Wednesday, June 24, 2015

വണ്ടി ഉണ്ട് ,ഒരു റോഡ് തരുമോ?

 പണ്ട്  നാല്   കാള വണ്ടിയും  രണ്ട്  സൈക്കിളും  വല്ലപ്പോഴും  ഒരു കാറും പോകാനായി  നിർമ്മിച്ചവയാണ്   കേരളത്തിലെ നിരത്തുകളിൽ   ഭൂരിഭാഗവും. കാലം കടന്ന് പോയപ്പോൾ  ആ  മൺ പാതയുടെ മുകളിൽ  കുറേ  ടാർ പുരട്ടി മിനുസപ്പെടുത്തി,  ചില  ഇട റോഡുകളിൽ കോൺക്രീറ്റും  ചെയ്തു.      ദേശീയ പാതയായി കണക്കിലെടുത്തവയുടെ വശങ്ങളിൽ ഒഴിഞ്ഞ് കിടന്ന സ്ഥലങ്ങളിൽ   നിന്നും അൽപ്പമെടുത്ത്   നിലവിലുണ്ടായവയോട്  കൂട്ടി ചേർത്ത്  ചിലയിടങ്ങളിൽ  വീതി  കൂട്ടിയതല്ലാതെ  കാര്യമായ  വീതി കൂട്ടലൊന്നും നടന്നുമില്ല. എന്നാൽ ഇന്ന് ഒരു വീട്ടിൽ ഒന്നിലധികം വാഹനങ്ങൾ ഉപയോഗത്തിലിരിക്കുന്ന  അവസ്ഥയാണ് കേരളത്തിലുള്ളത്. നിരത്ത് പഴയ സ്ഥിതിയിൽ  നിലകൊള്ളുകയും വാഹനങ്ങളുടെ എണ്ണം ഭീതിജനകമായി  വർദ്ധിക്കുകയും ചെയ്യുമ്പോൾ  ആ വാഹനങ്ങളെ ഉൾക്കൊള്ളാനാവാത്ത  വിധം നിരത്തുകൾ വീർപ്പു മുട്ടിയിട്ടും  പുതിയ നിരത്തുകളുടെ  നിർമ്മാണത്തിലോ  നിലവിലുള്ളവ നാല് വരി പാത ആക്കി വികസിപ്പിക്കുന്നതിലോ യാതൊരു താല്പര്യവുമില്ലാതെ ഭരണകൂടങ്ങൾ വന്നും പോയുമിരിക്കുന്നു.
 നിരത്തിന് വീതി കൂട്ടാൻ സമീപസ്ഥമായ സ്ഥലം  അത്യന്താപേക്ഷിതമാണ്. എന്നാൽ
പാത വികസത്തിനോ പുതിയ നിരത്ത് നിർമ്മിക്കുന്നതിനോ പൊന്നും വില കിട്ടിയാൽ  പോലും വസ്തു വിട്ട് കൊടുക്കാത്ത മനസ്ഥിതിയാണ് മലയാളികൾക്കുള്ളത്.  കയ്യാലയും വേലിയും അതിരുകൾ  സൃഷ്ടിച്ചിരുന്നിടത്ത്  ഇന്ന് മതിലുകളുടെ പ്രളയമാണ് .അഞ്ച്ച് സെന്റായാലും അതിനും ഒരു മതിൽ നിർബന്ധമാണ് . മതിൽ കെട്ടി കഴിഞ്ഞാൽ   ആ സ്ഥലത്തിൽ അൽപ്പം റോഡിന് വീതി കൂട്ടാൻ   ചോദിക്കാൻ     മടി ഉണ്ടാകും.   അയൽ വാസിയുടെ  സ്ഥലം വേണമെങ്കിൽ എടുക്കുക  എന്റെ സ്ഥലം ഞാൻ തരില്ല  എന്ന ഈ മനോഭാവമാണ്  പാത വികസനത്തിന്റെ മുഖ്യ ശത്രു. അവസാനം വാഹനങ്ങളുടെ എണ്ണം   പെരുകി പെരുകി  നിലവിലുള്ള നിരത്തുകൾ മതിയാകാതെ ആകാശത്ത് കൂടി  ഇനി വണ്ടി ഓടിക്കുമോ എന്തോ?!!!

Tuesday, June 9, 2015

ഇരയെ വലയിലാക്കുന്ന പരസ്യങ്ങൾ

 വരേണ്യ വിഭാഗത്തിന് സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനം സാധാരണക്കാരനെ എന്നും ആകർഷിച്ചിരുന്നു. ആ സ്ഥാന ലബ്ധി  അധസ്ഥിതൻ  എന്നും  സ്വപ്നം കണ്ട്കൊണ്ടുമിരുന്നു. അത്  കൊണ്ട് തന്നെ  തനിക്ക്  കിട്ടുന്ന സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട്     വരേണ്യ വിഭാഗത്തിനെ  അനുകരിക്കാനും  മാതൃകയാക്കാനും എന്നും സാധാരണക്കാരൻ  ശ്രമിക്കുകയും ചെയ്യുമായിരുന്നു.

 ഈ സത്യം തിരിച്ചറിഞ്ഞാൽ  റ്റി.വിയിലെ പരസ്യത്തിന്റെ ഗുട്ടൻസ്  നമുക്ക് മനസിലാക്കാൻ  കഴിയും.  വെളുത്ത  സൗന്ദര്യമുള്ള  പെണ്ണ്,  പരിഷ്കൃത വേഷധാരിയായ  കോമളനായ യുവാവ് ,           തുടു തുടുന്നനെ കൊഴു കൊഴുങ്ങനെള്ള   കുഞ്ഞുങ്ങൾ               കെട്ടിലും മട്ടിലും കേമത്തം പ്രദർശിപ്പിക്കുന്ന  കെട്ടിടങ്ങൾ ഇവയെല്ലാമാണ് പരസ്യങ്ങളിലെ മാതൃക. സോപ്പ്  മുതൽ ഉണക്ക മീൻ  വരെ  വ്യാപാര പരസ്യങ്ങൾക്ക്  ഈ മാതൃകകളാണ് ഉപയോഗപ്പെടുത്തുന്നത്. ഏതെങ്കിലും ഉൽപ്പന്നങ്ങളുടെ  പരസ്യങ്ങൾക്ക്  കറുത്ത,  അത്രക്ക് സൗന്ദര്യമില്ലാത്ത പെണ്ണിനെയോ സാധാരണക്കാരന്റെ  ശിശുവിനെയോ   സാധാരണക്കാരന്റെ കൊച്ച് വീടും അതിന്റെ അന്തർ ഭാഗങ്ങളേയോ  ഉപയോഗപ്പെടുത്തിയതായി  കാണാൻ  കഴിയില്ല. എപ്പോഴും ഉയരങ്ങളിലേക്ക്  നോക്കി കഴിയുന്ന അധസ്ഥിതൻ  വരേണ്യർ  ചെയ്യുന്നതിന്റെ തനിയാവർത്തനം നടത്തുമ്പോൾ  കുത്തക മുതലാളിയുടെ കച്ചവടം  പൊടി പൂരമായി നടന്ന്  പോകും. അങ്ങിനെ തമ്പ്രാനും തമ്പ്രാട്ടികളും ഉപയോഗിക്കുന്ന സോപ്പും  പൗഡറും  ഫെയ്സ് ക്രീമും  അച്ചാറും  തേയിലയും  സ്റ്റവ്വും മറ്റും മറ്റും വാങ്ങാൻ അഹമഹമികയാ  നമ്മളും  മുമ്പോട്ട് വരുന്നു. പഴയ ബ്ലാക്ക്  അന്റ് വയിറ്റ്  സിനിമകളിൽ മുതലാളിയുടെ കസേരയിൽ  മുതലാളി  ഇല്ലാത്ത നേരം   മുതലാളി  ചമഞ്ഞ്   ചുരുട്ടും വലിച്ച്  മുതലാളി പദം അഭിനയിക്കുന്ന  വേലക്കാരനെ പോലെ  നമ്മൾ  ഈ വക സാധനങ്ങൾ വാങ്ങി വരേണ്യ വിഭാഗത്തിലേക്ക്  കടന്ന്  കയറാൻ  തത്രപ്പെടുമ്പോൾ  നമ്മളെങ്ങിനെ മാഗി ന്യൂഡിൽസ്   വാങ്ങി  നമ്മുടെ കുഞ്ഞുങ്ങളെ   തീറ്റിക്കാതിരിക്കും? അടുക്കളക്ക്  പകരം  ഹോട്ടൽ പാഴ്സൽ  വീട്ടിലേക്ക്  കടത്താതിരിക്കും.ഫെയ്സ് ക്രീം വാങ്ങി കറുത്ത മുഖത്തെ വെളുത്തതാക്കാൻ ശ്രമിക്കാതിരിക്കും?

ശ്രവണം  ഒരാഴ്ച  നമ്മുടെ  തലയിൽ  നിൽക്കുമ്പോൾ ദൃശ്യം  ഒരു വർഷം  നമ്മുടെ ഉള്ളിൽ  തങ്ങി  നിൽക്കും. ദൃശ്യ പരസ്യത്തിന്റെ പ്രയോജനം  അതാണ് . അത്   തന്നെയാണ് റ്റി.വി.പരസ്യക്കാർ  പ്രയോജനപ്പെടുത്തുന്ന   സിദ്ധാന്തവും