Sunday, May 29, 2011

ആമിനയുടെ ദുഃഖം

മദ്ധ്യസ്ഥതാ ശ്രമത്തിനായി മുമ്പില്‍ വരുന്ന കേസുകള്‍ എല്ലാം വിജയിച്ചിട്ടില്ലെങ്കിലും പരാജയപ്പെടുന്ന കേസുകളില്‍ പലതും അതിന്റേതായ കാരണത്താലാണ് ഒത്ത് തീര്‍പ്പിനുള്ള എന്റെശ്രമങ്ങള്‍ നിഷ്ഫലമാക്കിയത്. എനിക്കതില്‍ നിരാശ ഉണ്ടായിട്ടില്ല. എന്നാല്‍ പരാജയപ്പെടുന്നവയില്‍ ചില കേസുകളുടെ കഥകള്‍ മനസ്സിനെ സാരമായി ബാധിക്കാറുണ്ട്. വക കേസുകള്‍ വീണ്ടും വീണ്ടും മനസ്സില്‍ വിശകലനം ചെയ്യുമ്പോള്‍ എന്തു കൊണ്ടാണ് അത് പരാജയപ്പെട്ടതെന്നു എനിക്ക് കാരണം കണ്ടെത്താന്‍ കഴിയുമെങ്കിലും കാരണങ്ങള്‍ മനസിലെനീറ്റലിനു മറു മരുന്നായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല.

കേവലം ദിവസങ്ങള്‍ മാത്രം വിവാഹജീവിതം പേരിനു അനുഭവിച്ചതിനു ശേഷം തന്റേതല്ലാത്ത കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍, കഴിഞ്ഞ ദിവസങ്ങളില്‍ എന്നെ അസ്വസ്തനാക്കി.സംഭവം ഞാന്‍ വിശദമാക്കാം. കുറിപ്പുകളിലെ പേരുകള്‍ സാങ്കല്‍പ്പികമാണ്. സംഭവം സത്യവും.

ആമിനാ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഏകദേശം 19 വയസ്സ് പ്രായമുള്ള അതി സുന്ദരി.വാപ്പയുടെ പുന്നാരമോള്‍. ഉമ്മയുടെ തങ്കക്കനി. ഒരേ ഒരു ഇക്കായുടെ പൊന്നനിയത്തി. മതപരവും ഭൌതീകവുമായ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തീട്ടില്ല.ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഗ്രാമീണനായ വാപ്പാ തന്റെ അദ്ധ്വാന ഫലം മുഴുവന്‍ കൂട്ടി വൈക്കുന്നത് പുന്നാര മോളെ നല്ല ഒരിടത്ത് കെട്ടിച്ച് വിടുന്നതിനാണ്. വളരെ അന്വേഷണങ്ങള്‍ക്ക് ശേഷം നഗരത്തില്‍ ഉയര്‍ന്ന കുടുംബത്തിലെ വാപയുടെയും ഉമ്മയുടെയും ഏകമകനെ ( ഒരു എഞ്ചിനീയറെ തന്നെ) പുയ്യാപ്ലയായി ആമിനയുടെ ബന്ധുക്കള്‍ കണ്ടെത്തി. പയ്യനും മാതാപിതാക്കളുടെ പുന്നാര മോനാണ്. മാതാവിന്റെ കര്‍ശനമായ അച്ചടക്കത്തില്‍ വളര്‍ന്ന് വന്ന യാതൊരു ദുഷിച്ച കൂട്ടുകെട്ടും ഇല്ലാതെ ഇപ്പോള്‍ ഗള്‍ഫില്‍ പോലും ആരുമായും അതിരു വിട്ട് സൌഹൃദം പുലര്‍ത്താത്ത കാര്യമാത്ര പ്രസക്തനായ ഒരു യുവാവ്.

2000
പേര്‍ കല്യാണ സദ്യയില്‍ പങ്കെടുത്തു എന്ന് പറഞ്ഞാല്‍ വിവാഹ ചടങ്ങിന്റെ ഏകദേശ രൂപം മനസിലായി കാണുമല്ലോ. ഒരു കാര്യം പറയാന്‍ വിട്ടു പോയി. തെക്കന്‍ കേരളത്തിലെ വരന് വധുവില്‍ നിന്നും ലഭിക്കുന്ന എല്ലാ പാരിതോഷികങ്ങളും നമ്മുടെ പുതിയാപ്ലക്ക് ലഭിച്ചിരുന്നു. അഞ്ചു ലക്ഷം രൂപ അച്ചാരം(പോക്കറ്റ് മണി), 101പവന്‍ സ്വര്‍ണാഭരണങ്ങള്‍, ഒരു കാര്‍ (മോഡല്‍ പേരു ഞാന്‍ മറന്ന് പോയി) കൂടിയ വിലക്കുള്ള (40000രൂപ)ഒരു റിസ്റ്റ് വാച്ച് പിന്നെ പലതും; ഒന്നിനും ഒരു കുറവും നമ്മുടെ വധുവിന്റെ പിതാവ് വരുത്തിയില്ല. സ്ത്രീധനമായി ഏകദേശം അന്‍പത് ലക്ഷം രൂപാ വിലപിടിപ്പുള്ള അവര്‍ താമസിക്കുന്ന വീടും പറമ്പും വധുവിന്റെയും വരന്റെയും പേരില്‍ ഒരു വര്‍ഷം കഴിഞ്ഞ് എഴുതി വൈക്കാമെന്ന് അയാള്‍ വാഗ്ദാനവും ചെയ്തു. അയാളുടെ കരളായ പുന്നാര മോളുടെ വിവാഹമാണ്. എന്തും കൊടുക്കാന്‍ അയാള്‍ സന്നദ്ധനാണ്.ഗ്രാമീണനായ അയാള്‍ക്ക് കിട്ടിയ ലോട്ടറി പോലെ ആയിരുന്നു നഗരവാസിയായ മരുമകനും ബന്ധുക്കളും. അയാള്‍ തന്റെ നാട്ടിന്‍ പുറത്തുകാരായ ബന്ധു ജനങ്ങളുടെ മുമ്പില്‍ തല ഉയര്‍ത്തി നിന്നു. ഇതു പോലെ ഒരു ബന്ധം സ്ഥലത്ത് ആര്‍ക്കും ലഭിച്ചിട്ടില്ല. വിവാഹത്തിനു മുമ്പ് ഒരു മാസം മുതല്‍ക്കേ വരന്റെ മാതാവും മറ്റു ചില ബന്ധുസ്ത്രീകളും നാട്ടിന്‍ പുറത്ത് പല തവണ വന്ന് ഭാവി മരുമകളുമായി കുശലം പറഞ്ഞ് തിരിച്ചു പോയിരുന്ന കാര്യം കൂടി ഇവിടെ പറഞ്ഞു വൈക്കട്ടെ. കാരണം ദുഖ കഥയുടെ പര്യവസാന ചര്‍ച്ചയില്‍ ഞാന്‍ സ്ത്രീയോട് അവരുടെ സന്ദര്‍ശനങ്ങളെ പറ്റി പരാമര്‍ശിച്ചിരുന്നു.

വിവാഹ ശേഷം ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പുയ്യാപ്ലയുടെ ( അയാളെ നമുക്ക് ഷാജി എന്ന് വിളിക്കാം) വീട്ടില്‍ നിന്നും അര്‍ദ്ധ രാത്രി സമയം ആമിനയുടെ പിതാവിന് -- സുലൈമാന്‍ എന്ന് അദ്ദേഹത്തെ നമുക്ക് വിളിക്കാം-- ഒരു ഫോണ്‍ കാള്‍. ഉടനെ വരുക! ഇത്രയും കുറഞ്ഞ സമയം കൊണ്ട് ആരും ഒരു കാറില്‍ നഗരത്തില്‍ നാട്ടിന്‍പുറത്ത് നിന്നും എത്തിയ ചരിത്രം അത് വരെ ഉണ്ടായിട്ടില്ല. “ഞാന്‍ പറക്കുകയായിരുന്നു സാര്‍പിന്നീട് സുലൈമാന്‍ എന്നോട് പറഞ്ഞു. ഷാജിയുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്റെ മകളെ മാനസിക നില തകരാറായ അവസ്ഥയിലാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്. തന്റെ മകള്‍ കരയുന്നു, ചിരിക്കുന്നു , പാട്ടു പാടുന്നു , മത പ്രസംഗം നടത്തുന്നു. ആകെ പുകില്‍. അയാള്‍ തളര്‍ന്നു. വിവരങ്ങള്‍ അന്വേഷിച്ചതില്‍ ഷാജിക്കോ കുടുംബാംഗങ്ങള്‍ക്കൊ ഒന്നും പറയാനില്ല. “ഒരു വട്ട് കേസിനെ തലയില്‍ കെട്ടി വെച്ചു ഞങ്ങളെ വഞ്ചിച്ചു.“ എന്ന ഭാവമായിരുന്നു അവരുടെ മുഖങ്ങളില്‍. ആമിനക്ക് പ്രായത്തിനുള്ളില്‍ അങ്ങിനെ ഒരു രോഗവും ഇതിനു മുമ്പ് ഉണ്ടായിട്ടില്ലാ എന്ന് അയാള്‍ സത്യം ചെയ്ത് പറഞ്ഞെങ്കിലും അത് അവരില്‍ അത്രക്ക് ഏശിയില്ലാ എന്ന് സുവ്യക്തമായിരുന്നു. ഉടനെ തന്നെ നഗരത്തിലുള്ള ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചപ്പോള്‍ ഉറങ്ങാന്‍ ഗുളിക കൊടുത്തതല്ലാതെ മറ്റൊരു ചികിത്സ നടന്നില്ല. ആമിനയെ അവളുടെ വീട്ടിലേക്ക് തിരികെ കൊണ്ട് പോയി . ഷാജിയെ കാണണമെന്നുള്ള നിര്‍ബന്ധമല്ലാതെ മറ്റ് വ്യത്യാസമൊന്നും രോഗത്തിന് കണ്ടില്ല. പരസ്പര ബന്ധമില്ലാതുള്ള സംസാരം, പാട്ട് പാടല്‍, അള് (മത പ്രസംഗം)നടത്തല്‍ -- കാര്യങ്ങള്‍ അങ്ങിനെ പുരോഗമിച്ചപ്പോള്‍ മുസലിയാക്കന്മാരും മന്ത്രവാദികളും ആമിനായെ ബാധിച്ച ജിന്നിനെയും ആമിനായെ കൊതിച്ച് കിട്ടായ്കയാല്‍ ശത്രുതയോടെ ചെയ്ത ആരുടെയോ ക്ഷുദ്രപ്രയോഗത്തെയും നേരിടാന്‍ പല ചടങ്ങുകളും ചെയ്ത് നോക്കിയെങ്കിലും ആമിനാക്ക് കുറവുണ്ടായില്ല. സന്ദര്‍ഭത്തിലാണ് ഷാജിയും ബന്ധുക്കളും വിവാഹ മോചനത്തിനായി നടപടികള്‍ തുടങ്ങിയെന്ന് വിവരം ലഭിച്ച സുലൈമാന്‍ എന്നെ സമീപിച്ചതും ഞാനും എന്റെ ചില സ്നേഹിതരും ഷാജിയെ കാണാന്‍ നഗരത്തില്‍ എത്തിയതും. ഒരു തണുപ്പന്‍ സമീപനമായിരുന്നു ഷാജിയുടെ ബന്ധുക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. അവര്‍ ഒരേ പല്ലവി പാടിക്കൊണ്ടിരുന്നുഞങ്ങളെ വഞ്ചിച്ചു , വട്ട് കേസിനെ തലയില്‍ കെട്ടി വെച്ചു ഞങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഈ കല്യാണത്തിനു ഒരുങ്ങില്ലായിരുന്നു” അപ്പോള്‍ ഞാന്‍ ഷാജിയുടെ മാതാവിനോട് ചോദിച്ചു.“കല്യാണത്തിനു ഒരു മാസത്തിനു മുമ്പ് മുതല്‍ പലവട്ടം നിങ്ങളും നിങ്ങളുടെ ബന്ധു സ്ത്രീകളും ആമിനയോട് സംസാരിച്ചിരുന്നല്ലോ, അടുത്തിടപഴകിയിരുന്നല്ലോ, അന്നൊന്നും നിങ്ങള്‍ക്ക് ആമിനയില്‍ മനോരോഗം കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ!“ അവര്‍ക്ക് അതിനു മറുപടി ഇല്ലായിരുന്നു. ആമിനയെ നല്ല ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാമെന്നും അവള്‍ക്ക് താല്‍ക്കാലികമായി എന്തോ സംഭ്രമത്താല്‍ ഇങ്ങിനെ സംഭവിച്ചതാണെന്നും നിങ്ങളും സഹകരിക്കണമെന്നും ഞാന്‍ അപേക്ഷിച്ചു എങ്കിലും അവര്‍ക്ക് ഒരു കുലുക്കവുമുണ്ടായില്ല.
ഞങ്ങള്‍ ഒരു പരീക്ഷണത്തിന് തയാറല്ല ഞങ്ങളുടെ മകന്റെ ഭാവി ഇല്ലാതാക്കാന്‍ ഒരുക്കമല്ല, ഞങ്ങള്‍ കൈപറ്റിയ മുതലും പണവും സ്വര്‍ണവും കാറും എല്ലാം ഒന്നൊഴിയാതെ തിരികെ തന്നേക്കാം, ഇപ്പോല്‍ ചികിത്സിച്ച് രോഗം മാറിയാല്‍ ഇനിയും ഉണ്ടാകില്ലാ എന്ന് എന്താണുറപ്പ്?” അവരുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു.
ഞാന്‍ എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചു. ആമിനായുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തും സൂചിപ്പിച്ചു. ഒന്നും ഏശിയില്ല. “അതിനു ഞങ്ങള്‍ ഒരു കുറ്റവും ചെയ്തില്ലലോ സാറേ”.. എന്നായിരുന്നു അവരുടെ പ്രതികരണം.
ഇതിനിടയില്‍ ഷാജിയുമായി ഞങ്ങള്‍ നേരിട്ട് സംസാരിച്ചു നോക്കി.ഷാജി പറഞ്ഞതിന്റെ ചുരുക്കം ഇതാണ്.
ആദ്യ ദിവസം ആമിനയുടെ വീട്ടില്‍ , ഞങ്ങള്‍ സന്തോഷമായി കഴിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നു അവള്‍ക്ക്, രണ്ടാം ദിവസം ഞങ്ങള്‍ എന്റെ വീട്ടിലെത്തി. അന്നും കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല , ഒണ്‍ളീ വാം അപ്പ്, ഉടനേ ലൈംഗികമായി ഇടപെടാന്‍ ഞാന്‍ അത്ര കാടനല്ലല്ലോ, മൂന്നാം ദിവസം മെന്‍സസ് ആയി, അത് കല്യാണ ദിവസം തന്നെ ആകേണ്ടതായിരുന്നു. തീയതി നേരത്തെ അറിഞ്ഞതിനാല്‍ എന്റെ മമ്മി ടാബ്ലറ്റ് കൊടുത്തു തീയതി മാറ്റി. ടാബ്ലറ്റ് ഏതെന്നു അറിയില്ല, അതിന് പാര്‍ശ്വ ഫലം ഉണ്ടോ എന്നറിയില്ല, മൂന്ന് നാലു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ മാതാ പിതാക്കള്‍ എന്തിനാ എപ്പോഴും യാത്രയില്‍ നമ്മുടെ കൂടെ വരുന്നതെന്ന ആമിനാ ചോദിച്ചു, പിന്നെ അത് വര്‍ദ്ധിച്ച് അവരെന്തിനാണ് ഇവിടെ താമസിക്കുന്നതെന്നായി ചോദ്യം, അവര്‍ ഞങ്ങളുടെ കൂടെ യാത്ര ചെയ്യാതെ പിന്നെ ആരുടെ കൂടെ യാത്ര ചെയ്യണം സാറേ! അതും ന്റെ മമ്മിയെ തനിച്ചാക്കുന്നതെങ്ങിനെ? അവര്‍ ഇവിടന്ന് മാറി എവിടെ പോകാനാണ്.. അവര്‍ അല്‍പ്പം ഗുണദോഷിക്കും; അത് എന്നെയും ഗുണദോഷിക്കും അതിനു ശത്രുവിനെ പോലെ കാണുന്നതെന്തിനു? പിന്നീടുള്ള രാത്രികളില്‍ ഇതു തന്നെ സംസാ‍രം...പറഞ്ഞത് തന്നെ പിന്നെയും പറയുക..എന്നെ അങ്ങ് സ്നേഹിച്ച് കൊല്ലുക, എന്റെ മമ്മിയെ പാഷാണം കാണുന്നത് പോലെ കാണുക. ഇത് വട്ടല്ലേ? അങ്ങിനെ പോയി ഷാജിയുടെ പ്രഭാഷണങ്ങള്‍.
ഇതിനിടയില്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി, സ്വിച്ചിട്ടാല്‍ കറങ്ങുന്ന ഒരു ഫാന്‍ മാത്രമാണ് ഷാജി. മമ്മി പറയുന്നതിനു അപ്പുറമില്ല. ഇങ്കുബേറ്ററില്‍ വെച്ചു വിരിയിച്ച ഒരു വൈറ്റ് ലഗോണ്‍ കോഴി ആണ് അയാള്‍. “കോഴിഎന്ന് വിളിച്ചാല്‍ പോലും തിരിച്ചറിവില്ലാതെ , ചികയാന്‍ പോലും അറിയാത്ത കോഴി. . കോഴി തീറ്റ മാത്രം തിന്നു പഠിച്ച ഒരു ബ്ലോക്ക് കോഴി. അയാളെ വളര്‍ത്തിയത് അങ്ങിനെ ആയിരുന്നു. അവരുമായുള്ള സന്ധി സംഭഷണത്തില്‍ യാതൊരു ഫലവും സിദ്ധിക്കില്ലെന്ന് എനിക്ക് ഉറപ്പായി.പക്ഷേ യാത്ര പറയാന്‍ നേരം ഒരു വാചകം അവരോട് പറയാന്‍ ഞാന്‍ മറന്നില്ല.” നിങ്ങളുടെ മകനാണ് ഈ രോഗം വന്നതെങ്കില്‍ ആമിനയുടെ ബന്ധുക്കള്‍ ഇങ്ങിനെ പെരുമാറില്ല തീര്‍ച്ച, നിങ്ങളുടെ മകനു ഒരു രോഗവും വരില്ലാ എന്ന് ഒരു ഉറപ്പും തരാന്‍ നിങ്ങള്‍ക്ക് കഴിയുകയുമില്ല”
ആമിനയെ എന്റെ മേല്‍ നോട്ടത്തില്‍ വിദഗ്ദനായ ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സക്ക് വിധേയയാക്കി. ആമിനയുടെ മനോനില തകരാറാകാനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു തന്നു. ജീവിച്ചിരുന്ന അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്നുള്ള ഒരു മാറ്റം. പുതുതായി കിട്ടിയ കൂട്ടുകാരനെ പൂര്‍ണമായി അധീനപ്പെടുത്താന്‍ സാധിക്കാതെ വരുന്ന വിധത്തിലുള്ള അമ്മായി അമ്മയുടെ ഇടപെടലുകള്‍. ജീവിതത്തില്‍ ഒരു വാക്കിന്റെ ശകാ‍രം പോലും കേള്‍ക്കാത്ത , വീട്ടില്‍ സര്‍വസ്വതന്ത്ര ആയി ജീവിച്ച ആമിനാ ഏതൊരു കാര്യത്തിനും പ്രോട്ടോക്കാളിന്റെ ഞെരുക്കത്തില്‍, ,നിയന്ത്രണങ്ങളുടെ വേലിക്കെട്ടില്‍ ആയി. സാധാരണ ഉപയോഗിക്കുന്ന നാട്ടിന്‍പുറം വാക്കുകള്‍ക്ക് പോലും തിരുത്തലുകള്‍ വേണ്ടി വന്നു . ഉദാഹരണത്തിന് വെളിക്കിരിക്കുക എന്നതിനു പകരം ബാത്ത് റൂമില്‍ പോയി എന്ന് പറയേണ്ടി വരുക, പഴങ്കഞ്ഞി കഴിച്ചാലും ടിഫിന്‍ കഴിച്ചു എന്ന് പറയേണ്ടി വരുക.ഭാര്യയും ഭര്‍ത്താവും സ്നേഹ പ്രകടനം പരസ്യമായി നടത്താതിരിക്കുക, പുഞ്ചിരി മാത്രം. പൊട്ടിച്ചിരിക്കരുത്. ദോഷം പറയരുതല്ലോ ഇതൊന്നും അമ്മായി അമ്മ ശകാരത്തില്‍ കൂടിയല്ലാ പറയുന്നത്, കര്‍ശനക്കാരിയായ ഒരു അദ്ധ്യാപികയുടെ റോളിലായിരുന്നു അവര്‍. ഗുണദോഷിക്കുന്നതിനു മുമ്പ് ഒരു വാക്ക് സ്ഥിരം ഉപയോഗിക്കും “ഛെ...ഛെ... അങ്ങിനെയല്ലാ ...ഇങ്ങിനെ...” ചുരുക്കത്തില്‍ ആമിനാ ഒരു അപരിചിത ലോകത്ത് ചെന്ന് പെടുകയും അവിടെ തനിക്ക് കൂട്ടായിരിക്കേണ്ടവന്‍ നിസ്സംഗനായിരിക്കുകയും , എന്നാല്‍ അവനെ വെറുക്കാന്‍ കഴിയാതെ വരുകയും ചെയ്യുക എന്ന അവസ്ഥയില്‍ ചെന്നു പെട്ടു.. സംഘര്‍ഷങ്ങളണ് ആമിനയുടെ മനോ നില തകരാറാക്കിയതെന്ന് ഡോക്റ്റര്‍ നിരീക്ഷിച്ചു. ചികിത്സയുടെ ഫലമായി ആമിനയുടെ അസുഖം ഏതാനും നാളുകള്‍ കൊണ്ട് ഭേദമായി. പക്ഷേ ഷാജിയുടെ ബന്ധുക്കള്‍ക്ക് മാറ്റമില്ലായിരുന്നു. പരീക്ഷണത്തിന് അവര്‍ ഒരുക്കമല്ല; ഇനിയും അസുഖം വന്നാലോ?! മഹല്ല് കമ്മറ്റിയില്‍ അവര്‍ വിവാഹ മോചനത്തിനായി അപേക്ഷ നല്‍കി. അവിടെ സംസാരിക്കുന്നതിനു പോകുമ്പോള്‍ ഞാന്‍ ആമിനയെയും കൂടെ കൂട്ടി. അസുഖം മാറിയ ഈ അവസ്ഥയില്‍ ഷാജിയുമായി നേരില്‍ സംസാരിക്കുമ്പോള്‍ അയാള്‍ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായെങ്കിലോ എന്ന പ്രതീക്ഷയില്‍ . പക്ഷേ ഷാജി മുഖം പോലും നല്‍കിയില്ല. നിരാശ നിറഞ്ഞ ആമിനയുടെ ദയനീയമായ നോട്ടം എന്റെ മനസില്‍ നിന്നും ഇപ്പോഴും മായുന്നില്ല.
ഞങ്ങളുടെ
മുമ്പില്‍ രണ്ട് വഴികള്‍ ഉണ്ടായിരുന്നു. ഷാജിയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് അയാളെയും മാതാപിതാക്കളെയും ഒരു പാഠം പഠിപ്പിക്കുക. നിലവിലുള്ള നിയമങ്ങള്‍ അതിനു ധാരാളമായിരുന്നു. പക്ഷേ ആമിനാ കോടതി കയറി ഇറങ്ങണം വര്‍ഷങ്ങളോളം.രാവിലെ പതിനൊന്നു മണിയോടെ കുടുംബ കോടതിയുടെ വരാന്തയില്‍ കൂട്ടം കൂടി നില്‍ക്കുന്ന നൂറു കണക്കിന് കക്ഷികളില്‍ ആമിനയും ഒരാളായി മാറണം. വയ്യാ ! ആമിനക്കും പിതാവിനും അത് ഓര്‍ക്കാനും കൂടി വയ്യ. അപ്പോള്‍ രണ്ടാമത്തെ വഴി തന്നെ അവര്‍ തിരഞ്ഞെടുത്തു. കൊടുത്ത പണവും മുതലും തിരികെ വാങ്ങി വിവാഹ മോചനത്തിനു വഴങ്ങി. പക്ഷേ അപ്പോഴും അവളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്ന ദുഖവും ഷാജിയുടെ നേരെ ദയനീയമായി നോക്കുന്നതും വിവരണാതീതമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഇവിടെ എന്താണ് സംഭവിച്ചത്? . ഷാജിയുടെ കാഴ്ചപ്പാടില്‍ അയാള്‍ ചെയ്തതില്‍ തെറ്റില്ല. ജീവിതകാലം മുഴുവന്‍ ഒരു ബാദ്ധ്യത ഏറ്റെടുക്കാന്‍ അയാള്‍ ഒരുക്കമല്ല. ഇനി ഏത് വിദഗ്ധ ഡോക്റ്റര്‍ പറഞ്ഞാലും ശരി ഒരു പരീക്ഷണത്തിന് അയാള്‍ തയാറല്ല. ഇവിടെ ഞാന്‍ കാണുന്നത് ഷാജിയുടെ കുടുംബാന്തരീക്ഷവും അയാളെ വളര്‍ത്തിക്കൊണ്ടു വന്ന ചുറ്റു പാടുമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയോ അന്യ ദു:ഖത്തിലെ കരുണയോ അയാള്‍ക്കറിയില്ല. മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കും എന്ന് തിരക്കേണ്ട ആവശ്യം അയാള്‍ക്കില്ല. അയാളും കുടുംബവും ആരെയും ഉപദ്രവിക്കുന്നില്ല, ആരുടെയും കാര്യത്തില്‍ ഇടപെടുന്നില്ല പിന്നെന്തിനു മറ്റുള്ളവര്‍ക്കായി പൊല്ലാപ്പുകള്‍ തലയില്‍ കയറ്റി വൈക്കണം. അയല്‍ പക്കത്ത് കൊലപാതകം നടന്നാലും എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞ് നോക്കാത്ത ഫ്ലാറ്റ് സംസ്കാരം ആണ് അവരുടേത്.. ചെറുപ്പം മുതല്‍ക്കേ അയാളെ വളര്‍ത്തിയത് അപ്രകാരമാണ്. മറ്റൂള്ളവരെ അഭിമുഖീകരിക്കുമ്പോള്‍ ഗൌരവമായ മുഖത്തോടെ “ഹലോ“ പറഞ്ഞു കടന്നു പോവുക, അത്രമാത്രം.
ആമിന വളര്‍ന്ന അന്തരീക്ഷം ഇതിന്റെ മറ്റൊരു വശമാണു. ഒരു പെണ്‍കുട്ടിക്ക് ജീവിതത്തിന്റെ പരുക്കന്‍ മുഖം അല്‍പ്പം പോലും കാണാന്‍ കഴിയായ്ക, ഒരു ശകാരം പോലും ജീവിതത്തില്‍ കേല്‍ക്കാന്‍ അവസരം സിദ്ധിക്കാതിരിക്കുക. ഇതിലെല്ലാം ഉപരി ഏതൊരു ആവശ്യവും ആമിനക്ക് അപ്രാപ്യമല്ലായിരുന്നു. ഉദ്ദേശിക്കുന്ന കാര്യം അപ്പോള്‍ തന്നെ നടന്ന് കിട്ടുന്ന ജീവിതമായിരുന്നു അവള്‍ക്ക്. അസാദ്ധ്യം എന്നൊരു അവസ്ഥ അവള്‍ ജീവിതത്തില്‍ അഭിമുഖീകരിച്ചിട്ടില്ല.എല്ലാവരില്‍ നിന്നും വാത്സല്യവും സ്നേഹവും മാത്രം അവള്‍ക്ക് ലഭിച്ചു. ആരും അവളെ ശാസിച്ചില്ല, ഉപദേശങ്ങള്‍ നല്‍കിയില്ല, വായില്‍ വെള്ളിക്കരണ്ടിയുമായി അവള്‍ വളര്‍ന്നു വന്നു.ഭാവിയില്‍ ഒരു ഭര്‍ത്താവില്‍ നിന്നും അല്‍പ്പമായി പോലും കുറ്റപ്പെടുത്തല്‍ അനുഭവിക്കേണ്ടി വന്നാല്‍ തളരാതിരിക്കാനുള്ള പരിശീലനം അവള്‍ക്ക് ആരും നല്‍കിയില്ല. ഈ രീതിയില്‍ വളര്‍ന്ന് വന്ന ആമിന മറ്റൊരു ജീവിത അന്തരീക്ഷത്തിലേക്ക് പറിച്ച് നടപ്പെട്ടപ്പോള്‍ അവിടത്തെ കാലാവസ്ഥ അവളുടെ മനസിനെ കരിച്ചു കളഞ്ഞു,; ജീവിതത്തേയും.

ഇവിടെ ഞാന്‍ കേരളത്തിലെ പഴയ കൂട്ടു കുടുംബാന്തരീക്ഷത്തിലേക്ക് ഒന്ന് കണ്ണോടിക്കട്ടെ. പല പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും പരസ്പര സൌഹൃദാന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന ആ നല്ല നാളുകള്‍. അയല്പക്കക്കാര്‍ എല്ലാവരും ചേര്‍ന്ന് അവരില്‍ ഒരാളുടെ പുര മേഞ്ഞു കൊടുക്കുക, മറ്റുള്ളവര്‍ക്ക് വെള്ളം കോരാന്‍ കിണര്‍ അനുവദിക്കുക, ഓണവും പെരുന്നാളും വരുമ്പോള്‍ പരസ്പരം ക്ഷണിക്കുക, ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോവുക, ഈ നന്മകളെല്ലാം കണ്ട് അന്നത്തെ തലമുറ വളര്‍ന്ന് വന്നു. അതിനാല്‍ അവര്‍ അന്യ ദുഃഖത്തില്‍ കരുണ കാണിച്ചു.
വീട്ടില്‍ അംഗസംഖ്യ കൂടുതലും കുളിക്കുവാനുള്ള തോര്‍ത്തോ സോപ്പോ ഒരെണ്ണം മാത്രം ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കുളിച്ച് തീരുന്നവരെ തോര്‍ത്തിനായി അല്ലെങ്കില്‍ സോപ്പിനായി കാത്തിരിക്കുകയും ഇങ്ങിനെ പല കാര്യങ്ങള്‍ക്കായുള്ള കാത്തിരിപ്പിലൂടെ സ്വയം ക്ഷമ പരിശീലിക്കാനുള്ള അവസരം ലഭ്യമാവുകയും ആ ക്ഷമപരിശീലനം ഭാവി ജീവിതത്തില്‍ ഉപയുക്തമാക്കാനും ആ തലമുറക്ക് കഴിഞ്ഞിരുന്നു.”നീ മറ്റൊരു വീട്ടില്‍ പോയി ജീവിക്കേണ്ടവളാണ്, കാര്യങ്ങളെല്ലാം ഇപ്പോഴേ പഠിക്കണം” എന്നു പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിന് ഉപദേശം നല്‍കാന്‍ ഇന്നു നമുക്ക് മുത്തശ്ശിമാരുമില്ലല്ലോ.അന്ന് അത് ഉണ്ടായിരുന്നു.

കേരളത്തിലെ കുടുംബ കോടതികളിലെ ആള്‍ക്കൂട്ടം ഇനിയും നമ്മുടെ കണ്ണ് തുറപ്പീക്കേണ്ടിയിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ക്ക് ഭാവി കുടുംബ ജീവിതത്തിലേക്കുള്ള മാര്‍ഗദര്‍ശനങ്ങള്‍ വിവാഹ ജീവിതത്തിനു മുമ്പ് തന്നെ നല്‍കേണ്ട പരിശീലന
(കൌണ്‍സിലിംഗ്) വേദികള്‍ ആരംഭിക്കാന്‍ ഇനിയും വൈകിക്കൂടാ എന്നും തിരിച്ചറിയുക.