Saturday, March 28, 2020

വായനയുടെ മാഹാത്മ്യം.


മരിക്കാനായി കിടക്കുന്നു ഒരു പണ്ഡിതൻ, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ  കൂട്ടുകാരനായ മറ്റൊരു പണ്ഡിതൻ കാണാൻ ചെല്ലുന്നു. തന്റെ കൂട്ടുകാരനെ അവസാനമായി കണ്ട ആ നേരം മരണം കാത്ത് കിടന്ന ആ മനുഷ്യൻ, ഏതോ വിഷയത്തെ പറ്റി കൂട്ടുകാരനോടെ ചോദിച്ച്  സംശയ നിവാരണം വരുത്തി  ആ അറിവും കൂടി നേടാൻ ആ മരണ സമയത്ത് പോലും ആഗ്രഹിച്ച കഥ എവിടെയോ വായിച്ചതോർക്കുന്നു.
ഇസ്ലാം മത വിശ്വാസികളുടെ  എല്ലാമെല്ലാമായ വിശുദ്ധ ഖുർ ആൻ  പ്രവാചകനിൽ ആദ്യം അവതരിപ്പിച്ചത്  “വായിക്കുക“ എന്ന കൽപ്പനയോടെയായിരുന്നു. നമസ്ക്കരിക്കുക, വൃതം അനുഷ്ഠിക്കുക, ദാനം നൽകുക, ഹജ്ജ് ചെയ്യുക, എന്നവയേക്കാളും മുമ്പായി വായനക്കായിരുന്നു കൽപ്പന. പ്രവാചകൻ  അത് സാർത്ഥകമാക്കി  അരുൾ ചെയ്തു, ആ കാലത്ത് ഏറ്റവും ദുഷ്കര യാത്ര ചെയ്താൽ മാത്രം എത്തി ചേരുന്ന“ ചൈനയിൽ പോയാലും അറിവ് നേടുക“ എന്ന്.
കാട്ടാളനായ വാത്മീകിയുടെ  സർഗചൈതന്യം രാമായണാഖ്യാനത്തിലൂടെ പരന്നൊഴുകിയപ്പോൾ മുക്കുവ സ്ത്രീയുടെ മകനായ വേദവ്യാസൻ മഹാ ഭാരതം എന്ന ലോകോത്തര ഇതിഹാസത്തിന്റെ രചയിതാവായി.
ചരിത്രാതീത കാലം മുതൽ രചനയും വായനയും അറിവ് നേടലും  മനുഷ്യനെ ബഹുമാനിതനാക്കിയിരുന്നു.
പകലന്തിയോളം  ഞങ്ങളെ പോറ്റാൻ ജോലി ചെയ്തിരുന്ന എന്റെ പിതാവ്  പാതിരാത്രിയോട്  അടുത്ത സമയത്തും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പുസ്തകങ്ങൾ വായിച്ച് കൂട്ടി.  അദ്ദേഹത്തിന് പിറ്റേ ദിവസം പി.എസ്.സി. പരീക്ഷയോ മറ്റ് പരീക്ഷയോ എഴുതാനില്ലായിരുന്നു. ആ അരണ്ട വെട്ടത്തിലും പുസ്തകങ്ങൾ വായിക്കാൻ തത്രപ്പെടുന്ന എന്റെ പിതാവായിരുന്നു എട്ടാം വയസ്സിൽ പുസ്തകങ്ങൾ വായിക്കാൻ എന്നെ പ്രചോദിപ്പിച്ചത്.
  
  ഇപ്പോൾ ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ വെറുതെ ഇരിക്കേണ്ട അവസ്ഥ വന്ന് ചേർന്നിരിക്കുന്നു, അത് ഒരു ദിവസമല്ല, 21 ദിവസം. ഈ നിഷ്ക്രിയതയുടെ  ദിനങ്ങൾ  പ്രയോജനപ്പെടുത്താൻ  ഒരേ ഒരു വഴി വായന മാത്രമാണ്. പക്ഷേ നമ്മുടെ യുവത വായനയിൽ നിന്നും എത്രയോ അകലെയാണ് എന്ന് കാണുമ്പോൾ അന്തം വിട്ട് പോകുന്നു. എത്ര പറഞ്ഞ് കൊടുത്താലും  അവരുടെ താല്പര്യം മൊബൈലിലും  വാട്ട്സപ്പ് തമാശകളിലും മാത്രം  ഒതുങ്ങി കഴിയുമ്പോൾ  വായന മരിച്ചുവോ എന്ന് തന്നെ തോന്നി പോകുകയാണ്
ഞങ്ങളുടെ തലമുറ  വായനയുടെ പ്രയോജനം സിദ്ധിച്ചവരാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുസ്തകങ്ങളും വായനയും ഒഴിച്ച് കൂടാത്തതായിരുന്നല്ലോ.
 സഹപാഠികളോടായാലും കാമുകിയോടായാലും കൂട്ടുകാരോടായാലും ഗുരുനാഥന്മാരോടായാലും  ആരോടായാലും  ചർച്ചകളും പരാമർശങ്ങളും  ഉദാഹരണങ്ങൾ എടുത്ത് കാട്ടലും  പുസ്തക സംബന്ധമായി മാത്രമായിരുന്നു.  ആ നല്ല കാലം ഇങ്ങിനി വരാതെ വണ്ണം      മറഞ്ഞ് പോയോ!

Monday, March 23, 2020

പണ്ടൊരു വസൂരിക്കാലത്ത്.....

 പണ്ടൊരു വസൂരിക്കാലത്ത്
   “പിള്ളാരായിരുന്നോ അതോ കുരുടനായിരുന്നോ അതോ സ്ത്രീയോ?“
“പിള്ളാരായിരുന്നു എന്നാണ് കേട്ടത്, കടപ്പുറം ആശുപത്രിയുടെ ഇടവഴിയിൽ കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ട് എന്താ പിള്ളാരേ! കരേണത് എന്ന് ചോദിച്ച് അടുത്ത് ചെന്നപ്പോൾ  അവരെ പെട്ടെന്ന് കാണാതായി..അതിന്റെ  പിറ്റേന്ന് പനി തുടങ്ങി.“
‘  പിള്ളേരെ ആണ് കണ്ടതെങ്കിൽ രക്ഷപെടും. ,  പക്ഷേ കണ്ണോ കാതോ എന്തെങ്കിലും പോകും... പക്ഷേ കുരുടനോ കുട്ടയുമായി നിൽക്കുന്ന സ്ത്രീയോ ആണെങ്കിൽ കാര്യം പോക്കാ.... എട്ടിന്റന്ന് തട്ടും“
വളരെ വർഷങ്ങൾക്ക് മുമ്പ്  എന്റെ കുഞ്ഞു പ്രായത്തിൽ  സ്ത്രീകൾ കൂടിയിരുന്നു സംസാരിക്കുന്നത്  ഞാൻ അടുത്ത് നിന്ന് കേട്ടതിലെ  ചില സംഭാഷണ ശകലങ്ങളാണ്  മുകളിൽ കൊടുത്തിരിക്കുന്നത്.
ആലപ്പുഴയിൽ അന്ന് വസൂരി പടർന്ന് പിടിച്ചിരിക്കുന്നു. ഞങ്ങൾ താമസിച്ചിരുന്ന വട്ടപ്പള്ളി പ്രദേശത്ത് പല വീടുകളിലും രോഗം എത്തി ചേർന്നിരുന്നു. ആളുകൾ ഭയന്ന് വീടിന് പുറത്തിറങ്ങാതായി.
പല കഥകളും നാട്ടിൽ പറഞ്ഞ് പറഞ്ഞു ഭയാനകമായി ജനങ്ങൾക്കിടയിൽ പരന്നു. അതിശയം നിറഞ്ഞ കഥകൾ.
രണ്ട് കുട്ടികൾ കരഞ്ഞോണ്ട് നിൽക്കുന്നത് കാണാം അടുത്ത് ചെല്ലുമ്പോൾ  അപ്രത്യക്ഷമാകും. അടുത്തത് ഒരു കുരുടനാണ്. അയാൾ തപ്പി തപ്പി നടക്കും, നമ്മൾ വഴി കാണിക്കാൻ  ചെല്ലുമ്പോൾ അയാളെ കാണില്ല. പിന്നൊന്ന്  ഒരു സ്ത്രീയാണ് ഒരു കുട്ടയുമായി മാനത്ത് നോക്കി നിൽക്കും, അവരെയും അടുത്ത് ചെന്നാൽ കാണില്ല. ഇവരെയെല്ലാം കണ്ടാൽ ദീനം ഉറപ്പായും  ബാധിക്കുമത്രേ!
അതിശയോക്തി നിറഞ്ഞ കഥകൾ  ജനങ്ങളെ ഭയത്തിലാഴ്ത്തി. പെട്ടെന്ന് പെട്ടെന്ന് ഉണ്ടായ മരണങ്ങൾ  കഥകൾക്ക് ഒന്ന് കൂടി ഭീകര ഭാവം  ചാർത്തി.
വാച്ച്കാരി പാത്തുമ്മായിത്തായുടെ മകൻ സമദ് മരിച്ചു, അവൻ എന്റെ പ്രായമായിരുന്നു. അബ്ദുൽ റസാക്ക് സ്രാങ്കിന്റെ അനുജൻ ജബ്ബാറിക്ക മരിച്ചു.ഗുസ്തിക്കാരനെ പോലെയായിരുന്നു അയാളുടെ നെഞ്ച് വിരിവ്, എന്ത് ചെയ്യാം ദീനം  ബാധിച്ചതിന്റെ എട്ടിന്റെ അന്ന് മരിച്ചു. എന്റെ പിതൃ സഹോദരീ പുത്രി പാത്തായിയുടെ മകൾ ഖയറുവിന് ദീനം വന്നു.  ആൾക്ക് ജീവിതം തിരിച്ച് കിട്ടി., പക്ഷേ കണ്ണുകളിൽ പൂവ് പോലെ പാട വന്നു. മുഖം ആസകലം  വസൂരി വന്ന് ഉണങ്ങിയതിന്റെ പാടുകളും ഉണ്ടായി. ഖയറു രോഗം മാറി കുളിച്ച അന്ന് ഞാൻ കാണാൻ പോയി. അവളെ കണ്ട് ഞാൻ ഞെട്ടി. എത്ര സുന്ദരി ആയിരുന്ന ആ ചെറു പെൺ കുട്ടിയുടെ മുടി പറ്റെ വെട്ടി, മുഖത്ത് പാടുകളുമായി എല്ല് പോലെ  മെലിഞ്ഞ് പായിൽ കിടക്കുകയായിരുന്നു. ആ കാഴ്ച കണ്ടതിന്റെ രണ്ടാം ദിവസം എനിക്ക് പനിച്ചു. പക്ഷേ അത് വസൂരി ആയിരുന്നില്ല എങ്കിലും   20 ദിവസം പനിച്ച് കിടന്നു
വസൂരി രോഗം ശക്തിയായ പനിയും ദേഹ വേദനയുമായി തുടങ്ങും, 3--4-- ദിവസം കഴിഞ്ഞ് ശരീരം മുഴുവൻ കുരുക്കൾ പൊങ്ങും  ദിവസങ്ങൾക്കുള്ളിൽ അത് പൊട്ടി അഴുകും ചിലപ്പോൾ മരിക്കും അപൂർവം ചിലർ കണ്ണോ കാതോ നഷ്ടപ്പെട്ട് പിൽക്കാലം കഴിച്ച് കൂട്ടും ഭൂരിഭാഗം മരിക്കും.
വസൂരിക്ക് അന്ന് അലോപ്പതി ചികിൽസയില്ല. അന്ന് പ്രധാനമായി ഹോമിയോ ചികിൽസയായിരുന്നു ഞങ്ങൾ വട്ടപ്പള്ളിക്കാർ  വസൂരിക്ക് എതിരായി  നടത്തിയിരുന്നത്. മധുര ഗുളിക നിറഞ്ഞ വേരിയോളിനം 200 ഹോമിയോ മരുന്ന് കുപ്പി വീട്ടിൽ വാങ്ങി കൊണ്ട് വന്ന് ദീനം ബാധിക്കാതിരിക്കാൻ  ജനങ്ങൾ കഴിച്ചു.ഞങ്ങൾ കുട്ടികൾ ആ ഗുളികകൾ മുതിർന്നവർ കാണാതെ എടുത്ത് കഴിച്ചിരുന്നു.
 ആലിശ്ശേരി വാർഡിലെ ഹോമിയോ ഡോക്ടർ ജോണായിരുന്നു വസൂരി ചികിൽസക്ക് പ്രസിദ്ധൻ.  അസ്ഥിയിൽ നിന്നും മാംസം അഴുകി വീണ കരിഞ്ചപ്പട്ട എന്ന കടുത്ത വസൂരിയും ജോൺ ഡോക്ടറുടെ ചികിൽസ കൊണ്ട് ഭേദമായിട്ടുണ്ട് എന്ന് ജനം പറഞ്ഞു. അദ്ദേഹത്തിന് ഒരു ഭയവും ഇല്ലാതെ തന്റെ സൈക്കിളിൽ രോഗം വന്ന വീടുകളിൽ  ചികിൽസിക്കാൻ പോയിരുന്നത് ഈ കുറിപ്പ്കാരൻ കണ്ടിട്ടുണ്ട്.
ആശുപത്രിയിൽ നിന്നും ആ കാലത്ത് ഹെൽത്ത് ഇൻസ്പക്ടറന്മാർ  വീടുകൾ തോറും കുത്തി വെപ്പിനായി (ഗോവസൂരി പ്രയോഗം)  വരും. ഞങ്ങൾ കുട്ടികൾ അവരെ കണ്ട് കുത്തി വെപ്പിൽ നിന്നും രക്ഷ തേടാൻ പരക്കം പാഞ്ഞു. മാതാ പിതാക്കൾ  കുട്ടികളെ ബലമായി പിടിച്ച് കൊണ്ട് വന്ന് കുത്തി വെപ്പു നടത്തും.

രോഗം പരക്കുന്ന ആ കാലത്ത് മുസലിയാർമാർക്കും  ഉസ്താദ്മാർക്കും ചാകരയാണ്. എല്ലാ വീടുകളിലും അവരെ വിളിച്ച്  ഖുർ ആൻ പാരായണവും  റാത്തീബ് നടത്തലും തകൃതി.
 പറമ്പുകളിലെ ചവറ് കൂനകളും മറ്റ് മാലിന്യങ്ങളും മുനിസിപ്പാലിറ്റിയിൽ നിന്നും കൂലിക്കാർ വന്ന്  തൂത്ത് വാരി തീയിടും.. പരിസരമെല്ലാം ഒരു വിധം ശുദ്ധി ആയി തീരും.
പിള്ളാരെയും  കുരുടനെയും സ്ത്രീയെയും കാണാതിരിക്കാൻ ആളുകൾ ഇടവഴികൾ ഉപേക്ഷിച്ച്  പ്രധാന നിരത്തുകളെ ആശ്രയിച്ചു. അതും പകൽ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആ കാലത്ത് നേരത്തെ തന്നെ രാത്രി എത്തി ചേരുമായിരുന്നു, ആരും പുറത്തിറങ്ങാതായി. കട കമ്പോളങ്ങൾ അടഞ്ഞ് കിടന്നു.
 വസൂരി വന്ന് മരിച്ച ശവങ്ങൾ രാത്രി കാലത്താണ്  അടക്കിയിരുന്നത്. പൊതിഞ്ഞ് കെട്ടി മുസലിം പള്ളിയിലും ഇതര ജാതിക്കാർ വലിയ ചുടുകാടിലും കൊണ്ട് പോയി മറവ് ചെയ്യും. (ഇതിനെ പണ്ടാരക്കെട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്) ചിലതെല്ലാം ജീവനോടെ ചുടുകാട്ടിൽ കൊണ്ടിട്ടെന്നും  അവിടെ കിടന്ന്  അസുഖം മാറി  വീടിൽ തിരിച്ചെത്തിയെന്നും കഥകൾ  ഉണ്ടായി.
വളരെ വർഷങ്ങൾക്ക് മുമ്പ് വന്ന  അന്നത്തെ വസൂരി ബാധക്ക് ശേഷം പിന്നെ വസൂരിയെ പറ്റി കേട്ടിട്ടില്ല. പിൽക്കാലത്ത് എസ്.കെ.പൊറ്റക്കാടിന്റെയും കാക്കനാടന്റെയും നോവലുകളിൽ വസൂരിയെ വായിച്ചതല്ലാതെ ഈ നാട്ടിലെന്നല്ല ലോകത്ത് നിന്ന് തന്നെ വസൂരി നിർമ്മാർജനം ചെയ്യപ്പെട്ടു.
പക്ഷേ ജനം  വസൂരിക്ക് പകരം നിപ്പയെയും  കൊറോണാ ബാധയെയും ഭയക്കാൻ തുടങ്ങി.
നിപ്പാ ബാധ കാലത്ത് കോഴിക്കോട്  വസൂരിക്കാലത്തെ പോലെ  കടകൾ അടച്ചു. നിരത്തുകൾ ജന ശൂന്യമായി. ശവങ്ങൾ ദഹിപ്പിക്കുകയും പള്ളികളിൽ വളരെ ആഴത്തിൽ കുഴിച്ചിടുകയും ചെയ്തു. ആൾക്കാർ മുഖം മൂടി    അണിഞ്ഞ് നടക്കുകയും രോഗികളെ പരിചരിക്കുന്നവർ ബാഹ്യാകാശ ജീവികളുടെ സൂട്ടു ധരിക്കുകയും ചെയ്തു.
 ഇപ്പോൾ കൊറോണയും അതേ ഭീതി ഉളവാക്കുന്നു. പഴയ കാലത്തേക്കാളും  ഭീകരമായി . പക്ഷേ ആധുനിക കാലത്ത് കരയുന്ന കുട്ടികളും കുരുടനും സ്ത്രീയും രോഗത്തിന്റെ ഏജൻസിയുമായി വരുന്നില്ലെന്ന വ്യത്യാസം മാത്രം 

Sunday, March 15, 2020

കൊറോണ ഭീതി

കോവിഡ് 19 (കൊറോണാ)  രോഗത്തിനെതിരെ  ജാഗ്രത അത്യന്താപേക്ഷിതമാണ്. സമ്മതിച്ചു. പക്ഷേ  ഏതൊരു ഭയവും അതിര് കടക്കുമ്പോൾ  അത് ഉപദ്രവകരമായി മാറും.
 പഠനവും അതോടൊപ്പം ജോലിയും സ്ക്മീൽ  അയാളുടെ മകൻ വിദേശത്തായിരുന്നു. ആനാട്ടിൽ കൊറോണാ പടർന്ന് പിടിച്ചപ്പോൾ മകൻ  നാട്ടിലേക്ക് തിരിച്ച് വന്നു. എയർ പോർട്ടിൽ നിന്നും വീട്ടിലെത്തിയത് രാത്രിയിൽ പിറ്റേന്ന് രാവിലെ തന്നെ സർക്കാർ അംഗീകൃത മെഡിക്കൽ കോളേജിൽ  പോയി വിവരം പറഞ്ഞു പരിശോധനക്ക് വിധേയനായി. മറ്റ് അസുഖങ്ങൾ ഇല്ലാത്തതിനാൽ രക്ത പരിശോധനാ ഫലം വരുന്നത് വരെ  ആശുപത്രി അധികൃതർ അവനെ വീട്ടിൽ പോകാൻ പറഞ്ഞ് വിട്ടു. കൂട്ടത്തിൽ ആരുമായും ഇടപഴകാതെ  ഒരു നിശ്ചിത അവധി വരെ കഴിയാൻ  നിർദ്ദേശവും കൊടുത്ത് വിട്ടു. പയ്യൻ വീട്ടിൽ കഴിഞ്ഞ് വന്നു. ഇതിനിടതിൽ ഈ വാർത്ത പുറത്ത് വന്നു. പിതാവ് സ്കൂട്ടറിൽ അഞ്ച് നേരവും പള്ളിയിൽ നമസ്കാരത്തിനായി പോകും. വാർത്ത പുറത്ത് വന്നതിന് ശേഷം പലരും  അയാളെ ഒഴിഞ്ഞ് വെച്ചു. അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ  “സാറേ! മകൻ വരുന്നതിന് മുമ്പ് ഞാൻ സ്കൂട്ടറിൽ പോകുമ്പോൽ പലരും ലിഫ്റ്റിനായി കൈ കാണിക്കും, ഞാൻ വണ്ടി നിർത്തും അവരെ കയറ്റി കൊണ്ട് പോകും. ഇപ്പോൾ മകൻ വിദേശത്ത് നിന്നും വന്നതിന് ശേഷം എന്റെ പുറകിൽ  യാത്ര ചെയ്യാൻ സാധാരണ കൈ കാണിക്കുന്ന വരിൽ പലരും തയാറില്ല., എന്നെ ഒഴിഞ്ഞ് വെക്കുന്നു“ അൽപ്പം കൂടി കടന്ന് പറഞ്ഞാൽ  ആരോ അയാളോട് “പള്ളിയിൽ വരരുതെന്നും വീട്ടിൽ നമസ്കരിച്ചാൽ മതിയെന്നും കൂടി പറഞ്ഞ് കളഞ്ഞു. അയാൾക്കത് വലിയ മനപ്രയാസത്തിനിടയാക്കി.
കാര്യം ശരിയാണ്. സൂക്ഷമത രോഗ വ്യാപനത്തിനെതിരെ കർശനമായി ഉണ്ടാകണം. അത് സമൂഹത്തിനാവശ്യവുമാണ്. ഇത് തിരിച്ചറിഞ്ഞ് അയാൾ സ്വയം ഒഴിഞ്ഞ് മാറേണ്ടതുമാണ്. പക്ഷേ  ഒരാളുടെ മുഖത്ത് നോക്കി, “നീ ഇനി പള്ളിയിൽ വരരുത്“ എന്നൊക്കെ പറയുന്നതിന് പകരം നയത്തിൽ  ഒരു മയത്തിൽ കാര്യം പറയാം. നാം ആരോടെങ്കിലും അയാൾക്ക് പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ പറയുമ്പോൾ അയാളുടെ മനപ്രയാസം കൂടി കണക്കിലെടുത്ത് വേണം സംസാരിക്കാൻ. അയാളുടെ മകന് എയിഡ്സോ സിഫിലീസോ ഗുണേറിയായോ അതേ പോലുള്ള നാണക്കേടുണ്ടാകുന്ന രോഗങ്ങളോ ഒന്നുമല്ല, അത് കൊണ്ട് തന്നെ അയാൾ നാണിക്കേണ്ടതുമല്ല, എന്നാൽ മറ്റുള്ളവർക്ക് വൈറസ് പകരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്,  ഈ രീതിയിൽ കാര്യം അയാളുടെ മുമ്പിൽ അവതരിപ്പിക്കാം.
ഈ സംഭവത്തിന്റെ രണ്ടാം ഭാഗം രസകരമാണ്. മകന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിസൽറ്റ് വന്ന ദിവസം അയാൾ  പള്ളി വാതിൽക്കൽ നിന്നു  പരിചയക്കാരോടെല്ലാം തിടുക്കത്തോടെ പറഞ്ഞു, മകന്റെ റിസൽറ്റ് വന്ന്, കുഴപ്പമൊന്നുമില്ല. എന്താണ് കാര്യമെന്നറിയാതെ പലരും പകച്ചു, എന്ത് രോഗം? എന്ത് റിസൽട്ട്...കാര്യം അറിയാത്ത പലരും മിഴിച്ച് നിന്നു.
അയാളുടെ മനസ്സിൽ എത്രമാതം പ്രയാസവും ദുഖവും സംഘർഷവും ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
കൊറോണായുടെ ആദ്യ ദിവസ്ങ്ങളിൽ ഉണ്ടായ ഈ സംഭവം ഇപ്പോൾ പറയാൻ കാരണം ഇന്നത്തെ ഒരു പത്ര വാർത്തയാണ്. ആക്സിഡന്റിൽ മരിച്ച ഒരാളുടെ മൃതദേഹം അയാളുടെ അന്ത്യാഭിലാഷം  കണക്കിലെടുത്ത് വീട്ടിൽ സംസ്കരിക്കാൻ ആംബുലൻസിൽ കൊണ്ട് വന്നത് കൊറോണാ ഭയത്താൽ അയൽ വാസികൾ സമ്മതിച്ചില്ല.ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടും അവർ വഴങ്ങിയില്ല, അവസാനം കോഴിക്കോട് പൊതു ശ്മശാനത്തിൽ കൊണ്ട് പോയി സംസ്ക്കരിച്ചു.
രോഗ വ്യാപനം തടയേണ്ടത് ഏതൊരാളുടേയും കടമയാണ്. സർക്കാർ അപ്പോഴപ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ പൗരൻ ബാദ്ധ്യസ്തനുമാണ്. അത് അവന്റെയും കൂടി സുരക്ഷക്ക് അത്യാവശ്യമാണെന്ന ബോധവും ഉണ്ടാകണം, പക്ഷേ....
സൂക്ഷമത കൂടി കൂടി ഓവറാക്കരുത്.പരിഭ്രമം അധികരിച്ച്  കൊറോണാക്ക് പകരം മാനസിക രോഗമായി മാറും.

Wednesday, March 11, 2020

കറുത്ത പെണ്ണിനെ കാണുമ്പോൾ........

എന്റെ കൂടെ കുഞ്ഞ് പ്രായത്തിൽ കളിച്ച് വളർന്ന ഹബുസാ ബീവിക്ക് കറുപ്പ് നിറമായിരുന്നു.
അവളെ കാണുമ്പോൾ ഞാൻ എന്റെ ഉമ്മയോട് കരഞ്ഞ് പറയും.“ഈ കറുത്ത പെണ്ണിനെ കാണൂമ്പോ.....എനിക്ക് കരയാൻ മുട്ടുന്നേ....“
അവളുടെ ഉമ്മയും  എന്റെ ഉമ്മയും  എന്റെ ഈ കരച്ചിൽ കണ്ട് പൊട്ടി ചിരിക്കുമായിരുന്നു.
 കുഞ്ഞുന്നാളിൽ എന്ത് കൊണ്ടാണ് കറുത്തവരെ ഭയന്നിരുന്നതെന്ന് എനിക്കറിയില്ലാ, ഒരു പക്ഷേ കുഞ്ഞുന്നാളിൽ കറുത്ത നിറമുള്ള ആരോ എന്നെ ഭയപ്പെടുത്തിയിരിക്കാം. പക്ഷേ  പിൽ കാലത്ത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കറുത്തവരായിരുന്നു, അവരോട് എനിക്ക് ഏറ്റവും സ്നേഹവുമുണ്ടായിരുന്നു.
ഹബുസാ ബീവി എന്നെ “വെള്ള പാറ്റാ“ എന്ന് വിളിച്ച് കളിയാക്കും.  വീടിനടുത്തുള്ള  മണൽ നിറഞ്ഞ മൈതാനത്ത്  ഞങ്ങൾ ആണും പെണ്ണും കൊച്ച് കുട്ടികൾ പരസ്പരം കളിയാക്കിയും തമാശകൾ പറഞ്ഞും അടിച്ച് കളിച്ച് വളർന്ന കാലത്തെ പറ്റി ഓർമ്മിക്കുമ്പോൾ പട്ടിണി ആയിരുന്നെങ്കിലും ആ കാലം  എന്നും നില നിന്നിരുന്നെങ്കിൽ എന്ന് മോഹിച്ച്  പോകുമായിരുന്നു.
 എന്ത് സമ്പൽ സമൃദ്ധി പിന്നീടുണ്ടായാലും ബാല്യകാലത്തിന്റെ വില  അതിനേക്കാളും എതയോ ഉയരത്തിലാണ്.
കാറ്റും മഴയും മഞ്ഞും വെയിലും  മാറി മാറി പല തവണകൾ  വന്ന് പോയപ്പോൾ എല്ലാവരും പലയിടങ്ങളിലേക്ക് പറിച്ച് നടപ്പെട്ടു. ഹബുസാബി വിവാഹിതയായി കുടുംബമായി പുന്നപ്രയിലെവിടെയോ താമസമായി.  എന്റെ യാത്രകളിലെപ്പോഴോ  ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി  ഞാൻ ആലപ്പുഴയിലെത്തി. അന്ന് ഞാൻ കോടതിയിൽ ജോലിയിലാണ്.. ഹബുസാബിയുടെ സഹോദരനെ അവിടെ വെച്ച് കണ്ടപ്പോൾ അവളെ പറ്റി ഞാൻ ചോദിച്ചു.
“ ദാ! നോക്ക് ആ തൂണിന്റെ അരികിൽ നിങ്ങളെയും നോക്കി നിൽക്കുന്നതാരാണെന്ന്....“
ഞാൻ നോക്കി, ആ പഴയ കുഞ്ഞ് പെണ്ണിനെ, പകരം കണ്ടത് കുട്ടിത്തമെല്ലാം വിട്ട് പോയ് ഒരു പാകത വന്ന സ്ത്രീ അവിടെ നിന്ന് എന്നെ  ഭയ ബഹുമാനത്തോടെ നോക്കുന്നു.എന്നെ കാണാനും സംസാരിക്കാനും  ഉള്ള വെമ്പലും  എന്നാൽ ഞാൻ അവഗണിക്കുമോ എന്ന ശങ്കയും ആ മുഖത്ത് മാറി മാറി വരുന്നത് ഞാൻ തിരിച്ചറിഞ്ഞു.
ചെറിയ സൗഹൃദം പോലും വിലയുള്ളതായി കാണുന്നവനാണ് ഞാനെന്നത് പാവം അവൾക്കറിയില്ലല്ലോ.
 ഞാൻ അവളുടെ അടുത്തെക്ക് ഓടി ചെന്നു.  ഒരുമിച്ച്  വളർന്നവരും പരിചയക്കാരുമായ സ്ത്രീകൾ നാല് ചുറ്റും നിൽപ്പുണ്ട്. അവരെല്ലാം കേൾക്കെ ഞാൻ പറഞ്ഞു.
“ഈ കറുത്ത പെണ്ണിനെ കാണുമ്പോ എനിക്ക് കരയാൻ മുട്ടുന്നേ...“
എല്ലാവരും പൊട്ടി ചിരിച്ചു. ഉടനെ ഹബുസാബി വിളിച്ചു“എടാ വെള്ള പാറ്റാ...“
പെട്ടെന്ന് അവളുടെ മുഖത്ത് ആശങ്കകളുടെ നിഴൽ പരന്നു.“ ഞാൻ ഇപ്പോൾ അങ്ങിനെ വിളിക്കുന്നതിൽ  നിനക്ക് ഇഷ്ടക്കേടുണ്ടോ? കാരണം  നീ ഇപ്പോൾ വലിയ ഉദ്യോഗസ്തനൊക്കെ ആയപ്പോ, ...ഇഷ്ടമാകുമോ?...“
ആ വാക്കുകൾ എന്റെ ഉള്ളിൽ തൊട്ടു, ഞാൻ പറഞ്ഞു “ എടീ കറുമ്പീ, നീ അത് വിളിച്ചില്ലായിരുന്നെങ്കിൽ  നിന്റെ തലക്കിട്ട് ഞാൻ കിഴുക്കിയേനെ..ഒന്ന് കൂടി വിളിക്കെന്നെ, വെള്ള പാറ്റാ എന്ന്..“
പിന്നീട് ഞങ്ങൾ എല്ലാവരും ചേർന്നു പഴയ കാര്യങ്ങൾ പറഞ്ഞ് സന്തോഷമായി  കുറേ സമയം ചെലവഴിച്ചു. പിരിയാൻ  നേരം ഹബുസാബി എന്നോട് ചോദിച്ചു, “ഇനി ആലപ്പുഴ വരുമ്പോൾ  എന്റെ വീട്ടിൽ വരുമോ?“
“തീർച്ചയായും“ ഞാൻ അവൾക്ക് വാക്ക് കൊടുത്തു.
പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ പല തിരക്കിലും സംഘർഷത്തിലും പെട്ട് എനിക്ക് ആ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല.
അന്ന് യാത്ര പറഞ്ഞ് പിരിയുന്ന നേരം  ആഡിറ്റോറിയത്തിന്റെ വാതിൽക്കൽ ചെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ  കറുത്ത മുഖത്ത്  വെളുത്ത പല്ലിന്റെ പ്രകാശം പരത്തുന്ന  വെൺ നിലാ ചിരിയുമായി അവൾ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. പിന്നെ ഒരിക്കലും എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല.
  കുറേ കാലങ്ങൾക്ക് ശേഷം  മറ്റൊരു കല്യാണ വീട്ടിൽ വെച്ച്  അവളുടെ ഇളയ സഹോദരനെ കണ്ടു. അവൻ പറഞ്ഞു,
“ഹബുസാബി മരിച്ച് പോയി, ഹൃദയ സംബന്ധമായ രോഗമായിരുന്നു“
അവന്റെ മൂത്ത സഹോദരനും ഇളയ സഹോദരനും മരിച്ചതും അതേ രോഗത്താൽ തന്നെയാണത്രേ!
 അവസാനമായി അവളെ കണ്ടതും പിരിയാൻ നേരം എന്നെ നോക്കി നിന്നതും മനസ്സിലേക്ക് ഓടി വന്നപ്പോൾ വല്ലാതെ തേങ്ങിപ്പോയി.
ഞങ്ങൾ കളിച്ച് വളർന്ന ആ മൈതാനം ഇന്നില്ല, നാലു ചുറ്റുമുണ്ടായിരുന്ന ചെറ്റക്കുടിലുകൾ മണി മാളികകളായിരിക്കുന്നു.ഹബുസാബീയും പോയി .      അന്ന് ബാല്യത്തിൽ കൂട്ടുകാരായിരുന്നവരിൽ  ജീവിച്ചിരിക്കുന്നവർ പലയിടങ്ങളിലായി അവരവരുടെ കുടുംബവുമായി കഴിയുന്നു. തിരക്കൊഴിയുന്ന നേരം ഞാൻ ആലപ്പുഴയിലെത്തി  എല്ലാവരെയും അന്വേഷിക്കും, ചിലരെ കണ്ടെത്തും ചിലരെ പറ്റി പിന്നെയും അന്വേഷണം തുടർന്ന് കൊണ്ടേ ഇരിക്കും.
ആലപ്പുഴയിലെ ചൊരി മണലിൽ എവിടെയോ അജ്ഞാതമായ ഒരു കുഴി മാടത്തിൽ ഹബുസാബി നിത്യ നിദ്രയിലാണ്. എങ്കിലും എന്നെ കണ്ടാൽ അവൾ വിളിക്കുമായിരിക്കും “വെള്ള പാറ്റാ“ എന്ന്
 കഴിഞ്ഞ ദിവസം ആലപ്പുഴ  പുന്നപ്രയിലെ തീര പ്രദേശ നിരത്തിലൂടെ ഇരു വശത്തുമുള്ള വെള്ള മണൽ പരപ്പുകൾ നോക്കി യാത്ര ചെയ്യുമ്പോൽ ഹബുസാബിയുടെ ഓർമ്മ മനസ്സിൽ വന്നു. വിവാഹം കഴിഞ്ഞ് അവൾ ഇവിടെയാണല്ലോ താമസിച്ചിരുന്നത്
അപ്പോൾ “ ഈ കറുത്ത പെണ്ണിനെ കാണുമ്പോ എനിക്ക് കരയാൻ മുട്ടുന്നേ...“ എന്ന് പറഞ്ഞ് കരയാൻ എന്റെ ഉള്ളിൽ  വല്ലാതെ കൊതി തോന്നി.

Monday, March 9, 2020

ബി.എസ്.എൻ.എല്ലിന്റെ മരണ മണി മുഴങ്ങി

 ബ്രോഡ് ബാന്റിന്റെ  പ്രതിമാസ വാടക അടക്കാനായി ബി.എസ്.എൻ.എൽ. ഓഫീസിൽ പോയതായിരുന്നു ഞാൻ.
കുത്തക കമ്പനികളോടുള്ള ഇഷ്ടക്കേട് കാരണം  എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും  ഇപ്പോഴും ഞാൻ ബിഎസ്.എൻ.എൽ. വരിക്കാരനായി തുടർന്ന് വരുന്നു..
ഫോൺ ചാർജ് അടക്കാനുള്ളവരുടെ  തിരക്കൊന്നും അനുഭവപ്പെടാതിരുന്നതിനാൽ   കൗണ്ടറിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടത് കൊണ്ടാവാം  മൂന്ന് കസേരക്കപ്പുറത്ത് നിന്നും  ഒരു വനിതാ ജീവനിക്കാരി എഴുന്നേറ്റ്  ഞാൻ നിന്ന കൗണ്ടറിലേക്ക് വന്നു എന്റെ കയ്യിൽ നിന്നും പൈസാ വാങ്ങി  രസീത് പ്രിന്റ് ചെയ്യാൻ തുടങ്ങി.
“ എന്താ ശ്രീമതീ...കസേരകൾ ഒഴിഞ്ഞ് കിടക്കുന്നു, എല്ലാവരും ലീവിലാണോ?“
  പരിചയക്കാരി ആയതിനാൽ  ഞാൻ സൗഹൃദ പൂർവം തിരക്കി.
“അല്ലാ, സർ, ഞങ്ങൾ രണ്ട് പേര് മാത്രമേ ഇപ്പോൾ ഇവിടെ ജോലിക്കുള്ളൂ...ചിലരെ പിരിച്ച് വിട്ടു, ചിലർ സ്വയം പിരിഞ്ഞു, ചിലർ സ്ഥലം മാറി പോയി. ഇപ്പോൾ എല്ലാ ജോലിയും  ഞങ്ങൾ രണ്ട് പേര് കൂടി ചെയ്യുന്നു. രാവിലെ  ആഫീസും ഞങ്ങളാണ് ക്ളീൻ ചെയ്യുന്നത്. ഇല്ലെങ്കിൽ പൊടിയുടെ മുകളിരുന്ന് ജോലി ചെയ്യേണ്ടി വരും....“
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, കൗണ്ടറുകൾ പൊടിയിൽ മുങ്ങിയിരിക്കുന്നു, തറയിൽ പേപ്പർ തുണ്ടുകളും മറ്റും...
ഉപഭോക്താക്കളും അപൂർവം. വിശാലമായ ആഫീസും, കസേരകളും കമ്പ്യൂട്ടറുകളും, പക്ഷേ എല്ലാം ശൂന്യം.
“അപ്പോൾ ഫീൽഡിൽ കേട് പാടുകൾ തീർക്കുന്നവർ.....? ഞാൻ വാചകം മുഴുവാനാക്കിയില്ല.
“ഒന്നോ രണ്ട് പേരുണ്ട്, അവരാലാകുന്നത് ചെയ്ത് കൊടുക്കും, അത്രന്നെ“
 അങ്ങിനെ ബിഎസ്.എൻ. എല്ലിന്റെ...മരണ മണി മുഴങ്ങി തുടങ്ങി.
വർഷങ്ങൾക്കപ്പുറത്തേക്ക് ഓർമ്മകൾ  പാഞ്ഞു. ഒരു കണക്ഷൻ ലഭിക്കാൻ എത്ര തവണ  സർക്കാർ വക ഫോൺ ആഫീസിൽ കയറി ഇറങ്ങി. ആരെയെല്ലാം    കൊണ്ട് ശുപാർശ ചെയ്യിച്ചു . അന്ന് ടെലഫോൺ ആഫീസിലെ ജീവനക്കാരുടെ ഗമ !!!   അതൊന്ന് കാണേണ്ടതായിരുന്നു. ടെലഫോൺ ആഫീസിലാ ജോലിയെന്ന് പറയുന്നത് തന്നെ ഒരു അന്തസ്സായിരുന്നു. സെൻട്രൽ ഗവണ്മെന്റ് ജോലി, കനത്ത ശമ്പളം....എല്ലാം ദാ! തകർന്ന് കിടക്കുന്നു.
കുത്തക കമ്പനികൾ എങ്ങിനെയാണ് സർക്കാർ വക കമ്പനികളെ വിഴുങ്ങുന്നതെന്നുള്ളതിനും  ജീവനക്കാരുടെ തണ്ടും ഗമയും ഭാവവും, അലസതയും  പൊതു ജനങ്ങളോടുള്ള പെരുമാറ്റവും എങ്ങിനെ ഒരു സ്ഥാപനത്തെ നശിപ്പിക്കും എന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ബി.എസ്.എൻ.എൽ.