൊലക്കേസിൽ  മത പുരോഹിതനെ ഈ മാതിരി കേസിൽ  വധശിക്ഷക്ക് വിധിക്കുന്നത്.
ഹൈക്കോടതിയിൽ  അപ്പീൽ പോയ ഈ കേസിൽ  കീഴ്ക്കോടതി വിധി റദ്ദാക്കി  ഹൈക്കോടതി 1967ൽ  ഫാദർ ബനഡിക്റ്റിനെ വെറുതെ വിട്ടു. അഛനെ കാറുകളുടെ ഘോഷയാത്ര അകമ്പടിയോടെയാണ് സെൻട്രൽ ജെയിലിൽ നിന്നും  ചങ്ങനാശേരിയിൽ കൊണ്ട് വന്നത്.
പിൽ കാലത്ത്  ഈ കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും  കൊലപാതകിയുടെ  കുമ്പസാരത്തിലൂടെ  അഛൻ ആ വിവരം  മനസിലാക്കിയിരുന്നെന്നും  കുമ്പസാര രഹസ്യം പുറത്ത് വിടരുതെന്ന  നിർബന്ധത്താൽ അഛൻ  പറയാതിരുന്നതാണെന്നും  മനോരമയിൽ       വാർത്ത വന്നത്  ഓർമ്മ വരുന്നു. അപ്പോഴേക്കും അഛൻ കാലയവനികക്ക് അപ്പുറം പോയിക്കഴിഞ്ഞിരുന്നു.
  അന്ന് വരെ ജില്ലയിൽ തന്നെ പലർക്കും അപരിചിതമായിരുന്ന   മാടത്തരുവി , മന്ദമരുതി എന്നീ അപ്രധാന സ്ഥലനാമങ്ങൾ  ഈ കൊലപാതകത്തിലൂടെ ലോകപ്രസിദ്ധമായി. ഈ സംഭവം  ആസ്പദമാക്കി രണ്ട് സിനിമകളും  പുറത്ത് വന്നു. ഒന്ന്  ബോബൻ കുഞ്ചാക്കോയുടെ അപ്പൂപ്പൻ കുഞ്ചാക്കോ സംവിധാനം - നിർമ്മാണം ചെയ്ത മൈനത്തരുവി., മറ്റൊന്ന് മാടത്തരുവി.
ഇപ്പോൾ കൂടത്തായി  എന്ന സ്ഥലനാമം പ്രസിദ്ധമായത് പോലെ  ആയിരുന്നു അന്ന് മാടത്തരുവി സുപരിചിതമായത്.
കൂടത്തായി  എന്ന അപ്രധാന  സ്ഥലനാമം ഇപ്പോൾ കേട്ടപ്പോൾ കുഞ്ഞ് നാളിൽ കേട്ടറിവുണ്ടായിരുന്ന  ഈ പഴയ ചരിത്രം ഓർമ്മ വന്ന് പോയി.
 കൊലപാതകം കുഗ്രാമത്തിലായാലും നഗരത്തിലായാലും മനുഷ്യൻ  ഒരു മടിയും കൂടാതെ പണ്ട് മുതൽക്കേ നടത്തി വരുന്നു എന്ന സത്യവും തിരിച്ചറിയുന്നു.
 കൊലപാതകി നമ്മളിൽ ഒരാളായി നമ്മോടൊപ്പം ഇടപഴകി ജീവിക്കുമ്പോൾ  അയാളിൽ ഒരു കൊലപാതകി ഉണ്ടെന്ന സത്യം നമുക്കെങ്ങിനെ കണ്ടെത്താൻ കഴിയും?

Sunday, October 20, 2019

കഞ്ഞിയും പയറും.

ബിരിയാണി, ചപ്പാത്തി കോഴിക്കറി, നെയ്ച്ചോറ് മട്ടൺ കറി, ഇലയിൽ വിളമ്പുന്ന സദ്യ, ഇഡ്ഡ്ലി, സാമ്പാറ്, ഇവയെല്ലാം രുചികരമായി  അനുഭവപ്പെടുമെങ്കിലും  പ്രൈമറി സ്കൂളിൽ നിന്നും ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയുടെ രുചി  ഇതിനെക്കാളും എത്രയോ  ഉയരത്തിലാണ്.
ആലപ്പുഴ സക്കര്യാ ബസാറിലെ  അഞ്ച്മൺ  പ്രൈമറി സ്കൂളിലെ  ഉച്ചക്കഞ്ഞിക്കായി  സ്കൂൾ ബെൽ അടിക്കാൻ കാത്തിരുന്ന ബാല്യകാലം  ഒരിക്കലും മറക്കാൻ കഴിയില്ല.
റേഷനരിയുടെ ആ കഞ്ഞിക്ക് അൽപ്പം ദുർഗന്ധം ഉണ്ടായിരുന്നത്  ആസ്വാദ്യകരമായ സുഗന്ധമായി അനുഭവപ്പെടാൻ തക്കവിധം  വിശപ്പ്  അനുഭവപ്പെട്ടിരുന്ന കാലമായിരുന്നല്ലോ അത്. കഞ്ഞിക്ക് കറി ആയി, പയറോ മരച്ചീനി ഉടച്ചതോ ഉണ്ടായിരിക്കും. സ്കൂളിലെ പ്യൂൺ  മൈതീനായിരുന്നു കഞ്ഞി വെച്ചിരുന്നത്. അയാൾ തന്നെയാണ് വിളമ്പി തന്നിരുന്നതും അത് കൊണ്ട് തന്നെ  മൈതീൻ ഞങ്ങൾ കുട്ടികളുടെ  കണ്ണിൽ മഹാനായ മനുഷ്യനായിരുന്നു.
ഒരുമണി ആകാനും വരാന്തയിൽ തൂക്കിയിരുന്ന ബെല്ലിന് സമീപം മൈതീൻ വന്ന് അതിൽ തന്നെ കൊരുത്തിട്ടിരുന്ന കമ്പി കഷണം എടുത്ത്  ബെല്ലിൽ ണിം ണിം ണിം  എന്ന് തുരുതുരാ അടിക്കുവാനും ആകാംക്ഷയോടെ കാത്തിരുന്ന് അവസാനം  ബെല്ലടിക്കുമ്പോൾ ഉച്ചത്തിൽ കൂവി ആർത്ത് വരാന്തയിൽ ആദ്യഭാഗത്ത് തന്നെയുള്ള നിരയിൽ ഇടം പിടിക്കാനും അപ്പോൾ വിളമ്പി കിട്ടുന്ന ചൂട് കഞ്ഞിയുടെ ഗന്ധം ആസ്വദിക്കാനും ഇപ്പോഴും കൊതിയാകുന്നു.
ലോകത്ത് വിപ്ളവങ്ങൾ സൃഷിക്കാൻ കാരണമായ  വിശപ്പാണല്ലോ നാക്കിന് രുചിയും പ്രദാനം ചെയ്യുന്നത്.
ഇന്നും അഞ്ച്മൺ സ്കൂൾ ആലപ്പുഴയിൽ പ്രവർത്തിക്കുന്നു. ഉച്ചക്ക് ഇപ്പോൾ കഞ്ഞിയില്ല, രുചികരമായ കറികളോട് കൂടിയ ഊണാണ് കുട്ടികൾക്ക് നൽകുന്നത്. മെയ്തീൻ സ്വർഗത്തിലേക്ക് പോയിക്കാണും. അവിടെയും കഞ്ഞി വിളമ്പാൻ നല്ല ആൾക്കാരെ വേണമല്ലോ.

Friday, October 11, 2019

കൂടത്തായി ജോളി....

ഹലോ!  കൂടത്തായി കൊലക്കേസ്  പ്രതി ജോളിയെ അടച്ച ജയിലിന് മുമ്പിൽ നിന്നുമാണ് ഞങ്ങൾ ഈ പ്രോഗ്രാം  പ്രക്ഷേപണം ചെയ്യുന്നത്, ഇതാ ഇപ്പോൾ ജെയിലിൽ നിന്നുമിറങ്ങി വരുന്നത് ജെയിൽ വാർഡനാണ്...... അദ്ദേഹത്തോട് ഞങ്ങൾ  സംസാരിച്ചതിൽ  ജോളി ഇന്നലെ രാത്രിയിൽ  എട്ട് മുപ്പത്തി രണ്ട്  മണിക്ക് മൂന്ന് തവണ  തുടർച്ചയായി തുമ്മി  എന്നും ഇതിന് മുമ്പ് ജോളി ഇപ്രകാരം തുമ്മുമായിരുന്നോ എന്നന്വേഷിച്ചതിൽ  കട്ടപ്പനയിൽ അവരുടെ ജന്മ സ്ഥലത്ത് പോയി തിരക്കിയപ്പോൾ  രാത്രിയിൽ പലപ്പോഴും ജോളി ഇപ്രകാരം തുമ്മിയിട്ടുള്ളതായി  ബലവത്തായ സാക്ഷികളിൽ നിന്നും അറിഞ്ഞതായി പോലീസ്കാർ പറഞ്ഞറിവുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു.പ്രതിയുടെ പൂർവ കാല പരിശോധനയിൽ ഇപ്രകാരം രാത്രി എട്ട് മുപ്പത്തി രണ്ട് മണിയുടെ  തുമ്മൽ കൊല ചെയ്യാനുള്ള ആവേശം കൂട്ടുമെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു എന്നറിയുന്നു.  രാത്രിയിൽ ഉറക്കം കുറവുണ്ടെന്ന് കണ്ടതിൽ  മനോ രോഗത്തിന്റെ ആരംഭം  കാണപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ  ആസ്പത്രിയിൽ കൊണ്ട് പോയി എന്നും ആൾക്ക് ഒരു കുഴപ്പവുമില്ലാ എന്ന്  വിദഗ്ദർ പറഞ്ഞതായും അറിയാൻ കഴിഞ്ഞു..... ജോളീയെ അടച്ച ജയിലിന് മുമ്പിൽ നിന്നും  ക്യാമറാ മാൻ  ഇട്ടുണ്ണൻ കോദണ്ഡ കുറുപ്പിനോടൊപ്പം  കുമാരി  കശ്മലാ ദേവി....
എടാ കോപ്പന്മാരേ! 500 രൂപാ ചനൽ വിഹിതമടച്ചാ ഇപ്പോൾ റ്റി.വി. കാണൂന്നത്. നിനക്കൊന്നും മറ്റ് വാർത്തകളൊന്നും ഈ ലോകത്തില്ലേ? പ്രക്ഷേപം ചെയ്യാൻ....ദിവസങ്ങളായി കേട്ടു കേട്ടു മടുത്തു.
240 രൂപാ പ്രതിമാസം എണ്ണി തന്നിട്ടാണ് പത്രം വാങ്ങുന്നത്, അതിന്റെയും പകുതി സ്ഥലം കൂടത്തായി അടിച്ച് മാറ്റുന്നതായാണ് കാണപ്പെടുന്നത്. പോലീസ് പറയുന്നത് അക്ഷരം പ്രതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ  ശിങ്കങ്ങളേ! എതിർഭാഗത്തിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും തിരക്കിയോ?
മൂല്യാധിഷ്ഠിത  പത്ര പ്രവർത്തനം ഘോര ഘോരം പ്രസംഗിക്കുന്ന മാധ്യമം പത്രത്തിന്റെ എഡിറ്റോറിയലിനും വിഷയം കൂടത്തായിയേ കിട്ടിയുള്ളൂ. തുർക്കി സിറിയയിൽ കയറി 15 നിരപരാധികളെ ബോംബിട്ട് കൊന്നതും കുർദുകൾ  തുർക്കിയിൽ  കയറി 5 പേരെയും കൊന്നതും സാധാരണക്കാരെയാണെന്ന വാർത്താ പ്രാധാന്യം പോലും  മൂല്യാധിഷ്ഠിതർക്ക് എഡിറ്റോറിയൽ വിഷയമാക്കാൻ കഴിഞ്ഞില്ല. അവരുടെ ചാനൽ മീഡിയാ വണ്ണിനും കൂടത്തായി സ്നേഹം നിർത്തി വെക്കാൻ കഴിഞ്ഞിട്ടില്ല.

Tuesday, October 8, 2019

പാർപ്പിടം നഷ്ടപ്പെട്ടവർ...

ഒരു പാർപ്പിടം വാങ്ങുന്നതിന് മുമ്പ്  വിലക്ക് തരുന്ന വസ്തുവിനെ സംബന്ധിച്ച്  കരണങ്ങൾ പരിശോധിച്ച് വിലക്ക് തരുന്നവന്റെ  ഉടമസ്ഥാവകാശം  ബോദ്ധ്യപ്പെടുന്നു. പിന്നീട് വില്ലേജ് ആഫീസിൽ പോയി കരം ഒടുക്കും, പോക്കു വരവും(മ്യൂട്ടേഷൻ) സംബന്ധമായ രേഖകൾ പരിശോധിച്ച്  തൃപ്തിപ്പെടുന്നു. രജിസ്റ്റർ ആഫീസിൽ പോയി  12 കൊല്ലത്തെയോ ഇരുപത് കൊല്ലത്തെയോ  ബാദ്ധ്യതാ സർട്ടിഫിക്കേറ്റ് വാങ്ങി യാതൊരു ബാദ്ധ്യതകളും ജപ്തിയും  മറ്റ് തടസ്സങ്ങളും ഇല്ലാ എന്ന്  തിരിച്ചറിയുന്നു. ബന്ധപ്പെട്ട തദ്ദേശ ഭരണ  സ്ഥാപനം..അത് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ  കോർപൊറേഷനോ എന്തോ ആയിക്കൊള്ളട്ടെ, വാങ്ങാൻ ഉദ്ദേശിക്കുന്ന കെട്ടിടം  ആ സ്ഥാപനത്തിന്റെ അറിവും അനുവാദത്തോടെയുമാണോ നിർമ്മിച്ചത് എന്ന് പരിശോധിച്ച് ആ വക രേഖകളെല്ലാം  കിറു കിറുത്യം എന്ന്  കണ്ടെത്തുന്നു. വൈദ്യുതി കണക്ഷനും ജല വിതരണവും നിയമാനുസൃത  അനുവാദത്തോടെയെന്നും ബോദ്ധ്യപ്പെട്ട് എല്ലാ  ആധികാരിക രേഖകളോടെ  പാർപ്പിടം വിലക്ക് വാങ്ങി താമസം ആരംഭിച്ചപ്പോൾ  അത്യുന്നത കോടതി പറയുന്നു, കെട്ടിടം പൊളിച്ച് മാറ്റി പാട്ടിൻ് പോടാ എന്ന്.
മേൽക്കാണിച്ച ഇടപാടിൽ ആരാണ് കുറ്റക്കാർ. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ നിലവിലുള്ള  നിയമങ്ങൾക്ക് കീഴ്പ്പെട്ട് എല്ലാം നിയമാനുസരണം ചെയ്ത് ബോദ്ധ്യപ്പെട്ട് ഒരു പൗരൻ വാങ്ങുന്ന പാർപ്പിടം  പൊളിച്ച് മാറ്റേണ്ടി വന്നാൽ ആരാണ് അതിന് ഉത്തരവാദികൾ???
പിന്നെ ഏത് വിധത്തിലാണ് ഒരു പാർപ്പിടം വിലക്ക് വാങ്ങേണ്ടത്???
മരട് സംഭവം ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായമായി നില നിൽക്കുമെന്ന് തീർച്ച.

Sunday, October 6, 2019

വർഷകാല സന്ധ്യ

വർഷ കാല സന്ധ്യ
സൂര്യൻ മാനത്ത് വർണങ്ങൾ രചിച്ച് കഴിഞ്ഞ് പോയതേ  ഉള്ളൂ.
കൂടണയാൻ വെമ്പുന്ന പക്ഷികളുടെ  ശബ്ദ കോലാഹലം.
ദൂരെ കുന്നുകളിൽ നിന്നും  സന്ധ്യാ രാഗം ഒഴുകി വരുന്നു
മനസ്സിൽ ശോകവും മൂകതയും  നിറക്കുന്ന ഈ അന്തരീക്ഷത്തിൽ  മനസ്സിലെ ഭാവങ്ങൾ പകർത്താൻ കഴിയില്ലെങ്കിലും മാനത്തെ വർണങ്ങൾ  ക്യാമറയിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നു.

Saturday, October 5, 2019

ചില മലബാറൻ മൊഴികൾ.....

“അയ്ക്കൽ  പൂട്ടണ മെഗ്ഗുണ്ടോ?“
ഡിസ്പൻസറിയുടെ മുമ്പിൽ വന്ന് നിന്ന്  ഒരാൾ ചോദിച്ചു.
സ്ഥലം കുമര  നെല്ലൂരിൻ സമീപത്തുള്ള പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഡിസ്പൻസറിയുടെ മുൻ വശം.
അവിടെ നിന്നിരുന്ന എന്നോടും കെട്ടിട ഉടമസ്ഥനായ അവ്വക്കര് ഹാജിയാരോടുമായിരുന്നു  അയാളുടെ ചോദ്യം. തികച്ചും ഗ്രാമീണനായ ഒരു മനുഷ്യൻ.
“അദ്ദിവിടെ കിട്ടില്ലെന്റെ ചങ്ങായീ.....“ ഹാജിയാർ മറുപടി പറഞ്ഞു.
എന്താണ് അയാൾ ചോദിച്ചത് ? ഞാൻ ഹാജിയാരോട് തിരക്കി.
അയ്ക്കൽ എന്ന് വെച്ചാൽ ഇദ്ദാണ്...ഹാജിയാർ ധരിച്ചിരുന്ന ഷർട്ട് കൈചുരുട്ടി മേൽപ്പോട്ടാക്കി  തോളിന് താഴെ  കയ്യിൽ കെട്ടിയിരുന്ന  ഉറുക്ക് (ഏലസ്സ്) കാണിച്ചു തന്നു. “മെഗ്ഗ്“ എന്ന് വെച്ചാൽ മെഴുക്.
 ഏലസ്സിന്റെ  രണ്ട് വശത്ത് ദ്വാരം അടക്കുന്നതിനുള്ള മെഴുക് എന്ന് ചുരുക്കത്തിൽ അർത്ഥം പറയാം.
വളരെ വർഷങ്ങൾക്ക് മുമ്പ് മദ്ധ്യ തിരുവിതാംകൂറുകാരനായ ഞാൻ മലബാറിൽ ചെന്നപ്പോൾ അവിടെ നടപ്പിലുള്ള നാടൻ ഭാഷ എനിക്ക് മല  കയറ്റമായാണ് ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്നത്. പൊന്നാനിക്ക് സമീപമുള്ള എടപ്പാളിൽ വെച്ച്  വൈകുന്നേര സമയത്ത് അടുത്ത വീട്ടിലെ പയ്യൻ  ഇക്ബാൽ ഒരു കുപ്പിയുമായി  ഓടുന്നത് കണ്ട് (അവിടത്തെ ഭാഷയിൽ മണ്ടി പാഞ്ഞ്) വിവരം തിരക്കിയപ്പോൾ  റേഷൻ കടയിൽ കാസറട്ട് വന്നിട്ടുണ്ട് അത് വാങ്ങാൻ പോവുകയാണെന്നായിരുന്നു അവന്റെ ഉത്തരം. കാസറട്ട്  മണ്ണെണ്ണയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് പോലെ പതിപ്പൂട്ട, പള്ളത്തി മൽസ്യമാണെന്നും  പജ്ജിന്റെ നെജ്ജ് പശുവിന്റെ നെയ്യാണെന്നും താമര പുഗ്ഗ് താമര പൂവ് ആണെന്നും  എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പുടി കിട്ടിയത്.
മലബാറ്കാരെ തിരുവിതാംകൂർകാർ കളിയാക്കാൻ  ഉപയോഗിക്കുന്ന “ബരീൻ, കുത്തിരിക്കീൻ ഒരു ആപ്പടിക്കീൻ...“ എന്നത് വരുക, ഇരിക്കുക, ഒരു ഹാഫ് ചായ  കഴിക്കുക“ എന്ന് അർത്ഥം മാറ്റണമെന്ന് കൂട്ടുകാർ പറഞ്ഞ് തന്നു.
ഇന്നത്തെ ഫൈവ് സ്റ്റാർ  ഹോട്ടലുകൾ ഇല്ലാത്ത ആ കാലത്ത്  ചെറിയ ചായക്കടകളും അതിന്റെ മുൻ വശത്തുള്ള  ചെറിയ അലമാരയിൽ മഞ്ഞൾ പുരട്ടിയ ചീനി കിഴങ്ങും  മത്തി  പൊരിച്ചതും സുലഭമായ കാഴ്ചയായിരുന്നു. പക്ഷേ  ചീനി കിഴങ്ങിനെ പൂള കിഴങ്ങ് എന്നാണ് അവർ പറഞ്ഞിരുന്നത്. തിരുവനന്ത പുരത്ത്കാർക്ക് പൂള മുട്ടൻ തെറിയും. ആലപ്പുഴയിൽ കുറിച്ചി  എന്ന് പേര് വിളിച്ചിരുന്ന ചെറു മൽസ്യത്തെ  മുള്ളൻ എന്ന് മലബാറിൽ വിളിച്ചപ്പോൾ കുറിച്ചി തെറി വാക്കായിരുന്നു അവർക്ക്.
 വർഷങ്ങൾക്ക് ശേഷം ഒരു ബ്ളോഗ് മീറ്റിനോടനുബന്ധിച്ച് ഞാൻ ഈ സ്ഥലങ്ങളെല്ലാം വീണ്ടുമൊരു തവണ സനർശിച്ചപ്പോൾ  ആൾക്കാരുടെ സംഭാഷണത്തിൽ പഴയ  പല വാക്കുകളും  ഉപയോഗിക്കാതിരുന്നത് ശ്രദ്ധിച്ചു. നാട്ടിൻ പുറത്തെ മിക്ക ആൾക്കാരും അച്ചടി മലയാള ഉച്ചാരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. പജ്ജും നെജ്ജും കാസറട്ടും എവിടേക്കോ പോയി മറഞ്ഞു. പൂള കിഴങ്ങും മത്തിയുമില്ല, പകരം ചിക്കൻ ബിരിയാണിയും മറ്റുമുള്ള ധാരാളം ഫൈവ്സ്റ്റാർ ഹോട്ടലുകൾ.
 ഗ്രാമീണ സ്ത്രീകളുടെ ഉമ്മ കുപ്പായവും കാച്ചി തുണിയും ഓർമ്മകളിലും പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമകളിലും മാത്രമായി അവശേഷിച്ചു. പട്ടിണിയും പരിവട്ടവും  അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങൾ സർവത്ര മാറ്റങ്ങൾ
മലബാർ പുരോഗമിച്ചില്ലന്നാരാണ് പറഞ്ഞത്....

Wednesday, October 2, 2019

പഴയ പാട്ടുകൾ മരിക്കുന്നില്ല.....

തുമ്പീ  തുമ്പീ  വാ, ഈ തുമ്പ തണലിൽ വാ വാ,....
റ്റി.വി. ചാനലിൽ ആ കൊച്ച് പെൺകുട്ടി  മനോഹരമായി പാടിക്കൊണ്ടിരുന്നു.
19-10-1956ൽ  റിലീസ് ചെയ്ത  കൂടപ്പിറപ്പ് എന്ന മലയാള സിനിമയിലെ ഈ ഗാനം  63 കൊല്ലത്തിന് ശേഷം  ഇത്തിരി പോന്ന ഒരു  കൊച്ച്   പെൺകുട്ടി   ശാന്താ.പി. നായരുടെ അതേ ഈണത്തിൽ  പാടുന്നത് കണ്ടപ്പോൾ കുളിരണിഞ്ഞ് പോയി.
 അടുത്ത കുട്ടി പാടിയത് 30--9--1964ൽ  റിലീസ് ചെയ്ത ആദികിരണങ്ങൾ എന്ന ചിത്രത്തിലെ  “ഊഞ്ഞാലേ പൊന്നൂഞ്ഞാലേ..മുത്തി അമ്മ മുട്ടയിട്ടു, മുട്ട തോണ്ടി തോട്ടിലിട്ടു, രാരീരോ രാരീ രാരോ..“  എന്ന പാട്ടായിരുന്നു, അതി മനോഹരമായി ആ കുട്ടിയും പാടി.
റ്റി.വി. ചാനലുകളിൽ  ഗാനങ്ങൾ അവതരിപ്പിക്കാനായി  കുട്ടികളും  മുതിർന്നവരും  പരിഗണിക്കുന്നത് ഭൂരിഭാഗവും  പഴയ മലയാള ഗാനങ്ങളെ മാത്രമാണ്. ആരും  ലജ്ജാവതിയേ നിന്റെ കള്ള കടക്കണ്ണിൽ, താഴം പൂവോ, എന്ന പാട്ടോ ചേർന്ന് നിന്നാൽ ഉമ്മ തരാം രാക്ഷസിയോ പാടിയതായി കാണപ്പെടുന്നില്ല.
അത്രക്ക് മനോഹരമായിരുന്നു, പഴയ മലയാളം സിനിമാ ഗാന മേഖല.
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും നീല നിലാവൊഴുകുന്ന രാത്രിയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി  വിവരണാതീതമാണ്.
എന്നാണ് മലയാള ഗാന മേഖലക്ക് അപഭ്രംശം സംഭവിച്ചത്?.. അറിയില്ല, എങ്കിലും പുതിയ തലമുറകളിൽ കൂടിയും മധുരമൂറുന്ന പഴയ കാല ഗാനങ്ങൾ  കേൾക്കാൻ സാധിക്കുന്നത് സന്തോഷപ്രദമാണ്.

Sunday, September 29, 2019

“പാവങ്ങൾ“....... ഒരു ആസ്വാദനം....

157  വർഷങ്ങൾക്ക്  മുമ്പ് 1862ൽ വിക്ടർ ഹ്യൂഗോ “ലസ് മിസറബിൾസ്“ ഫ്രഞ്ച് ഭാഷയിൽ എഴുതി..
1925ൽ   നാലാപ്പാട്ട് നാരായണ മേനോൻ  “പാവങ്ങൾ “ എന്ന പേരിൽ  ലസ് മിസറബിൾസ്  മലയാളത്തിൽ വിവർത്തനം  ചെയ്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഫ്രാൻസിൽ  പ്രസിദ്ധീകരിച്ച അന്ന് തന്നെ വിറ്റഴിഞ്ഞിരുന്ന ഈ ബൃഹൃത്തായ  നോവൽ  മലയാളത്തിൽ  അവതരിച്ചപ്പോൾ  അന്നത്തെ തലമുറയും  തുടർന്നുള്ള തലമുറയും  പുസ്തകത്തെ സസന്തോഷം നെഞ്ചിലേറ്റിയതിൽ ഒട്ടും തന്നെ അതിശയമില്ലായിരുന്നല്ലോ.  പാവങ്ങൾ വായിക്കാത്തവൻ എന്ത്  പണ്ഡിതൻ എന്ന മട്ടിലായിരുന്നു ഒരു കാലത്തെ വായനാ സമൂഹം. ഇന്നും ആ കാഴ്ചപ്പാട് തുടരുന്നു. കാരണം ഈ നോവലിലെ  നായകൻ ഇന്നും  ജീവിക്കുന്നുണ്ട്, ഈ ഭൂമുഖത്ത് പാവപ്പെട്ട മനുഷ്യർ നാളെയും  കാണുമെന്നതിനാൽ കഥയിലെ നായകന് മരണമില്ലാ എന്നും  പറയാം.
  ഈ പുസ്തകം  ഇറ്റാലിയൻ ഭാഷയിൽ വിവർത്തനം ചെയ്ത മൊസ്യൂ ഡെയിലിക്ക് 18--10--1862ൽ  ഹ്യൂഗോ ഇപ്രകാരമെഴുതി:(-ഈ  കത്തിൽ നിന്നും  പുസ്തകത്തിന്റെ വായന  എന്നും എപ്പോഴും എത്രമാത്രം പ്രസക്തമാണെന്ന് തിരിച്ചറിയാൻ കഴിയും)
       “പാവങ്ങൾ എന്ന പുസ്തകം  എല്ലാ രാജ്യക്കാർക്കും വേണ്ടി  എഴുതപ്പെട്ടതാണെന്ന് പറയുന്നത് ശരിയാണ്........അത് ഇംഗ്ളണ്ട് എന്ന പോലെ  സ്പയിനും ഇറ്റലി എന്ന പോലെ ഫ്രാൻസും ജർമ്മനിയെന്ന പോലെ അയർലണ്ടും  അടിമകളുള്ള പ്രജാധിപത്യ രാജ്യമെന്ന പോലെ  അടിയാരുള്ള ചക്രവർത്തി ഭരണ  രാജ്യങ്ങളും  ഒരേവിധം കേൾക്കണമെന്ന് വെച്ച് എഴുതിയിട്ടുള്ളതാണ്. സാമുദായിക വിഷമതകൾ  രാജ്യസീമകളെ  കവച്ച് കടക്കുന്നു, മനുഷ്യ ജാതിക്കുള്ള വൃണങ്ങൾ , ഭൂമണ്ഡലം മുഴുവനും വ്യാപിച്ച് കിടക്കുന്ന  ആ വമ്പിച്ച വൃണങ്ങൾ  ഭൂപടത്തിൽ വരക്കപ്പെട്ട ചുവന്നതോ നീലിച്ചതോ ആയ ഓരോ അതിർത്തി അടയാളങ്ങൾ  കണ്ടത് കൊണ്ട് നിൽക്കുന്നില്ല . മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടുണ്ട് , ഭക്ഷണത്തിന് വേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള പുസ്തകവും  തണുപ്പ് മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ  കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾ  എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ച് പറയും “എനിക്ക് വാതിൽ തുറന്ന് തരിക, ഞാൻ വന്നത് നിങ്ങളെ കാണാനാണ്.....“
ഇന്ന് ഈ കൃതി  വിശ്വസാഹിത്യത്തിൽ മുൻ നിരയിലാണ്. 1925ൽ  നാലാപ്പാടന്റെ  വിവർത്തനത്തെ തുടർന്ന് മലയാളത്തിൽ പാവങ്ങളുടെ  വിവർത്തനങ്ങളും  സംഗ്രഹങ്ങളും ധാരാളം  പുറത്ത് വന്നിരുന്നു. പക്ഷേ പദാനുപദ തർജ്ജിമയിലുള്ള നാലാപ്പാടന്റെ പുസ്തകത്തിന്റെ  നാലയലത്ത് അതൊന്നും എത്തി ചേർന്നിരുന്നില്ല. ഫ്രഞ്ച് ഉച്ചാരണം  നാലാപ്പാടൻ അതേ പടി  ഉപയോഗിക്കാനുള്ള ധൈര്യം കാട്ടിയതിനാൽ  പുസ്തകത്തിന്റെ ആസ്വാദ്യത ഒന്നു കൂടി വർദ്ധിച്ചതേയുള്ളൂ. അദ്ദേഹത്തിന്റെ വിവർത്തനത്തിൽ  നായകന്റെ പേര്  ഴാങ്ങ് വാൽ ഴാങ്ങ് എന്ന് തന്നെ കാണിക്കുമ്പോൾ മറ്റ് പല പുസ്തകങ്ങളിലും അത് ജീൻ വാൽ ജീൻ  എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു
   ഒരു തണുപ്പ് കാലത്ത്   സ്വന്തം സഹോദരീ സന്തതികളുടെ.വിശപ്പ്  കഠിനമായപ്പോൾ അവരുടെ പട്ടിണി മാറ്റാനായി ഗ്രാമീണനും ശുദ്ധനും പാവപ്പെട്ടവനുമായ ഴാങ് വാൽ ഴാങ് ഒരു കഷണം അപ്പം മോഷ്ടിച്ചു. ആ മോഷണം കയ്യോടെ പിടിക്കപ്പെടുകയും  നിയമത്തിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ട അയാൾ 3 വർഷം  തണ്ട് വലി ശിക്ഷക്ക് വിധിക്കപ്പെടുകയും കുടുംബത്തിന്റെ  പട്ടിണിയെ പറ്റി ബോധവാനായിരുന്ന അയാൾ പല തവണകളിൽ തടവ് ചാടാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്തതിലൂടെ  മൂന്ന് വർഷ തടവ് ശിക്ഷ 18 വർഷങ്ങളിലേക്ക് നീണ്ട് പോവുകയും ചെയ്തു. സമൂഹത്തിന് നേരെ  വെറുപ്പോടെ പുറത്ത് വന്ന ആ മനുഷ്യൻ അതി കഠിനമായ തണുപ്പുള്ള ഒരു രാത്രിയിൽ തലചായ്ക്കാൻ ഇടം കിട്ടാതെ എല്ലാരാലും ആട്ടിയോടിക്കപ്പെട്ടെങ്കിലും      കാരുണ്യവാനായ ഒരു മെത്രാനാൽ  അഭയം ലഭിക്കപ്പെടുകയും അവിടെ വെച്ച് ഒരു മോഷണ ശ്രമത്തിനിടയിൽ പിടിക്കപ്പെടുകയും ചെയ്തു.. എങ്കിലും മെത്രാന്റെ ദയവിനാൽ രക്ഷപെട്ടു.ആ  സംഭവം അയാളെ  അടിമുടി മാറ്റി.  പിൽ കാലത്ത് മെത്രാൻ  അദൃശ്യനായി അയാളുടെ ജീവിതത്തെ സ്വാധീനിച്ച് ഏതൊരു കഷ്ടപ്പാടിലും ദുരന്തത്തിലും സത്യസന്ധനായി തുടരാൻ  അയാളെ പ്രേരിപ്പിച്ച് കൊണ്ടേ ഇരുന്നു. ഒരു നഗരത്തിന്റെ അത്യുന്നതനായ മേയർ സ്ഥാനം വഹിച്ച് കഴിഞ്ഞ് വരുമ്പോഴും താനാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു മനുഷ്യൻ ശിക്ഷിക്കപ്പെടൂമെന്ന് വന്നപ്പോൾ തൽസമയം കോടതിയിൽ ഹാജരായി സത്യം പറഞ്ഞ് പ്രതിയെ രക്ഷിക്കുകയും വീണ്ടും തടവിലാക്കപ്പെടുകയും ജീവിതാവസാനം വരെ ഒളിവിൽ കഴിയേണ്ടി വരുകയും ചെയ്യുന്ന ഴാങ് വാൽ ഴ്ങ്ങിന്റെ കഥ, ഒരു  നെടു വീർപ്പിലൂടെ അല്ലാതെ വായിച്ചവസാനിപ്പിക്കാൻ കഴിയില്ല.  ഇതിനിടയിൽ  നോവലിലെ മറ്റ് കഥാ പാത്രങ്ങളും നമ്മെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നാട്ട് പ്രമാണിയാൽ ചതിക്കപ്പെട്ട ഫന്തീൻ,അവളുടെ മകളും  നോവലിലെ   നായികയുമായ കൊസെത്ത്, കുടുംബപരമായ  കാരണങ്ങളാൽ മഹാനായ പിതാവിൽ നിന്നും അകറ്റപ്പെടുകയും ഒടുവിൽ പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കുകയും  സമ്പത്തിന്റെ ലോകത്ത് നിന്നും സ്വയം പിൻ മാറി ദരിദ്രനായി ജീവിക്കുകയും കൊസത്തിനെ പ്രണയിക്കുകയും യുദ്ധത്തിൽ മാരകമായി മുറിവേൽക്കപ്പെട്ട്  ഴാങ് വാൽഴാങ്ങിനാൽ രക്ഷിക്കപ്പെടുകയും ചെയ്ത മരിയൂസ്, യാതൊരു വിട്ട് വീഴ്ചയും നിയമത്തിന്റെ മുമ്പിൽ  കാണിക്കാത്ത ഇൻസ്പക്ടർ ഴാവർ,  ദുഷ്ടതയുടെ ആൾ രൂപമായ തെനാർദിയർ,  ശുദ്ധനും എന്നാൽ പ്രമാണിയുമായ ഗിർനോർമൽ വല്യച്ചൻ, കുസൃതിയും  തെരുവ് ബാലനുമായ ഗവ്രേഷ് തുടങ്ങി ഈ മഹാ പ്രവാഹത്തിലൂടെ തുഴഞ്ഞ് പോകുന്ന ധാരാളം കഥാപാത്രങ്ങൾ പുസ്തകത്തിലൂടെ നമ്മെ കാണാനെത്തുന്നു. അവസാനം ഒരു തേങ്ങലിലൂടെ   മാത്രമെ ഈ പുസ്തകം അവസാനിപ്പിക്കാൻ കഴിയൂ എന്ന് ഉറപ്പ്. വീണ്ടും വീണ്ടും വായിക്കാനുള്ള പ്രേരണ മനസിൽ അവശേഷിക്കുകയും ചെയ്യും.

 150 വർഷങ്ങൾക്ക് ശേഷം  അതായത്  മലയാള വിവർത്തനത്തിന് 87 വർഷങ്ങൾക്ക്  ശേഷം ചിന്താ പബ്ബ്ളിക്കേഷൻ  നാലാപ്പാടനെ പിൻ പറ്റി  വാക്കുകൾക്ക് കാലാനുസൃതമായ  രൂപഭേദം വരുത്തി  എന്നാൽ വലിയ വ്യത്യാസമില്ലാതെ പദാനുപദ വിവർത്തനത്തിലൂടെ 2012ൽ  പാവങ്ങളെ പുനവതരിപ്പിച്ചു.
നാലാപ്പാടന്റെ വിവർത്തനം രണ്ട് ഭാഗവും അതിൽ സാരമായ മാറ്റം വരുത്താത്ത എന്നാൽ വാക്കുകൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയതുമായ  ചിന്ത പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച രണ്ട് ഭാഗവും ഈയുള്ളവന്റെ  പുസ്തക ശേഖരത്തിൽ  സ്ഥാനം പിടിച്ചിട്ടുണ്ട്.
 എത്ര തവണകളിൽ  ഈ പുസ്തകം  ഞാൻ വായിച്ചിട്ടുണ്ട്  എന്നതിന്റെ കണക്ക് എന്നേ നഷ്ടമായിരിക്കുന്നു.എന്റെ ഗുരുനാഥന്മാരുടെ  അവസ്ഥയും അത് തന്നെ ആയിരുന്നു. യശ്ശ ശരീനായ  വാരഫലം ക്രിഷ്ണൻ നായർ സർ, പറഞ്ഞത് “എനിക്ക് തന്നെ അറിയില്ല, ഈ പുസ്തകം ഞാൻ എത്ര തവണ വായിച്ചിരുന്നു എന്നാണ്“
പാവങ്ങൾ  പുറത്ത് വന്നിട്ട് എത്രയോ നീണ്ട വർഷങ്ങൾ കടന്ന് പോയിരിക്കുന്നു.,എത്രയോ തലമുറകൾ ഈ പുസ്തകം വായിച്ച് കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ഇനിയും ഞാൻ ശുപാർശ ചെയ്യുന്നു, തേടി പിടിച്ച് ചെല്ലുക, പാവങ്ങളെ കണ്ടെത്തി വായിക്കുക, അത് നിങ്ങൾക്ക് പലതും തരുമെന്നുറപ്പ്.

Sunday, September 15, 2019

തൊട്ടിയിൽ ചാടികൾ

എല്ലാവർക്കും ഓണ അവധി ദിവസങ്ങൾ  സന്തോഷകരമായി അനുഭവപ്പെടുമ്പോൾ  കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ ചിലർക്ക്  ഈ ദിവസങ്ങൾ  ദു:ഖകരമായിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ്  നമ്മുടെ നാട്ടിൽ  ദാരിദ്ര്യം  കൊടി കുത്തി വാഴ്ന്നിരുന്ന  ദിവസങ്ങളിൽ തെരുവ് കുട്ടികൾ എന്നൊരു വിഭാഗം  ഉണ്ടായിരുന്നു.  അവർക്ക് മാതാപിതാക്കൾ ഉണ്ടായിരുന്നിരിക്കാം  ഇല്ലാതിരുന്നിരിക്കാം. അവരുടെ ലോകം തെരുവിൽ നിറഞ്ഞ് നിന്നു. ജോലിക്ക് വേണ്ടി മുതിർന്നവർ തന്നെ പരക്കം പായുമ്പോൾ കുട്ടികൾക്ക് എവിടെ നിന്ന് ജോലി ലഭിക്കാനാണ്. കിട്ടുന്നിടത്ത് നിന്ന് കൈ നീട്ടി വാങ്ങി കഴിച്ച് പീടിക തിണ്ണയിൽ അന്തി ഉറങ്ങിയിരുന്ന വിഭാഗത്തിൽ പെട്ട ഇവരെ പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമകളിൽ  നമ്മൾ കണ്ടിരുന്നു.
അവരുടെ ആഹാരത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളുടെ പുറക് വശത്തെ എച്ചിൽ തൊട്ടികളായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവർ ഉഛിഷ്ടം ഈ തൊട്ടികളിൽ കൊണ്ട് കളയും. ആ എച്ചിലായിരുന്നു തെരുവ് കുട്ടികളുടെ  ആഹാരം. അന്ന് മിക്ക ഹോട്ടലുകളിലും ഊണീന് വാഴയില ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ വാഴയില  ഊണ് കഴിഞ്ഞ് എച്ചിലുമായി കൊണ്ട് കളയുന്നത് കൈവശപ്പെടുത്താൻ  തെരുവിന്റെ ഈ സന്തതികൾ തെണ്ടി പട്ടികളുമായി വരെ  അടിപിടി കൂടി.
തുടർച്ചയായി ഓണ അവധി വരുമ്പോൾ അന്ന് മിക്കവാറും ഹോട്ടലുകളും അടച്ചിടും. ആ ദിവസങ്ങളിൽ  തെരുവിലെ കുട്ടികൾ മുഴു പട്ടിണിയിലുമാകും.അങ്ങിനെ മറ്റുള്ളവർക്ക് സന്തോഷകരമായ ദിനങ്ങൾ അവർക്ക് ദു:ഖകരമായി തീർന്നു.
ഇങ്ങിനെയൊരു കാലം പിൽക്കാല സമ്പൽ സമൃദ്ധിയാൽ  മെച്ചപ്പെടുകയും  എച്ചിൽ തൊട്ടികൾ തന്നെ  ഇല്ലാതാവുകയും തെരുവിലെ  സന്തതികൾ എന്നൊരു വിഭാഗം തന്നെ  മറഞ്ഞ് പോകുകയും ചെയ്തു. നമ്മുടെ നാടിന്റെ   അഭിവൃദ്ധിയും ഗൾഫ് പണത്തിന്റെ സാന്നിദ്ധ്യവും പ്രതിശീർഷ വരുമാനത്തിന്റെ വളർച്ചയുമാണ് അതിന് കാരണമായത്.
ഇപ്പോൾ പടി പടിയായി  തളർന്ന് കൊണ്ടിരിക്കുന്ന  നമ്മുടെ  സാമ്പത്തികാവസ്ഥ  പൊതുവേ നാട്ടിൽ മുരടിപ്പും മാന്ദ്യവും  സൃഷ്ടിക്കുമ്പോൾ  അൽപ്പ കാലത്തിനുള്ളീൽ  തന്നെ നമ്മുടെ നാട് പഴയ എച്ചിൽ തൊട്ടി കാലത്തേക്ക് തിരിച്ച് പോകുമോ എന്ന്  ഭയ ക്കേണ്ടിയിരിക്കുന്നു.

Thursday, September 12, 2019

ആദ്യമായി ഓണ സദ്യ ഉണ്ടത്......

നട്ടുച്ച നേരത്ത്  വാപ്പാ  ഒൻപത് വയസ്സ്കാരനായ എന്നെയും സൈക്കിളിൽ  കയറ്റി   പുന്നപ്ര  ലക്ഷ്യമാക്കി  പൊയ്ക്കൊണ്ടിരുന്നു. ആലപ്പുഴയിൽ യാഥാസ്ഥിക  മുസ്ലിം കേന്ദ്രമായ  വട്ടപ്പള്ളിയിൽ നിന്നും  പുന്നപ്ര രക്ത സാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട് വഴി  ദേശീയ പാതയിലെത്തി  ആ വെയിലത്ത് ഞങ്ങൾ  പൊയ്ക്കൊണ്ടിരുന്നത് ഓണ സദ്യ ഉണ്ണാനായിരുന്നു. വാപ്പായുടെ  സുഹൃത്തും വക്കീൽ ഗുമസ്തനുമായ മാധവൻ പിള്ളയുടെ  പുന്നപ്രയിലുള്ള വീട്ടിൽ ഓണമുണ്ണാൻ മാധവൻ പിള്ള  കഴിഞ്ഞ ആഴ്ചയിൽ  ഞങ്ങളെ ക്ഷണിച്ചിരുന്നല്ലോ.
 വാപ്പായുടെ  മറ്റൊരു സുഹൃത്തും  വട്ടപ്പള്ളി  ജാഫർ മസ്ജിദ്  ഇമാമുമായ  അബ്ദുൽക്കരീം ഉസ്താദുമായി  കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ച്   എല്ലാ കാര്യവും പറയുന്ന കൂട്ടത്തിൽ വാപ്പാ ഈ കാര്യവും പറയുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു. ഉസ്താദ് പറഞ്ഞു “ ഒരു  ചോറ് കിട്ടുന്നത് കളയണ്ടാ, പോയി വാടോ, പെരുന്നാളിന് നായരെ ഇങ്ങോട്ടും വിളി, നമ്മുടെ നെയ്ച്ചോറ് എങ്ങിനുണ്ടെന്ന് അവരും അറിയട്ടെ....“
വിയർത്ത് കുളിച്ച് വീട്ടിലെത്തിയ ഞങ്ങളെ മാധവൻ പിള്ളയും  കുടുംബവും സന്തോഷത്തോടെ എതിരേറ്റു.
 ജീവിതത്തിൽ ഇലയിൽ ആദ്യമായി ചോറ് ഉണ്ടത്  അന്നാണ്. കൈക്കുമ്പിളിൽ  മോര്   ഗുള് ഗുള് ശബ്ദത്തോടെ ആദ്യമായി വലിച്ച് കുടിച്ചതും അന്നായിരുന്നു. അവിടെ നിന്നും തിരികെ പോരുമ്പോൾ ഒരു പൊതി ശർക്കര പുരട്ടി  നായർ എനിക്ക് തന്നു, വീട്ടിൽ സഹോദരങ്ങൾക്ക് കൊടുക്കാനായി.
അന്ന്  മുസ്ലിമിനെയും ഹിന്ദുവിനെയും  ക്രിസ്ത്യാനിയെയും  പൊതുവിൽ ഒരുമിപ്പിച്ചിരുന്നത് ഒരൊറ്റ വിഷയമായിരുന്നു.  പട്ടിണി. അന്ന് പട്ടിണിയുടെ കാലമായിരുന്നു. അത് കൊണ്ട് തന്നെ ഓണവും പെരുന്നാളുകളും  ആഹ്ളാദഭരിതവുമായിരുന്നു.
കാലമെത്ര കടന്ന് പോയിരിക്കുന്നു. മാധവൻ പിള്ള എപ്പോഴേ പോയി കാണും. അദ്ദേഹത്തിന്റെ മക്കളായ ശശിയും അനുജനും ഇപ്പോൾ ഉണ്ടോ ആവോ?
പുന്നപ്രയിൽ മാധവൻ പിള്ളയുടെ വീട് എവിടെയെന്ന് ഞാൻ മറന്ന് പോയി.    ആ വീട് എവിടെയെന്ന് അറിയാമായിരുന്നെങ്കിൽ അന്യമത വിദ്വേഷവും അസഹിഷ്ണതയും വെറുപ്പും നിറഞ്ഞ് നിൽക്കുന്ന ഈ കാലത്ത് ഞാൻ അവിടെ പോയി   ഓണം ഉണ്ണുമായിരുന്നു

Friday, August 23, 2019

മഴക്കാലത്തെ വെള്ളക്കെട്ട് ആലപ്പുഴയിൽ

നോക്കെത്താത്ത ദൂരം വരെ  മണൽ പരപ്പുകൾ ജലാശയങ്ങളായി  കാണപ്പെടുമായിരുന്നു  വർഷ കാലങ്ങളിൽ..
 അമ്പലപ്പുഴ ചേർത്തല താലൂക്കുകളിൽ  താഴ്ന്ന പ്രദേശങ്ങൾ മാനത്ത് മഴ കാണപ്പെടുമ്പോൾ ഇതായിരുന്നു അവസ്ഥ..കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ്  കരയേത് കുളമേത് എന്ന് തിരിച്ചറിയാത്ത വിധമാകുമായിരുന്നു. ആ വെള്ളക്കെട്ടുകളിൽ ഉയർന്ന പ്രദേശങ്ങളിലുള്ള വീടുകൾ ദൂരെ നിന്ന് നോക്കിയാൽ കെട്ട് വള്ളം   പോലെ  തോന്നിക്കും. വീട്ടിനുള്ളിൽ വെള്ളം കയറിയാൽ തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ  കയറ്റ് കട്ടിലുകളിലായിരിക്കും ഉറക്കം. ആഹാരം  അന്ന്  എങ്ങിനെയെല്ലാമോ കഴിയും. അത് ദിവസം ഒരു നേരം കിട്ടിയാൽ  അത്രയും ഭാഗ്യം. അന്ന് കക്കൂസുകൾ അപൂർവത്തിൽ അപൂർവമായിരുന്നു. തുണ്ട് പുരയിടത്തിന്റെ മൂലയിൽ ആഴത്തിൽ ഒരു കുഴി നിർമ്മിക്കും, അതിലായിരുന്നു, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്.  മഴ വന്ന് വെള്ളക്കെട്ടുകൾ രൂപം പ്രാപിക്കുമ്പോൾ ഈ കുഴികളിൽ വെള്ളം നിറയും, ആ വെള്ളത്തിലൂടെ മലം പൊന്തി നടക്കും. ഒഴുക്കിന്റെ ഗതി അനുസരിച്ച് മലം  എവിടെല്ലാമോ  തങ്ങി കിടക്കും. കർക്കിടകം അവസാനം വരെ ഇത് തന്നെ അവിടങ്ങളിൽ ഗതി.  വെള്ളം അധികരിക്കുമ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നോ പഞ്ചായത്ത്കളിൽ നിന്നോ  ജോലിക്കാർ  വന്ന് ചെറിയ ചാലുകൾ കീറി വെച്ച് വെള്ളം അടുത്ത തോടുകളിലേക്ക് ഒഴുക്കി വിടുമ്പോൾ വെള്ളക്കെട്ടിന് ശമനം ഉണ്ടാകും. വീണ്ടും മഴ അധികരിക്കുമ്പോൾ  മേൽ പറഞ്ഞത് തന്നെ ആവർത്തിക്കപ്പെടും. ചുരുക്കത്തിൽ  മഴക്കാലം ശാപമായിട്ടാണ്  ആലപ്പുഴ ജില്ലയിലെ  താഴ്ന്ന പ്രദേശത്ത്കാർക്ക് അനുഭവപ്പെടുക.
ആലപ്പുഴ ലജനത്ത് വാർഡ്, വട്ടപ്പള്ളി, ബീച്ച്,മുതലായ സ്ഥലങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ തനി ആവർത്തനം എല്ലാ മഴക്കാലത്തും അനുഭവപ്പെട്ടിരുന്നുവല്ലോ. ഒരു ദുരിതാശ്വാസ ക്യാമ്പുമില്ല, ഒരു സഹായവുമില്ല. ചിലപ്പോൾ സൗജന്യ റേഷൻ അനുവദിച്ചെങ്കിലായി. എന്നിട്ടും മനുഷ്യർ അവിടം വിട്ട് പോവില്ല, മഴ മാറുമ്പോൾ  വീണ്ടും തിരികെയെത്തി  ആ കുടിലുകളിൽ പഴയത് പോലെ താമസം തുടരുമായിരുന്നു.
മുപ്പത് മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇതാണ് ആ പ്രദേശങ്ങളിലെ അവസ്ത എന്ന് ഈ കുറിപ്പുകാരന്  നേരിൽ അറിയാമായിരുന്നു. പിന്നീട് കുടിലുകൾക്ക് പകരം  വലിയ കെട്ടിടങ്ങളായി, കുളങ്ങളെല്ലാം  നികത്തപ്പെട്ടു. കക്കൂസുകൾ നിർമ്മിക്കപ്പെട്ടു. മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ ഓടകൾ നിർമ്മിക്കപ്പെട്ടു.
പക്ഷേ ഇപ്പോഴും  പഴയ അവസ്ത തുടരുന്ന ഇടങ്ങൾ നില നിൽക്കുന്നു, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമെന്ന്, ഈ തവണത്തെ ചേർത്തല താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ എഴുപത് രൂപാ  തർക്കം വെളിപ്പെടുത്തിയിരിക്കുന്നു.
അതായത് ഭരണമെല്ലാം മാറി മാറി വന്നിട്ടും  മേൽപ്പറഞ്ഞ  വെള്ളക്കെട്ടും  ദുരിതവും പണ്ടത്തെ പോലെ തന്നെ ഇപ്പോഴുമെന്നുള്ള സത്യം  തെളിയിക്കപ്പെട്ടിരിക്കുന്നു  എന്ന്.

Thursday, August 15, 2019

പ്രളയവും ഉരുൾ പൊട്ടലും അന്നും ഇന്നും....

 കഴിഞ്ഞ വർഷവും കർക്കിടകത്തിൽ ശക്തമായ മഴയും അതിനെ തുടർന്നുള്ള ദുരന്തവും  കേരളത്തിൽ ഉണ്ടായി. നൂറ് കണക്കിന് ആൾക്കാർ മരിക്കുകയും അനേകായിരം കോടി രൂപയുടെ  വസ്തു വകകൾ നഷ്ടമാവുകയും ചെയ്തു. ഏക മനസ്സോടെ ജനം ദുരന്തത്തെ നേരിട്ടപ്പോൾ പ്രളയ ബാധിതരുടെ  കഷ്ടപ്പാടുകൾക്ക് ഏറെ ശമനം കിട്ടി. ഈ വർഷവും പ്രളയത്തിന്റെ തനിയാവർത്തനം തന്നെ ഉണ്ടായി മരണം 104 കഴിഞ്ഞു. സാമ്പത്തിക നഷ്ടം എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തേണ്ടി ഇരിക്കുന്നു. അടുത്ത വർഷവും  ഇത് തന്നെയാണ് ഗതിയെങ്കിൽ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ എടുത്ത് ദുരന്തത്തെ നേരിടാൻ നാം സജ്ജരാകേണ്ടിയിരിക്കുന്നു.
പണ്ടും അതി വൃഷ്ടി ഉണ്ടായിരുന്നു വെള്ളപ്പൊക്കം ഉണ്ടായിരുന്നു ആറ്റിലും  തോട്ടിലും  കുളത്തിലും കടലിലും  വെള്ളത്തിൽ വീണ് മരണവുമുണ്ടായിരുന്നു അന്നും ഇടവപ്പാതിയും കറുത്ത കർക്കിടകവും  മലയാളിക്ക് ഭയം നൽകുന്ന മാസങ്ങളായിരുന്നു. പക്ഷേ  അപകട മരണത്തിന്റെയും ദുരന്തങ്ങളുടെയും വ്യാപ്തി  ഇത്ര മാത്രം ഉണ്ടായിരുന്നില്ല.  അതിന്റെ കാഴ്ചകളും വാർത്തകളും വീട്ടിനുള്ളിൽ സ്വസ്ഥമായിരുന്ന്  കാണാൻ തക്കവിധം  പ്രചരിപ്പിക്കാൻ  ചാനലുകളും സോഷ്യൽ മീഡിയാകളും ഉണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ പിറ്റേന്ന് വരുന്ന വർത്തമാന പത്രങ്ങളിൽ നിന്നും മാത്രം ജനം  വെള്ളപ്പൊക്ക വിശേഷങ്ങൾ അറിഞ്ഞു.
ഉരുൾ പൊട്ടൽ അന്നും  ഉണ്ടായി പക്ഷേ വനത്തിനുള്ളീൽ താമസിക്കുന്ന ആദിവാസികളും വനവും പുഴയും    തൊഴിലിടമായി കണ്ട് ജീവിച്ചിരുന്നവരും മാത്രം ഉരുൾ പൊട്ടൽ ദുരന്തത്തിനിരയായി. ഉരുൾ പൊട്ടി നഗര കേന്ദ്രത്തിലേക്ക് എത്തിപ്പെടുന്ന അവസ്ഥ ഉണ്ടായതേ ഇല്ല. ഉരുൾ പൊട്ടി ആർത്തലച്ച് വരുന്ന മലവെള്ളത്തെ ഉൾക്കൊള്ളാൻ വിസ്ത്ർതമായ നദികളും  തോടുകളും കുളങ്ങളും വിശാലമായ തണ്ണീർ തടങ്ങളും  നെൽപ്പാടങ്ങളും അന്നുണ്ടായിരുന്നതിനാൽ വെള്ളം ജനവാസമുള്ളീടത്തേക്ക് അലച്ചെത്തുന്ന പ്രവണത ഉണ്ടായതേ ഇല്ല,
മനുഷ്യൻ പ്രകൃതിയെ  ആക്രമിച്ച്  അതിന്റെ സന്തുലിതാവസ്ത നശിപ്പിക്കാനൊരുങ്ങിയത് മുതൽ  ദുരന്തങ്ങൾ വർദ്ധിക്കാൻ തുടങ്ങി. ജനസംഖ്യ വർദ്ധിച്ചപ്പോൾ  പാർപ്പിടങ്ങൾക്ക് വേണ്ടി ഭൂമിയുടെ ആവശ്യം വർദ്ധിച്ചു. നാട് അളന്ന് തീർന്നപ്പോൾ കാടും നദീ തീരവും  തോട്ടിൻ കരയും കടൽ തീരവും അളന്ന് തിരിച്ച് ഉപയോഗിക്കാൻ തുടങ്ങി.  സാധാരണ മഴയിൽ     ഇപ്രകാരം അതിക്രമിച്ച കയറിയ ഇടങ്ങളിലെ  ജനം പിടിച്ച് നിൽക്കുമ്പോൾ കാലവർഷത്തിലെ കർക്കിടകം പോലുള്ള മാസങ്ങളിൽ  ഈ പാർപ്പിടങ്ങൾ ഉപയോഗമില്ലാതായി. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ  കാണുന്ന തോട്ടരികിലുള്ള വീടുകളിലെ ജനം മഴക്കാലത്ത് മറ്റെവിടെയെങ്കിലും താമസിക്കാൻ ഇടം തേടും. മഴ തീരുമ്പോൾ തിരിച്ച് വരും. പുറക്കാട്, പുന്നപ്ര  അമ്പലപ്പുഴ കടൽ തീരങ്ങളിൽ നാഷണൽ ഹൈ വേയുടെ പടിഞ്ഞാറ് വശം കാണുന്ന വീടുകളിലെ ആൾക്കാരും ഇത് തന്നെ ചെയ്യുന്നു.പെരിയാർ, ഭാരതപ്പുഴ തുടങ്ങിയ  പുഴയുടെ തീരങ്ങളിലെ താമസക്കാരും തഥൈവ.
പണ്ട് പെയ്യുന്ന മഴ തന്നെ ഇന്നും പെയ്യുന്നു, പണ്ട് വെള്ളത്തിന് ഒഴുകി പോകാൻ ഇടമുണ്ടായിരുന്നു, ആ ഇടങ്ങളിൽ മനുഷ്യൻ കയറി വീട് വെച്ചാൽ വെള്ളം എങ്ങോട്ട് പോകാനാണ്. പണ്ട് ഉരുൾ പൊട്ടിയാൽ അതിനെ ഉൾക്കൊള്ളാൻ ഭൂവിസ്തൃതി  ഉണ്ടായിരുന്നിടത്ത് ഇന്ന് അതില്ല.
ദീർഘ വീക്ഷണത്തോടെ  പാർപ്പിട നിർമ്മാണത്തിന്  അനുമതി നൽകുകയും പ്രകൃതിയെ അതിന്റെ പാട്ടിന് വിടാൻ തയാറാവുകയും ചെയ്താൽ  ദുരന്തങ്ങൾ ഒഴിവാക്കാം. മുമ്പില്ലാത്ത വണ്ണം ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുന്നത് ഒഴിവാക്കാം അല്ലാതെ  പ്രളയം ദുരന്തം എന്നൊക്കെ വിളിച്ച് കൂവിയിട്ട് എന്തുണ്ട് കാര്യം?!!!

Friday, August 9, 2019

ശ്രീ ക്രിഷ്ണനും ശ്രീ രാമനും....

ഉന്നതമായ സാരോപദേശങ്ങളും  ഉദാത്തമായ ചിന്തകളും  അടങ്ങിയ അതുല്യമായ  ഗ്രന്ഥങ്ങളിലൊന്നാണ്  ശ്രീമത് ഭഗവത്ഗീത.
മഹാഭാരത യുദ്ധ വേളയിൽ ശ്രീകൃഷ്ണനിൽ നിന്നും അവതീർണമായ ഈ പുണ്യഗ്രന്ഥത്തിൽ  ഫലേഛയില്ലാതെ  കർത്തവ്യം ചെയ്യാൻ  മാർഗ നിർദ്ദേശം നൽകുമ്പോൾ  ദിശയറിയാതെ നിൽക്കുന്ന മനുഷ്യന്  അത് വഴികാട്ടിയായി മാറുന്നു.
ത്രേതായുഗത്തിലെ  ശ്രീരാമൻ  രാജാവായിരുന്നു, ക്ഷത്രിയ ധർമ്മം പാലിക്കുന്നവനായിരുന്നു. ജനങ്ങൾക്ക് വേണ്ടി  സ്വന്തം സുഖം ത്യജിച്ചവനായിരുന്നു. പിതാവിന്റെ ശപഥം പാലിക്കാൻ 14 വർഷം വനവാസത്തിന് പോയ  പുരുഷോത്തമൻ.  തീർച്ചയായും അദ്ദേഹത്തിന്റെ  അനുയായികൾ “ജയ് ശ്രീ റാം“ വിളിച്ച് അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നതിൽ അപാകതകളൊന്നുമില്ല.
ഈ രണ്ട് പേരും  മഹാവിഷ്ണുവിന്റെ  അവതാരങ്ങളാണെന്ന്  ഹിന്ദുവിന്റെ  വിശ്വാസം.  അവതാരോദ്ദേശം അതത് കാലങ്ങളിൽ ഈ രണ്ട് പേരും നിർവഹിച്ചിട്ടുമുണ്ട്.
എങ്കിൽ എന്ത് കൊണ്ട് ഒരു കൂട്ടം ആൾക്കാർ  ജയ് ശ്രീ റാം വിളിയിൽ മാത്രം  ഒതുങ്ങി നിൽക്കുന്നു  .    ലോകോത്തര ഗ്രന്ഥം അവതരിപ്പിച്ച  ശ്രീകൃഷ്ണനും അവർ ജയ് വിളിക്കുന്നില്ല?, ജയ് ശ്രീ രാം വിളിയോടൊപ്പം.   അഭിവാദ്യം അർപ്പിക്കുന്നതിൽ ശ്രീകൃഷ്ണൻപുറകിലേക്ക് മാറ്റി നിർത്തപ്പെടുന്നതെന്ത് കൊണ്ട്?
 ജയ് ശ്രീ റാം  ജയ് കൃഷ്ണാ..എന്ന് വിളിക്കാത്തതെന്തേ?
അദ്ദേഹം കറുത്ത നിറക്കാരനായത് കൊണ്ടോ?
യാദവരുമായുള്ള (ഇടയ വർഗം) ബന്ധത്താലാണോ ഈ പുറകിലേക്ക് മാറ്റി നിർത്തൽ.
എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെ പറ്റി അന്വേഷണം നടത്തി അവിടെ ആരാധനാ സ്ഥലമാക്കി  മാറ്റാത്തത്.
ആരെങ്കിലും ഇതിന്റെ വിശദീകരണം പറഞ്ഞ് തരുമോ?

Thursday, August 8, 2019

പി.എസ്.സി. പരീക്ഷയും ചൈനീസ് മൊബൈലും.

പി.എസ്.സി പരീക്ഷ എഴുതാനുള്ളവർക്ക് പരിശീലനം  നൽകാൻ  ധാരാളം ട്യൂഷൻ  സെന്റർ  ഇപ്പോൾ നാട്ടിൽ പ്രചാരത്തിലുണ്ട്.  ആ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന  മിക്കവാറും കുട്ടികൾ  നിരന്തരം ഈ വക സ്ഥാപനത്തിൽ കനത്ത ട്യൂഷൻ ഫീസ് കൊടുത്ത് പൊയ്ക്കൊണ്ടേ ഇരിക്കുന്നു. ഒരു പരീക്ഷ എഴുതി ഫലം വരുമ്പോൾ  റാങ്ക് ലിസ്റ്റിൽ വന്നില്ലെങ്കിലും അവർ പിന്നെയും പൈസാ മുടക്കി ഈ കോച്ചിംഗിന്  പോക്ക് തുടരും.
അടുത്ത ദിവസത്തെ പത്രവാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ ഈ കുട്ടികളോട് സഹതാപം തോന്നുകയാണ്. എന്തിനാണ് കുട്ടികളെ നിങ്ങൾ ഇങ്ങിനെ കഷ്ടപ്പെടുന്നത്? ഒരു ചൈനീസ് മൊബൈൽ ഫോൺ കരസ്ഥമാക്കി  പരീക്ഷാ ഹാളിൽ പോയി ഇരുന്ന്    നല്ല സ്കാനിംഗിന് കഴിവുള്ള ഈ ഉപകരണം മുഖേനെ ചോദ്യം  പുറത്തേക്ക് അയച്ചും ഉത്തരം പുറത്ത് നിന്നും സ്വീകരിച്ചും  എത്ര ബുദ്ധിമുട്ടില്ലാതെ  റാങ്ക് ലിസ്റ്റിൽ  ആദ്യത്തെ എണ്ണങ്ങളിൽ സ്ഥാനം ഉറപ്പിക്കാമെന്നാണ് പത്രങ്ങൾ പറയുന്നത്..  ഇങ്ങിനെയൊരു സാദ്ധ്യത  ഉണ്ടെങ്കിൽ അതല്ലേ എളുപ്പ വഴി അല്ലാതെ  കോച്ചിംഗ്  ക്ളാസിനൊന്നും  പോയി സമയവും പണവും നഷ്ടപ്പെടുത്താതെ  നോക്കുന്നതല്ലേ ബുദ്ധി.
   എന്തായാലും  പി.എസ്.സി. അടിയന്തിര നടപടികൾ സ്വീകരിച്ച് കഴിഞ്ഞു.   പി.എസ്.സി. ആഭ്യന്തര വിജിലൻസിന്റെ  അന്വേഷകർ   ഫയൽ ചെയ്ത റിപ്പോർട്ട് സഹിതം  ഇന്ത്യൻ ശിക്ഷാ നിയമം 420, 120, (ബി) , 34 , ഐ.ടി. ആക്റ്റ്  എന്നിവ പ്രകാരം  ക്രൈം  കേസെടുത്ത് അന്വേഷിക്കാൻ  പി.എസ്.സി. അധികാരികൾ  ഡി.ജി.പി. ലോകനാഥ ബെഹ്രായെ കണ്ട്  ആവശ്യപ്പെട്ടിരിക്കുന്നുവത്രേ!
പ്രഥമദൃഷ്ട്യാ എന്തെങ്കിലും തെളിവ് കിട്ടാതെ  പി.എസ്.സി. ഇങ്ങിനെ ഒരു നടപടിക്ക് മുതിരുകയില്ലാ എന്നുറപ്പ്.
ഒരു കൂട്ടർ കഷ്ടപ്പെട്ട് പഠിക്കുന്നു, മറ്റുള്ളവർ എളുപ്പവഴിയിൽ ക്രിയ ചെയ്ത് ഫലം കണ്ടെത്തുന്നു അത്ര തന്നെ.

Wednesday, July 31, 2019

നഷ്ട പ്രണയ സ്മരണ

മുഗ്ദ രാഗമെൻ ജീവനേകിയ മുത്തുമാലയുമായിതാ,  എത്രമാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടി ഒട്ടി പിടിക്കുവാൻ..
പ്രാണനായകാ! താവക  പ്രേമ പ്രാർത്ഥിനി ആയിരിപ്പൂ ഞാൻ.......
 കഴിഞ്ഞ  ദിവസം തിരുവനന്തപുരത്ത്  തമ്പാനൂർ ബസ് സ്റ്റാന്റിന്റെ മുൻ വശം നിൽക്കുമ്പോൾ  മുകളിൽ കാണിച്ച വരികൾ  മനസിലേക്ക് ശക്തിയായി ഇടിച്ച് കയറി വന്നു. അതിന് കാരണക്കാരി  എന്റെ തൊട്ട് മുമ്പിൽ നിൽക്കുന്നു. അവളെ ഞാൻ തിരിച്ചറിഞ്ഞു, അസാധാരണമായ നീളമുള്ള മുടിയായിരുന്നു അടയാളം. അതിലിപ്പോൾ അങ്ങിങ്ങ് നര കയറി പറ്റിയിരിക്കുന്നു.
ഞാൻ അടുത്ത് ചെന്ന് പേര് വിളിച്ചു.  ആളെ തിരിച്ചറിയാതെ  പകച്ച കണ്ണൂകൾ കൊണ്ട് അവൾ എന്നെ ഒന്നുഴിഞ്ഞു.   തിരിച്ചറിയാതിരിക്കാൻ തക്കവിധം  കുന്നു പോലെ  എന്റെ തലയുടെ മുൻ വശമുണ്ടായിരുന്ന മുടി മുഴുവൻ പോയിരുന്നല്ലോ. അടുത്ത നിമിഷം  ഗതകാലത്തിൽ നിന്നും അവൾ എന്നെ കണ്ടെത്തി.
മെട്രിക്കുലേഷൻ സെപ്റ്റമ്പർ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അവളുമായുള്ള അൽപ്പ കാല പരിചയപ്പെടൽ. ആലപ്പുഴ തുമ്പോളി സ്വദേശിനിയാണ്. കൂടെയുണ്ടായിരുന്ന കൂട്ടുകാർ എന്റെ  സാഹിത്യവാസനയെ പറ്റി അവളോടും സഖികളോടും കഥിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് ഒരു കലാ കൊലപാതകി എന്ന് അവരെല്ലാം കൂടി  അവളെ കാണീച്ചു  പരിചയപ്പെടുത്തി. അന്ന് സ്കൂൾ കയ്യെഴുത്ത് മാസികകളുടെ പുഷ്കര കാലമായിരുന്നല്ലോ.
അൽപ്പകാല സൗഹൃദത്തിന്റെ  ബലത്തിൽ അവസാന പരീക്ഷയുടെ  അന്ന് രാവിലെ ചങ്ങമ്പുഴയുടെ രമണൻ  എനിക്ക് തന്ന് വായിച്ചിട്ട് തിരികെ തരണേ എന്ന്  സാഹിത്യകാരി  പറഞ്ഞു, കൂട്ടത്തിൽ “അതിൽ ചുവന്ന വരി അടയാളപ്പെടുത്തിയതിന്റെ മറുപടിയും തരണേ!“ എന്നു പതുക്കെയും  മൊഴിഞ്ഞു. അന്ന് മനസിലുള്ളത് മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നത് ഈ മാതൃകയിലായിരുന്നു ചിലപ്പോൾ സിനിമാ ഗാനത്തിന്റെ ഈരടികൾ ഉച്ചത്തിൽ മൂളും,അതായത് “അന്ന് നിന്നെ കണ്ടതിൽ പിന്നെ...എന്ന മട്ടിൽ. അവസാനത്തെ പ്രയോഗമായിരുന്നു കത്തെഴുത്ത്.

ഞാൻ പുസ്തകം തുറന്ന് നോക്കിയപ്പോൾ കണ്ട ചുവന്ന മഷി കൊണ്ട് അടിവരയിട്ട  വരികളാണ് ഈ കുറിപ്പിന്റെ ആദ്യം കാണിച്ചിരിക്കുന്നത്.
ഒട്ടും മടിച്ചില്ല, ചങ്ങമ്പുഴയുടെ തന്നെ രണ്ട് വരികൾ ചുവന്ന അടിവരയിട്ട് ഞാൻ  വൈകുന്നേരം  കൊടുത്തു.
“ചപല വ്യാമോഹങ്ങൾ ആനയിക്കും ചതിയിൽ പെടാൻ ഞാൻ ഒരുക്കമല്ല...“
പുസ്തകം തുറന്ന് വായിച്ച പെണ്ണിന്റെ മുഖം കറുത്തു. സൈക്കിളിൽ നിന്നും വീണിട്ട് എഴുന്നേറ്റ് വരുന്നവന്റെ ഇളിഞ്ഞ ചിരിയുമായി ഞാൻ നിന്നു.

പരീക്ഷ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. പലപ്പോഴായി പലയിടങ്ങളിലായി  അവളെ ഞാൻ വീണ്ടും കണ്ടു. കാണുമ്പോൾ ശോകാകുലയായി ദുഖപുത്രിയുടെ നോട്ടവുമെറിഞ്ഞ് അവൾ മാറി പോകും. ജീവിതത്തിൽ ഏതെങ്കിലും കരയിലെത്തിച്ചേരാനുള്ള തത്രപ്പാടിൽ  എനിക്കിതൊന്നും ശ്രദ്ധിക്കാൻ സമയവുമില്ലായിരുന്നല്ലോ. മാത്രമല്ല മനസ്സിൽ ഒഴിവുമില്ലായിരുന്നു.

ഇപ്പോൾ ഈ സന്ധ്യാ നേരത്ത്  എന്നെ കണ്ടപ്പോൾ കഴിഞ്ഞ് പോയ കാലത്തിലെ  ആ നിമിഷങ്ങൾ ഓർമ്മിച്ചത് കൊണ്ടായിരിക്കാം ആ കണ്ണൂകൾ അൽപ്പം കൂമ്പിയത്. ഞാനും നിശ്ശബ്ദനായി നിന്നു.
പടിഞ്ഞാറൻ മാനം ചുവന്ന് തുടുത്തിരുന്നു. സന്ധ്യാരാഗം  ഞങ്ങളെ ചൂഴ്ന്ന് നിന്നു. നിരത്തിൽ വാഹനങ്ങളുടെ കുത്തൊഴുക്ക്.
 റോഡിൽ ഒരു ഇന്നോവാ കാർ കൊണ്ട് നിർത്തിയിട്ട് ഒരു യുവതി ഓടി വന്ന് “വാ! അമ്മേ, ഞങ്ങൾ ബ്ളോക്കിൽ പെട്ട് പോയി, അതാ തമസിച്ചത് എന്ന് പറഞ്ഞു. അവൾ പറഞ്ഞു, “ മകളാണ്“ എന്നിട്ട് ആ കുട്ടിയുടെ കൂടെ നടന്ന് പോയി. കാറിൽ കയറുന്നത് വരെ അവൾ എന്നെ തിരിഞ്ഞ് നോക്കിയില്ല.

നഗരത്തിന്റെ കുത്തൊഴുക്കിലേക്ക് അവളും കാറും പോയി മറഞ്ഞപ്പോൾ ഞാൻ കൊട്ടാരക്കര ബസ്സ് പിടിക്കാൻ സ്റ്റാന്റിനുള്ളിലേക്ക്  തത്രപ്പെട്ട് നടന്നു, വീട്ടിൽ എത്തിച്ചേരണം.  അവിടെ എന്നെ നോക്കി ഇരിക്കുന്നവർ ഉണ്ടല്ലോ. ഇപ്പോൾ മനസ്സിൽ  ആരാണ് മൂളിയത്.
ചലനം ചലനം ചലനം
 മാനവ ജീവിത പരിണാമത്തിൻ
മയൂര സന്ദേശം, ചലനം ചലനം ചലനം.

Tuesday, July 30, 2019

കവിയുടെ കാൽപ്പാടുകൾ.....

കവിയുടെ കാൽപ്പാടുകൾ. പി. കുഞ്ഞു രാമൻ നായരുടെ ആത്മകഥ.
1972ൽ പ്രസിദ്ധപ്പെടുത്തിയ  ഈ ആത്മകഥ തേടി  കേരളത്തിന്റെ  വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ വർഷങ്ങളോളം അലഞ്ഞതും  പിന്നീട് തിരുവനന്തപുരം പാളയത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു വഴിയോരക്കടയിൽ നിന്നും അമൂല്യമായ ഈ പുസ്തകം കൈ വന്നതും മുമ്പ് ഞാനിവിടെ കുറിച്ചിരുന്നു.
വർഷങ്ങളോളം എങ്ങും കിട്ടാതിരുന്ന ഈ പുസ്തകം പിന്നീട്  ഡീസി. പ്രസിദ്ധീകരിച്ചു എന്നറിഞ്ഞ് ഉടൻ തന്നെ അത് വാങ്ങി വീണ്ടും വായന തുടങ്ങി. കവിയുടെ കാൽപ്പാടുകളോടൊപ്പം  “എന്നെ തിരയുന്ന ഞാനും“  “നിത്യ കന്യകയെ തേടി“ എന്നീ രണ്ട് പുസ്തകങ്ങളും കൂടി  ചേർത്ത് പി. കുഞ്ഞിരാമൻ നായരുടെ  മൂന്ന് ആത്മകഥകളും ഒറ്റ പുസ്തകമാക്കിയാണ് ഡീ.സി. ഈ തവണ പ്രസിദ്ധീകരിച്ചത്. പേജ് 710. വില 650 രൂപാ.
മുന്തിരിപ്പഴം  വായിലിട്ടാൽ  പെട്ടെന്ന് അലിഞ്ഞ് അതിന്റെ രുചി ആസ്വദിക്കാൻ കഴിയുമെങ്കിലും കൽക്കണ്ടം ആസ്വദിക്കണമെങ്കിൽ അത് വായിലിട്ട് കടിച്ച് പൊട്ടിച്ച്  കുറേ ശ്രമം നടത്തണം; പക്ഷേ ആ രുചി, ആ മധുരം  അത് വിവരണാതീതമാണ്. “കവിയുടെ കാൽപ്പാടുകൾ“ കൽക്കണ്ടമാണ്.

അയഞ്ഞ് തൂങ്ങിയ  ജൂബായുടെ  ഒരു കീശയിൽ കപ്പലണ്ടിയും മറ്റേ കീശയിൽ കൽക്കണ്ട തുണ്ടുകളും പേറി  മലയാള നാട്ടിൽ  ഒരു അവധൂതനെ പോലെ അലഞ്ഞ് തിരിഞ്ഞ ഈ മനുഷ്യന്റെ  ആത്മകഥ ഒരു നോവൽ വായിക്കുന്നത് പോലെ  ആസ്വദിക്കാൻ കഴിയും. കവിത എഴുതുന്ന ആൾ ഗദ്യം എഴുതിയാൽ എങ്ങിനെ ഇരിക്കുമോ  അതാണ് ഈ പുസ്തകം. എന്തൊരു സൗന്ദര്യം വാക്കുകൾക്ക്.
സ്വന്തം അനുഭവങ്ങളാണ് വിഷയം.  അതിത്രക്ക് സത്യസന്ധമായി എഴുതിയ വേറൊരാൾ  ഉണ്ടാകുമോ എന്ന് സംശയം തോന്നി പോകുന്നു.
ആത്മ കഥ എന്നതിലുപരി ആത്മ വിമർശം എന്ന് പറയുന്നതാണ് ശരി.
തന്റെ  സ്വകാര്യതയെ പച്ചക്ക് വിവരിക്കുക, സുന്ദരമായ ഭാഷയിൽ.

സംബന്ധം ചെയ്തിട്ടില്ല എല്ലാം അസംബന്ധങ്ങളായിരുന്നു എന്ന് കവി പറയുന്നു, അതിന്റെ എണ്ണവും പറയുന്നു  .അങ്ങിനെഉള്ള ഒരാൾക്ക് പറ്റുന്ന അമളി എത്ര തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് നോക്കൂ....

” രാത്രി വണ്ടിയിറങ്ങി മുല്ലക്കലെത്തി....
ടീച്ചർ മണത്തറിഞ്ഞു, അചു എഴുത്തഛനെ തുണ കൂട്ടി  മുല്ലക്കലെത്തി..അകലെ നിന്ന് ആ വരവ് കണ്ട  രാജലക്ഷ്മി പറഞ്ഞു, ...ടീച്ചർ വരുന്നു.
ഓടിയിറങ്ങി  പടിക്കൽ പാടത്തെ പഴം പിടിച്ച നെല്ലിൽ  ഒളിച്ചിരുന്നു.മണ്ണട്ടകൾ കൂവി. കവി  നെല്ലറയിൽ....കവി നെല്ലറയിൽ...
ടീച്ചർ വീട്ടിൽക്കയറിയതക്കം നോക്കി  ...മംഗലത്ത് വീട്ടിലെത്തി  തിണ്ണയിൽ വേഷ്ടി മൂടി പുതച്ച്  കിടന്ന് കൂർക്കം വലിച്ചു.....
എട്ട് മാസം വയറ്റിലുള്ള ടീച്ചർ.....മഞ്ഞക്കിളിയായി പാറിക്കളിക്കുന്ന രാജലക്ഷ്മി...
അവർ കീരിയും പാമ്പുമായി ഒരുച്ച നേരത്ത്  പാടത്ത് വെച്ച് കടുത്ത വാക്സമരം  നടന്നു.
ടീച്ചർ താക്കീത് ചെയ്തു.ഇനി മുല്ലക്കൽ പടി കയറുന്ന  ദിവസം..ഇവിടെക്കേറി വരുമ്പോൾ  അമ്മുക്കുട്ടി ടീച്ചറുടെ ശവം  കാണാം.
പിന്നീട് മുല്ലക്കൽ  പടി കണ്ടില്ല....“

ആളറിയാതെ കവിയെ പോലീസ്  പിടിച്ച് സ്റ്റേഷനിൽ കൊണ്ട് പോയ അനുഭവം എത്ര രസകരമായി വർണിച്ച്  അവസാനം സബ് ഇൻസ്പക്ടർ  ആളെ മനസിലായി കഴിഞ്ഞപ്പോൾ  കവി എഴുതിയ പുസ്തകം പാഠ പുസ്തകമായി  പഠിച്ചാണ് താൻ ജയിച്ചത് എന്ന് പറഞ്ഞത് കേട്ട്  കവിയുടെ സ്വഗതം ഇങ്ങിനെ

”ഈ നാട്ടിലെ എഴുത്ത്കാരന്റെ നഗ്ന ചിത്രം കണ്ടില്ലേ..പുസ്തകം പഠിച്ച് ഉദ്യോഗത്തിൽ കയറിയവൻ  അധികാരക്കസേരയിൽ ഞെളിഞ്ഞിരിക്കുന്നു, ആ പുസ്തകം എഴുതിയവൻ  പുറത്ത് പൊട്ടിയ വെട്ടു കല്ലില്പറ്റിയിരിക്കുന്നു....“

പുസ്തകത്തിലുടനീളം പ്രകൃതി വർണന തന്നെയാണ്,  അതാണല്ലോ കവിയുടെ സവിശേഷതയും. ഒരു ചെറിയ ഉദാഹരണം.
“ദൂരെ  മരങ്ങൾക്കിടയിൽ അമിട്ട് പൊട്ടിത്തെറിച്ച വൃശ്ചിക മാസ സന്ധ്യ, പറക്കുന്ന വെള്ള കൊറ്റികൾ..വെണ്മേഘങ്ങൾ....താഴെ പച്ച വയൽ...തുരുത്തിൽ പഴയന്നൂർ അന്നപൂർണേശ്വരീ ക്ഷേത്രദീപം.....“

വായിച്ച് കഴിയുമ്പോൾ  മനസ്സ് നിറയെ വിവരിക്കാനാവാത്ത വികാര വിചാരങ്ങൾ....
ഈ പുസ്തകം  അമൂല്യമാണ് തീർച്ച.....

Sunday, July 28, 2019

ഒരു രാത്രി യാത്ര

കൊട്ടാരക്കരയിൽ നിന്നും ആറ്റിങ്ങൽ പോകുന്നതിനായി  കഴിഞ്ഞ ദിവസം  ഓയൂർ, നാവായിക്കുളം  റോഡ് തെരഞ്ഞെടുത്ത്  കാറിൽ യാത്ര ചെയ്യുകയായിരുന്നു.  നാഷണൽ ഹൈ വേയിലെ നാവായിക്കുളത്ത് എത്തുന്നതിന് മുമ്പ്  നിരത്തിന്റെ ഇരു വശങ്ങളും ഞാൻ  കൗതുകത്തോടെ ശ്രദ്ധിച്ചു. ബഹു നില കെട്ടിടങ്ങൾ, കടകൾ എപ്പോഴും വാഹനം കടന്ന് പോകുന്ന നിരത്ത് തുടങ്ങിയവ ആ ഗ്രാമ പ്രദേശത്തെ  നഗരത്തിന്റെ രൂപത്തിലാക്കി തീർത്തിരിക്കുന്നു.  ഒരു കാലത്ത് ആ നിരത്തും അതിന്റെ ഇരുവശങ്ങളും  വൃക്ഷങ്ങളാലും ചെറിയ കാട്ട് പൊന്തകളാലും പടർന്ന് പന്തലിച്ച് നിന്നിരുന്ന   പറങ്കിമാവിൻ കൂട്ടങ്ങളാലും  തീർത്തും വിജനമായിരുന്നു.  കടന്ന് പോയ കാലത്തിന്റെ  ഒരു രാത്രിയിൽ      ആ സ്ഥലത്ത് വെച്ച് എനിക്കുണ്ടായ അമളിയുടെ സ്മരണ എന്നിലേക്ക് ഒഴുകിയെത്തി.
ഉപജീവനത്തിനായി  അന്ന് ഞാൻ ആ പ്രദേശത്തുള്ള ഞാറയിൽക്കോണം എന്ന  ഭാഗത്ത്  ഒരു ഡിസ്പൻസറിയിൽ ജോചെയ്യുകയായിരുന്നുവല്ലോ.കുടവൂരിൽ ബന്ധു വീട്ടിൽ താമസവും.
 ഏതോ ആവശ്യത്തിനായി  കൊല്ലത്ത് പോയി തിരികെ വരുമ്പോൾ രാത്രി ഏറെ ആയി. പാരിപ്പള്ളിയും നാവായിക്കുളവും മറ്റും അന്ന്  അക്രമങ്ങൾക്കും  പിടിച്ച് പറിക്കും കുപ്രസിദ്ധി  നേടിയിരുന്ന കാലമായിരുന്നത്. രാത്രി നാഷണൽ ഹൈ വേയിൽ ബസ്സിറങ്ങി ഇട റോഡിലേക്ക് തിരിഞ്ഞ്, ഞാറയിൽ കോണം, പള്ളീക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടന്ന് തന്നെ പോകണം, ബസ്സ് ഉൾപ്പടെ വാഹനങ്ങളൊന്നുമില്ല. രാത്രിയിൽ അന്ധകാരത്തിന്റെ മറവിൽ പലപ്പോഴും പലരും ആക്രമണങ്ങൾക്ക് ഇരയായി എന്ന കഥകൾ ധാരാളം കേട്ടിരുന്നു.
കൊല്ലത്ത് നിന്നും ഞാൻ ഒരു എവറഡി  രണ്ട് ബാറ്ററിയുടെ  ടോർച്ച് വാങ്ങിയിരുന്നു.കനത്ത ഇരുട്ടിൽ വെട്ടമില്ലാതെ ഒരടി മുന്നിലേക്ക് പോകാൻ ആവില്ലാ എന്ന് എനിക്കറിയാം.
നാവായിക്കുളത്ത് ബസ്സിറങ്ങി ടോർച്ചും മിന്നിച്ച് ഇട റോഡിലേക്ക് തിരിഞ്ഞ് നടപ്പ് തുടങ്ങി. ഇന്ന് മണിമാളികകൾ നിൽക്കുന്ന സ്ഥലങ്ങളിൽ  അന്ന് തഴച്ച് വളർന്ന് നിന്നിരുന്ന  പറങ്കിമാവിന്റെ നിഴലുകൾ  ഇരുട്ടിൽ  വല്ലാതെ ഭയം ജനിപ്പിച്ചു. അന്തരീക്ഷത്തിലെ മൂകത  ഈ രാത്രിയിൽ  വരേണ്ടിയിരുന്നില്ല എന്ന് വരെ എന്റെ ഉള്ളിൽ തോന്നിച്ചു. പരിസരം എങ്ങും നിശ്ശബ്ദത! ദൂരെ    വിദൂരതയിൽ നായ്ക്കളുടെ ഓരിയിടൽ. എന്റെ കാലടികളുടെ ശബ്ദം വരെ എന്നെ  ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ നടപ്പിന് വേഗമേറി. അപ്പോൾ എനിക്ക് തോന്നി എന്റെ പുറകിൽ ആരോ നടന്ന് വരുന്നു എന്ന്. ടോർച്ച് മിന്നിക്കാതെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ  ദൂരെ ഇരുട്ടത്ത് ഒരു കറുത്ത രൂപം  എന്റെ സമീപത്തേക്ക് വരുന്നു. ഞാൻ വേഗം കൂട്ടിയപ്പോൾ രൂപവും വേഗം കൂട്ടി. ഞാൻ ഓടിയപ്പോൾ രൂപവും ഓടി. ഞാൻ  പതുക്കെ ആയപ്പോൾ രൂപവും പതുക്കെ ആയി. എന്നെ കൊന്ന് കയ്യിലുള്ളത് തട്ടി എടുക്കാൻ വരുന്ന അക്രമിയാണ് അതെന്ന സംശയം ബലപ്പെട്ടപ്പോൾ ആ  സംശയം യഥാർത്ഥമായി തന്നെ അനുഭവപ്പെട്ട് തുടങ്ങി. ഭയം അധികരിക്കുമ്പോൾ മനുഷ്യൻ രണ്ടും കൽപ്പിച്ച്  പെരുമാറും. ഞാനും അത് തന്നെ ചെയ്തു. രൂപത്തിന്റെ നേരെ പാഞ്ഞ് ചെന്ന് ടോർച്ച് മിന്നിച്ചു അലറി.
“അ..ഹാരെടാ...അദ്ദ്....“
   മുഷിഞ്ഞ വേഷം ധരിച്ച കറുത്ത് മദ്ധ്യവയസ്കനായ ഒരാൾ. അയാൾ  ഭവ്യതയോടെ പറഞ്ഞു.
“ഒരു പാവം കുറവനാണേ സാറേ...കല്ലമ്പലത്ത് ജോലിക്ക് പോയി മടങ്ങിയപ്പോൾ നേരമിരുട്ടി...അപ്പോളാ സാറ് ടോർച്ചും മിന്നിച്ച് ഇരുട്ടത്തൂടെ വരുന്നത് കണ്ടത്.. കൂട്ടത്തിൽ പുറകേ നടന്നാൽ വെട്ടം കണ്ട് ഇഴജന്തുക്കളെ പേടിക്കാതെ കൂരയിൽ പോയിപറ്റാമെന്ന് കരുതി..സാറ് ഞാറയിൽക്കോണം ആശുപത്രിയിലെ സാറല്ലിയോ.....എനിക്കറിയാം സാറിനെ....“
ഞാൻ അയ്യടാ എന്നായി. ചളിപ്പ് മാറാനായി  ഞാൻ ചോദിച്ചു, “എന്നാൽ  പിന്നെ എന്റെ ഒപ്പം നടന്നൂ ടായിരുന്നോ “
“അയ്യോ! അത് വേണ്ടേ...ഞാൻ പുറകേ നടന്നോളാമേ......“ അയാളുടെ ശബ്ദത്തിൽ ബഹുമാനം നിറഞ്ഞ് നിന്നു.
ഏറെ വർഷങ്ങൾക്ക് ശേഷം അന്നത്തേതിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ച   ഈ വഴിയിലൂടെ കാറിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ   ആ രാത്രിയിലെ ഇരുട്ടിലെ യാത്രയും ഭയം കൊണ്ട് വിറച്ച ഞാൻ  ആ പാവം മനുഷ്യന്റെ നേരെ പാഞ്ഞ് ചെന്ന് അയാളെ വിരട്ടിയതും ഓർത്തപ്പോൾ  ഇപ്പോഴും എന്റെ ഉള്ളിൽ  ചിരി  പതഞ്ഞ് പൊന്തി.

Wednesday, July 24, 2019

സത്യസന്ധത

ഭാരതീയ സംസ്കാരം സത്യത്തിന്  അതി മഹനീയമായ സ്ഥാനമാണ് നൽകിയിരിക്കുന്നതെന്ന് ചരിത്രങ്ങളും പുരാണങ്ങളും പറയുന്നു.
ഭീഷ്മർ തന്റെ പിതാവിനോട് ചെയ്ത സത്യം പാലിക്കാൻ ജീവിതകാലം മുഴുവൻ വിഭാര്യനായി കഴിഞ്ഞ് കൂടി.
ഹരിഛന്ദ്ര മഹാരാജാവ്  സത്യപാലനത്തിനായി അവസാനം  ചുടുകാട് കാവൽക്കാരൻ വരെ ആയി.
സത്യപാലനം ജീവിത വൃതമായി കണക്കാക്കുന്നവരായിരുന്നു ഭരണാധിപന്മാർ. അതായിരുന്നു ഭാരത സംസ്കാരം. സത്യം ചെയ്താൽ അത് പാലിക്കുക എന്നത്  അവരുടെ കടമ ആയിരുന്നു.
രാഷ്ട്രപിതാവ്  മഹാത്മാ ഗാന്ധി  ജീവിതം തന്നെ സത്യാന്വേഷണമായി കണക്കിലെടുത്ത് ജീവിച്ചു.
ആധുനിക കാലത്ത് കോടതിയിൽ സാക്ഷി മൊഴികൾ  ആരംഭിക്കുന്നത്, സാക്ഷിയെ കൊണ്ട് സത്യം ചെയ്യിച്ചതിന് ശേഷം മാത്രമാണ്
കൂട്ടിൽ നിൽക്കുന്ന സാക്ഷിയെ  “ ദൈവം സാക്ഷിയായി കോടതി മുമ്പാകെ സത്യം ബോധിപ്പിച്ച് കൊള്ളാം സത്യമല്ലാതെ മറ്റൊന്നും ബോധിപ്പിക്കില്ല. സത്യം സത്യ സത്യം“ എന്നിങ്ങനെ സത്യം ചെയ്യിപ്പിക്കുന്നു.
അധികാര സ്ഥാപനങ്ങളിൽ  സത്യവാങ്മൂലം(അഫിഡവിറ്റ്)  തയാറാക്കി  നൽകുമ്പോൾ അതിന്റെ അവസാനഭാഗം മുകളിലെഴുതിയതെല്ലാം എന്റെ അറിവിലും വിശ്വാസത്തിലും സത്യമെന്ന് ഉറപ്പ് വരുത്തുന്നു, സത്യം സത്യം സത്യം എന്ന്  രേഖപ്പെടുത്തുകയും ആ സത്യം അധികാരപ്പെട്ടവർ സാക്ഷ്യപ്പെടുത്തുകയും വേണം.
സത്യപാലനത്തിന്റെയും സത്യം ചെയ്യലിന്റെയും പ്രാമുഖ്യവും  ആദരവും      ഭാരതീയ സംസ്കാരത്തിൽ എത്രത്തോളം ഉയർന്ന് നിൽക്കുന്നു എന്ന് കാണീക്കാനാണ് ഈ ഉദാഹരണങ്ങൾ  എടുത്ത് പറഞ്ഞത്.
നാട് പരിപാലിക്കാനായി  ഭരണത്തിലേറുന്ന  മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്താണ്  അവരുടെ  ചുമതല ഏൽക്കുന്നത്. പ്രജകളെ  സമന്മാരായി കണ്ട്  സ്വജനപക്ഷം കാണിക്കാതെ അഴിമതി കാട്ടാതെ ഇന്ത്യൻ ഭരണഘടന അനുസരിച്ച്  ഭരണം നടത്തിക്കൊള്ളാമെന്ന് അവർ സത്യം ചെയ്യുന്നു.
ജനപ്രതിനിധികളും സത്യം ചെയ്യുന്നു.
ആ സത്യത്തിന് എന്തെങ്കിലും വില കൽപ്പിക്കുന്നെങ്കിൽ  തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുടെ  അഭീഷ്ടത്തിനെതിരായി കോടികൾ വാങ്ങി  എതിർഭാഗത്തേക്ക് കാല് മാറുന്നത്  ഏത് സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അവരെ ചാക്കിട്ട് പിടിച്ച് ഭരണത്തിലേറാൻ ശ്രമിക്കുന്നവർ ഏത് സംസ്കാരത്തെപറ്റി ഉദ്ഘോഷിച്ചാണ് തങ്ങളുടെ രാഷ്ട്രീയ പാർട്ടിയെ പറ്റി മാലോകരെ  പരിചയപ്പെടുത്തുന്നത്.
 അസത്യത്തിന്റെ കൂരിരുട്ട് ഭാരതത്തിൽ നിറഞ്ഞിരിക്കുന്ന ഈ ദിവസങ്ങളിൽ സത്യത്തെ കൊന്ന് കുഴിച്ച് മൂടിക്കഴിഞ്ഞിരിക്കുന്നു.

Saturday, July 20, 2019

അസുമാ താത്തായുടെ പറമ്പിലെ കുളം

 
ആ വർഷകാലത്തെ ദിവസങ്ങളിലെല്ലാം  കനത്ത മഴയായിരുന്നു. കർക്കിടകം തകർത്ത് പെയ്തു. കരിമേഘം കൊണ്ട്  പകൽ കറുത്തിരുണ്ടപ്പോൾ  രാത്രി കുറ്റാകുറ്റിരുട്ടായി.
ഗതകാലത്തിലെ  ആ കറുത്ത രാത്രിയിൽ ഞങ്ങളുടെ വീടിന് സമീപം നിന്ന് അസുമാ താത്തായുടെ വിളി ഉയർന്നു.. 
“സുഹറായേ!  എടീ സുഹറായേ.....“
 രാത്രിയിലെ ആ വിളി കേട്ട് എന്റെ ഉമ്മാ സുഹറാ പുറത്തിറങ്ങി. മൂന്ന്  നാല് വീട് അപ്പുറത്ത് താമസിക്കുന്ന  അസുമാ താത്താ ഞങ്ങളുടെ ബന്ധുവും കൂടിയാണ്.
“നിന്റെ മോന് എന്തിന്റെ സൂക്കേടാ,  അവനെ പിടിച്ച് നീ പെണ്ണ് കെട്ടിക്ക് “
അസുമാ താത്താ  ഉറക്കെ പറഞ്ഞു.
“എന്താ താത്താ  അവൻ എന്ത് ചെയ്തു...?“
പന്ത്രണ്ട് വയസ്സ്കാരനായ എന്നെ പിടിച്ച്   പെണ്ണ് കെട്ടിക്കാൻ ഈ രാത്രിയിൽ ശുപാർശ ചെയ്യുന്നതിന്റെ ഗുട്ടൻസ് അറിയാതെ ഉമ്മ പരുങ്ങിയപ്പോൾ അസുമാ താത്താ പറഞ്ഞു.
“ ഈ രാത്രിയിൽ  മനുഷേര് ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടിക്കിടന്ന്  ഉറങ്ങാൻ തരം നോക്കുന്ന നേരം  അവനും കൂട്ടുകാരും കൂടി കുളത്തിൽ ചാടി കുളിക്കുന്നത് എന്ത് സൂക്കേടാടീ.. വെള്ളത്തിലെ ബഹളം കേട്ട് ഞങ്ങളെല്ലാം പേടിച്ച് ഹലാക്കായി ചെന്ന് നോക്കിയപ്പോൾ എല്ലാവനും കൂടി കുളത്തിൽ തകർത്ത് വാരുന്നു....“
ഇതെല്ലാം കേട്ട്  ഞാൻ  വീടിനടുത്ത പൂവരശ് മരത്തിന്റെ ചുവട്ടിൽ ഒളിച്ച് നിൽക്കുകയായിരുന്നു. അസുമാ താത്താ  പോയതിന് ശേഷം വീട്ടിൽ കടന്ന് ചെന്ന എനിക്ക് വാപ്പായുടെ വക   അടി ശരിക്ക് കിട്ടിയത് ബാക്കി ചരിത്രം.
എന്തിനാണ് ഞങ്ങൾ കുളത്തിൽ ചാടിയത്.
പകൽ ആ കുളത്തിൽ ചാടാനോ  തകർത്ത് വാരാനോ അസുമാ താത്താ സമ്മതിക്കില്ല. കുളം കാണുമ്പോൾ ആവേശം പൊന്തി വരും, ചാടാൻ, നീന്തി തുടിക്കാൻ പക്ഷേ ആ സ്ത്രീ സമ്മതിക്കില്ല. എങ്കിൽ രാത്രി ആരുമറിയാതെ  കുളത്തിൽ ഇറങ്ങി തകർത്ത് വാരാമെന്ന് കരുതി. കൂട്ടുകാരും ബന്ധുക്കളുമായ റഷീദും ഗഫൂറും അബ്ദുൽ സലാമും കൂടി ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു ഈ രാത്രി കുളി. പക്ഷേ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ  ആവേശം  അതിര് വിട്ടു. പിന്നെ ബഹളമായി. കുളത്തിന്റെ നാല് പക്കത്തുള്ളവർ വിരണ്ടു. കുളത്തിൽ രാത്രി കുട്ടിച്ചാത്തൻ ഇറങ്ങിയോ?!
അസുമാ താത്താ മണ്ണെണ്ണ വിളക്കും കത്തിച്ച് കുളത്തിലേക്ക് വന്നപ്പോൾ ഞങ്ങൾ പാഞ്ഞൊളിച്ചു. എന്നെ അവർ തിരിച്ചറിഞ്ഞിരുന്നു, അതാണ് രാത്രിയിൽ തന്നെ ഉമ്മായെ വിളിച്ച്പരാതി പറഞ്ഞതിന്റെയും ഈ പന്ത്രണ്ട് വയസ്സുകാരനെ  പെണ്ണ് കെട്ടിക്കാൻ ശുപാർശ ചെയ്തതിന്റെയും കാരണം.
മഴക്കാലം അത്രക്ക്  സന്തോഷമാണ് ഞങ്ങൾക്ക് തന്നിരുന്നത്. ആലപ്പുഴയിൽ  വട്ടപ്പള്ളി ഭാഗത്ത് ഓരോ പറമ്പിലും അന്ന്  ഓരോ കുളമുണ്ടായിരുന്നു. ആ കുളങ്ങളെല്ലാം  പറമ്പിന്റെ ഉടമസ്ഥരുടെ പേരിൽ അറിയപ്പെട്ടു. അസുമാത്തായുടെ കുളം, മീരാമ്മാത്തായുടെ കുളം, അക്കായുടെ കുളം, ചൊന്നാര് മാമായുടെ കുളം, കാർത്യായിനിയുടെ കുളം..അങ്ങിനെ പോകുന്നു, കുളങ്ങളുടെ പേരുകൾ.  മഴ വരുമ്പോൾ ഈ കുളങ്ങൾ നിറയും . ഉടമസ്ഥർ കാണാതെ അതിൽ ഇറങ്ങി  പതച്ച് നീന്തുക, ചൂണ്ട ഇട്ട് മീൻ പിടിക്കുക, ഉടമസ്ഥർ  പാഞ്ഞ് വരുമ്പോൾ അവരെ കളിയാക്കി ഓടുക, ഇതെല്ലാം വർഷകാലത്തെ ഞങ്ങളുടെ സ്പഷ്യൽ പരിപാടികളായിരുന്നല്ലോ. മഴക്കാർ  മാനത്ത് കാണുമ്പോൾ  മയിലുകൾ മാത്രമല്ല ഞങ്ങളും ആനന്ദ നൃത്തം ചെയ്തിരുന്നു.
കാലം ചെന്നപ്പോൾ കുളങ്ങളെല്ലാം മണ്ണിട്ട് നികത്തി  വീടുകളായി. വർഷങ്ങൾക്ക് മുമ്പ്  ഒരിക്കൽ വട്ടപ്പള്ളിയിൽ പോയപ്പോൾ  അന്നത്തെ രാത്രിയുടെ ഓർമ്മക്ക്  അസുമാ താത്തായുടെ കുളം കാണാൻ ഞാൻ പോയി. അവിടെ ഒരു പുതിയ കെട്ടിടം നിൽക്കുന്നു. പണ്ടവിടെ  ഒരു കുളം ഉണ്ടായിരുന്നെന്നും ഈയുള്ളവനും കൂട്ടുകാരും കൂടി രാത്രി സമയത്ത് കുളത്തിലിറങ്ങി ആൾക്കാരെ വിരട്ടിയെന്നും ഉള്ള കഥകൾ   ഒന്നുമറിയാതെ ആ വീട്ടിൽ അടുത്ത തലമുറ സുഖമായി കഴിയുന്നു. എല്ലാ കുളങ്ങളും  മണ്ണിട്ട് നികത്തി വീടുകളായി  പരിണമിച്ചിരിക്കുന്നു.
 ഇന്ന് അസുമാ താത്തയുമില്ല, അന്നത്തെ  ബാല്യകാല സുഹൃത്തുക്കൾ ആരുമില്ല., ഇന്നത്തെ തലമുറക്ക്  ചൂണ്ടയുമില്ല, ബാല്യകാല സൗഹൃദങ്ങളും കുസൃതികളും ഇല്ല, എല്ലാം മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മൊബൈലിൽ തലകുനിച്ചിരുന്നു തോണ്ടുന്ന ഇന്നത്തെ കുട്ടിക്ക് എന്ത് കർക്കിടകം എന്ത് ഇടവപ്പാതി.
പകൽ വെളിച്ചം അൽപ്പം പോലുമില്ലാതെ കറുത്തിരുണ്ട ഇന്നത്തെ ഈ കർക്കിടക സായാഹ്നത്തിൽ ദൂരെ കുന്നുകൾക്ക് മീതെ മഴ ആർത്ത് പെയ്തു കൊണ്ടിരിക്കുന്നത് നോക്കി ഇരുന്നപ്പോൾ ഒരു ചൂണ്ട കിട്ടിയിരുന്നെങ്കിൽ  ഏതെങ്കിലും കുളത്തിലോ തോടിലോ ചാടി പതച്ച് നീന്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.

Wednesday, July 17, 2019

സിനാനും പാട്ടും

ഞങ്ങളുടെ സിനാൻ (എന്റെ ചിന്നൻ) അവന് എട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു. സംസാരിക്കാനും സ്വയം നടക്കാനും കഴിയാത്ത  ഈ കുഞ്ഞ്  കഴിഞ്ഞ ദിവസം  എന്നെ അതിശയപ്പെടുത്തിക്കൊണ്ട് “ പ്രിയമുള്ളവനേ..പ്രിയമുള്ളവനേ...“(എന്ന് സ്വന്തം മൊയ്തീൻ) എന്ന പാട്ടിനൊപ്പം  മൂളിക്കൊണ്ടിരുന്നു. ആദ്യമായാണ് അങ്ങിനെ ഒരു പ്രതികരണം അവനിൽ നിന്നും ഞാൻ കാണുന്നത്.
ഒരു കൊതുക് കടിച്ച് ചോര ഊറ്റിക്കൊണ്ടിരുന്നാൽ പോലും അത് പ്രതികരണത്തിലൂടെ പ്രകടിപ്പിക്കാൻ സാധിക്കാത്ത കുഞ്ഞ്  പാട്ട് കേട്ട്  അതിനോടൊപ്പം മൂളിക്കൊണ്ട്       ആ പാട്ടിനോട്  അഭിനിവേശം കാണിച്ചപ്പോൾ മനസ്സിൽ ആഹ്ളാദം ഉണ്ടായത് അത് കൊണ്ടാണ്.
  അവന് പ്രിയതരമായ ഗാനങ്ങൾ അവന്റെ മാതാപിതാക്കൾ ഒരു മൊബൈലിൽ ഉള്ളടക്കം  ചെയ്ത് വെച്ചിരിക്കുമായിരുന്നല്ലോ.
 പാട്ടുകൾ വളരെ ചെറുപ്പം മുതലേ അവന് പ്രാണനാണ്. പക്ഷേ എല്ലാ പാട്ടുകളുമില്ല.  അതിലും ഞങ്ങളെ അതിശയിപ്പിക്കുന്ന ഒരു വസ്തുത ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് റ്റിവിയിൽ റഫിയുടെ പഴയ പാട്ട് “ദുനിയാ കേ രഘ് വാലേ“ പാടിക്കൊണ്ടിരുന്നപ്പോൾ  കരഞ്ഞ് കൊണ്ടിരുന്ന അവൻ ശാന്തനായി.  തുടർന്ന് പലപ്പോഴും  അവൻ കരയുമ്പോൾ ഈ പാട്ട് കേൾപ്പിക്കും, അവൻ കരച്ചിൽ നിർത്തുകയും ചെയ്യും.വീണ്ടും  റഫിയുടെ തന്നെ പഴയ പാട്ടുകൾ  കേൾപ്പിക്കാൻ തുടങ്ങി, അതിനെല്ലാം അവന്റെ പ്രതികരണം ആശാവഹമായിരുന്നു. പിന്നീട് പല പാട്ടുകളും പരീക്ഷിച്ചതിൽ  മലയാള സിനിമയിലെ ശാസ്ത്രീയ ഗാനങ്ങൾ  അവനെ വല്ലാതെ സ്വാധീനിക്കുന്നതായി ഞങ്ങൾ തിരിച്ചറിഞ്ഞു. അങ്ങിനെ അവന് വേണ്ടിയുള്ള മൊബൈലിൽ  “നഗുമോ“, “സംഗീതമേ അമര സല്ലാപമേ“ , പ്രവാഹമേ, ഗംഗാ പ്രവാഹമേ“, ദേവസഭാതലം രാഗിലമാകുവാൻ “ ഭരതത്തിലെ ഗാനങ്ങൾ തുടങ്ങിയവ  സ്ഥാനം പിടിച്ചു.  ഇപ്പോൾ അവന്  ഈ ഇനത്തിലുള്ള ഗാനങ്ങൾ പ്രാണവായു പോലെയാണ്. അവൻ ആ ഗാനങ്ങൾ കേട്ട്  സമയം ചെലവഴിക്കുന്നു. എന്നാൽ ഈ വർഗത്തിൽ പെടാത്തതും മോഡേൺ അടിപൊളി പാട്ടുകളും അവന് ഇഷ്ടമില്ലാ എന്ന് മാത്രമല്ല,  അത് കേൾക്കുമ്പോൾ തലചൊറിയുകയും തല തിരിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.പക്ഷേ അവന് ഹിതകരമായ പാട്ട് കേൾക്കുമ്പോൾ തലയാട്ടുകയും കൈ കൊട്ടുകയും ചെയ്യുമായിരുന്നു. പാട്ടിനൊപ്പം കൂടെ പാടാൻ അവൻ കഠിനമായി ശ്രമിക്കുമ്പോഴും അവന് അത് സാധ്യമല്ലാതെ വരുമായിരുന്നല്ലോ. ആ അവസ്തയിലാണ്  പാട്ടിനോട് ഒപ്പത്തിനുള്ള അവന്റെ  ഈ “മൂളൽ പ്രതികരണം“ ആഹ്ളാദകരമാകുന്നത്.
പ്രസവ ശേഷം  മെഡിക്കൽ നെഗ്ളിജൻസ് മൂലം ഇങ്ക്വിബേറ്ററിൽ വെച്ച്  തലച്ചോറിലെ രക്തക്കുഴലുകൾക്ക് ഡാമേജ് ഉണ്ടായി തുടർന്ന് ഫിറ്റ്സ് ഉണ്ടാവുകയും ചെയ്ത അവൻ  അന്നു മുതൽ ചികിൽസയിലാണ്. സുപ്രസിദ്ധ ന്യൂറോളജിസ്റ്റ്  മാർത്താണ്ഡൻ പിള്ളയാണ് അന്നു മുതൽ അവനെ ചികിൽസിക്കുന്നത്. അവൻ ഓട്ടിസം, സെറിബൽ പൾസി തുടങ്ങിയ ഒരു രോഗവുമില്ല, തലച്ചോറിന് ഹാനി വന്നിടത്തുള്ള  ഭാഗം പ്രവർത്തനം ശരിയാകുന്നില്ല. അതാണ് അവൻ സംസാരിക്കാത്തത്.ഫിസിയോ തെറാപ്പിയും നടക്കുന്നു.
സിനാന് പാട്ട് കേൾക്കുക മാത്രമാണ് ഹോബി, മറ്റൊന്നും അവനറിയില്ല.
സംഗീത ചികിൽസയെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ചില രാഗങ്ങൾ മനുഷ്യ മനസ്സിനെ സ്വാധീനിക്കും എന്നും വായിച്ചിട്ടുണ്ട്. പക്ഷേ അതിനെ പറ്റി കൂടുതൽ അറിവ് എനിക്കില്ല.  ഈ കാര്യത്തിൽ അറിവുള്ളവരിൽ നിന്നും കൂടുതൽ വിവരം ലഭിക്കാനും  മറ്റുള്ളവരുടെ പ്രാർത്ഥനകൾക്കും വേണ്ടിയാണ് ഈ കുറിപ്പുകൾ.

Friday, July 12, 2019

മുസ്ലിം പാനി ഹിന്ദു പാനി

ആലപ്പുഴ കറുത്തകാളി  പാലത്തിന് വടക്ക് വശമുള്ള മലയാ ബെയിൽസ്  ആൻട് പ്രസ്സിംഗ് ഫാക്ടറിയിൽ  കോണ്ട്രാക്ടറുടെ സഹായി  ആയി ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന കാലം.
 വിദേശത്തേക്ക് കയറ്റി അയക്കാനുള്ള കയർ  ഹൈഡ്രോളിക്ക്  പ്രസ്സിലൂടെ  ഇരുമ്പ് പട്ട ഉപയോഗിച്ച്  വരിഞ്ഞ് കെട്ടി ബെയിൽ ആക്കി മാറ്റുന്ന ജോലിയാണ്  ആ ഫാക്ടറിയിൽ നടന്ന് വന്നത്.
ഉത്തരേന്ത്യക്കാരായ ജീവനക്കാരായിരുന്നു  ഹൈഡ്രോളിക്ക്  പ്രസ്സിന്റെ മോട്ടോറും മറ്റും കൈകാര്യം ചെയ്തിരുന്നത്. മറ്റ് ജോലികൾ നാട്ടുകാരായ തൊഴിലാളികളും.
മീനമാസത്തിലെ ഒരു മദ്ധ്യാഹ്നം. ദാഹിച്ച് വലഞ്ഞ ഞാൻ  പ്രസ്സിൽ മുകൾ നില ഭാഗത്ത് മൂലയിൽ തൊഴിലാളികൾക്ക് കുടിക്കാനായി സൂക്ഷിച്ചിരുന്ന മൺ കലത്തിലെ തണുത്ത വെള്ളം ഒരു ഗ്ളാസ്സ്   എടുക്കാനായി  കുനിഞ്ഞതും ലത്തീഫ് ഖാൻ  പാഞ്ഞ് വന്ന്  എന്റെ കയ്യിൽ പിടിച്ചു.
“ആപ് ക്യാ കർതേ ഹോ“!!! ഞാൻ എന്ത് ചെയ്യാൻ പോകുന്നെന്ന്  അയാൾ തിടുക്കപ്പെട്ട് ചോദിച്ചു.
ലത്തീഫ് ഖാൻ വൃദ്ധനായ ബീഹാറിയാണ്. 1948 ലെ വിഭജന കാലത്ത് കിഴക്കൻ പാക്കിസ്ഥാനിലേക്ക് പോകാതെ  നാട്ടിൽ തന്നെ  വാസമുറപ്പിച്ച  ധാരാളം മുസ്ലിംകളിൽ ഒരാൾ. ഇവിടെ പ്രസ്സിന്റെ  മെഷീൻ പ്രവർത്തനത്തിന് മേൽ നോട്ടം വഹിക്കാനായി  കൽക്കട്ടാ സ്വദേശിയായ മുതലാളി പ്രത്യേക താൽപ്പര്യമെടുത്ത്  വൃദ്ധനെ അവിടെ നില നിർത്തിയിരിക്കുകയാണ്. എല്ലാവരും  ചാച്ചാ  എന്നാണ് മൂപ്പിലാനെ വിളിച്ചിരുന്നത്. ലഹളക്കാലത്ത് അയാൾ  പല സംഘർഷത്തിലും പെട്ടിട്ടുണ്ടെന്നും  പലപ്പോഴും വധോദ്യമത്തിൽ നിന്നും രക്ഷ പെട്ടിട്ടുണ്ടെന്നും  സഹപ്രവർത്തകർ  പറഞ്ഞ് ഞാൻ അറിഞ്ഞിട്ടുണ്ട്.
വെള്ളം കുടിക്കാൻ പോയ എന്നെ മൂപ്പിലാൻ എന്തിനാണ് തടഞ്ഞതെന്ന് മനസ്സിലാകാതെ നിന്നപ്പോൾ   അയാൾ എന്നെ കൈക്ക് പിടിച്ച് വലിച്ച് മെഷീൻ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെയിരുന്ന മൺകലത്തിലെ വെള്ളം ചൂണ്ടിക്കാണിച്ചിട്ട് ഹിന്ദിയിൽ  പറഞ്ഞു. “ഇത് കുടിക്ക്, ഇത് നമ്മുടെ വെള്ളമാണ്, അത് അവരുടെ വെള്ളമാണ്“ ഞാൻ അത് കേട്ടപ്പോൾ ചിരിച്ച് പോയി. ആ ഫാക്ടറിയിലെ  വാസുവും ദിവാകരനും പൈലിയും  തങ്കച്ചനും  മറ്റും എന്നെ കുഞ്ഞനിയനെ പോലെ കരുതിയാണ് അവിടെ പെരുമാറുന്നത്. അവർ കൊണ്ട് വരുന്ന ആഹാരം എനിക്ക് തരും, എന്റേത് അവർക്കും കൊടുക്കും. യാതൊരു ജാതി വ്യത്യാസവുമില്ലാതെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞ് പോരുന്നത്.
ചാച്ചായോട് ഇതെല്ലാം പറഞ്ഞിട്ടും  ഈ നാട്ടിലെ  സൗഹാർദ്ദം  ഓരോന്നും എടുത്ത് ചൂണ്ടി  കാണിച്ചിട്ടും കിഴവന്  അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചാച്ചാ അപ്പോഴും പറഞ്ഞത് അവരെല്ലാം ഹറാമികളാണെന്നാണ്. അവരുടെ  വെള്ളം എന്നെ പോലുള്ളവർ കുടിക്കരുത്. അവർക്ക് അവരുടെ വെള്ളം നമുക്ക് നമ്മുടെ വെള്ളം. ബീഹാറിൽ ഇങ്ങിനെയാണോ പതിവ് എന്ന് ചോദിച്ചപ്പോൾ  യൂ.പി.യിലും  മദ്ധ്യപ്രദേശിലും  ഉത്തരേന്ത്യയിൽ എല്ലായിടത്തും ഇത് തന്നെ അവസ്ഥ എന്ന് ഞങ്ങളുടെ സംഭാഷണം കേട്ട് കൊണ്ടിരുന്ന കരീം ഭായി പറഞ്ഞു.
ഈ നാട്ടിലെ  ഓരോ മനുഷ്യരുമായി  സ്വന്തമെന്ന വണ്ണം ഇടപഴകിയിരുന്ന      17 വയസ്സുകാരനായ ഞാൻ  അത് കേട്ട് കണ്ണ് മിഴിച്ച് നിന്നു.
വിഭജനത്തിന്റെ മുറിവ്കൾ ഏറ്റ് വാങ്ങിയിരുന്ന  ഉത്തരേന്ത്യൻ ജനതക്ക് ഒരിക്കലും ആ മുറിവ് പരിപൂർണമായി മറക്കാൻ സാധിച്ചിരുന്നില്ല. മനസ്സിൽ പരസ്പരം ശത്രുക്കളായി അവർ ജീവിച്ച് വന്നു. ഇതിൽ നിന്നും വിഭജനത്തിന്റെ അലയൊലികൾ വലിയ രീതിയിൽ ബാധിക്കാത്ത നമ്മുടെ നാട്  സ്വർഗം തന്നെയാണല്ലോ എന്ന് ഞാൻ  വിചാരിക്കുകയും ചെയ്തു.
കാലം കടന്ന് പോയപ്പോൾ  മലയാ ബെയിൽസ് അടച്ച് പൂട്ടിയെന്നും ഉത്തരേന്ത്യക്കാർ അവരുടെ നാട്ടിലേക്ക് തിരികെ പോയി എന്നും ഞാനറിഞ്ഞു. ഇന്ന് കറുത്തകാളി പാലത്തിന്റെ വടക്ക് വശം ആ പ്രസ്സ് നിന്ന സ്ഥലം കാട് പിടിച്ച്  കിടക്കുന്നുണ്ട്.
അടുത്ത കാലത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ പത്രങ്ങളിൽ വായിക്കുമ്പോൾ അൽപ്പം പോലും അതിശയം എനിക്കതിൽ തോന്നിയില്ല. വിഭജനകാലത്ത് സർവതും നഷ്ടപ്പെട്ട് പാക്കിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ഇവിടെയെത്തിയ ജനത തങ്ങൾ അനുഭവിച്ച ദുരിതത്തിനെ തുടർന്നുണ്ടായ  കലാപ വെറി തലമുറകളിലേക്ക് പകർന്ന് വെച്ചു.
പലപ്പോഴും അപവാദങ്ങൾ ഉണ്ടായെങ്കിലും  ആ തീ ആളിക്കത്താതെ അന്നത്തെ ഭരണകൂടം  അണച്ച് കൊണ്ടിരുന്നു.
 മനസ്സിൽ പകയുമായി നടക്കുന്നവർക്ക് ഇപ്പോൾ അനുകൂലമായ ഭരണം വന്നപ്പോൾ ആ അഗ്നി യാതൊരു തടസ്സവുമില്ലാതെ ആളിക്കത്തുന്നു എന്ന് മാത്രം. അതിന്റെ പ്രതിഫലനമാണ് നാമിപ്പോൾ കാണുന്നത്.

Tuesday, July 9, 2019

ഇന്ദ്രൻസിന്റെ അഭിമുഖം

സിനിമാ നടൻ ഇന്ദ്രൻസുമായുള്ള ഒരു അഭിമുഖം  കഴിഞ്ഞ ദിവസം കാണാനിടയായി. അദ്ദേഹത്തിന്റെ സംസാരത്തിലും   ശരീര ഭാഷയിലും കണ്ട വിനയവും എളിമയും  വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ   ആദ്യമായി കണ്ട ഓർമ്മയിലേക്ക് എന്നെ നയിച്ചു.
 ആ സംഭവത്തിലേക്ക് എത്തിചേരുന്നതിന് മുമ്പ്  സിനിമാ ലോകത്തെ ധാർഷ്ഠ്യതയെ കുറിച്ച്  അൽപ്പം പറയാതെ വയ്യ. ഈ ലോകം മുഴുവൻ സിനിമാ  ലോകത്തെ  അനുസരിക്കണമെന്നും  അവരെ കഴിഞ്ഞിട്ടേ ഈ ലോകത്ത് മറ്റെല്ലാമുള്ളൂ എന്നാണ് ചില സിനിമാ ജീവികളുടെ ഭാവവും പെരുമാറ്റവും.
സിനിമയിൽ അഭിനയിച്ചു എന്ന ഒരൊറ്റ കാരണത്താൽ  വീട് നശിപ്പിക്കപ്പെടുകയും  രാത്രിയുടെ ഇരുളിൽ  ജീവരക്ഷാർത്ഥം പരക്കം പാഞ്ഞ് ഒരു ലോറി ഡ്രൈവറുടെ കാരുണ്യത്താൽ  നാഗർകോവിലിലേക്ക് രക്ഷപെടുകയും ശിഷ്ട ജീവിതം  അവിടെ തന്നെ കഴിച്ച് കൂട്ടി  ആദ്യ മലയാള സിനിമാ നടിയെന്ന നിലയിൽ പിൽക്കാലത്ത്താൻ ആ‍ദരിക്കപ്പെട്ടു എന്ന സത്യം അറിയാതെ  കാലയവനികക്കപ്പുറം മറഞ്ഞ റോസിയുടെ  ചരിത്രം മുമ്പ് ഞാൻ ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചു എന്നത് മാത്രമായിരുന്നു റോസിയുടെ കുറ്റം.
ആ കാലവും ആ സമൂഹവും കടന്ന് പോയി ഇന്നത്തെ കാലത്ത് ജനങ്ങളാൽ ഏറ്റവും ആദരിക്കപ്പെടുന്നത് തങ്ങളാണെന്ന തിരിച്ചറിവ് റോസിയുടെ പിൻ ഗാമികളായ ഇന്നത്തെ സിനിമാ താരങ്ങളിൽ ഭൂരിഭാഗം പേരെയും ധാർഷ്ഠ്യത്തിന്റെ ആൾരൂപമാക്കി മാറ്റിയിരിക്കുന്നു.
താൻ കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിൽക്കണമെന്ന്  നിർബന്ധമുള്ള ഒരു മെഗാ സ്റ്റാർ ഇപ്പോഴും  ഫീൽഡിലുണ്ട്. ആരോടും അഹങ്കാരത്തോടെ പെരുമാറുക എന്ന ധാർഷ്ഠ്യതയാണ് അയാളുടെ മുഖമുദ്ര.
മുമ്പും ഈ മാതിരി  പെരുമാറ്റം  സിനിമാ ലോകത്ത് പലർക്കുമുണ്ടായിരുന്നു. പുന്നപ്ര-വയലാർ കാലഘട്ടത്തിന് മുമ്പ് നടന്ന  സമരങ്ങളിൽ  പിടിക്കപ്പെട്ട് പോലീസ് സ്റ്റേഷനിൽ വരുന്ന പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി  തല്ലി ചതക്കുന്ന ഒരു ഇൻസ്പക്ടർ  പിൽക്കാലത്ത് സിനിമാ നടനായി  മലയാള വെള്ളീത്തിരയിൽ വന്നു. അന്നു അയാളുടെ  ധാർഷ്ഠ്യത കുപ്രസിദ്ധമായിരുന്നു. പാലാട്ട് കോമൻ എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ  ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് കാണാൻ ചെന്ന വിദ്യാർത്ഥികളായ ഈയുള്ളവൻ ഉൾപ്പടെയുള്ള കുട്ടികളെ പച്ചത്തെറി വിളിച്ച് ഓടിച്ച  ഓർമ്മ ഇന്നും മനസിലുണ്ട്.
കൗമാരത്തിന്റെ  എടുത്ത് ചാട്ടത്തിൽ സിനിമയിൽ അഭിനയിക്കാൻ  പോയ എനിക്ക് കിട്ടിയ  ക്യാമറാ കെട്ടിവലി ജോലിയും “ബോയ് “ ഡ്യൂട്ടിയും  അന്നത്തെ ഏറ്റവും വലിയ ധാർഷ്ഠ്യക്കാരനായ  സിനിമാ നടനായ വില്ലന്റെ വില്ലത്തരം നേരിൽ അനുഭവിക്കാൻ യോഗമുണ്ടാക്കി.
അന്നും വിനയത്തിന്റെ ആൾരൂപമായ അപൂർവം ചില നടന്മാർ  രംഗത്തുണ്ടായിരുന്നു. ബഹദൂർ, പി.ജെ.ആന്റണി, തുടങ്ങിയ മഹാരഥന്മാർ. പ്രേം നസീർ സാർ, മാന്യതയുടെയും സ്നേഹത്തിന്റെയും  തനിപ്പകർപ്പായിരുന്നു.
ഇന്ദ്രൻസിലേക്ക് തിരിച്ച് വരാം. കൊല്ലം റെയിൽ വേ കോടതിയിൽ  ജോലി നോക്കി വരവേ  ക്യാമ്പ് സിറ്റിംഗിനായി പാറശ്ശാല മുതൽ എറുണാകുളം വരെ  ട്രൈനിൽ സഞ്ചരിക്കേണ്ടി വന്നപ്പോൾ  പലപ്പോഴും ഉയർന്ന ക്ളാസുകളിൽ  സഞ്ചരിക്കുന്ന മെഗാ സ്റ്റാർ അല്ലാത്ത  നടീ നടന്മാരെ കാണാനിടവന്നിട്ടുണ്ട്. കൂടുതലും എറുണാകുളത്തേക്കുള്ള ജനശതാബ്ധിയിലെ ഏ.സി. കോച്ചുകളിലായിരുന്നു അവരുടെ യാത്ര. സീറ്റിൽ ഉറങ്ങുന്ന അവസ്തയിലായിരിക്കും ഭൂരിഭാഗം പേരും. അവർ ഉറക്കത്തിലല്ല, കണ്ണടച്ച് ഉറക്കം നടിച്ചിരിക്കുകയാണെന്ന് പലപ്പോഴും അടുത്തിരുന്ന് യാത്ര ചെയ്യുന്ന എനിക്ക് മനസിലായിട്ടുണ്ട്. ആരും ചെന്ന് പരിചയപ്പെ ടാതിരിക്കാനും സംസാരിക്കാതിരിക്കാനുമുള്ള .ഒരു അടവ് അത്രയേ ഉള്ളു. മണിയൻ പിള്ള രാജു, കൊച്ച് പ്രേമൻ, ഇന്ദ്രൻസ്  തുടങ്ങിയവരാണ് പലപ്പോഴും എറുണാകുളം യാത്രയിൽ കാണപ്പെട്ടത്, കൂട്ടത്തിൽ അപ്രധാന നടികളിൽ ചിലരും.
മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു ഇന്ദ്രൻസ്. ആര് ചെന്ന് പരിചയപ്പെടാൻ മുതിർന്നാലും അദ്ദേഹം തുറന്ന മനസ്സോടെ പെരുമാറും. ഉറക്കം നടിക്കൽ സ്വഭാവം തീരെയില്ല.
ഒരു ദിവസം  എറുണാകുളം സ്റ്റേഷൻ അടുക്കാറാകവേ  മുഖം കഴുകാൻ എഴുന്നേറ്റ് ചെന്ന ഞാൻ വാതിലിൽ മാർഗ തടസ്സമായി പുറം തിരിഞ്ഞ് നിൽക്കുന്ന ഇന്ദ്രൻസിനെ കണ്ടു. അന്ന് മെഗാസ്റ്റാർ, തന്നെക്കാളും തിരക്കുള്ള നടൻ ഇന്ദ്രൻസാണെന്ന്  തമാശ രൂപേണ പറഞ്ഞ കാലമാണ്. അതായത് അന്ന് ഇന്ദ്രൻസ് അത്രയും  ഉയർന്ന നിലയിലാണ്. അത് കൊണ്ട് തന്നെ മാറി നിൽക്ക് എന്ന് പറയാൻ ഒരു മടി എന്റെ ഉള്ളിൽ ഉണ്ടായി. രണ്ട് മിനിട്ട് അങ്ങിനെ  കടന്ന് പോയപ്പോൾ ഞാൻ മുരടനക്കി. പെട്ടെന്ന് അദ്ദേഹം തിരിഞ്ഞ് നോക്കി, താൻ വാതിൽ തടഞ്ഞ് നിൽക്കുകയാണെന്ന് തിരിച്ചറിഞ്ഞ ആ മനുഷ്യന്റെ മുഖത്തെ കുറ്റബോധവും പ്രയാസവും  വിവരിക്കാനാവില്ല.  ആ കൊച്ച് കണ്ണുകളിൽ  നിറഞ്ഞ വിനയത്തോടെ ശരീരം വളച്ച് “ക്ഷമിക്കണം ഞാൻ കണ്ടില്ല“ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സിനിമാ ഫീൽഡിലെ എല്ലാ  ഭാവങ്ങളും നന്നായറിയാവുന്ന എനിക്ക്  മറ്റൊരു നടൻ ആയിരുന്നെങ്കിൽ അപ്പോൾ എങ്ങിനെ പെരുമാറുമെന്നും ഗൗരവത്തോടെ “വേണമെങ്കിൽ കടന്ന് പോടാ“ എന്ന മട്ടിൽ നടിച്ച് കാണിക്കുമെന്നും തീർച്ചയുണ്ട്. പക്ഷേ വിനയത്തിന്റെ ആൾരൂപമാണ് ഞാൻ അവിടെ കണ്ടത്.
പിന്നീട് പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കാണുമ്പോൾ അദ്ദേഹം ചിരിക്കും ഞാനും ചിരിക്കും.
ഉയർന്ന നിലയിലെത്തിയിട്ടും  എല്ലാവരോടും ചിരിച്ച് തന്നെ ഇപ്പോഴും ആ മനുഷ്യൻ പെരുമാറുന്നു.
സൗന്ദര്യവും ധാർഷ്ഠ്യതയുമല്ല ഒരു മനുഷ്യന് വില നൽകുന്നത്. വിനയവും പെരുമാറ്റ മര്യാദയുമാണ് ഒരാളുടെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നത്.

Wednesday, July 3, 2019

ഉസ്താദും ഫോട്ടോ പിടിക്കലും.

ഉസ്താദ് ക്രുദ്ധനായി  ചാടി എഴുന്നേറ്റു.
“നിന്നോട് പറഞ്ഞില്ലേ, പോട്ടം പിടിക്കരുതെന്ന്...“
സദസ്സിന്റെ ശ്രദ്ധ  സ്റ്റേജിലേക്ക് മാത്രമായി.
വർഷങ്ങൾക്ക് മുമ്പ് നടന്ന  ഒരു കല്യാണ  സദസ്സിൽ നിക്കാഹ് രംഗത്തെ ഫോട്ടോ എടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ നടന്ന സംഭവമാണ് മുകളിൽ കുറിച്ചത്.
വരന്റെ കൂടെ വന്ന പള്ളി ഭാരവാഹി എന്നോട് പറഞ്ഞു,  ഞങ്ങൾ കൊടുത്ത് വിട്ട  വിവാഹ അനുവാദ കത്തിൽ അടി ഭാഗത്ത് എഴുതിയിരുന്നല്ലോ ഫോട്ടോയും വീഡിയോയും  സ്റ്റേജിൽ ഉപയോഗിക്കരുതെന്ന്....ഉസ്താദിന്  അത് ഇഷ്ടമല്ലാ....“
“മനുഷ്യൻ ചന്ദ്രനിൽ പോയി കൗപീനം അഴിച്ചിട്ട് നിരങ്ങി തിരിച്ച് വന്ന കാലമാണിത്, ഈ കാലത്തും ഇങ്ങിനത്തെ ചരക്ക് നിങ്ങളുടെ പള്ളിയുടെ കീഴിലുണ്ടോ സ്നേഹിതാ...‘ ഞാൻ പതുക്കെ പള്ളി ഭാരവാഹിയുടെ കാതിൽ മന്ത്രിച്ചു. എന്നിട്ട് ഉച്ചത്തിൽ “  നിർബന്ധ കർമ്മമായ ഹജ്ജ് ചെയ്യലിന്  മക്കത്ത് പോകാൻ  പാസ്പോർട്ട് എടുക്കാൻ  ഈ ഉസ്താദ്  ഫോട്ടോ  എടുക്കില്ലേ?...“ എന്ന് ചോദിച്ചു.
“അത്യാവശ്യ അവസ്തയിൽ പന്നി ഇറച്ചി തിന്നാൽ കുഴപ്പമില്ലാ എന്ന്  നിയമം ഉണ്ട്“ ഉടൻ വന്നു ഉസ്താദിന്റെ മറുപടി.
ഏതായാലും നിക്കാഹ് കഴിയുന്നത് വരെ  ക്യാമറാ പ്രവർത്തിപ്പിക്കാൻ ആ മനുഷ്യൻ സമ്മതിച്ചില്ലാ എന്നത് ബാക്കി ചരിത്രം.
ഇപ്പോൾ ഇത് ഇവിടെ എഴുതാൻ  കാരണം, ഫെയ്സ് ബുക്ക് തുറന്നാൽ  തലയിൽക്കെട്ടും താടിയുമുള്ള ഉസ്താദുമാരുടെ  വീഡിയോ ക്ളിപ്പുകളെ മുട്ടിയിട്ട്  നടക്കാൻ സാധിക്കാത്ത അവസ്തയാണിപ്പോൾ. ഫോട്ടോ എടുക്കുന്നതിനും ക്യാമറാ അഭിമുഖീകരിച്ച് വീഡിയോ എടുക്കുന്നതിനും ഒരു ഉസ്താദിനും യാതൊരു തടസ്സവുമില്ല, പരാതിയുമില്ല.

കാലം  കടന്ന്  പോയപ്പോൾ  ഓരോ കാഴ്ചപ്പാടിനും വന്ന മാറ്റങ്ങൾ  കണ്ട് മൂക്കത്ത് വിരൽ വെച്ച് പോകുന്നു.

Thursday, June 27, 2019

കമ്പി അടി....

 കൊല്ലം റെയിൽ വേ കോടതിയിലെ ആലപ്പുഴയിലെ  അന്നത്തെ ക്യാമ്പ് സിറ്റിംഗ് കഴിഞ്ഞ്  തിരികെ പോകാനുള്ള തിരക്കിൽ ഇനി വരുന്ന ട്രൈനിൽ കയറുവാനായി  പ്ളാറ്റ് ഫോമിലേക്ക് നടക്കുകയായിരുന്നു ഞാൻ. സഹപ്രവർത്തകർ  മുമ്പേ നടക്കുന്നുണ്ട്.
പ്ലാറ്റ് ഫോമിൽ  തണുത്ത വെള്ളം സൂക്ഷിക്കുന്ന  ഇടത്തിനടുത്ത് നിൽക്കുന്ന
  പ്രായമുള്ള സ്ത്രീ  എന്നെ കണ്ട് ഭവ്യതയോടെ ചിരിച്ച് ഒഴിഞ്ഞ് നിന്നു,
അനധികൃതമായി  പ്ലാറ്റ് ഫോമിൽ  പലഹാര കച്ചവടം ചെയ്തിരുന്ന അവരെ റെയിൽ വേ പോലീസ് പിടിച്ച് കൊണ്ട് വന്നതും കുറ്റം സമ്മതിച്ച അവർക്ക് പിഴ ശിക്ഷ കൊടുത്തതും ഞാൻ അപ്പോൾ ഓർമ്മിച്ചതിനാൽ അവരെ ശ്രദ്ധിക്കാതെ    മുമ്പോട്ട് പോയി.
ഞാൻ കടന്ന് മുമ്പോട്ട്  പോയപ്പോൾ അവർ പതുക്കെ വിളിച്ചു. “കൊച്ച് സായിപ്പേ.......“ വർഷങ്ങൾക്കപ്പുറത്തെ ഏതോ കാലത്ത് നിന്നുമുള്ള ആ വിളി എന്നെ  ഞെട്ടിച്ചു.
 ഇത് ആലപ്പുഴയാണ് ഞാൻ ജനിച്ച് വളർന്ന  നാട്. കഴിഞ്ഞ ഏതോ ഒരു ക്യാമ്പ് സിറ്റിംഗിൽ  എന്റെ ബാല്യകാല സുഹൃത്തിനെ ഞാൻ  തിരിച്ചറിയാതെ  കർശനമായി പെരുമാറിയതും അവൻ പ്രതികരിക്കാതെ ചിരിച്ച് കൊണ്ട് നിന്നതും അവൻ  പോയി കഴിഞ്ഞതിന് ശേഷം രസീത് ഒപ്പിടുമ്പോൾ  മേൽ വിലാസം  വായിച്ച് അവനെ ഞാൻ തിരിച്ചറിഞ്ഞ് അതിയായ വേദനയോടെ  അവനെ തിരക്കി ഓടിയതും  പക്ഷേ ആളെ കണ്ടെത്താനാവാത്തതും എന്റെ മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്നതിനാൽ അതേ പോലെ അബദ്ധം ഇനി സംഭവിക്കരുതെന്ന വിചാരത്താൽ കൊച്ച് സായിപ്പേ എന്ന  ഈ വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞ് നിന്നു.
“ഈ ജോലിയിൽ കമ്പി അടിക്കുമെന്ന് പേടിക്കേണ്ടല്ലോ....“ നിറഞ്ഞ ചിരിയോടെ അവർ പിന്നെയും പറഞ്ഞു. പെട്ടെന്ന് അങ്ങ് വിദൂരതയിലെവിടെയോ നിന്ന്  ഓർമ്മകൾ എന്റെ ഉള്ളിലേക്ക്  പാഞ്ഞെത്തി.ഞാൻ അവരെ തിരിച്ചറിഞ്ഞു.
“തങ്കമണി ചേച്ചി...“  ഞാൻ അറിയാതെ  വിളിച്ച് പോയി.
“അപ്പോൾ എന്നെ മറന്നില്ല  അല്ലേ...?  അവരെ ഞാൻ തിരിച്ചറിഞ്ഞ സന്തോഷത്തിലാവാം അവരുടെ കണ്ണുകൾ നിറഞ്ഞത്.
മുമ്പേ പോയ സഹപ്രവർത്തകർ തിരിഞ്ഞ് നിന്നപ്പോൾ അവർ പൊയ്ക്കൊള്ളാൻ ഞാൻ ആംഗ്യം കാണിച്ചിട്ട്  ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. “എനിക്ക് ആളെ മനസിലായില്ല ചേച്ചീ....“ എന്റെ സ്വരത്തിലെ കുറ്റബോധത്തിന്റെ നിഴൽ തിരിച്ചറിഞ്ഞതിനാൽ  അവർ എന്നെ സമാശ്വസിപ്പിച്ചു...
“ ഓ! അത് സാരമില്ല....ഉയർന്ന നിലയിലെത്തിയത് കാണാൻ എനിക്ക് ഭാഗ്യമുണ്ടായി...എന്തായാലും കഷ്ടപ്പെട്ട് പഠിച്ചതിന് ഫലമുണ്ടായല്ലോ...“ ആ വാക്കുകളിലെ സന്തോഷം ഞാൻ തിരിച്ചറിഞ്ഞു.
 എന്നെ വീണ്ടും വീണ്ടും നോക്കി നിന്നിട്ടും അവർക്ക് മതിയായില്ലെന്ന് തോന്നി. എന്റെ ഉള്ളിലും സന്തോഷം അലതല്ലുകയായിരുന്നു.

നീണ്ട വർഷങ്ങൾക്കപ്പുറത്ത്  ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപമുള്ള ആശാന്റെ കയർ മാടൽ ഫാക്ടറി  എന്റെ ഉള്ളിലേക്ക് പാഞ്ഞ് വന്നു.
അന്ന് മുഹമ്മദൻ  സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഉച്ചക്ക് മുമ്പോ ഉച്ചക്ക് ശേഷമോ ഏതെങ്കിലും  ഒരു നേരമായിരുന്നു ക്ളാസ്സുകൾ. ഒഴിവ് ലഭിച്ചിരുന്ന  സമയത്ത് ആശാന്റെ കയറ് ഫാക്ടറിയിൽ 15 വയസ്സ്കാരനായിരുന്ന ഞാൻ കയർ മാടാൻ പോയിരുന്നു. ആ കാലങ്ങൾ കേരളത്തിലെ പട്ടിണി കാലമാണ്. എന്ത് ജോലി ചെയ്തും വിശപ്പ് മാറ്റുക,കൂട്ടത്തിൽ പഠനം തുടരുക, ഇതായിരുന്നു അന്ന് ആലപ്പുഴയിലെ രീതി.
ഉച്ച കഴിഞ്ഞുള്ള  എസ്.എസ്.എൽ.സി.സി പരീക്ഷ  ദിവസങ്ങളിലും  ഉച്ചക്ക് മുമ്പ് ഞാൻ കയർ മാടാൻ പോയിട്ടുണ്ട്.
കയറ് മാടുമ്പോൾ സംഭവിക്കുന്ന ഒരു പണിക്കുറ്റമാണ് കമ്പി അടിക്കൽ. റാട്ട് കറക്കി കയറ് ചുറ്റി വരുമ്പോൾ  നിശ്ചിത  ഇടങ്ങളിൽ ചുറ്റാതെ തെറ്റി ചുറ്റുന്നതാണ്  കമ്പി അടി. ഇത് കണ്ടാൽ  കമ്പനി മൂപ്പനായ ആശാൻ പുളിച്ച തെറി വിളിക്കും. ആരും പ്രതികരിക്കില്ല, പ്രതികരിച്ചാൽ താൽക്കാലിക ജോലിക്കാരനായ തൊഴിലാളി കമ്പനിക്ക് പുറത്ത് ആകുമെന്ന് തീർച്ച. അതിനാൽ  ആശാൻ അടുത്തേക്ക് വരുമ്പോൾ  എന്റെ കൈ വിറക്കാൻ തുടങ്ങും അബദ്ധം സംഭവിക്കുകയും  തുടർന്ന് ആശാൻ തെറി വിളിക്കുകയും ചെയ്യും. ഒരു ദിവസം  അസഹനീയമായ രീതിയിൽ മൂപ്പൻ തെറി അഭിഷേകം നടത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. അടുത്ത് കയർ മാടിക്കൊണ്ടിരുന്ന  തങ്കമണി ചേച്ചി  ആശാന്റെ നേരെ  ചാടി വീണു.
“ എടോ മുതു കിളവാ!, മെട്രിക്കുലേഷന് പഠിക്കുന്ന ഒരു കുഞ്ഞാണത്,  നിവർത്തികേട് കൊണ്ട് തന്റെ കോപ്പിൽ വന്ന് ജോലി ചെയ്യാൻ വന്നെന്നും പറഞ്ഞ് താൻ  അങ്ങ് നാറ്റുന്നോ... നിർത്തെടോ തന്റെ   ചീത്ത വിളി.....
എന്നെ ഫാക്ടറിയിൽ കയറ് മാടാൻ പഠിപ്പിച്ചത് തങ്കമണി ചേച്ചിയാണ്. ചേച്ചി കുഞ്ഞായിരുന്നപ്പോൾ അഛൻ  പുന്നപ്രയിൽ വെടി കൊണ്ട് മരിച്ചു  വളരെ കഷ്ടപ്പെട്ടാണ് അവ്ർ കഴിഞ്ഞ് വന്നത്. എങ്കിലും ഞാൻ പഠിക്കുന്ന ആളാണെന്നറിഞ്ഞപ്പോൾ  അവർ  ചോറ്റ് പാത്രത്തിൽ  എനിക്ക് കൂടി ചോറ്  കൊണ്ട് വരും. എന്നെ കൊണ്ട് നിർബന്ധിച്ച് തീറ്റിക്കും. എന്നെ കൊച്ച് സായിപ്പേ! എന്നാണ് വിളിച്ചിരുന്നത്. അത് കേട്ട് കമ്പനിയിലെ ഞങ്ങളുടെ സെക്ഷനിലെ മറ്റ് തൊഴിലാളികളും ആ പേര് ചൊല്ലി എന്നെ വിളിച്ചു. പഠിക്കുവാൻ  താല്പര്യമുണ്ടായിരുന്ന എന്നെ അവർക്കെല്ലാം ഇഷ്ടമായിരുന്നു.
തങ്കമണി ചേച്ചിയുടെ  പ്രതിഷേധം  ആശാനെ ഞെട്ടിച്ചു.  ഞാൻ എസ്.എസ്.എൽ.സി.ക്ക് പഠിക്കുന്നവനാണെന്നു അറിഞ്ഞപ്പോൾ  ആശാൻ പിൻ വാങ്ങി. കുറേ കഴിഞ്ഞ് എന്നെ ആഫീസിലേക്ക് വിളിപ്പിച്ചു അയാൾ കാര്യങ്ങൾ തിരക്കി. എന്റെ വാപ്പയുടെയും  ആശാന്റെ തലമുറക്ക് സുപരിചിതനായ എന്റെ ഉപ്പുപ്പായുടെയും പേര് കേട്ട്  ആശാൻ  ആശ്ചര്യപ്പെട്ടു.. ( ഒരു കാലത്ത് എന്റെ ഉപ്പുപ്പായുടെ കീഴിൽ അയാൾ ജോലി ചെയ്തിരുന്നു  എന്ന് ഞാൻ പിന്നീട് അറിഞ്ഞു.)
തിരിച്ച് ചെന്നപ്പോൾ തങ്കമണി ചേച്ചി തിരക്കി “ അയാൾ പിന്നെ തെറി പറഞ്ഞോ കൊച്ച് സായിപ്പേ!?“  ഞാൻ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവർ പറഞ്ഞു “ഇനി അയാൾ ചീത്ത വിളിക്കില്ല.“
  അവിടെ ജോലി നിർത്തി പോകുന്നത് വരെ പലപ്പോഴും കമ്പി അടിച്ചിട്ടും  ആശാൻ എന്നെ പിന്നീട്  ചീത്ത വിളിച്ചിട്ടില്ല.
എസ്.എസ്.എൽ.സി. പരീക്ഷ ഫലം  വന്ന് കഴിഞ്ഞ് എന്നോ എപ്പോഴോ ഞാൻ ആ കമ്പനിയെയും തങ്കമണി ചേച്ചിയെയും വിട്ട്  പിരിഞ്ഞു. പിന്നീട് ജീവിതത്തിലെ പല വേഷങ്ങളിൽ പല സ്ഥലങ്ങളിലായി നിറഞ്ഞാടാനായിരുന്നു എനിക്ക് യോഗം. ആ തിരക്കിനിടയിൽ ആശാന്റെ കയറാഫീസും തങ്കമണി ചേച്ചിയും അപ്രധാനമാകുകയും അവരെല്ലാം  ഓർമ്മയിൽ നിന്നും മറഞ്ഞ് പോവുകയും ചെയ്തു.
പിൽ കാലത്ത് ചേച്ചിയെ തിരക്കിയെങ്കിലും ആളെ എനിക്ക് കാണാൻ സാധിച്ചില്ല. ഇതാ ! ഇപ്പോൾ ചേച്ചി  എന്റെ മുമ്പിൽ നിൽക്കുന്നു, അവരെ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല, പക്ഷേ അവർ എന്നെ തിരിച്ചറിഞ്ഞു.
  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി   ഇപ്പോഴും അവർ ജോലി ചെയ്തു ജീവിക്കുന്നു.
ട്രൈൻ വരുന്നത് വരെ ഞങ്ങൾ സംസാരിച്ച് നിന്നു.പിന്നെയും പിന്നെയും സംസാരിക്കാനുള്ള കൊതിയോടെ.
കൊല്ലത്തേക്ക് പോകുന്ന വണ്ടിയുടെ വാതിലിൽ  നിന്ന് അവരെ നേരെ കൈ വീശി കാണിക്കുമ്പോൾ  എന്റെ മനസ്സ് ഇനിയും അവരെ കാണാൻ സാധിക്കണേ! എന്ന പ്രാർത്ഥനയിലായിരുന്നു.
ഇപ്പോൾ  ആ കയർ ഫാക്ടറി ഇല്ല. ആശാനും ഇല്ല. പലപ്പോഴും ആലപ്പുഴ വന്നെങ്കിലും പിന്നീട് തങ്കമണി ചേച്ചി എന്റെ മുമ്പിൽ വന്നിട്ടില്ല. കുറച്ച് കാലത്തിന് ശേഷം  ഒരു റെയിൽ വേ പോലീസുകാരനിൽ നിന്നും  നാട്ടിൽ പടർന്ന് പിടിച്ച വൈറൽ ഫീവർ ബാധിച്ച് അവർ ഈ ലോകത്ത് നിന്നും കടന്ന് പോയി എന്ന ദുഖ വാർത്ത ഞാനറിഞ്ഞു.
മിഥുന മാസത്തിലെ  ഈ  സായാഹ്നത്തിൽ മാനത്ത് നിറഞ്ഞ് നിന്ന ഇരുണ്ട കാർ മേഘങ്ങളെ നോക്കി ഈ വരാന്തയിൽ മൂകനായി ഇരുന്നപ്പോൾ എന്ത് കൊണ്ടോ ഈ ഓർമ്മകൾ എന്റെ മനസിലേക്ക് കടന്ന് വരുന്നല്ലോ!.

Friday, June 21, 2019

മകൻ ചെയ്ത തെറ്റിന്........

  സി.പി.എം. സംസ്ഥാന സെക്രടറി  കോടിയേരി ബാലക്രിഷ്ണനെ  മകൻ ചെയ്ത  തെറ്റിന്  എങ്ങിനെ കുറ്റപ്പെടുത്താനൊക്കും. മകൻ ഒരു സ്ത്രീയെ പീഡിപ്പിച്ച് കേസിൽ പ്രതിയാകാൻ ഒരു പിതാവും പറഞ്ഞയക്കില്ല. അങ്ങിനെ   മകൻ  ഒരു തെറ്റ് ചെയ്യാൻ ഒരു പിതാവും ആഗ്രഹിക്കുകയുമില്ല.  മകൻ ചെയ്യുന്ന തെറ്റിന് പിതാവിനെ കുറ്റപ്പെടുത്തുന്നത് ധാർമ്മികമായി  ശരിയുമല്ല.
വാർത്തക്ക് വേണ്ടി ആർത്തി പൂണ്ട് പാഞ്ഞ് നടക്കുന്ന  മാധ്യമങ്ങൾ  ഈ വക കാര്യങ്ങൾ വെണ്ടക്കായോ മത്തങ്ങായോ തലക്കെട്ടിൽ  ചിത്രങ്ങൾ സഹിതം പ്രാധ്യാനം കൊടുത്ത് പ്രസിദ്ധീകരിക്കുമ്പോൾ  ബൂജികളെ നിരത്തി ചാനലുകളിൽ  അന്തി ചർച്ച കൊഴുപ്പിക്കുമ്പോൾ  കുടുംബത്തിലെ ഒരു അംഗം കുറ്റം ചെയ്തതിന് മനപ്രയാസം അനുഭവിക്കുന്ന പിതാവിന്റെയോ ഭാര്യയുടെയോ  മകന്റെയോ സഹോദരങ്ങളുടെയോ മനപ്രയാസം  ഒരിക്കലും തിരിച്ചറിയാൻ  പൊകുന്നില്ല.
പിടി കിട്ടാപ്പുള്ളീ സുകുമാരക്കുറുപ്പ്  കുറ്റം ചെയ്തപ്പോൾ ഫലം അനുഭവിച്ചത് സ്കൂളിൽ പഠിച്ചിരുന്ന അയാളുടെ കുട്ടികളായിരുന്നു. പട്ടിയെ എറിയുന്ന പോലെ ആ കുട്ടികളെ  സ്കൂളിൽ നിന്നും ഓടിച്ച് വിട്ടു. അവർ അവരുടെ അച്ഛനോട് പറഞ്ഞിരുന്നോ  അച്ഛൻ പോയി കുറ്റം ചെയ്തേച്ച് വാ എന്ന്.
 കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ, കുറ്റം ചെയ്യാത്തവൻ ശിക്ഷിക്കപ്പെടുന്നതെന്തിന്? 

Monday, June 17, 2019

ഡോക്ടറന്മാരുടെ സമരം.

ബംഗാളിൽ  ഡോക്ടറന്മാരുടെ  നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്  അവിടെ നടക്കുന്ന സമരത്തിന് പിൻ തുണ പ്രഖ്യാപിച്ച്  അഖിലേന്ത്യ തലത്തിൽ ഭിഷഗ്വരന്മാർ  പണി മുടക്കി സമരം ചെയ്യുകയാണ്.അവർക്ക് നേരെ ഉണ്ടാകുന്ന  ആക്രമണങ്ങൾക്കെതിരെ  സംരക്ഷണ നിയമം  നിർമ്മിക്കണമെന്നാണ് ഒരു ഡിമാന്റ്. തീർച്ചയായും അവരുടെ ഈ ആവശ്യം നീതിയുക്തം തന്നെ. അപ്രകാരം ഒരു നിയമം  ഇവിടെ കേരളത്തിൽ  ഇപ്പോൾ നിലവിലുണ്ട് താനും. ഡോക്ടറന്മാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാവുന്ന ഒരു നിയമം കുറച്ച് കാലങ്ങൾക്ക് മുമ്പ് നിയമസഭ പാസാക്കി നിലവിൽ വരുത്തിയിട്ടുണ്ട്.
ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയർന്ന് വരുന്നു. പൊതുജനങ്ങൾക്ക്  ആരോഗ്യ വകുപ്പിലെ ഡോക്ടറന്മാർ ഉൾപ്പെടുന്ന ജീവനക്കാരിൽ നിന്നുമുണ്ടാകുന്ന  നീതിരഹിതവും ധിക്കാരപരവും അവഗണനാപരവുമായ  പെരുമാറ്റത്തിനെതിരെയും നിയമം ഉണ്ടാക്കേണ്ടതാവശ്യമല്ലേ?
ഒരു രോഗിയുടെ ചികിൽസയിൽ സംഭവിച്ച പിഴവിനെതിരെ ഉണ്ടാകുന്ന ബന്ധുക്കളുടെ രോഷം  വല്ലപ്പോഴുമാണെങ്കിൽ  പൊതുജനങ്ങൾക്ക്  ആരോഗ്യവകുപ്പ് ജീവനക്കാരിൽ ഭൂരിപക്ഷം പേരിൽ നിന്നും ഉണ്ടാകുന്ന ധാർഷ്ഠ്യം നിറഞ്ഞ പെരുമാറ്റവും  അവഗണനയും  നിത്യ സംഭവമാണെന്ന് സർക്കാർ ആശുപത്രികളിൽ ചികിൽസക്കായി  പൊകുന്ന ഏതൊരുവനും അറിയാവുന്ന പച്ച പരമാർത്ഥമാണ്. അവരിൽ നിന്നുമുണ്ടാകുന്ന പിഴവുകൾ അക്കമിട്ട് നിരത്താൻ സാധിക്കും. അവിടെ വരുന്നവർ ഭിക്ഷ ചോദിച്ച് വരുന്നവരാണെന്നുള്ള ധാരണയിലാണ് ഭൂരിപക്ഷം ഡോക്ടറന്മാരുടെയും സഹായികളുടെയും പെരുമാറ്റം.  ഒരു പോലീസ് ഓഫീസറും ന്യായാധിപനും  ഗൗരവം കാണിക്കുന്നത് അവരുടെ തൊഴിലിന്റെ സവിശേഷതകൾ കൊണ്ടാകാം. രോഗിക്ക് കാണപ്പെട്ട ദൈവമായ ഡോക്ടറും മാലാഖയുടെ
പ്രതീകമായ  നഴ്സും  ആരാച്ചാരന്മാരെ പോലെ ദുർമുഖം കാണിക്കുന്നത്  എന്ത്കൊണ്ടാവാം. അവരുടെ മുഖത്ത് ഉണ്ടാകുന്ന ഒരു ചിരി രോഗിയിലും ബന്ധുക്കളിലും  ഉണ്ടാക്കുന്ന ആശ്വാസം എത്രമാത്രം വലുതാണെന്ന് അവർ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ!
പ്രതീകമായ നഴ്സു

Monday, June 10, 2019

മുകുന്ദൻ മാഷും സുന്ദരികളും

മുകുന്ദൻ മാഷ്  സുന്ദരികളായ സ്ത്രീകളുടെ  പുസ്തക പ്രസിദ്ധീകരണത്തെ പറ്റി  അഭിപ്രായം പറഞ്ഞതിൽ അസഹിഷ്ണത  പ്രകടിപ്പിക്കുന്ന പ്രതികരണം പലയിടങ്ങളിൽ നിന്നും വന്ന് കഴിഞ്ഞു. ഒരു പൊതു തത്വം തുറന്ന് പറഞ്ഞതിൽ ഇത്രത്തോളം  അസഹിഷ്ണതയുടെ ആവശ്യമുണ്ടോ?.അദ്ദേഹം പുസ്തക പ്രസിദ്ധീകരണത്തിൽ മാത്രമായി  ആ തത്വം ഒതുക്കി നിർത്തിയപ്പോൾ,  സമൂഹത്തിലെ  എല്ലാ തുറകളിലും അത് തന്നെയല്ലേ നടന്ന് വരുന്നത് എന്ന് നിരീക്ഷിക്കുക. അത് സാധാരണ സംഭവം പോലെ  ആയി തീർന്നപ്പോൾ   ആർക്കും പുതുമ കാണാൻ കഴിയാതെ ആയി. ഉദാഹരണത്തിന്  ഒരു പുരുഷൻ  500 രൂപായുടെ ചില്ലറ മാറാൻ ഒരു പെട്ടിക്കടയിൽ ചെന്നാൽ നടക്കാത്തത് ഒരു സ്ത്രീ ചെന്നാൽ കടക്കാരൻ തന്റെ കയ്യിൽ ഇല്ലെങ്കിൽ  അടുത്ത കടയിൽ നിന്നെങ്കിലും വാങ്ങി കൊടുക്കും. ഒരു പുരുഷൻ  കുത്തിക്കൂനിയിരുന്നു മുഖ പുസ്തകത്തിൽ  പോസ്റ്റിട്ടാൽ കിട്ടുന്ന കമന്റും ലൈക്കിനേക്കാളും ഒരു സ്ത്രീ പോസ്റ്റിട്ടാൽ  കിട്ടുന്നത് എത്രയോ മടങ്ങ്. സുന്ദരിയായ ഒരു സ്ത്രീയുടെ പ്രൊഫൈൽ പടവും ചാർത്തി  എഫ്.ബി.യിൽ പോസ്റ്റിടുന്ന  എന്റെ ഒരു ചങ്ങാതിക്ക്  കാക്കത്തൊള്ളായിരം ലൈക്ക് കിട്ടുമ്പോൾ  അയാളുടെ സ്വന്തം പ്രൊഫൈലിൽ  പതിമൂന്നേ ദശാംശം പൂജ്യം പൂജ്യം ലൈക്കാണ് കിട്ടുന്നതെന്ന് പറഞ്ഞ് അയാൾ ആർത്ത് ചിരിച്ചത്  ഇപ്പോഴും ഞാൻ ഓർക്കുന്നു.  ജീവജാലങ്ങളിൽ  പൂവൻ കോഴിയും ആൺ മയിലും  കലമാനും ആൺ സിഹവും  അങ്ങിനെ സർവമാന പുരുഷ വർഗത്തിനും  ഉടയതമ്പുരാൻ അവരുടെ സ്ത്രീ വർഗത്തേക്കാളും സൗന്ദര്യം   നൽകിയപ്പോൾ മനുഷ്യ വർഗത്തിൽ മാത്രം പുരുഷ വർഗത്തേക്കാളും സ്ത്രീ വർഗത്തിന് സൗന്ദര്യം നൽകിയിരിക്കുന്നത് ഇങ്ങിനെ  ചില  കാര്യങ്ങളിൽ അവർക്ക് മുൻ ഗണന കിട്ടുവാനാണെന്ന് കരുതി ക്ഷമിച്ചൂടേ മുകുന്ദൻ മാഷേ!.

Saturday, May 18, 2019

വൃതം അതിന്റെ ഉദ്ദേശം

അത്യുഷ്ണം! എനിക്ക് അതിയായ ദാഹമുണ്ട്. എന്റെ മുമ്പിൽ നല്ല തണുത്ത ശുദ്ധജലം  ഇരിപ്പുണ്ട്.  ഞാൻ തനിച്ചാണ്. അതിൽ ഒരു പാത്രം ജലം കുടിച്ചാൽ ആരുമറിയില്ല, അഥവാ അറിഞ്ഞാലും ആരും എന്നെ തടയില്ലെന്നെനിക്കുറപ്പുണ്ട്. പക്ഷേ ഒരു നിശ്ചിത സമയം വരെ ഞാൻ ആ ജലം കുടിക്കാതെ എന്റെ ഇച്ഛയെ  നിയന്ത്രിക്കുന്നു.
എനിക്ക് അതിയായ  വിശപ്പ് ഉണ്ട്. കയ്യെത്താവുന്ന അകലത്തിൽ എനിക്ക് ആഹരിക്കാൻ കഴിയുന്ന വിധം രുചികരമായ ആഹാരം ഇരിപ്പുണ്ട്.  എനിക്ക് അത് ആഹരിക്കണമെന്നുമുണ്ട്. പക്ഷേ എന്റെ ഇച്ഛയെ ഞാൻ നിയന്ത്രിക്കുന്നു, ഒരു നിശ്ചിത സമയം വരെ ഞാൻ ആ വിശപ്പ് സഹിക്കുകയാണ്.
എന്റെ ഇണ  എനിക്ക് പ്രാപ്യമാണ്. എന്റെ  ശാരീരിക ആവശ്യം നിറവേറ്റാൻ ഒരുക്കവുമാണ്. പക്ഷേ ഒരു നിശ്ചിത സമയം വരെ എന്റെ ശാരീരിക ആഗ്രഹത്തെ ഞാൻ നിയന്ത്രിച്ച് നിർത്തുന്നു.
എന്നെ അതി ശക്തമായ വിധത്തിൽ നിങ്ങൾ പ്രകോപിപ്പിക്കുകയാണ്. പക്ഷേ ഞാൻ എന്റെ കോപത്തെ ഒരു പ്രത്യേക ഉദ്ദേശത്താൽ നിയന്ത്രിച്ച് പ്രകോപനത്തിൽ നിന്നും പിൻ മാറുന്നു.
പത്രങ്ങളിലെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങൾ വഴിയും ഇല്ലാത്തവന്റെ വിശപ്പ് ഉള്ളവൻ അറിയാനാണ് നോമ്പെന്ന് ഉദ്ഘോഷിപ്പിക്കുമ്പോൾ  അത് മാത്രമാണ് നോമ്പിന്റെ ലക്ഷ്യമെന്ന് തോന്നി പോകും. അത് മാത്രമല്ല നോമ്പിന്റെ ലക്ഷ്യം.  ഇച്ഛാ നിയന്ത്രണ പരിശീലനമാണ് വൃതം. ഈ ഒരു മാസത്തെ പരിശീലനം  ബാക്കി 11 മാസത്തേക്ക് കൂടി പ്രയോജനപ്പെടുത്തുന്ന വിധമുള്ള ആത്മ സംസ്കരണം. ഇത് മനസിലാക്കി വൃതം നോക്കുന്നവൻ  പരീക്ഷണത്തിൽ വിജയിക്കുന്നു.  അല്ലാത്തവൻ പട്ടിണി കിടക്കുന്നു എന്നതല്ലാതെ ഉദ്ദേശ  സാദ്ധ്യത കൈവരിക്കാതെ പരാജയപ്പെടുന്നു. അത്രമാത്രം.

Friday, May 17, 2019

കൊല്ലുന്ന കുരിശ്

കൊല്ലുന്ന കുരിശ്, എന്ന ഡിറ്റക്റ്റീവ്  നോവൽ പണ്ട് വായിച്ചിരുന്നു. പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോൾ ആ നോവൽ തന്നെ  മറ്റൊരാൾ രക്ത വൃത്തം എന്ന പേരിൽ  പ്രസിദ്ധപ്പെടുത്തി. അത് രണ്ടും  ഇംഗ്ളീഷിൽ നിന്നുള്ള മലയാളത്തിലെ  രണ്ട് പരിഭാഷകളായിരുന്നു.  രണ്ടെണ്ണവും പല തവണകളിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന വിധം  ഉദ്വേഗം ജനിപ്പിക്കുന്ന വിധമായിരുന്നല്ലോ. എഡ്ഗാർ വാലസ് എന്ന ഇംഗ്ളീഷ് സാഹിത്യകാരനായിരുന്നു അതിന്റെ ഗ്രന്ഥകർത്താവ് എന്നത് ഓർമ്മയിൽ തങ്ങി നിന്നിരുന്നു.  എന്റെ പുസ്തക ശേഖരത്തിലേക്ക് ഇതിൽ ഒരു പരിഭാഷയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ  ഈ ദുനിയാവ് മുഴുവൻ അരിച്ച് പെറുക്കി.  ഊങ്ഹും..ഒരു രക്ഷയുമില്ല, മുഖ പുസ്തകത്തിൽ കൂടി ആവശ്യം പുറത്ത് വിട്ടു, ആർക്കും ആ പേര് പോലും അറിയില്ല. എന്നിട്ടും അതൊരു തവണകൂടി വായിക്കണമെന്നുള്ള അത്യാഗ്രഹത്തിൽ  ഗൂഗ്ൾ അമ്മച്ചിയോട്  എഡ്ഗാർ വാലസിനെ  പറ്റി പറഞ്ഞ് തരാൻ ആവശ്യപ്പെട്ടു. അമ്മച്ചി വാലസിന്റെ പ്രധാന കൃതികളുടെ ഒരു ലിസ്റ്റ് നൽകി.  അതിലൂടെ കുരിശോ  വൃത്തമോ അർത്ഥം വരുന്നത് നോക്കി നടന്നപ്പോൾ  ദാ കിടക്കുന്നു  ഒരു ക്രിപ്സൺ സർക്കിൾ. സർക്കിൾ എന്നാൽ വൃത്തം. പിന്നെ സർക്കിളിന്റെ പുറകെ പാഞ്ഞു. ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. ജുനൈദ് അബൂബക്കർ എന്ന ആത്മാർത്ഥ സ്നേഹിതൻ പറഞ്ഞു, ആമസോൺകാരെ പിടിക്കാൻ, വില വരെ പറഞ്ഞ് തന്നു. അങ്ങിനെ ആമസോൺ വരെ പോയി.  എന്തായാലും ഇരുന്നൂറിൽ ചില്വാനം പേജിന് എന്നെ ഭിത്തിയിൽ തേച്ച് ഒട്ടിച്ചു, ആമസോൺ. 896 രൂപ. പൈസാ നോക്കിയാൽ ആഗ്രഹം നിറവേറാൻ പറ്റുമോ, കഫേയിൽ ചെന്നു, “ ഇ“ അക്കൗണ്ടിലൂടെ ആമസോണുമായി ബന്ധപ്പെട്ട്  പൈസാ അയച്ച് കൊടുത്തു.
പുസ്തകം കൈപ്പറ്റി, തുറന്ന് നോക്കിയതിൽ ആ നോവൽ ആദ്യം പ്രിന്റ് ചെയ്തത്  1922ൽ. ഇപ്പോൾ പഴയത് പൊടി തട്ടി എടുത്ത് റീ പ്രിന്റ് ചെയ്ത് ഇറക്കിയിരിക്കുകയാണ്.  ഞാൻ പണ്ട് വായിച്ച ഡിറ്റക്റ്റീവ് നോവൽ തന്നെ. സംഭ്രമജനകമായ  സസ്പൻസ് വെറും സസ്പൻസല്ല, ഉഗ്രൻ സസ്പൻസ് നിറഞ്ഞ  അപസർപ്പക നോവൽ. അൽപ്പം പൈസാ  കൂടുതൽ കൊടുത്തെങ്കിലും മനസ്സ് നിറഞ്ഞു. പണ്ടത്തെ  ബാല്യകാല വായനയിൽ അനുഭവിച്ച  ഉദ്വേഗവും അതിശയവും ഒന്നു കൂടി പുനർജനിച്ചു സന്തോഷായി.
ഡിറ്റക്റ്റീവ് നോവൽ വായന പ്രേമികൾക്കായി ശുപാർശ ചെയ്യുന്നു.

Thursday, May 9, 2019

പ്രേമത്തിന്റെ ബിരിയാണി പൊതി.

പട്ടിണിക്കാലത്തായിരുന്നു അന്ന് നോമ്പ്.
ചക്കര ചായയും  ഒരു വെള്ളയപ്പവും കൊണ്ട്  നോമ്പ് തുറന്നിട്ട്  രാത്രി  മൂന്ന് മണിക്ക് കിട്ടുന്ന റേഷനരി ചോറിന്റെ  ഇടയത്താഴവും പ്രതീക്ഷിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന ഉറക്കം വരാത്ത രാവുകൾ.
ഞങ്ങൾക്ക് മാത്രമല്ല, നാടൊട്ടുക്ക്  പട്ടിണിയും പരിവട്ടവും തന്നെയായിരുന്നല്ലോ ആ കാലഘട്ടം നൽകിയിരുന്നത്.
അന്നത്തെ ദിവസം   നോമ്പ് തുറന്നത് ഒരു ചെറിയ പഴം കൊണ്ട് മാത്രം. പതിവ് ചക്കര ചായയുമില്ല വെള്ളയപ്പവുമില്ല. മണി ഒൻപത് കഴിഞ്ഞു. പുറത്ത് പൂ നിലാവ് പരന്നൊഴുകിയിരുന്നെങ്കിലും അതിലൊന്നും മനസ്സ് ചെല്ലാതെ  ഈ പതിനാറ്കാരൻ  വിശന്ന് പൊരിഞ്ഞ്  ചായ്പ്പിൽ കമഴ്ന്ന് കിടന്നപ്പോൾ പുറത്ത് വേലിക്കൽ നിന്നും “ശൂ“ എന്ന അടയാള ശബ്ദം കേട്ടു.
 അത് അവളാണ്.
പതിവില്ലാത്തവണ്ണം ദേഷ്യവും സങ്കടവും തോന്നി. വയറു പൊരിയുമ്പോഴാണ് അവളുടെ ഒരു “ ശൂ “. എങ്കിലും ഞാൻ എഴുന്നേറ്റ് വേലിക്കൽ ചെന്നപ്പോൾ  വേലിക്ക് മുകളിലൂടെ  അവൾ ഒരു പൊതി നീട്ടി.
 “ബാപ്പ, കല്ല് പാലത്തിനടുത്ത് ഏതോ പണ്ടകശാല മുതലാളിയുടെ  നോമ്പ് തുറക്ക് ബിരിയാണി വെക്കാൻ പോയി, അവിടെന്ന്  കൊണ്ട് വന്ന ബിരിയാണിയിൽ എനിക്ക് കിട്ടിയ പങ്കാണിത്.“ അവൾ പറഞ്ഞു.
എന്തെന്നില്ലാത്ത സന്തോഷത്താൽ അവളെ കെട്ടിപ്പിടിക്കണമെന്നൊക്കെ തോന്നിയെങ്കിലും  വിശപ്പിന്റെ ആധിക്യത്താൽ  പൊതിയും കൊണ്ട് ചായ്പ്പിന്റെ ഉള്ളിലേക്ക് ഞാൻ വലിഞ്ഞു. അൽപ്പ നേരം കൊണ്ട് പൊതി കാലി ആയി. അപ്പോൾ വേലിക്കൽ നിന്നും വീണ്ടും കേൾക്കാം “ശൂ“
ആൾ പോയില്ലേ? ഞാൻ അങ്ങോട്ട് ചെന്നു,
“എല്ലാം തിന്നോ? അവൾ തിരക്കി.
 “തിന്നു“ സന്തോഷത്തോടെയായിരുന്നു എന്റെ മറുപടി.
“ഇത്തിരി പോലും എനിക്ക് വേണ്ടി ബാക്കി വെച്ചില്ലേ?“ അവളുടെ ചോദ്യം.
“നീ, തിന്നില്ലായിരുന്നോ ..“ ഒരു ഞെട്ടലോടെയായിരുന്നു എന്റെ ചോദ്യം.
“ എനിക്ക് വേണ്ടി ഇത്തിരി ബാക്കി വെക്കൂന്ന്  കരുതി,  ആ ബാക്കി തിന്നാനൊരു കൊതി...“
“നോമ്പ് തുറന്നപ്പോൾ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഇല്ല, ഇന്നലെയും ഒന്നും ഇല്ലായിരുന്നു, ഇന്നലെ ഇടയത്താഴത്തിന് റേഷൻ അരി കഞ്ഞി ആയിരുന്നു“
“നീ  തിന്ന് കഴിഞ്ഞ് ബാക്കി കൊണ്ട് വന്നാൽ  പോരായിരുന്നോ“ എന്റെ സ്വരത്തിൽ പരിഭവവും  കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു
‘അതെങ്ങിനാ, ഇവിടെ ഒരാൾ ഒന്നും കഴിക്കാതിരിക്കുമ്പോൾ എനിക്കെങ്ങിനെ  തിന്നാൻ ഒക്കും“ ആ സ്വരത്തിൽ വിങ്ങൽ ഉണ്ടായിരുന്നോ
“ഛേ!!!“ എന്റെ ആർത്തിയോട്  സ്വയം എനിക്കുണ്ടായ അവജ്ഞയും പ്രതിഷേധവും  വിഷമവും   എന്നിൽ നിന്നും  ഞാൻ അറിയാതെ  ആ ഒരു വാക്കിലൂടെ പുറത്ത് വന്നു.
“അത് സാരമില്ല, അവിടെ വയറ് നെറഞ്ഞപ്പം  എന്റേം വയറ്  നെറഞ്ഞ്“ അവൾ പറഞ്ഞു
 കുഞ്ഞും നാൾ മുതൽ അവൾ അങ്ങിനെ ആയിരുന്നല്ലോ,അവൾക്ക് എന്ത് കിട്ടിയാലും  അത് എനിക്ക് കൊണ്ട് തരുമായിരുന്നു.
“ എന്നാലും വിശന്നിരുന്ന നിനക്ക് ഇത്തിരി പോലും തരാതെ  നിന്റെ ചോറ് ഞാൻ....ഛേ!!! ഞാൻ പിന്നെയും പറഞ്ഞു.  കഴിച്ചതെല്ലാം  അപ്പോൾ തന്നെ ദഹിച്ചത് പോലെ എനിക്ക് തോന്നി.
പിന്നെത്രയോ നോമ്പ് കാലം വന്ന് പോയി.
ഇന്ന് എന്റെ ആ വീടില്ല,അവളുടെ വീടുമില്ല,
കാലമെന്ന ചൂണ്ടലിൽ കൊരുത്ത്  ഞങ്ങൾ  ഇരുവരും പല തീരങ്ങളിലേക്ക് വലിച്ച് കയറ്റപ്പെട്ട്  പരസ്പരം പിരിഞ്ഞ് ജീവിക്കാനായിരുന്നു വിധിയെങ്കിലും  നോമ്പ് കാലമാകുമ്പോൾ  അന്നത്തെ ഓർമ്മ  ഉള്ളിലേക്ക് കടന്ന് വരും. ലോകത്തിന്റെ ഏതോ കോണിൽ എന്നെ പറ്റി  ഓർമ്മിച്ചോ ഓർമ്മിക്കാതെയോ കഴിയുന്ന അവളുടെ മനസ്സിൽ അന്നത്തെ പൂ നിലാവും ആ ബിരിയാണി പൊതിയും ഇപ്പോഴും ഉണ്ടാകുമോ എന്തോ? എന്നാലും  ഓരോ നോമ്പ് കാലം കടന്ന് വരുമ്പോഴും  എന്റെ  ഉള്ളിൽ ഇരുന്ന് ആരോ ഛേ! എന്ന് പറഞ്ഞ് പോകുന്നു.