Sunday, August 30, 2020

ഓണ കാലത്തെ സിനിമ.

“ഓണത്തിന് പടമെന്ത്?“
“ഓ! അതൊരു സൂപ്പർ സ്റ്റാർ പടമൊപ്പിച്ചു.“
എന്നാലും പടത്തിന്റെ പേർ പറയില്ല.
ഇതായിരുന്നു, ഒരു കാലഘട്ടത്തിൽ ബി.സി. ക്ളാസ് തീയേറ്ററുകളിലെ  ഓണ കാല സിനിമ പ്രദർശന ത്തിന്റെ ഗുട്ടൻസ്. സ്ഥലത്ത് തന്നെയുള്ള എതിർ ഭാഗം തീയേറ്റർ ഏത് പടമാണ് തന്റെ ഓപ്പോസിറ്റ് പാർട്ടി ഇടുന്നതെന്ന്  മുൻ കൂട്ടി അറിഞ്ഞ് അതിനെ വെല്ലാനുള്ള  പടമന്വേഷിക്കും. മമ്മൂട്ടി പടം ഇപ്പുറത്തെങ്കിൽ  ഒന്നുകിൽ അതിനെക്കാളും മെച്ചമായ മമ്മൂട്ടി പടമോ, അല്ലെങ്കിൽ മോഹൻ ലാൽ പടമോ സ്വന്തം കൊട്ടകയിൽ പ്രദർശനത്തിനായി ശ്രമിക്കുമായിരുന്നു... വിതരണക്കാർ തരാൻ മടിക്കുന്നു എങ്കിൽ  ആവശ്യമായ ഡിപോസിറ്റ് നേരത്തെ നൽകി പടമുറപ്പിക്കും.
 അന്ന് റിലീസ്  പ്രധാന നഗരങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനും മുമ്പുള്ള കാലത്ത്  നസീർ പടമോ സത്യൻ പടമോ ഏറ്റുമുട്ടും. ഏതായാലും മൂന്ന് ദിവസം നിർബന്ധമായും തീയേറ്റർ കരകവിഞ്ഞൊഴുകുമായിരുന്നു.. നാലാം ദിവസവും തിരക്ക് ഒട്ടും കുറവ് കാണില്ല. അന്നാണ് ഫാമിലി പ്രേക്ഷകർ വരുന്നത്.
 ഓണത്തിന്  ശരിക്കുമൊരു സദ്യ, അത് കഴിഞ്ഞ് സ്ത്രീകൾ അവരുടെ വക കൂടി ചേരലും കലാ പരിപാടിക്കും പോകുമ്പോൾ ഗ്രാമങ്ങളിലെ യുവാക്കൾ അടുത്ത നഗരത്തിലെ തീയേറ്റർ തിരക്കി പായുമായിരുന്നു. ഉന്തും തള്ളും നടത്തി  അത്യാവശ്യത്തിന് ഒന്ന് രണ്ടടികൾ നടത്തി സിനിമാ കണ്ടില്ലെങ്കിൽ എന്ത് സുഖം?! കറണ്ട് പോകുമ്പോൾ  ( അന്ന് ജനറേറ്റർ  മിക്കവാറും കൊട്ടകകളിൽ കാണില്ല) തീയേറ്ററുകാരന്റെ ശവക്കുഴിയിൽ കിടക്കുന്ന അപ്പനെ വരെ തെറി വിളിക്കാനും, കറന്റ് തിരികെ വരുമ്പോൾ ഹായ്യ്യ്!!! എന്നാർത്ത് വിളിക്കാനും  ഓണ ദിവസമേ കഴിയൂ.
തീയേറ്ററുകാരനും ആണ്ടിലൊരിക്കലുള്ള  ഈ അവസരം ശരിക്കും മുതലെടുക്കുമായിരുന്നു. സീറ്റുകൾ അതിന്റെ കപ്പാസിറ്റി കഴിഞ്ഞാലും    ടിക്കറ്റ് കൊടുക്കും ഓണ ദിവ്സങ്ങളിൽ. അവർക്കതിന് ഒരു മടിയുമില്ല. ടിക്കറ്റെടുക്കാനായി പാഞ്ഞ് വരുന്നവരോട് ഒരു മുൻ കൂർ ജാമ്യമെടുപ്പുണ്ട്.
“സീറ്റില്ല, നിന്ന് കാണാം, നിർബന്ധമില്ല, പിന്നെ അകത്ത് ചെന്ന് സീറ്റ് ചോദിക്കരുത്...“
“എന്ത് പണ്ടാരവുമാകട്ടെ...ടിക്കറ്റ് താ...മാനേജരേ.... പത്ത് പന്ത്രണ്ട് കിലോ മീറ്റർ ദൂരത്ത് നിന്ന് സൈക്കിൾ ചവിട്ടി വരുകയാ...ഇനി സിനിമാ കാണാതെ പോകാൻ വയ്യ....“ ഒരു സൈക്കിളിൽ ഓവർലോഡായി ഇനി ഒരുത്തനെ കൂടി വെച്ച് പാഞ്ഞ് വരുമ്പോഴാണ്  സീറ്റില്ലെന്ന്....“ എന്നും പറഞ്ഞ് ഓടി അകത്ത് കടന്ന് കഴിയുമ്പോഴാണ് അകത്തും നിൽക്കാനാവില്ല, വാതിൽക്കലും പറ്റില്ല, പിന്നെ  നിൽക്കുന്നവരുടെ തലയുടെ മുകളിൽ കൂടി കാണത്തക്ക വിധം ഒരു കാലിൽ നിന്ന് സിനിമാ കാണും.
അന്ന് ഇന്നത്തെ പോലെ  റ്റി.വി.യും കാക്കത്തൊള്ളായിരം സിനിമയും ഇല്ല, ഉണ്ടായാൽ തന്നെ  ഒരു പുതിയ  സിനിമാ ഓണത്തിന് കാണുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാണ്.
വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നു  ഓണ സിനിമയുടെ ചരിത്രം. പിന്നെ റ്റിവികളും പല പല  ചാനലുകളും വന്നു, പുതിയ പുതിയ പരിപടികൾ ചാനലുകളിൽ മാൽസര്യത്തോടെ അവതരിക്കപ്പെട്ടു അതോടെ ഭൂരിഭാഗം  തീയേറ്ററുകളും പൂട്ടിക്കെട്ടി. ഓലക്കൊട്ടകകൾ ഗൃഹാതുരത്വം അവശേഷിപ്പിച്ച്  എങ്ങോ  പോയി. ചില കൊട്ടകകൾ രൂപാന്തരം പ്രാപിച്ചു. ഫിലിം പെട്ടി റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്റിൽ നിന്നും പോർട്ടറന്മാർ തലച്ചുമടായി കൊണ്ട് വരുന്ന കാഴകൾ കാണാനില്ലാതായി. കാറിൽ സിനിമായുടെ പോസ്റ്റ് ഒട്ടിച്ച  ബോർഡ് കെട്ടി “ ഇതാ നിങ്ങളുടെ....തീയേറ്ററിൽ  ഓണ സിനിമാ “മാറി നില്ല് വലിയമ്മേ മതിലിടിയും“ പ്രദർശിപ്പിക്കുന്നു....“ എന്നൊക്കെ വിളിച്ച് കൂവിയുള്ള  “അനൗൺസ്മെന്റ്“ ( അതും ഒരു ജോലിയായിരുന്നു) നോട്ടീസ് വലിച്ചെറിയലും കാറിന് പുറകേ നോട്ടീസിനുള്ള പരക്കം പാച്ചിലും എല്ലാ കാഴ്ചകളും എവിടേക്കോ ഓടി മറഞ്ഞു.
ഇതാ...ഇപ്പോൾ കോവിഡ് കാരണം ഓണത്തിന് ഒരു കൊട്ടകയുമില്ല, സിനിമയുമില്ല..സർവ്വം ശാന്തം... ശുഭം....“

Friday, August 28, 2020

തട്ടിപ്പ് യൂണിവേഴ്സിറ്റികൾ

ഭാരത് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി അൽ ബല യൂണിവേഴ്സിറ്റി, ഗാംഗോക്ക് യൂണിവേഴ്സിറ്റി, ഇങ്ങിനെ പല യൂണിവേഴ്സിറ്റികളും  അവരുടെ വിവിധ കോഴ്സുകളും ( നിലവിൽ നാട്ടിൽ പ്രവർത്തിക്കുന്ന കേരളാ, കോഴിക്കോട് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിലുള്ള  ബിരുദത്തിന് തുല്യമായത് എന്ന് പരസ്യം ചെയ്ത്) ഈ സീസണിൽ രംഗത്ത് വരാറുണ്ട്.
 ഈ സീസണിന് ഒരു പ്രത്യേകത ഉണ്ട്. പ്ളസ് റ്റൂ പരീക്ഷാ ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ ഉടൻ രക്ഷകർത്താക്കൾ കുട്ടികളെ ഉപരി പഠനാർത്ഥം ആവശ്യമായ സീറ്റ് കിട്ടാൻ പരക്കം പായുന്ന സമയമാണിത്. ഉയർന്ന മാർക്ക് ലഭിച്ചവർക്ക്  ബുദ്ധിമുട്ടില്ലാതെ അവർക്ക് ഹിതാനുസരണം സീറ്റ് ലഭിക്കുമ്പോൾ  മാർക്ക് കുറവുള്ള  കുട്ടികളുടെ രക്ഷ കർത്താക്കൾ  ഉള്ളിൽ തീയുമായി ഓരോ കോളേജിന്റെയും വാതിൽക്കൽ ചെന്ന് തപസ്സ് ചെയ്യുന്ന സമയമാണിത്.
സയൻസ് വിഷയം ആഗ്രഹിക്കുന്നവരും  കോളേജിൽ തന്നെ ചേർന്ന് പഠിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ളവരും  വ്യാജ യൂണിവേഴ്സിറ്റികളുടെ തട്ടിപ്പിന് ഇരയാകുന്ന കാഴ്ചയാണ് പോയ വർഷങ്ങളിൽ കണ്ടത്. തങ്ങളുടെ യൂണിവേഴ്സിറ്റി കേരളാ, കോഴിക്കോട്, മഹാത്മാ ഗാന്ധി തുടങ്ങിയ അംഗീകൃത കോളേജുമായി അഫിലിയേറ്റ് ചെയ്തതാണെന്നും കടലാസുകൾ എല്ലാം ശരിയായിരിക്കുകയാണെന്നും ഉയർന്ന ഉദ്യോഗസ്തന്റെ ഒരു ഒപ്പിനായി കാത്തിരിക്കുകയാണെന്നും കുട്ടിയെ ഇവിടെ ചേർത്തു കൊള്ളണം ഉടനെ അഫിലിയേഷൻ കിട്ടും എന്ന് പറഞ്ഞാണ് ഇവർ രക്ഷിതാക്കളെ വലയിലാക്കി കനത്ത ഫീസും ഡൊണേഷനും അടപ്പിക്കുന്നത്. അവസാനം പരീക്ഷാ സമയം ആകുമ്പോൾ  “എന്തോ കുഴപ്പം പറ്റി, അത് ഉടനെ പരിഹരിക്കും എന്നൊക്കെ ഉഡായിപ്പ് പറഞ്ഞ് തടിയൂരും. കുട്ടിയുടെ ഒരു വർഷം പാഴാകും. വലിയ വഴക്ക് ഉണ്ടാക്കുന്നവർക്ക്  അടച്ച തുക ഭാഗികമായി തിരികെ നൽകും, ചിലർ ഒന്നും കൊടുക്കില്ല.
പോയ വർഷം  എം.കോം ബിരുദത്തിന് ചില ട്യൂട്ടോറിയൽ കോളേജുകൾ കുട്ടികളുടെ കയ്യിൽ നിന്നും കനത്ത ഫീസും വാങ്ങി കേരളാ യൂണിവേഴ്സിയുടെ അംഗീകാരം ഉടനെ കിട്ടുമെന്ന് പറഞ്ഞ് പഠിപ്പിച്ചു. അവസാനം ഒരു വർഷം പഠിപ്പിച്ചിട്ട്, അംഗീകാരം കിട്ടാതെ വന്നപ്പോൾ എന്നാൽ നമുക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നോക്കാം എന്ന് പറഞ്ഞ് ആ വർഷം കൂടി കളയിപ്പിച്ചു.
 സിബിസി രജിസ്ട്രേഷൻ ഒരു സ്കൂളിന് ലഭിക്കുമ്പോൾ  അത് മറയാക്കി അതിന്റെ അനുബന്ധമായി 10 സ്കൂളുകളിൽ  പഠിപ്പിച്ചിട്ട്, പരീക്ഷ എഴുതാൻ നേരം  രജിസ്ട്രേഷൻ ഉള്ള സ്കൂളിൽ പോയി പരീക്ഷ എഴുതുന്ന വിദ്യ ഈ വർഷം മുതൽ അവസാനിപ്പിച്ചു എന്ന പത്ര വാർത്ത ശ്രദ്ധിക്കുക.
 മാർക്ക് അടിസ്ഥാനപ്പെടുത്തിയുള്ള ഏതെങ്കിലും ഉയർന്ന പഠനം --അതെത്രയോ സുലഭമാണ്-- കുട്ടിക്ക് തരപ്പെടുത്തി കൊടുത്ത് അവന്റെ ഭാവി സുഭദ്രമാക്കാൻ ശ്രമിക്കാതെ അതി മോഹത്താൽ ഈ ഉഡായിപ്പ് യൂണിവേഴ്സിറ്റികളുടെ ചതിയിൽ പെട്ട്, കുട്ടിയുടെ ഭാവിയും ധനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് രക്ഷകർത്താക്കളുടെ കടമയാണ്.

Sunday, August 23, 2020

പഠന സഹായി ആപ്പ്

മെഗാ സ്റ്റാറും ഒരു കുട്ടിയും ചേർന്ന് അവതരിപ്പിക്കുന്ന റ്റി.വി. പരസ്യം ഒരു സ്വകാര്യ  സെന്ററിന്റേതാണ്. അവരുടെ ആപ്പ് ഡൗൺ ലോഡ് ചെയ്താൽ പഠനം എളുപ്പമാകുമത്രേ! പരസ്യത്തിന്റെ ആകർഷണത്തിനായി  നടന്റെ പഴയ ഒരു സിനിമയിലെ “കളി പഠിപ്പിക്കല്ലേ“ ഡയലോഗ് പുട്ടിന് തേങ്ങാ ഇടുന്നത് പോലെ  കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്. ഇവിടെ പ്രസക്തമായ വിഷയം ഈ പരസ്യം നിർമ്മിക്കാൻ താരത്തിന്റെ ഭാരിച്ച കൂലി മറ്റ് ചെലവ് അതോടൊപ്പം അത്രയും നേരം റ്റി.വി.യുടെ  പരസ്യ വാടക, അത് സെക്കന്റിന്, മിനിട്ടിന് കനത്ത തുകയാണ് നൽകേണ്ടത്, ഇതെല്ലാം മൊത്തമായി സ്ഥാപനത്തിന്റെ ചെലവിനത്തിൽ പെടുന്നു എന്നതാണ്. അവർക്കിത് എവിടെ നിന്നും ലഭിക്കുന്നു,?
 തങ്ങളുടെ കുട്ടികൾക്ക് വേണ്ടി  ഈ പരസ്യത്തിൽ ആകർഷിക്കപ്പെട്ട് വലയിൽ വീഴുന്ന സാധാരണക്കാരുടെ മുതുകിൽ    കനത്ത വില ചുമത്തി ഈ ആപ്പ് അടിച്ച് കയറ്റുന്നു.. അല്ലാതെവിടെ നിന്നാണ് അവരുടെ മുടക്ക് മുതൽ ഈടാക്കുക.
പഠിക്കുന്ന കുട്ടി അഥവാ പഠിക്കാൻ താല്പര്യമുള്ള കുട്ടി ഏത് ആപ്പടിച്ചാലും ആപ്പടിച്ചില്ലെങ്കിലും പഠിക്കും, അതിന് പ്രദേശത്തുള്ള ഏതെങ്കിലും അക്രമണൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തുന്ന സാദാ ട്യൂഷൻ സെന്ററിൽ  പഠന സഹായത്തിനായി പോയാലും മതി. പക്ഷേ  . പരസ്യം കാണുന്ന ജനം അത് പൂർണ സത്യമാണെന്ന് കരുതുന്നിടത്ത് എന്ത് പറഞ്ഞാലും അവരുടെ തലയിൽ കയറില്ല. അവർക്ക് മറ്റവന്റെ ആപ്പ് ഉപയോഗിച്ചേ മതിയാകൂ.എന്നാലല്ലേ അയൽ വാസിയുടെ കുട്ടിയുടെ അത്രയും ഏ. പ്ളസ്സ് എന്റെ കുട്ടിക്കും കിട്ടൂ.

ഇത് തന്നെ മറ്റ് പരസ്യങ്ങളുടെയും ഗതി.

കേൾക്കുന്നതിനേക്കാളും കാണുന്നതാണ് മനസ്സിൽ പതിയുന്നത്. അതും സുന്ദരികളായ തരുണീമണികൾ വന്ന് ഇരുമ്പാണി മുതൽ ഉണക്ക മീനിന്റെ  വരെ ഗുണഗണങ്ങൾ റ്റി.വി.യിൽ വന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ “ഒന്നുമില്ലേലും നല്ലോരു പെൺകൊച്ച് വന്ന് നിന്ന് സാധനത്തിന്റെ ഗുണം പറയുമ്പോൾ എങ്ങിനെ അത് വാങ്ങാതിരിക്കും  അപ്പീ...“ എന്ന് സാദാ മനുഷ്യൻ പറഞ്ഞ് പോകുന്നു.. പരസ്യത്തിന്റെ ഭീമമായ ചെലവും നമ്മൾ വാങ്ങുന്ന ഉൽപ്പന്നത്തിന്റെ മുതുകിൽ കയറുന്നുണ്ട് എന്ന് നമ്മൾ അറിയുന്നില്ലല്ലോ.

ഇപ്പോൾ നിലവിലുള്ള സീസൺ കൊറോണാ വൈറസിനെ നേരിടുന്ന ലോഷന്റേതാണ്. പല കമ്പനിക്കാരും  പരസ്യം തിരിഞ്ഞ് കടിക്കാതിരിക്കാൻ  99 ശതമാനമേ ഫലപ്രാപ്തി പറയുന്നുള്ളൂ. അഥവാ ഏതെങ്കിലും വായിൽ നോക്കി “സംഗതി ഫലിച്ചില്ലേ“ എന്നും പറഞ്ഞ് കേസിന് പോയാൽ, “ നീ  ബാക്കി ഒരു ശതമാനത്തിൽ പെടുന്നവനാണ് എന്ന് പറഞ്ഞ് നിൽക്കാനാണ് ഇപ്പോൾ 99 ശതമാനം  പറയുന്നത്.
ഇനി എത്ര കൊറോണാ  വന്നാലും ഈ പകൽ കള്ളന്മാരുടെ തട്ടിപ്പ് വേലക്ക് ഒരു അന്ത്യവുമില്ലേ ദൈവമേ!

Saturday, August 22, 2020

കവി പുംഗവന്റെ കോപം....

സിനിമാ നടന്മാർ, സാഹിത്യകാരന്മാർ, മറ്റ് കലാകാരന്മാർ അവർക്കെല്ലാം പൊതുവായ ഒരു അനുമതി ഉണ്ട്, ആരോടും ക്ഷോഭിക്കാം, വായിൽ തോന്നിയത് പറയാം എന്തും ചെയ്യാം.
കുറച്ച് കാലങ്ങൾക്ക് മുമ്പ് ഒരു മഹാ ഗായകന്റെ കൂടെ നിന്ന് സെൽഫി എടുത്ത ചെറുപ്പക്കാരനെഅദ്ദേഹം പിടിച്ച് നിർത്തി ഫോൺ ബലമായി വാങ്ങി ആ സെൽഫി മായ്ച്ച് കളഞ്ഞതും തന്റെ പ്രവർത്തിയെ ന്യായീകരിച്ച് പ്രതികരിച്ചതും ആരും മറന്ന് കാണില്ലല്ലോ.
ഇനിയൊരു മഹാ സാഹിത്യകാരന്റെ കഥ ഉണ്ട്. ഒരു ദരിദ്രവാസി സാഹിത്യകാരൻ താനെഴുതിയ രചനക്ക് ആമുഖം എഴുതാൻ മഹാ സാഹിത്യകാരന്റെ ഉമ്മറത്ത് ചെന്ന് നിന്ന് ശരിക്കും വഴക്ക് കേട്ട കഥ...മഹാ സാഹിത്യകാരൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരുന്ന സമയത്താണ് ഇതൊന്നും അറിയാതെ ദരിദ്രവാസി സാഹിത്യകാരൻ തന്റെ ഉദ്ദേശ കാര്യത്തിന് മഹാനെ കാണാൻ ചെല്ലുന്നത്.
“നീയെന്ത് കൊണ്ടറിഞ്ഞില്ല, ഞാൻ വിശ്രമത്തിലാണ് എന്നാണ് മഹാൻ ക്ഷോഭത്തോടെ ചോദിച്ചത്. ദരിദ്രവാസിയുടെ ആവശ്യം നിഷ്ക്കരുണം നിരസിക്കുകയും ചെയ്തു.
ഇവരെ ന്യായീകരിക്കാൻ ആദ്യം പറഞ്ഞ പൊതു ബോധം നിലവിലുണ്ട് താനും. മുഴുക്കുടിയനായ മറ്റൊരു കവി പണ്ട് ഒരു പെൺകുട്ടിയോട് കാണിച്ച കോപ്രാന്തം ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ശിക്ഷ ഇന്നും അനുഭവിച്ചേനെ...ആ കഥ അയാൾ മരിച്ചതിന് ശേഷമാണ് പുറത്ത് വന്നത്.
മറുപടി ആരോടും ആകാം. അതിൽ ഒരു മര്യാദ വേണമെന്ന് സാദാ മര്യാദക്കരും തല കുലുക്കി സമ്മതിക്കും.
ഇവർ എഴുതുന്നതും പാടുന്നതും അഭിനയിക്കുന്നതും സ്വയം ആസ്വദിക്കാൻ മാത്രമല്ലല്ലോ. ഈ ചോദ്യങ്ങൾ ചോദിക്കുന്ന മര്യാദ കെട്ടവർക്ക് വേണ്ടി കൂടി അല്ലേ? മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ ഉൽപ്പന്നങ്ങളുടെ ഉപഭോക്താവ് അവരിൽ നിന്നും ഈ ആട്ടും തുപ്പും വാങ്ങി കെട്ടുന്ന സാദാ ഉപഭോക്താവ് തന്നെയാണ്. ഇത് അവർ വല്ലപ്പോഴും എങ്കിലും ഓർക്കണം. അത് കൊണ്ട് തന്നെ ആ ഉപഭോക്താവിന്റെ ഹിതകരമല്ലാത്ത ചോദ്യങ്ങളെ സമചിത്തതയോടെ നേരിടുകയും വേണം.
അല്ലാതെ ഇതാണെന്റെ രീതി വേണമെങ്കിൽ സഹിച്ചോടാ എന്ന മട്ടുണ്ടല്ലോ അത് ഒട്ടും ശരിയല്ല.

Friday, August 21, 2020

പൗരോഹിത്വം രണ്ട് തരം.

പൗരോഹിത്യം രണ്ട് തരമുണ്ട്.
സന്ധ്യ നേരത്തും കൂളിംഗ്ളാസ്സും ധരിച്ചും മണിമേടകളിൽ വസിച്ചും ഇന്നോവാ കാറിൽ എ.സിയും പ്രവർത്തിപ്പിച്ച് ജാഡ കാണിച്ചും നടക്കുന്ന ഒരു വിഭാഗം.
ജീവിക്കാൻ ഒരു ഉപാധിയും ഇല്ലാ എന്ന് കണ്ട് കൈ നീട്ടാൻ ഇറങ്ങാതെ മരക്കിഴങ്ങ് വിറ്റ് അതിൽ നിന്നും കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിക്കുന്ന ദൈവം ഇഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം. അവർ പണ്ഡിതരും അപ്രകാരം അറിയപ്പെടുന്നതിൽ യാതൊരു താൽപ്പര്യവും ഇല്ലാത്തവരുമാണ്
.എന്നാൽ ആദ്യത്തെ വിഭാഗം പുരോഹിതർ എന്നറിയപ്പെടാൻ യാതൊരു താല്പര്യവും ഇല്ലാത്തവരും പക്ഷേ പണ്ഡിതൻ എന്നറിയാനും അറിയപ്പെടാനും ഏറെ ഇഷ്ടപ്പെടുന്നവരുമാണ്.
പഴങ്ങൾ അധികരിക്കുമ്പോൾ മര കൊമ്പ് കുനിഞ്ഞ് കുനിഞ്ഞ് വരുന്നത് പോലെ അറിവ് വർദ്ധിക്കുമ്പോൾ പണ്ഡിതൻ അങ്ങേ അറ്റം വിനയാന്വിതനാകുന്നു.പുരോഹിതൻ തന്റെ പാണ്ഡിത്വത്തിൽ അഹങ്കാരിയും അധികാര പ്രമത്തനുമായി തീരുന്നു. ഈ കൂട്ടർക്ക് ജനസ്വാധീനം ധാരാളം ലഭിക്കുകയും ചെയ്യും. ലോകത്തിൽ കണ്ട് വരുന്നത് അതാണ്. പ്രകടാത്മകതയാൺ` ജനം ഇഷ്ടപ്പെടുന്നത്.
പക്ഷേ വിനയത്തെയും എളിമയെയുമാണ് കരുണാമയനായ ദൈവം സ്വീകരിച്ചിട്ടുള്ളത് എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.
ഞങ്ങളുടെ തലമുറയെ അറിവ് പഠിപ്പിച്ചവർ ആ കാലത്തെ പട്ടിണി എത്രമാത്രം അനുഭവിച്ച് കാണുമെന്നുള്ള ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കുറിപ്പുകൾ.

Wednesday, August 19, 2020

നിയന്ത്രണമില്ലാത്ത ജനത.

സ്കൂളിൽ നിന്നും റ്റിസി.വാങ്ങാൽ സൽമാനോടൊപ്പം ഇന്നലെ കൂട്ടിന് പോയി.
കുട്ടികളോട് ഞാൻ പലപ്പോഴും കൂട്ടുകാരെ പോലെയാണ് പെരുമാറുന്നത്, അവരെ കളിയാക്കുകയും അവരോട് തമാശ പറയാറുമുണ്ട്‘സ്കൂളിലേക്കുള്ള ഇടവഴിയെത്തിയപ്പോൾ  ഞാൻ പറഞ്ഞു,
“കാര്യം നടന്ന് കഴിഞ്ഞാൽ അപ്പോൾ തന്നെ അവിടെ നിന്ന് സ്ഥലം വിട്ടോളണം, നിന്റെ കൂട്ട്കാരായ കുരങ്ങന്മാരുമായി സംസാരിച്ച് നിൽക്കരുത്, കൊറോണാ കാലമാണ് സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടാ.....“
അവൻ തല കുലുക്കി സമ്മതിച്ചു.
ഇടവഴിയിൽ പലയിടത്തും കുട്ടികളുടെ വലിയ കൂട്ടം. കുറേ കാലത്തിന് ശേഷം കണ്ട് മുട്ടുന്നവരാണവർ. മാത്രമല്ല പ്ളസ് റ്റൂ കഴിഞ്ഞിരിക്കുന്നു, പലരും പലയിടത്താകും ഇനി.
സ്കൂളിൽ ചെന്നപ്പോൾ അവിടെയും നീണ്ട ക്യൂ. സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെ വലിയ കൂട്ടങ്ങൾ, പെൺ കുട്ടികൾ അങ്ങുമിങ്ങും അലഞ്ഞ് നടക്കുന്നു, കൂട്ടു ചേരുന്നു, ആൺ കുട്ടികളുമായി കുശലം പറയുന്നു,
അത്രയും ആയപ്പോൾ പോലീസ് ജീപ്പ് ഇരച്ച് വന്നു നിന്നു.
“നിങ്ങളെന്താ സ്കൂൾ പ്രവ്ർത്തനം തുടങ്ങിയോ?“ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യത്തോടെ ചോദിച്ചു..
“കുട്ടികളുടെ ഉപരിപഠനത്തിന് അപേക്ഷ നൽകാൻ അതിനോടൊപ്പം വെക്കേണ്ട റ്റിസി. നൽകുകയാണ് സർ,“ഒരു അദ്ധ്യാപകൻ മറുപടി പറഞ്ഞു.
“ഈ കാമ്പൗണ്ടിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു, ഇടവഴിയിലെല്ലാം ഉണ്ട് അവന്മാർ സംഘമായി നിൽക്കുകയാണ്, പലതിനും മാസ്ക് ഇല്ല, ഉണ്ടെങ്കിൽ തന്നെ  അത് താടിയിലാണ് ഫിറ്റ് ചെയ്തിരിക്കുന്നത്.......“ ആ ഓഫീസർ ചൂണ്ടിക്കാട്ടി. ഉടൻ തന്നെ ഒന്ന് രണ്ട് അദ്ധ്യാപകർ ചാടി ഇറങ്ങി . കുട്ടികൾ പലരായി പിരിഞ്ഞ് മാറി. പോലീസ് ജീപ്പും പോയി. അധ്യാപകർ  ഓഫീസിലേക്ക് മടങ്ങി. ഉടനെ തന്നെ വീണ്ടും കൂട്ടം ചേരൽ നടന്നു. അവർക്ക് ആവേശമാണ്, ആ ആവേശത്തിൽ മറ്റെല്ലാം അവർ മറന്നു.
ഇതിത്രയും എഴുതിയത്, ഇന്നലെ കേരളത്തിലെ കോവിഡ് ബാധ 1752. ഇന്ന് 2333.  ഇതിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണെന്ന് റ്റി.വി.വാർത്ത.
പ്രബുദ്ധരായ മലയാളികൾ കോവിഡ് ആരംഭകാലത്ത് കർശനമായ ചിട്ടകൾ പാലിക്കുകയും കോവിഡിനെ ഭയത്തൊടെ കാണുകയും ചെയ്തു. അന്ന് സമ്പർക്കത്തിലൂടെ രോഗ ബാധ ഒട്ടുമില്ലായിരുന്നു. മരണം ഒറ്റ അക്കത്തിൽ നിന്നു. ഇന്ന് ആ ഭയമെല്ലാം പോയി  കർശനതയും സൂക്ഷമതയും കൈവിട്ടു. “ഓ! ഞങ്ങളിതെത്ര കണ്ടതാ“ എന്ന മട്ടായി. അതിന്റെ പ്രതിഫലനമാണ് ഞാൻ ഇന്ന് ഈ സ്കൂൾ കാമ്പൗണ്ടിൽ കണ്ടത്. ആ കുട്ടികൾ വരുന്ന വീടുകളിലൊന്നും ഇവർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നില്ലേ? കാരണം അവർക്കൊന്നും ഭയമില്ലായിരുന്നു, മാസ്ക്കുകൾ പോലും ഇല്ലാത്തവർ ധാരാളം. പെൺകുട്ടികളായിരുന്നു, മാസ്ക് ധരിക്കാത്തവരിൽ ഭൂരിഭാഗവും.. ഇതിൽ എത്ര പേർക്ക് കോവിഡ് ഉണ്ട് എന്ന് ആർക്കറിയാം?.
സ്വയം കർശനത പാലിക്കാത്തിടത്തോളം സമ്പർക്കത്തിലൂടെയുള്ള  രോഗ പകർച്ച ഒരിക്കലും കുറയാൻ പോകുന്നില്ല എന്നുറപ്പ്. കോവിഡും കേരളത്തിൽ നിന്ന് പോകാതെ ഇവിടെ തന്നെ ചുറ്റി പറ്റി നിൽക്കും, അതിന്റെ ഉദാഹരണമാണ് ഇന്ന് ഈ സ്കൂളിലേക്കുള്ള ഇടവഴിയിൽ കണ്ട കൂട്ടം കൂടൽ.
സൽമാനുമായി തിരികെ വരുമ്പോൾ കോമ്പൗണ്ടിന്റെ ഒരു ഭാഗത്ത് നിന്നും ഒരു പെൺകുട്ടി ഓടി വന്നു, അവനോട് വലിയ വായിൽ ചിരിച്ച് കൊണ്ട് പറഞ്ഞു“ ഹായ്!!!
ഞാൻ ചുണ്ടിന് കീഴിൽ പിറു പിറുത്തു, പോടീ പിശാചേ!“
സൽമാൻ എന്നെ ഏറ് കണ്ണിട്ട് നോക്കി മറുപടി പറഞ്ഞു “ഹായ്!“
“നീ വീട്ടിലോട്ട് വാടാ കൊച്ച് കഴുതേ! നിനക്ക് ഞാൻ തരാം മോനേ!..., ഞാൻ പിന്നെയും പിറു പിറുത്തു.“
അവൻ ചിരിച്ചു, അവളെ നോക്കി ബൈ പറഞ്ഞു.
  എന്റെ അസൂയയും കുശുമ്പും കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞതെന്ന് അവനറിയില്ലല്ലോ.
തിരികെ വരുമ്പോഴും വഴിയിലെല്ലാം കൂട്ടം കൂടൽ തന്നെയാണ് കണ്ടത്. തീർച്ചയായും ഈ ആഴ്ച, കോവിഡ് എണ്ണം മന്ത്രി പറഞ്ഞത് പോലെ 10000 കടന്നേക്കാം.

Monday, August 17, 2020

വിദ്യാഭ്യാസം കച്ചവടമാകുമ്പോൾ

“സൽമാന്റെ വീടാണോ“ ഫോണിലാണ് ചോദ്യം.
സൽമാന്റെ ഉമ്മയുടെ ഫോണിലാണ് വിളി വന്നത്.
ഞങ്ങളുടെ സൽമാൻ പ്ളസ് റ്റൂ  65 ശതമാനം  മാർക്ക് വാങ്ങി ജയിക്കുകയും ഉപരി പഠനത്തിന് അപേക്ഷ അയച്ച് നിൽക്കുകയുമാണ്.
ഫോണിൽ വിളിച്ചത് ഒരു സ്ത്രീ സ്വരമാണ്. “നിങ്ങളുടെ സൽമാന് കേന്ദ്ര സർക്കാരിന്റെ ഒരു സ്കോളർ ഷിപ്പ് കിട്ടിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തി  ഉപരിപഠനം ചെയ്യണം. നാളെ രണ്ട് ഫോട്ടോയും  എസ്.എസ്.എൽ.സി. ബുക്കിന്റെ കോപ്പിയുമായി ഇവിടെ എത്തണം “ സ്ത്രീ പറഞ്ഞു.
സൽമാന്റെ ഉമ്മ അന്തം വിട്ടു. “സൽമാന് സ്കോളർ ഷിപ്പോ?“
പരീക്ഷാ കാലത്തിന് മുമ്പ്  ഒരു അപകടത്തെ  തുടർന്ന് കാലിന്റെ എല്ല് പൊട്ടി, രണ്ട് മാസം സ്കൂളിൽ പോകാതെ വീട്ടിലിരുന്ന സൽമാന് കൂടുതൽ മാർക്ക് ലഭിക്കേണ്ടതായിരുന്നു. 65 ശതമാനം മാർക്കേ ഉള്ളൂ എന്ന കാരണത്താൽ ഉപരിപഠനം എന്ന പ്രതിസന്ധിയെ തരണം ചെയ്യാനുള്ള അശ്രാന്ത പരിശ്രമത്തിലിരിക്കുമ്പോഴാണ് ഈ ഓഫർ എന്ന് തിരിച്ചറിയുക.
 വിളിച്ച ആളോട്  പിന്നീട് ഞാൻ സംസാരിച്ചു, കാര്യം വിശദമാക്കാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പി.എം.വൈ ഫണ്ടെന്നോ മറ്റോ ആ സ്ത്രീ പറഞ്ഞു, (ഓർമ്മ വരുന്നില്ല) അതിൽ നിന്നും സ്കോളർഷിപ്പ് അനുവദിച്ചിട്ടുണ്ടത്രേ!. ഉപരി പഠനത്തിന്റെ 75 ശതമാനം ഫീസിന് ആ സ്കോളർഷിപ്പ് ഉപയോഗിക്കണം.
അപ്പോൾ ബാക്കി 25 ശതമാനം എന്ത് ചെയ്യണം“ ഞാൻ ചോദിച്ചു.
“അത് കുട്ടി അടക്കണം“
“ഏത് കോഴ്സ്“ എന്റെ ചോദ്യം.
“അത് ബിരുദം, പിന്നെ തൊഴിൽ പരിശീലനം മുതലായവ“
“ഫീസ് നിങ്ങൾ തീരുമാനിക്കും അല്ലേ?“
 “അതേ“
“അതായത്, അൻപതിനായിരം രൂപാ നിങ്ങൾ ഫീസ് നിശ്ചയിച്ച്, 37500 രൂപാ സ്കോളർഷിപ്പ് വകയിൽ കഴിച്ച്, ബാക്കി 12500 രൂപാ കുട്ടി അടക്കണം, ശരിയല്ലേ“
“ശരിയാണ്“
“സൽമാൻ ഒരു സ്കോളർഷിപ്പിനും അപേക്ഷ അയച്ചിട്ടില്ലല്ലോ, പിന്നെങ്ങിനെ അവന് സ്കോളർഷിപ്പ് അനുവദിച്ചു“?
“അത് സ്കൂളിൽ നിന്നും അപേക്ഷ  തയാറാക്കി അയച്ചു“
“ഞങ്ങളുടെ ഫോൺ നമ്പർ നിങ്ങൾക്ക് എങ്ങിനെ കിട്ടി?
“സ്കൂളുകാർ  തന്നു“  തുടർന്ന് ഫോൺ കട്ടായി‘
ഞാൻ ഉടനെ സ്കൂളീൽ വിളിച്ചു, ഞങ്ങളുടെ ഫോൺ നമ്പർ ആർക്കെങ്കിലും കൊടുത്തോ എന്ന് ചോദിച്ചു. അവർ ആർക്കും ഫോൺ നമ്പർ കൊടുത്തില്ലെന്ന് മാത്രമല്ല, നമ്പർ ആവശ്യപ്പെട്ട് ആ സർക്കാർ സ്കൂൾ കോമ്പൗണ്ടിൽ വരുന്നവരെ അവർ തുരത്തി വിടുകയാണെന്നാണ് ആ അദ്ധ്യാപകൻ പറഞ്ഞത്. അങ്ങിനെ സ്കോളർഷിപ്പിന് ഒരു അപേക്ഷയും സ്കൂളിൽ നിന്നും അയച്ചിട്ടുമില്ലാ എന്ന് അദ്ദേഹം അസന്നിഗ്ദമായി പറയുകയും ചെയ്തു.
ഈ ആധുനിക കാലത്ത് ഒരു പുതിയ അടവ് മാത്രം.
 കോഴ്സിന്റെ  ഫീസ് പ്രതിവർഷം 12000 രൂപാ ആയിരിക്കും. അത് കുട്ടിയിൽ നിന്നും ഈടാക്കാൻ ആദ്യം അവന് സ്കോളർഷിപ്പ് കിട്ടിയെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുക കോഴ്സിന് ചേർക്കുക, മൊത്തം ഫീസ് അൻപതിനായിരം എന്നും അതിൽ സ്കോളർഷിപ്പ് എഴുപത്തഞ്ച് ശതമാനം 37500  തട്ടിക്കഴിച്ചെന്ന് പറഞ്ഞ് ബാക്കി യഥാർത്ഥ ഫീസ് 12500 അടപ്പിക്കുക.
നിങ്ങൾ മൽസരത്തിൽ ജയിച്ചെന്നും അവാർഡ് തുക  നിങ്ങൾക്കു ഉടനെ കിട്ടുമെന്ന് പറഞ്ഞ് ആ തുക കിട്ടാൻ പ്രാഥമിക ചെലവിനായി ഇത്ര രൂപാ അയക്കുക എന്ന് പറഞ്ഞ് അത് തട്ടിയെടുക്കുന്ന പഴയ സൂത്രം പുതിയ രീതിയിൽ പുറത്തിറങ്ങിയതല്ലേ ഇതും. അല്ലെങ്കിൽ സ്കോളർ ഷിപ്പിന് അപേക്ഷിക്കാത്തവന് അത് കിട്ടുന്നതെങ്ങിനെയാണ്.
വിദ്യാഭ്യാസവും ചികിൽസയും ഇന്ന് കച്ചവടത്കരിച്ചിരിക്കുന്നു. കൂണ് പോലെ മുളച്ച് പൊന്തുന്ന കോഴ്സുകളും, ലക്ഷ്വറി ആശുപത്രികളും  നല്ല വ്യാപാര സ്ഥാപനങ്ങളല്ലേ?


Thursday, August 13, 2020

വലിയ ലോകം ചെറിയ മനുഷ്യർ

സക്കീർ ഗൾഫിൽ നിന്നും  നാട്ടിലെത്തിയപ്പോൾ  അധികാരികളുടെ നിർദ്ദേശാനുസരണം 4 ആഴ്ചത്തെ ക്വാറന്റൈനിൽ പോയി. സ്വന്തം വീട്ടിലെ ഒരു മുറിയിലാണ് അയാൾ കഴിഞ്ഞിരുന്നത്. ഭാര്യ ഒഴികെയുള്ള വീട്ടിലെ മറ്റ് അന്തേ വാസികളെ നേരത്തെ അവിടെ നിന്നും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ആഹാരം ഭാര്യ വാതിൽക്കൽ കൊണ്ട് ചെന്ന് കൊടുക്കും.  വർഷങ്ങൾക്ക് ശേഷം കാണുന്ന ഭാര്യ അയാളെ വല്ലാതെ  മാനസികമായി പ്രലോഭിപ്പിക്കുകയും ഏകാന്തത അനുകൂല സാഹചര്യം തോന്നിപ്പിക്കുകയും ചെയ്തെങ്കിലും  “ നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയല്ലേ ഇക്കാ ഈ കഷ്ടപ്പാട് “ എന്ന ഭാര്യയുടെ അനുനയത്തിലുള്ള പ്രതികരണം അയാളെ  ക്വാറാന്റയിൻ  അതിന്റെ ശരിയായ അർത്ഥത്തിൽ   പാലിച്ച് കഴിയാനും കാലാവധി പൂർത്തിയാക്കാനും സഹായിക്കുകയും ചെയ്തു.
ബാബുക്കുട്ടൻ  ഗുജറാത്തിൽ നിന്നും ഒരു വർഷത്തിന് ശേഷം വീട്ടിലെത്തിയതാണ്. “എനിക്കൊന്നുമില്ല, എനിക്കൊന്നുമില്ല, വെറുതെ  ആൾക്കാരുടെ പേടിയാണ് “ എന്നൊക്കെ വന്ന അന്നു മുതൽ അയാൾ നിരന്തരം ഉരുവിട്ടെങ്കിലും  ആരോഗ്യ പ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും കർശന നിർദ്ദേശം നൽകിയതിനാൽ  ബന്ധുക്കൾ അയാളെ വീട്ടിലെ ഒരു മുറിയിൽ റ്റിവി.ഉൾപ്പടെ  എല്ലാ സൗകര്യം ഒതുക്കി, ആ മുറിയിൽ അയാളെ കുടിയിരുത്തി. സമയാ സമയങ്ങളിൽ ഭാര്യ ആഹാരം കൊണ്ടെത്തിച്ചു. മറ്റ് കുടുംബാംഗങ്ങൾ  അടുത്ത് തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് സ്ഥലം മാറി. ഭാര്യ ജനലിന് സമീപം ചെന്ന് നിന്ന് നാല് ആഴ്ച  ദാ! ന്ന് പറന്ന് പോകും ചേട്ടൻ  അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ മതി  എന്ന് തണുപ്പൻ സ്വരത്തിൽ ഉപദേശിച്ചു. പക്ഷേ ബാബുക്കുട്ടൻ ഭാര്യയെ കാണുമ്പോൾ കാളക്കൂറ്റൻ മുക്കുറ ഇടുന്നത് പോലെ മുക്കുറ ഇടുകയും, “എടീ, എനിക്കൊന്നുമില്ല, ഈ പിരാന്തന്മാരെല്ലാം കൂടി വെറുതെ ആളെ മക്കാറാക്കുകയാണ്, നീ ഇങ്ങ് കയറി വാ എന്ന് പല തവണ നിർബന്ധിച്ചു. ചേട്ടൻ കാപ്പി കുടി, ചേട്ടൻ ചോറു കഴിക്ക് എന്നൊക്കെ ഭാര്യ ഒഴിവ് പറഞ്ഞ്  മാറി.  “എടീ, പണ്ട് ഭാര്യ നേരത്തേ മരിച്ച  കാർന്നോരെ കാണാൻ കൊച്ച് മക്കൾ ചെന്ന് , കാപ്പി കുടി വല്യപ്പാ, കഞ്ഞി കുടി വല്യപ്പാ എന്ന് സ്നേഹ സ്വരത്തിൽ പറഞ്ഞപ്പോൾ  വല്യപ്പൻ “കാപ്പി കുടി വല്യപ്പാ, കഞ്ഞി കുടി വല്യപ്പാ , എന്നൊക്കെ നീ പറഞ്ഞാൽ മതി ഭാര്യ മരിച്ച എന്റെ സൂക്കേടെന്താണെന്ന് നിനക്കൊന്നും അറിയേണ്ടല്ലോ എന്ന് ചീറി പറഞ്ഞത് പോലെ എന്റെ വിഷമം എന്താണെടീ നീ മനസിലാക്കാത്തത് എന്ന് ദേഷ്യപ്പെട്ട് ചോദിച്ചു. ഭാര്യ അത് കേട്ട് പുസ്കെന്ന് തിരിഞ്ഞ് പോയപ്പോൾ ബാബുക്കുട്ടന്റെ ദേഷ്യം ഇരട്ടിച്ച്   “കാണിച്ച് തരാമെടീ നിന്നെ ഞാൻ“ എന്ന് ഭാര്യയുടെ നേരെ ആക്രോശിച്ചിട്ട് അയാൾ കതക് തുറന്ന് പുറത്തിറങ്ങി നേരെ വഴിയിലേക്കിറങ്ങിയപ്പോൾ  “അയ്യോ ചേട്ടൻ കയറും പൊട്ടിച്ച് പുറത്ത് ചാടിയേ എന്ന് ഭാര്യ ഉച്ചത്തിൽ നിലവിളിച്ചു. അയൽ വാസികൾ ആരോ ബന്ധപ്പെട്ട അധികാരികൾക്ക് ഫോൺ ചെയ്തു. അവർ ഉടൻ തന്നെ  ബാഹ്യാകാശ സഞ്ചാരികളുടെ യൂണി ഫോം അണിഞ്ഞ്  പാഞ്ഞെത്തി  റോഡിൽ നിന്നിരുന്ന ബാബുക്കുട്ടനെ ഓടിച്ചിട്ട് പിടിച്ച് എവിടെയോ കൊണ്ട് പോയി. പോകുമ്പോഴും അയാൾ ഭാര്യയെ  ശ്രേഷ്ഠ മലയാളത്തിൽ സംബോധന ചെയ്യുന്നുണ്ടാ‍ായിരുന്നു.
അരുൺ ചെറുപ്പക്കാരനാണ് എങ്ങിനെയോ അയാൾക്ക് കോവിഡ് ബാധിച്ചു. പക്ഷേ യാതൊരു ബാഹ്യ രോഗ ലക്ഷണവും അയാൾക്കില്ലായിരുന്നു. രക്ത പരിശോധന അയാൾ കോവിഡ് രോഗിയെന്ന് സ്ഥാപിക്കുകയും , സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ നിർഭാഗ്യവാനായ ആ യുവാവ്  മാനസിക സമ്മർദ്ദം താങ്ങാനാവാതെ ആശുപത്രിയിൽ തന്നെ  ആത്മഹത്യ ചെയ്തു.
ഈ മൂന്നു കേസുകളിലെയും പേരുകൾ മറ്റൊന്നാണ്. പക്ഷേ കോവിഡിനെ നേരിടുന്ന മനുഷ്യരുടെ വിവിധ  മാനസികാവസ്ഥ ചൂണ്ടിക്കാണിച്ചത് യഥാർത്ഥമാണ്.
നാളിത് വരെ ഇപ്രകാരമുള്ള  രോഗവും അതിന്റെ പരിചരണവും നാട്ടിൽ ഉണ്ടായിട്ടില്ല.മുൻ അനുഭവങ്ങൾ ഇല്ലായെങ്കിലും  സന്ദർഭാനുസരണം യുക്തമെന്ന് തോന്നുന്നത് സർക്കാർ ചെയ്യുന്നു. പക്ഷേ അതിനോടൊപ്പം  ഗൗരവതരമായി കാണേണ്ടത് രോഗ ശങ്ക ഉള്ളവരുടെയും രോഗം ബാധിച്ചവരുടെയും മാനസികാവസ്ഥയെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നതാണ്. നാം പത്രം വായിക്കുകയും റ്റി.വി. കാണുകയും ചെയ്ത് കാര്യങ്ങൾ  അറിയുന്നു എങ്കിലും  ക്വാറന്റയിനിൽ കഴിയുന്നവന്റെ മാനസികാവസ്ഥ അതത്തോളം ഗൗരവ തരമായി എടുക്കുന്നില്ല.
ആവശ്യമായ കൗൺസിലിംഗുകൾ ഇപ്പോൾ അത്യന്താപേക്ഷിതമായിരിക്കുന്നു. കോവിഡ് പരിഹാരത്തിന്റെ തീവ്ര യത്നത്തിനിടയിൽ ഇനി അതും കൂടി വേണോ എന്ന ചോദ്യത്തിന് ജോലി ഒന്നും ഇല്ലാതെ ശമ്പളം കൈ പറ്റി  കഴിയുന്ന സൈക്കിയാട്രിക്സും  സൈക്കോളജിസ്റ്റുകളും  വകുപ്പിൽ ധാരാളമായിട്ടുണ്ടല്ലോ, അവരെ ഈ ചുമതല ഏൽപ്പിക്കുക, അവർക്കും ഒരു ജോലി ആകട്ടെ. അങ്ങിനെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകട്ടെ.

Monday, August 10, 2020

മനസ്സിൽ ഇരുട്ട് നിറച്ചവർ.

ഒരു വശത്ത് മരണ ഭീതി പരത്തി കോവിഡ്. പിന്നൊരു വശത്ത് എല്ലാം നഷ്ടപ്പെടുത്തി  പെരുമഴയും കാറ്റും. ഇനിയും മറ്റൊരു ഭാഗത്ത്  ഉരുൾ പൊട്ടി, ഉറങ്ങാൻ കിടന്നവർ  എന്നെന്നേക്കും ഉറങ്ങി പോയ പ്രകൃതി ദുരന്തം , ഇനി ഒരിടത്ത്  സ്വന്തം നാട് തൊട്ട് തൊട്ടില്ലാ എന്ന അവസ്ഥയിൽ ആകാശത്ത് നിന്നും ഭൂമിയിലെത്തിയപ്പോഴുണ്ടായ വിമാന ദുരന്തം  . അങ്ങിനെ എല്ലാ തരത്തിലും വിധത്തിലും മനുഷ്യ ജീവിതം ഇത്രക്കേ ഉള്ളൂ എന്ന്  പ്രകൃതി മനുഷ്യനെ ബോദ്ധ്യപ്പെടുത്തിയിട്ടും  മനുഷ്യൻ പഠിക്കുന്നില്ലാ എന്ന് ഫെയ്സ്ബുക്കിലെ ചില കുറിപ്പുകൾ നമ്മെ ചൂണ്ടിക്കാണിക്കുന്നു. മനസ്സിൽ നിറയെ ഇരുട്ട് നിറച്ചവർ  ഇപ്പോഴും മദിച്ച് വാഴുകയാണ്.
എന്നാണിവർ നന്നാവുക?.
 എന്റെ മതവും വിശ്വാസവും എനിക്ക് വലുതാണ്. പക്ഷേ ഞാൻ അതിൽ അഭിരമിക്കുന്നതോടൊപ്പം ഞാൻ അല്ലെങ്കിൽ ഞങ്ങളുടെ മതവും വിശ്വാസവും പരിപാലിക്കുന്നവർ മാത്രം ഈ ഭൂമിയിൽ മതിയെന്നും അല്ലാത്തവർ  വെറും  നികൃഷ്ടരാണെന്ന കാഴ്ചപ്പാടിൽ ഗർവോടെ പെരുമാറുകയും ചെയ്യുന്നവർ ഇരുട്ടിന്റെ സന്തതികൾ തന്നെയാണ്, അവർ ഏത് മതക്കാരായാലും ശരി.
ഒരാൾ ദുരന്തത്തിലാകുമ്പോൾ അവൻ മറ്റവനാണ് അങ്ങിനെയും കുറേ ചാകട്ടെ എന്ന് കരുതി  മാറി പോകുന്നവൻ ഏത് മതത്തിൽ പെട്ടവനായാലും മനുഷ്യനല്ല, അവൻ നരഭോജിയേക്കാളും അധമനാണ്.
അന്യ ദു:ഖത്തിൽ  കരുണ കാണിക്കാത്തവൻ  ഏത് മത വിശ്വാസിയായാലുമെന്താണ് പ്രയോജനം.
ഉത്തരേന്ത്യയിലെ  വർഗീയത ഇവിടെ ഇല്ലല്ലോ എന്ന് സമാശ്വസിച്ചിരുന്നു. ചെറുപ്പത്തിൽ നാനാ ജാതി മതസ്തരും ഒന്നിച്ചിരുന്ന് പള്ളിക്കൂടങ്ങളിൽ ഇടപഴകിയിരുന്നത്  മുതിർന്ന് പ്രായം ചെന്നിട്ടും മറക്കാതെ പഴയ ആ സൗഹൃദം എപ്പോഴും മനസ്സിൽ നില നിർത്തി പോന്നവരായിരുന്നു നമ്മൾ. ബാല്യകാല സുഹൃത്തുക്കളെ  വർഷങ്ങൾക്കു ശേഷം കാണുമ്പോൾ “ എവിടെ ആണെടോ താനിപ്പോൾ“ എന്ന് തോളിൽ തട്ടി ചോദിക്കുന്ന നല്ല സംസ്കാരത്തിലായിരുന്നു നമ്മൾ.
 പണ്ട് കാലത്തും മനസ്സിൽ ഇരുട്ട് നിറച്ചവർ ഉണ്ടായിരുന്നിട്ടും അവർ തുച്ഛത്തിൽ തുഛമായിരുന്നു. അയൽ വാസിയുടെ ആഹാരം പങ്കിട്ടും അവന്റെ സുഖ ദു:ഖങ്ങളെ തന്റേതായി കണ്ടും നാം കാലം പോക്കി. അന്നും എല്ലാവരും മത വിശ്വാസികളായിരുന്നു. പക്ഷേ ആ മത വിശ്വാസം അപരനെ ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിക്കാനും അവന്റെ വീട്ടിലെ എല്ലാ അടിയന്തിരങ്ങളും നമ്മുടേതെന്ന പോലെ ചുമതലയേറ്റാനും  പ്രേരിപ്പിക്കുന്നതായിരുന്നു. അവന്റെ പുര ഓല മേയുന്നതും നമ്മൾ എല്ലാവരും ചേർന്നായിരുന്നു. അന്ന് സമ്പത്തും പണക്കൊഴുപ്പും കുറവായിരുന്നു, പട്ടിണി കൂടെ ഉണ്ടായിരുന്നു. ഇന്ന് സമ്പത്തിന്റെ ആധിക്യത്തിൽ പട്ടിണി എന്തെന്ന് ആർക്കുമറിയാത്ത സ്തിതി വന്നത് കൊണ്ടാണോ ഈ അഹങ്കാരം.
മനസ്സിലെ ഇരുട്ട് മാറ്റി മനുഷ്യനെ മതം കൊണ്ട് വേർ തിരിക്കാതെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള സന്മനസ്സ് ഉണ്ടാകാത്തിടത്തോളം ഇനിയും പല ദുരന്തങ്ങൾ വഴി പ്രകൃതി നമ്മളെ നേരെയാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമെന്ന് കാലം സാക്ഷി.

Friday, August 7, 2020

വൈദ്യുതി ഇല്ലാതെ.....

ഇന്നലെ ഈ പ്രദേശവുംചുറ്റുപാടും  വൈദ്യുതി ഇല്ലാതെ വല്ലാതെ കഷ്ടത്തിലായിരുന്നു   മിനഞ്ഞാന്ന് രാത്രിയിലുണ്ടായ  ശക്തമായ കാറ്റിലും മഴയത്തും  ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാലാണ് അപ്രകാരം സംഭവിച്ചത്. മിനഞ്ഞാന്ന് രാത്രി മുതൽ    ഇന്ന് രാത്രി പത്തുമണിവരെ വിദ്യുഛക്തി ജീവനക്കാർ കോരി ചൊരിയുന്ന മഴയത്ത്  അശ്രാന്ത പരിശ്രമം നടത്തിയാണ്` വിതരണം പുന:സ്ഥാപിച്ചത്.
വൈദ്യുതിയെ ആശ്രയിച്ച് ജീവിതം ചിട്ടപ്പെടുത്തിയവർ  അതില്ലാതെ വന്നപ്പോൾ വല്ലാതെ കുഴഞ്ഞു. 26 മണിക്കൂർ വിതരണം നിലച്ചപ്പോൾ കിണറുകളിൽ സ്ഥാപിച്ച പമ്പുകൾ പ്രവർത്തിപ്പിക്കാനാവാതെ  പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതെ ജനം കഷ്ടപ്പെട്ടു.രാത്രി ആയി ഇരുട്ട് കടന്ന് വരുകയും മെഴുകുതിരികൾ പോലും കത്തിക്കാൻ (അത് വിൽക്കുന്ന കടകളിൽ പോകാനും വാങ്ങാനും കോവിഡ് ഭീഷണി ഉള്ളതിനാൽ സാധിക്കുകയുമില്ല) കഴിയാതെ വന്നു. ഇന്വർട്ടർ എന്ന സൂത്രം അതിനാകുന്ന  സമയം വരെ പ്രവർത്തിക്കുകയും അത് കഴിഞ്ഞപ്പോൽ ഇനി എന്നെ കൊണ്ട് വയ്യേ എന്ന് ബീപ് ബീപ് ശബ്ദത്താൽ കരഞ്ഞ് നിശ്ചലമാവുകയും  ലൈറ്റുകൾ അണയുകയും ചെയ്തു.
 പ്രസവിച്ചിട്ടത് മുതൽ തന്നെ ഫാനിന്റെ കീഴിൽ കഴിഞ്ഞ് വരുന്ന പുതു തലമുറ  കൊതുകിന്റെ മൂളിച്ചകളെ കൈ കൊണ്ട് ആട്ടി മാറ്റി കഴിഞ്ഞു. അടുക്കള പരിപാലനക്കാർ  മാറ്റി വെച്ച അരകല്ലു പ്രയോഗത്തിൽ വരുത്തി. റ്റിവി. കണ്ട് സമയം പോക്കുന്ന  പുരുഷ ശിങ്കങ്ങളെ  കിണറുകളിലെ  വെള്ളം കോരി തരാനും വെള്ളം ഇല്ലെങ്കിൽ  ഇന്ന് ഗോവിന്ദാ...ഗോവിന്ദാ...ആയിരിക്കും ഉണ്ണാൻ നേരം സംഗതി കുഴയും എന്നൊക്കെ ഭീഷണിപ്പെടുത്തി തട്ടിൻ പുറത്തെവിടെയോ എന്നോ വലിച്ചെ റിഞ്ഞ ബക്കറ്റും കയറും തപ്പിയെടുത്ത് കിണറിലെ വെള്ളം മുകളിൽ വരുത്തി.
 എല്ലാവരും വെട്ടിൽ വീണത് എന്തെങ്കിലും പ്രതിസന്ധിയിലകപ്പെട്ട് അടുക്കള പ്രവർത്തിച്ചിലെങ്കിൽ നാട്ടിൽ ധാരാളമായുണ്ടായിരുന്ന ഹോട്ടലുകളെ ആശ്രയിച്ച് ഇഷ്ടമുള്ള  ആഹാരം വാങ്ങാവുന്ന ആ ഈസീ പ്രതിവിധി കോവിഡ് നിയമത്താൽ ഹോട്ടലുകൾ അടഞ്ഞ് കിടക്കുന്നതിനാൽ പൊളിഞ്ഞ് പോയതിനാലാണ്.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കുത്തിക്കൂനി ഇരുന്ന് പുസ്തകങ്ങൾ വായിക്കുകയും മുനിഞ്ഞ് കത്തുന്ന  മൊട്ട വിളക്കുകളിന്റെ പ്രകാശം കുറഞ്ഞാലും കൈ ചെല്ലുമ്പോൾ വായ തുറന്നോളും എന്ന പ്രമാണം പാലിച്ച ഉള്ള കഞ്ഞി പാതിരാത്രി കഴിച്ച് ശീലിച്ച ഞങ്ങളുടെ തലമുറയെ തോൽപ്പിക്കാൻ കറന്റിനാവില്ലല്ലോ. കുടിക്കാൻ ചോര ശരീരത്തിൽ കുറവായതിനാൽ കൊതുകും ചെറിയ മര്യാദയെല്ലാം അന്ന് കാണീച്ചിരുന്നു. ഫാൻ ആവശ്യമില്ലായിരുന്നു. പെണ്ണുങ്ങൾ അരകല്ലിൽ അരച്ചും ആട്ടുകല്ലിൽ ആട്ടിയും ഉരലിൽ ഇടിച്ചും പ്രമേഹവും രക്ത സമ്മർദ്ദവും മാറ്റി വെച്ചു. ആണുങ്ങൾ സ്ത്രീകളെ സഹായിക്കാൻ വിറക് മുട്ടി കീറി കൊടുത്തു. വെള്ളം കോരുകയും ചെയ്തു..
ആ കാലം കഴിഞ്ഞ് പോയി. ജീവിതം സുഖമയമായി. സുഖം വർദ്ധിച്ചു. കഷ്ടപ്പാടുകൾ കുറഞ്ഞു.
 എങ്കിലും പഴയ കാലം എങ്ങിനെ ആയിരുന്നു എന്ന് വല്ലപ്പോഴെങ്കിലും ഓർമ്മിക്കാൻ ഇടക്കിടക്ക് ഇപ്രകാരം വൈദ്യുതി  ഒരു ദിവസമെല്ലാം ലീവെടുക്കണമെന്നാണ് ഈയുള്ളവന്റെ ഒരു ഇത്......

Monday, August 3, 2020

മനപ്പൂർവമല്ലാത്ത തെറ്റ്

രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുറന്ന  ബാങ്കിൽ പണമിടപാടുകൾക്കായി ധാരാളം പേർ ഇന്നത്തെ ദിവസം വന്നിരുന്നു. ആൾക്കൂട്ടത്തിലൊരാളായി പ്രവേശന കവാടത്തിന് സമീപം കാത്ത് നിന്ന എന്നിൽ നിന്നും ഇത് വരെ ഉണ്ടാകാത്ത പെരുമാറ്റം പ്രായം ചെന്ന രണ്ട് പേരോട് ഉണ്ടായി,  അത് മനപ്പൂർവമല്ലെങ്കിൽ കൂടിയും ആ പെരുമാറ്റത്തിലെ കർശനതക്കിരയായ വ്യക്തികളുടെ മുഖത്തെ ജാള്യത  തിരികെ വീട്ടിലെത്തിയപ്പോഴും മനസ്സിൽ തെളിഞ്ഞ് വന്നു.
ഇടപാടുകാർക്ക് കാത്തിരിക്കാൻ ബാങ്ക്കാർ പുറത്ത് കസേരകൾ നിരത്തി ഇട്ടിരുന്നു, കൈ കഴുകാൻ ഹാന്റ് വാഷും വെള്ളവും തയാറാക്കിയിട്ടുണ്ട്. അകത്തേക്ക് തള്ളീ കയറാതിരിക്കാൻ ടോക്കൺ സമ്പ്രദായം  ഏർപ്പെടുത്തുകയും ചെയ്തു. എനിക്ക് കിട്ടിയ ടോക്കൺ നമ്പറും  ഇത് വരെ വിളിച്ച നമ്പറും താരതമ്യം ചെയ്തപ്പോൾ ഉണ്ണാനായി വീട്ടിൽ നിന്നും പൊതിച്ചോറ് കെട്ടിക്കൊണ്ട് വരേണ്ടതായിരുന്നു എന്ന് അമർഷത്തോടെ ഞാൻ ചിന്തിച്ചു; അത്രത്തോളമായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത.

 കോവിഡ് ബാധിത പ്രദേശമായ എന്റെ വാർഡിൽ ആൾക്കാരുടെ പോക്ക് വരവ് നിയന്ത്രിക്കാൻ  കവലയിൽ കർശനക്കാരായി നിന്ന പോലീസുകാരെ എനിക്ക് അത്യാവശ്യമായി പോകേണ്ട കാരണം രേഖ സഹിതം ബോദ്ധ്യപ്പെടുത്തി  ഒന്നര കിലോമീറ്റർ ദൂരത്തിലെ രണ്ട് കയറ്റവും തരണം ചെയ്ത് നടന്നാണ് ഞാൻ ബാങ്കിലെത്തിയത്.
കസേര ഒഴിവ് വന്ന നേരം  പെട്ടെന്ന് തന്നെ അത്  തരപ്പെടുത്തി അതിൽ ഇരുന്ന് കാലിന്റെ വേദന അൽപ്പം കുറച്ച് ശാന്തനായി ഇരുന്നപ്പോഴാണ് വാതിൽക്കൽ നിന്ന സെക്യൂരിറ്റി എനിക്ക് ആവശ്യമുള്ള ഒരു ഫോം വിതരണം ചെയ്യുന്നത് കണ്ടത്. അത് വാങ്ങാനായി എഴുന്നേറ്റ ഉടൻ  ഒരു വൃദ്ധൻ ഞാൻ ഇരുന്ന കസേരയിൽ നോട്ടമിട്ട് അടുത്ത് വന്നു. എന്റെ കയ്യിലിരുന്ന ഒരു ബുക്ക് കസേരയിലിട്ടിട്ട് അയാളെ ഞാൻ രൂക്ഷമായി നോക്കി. ഒന്നും പറയേണ്ടി വന്നില്ല, ആ പാവം പതുക്കെ പുറകോട്ട് മാറി . ഞാൻ ഫോം വാങ്ങി തിരികെ വന്ന് കസേരയിലിരിക്കുന്നതിന് മുമ്പ് കാർന്നോരെ ഒന്ന് ഏറ് കണ്ണിട്ട് നോക്കി,    കയ്യിലിരുന്ന കാലൻ കുടയിൽ തന്റെ  ഭാരം ഊന്നി അവിടെ താഴെപടിയിൽ അയാൾ ഇരിക്കുന്നു.
  കസേരയിൽ ഇരുന്ന് പേന ഉപയോഗിച്ച് ഫോം പൂരിപ്പിച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് അവരുടെ ആവശ്യത്തിനായി എന്നോട് പേന ആവശ്യപ്പെട്ടു, ഒട്ടും ദാക്ഷണ്യം ഇല്ലാതെ ഞാൻ പറഞ്ഞു, “പേന എന്റേതാണ് ഞാൻ നിങ്ങൾക്ക് തരില്ല “ ഒരക്ഷരം മറുപടി പറയാതെ മുഖത്ത് ജാള്യതയുമായി അവർ സ്ഥലം കാലിയാക്കി.
മുമ്പ് ഒരിക്കലും ഞാൻ ആരോടും ഇപ്രകാരം പെരുമാറിയിട്ടില്ല എന്നെനിക്കുറപ്പുണ്ട്. കഴിയുമെങ്കിൽ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നവനാണ് ഞാൻ.പക്ഷേ.......
രോഗ ബാധയുള്ള സ്ഥലത്ത് നിന്നും വന്നവനാണ് ഞാൻ. ഞാനിരുന്ന കസേരയിൽ പ്രതിരോധ ശക്തി കുറവായ ഒരു വൃദ്ധൻ വന്നിരുന്ന് അയാൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതി. അതോടൊപ്പം ഞാൻ ഉപയോഗിച്ച പേന ആ സ്ത്രീ ഉപയോഗിക്കേണ്ടെന്നും കരുതി. ഇതാണ് എന്റെ കർശനതക്ക് കാരണം. ഇതെല്ലാം എന്റെ ഉള്ളിലെ ആശങ്കൾ ആണെങ്കിൽ തന്നെയും എനിക്കിത് അവരോട് പറയാമായിരുന്നു,  കാരണം മനസിലാകുമ്പോൾ ഒരിക്കലും അവരുടെ മനസ്സിൽ പ്രയാസം ഉണ്ടാകില്ലായിരുന്നു. പക്ഷേ ഞാനെന്തിന് ഇത്ര പ്രയാസപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കണം എന്ന ധാർഷ്ഠ്യത എന്നിൽ ഉണ്ടായിരിക്കാം, നടന്ന് വന്ന വിഷമവും കാത്തിരിപ്പിന്റെ അസഹിഷ്ണതയും ഉള്ളിലെ വിശപ്പും കൊറോണായോടുള്ള അതിയായ ഭയവും ശങ്കയും  ആ ധാർഷ്ഠ്യതക്ക് പ്രേരകമാകാം.
 ഈ പറഞ്ഞവയൊന്നും എന്റെ തെറ്റിനെ സാധൂകരിക്കില്ല എന്ന് ഉള്ളിലാരോ പറയുന്നത് കൊണ്ടാവാം ഇപ്പോൾ ഈ കുറിപ്പുകൾ തയാറാക്കുമ്പോഴും ഉള്ളിലിരുന്ന് ആരോ  “ഛേ“ എന്ന് മുറുമുറുക്കുന്നത്.

Sunday, August 2, 2020

കുളങ്ങൾ...ഒരു അപകടത്തിന്റെ ഓർമ്മ....

ജലാശയങ്ങൾ എപ്പോഴും മനുഷ്യനെ കൈകാട്ടി വാ...വാ...എന്ന് വിളിക്കും. കടലും പുഴയും തോടും  കുളവും കാണുമ്പോൾ  അതിൽ ഇറങ്ങാനും  കഴിയുമെങ്കിൽ ഒന്ന് നീന്താനും ആഗ്രഹം തോന്നും. നീന്തൽ അറിയാത്തവർ പലപ്പോഴും  അപകടത്തിൽ  ചെന്ന് ചാടുന്നത് അപ്രകാരമാണ്. നീന്തൽ അറിയാവുന്നവർ പോലും ചിലപ്പോൾ ചെളിയിലും ചുഴിയിലും പെട്ട് പോകാറുണ്ട്. വെള്ളം കണ്ടപ്പോൾ കുളിക്കാനെന്ന വ്യാജേനെ കുളത്തിലിറങ്ങി ദുരന്തത്തിന്റെ  പടി വാതിൽ വരെ എത്തിയ അനുഭവം പത്ത് വയസ്സുള്ളപ്പോൾ എനിക്കുണ്ടായി.
 തകർത്ത് പെയ്യുന്ന കാലവർഷത്തിൽ സ്ഥലത്തെ എല്ലാ കുളങ്ങളും സാധാരണ നിറഞ്ഞ് കവിയാറുള്ളത് പോലെ ആ വർഷവും  സംഭവിച്ചു.വീടിനടുത്തുള്ള കുളത്തിൽ ജല ദൗർലഭ്യമുള്ള വേനൽ കാലത്ത്  താഴെ ഇറങ്ങി ചെന്ന് വെള്ളം കോരുന്നതിന് തെങ്ങും തടികൾ ഉപയോഗിച്ച് പടികൾ കെട്ടിയിരുന്നു. മഴക്കാലത്ത്  ആ പടികൾക്കും മീതെ  വെള്ളം കവിഞ്ഞ് വരാറുണ്ട്.
ദിവസങ്ങൾക്ക് ശേഷം വന്ന വെയിലിൽ ഉൽസാഹത്തോടെ ഞാൻ കുളത്തിലേക്കിറങ്ങി. ഉമ്മ കുറച്ച് അകലെ മാറി നിൽപ്പുണ്ട്. പടികൾ ഏകദേശം  നിശ്ചയമുണ്ടായിരുന്നല്ലോ. കുളത്തിൽ ഞങ്ങളുടെ അയൽ വാസി പരീതിക്ക നീന്തി തുടിച്ച് കുളിക്കുന്നു. കുളത്തിലേക്കിറങ്ങിയ എന്റെ കാൽ പടികളിൽ നിന്നുംപെട്ടെന്ന് തെന്നി മാറി ഞാൻ ആഴത്തിലേക്ക് വീണു.വെള്ളത്തിലേക്ക് താഴ്ന്നു പോകുമ്പോൾ കൈകാലിട്ടടിച്ചെങ്കിലും കരയിലേക്കെത്താൻ സാധിച്ചില്ല.നിലവിളിക്കാൻ വായ് തുറന്നതോടെ ശരിക്കും വെള്ളം കുടിച്ചു.കണ്ണിൽ ചുവപ്പ് കലർന്ന  ഇരുട്ട് വ്യാപിച്ചു. ഇതാണ് അവസാനം എന്ന് സുനിശ്ചിതമായ നിമിഷങ്ങൾ. ബോധം പതുക്കെ മറഞ്ഞ് പൊയ്ക്കൊണ്ടിരുന്ന ആ നിമിഷത്തിൽ  ആരോ എന്റെ മുതുകിൽ ചവിട്ടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആദ്യത്തെ ചവിട്ടിന്റെ ഊക്കിൽ കരയിലേക്ക് കുറച്ച് അടുത്തു. രണ്ടാമത്തെ ചവിട്ടിൽ എന്റെ കാൽ നിലം തൊട്ടു.ഞാൻ വെള്ളത്തിൽ നിന്നും തല പൊക്കി.  ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ വേച്ച് വേച്ച് കരയിലെത്തിയ എനിക്ക് ഉമ്മായുടെ നില വിളി നല്ലവണ്ണം കേൾക്കാമായിരുന്നു.. പരീതിക്കായുടെ സ്വാന്തനവും.  “ഇല്ലാ...കുഴപ്പമൊന്നുമില്ല.... കമഴ്ത്തി ഇട്ട് വയറ്റിൽ നിന്നും ഈ  വെള്ളമൊന്ന് കളഞ്ഞോട്ടെ......“
“ഇവന്റെ അടുത്ത് ചെന്ന് ഇവനെ കയറി പിടിച്ചാൽ  മരണ വെപ്രാളത്തിൽ ഇവൻ എന്നെ ചുറ്റി പിടിച്ച് ഇവനും പോകും ഞാനും പോകും...അതാ ഞാൻ ചവിട്ടിയത്....“ കമഴ്ത്തി കിടത്തി മുതുകിൽ അമർത്തുമ്പോൾ പരീതിക്ക ഉമ്മായോട് പറഞ്ഞു കൊണ്ടിരുന്നു.
അതിന് ശേഷം വെള്ളം കാണുമ്പോൾ ഞാൻ ഒന്ന് ആലോചിച്ചേ വെള്ളത്തിൽ ഇറങ്ങാറുള്ളൂ. കൊട്ടാരക്കരക്കടുത്ത് നെല്ലിക്കുന്നം ഗ്രാമത്തിലെ തോടും ഒരു ചെറിയ അണയും കാണുമ്പോൾ കയ്യും കാലും തരിക്കുമായിരുന്നു ഒന്ന് ഇറങ്ങി നീന്താൻ. അപ്പോഴെല്ലാം പണ്ടത്തെ കുളം ഓർമ്മയിലെത്തി പിൻ മാറ്റം നടത്തിക്കും. എങ്കിലും പിന്നീട് പലപ്പോഴും ഭാരതപ്പുഴയിലും ആരവല്ലി ക്ഷേത്രത്തിനടുത്ത പുഴയിലും കല്ലടയാറ്റിലും  സൂക്ഷ്മത പാലിച്ച് ഇറങ്ങിയിട്ടുണ്ട്.
 വെള്ളം എനിക്ക് അത്രമാത്രം ഭ്രമം ഉണ്ടാക്കുന്ന ഒന്നാണല്ലോ.