Monday, September 30, 2013

ഒടിയന്റടുത്തോ മായാ ജാലം!

സുപ്രസിദ്ധ ബ്ലോഗറും  ഫൈസ് ബുക്കിൽ  നിത്യ സാന്നിദ്ധ്യവും   ആയ എന്റെ   ഒരു സ്നേഹിതൻ  കുറച്ച്  നാളുകൾക്ക് മുമ്പ്  എന്റെ  വീട്ടിൽ  വന്നപ്പോൾ   പറഞ്ഞു., അദ്ദേഹത്തിന്   സ്ത്രീ നാമത്തിൽ  ഒരു ബ്ലോഗും  ഫൈസ് ബുക്ക്  അക്കൗണ്ടും  നിലവിലുണ്ടെന്ന്.    അത്  സാധാരണ  സംഭവമാണല്ലോ  എന്ന്  ഞാൻ  നിസ്സാരവത്കരിച്ചെങ്കിലും   തുടർന്ന്  അദ്ദേഹം  പറഞ്ഞ  ഒരു  വാചകം   ഞാൻ  അൽപ്പം  ഗൗനിക്കാതിരുന്നില്ല.   "ആ  സ്ത്രീ നാമ  അക്കൗണ്ടിൽ   ഞാൻ  സ്ത്രീ  ആണെന്ന  ധാരണയിൽ   ചില  ഒലിപ്പീര്  കക്ഷികൾ  വന്ന്  ചാറ്റാറുണ്ട്.   അവർ  ബൂലോഗത്തും  ഫൈസ് ബുക്കിലും   എത്ര  മാന്യന്മാരാണെന്നോ!  പക്ഷേ  ചാറ്റുമ്പോൾ   ഞാൻ  അൽപ്പം  ലൂസ്  ചെയ്ത്    കൊടുത്താൽ  അപ്പോൾ  കാണാം  അവരുടെ   ഒലിപ്പീരിന്റെ  ശക്തി....."
ഉള്ള  സത്യം  പറഞ്ഞാൽ   അതിന്  ശേഷം  അപരിചിതരായവരും  പുത്തൻ കൈക്കാരുമായ  സ്ത്രീ  നാമങ്ങൾ  ചാറ്റാൻ    വരുമ്പോൾ  " ചുമ്മാതിരി  മോനേ!  നിന്റെ  വേല  ഈ  ഇക്കായുടടുത്ത്  വേണ്ടാ  കുട്ടാ  എന്ന്  മനസിൽ  പറഞ്ഞ്   ഞാൻ  തടി  സലാമത്താക്കിയിരിക്കും.  പിന്നേയ്!  ഒടിയന്റടുത്തല്ലേ  മായാ   ജാലം !!!

Thursday, September 26, 2013

മധുര പതിനേഴ് കാരീ....

 പുസ്തകങ്ങൾ , സിനിമാ എന്നിവ അതാത്  കാലത്തെ പ്രതിനീധികരിക്കും. അതായത് നാട്ടിലെ നടപ്പ് ശീലം  അതിലൂടെ വെളിവാകും. സിനിമാഗാനങ്ങളും   ഇതേ  പോലെ തന്നെ.  ചില  സിനിമാ  ഗാനങ്ങൾ  കേൾക്കുമ്പോൾ   ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,   അത് എഴുതിയവരെയും  പ്രസിദ്ധപ്പെടുത്തിയവരെയും  ശിക്ഷിക്കേണ്ടി  വരുമെന്നാണ് തോന്നുന്നത്. ഇതാ  വായിച്ചിട്ട് നിങ്ങൾ  തീരുമാനിക്കുക:

 പതിനാറ്   വയസ്സ് കഴിഞ്ഞാൽ  പുളകങ്ങൾ  പൂത്ത് കഴിഞ്ഞാൽ
പതിവായി  പെൺകൊടിമാരൊരു  മധുര സ്വപ്നം  കാണും.  (സിനിമാ ഓർമ്മ  വരുന്നില്ല)

മധുര പതിനേഴായിട്ടാരും  മാല  ഇട്ടില്ലേ  നിന്നെ  മാല  ഇട്ടില്ലേ  (  സിനിമാ-കടലമ്മ)

മനസ്സമ്മതം  തന്നാട്ടെ  മധുരം  നുള്ളി  തന്നാട്ടേ
മധുര പതിനേഴ് കാരീ വിരുന്ന്കാരീ വിരുന്ന്കാരീ ( സിനിമാ-ഭാര്യ)

 എന്തിനാ പഴയ  സിനിമാകൾ.   പുതിയത്  തന്നെ  കണ്ടോ സിനിമാ വെള്ളരിപ്രാവിന്റെ ചങ്ങാതി.

പതിനേഴിന്റെ പൂങ്കരളിൽ പാടത്ത്  പൂവിട്ടതെന്താണ്
ഈ  ദുനിയാവിലുള്ള  ആട് ,മാട്  കോഴി, മാൻ ,  മയിൽ ,  ഒട്ടകം, മനുഷ്യർ, ജിന്ന്  എല്ലാവർക്കും  ഈ പാട്ട് പാടി  മധുരപതിനേഴിനെ  സ്വപ്നം കാണാം. മാപ്ലാര്/മേത്തന്മാർ  പാടി  പോയാൽ  തീർന്ന്   സംഭവം!   പിന്നെ  ഈ  ദുനിയാവിൽ  പൊട്ടുന്ന  അമിട്ടിന്  കയ്യും  കണക്കുമില്ലാ  കോയാ.

Wednesday, September 25, 2013

നാളികേര ഭർത്താവ്

 വിവാഹ മോചനത്തിനായി  തയാറെടുത്ത് നിൽക്കുന്ന ഒരു ദാമ്പത്യബന്ധ   കേസിൽ  ഭാര്യയാണ്  വേർപിരിയാൻ തിടുക്കം കാട്ടിയിരുന്നത്. കല്യാണം കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞിട്ടില്ല, കുട്ടികളുംഇല്ല. ആ  കാര്യത്തിൽ അൽപ്പം  പ്ലാനിംഗ്  ഉണ്ടെന്ന് കൂട്ടിക്കോളീൻ.
 വിവാഹ മോചനത്തിനായി  ഭാര്യ ഉന്നയിച്ചിരുന്ന  കാരണങ്ങളിൽ  ഒരെണ്ണം ഭർത്താവ്  ചൂണ്ട ഇട്ട് മീൻ പിടിക്കാൻ പോകുന്നു എന്നതാണ്. ശരിയാണ്  ഒഴിവ് സമയങ്ങളിൽ  ഒരു ഹോബിയെന്ന വണ്ണം കൂട്ടുകാരുമായി ചേർന്ന്   ചൂണ്ട ഇടുക ചെറുപ്പം മുതലേ ഉള്ള  അയാളുടെ ശീലമാണ് . അവൾക്ക് അത്ര നിർബന്ധമാണെങ്കിൽ അതങ്ങ് നിർത്തിയേക്കാം  എന്നയാൾ കൂട്ടി ചേർത്തു.രേഖപ്പെടുത്താത്ത  മറ്റ് ചില കാരണങ്ങൾ  സംഭാഷണ മദ്ധ്യേ  ഭാര്യ പറഞ്ഞത്  രസകരമാണ്.  പഴയ പ്രീ ഡിഗ്രീ പൂർത്തിയാക്കാത്ത ഭർത്താവ് കൂലിവേല ജോലിയിലൂടെ  ദിനസരി നല്ല  ശമ്പളം വാങ്ങുന്നുണ്ട്. പക്ഷേ  വൈകുന്നേരങ്ങളിൽ  ജോലിയും കഴിഞ്ഞ്  വിയർത്തൊലിച്ച്  വീട് പടി വാതിൽക്കൽ എത്തുന്ന  അയാൾ  ഭാര്യയെ വിളിക്കുന്നത് "എടിയേയ്" എന്നാണ് പോലും. "ഒരു സംസ്കാരവും ഇല്ലാത്ത കാട്ട് മാക്കാൻ" ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലാത്ത  ഭാര്യ രോഷം കൊണ്ടു. മാത്രമല്ല, ആര്  നിന്നാലും അയാൾക്ക് ഒരു കൂസലുമില്ല, ദേഷ്യം വരുമ്പോൾ  തെറി വിളിക്കും. "എന്റെ തൊലി  പൊളിഞ്ഞ് പോകും സാറേ  അത് കേൾക്കുമ്പോൾ.....  ഇയാൾ ആ സീരിയലുകൾ ഒന്ന് കണ്ട് പഠിക്കട്ടെ. അതിലെ ഭാര്യമാരെ  ഭർത്താക്കന്മാർ എങ്ങിനെയാ  വിളിക്കുന്നതെന്നും സ്നേഹിക്കുന്നതെന്നും...."  ഓ! അപ്പോൾ അതാണ്  കാര്യം. ഈ പാവം നാട്ടിൻപുറത്ത്കാരൻ  നാളികേര പരുവം ഭർത്താവിന് സീരിയൽ കണ്ട് പഠിക്കാൻ  സമയവുമില്ല, അയാൾ അങ്ങിനെ മരം ചുറ്റി  പ്രേമിക്കാൻ ഒരുക്കവുമില്ല." അവൾ ഒരു കോഴിക്കാൽ പൊരിച്ചത് ചോദിക്കുമ്പോൾ ഒരു മുഴുവൻ കോഴി പൊരിച്ചത്  ആ കഴുവർടാ  മോൾക്ക്  ഞാൻ വാങ്ങി കൊടുക്കും എന്നിട്ടും എനിക്കു സ്നേഹമില്ലാ അവളുടെ സീരിയൽ ഭർത്താക്കന്മാർക്കാണ് സ്നേഹമെങ്കിൽ പോകട്ടെ സാറേ! അവളുടെ പാട് നോക്കി."  ഭർത്താവിനും ഒരു കൂസലില്ല.

ഈ  നാളികേര ഭർത്താവിന്റെ  തൊണ്ടും ചകിരിയും ചിരട്ടയും മാറ്റി അകത്തെ  രുചികരമായ  കാമ്പും  മധുരമുള്ള വെള്ളവും  ആസ്വദിക്കാൻ ആ ഭാര്യ ഒരുക്കമില്ല. അവളുടെ സങ്കൽപ്പത്തിലെ  ഭർത്താവ്  സീരിയലിലെ/സിനിമയിലെ ചോക്ലറ്റ് കുമാരനാണല്ലോ!!! ഭർത്താവിന്റെ ഭാഗത്തും ഒരു വിട്ട് വീഴ്ചയുമില്ല.  പിന്നെങ്ങിനെ  കോയാ! ഈ പ്രശ്നം  പരിഹരിക്കും?!!

Monday, September 23, 2013

നിരത്തിൽ കണ്ടത്

ഓണ അവധിക്ക് പാഠശാലകൾ അടക്കുന്നതിന്   തൊട്ട് മുമ്പ് ഒരു ദിവസം കാറിൽ     കൊല്ലം ചെങ്കോട്ട റോഡിലൂടെ പോകുകയായിരുന്നു. തിരക്ക് പിടിച്ച  നിരത്തിൽ  ഞങ്ങളുടെ കാറിനെ  മറികടന്ന്  ഇരുചക്ര വാഹനങ്ങൾ ചീറി പാഞ്ഞു. അതിൽ ഒരെണ്ണത്തിലെ യാത്രക്കാർ ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചു.   ആ  ഇരു ചക്രവാഹനം ഓടിച്ചിരുന്ന ആൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അതിൽ പുതുമയില്ലെങ്കിലും മുമ്പിലിരിക്കുന്ന ആൾ   ധരിക്കേണ്ട  ആ കവചം   പിമ്പിലിരുന്ന  ആൾ ധരിച്ചിരുന്നു. അത്  ഒരു പെൺകുട്ടി ആയിരുന്നു.  ആൾ തിരിച്ചറിയപ്പെടാതിരിക്കാനാണ് ഈ   കവചം ആ കുട്ടി ധരിച്ചിരിക്കുന്നതെന്ന് വ്യക്തം. അവർ ഞങ്ങളെ  കടന്ന് പോയി.  പിന്നീട്  നിരത്ത് വക്കിന് സമീപമുള്ള ഒരു പ്രൈവറ്റ്  സ്കൂളിന്റെ    മതിൽക്കെട്ടിന്   സമീപം  ഇരുചക്ര വാഹന  യാത്രക്കാരെ  ഞങ്ങൾ കണ്ടു.   നെത്തോലി   പോലുള്ള ഒരു  പെൺകുട്ടി. പതിനാറ് തികഞ്ഞ് കാണില്ല. സ്കൂളിൽ  കയറണോ  വേണ്ടയോ  എന്നതാണ് അവരുടെ തർക്ക വിഷയമെന്ന്   ഗതാഗത കുരുക്കിനാൽ  ഞങ്ങളുടെ വാഹനം  അവിടെ  നിർത്തേണ്ടി വന്നപ്പോൾ  ഞങ്ങൾക്ക്  കേൾക്കാൻ കഴിഞ്ഞു..  ഇരുപത് വയസ്സിന് മുകളിൽ പ്രായമുള്ളവനായിരുന്നു പയ്യൻ. അവൻ  അവളെ പ്രലോഭിച്ച് കൊണ്ടേ ഇരുന്നു.  ഞങ്ങൾ മുമ്പോട്ട് പോയി  കുണ്ടറ  കവല  കടന്നപ്പോൾ  മേൽപ്പറഞ്ഞ  യാത്രക്കാർ  ഞങ്ങളെ  കടന്ന് ചീറി  പാഞ്ഞ് പോയി.  ഇപ്പോൾ അവന് ശിരോ കവചം ഉണ്ട്. അവൾക്കില്ല.  പെൺകുട്ടി  "നിന്നെ  ഞാൻ വിടില്ലെടാ"  എന്ന മട്ടിൽ  അവന്റെ  കഴുത്തിൽ  കൈ ചുറ്റി  അവനെ  പറ്റി ചേർന്നിരുന്ന്  കലുപിലെ വർത്താനം  പറഞ്ഞ്   അവർ രണ്ട്  പേരും  കൊല്ലം  നഗരം  ലക്ഷ്യമാക്കി  പാഞ്ഞ് പോയി.
അവളുടെ അമ്മ   വിദ്യാഭ്യാസത്തിനായി   പോയ  പൊന്ന് മോൾക്ക്   ഉച്ചക്ക്  കഴിക്കാൻ  അതിരാവിലെ  എഴുന്നേറ്റ്  തയാറാക്കിയ  ആഹാരം  അവളുടെ  തോളിൽ തൂങ്ങുന്ന ബാഗിൽ ഉണ്ടായിരിക്കും. അവളുടെ  അച്ഛൻ  അവൾക്ക്   പാഠശാലയിൽ  ഫീസ്   കൊടുക്കാനായി പണം  ഉണ്ടാക്കാൻ   എവിടെയോ  ആ നേരം  കഠിനാധ്വാനം  ചെയ്തുകൊണ്ടിരിക്കുകയാവാം. ആ  മാതാപിതാക്കളുടെ കാഴ്ചപ്പാടി ൽ  അവൾ  കൊച്ച്കുട്ടിയാണ്.  വായിൽ വിരലിട്ടാൽ  കടിക്കാനറിയാത്ത കുട്ടി. പക്ഷേ    ഇരുചക്ര വാഹനത്തിൽ  മുമ്പിലിരുന്നവന്റെ  കാഴ്ചപ്പാടിൽ  അവൾ  ഉപഭോഗ വസ്തു മാത്രമാണ്.   പെൺകുട്ടി  വലുതായെന്നും  പ്രകൃതി അവളുടെ  ശരീരത്തിൽ  ആ  പ്രായത്തിൽ  ഉൽപ്പാദിപ്പിപ്പിക്കുന്ന  രാസ  ഘടകങ്ങൾ  ഭൂമിയിൽ ജീവൻ നിലനിർത്താൻ  ഇണ ചേരുന്നതിന്  അവളെ  പ്രേരിപ്പിക്കുന്നതാണെന്നും  അത് കൊണ്ട് തന്നെ   ആ പ്രേരണ  അവളെ തെറ്റിലേക്ക്  നയിക്കുമെന്നും  ആ തെറ്റ്  എന്താണെന്നും  അതിനെ  പ്രതിരോധിക്കുന്നതെങ്ങിനെയെന്നും  പ്രതിരോധിച്ചില്ലെങ്കിലുള്ള  ഭവിഷ്യത്ത്  എന്തെന്നും    പെൺകുട്ടിക്ക്   വീട്ടിൽ നിന്നും  പാഠം  ലഭിക്കാതിരിക്കുകയും  എന്റെ മോൾ   ഇപ്പോഴും  കുഞ്ഞാണ്  അവൾക്ക് ഒന്നുമേ  അറിയില്ലാ എന്ന   മുൻ വിധിയോടെ  മാതാ പിതാക്കൾ  അവളെ കാണുകയും ചെയ്താൽ    അവനെ  പോലുള്ളവർ   അവളെ   ശരിയല്ലാത്ത  കാര്യങ്ങൾക്കായി  ഉപയോഗിക്കുകയും  ചില  കേസുകളിൽ  സ്നേഹിതന്മാർക്ക്  കൈമാറുകയും   ചെയ്യുമെന്ന്  ഉറപ്പ്.  നാം  ദിനവും  പത്രത്തിൽ  വാർത്തയായി  വായിച്ച് രസിക്കുന്നത്   ഇത്  തന്നെയാണ്.    അതുമല്ലെങ്കിൽ  ഏതെങ്കിലും  ഒഴിഞ്ഞ  കോണിൽ സർവതും മറന്ന് അവർ  ഇരിക്കുമ്പോൾ  പ്രഥമ ദൃഷ്ട്യാൽ  തന്നെ  ഇത് ലൈസൻസ്  ഇല്ലാത്ത സംഭവമാണെന്ന് തിരിച്ചറിയാൻ കഴിയുന്ന കശ്മലന്മാർ  അവന്റെ തലക്ക്  ഒരു  അടിയും  കൊടുത്ത്  കയ്യും കാലും  കെട്ടിയിട്ട്  അവളെയും പൊക്കി കൊണ്ട് പോകുന്നതും  നമുക്ക്  വാർത്തയായി  ആഘോഷിക്കാമല്ലോ.

Saturday, September 21, 2013

അധികമായാൽ അമൃതും......

 ഓണ നാളുകളിൽ  ഒരു ദിവസം കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്കുള്ള യാത്രയിൽ   എഴുകോൺ പാലം കടക്കുന്നതിനു മുമ്പായി   വലത് വശത്ത് ആ പെരു മഴയത്ത് കുട ചൂടി  അച്ചടക്കത്തോടെ   നീണ്ട ക്യൂ.  കാണപ്പെട്ടു.    ക്യൂവിന്റെ ആരംഭം സർക്കാർ വക മദ്യ ന്യായ വില വിൽപ്പന ശാലയിൽ. അവസാനം  അങ്ങ്  ദൂരെ  ദൂരെ  എവിടെയോ.     നിശ്ശബ്ദരായി,  ആ മഴയത്ത്  ശക്തമായ  കാറ്റടിക്കുമ്പോൾ പോലും സഹന ശക്തിയോടെ  വരി നിന്നവർ  സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർ ആണെന്ന്   കാഴ്ച്ചയിൽ വ്യക്തം.
മദ്യം മലയാളിക്ക് ഒഴിച്ച് കൂട്ടാനാവാത്ത വസ്തു ആയി  മാറിയിരിക്കുന്നു.  കാരണം അന്വേഷിച്ചാൽ  ചെന്നെത്തുന്നത്  പ്രധാനമായും വരുമാനത്തിലാണു.  കള്ളും ചാരായവും  ഒഴിവാക്കി വിദേശ മദ്യം  പാനം ചെയ്യാൻ തക്ക വിധം വരുമാനം  ഇന്ന്  ക്ഷിപ്ര സാധ്യമാണു. കല്ല്  മേസിരി പ്രതിദിന ശമ്പളം:700,ആശാരി 750 മുതൽ 850 വരെ.  മൈക്കാട്:(പല വക ജോലി/മേസിരി സഹായി)600--650.  ലോഡിംഗ് തൊഴിലാളി, പ്രതിദിനം ശരാശരി 1000, കടകളിലെ കയറ്റിറക്ക് തൊഴിലാളി  750  ആയിരുന്നു, ഓണം മുതൽ 850. ചുരുക്കത്തിൽ ഏവർക്കും സുഭിക്ഷം. ഒരു അണു  കുടുംബം  ആഹാര ചെലവിനു  സമൃദ്ധിയായി ചെലവഴിച്ചാലും  300 രൂഫാ ധാരാളം. പലവക  ഇനം 250 രൂപാ  മാറ്റിയാലും  കയ്യിൽ പിന്നെയും  ബാക്കിയുണ്ട്. 95 ശതമാനവും  സാധാരണക്കാർ  അവർ ഭാവിയെ പറ്റി വ്യാകുലരാകാത്തവർ. ഒന്ന് പിടിപ്പിക്കാൻ അപ്പോൾ ഒരു പ്രയാസവുമില്ല. എന്നെ പോലെ വേറെയും ആൾക്കാർ ക്യൂ നിൽക്കാൻ  കൂടെയുണ്ടെങ്കിൽ   എനിക്കെന്ത്  മഴ, കാറ്റ് ,  ഞങ്ങൾ  വരി വരിയായി  കത്ത് നിൽക്കുന്നു, ഞങ്ങളുടെ റേഷനു  വേണ്ടി.
 സമത്വ സുന്ദര സമൃദ്ധ  കേരളം  ജയിക്കട്ടെ.  ഗോവയെ  നമുക്ക്  കടത്തി വെട്ടണം.

Friday, September 13, 2013

ഇത്താത്താ! പോകല്ലേ ഇത്താത്താ.....



ഒരു ഹേബിയസ് കോർപസ് ഹർജിയുമായി ബന്ധപ്പെട്ട്  കഴിഞ്ഞ  ആഴ്ച  കേരളാ  ഹൈക്കോടതിയിൽ  പോകേണ്ടി വന്നു. എന്റെ ഒരു പരിചയക്കാരന്റെ മകളെ കോടതി മുമ്പാകെ  ഹാജരാക്കുവാൻ ഹർജിയിലെ   എതിർകക്ഷികളായ പോലീസ്സ് ഉദ്യോഗസ്ഥരോടും എതിർകക്ഷികളായ  മാതാപിതാക്കളോടും കോടതി ആജ്ഞാപിച്ചതിൻ പ്രകാരം പെൺകുട്ടിയെയും കൊണ്ട് അവർ ഹൈക്കോടതിയിൽ വന്നതാണ്.പെൺകുട്ടിയെ സ്പഷ്യൽ മാരിയേജ് ആക്റ്റിൻ പ്രകാരം വിവാഹം ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ് നൽകിയ ഹർജിയിന്മേലാണ് പെൺകുട്ടിയെ ഹാജരാക്കുവാൻ കോടതി ഉത്തരവ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ് സഹായത്തിനായി എന്നെയും കൂടെ കൂട്ടി.
. പെൺകുട്ടിയെ മൈമൂനാ എന്നും പിതാവിനെ അഹമദ് എന്നും പേര് ചൊല്ലി നമുക്ക് വിളിക്കാം (അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു, സമാനമായ സംഭവങ്ങളിലെ പേരുകൾ വ്യത്യസ്ഥമാണെങ്കിലും ഉള്ളടക്കം എല്ലാം ഒന്ന് തന്നെ.)

      കേസിനാസ്പദമായ സംഭവം ഇപ്രകാരമാണ്:
  അംഗ സംഖ്യാ ബലത്തിൽ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഒരു കുടുംബമാണ് അഹമദിന്റേത്. മൈമൂനാ  മാത്രമാണ് അവളുടെ തലമുറയിൽ പെൺതരിയായി  ഉള്ളത്. അതിനാൽ  ഈ പെൺകുട്ടിയോട്  അതിരറ്റ വാൽസല്യം അമ്മാവന്മാരും മറ്റ് ബന്ധുജനങ്ങളും കാണിച്ച് വന്നു. 23 വയസ്സ്കാരിയായ മൈമൂന ബിരുദധാരിണിയുമാണ്.അവൾ  ആവശ്യപ്പെടുന്നതെന്തും  ആ നിമിഷത്തിൽ ബന്ധുക്കൾ സാധിച്ച് കൊടുത്തിരുന്നു. ഏറ്റവും പുതിയ മോഡൽ മൊബൈൽ ഫോൺ അവൾക്ക് കിട്ടി. കമ്പോളത്തിൽ ഇറങ്ങുന്ന പുതിയ മോഡൽ ചൂരിദാറും മറ്റും അമ്മാവന്മാരും ചിറ്റപ്പന്മാരും  അവൾക്ക് എത്തിച്ച് കൊടുത്തു കൊണ്ടിരുന്നു.
 18 വയസ്സ് പൂർത്തിയായാൽ ഉടൻ വിവാഹം കഴിച്ച് അയക്കുന്ന പാരമ്പര്യം ഉള്ള  ആ കുടുംബത്തിൽ കോളേജിൽ പോകണമെന്നും പഠിക്കണമെന്നും അത് കഴിഞ്ഞ് മതി വിവാഹം എന്നും അവൾ  ആവശ്യപ്പെട്ടപ്പോൾ ആരും തടസ്സം പറയാതിരുന്നതും അവളുടെ ആഗ്രഹത്തിന് ആരും എതിരു നിൽക്കാൻ ഇഷ്ടപ്പെടാതിരുന്നതിനാലാണ്. അവൾക്ക് ഒരു ഇളയ സഹോദരൻ കൂടി ഉണ്ട്. അവനും ബിരുദ വിദ്യാർത്ഥിയാണ്.സഹോദരി അവന് ജീവന്റെ ജീവനാണ്.

  ഫൈനൽ പരീക്ഷയിൽ രണ്ട് വിഷയങ്ങൾ കൂടി മൈമൂനക്ക് കിട്ടേണ്ടതുണ്ടായിരുന്നു. അത് രണ്ടും എഴുതാൻ മൈമൂനാ പോകുകയും തിരികെ വരുകയും ചെയ്തു. അങ്ങിനെ കുടുംബാന്തരീക്ഷം സന്തോഷത്തിലാറാടി പോകവേ  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൂട്ടുകാരിയുടെ വിവാഹത്തിനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മൈമൂനയെ വീട്ടിൽ നിന്നും  അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സബ് രജിസ്റ്റ്രി ആഫീസിൽ വെച്ച് കണ്ടെന്ന് അഹമദിന്റെ സ്നേഹിതൻ അയാളോട് ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ മിന്നൽ വേഗത്തിൽ സ്ഥലത്തേക്ക് കുതിക്കുകയും വഴിയിൽ ബസ്സിൽ വെച്ച് മൈമൂനായെ കണ്ടെത്തി വീട്ടിൽ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. വിവരങ്ങൾ അന്വേഷിച്ചതിൽ ഒരു കൂട്ടുകാരിയുടെ വിവാഹത്തിൽ സാക്ഷി ആകാൻ പോയതായിരുന്നു എന്ന് അവൾ പറഞ്ഞു എങ്കിലും   മൈമൂനായുടെ മൊഴി സത്യമെന്ന് ഉറപ്പ് വരുത്തുന്നതിലേക്കായി പിതാവ് തന്റെ സ്വാധീനം ഉപയോഗിച്ച് രജിസ്റ്റർ ഓഫീസിൽ  അന്വേഷിച്ചതിൽ മൊഴി കള്ളമാണെന്നും മൈമൂനാ  ആയിരുന്നു വധു എന്നും വരൻ  ഹിന്ദു നായർ സമുദായത്തിൽ പെട്ട ഒരു 23കാരൻ ആണെന്നും  അറിയാൻ കഴിഞ്ഞു.. വീണ്ടും ചോദ്യം ചെയ്തതിൽ മൈമൂനാ കാര്യങ്ങൾ സമ്മതിക്കുകയും അവർ രണ്ട് വർഷമായി പരിചയത്തിലാണെന്നും മൊബൈൽ ഫോണിൽ ഒരു മിസ് കാളിലൂടെയാണ് ബന്ധം ആരംഭിച്ചതെന്നും പലപ്പോഴും നേരിൽ കാണാറുണ്ടെന്നും അയാളെ കൂടാതെ തനിക്ക് ജീവിക്കാൻ  സാധിക്കില്ലെന്നും പെൺകുട്ടി തുറന്ന് പറഞ്ഞു. മാത്രമല്ല ഒരു മാസത്തെ നോട്ടീസ് മുൻ കൂർ നൽകി സ്പഷ്യൽ മാര്യേജ് ആക്റ്റിൻ പ്രകാരമാണ് വിവാഹം നടന്നതെന്നും ആ നോട്ടീസ് വലിയ പബ്ലിസിറ്റി കൊടുക്കാതെ നോട്ടീസ് ബോർഡിന്റെ ഒരു മൂലയിൽ തന്ത്രത്തിൽ ഒതുക്കിയെന്നും പരീക്ഷ എഴുതാനെന്ന പേരിൽ വീട്ടിൽ നിന്നും പോയ ദിവസങ്ങളിലായിരുന്നു നോട്ടീസ് നടപടികൾ നടത്തിയതെന്നും അതിനാൽ പരീക്ഷകൾ എഴുതിയില്ലെന്നും അവൾ കൂട്ടിച്ചേർത്തു.കമിതാവിനോ അവൾക്കോ ഒരു ജോലി ലഭിക്കുന്നത് വരെ ഈ കാര്യം രഹസ്യമായി സൂക്ഷിക്കാനും അവർ തീരുമാനിച്ചിരുന്നു. 
ഇത്രയൊക്കെ അറിഞ്ഞിട്ടും  മൈമൂനായെ  ആരും ശകാരിച്ചില്ല, ശിക്ഷിച്ചില്ല പകരം എല്ലാവരും അവളെ കരയുന്ന മുഖത്തോടെ ഉപദേശിച്ച് കൊണ്ടേ ഇരുന്നു. കുടുംബത്തിന്റെ നിലയും വിലയും നഷ്ടപ്പെടുത്തരുതെന്നും അവളുടെ ഭാവി  നഷ്ടപ്പെടുത്തരുതെന്നും അവളുടെ സഹോദരന് വരുന്ന  വിവാഹ ആലോചനകൾക്ക് വരെ അവളുടെ ഈ ബന്ധം ന്യൂനത സൃഷ്ടിക്കുമെന്നും അടുത്ത തലമുറക്ക് അവളുടെ ഈ പ്രവർത്തി പ്രചോദനം ആകുമെന്നും കുടുംബത്തിന്റെ കെട്ടുറപ്പ്  അതിനാൽ തകരുമെന്നും  എല്ലാവരും അവളെ ഗുണദോഷിച്ച് കൊണ്ടിരുന്നു.ഒരു സാധാരണ യാഥാസ്തിക കുടുംബത്തിലെ അംഗങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ഈ തരത്തിലുള്ള ഉപദേശങ്ങൾക്ക് നേരെ മൈമൂന മൗനം അവലംബിച്ചു. അവളുടെ മനസ്സിലിരിപ്പ്  എന്തെന്ന് ആർക്കും പിടികിട്ടിയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ തെറ്റ് ചെയ്തതിൽ അവൾക്ക് കുറ്റ ബോധം ഉണ്ടെന്നും  എല്ലാം ശാന്തമാകും എന്നും   തങ്ങളുടെ സ്നേഹത്തെ അവഗണിക്കാൻ അവൾക്ക് കഴിയില്ലാ എന്നുമുള്ള പ്രതീക്ഷ മാതാപിതാക്കളിലും സഹോദരനിലും ഉണ്ടായ ആ സമയത്താണ് അശനിപാതമെന്ന പോലെ രണ്ട് പോലീസ്കാർ വീട്ടിലെത്തിയത്. മൈമൂനായെ രജിസ്റ്റർ വിവാഹത്തിലൂടെ ബന്ധപ്പെട്ട യുവാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യുകയും ഹർജിയിൽ മൈമൂനായെ രക്ഷകർത്താക്കൾ അന്യായ തടങ്കൽ ചെയ്ത് കഷ്ടപ്പെടുത്തുകയാണെന്നും ആഹാരം പോലും നൽകാതെ പീഡിപ്പിക്കുകയാണെന്നും മറ്റും വ്യക്തമാക്കി അവളെ കോടതിയിൽ ഹാജരാക്കുവാൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകാൻ കോടതിയോട് അപേക്ഷിച്ചിരുന്നു എന്നാണ് ഹർജി പകർപ്പിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. ആ ഉത്തരവും കൊണ്ടാണ് പോലീസുകാരും തുടർന്ന് സമൻസും മറ്റുമായി സ്പഷ്യൽ മെസ്സഞ്ചറും മൈമൂനായുടെ രക്ഷാർത്താക്കളെ തേടിയെത്തിയത്. ഇത്രയും ദിവസങ്ങളിലെ കുടുംബാംഗങ്ങളുടെ  ഉപദേശങ്ങളും സഹോദരന്റെയും മാതാപിതാക്കളുടെയും കരച്ചിലും കാരണം മൈമൂനാ മനം മാറ്റിക്കാണുമെന്നും അവൾ കോടതിയിൽ ഹാജരായി തങ്ങളോടൊപ്പം വരുന്നതാണ് അവൾക്കിഷ്ടമെന്ന് പറയുമെന്നും എല്ലാവരും വിശ്വസിച്ചു.അങ്ങിനെയാണ് മൈമൂനായും ഞങ്ങളും ഹൈക്കോടതിയിലെത്തി ചേർന്നത്.

 അവിടെ വെച്ച് മൈമൂനായുമായി ബന്ധപ്പെട്ട യുവാവിനെ ഞാൻ കണ്ടു. നല്ല വണ്ണം മീശ പോലും മുളക്കാത്ത ഒരു പയ്യൻ. അവന്റെ ഇരുപതുകളിലെ എല്ലാ ചാപല്യങ്ങളും അവന്റെ ഭാവങ്ങളിൽ ഞാൻ ദർശിച്ചു. സ്ത്രീ അവളുടെ 21 കഴിഞ്ഞ പ്രായത്തിൽ കൈവരിക്കുന്ന ഗൗരവം പുരുഷൻ അതേ പ്രായത്തിൽ സ്വായത്തമാക്കുന്നത് അപൂർവമാണ്. ഈ കേസിലെ പയ്യൻ ആകെ ചെയ്യുന്ന ജോലി  മൊബൈലിൽ സംസാരവും മിസ്കാൾ അയക്കലും മാത്രമാണെന്നും ഹർജിയിൽ കാണിച്ചിരിക്കുന്ന ജോലിയൊന്നും അവന് ഇല്ലെന്നും അവന്റെ അഛൻ ഗൾഫിൽ നിന്നും അയക്കുന്ന തുക കൊണ്ട് മാത്രമാണ് ആ വീട് കഴിയുന്നതെന്നും അവ്ന്റെ അമ്മയും കുടുബാംഗങ്ങളും ഈ വിവാഹത്തിന് അനുകൂലമാണെന്നും ഒരു സംഘടനയിൽ പെട്ട  അവന്റെ കൂട്ടുകാർ ഈ പ്രണയ വിവാഹത്തിന് എല്ലാ തരത്തിലും പിന്തുണ നൽകുന്നത് കൊണ്ടാണ് അവൻ ധൈര്യമായി ഈ കാര്യത്തിൽ കേസ് ഫയൽ ചെയ്യാൻ  മുന്നിട്ടിറങ്ങിയതെന്നുമുള്ള വിവരങ്ങൾ  അവന്റെ സ്ഥലത്ത് അന്വേഷിച്ചതിൽ മൈമൂനായുടെ ബന്ധുക്കൾ അറിഞ്ഞിരുന്നു. ഒരു കുടുംബ ജീവിതം നടത്തി കൊണ്ട് പോകാൻ  ആവശ്യമായ പക്വത അവനില്ലാ എന്ന്  ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്ന വിധത്തിലായിരുന്നു കോടതിയിൽ അവന്റെ  ചലനങ്ങൾ. ചിലനേരം അവൻ മൈമൂനായെ നോക്കി വിങ്ങിപ്പൊട്ടുന്നതായി കാണിച്ചു; മറ്റ് ചിലപ്പോൾ കൂട്ടുകാരെ നോക്കി കണ്ണിറുക്കി.
കോടതിയിൽ പുറക് വശത്ത് ഇരിപ്പുറപ്പിച്ച മൈമൂനായുടെ രക്ഷ കർത്താക്കളും സഹോദരനും കരയുന്ന സ്വരത്തിൽ മൈമൂനായോട് അപേക്ഷിക്കുന്നതും എല്ലാറ്റിനും അവൾ തല കുലുക്കി സമ്മതം മൂളുന്നതും അടുത്തിരുന്ന എനിക്ക്  കാണാൻ കഴിഞ്ഞിരുന്നു. കൂട്ടത്തിൽ അവൾ കമിതാവിനെ തിരിഞ്ഞ് നോക്കുന്നുമുണ്ടായിരുന്നു. അവൾ നോക്കുമ്പോഴൊക്കെ അവൻ മുഖത്ത് വിമ്മൽ വരുത്തുന്നതും എനിക്ക് കാണാൻ കഴിഞ്ഞു.
കോടതി കൂടി ആദ്യമായി വിളിച്ച കേസ്  മൈമൂനായുടേതിന് സമാനമായിരുന്നു. ആ കേസിലെ  പെൺകുട്ടി  താഴേക്ക് ഊർന്ന് വീണിരുന്ന തട്ടം തലയിലേക്ക് വീണ്ടും വീണ്ടും പിടിച്ച് ഇട്ട് കൊണ്ട് തന്റെ കമിതാവിനൊപ്പം പോകാനാണ് താൻ ഇഷ്ടപെടുന്നതെന്ന് കോടതിയുടെ ചോദ്യങ്ങൾക്കുത്തരമായി മൊഴി നൽകിയപ്പോൾ നെറ്റിയിൽ പൊട്ട് തൊട്ട പയ്യന്റെ മുഖത്ത് പൂനിലാവ് പരക്കുന്നത് ഞാൻ കണ്ടു. ആ പെൺകുട്ടിയുടെ ധൈര്യം ആവാഹിച്ചെടുത്തത് പോലെ കേസ് വിളിച്ചപ്പോൾ മൈമൂനാ തല നിവർന്ന് ജഡ്ജിന് സമീപത്തേക്ക് നടക്കുന്നത് മൈമൂനായുടെ രക്ഷകർത്താക്കൾ നെഞ്ചിടിപ്പോടെ നോക്കി കൊണ്ടിരുന്നു.  മൈമൂനായുടെ മാതാവിന്റെ ചുണ്ടുകൾ ഏതോ പ്രാർത്ഥന ചൊല്ലുന്നത് പോലെ അനങ്ങിയിരുന്നത്  എനിക്ക് കാണാൻ കഴിഞ്ഞു. പിതാവ് നെഞ്ച് തടകിയപ്പോൾ സഹോദരന്റെ കണ്ണുകൾ ഉൽക്കണ്ഠ കൊണ്ടെന്നവണ്ണം വികസിച്ച് വന്നു. ബഹുമാനപ്പെട്ട ജഡ്ജിന്റെ ചോദ്യത്തിനുത്തരമായി തന്നെ ആരും അന്യായ തടങ്കലിൽ വെച്ചിട്ടില്ലെന്നും ആഹാരം തരാതിരുന്നിട്ടില്ലെന്നും പീഡിപ്പിച്ചിട്ടില്ലെന്നും  മൈമൂനാ മൊഴി നൽകിയതോടെ അവളുടെ രക്ഷകർത്താക്കളുടെ ഭാഗത്ത് നിന്നും ആശ്വാസത്തിന്റെ  നെടുവീർപ്പുയർന്നു. പക്ഷേ ഹർജിക്കാരൻ തന്നെ വിവാഹം കഴിച്ചത് തന്റെ സമ്മതത്തോടെയാണെന്നും അയാളുടെ കൂടെ പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമുള്ള അവളുടെ മൊഴി നെടുവീർപ്പിനെ ദു:ഖത്തിന്റെ കൊടുംകാറ്റാക്കി മാറ്റി. പെൺകുട്ടിയെ ഇഷ്ടപ്രകാരം പോകാൻ അനുവദിച്ച് കോടതി ഉത്തരവ് ചെയ്തതിന് ശേഷം അടുത്ത കേസ് വിളിച്ചപ്പോൾ മൈമൂനായുടെ രക്ഷകർത്താക്കൾ വിറച്ച് വിറച്ച് കോടതി ഹാളിൽ നിന്നും  പുറത്തേക്ക് വന്നു. വെളിയിലെത്തിയ മൈമൂനായുടെ പിതാവ് ഭിത്തിയിൽ ചാരി നിലത്തേക്കിരുന്ന് തലയിൽ കൈ വെച്ച് വിമ്മിപ്പൊട്ടി. മാതാവ് വിദൂരതയിലേക്ക് നോക്കി കണ്ണ് മിഴിച്ച് നിന്നു. അവർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടത് പോലെ തോന്നി. ഈ സമയം വാദി ഭാഗം അഭിഭാഷകൻ “പെൺകുട്ടിയെ വിളിച്ച് കൊണ്ട് പോടോ”  എന്ന് കേസ് കൊടുത്ത യുവാവിനോട്  പറയുന്നത് കേട്ട് പെൺകുട്ടി പതുക്കെ പുറത്തേക്ക് വന്നു. അപ്പോൾ ഞങ്ങൾക്ക് തടയാൻ കഴിയുന്നതിന് മുമ്പ് മൈമൂനായുടെ സഹോദരൻ അവളുടെ സമീപത്തേക്ക് ഓടി ചെന്ന് തറയിൽ പാടെ വീണ് അവളുടെ കാലിൽ കെട്ടിപ്പിടിച്ച് “ഇത്താത്താ പോകല്ലേ ഇത്താത്താ ഞങ്ങളെ വിട്ട് പോകല്ലേ ഇത്താത്താ…..  ഞാൻ കാല് പിടിക്കാം...” എന്ന് ആർത്ത് വിളിച്ച് കരഞ്ഞു. ഭിത്തിയിൽ ചാരി ഇരുന്ന പിതാവും തന്റെ കരച്ചിലിന് ആക്കം കൂട്ടി. മാതാവ് അപ്പോഴും ബോധം നഷ്ടപ്പെട്ടത് പോലെ നിന്നിരുന്നു. ബഹളം കേട്ട് കോടതി ഹാളിൽ നിന്നും പോലീസ്സ്കാരും അഭിഭാഷകരും പാഞ്ഞെത്തി. പക്ഷേ ആ രംഗം കണ്ട ആർക്കും ഒന്നും പറയാനോ തടസ്സപ്പെടുത്താനോ കഴിഞ്ഞില്ല. പെൺകുട്ടിയും പകച്ച് നിന്നു. എല്ലാവരും സ്തബ്ദരായി നിൽക്കവേ ഞങ്ങൾ മൈമൂനായുടെ സഹോദരനെ ബലമായി പിടിച്ച് മാറ്റി. “നിങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകണം” എന്ന് വാദി ഭാഗം വക്കീൽ വീണ്ടും ആവർത്തിച്ചപ്പോൾ പെൺകുട്ടിയെ അവളുടെ കമിതാവ്  കൂട്ടിക്കൊണ്ട് പോയി.  യാതൊരു കൂസലുമില്ലാതെ  കമിതാവ് മുമ്പെയും അവൾ പിമ്പെയും  അമ്മയും  കൂട്ടുകാരും പുറകെയുമായി ആ സംഘം  നീങ്ങി പോകുന്നത് മൈമൂനായുടെ രക്ഷകർത്താക്കളും ബന്ധുക്കളും വിമ്മലോടെ നോക്കി നിന്നു.

 “23 വയസ്സ് വരെ വളർത്തിയ പൊന്ന് മോളാണ് ആ പോകുന്നത്,നിന്നെ കോളേജിൽ അയച്ചതിനാണോ മോളേ നീ ഇങ്ങിനെ എന്നോട് ചെയ്തത്... നിന്റെ  ഭാവി നശിക്കരുതെന്ന് മാത്രമല്ലേ ഞാൻ കരുതിയുള്ളൂ” എന്ന് മൈമൂനായുടെ പിതാവ് കരച്ചിലിനിടയിൽ പറഞ്ഞു. മൈമൂനായുമായി ജീവിതം കഴിച്ച് കൂട്ടുവാൻ പോകുന്നവന്റെ ജീവിത പശ്ചാത്തലവും അയാളുടെ രീതികളും ചെയ്തികളും ആ പിതാവ് ശരിക്കും അന്വേഷിച്ച് അറിഞ്ഞിരുന്നല്ലോ.
 “ഇത്താത്താ….ഇത്താത്താ… ആ സഹോദരൻ മൈമൂനാ പോയ ഭാഗത്തേക്ക് കൈ നീട്ടി ഇത് മാത്രം പറഞ്ഞ് കൊണ്ടിരുന്നു. അവന് ഓർമ്മ ഉണ്ടായ കാലം മുതൽ അവന്റെ എല്ലാ ആഗ്രഹവും സാധിച്ച് കൊടുത്തിരുന്ന  അവന് പ്രിയപ്പെട്ടവളായിരുന്ന സഹോദരിയാണ് അവന്റെ  കരച്ചിലിനെ അവഗണിച്ച്  അവനെ വിട്ട്  പിരിഞ്ഞ് പോകുന്നത് അവന് അത് സഹിക്കാൻ കഴിഞ്ഞില്ല.
ഏങ്ങലടിച്ച് കൊണ്ടിരുന്ന ആ മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോൾ കുടുംബ ബന്ധങ്ങളായിരുന്നു തലയിൽ നിറഞ്ഞ് നിന്നത്. എത്രയെത്ര പ്രതീക്ഷകളോടെയാണ് കുട്ടികളെ രക്ഷകർത്താക്കൾ വളർത്തി കൊണ്ട് വരുന്നത്. സ്വേച്ഛാധിപതികളായ രക്ഷിതാക്കളെ നമുക്ക് ഒഴിവാക്കി കുട്ടികളുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന മാതാപിതാക്കളുടെ കാര്യം നമുക്ക് ചിന്തിക്കാം. കുഞ്ഞുങ്ങളുടെ  കൈ വളരുന്നോ കാൽ വളരുന്നോ എന്ന് അനുനിമിഷം നിരീക്ഷിച്ച് കൊണ്ടാണ്  അവർ കാലം കഴിച്ച് കൂട്ടുന്നത്.  താൻ പൊന്ന് പോലെ വളർത്തി കൊണ്ട് വരുന്ന കുട്ടിക്ക്  നല്ലത് വരണമെന്ന് മാത്രമേ അവർ ചിന്തിക്കൂ. താനും കുടുംബത്തിലെ മറ്റംഗങ്ങളും വിശ്വസിച്ച് വരുന്ന മതത്തിൽ പെട്ട ഒരാളായിരിക്കണം തന്റെ കുട്ടിയുടെ ഇണയായി വരേണ്ടതെന്ന് ഭൂരിപക്ഷം പേരും  ആഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി തന്റെ കുട്ടി  ഇത് വരെ  ചെയ്ത് വന്നിരുന്ന ആചാരങ്ങൾ ഉപേക്ഷിച്ച് പുതിയ മതം സ്വീകരിച്ച് കാണുമ്പോൾ യജമാനന്റെ കുപ്പായത്തിനുള്ളിൽ കുറുക്കനെ കണ്ട കാവൽ നായയുടെ വിറ രക്ഷിതാക്കളിൽ ഉണ്ടായി പോകുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ. ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും വിവാഹം കഴിക്കാൻ വേണ്ടി തന്റെ മതം ഉപേക്ഷിക്കുന്നത് നിരുൽസാഹപ്പെടുത്തേണ്ടത് തന്നെയാണ്.
പ്രണയ ലഹരിയാൽ വിവേകം നഷ്ടപ്പെടുമ്പോൾ തന്റെ കമിതാവിന്റെ നല്ല വശത്തെ മാത്രമേ ഇണക്ക് കാണാൻ കഴിയൂ.   ദോഷ വശങ്ങളെ പറ്റി ആരു  പറഞ്ഞാലും അത് കേൾക്കാൻ സാധിക്കാത്ത വിധം അവരുടെ കർണങ്ങൾക്ക് ബധിരത ബാധിച്ചിരിക്കുമല്ലോ. കഥയും കവിതകളും ചരിത്രങ്ങളും സിനിമയും സീരിയലുകളും പ്രണയത്തെയും ദിവ്യാനുരാഗത്തെയും പറ്റി വാചാലമാകുന്നത് കമിതാക്കൾക്ക് പ്രചോദനമായി ഭവിക്കുന്നു. സ്നേഹിച്ച പ്രണയിനിക്ക് വേണ്ടി സിംഹാസനം ത്യജിച്ചതും രാജകുമാരന്മാർ പിതാക്കന്മാർക്കെതിരെ യുദ്ധം നയിച്ചതുമായ ചരിത്രങ്ങൾ അവരെ ഏത് സാഹസത്തിനും പ്രേരിപ്പിക്കുന്നു. പ്രണയ മാർഗത്തിൽ ഉറ്റവരെ നിഷ്ക്കരുണം ഉപേക്ഷിച്ച് പുതിയ ഇണയുമായി സന്തതികൾ മുന്നേറുമ്പോൾ അവരുടെ ഉറ്റവരുടെ ദു:ഖങ്ങളെ കുറിച്ച്  ഇവിടെ ആരും  കഥ എഴുതാറില്ല സിനിമാ എടുക്കാറില്ല  ചരിത്രം രചിക്കാറുമില്ല. പ്രസവിച്ചിട്ടത് മുതൽ   ഓരോ നിമിഷവും തന്റെ കുട്ടിയെ കുറിച്ചു കണ്ട് കൊണ്ടിരുന്ന അവരുടെ സ്വപ്നങ്ങൾ ഒരു നിമിഷത്തിൽ കരിഞ്ഞ് വീഴുന്നത് കണ്ട് ഇടി വെട്ടേറ്റത് പോലെ നിൽക്കുന്ന  അവരെ കഥകളിലും സിനിമകളിലും വില്ലൻ വേഷത്തിലാണല്ലോ അവതരിപ്പിക്കുന്നത്.

അനുരാഗം പാപമാണെന്നും പ്രേമിക്കുന്നത് തെറ്റാണെന്നും അഭിപ്രായമില്ലെങ്കിൽ പോലും ഇന്നലെ കണ്ട കമിതാവിനോടുള്ള പ്രേമമാണോ ജനിച്ച മുതൽ കണ്ട് കൊണ്ടിരിക്കുന്ന കൂടപ്പിറപ്പുകളുടെ സ്നേഹമാണോ പരിഗണിക്കേണ്ടത് എന്ന് അനുരാഗം വിവാഹത്തിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ കമിതാക്കൾ ചിന്തിക്കുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിന്  ആവശ്യം തന്നെയാണ്.
 
അനുരാഗത്തിൽ നിന്നും ഉടലെടുത്ത സ്വന്തം  താല്പര്യത്തേക്കാളും അനുഭവം കൊണ്ട് ലോകപരിചയം സ്വായത്തമാക്കിയ മാതാപിതാക്കളുടെ അഭിപ്രായങ്ങൾ അവഗണിച്ച് ഉപരിപ്ലവമായ  പ്രണയത്തിൽ അകപ്പെട്ട് പുതിയ ബന്ധത്തിൽ ഏർപ്പെടുന്ന ഭൂരിഭാഗത്തിന്റെയും അനുരാഗ കഥയുടെ  രണ്ടാംഭാഗം ചുരുൾവിടരുന്നത്കുടുംബകോടതികളിലെവരാന്തകളിലായിരിക്കുമെന്നതാണ് കണ്ട് വരുന്ന  മറ്റൊരു പരമാർത്ഥം. കൂട്ടത്തിൽ അവരോടൊപ്പം ഒന്നോ രണ്ടോ കുട്ടികളുമുണ്ടായിരിക്കും. രക്ഷകർത്താക്കൾ കണ്ടെത്തിയ ഭർത്താവിൽ നിന്നും അപ്രകാരം അനുഭവങ്ങൾ ഉണ്ടാകില്ലേ എന്ന ചോദ്യത്തിന് തമ്മിൽ ഭേദം തൊമ്മൻ എന്നാണ് അനുഭവങ്ങൾ  പഠിപ്പിക്കുന്നതെന്ന മറുപടിയാണ് ശരിയായി വരുന്നത്.
മൈമൂനായുടെ ഭാവി എന്തായി തീരുമെന്ന് അവളുടെ ബന്ധുക്കൾ പ്രവചിച്ചത് ഫലിക്കാതെ പോകട്ടെ എന്നാണ് ഇപ്പോൾ മനസ്സിൽ പ്രാർത്ഥന. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണമെന്നാണല്ലോ നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.