Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Friday, August 22, 2025

മറന്നുവോ സഖീ...

 ചില കഥകൾ ചില പാട്ടുകൾ    കൗമാര --യൗവ്വനാരംഭ പ്രണയ കാലത്തേക്ക്    നമ്മളെ കൊണ്ടെത്തിക്കും. എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള  സംഭവങ്ങളായാലും  അൽപ്പം പോലും പൊടി തട്ടാതെ അതേ തീവൃതയോടെ  ആ രംഗങ്ങൾ മനസ്സിൽ പാഞ്ഞെത്തും.

അപ്രകാരമൊരു ഗാന രംഗമായിരുന്നു അടുത്ത കാലത്ത് നിര്യാതനായ  കലാഭവൻ നവാസ്  അവതരിപ്പിച്ച  “മറന്നുവോ സഖീ..“ എന്ന ഗാനരംഗം.

മറന്നുവോ സഖീ പഴയൊരീ നടവഴി

പ്രാണൻ പോകുന്ന പോലെടീ, കണ്ണടഞ്ഞാലുമെൻ കണ്മണീ

ഉള്ളുറങ്ങൂലാ  പെൺ മണീ...ആരീ രാരീരോ.............

ഈ വരികൾ മനസ്സിനെ വല്ലാതെ സ്പർശിക്കുകയും. ഓർമ്മകൾ ദൂരെ ദൂരെ എന്നെ കൊണ്ട് പോവുകയും ചെയ്തു.

 വസന്തം പൂത്തുലഞ്ഞ് നിന്ന ഒരു കാലഘട്ടം. ഇനി ഒരിക്കലും തിരിച്ച് വരാൻ കഴിയാത്ത കാലഘട്ടം. ഇത് വായിക്കുന്ന നിങ്ങൾക്കുമുണ്ട് അപ്രകാരമൊരു കാലഘട്ടം.  അവിടവും  കഴിഞ്ഞെത്തിയ നമ്മൾ ആ കാലം മനസ്സിന്റെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ച് പുതിയ കാലത്തിലേക്ക് കടന്നുവെങ്കിലും ഇത് പോലെ ഒരു ഗാനമോ  ഗാന രംഗമോ കാണുമ്പോൾ മാറ്റി വെച്ച ഭാഗത്ത് നിന്നും ഓർമ്മകൾ തല പൊക്കി മറന്നുവോ സഖീ എന്ന് നമ്മളെ വിളിച്ച്  പുളകം കൊള്ളിക്കുന്നില്ലേ!

പിന്നെപ്പോഴോ എവിടെയെങ്കിലും എന്നെങ്കിലും കണ്ട് മുട്ടിയാൽ തന്നെ  എല്ലാം മറച്ച് വെച്ച് സുഖമാണോ എന്നൊരു സാദാ ചോദ്യത്തിൽ നാം എല്ലാം ഒതുക്കുന്നു.

ഈ ഗാനം എന്നെ ആലപ്പുഴ വട്ടപ്പള്ളിയിൽ കൊണ്ട് പോയി,  ആ പഴയ വേലിക്കെട്ടും  വള കിലുക്കവും വെണ്ണിലാവിൽ  കുളിർന്ന് കിടക്കുന്ന മണൽപ്പുറവും തെളിമയോടെ എനിക്ക്   കാട്ടി തന്നു ചോദിക്കുന്നു.  മറന്നുവോ സഖേ!....

സുഗന്ധം പരത്തി നിന്ന പനി നീർ പൂവിന്റെ ആ കാലത്തിലെ  എല്ലാവരും എവിടെയോ എങ്ങോട്ടോ പോയി.  അവർ ഭാര്യയും ഭർത്താവും  അഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമാണ് ഇപ്പോൾ. 

എങ്കിലും ഒന്നു മൂളിക്കൊള്ളട്ടെ “ മറന്നുവോ സഖീ.....






 


Friday, February 14, 2025

കടന്ന് പോയി ഒരു വർഷം


 ഇന്നേക്ക് ഒരു വർഷം മുമ്പ് അതായത് 2024 ഫെബ്രുവരി പതിനാലാം തീയതി പുലർച്ച ഒന്നരമണിക്ക് ഒരു ഫോൺ കാൾ.

അസമയത്തെ ഫോൺ കാൾ പരിഭ്രാന്തി മനസ്സിൽ പടർത്തും. മകൻ ഷിബു ആശുപത്രിയിൽ ആയിരുന്നല്ലോ. അതിനാൽ ഭയം കൂടുതലായി. എന്തായാലും മനസ്സിന്  ദാർഡ്യം വരുത്തി ഫോൺ എടുത്തു.

ഷിബു മരിച്ചു. ഫോണിലൂടെ ആ വിവരം കിട്ടി. എന്റെ ജീവിതത്തിൽ എന്നെ ആദ്യം വാപ്പാ എന്ന് വിളിച്ചവൻ. അവൻ പോയിരിക്കുന്നു. വേദനകളുടെ ലോകത്ത് നിന്നും  എന്നെന്നേക്കുമായി സമാധാനത്തിന്റെ ലോകത്തേക്ക് പോയി.

മനസ്സിൽ തുളുമ്പി നിന്നിരുന്ന അത്യധികമായ ദു:ഖത്തെ  അമർത്തി ശബ്ദത്തിൽ കർശനതയും ദേഷ്യവും വരുത്തി  (എന്റെ സങ്കടത്തെ മറച്ച് വെക്കാനുള്ള ശ്രമമായിരുന്നത്) ഫോൺ വിളിച്ചയാളോട് അവ്ന്റെ  മയ്യത്ത് അടക്കുന്നതിനെ സംബന്ധിച്ചും മറ്റും സംസാരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് അവന്റെ മയ്യത്ത് സംസ്കരണത്തെ പറ്റിയും പിന്നെ ഞാൻ ചെയ്യേണ്ട ചില വിഷയങ്ങളെ പറ്റിയും അവൻ എന്നോട് സംവദിച്ചിരുന്നിരുന്നു. വൃക്ക രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ എത്തിയ അവൻ മരണത്തെ മുമ്പിൽ കണ്ടിരുന്നതിനാൽ സാധാരണ കാര്യം ചർച്ച ചെയ്യുന്നത് പോലെയായിരുന്നത്.  അപ്പോഴും അവൻ പോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ എപ്പോഴും അങ്ങിനെ തന്നെയായിരുന്നു.  ഏത് ഗുരുതര വിഷയവും  തമാശ രൂപേണ അവതരിപ്പിക്കും. ഒരു വിഷയവും അവന് ഗുരുതരമല്ലായിരുന്നു  സ്വന്തം മരണം പോലും. എന്തെല്ലാം അനുഭവങ്ങളിലൂടെ അവൻ കടന്ന് പോയിരിക്കുന്നു.അവനെ എത്രമാത്രം ഞാൻ ശകാരിച്ചിരുന്നു. മറ്റൊരു തരത്തിൽ  എന്നിൽ നിന്നും അവന് കുറ്റപ്പെടുത്തലേ കിട്ടിയിരുന്നുള്ളൂ. അതിനെ പറ്റിയും അവൻ ആരോടോ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:-

“വാപ്പായുടെ രണ്ട് വഴക്ക് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ലാ“ 

ഇപ്പോൾ ആരും വഴക്ക് പറയാത്തിടത്തേക്ക് എന്റെ മോൻ പോയിട്ട് ഒരു വർഷമായി. ഞാൻ എത്രമാത്രം  അവനെ സ്നേഹിച്ചിരുന്നെന്ന് എനിക്കല്ലേ അറിയൂ...നിന്റെ ഓർമ്മയിന്മേൽ രണ്ടിറ്റ് കണ്ണീർ.....

Friday, January 24, 2025

ഉമ്മാ ഇന്നും മനസ്സിൽ....

 ചെന്നിണം പടിഞ്ഞാറേ മാനത്ത് പരന്ന് തുടങ്ങിയതേ ഉള്ളൂ.

പക്ഷികൾ ചേക്കേറാൻ ബഹളമുണ്ടാക്കി പറന്ന് കൊണ്ടിരുന്ന  ആ നേരം സന്ധ്യയുടെ  മൗന  രാഗത്തിലൂടെ ഉമ്മായുടെ ശബ്ദം ഒഴുകി വന്ന് കൊണ്ടിരുന്നു.  ഷരീഫേ!.....

ഉമ്മാ വിളിക്കുകയാണ്. കളി നിർത്തി പൂഴി മണ്ണിൽ നിന്നും ഓടിചെന്നപ്പോൾ തൊട്ടടുത്തുള്ള കുളത്തിൽ നിന്നും വെള്ളം കോരി വെച്ച് ഉമ്മാ കാത്ത് നിൽക്കുന്നു  എന്നെ കുളിപ്പിക്കാൻ. ഉടുത്തിരുന്ന നിക്കർ ഊരി കളഞ്ഞ് തുടയിൽ രണ്ട് നുള്ളും തന്ന് ഉമ്മാ ചോദിച്ചു. “എവിടെ ആയിരുന്നെടാ ഇത്രേം നേരം....“

തണുത്ത വെള്ളം ശരീരത്ത് വീണപ്പോളുള്ള സുഖത്താൽ തുള്ളി ചാടിക്കൊണ്ടിരുന്നപ്പോൾ  ഉമ്മാ ചോദിച്ചു.

,“ഇത്രേം വലുതായിട്ടും ഇന്നീം ഞാൻ വേണോ നിന്നെ കുളിപ്പിക്കാൻ“

“ഞാൻ വലുതായാലും  ഉമ്മാ എന്നെ കുളിപ്പച്ചാൽ മതി“ എന്ന എന്റെ മറുപടി കേട്ടപ്പോൾ മുറുക്കി ചുവപ്പിച്ചിരുന്ന ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതു ഇന്നും എന്റെ ഓർമ്മയിലുണ്ട്.

എത്രയോ വർഷങ്ങൾക്ക് സേഷം ആ പുഞ്ചിരി ഒരിക്കൽ കൂടി ഞാൻ കണ്ടു, ഉമ്മായുടെ അന്ത്യ നിമിഷങ്ങളിൽ.

കോടതി  ആവശ്യങ്ങൾക്കായി കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോയ ഞാൻ അന്ന് കുന്നിക്കോടെത്തിയപ്പോൾ ഉള്ളിൽ പെട്ടൊന്നൊരു വിളി. “ഷരീഫേ!...“

മനസ്സിലെന്തോ ഒരു വിങ്ങൽ. കഴിഞ്ഞ ദിവസം ആലപ്പുഴ ആശുപത്രിയിൽ ആയിരുന്ന ഉമ്മായെ  ഞാൻ പോയി കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട് തിരിച്ച് വന്നതാണല്ലോ. എന്തായാലും ഞാൻ ബസ്സിൽ നിന്നിറങ്ങി ആലപ്പുഴക്ക് തിരിച്ചു. സന്ധ്യ ആയി ആശുപത്രിയിലെത്തിയപ്പോൾ. 

ഉമ്മാ ഊർദ്ധൻ വലിക്കുകയാണ്. പെങ്ങൾ പറഞ്ഞു.“ഉമ്മാ...ദാ...ഷരീഫ് വന്നു...“

ശ്വാസം കിട്ടാൻ പയാസപ്പെടുന്ന ആ നിമിഷത്തിലും ഉമ്മായുടെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. എന്റെ മുഖത്തേക്ക് കണ്ണുകൾ തിരിഞ്ഞു. അൽപ്പ നേരം കഴിഞ്ഞു  ഉമ്മാ പോയി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം ഇന്നത്തെ ദിവസമായിരുന്നു.

ആലപ്പുഴ  പടിഞ്ഞാറെ ജുമാ മസ്ജിദിലെ  പഞ്ചാര പോലെ വെളുത്ത മണ്ണൂള്ള പള്ളി പറമ്പിൽ  ഉമ്മാ ഉറങ്ങുന്നു.

ഉമ്മാക്ക് സ്വർഗം ലഭിക്കുമാറാകട്ടെ......എല്ലാ ദിവസത്തേയും പോലെ ഇന്നും ഞാൻ പ്രാർഥിക്കുന്നു.ഈ ലോകത്ത് നിന്നും ഉമ്മാ പോയ ദിവസമാണല്ലോ ഇന്ന്...


Monday, February 19, 2024

ഓർമ്മകൾ മരിക്കുന്നില്ല....


 പഴയ ഫയലുകൾ പരതി കൊണ്ടിരുന്നപ്പോൾ  ഈ ഫോട്ടോ കണ്ണിൽ പെട്ടു. ഞാൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്ന എന്റെ ചെറുകഥാ സമാഹാരത്തിന്റെ  കവർ പേജായിരുന്നു അത്. ഇത് തയാറാക്കിയ  ആൾ  കഴിഞ്ഞ  ദിവസം (14--2--2024) പുലർച്ച  ഒരു മണിയോടെ  ഈ ലോകം വിട്ടു യാത്ര ആയി. എന്റെ മൂത്ത മകൻ ഷിബു.

പുസ്തകം തയാറാക്കുന്ന വിവരം അവനെ അറിയിച്ചപ്പോൾ രണ്ട് ദിവസത്തിനകം  ഈ കവർ ചിത്രം അവൻ രൂപപ്പെടുത്തി  എനിക്ക് അയച്ച് തന്നു. അപ്പോൾ എനിക്കത് ഉപയോഗിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആ പുസ്തകം “മാക്സിയും ബെർമൂഡയും എന്ന പേരിൽ  വേറെ കവർ ചിത്രത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഈ കവർ ഫോട്ടോ  പഴയ ഫയലുകളിൽ സുഖനിദ്രയിലായി..

അവൻ ഈ ലോകം വിട്ട് പോയതിന് ശേഷം  ഒരു നിമിത്തം എന്ന പോലെ ഈ ഫോട്ടോ ഇപ്പോൾ എന്റെ  ശ്രദ്ധയിൽ വന്നിരിക്കുന്നു. അവന്റെ  കഴിവുകൾ  ഓർമ്മിപ്പിക്കാൻ. 

 ഒരു അക്കാദമിക്ക് യോഗ്യതയുമില്ലാത്ത അവൻ കമ്പ്യൂട്ടറിന്റെ ആചാര്യനായിരുന്നു. എന്റെ പുതിയ പുസ്തകമായ “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും“ എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ രൂപ രേഖയും അവന്റെ ബുദ്ധിയിൽ ഉദിച്ചതാണ്. ഈ നാട്ടിൽ പലരും കമ്പ്യൂട്ടറിൽ  ഹരിശ്രീ കുറിച്ചത് അവനിൽ നിന്നുമായിരുന്നെന്ന് അവന്റെ മരണ വിവരം അറിഞ്ഞെത്തിയ  ആൾക്കാരിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു.

കമ്പ്യൂട്ടറായിരുന്നു അവന് എല്ലാം. ആ കമ്പ്യൂട്ടർ ഭ്രാന്ത് തന്നെ അവനെ തകർക്കുകയും ചെയ്തുവല്ലോ.

ഇപ്പോൾ ഈ സമയം പുറത്ത്  കുംഭ നിലാവ് പരന്നൊഴുകയാണ്. ഈ നിലാവ് തന്നെ കൊട്ടാരക്കര ഖബർസ്ഥാനിലും  പെയ്തിറങ്ങുന്നു.. എന്റെ മകൻ  ആ പുരയിടത്തിൽ ഒരു ഭാഗത്ത് അവന്റെ വിശ്രമ സ്ഥലത്ത് ശാന്തമായുറങ്ങുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും അകന്ന് അത്യുന്നതമായ സമാധാനത്തിന്റെ ശീതള ഛായയിൽ അവൻ ഉറങ്ങുന്നു. അവൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കരുണാമയനായ സൃഷ്ടാവ് അവന് സ്വർഗ പൂങ്കാവനത്തിൽ ഇടം കൊടുക്കുവാനായി ഈ പിതാവ് പ്രാർത്ഥിക്കുന്നു. ഉറങ്ങു മകനേ! ശാന്തമായുറങ്ങൂ.......

Thursday, January 25, 2024

20 വർഷങ്ങൾ കടന്ന് പോയി........


 ഉമ്മാ ഇല്ലാത്ത 20 വഷങ്ങൾ കടന്ന് പോയിരിക്കുന്നു.

തിളങ്ങി നിന്നിരുന്ന ഒരു പകലിന്റെ  അന്ത്യത്തിൽ ഉമ്മായുടെ ശബ്ദം അന്തരീക്ഷത്തിലൂടെ അലയടിച്ച് വന്നു. ശരീഫേ!...നീ എവിടെയാണ്?

മൈതാനത്ത് കളിച്ച് കൊണ്ടിരുന്ന കൂട്ടുകാരെ  വിട്ട് ഞാൻ ഓടി ചെന്നപ്പോൾ എന്നെ പിടികൂടി നിറയെ വെള്ളം കോരി വെച്ചിരുന്ന അലൂമിനിയം ചരുവത്തിനടുത്ത്  നിർത്തി തല വഴി ഉമ്മാ വെള്ളം കോരി ഒഴിച്ചു. ശരീരത്തിൽ വെള്ളം വീണ സന്തോഷത്താൽ ഞാൻ തുള്ളി ചാടിയപ്പോൾ എന്റെ പുറക് വശത്ത് ചെറുതായി ഒന്നടിച്ചിട്ട്  ഉമ്മാ വഴക്ക് പറഞ്ഞു “ അടങ്ങി നിൽക്കെടാ സുവ്വറേ!“ 

റെക്സോണ സോപ്പ് ആദ്യമായി ഉപയോഗിച്ചത് അന്നാണെന്ന് തോന്നുന്നു. കാരണം റെക്സോണയുടെ മണം മൂക്കിലടിക്കുമ്പോഴൊക്കെ ഇപ്പോഴും അന്നത്തെ ആ തെങ്ങിൻ ചുവട്ടിൽ വെച്ച് സായാഹ്നത്തിൽ ഉമ്മാ കുളിപ്പിക്കുന്ന കാര്യം ഓർമ്മ വരും. ഗന്ധങ്ങൾക്ക് ഓർമ്മകൾ കൊണ്ട് വരാനുള്ള കഴിവുണ്ടല്ലോ.

ഇന്നും ആഗ്രഹിച്ച് പോകുന്നു, ഉമ്മാ എന്നെ ആ തെങ്ങിൻ ചുവട്ടിൽ കൊണ്ട് നിർത്തി റെക്സോണ ഉപയോഗിച്ച് ഒന്ന് കൂടി കുളിപ്പിച്ചിരുന്നെങ്കിൽ. ഇന്ന് ആ തെങ്ങില്ല, ഉമ്മായുമില്ല, ആ സ്ഥലങ്ങളെല്ലാം ആകെ മാറിയിരിക്കുന്നു.ഞാനും നാട് വിട്ടിരിക്കുന്നു. പക്ഷേ ഓർമ്മകൾക്ക് മരണമില്ലല്ലോ.

എന്തെല്ലാം പ്രശ്നങ്ങളിൽ കൂടി കടന്ന് പോകുമ്പോഴും മനസ്സിന്റെ ഭാരം കുറക്കാൻ  ഉമ്മായുടെ സാമീപ്യം കൈക്കൊണ്ട ഔഷധമായിരുന്നു. അവർക്ക് എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ  കഴിവില്ലായിരുന്നെങ്കിലും ഉമ്മായോട് വിഷമങ്ങൾ ചുമ്മാ പറയുന്നത് ഒരു ആശ്വാസമായിരുന്നു. എല്ലാം കേട്ടിരുന്നിട്ട്  പിന്നെ അവർ പതുക്കെ പറയും “ എല്ലാ വിഷമവും മാറ്റി തരുമെടാ...മുകളിലിരിക്കുന്നവൻ...“

ജീവൻ പിരിയുന്നതിനു മുമ്പ്  അവസാന സമയത്ത് ആലപ്പുഴ കൊട്ടാരം ആശുപത്രിയിൽ ഓടി ചെല്ലാൻ എനിക്ക് സാധിച്ചു. ആലപ്പുഴ പടിഞ്ഞാറേ  ജമാ അത്ത് പള്ളി പറമ്പിലെ പഞ്ചാര മണ്ണ് നിറഞ്ഞ കബറിടത്തിൽ ഉമ്മാ അപ്രത്യക്ഷമാകുന്നത് നോക്കി നിന്നപ്പോൾ ആ വേർപാട്  ജീവിതത്തിൽ ഇത്രത്തോളം ശൂന്യത സൃഷ്ടിക്കുമെന്നും  കരുതിയില്ല. ഇന്ന് ജീവിത സംഘർഷങ്ങളിൽ പെടുമ്പോൾ  ഉമ്മായുടെ വില തിരിച്ചറിയുന്നു. ഭാരങ്ങൾ ഇറക്കി വെക്കാൻ പിന്നീട് അവലംബമായിരുന്ന മൂത്ത സഹോദരിയും അൽപ്പ വർഷങ്ങൾ കഴിഞ്ഞ് ഉമ്മാക്ക് കൂട്ടിന് പള്ളി പറമ്പിൽ പോയി. അതോടെ ജീവിതത്തിലെ ശൂന്യത പൂർത്തിയായി.

ഇന്ന് ഈ ഇരുപത് വർഷങ്ങൾക്ക് ശേഷവും ഓർമ്മകൾ എന്നെ വിട്ട് പിരിഞ്ഞിട്ടില്ല. ഉറ്റവരെ കുറിച്ചുള്ള ഓർമ്മകളും സന്തോഷ പ്രദമാണല്ലോ.

Sunday, September 17, 2023

കൊച്ചി മട്ടാഞ്ചേരിയിലെ....

 കൊച്ചി മട്ടാഞ്ചേരിയിലെ

കൊച്ച് കോണിൽ നിന്ന്

പൊന്നു മോനാം സൈതുവിന്റെ

ഉമ്മയാണ് ഞാനേ....

പഴയ മാപ്പിള പാട്ടിന്റെ ഈണത്തിൽ  ഈ വരികൾ പണ്ടൊരു ഇലക്ഷൻ സമയത്ത് ആലപ്പുഴയിലും കൊച്ചിയിലും  കമ്മ്യൂണിസ്റ്റുകാർ  പാടി നടന്നു.

ഞാൻ അന്ന് വളരെ കുഞ്ഞാണ്. എങ്കിലും  ആ പാട്ടിന്റെ കരളലിയിക്കുന്ന ഈ ണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ഉമ്മാ പാടുന്ന പാട്ടായാണ് ആ ശോക ഗാനം അന്ന് അവതരിപ്പിച്ചിരുന്നത്. മുതിർന്ന ആരോടോ ചോദിച്ചപ്പോൾ  ഒരു ഉമ്മായുടെ  മകനായ സെയ്തു എന്നൊരു പയ്യനെ പോലീസ് വെടി വെച്ചു കൊന്നു എന്നും മട്ടാഞ്ചേരിയിലാണ്`ആ സംഭവം നടന്നത് എന്നും പറഞ്ഞ് തന്നു. പോലീസുകാരെ ഒട്ടും തന്നെ ഇഷ്ടമില്ലാത്ത എനിക്ക് ഇതു കൂടി കേട്ടപ്പോൾ ഒന്നു കൂടി പക തോന്നി.. തുടർന്ന് ഞങ്ങളുടെ വീടിന് സമീപമുള്ള  മൈതാനത്ത് അരിവാൾ ചുറ്റിക  കൊത്തിയ തകര പാട്ടക്കുള്ളിൽ റാന്തൽ വിളക്ക് കത്തിച്ച് മുള നാട്ടി സ്ഥാപിക്കുന്നതിൽ തൊഴിലാളികൾ പങ്കെടുത്തപ്പോൾ കുഞ്ഞായ ഞാനും  ദിവസവും  പങ്കെടുത്തു. ആ ഉമ്മായുടെ കരച്ചിൽ അത്രത്തോളം മനസ്സിനെ സ്പർശിച്ചിരുന്നുവല്ലോ.

അന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ടിവി. തോമസ് ആയിരുന്നെന്നാണ് ഓർമ്മ. എതിർ സ്ഥാനാർത്ഥി ആരാണെന്ന് ഓർമ്മിക്കുന്നില്ല.1956ലോ 1957ലോ ആണ് തെരഞ്ഞെടുപ്പെന്ന് തോന്നുന്നു.

പിൽക്കാലത്ത്  കുഞ്ഞ് നാളിൽ കേട്ട ഈ പാട്ടിന്റെ ഉൽഭവം തപ്പി നടന്നപ്പോൾ  സംഭവം ചുരുൾ നിവർന്നു വന്നു.

കൊച്ചിയിൽ നടന്ന ചാപ്പ സമരത്തോടനുബന്ധിച്ച്   പോലീസ് നടത്തിയ നര നായാട്ടിൽ മരിച്ച സെയ്തുവിനെ സംബന്ധിച്ചായിരുന്നു ആ പാട്ട്. 1953 സെപ്റ്റംബർ 15 തീയതിയിലായിരുന്നു ആ വെടി വെപ്പ്.

രാവിലെ ജോലിക്ക് തയാറായി വരുന്ന അനേകം തൊഴിലാളികളിൽ കുറച്ച് പേർക്ക് മാത്രമേ തൊഴിൽ ലഭിക്കുകയുള്ളൂ. പട്ടിണി താണ്ഡവമാടുന്ന ആ കാലത്ത്  തൊഴിൽ കിട്ടിയാലേ വീട്ടിൽ അടുപ്പ് പുകയുള്ളൂ. അത് കൊണ്ട് എല്ലാ തൊഴിലാളികളും രാവിലെ മുതൽ തന്നെ പോർട്ടിൽ ഹാജരാകും. കോണ്ട്രാക്ടറന്മാരുടെ  ആൾക്കാർ തൊഴിലാളികളുടെ കൂട്ടത്തിന് നേരെ ചാപ്പ (ടോക്കൺ) എറിയും. പിന്നെ ഒരു പൊരിഞ്ഞ ഉന്തും തള്ളും നടക്കും ചാപ്പ കിട്ടിയവർക്ക് ജോലി അല്ലാത്തവർക്ക് വീട്ടിൽ പോകാം.

ഈ പരിപാടിക്കെതിരെ യൂണിയനുകൾ സമരത്തിലായി, തുടർന്നാണ് വെടി വെപ്പ് ഉണ്ടായത്. ആ വെടി വെപ്പിൽ സെയ്തു, സെയ്താലി, ആന്റണി എന്നീ തൊഴിലാളികൾ മരിച്ച് വീണു. സെയ്തുവിന്റെ മാതാവ് പാടുന്നതായുള്ള ഈരടികൾ ആരോചമച്ച് തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ആലപിച്ചിരുന്നു.

കാലം ഓടി പോയി. മിനഞ്ഞാന്ന് സെപ്റ്റംബർ 15 ആയിരുന്നു. സെയ്തു മരിച്ച് 70 വർഷം  കഴിഞ്ഞു.

 എന്നാലും കൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ മനസ്സിൽ ഈ ചാപ്പ സമരവും സെപ്റ്റംബർ 15ലെ  വെടി വെപ്പും നിലനിൽക്കും. കാരണം ഇപ്പോൾ അവർ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചാപ്പ സമരത്തെ തുടർന്ന്  ലഭിച്ചതാണല്ലോ.

Sunday, May 14, 2023

മാതൃ ദിനത്തിൽ

 ഇന്ന് മാതൃ ദിനം.

റേഷൻ കാർഡും അമ്പത് പൈസായുടെ നാണയവും തുണി സഞ്ചിയും  കയ്യിൽ തന്നിട്ട് ഉമ്മാ എന്നെ  അരി വാങ്ങാൻ റേഷൻ കടയിലേക്ക് അയച്ചു. ഞാൻ അവിടെ വെച്ച് തന്നെ നാണയം സഞ്ചിയിലേക്ക് ഇടാൻ ഭാവിച്ചപ്പോൾ ഉമ്മാ എന്നോട് പറഞ്ഞു. “എടാ സഞ്ചിക്ക് ഓട്ടയുണ്ട് പൈസാ കളഞ്ഞേച്ച് ഇവിടെ വന്നാൽ നിന്നെ ഞാൻ കൊല്ലും....“  ഒന്ന് മടിച്ച് ഞാൻ കൈ പിൻ വലിച്ചെങ്കിലും നിക്കറിന്റെ പോക്കറ്റിനും ഓട്ടയുള്ളതിനാൽ  ഉമ്മാ കാണാതെ നാണയം ഞാൻ സഞ്ചിയിൽ തന്നെ ഇട്ടു.

ആലപ്പുഴ വട്ടപ്പള്ളിയിലെ റേഷൻ കടയിൽ പാഞ്ഞെത്തിയ ഞാൻ സഞ്ചിയിൽ കയ്യിട്ട് നോക്കിയപ്പോൾ നാണയം കാണാനില്ല.. എന്റെ കാലിൽ നിന്നും ഒരു ആളൽ ഉച്ചി വരെ വ്യാപിച്ചു.  ഇന്നലയേ ഞങ്ങളുടെ അടുപ്പ് നല്ലവണ്ണം പുകഞ്ഞിട്ടില്ല. ഇന്ന്  വാപ്പാ പൈസാ കൊടുത്ത ഉടൻ ഉമ്മാ എന്നെ അരി വാങ്ങാൻ ചുമറ്റലപ്പെടടുത്തിയത്  ഇതാ ഇങ്ങിനെയായി.

ഉമ്മായുടെ ദേഷ്യവും ദയനീയതയും നിറഞ്ഞ മുഖം  പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വീട്ടിലെത്തിയത്. വാതിൽക്കൽ തന്നെ ഉമ്മാ നിൽപ്പുണ്ട്. എന്നെ കണ്ട ഉടനെ ഉമ്മാ ചോദിച്ചു “ എന്തെടാ ...അരി വാങ്ങിയില്ലേ........?

“ അത് ഉമ്മാ....പൈസ്സാ.......“

സഞ്ചിയുടെ ഓട്ടയിൽ കൂടി പോയല്ലേ.....? ഉമ്മായുടെ മുഖത്തിന്റെ കോണിൽ  ഹാസ്യം നിറഞ്ഞ ഒരു ചിരി ഉള്ളത് പോലെ  തോന്നിയെനിക്ക്......

“നിന്നോട് ഞാൻ പറഞ്ഞ് പൈസ്സാ സഞ്ചിയിലിടരുതെന്ന്.....നീ കേട്ടില്ലാ....ഞാൻ കാണാതെ സഞ്ചിയിലിട്ടു.....അത് പുറത്ത് പോയി....പൈസ്സാ മുറ്റത്ത് കിടന്നു...“ 

എന്നിട്ടുമ്മാ  എന്നെ പുറകേ വിളിക്കാൻ വയ്യായിരുന്നോ...? എന്റെ പരിഭവം ഞാൻ മറച്ച് വെച്ചില്ല....

എന്തിന്....പറഞ്ഞാൽ അനുസരിക്കാത്തതിന്  ഇത്തിരി പേടിക്കട്ടേയെന്ന് ഞാനും കരുതി...നീ തിരികെ വരാതെ എവിടെ പോകാനാ...എടാ തായ് ചെല്ല് കേൾക്കാത്ത വവ്വാൽ  തല കീഴും കാൽ മേളിലും......“ ഉമ്മാ പറഞ്ഞു...

ആ കഥ എന്താ ഉമ്മാ....വവ്വാലിന്റെ.....

“ കഥ പറയാനാ നേരം...പോയി അരി വാങ്ങെടാ സുവ്വറേ......“

ആ കഥ എന്താണെന്ന് ഉമ്മാ പിന്നീടും പറഞ്ഞ് തന്നില്ല പിന്നെ ഒരിക്കലും പറഞ്ഞ് തന്നില്ല  ഇപ്പോൾ ഉമ്മാ യാത്ര  പോയി 18 വർഷവും മൂന്ന് മാസവും 17 ദിവസവുമായി.

ഇന്ന് മാതൃ ദിനത്തിൽ  ഉമ്മായുടെ ഓർമ്മയിൽ ഈ കഥയും ഓർത്ത് പോയി.


Sunday, April 16, 2023

ഉഷാർ ബാബാ ഉഷാർ

രാവിന്റെ അന്ത്യ യാമങ്ങളിൽ  എപ്പോഴോ ആ ശബ്ദം ആലപ്പുഴ വട്ടപ്പള്ളിയിലെ  ഇടവഴികളിൽ മുഴങ്ങി.  “ഉഷാർ ബാബാ...ഉഷാർ.“.

അത്താഴക്കൊട്ടുകാരൻ ഖാലിദിക്കാ ആണ്.

നോമ്പ് കാലത്ത് രാത്രിയിൽ വളരെ വൈകി കഴിക്കുന്ന അത്താഴത്തിന്   വിശ്വാസികളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ  പണ്ട് മുതൽക്കേ ഖാലിദിക്കാ പതിവായി ചെയ്യുന്ന  സേവനമാണ്  അറബനാ മുട്ടി  ഉഷാർ ബാബാ  ഉഷാർ.. വിളിയും തുടർന്ന് ഈണത്തിൽ പാടുന്ന ബൈത്തുകളും. അയാൾക്ക് പ്രതിഫലമായി നോമ്പ് ഇരുപത്തേഴാം രാവ് എല്ലാവരും എന്തെങ്കിലും കൈ മടക്ക് കൊടുക്കും.

അന്ന് മൊബൈൽ ഫോണോ  സമയമറിയിച്ച്  ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കാൻ കഴിയുന്ന മറ്റ് സംവിധാനങ്ങളോ  നിലവിലില്ലല്ലോ.

ഖാലിദിക്കായുടെ  വിളിച്ച് പറയലും ബൈത്ത് പാട്ടും അറബനാ മുട്ടും കേട്ട് മുതിർന്നവർ എഴുന്നേൽക്കുകയും  പകലത്തെ നോമ്പിനാൽ ക്ഷീണിച്ച് ഉറങ്ങുന്ന ഞങ്ങൾ കുട്ടികളെ തട്ടി എഴുന്നേൽപ്പിക്കുകയും ചെയ്യുന്നു. പാതി ഉറക്കത്തിൽ മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ അരണ്ട  വെളിച്ചത്തിൽ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം അത് റേഷനരി ചോറോ ചമ്മന്തി അരച്ച് കൂട്ടാനോ അതെന്തായാലും  കഴിച്ച് തീരുമ്പോൾ  ഉമ്മാ നിയ്യത്ത് പറഞ്ഞ് തരും. നാളത്തെ നോമ്പ് നോൽക്കുന്നു എന്ന  തീരുമാനം ഏറ്റ് പറയുന്ന ഒരു ചടങ്ങാണ് നിയ്യത്ത്. (തീരുമാനം,  ശപഥം, പ്രതിജ്ഞ. എന്നൊക്കെ അർത്ഥം കൽപ്പിക്കാം നിയ്യത്തിന്)

ഉമ്മാ എനിക്ക് നിയ്യത്ത്  ചൊല്ലിതരുന്നത് ഞാൻ ഏറ്റ് ചൊല്ലും 

“ നബൈത്തു, സൗമ ഖദിൻ, അൻ അദായി, ഫർളി റമളാനി  ഹാദിഹി സനത്തി ലില്ലാഹി ത ആലാ...“ എന്നിട്ട് അതിന്റെ അർത്ഥവും ചൊല്ലി തരും “ ഈ വർഷത്തെ റമദാൻ മാസത്തിലെ   ഫർളായ (നിർബന്ധ കർമ്മം) നാളത്തെ റമദാൻ നോമ്പിനെ അള്ളാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ കരുതി ഉറപ്പിക്കുന്നു..“

ഇത് ചൊല്ലിക്കഴിയുമ്പോൾ ഉറക്കം കൺ പോളകളെ  തഴുകുന്നുണ്ടാകും. അപ്പോഴും ഖാലിദിക്കായുടെ അറബനാ മുട്ട് ശബ്ദവും ഉഷാർ  ബാബാ  ഉഷാർ വിളിയും  ദൂരെ ദൂരെ കമ്പിക്കകം വളപ്പിൽ നിന്നും രാത്രിയുടെ നിശ്ശബ്ദതയിൽ ഒഴുകി വരുമായിരുന്നു.

ഇപ്പോൾ ഖാലിദിക്കാ  മരിച്ച് കാണൂം. മൊബൈൽ ഫോണീന്റെയും മറ്റും അതി പ്രസര  കാലത്ത് “ഉഷാർ ബാബാ ഉഷാർ വിളിയുടെ ആവശ്യമില്ലല്ലോ. നിശ്ചിത സമയത്ത് ഞങ്ങൾ പഴയ തലമുറ എഴുന്നേറ്റ് പുതു തലമുറയെ തട്ടി വിളിച്ച് ആഹാരം    കൊടുത്ത് കഴിഞ്ഞ് നിയ്യത്ത് ചൊല്ലിക്കൊടുക്കുകയും അവർ ഏറ്റ് പറയുകയും ചെയ്യുന്നു.

 അത് കാണുമ്പോൾ കടന്ന് പോയ  ഒരു കാലത്ത് രാത്രിയിലും നോമ്പാണോ ഉമ്മാ എന്ന് പറയേണ്ടി വന്നിരുന്ന ഒരു പട്ടിണിക്കാലത്ത്  മങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ  വെട്ടത്തിൽ മുമ്പിലെത്തിയ റേഷൻ അരി ചോറും കഴിച്ച് പാതി ഉറക്കത്തിൽ നിയ്യത്ത് ചൊല്ലുന്ന ആ പയ്യനെ ഓർമ്മ വരുന്നു., ഇപ്പോൾ വീട്ടിലെ കുഞ്ഞുങ്ങൾ നിയ്യത്ത് ഏറ്റ് പറയുന്നത് കാണുമ്പോൾ എന്റെ ഉമ്മാ ഒരിക്കൽ കൂടി എന്റെ അടുത്തിരുന്ന്  നിയ്യത്ത് പറഞ്ഞ് തന്നിരുന്നെങ്കിൽ...എന്ന് ആശിച്ച് പോകുന്നു. ഉമ്മാ ആലപ്പുഴ പടിഞ്ഞാറേ പള്ളി പറമ്പിൽ എന്റെ മൂത്ത സഹോദരിയൊടൊപ്പം നീണ്ട ഉറക്കത്തിലാണല്ലോ എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത വേദനയും തോന്നുന്നു. . അവർ ചൊല്ലി പഠിപ്പിച്ച നിയ്യത്ത് തലമുറകൾ കടന്ന് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ  ദൂരെ ദൂരെ  എവിടെയെങ്കിലും ഇനി ഒരിക്കലും കേൾക്കാൻ ഇടയില്ലാത്ത ഖാലിദിക്കായുടെ അറബനാ മുട്ടും ഉഷാർ ബാബാ ഉഷാർ..വിളി കേൾക്കാനും കൊതി ആകുന്നല്ലോ.

Wednesday, January 25, 2023

19 വർഷങ്ങൾ....

 

19 വർഷങ്ങൾക്ക് മുമ്പ് ഇത് പോലൊരു ജനുവരിയിൽ  24 തീയതിയിൽ ഔദ്യോഗികാവശ്യത്തിനായി ഞാൻ പുനലൂർക്ക് പോവുകയായിരുന്നു. കുന്നിക്കോടെത്തിയപ്പോൽ ഉള്ളിൽ  ഉമ്മാ എന്നെ വിളിച്ച പോലൊരു തോന്നൽ.  അങ്ങിനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച ആലപ്പുഴയിൽ പോയി ഉമ്മായെ കണ്ടതാണ്.അന്ന് ഉമ്മാ സുഖമില്ലാതിരിക്കുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ പോയിരുന്നു എന്നറിഞ്ഞിരുന്നു. മനസ്സിൽ എന്തോ വേവലാതി ഉണ്ടായി. പുനലൂർ യാത്ര നിർത്തി വെച്ചു ഞാൻ  ആലപ്പുഴക്ക് വെച്ചടിച്ചു. സായാഹ്നാന്ത്യത്തിലായിരുന്നു  ഞാൻ അവിടെ എത്തിയത്. റെയിൽ വേ സ്റ്റേഷനിൽ നിന്നും  ആശുപത്രിയിലേക്ക് പാഞ്ഞു. ഉമ്മാ ആ നേരം  അന്ത്യ നിമിഷങ്ങളിലായിരുന്നു. അടുത്ത് നിന്ന മൂത്ത സഹോദരി പറഞ്ഞു. ഉമ്മാ...ദേ! ഷരീഫ് വന്നു.... ഊർദ്ധൻ വലിക്കിടയിൽ ആ മുഖത്ത് സന്തോഷം അലതല്ലി വരുന്നത് ഞാൻ നേരിൽ കണ്ടു. എന്റെ വരവിനെ എപ്പോഴും  സഹർഷം സ്വീകരിക്കുന്ന ഉമ്മായുടെ ഉള്ളിൽ അപ്പോഴും  ബോധത്തിനും അബോധത്തിനുമിടയിലും എന്റെ സാമീപ്യം ആനന്ദം ഉളവാക്കിയിരിക്കാം. അതായിരിക്കും ആ മുഖത്ത് ഞാൻ കണ്ടത്.

മറ്റൊന്നും തരാൻ നിവർത്തി ഇല്ലായിരുന്നെങ്കിലും എന്റെ ചില വിഷമങ്ങൾ താഴ്ത്തി വെക്കാൻ ഉമ്മാ എന്ന അത്താണി എത്ര പ്രയോജന പ്രദമായിരുന്നെന്ന്  ഉമ്മായുടെ മരണ ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്. പിൽക്കാലത്ത് ഒരു വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്നു.

19 വർഷം ഓടിപ്പോയി. അത് ഇന്നലെയായിരുന്നു എന്ന് തോന്നിപ്പോകുന്നു. ആലപ്പുഴ പടിഞ്ഞാറേ മുസ്ലിം ജമാ അത്ത് പള്ളിയിലെ തൂ വെള്ള മണലിൽ ഉമ്മാ ഉറങ്ങുന്നു. തൊട്ടടുത്ത് തന്നെ പിന്നീട്  ഒരു ദിവസം മൂത്ത സഹോദരിയും ഉമ്മാക്ക് കൂട്ടിന് ചെന്നു. കുറച്ച് അപ്പുറത്ത് മാറി എത്രയോ വർഷങ്ങൾക്ക് മുമ്പേ തന്നെ വാപ്പായും കാത്തിരുന്നിരുന്നല്ലോ.

എപ്പോഴെങ്കിലും ആലപ്പുഴ പോയി ഒരു ദിവസം താമസിച്ചാൽ ഞാൻ  ഈ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കില്ല. കഴിഞ്ഞ് പോയ കാലത്ത് അവരുമായി കഴിച്ച് കൂട്ടിയ  നിമിഷങ്ങളിൽ അതെത്ര മാത്രം ആനന്ദഭരിതമായിരുന്നെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നല്ലോ!.

Wednesday, November 23, 2022

അനുസ്മരണം

 എന്റെ പിതാവ് എന്നെ വിട്ട് പോയ ദിവസമാണിന്ന്. വർഷങ്ങൾ എത്രെയെത്ര കഴിഞ്ഞ് പോയെങ്കിലും  ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ഒരു ഫോട്ടോ അദ്ദേഹത്തിന്റെത് ഇവിടെ ചേർക്കാൻ അങ്ങിനെ ഒരു ഫോട്ടോ അദ്ദേഹമെടുത്തിരുന്നില്ല. വൈകുന്നേരമാകുമ്പോൾ ഒരു നേരമെങ്കിലും കഴിക്കുന്ന  ആഹാരത്തിന്റെ വക പോലും ഉണ്ടാകുന്നത് പ്രയാസപ്പെട്ടിട്ടായിരുന്നു പിന്നെയാണ്` ഫോട്ടോ എടുക്കൽ.

ആ കാലം കേരളത്തിൽ അങ്ങിനെയായിരുന്നു. സമൃദ്ധിയുടെ ഇന്നത്തെ  നാളുകളിൽ  ആ കഥകളെല്ലാം ബ്ളാക് ആൻട് വൈറ്റ് സിനിമകൾ മാത്രം.

പിതാവ് വയസ്സാകാതെയാണ്` മരിച്ചത്. ക്ഷയ രോഗമായിരുന്നു. ക്ഷയത്തിന് കാരണം പട്ടിണി. പട്ടിണിക്ക് കാരണം ഞങ്ങളെ ആഹരിപ്പിക്കാനുള്ള നെട്ടോട്ടം.    അദ്ദേഹത്തിന്റെ കുടുംബം സമ്പൽ സമൃദ്ധിയുള്ളതും അംഗ ബലത്താൽ പോഷിപ്പിക്കപ്പെട്ടത് ആയിരുന്നിട്ട് പോലും ബന്ധുക്കളുടെ ആരുടെയും നേരെ കൈ നീട്ടിയിരുന്നില്ല. അവസാന കാലം വെറും ചായയും ചാർമിനാർ സിഗററ്റുമായി കഴിഞ്ഞു. സിഗററ്റ് വലിക്കുന്നതിനെ കുറ്റപ്പെടുത്തിയ എന്നോട് പറഞ്ഞു, “ കടലിൽ ചാടി മരിക്കാൻ പോകുന്നവർ ആരെങ്കിലും മഴയത്ത് കുട പിടിക്കുമോടാ“ ദിവസം വരെ നിശ്ചയിച്ച് വെച്ചിരുന്നു, ഈ ലോകത്തൊട് യാത്ര പറയാൻ

ഒരു നല്ല വായനക്കാരൻ. ബുൾ ബുളെന്ന കമ്പി വാദ്യക്കാരൻ. എന്നെ വായനയിലേക്ക് നയിച്ചത് പിതാവായിരുന്നു. ഈ അടുത്ത കാലത്ത് പുറത്തിറക്കിയ “അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും എന്ന  എന്റെ പുസ്തകത്തിന്റെ  മുഖവുരയിൽ  വാപ്പായെ ഞാൻ ഇങ്ങിനെ അനുസ്മരിച്ചു.

“മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി ഏറെ ചെന്നുംകഥകളും നോവലുകളും വായിച്ചിരുന്ന എന്റെ വാപ്പാ........“

വാപ്പായുടെ ആ വായനാ ശീലമാണ് എന്നിലേക്ക് പകർന്ന് കിട്ടിയത്.

ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിലെ വെൺ മണൽ പരപ്പിലെവിടെയോ  വാപ്പാ ഉറങ്ങുന്നു. സ്ഥലം പോലും കൃത്യമായി നിശ്ചയമില്ല. കാരണം അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഒരു അടയാളക്കല്ല് നാട്ടാൻ പോലും  കഴിഞ്ഞില്ല അവിടെ ചെല്ലുമ്പോഴൊക്കെ കൃത്യമായ സ്ഥലം പോലും നിശ്ചയമില്ലാ എങ്കിലും ആ ഭാഗത്ത് ചെന്ന് അദ്ദേഹത്തിനായി പ്രാർത്ഥിക്കാറുണ്ട്.

ഇന്നത്തെ ദിവസവും വിദൂരത്തിലിരുന്ന്  അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു.

Monday, November 21, 2022

ഓർമ്മകൾ...ഓർമ്മകൾ..

 

ഇന്നേക്ക് 25 വർഷങ്ങൾക്ക് മുമ്പ്  ഫോട്ടോയിൽ കാണുന്ന  എന്റെ മകൻ സൈഫുവിന് 14 വയസ്സായിരുന്നു. മൈനഞ്ചിറ്റിസും ബ്രൈൻ അബ്സസും  ബാധിച്ച് ഗുരുതരാവസ്ഥയിൽ അവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറിവിഭാഗത്തിൽ പ്രവേശിക്കപ്പെട്ടിരിക്കുകയായിരുന്നു. 20--11--1997 തീയതി  അവന്റെ തലയിൽ നിന്നും പഴുപ്പ് കുത്തി എടുത്ത ദിവസത്തിൽ  ഞാനും ഭാര്യയും അനുഭവിച്ച  ടെൻഷൻ ഇന്ന് 25 വർഷങ്ങൾക്ക്  ശേഷവും  എന്നെ  വിറപ്പിക്കുന്നു.
 പിൽക്കാലത്ത് ഞാൻ അവനോട് ചോദിച്ചു “ ആ ദിവസങ്ങൾ നിനക്കോർമ്മയുണ്ടോ..“?  “ഓ! അതെല്ലാം ഒരു മൂടൽ പോലെ എനിക്കനുഭവപ്പെട്ടു“ എന്ന് അവൻ പറഞ്ഞു. 20--11--1997 തീയതിയിൽ രാതി ഡയറിയിൽ ഞാൻ പകൽ നടന്ന സംഭവങ്ങൾ അതേപടി കുറിച്ചിട്ടിരുന്നത് ഇവിടെ പകർത്തുന്നു. (മെഡിക്കൽ കോളേജ്ൽ വെച്ചെഴുതിയ ആ ഡയറി പിന്നീട് (ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പുകൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു)

"അവന്റെ നിലവിളി ഉച്ചത്തിലായി. ഞാൻ ചെവിയിൽ രണ്ടു വിരലും തിരുകി അവിടെ നിന്നും നടന്നു. നിലവിളി പിൻ തുടരുന്നതുപോലെ എനിക്കു തോന്നി. ഞാൻ മാനത്തേകു നോക്കി. സന്ധ്യയുടെ ആഗമനം വിളിച്ചറിയിച്ചു കൊണ്ടു പടിഞ്ഞാറൻ മാനത്തു ചോര നിറം. മനസ്സു ഏകാഗ്രമാക്കി ദൈവത്തോടു കേണു. എന്റെ എല്ലാ ദുഃഖങ്ങളും അറിയുന്നവനായ കരുണാമയനേ! അവിടെന്നു പരമ കാരുണികനും കരുണാനിധിയുമാണല്ലോ എന്റെ കുഞ്ഞിനെ അവിടത്തെ കരുണക്കായി സമർപ്പിക്കുന്നു. എല്ലാം തീരുമാനിക്കുന്നതു അവിടന്നാണു. ഞങ്ങളിൽ കരുണ ചൊരിയേണമേ! ഞാൻ വീണ്ടും റൂമിന്റെ ഭാഗത്തേക്കു നടന്നു. തുളച്ചു കയറുന്ന നിലവിളി ശക്തമായി കേൾക്കാം.  .പെട്ടെന്നു നിലവിളി നിലച്ചു. എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു. വാതിൽ തള്ളി തുറന്നു ഞാൻ സൈഫു കിടന്ന മുറിയിലേക്കു പാഞ്ഞു. ഇടനാഴിയിൽ നിൽപ്പുണ്ടായിരുന്ന രാജുവും സലിയും എന്നെ തടഞ്ഞു. അവരുടെ കയ്യും തട്ടി ഞാൻ റൂമിന്റെ വാതില്‍ക്കലെത്തി . അപ്പോഴേക്കും എന്റെ പുറകെ പാഞ്ഞെത്തിയ രാജു എന്റെ കൈക്കു പിടിച്ചു നിർത്തി. "എന്താണു ഈ കാണിക്കുന്നതു" ഞാൻ സമനില വീണ്ടെടുക്കനായി എണ്ണി; "ഒന്നു...രണ്ടു....മൂന്നു.....നാലു....." അതാ കേൽക്കുന്നു എന്റെ മകന്റെ ശബ്ദം. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ അവനോടു എന്തോ ചോദിക്കുന്നു.അവൻ മറുപടി പറയുന്നു. എന്റെ ദൈവമേ നന്ദി! ഞാൻ ഭിത്തിയിലേക്കു ചാരി,അറിയാതെ നിലത്തേക്കു ഇരുന്നു. ഭാര്യ അടുത്തു വന്നിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. അവളും സൈഫുവിന്റെ ശബ്ദം കേട്ടിരിക്കുന്നു. ഇതിനിടയിൽ സലി അകത്തു പോയി തിരികെ വന്നു. " അവനു കുഴപ്പമില്ല, 40 സി.സി.പഴുപ്പു കുത്തിയെടുത്തു. സലി പറഞ്ഞു. ഇത്രയും പഴുപ്പു അവന്റെ തലയിൽ ഉണ്ടായിരുന്നു. ആദ്യ തവണ ഡ്രിൽ ചെയ്ത അതേ ദ്വാരത്തിലൂടെ തന്നെയാണു ഇപ്പോഴും ഡ്രിൽ ചെയ്തു പഴുപ്പു കുത്തി എടുത്തതെന്നു അറിയാൻ കഴിഞ്ഞു. എന്റെ മോൻ എന്തു മാത്രം വേദന സഹിച്ചിരിക്കണം. അവൻ അത്രയും ഉച്ചത്തിൽ നിലവിളിച്ചതിന്റെ കാരണം അതായിരുന്നു. മരവിക്കാനുള്ള മരുന്നു അവനിൽ ശക്തമായി അലർജി ഉണ്ടാക്കിയിരുന്നതിനാൽ മരവിപ്പിക്കാതെയാണ് പഴുപ്പ് കുത്തി എടുത്തത്, അതാണ് അവൻ അത്രയും ഉച്ചത്തിൽ കരഞ്ഞത്.....“

കാലം കടന്ന് പോയി ആ 53 ദിവസങ്ങൾ നിത്യ ഹരിത നായകനായി വിലസിയിരുന്ന എന്നെ ശരിക്കും പിടിച്ചുലച്ചു.കാലത്തിന്റെ തേയ്മാനം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. ഇന്ന് 2022ൽ നിന്ന് കൊണ്ട് 1997ലെ ആ ദിവസം ഉൾക്കിടത്തിലൂടെയല്ലാതെ ഓർമ്മിക്കാൻ കഴിയുന്നില്ല. ഒരു വരയുടെ അപ്പുറത്തുമിപ്പുറത്ത് നിന്നും കളിച്ച സൈഫു ഒടുവിൽ ദൈവ കാരുണ്യത്താൽ ഇപ്പുറത്ത് കടന്നു.    . എല്ലാറ്റിൽ നിന്നും ദൈവം അവ്നെ കാത്ത് രക്ഷിച്ചു. ഇന്ന് കൊട്ടാരക്കരയിൽ അഭിഭാഷകനായി അവൻ ജോലി നോക്കുന്നു.  ഭാര്യ ഷൈനിയും വക്കീലാണ്`. ഒരു മകൻ സിനാൻ...സിനാനെ നിങ്ങൾക്കെല്ലാമറിയാമല്ലോ......

Monday, May 2, 2022

പെരുന്നാൾ രാവ്

സയ്യിദ് പൂക്കോയാ തങ്ങലുടെ മഖാമിൽ നിന്നും കതിനാ വെടിയുടെ ശബ്ദം കേൾക്കാൻ ഞങ്ങൾ കുട്ടികൾ കാതോർത്ത് കാത്തിരുന്ന കാലം. 

നോമ്പ് തുറക്ക്  രണ്ട് വെടിയാണ്. പെരുന്നാൾ അറിയിക്കാൻ ഒരു വെടിയും. മൊയ്തീൻ എന്നൊരാളാണ്` ഈ കതിനാക്ക്   തീ കൊടുക്കുന്നത്. നോമ്പ് സമയങ്ങളിൽ ചിലപ്പോൾ ഞങ്ങൾ  മഖാമിന്റെ വാതിൽക്കൽ പോയി നിന്ന് മെയ്തീന്റെ ചലനങ്ങളെ സശ്രദ്ധം വീക്ഷിക്കും.  അയാൾ  ഇടക്കിടെ പള്ളിക്കകത്തെ വാച്ചിലേക്ക് എത്തി നോക്കും. തൂങ്ങിക്കിടന്ന് ആടുന്ന പെൻഡുലമുള്ള ഒരു പഴയ വാൾ ക്ളോക്ക്  ഭിത്തിയിലുണ്ട്, അതിലാണ്` അയാളുടെ നോട്ടം. ചിലപ്പോൾ അയാൾ അനങ്ങാതെ  ഇരിക്കുമ്പോൾ ഞങ്ങൾ പറയും “ പോയി നോക്ക് മൊയ്തീനിക്കാ....“

“നിങ്ങളെ കാണുമ്പോൾ വാച്ചിന് പേടിയാവത്തില്ലാ മക്കളേ. സമയമാകുമ്പോൾ ഞാൻ നോക്കും എനിക്കറിയാം വാച്ച് നോക്കാൻ എന്നെ നീയൊന്നും   പടിപ്പിക്കണ്ടാ.....“ അയാൾ പറയും.  വാച്ചിൽ നോക്കി അവസാനം അയാൾ ഓടിച്ചെന്ന് കതിനാക്ക് തീ കൊടുക്കും, ഞങ്ങൾ ചെവിയിൽ വിരൽ തിരുകുകയും പിന്നെ പൈപ്പിന് സമീപത്തേക്ക്  വെള്ളം കുടിക്കാനും തുടർന്ന് കഞ്ഞിക്ക് ചട്ടിയന്വേഷിച്ചും ഓടുകയും ചെയ്യുമായിരുന്നല്ലോ.

പെരുന്നാളിനുള്ള  കതിനാ വെടിക്ക് കുട്ടികൾ മാത്രമല്ല, എല്ലാ ആൾക്കാരും കാതോർത്തിരിക്കും. മാടിനെ അറുക്കുന്ന ഇബ്രായീനിക്കാ മുതൽ പടക്കം വിൽക്കുന്ന അബ്ദുക്കാ വരെയും  തയ്യൽക്കാരൻ വർഗീസ് ചേട്ടൻ മുതൽ മില്ലുകാരൻ അദ്രയീക്കാ വരെ ആ ശബ്ദത്തിനാണ് കാത്തിരിക്കുന്നത്.

 പെരുന്നാൾ രാവിന് രാത്രി ആരും ഉറങ്ങാറില്ല. കടകൾ പുലർച്ച വരെ തുറന്നിരിക്കും. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. ഇന്ന് ആൾക്കാരുടെ  കയ്യിൽ പൈസ്സാ  ആയി പട്ടിണി പോയി. കതിനാ വെടിയും പോയെന്നാണ്` അറിവ്. ഒരു കാലം മുമ്പ് വരെ റേഡിയോയും പിന്നീട് റ്റിവിയും കതിനാ വെടിയുടെ പകരക്കാരായി വന്നു   അതിനാൽ കതിനാ വെടിക്ക് പ്രസക്തി ഇല്ലാതായി    

ഞാൻ ആലപ്പുഴ വിട്ടിട്ട് കാലങ്ങളേറെയായല്ലോ.  കുറച്ച് കാലം മുമ്പ്    വരെ എന്ത് തിരക്കുണ്ടെങ്കിലും പെരുന്നാളിന്റെ തലേ രാവ് ആലപ്പുഴ വട്ടപ്പള്ളിയിൽ പോകുമായിരുന്നു.  കാരണം  കേരളത്തിൽ കോഴിക്കോടും ആലപ്പുഴയിൽ സക്കര്യാ ബസാറിലുമുള്ളത് പോലെ പെരുന്നാളിന്റെ തലെ രാവ് ആഘോഷം മറ്റെങ്ങുമില്ലാത്തതിനാൽ ഞാൻ ജനിച്ച് വളർന്ന സ്ഥലത്തെ  പെരുന്നാൾ രാവ് എങ്ങിനെ ഒഴിവാക്കാനാണ്.

ഇന്ന് ഈ രാത്രിയിൽ വിദൂരമായ കൊട്ടാരക്കരയിലിരുന്ന് ആലപ്പുഴ സക്കര്യാ ബസാറിലെയും വട്ടപ്പളിയിലെയും പെരുന്നാൾ രാവ് ആഘോഷം ഞാൻ ഭാവനയിൽ കാണുകയാണ്. 

എനിക്ക് അവിടെ പോകാനും ആ ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കാത്ത നിസ്സഹായാവസ്ഥയെ പറ്റി വേദനയോടെ ചിന്തിക്കുകയും ചെയ്യുന്നു

Sunday, January 30, 2022

കാലമെത്ര കടന്ന് പോയി.

 മുതലാളി  50 ഇന്ത്യൻ  രൂപാ ആ മാസത്തെ ശമ്പളമായി  എന്റെ കയ്യിൽ വെച്ച് തന്നു. ആലപ്പുഴ കറുത്തകാളി  പാലത്തിന് വടക്ക് വശമുള്ള  കയർ പ്രസ്സിംഗ് ഫാക്ടറിയിലായിരുന്നു അന്നെന്റെ ജോലി. 

ഞാൻ ആ തുക വീട്ടിൽ കൊണ്ട് പോയി ബാപ്പായെ ഏൽപ്പിച്ചു. ബാപ്പാ  അത് ഉമ്മാക്ക് കൈമാറി.  എട്ട് പേരടങ്ങുന്ന ഞങ്ങളുടെ  കുടുംബത്തിന് ഒരു മാസത്തെ റേഷൻ അരിയും മണ്ണെണ്ണയും വാങ്ങാൻ ആ തുക മതിയായിരുന്നു. ദിവസം ഒരു നേരം അടുപ്പ് പുകയാൻ  ആ അരിയും മതിയായിരുന്നു. ബാക്കി ചിലവുകൾ ബാപ്പാ കണ്ടെത്തും.

ഇതെന്റെ കൗമാര കാലത്തായിരുന്നു.  കഴിഞ്ഞ ദിവസം  എന്റെ കൊച്ച് മകനുമായി രോഡിലൂടെ  പൊയ്ക്കൊണ്ടിരുന്നപ്പോൾ  വഴിയരുകിൽ മരച്ചീനി (കപ്പ) വിൽക്കുന്നത് കണ്ടു. കപ്പ പണ്ട് പാവങ്ങളുടെ ആഹാരവും ഇപ്പോൾ വി.ഐ.പി. തീൻ മേശയിലെ വിശിഷ്ട  വസ്തുവുമാണല്ലോ!. എന്തായാലും  കൊച്ച് മകനോട് അത് വാങ്ങാൻ പറഞ്ഞു, അവൻ 50 ഇന്ത്യൻ രൂപക്ക്  2 കിലോ മരച്ചീനി വാങ്ങി.

50 ഇന്ത്യൻ രൂപയാൽ ഒരു മാസം ജീവിത ചെലവുകൾ നടന്ന് കിട്ടിയ ആ കാലവും അതേ 50 ഇന്ത്യൻ രൂപയാൽ രണ്ട് കിലോ മരച്ചീനി വാങ്ങേണ്ടി വന്ന ഇന്നത്തെ കാലത്തിനുമിടക്ക്  ഒരുപാട് വസന്തങ്ങൾ കടന്ന് പോയി. പൂവുകൾ വിരിയുകയും കായ്ക്ക്കയും ചെയ്തു. മഴക്കാലം ധാരാളം വെള്ളം തോടുകളിലൂടെ ഒഴുക്കി വിട്ടു. മനുഷ്യനെ ഊതി ആറ്റുന്ന കഠിന വേനൽക്കാലവും പലതു വന്ന് പോയി. വരൾച്ചയും വെള്ളപ്പൊക്കവും വന്ന് പോയി. മന്ത്രി സഭകൾ പലതും മാറിയും തിരിഞ്ഞും ഉണ്ടായി. പല മുഖ്യ മന്ത്രിമാരും മുൻ മുഖ്യ മന്ത്രിമാരായി. ആലപ്പുഴ കടൽപ്പാലം  കത്തി നിന്ന കാലം കഴിഞ്ഞു ഇപ്പോൾ അസ്ഥിപജ്ഞരമായി അവശേഷിക്കുന്നിടത്തെത്തി. സമ്പത്തിന്റെ നിറകുടമായിരുന്ന  ഗുദാം കെട്ടിടങ്ങളുടെ സ്ഥാനത്ത് മറ്റെന്തോ സ്ഥാപനങ്ങൾ വന്നു. വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ താറാവ് കൂട്ടങ്ങൾ പോലെ കനാൽ തീരത്തെ രോഡുകൾ നിറഞ്ഞൊഴുകിയിരുന്ന തൊഴിലാളികൾ കഥകളിലെയും സിനിമകളിലെയും കഥാ പാത്രങ്ങളായി മാറി.

പ്രണയങ്ങൾ മൊട്ടിട്ടു, പലതും വിരിയാതെ കരിഞ്ഞ് പോയി. വിരിഞ്ഞതൊട്ട് സുഗന്ധം പരത്താതെയുമായി. റേഡിയോ പോയി, റ്റിവി വന്നു, പിന്നെ പല ചാനലുകളും വന്നു. ചരട് പോലെ നീളത്തിലുള്ള നാട ഉൾക്കൊണ്ടിരുന്ന കാസറ്റ്കൾക്ക് പകരം വൃത്താകൃതിയിലുള്ള സിഡികളായി, അതും കഴിഞ്ഞ് ചെറു വിരലിന്റെ വലിപ്പത്തിലുള്ള പെൻ ഡ്രൈവെന്ന ഓമനപ്പേരുള്ള യു.എസ്.ബി. വന്നു, അപൂർവമായിരുന്ന ടെല ഫോണുകൾ സുലഭമായ മൊബൈൽ ഫോണുകളായി മാറി. ഒന്ന് കണ്ണ് ചിമ്മിയതേ ഉള്ളൂ അപ്പോഴേക്കും ഇതെല്ലാം  നടന്ന് കഴിഞ്ഞു. മുതലാളി അന്ന് 50 ഇന്ത്യൻ രൂപാ തന്ന സ്ഥലത്ത് നിന്നും ഇത്തിരി ഇങ്ങ് മാറിയപ്പോഴേക്കും  ഇങ്ങിനെയെല്ലാം സംഭവിച്ചിരിക്കുന്നു.

പഴയ മുതലാളി തന്ന   ആ 50 രൂപായുടെ സ്ഥാനത്ത്  സർക്കാർ സർവീസിൽ കയറിയപ്പോൾ  മൂന്ന് അക്കത്തിൽ 200 രൂപാ  ആദ്യ ശമ്പളമായി കൈ പറ്റിയ ഞാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും  മൂന്നക്കം അഞ്ച് അക്കമായി  സർവീസിൽ നിന്നും വിരമിച്ചു, ഇപ്പോൾ അഞ്ചക്ക സംഖ്യ പെൻഷനായി കൈ പറ്റുന്നു. 25 പൈസക്ക് ഒരു കിലോ ചീനി വാങ്ങിയിടത്ത് ഇരുപത്തഞ്ച് രൂപക്ക് അത് വാങ്ങുന്നു.

“അന്നുണ്ടായിരുന്ന പലരും ഇന്നില്ല, ഇന്നുണ്ടായിരുന്ന പലരും അന്നില്ലായിരുന്നു, എന്ന് നോവലിസ്റ്റ് സി.രാധാക്രിഷ്ണൻ പറഞ്ഞ അവസ്ഥയിൽ  കഴിയുമ്പോഴും  ഒരു സത്യം എന്നെ വല്ലാതെ സന്തുഷ്ടനാക്കുന്നുവല്ലോ അന്നുണ്ടായിരുന്ന  ആ മനസ്സ് തന്നെ ഇന്നുമെനിക്കുണ്ട്. ബാല്യത്തിലെയും കൗമാരത്തിലെയും സൗഹൃദം  ഇന്നുമന്വേഷിച്ച് നടക്കുന്ന ആ മനസ്സ് കടലും കടപുറവും കാണുമ്പോൾ  മലയും താഴ്വാരവും കാണുമ്പോൾ മീനമാസത്തെ വെട്ടിത്തിളങ്ങുന്ന നീലാകാശത്തെയും കൊള്ളിയാൻ മിന്നിച്ച് കറുത്ത മുഖത്തോടെ നിൽക്കുന്ന കർക്കിടക മാനത്തെയും കാണുമ്പോൾ കൗതുകത്തോടെ തുള്ളിച്ചാടുന്ന ആ മനസ്സ് അതെനിക്ക് ഇന്നും നഷ്ടപ്പെട്ടില്ലല്ലോ!

കാലമേ! നിനക്കൊരുപാട് നന്ദി.

Monday, January 25, 2021

17 വർഷം കഴിഞ്ഞു.

വാപ്പാ വീട്ടിൽ തിരികെ വന്ന് കയറുമ്പോൾ  കാൽ കഴുകി കയറുക എന്നതൊരു നിർബന്ധ ചര്യ ആയിരുന്നു. വാപ്പാ വരുന്ന സമയം ഉമ്മാ ഒരു പാത്രം വെള്ളം      കാൽ കഴുകാനായി വാതിൽക്കൽ വെച്ചിരിക്കും. അന്നൊരു ദിവസം ഉമ്മാ എന്ത് കൊണ്ടോ ആ കാര്യം  മറന്ന് പോയി. വാപ്പാ പതിവ് പോലെ  വന്ന് കാൽ കഴുകാൻ നോക്കിയപ്പോൾ വെള്ളവുമില്ല, പാത്രവുമില്ല..  ഉമ്മായും ഞങ്ങളും  ഷോക്കടിച്ചത് പോലെ നിൽക്കുകയാണ്.. ഇപ്പോൾ ആകെ സ്ഫോടനവും വേറെ വല്ലതും അവിടെ നടക്കും.  എന്നുറപ്പ്.   പതിവ് രീതികൾ തെറ്റിക്കുന്നത് ഒട്ടും ഇഷ്ടപ്പെടുന്ന ആളല്ല ബാപ്പാ. 

അങ്ങിനെ പ്രപഞ്ചമാകെ സ്തംഭിച്ച് നിൽക്കുമ്പോൾ  വാപ്പാ എങ്ങോട്ടെന്നില്ലാതെ നോക്കി പറയുന്നു.  “നീ  പോടാ.... ഓ! പിന്നേയ്....നിനക്ക് ഞാൻ കാൽ കഴുകാൻ വെള്ളം കൊണ്ട് വെക്കാൻ എനിക്ക് മനസ്സില്ലാ.....“

ഉമ്മായുടെ മുഖം  നാണക്കേട് കൊണ്ട് കുനിഞ്ഞു. ഉമ്മാ പിറു പിറുക്കുന്നത് ഞാൻ കേട്ടു. “ഇതിനും നല്ലത് രണ്ട് അടി തരുന്നതായിരുന്നു.“

ആ ഉമ്മാ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 17 വർഷമാകുന്നു.

മനസ്സിൽ സംഘർഷം നിറയുമ്പോൾ അതൊന്ന് പെയ്ത് ഒഴിയുന്നത് ഉമ്മായോട് സംസാരിച്ച് കഴിയുമ്പോഴാണ്. എന്തെങ്കിലും ഉപായം ഉമ്മാ പറഞ്ഞ് തരും. എനിക്ക് ആശ്വാസവുമാകും.

17 വർഷമായി ആ ആശ്വാസം എനിക്ക് നഷ്ടമായിരിക്കുന്നു. ഇന്ന് ഈ ദിവസത്തിൽ എന്റെ ഉമ്മക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Saturday, February 23, 2019

ഉദയാസ്റ്റുഡിയോയും സിനിമകളും.

“സിനിമാ നടൻ സത്യൻ പുലിയുമായി  മൽപ്പിടുത്തം നടത്തുന്നു. ഈ കാഴ്ച കാണാൻ ഏവരെയും പാതിരാപ്പള്ളീ  ഉദയാ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുന്നു.“
ഞങ്ങളുടെ  സ്കൂൾ പരിസരത്തും ആലപ്പുഴ പ്രധാന കവലകളിലും  ഈ പരസ്യം ഒരു ദിവസം കണ്ടപ്പോൾ  സത്യനെ കാണാനുള്ള ആഗ്രഹത്താലും  എന്താണ് സംഭവം എന്നുള്ള ആകാംക്ഷയാലും  ഞങ്ങൾ കുട്ടികൾ ആലപ്പുഴയുടെ വടക്ക് വശം  പാതിരാപ്പള്ളീ  ഉദയാ സ്റ്റുഡിയോയിലേക്ക്  പാഞ്ഞു. അവിടെ ജനം തടിച്ച് കൂടിയിട്ടുണ്ട്. വലിയ ഒരു കുഴിയുടെ നാല് ചുറ്റും ജനങ്ങളെ  അണി അണിയായി ഇരുത്തിയിട്ടുണ്ട്. ഞങ്ങൾ കുട്ടികളെ  വെളിയിലേക്ക് ആട്ടിപ്പായിച്ചു. അന്വേഷണത്തിൽ  “പാലാട്ട് കോമൻ “ എന്ന ഉദയാ ചിത്രത്തിൽ  കോമനായി  വേഷമിടുന്ന സത്യൻ നാല് ചുറ്റുമുള്ള  കാണികളുടെ മുമ്പിൽ  പുലിയെ നേരിടുന്ന ഒരു രംഗമുണ്ട്, അതിൽ  എക്സ്ട്രാ നടന്മാരുടെ  ചെലവ് കുറക്കാനും എന്നാൽ രംഗത്തിന് കൊഴുപ്പ് കുറയാത്ത വിധം രംഗം സജ്ജീകരിക്കാനുമുള്ള കുഞ്ചാക്കോ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് കവലകൾ തോറുമുള്ള പരസ്യമെന്നറിഞ്ഞു. ക്യാമറയുടെ അടുത്ത സീനിൽ സത്യനെ വെച്ചും ദൂരെയുളള സീനിൽ പുലിയുമായി മൽപ്പിടിക്കുന്നത് പുലിയുടെ പരിശീലകനായ  തമിഴനെയും വെച്ച്  ഷൂട്ട് ചെയ്തെന്ന് പിന്നീട് പലരിൽ നിന്നും അറിയാൻ കഴിഞ്ഞു.
അതാണ് കുഞ്ചാക്കോ എഫക്ട്. ചെറിയ ചെലവിൽ  വലിയ സിനിമാ എടുക്കുക. പല ചിതങ്ങളും എടുത്ത് പൊട്ടി നിന്നപ്പോൾ  “ഉമ്മാ“ എന്ന പടം 1960 മാർച്ചിൽ  എടുത്തത് വൻ വിജയമായി. മുസ്ലിം കഥകൾ  അന്ന്  അപൂർവമായിരുന്ന മലയാളം സിനിമാ രംഗത്ത് “ഉമ്മാ“ യും ബാബു രാജിന്റെ സംഗീത സംവിധാനത്തിലുള്ള  പാട്ടുകളും  വൻ ഹിറ്റായി. പടം 100 ദിവസം വരെ ഓടി. നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയും അദ്ദേഹത്തിന്റെ ഉദയാ സ്റ്റുഡിയോയും  അതോടെ കേരളത്തിൽ പ്രസിദ്ധി വാരിക്കൂട്ടി. പിന്നെ ഉദയായും കുഞ്ചാക്കോയും  തിരിഞ്ഞ് നോക്കേണ്ടി വന്നില്ല, തൊട്ടതെല്ലാം പൊന്നായി, അപൂർവം ചില ചിത്രങ്ങ്ൾ ഒഴികെ ബാക്കി   എല്ലാ പടത്തിന്റെയും സംവിധായകൻ കുഞ്ചാക്കോ തന്നെ ആയിരുന്നു. ഉമ്മക്ക് ശേഷം 6 മാസം കഴിഞ്ഞ് റിലീസ് ചെയ്ത പടം “സീത“ യും വൻ ഹിറ്റായി. ദക്ഷിണാ മൂർത്തി സ്വാമി സംഗീത സംവിധാനം നി ർവഹിച്ച സുശീല പാടിയ  താരാട്ട് പാട്ട് “ പാട്ടു പാടി ഉറക്കാം ഞാൻ “  ഇന്നും കേരളത്തിൽ അങ്ങോളമിങ്ങോളം  അമ്മമാർക്ക്  ഗൃഹാതുരത്വം തന്നെയാണ് . അടുത്ത പടം 1960ൽ തന്നെ ഡിസംബറിൽ  റിലീസ് ചെയ്ത  “നീലി സാലി“ ആയിരുന്നു.  മലയാളത്തിലെ അദ്യത്തെ മുഴു നീള തമാശ സിനിമ, നായകൻ ബഹദൂറും. രാഘവൻ മാഷിന്റെ  സംഗീത സംവിധാനത്തിലെ നയാപൈസയില്ല  കയ്യിലൊരു നയാപൈസയില്ല ഇന്നും പുതിയൊരു വേർഷനിൽ  ആധുനിക ഉപകരണങ്ങളുടെ സംഗീതത്തിൽ മറ്റൊരു ഗായകന്റെ ശബ്ദത്തിൽ  നമുക്ക് കേൾക്കാം. ആ സിനിമയിലെ മറ്റൊരു പാട്ട്“നീയല്ലാതാരുണ്ടെന്നുടെ പ്രണയ പുഴയിൽ ചിറകെട്ടാൻ......ഞാൻ വളർത്തിയ ഖൾബിലെ മോഹം  പോത്ത് പോലെ വളർന്നല്ലോ“ മലയാളികളെ ഇപ്പോഴും കുടു കുടെ ചിരിപ്പിക്കുന്നു.  ഉദയായുടെ അടുത്ത പടം  1961 ആഗസ്റ്റ് റിലീസ്  “ഉണ്ണിയാർച്ച“ രാഘവൻ മാഷിന്റെ സംഗീതത്തിൽ പിറന്ന, “അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്നത് ഞാനറിഞ്ഞു“ എന്ന ഈണം  അന്നത്തെ തലമുറയെയും എന്നത്തെ തലമുറയെയും  വികാരം കൊള്ളിക്കുന്നല്ലോ! പിന്നീട്  പാലാട്ട് കോമൻ, അനാർക്കലി,  തിലോത്തമ, കാട്ട് മങ്ക, ഇണപ്രാവുകൾ, മൈനത്തരുവി.... തുരു തുരാ പടങ്ങൾ.  അതിൽ “ഭാര്യ“ യാണ് സർവ കാല റിക്കോർഡ് ഭേദിച്ച  ചിത്രം. വയലാറും ദേവരാജ് മാഷും ഒന്നിച്ച  പെറിയാറേ പെരിയാറേ പർവത നിരയുടെ പനി നീരേ തുടങ്ങിയ ഗാനങ്ങൾ  ആർക്ക് മറക്കാനാകും.
കുഞ്ചാക്കോ അന്തരിച്ചതിന് ശേഷം  പല ചിത്രങ്ങളും ഉദയാ സ്റ്റുഡിയോയിൽ എക്സൽ പ്രൊഡക്ഷനിൽ ഇറങ്ങിയെങ്കിലും ആ പഴയ കുഞ്ചാക്കോ ചിത്രങ്ങളുടെ ലാഘവത്വം  എടുത്ത് പറയാൻ സാധിക്കില്ല.
കാലം ചെന്നപ്പോൾ  ഉദയാ സ്റ്റുഡിയോക്കും  അന്ത്യമായി, ആ ചരിത്രത്തിലേക്ക് കടക്കുന്നില്ല. ഉദയായുടെ  ഒരു തലമുറ ഇന്നും സിനിമയിൽ കത്തി നിൽക്കുന്നു,ബോബൻ കുഞ്ചാക്കോ.
 എല്ലാവരുടെയും ശ്രദ്ധാ പാത്രമായ ഉദയാ സ്റ്റുഡിയോയുടെ  സമീപത്ത് കൂടി കടന്ന് പോയപ്പോൾ  ഇന്നത്തെ തലമുറക്ക് അജ്ഞാതമായ ഉദയാ സ്റ്റുഡിയോയുടെ ചരിത്രം ഓർത്ത് പോയി.

Friday, November 23, 2018

44 വർഷങ്ങൾ ദീപ്ത സ്മരണകൾ...

44 വർഷം ഇന്ന് തികയുന്നു വാപ്പാ കടന്ന് പോയിട്ട്. 44 വർഷം ദീർഘമായ കാലഘട്ടമാണെങ്കിലും ഇന്നലെ നടന്ന പോലെ  ആ വിട വാങ്ങൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിൽ പൂഴിമണലിൽ തീർത്ത ആ  കബറിടത്തിൽ വാപ്പായുടെ  ഭൗതിക ശരീരം താഴ്ത്തി വെക്കുമ്പോൾ  ആ വേർപാടിന്റെ വേദന  എന്നും  നിലനിൽക്കുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലല്ലോ. സമ്പൽസമൃദ്ധിയിൽ ജനിച്ച്   കാലത്തിന്റെ  മറിമായങ്ങളാൽ മുഴുപട്ടിണിക്കാരനായി മരിക്കുമ്പോഴും ഞങ്ങളോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല ഞങ്ങൾ ആഹാരം കഴിക്കാൻ വേണ്ടി പട്ടിണി കിടക്കാനും  വാപ്പാ തയാറായി. ഫലം  ശരീരത്തെ കാർന്ന് തിന്നുന്ന ക്ഷയരോഗത്തിലേക്ക് കാലെടുത്ത് വെക്കുക എന്നതായിരുന്നു.  അന്ന് പാവപ്പെട്ടവരുടെ കൂട്ടുകാരനായിരുന്നല്ലോ ആ മാരക രോഗം..  ഇതിനെല്ലാമിടയിലും വായനക്ക് അദ്ദേഹം സമയം കണ്ടെത്തി.  മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ രാത്രി ഏറെ ചെന്നും  വായനയിൽ മുഴുകിയിരുന്ന വാപ്പായുടെ ഓർമ്മകളണല്ലോ എന്നെയും വായനക്കാരനാക്കിയത്. 15 വയസ്സിൽ എന്റെ ആദ്യ കഥ  മലയാളി വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ച് ഉമ്മായോട് പറഞ്ഞ  “ഇത് അവനെഴുതിയതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല “എന്ന അഭിപ്രായമായിരുന്നു കഥ എഴുത്തിൽ  എനിക്ക് ആദ്യം കിട്ടിയ അഭിനന്ദനം.
ഇന്ന് ഇഷ്ടമുള്ള ആഹാരം ഏതും കഴിക്കാൻ തക്കവിധം  പരമകാരുണികൻ എന്നോട്  ദയവ് കാട്ടുമ്പോൾ  ഈ ആഹാരത്തിന്റെ പങ്ക്  ഞങ്ങൾക്ക് വേണ്ടി  മുഴു പട്ടിണി  കിടന്ന ആ വലിയ മനുഷ്യന്  നൽകാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന ചിന്തയാണ് ഇപ്പോഴും മനസിൽ. അദ്ദേഹത്തിന് ഈ ലോകത്തിൽ കിട്ടാതിരുന്ന  ആഹാരം  സ്വർഗത്തിൽ അദ്ദേഹത്തിന് സുലഭമായി കിട്ടാൻ മനസിൽ തട്ടി പ്രാർത്ഥിക്കുന്നു.

Saturday, November 10, 2018

ഒരു ബ്ളോഗ് മീറ്റിന്റെ ഓർമ്മക്ക് മുമ്പിൽ

ഇന്ന് 2018 നവംബർ 10.

മലയാളം ബ്ളോഗ് ലോകം വീണ്ടും സജീവമാക്കുന്നതിന്റെ ശ്രമം എന്ന നിലയിൽ  ഇന്ന് പഴയ ബ്ളോഗറന്മാർ പലരും  അവരവരുടെ ബ്ളോഗിൽ  പോസ്റ്റുകൾ  വിക്ഷേപിക്കുന്നു. അതിന്റെ ഭാഗമായി  എന്റെ വക ഒരെണ്ണം. പക്ഷേ  ഇത് 2010  ആഗസ്റ്റ് എട്ടാം തീയതി പോസ്റ്റ് ചെയ്തതാണ്.  ഇപ്പോൾ  ഇത് പുന:പ്രസിദ്ധീകരണം ചെയ്യുന്നത്, അന്ന് നടന്ന  ഒരു ബ്ളോഗ് മീറ്റ് വിവരണത്തിൽ  പഴയ ബ്ളോഗറന്മാർ ആരെല്ലാമെന്ന് സൂചിപ്പിക്കുന്നുണ്ട്. അവരെ ഓർമ്മിപ്പിക്കുന്നതിന്  കൂടിയാണ് ഈ  പോസ്റ്റ്.




Showing posts with label അനുഭവംShow all posts

Sunday, August 8, 2010


എറുണാകുളം മീറ്റില്‍ കണ്ടത്

എറുണാകുളത്തു നിന്നും ഇതാ ഇപ്പോൾ എത്തിയതേയുള്ളൂ.
പേരുകൾ ഓർമയിൽ നിന്നും പെട്ടെന്നു മാഞ്ഞു പോകുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോൾ എനിക്കുള്ളതിനാൽ തലയിൽ ശേഖരിച്ചു വെച്ച വസ്തുതകൾ ഉടൻ തന്നെ രേഖപ്പെടുത്താനുള്ള തത്രപ്പാടിൽ ഒരു ദീർഘ ദൂര യാത്രക്കു ശേഷം അത്യന്താപേക്ഷിതമായ ഒരു വിശ്രമത്തിനു മുതിരാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഞാൻ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.

വീട്ടിൽ എല്ലാവരും ഉറക്കം പിടിച്ച ഈ രാത്രിയിൽ ഞാൻ കീബോർഡിൽ വിരൽ അമർത്തിക്കൊണ്ടേ ഇരിക്കുകയാണു.

ചെറായി മീറ്റ്‌ ഒരു ലഹരി ആയി മനസ്സിൽ ഉണ്ടായിരുന്നതിനാൽ അതിയായ പ്രതീക്ഷയോട്യും സന്തോഷത്തോടെയുമാണു ഞാൻ രാവിലെ ഒൻപതു മണിക്കു എറുണാകുളം -ഇടപ്പള്ളി ബ്ലോഗ്‌ മീറ്റിനു എത്തി ചേർന്നതു.

പാലാരിവട്ടം ബൈപാസ്സ്‌ ജംഗ്ഷനു സമീപം ഹൈ വേ പാലസ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

മീറ്റ്‌ സ്ഥലത്തു എത്തി ചേർന്നപ്പോൾ ചിരിക്കുന്ന മുഖവുമായി "ഇക്കാ" എന്നു വിളിച്ചു ജുനൈദ്‌ എത്തി.പുറകേ മുള്ളൂക്കരനും.മുള്ളൂക്കാരന്റെ പേരു ഈ തവണ മറക്കാതിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ചിരിച്ചു കൊണ്ടു എനിക്കു കൈ നീട്ടിയ ചെറുപ്പക്കാരന്റെ പേരു നാക്കിൻ തുമ്പത്തു ഇരിക്കുന്നതേ ഉള്ളൂ. പുറത്തേക്കു വരുന്നില്ല.കൂട്ടത്തിൽ പാലൊളി പോലെ ചിരി തൂകി ജോയും ഉണ്ടു.

ശുഷ്കമായ ആഡിറ്റോറിയം കണ്ടപ്പോൾ മനസ്സു ആളി. ഇതെന്തു പറ്റി? ഈ ബ്ലോഗ്‌ മീറ്റിൽ വരാതെ എല്ലാവരും ഒഴിഞ്ഞു മാറിയോ?

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദൂരെ നിന്നു അപ്പൂട്ടന്റെ രൂപം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജുനൈദ്‌ ഉച്ചത്തിൽ വിളിച്ചു"അപ്പൂട്ടോ" അപ്പൂട്ടൻ ചിരിയോടെ കൈ ഉയർത്തി കാട്ടി.

യൂസുഫ്‌ ഭായി രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഇരുന്നു തകൃതിയായി ജോലി തുടരുകയാണു.

പിന്നീടു ബ്ലോഗ്‌ മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ രണ്ട്‌ വ്യക്തിത്വങ്ങൾ എത്തി ചേർന്നു.ഹരീഷും പാവപ്പെട്ടവനും.രണ്ടു പേരും ഇന്നലെ മുതൽ ഇവിടെ ക്യാമ്പ്‌ ചെയ്യുകയാണെന്നു തോന്നുന്നു.

പതുക്കെ പതുക്കെ ആൾക്കാർ വന്നു തുടങ്ങി.

സുന്ദരനും സുശീലനുമായ ഇസ്മായിൽ കുറുമ്പാടി തൊപ്പിയുമായി തന്നെ വന്നു.കൂട്ടത്തിൽ കൊട്ടോടി ഉസ്താദും ഉണ്ടു.(കൊട്ടോടി എനിക്ക് ഉസ്താദാണു.ബ്ലോഗ്‌ നിർമാണം പലതും ഫോണിൽ കൂടി കൊട്ടോടിയാണു എന്നെ പഠിപ്പിച്ചിരുന്നതു.)രണ്ടു പേരും വരുന്ന കാര്യം അതി രാവിലെ തന്നെ എന്നെ അവർ അറിയിച്ചിരുന്നു.

മനസ്സിനു സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണു പിന്നീടു ഞാൻ കണ്ടതു.

നടക്കാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സാദിഖ്‌ (കായം കുളം)സാഹസികമായി ഹാളിൽ എത്തി ചേർന്നിരിക്കുന്നു;വീൽ ചെയറിൽ.

കണ്ണു നിറഞ്ഞു പോയി.

വീൽ ചെയറിലെ സഞ്ചാരം ആയിരുന്നിട്ടു പോലും ആ നല്ല മനുഷ്യൻ മീറ്റിൽ പങ്കെടുത്തു സഹ ബ്ലോഗറന്മാരെ പരിചയപ്പെടാൻ മുതിർന്നതിൽ എത്രമാത്രം അഭിനന്ദിച്ചാലാണു മതി വരുക.

തുടർന്നു ക്യാമറയിൽ ഒതുങ്ങാത്ത പ്രിയ സജീവേട്ടൻ (കാർട്ടൂണിസ്റ്റ്‌) പ്രത്യക്ഷൻ ആയി, ആ മധുരം നിറഞ്ഞ ചിരിയുമായി.എന്നിട്ടു ഒരു മൂലയിൽ മാറി ഇരുന്നു ഓരോ ബ്ലോഗറന്മാരുടെയും കാരിക്കേച്ചർ വരക്കാനുള്ള തയാറെടുപ്പു തുടങ്ങി.

അടുത്തതു ഹാഷിം(കൂതറ എന്നു ഞാൻ പറയില്ല)രംഗ പ്രവേശനം ചെയ്യുന്നു ദുർ നടപ്പുമായി.(ഒരു ആക്സിഡന്റിൽ കാലും കയ്യും ഒടിഞ്ഞു കമ്പി ഇട്ട ഹാഷിം നടക്കുമ്പോൾ ഇപ്പോഴും അൽപ്പം മുടന്തു കാണിക്കുന്നതിനാലാണൂ ദുർ നടപ്പു എന്നു വിശേഷിപ്പിച്ചതു)

ഡോക്റ്റർ ജയൻ ഏവൂരും തുടർന്നു എത്തി എല്ലയിടത്തും പാഞ്ഞു നടന്നു ആത്മാർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

കുമാരൻ കണ്ണൂരിൽ നിന്നും കുമാരസംഭവുമായാണു എത്തി ചേർന്നതു. കുമാരൻ ഞങ്ങളുടെ കുമാരനല്ലേ.അതിനാൽ പലരും കുമാരസംഭവം പുസ്തകം വാങ്ങി.

എടപ്പാൾ നിന്നും ജാബിറും കൂറ്റനാടു നിന്നും....ശ്ശെടാ....കൂറ്റാ...ആ പയ്യന്റെ പേരും മറന്നു പോയി..എത്തി.

സാക്ഷാൽ കാപ്പിലാനും കൂടി പ്രത്യക്ഷമായപ്പോൾ മീറ്റ്‌ കൊഴുത്തു.

സജിം തട്ടത്തു മല(പേരു തെറ്റിയെങ്കിൽ പൊറുക്കുക) മണി കണ്ഠൻ, നന്ദൻ,തോന്ന്യാസി(ആൾ പഴയതു പോലെ ഉഷാറിൽ ആയിരുന്നു) മുരളിക, തബാറക്‌ തുടങ്ങി എല്ലാവരും ഹാജർ(ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
സ്ത്രീകളായി ലക്ഷ്മി മുതൽ പേർ.പൗർണ്ണമി താമസിച്ചാണു ഉദിച്ചതു.

ടൈപിസ്റ്റ്‌/എഴുത്തുകാരി വരാതിരുന്നതിന്റെ കാര്യം അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി.

ചടങ്ങുകൾ ആരംഭിച്ചപ്പോൾ സാമാന്യം തെറ്റില്ലത്ത ആൾക്കൂട്ടമായി മാറിക്കഴിഞ്ഞിരുനു എറുണാകുളം ബ്ലോഗ്‌ മീറ്റ്‌.

കർക്കിടകത്തിലെ കാലാവസ്ഥ ബ്ലോഗറന്മാരെനിരുത്സാഹപ്പെടുത്തിയിരിക്കാം.തൊടുപുഴയിൽ നിന്നുള്ള സ്ഥലം മാറ്റവും പലരിലും ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കാം.ഈ കാരണത്താലാകാം ചെറായി മീറ്റിലെ എണ്ണം എറുണാകുളത്തു കാണാതിരുന്നതു.

അനിൽ​‍്‌ @ബ്ലോഗ്‌ ,അരുൺ കായംകുളം, രമണിക, നിരക്ഷരൻ, നാട്ടുകാരൻ, ലതിക, ചാർവ്വാകൻ, അങ്കിൾ, കേരളാ ഫാർമർ, ചാണക്യൻ, അരീകോടൻ മാഷ്‌, വാഴക്കോടൻ, സജിയച്ചായൻ,ശ്രീ, മുതലായവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ പുതിയ ബ്ലോഗറന്മരുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ട വസ്തുതയാണു.

ഇതിൽ പലരുടെയും പേരുകൾ വിട്ടു പോയതു മനപൂർവ്വമല്ലെന്നു മുൻ കൂർ ജാമ്യം എടുക്കുന്നു.

ബ്ലോഗറന്മാർ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞതിനു ശേഷം പ്രത്യേക ക്ഷണിതാവായി വന്ന പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട നിമിഷ നേരങ്ങൾക്കുള്ളിൽ സദസ്സിനെ കയ്യിലെടുത്തു. താള ലയങ്ങളോടെ സ്വര ശുദ്ധിയിൽ അദ്ദേഹം കവിത ആലാപിച്ചതു സദസ്സു സശ്രദ്ധം ശ്രവിച്ചിരുന്നു.

ഇതിനിടയിൽ ബൂ ലോകം ഓൺ ലൈൻ അച്ചടിച്ച പത്രം എല്ലാവർക്കും വിതരണം ചെയ്തിരുന്നു.

വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും ബ്ലോഗറന്മാർ ഒത്തു കൂടി ശ്രുതി മധുരമായ ഗാനങ്ങൾ കേട്ടു .

ആദ്യം ഒരു കുട്ടി ബ്ലോഗറിന്റെ ഗാനമായിരുന്നു."വക്കാ വക്കാ" കുട്ടി ഗംഭീരമായി പാടി.നല്ല ഭാവി ഉള്ള പയ്യൻ.
പിന്നീടു സതീശൻ ബ്രഹ്മാനന്ദന്റെ ഒരു ഗാനം മധുരമായി ആലപിച്ചു.മണികണ്ഠൻ തന്റെ ചെറായി മാസ്റ്റർ പീസ്‌ "ഞമ്മന്റെ ബാപ്പാ അബ്ദുറസാക്കു" കുട്ടിയുടെ സ്വരത്തിൽ പാടി.

അതിനു ശേഷം ...ഹായ്‌!!! ഇപോഴും ആ ഗാനവും സ്വരവും മനസ്സിൽ നിന്നു പോകുന്നില്ല.അങ്ങാടിപ്പുറം സ്വദേശി ശ്രീ ആര്യൻ ആയിരുന്നു അതു. അദ്ദേഹവും ഭാര്യയും എത്തിചേർന്നിരുന്നു.

എനിക്കു ഏറ്റവും പ്രിയം കരമായ ആ ഗാനം "പണ്ടു പാടിയ പാട്ടിനൊരു ഈണം ചുണ്ടിൽ മൂളുമ്പോൾ, കൊണ്ടു പോകരുതേ ഈ മുരളിയും കൊണ്ടു പോകരുതേ" എന്ന ഗാനം ആര്യന്‍ ഹൃദ്യമായി ആലപിച്ചു. എന്തൊരു സ്വര മാധുരി ആയിരുന്നു അതു.ഗാനാലാപത്തിൽ ശ്രി ആര്യൻ അനുഗ്രഹിക്കപ്പെട്ട വ്യക്തി തന്നെ ആണു. ഒട്ടും സംശയമില്ല.

മീറ്റ്‌ അവസാനത്തിൽ കവി മുരുകൻ കാട്ടാക്കട വീണ്ടും നാടൻ പാട്ടുകളും തന്റെ പ്രസിദ്ധമയ കവിത ബാഗ്ദാദും ആലപിച്ചു.
മൂന്നു മണിക്കു ചായക്കു ശേഷം മീറ്റു പിരിയുന്നു എന്നു പാവപ്പെട്ടവന്‍ അറിയിച്ചപ്പോള്‍ മനസ്സിന്റെ കോണീൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടുവോ?!

കൂട്ടരേ നമ്മൾ എന്നാണിനി കാണുക? എന്റെ മനസ്‌ ആരാഞ്ഞു.

ഘടികാരത്തിന്റെ സൂചി പോലെ കൃത്യമായി കറങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ ഈ സ്നേഹമല്ലേ ബാക്കി ആയുള്ളൂ.

നാളെ മുതൽ വീണ്ടും പഴയ അന്തരീക്ഷത്തിലേക്കു ഉൾവലിയുന്നു.

എല്ലാവരുടെയും കൈ പിടിച്ചു കുലുക്കി ചിരിച്ചു കൊണ്ടു യാത്ര പറയുമ്പോൾ മനസ്സിൽ എനിക്കു ചിരിക്കു പകരം വേദനയാണുണ്ടായിരുന്നതു.

എന്നാണിനി നാം കാണുക? 
വീണ്ടും ആ ചോദ്യം തേങ്ങലോടെ മനസിൽ ഉയരുന്നു.

Sunday, June 25, 2017

പെരുന്നാൾ തലേന്ന് രാത്രിയിൽ....

ഈ പെരുന്നാൾ തലേ രാത്രിയിൽ  തോരാതെ പെയ്യുന്ന മഴയെ നോക്കി ഇരുട്ടിൽ       ഇരിക്കുമ്പോൾ  ജനിച്ച സ്ഥലം വിട്ട് വന്നവന്റെ മനസ്സിലെ വികാര വിചാരങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ തിരിച്ചറിയുന്നു. പ്രവാസികളായ ഗൾഫ്കാരിൽ പെരുന്നാളിന് നാട്ടിലെത്താൻ കഴിയാത്തവരും ഈ അവസ്തയിൽ തന്നെ ആയിരിക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ആഘോഷ ദിവസങ്ങളോടനുബന്ധിച്ചുള്ള  ദീപ്ത സ്മരണകൾ എല്ലാവർക്കും  ഒരുപോലെ ആയിരിക്കുമല്ലോ.
ആലപ്പുഴയിൽ വട്ടപ്പള്ളിയിൽ ബാല്യകാലം കഴിച്ച് കൂട്ടിയ എനിക്ക്  പെരുന്നാൾ തലേന്നുള്ള സ്മരണകളെ എങ്ങിനെ ഒഴിവാക്കാൻ കഴിയും.
സെയ്ദ് പൂക്കോയ തങ്ങളുടെ മഖാമിൽ നിന്നും പെരുന്നാളാണെന്ന് അറിയിച്ച് കൊണ്ടുള്ള വെടി ഒച്ച മുഴങ്ങുന്നതോടെ പെരുന്നാൾ തലേന്ന് ആഘോഷം ആരംഭിക്കുകയായി. കത്തി മൂർച്ചയാക്കി നിന്നിരുന്ന അറവ്കാരൻ ഹംസാഇക്കാ     മാടുകളെ കശാപ്പ് തുടങ്ങുമ്പോൾ ഇറച്ചി വാങ്ങാൻ നിൽക്കുന്നവരുടെ തിരക്കിൽ  പെട്ട് കുഴയുന്നതും പടക്കം വാങ്ങാൻ നെട്ടോട്ടം ഓടുന്നതും  ആണ്ടിലൊരിക്കൽ കിട്ടുന്ന പുത്തനുടുപ്പ് തയ്ച്ച് കിട്ടുന്നതിന് തയ്യൽക്കാരൻ വർഗീസ് ചേട്ടന്റെ കടയിലെ കാത്തിരിപ്പും ഇന്നലെ കഴിഞ്ഞത് പോലെ അനുഭവപ്പെടുന്നു.  ആ തിരക്കുകളെല്ലാം ഒന്ന് കൂടി അനുഭവിക്കുവാനും  മില്ലിൽ മാവ് പൊടിക്കാൻ പോയി താമസിച്ച് വന്നതിന് ഉമ്മായുടെ വഴക്ക് കേൾക്കാനും കൊതിയാകുന്നു. വാപ്പാ പോയി ഉമ്മാ പോയി മൂത്ത സഹോദരിയും പോയി മറ്റുള്ളവർ അവരവരുടെ കുടുംബ വൃത്തത്തിൽ ചുറ്റുമ്പോൾ മനസിൽ എവിടെന്നോ അന്യഥാ ബോധം അരിച്ച് കയറുകയാണ്`. എങ്കിലും ഒന്ന് അവിടം വരെ  പോയി ആ മണ്ണിൽ കാൽ കുത്താൻ കൊതിയേറുമ്പോൾ നിസ്സഹായനായി പെയ്യുന്ന മഴയെ നോക്കി ഇരിക്കാനാണ്  വിധി.
പെരുന്നാളിനോടനുബന്ധിച്ച്  രണ്ട്മൂന്നു ദിവസം മുമ്പേ മൈലാഞ്ചി ഇടലും
വളക്കാരനെ നോക്കി ഇരിപ്പും പതിവായിരുന്നല്ലോ. വള ചെട്ടികൾ വിവിധ വർണങ്ങളിലുള്ള കുപ്പി വളകളുമായി  ആ ദിവസങ്ങളിൽ എത്തി ചേരും.
ഇഷ്ടപ്പെട്ട ചുവന്ന കുപ്പി വളകൾ വാങ്ങിക്കാൻ ആ പട്ടിണിക്കാലത്ത്  കഴിയാതിരുന്ന  ബാല്യസഖിയുടെ മുഖത്തെ നിരാശ കണ്ട ആ 16കാരൻ  തന്റെ ഒഴിഞ്ഞ പോക്കറ്റ് നോക്കി നെടുവീർപ്പിട്ടതും  കുറച്ച് കാലം കൂടി കഴിയട്ടെ നിനക്ക് രണ്ട് കയ്യിലും നിറയെ  ചുവന്ന കുപ്പിവള ഞാൻ വാങ്ങി തരാമെന്ന് കണ്ണിൽ കണ്ണിൽ നോക്കി വ്യാമോഹിപ്പിച്ചതും ഒരു പെരുന്നാൾ രാവിനായിരുന്നുവോ?! ഒരിക്കലും സാധിച്ച് നൽകാത്ത വാഗ്ദാനമായി  ആ കുപ്പി വള ഇന്ന് മനസിന്റെ ഏതോ മൂലയിൽ കിലുകിലാരവം മുഴക്കുമ്പോൾ അറിയപ്പെടാത്ത ഏതോ ദേശത്ത്  അത് അണീയേണ്ടവൾ  അമ്മയായി അമ്മൂമ്മയായി കഴിയുന്നുണ്ടാവണമെന്ന ചിന്ത തന്നെ എന്തിനെന്നറിയാത്ത വിധം മനസിനെ   വിവശമാക്കുന്നല്ലോ.
ദൂരെ ദൂരെ പടക്കങ്ങളും കംബിത്തിരിയും മത്താപ്പും കത്തിയമരുമ്പോൾ നിരത്തിലൂടെ ജനം പെരുന്നാൾ തലേന്ന് തിങ്ങി നിറഞ്ഞ് ഒഴുകുമ്പോൾ ആ വളകിലുക്കത്തിന്റെ മധുര സ്മരണയിൽ പെരുന്നാൾ തലേന്നായ ഈ രാത്രിയിൽ   ഈ ഇരുട്ടത്ത് ഞാൻ കഴിഞ്ഞോട്ടെ ....

Sunday, May 17, 2015

വെറുതെ മോഹിക്കുവാൻ മോഹം...

   മഴ ! കനത്ത മഴ! ഇന്നലെ രാത്രി മുതൽ മഴയുടെ  ചടുല നൃത്തം  തുടർന്ന് വരുകയാണല്ലോ.  അന്തരീക്ഷമാകെ ഇരുണ്ട്  കറുത്ത് മനസിനുള്ളിലേക്ക്  എന്തെല്ലാമോ  വികാരങ്ങൾ  കടത്തി വിടുന്നു  ഈ മഴ.
 കഴിഞ്ഞ്  പോയ  ഇന്നലെകൾ  അവയിലെ ഓർമ്മകളുമായി  വീണ്ടും  എന്നിലേക്ക്  കടന്ന് വരുമ്പോൾ  എന്റെ ബാല്യത്തിലേക്ക്  ഞാൻ  തിരികെ  പായുകയാണ്  അവയെല്ലാം  ഒന്ന് കൂടി  അനുഭവിക്കുവാൻ.
ആലപ്പുഴ വട്ടപ്പള്ളിയിലെ  എന്റെ ബാല്യം  ഈ മഴയത്ത് അസുമാ താത്തായുടെ  പറമ്പിലെ കുളത്തിൽ   കൂട്ടുകാരുമൊത്ത്  കുതിച്ച്  ചാടുവാൻ  എന്നെ പ്രേരിപ്പിക്കുന്നല്ലോ. കമഴ്ന്നും  മലർന്നും കിടന്ന്  നീന്താൻ  എന്റെ കൈകാലുകൾ   ഇപ്പോൾ തരിച്ച്  കയറുന്നു. മറ്റൊരു കേളീ സ്ഥലമായ   മീരാമ്മാ താത്തായുടെ പറമ്പിലെ കുളത്തിൽ  നിന്നും  അവർ കാണാതെ ചൂണ്ട്  ഇട്ട്   പള്ളത്തിയും  വരാലും വട്ടാനെയും  പിടിക്കുവാൻ  ചൂണ്ട കമ്പുമായി   ഇറങ്ങി  തിരിക്കാൻ  കാലുകൾ  വെമ്പുന്നു.
 ശക്തമായ മഴയിൽ ഓടി കിതച്ച്     ബാല്യകാല സഖിയുടെ       വീടിന്റെ ഇറമ്പത്ത് കയറി  നിൽക്കാനും  തല തുവർത്തൂ  എന്നും  പറഞ്ഞ്   അവൾ നീട്ടി  തന്ന തോർത്ത്  വാങ്ങി  തല തുവർത്തുവാനും   ഇടക്കിടെ  അവളെ നോക്കി  പുഞ്ചിരിക്കാനും കൊതിയാവുന്നല്ലോ. "ശ്ശോ!  കഴുത്തിൽ  വെള്ളമിരിക്കുന്നു "  എന്നും  പറഞ്ഞ്  തോർത്ത്  തിരികെ വാങ്ങി  അവൾ  തന്നെ  വെള്ളം  തുടച്ച് തന്നതും  ആ കരസ്പർശം  ഏറ്റ്  നിന്നപ്പോൾ  ശരീരത്തിലെ രോമം  എഴ്നേറ്റ്  നിന്നത്  മഴയുടെ  തണുപ്പ്  കൊണ്ടല്ല  അവളുടെ  നിശ്വാസമേറ്റിട്ടാണെന്ന്  അന്നും  ഇന്നും  തീർച്ചയുണ്ടല്ലോ! എവിടെയെന്നറിയാതെ എവിടേക്കോ  എന്നിൽ  നിന്നും  പിരിഞ്ഞ്  പോയ,   ഇപ്പോൾ    അമ്മയായി  അമ്മൂമ്മയായി  മാറിയ പ്രിയ  സഖിയെ   ഇനി  ഒരിക്കലും  കാണാൻ  കഴിയില്ല  എന്ന ചിന്തയാണ്   നാലു ചുറ്റും  കരയുന്ന  മഴയോടൊപ്പം  എന്റെ മനസിനെയും  കരയിക്കുന്നത്  എന്ന്  ഞാൻ  തിരിച്ചറിയുന്നല്ലോ!
എങ്കിലും  എന്റെ ബാല്യമേ!  നീ എന്നിലേക്ക്  തിരിച്ച്  വന്നിരുന്നെങ്കിലെന്ന്  എത്രമാത്രം  ഞാൻ  മോഹിക്കുന്നുവെന്നോ!
വെറുതെയല്ല     കവി  പാടിയത്  "വെറുതെ ഈ മോഹങ്ങളെന്നറിയുമ്പോഴും  വെറുതെ  മോഹിക്കുവാൻ  മോഹം..."  എന്ന്.

Thursday, September 24, 2009

ഓമനേ ! നീ എവിടെയാണ്?

ഒരു നിശ്ശബ്ദ രാഗത്തിന്റെ ഓർമ്മയാണിത്‌. മൗനാനുരാഗം എന്നൊക്കെ നമ്മൾ പറയാറില്ലേ, അതു പോലൊരെണ്ണം. കൗമാരപ്രായത്തിൽ എല്ലാവരും ആ വക രാഗങ്ങളിൽ ചെന്നു വീഴുക സാധാരണമാണു.
ആലപ്പുഴ ഗവ്‌:മുഹമ്മദൻ സ്കൂളിൽ ഞാൻ ഫോർത്ത്‌ ഫോമിൽ പഠനം നടത്തുന്നു . അന്നു എസ്‌.എസ്‌.എൽ.സി 11 കൊല്ലമാണു. ഫോർത്ത്‌ , ഫിഫ്ത്ത്‌ , സിക്സ്ത്ത്‌ എന്നിങ്ങനെയാണു സ്കൂൾഫൈനൽ ക്ലാസ്സുകൾ.
കാർത്ത്യായനി അമ്മ ടീച്ചറിന്റെ ഫോർത്ത്‌ സി ക്ലാസ്സിൽ ഞങ്ങൾ ആണ്‍കുട്ടികള്‍ മാത്രം. തൊട്ടടുത്ത്‌ ഫിഫ്ത്ത്‌ ഫാമിൽ നാലു പെൺകുട്ടികളും ബാക്കി ആൺ കുട്ടികളൂം.നളിനി, ഇസബെല്ല,ജമീല, ഓമന.എന്നീ നാലു പേരുകൾ ഇപ്പോഴും മറന്നിട്ടില്ല.
അതിൽ ഓമനയാണ് നമ്മുടെ കഥാ പാത്രം.
ഞാൻ പഠിക്കുന്ന ഫോർത്ത്‌ ഫോമിലെ ഒരു ബെഞ്ചിൽ ഞാൻ, ഹംസ്സ, ഫാസ്സിൽ,സുഗുണൻ തുടങ്ങിയവർ.
(പിൽക്കാലത്ത്‌ ഹംസ്സാ കോടതിയിലും ഫാസ്സിൽ സിനിമാ സംവിധാന രംഗത്തും സുഗുണൻ ബാങ്കിലും അവരവരുടെ വഴികൾ കണ്ടെത്തി.)
പഠനകാലത്ത്‌ എല്ലാവർക്കും ഓരോ അനുരാഗ കേസ്സുകൾ ഉണ്ടായിരുന്നെങ്കിലും എനിക്കു ഒരെണ്ണം തരാപ്പെട്ടില്ല. അങ്ങിനെ ഇരിക്കെ ഫിഫ്ത്തിലെ ഒരു ആൺകുട്ടിയുമായി ഞാൻ ലോഹ്യത്തിലായി.
രാജേന്ദ്രൻ!
അവൻ ഓമനയുടെ ആരാധകനായിരുന്നു.ഓമനയുടെ മൂത്ത സഹോദരൻ ആ ക്ലാസ്സിൽ തന്നെ പഠിക്കുന്നുണ്ടു. അതിനാൽ ഓമനയുടെ പുറകെയുള്ള പാച്ചിലിൽ രാജേന്ദ്രൻ എന്നെ കൂട്ടു പിടിച്ചു.

എന്റെ നിരീക്ഷണത്തിൽ രാജേന്ദ്രന്റെ റൗണ്ടടി ഓമന പരിഹാസത്തോടെയാണു കാണുന്നതെന്നു വെളിപ്പെട്ടു.
രാജേന്ദ്രൻ ആദ്യകാലത്ത്‌ എന്റെ പേരു തെറ്റി എന്നെ"രാജു" എന്നാണു വിളിച്ചിരുന്നത്‌
ഒരുദിവസം അവൻ എന്നോടു പറഞ്ഞു
" എടേയ്‌ നിന്നെയും അവൾ നോക്കുന്നുണ്ട്‌; നിന്റെ പേരു എന്നോടു ചോദിച്ചു. രാജു എന്നാണെന്നു ഞാൻ പറയുകയും ചെയ്തു."
ഞാൻ കോൾമയിർ കൊണ്ടു. അതിനു മുമ്പു തന്നെ ഞാൻ ഓമനെയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കാഴ്ച്ചയിൽ സുന്ദരി ആയിരുന്ന ഓമനയുടെ ആകർഷകമായ വലിയ കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്കും തോന്നി തുടങ്ങി.
അങ്ങിനെ 14 വയസ്സുകാരനായ ഞാൻ 15 വയസ്സുകാരിയായ ഓമനയെ ഇഷ്ടപ്പെടാനും തുടങ്ങി. അതു ഏതു തരം വികാരമാണെന്നു ഇന്നും എനികു നിർവ്വചിക്കാൻ കഴിയില്ല. ഒരു ഇഷ്ടം...അത്രമാത്രം.
ഓമന ഒരു പോലീസ്സുകാരന്റെമകളാണു. ആലപ്പുഴ കടപ്പുറം പോലീസ്സ്‌ ക്വാർട്ടേഴ്സിൽ കിഴക്കേ അറ്റത്തെ ഗേറ്റിൽ ആദ്യത്തെ ക്വാട്ടേഴ്സിലാണുതാമസ്സം. സ്പോർട്ട്സ്സിൽ ചാമ്പ്യൻ.
ചിലപ്പോള്‍ റോഡിൽ എതിർ ദിശകളിൽ നിന്നും ഞങ്ങൾ നടന്നു വരും അടുത്തു വരുമ്പോൾ ഞാൻ ഗൗരവത്തിൽ നടന്നു പോകും . (ഞാൻ അന്നു ലേശം ഗൗരവക്കാരനാണു.) എന്റെ ഇടം കണ്ണിലൂടെ ഓമന എന്നെ നോക്കി കടന്നു പോകുന്നത്‌ ഞാൻ തിരിച്ചറിയുമായിരുന്നു. കുറേ ദൂരം മുമ്പോട്ടു പോയി എതിർ വശത്തേക്കു പോകാനെന്നവണ്ണം ഞാൻ റോഡ്‌ കുറുകെ നടക്കുമ്പോൾ ഓമനയെ തിരിഞ്ഞു നോക്കും. ഓമനയും അപ്പോൾ അതു പോലെ റോഡ്‌ കുറുകെ കടന്നു എന്നെ തിരിഞ്ഞു നോക്കുന്നതു കാണുമ്പോൾ ഞാൻ മുഖം വെട്ടി തിരിഞ്ഞു നടന്നു പോകും.
ക്ലാസ്സിൽ ഇരിക്കുമ്പോൾ എന്റെ ശ്രദ്ധ അപ്പുറത്തെ ക്ലാസിലെ ലേഡീസ്സ്‌ ബെഞ്ചിലാണു. ഓമന തിരിഞ്ഞു നോക്കുമ്പോൾ ഞാൻ മുഖം മാറ്റും.
രാജേന്ദ്രനോടു ഇതൊന്നും ഞാൻ പറഞ്ഞിരുന്നില്ല. പറഞ്ഞാലും അവനു എന്നോടുവിരോധം തോന്നില്ലാ എന്നു എനിക്കു അറിയാമായിരുന്നു. അവൻ എല്ലാ കാര്യങ്ങളും കൗമാരത്തിലെ ചാപല്യങ്ങളായാണല്ലോകണ്ടിരുന്നതു.
പക്ഷേ എന്റെ സ്നേഹം ഗാഡമായിരുന്നു. പെൺകുട്ടികളെ റൗണ്ടടിക്കാത്ത എനിക്കു ഓമനയുടെ കണ്ണൂകൾ ആകർഷകമായി അനുഭവപ്പെട്ടു.
മാസങ്ങൾ ഓടിപ്പോയി.
സ്കൂൾ ആനിവേഴ്സറിക്കു ഓമന സ്പോർട്ട്സിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. കൈ നിറയെ സമ്മാനമായി കിട്ടിയ കപ്പുകളുമായി സ്റ്റേജിൽനിന്നു ഇറങ്ങി വരുമ്പോൾ അതിൽ ഒരെണ്ണം താഴെ വീണു ഉരുണ്ടു എന്റെ അരികിലെത്തി. ഞാൻ അതു കുനിഞ്ഞു എടുത്തു ഓമനയുടെ നേരെ നീട്ടി. ആ കണ്ണിന്റെ അഗാധതയിൽ നന്ദി ഞാൻ തിരിച്ചറിഞ്ഞു.
അടുത്ത കൊല്ലം അവൾ ഗേൽസ്‌ സ്കൂളിൽ സിക്സ്തു ഫോമിൽ ചേർന്നു പഠിക്കാൻ പോയെങ്കിലും കടൽ തീരത്തേക്കുള്ള എന്റെ യാത്ര ഓമനയുടെ ക്വാർട്ടേഴ്സിനു സമീപം കൂടി ആയിരുന്നതിനാൽ പലപ്പോഴും അവളെ കാണാൻ കഴിഞ്ഞിരുന്നു.ആ ഗേറ്റ്‌ അടുക്കുമ്പോൾ എന്റെ നെഞ്ചു ഇടിക്കാൻ തുടങ്ങും. ഓമന അവിടെ ഉണ്ടാകുമോ?
അരമതിലിൽ ഇരിക്കുകയോ മുറ്റത്തു നിൽക്കുകയോ ചെയ്യുന്ന അവളുടെ കണ്ണുകളുമായി എന്റെ കണ്ണുകൾ കൂട്ടിമുട്ടും.
ഒരു ദിവസം ഞാൻ കടൽ തീരത്തു പൂഴിപ്പരപ്പിൽ ഇരിക്കുകയാണു. അന്നു എന്റെ സാഹിത്യ രചനയുടെ ആരംഭ കാലമായിരുന്നു. ഓമനയും കൂട്ടുകാരികളും എന്റെ അരികിലൂടെ കടന്നു പോയി. ഒരു നിമിഷം എന്റെ പുറകിൽ അവൾ നിന്നു എന്നു എനിക്കു തീർച്ച ഉണ്ടു. ഞാൻ എഴുതുന്നതു എന്തെന്ന് നോക്കിയതാവാം.
പിന്നീടും പലതവണ അപ്രകാരം അവൾ കടന്നു പോയിട്ടുണ്ടു. കടൽ തീരത്തു ഞാൻ ഇരിക്കുന്നതിലും കുറെ ദൂരെയായി വന്നിരുന്നിട്ടുമുണ്ടു. അത്രമാത്രം....ജീവിതത്തിൽ ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും സം സാരിച്ചിട്ടില്ല. പക്ഷെ ഓമന എന്നെ എത്ര മാത്രം ആകർഷിച്ചിരുന്നു എന്നു വിവരിക്കാനാവില്ല. ഏതു തരത്തിലുള്ള വികാരമായിരുന്നു അതെന്നു എനിക്കു നിർവ്വചിക്കാനും കഴിയില്ല. അതൊരു അധമ വികാരമായിരുന്നില്ല എന്നു എനിക്കു തീർച്ച ഉണ്ടു.ജീവിതത്തിൽ ഒരിക്കൽ പോലും സം സാരിച്ചിട്ടില്ലാത്ത വ്യക്തിയോടുള്ള അപൂർവ്വ രാഗമായിരുന്നു അതു.
പിന്നീടു രാജേന്ദ്രനും എങ്ങോ മാറിപ്പോയി.പുതിയ സ്നേഹ ബന്ധങ്ങൾ......പുതിയ കൂട്ടുകാർ....വിദ്യാഭ്യാസ കാലം അങ്ങിനെയാണല്ലോ.
ഞാൻ സിക്സ്തു പാസ്സായി. ജീവിത യോധനത്തിനായി ആലപുഴയിൽ നിന്നും കുറെ മാസങ്ങൾ വിട്ടു നിന്നു. തിരികെ വന്നു മലയാ ബെയിൽസിൽ കോണ്ട്രാക്റ്ററുടെ സെക്രട്ടറീ ലാവണത്തിൽ ജോലി നോക്കി. ആ സ്ഥാപനം കടൽ തീരത്തിനു സമീപമായിരുന്നു. പക്ഷേ പിന്നീടു ഓമനയെ ഞാൻ കണ്ടിട്ടില്ല. ക്വാർട്ടേഴ്സ്സിനു അരികിൽ കൂടി ഞാൻ പോകുമ്പോൾ ഗേറ്റിലൂടെ നോക്കും. അവിടെ അപരിചിതരായ ആൾക്കാരെയാണു കണ്ടതു. . ആരോടെങ്കിലും അന്വേഷിക്കാൻ ധൈര്യവുമില്ല. നിരാശനായി ഞാൻ നടന്നു പോകും. പിന്നീടു കുറച്ചു കാലങ്ങൾക്കു ശേഷം ഞാൻ ആലപ്പുഴയിൽ നിന്നും താമസം മാറി.
വർഷങ്ങൾ ഏറെ കഴിഞ്ഞു.യൗവ്വനത്തിന്റെ തിരക്കും ആരവങ്ങളും കെട്ടടങ്ങി മലയടിവാരത്തിന്റെ നിശ്ശബ്ദത ഉൾകൊള്ളുന്ന പ്രായം നമ്മിലെത്തുമ്പോൾ ആ നിശ്ശബ്ദതയിൽ ചിലപ്പോൾ പഴയ ആരവങ്ങൾ ഒരു മുരളീ നാദമായി മനസ്സിൽ ഉയർന്നു വരും. അപ്പോൾ ഒരിക്കൽ കൂടി ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിലുണരും. സഫലമാകാത്ത ആഗ്രഹ നിവർത്തിക്കായി പഴയ കാലഘട്ടത്തിലെ വ്യക്തി ബന്ധങ്ങൾ പുനർ ജീവിപ്പിക്കാൻ നമ്മൾ ശ്രമിക്കാറുണ്ടു. അതു കൊണ്ടാണല്ലോ പൂർവ്വ വിദ്യാർത്ഥി സംഗമം എന്നൊക്കെ പറഞ്ഞ്‌ നമ്മൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതു.
പഴയ സ്മരണകൾ മങ്ങാതെ ഇന്നും കാത്തു സൂക്ഷിക്കുന്നവനാണു ഞാൻ. പുസ്തക താളിലെ മയിൽ പീലി തുണ്ടു എന്നൊക്കെ ആലങ്കാരിക ഭാഷയിൽ നമ്മള്‍ പറയാറില്ലേ ,അതു തന്നെ.
ഈ ഭൂമി സ്നേഹത്താൽസൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതിനാൽ പിൽക്കാലത്തു ഞാൻ എന്റെ പഴയ സുഹൃത്തുക്കളെ അന്വേഷിച്ചു നടന്നു. ആ കൂട്ടത്തിൽ രാജേന്ദ്രനെ ...ഓമനയെ.. എന്നിവരെയും തിരക്കി. പക്ഷെ മറ്റു ചിലരെയും അവർ രണ്ടു പേരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ആലപ്പുഴയിൽ എത്തിചേരുന്ന ദിവസങ്ങളിൽ ഞാൻ കടൽതീരത്തു പോകും; പോലീസ്സു ക്വാർട്ടേഴ്സ്സിനരികിലൂടെ.ആ മയിൽപീലി തുണ്ടിൽ ഞാൻ ഒന്നു തലോടും .
ഓർമ്മകളേ! നിങ്ങൾ എന്നിൽ അനുഭൂതികൾ നിറക്കുന്നുവല്ലോ!.
പിന്നീടു ജീവിത യാത്രയിൽ എവിടെയോ വെച്ചു എന്റെ സഹപാഠിയായ ഹംസ്സായെ കണ്ടെത്തി.അവനുമായി പഴയ സ്മരണകൾ പങ്കുവെച്ചു. ഫാസിൽ പ്രസിദ്ധ സിനിമാ സംവിധായകനായതും സുഗുണൻ ബാങ്ക്‌ മനേജരായതും ഹംസ്സാ ഹെഡ്‌ ക്ലാർക്കായി കോടതിയിൽ നിന്നും വിരമിച്ചതും മറ്റും മറ്റും... ഇടയിൽ ഞാൻ രാജേന്ദ്രനെ അന്വേഷിച്ചു.(ഓമനയെ ആദ്യം അന്വേഷിക്കാൻ എനിക്കു ലജ്ജ ആയിരുന്നു)രാജേന്ദ്രൻ കൊച്ചിയിൽ തുറമുഖത്തോടു അനുബന്ധിച്ച എതോ ജോലിയിലാണെന്നു അറിഞ്ഞു. പിന്നീടു ഓമന സംഭഷണ വിഷയമായി.
അവൾക്ക്‌ സ്പോർട്ട്സ്‌ ക്വാട്ടായിൽ പോലീസ്സിൽ ജോലി കിട്ടി പിന്നീടു എസ്സ്‌.ഐ ആയി പെൻഷൻ പറ്റി; ഇപ്പോൾ ആലപ്പുഴയിൽ എവിടെയോ ഉണ്ടൂ.
മനസ്സു തുടി കൊട്ടി. കണ്ടെത്തണം. ഇപ്പോൾ 61 വയസ്സുള്ള സ്ത്രീ ആയിരിക്കാം . എങ്കിലും കണ്ടെത്തണം. ഒന്നു കാണണം.
പരിചയക്കാരിയായ ഒരു പോലീസ്സ്‌ ഉദ്യോഗസ്ഥയോടു കിട്ടിയ വിവരം വെച്ചു അന്വേഷിച്ചപ്പോൾ ആലപ്പുഴ അറവുകാടു ഭാഗത്തോ മറ്റോ ഓമന താമസമുണ്ടെന്നു അറിഞ്ഞു.
ഞാൻ അന്വേഷിക്കുന്ന ഓമന തന്നെയാണോ അതെന്നു തീർച്ചയില്ല. ഏതായാലും അന്വേഷിക്കാം.
പക്ഷേ ജോലി തിരക്കു കാരണം വീണ്ടും മാസങ്ങൾ ഓടിപ്പോയി.
വിരസമായ ഒരു യാത്രയിൽ പഴയ കാര്യങ്ങൾ ഓർമ്മിച്ചു ബസ്സിൽ ഇരിക്കുമ്പോൾ ഓമന മനസ്സിൽ കടന്നു വന്നു. ഞാൻ ഓമനയെ കണ്ടെത്തി സം സാരിക്കുന്നതും ജീവിതത്തിൽ ആദ്യമായാണു നമ്മൾ സം സാരിക്കുന്നതു എന്നൊക്കെ ഓർമിപ്പിക്കുന്നതും മറ്റും ഞാൻ സങ്കൽപ്പിച്ചു. പെട്ടെന്നു എന്റെ മനസ്സിൽ മറ്റൊരു ചിന്ത കടന്നു വന്നു.
എനിക്കു ഓമനയോടു ഉണ്ടായിരുന്ന താൽപര്യം ഓമനക്കു എന്നോടും ഉണ്ടായിരുന്നു എന്നു എന്റെ വിശ്വാസമല്ലേ. അതു ശരിയാകണമെന്നില്ലല്ലോ. ഞാൻ ഈ സങ്കൽപ്പിക്കുന്നതെല്ലാം എന്റെ തലയിൽ കൂടി മാത്രമാണു. ഓമനയുടെ തലയിൽ ഞാൻ കയറി ഇരുന്നു ചിന്തിച്ചാൽ അതു സത്യമാവണമെന്നില്ലല്ലോ.
ഞാന്‍ ചെന്നു പരിചയപ്പെടുമ്പോള്‍ ഓമനക്ക് എന്നെ അറിയില്ലെന്ന് പറഞ്ഞാലോ?
ശരി
,ഇനിഎന്നെ തിരിച്ചറിഞ്ഞു എന്ന് തന്നെ കരുതുക ....അടുത്ത ചോദ്യം
"ഇപ്പോള്‍ കാണാന്‍ വന്നതിനുകാരണം?" ചോദ്യത്തിന് എന്തായിരിക്കും എന്റെ ഉത്തരം
"വെറുതെ കാണാന്‍ വന്നു" എന്നോ അതോ
"ഞാൻ ഓമനയെ പണ്ടു ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു " എന്നോ?
എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു ഏകപക്ഷീയമായ വികാര വിചാരങ്ങളാണു. അവൾക്കു അതേപോലെ തിരിച്ചു ഇങ്ങോട്ടു ഉണ്ടാകണമെന്നില്ലല്ലോ
" ചെറുപ്പത്തിൽ അതെല്ലാം സംഭവിച്ചിരിക്കാം ഇപ്പോൾ അതിനു എന്തു പ്രസക്തി" എന്നു ചോദിച്ചാലോ.....
മനസ്സിൽ എവിടെയോ ഒരു തേങ്ങൽ...... എന്നിൽ മധുര സ്മരണകളായി ഉറങ്ങുന്ന മൗനരാഗങ്ങെളെല്ലാം ആ നിമിഷം അപശ്രുതികളായി മാറും. ഓമനയെ കണ്ടെത്താതിരിക്കുന്നതല്ലേ അതിലും ഭേദം. കഴിഞ്ഞു പോയ വസന്ത കാലത്തിന്റെ തിരുശേഷിപ്പുകളായി നില നിൽക്കുന്ന മധുരമനോഹരമായ ഓർമ്മകളിന്മേൽ കരി നിഴൽ വീഴ്ത്താതിരിക്കുന്നതല്ലേ നല്ലതു.
വല്ലപ്പോഴും ആ മയിൽപീലി തുണ്ടു പുറത്തെടുത്തു ഓമനേ! നീ എവിടെയാണു എന്ന അന്വേഷണവുമായി കഴിയുന്നതല്ലേ ഒരു സുഖം.....
നിങ്ങളെന്തു പറയുന്നു?.........
പിൻ കുറി:- ഇതു ഇത്രയും ഞാൻ എഴുതി തയാറാക്കിയപ്പോൾ മനസ്സിലെവിടെയോ പ്രത്യാശയുടെ ഒരു കിരണം! ഈ പോസ്റ്റ്‌ ഓമനയോ രാജേന്ദ്രനോ അന്നത്തെ ഫോർത്ത്‌ സി യിലെ എന്റെ ആത്മമിത്രങ്ങൾ ആരെങ്കിലുമോ കണ്ടിരുന്നു എങ്കിൽ! അവർ ഞാനുമായി ബന്ധപ്പെട്ടിരുന്നു എങ്കിൽ...... എങ്കിൽ അതെന്റെ ബാല്യം എനിക്കു തിരികെ തരുമായിരുന്നാല്ലോ.......!