Tuesday, October 29, 2019

മാടത്തരുവി കൊലക്കേസ്

മാടത്തരുവി കൊലക്കേസ് !
മന്ദമരുതി കൊലക്കേസ് എന്ന പേരിലും ഈ  കേസ് അറിയപ്പെട്ടിരുന്നു. 1966 ലാണ് ഈ കൊലപാതകം നടന്നത്. കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കേസായിരുന്നു ഇത്.
 റാന്നിക്ക് സമീപം അപ്രധാനമായ  ഒരു സ്ഥലമാണ് മന്ദമരുതി. അതിന് സമീപമാണ് മാടത്തരുവി.
ഫാദർ ബനഡിക്റ്റ് എന്ന  സീറോ മലബാർ കത്തോലിക്കാ പുരോഹിതനായിരുന്നു  ഈ കേസിലെ പ്രതി. കത്തോലിക്കാ പുരോഹിതൻ കൊലക്കേസിൽ പ്രതിയായി വരുന്ന ആദ്യ കേസായിരുന്നു ഇത്. അഞ്ച് കുട്ടികളുടെ  മാതാവും മൂന്ന് തവണ വിവാഹിതയുമായ  മറിയക്കുട്ടി എന്ന പേരുള്ള ഒരു വിധവയായിരുന്നു  കൊല്ലപ്പെട്ടത്.
മറിയക്കുട്ടി  ആലപ്പുഴ അവലൂക്കുന്നു സ്വദേശിയായിരുന്നു. ഫാദർ അവിടെ  പള്ളിയിൽ പുരോഹിതനും. അച്ചൻ പിന്നീട് സ്ഥലം    മാറി ചങ്ങനാശ്ശേരിയിൽ  പോയി. ആലപ്പുഴയിൽ വെച്ചുണ്ടായ അവിഹിത ബന്ധം  മുതലെടുത്ത് അച്ഛനെ  ഭീഷണിപ്പെടുത്തി  പണം ഈടാക്കനാണ്  മറിയക്കുട്ടി  ചങ്ങനാശ്ശേരിയിൽ  പൊയ്ക്കൊണ്ടിരുന്നതെന്നാണ് പ്രൊസിക്യൂഷൻ കേസ്. തന്നെ സ്ഥിരമായി ഉപദ്രവിക്കുന്ന, അവരുടെ ഇളയകുട്ടി  അഛന്റേതെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഈ ശല്യക്കാരിയെ  എന്നെന്നേക്കുമായി ഒഴിവാക്കാനായി  സ്നേഹം നടിച്ച് കൂട്ടിക്കൊണ്ട് പോയി  മാടത്തരുവിക്ക് സമീപം  വെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
കൊല്ലം സെഷൻസ് കോടതിയിലായിരുന്നു വിചാരണ.സെഷൻസ് ജഡ്ജി ആയ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ  പ്രതിയെ 5 വർഷം  തടവിനും മരണം വരെ തൂക്കി കൊല്ലാനും വിധിച്ചു. ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ ആദ്യമായിരുന്നു ഇപ്രകാരമുള്ള ഒരു കൊലക്കേസിൽ  മത പുരോഹിതനെ ഈ മാതിരി കേസിൽ  വധശിക്ഷക്ക് വിധിക്കുന്നത്.
ഹൈക്കോടതിയിൽ  അപ്പീൽ പോയ ഈ കേസിൽ  കീഴ്ക്കോടതി വിധി റദ്ദാക്കി  ഹൈക്കോടതി 1967ൽ  ഫാദർ ബനഡിക്റ്റിനെ വെറുതെ വിട്ടു. അഛനെ കാറുകളുടെ ഘോഷയാത്ര അകമ്പടിയോടെയാണ് സെൻട്രൽ ജെയിലിൽ നിന്നും  ചങ്ങനാശേരിയിൽ കൊണ്ട് വന്നത്.
പിൽ കാലത്ത്  ഈ കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും  കൊലപാതകിയുടെ  കുമ്പസാരത്തിലൂടെ  അഛൻ ആ വിവരം  മനസിലാക്കിയിരുന്നെന്നും  കുമ്പസാര രഹസ്യം പുറത്ത് വിടരുതെന്ന  നിർബന്ധത്താൽ അഛൻ  പറയാതിരുന്നതാണെന്നും  മനോരമയിൽ       വാർത്ത വന്നത്  ഓർമ്മ വരുന്നു. അപ്പോഴേക്കും അഛൻ കാലയവനികക്ക് അപ്പുറം പോയിക്കഴിഞ്ഞിരുന്നു.
  അന്ന് വരെ ജില്ലയിൽ തന്നെ പലർക്കും അപരിചിതമായിരുന്ന   മാടത്തരുവി , മന്ദമരുതി എന്നീ അപ്രധാന സ്ഥലനാമങ്ങൾ  ഈ കൊലപാതകത്തിലൂടെ ലോകപ്രസിദ്ധമായി. ഈ സംഭവം  ആസ്പദമാക്കി രണ്ട് സിനിമകളും  പുറത്ത് വന്നു. ഒന്ന്  ബോബൻ കുഞ്ചാക്കോയുടെ അപ്പൂപ്പൻ കുഞ്ചാക്കോ സംവിധാനം - നിർമ്മാണം ചെയ്ത മൈനത്തരുവി., മറ്റൊന്ന് മാടത്തരുവി.
ഇപ്പോൾ കൂടത്തായി  എന്ന സ്ഥലനാമം പ്രസിദ്ധമായത് പോലെ  ആയിരുന്നു അന്ന് മാടത്തരുവി സുപരിചിതമായത്.
കൂടത്തായി  എന്ന അപ്രധാന  സ്ഥലനാമം ഇപ്പോൾ കേട്ടപ്പോൾ കുഞ്ഞ് നാളിൽ കേട്ടറിവുണ്ടായിരുന്ന  ഈ പഴയ ചരിത്രം ഓർമ്മ വന്ന് പോയി.
 കൊലപാതകം കുഗ്രാമത്തിലായാലും നഗരത്തിലായാലും മനുഷ്യൻ  ഒരു മടിയും കൂടാതെ പണ്ട് മുതൽക്കേ നടത്തി വരുന്നു എന്ന സത്യവും തിരിച്ചറിയുന്നു.
 കൊലപാതകി നമ്മളിൽ ഒരാളായി നമ്മോടൊപ്പം ഇടപഴകി ജീവിക്കുമ്പോൾ  അയാളിൽ ഒരു കൊലപാതകി ഉണ്ടെന്ന സത്യം നമുക്കെങ്ങിനെ കണ്ടെത്താൻ കഴിയും?

Sunday, October 20, 2019

കഞ്ഞിയും പയറും.

ബിരിയാണി, ചപ്പാത്തി കോഴിക്കറി, നെയ്ച്ചോറ് മട്ടൺ കറി, ഇലയിൽ വിളമ്പുന്ന സദ്യ, ഇഡ്ഡ്ലി, സാമ്പാറ്, ഇവയെല്ലാം രുചികരമായി  അനുഭവപ്പെടുമെങ്കിലും  പ്രൈമറി സ്കൂളിൽ നിന്നും ലഭിച്ചിരുന്ന ഉച്ചക്കഞ്ഞിയുടെ രുചി  ഇതിനെക്കാളും എത്രയോ  ഉയരത്തിലാണ്.
ആലപ്പുഴ സക്കര്യാ ബസാറിലെ  അഞ്ച്മൺ  പ്രൈമറി സ്കൂളിലെ  ഉച്ചക്കഞ്ഞിക്കായി  സ്കൂൾ ബെൽ അടിക്കാൻ കാത്തിരുന്ന ബാല്യകാലം  ഒരിക്കലും മറക്കാൻ കഴിയില്ല.
റേഷനരിയുടെ ആ കഞ്ഞിക്ക് അൽപ്പം ദുർഗന്ധം ഉണ്ടായിരുന്നത്  ആസ്വാദ്യകരമായ സുഗന്ധമായി അനുഭവപ്പെടാൻ തക്കവിധം  വിശപ്പ്  അനുഭവപ്പെട്ടിരുന്ന കാലമായിരുന്നല്ലോ അത്. കഞ്ഞിക്ക് കറി ആയി, പയറോ മരച്ചീനി ഉടച്ചതോ ഉണ്ടായിരിക്കും. സ്കൂളിലെ പ്യൂൺ  മൈതീനായിരുന്നു കഞ്ഞി വെച്ചിരുന്നത്. അയാൾ തന്നെയാണ് വിളമ്പി തന്നിരുന്നതും അത് കൊണ്ട് തന്നെ  മൈതീൻ ഞങ്ങൾ കുട്ടികളുടെ  കണ്ണിൽ മഹാനായ മനുഷ്യനായിരുന്നു.
ഒരുമണി ആകാനും വരാന്തയിൽ തൂക്കിയിരുന്ന ബെല്ലിന് സമീപം മൈതീൻ വന്ന് അതിൽ തന്നെ കൊരുത്തിട്ടിരുന്ന കമ്പി കഷണം എടുത്ത്  ബെല്ലിൽ ണിം ണിം ണിം  എന്ന് തുരുതുരാ അടിക്കുവാനും ആകാംക്ഷയോടെ കാത്തിരുന്ന് അവസാനം  ബെല്ലടിക്കുമ്പോൾ ഉച്ചത്തിൽ കൂവി ആർത്ത് വരാന്തയിൽ ആദ്യഭാഗത്ത് തന്നെയുള്ള നിരയിൽ ഇടം പിടിക്കാനും അപ്പോൾ വിളമ്പി കിട്ടുന്ന ചൂട് കഞ്ഞിയുടെ ഗന്ധം ആസ്വദിക്കാനും ഇപ്പോഴും കൊതിയാകുന്നു.
ലോകത്ത് വിപ്ളവങ്ങൾ സൃഷിക്കാൻ കാരണമായ  വിശപ്പാണല്ലോ നാക്കിന് രുചിയും പ്രദാനം ചെയ്യുന്നത്.
ഇന്നും അഞ്ച്മൺ സ്കൂൾ ആലപ്പുഴയിൽ പ്രവർത്തിക്കുന്നു. ഉച്ചക്ക് ഇപ്പോൾ കഞ്ഞിയില്ല, രുചികരമായ കറികളോട് കൂടിയ ഊണാണ് കുട്ടികൾക്ക് നൽകുന്നത്. മെയ്തീൻ സ്വർഗത്തിലേക്ക് പോയിക്കാണും. അവിടെയും കഞ്ഞി വിളമ്പാൻ നല്ല ആൾക്കാരെ വേണമല്ലോ.

Friday, October 11, 2019

കൂടത്തായി ജോളി....

ഹലോ!  കൂടത്തായി കൊലക്കേസ്  പ്രതി ജോളിയെ അടച്ച ജയിലിന് മുമ്പിൽ നിന്നുമാണ് ഞങ്ങൾ ഈ പ്രോഗ്രാം  പ്രക്ഷേപണം ചെയ്യുന്നത്, ഇതാ ഇപ്പോൾ ജെയിലിൽ നിന്നുമിറങ്ങി വരുന്നത് ജെയിൽ വാർഡനാണ്...... അദ്ദേഹത്തോട് ഞങ്ങൾ  സംസാരിച്ചതിൽ  ജോളി ഇന്നലെ രാത്രിയിൽ  എട്ട് മുപ്പത്തി രണ്ട്  മണിക്ക് മൂന്ന് തവണ  തുടർച്ചയായി തുമ്മി  എന്നും ഇതിന് മുമ്പ് ജോളി ഇപ്രകാരം തുമ്മുമായിരുന്നോ എന്നന്വേഷിച്ചതിൽ  കട്ടപ്പനയിൽ അവരുടെ ജന്മ സ്ഥലത്ത് പോയി തിരക്കിയപ്പോൾ  രാത്രിയിൽ പലപ്പോഴും ജോളി ഇപ്രകാരം തുമ്മിയിട്ടുള്ളതായി  ബലവത്തായ സാക്ഷികളിൽ നിന്നും അറിഞ്ഞതായി പോലീസ്കാർ പറഞ്ഞറിവുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു.പ്രതിയുടെ പൂർവ കാല പരിശോധനയിൽ ഇപ്രകാരം രാത്രി എട്ട് മുപ്പത്തി രണ്ട് മണിയുടെ  തുമ്മൽ കൊല ചെയ്യാനുള്ള ആവേശം കൂട്ടുമെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു എന്നറിയുന്നു.  രാത്രിയിൽ ഉറക്കം കുറവുണ്ടെന്ന് കണ്ടതിൽ  മനോ രോഗത്തിന്റെ ആരംഭം  കാണപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ  ആസ്പത്രിയിൽ കൊണ്ട് പോയി എന്നും ആൾക്ക് ഒരു കുഴപ്പവുമില്ലാ എന്ന്  വിദഗ്ദർ പറഞ്ഞതായും അറിയാൻ കഴിഞ്ഞു..... ജോളീയെ അടച്ച ജയിലിന് മുമ്പിൽ നിന്നും  ക്യാമറാ മാൻ  ഇട്ടുണ്ണൻ കോദണ്ഡ കുറുപ്പിനോടൊപ്പം  കുമാരി  കശ്മലാ ദേവി....
എടാ കോപ്പന്മാരേ! 500 രൂപാ ചനൽ വിഹിതമടച്ചാ ഇപ്പോൾ റ്റി.വി. കാണൂന്നത്. നിനക്കൊന്നും മറ്റ് വാർത്തകളൊന്നും ഈ ലോകത്തില്ലേ? പ്രക്ഷേപം ചെയ്യാൻ....ദിവസങ്ങളായി കേട്ടു കേട്ടു മടുത്തു.
240 രൂപാ പ്രതിമാസം എണ്ണി തന്നിട്ടാണ് പത്രം വാങ്ങുന്നത്, അതിന്റെയും പകുതി സ്ഥലം കൂടത്തായി അടിച്ച് മാറ്റുന്നതായാണ് കാണപ്പെടുന്നത്. പോലീസ് പറയുന്നത് അക്ഷരം പ്രതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ  ശിങ്കങ്ങളേ! എതിർഭാഗത്തിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും തിരക്കിയോ?
മൂല്യാധിഷ്ഠിത  പത്ര പ്രവർത്തനം ഘോര ഘോരം പ്രസംഗിക്കുന്ന മാധ്യമം പത്രത്തിന്റെ എഡിറ്റോറിയലിനും വിഷയം കൂടത്തായിയേ കിട്ടിയുള്ളൂ. തുർക്കി സിറിയയിൽ കയറി 15 നിരപരാധികളെ ബോംബിട്ട് കൊന്നതും കുർദുകൾ  തുർക്കിയിൽ  കയറി 5 പേരെയും കൊന്നതും സാധാരണക്കാരെയാണെന്ന വാർത്താ പ്രാധാന്യം പോലും  മൂല്യാധിഷ്ഠിതർക്ക് എഡിറ്റോറിയൽ വിഷയമാക്കാൻ കഴിഞ്ഞില്ല. അവരുടെ ചാനൽ മീഡിയാ വണ്ണിനും കൂടത്തായി സ്നേഹം നിർത്തി വെക്കാൻ കഴിഞ്ഞിട്ടില്ല.

Tuesday, October 8, 2019

പാർപ്പിടം നഷ്ടപ്പെട്ടവർ...

ഒരു പാർപ്പിടം വാങ്ങുന്നതിന് മുമ്പ്  വിലക്ക് തരുന്ന വസ്തുവിനെ സംബന്ധിച്ച്  കരണങ്ങൾ പരിശോധിച്ച് വിലക്ക് തരുന്നവന്റെ  ഉടമസ്ഥാവകാശം  ബോദ്ധ്യപ്പെടുന്നു. പിന്നീട് വില്ലേജ് ആഫീസിൽ പോയി കരം ഒടുക്കും, പോക്കു വരവും(മ്യൂട്ടേഷൻ) സംബന്ധമായ രേഖകൾ പരിശോധിച്ച്  തൃപ്തിപ്പെടുന്നു. രജിസ്റ്റർ ആഫീസിൽ പോയി  12 കൊല്ലത്തെയോ ഇരുപത് കൊല്ലത്തെയോ  ബാദ്ധ്യതാ സർട്ടിഫിക്കേറ്റ് വാങ്ങി യാതൊരു ബാദ്ധ്യതകളും ജപ്തിയും  മറ്റ് തടസ്സങ്ങളും ഇല്ലാ എന്ന്  തിരിച്ചറിയുന്നു. ബന്ധപ്പെട്ട തദ്ദേശ ഭരണ  സ്ഥാപനം..അത് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ  കോർപൊറേഷനോ എന്തോ ആയിക്കൊള്ളട്ടെ, വാങ്ങാൻ ഉദ്ദേശിക്കുന്ന കെട്ടിടം  ആ സ്ഥാപനത്തിന്റെ അറിവും അനുവാദത്തോടെയുമാണോ നിർമ്മിച്ചത് എന്ന് പരിശോധിച്ച് ആ വക രേഖകളെല്ലാം  കിറു കിറുത്യം എന്ന്  കണ്ടെത്തുന്നു. വൈദ്യുതി കണക്ഷനും ജല വിതരണവും നിയമാനുസൃത  അനുവാദത്തോടെയെന്നും ബോദ്ധ്യപ്പെട്ട് എല്ലാ  ആധികാരിക രേഖകളോടെ  പാർപ്പിടം വിലക്ക് വാങ്ങി താമസം ആരംഭിച്ചപ്പോൾ  അത്യുന്നത കോടതി പറയുന്നു, കെട്ടിടം പൊളിച്ച് മാറ്റി പാട്ടിൻ് പോടാ എന്ന്.
മേൽക്കാണിച്ച ഇടപാടിൽ ആരാണ് കുറ്റക്കാർ. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ നിലവിലുള്ള  നിയമങ്ങൾക്ക് കീഴ്പ്പെട്ട് എല്ലാം നിയമാനുസരണം ചെയ്ത് ബോദ്ധ്യപ്പെട്ട് ഒരു പൗരൻ വാങ്ങുന്ന പാർപ്പിടം  പൊളിച്ച് മാറ്റേണ്ടി വന്നാൽ ആരാണ് അതിന് ഉത്തരവാദികൾ???
പിന്നെ ഏത് വിധത്തിലാണ് ഒരു പാർപ്പിടം വിലക്ക് വാങ്ങേണ്ടത്???
മരട് സംഭവം ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായമായി നില നിൽക്കുമെന്ന് തീർച്ച.

Sunday, October 6, 2019

വർഷകാല സന്ധ്യ

വർഷ കാല സന്ധ്യ
സൂര്യൻ മാനത്ത് വർണങ്ങൾ രചിച്ച് കഴിഞ്ഞ് പോയതേ  ഉള്ളൂ.
കൂടണയാൻ വെമ്പുന്ന പക്ഷികളുടെ  ശബ്ദ കോലാഹലം.
ദൂരെ കുന്നുകളിൽ നിന്നും  സന്ധ്യാ രാഗം ഒഴുകി വരുന്നു
മനസ്സിൽ ശോകവും മൂകതയും  നിറക്കുന്ന ഈ അന്തരീക്ഷത്തിൽ  മനസ്സിലെ ഭാവങ്ങൾ പകർത്താൻ കഴിയില്ലെങ്കിലും മാനത്തെ വർണങ്ങൾ  ക്യാമറയിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നു.

Saturday, October 5, 2019

ചില മലബാറൻ മൊഴികൾ.....

“അയ്ക്കൽ  പൂട്ടണ മെഗ്ഗുണ്ടോ?“
ഡിസ്പൻസറിയുടെ മുമ്പിൽ വന്ന് നിന്ന്  ഒരാൾ ചോദിച്ചു.
സ്ഥലം കുമര  നെല്ലൂരിൻ സമീപത്തുള്ള പടിഞ്ഞാറങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഡിസ്പൻസറിയുടെ മുൻ വശം.
അവിടെ നിന്നിരുന്ന എന്നോടും കെട്ടിട ഉടമസ്ഥനായ അവ്വക്കര് ഹാജിയാരോടുമായിരുന്നു  അയാളുടെ ചോദ്യം. തികച്ചും ഗ്രാമീണനായ ഒരു മനുഷ്യൻ.
“അദ്ദിവിടെ കിട്ടില്ലെന്റെ ചങ്ങായീ.....“ ഹാജിയാർ മറുപടി പറഞ്ഞു.
എന്താണ് അയാൾ ചോദിച്ചത് ? ഞാൻ ഹാജിയാരോട് തിരക്കി.
അയ്ക്കൽ എന്ന് വെച്ചാൽ ഇദ്ദാണ്...ഹാജിയാർ ധരിച്ചിരുന്ന ഷർട്ട് കൈചുരുട്ടി മേൽപ്പോട്ടാക്കി  തോളിന് താഴെ  കയ്യിൽ കെട്ടിയിരുന്ന  ഉറുക്ക് (ഏലസ്സ്) കാണിച്ചു തന്നു. “മെഗ്ഗ്“ എന്ന് വെച്ചാൽ മെഴുക്.
 ഏലസ്സിന്റെ  രണ്ട് വശത്ത് ദ്വാരം അടക്കുന്നതിനുള്ള മെഴുക് എന്ന് ചുരുക്കത്തിൽ അർത്ഥം പറയാം.
വളരെ വർഷങ്ങൾക്ക് മുമ്പ് മദ്ധ്യ തിരുവിതാംകൂറുകാരനായ ഞാൻ മലബാറിൽ ചെന്നപ്പോൾ അവിടെ നടപ്പിലുള്ള നാടൻ ഭാഷ എനിക്ക് മല  കയറ്റമായാണ് ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്നത്. പൊന്നാനിക്ക് സമീപമുള്ള എടപ്പാളിൽ വെച്ച്  വൈകുന്നേര സമയത്ത് അടുത്ത വീട്ടിലെ പയ്യൻ  ഇക്ബാൽ ഒരു കുപ്പിയുമായി  ഓടുന്നത് കണ്ട് (അവിടത്തെ ഭാഷയിൽ മണ്ടി പാഞ്ഞ്) വിവരം തിരക്കിയപ്പോൾ  റേഷൻ കടയിൽ കാസറട്ട് വന്നിട്ടുണ്ട് അത് വാങ്ങാൻ പോവുകയാണെന്നായിരുന്നു അവന്റെ ഉത്തരം. കാസറട്ട്  മണ്ണെണ്ണയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് പോലെ പതിപ്പൂട്ട, പള്ളത്തി മൽസ്യമാണെന്നും  പജ്ജിന്റെ നെജ്ജ് പശുവിന്റെ നെയ്യാണെന്നും താമര പുഗ്ഗ് താമര പൂവ് ആണെന്നും  എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പുടി കിട്ടിയത്.
മലബാറ്കാരെ തിരുവിതാംകൂർകാർ കളിയാക്കാൻ  ഉപയോഗിക്കുന്ന “ബരീൻ, കുത്തിരിക്കീൻ ഒരു ആപ്പടിക്കീൻ...“ എന്നത് വരുക, ഇരിക്കുക, ഒരു ഹാഫ് ചായ  കഴിക്കുക“ എന്ന് അർത്ഥം മാറ്റണമെന്ന് കൂട്ടുകാർ പറഞ്ഞ് തന്നു.
ഇന്നത്തെ ഫൈവ് സ്റ്റാർ  ഹോട്ടലുകൾ ഇല്ലാത്ത ആ കാലത്ത്  ചെറിയ ചായക്കടകളും അതിന്റെ മുൻ വശത്തുള്ള  ചെറിയ അലമാരയിൽ മഞ്ഞൾ പുരട്ടിയ ചീനി കിഴങ്ങും  മത്തി  പൊരിച്ചതും സുലഭമായ കാഴ്ചയായിരുന്നു. പക്ഷേ  ചീനി കിഴങ്ങിനെ പൂള കിഴങ്ങ് എന്നാണ് അവർ പറഞ്ഞിരുന്നത്. തിരുവനന്ത പുരത്ത്കാർക്ക് പൂള മുട്ടൻ തെറിയും. ആലപ്പുഴയിൽ കുറിച്ചി  എന്ന് പേര് വിളിച്ചിരുന്ന ചെറു മൽസ്യത്തെ  മുള്ളൻ എന്ന് മലബാറിൽ വിളിച്ചപ്പോൾ കുറിച്ചി തെറി വാക്കായിരുന്നു അവർക്ക്.
 വർഷങ്ങൾക്ക് ശേഷം ഒരു ബ്ളോഗ് മീറ്റിനോടനുബന്ധിച്ച് ഞാൻ ഈ സ്ഥലങ്ങളെല്ലാം വീണ്ടുമൊരു തവണ സനർശിച്ചപ്പോൾ  ആൾക്കാരുടെ സംഭാഷണത്തിൽ പഴയ  പല വാക്കുകളും  ഉപയോഗിക്കാതിരുന്നത് ശ്രദ്ധിച്ചു. നാട്ടിൻ പുറത്തെ മിക്ക ആൾക്കാരും അച്ചടി മലയാള ഉച്ചാരണത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. പജ്ജും നെജ്ജും കാസറട്ടും എവിടേക്കോ പോയി മറഞ്ഞു. പൂള കിഴങ്ങും മത്തിയുമില്ല, പകരം ചിക്കൻ ബിരിയാണിയും മറ്റുമുള്ള ധാരാളം ഫൈവ്സ്റ്റാർ ഹോട്ടലുകൾ.
 ഗ്രാമീണ സ്ത്രീകളുടെ ഉമ്മ കുപ്പായവും കാച്ചി തുണിയും ഓർമ്മകളിലും പഴയ ബ്ളാക്ക് ആൻട് വൈറ്റ് സിനിമകളിലും മാത്രമായി അവശേഷിച്ചു. പട്ടിണിയും പരിവട്ടവും  അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങൾ സർവത്ര മാറ്റങ്ങൾ
മലബാർ പുരോഗമിച്ചില്ലന്നാരാണ് പറഞ്ഞത്....

Wednesday, October 2, 2019

പഴയ പാട്ടുകൾ മരിക്കുന്നില്ല.....

തുമ്പീ  തുമ്പീ  വാ, ഈ തുമ്പ തണലിൽ വാ വാ,....
റ്റി.വി. ചാനലിൽ ആ കൊച്ച് പെൺകുട്ടി  മനോഹരമായി പാടിക്കൊണ്ടിരുന്നു.
19-10-1956ൽ  റിലീസ് ചെയ്ത  കൂടപ്പിറപ്പ് എന്ന മലയാള സിനിമയിലെ ഈ ഗാനം  63 കൊല്ലത്തിന് ശേഷം  ഇത്തിരി പോന്ന ഒരു  കൊച്ച്   പെൺകുട്ടി   ശാന്താ.പി. നായരുടെ അതേ ഈണത്തിൽ  പാടുന്നത് കണ്ടപ്പോൾ കുളിരണിഞ്ഞ് പോയി.
 അടുത്ത കുട്ടി പാടിയത് 30--9--1964ൽ  റിലീസ് ചെയ്ത ആദികിരണങ്ങൾ എന്ന ചിത്രത്തിലെ  “ഊഞ്ഞാലേ പൊന്നൂഞ്ഞാലേ..മുത്തി അമ്മ മുട്ടയിട്ടു, മുട്ട തോണ്ടി തോട്ടിലിട്ടു, രാരീരോ രാരീ രാരോ..“  എന്ന പാട്ടായിരുന്നു, അതി മനോഹരമായി ആ കുട്ടിയും പാടി.
റ്റി.വി. ചാനലുകളിൽ  ഗാനങ്ങൾ അവതരിപ്പിക്കാനായി  കുട്ടികളും  മുതിർന്നവരും  പരിഗണിക്കുന്നത് ഭൂരിഭാഗവും  പഴയ മലയാള ഗാനങ്ങളെ മാത്രമാണ്. ആരും  ലജ്ജാവതിയേ നിന്റെ കള്ള കടക്കണ്ണിൽ, താഴം പൂവോ, എന്ന പാട്ടോ ചേർന്ന് നിന്നാൽ ഉമ്മ തരാം രാക്ഷസിയോ പാടിയതായി കാണപ്പെടുന്നില്ല.
അത്രക്ക് മനോഹരമായിരുന്നു, പഴയ മലയാളം സിനിമാ ഗാന മേഖല.
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും നീല നിലാവൊഴുകുന്ന രാത്രിയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി  വിവരണാതീതമാണ്.
എന്നാണ് മലയാള ഗാന മേഖലക്ക് അപഭ്രംശം സംഭവിച്ചത്?.. അറിയില്ല, എങ്കിലും പുതിയ തലമുറകളിൽ കൂടിയും മധുരമൂറുന്ന പഴയ കാല ഗാനങ്ങൾ  കേൾക്കാൻ സാധിക്കുന്നത് സന്തോഷപ്രദമാണ്.