Saturday, August 29, 2015

ഓണ നിലാവ് മാത്രം ബാക്കി.

 യാതൊരു മാറ്റവുമില്ലാതെ  ഓണ നിലാവ്  മാനത്ത് പ്രഭ ചൊരിഞ്ഞ്  നിൽക്കുന്നു. കൂട്ടിന് നക്ഷത്രങ്ങളും.  അന്തരീക്ഷമാകെ വെള്ളി നൂൽ പാകിയ  വെൺപട്ട് പോലെ വെട്ടി തിളങ്ങുമ്പോൾ  ഇത് ഓണ നിലാവാണെന്ന് വിളിച്ചോതാൻ പണ്ടത്തെ പോലെ ഊഞ്ഞാൽ ചുവട്ടിലെ ബഹളങ്ങളില്ല. കൈ കൊട്ടിക്കളിയില്ല. ഒന്നുമില്ല. ഇന്നലെ തിരുവോണമായിരുന്നു. റോഡ് ശുഷ്കമായി കിടന്നു.  ഉത്രാടത്തിന് മദ്യശാലയിലും വസ്ത്ര വിൽപ്പന കടയിലും മാത്രം തിരക്ക്   മറ്റ് കടകളിലൊന്നും തിരക്കില്ല. ആരുടെ കയ്യിലും പൈസാ ഇല്ലാഞ്ഞിട്ടല്ല. പൈസാ അധികമായതിനാലാണ്. പട്ടിണിയിൽ നിന്നും  ഒരു ദിവസം  എങ്കിലും മോചനം നേടുവാൻ കാണം വിറ്റും ഓണം കൊണ്ടിരുന്ന നാളുകൾ അസ്തമിച്ചിരിക്കുന്നു.  ആവശ്യത്തിന് പൈസാ ഉള്ളത് കൊണ്ട് എന്നും ഓണം കൊണ്ടിരുന്നതിനാൽ  ഇന്നത്തെ ഓണത്തിനെന്ത് പ്രത്യേകത?

 നിലാവ് മാത്രം  തന്റെ ജോലി  മുറ തെറ്റാതെ നിർവഹിക്കുന്നു .

Friday, August 21, 2015

റോഡിൽ കണ്ടത്..

പുറത്ത് എവിടെയോ പോയിരുന്ന       ഒരു അഭിഭാഷക സുഹൃത്തിന്റെ  തിരിച്ച് വരവ് പ്രതീക്ഷിച്ച്    ഹൈക്കോടതി  പുറക് വശമുള്ള മത്തായി മാഞ്ഞൂരാൻ  റോഡിലെ  അദ്ദേഹത്തിന്റെ വസതിക്ക്   മുമ്പിൽ ഞാൻ കാത്ത് നിൽക്കുകയായിരുന്നു. വാഹനങ്ങൾ നിരന്തരം ചീറി പാഞ്ഞ് കൊണ്ടിരുന്നത് നോക്കി നിന്നിരുന്ന എന്റെ സമീപത്ത് കൂടി  മോട്ടോർ ബൈക്കിൽ  ഒരു യുവാവും  യുവതിയും കടന്ന് പോയി. യുവതി മുമ്പോട്ട് ആഞ്ഞിരുന്ന്   കൂട്ടുകാരനോട് കലുപിലാ സംസാരിക്കുകയായിരുന്നു.. ഇരു വശങ്ങളിലുമായി കാലിട്ടിരുന്ന യുവതി  ബൈക്കിന്റെ  പുറകിൽ അലക്ഷ്യമായി  ഇരുന്നതിനാലാവാം അരക്കെട്ട് വരെ കട്ട് ചെയ്തിരുന്ന  ചൂരീദാരിന്റെ ഫോൽഡുകൽ ചുരുണ്ട് മുകളിലേക്ക് ഉയർന്ന്  സമൃദ്ധമായ  അവരുടെ പുറക് ഭാഗത്തെ ശരിക്കും പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു ആ യാത്ര. അതേ സമയം തന്നെ  ബൈക്കിൽ വന്ന ഒരു മദ്ധ്യവയസ്കൻ  യുവാവും യുവതിയും  സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന്  യുവതിയെ തന്നെ സൂക്ഷിച്ച് നോക്കി അരികിലൂടെ  പോയി എതിരെ വന്ന ഒരു വല്യമ്മയുമായി കൂട്ടിമുട്ടി. തക്ക സമയത്ത് ബ്രേക്ക് ചവിട്ടിയത് കൊണ്ടോ എന്തൊ  വല്യമ്മ ഒരു വശത്തേക്കും ബൈക്ക്കാരൻ മറുവശത്തേക്കും  ചരിഞ്ഞ് വീണു.
"അവളുടെ.....നോക്കി നോക്കി വണ്ടി ഓടിച്ച്  എന്റെ നടുവൊടിച്ചല്ലോടാ ശവമേ!" വല്യമ്മ അയാളുടെ  നേരെ ചീറി. അയാൾ അപ്പോഴും യുവതി പോയ ബൈക്കിനെ നിർന്നിമേഷനായി  നോക്കി നിൽക്കുകയായിരുന്നു. അയാളുടെ കൈ മുട്ട് ഉരഞ്ഞ് അവിടെ നിന്നും ചോര പൊടിച്ചു കൊണ്ടിരുന്നു.
"അവൾ അവളുടേതും കൊണ്ട് പോയി. നീ ഇങ്ങിനെ കയ്യീന്ന് ചോരേം ഒലിപ്പിച്ച്   നിക്കാതെ ഇത്തിരി മരുന്നോ മറ്റോ വെച്ച് കെട്ടടാ പണ്ടാരക്കാലാ...."സരസയായ  വല്യമ്മ അഭിപ്രായപ്പെട്ടപ്പോൾ ബൈക്ക് ഉയർത്താൻ  സഹായിച്ച്   കൊണ്ടിരുന്ന ഞാനും  ചിരിച്ച് പോയി.എന്നിട്ടും ആ പാവം  "അ"  കളഞ്ഞ അണ്ണാനെ  പോലെ  യുവതി പോയ വഴിയേ കണ്ണും നട്ട് നോക്കി നിന്നു.

Wednesday, August 19, 2015

എന്നെ മറന്നു?

പണ്ട് തീവണ്ടിയുടെ ചൂളം വിളികളാൽ മുഖരിതമായ ഈ അന്തരീക്ഷം ഇന്ന്  കാട് കയറി ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണനയിലാണ് . കായലിന്റെ സാമീപ്യമുള്ളതിനാൽ  കപ്പലിൽ  വന്നിറങ്ങിയ സാധനങ്ങൾ  പാളം വഴി ഇവിടെയെത്തി  വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടിയിൽ വിതരണം ചെയ്തിരുന്നുവത്രേ! എറുണാകുളത്തെ പഴയ റെയിൽ വേ സ്റ്റേഷൻ  (ഹൈക്കോടതിയുടെ പുറക് വശം)  നഗര മദ്ധ്യത്തിൽ  ഇത് എന്തെന്ന് തിരിച്ചറിയപ്പെടാതെ      അവശേഷിക്കുന്നു. പഴയ സ്ടേഷന്റെ സ്മരണക്കായി ഈ കെട്ടിടങ്ങൾ  പരിപാലിച്ച്  സൂക്ഷിക്കാമായിരുന്നു.  പരിപാലിക്കാൻ    സമയമില്ലാത്തതിനാൽ അപ്പനേയെയും അമ്മയെയും വൃദ്ധ   സദനത്തിൽ പാർപ്പിക്കുന്ന നമ്മളെന്തിന്  ആ വക മെനക്കെട്ട പണിക്ക് ഒരുങ്ങി  ഇറങ്ങണം?

Sunday, August 9, 2015

ആരെ ഭയപ്പെടാനാണ് ?

ഇന്നലെ രാവിലെ നല്ല തിരക്കുള്ള സമയം കൊട്ടാരക്കര ബസ് സ്റ്റാന്റിൽ കണ്ട ദൃശ്യമാണിത്. അലട്ടലൊന്നുമില്ലാതെ തെരുവ് നായ യാത്രക്കാരുടെ പുറകിൽ ശയിക്കുന്നു .ഏതെങ്കിലും പേ നായ ഈ ജീവിയെ കടിച്ചിട്ടുണ്ടോ എന്ന്  ആർക്കും അറിയാൻ സാധിക്കാത്ത അവസ്ഥയിൽ  അങ്ങിനെ കടി  ഏറ്റിണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അതിന് പേ ഇളകാം. അപ്പോൾ  ആ തിരക്കിൽ സംഭവിക്കുന്നത് എന്തെല്ലാമാണെന്ന് പറയുക അസാദ്ധ്യമാണ് . നൂറ് കണക്കിന് ജീവനക്കാർ  ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ  ആരെങ്കിലും മുൻ കയ്യെടുത്ത്  അതിനെ  തുരത്താൻ സാധിക്കും. അഥവാ തിരക്കുള്ള  പൊതു സ്ഥലത്ത് ആ ജീവിയുടേ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള നടപടികൾ എടുക്കാൻ കഴിയും    പക്ഷേ അവർക്ക് പട്ടിയെ  ഓടിക്കൽ അല്ല ജോലി. അവർക്ക് ഉണ്ണാൻ മാസം  ശമ്പളം കൊടുക്കുവാനുള്ള  ഉറവിടം  യാത്രക്കാരാണെന്നും അവന്റെ സുരക്ഷ തങ്ങളുടെ  കടമയാണുമെന്നുള്ള ബോധം എന്ന്  അവരിൽ ഉണ്ടാകുന്നുവോ അന്ന് ഈ നാട് രക്ഷപെടും.

Friday, August 7, 2015

തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കും

 ബാല്യ കാലസ്മരണകളിലൂടെ     ഊളിയിട്ടപ്പോൾ ആ കാലഘട്ടത്തിലെ    കല്യാണങ്ങൾ കെങ്കേമമാക്കുന്നത്, തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കുമായിരുന്നു  എന്ന്  ഞാൻ തിരിച്ചറിയുന്നു.  കല്യാണത്തിന് തെങ്ങിന്മേൽ കെട്ടിയും വടി വിളക്കും ഉണ്ടെന്ന് പറയുന്നത്   അന്നത്തെ  ആൾക്കാർക്ക് ഒരു  അന്തസായിരുന്നു. തെങ്ങിൻ മേൽ കെട്ടി എന്നാൽ ലൗഡ്  സ്പീക്കർ. വടി വിളക്കെന്നാൽ  റ്റ്യൂബ് ലൈറ്റും. നിറയെ തെങ്ങുകൾ നിറഞ്ഞ് നിന്നിരുന്ന ആലപ്പുഴയിൽ ലൗഡ് സ്പീക്കർ ഉയരത്തിൽ സ്ഥാപിക്കാൻ  തെങ്ങുകൾ ഉപയോഗിച്ചതിലൂടെയാണ്  പ്രസ്തുത സാധനത്തിന്  ഗ്രാമങ്ങളിൽ ആ പേര് വീണത്. പിൽക്കാലത്ത് ലൗഡ് സ്പീക്കർ  ജീവിതത്തിന്റെ ഭാഗമായി തീർന്നു, അടുത്ത കാലം വരെ  അത് തുടർന്നു   .വിവാഹ തലേന്ന്  മൈക്ക് എന്ന് പിന്നീട് അറിയപ്പെട്ട ഈ സാധനം പ്രവർത്തനനിരതമാകുന്നതോടെയാണ്  വിവാഹാഘോഷങ്ങൾ  ആരംഭിക്കുന്നത്. ഞങ്ങൾ കൊച്ച് കുട്ടികൾക്ക്  മൈക്ക് ഓപറേറ്റർ ഒരു അതിശയ പുരുഷനായി  മാറി. ഗ്രാമഫോൺ റിക്കാർഡും അതിന്മേൽ ആലേഖനം ചെയ്യപ്പെട്ട  "സ്പീക്കറിലേക്ക്  ഒരു നായ പാടി കൊടുക്കുന്ന" ചിത്രവും ഞങ്ങളെ ഹരം കൊള്ളിച്ചു.
സരസനായ ഓപറേറ്ററുടെ മനോധർമ്മം അനുസരിച്ചാണ്  ഗ്രാംഫോൺ റിക്കാർഡുകൾ വെക്കുന്നത്. ആദ്യം ഏതെങ്കിലും സിനിമയിലെ ഭക്തിഗാനത്തിൽ തുടങ്ങി പെണ്ണൊരുങ്ങുമ്പോൾ "പുത്തൻ മണവാട്ടീ  പുന്നാര മണവാട്ടിയും"  വരൻ വരുമ്പോൾ "വരണൊണ്ട് വരണോണ്ട് മണവാളനും" പെണ്ണിനെ പുകഴ്ത്തി "മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തിയും" ഗാനങ്ങൾ അലയടിക്കും. പെണ്ണിന്റ്െ  പിതാശ്രീ പിശുക്കനെങ്കിൽ "നാഴൂരി പാൽ കൊണ്ട് നാടാകെ കല്യാണം" ആയിരിക്കും കേൽക്കുക. " മായാ മയനുടെ ലീല, അത് മാനവനറിയും ലീലാ"  എന്നാണ് ഗാനമെങ്കിൽ  ആഹാരത്തിലെന്തോകൃത്രിമം വീട്ട്കാർ കാണിച്ചത് ഓപറേറ്റർക്ക് പിടി കിട്ടിക്കാണുമെന്ന് ഉറപ്പ്.  മട്ടൻ ബിരിയാണി എന്ന് അനൗൺസ് ചെയ്തിട്ട്   പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയിൽ  ആട്ടിറച്ചിയുടെ  എല്ല്  മാത്രം  ഇട്ട് മട്ടനാക്കുന്ന    വേലയോ മറ്റോ കാണിച്ച് കാണും.മണവാട്ടിക്ക് ഒരു പൂർവാനുരാഗ കഥ ഉണ്ടായിരുന്നത് ഓപറേറ്റർക്ക് അറിവുണ്ടെങ്കിൽ പെണ്ണും ചെറുക്കനും വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് നടക്കുമ്പോൾ ""അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു"  എന്ന പാട്ട് നല്ല മൂളിച്ച് ഇടുമെന്ന് ഉറപ്പ്.

  സിനിമാ ടാക്കീസിൽ ഷോ തുടങ്ങുന്നതിന് മുമ്പ് ലൗഡ്സ്പീക്കർ പുറത്ത് കേൾക്കുന്ന വിധം  പ്രവർത്തിപ്പിക്കുക എന്നത് സിനിമാ തുടങ്ങിയിട്ടില്ലാ എന്ന് പ്രേക്ഷകരെ ധരിപ്പിക്കുന്ന ഒരു സിഗ്നൽ ആയിരുന്നു. അത് നിശ്ശബ്ദമാക്കി അകത്ത് സ്ക്രീനിന്റെ പുറകിലേക്ക് മാറ്റിയാൽ  ഷോ തുടങ്ങുന്നു  എന്ന അടയാളമായി മാറും.സിനിമാ ഓപറേറ്റർ മാനേജരുടെ മനസ് അറിഞ്ഞ് പാട്ടുകൾ പുറത്ത്  കേൽപ്പിക്കുന്നതാണ്   പണ്ടത്തെ ഓല കൊട്ടകയിലെ രീതി.  "ഗതിയേതുമില്ലാ തായേ" എന്ന തമിഴ് പാട്ട്ദയനീയമായി മൂളിച്ചാൽ  അകത്ത് കാണികൾ കുറവാണെന്ന്  കരുതാം.  "കണ്ണ് തുറക്കാത്ത   ദൈവങ്ങളേ"  എന്ന പാട്ടാണെങ്കിൽ   പടം കാണാൻ ആരും  കൊട്ടകക്ക് അകത്തില്ല  എന്ന് ഉറപ്പ്.  ഹൗസ് ഫുൾ ആയി  ടിക്കറ്റ്  കിട്ടാതെ  ആൾക്കാർ  മടങ്ങി പോകുമ്പോൾ "പോനാൽ പോകട്ടും പോടാ " എന്ന ഗാനമായിരിക്കും കേൽക്കുക.
ലൗഡ്സ്പീക്കറിന്റെ  സജീവപ്രവർത്തനം  രസകരമായി അനുഭവപ്പെടുന്നത്  സുന്നത്ത് കല്യാണ വേളയിലായിരുന്നു. സുന്നത്ത് കല്യാണം ആഘോഷമായിരുന്ന ആ കാലഘട്ടത്തിൽ തലേന്ന് തന്നെ തെങ്ങിന്മേൽ കെട്ടി  ഉച്ചത്തിൽ പാടി തുടങ്ങിയിരിക്കും. കുട്ടികളെ ഓടിച്ചിട്ട് പിടിച്ച് കൊണ്ട് വരുന്നത് മൗലൂദ് പാരായണം  (പ്രവാചക ചരിതം) ആരംഭിക്കുമ്പോഴാണ്.  ആലപ്പുഴയിൽ അന്ന്  മൗലൂദ് പാരായണത്തിലെ അശറഖാക്ക് എഴുന്നേൽപ്പ് സമയത്താണ് സുന്നത്ത് കർമ്മം നടത്തുന്നത്. എല്ലാവരും എഴുന്നേറ്റ് നിന്ന് "യാ നബീ സലാം അലൈക്കും യാ റസൂൽ സലാം അലൈക്കും"  എന്ന ഈരടികൽ ശ്രവണ സുന്ദരമായി  ഉച്ചത്തിൽ ആലപിക്കുന്നതാണ് അശറഖാ.( പ്രവാചകനെ മദീനാ വാസികൾ തങ്ങളുടെ  നാട്ടിലേക്ക് സ്വാഗതം ചെയതപ്പോൾ പാടിയ ഈ  അർത്ഥ സമ്പുഷ്ടമായ ഗാനം  കുട്ടികളെ സുന്നത്ത് കർമ്മം നടത്തുന്ന കൃത്യം സന്ദർഭത്തിൽ ഉച്ചത്തിൽ ആലപിക്കുന്നതിന്റെ ഗുട്ടൻസ് ഇന്നും എനിക്ക് പിടി കിട്ടിയിട്ടില്ല) ആ സമയം മൈക്ക്   തുറന്ന് വെച്ചാണ്   അഷറഖാ പരിപാടി നടത്തുന്നത്. അടുത്ത  മുറിയിൽ  നിന്നും പയ്യൻസിന്റെ കരച്ചിൽ ലൗഡ്സ്പീക്കറിലൂടെ  പുറത്ത് തൽസമയം കിട്ടിക്കൊണ്ടിരിക്കും. "ഹള്ളോ! പടച്ചോനേ! എന്നെ വിട് മാമാ  ഞാൻ പോട്ടേ  മാമാ...എടാ ഒസ്സാനേ! എന്റെ പുഞ്ഞാണീന്ന് ബിടെടാ ഹമുക്കേ!പന്നി ബലാലേ!""   ഒസ്സാൻ (സുന്നത്ത് നടത്തുന്ന ആൾ) ഇതെത്ര കണ്ടതാ. അയാളുണ്ടോ  ഇതെല്ലാം ശ്രദ്ധിക്കുന്നു. ഉച്ചത്തിലെ നിലവിളിക്ക് ശേഷം പെട്ടെന്ന് നിശ്ശബ്ദത അനുഭവപ്പെട്ടാൽ  ഒരാളുടെ  കണ്ടിപ്പ് കഴിഞ്ഞു എന്ന് മനസിലാകും. അപ്പോൾ കേൽക്കാം "അടുത്തവനെ  പിടി" എന്ന ശബ്ദം.വീണ്ടും ആദ്യ പരിപാടി പുന:പ്രക്ഷേപണം തുടങ്ങും. അങ്ങിനെ മൂന്നും നാലും  പേരുടെ പരിപാടിയായിരിക്കും ഒരേ ദിവസം   നടക്കുക. ഇതെല്ലാംലൗഡ് സ്പീക്കറിലൂടെ  പുറത്ത് കേട്ടാലും ആൾക്കാർക്ക്  അതൊരു    സാധരണ സംഭവമായി അനുഭവപ്പെട്ടിരുന്നു    .  ലൗഡ് സ്പീക്കാർ അത്രക്കും ജനകീയമായി കഴിഞ്ഞിരുന്നല്ലോ!.

കാലം കടന്ന് പോയപ്പോൾ  കല്യാണത്തിന് ആരും മൈക്ക് ഉപയോഗിക്കാതായി. ഗ്രാമഫോൺ റിക്കാർഡുകൾക്ക് പകരം സീ.ഡി. കാസറ്റുകൾ  വന്നു. പാട്ടുകൾക്ക് പകരം കല്യാണ വീടുകളിൽ മരങ്ങളിൽ   എല്യൂമിനേഷൻ ലൈറ്റ് തൂങ്ങി, ഡിസ്കോ ഡാൻസുകൾ അരങ്ങേറി. ഓലക്കൊട്ടകകളും പാട്ട് വെപ്പും എങ്ങോ പോയി. സുന്നത്ത് ഡോക്റ്ററന്മാർ ആശുപത്രികളിൽ നടത്തി. കുട്ടികളെ വേദന അറിയിക്കാതിരിക്കാൻ കുത്തിവെപ്പുകൾ  പ്രയോഗിച്ച് തുടങ്ങി.
   തെങ്ങിൻ മേൽ കെട്ടികൾ  കാലത്തിന്റെ കുത്തൊഴുക്കിൽ  എങ്ങോ പോയി മറഞ്ഞിരിക്കുന്നു.