Tuesday, December 31, 2013

പ്രണയ ലേഖനം എങ്ങിനെ എഴുതണം....

പ്രിയതമാ  പ്രിയതമാ പ്രണയ ലേഖനം
എങ്ങിനെ  എഴുതേണം
മുനികുമാരികയല്ലോ  ഞാനൊരു
മുനികുമാരികയല്ലോ.
ഈ  പഴയ ഗാനം  കഴിഞ്ഞ ദിവസം ചാനൽ  പ്രോഗ്രാമിലൂടെ  ഒരു പെൺകുട്ടി  പാടുന്നത്  കേൾക്കുകയുണ്ടായി.
ശരിയാണ് ഒരു കാലത്ത് പ്രണയലേഖനമെഴുത്ത്  അന്നത്തെ യുവതക്കൊരു സങ്കീർണ വിഷയമായിരുന്നു. ഇഷ്ടപ്പെട്ടവർക്ക്  കത്തെഴുതാൻ  തുടങ്ങുമ്പോൾ  ആദ്യ ശങ്ക ഇതാണ്  എങ്ങിനെയാണ് അവളെ/അവനെ സംബോധന  ചെയ്യേണ്ടത്.
പ്രാണപ്രിയാ/ഇണക്കുയിലേ/മണിക്കുയിലേ/എന്റെ പ്രാണപ്രേയസീ/പ്രാണനാഥാ/  ഈ  തരത്തിൽ  ഒരെണ്ണം  തരപ്പെടുത്തി കഴിഞ്ഞാൽ അതിനെ  തുടർന്ന്  അന്നത്തെ സ്ഥിരം  നമ്പറുകൾ  കത്തിൽ  കുത്തി തിരുകും."നീയില്ലാത്ത/അങ്ങില്ലാത്ത  ജീവിതം ഹാ!! ഹൂ!! ശൂന്യം  നിശ്ചലം. അത്  നക്ഷത്രങ്ങൾ ഇല്ലാത്ത  ആകാശം  പോലെയാണ്,  ചമ്മന്തി  ഇല്ലാത്ത ദോശ  പോലെയാണ്, പഞ്ചസാര ഇല്ലാത്ത ചായപോലെയും  ഉപ്പില്ലാത്ത  കറി  പോലെയുമാണ്  എന്നൊക്കെ  തരാതരം  കാച്ചിക്കഴിഞ്ഞതിന്  ശേഷം  സമകാലിക  വിഷയങ്ങൾ  കടത്തി വിടും. ഇന്നലെ  കവലയിൽ ബസ് കാത്ത് നിന്നപ്പോൾ   എന്നെ കണ്ടിട്ടും   എന്തേ  മിണ്ടിയില്ലാ,  എന്ന് പരിഭവം  പറഞ്ഞും  അഥവാ  കഴിഞ്ഞ കത്ത് അമ്മ  പുസ്തകത്തിനുള്ളിൽ  നിന്ന്  കണ്ട് പിടിച്ചതും  എന്തിരവളേ!  മൂധേവീ!  നിന്റഛൻ  ഇങ്ങ് വന്നോട്ടേ  കാണിച്ച് തരാം  എന്നൊക്കെ  ഹാലിളകിയതും  അത്   കൊണ്ട്  ഇനി  കത്തിന് മറുപടി  താമസിച്ചാൽ  വിഷമിക്കരുതെന്നും  എന്നൊക്കെ  ആയിരിക്കും   കുത്തിക്കുറിക്കുക. വിദ്യാഭ്യാസ കാലത്താണെങ്കിൽ "മാവിൻ  ചുവട്ടിൽ വെച്ച്  അങ്ങ്  എന്റെ കയ്യിലണിയിച്ച കരിവള  ഉടഞ്ഞ്  പോയെങ്കിലും എന്റെ ഹൃദയത്തിലണിയിച്ച കരിവള  ഒരിക്കലും  ഉടയില്ലാ" എന്ന രീതിയിലുള്ള  വാചകങ്ങൾ   ആയിരിക്കും തട്ടി വിടുക. ചിലപ്പോൾ  അന്ന് പ്രചാരത്തിലുള്ള സിനിമാഗാനങ്ങളിലെ  രണ്ട് വരി സന്ദർഭാനുസരണം  അനുബന്ധമായി  ചേർക്കുമായിരുന്നു
ഹൃദയ സരസ്സിലേ  പ്രണയ പുഷ്പമേ
ഇനിയും  നിൻ  കഥ  പറയൂ /  എന്ന  മട്ടിലോ

എൻ  പ്രാണ നായകനെ  എന്ത് വിളിക്കും
എങ്ങിനെ  ഞാൻ നാവെടുത്ത്  പേര് വിളിക്കും/
 
എന്ന  രീതിയിലോ  വെച്ച്   കാച്ചുമായിരുന്നു.  കത്ത് അവസാനിക്കുന്നത്  ആയിരം  ചുംബനങ്ങളോടെ  എന്നോ  വെറും  സിംഗിൾ  ചുംബനത്തോടെയെന്നോ  ആകാം
എഴുതി  പൂർത്തിയാക്കി പുസ്തകത്തിനുള്ളിൽ വെച്ചോ  അല്ലെങ്കിൽ  നടന്ന് വരുന്ന  വഴിയിൽ  ഇട്ട് കൊടുത്തോ   അയൽ വീട്ടിലാണ് സ്നേഹഭാജനമെങ്കിൽ  എറിഞ്ഞ്  കൊടുക്കേണ്ട സൗകര്യത്തിനായി  കത്തിനുള്ളിൽ ഭാരത്തിനായി  ചെറിയ  കല്ല്  ഫിറ്റ്  ചെയ്ത്  സാധനം വിക്ഷേപിക്കുകയോ  ചെയ്യും (സാധനം നമ്മുടെ റോക്കറ്റ് വിക്ഷേപണം  പോലെ  ലക്ഷ്യം  തെറ്റി അമ്മയുടെയോ  അഛന്റെയോ മുമ്പിൽ വീണാൽ  രണ്ട് വീടുകളിൽ  നിന്നും  തീപ്പൊരി  പറക്കുമെന്ന്  ഉറപ്പ്)
 കത്ത് അയച്ച് കഴിഞ്ഞാൽ  പിന്നെ  മറുപടിക്കായി  കാത്തിരിപ്പാണ്.   കത്ത് വിക്ഷേപണവും ആ  കാത്തിരിപ്പും  സുഖകരമായ ഒരു  ഇടപാട്  തന്നെയായിരുന്നു. നാലു ചുറ്റും  പരതി നോക്കി  ആരും  കാണാതെ   കത്ത് തന്റെ കക്ഷിക്ക് എത്തിച്ച് കൊടുക്കലും  മറ്റും ഒരു  ത്രിൽ  ആയി  കണക്കാക്കിയിരുന്നതിനാൽ  യുവതക്ക്   വേണ്ടിയിരുന്ന  സാഹസികതയുടെ സുഖവും  അവർ  അനുഭവിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക്  മുമ്പ് പഴയ ഡയറികളിലൂടെ ഊളിയിട്ടപ്പോൾ  വിദ്യാഭ്യാസ  കാലഘട്ടത്തിൽ ലഭിച്ചതും  അന്ന് അമൂല്യമെന്ന് കരുതിയിരുന്നതുമായ  ഒരു  കത്ത് കണ്ണിൽ പെട്ടു. മിണ്ടാ പൂച്ച എന്ന പേരിൽ ക്ലാസ്സിൽ അറിയിപ്പെട്ടിരുന്ന  ഒരു  കുട്ടിയിൽ  നിന്നും ആദ്യത്തേതും  അവസാനത്തേതുമായി  ലഭിച്ച ആ കത്ത്.  വെപ്രാളത്തോടെ ആ കുട്ടി തന്നപ്പോൾ ആ കൈകൾ  വിറച്ചിരുന്നു  എന്ന്  ഇന്നും  എനിക്കോർമ്മയുണ്ട്. സ്വർഗം കിട്ടിയ  പ്രതീതിയായിരുന്നു അന്നെനിക്ക്.  ആ  കത്ത് തരാൻ അവൾക്കുണ്ടായ  പ്രചോദനം എന്തായിരുന്നു  എന്ന് എനിക്കിപ്പോഴും  അറിയില്ല. ആ കത്ത് ഇപ്പോൾ കണ്ണിൽ  പെട്ടപ്പോൾ നിമിഷ  നേരത്തിനുള്ളിൽ  തിരശ്ശീലയിലെന്ന വണ്ണം  മനസിനുള്ളിൽ ആ കുട്ടി തെളിഞ്ഞ് വന്നു. മധുരിക്കുന്നോർമ്മകൾ  ഒരു കുളിർകാറ്റായി  എന്നെ തഴുകിയപ്പോൾ  കാലപ്പഴക്കത്തിനാൽ  അക്ഷരങ്ങൾ മാഞ്ഞ് പോയ  ആ കത്ത് വായിക്കാൻ  വൃഥാ ഞാനൊരു ശ്രമം  നടത്തിയെങ്കിലും  ചില  വാക്കുകൾ  മാത്രമേ  തിരിച്ചറിയാൻ  കഴിഞ്ഞുള്ളൂ. പക്ഷേ  അതിലെ  വാക്കുകൾ എനിക്ക്   ഒരു കാലത്ത് ഹൃദിസ്തമായിരുന്നല്ലോ.സുഗന്ധം നിറഞ്ഞ് പരിലസിച്ചിരുന്ന പനിനീർ പുഷ്പം  പോലെ ഒരു കാലത്ത് ഈ കത്ത് എനിക്കനുഭവപ്പെട്ടിരുന്നു.ഇപ്പോൾ  കയ്യിലെടുത്തപ്പോൾ  പൊടിഞ്ഞ് പോകുന്ന ഈ കടലാസ്സ് തുണ്ടുകൾ  ജീവിതത്തിലെ വിലപ്പെട്ട  നിധിയായി  കരുതിയിരുന്ന  ആ നാളുകൾ  എന്നെന്നേക്കുമായി  കടന്ന്  പോയല്ലോ. ഈ കത്തെഴുതിയവൾ  ഭൂമിയിലെവിടെയോ അമ്മയായി  അമ്മൂമ്മയായി  കഴിയുന്നുണ്ടായിരിക്കാം;  മരിച്ചിരിക്കാം.  കൗമാരത്തിൽ  താനെഴുതിയ കത്ത്  ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്  അവൾ  ഒരിക്കലും അറിയില്ല. സുഗന്ധം  നഷ്ടപ്പെട്ട്  ഇതളുകൾ കരിഞ്ഞ്  കാണപ്പെടുന്ന  ഒരു കാലത്തെ ഈ പനിനീർ പുഷ്പം  എന്നിൽ  എന്തെന്നില്ലാത്ത അനുഭൂതികൾ സൃഷ്ടിക്കുന്നു.
പ്രണയം അന്ന് ദിവ്യമായിരുന്നു,  ദൂരെ  ദൂരെ  നിന്നും ഒഴുകിയെത്തുന്ന  വിഷാദ രാഗം  പോലെ അത് മനസിന്റെ ഉള്ളറകളെ തൊട്ട് തഴുകിയിരുന്നു. ആ കാലവും  അന്നത്തെ മനുഷ്യരും  മാറിക്കഴിഞ്ഞു.  അന്നത്തെ  പ്രിയതമനും  പ്രാണപ്രേയസിയും  ഔട്ട് ഓഫ് ഫാഷനായി.

ഡാ.....ഇന്നലെ  നീ എവിടെയായിരുന്നെടാ......എന്ന് ഇന്നത്തെ കാമുകിക്ക്  ചോദിക്കുവാൻ അവൾക്ക്  പരിഭ്രമത്തോടെ നാല് ചുറ്റും  നോക്കേണ്ട  ആവശ്യമില്ലല്ലോ. അവൾക്ക് അവനെ ഇപ്പോഴും എപ്പോഴും  എവിടെയും വെച്ച് സംഗമിക്കാം. കത്തെഴുതേണ്ട കാര്യമേ  ഇല്ലാ,  എന്തിന് കത്തെഴുതണം? ദിവസം പത്ത് നേരം മൊബൈലിലൂടെ അവൾക്ക്/അവന് കൊഞ്ചാം  കുഴയാം.രാത്രി  നെറ്റിലൂടെ ചാറ്റാം, അൽപ്പം  റിസ്ക്  എടുത്താൽ  മമ്മിയും  ഡാഡിയും വാൽസല്യത്തിലൂടെ ഫിറ്റ് ചെയ്ത് തന്ന   വെബ്ക്യാം വഴി കമിതാവിനെ നേരിൽ കണ്ട് സംസാരിക്കാം.
 ദിവ്യാനുരാഗവും  ഹൃദയം നിറഞ്ഞ പ്രണയവും മൗന രാഗവും എല്ലാം  നമുക്ക് പഴയ പുസ്തക  താളുകളിലോ ബ്ലാക്ക്  ആന്റ്  വൈറ്റ് സിനിമയിലോ കണ്ട്  ബോറടിക്കാം.

ദാ  കേൾക്കുന്നു  റ്റി.വിയിൽ പാട്ട്..."  ഇഷ്ടമില്ലഡാ.....എനിക്കിഷ്ടമില്ലടാ.....

Sunday, December 29, 2013

മൂത്രം ഒഴിപ്പും പരസ്യവും              സഫാ രണ്ടര വയസ്സ്.
 അവൾ മൂത്രം  ഒഴിക്കുമ്പോൾ വേദനയും  ചെറിയ പനിയും  കണ്ടതിനെ തുടർന്ന്  ഡോക്ടറുടെ നിർദ്ദേശ പ്രകാരം മൂത്ര പരിശോധന നടത്തിയപ്പോൾ മൂത്രത്തിൽ 8.5 പസ് സെൽസ്  കാണപ്പെട്ടു. അണു ബാധയെന്ന് നിഗമനത്തിലെത്തിയ ഡോക്ടർ കുട്ടിക്ക് Diaper (മലമൂത്ര വിസർജനം നടത്തുമ്പോൾ  ശരീരത്തിലും വസ്ത്രത്തിലും പുരളാതിരിക്കാൻ ഉപയോഗിക്കുന്ന  കോട്ടൻ തുണി. അത് പല കമ്പനികളും റ്റി.വി.യിൽ വമ്പൻ പരസ്യം ചെയ്ത് വിറ്റഴിക്കുന്നുണ്ട്.) ഉപയോഗിക്കുന്നുണ്ടോ എന്ന്  ആരാഞ്ഞു.

 “ഉണ്ടോ എന്നോ”  റ്റി.വിയിലെ പരസ്യമാണ് ഇപ്പോൾ  വീടുകളിലെ  പർച്ചൈസിംഗിന്റെ ആധാര രേഖയെന്ന്  ഡോക്ടർക്ക് അറിയില്ലേ? പരസ്യം പറയുന്നതാണ് വേദവാക്യം".എന്ന്  ഞാൻ  മറുപടി പറഞ്ഞു.
 തുടർച്ചയായി മണിക്കൂറുകൾ ഈ സാധനം ഉപയോഗിച്ചാലും അതാത് സമയം വൃത്തിയാക്കിയില്ലെങ്കിലും  ചില കുട്ടികൾക്ക് അണുബാധയുണ്ടാകാം എന്ന്  ഡോക്റ്റർ അഭിപ്രായപ്പെട്ടു എങ്കിലും എന്റെ നല്ലപകുതിക്ക് അതത്രക്ക് അങ്ങ് ദഹിച്ചില്ല. 

“പിന്നേയ് ഈ ലോകത്ത് എത്ര പേർ അത് ഉപയോഗിക്കുന്നു, നമുക്ക് മാത്രമെന്താ പ്രത്യേകത.”അവളുടെ കമന്റ് അതായിരുന്നു.

 സുന്ദരിയായ ഒരു യുവതി  ഓമനത്തമുള്ള ഒരു കുട്ടിയെ ഈ സാധനം കെട്ടി ഏതോ വലിയ വൃത്തികേടിൽനിന്നും അവർ രക്ഷപെട്ടു എന്ന രീതിയിൽ  പ്രദർശിപ്പിക്കുന്ന പരസ്യം  പല കമ്പനികളുടേതും  ഞാൻ പലപ്പോഴും കണ്ടതാണല്ലോ. അനുകരണ ഭ്രാന്ത് തലക്ക് പിടിച്ച വീട്ടമ്മമാർ റ്റിവിയിൽ കാണുന്ന പരസ്യമെല്ലാം  അനുകരിക്കാൺ ശ്രമിക്കും. സഫാ രാത്രി കിടക്കാൻ പോകുമ്പോൾ ഈ സാധനം അവളുടെ ഉമ്മ ധരിപ്പിക്കാറുണ്ട്. രാത്രി ഒൻപത് മണിമുതൽ രാവിലെ എട്ട് മണിവരെ ഇതും ധരിച്ച് അവൾ ഉറങ്ങുന്നു.രാവിലെ അത് അഴിച്ച് മാറ്റുമെങ്കിലും പിന്നീട് പുറത്തേക്ക്  എവിടെയെങ്കിലും യാത്ര പോകുമ്പോഴും അത് വൃത്തിയാക്കി കുഞ്ഞിനെ ധരിപ്പിച്ച് അതിന് മുകളിൽ മറ്റ് വസ്ത്രങ്ങളും അണിയിപ്പിച്ച്. കുടെ കൊണ്ട് പോകുന്നു.  കുഞ്ഞ് രാത്രിയിൽ  ഉറക്കത്തിൽ മൂത്രമൊഴിച്ച് കിടക്ക നനക്കാതിരിക്കാനാണ് രാത്രിയിൽ  അത് ധരിപ്പിക്കുന്നത്.യാത്ര പോകുമ്പോൾ കുഞ്ഞ് അൽപ്പം മൂത്രം ഒഴിച്ച് പോയാൽ  അതൊരു വലിയ ദുരന്തമാണെന്ന ചിന്താഗതിയാലാണ്   യാത്രയിൽ അത് ഫിറ്റ് ചെയ്യുന്നത്. അമ്മമാർ രാത്രിയിൽ കുഞ്ഞിനെ എടുത്ത് മൂത്രമൊഴിപ്പിച്ചാൽ രാത്രി കിടക്ക നനക്കുന്നതിൽ നിന്നും രക്ഷ നേടാം.  പക്ഷേ അതിനൊരു പരിഷ്കാര സ്വഭാവം ഇല്ല. എന്റെ കുഞ്ഞിനും റ്റി.വി.യിൽ കണ്ട മറ്റേത് കെട്ടിയില്ലെങ്കിൽ ഞാൻ പട്ടിക്കാട്ട്കാരി ആയി പോകില്ലേ!?എന്ന  ചിന്തയാണല്ലോ  അവരെ ഭരിക്കുന്നത്.

  "നിന്റെ ചെറുപ്പത്തിൽ നിന്റെ അമ്മ  നിനക്ക് ഈ സാധനം കെട്ടി വെച്ചായിരുന്നോ  എല്ലായിടത്തും കൊണ്ട് പോയിരുന്നത്." എന്ന്  ഞാൻ  ഭാര്യയോട് ചോദിച്ചപ്പോൾ 

"അന്ന് നിങ്ങൾ പേനാ കൊണ്ട് കുത്തിക്കുറിച്ച് കാമുകിമാർക്ക് കത്ത് പോസ്റ്റാഫീസ് വഴി അയച്ചിരുന്നു, ഇന്നത്തെ ചെറുപ്പക്കാർ കാമുകിമാരുമായി ചാറ്റുകയോ ഫോൺ ചെയ്യുകയോ ചെയ്യുന്നു,  അത്രയേ ഉള്ളൂ ഇതിന്റെയും വ്യത്യസം."  അവളുടെ മറുപടി പെട്ടെന്നായിരുന്നു. 

എവളുമാരുടെയൊന്നും തലയിൽ നല്ല കാര്യങ്ങൾ  കയറുകയില്ല  എന്ന് സ്വയം സമാധാനിച്ച ഞാൻ എന്റെ  ബാല്യകാലത്ത് രാത്രി ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നതിനെ പറ്റി അവളോട് പറഞ്ഞു. പതിനഞ്ച് വയസ് വരെ  ഞാൻ  ഉറക്കത്തിൽ മൂത്രം ഒഴിച്ചിരുന്നു.നേരം വെളുക്കുമ്പോൾ ഉമ്മായുടെ അടിയും ശകാരവും ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നു.അവസാനം വീട്ടിലുള്ളവർ ആരുടെയോ ഉപദേശാനുസരണം കിടന്ന് മുള്ളിയ പായും തലയിണയും രാവിലെ എന്റെ തലയിൽ ചുരുട്ടി വെച്ച് വീടിന് നാലു ചുറ്റും വലത്ത് വെയ്പീക്കുന്ന ശിക്ഷ നടപ്പിൽ വരുത്തി.  ആ കാഴ്ച കാണുന്ന അയല്പക്കത്തെ കുട്ടികൾ കിടന്ന് മുള്ളീ  എന്ന് ഉച്ചത്തിൽ കൂകി വിളിക്കുന്ന അവസ്തയിലേക്ക് കാര്യം നീങ്ങിയതിനെ തുടർന്ന് ഞാൻ ഉറക്കത്തിൽ മൂത്രം ഒഴിപ്പ്അവസാനിപ്പിച്ചു.  എന്നാലും അതൊരു രസമുള്ള ഏർപ്പാടായിരുന്നു,  ആ മൂത്രം ഒഴിപ്പും അടിയും ശകാരവും പായ തലയിൽ വെയ്പ്പുമെല്ലാം….ഞാൻ പറഞ്ഞ് നിർത്തി. 

 "എന്താ ഇപ്പോൾ ഉറക്കത്തിൽ കിടന്ന് മുള്ളാൻ  തോന്നുന്നോ?" ഭാര്യയുടെ മുന വെച്ച പരിഹാസത്തിന് അതിനും  ഇന്നത്തെ കുഞ്ഞുങ്ങൾക്ക് ഭാഗ്യമില്ലല്ലോടീ. എന്ന് മറുപടി പറയുമ്പോഴും വായു കടക്കാത്ത വിധം വലിഞ്ഞ് മുറുക്കിയ കമ്പനി സാധനങ്ങൾ മണിക്കൂറുകൾ  ധരിച്ച കുഞ്ഞുങ്ങളുടെ യാതനയായിരുന്നു  എന്റെ മനസ്സിൽ. 

ഇതെല്ലാമാണെങ്കിൽ തന്നെയും മൂത്രമൊഴിക്കുമെന്ന് ഭയന്ന് കുഞ്ഞുങ്ങളെ പൊതിഞ്ഞ് കെട്ടുന്ന ഈ ഏർപ്പാട് സഫാക്ക് നിർത്തിയപ്പോൾ ഒരാഴ്ചക്കുള്ളിൽ അവളുടെ രോഗം  നിശ്ശേഷം  മാറിയെന്ന്  മാത്രമല്ല  സ്വതന്ത്ര  ആയതിന്റെ സുഖം അനുഭവിക്കുമ്പോഴുള്ള സന്തോഷം അവളുടെ മുഖത്ത് പ്രകടമായി ഇപ്പോൾ കാണാൻ  കഴിയുന്നുമുണ്ട് .

Wednesday, December 4, 2013

വിഷം കലക്കുന്നവർ

ആധുനിക ലോകത്തിൽ സോഷ്യൽ നെറ്റ് വർക്കുകളുടെ പ്രസക്തി വളരെ ഏറെയാണ് . കത്തി പഴം മുറിക്കാനുപയോഗിക്കാൻ ഉപകാരപ്പെടുന്നത് പോലെ കഴുത്ത് മുറിക്കാനും അത് ഉപയോഗിക്കപ്പെടുമ്പോൾ ഉപയോഗിക്കുന്നവന്റെ മനസ്ഥിതിക്കനുസൃതമായി കാര്യങ്ങൾ മാറ്റപ്പെടുന്നു.
 ബ്ലോഗുകളും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളും സമൂഹ നന്മക്ക് പ്രയോജനപ്പെടുത്താതെ സമൂഹത്തിൽ കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ  ഉപയോഗപ്പെടുത്തിയാൽ നിയമപരമായി  ആ ശ്രമങ്ങളെ  നേരിടേണ്ടതായും വരുന്നു.
സ്വന്തം മതത്തിന്റെ മേന്മയും അപദാനങ്ങളും അവതരിപ്പിക്കാനും ഇതര മതസ്തർക്ക് ബുദ്ധിമുട്ടില്ലാതെ സ്വന്തം മതം  പ്രചരിപ്പിക്കാനും  ഇന്ത്യയിലെ ഏതൊരു പൗരനും നിയമപരമായി അവകാശമുണ്ട്. പക്ഷേ മനപൂർവമായ ഉദ്ദേശത്തോടെ  സമൂഹത്തിൽ കലഹം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയും കരുതലോടെയും ഇതര മതസ്തർ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവത്തെയും പ്രാവാചകന്മാരെയും മ്ലേഛമായ ഭാഷയിൽ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. അത് മുസ്ലിമായാലും ഹിന്ദു ആയാലും കൃസ്ത്യാനി ആയാലും നിരീശ്വരനും യുക്തിവാദിയും ആയാലും കുറ്റകരമാണ്. മത വിമർശം പാടില്ലാ എന്നല്ലാ ഇവിടെ അർത്ഥമാക്കുന്നത്. തന്റെ വാദഗതികൾ സഭ്യമായ ഭാഷയിൽ ആർക്കും അവതരിപ്പിക്കാം. അതേ ഭാഷയിൽ എതിരാളിക്ക് മറുപടിയും കൊടുക്കാം. മതം ഉണ്ടായ കാലം മുതൽ മതവിമർശവും ഉണ്ട്. തങ്ങളുടെ വാദഗതികൾ അവതരിപ്പിക്കാൻ അഭിപ്രായ സ്വാതന്ത്രിയം ഉള്ളത് പോലെ ഇതരനെ നോവിപ്പിക്കാതിരിക്കാനും മനപൂർവ ഉദ്ദേശത്തോടെ പ്രകോപിപ്പിക്കാതിരിക്കാനും ഇരുകൂട്ടർക്കും  കരുതലും വേണം.
   മത നിലപടുകളെ നഖശിഖാന്തം എതിർക്കുന്ന  ധാരാളം മതവിമർശ പുസ്തകങ്ങൾ പ്രചാരത്തിലുണ്ട്, കൂട്ടത്തിൽ അതിന്റെ മറുപടി പുസ്തകങ്ങളും നിലവിലുണ്ട്.
 ഞാൻ ഇവിടെ ഇത്രയും ആമുഖമായി പറഞ്ഞത് മുസ്ലിംങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്ന പ്രവാചകനെ പറ്റി അവൻ, അയാൾ, തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഇവിടെ എനിക്ക് എടുത്ത് കാണിക്കാൻ  പറ്റാത്ത വിധത്തിലുള്ള ആക്ഷേപങ്ങൾ സഹിതം ജർമനിയിൽ നിന്നും എന്ന് സൂചിപ്പിച്ച് കൊണ്ട്  ഒരു സൈറ്റ് രംഗത്ത് വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്.  സൈറ്റിന്റെ പേരോ മേൽ വിലാസമോ  ഞാൻ ഇവിടെ കുറിക്കാത്തത് മനപൂർവം തന്നെയാണ് )കൃസ്തീയ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും മുസ്ലിം ആശയ സംവാദം എന്ന് സബ് ഹെഡിംഗിൽ ഞാൻ നടേ പറഞ്ഞ പ്രയോഗങ്ങൾ നിരന്തരം അതിൽ വന്ന് കൊണ്ടിരിക്കുന്നു. സത്യ വിരുദ്ധവും മനപ്പൂർവം കെട്ടി ചമച്ചിട്ടുള്ളതും പ്രത്യേക ലക്ഷ്യത്തോടെ രചിച്ചിട്ടുള്ളതുമായ  ഈ വാചക കസർത്തുകൾക്ക് പ്രചാരം ലഭിക്കുന്നതിനും  നാട്ടിൽ പ്രകോപനം സൃഷ്ടിക്കപ്പ്ടുന്ന വഴി അവർ ഉദ്ദേശിക്കുന്ന കുതന്ത്രങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനും വേണ്ടി തയാറാക്കിയ ഈ ജൽപ്പനങ്ങൾ   കൃസ്ത്യൻ നാമധാരികളുടേതായി  കാണിച്ചിരിക്കുന്നുവെങ്കിലും   അതിൽ പറഞ്ഞിരിക്കുന്നവയെല്ലാം ഓറിയന്റിലിസം വന്ന കാലം മുതൽ പുസ്തക രൂപത്തിലും ഇന്റർ നെറ്റ് യുഗത്തിൽ വിവിധ സൈറ്റുകൾ വഴിയും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നവ ആയതിനാൽ  അവയിൽ പുതുമയൊന്നുമില്ല.  കുറച്ച് കാലം മുമ്പ്  പ്രവാചകന്റെ കാർട്ടൂൺ സഹിതം മലയാളം ബ്ലോഗിൽ ഈ വക പദാവലികൾ നിരന്നിരുന്നു. ആ കാലഘട്ടത്തിൽ തന്നെ ആയിരുന്നു കർണാടകത്തിലെ ഒരു ദിനപ്പത്രത്തിൽ പ്രാവചകന്റെ കാർട്ടൂൺ വരുകയും പ്രക്ഷോഭങ്ങൾ ഉയരുകയും ചെയ്തത്. പക്ഷേ മലയാളം ബ്ലോഗിലെ കാർട്ടൂൺ  അന്ന് ആരും  ശ്രദ്ധിക്കുകയോ അഥവാ ശ്രദ്ധിച്ചെങ്കിൽ തന്നെയും കണ്ടില്ലാ എന്ന മട്ടിൽ ഒഴിഞ്ഞ് പോവുകയോ ചെയ്തു. ഇവിടെ മലയാളികൾ സമാധാനം  ആഗ്രഹിക്കുന്നവരും ഈ നാട്ടിൽ  നാനാജാതി മതസ്തർ ഏക സഹോദരങ്ങളെ പോലെ പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിഞ്ഞ് പോകുന്നവരും ആയതിനാൽ  ആ വക പ്രയോഗങ്ങൾ കാണുമ്പോൾ  ഒഴിഞ്ഞ് മാറി നടക്കാൻ ഏത് മതത്തിൽ പെട്ടവർക്കും കഴിഞ്ഞിരുന്നു. മാത്രമല്ല ബ്ലോഗ് അന്ന് സാധാരണക്കാർക്കിടയിൽ പ്രചാരം നേടിയിരുന്നുമില്ല. ഇപ്പോൾ കാണപ്പെട്ട ഈ സംരംഭവവും കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞ് പോകേണ്ടതാണ്. പക്ഷേ ഫെയ്സ് ബുക്ക് പോലുള്ള നവീന മാധ്യമങ്ങളിൽ മുഖം കാണിക്കുന്നത്  നിർബന്ധമാണ് എന്ന അവസ്ഥ കുഗ്രാമങ്ങളിൽ പോലും  സംജാതമായ ഈ കാലത്ത്  എല്ലാ തരത്തിൽ പെട്ട ആൾക്കാരും  ഇന്റർനെറ്റ് ശ്രംഗലയിൽ അൽപ്പ സമയം പ്രതിദിനം ചെലവാക്കുമ്പോൾ  ഈ വക പരാമർശങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും  പലരെയും പ്രകോപിപ്പിക്കുകയും  രചിച്ചവരുടെ ആഗ്രഹത്തിനനുസൃതമായി  അത് കത്തി പടരാൻ ഇടയാകുകയും ചെയ്യുമെന്ന് ഭയന്നതിനാലുമാണ്   ആ വക സരംഭങ്ങളുടെ പുറകിലെ അപകടത്തെ പറ്റി ചൂണ്ടി കാണിക്കാൻ ഇവിടെ ഈ വരികൾ കുത്തിക്കുറിക്കുന്നത്.
ജർമനിയിൽ നിന്നുമാണെന്ന് പറയപ്പെടുന്ന ഈ മലയാള ശ്രമത്തിന്റെ പുറകിൽ സമാധാനം ആഗ്രഹിക്കുന്ന  കൃസ്തീയ സഹോദരങ്ങൾ ആയിരിക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. ഇത് നാട്ടിൽ കലാപം ഉണ്ടാക്കണമെന്നുള്ള മനപൂർവ ഉദ്ദേശത്തോടെ ഏതോ കുബുദ്ധികളുടെ പണി തന്നെയാണ്. അതിനാൽ തന്നെ ഈ വിവരം നാട്ടിലെ നിയമപാലകരെയും സൈബർസെല്ലിലും അറിയിക്കേണ്ടതായി വന്നിരിക്കുന്നു.
അതോടൊപ്പം മുസ്ലിമായാലും ഹിന്ദു ആയാലും കൃസ്ത്യാനി  ആയാലും തങ്ങളുടെ മതത്തെ പറ്റി വാഴ്ത്തി പറയാൻ നിങ്ങൾക്ക് അവകാശമുള്ളതിനോടൊപ്പം ഇതര മതത്തെയോ അതിലെ ആരാധിക്കപ്പെടുന്നതിനെയോ ബഹുമാനിക്കപ്പെടുന്നതിനെയോ സംബന്ധിച്ച് അപമാനിക്കും വിധം സംസാരിക്കാനോ പ്രചാരണം നടത്താനോ ആക്ഷേപിക്കാനോ മുതിരുവാൻ നിങ്ങൾക്ക് ഈ ജനാധിപത്യ മതേതര രാജ്യത്ത് അവകാശമില്ലെന്നും അത് കൊണ്ട് തന്നെ അത്തരം  പ്രവർത്തികൾ കുറ്റകരമാണെന്നും എല്ലാറ്റിലുമുപരി നമ്മുടെ ഈ കൊച്ച് കേരളത്തിൽ നില നിൽക്കുന്ന മത സൗഹാർദ്ദം നഷ്ടപ്പെടുത്താൻ മുതിരുന്ന ആരെയായാലും ഒറ്റക്കെട്ടായി എതിർക്കേണ്ടതാണെന്നും ഓർമ്മിക്കുക.
 അപൂർവമായി കമ്പ്യൂട്ടറും ബ്ലോഗും ഉപയോഗത്തിലിരുന്ന കാലം താണ്ടി  ഇന്റർ നെറ്റ് കുഗ്രാമങ്ങളിൽ പോലും പ്രചാരം സിദ്ധിച്ചിരിക്കുന്ന  ഈ കാലഘട്ടത്തിൽ  ഏത് നിസ്സാര കാര്യങ്ങളും പർവതീകരിക്കാൻ സാദ്ധ്യതയുള്ളതിനാൽ   ഏതെങ്കിലും  മതത്തിൽ പെട്ട ആരാധ്യരെപറ്റി അപമാനിക്കും വിധം പരാമർശങ്ങൾ നെറ്റ് വഴി പ്രചരിക്കപ്പെടുന്നതായി കാണപ്പെട്ടാൽ അവ തടയുന്നതിനായി സൈബർ സെല്ലിൽ വിവരം എത്തിച്ച് കൊടുക്കുന്നത് ഉചിതമായിരിക്കുമെന്നും അറിയുക.

Saturday, November 30, 2013

പാറാസുറമ ആരാണ്?

കുഞ്ഞുങ്ങളെ സായിപ്പും മദാമ്മയും ആയി മാറ്റിയേ  മാതാപിതാക്കൾക്ക് ഉറക്കം വരൂ.  സ്വതന്ത്രിയം കിട്ടിയിട്ടും അടിമത്തം മനസിൽ നിന്നും  പോകണ്ടേ. പിന്നെ പൊങ്ങച്ചവും അനുകരണവും മലയാളിയുടെ ട്രേഡ് മാർക്കുമാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. അതും സി.ബി.എസ്. എന്ന അത്യന്താധുനികനാണെങ്കിൽ പറയുകയേ വേണ്ട. കൂണ് പോലെ മുളച്ച് വരുന്ന അൺ എയിഡ്  സ്കൂളുകളിൽ കനത്ത തുക കൊടുത്ത് അഡ്മിഷനും തരമാക്കി ചെറുതല്ലാത്ത തുക മാസ ഫീസും കൊടുത്ത് നഴ്സറി സ്കൂളിൽ ( എൽ.കെ.ജി. എന്ന് പുതിയ വിവക്ഷ) പറഞ്ഞയക്കാൻ നമുക്ക് നല്ല താല്പര്യമാണ്. 
എന്റെ വീട്ടിൽ ഇത് എന്നും തർക്ക വിഷയമാണ്. കുടുംബാംഗങ്ങൾ  പറയുന്നത്  കുഞ്ഞുങ്ങളുടെ ഭാവിക്ക് ഇപ്പോഴേ  ഇംഗ്ലെഷ് പഠനം കൂടിയേ  തീരൂ  എന്നാണ്. അപ്പോൾ മലയാളം  പഠിച്ച്  അങ്ങ് വടക്ക് പ്രധാനമന്ത്രിയെ പോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ സെക്രട്ടറിമാർ വരെ ഉണ്ടായത്  ഈ കേരളത്തിൽ നിന്നല്ലേ. എന്ന് ഞാൻ പറഞ്ഞപ്പോൾ  ഞാൻ പഴഞ്ചനാണെന്ന് അഭിപ്രായം ഉരുത്തിരിഞ്ഞ് വന്നെങ്കിലും  ഇപ്പോഴും എന്റെ സംശയങ്ങൾ മാറി കിട്ടുന്നില്ല.
  കുഞ്ഞുങ്ങൾ മുറി ഇംഗ്ലീഷ് പറഞ്ഞ് കേൾക്കുമ്പോൾ മാതാപിതാക്കൾ സായൂജ്യം അടയുന്നു. നമ്മുടെ വീടുകളിലെ  പാറ്റാ (കൂറ) ഓടി പോകുമ്പോൾ  കുഞ്ഞു മകൻ  ഹായ്! കോക്ക്രോച്ച്" എന്ന് പറയുന്നത്  കേട്ട ആ അമ്മയുടെ മുഖത്തെ അഭിമാനം ഒന്ന് കാണേണ്ടത് തന്നെയാണ്. മഴ കണ്ട് കുഞ്ഞ് സായിപ്പ് അമ്മയോട്   "മമ്മീ റെയിൻ കമ്മിംഗ് പെട്ടെന്ന്  റണ്ണിക്കോ" എന്ന് "വിളീച്ച് പറയുമ്പോൾ ശരീരത്ത് ഇല്ലാത്ത രോമവും എഴുന്നേറ്റ് നിൽക്കുന്നു. 
എന്റെ കുഞ്ഞ് മകൻ എന്നോട് വന്ന്  'ഹൂ ഈസ് പാറാസുറമാ" എന്ന് ചോദിച്ചാൽ പൊന്ന് മോനേ അറിയില്ലടാ ചക്കരേ! എന്നല്ലേ  ഈ മലയാളി തന്തക്ക് പറയാൻ കഴിയൂ. പക്ഷേ അവൻ എന്നോട് "പാറാസുറമാ  ത്രൂ ഹിസ് ആക്സ് ഫ്രം കസ്സാർഗോഡ് റ്റു കാന്യകുമറി" എന്ന് പറഞ്ഞപ്പോഴാണ് ഓ! ഈ പാറസുറമാ ...ശരി ശരി...നമ്മുടെ പരശുരാമൻ  കാസർഗോഡ് നിന്ന്  കന്യാകുമാരിക്ക് അങ്ങേരുടെ മഴു എറിഞ്ഞ കഥയാണെന്നൊക്കെ  നമുക്ക് പുടി കിട്ടുന്നത്. ഓണക്കളി ഓണക്കാളിയായും തിരുവാതിരക്കളീ തിരുവാതിരക്കാളിയുമായും മിസ്സിമാർ  നമ്മുടെ കുഞ്ഞുങ്ങളെ പടിപ്പിക്കുമ്പോൾ എടീ മദാമ്മ കാളീ!  മലയാളത്തെ കൊല്ലാതെടീ എന്തരവളേ എന്ന് പച്ച മലയാളത്തിൽ നമ്മൾ പറഞ്ഞ് പോകും. ഇതിത്രയും ഇവിടെ കുറിക്കാൻ കാരണം അഞ്ചാംക്ലാസ്സ്കാരൻ കൊച്ച് മകൻ പ്ലാസി യുദ്ധത്തെ പറ്റിയും സിറാജുദ്ദൗളയെയും പറ്റി ഇംഗ്ലീഷിൽ കാണാതെ പഠിക്കാൻ ശ്രമിക്കുന്നത് കണ്ട് അവനോട് പ്രസ്തുത വിഷയത്തെ പറ്റി അന്വേഷിച്ചപ്പോൾ അവന് ഇത് സംബന്ധമായി ഒരു ചുക്കും അറിയില്ല എന്ന് എനിക്ക് മനസിലായി. കുഞ്ഞുങ്ങൾക്ക്   അവരുടെ ഭാഷയിൽ വിഷയം മനസ്സിലാക്കി കൊടുക്കാതെ  ഇംഗ്ലീഷിൽ  കാണാതെ പഠിക്കാൻ നിർദ്ദേശവും കൊടുത്ത് വിട്ടാൽ എന്ത് പ്രയോജനം. അവന് കാണാതെ പഠിച്ച് നല്ല മാർക്ക് കിട്ടിയേക്കാം. പക്ഷേ അത് വിദ്യാഭ്യാസമാകുന്നതെങ്ങിനെയാണ്. ഒരു വിഷയം മനസിലാക്കി  പഠിക്കുമ്പോഴല്ലേ  അത് വിദ്യാഭ്യാസമാകൂ. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സാധാരണക്കാരനായ മലയാളിയുടെ കുട്ടികൾ ഈ അവസ്ഥ നേരിടുമ്പോൾ വിദ്യാഭ്യാസത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി  പോകുന്നു.

Friday, November 29, 2013

നയാപൈസ്സ ഇല്ലാ കയ്യിലൊരു....

നയാപൈസാ ഇല്ലാ കയ്യിലൊരു നയാപൈസാ ഇല്ലാ
നഞ്ച് വാങ്ങി തിന്നൻ പോലും നയാപൈസാ ഇല്ലാ

 ഈ തമാശഗാനം  ഞങ്ങളുടെ പാത്തുവും ഐഷുവും  പാടി  കേട്ടപ്പോൾ ഞാൻ അതിശയിച്ച് പോയി.  ഈ പാട്ട് അവർക്കെങ്ങിനെ പിടി കിട്ടി. ഇത് അൻപത് വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പാട്ടാണ്. തുടർന്നുള്ള അന്വേഷണത്തിൽ ഈയിടെ പ്രദർശിപ്പിച്ച എ.ബി.സി.  എന്ന മലയാള ചിത്രത്തിൽ  ഈ ഗാനം ഉപയോഗിച്ചതായി മനസ്സിലായി. കുട്ടികൾ ധരിച്ച് വെച്ചിരിക്കുന്നത് ഈ ഗാനംഎ.ബി.സി.യിലേതാണെന്നാണ് ആയിരത്തി തൊള്ളായിരത്തി അറുപതിൽ ഉദയായുടെ ബാനറിൽ  ശ്രീ. കുഞ്ച്ചാക്കോ സംവിധാനം ചെയ്ത നീലി---- സാലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.  നീലി  എന്ന പുലയ സമുദായക്കാരി പെൺകുട്ടിയെ സാലി എന്ന മുസ്ലിം യുവാവ് പ്രേമിക്കുന്നതാണ് കഥ.
 നീലി സാലിക്ക് മറ്റ് ചില പ്രത്യേകതകളും ഉണ്ട്. മലയാളത്തിലെ ആദ്യ മുഴുനീള തമാശ പടമാണിത്.  അന്നത്തെ വ്യവസ്ഥിതിയിൽ നിന്നും ഭിന്നമായി  സ്ഥിര നായകന്മാരായ നസീർ, സത്യൻ മുതലായ പ്രധാന നടന്മാരെ ഒഴിവാക്കി  തമാശ നടന്മാരെ മാത്രം വെച്ചെടുത്ത പടം. അന്ന് ആരും കാണിക്കാത്ത ഈ ധൈര്യം കുഞ്ചാക്കോ കാണിച്ച് ഈ പടമെടുത്തപ്പോൾ ഗോസിപ്പുകൾ പലതുമുണ്ടായി. അദ്ദേഹം "ഉമ്മാ" എന്നൊരു സിനിമാ എടുത്ത് ഏറെ ലാഭം കൊയതുവെന്നും ആദായനികുതി വകുപ്പിനെ  ആ ലാഭം കുറച്ച് കാണിക്കാനായി ഒരു പടം നഷ്ടത്തിൽ എടുത്ത് നഷ്ടം കാണിക്കാനാണ് അത് വരെ ആരും കാണിക്കാത്ത ഈ തന്റേടം കാണിച്ചതെന്നുമായിരുന്നു ഒരു ഗോസിപ്പ് . പക്ഷേ ഈ തമാശ ചിത്രം ആരും പ്രതീക്ഷിക്കാത്ത വിധം ക്ലിക്ക് ചെയ്തു.    . ബഹദൂർ നായകനും എസ്.പി.പിള്ള വില്ലനുമായ  ചിത്രം പാട്ടുകളാലും സമൃദ്ധമായി. രാഘവൻ മാഷ് സംഗീതം നൽകിയ പാട്ടുകളെഴുതിയത് പി.ഭാസ്കരനായിരുന്നു. ഗാനങ്ങൾ ഇന്നും കത്തി നിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് "നയാപൈസാ ഇല്ലാ" ഇപ്പോൾ വീണ്ടും പുനർ ജനിച്ചത്.  ഈ സിനിമായിലെ മറ്റ് ഗാനങ്ങളും നിങ്ങൾക്ക് സുപരിചിതമാണ്. 
"ഓട്ടക്കണ്ണിട്ട് നോക്കും കാക്കേ
തെക്കേ  വീട്ടിലെന്ത് വർത്താനം കാക്കേ" എന്നത് ആ സിനിമയിലെ ഒരു ഗാനമാണ്.  വർഷങ്ങൾക്ക് ശേഷം ഞങ്ങൾ  വളർന്ന്  കൗമാരത്തിലെത്തിയപ്പോൾ ഈ ഗാനം  അയല്പക്കത്തെ പെൺകുട്ടികൾക്കായി  പാടി. ഞങ്ങളെ സ്നേഹിക്കുന്ന പെൺകുട്ടി    അൽപ്പം കഴിഞ്ഞ് അതിന്റെ മറുപടി ഈ ഗാനത്തിലെ അനുപല്ലവി ഉപയോഗിച്ച് തന്നെ തരുമായിരുന്നു, അതിങ്ങനെ
" പൂവാലനായി നിൽക്കും കോഴീ
 ഇപ്പോൾ കൂവിയതെന്താണ് കോഴീ "
 വളരെ വർഷങ്ങൾക്ക് മുമ്പ് ആനബഹളം എന്ന് പേരിൽ  മാപ്പിള പാട്ടായി ഉപയോഗിച്ചിരുന്നതും ഇതിൽ ചേർത്തതുമായ മറ്റൊരു പാട്ടാണ്
"അരക്കാൽ രൂപാ മാറാൻ
 കൊറുക്കാ ഇബുറാഹീം പോയി വരുമ്പോൾ 
പീടിക കണ്ടില്ലാ. പിന്നേം പിന്നേം സംശയിച്ച്
അള്ളാ കാത്തോ നബി ഒള്ളാ എന്നും മറ്റും
കൊറുക്കാടെ സങ്കടം പറഞ്ഞാ തീരൂല്ലാ...
ഈ ഗാനം പിന്നീട് "ഉസ്താദ്"എന്ന മോഹൻ ലാൽ ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടു.
നീലി സാലിയിലെ പ്രസിദ്ധമായതും ഇപ്പോഴും  കേൾക്കുമ്പോൾ നിങ്ങൾ ചിരിക്കുന്നതുമായ മറ്റൊരു ഗാനം ഇതാണ് 
"നീയല്ലാതാരുണ്ടെന്നുടെ പ്രണയപുഴയിൽ ചിറകെട്ടാൻ
നീയല്ലാതാരുണ്ടെന്നും  നിത്യം  നിത്യം കത്തെഴുതാൻ"
അതിലെ അനുപല്ലവിയായ ഈ വരികളാണ് നിങ്ങളെ ചിരിപ്പിക്കുന്നത്
"ഞാൻ വളർത്തിയ ഖൽബിലെ മോഹം
 പോത്ത് പോലെ വളർന്നല്ലോ ഞാൻ കാത്ത് കാത്ത് തളർന്നല്ലോ"
ഇതിലെ മനോഹരമായ മറ്റൊരു ഗാനമാണ് 
"മാനത്തെ കുന്നിൻ ചരുവിൽ മുല്ലപ്പൂ കൂമ്പാരം
 മുല്ലപ്പൂ വാരി എടുത്തൊരു മാല കെട്ടാൻ
 വരുമോ നീ മാനസ റാണീ."
അങ്ങിനെ എല്ലാം കൊണ്ടും പ്രത്യേകതയുള്ള ഈ പടത്തിലെ തമാശകൾ ഏറെ ചിരിപ്പിക്കുന്നതായിരുന്നു. പടം ഭൂരിഭാഗവും ആലപ്പുഴ നഗരം പശ്ചാത്തലമായ ഔട്ട് ഡോർ ഷൂട്ടിംഗിലാണ് പൂർത്തിയാക്കിയത്.
വള്ളി നിക്കറിട്ട് നടന്ന കാലത്ത്  കണ്ട ഈ ചിത്രവും ഗാനങ്ങളും വർഷങ്ങൾക്ക് ശേഷം എന്നെ പിന്തുടർന്ന് വന്നപ്പോൾ കൗമാരകാലത്തെ പ്രണയങ്ങളുടെ മധുരസ്മരണകൾ മനസ്സിനെ എവിടേക്കെല്ലാമോ  കൊണ്ട് പോകുന്നു. ഓർമ്മകളേ!നിങ്ങൾക്ക് നന്ദി.

Saturday, November 23, 2013

ഓർമ്മകൾ ഇപ്പോഴും ഉണ്ട്.

മുപ്പത്തി ഒൻപത് വർഷങ്ങൾക്ക് മുമ്പ് എന്റെ ബാപ്പാ ഇന്നേ ദിവസമാണ് മരിച്ചത്. വാർദ്ധക്യത്തിലെത്തി ചേരാതെ  അദ്ദേഹത്തിന്റെ അൻപതുകളിലായിരുന്നു` മരണം; രോഗം പട്ടിണി. ഞങ്ങളെ തീറ്റിപോറ്റാനായി അദ്ദേഹം പട്ടിണി കിടന്നു. പട്ടിണിയിൽ നിന്നുടലെടുത്ത രോഗം അദ്ദേഹത്തെ കൊണ്ട് പോയി. ബാപ്പായെ പറ്റി സ്മരിക്കുമ്പോൾ  മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആലപ്പുഴ  ലജനത്തുൽ മുഹമ്മദീയ സംഘത്തിന്റെ വായനശാലയിൽ നിന്നും  വായിക്കാനായി എടുത്ത പുസ്തകങ്ങൾ രാവേറെ ചെന്നിട്ടും വായിക്കുന്ന ഒരു രൂപമാണ് മനസ്സിലേക്ക് വരിക.  എന്റെ വായനക്ക് പ്രചോദനമായത് പട്ടിണിക്കാലത്തും  ഉപേക്ഷിക്കാത്ത  ബാപ്പായുടെ ഈ വായനാ ശീലമായിരുന്നല്ലോ.
മരിക്കുന്നതിന് മുമ്പ് ബാപ്പാക്ക് അസുഖം വർദ്ധിച്ചു എന്ന വിവരം കിട്ടി ഞാൻ ഓഫീസ്സിൽ ലീവ് എഴുതി കൊടുത്ത് കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴ വീട്ടിലെത്തിയപ്പോൾ അവശനായ അദ്ദേഹം എന്നെ കൈ കാണീച്ച് അടുത്തേക്ക് വിളിച്ച് പറഞ്ഞു" ഇന്നൊന്നും എനിക്ക് സംഭവിക്കില്ല, അടുത്ത ആഴ്ച ആകും, അത് വരെ  ഇവിടെ നിന്നു നീ വെറുതെ ലീവ് കളയണ്ട" ഞാൻ അപ്പോൾ തല കുലുക്കിയെങ്കിലും പിന്നീട് പലപ്പോഴും ഇപ്പോഴും ആ വാക്കുകളെ പറ്റി ചിന്തിക്കുമ്പോൾ   അമ്പരന്ന് പോകുന്നു . സ്വന്തം മരണത്തെ പറ്റി എത്ര ലാഘവത്തോടെയാണ് അദ്ദേഹം പറഞ്ഞത്. വാർദ്ധക്യത്തിന്റെ പരമോന്നതയിലെത്തിയാലും പല മനുഷ്യരും മരണ ചിന്ത വരുമ്പോൾ സംഭ്രമത്തിൽ പെട്ട് പോകുന്നു. ഇവിടെ  മദ്ധ്യ വയസ്സിൽ    മരണത്തെ നിസ്സാരമായി  കണ്ട് സാധാരണ കാര്യങ്ങൾ  പറയുന്നത്  പോലെ എന്റെ പിതാവ് തന്റെ മരണത്തെ പറ്റി പറയുകയും അവിടെയും മകനെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തു. ബാപ്പായുടെ പ്രവചനം പോലെ അടുത്ത ആഴ്ച അദ്ദേഹം പോയി. ജീവിത കാലത്ത് സ്വന്തം സന്തതികൾക്ക് വേണ്ടി രാപകൽ അദ്ധ്വാനിച്ച അദ്ദേഹത്തിന്റെ ചരമ വാർഷിക  ദിനത്തിൽ ബാപ്പായുടെ ഒരു ഫോട്ടോ പത്രത്തിൽ കൊടുത്ത് "മുപ്പത്തിഒൻപതാം ചരമ വാർഷികം ഇപ്പോഴും ഞങ്ങൾ അങ്ങയെ സ്മരിക്കുന്നു," എന്ന് പ്രസിദ്ധപ്പെടുത്താൻ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഞങ്ങളുടെ കയ്യിലില്ല;, കാരണം അദ്ദേഹം ഒരു ഫോട്ടോ എടുക്കാൻ മെനക്കെട്ടില്ല. അഥവാ ഫോട്ടോ  എടുക്കാൻ വരുന്ന ചെലവ്  അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണത്തിന് അരി വാങ്ങാൻ ചെലവഴിക്കുമായിരുന്നല്ലോ. അദ്ദേഹം പലപ്പോഴും ഒരു ചായയിൽ ഭക്ഷണം ക്ലിപ്തപ്പെടുത്തി. സമ്പന്നതയിൽ ജനിച്ച ബാപ്പാ അറുപതുകളിൽ കേരളത്തിൽ സമൂലം ബാധിച്ച പട്ടിണിയിൽ മുങ്ങി താഴുമ്പോഴും ഞങ്ങൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം തരാൻ രാപകൽ കഷ്ടപ്പെട്ടു. എന്റെ ജീവിതത്തിൽ ഒരിക്കലും പരിഹരിക്കാനാകാത്ത ഒരു ദു:ഖമായി തീർന്നത് എന്റെ ബാപ്പാ മരിക്കുന്നതിന് മുമ്പ് മെച്ചപ്പെട്ട ജീവിതാവസ്ഥയിൽ അദ്ദേഹത്തെ  ഒരു ദിവസമെങ്കിലും  ജീവിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു. ഉമ്മാക്ക് ആ ഭാഗ്യം ലഭിച്ചു എങ്കിലും ബാപ്പാ അതിന് മുമ്പ് പോയി. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ ശ്മശാന ഭൂമിയിലെ വെള്ള മണൽ നിറഞ്ഞ ഒരു കോണിൽ ഒരു സ്മാരകശില പോലുമില്ലാതെ അദ്ദേഹം ഉറങ്ങുന്നു. ബാപ്പായെ അടക്കിയ ഭാഗം എനിക്കറിയാം, പക്ഷേ അന്ന് ഒരു മീസാൻ കല്ല് സ്ഥാപിക്കാൻ ഞങ്ങളെ കൊണ്ട് കഴിയാതിരുന്നതിനാൽ ദാ! ഇവിടെയാണ് ബാപ്പായെ അടക്കിയത് എന്ന് ചൂണ്ടി കാണിക്കാനും ആ കബറിന്റെ സമീപത്ത് നിന്ന് പ്രാർത്ഥിക്കാനും ഞങ്ങൾക്ക് ആവില്ലല്ലോ. സിനിമാ സംവിധായകൻ ഫാസിലിന്റെ അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ഒരു കാറപകടത്തിൽ മരിച്ചത് അടക്കിയ നാല് കബറുകൾക്ക് സമീപമാണ് ബാപ്പായെ അടക്കിയത് എന്ന ഓർമ്മ ഉള്ളതിനാൽ ആ ഭാഗത്ത് ചെന്ന് നിന്ന് ആലപ്പുഴ പോകുമ്പോഴെല്ലാം ഞാൻ ബാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവിടെ നിന്നും വിദൂരമായ ഈ സ്ഥലത്തിരുന്ന് ഇന്നും എന്റെ ബാപ്പായ്ക്ക് വേണ്ടി ഞാൻ  പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കാൻ സന്തതികൾ ഉള്ളവരുടെ പരലോകജീവിതം തൃപ്തികരമായിരിക്കുമെന്നാണല്ലോ പുണ്യ വചനങ്ങൾ. ആ കാര്യത്തിൽ എന്റെ ബാപ്പാ ഭാഗ്യവാനാണ് എന്ന് എനിക്ക് തീർച്ചയുണ്ട്. അദ്ദേഹത്തിന് വേണ്ടി നാല് വരി ഇന്നെങ്കിലും ഞാൻ കുറിച്ചിടേണമല്ലോ. കാരണം എന്റെ പതിനഞ്ചാം വയസ്സിൽ ഞാൻ എഴുതി പത്രത്തിൽ അച്ചടിച്ച് വന്ന എന്റെ കഥ വായിച്ചപ്പോഴുണ്ടായ ബാപ്പായുടെ സന്തോഷമായിരുന്നല്ലോ എനിക്ക് കിട്ടിയ ആദ്യ അവാർഡ്.

Friday, November 22, 2013

ഹെൽമെറ്റും ലൈസൻസും പിന്നെ പോലീസും

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദ്ദേശമില്ലെന്ന സർക്കാർ വാദം രേഖപ്പെടുത്തി ഇത് സംബന്ധിച്ച ഹർജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി തീർപ്പാക്കിയെന്ന്  പത്ര വാർത്ത. പക്ഷേ  ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യവും പത്രത്തിൽ അപ്രധാനമായി കണ്ടു. അമിതവേഗതയിൽ പോകുന്നവരുടെ ലൈസൻസ് റദ്ദാക്കാനാണ് സർക്കാർ നിർദ്ദേശം കൊടുത്തതെന്നു സർക്കാർ ഭാഗം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.  ഇനിയും ആ നിയമം കർശനമായി തുടരുമത്രേ!
 ഇവിടെയാണ് കുഴപ്പം  ആരംഭിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തവരെ പിടിക്കാൻ  ഋഷിരാജ് സിംഗ് എന്ന പോലീസ് മേധാവി (പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ) നിയമം കർശനമാക്കിയപ്പോൾ നമ്മുടെ ചെത്ത് പിള്ളാര് പണ്ടൊരു കൊല്ലം മുതലാളി തിരുവനന്തപുരം കോടതിയിൽ നടത്തിയ പേച്ച് പുനർജീവിപ്പിച്ചു. മുതലാളി തിരുവനന്തപുരത്ത് കോടതി ആവശ്യത്തിന് പോയപ്പോൾ പിടിച്ച് നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ നിരത്തിൽ മൂത്രം ഒഴിക്കുകയും കണ്ട് വന്ന പോലീസ് മുതലാളിയെ പിടിച്ച് കോടതിയിൽ ഹാജരാക്കുകയും  കോടതിയിൽ പൊതുശല്യത്തിന് പത്ത് രൂപ പിഴയിടുകയും ചെയ്തു. മുതലാളി സ്വതസിദ്ധമായ നർമ്മരസത്തോടെ  10 രൂപ  ആദ്യവും പിന്നെ ഇരുപത് രൂപായും കൂടി കീശയിൽ നിന്നെടുത്ത് കോടതിയെ കാട്ടിയിട്ട് പറഞ്ഞു. " ഇന്ന്  ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് രണ്ട് തവണകൂടി എനിക്ക് മൂത്രം ഒഴിക്കണം അതിന് മുൻ കൂറായി 20 രൂപാ കൂടി അടക്കുന്നു""
 ഹെൽമറ്റിന്  നൂറ് രൂപാ പിഴ  പിള്ളാർക്ക് പുല്ലായതിനായാൽ 200 രൂപാ കൂടി വേണമെങ്കിൽ തരാമെന്നായി  പിള്ളാര്. അപ്പോഴാണ് കമ്മീഷണർ പുതിയ അടവ് കൊണ്ട് വന്നത്. അധിക വേഗതക്കാരുടെ ലൈസൻസ് റദ്ദാക്കും. അപ്പോൾ ഹെൽമറ്റ് ധരിക്കാത്തതിനല്ല ലൈസൻസ് റദ്ദാക്കുന്നതെന്ന് കോടതിയിൽ ബോധിപ്പിക്കാം, എന്നാൽ ഹെൽമറ്റ് ധരിക്കാത്തവരുടെ ഹുങ്ക് അവസാനിപ്പിക്കുകയും ചെയ്യാം. അധിക സ്പീഡാണെന്ന് കേസെടുത്താൽ മതിയല്ലോ. അതല്ല എന്ന്  തെളിയിക്കാനും കേസ് തർക്കിക്കാനും ഇന്നീ കാലത്ത് ആർക്ക് സമയം. കുഴയുമല്ലോ, ഹെൽമറ്റ് ധരിച്ചേക്കാം എന്നായി ജനം. അതോടെ കമ്മീഷണറുടെ നിർബന്ധബുദ്ധി സാഫല്യമടയുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം ഇരുചക്ര വാഹനങ്ങളുടെ പുറകിൽ ഇരിക്കുന്നവർക്കും ഈ ചട്ടി തലയിൽ  വെപ്പ് നിർബന്ധമാക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്.
കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് അദ്ദേഹം ഇടക്കിടെ പത്രപ്രസ്താവനകൾ ഇറക്കാറുണ്ട്. ഇതൊന്നും അദ്ദേഹം പുതുതായി കൊണ്ട് വന്നതല്ലെന്നും കിതാബിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും താൻ അത് നടപ്പിൽ വരുത്തുന്നത് മാത്രമേ ചെയ്യുന്നുള്ളൂ എന്നും വമ്പൻ മീശക്കാരൻ ഉവാച. അപ്പോൾ ഇതു വരെ ഇരുന്ന മുൻ കമ്മീഷണറന്മാരും സ്റ്റാഫ്ഫും വെറും കുരുടന്മാരായിരുന്നോ.   അവർ ആരും ഇതൊന്നും കണ്ടില്ലായിരുന്നോ? ഇദ്ദേഹം മാത്രമേ ഇതെല്ലാം കണ്ട് പിടിച്ചുള്ളുവോ?
കാര്യം അതല്ല. നിയമം സമൂഹ രക്ഷക്ക് വേണ്ടിയുള്ള കവചമാണ് . ആവശ്യം വരുമ്പോൾ അതെടുത്ത് നിയമ പാലകർ അണീഞ്ഞേ മതിയാകൂ. പക്ഷേ എല്ലാറ്റിനും ഒരു നയം ഉണ്ട്. നിയമം മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടത്; മനുഷ്യൻ നിയമത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ടതല്ല. ഈ ചിന്ത നിയമം കൈകാര്യം ചെയ്യുന്ന ഏവർക്കും അവശ്യം ആവശ്യമാണ് . ചില സന്ദർഭങ്ങളിൽ നിയമം കൈകാര്യം ചെയ്യുന്നത് മാർദ്ദവത്തോടെ ആയിരിക്കണം. 
 ഹൈസ്കൂളിൽ പടിക്കാനുണ്ടായിരുന്ന ഒരു ലേഖനം ഓർമ്മ വരുന്നു. "എല്ലാം ഒരു നായെ പറ്റി" എന്നാണ് ആ ഇംഗ്ലീഷ് ലേഖനത്തിന്റെ പേര് .  മഞ്ഞുള്ള രാത്രിയിൽ ഒരു പെൺകുട്ടി തന്റെ ഓമന നായ്ക്കുട്ടിയുമായി ഒരു ബസ്സിൽ  കയറുന്നു. മനുഷ്യരല്ലാത്ത ജീവികൾക്ക്  ബസ്സിൽ പ്രവേശനമില്ലാഎന്ന് നിയമം ഉള്ള ആ നാട്ടിൽ  ബസ്സിൽ നായ്ക്കുട്ടിയെ കയറ്റിയത് അക്ഷന്തവ്യമായ കുറ്റമായി കണ്ട കണ്ടക്ടർ പുറത്ത് തണുത്ത് വിറക്കുന്ന മഞ്ഞിലേക്ക്  നായ്ക്കുട്ടിയുമായി ഇറങ്ങി പോകാൻ പെൺകുട്ടിയോട് പറയുന്നിടത്ത് ബസ്സിൽസംഘർഷം ആരംഭിക്കുകയും പൊതുജനം പെൺകുട്ടിയോടൊപ്പം ചേരുകയും ചെയ്തെങ്കിലും യാതൊരു വിട്ട് വീഴ്ചയുമില്ലാത്ത കണ്ടക്ടർ ബസ്സ് വഴിയിൽ നിർത്തിക്കളഞ്ഞു. അ കണ്ടക്റ്ററുടെ സ്വഭാവമാണ് നമ്മുടെ കമ്മീഷണർക്ക്. കയ്യടിക്ക് വേണ്ടി അദ്ദേഹം നിയമം കർശനമായി നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്നു. ഒരിക്കൽ കൂടി ആ വാചകം ഇവിടെ ആവർത്തിക്കട്ടെ
" എല്ലാ നിയമവും മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്, പക്ഷേ മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ല.

Sunday, November 17, 2013

കുട്ടികളെ കാണാൻ കോടതിയിൽ

കുടുംബ കോടതിയിൽ  കുട്ടികളെ  കാണാൻ  പോയ  ഭർത്താവ് അവിടെ നിന്നും  തിരികെ  എന്റെ വീട്ടിൽ  കോടതിയിലെ  വിശേഷങ്ങൾ  പറയാൻ  എത്തി.  അയാൾക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തവന് നാല് വയസ്സ്. ബാപ്പായുടെ പൊന്ന് മോൻ. രണ്ടാമത്തവന് ഒൻപത് മാസം. അവനെ  പ്രസവിക്കാൻ പോയ ഭാര്യ പിന്നെ  മടങ്ങി വന്നില്ല. ചില്ലറ  ചില്ലറ  തർക്കങ്ങൾ. "പ്രസവിച്ച് കിടന്നപ്പോൾ  എന്നെ ഫോണിൽ  വിളിച്ചില്ലാ" എന്ന്  ഭാര്യ. "നീ ആദ്യം  എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ  തിരികെ  വിളിക്കുമായിരുന്നു,  കാരണം പ്രസവ ശുശ്രൂഷയിലായിരുന്ന  നിന്നെ  ബുദ്ധിമുട്ടിക്കേണ്ടെന്ന്  ഞാൻ  കരുതി  അത്  കൊണ്ടാണ്  ഞാൻ  അങ്ങോട്ട് വിളീക്കാതിരുന്നതെന്ന് " ഭർത്താവിന്റെ  മറുപടി. ആ ചെറുതർക്കം  മറ്റ്  പലതിലും കൂടി  കടന്ന് സംഗതി  അങ്ങ്  കൊഴുത്തു  ഒരു  പരുവത്തിലായി. സമാധാനം  പറഞ്ഞ് ശാന്തത  വരുത്തേണ്ട ഇരു കൂട്ടരുടെയും  ബന്ധുക്കൾ വഴക്കിന്റെ തീയിൽ മണ്ണെണ്ണ  ഒഴിച്ചു കൊടുത്തു.

പിന്നെ  വന്നത്  കോടതി സമൻസാണ്,  ഒരു  നിരോധന ഉത്തരവും. കുട്ടികളെ  ബലമായി  എടുത്ത് കൊണ്ട്  പോകരുത്  എന്ന്  നിരോധിച്ച് കൊണ്ട്.  കേസിന്റെ പിന്തുണക്കായി ഫയൽ  ചെയ്ത സത്യവാങ്മൂലത്തിൽ  വക്കീലിന്റെ വക കേസ് ജയിക്കാൻ  വിധത്തിൽ  ആരോപണ പ്രവാഹവും. നിയമ പ്രകാരം  അതിൽ ഒപ്പിട്ടിരിക്കുന്നത്  വാദിയായ ഭാര്യയും. വക്കീലാണ് അത് തയാറാക്കുന്നതെന്ന്  സാധാരണക്കാർക്ക്  അറിവില്ലല്ലോ  .  അത്  ഭാര്യയുടേ പരാതിയാണന്നല്ലേ   അവർ  ധരിക്കുക. ആയതിനാൽ  അത്  വായിച്ച് ഭർത്താവ്  പല്ലിറുമ്മി സ്വഗതമായി  പറഞ്ഞു," എടീ ഭയങ്കരീ...." കാരണം  നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ  ആണതിൽ  പറഞ്ഞിരിക്കുന്നത്.

കോടതിയിൽ ഹാജരായപ്പോൾ  കുട്ടികളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു ഭർത്താവ്. അടുത്ത അവധിക്ക് കൊണ്ട് വരാൻ  കോടതി ഉത്തരവ് ചെയ്തു.  അങ്ങിനെയാണ് കുഞ്ഞുങ്ങളെ  കാണാൻ സ്നേഹനിധിയായ  പിതാവ്  കോടതിയിലേക്ക് പാഞ്ഞ് പോയത്. ബുദ്ധിമതിയായ  ഭാര്യ ഭർത്തവിന്റെ വാൽസല്യം അനുഭവിച്ച  മൂത്ത കുട്ടിയെ  കൊണ്ട് വന്നില്ല.  അവൻ ചിലപ്പോൾ തന്തയുടെ  പിറകേ  കടന്ന് കളഞ്ഞാലോ. ഇത് വരെ കാണാത്ത ചെറിയ കുട്ടിയെ കൊണ്ട് വന്നു. എന്നിട്ടും അവൻ പിതാവുമായുള്ള രക്തബന്ധത്തിന്റെ ആകർഷണീയതയാൽ രണ്ട് കയ്യും എടുത്ത് ചാടി വീണു, അച്ഹന്റെ കയ്യിലേക്ക്.  ആ വിവരം  എന്നോട്  പറഞ്ഞപ്പോൾ അയാൾ വിങ്ങി കരഞ്ഞു. "എങ്കിൽ   വാശി എല്ലാം കളഞ്ഞു നിങ്ങൾക്ക് ഒരുമിച്ച് കഴിഞ്ഞൂടെ " ഞാൻ  ചോദിച്ചു.   അതെങ്ങിനാ സാറേ, അവൾ  വരേണ്ടേ, അവൾ ബന്ധുക്കൾ  പറഞ്ഞതും  കേട്ട് പല ഡിമാന്റുകളും  ആരോപണങ്ങളും   പുതുതായി  ഉയർത്തുകയാണ്,  എന്റെ വാദം  ഇതാണ്  എന്നോട് ആത്മാർഥത  ഉണ്ടെങ്കിൽ ഒരു  ഡിമാന്റും  ഉന്നയിക്കാതെ  എന്നോടൊപ്പം  വന്ന്  താമസിക്കട്ടെ,  ഞാൻ   അവളെയും കുഞ്ഞുങ്ങളെയും  പൊന്ന്  പോലെ  നോക്കി കൊള്ളാം, അല്ലാതെ അവളുടെ ഡിമാന്റുകൾ  നിവർത്തിക്കാൻ എന്നൊക്കൊണ്ട് ആവില്ല. അല്ലാ,  സാറേ!  ഭാര്യയും ഭർത്താവും  തമ്മിൽ  ഡിമാന്റുകൾ  വെച്ച്  ചർച്ചയെന്തിന്? അവർ തമ്മിൽ സ്നേഹിച്ചാൽ  പോരേ!.   അയാളുടേ  ചോദ്യം  ശരിയായതിനാൽ എനിക്കതിന്  മറുപടി  ഇല്ലായിരുന്നു.

അതേ  മലയാളികളുടെ  ദാമ്പത്യ ജീവിതം  ഇപ്പോൾ ഡിമാന്റുകളിലാണ്  സ്ഥിതി  ചെയ്യുന്നത്.  അത്  വേണം  ഇത് വേണം,  അങ്ങിനെ  പെരുമാറണം  ഇങ്ങിനെ  പെരുമാറണം  എന്നൊക്കെ. സ്നേഹിക്കണം  എന്ന  ഡിമാന്റ് ആർക്കുമില്ല.

പണ്ടത്തെ ഗൾഫ് കത്ത് പാട്ടിലെ  ഒരു  വരി ഓർമ്മ  വരുന്നു ..".......ഒന്നുമില്ലെങ്കിലും തട്ടിമുട്ടി കഴിയാമല്ലോ...ഒന്നിച്ചുറങ്ങാമല്ലോ.... " എന്നൊക്കെ  അർത്ഥം  വരുന്ന പ്രവാസിയുടെ ഭാര്യയുടെ  കത്ത് പാട്ട്. പണ്ട് അത് മാത്രമായിരുന്നു ഭാര്യാ ഭർത്താക്കന്മാരുടെ  സ്വപ്നം.  ഒരു  കൂരക്ക് കീഴിൽ  ഉള്ളത് വെച്ച്കുടിച്ച്   സ്നേഹത്തോടെ ഒരു പായിൽ കെട്ടിപ്പിടിച്ചുറങ്ങാൻ  കഴിയുന്ന  ആ ജീവിതം.  അതൊരു  സ്വർഗമായിരുന്നല്ലോ?!

Saturday, November 16, 2013

വാശി കൂടുമ്പോൾ കണ്ണ് കാണില്ല

നാല് വയസ്സ്കാരിയെ  പിതവ് പീഡിപ്പിച്ചെന്ന കള്ള പരാതിയിന്മേൽ  ഈ  അമ്മയോടൊപ്പം എങ്ങിനെ മകളെ  വിടുമെന്ന്  ഹൈക്കോടതി  സംശയം  പ്രകടിപ്പിച്ചതായി  പത്രവാർത്ത.  ബഹുമാനപ്പെട്ട  ജസ്റ്റിസ് ഭവദാസന്റെ  മുമ്പാകെ  വന്ന ഒരു കേസിലാണ്  ഈ  നിരീക്ഷണം   ഉണ്ടായത്. സമൂഹ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട നിയമങ്ങൾ  ദുരുപയോഗിക്കാനും  സ്വന്തം  ഭാഗം ജയിക്കാനും സ്വന്തം വാശി  നടപ്പിലാക്കാനും ചില  സ്ത്രീകൾ ഏത് ഹീനമായ മാർഗവും   അവലംബിക്കുമെന്ന്  വാർത്ത വായിച്ചപ്പോൾ  തോന്നി  പോകുന്നു.

എട്ട് വർഷം  മുമ്പ്  വിവാഹിതരായ ദമ്പതികൾ കുടുംബ കോടതി  മുഖേനെ  വിവാഹമോചിതരായി. നാല് വയസ്സ്കാരിയായ  മകളെ വിട്ട് കിട്ടാൻ  ഭർത്താവ്  കൊടുത്ത ഹർജി  ഭാര്യയുടെ  തർക്കത്താൽ  കോടതി അനുവദിച്ചില്ലെങ്കിലും ആദ്യം  ആഴ്ചയിൽ ഒരു ദിവസം രണ്ട് മണിക്കൂറും  പിന്നീട് ഒരു മാസത്തിൽ രണ്ട് ദിവസവും   അഛന്  വിട്ട്കൊടുത്ത്   കോടതി  ഉത്തരവിട്ടു.  രണ്ട് ദിവസം  കഴിഞ്ഞ്   കുട്ടിയെ തിരിച്ച് പിതാവ് കൊടുത്തപ്പോൾ   അയാളുടെ കസ്തഡിയിൽ  കുട്ടി  ഉണ്ടായിരുന്ന സമയം  കുട്ടിയെ   ലൈംഗിക പീഡനത്തിനിരയാക്കി  എന്ന്  മാതാവ്  ആരോപണമുന്നന്നയിച്ചു. എന്നാൽ  കുട്ടിയുടെ  മൊഴിയുടെ  അടിസ്ഥാനത്തിൽ  കുടുംബ  കോടതി മാതാവിന്റെ  പരാതി  തള്ളി. തുടർന്ന് പോലീസിൽ  പരാതി കൊടുത്തെങ്കിലും അന്വേഷണത്തിന്  ശേഷം അതും  ഫയൽ  ക്ലോസ്  ചെയ്തപ്പോൾ  മഹിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ  അന്യായം  ഫയൽ ചെയ്തതിന്മേൽ  സമൻസ് പിതാവിന് അയച്ച് കിട്ടിയപ്പോഴാണ്  പിതാവ്  ഹൈക്കോടതിയെ  സമീപിച്ചതും  മുകളിൽ  പറഞ്ഞ പരാമർശത്തോടെ    പിതാവിനെതിരെ തുടർ നടപടികൾ  അവസാനിപ്പിക്കാൻ നിർദ്ദേശിച്ച്കൊണ്ട്  കോടതി  ഉത്തരവിട്ടതും.  ഈ പറഞ്ഞ  പരാതികളുടെ വെളിച്ചത്തിൽ  തെളിവെടുപ്പിന്റെ  ഭാഗമായി  കുട്ടിയെ  കൗൺസിലിംഗ്  നടത്തിയ ഡോക്റ്ററുടെയും സൈക്കോളജിസ്റ്റിന്റെയും  റിപ്പോർട്ടുകളിൽ  കുട്ടിയെ  ലൈംഗിക പീഡത്തിനിരയാക്കി  എന്നതിന്റെ  സൂചനകളൊന്നും  ഇല്ലാ എന്നും  കോടതി  ചൂണ്ടിക്കാട്ടി. കുട്ടിയും  അപ്രകാരം  മൊഴി നൽകിയിട്ടില്ല. പോലീസിന്റെ  ശാസ്ത്രീയമായും  അല്ലാതെയുള്ളതുമായ  അന്വേഷണത്തിലും  മാതാവിന്റെ  പരാതി  അടിസ്ഥാനരഹിതമാണെന്ന്  കണ്ടെത്തി.
നമ്മൾ  ഈ വാർത്ത  സാധാരണ  പോലെ  വായിച്ച്  പോകുമ്പോൾ  ( അതാണല്ലോ  ഇപ്പോൾ  നമ്മുടെ  അവസ്ഥ)  ഒരു  നിമിഷം  ആ രംഗങ്ങൾ  ചിന്തിച്ച്  നോക്കുക. നാല് വയസ്കാരിയുടെ  അനുഭവങ്ങൾ.  അവളോട്  അന്വേഷണ  ഉദ്യോഗസ്തർ  ചോദിച്ചേക്കാവുന്ന  ചോദ്യങ്ങൾ (അത്  എത്ര ലളിതമായാലും)  ശാസ്ത്രീയമായ  പരിശോധനക്ക്  വിധേയമാകുമ്പോൾ  ആ പിഞ്ച്കുഞ്ഞിന്റെ  മനസ്സിൽ കൂടി  കടന്ന് പോകുന്ന  ചിന്താധാരകൾ..  മറ്റെന്തെങ്കിലും  പരിശോധനക്കാണെന്ന്  അതിനെ  പറഞ്ഞ്  സമാധാനപ്പെ ടുത്തിയാലും  അത്  ഒരു മനുഷ്യ കുഞ്ഞാണല്ലോ. അതിന്റെ  സ്വന്തം  അഛനെപറ്റി  അതിനോട്  എത്ര  വളച്ച്  ചോദിച്ചാലും  കാര്യങ്ങൾ  അരുതാത്തതെന്തോ  ആണെന്ന്   ആ കുഞ്ഞ്   അൽപ്പമായെങ്കിലും  തിരിച്ചറിയുമല്ലോ ആ  കുഞ്ഞ് ഈ പ്രായത്തിൽ   ഒരു  സാക്ഷിയായി   നിൽക്കുമ്പോൾ    അവൾക്കുണ്ടാകുന്ന  പരിഭ്രമം!
. സിനിമയിൽ  കാണുമ്പോൾ  നമ്മൾ അത്  കൂളായി  കാണും.  സ്വന്തം  കുട്ടിയെ ആ  സ്ഥാനത്ത് സങ്കൽപ്പിക്കുംപ്പോഴേ  നമുക്ക്  അതിന്റെ  തീഷ്ണത  തിരിച്ചറിയാൻ  കഴിയൂ .  ഇതെല്ലാം  എന്തിന് ? വാശിയും  വൈരാഗ്യവും  മൂത്ത് നമുക്ക്  ജയിച്ചേ  മതിയാകൂ  എന്ന നിലപാട്  സ്വീകരിക്കുമ്പോൾ  നമുക്ക്  കണ്ണ്  കാണില്ല  സ്വന്തം  കുഞ്ഞില്ല,  അഛനില്ല  അമ്മയില്ല  ഭർത്താവില്ല  ഭാര്യയില്ല.  വാശി...വാശി...വാശി...അത്  മാത്രം. സ്വന്തം  കുഞ്ഞിനെ   ഇപ്രകാരമുള്ള അവസ്ഥയിൽ  കൊണ്ടെത്തിച്ചിട്ടായാലും   വാശി  ജയിക്കണം  അത്രമാത്രം.

 നമ്മുടെ  സമൂഹം  എന്ത്  മാത്രം  അധ:പതിച്ചിരിക്കുന്നു.

Thursday, November 14, 2013

പ്രതികരിക്കാൻ ഒരു വർഷം

"സുപ്രീംകോടതി   മുൻ ജഡ്ജിക്കെതിരെ ലൈംഗികാരോപണം."പത്രങ്ങൾ വെണ്ടക്കയും  മത്തങ്ങയും തലക്കെട്ടുകൾ  നിരത്തി.  ശരിയാണ്  പരമോന്നത ന്യായാസനത്തിലെ ഒരു  വ്യക്തിക്കെതിരെ  അപ്രകാരം  ഒരു  ആരോപണം  ക്ഷന്തവ്യമല്ല.
എല്ലാ പത്രവും വിശദമായി വായിച്ച്  ഈ വാർത്ത  പഠിച്ചപ്പോൾ  കണ്ടത്:(1) അദ്ദേഹം  സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ്  ഈ സംഭവം.അതും 2012 ഡിസംബറിൽ . അതിന് ശേഷം ഉടനെയോ ആ ജഡ്ജ് സർവീസിൽ  ഉണ്ടായിരുന്ന ഒരു സമയത്തോ  പരാതിക്കാരി  ഈ പീഡന  വിവരം  പുറത്ത് വിട്ടില്ല (2) പരാതിക്കാരി  ചെറിയ കുട്ടിയോ വിദ്യാഹീനയോ അല്ല. നിയമത്തിൽ ബിരുദം നേടുന്ന  കോഴ്സിന്റെ അവസാന  സെമിസ്റ്റർ  വിദ്യാർത്ഥിനി. 5 വർഷ കോഴ്സായാലും അക്കാഡമിക് ബിരുദ ശെഷമുള്ള 3വർഷ കോഴ്സായാലും പ്രായം  അപ്പോൾ  ഏകദേശം 23 വയസ്സ്. അവൾക്ക്  കാര്യങ്ങൾ  വെട്ടിത്തുറന്ന്  പറയാനുള്ള  കഴിവുണ്ടെന്ന് പിൽക്കാലത്തെ അവളുടെ  ബ്ലോഗ്  ഭാഷ തെളീയിക്കുന്നു (3) ബസ്സിൽ ഡെൽഹി പെൺകുട്ടി  കൂട്ട  മാനഭംഗത്തിന് വിധേയയായി  നാടാകെ പ്രതിഷേധജ്വാല  കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് ഈ സംഭവം (4) ഹോട്ടൽ മുറിയിൽ ജഡ്ജ് താമസിക്കുന്നിടത്തേക്ക്  സംശയം  ചോദിക്കാൻ  ഏകയായി  ചെന്നപ്പോഴാണ് പീഡനം  നടന്നത്. (5)  കേവലം ജില്ലാ ജഡ്ജ്  പോലും താമസിക്കുന്നത്  വിശാലമായ  ബംഗ്ലാവിൽ ആകുമ്പോൾ  (അതിന് സൗകര്യം  ചെയ്ത്  കൊടുക്കേണ്ടത്  സർക്കാർ  ചുമതലയാണ്) ഒരു  സുപ്രീം കോടതി ജഡ്ജ്  ഹോട്ടൽ  മുറിയിൽ  താമസിക്കുന്നതിൽ  ( അത് ഏത് നക്ഷത്ര ഹോട്ടലായാലും  ശരി) പരാതിക്കാരിക്ക്    ന്യായാധിപൻ  അവിടേക്ക്    ക്ഷണിച്ചിട്ടായാൽ  പോലും അസ്വാഭാവികത തോന്നിയില്ല ; ലൈംഗിക  അതിക്രമത്തെ കുറിച്ച് പത്രങ്ങളിൽ  നിറയെ വാർത്തകൾ  കത്തി നിന്ന  ആ കാലഘട്ടത്തിൽ പോലും സുപ്രീം കോടതി ജഡ്ജ്  ആയാൽ തന്നെയും  ഹോട്ടൽ മുറിയിലേക്കുള്ള  ക്ഷണത്തിൽ   യാതൊരു ശങ്കയും ഭയവും  തോന്നിയില്ല(6)മറ്റ്  മൂന്ന്  പെൺകുട്ടികളെയും  കാർന്നോര്  ഇപ്രകാരം  പീഡിപിച്ചിട്ടുണ്ടെന്ന്   പരാതിക്കാരി  തന്റെ  ബ്ലോഗിൽ  ഒരു വർഷത്തിന്  ശേഷം വികാരപരമായി  വെളിപ്പെടുത്തുന്നു.

  ആരോപണം  ശരിയെങ്കിൽ ന്യായാധിപൻ  ചെയ്തത്  കുറ്റകരമായ  പ്രവർത്തിയാണ്  എന്ന്   ഒരു  സംശയവുമില്ല.  ആ സ്ഥാനത്തിരുന്ന  ആൾ  എന്ന  നിലക്ക്   ഒരിക്കലും പാടില്ലാത്തത്. അത് കൊണ്ട് തന്നെ  സുപ്രീം കോടതി ഉന്നത അധികാരികൾ  ഈ പ്രശ്നം  അന്വേഷിക്കാൻ  മൂന്നംഗ  കമ്മിറ്റിയെ  നിയോഗിച്ച് കഴിഞ്ഞു.

കൂടുതൽ പേർ ചേർന്നോ  തനിച്ചോ  സമ്മതത്തോടെയല്ലാതെ   ഒരു പെൺകുട്ടിയെ  മാനഭംഗത്തിന് ഇരയാക്കുമ്പോൾ  ഇരക്ക്  ഒരു  തരത്തിലും  ബലഹീനതയാൽ  പ്രതിരോധിക്കാൻ  കഴിയാതെ വരുന്നത്  മനസ്സിലാക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ  ആ  പ്രവർത്തി നടത്തുന്നവരെ പരസ്യമായി വധ ശിക്ഷക്ക് വിധേയമാക്കേണ്ടത് തന്നെ. എന്നാൽ   അങ്ങിനെയല്ലാതെ  മുകളിൽ പറഞ്ഞ വിധമുള്ള  സന്ദർഭങ്ങളിൽ  ഭയം കൊണ്ടായാലും  പരിഭ്രമം കൊണ്ടായാലും  ചെയ്യുന്ന പ്രവർത്തി ഹീനമായി അനുഭവപ്പെടുന്നു എങ്കിൽ  ഏത് ബഹുമാന്യ വ്യക്തി ആയാലും  ഇവർ  വിധേയരാകുന്നത്  എന്ത് കൊണ്ടാണ്?   ജന്തു ജാലങ്ങളിൽ പോലും  പുരുഷ വർഗം സ്ത്രീവർഗത്തെ പ്രാപിക്കാൻ  വരുമ്പോൾ  കൂവി  ആർത്ത്  പരക്കം പായാനുള്ള  പ്രവണത പ്രകൃതിപരമായി  തന്നെ  പ്രകടിപ്പിക്കുന്നു.  പക്ഷേ  മനുഷ്യ സ്ത്രീക്ക് അതിന് കഴിവില്ലേ?   നിസ്സഹായാവസ്തയിൽ വിധേയ ആക്കപ്പെട്ടാലും  അത് ഹീനമായി അനുഭവപ്പെട്ടു  എങ്കിൽ   ഉടനെ  തന്നെ   അത് വെളിപ്പെടുത്താതെ എല്ലാം  കഴിഞ്ഞ് കാലം  പിന്നിടുമ്പോൾ അവർ ഈ സംഭവത്തെ പറ്റി വിളിച്ച് കൂവുന്നതെന്ത് കൊണ്ട്?

Sunday, November 10, 2013

കളിവള്ളം ഉണ്ടായിരുന്നു

 കായലിന്റക്കരെ  പോകാൻ  എനിക്കൊരു
 കളിവള്ളം  ഉണ്ടായിരുന്നു...

Saturday, November 9, 2013

ഏകാന്ത പഥികൻ

ഒരുകാലത്ത് കാറ്റത്ത് തലയാട്ടിക്കളിക്കുന്ന  ഓലകളാലും മധുരം പകരുന്ന  കരിക്കിനാലും  വിളഞ്ഞ് നിൽക്കുന്ന നാളികേരത്തിനാലും  സമൃദ്ധമായ  എന്റെ  തലയെടുപ്പ്  ഇന്നില്ല. ആരും  നോക്കാനും  കാണാനും  പരിചരിക്കാനും  ഇല്ലാതെ  ഏകാന്ത  പർവത്തിലാണ് ഞാൻ. മനുഷ്യർക്ക്  വൃധ സദനമെങ്കിലുമുണ്ട്;  ഞങ്ങൾക്ക്  അതുമില്ല.
                                           

Friday, November 8, 2013

അവർ ഇപ്പോഴും ഉണ്ട്.

 
മലയാള സിനിമ 75 വർഷം  ആഘോഷിക്കുന്നു  എന്ന  വാർത്തയെ  സംബന്ധിച്ച്  ചരിത്രത്തെ തമസ്കരിക്കുന്ന  ചെയ്തിയാണത്  എന്ന്  സ്പീക്കർ  ജി.കാർത്തികേയൻ  അഭിപ്രായപ്പെട്ടതായി പത്ര വാർത്ത.
 ശരിയാണ്  മലയാള മണ്ണിൽ  സിനിമാ നിർമ്മിച്ചിട്ട് 85 വർഷങ്ങൾ  കഴിഞ്ഞു എന്ന വാർത്ത തമസ്കരിക്കാൻ ആ ചിത്രം- വിഗതകുമാരൻ - ഇറങ്ങിയപ്പോഴുള്ള  മാനസികാവസ്ഥയുള്ളവർ ഇന്നും  ഉണ്ട് എന്നുള്ളതിന്റെ തെളിവാണത്. സ്വന്തം വസ്തുവും സ്വത്തും  തീറെഴുതി അന്നത്തെ ആരും ചെയ്യാത്ത ഒരു കാര്യം ജെ.സി. ഡാനിയലെന്ന  മനുഷ്യൻ ചെയ്തതിന്റെ  ശിക്ഷയായി  ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരു ചായക്ക് പോലും പൈസ്സാ കൊടുക്കാതെ നന്ദി  കാണിച്ചവരാണ് നമ്മൾ  മലയാളികൾ.  നമ്മുടെ പതിവ് സംസ്കാരം  അനുസരിച്ച്  മരണത്തിന് ശേഷം മലയാള സിനിമയുടെ അത്യുന്നത പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ  നിലവിൽ വരുത്തി പണ്ട്  ചെയ്തത്  നമ്മൾ  മറച്ച് വെച്ചു. തിരുവനന്ത പുരം  പട്ടത്ത്  ആദ്യമായി  മലയാള സിനിമയുടെ  നിർമ്മാണം  നടന്ന ചരിത്രവും  അതിലഭിനയിച്ച റോസി  എന്ന പാവം സ്ത്രീ  നായർ യുവതിയുടെ വേഷം  അഭിനയിച്ചതിന് ജീവൻ  രക്ഷിക്കാൻ നാട് വിട്ടതും  പഴങ്കഥ  ആയി എങ്കിലും ഇന്നും  ആ മനോഭാവക്കാർ നിലവിലുണ്ട് എന്നത്  മലയാള  മണ്ണിിന് തന്നെ നാണക്കേടാണ്. ബാലനാണ്  ആദ്യ  സിനിമയെങ്കിൽ അതിന് മുമ്പ്  മലയാള  മണ്ണിൽ  നിർമ്മിക്കപ്പെട്ട വിഗതകുമാരന്റെ  നിർമ്മാതാവ് ജെ.സി. ഡാനിയലിന്റെ  പേര് എന്തടിസ്ഥാനത്തിലാണ് മലയാള  സിനിമയുടെ ഏറവും വലിയ  അവാർഡിന് നൽകിയതെന്ന്  ഈ കൂശ്മാണ്ഡങ്ങൾ  പറയേണ്ടി  ഇരിക്കുന്നു. ഡാനിയലിന്റെയും റോസിയുടെയും  കഥ  എന്റെ ബ്ലോഗിൽ വായിക്കുക:ആദ്യ സിനിമാ നടി റോസി  http://www.blogger.com/blogger.g?blogID=4073231692109195740#editor/target=post;postID

Thursday, November 7, 2013

കായലരികത്ത്.....


(ചിത്രത്തിൽ ക്ലിക്ക് ചെയ്ത്  വലുതായി കാണുക.)
 ചാരി വെച്ചിരിക്കുന്ന  ബോർഡ്  കണ്ട്കൊണ്ട്  കായലിൽ  ചാടിയേക്കരുതേ!  കായലിൽ  ഉപ്പ്  വെള്ളമേ  ഉള്ളൂ.  ബോർഡിലെ  സാധനം  നീല  ഷെഡിൽ  ഉണ്ടെന്നാ തോന്നുന്നത്.
വട്ടക്കായലിലൂടെ  കൊതുമ്പ് വള്ളത്തിൽ  പോയപ്പോൾ  കണ്ടത്.

Monday, November 4, 2013

ഒരു ടൂർ പ്രോഗ്രാം

i
എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും  ആൺകുട്ടികൾ.  ടൂറിന് പോയാൽ  എവന്മാരുടെ  അടുത്ത് നിൽക്കുന്നത് പോലുള്ള  കക്ഷികളുമായി  കൂട്ട് കൂടരുതെന്ന്  പറഞ്ഞാൽ കേൽക്കേണ്ടേ?

Sunday, November 3, 2013

ശിക്ഷിക്കപ്പെടുന്ന നിരപരാധികൾ

പഴയ പത്ര താളുകൾ  പരതിയാൽ പിടികിട്ടാപ്പുള്ളിയായ  സുകുമാരക്കുറുപ്പിന്റെ  പരാക്രമങ്ങൾ  വായിക്കാൻ  കഴിയും. ഇൻഷ്വറൻസ്  തുക തട്ടി എടുക്കാൻ   തന്റെ സാമ്യമുള്ള  ഒരു ശവത്തിനായി   രാത്രി സമയം  കൂട്ടാളികളുമായി   കാറിൽ  ഇറങ്ങി   തിരിക്കുകയും  വഴിയിൽ  ബസ് കാത്ത്  നിന്ന  ചാക്കോ  എന്ന ഫിലിം റെപ്രസന്റേറ്റിവിനെ    കയറ്റിക്കൊണ്ട്  പോയി   കൊലപ്പെടുത്തി  കാറപകടത്തിൽ പെട്ട് താൻ കൊല്ലപ്പെട്ടു  എന്ന്   മറ്റുള്ളവരെ  തെറ്റിദ്ധരിപ്പിക്കാൻ  ശ്രമിച്ച് അവസാനം  സത്യം  വെളിപ്പെട്ടപ്പോൾ  ഒളിവിൽ  പോവുകയും  ചെയ്ത  സുകുമാരക്കുറുപ്പ് ഇന്നും  പിടികിട്ടാപ്പുള്ളിയാണല്ലോ. ആൾ  ഇപ്പോൾ  മരിച്ചിരിക്കാം, ജീവിച്ചിരിക്കുന്നു എങ്കിൽ  അവശനായ  വൃദ്ധനായി  മാറിയിരിക്കാം. കാലം  ഏറെ  കടന്ന്  പോയിരിക്കുന്നു.  പക്ഷേ  അന്ന്  മുതൽ  ഇന്ന് വരെ  ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്ന  ചില  നിരപരാധികൾ ഈ  കേസിലുണ്ട്. കുറുപ്പിന്റെ  കുട്ടികൾ!  അവർ  ഇന്ന്  പ്രായപൂർത്തിയെത്തിക്കഴിഞ്ഞിരിക്കും, എങ്കിലും അവർ  കുറുപ്പിന്റെ  മക്കൾ  എന്നറിയപ്പെടുമ്പോൾ  അവർക്കുണ്ടാകുന്ന  മനപ്രയാസം  മനസിലാക്കണമെങ്കിൽ   തീരെ  ചെറുപ്പത്തിൽ  പള്ളിക്കൂടങ്ങളിൽ  വെച്ച് അവർക്കുണ്ടായ  അനുഭവങ്ങൾ  തിരിച്ചറിയേണ്ടിയിരിക്കുന്നു.  അന്നുണ്ടായ  രോഷത്താൽ  അവരെ പൊതുജനം  പള്ളിക്കൂടത്തിൽ  നിന്നും  ആട്ടിയോടിച്ചു. അവർ ചെയ്യാത്ത  കുറ്റത്തിന് ആ  കുരുന്നുകൾ  പൊതുജനങ്ങളാൽ പേപ്പട്ടിയെ  പോലെ  വേട്ടയാടപ്പെട്ടപ്പോൾ  അവരുടെ  മനസ്സിലെ  ദു:ഖം  എത്രമാത്രമായിരിക്കാം. "ഞങ്ങൾ   ചെയ്യാത്ത കുറ്റത്തിന്  ഞങ്ങളോട്   എന്തിനീ   ക്രൂരത  കാണിക്കുന്നു"  എന്ന്  അവർ  ഉള്ളിൽ  കേണിരിക്കാം.
വർഷങ്ങൾ  പലതും താണ്ടി  ഇന്ന്   ഈ ചാനൽ യുഗത്തിൽ  നാം  എത്തി ചേർന്നപ്പോൾ    പണ്ട് പത്ര വായനയും  വാർത്താ ശ്രവണവും  വഴി മനസ്സിൽ  പതിഞ്ഞതിനേക്കാളും  ചാനലിലൂടെ  ദൃശ്യങ്ങൾ  നേരിൽ  കണ്ട്  ചെറു സംഭവങ്ങൾ  പോലും പർവതീകരിക്കപ്പെട്ട്   മനസ്സിന്റെ   അഗാധതയിൽ പതിയാനിടയാകുകയും  കണ്ടു കേട്ടും  പരസ്പരം  പറഞ്ഞും  ഏതു സംഭവങ്ങളും  നമുക്ക്  സുപരിചിതമായി  തീരുകയും  ചെയ്യുന്നു.  ഇത് കാരണത്താലും  കുറ്റം ചെയ്യപ്പെട്ടവന്റെ ബന്ധുക്കൾ  സമൂഹ  മദ്ധ്യത്തിൽ  പെട്ടെന്ന്  തിരിച്ചറിയപ്പെട്ട്  മാനസികമായി  പീഡനങ്ങൾ  അനുഭവിച്ച് കൊണ്ടേ  ഇരിക്കുന്നു.
എറ്റവും ബഹുമാനിതനായ  ഒരു  ഓഫീസ്സർ .  സരസ്സനും കീഴ്ജീവനക്കാരന് കർക്കശക്കാരനല്ലാത്തവനും  എല്ലാവരോടും സമഭാവത്തിൽ പെരുമാറുന്നവനും  അന്യ ദു:ഖത്തിൽ കരുണയുള്ളവനുമായ  അദ്ദേഹം തന്റെ സഹോദരനുമായുള്ള  ബന്ധം  ചെറുപ്പത്തിലേ  വിഛേദിച്ചിരുന്നു. കാരണം  അയാളുടെ  പ്രവർത്തികൾ  ഒരു തരത്തിലും ശരിയല്ലാത്തതായിരുന്നു. നന്നാക്കാൻ  നോക്കിയാലും നന്നാകാത്ത ഇനം. പിൽക്കാലത്ത്  അയാൾ  ഒരു  കേസിൽ ചെന്ന്  കുടുങ്ങി  ശിക്ഷയും വാങ്ങി.   ചാനലുകളും  പത്രങ്ങളും ആ വാർത്ത ഘോഷിക്കുമ്പോൾ  അയാളുമായുള്ള എല്ലാ ബന്ധങ്ങൾ വർഷങ്ങളായി  വിഛേദിച്ചിരുന്നിട്ടു പോലും നടേ  പറഞ്ഞ  ആദരണീയനായ ഓഫീസ്സർ  പലയിടങ്ങളിലും അറിയപ്പെട്ടിരുന്നത്  ഈ സഹോദരന്റെ  കെയർ ഓഫിലായിരുന്നു. "ഞാൻ  അവനുമായുള്ള  ബന്ധം  അവന്റെ പ്രവർത്തികൾ മൂലം  ചെറുപ്പത്തിലേ വിഛേദിച്ചിരുന്നു"  എന്ന്  ചെണ്ടകൊട്ടി  പരസ്യപ്പെടുത്താൻ  ആ നല്ല മനുഷ്യന് സാധ്യമല്ലായിരുന്നല്ലോ.
ഒരു ദുർബല നിമിഷത്തിൽ   തെറ്റിദ്ധാരണയുടെ പേരിൽ  ഒരു പിതാവ്  പെണ്ണ് കേസിൽ  പെട്ടു.   കുട്ടികൾ    അദ്ദേഹത്തെ  ജീവന്  തുല്യമായിരുന്നു സ്നേഹിച്ചിരുന്നത്. പിതാവിനെതിരായ  ആരോപണങ്ങൾ  ചാനലുകൾ  ഉൾപ്പടെ  മാധ്യമങ്ങളിലൂടെ  പുറത്ത്  വന്നപ്പോൾ  മകളുടെ സതീർത്ഥ്യർ അവളെ  കുത്ത് വാക്കുകൾ  പറഞ്ഞ് നോവിപ്പിച്ചു. വൈകുന്നേരം  കോളേജ്  വിട്ട് പുറത്ത് വന്നപ്പോൾ  ഒരു വിരുതൻ  അവളുടെ പുറക് വശത്ത് തട്ടിയിട്ട് പറഞ്ഞുവത്രേ! "ഹായ്! നല്ല സ്ട്രെക്ചർ!!  പെൺകുട്ടിയുടെ മുഖത്തെ പ്രതിഷേധവും കോപവും കണ്ടപ്പോൾ  അവൻ  പ്രതികരിച്ചു "നിന്റഛൻ  ചെയ്തതേ  ഞാനും  ചെയ്തുള്ളൂ."
ജനപ്രതിനിധിയും ഒരു യുവതിയും  പൊറോട്ടാക്ക്  മാവ്  കുഴക്കുന്നത്  പോലെ കട്ടിലിൽ കിടന്ന് ഉരുട്ടി  പിടിക്കുന്നത്  ആവർത്തിച്ചാവർത്തിച്ച്   ചാനലുകാർ  പ്രദർശിപ്പിച്ച് അർമാദിച്ചപ്പോൾ  ക്രൂശിക്കപ്പെട്ടത്   അദ്ദേഹത്തിന്റെ ഭാര്യയും  കുട്ടികളും  ആയിരുന്നല്ലോ!   "ദേ!  ചാനലിൽ  നിങ്ങളുടെ അപ്പന്റെ/ഭർത്താവിന്റെ  സീൻ   കാണിക്കുന്നു"  എന്ന്  ആരെങ്കിലും ഫോൺ ചെയ്ത്  പറഞ്ഞ് അറിയിച്ചതിനെ  തുടർന്ന്  ചെന്ന്  നോക്കിയപ്പോൾ  അവർക്കുണ്ടായ   ഞെട്ടൽ  എന്തും  മാത്രമായിരിന്നിരിക്കാം. ഉള്ളിൽ പരിഹാസവും പുശ്ചവും  പുറമേ  അനുതാപവും  കാണിച്ച് ബന്ധുക്കളും പരിചയക്കാരും സഹതപിക്കാൻ ചെന്നപ്പോൾ അവരുടെ ഉള്ളം  എത്രമാത്രം  നീറിയിരിക്കാം.
മക്കൾ ചെയ്യുന്ന കുറ്റത്തിന് സമൂഹത്തിൽ തലകുനിച്ച് നിൽക്കുന്ന എത്രയോ രക്ഷിതാക്കൾ!   രക്ഷിതാക്കൾ  ചെയ്യുന്ന തെറ്റിന്  ക്രൂശിക്കപ്പെടുന്ന സന്തതികൾ! ഭാര്യമാർ! 
കുറ്റം ചെയ്യുന്നവൻ   ശീക്ഷിക്കപ്പെടുന്നത് അവൻ  കുറ്റം ചെയ്തിട്ടാണ്.  കുറ്റം ചെയ്യാത്തവർ  ശിക്ഷിക്കപ്പെടുന്നതോ?!

Thursday, October 31, 2013

പെട്രോൾ ചിലവില്ല

 സഫാക്ക്  യാത്ര ചെയ്യാൻ  പെട്രോൾ ചെലവില്ല. സഫായെ  കാണാൻ  ഇവിടെ  പോയാലും  മതി  http://sheriffkottarakara.blogspot.in/2011/09/blog-post_25.html

Tuesday, October 29, 2013

എനിക്ക് കിട്ടണം പണം.

ഇന്ന് രാവിലെ  നടക്കാനിറങ്ങിയപ്പോൾ  ആ പെൺകുട്ടിയെ  അവരുടെ  വീടിന്റെ  മുൻ വശത്തായി  കണ്ടു.  ഉദിച്ചുയരുന്ന  സൂര്യന്റെ  പൊൻ കിരണങ്ങൾ  മുഖത്ത്  ചിരിയായി  പരത്തി അവൾ എന്നെ  അഭിവാദ്യം ചെയ്തു. മനസ്സിൽ നൊമ്പരത്തോടെയാണെങ്കിലും  ഞാൻ  തിരിച്ച് അഭിവാദ്യം  ചെയ്ത  ശേഷം  മുന്നോട്ട് നടക്കുമ്പോൾ  ഇത്രയും  പ്രസന്നവതിയായ   ഇവളെ  വേണ്ടെന്ന്  വെച്ച  ആ മൂഡൻ  തീർച്ചയായും  അനുഭവിക്കും  എന്ന്  മനസ്സിലാരോ  പറയുന്നുണ്ടായിരുന്നു. കേവലം  രണ്ട് മാസം  മാത്രം വിവാഹജീവിതത്തിൽ  ഏർപ്പെട്ടതിന് ശേഷം   അവളെ  നിഷ്കരുണം  ഉപേക്ഷിക്കുമ്പോൾ  അവന്റെ  മനസ്സിൽ  പണത്തിന് നേരെയുള്ള  ആർത്തി  മാത്രമാണുണ്ടായിരുന്നത്.  ഉന്നത  വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരിയായ  അവൾക്ക്  ഹെറിഡറ്ററിയായി  കിട്ടിയ  ശരീര വണ്ണം മാത്രം ന്യൂനതയായി   ഉണ്ടായിരുന്നതല്ലാതെ മറ്റൊരു  കുറ്റവും  ഇല്ലായിരുന്നല്ലോ. അത് അവൾ മനപൂർവം  വരുത്തി വെച്ചതുമല്ല. ചിലരുടെ  ശരീര പ്രകൃതം  അങ്ങിനെയാണെന്ന്  മാത്രം. ആ ന്യൂനത  പരിഹരിക്കാനായി  അവൾക്ക് നല്ല  ഊർജസ്വലതയും  പ്രസന്നതയും  എപ്പോഴും  ചിരിച്ച  മുഖവും  പ്രകൃതി  നൽകിയിരുന്നല്ലോ.  മാത്രമല്ല അവൻ ഈ കുട്ടിയെ കല്യാണത്തിന് മുമ്പ്  കണ്ട്  ബോദ്ധ്യപ്പെട്ടിട്ടായിരുന്നു  വിവാഹം  കഴിച്ചത്.  പക്ഷേ  അവളുടെ  ന്യൂനത ഒന്നുമല്ലായിരുന്നു  ഉപേക്ഷിക്കാൻ  കാരണം. അവൻ  പണം  മാത്രം  ലക്ഷ്യം വെച്ചായിരുന്നു  ഈ ബന്ധത്തിന് മുതിർന്നത്. പെൺകുട്ടിക്ക് അൽപ്പം  ന്യൂനത  വല്ലതുമുണ്ടെങ്കിൽ അത് അവന്റെ ലക്ഷ്യ സാദ്ധ്യതക്കായി  ഉപയോഗിക്കാമെന്ന് അവൻ  കരുതി.  അല്ലാതെ  ത്യാഗ മനസ്ഥിതിയിലല്ല അവൻ  ആ കുട്ടിയെ  വിവാഹം  കഴിച്ചതെന്ന്  അവന്റെ പിൽക്കാല  ചെയ്തികൾ  സാക്ഷ്യം വഹിച്ചു. ആദ്യം  ആഭരണങ്ങൾ വിറ്റ്  ധൂർത്തടിച്ചു. പിന്നീട്  വൻ തുകകൾ  ആവശ്യപ്പെട്ട് തുടങ്ങി. തുടർന്ന്  അവളുടെ ഏക  വാസസ്ഥലം വിൽക്കാൻ  പ്രേരിപ്പിക്കാൻ  തുടങ്ങി. രണ്ട്  മാസം  കൊണ്ട് ഇത്രയുമായപ്പോൾ    ബുദ്ധിമതിയായ അവൾക്ക്  ആളെ മനസ്സിലായി. പണം  മാത്രം  ആവശ്യമുള്ള  സ്നേഹത്തിന്റെ കണിക പോലും  കാണിക്കാത്ത  ഈ പണ പേ  പിശാചിന്റെ  ഉദ്ദേശ ലക്ഷ്യം  മനസ്സിലാക്കിയപ്പോൾ  അവൾ അവന്റെ  പണത്തിന് വേണ്ടിയുള്ള  നിർബന്ധം കണ്ടില്ലാ എന്ന്  നടിച്ചു. ഫലം  അവൾ തിരികെ  വീട്ടിൽ  വരാൻ  ഇടയായി. കുറച്ച്  കാലം  കഴിഞ്ഞപ്പോൾ  വിവാഹ ബന്ധം  വിടർത്തി നോട്ടീസ്  വന്നു.  ആ നോട്ടീസിനെ നിയമ പരമായി  നേരിടാനുള്ള  ഒരുക്കത്തിലാണ് അവളിപ്പോൾ. അവളിൽ നിന്നും  പിടിച്ച് വാങ്ങിയ  മുതലുകൾ നഷ്ട പരിഹാരം  സഹിതം  ഈടാക്കാൻ  ഈ നാട്ടിൽ  നിയമങ്ങളുണ്ട്.  പക്ഷേ അവൾക്കത്  ലഭ്യമാകാൻ  വർഷങ്ങൾ കോടതി വരാന്തകളിൽ അവളുടെ  ജീവിതം  തള്ളി  നീക്കേണ്ടി വരുമെന്ന സത്യം  മനസ്സിൽ കഠാര മുള്ളുകൾ കുത്തി കയറ്റുകയാണ്.
 ഇവിടെ  ചിന്തിക്കേണ്ട  വിഷയം  മറ്റൊന്നാണ് . സമൂഹത്തിലെ  ആവശ്യമില്ലാത്ത വിഷയങ്ങൾക്കായി  ഘോര ഘോരം  ശബ്ദം  ഉയർത്തുന്ന  നേതാക്കൾ ഈ വക  പീഡനങ്ങൾക്കെതിരെ  ശബ്ദം  ഉയർത്താൻ  സമയം  കണ്ടെത്തേണ്ടതല്ലേ. വിവാഹ  നിശ്ചയം മുതൽ ഇടപെടുന്ന സമുദായ പരിപാലന സമിതികൾ ,  ഓരോ വ്യക്തിയും ചേർന്നതാണ് സമൂഹമെന്ന  ചങ്ങലയെന്നും   ചങ്ങലയിലെ കണ്ണികൾക്ക്  കേട് പാടുകൾ ഉണ്ടായാൽ  അത് ചങ്ങലയുടെ ദൃഢതയെ തന്നെ ബാധിക്കുമെന്ന സത്യം  ഇനിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ.  ഈ വക  ആർത്തി പണ്ടാരങ്ങൾ  പുനർ വിവാഹത്തിന്  അനുവാദ അപേക്ഷ നൽകുമ്പോൾ   അനുവാദം നൽകാതിരിക്കുകയും  ആദ്യ വിവാഹ ബാദ്ധ്യതകൾ  പരിഹരിച്ച് കിട്ടുവാൻ  കോടതി കയറി ഇറങ്ങുന്ന  ആ പെൺകുട്ടിയെ  കോടതിയിൽ നിന്നും  തിരിച്ച് വിളീച്ച്  അവളുടെ  ബാദ്ധ്യതകൾ  തീർത്തിട്ട്   വാ പിന്നെ നിനക്ക് പുനർ വിവാഹത്തിന്  അനുവാദം  തരാം  എന്ന്  പറയാനും   ചങ്കൂറ്റം കാണിക്കുവാൻ  തയറാകേണ്ടതുമല്ലേ ?

Sunday, October 27, 2013

ഞങ്ങളോട് കളിക്കല്ലേ!

100 ജീവൻ  രക്ഷാ ഔഷധങ്ങളുടെ  വില കുറച്ചു  എന്ന പത്രവാർത്ത  ഈ  നാട്ടിലെ  പ്രജകളെ  വല്ലാതെ  സന്തോഷിപ്പിച്ചു. സർക്കാരിന്റെ  മേൽനോട്ടത്തിൽ  ഈ മരുന്നുകളുടെ  വില വിവര പട്ടിക  പുറത്തിറങ്ങുകയും  ചെയ്തു. തുടർന്ന്  പല മരുന്നുകളും  കമ്പോളത്തിൽ നിന്നും  അപ്രത്യക്ഷമാകുകയും ഔഷധ വിപണന രംഗത്ത് കുറച്ച് ദിവസങ്ങളിൽ  പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. വീണ്ടും അൽപ്പം ദിവസങ്ങൾ  കടന്ന്  പോയി. വില ക്രമീകരിക്കാനും  പുതിയ ബില്ല് ഇട്ട് മരുന്നുകൾ വരാനുമുള്ള ഈറ്റ്  നൊമ്പരമാണ് ആ ദിവസങ്ങളിൽ  നടക്കുന്നതെന്നും  അന്ന് അഭ്യൂഹം  പരന്നിരുന്നു. എന്തായാലും  കുറച്ച് ദിവസങ്ങൾക്ക്  ശേഷം  എല്ലാം ക്രമീകരിക്കപ്പെട്ടു. സർക്കാരിന്റെ വില നിയന്ത്രണം  ഔഷധ കമ്പനികൾ  അംഗീകരിച്ചു. കുറഞ്ഞ  വിലക്ക് മേൽ പറഞ്ഞ ഔഷധങ്ങൾ കമ്പോളത്തിലെത്തുകയും ചെയ്തു. പക്ഷേ ആ അൽപ്പം ചില ദിവസങ്ങളിൽ  ഔഷധ കമ്പനികൾ  സുന്ദരമായി ഒരു വേല ഒപ്പിച്ചു. മേൽപ്പറഞ്ഞ  100  മരുന്നുകളുടെ വില  കുറച്ചതോടൊപ്പം  മറ്റ്  പല മരുന്നുകൾക്കും  വില കൂട്ടി. 100 ഇനങ്ങളിൽ വന്ന നഷ്ടം മറ്റ് മരുന്നുകളുടെ വില വർദ്ധിപ്പിച്ചതിലൂടെ  അങ്ങ് പരിഹരിക്കുകയും അൽപ്പം  ലാഭം കൂടി ഉണ്ടാക്കുകയും ചെയ്തു. സർക്കാർ  ഇതിനെതിരെ കമാന്ന് ഒരക്ഷരം പറയാതെ ഞാനൊന്നുമറിഞ്ഞില്ലേ  രാമ നാരായണാ എന്ന മട്ടിൽ  നിശ്ശബ്ദരായിരിക്കാൻ  മിടുക്ക്  കാട്ടുകയും ചെയ്തു.  മറ്റേ  മരുന്നുകളുടെ  വില കുറക്കുന്നതിന്  മുമ്പ്  ഉണ്ടായിരുന്ന വിലയേക്കാളും കൂടുതലാണ് വില കുറച്ച ലിസ്റ്റിൽ അല്ലാത്ത  മരുന്നുകൾക്കും  മെഡിക്കൽ  ഉപകരണങ്ങൾക്കും ഇപ്പോൾ വില.  വില കുറപ്പ് പരിപാടി  വരുന്നതിനു മുമ്പ് വൺ ടച്ച് സ്റ്റിക്കറിന് (രക്തത്തിലെ പഞ്ചസാര പരിശോധിക്കുവാൻ ഉപയോഗിക്കുന്ന സൂത്രം) 10ന്റെ പാക്കറ്റിന് മാവേലി ഔഷധ വിൽപ്പന ശാലയിൽ വില 245 രൂപ. ഇപ്പോൾ വില 309 രൂപാ.  ഇങ്ങിനെ  ഓരോ ഐറ്റത്തിനും  വില  അങ്ങ് കൂട്ടി നാട്ടുകാരെ വായിൽ മണ്ണിട്ടു, മരുന്ന് കമ്പനിക്കാർ.
പിന്നേ! ഞങ്ങളുടെ അടുത്തല്ലേ  ഈ സർക്കാരിന്റെ  വേല. ഞങ്ങൾ-കമ്പോളമാണ്- സർക്കാരിനെ  നിയന്ത്രിക്കുന്നത്.  ഞങ്ങൾ  കമ്പോളം  തീരുമാനിക്കും  ഇവിടത്തെ  ജനങ്ങൾ  എങ്ങിനെ  ജീവിക്കണമെന്ന്,  ആരു  ജനങ്ങളെ  ഭരിക്കണമെന്ന് . നിങ്ങൾ  ഞങ്ങളെ തളക്കാൻ  നോക്കിയാൽ  ഞങ്ങൾ  അതിന് മറു  പണി  ഒപ്പിക്കും.  ഞങ്ങൾക്ക്  ഒരേ ലക്ഷ്യം: ലാഭം!  അത് മാത്രം . അതിനായി  ഞങ്ങൾ  പണ ചാക്കുകൾ  എത്തേണ്ടിടത്ത് എത്തിച്ച് അധികാര സ്ഥാനങ്ങളെ  നിശ്ശബ്ദരാക്കും. നിങ്ങളുടെ  ജീവിതവും മരണവും ചികിൽസയും ആഹാരവും  രോഗവും എല്ലാം  ഞങ്ങൾ  വരച്ച് വെച്ച ചാർട്ടിൻ  പ്രകാരം  മാത്രം. അത്  കൊണ്ട്  കളിക്കല്ലേ  മക്കളേ!  കമ്പോളത്തിനോട് കളിക്കല്ലേ  കുഞ്ഞുങ്ങളേ!

Saturday, October 26, 2013

അമ്മയും അടിയും

ചെറുപ്പത്തിൽ  ഉമ്മാ  എന്നെ  വല്ലാതെ  ശിക്ഷിച്ചിരുന്നു. കയ്യിൽ  കിട്ടിയിരുന്നതെന്തായാലും  അത് കൊണ്ടെന്നെ  പ്രഹരിക്കാൻ  ഉമ്മാക്ക്  ഒരു  മടിയുമില്ലായിരുന്നു. ശരിക്കും  പിരാക്കും ചീത്ത വിളിയും  പുറമേ. ഒരിക്കൽ  ചട്ടകം ചൂടാക്കി  വെപ്പും  നടന്നു. എന്റെ  കയ്യിലിരിപ്പും  ഒട്ടും  കുറവില്ലായിരുന്നു  എന്നതും  നേര്. 15 വയസ്സിന്  ശേഷവും   എന്റെ  നേരെയുള്ള  ഉമ്മായുടെ  ശൈലിക്ക്  മാറ്റമൊന്നുമില്ലായിരുന്നു.
ബാപ്പാ അടിയോട് അടിയായിരുന്നു  എന്നെ.  ഒരിക്കൽ ഖുർ ആൻ  നഷ്ടപ്പെടുത്തിയതിനായിരുന്നു  ശിക്ഷ .  മദ്രസ്സയിൽ  പോക്ക്  എന്നെ വട്ട് പിടിപ്പിച്ചു. ഓതിയില്ലെങ്കിൽ  ഞങ്ങളുടെ  ഉസ്താദ്  സൈക്കിൾ  ചവിട്ടിക്കും.  തുടയിൽ  നഖം  താഴ്ത്തുമ്പോൾ ആ കാൽ  പൊക്കി നിൽക്കും,  അതിനെയാണ് സൈക്കിൽ  ചവിട്ട്  എന്ന്  പറയുക. ശരി! ഖുർ ആൻ  ഗ്രന്ഥം  ഉണ്ടെങ്കിലല്ലേ മദ്രസ്സയിൽ  അയക്കൂ.  ഞാൻ  വിശുദ്ധ ഗ്രന്ഥം  ഒളിപ്പിച്ച്  വെച്ചിട്ട്  അത്  കണ്ടില്ലാ എന്ന്  കള്ളം  പറഞ്ഞ് മദ്രസ്സയിൽ  പോയില്ല. അന്ന്  വൈകുന്നേരം  ഉസ്താദ്  ബാപ്പായോട്  വിവരം  പറഞ്ഞു.  എന്റെ  കൂട്ടുകാരിലൊരു  ജൂദാസ്സ്  ഞാൻ  ഒളിച്ച്  വെച്ചിടത്ത്  നിന്നും  ഖുർ ആൻ  കണ്ടെടുത്ത്  ഉസ്താദിനെ  ഏൽപ്പിച്ചിരുന്നു. അന്ന്  എന്നെ  ബാപ്പാ തല്ലിയ  തല്ല്! ഉഗ്രൻ  അടിയായിരുന്നു. വിരൽ വണ്ണമുള്ള  ചൂരൽ  അച്ചലും മുച്ചാലും  പായിച്ചു. എന്റെ  കണം  കൈ ഒടിഞ്ഞോ  എന്നെനിക്ക് സംശയമായി.  അവസാന  പ്രോഗ്രാം  എന്ന രീതിയിൽ  എന്നെ  തൂക്കി  എടുത്ത് അടുത്ത് നിന്നിരുന്ന  തെങ്ങിലേക്ക്  എറിഞ്ഞു. അയൽ പക്കത്തെ  ഒരു കൊച്ചുമ്മാ  എന്നെ  വാരിയെടുത്ത്  കൊണ്ട്  പോയതോടെയാണ് അടി  നിന്നത്.
പക്ഷേ  എന്റെ  ബാപ്പായെ  എനിക്ക്  പ്രാണനായിരുന്നു.  ഉമ്മയേയും. ബാപ്പാ  മരിച്ചിട്ട് നവംബർ 23ന് 39  വർഷമാകുന്നു. വൃദ്ധനാകുന്നതിന് മുമ്പ്  ബാപ്പാ മരിച്ചു.  ഇല്ലായ്മയിൽ  ഞങ്ങൾക്ക്  ആഹാരം  നൽകി   ബാപ്പാ പട്ടിണി കിടന്നാണ്  മരിച്ചത്.  ഇന്നും  ബാപ്പായുടെ  സ്മരണ  എന്നിൽ  വിങ്ങൽ  ഉണ്ടാക്കും. എന്നിൽ  വായനാ ശീലം  ഉണ്ടാക്കിയത്  ബാപ്പായുടെ  പുസ്തക  വായനയായിരുന്നു. പട്ടിണി  മാറി  ബാപ്പാക്ക്  മക്കൾ  നല്ല  ജീവിതം  കൊടുക്കുന്നതിനു  മുമ്പ്  കഷ്ട കാലത്തിൽ  തന്നെ  ബാപ്പാ യാത്രയായി.  പക്ഷേ  ഉമ്മാ ഒരുപാട് നാൾ  ജീവിച്ചാണ്  മരിച്ചത്.2004ൽ.  ഉമ്മാ പട്ടിണി  മാറിയ  കാലത്താണ്  പോയത്. എങ്കിലും  പണ്ട്  ശിക്ഷിച്ചതിന്റെ  അസ്വാരസ്യം  ഞങ്ങൾക്ക് ആർക്കുമില്ലെന്ന്  മാത്രമല്ല  അത്  പറഞ്ഞ്  ഞങ്ങൾ ചിരിക്കാറുമുണ്ടായിരുന്നു..  ഇത്  ഇത്രയും  ഇവിടെ  കുറിച്ചിടാൻ  കാരണം  അടുത്ത  ദിവസത്തെ  പത്രവാർത്തയാണ് . സ്വന്തം  കുട്ടിയെ   ഏതോ  കുറ്റത്തിന്  ചൂട്  വെച്ച  അമ്മയെ  പോലീസ് പിടികൂടി  കേസ്  ചാർജു ചെയ്തുവത്രേ്. പണ്ട് വികൃതി  കാട്ടുമ്പോൾ  അമ്മമാരും മറ്റും  പറയാറുണ്ടായിരുന്നു,  നിന്നെ  ചട്ടകം  ചൂടാക്കി  വെക്കും,  വായിൽ  മുളക് തേക്കും എന്നൊക്കെ.  ചിലർ  അത്  പ്രവർത്തി രൂപത്തിലാക്കിയെന്നുമിരിക്കും.  പണ്ട്  ചൈൽഡ് വെൽഫയർ  കമ്മിറ്റി  ഒന്നുമില്ലാതിരുന്നത്  കൊണ്ട്   എന്റെ  ബാപ്പായും  ഉമ്മായും  രക്ഷപെട്ടു. അല്ലെങ്കിൽ പോലീസ്സ് അവരെ പൊക്കിയേനെ.  പക്ഷേ, അപ്പോഴും  എനിക്ക്  ഉറപ്പിച്ച്  പറയാൻ  കഴിയും  അവരെ  പോലീസ്സ്  പിടിക്കാൻ  ഞങ്ങൾ  മക്കൾ  സമ്മതിക്കില്ലായിരുന്നു.  കാരണം ആ കാലത്തെ  പട്ടിണിയും  ദാരിദൃയവും   കഷ്ടപ്പാടുകളും  അവരുടെ ഉള്ളിൽ  മാരകമായ  തോതിൽ  സംഘർഷം  സൃഷ്ടിക്കുമ്പോൾ  ആ സംഘർഷം  അവരുടെ  സ്വന്തം കുഞ്ഞുങ്ങളുടെ  മേൽ  അറിയാതെ അവർ  ചൊരിഞ്ഞ്  പോകുന്നതാണെന്നും  അവർ  ശിഷിക്കുമ്പോഴും  അവരുടെ  സ്നേഹം   എത്രമാത്രം  ഞങ്ങളുടെ  മേൽ  ഉണ്ടായിരുന്നെന്നും  ഞങ്ങൾ  തിരിച്ചറിഞ്ഞിരുന്നു.

Sunday, October 20, 2013

പ്രണയം സിനിമാ ഗാനങ്ങളിലൂടെ

കഴിഞ്ഞ ദിവസം റ്റി.വി പ്രോഗ്രാമിലൂടെ പഴയ ഒരു ഹിന്ദി  ഗാനം   കേൾക്കാനിടയായി. റാഫി  പാടിയ  ആ ഗാനം  ഒരു  ചെറുപ്പക്കാരൻ മധുരമായി  ആലപിച്ചപ്പോൾ  ഇത്രയും  വർഷങ്ങൾക്ക്  ശേഷവും ആ  പാട്ടിന്റെ  മാസ്മരികത മനസ്സിനെ  സ്വാധീനിക്കുന്നല്ലോ    എന്ന്   അതിശയിച്ച്  പോയി.  പ്രോഗ്രാമിൽ  പങ്കെടുത്ത യുവതലമുറ  ആ  പാട്ടിൽ ലയിച്ച്  പോയതായി  കാണപ്പെട്ടു.  "ഹൃദയത്തിൽ  തൊട്ട പാട്ട്"  എന്ന്  ഗാനം  കേട്ട്കൊണ്ടിരുന്ന  ഒരു  വിധികർത്താവ്  ഉരുവിട്ടപ്പോൾ  മറ്റുള്ളവർക്ക്  അതേറ്റ്  പറയേണ്ടി വന്നു.
ബഹാരോം  ഫൂലു ബർസാവോ
മേരാ  മഹ്ബൂബ്  ആയാഹേ
മേരാ...മെഹ്ബൂബ്  ആയാഹേ......
മുഹമ്മദ്  റാഫിയുടെ  സ്വര മാധുരിയിലൂടെ ഞങ്ങളുടെ  തലമുറ  കൗമാര  പ്രായത്തിൽ ആ ഗാനം മനസ്സിലേറ്റി  നടന്നിരുന്നു.
അതേ! ഞങ്ങളുടെ  തലമുറക്ക് കൗമാരത്തിലും  യൗവ്വനത്തിലും മനസ്സിലേറ്റാൻ  അങ്ങിനെ ഒരു പിടി  സിനിമാ ഗാനങ്ങളുണ്ടായിരുന്നു;  ഹിന്ദിയിലും  മലയാളത്തിലും  തമിഴിലുമായി  ഞങ്ങൾ  അതേറ്റ്  പാടി. ഞങ്ങൾക്ക്  മുമ്പുള്ള  തലമുറയും ആ  കാര്യത്തിൽ  ഭാഗ്യം  ചെയ്തവരായിരുന്നു. എന്റെ ബാപ്പയും  കൊച്ചാപ്പായും അവരുടെ  തലമുറയും  "സോജാ  രാജകുമാരിയിലും"  ദുനിയാ കേ  രഖ്  വാലയിലും  "  അലിഞ്ഞ്  ചേർന്നിരുന്നല്ലോ!.  അവരുടെ  അനന്തര  തലമുറയായ  ഞങ്ങളുടെ    കൗമാര കാലത്തും  മധുര ഗാനങ്ങൾ  പെയ്തിറങ്ങിയെങ്കിലും  ഇന്നത്തെ  തലമുറക്ക്  ആ ഭാഗ്യം  കൈ വന്നിട്ടില്ലാ   എന്ന്   ദു:ഖത്തോടെ  സമ്മതിക്കേണ്ടി  വരുന്നു. ചുരുക്കം  ചില  ദിവസങ്ങളിൽ  മാത്രം  മനസ്സിൽ  തങ്ങി  നില്ക്കുന്ന,   ദ്രുത താളങ്ങളിലും  ശബ്ദ ഘോഷ വാദ്യോപകരണങ്ങളിലും  അധിഷ്ഠിതമായ,  അർത്ഥരഹിതമായ ഇന്നത്തെ ഗാനങ്ങൾ  ഇനി വരുന്ന കാലത്ത്    പുതിയ  തലമുറക്ക്    വികാരസ്പർശിയായി  അനുഭവപ്പെടില്ലാ എന്ന്  തീർച്ച.
ഞങ്ങളുടെ  കൗമാരകാല  പ്രണയങ്ങൾ  ആഘോഷത്തോടെ  കൊണ്ടാടുവാൻ  തക്ക വിധം  അർത്ഥസമ്പുഷ്ടിയുള്ള  ഗാനങ്ങൾ  സുലഭമായിരുന്നല്ലോ. ഇന്നും  ആ ഗാനങ്ങൾ  കേൾക്കുമ്പോൾ  ഞങ്ങളുടെ  പ്രണയവും  പ്രണയഭംഗവും  സിനിമയിലെന്ന വണ്ണം ഞങ്ങളുടെ  മനസ്സിലൂടെ  ഇരമ്പി  പായാൻ തക്കവിധം അവ  ഞങ്ങളെ  സ്വാധീനിച്ചിരുന്നു.
വീട്ടിൽ  നിന്നും  പുറത്തേക്കിറങ്ങുമ്പോൾ  ഞങ്ങളെ  നോക്കി  നിൽക്കുന്ന  അയല്പക്കത്തെ  കാമിനിയെ  നോക്കി    " അയലത്തെ  സുന്ദരീ  അറിയാതെ  വലക്കല്ലേ,  അപരാധമൊന്നും  ഞാൻ  ചെയ്തില്ലല്ലോ"  എന്ന്   നീട്ടി  പാടാൻ  മൂട് പടം  എന്ന  ചിത്രത്തിൽ  മധു പാടി  അഭിനയിച്ച  ഗാനം  ഉപകാരപ്പെട്ടിരുന്നു.  വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച്  " ഓട്ടക്കണ്ണിട്ട്  നോക്കും  കാക്കേ, തെക്കേ  വീട്ടിലെന്ത്  വർത്താനം  കാക്കേ"  എന്ന്  ഞങ്ങൾ  ചോദ്യ  രൂപത്തിൽ  പാടുമ്പോൾ  "പൂവാലനായി  നിൽക്കും  കോഴീ,  ഇപ്പോൾ  കൂവിയതെന്താണ്  കോഴീ"  എന്ന്  അവൾക്ക്  മറുപടി  പറയാൻ  തക്കവിധം  നീലീ  സാലീ    എന്ന ആദ്യ മലയാള  തമാശ  ചിത്രത്തിലെ  ഗാനം  ആണിനും  പെണ്ണിനും  അന്ന് പരുവപ്പെട്ട്  കിട്ടിയിരുന്നു. അല്ലെങ്കിൽ  "നാൻ  പേശ  നിനപ്പതെല്ലാം  നീ പേശ വേണ്ടും എന്ന  തമിഴ് പാട്ട് (പാലും  പഴവും)  കാമുകൻ  പാടുമ്പോൾ  "നാളോടും  പൊഴുതോടും  ഉരൈവാര വേണ്ടും,  നാനാകെ   വേണ്ടും മ് മ് മ്  "  എന്ന്  അവൾക്ക്  മറുപടി  പറയാനും  സാധിച്ചിരുന്നു.
ഈ  അനുരാഗ നദിക്ക്  വിഘ്നം  നേരിടുന്ന  വിധത്തിൽ  കാമുകിയുടെ  പിതാവ്  വഴിയിൽ  വെച്ച്   കാമുകനെ  മീശ  വിറപ്പിച്ച്  വിരട്ടുകയോ   മറ്റോ  ചെയ്യുമ്പോൾ    ആ വിവരം  കാമുകിയെ അറിയിക്കാൻ
"കൊല്ലാൻ  നടക്കുന്നു കൊമ്പുള്ള  ബാപ്പാ
കൊല്ലാതെ  കൊല്ലുന്നു  ബമ്പത്തി മോള്
ബല്ലാത്തതാണെന്റെ  കല്യാണ  കോള്
പൊല്ലാപ്പിലായി  മുസീബത്ത് ഞാനു് "
എന്ന് "സുബൈദാ" സിനിമയിൽ  ബഹദൂർ പാടി  അഭിനയിച്ച  പാട്ട് കോഡ് ഭാഷയായി  പ്രയോഗിക്കാൻ  ഞങ്ങൾക്ക്  സാധിക്കുമായിരുന്നല്ലോ.
കാമുകനോടുള്ള  അനുരാഗം  ഉച്ചസ്ഥായിയിലെത്തുമ്പോൾ  കാമുകനെ  നോക്കി  കാമുകി,
വെളുക്കുമ്പം  കുളിക്കുവാൻ  പോകുന്ന  വഴിവക്കിൽ
വേലിക്കൽ നിന്നവനേ!
കൊച്ച് കിളിച്ചുണ്ടൻ  മാമ്പഴം കടിച്ചു കൊണ്ടെന്നോട്
കിന്നാരം പറഞ്ഞവനേ! "
എന്ന്  ഉറക്കെ പാടുവാൻ കുട്ടിക്കുപ്പായം  സിനിമാ കാമുകിക്ക് ധൈര്യം കൊടുത്തപ്പോൾ  നേരം  വെളുത്ത് കഴിഞ്ഞ് വെയിൽ  ദേ! അവിടെ  വന്നടിച്ചാലും  ഉണരാത്ത  ഇന്നത്തെ  തലമുറക്ക് പുഴയും കുളിയും വേലിയും  അന്യമായിരിക്കുന്നു എന്ന്  മാത്രമല്ല കിളൂച്ചുണ്ടൻ  മാങ്ങാക്ക്  പകരം ഐസ്ക്രീം  നക്കി തിന്നാൻ  മാത്രമാണ് അവർ പരിശീലിക്കപ്പെട്ടിരിക്കുന്നത് എന്ന്കൂടി  പറഞ്ഞാലേ  ചിത്രം  പൂർത്തിയാകൂ.
സ്കൂളിൽ  പുതുതായി വന്ന കാമിനിയെ കൂടുതൽ പരിചയപ്പെടാൻ  കഴിയാതെ വരുകയും  എന്നാൽ  അവളോടുള്ള  പ്രിയം  വർദ്ധിച്ച്  വരുകയും അത് അവളെ  അറിയിക്കേണ്ട  ആവശ്യം  വന്ന്  ചേരുകയും  ചെയ്താൽ " അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ, ആര് നീ, ആര്  നീ ദേവതേ!"എന്ന്  ഞങ്ങൾ  ആലപിച്ച് "ഉദ്യോഗസ്ഥ" സിനിമാ പ്രയോജനപ്പെടുത്തി.
അടുത്ത വീട്ടിലെ  ഞങ്ങളുടെ  സുന്ദരിയായ കാമുകിയെ അന്നത്തെ ദിവസം  പുറത്തൊന്നും  കാണാതിരിക്കുകയും  ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറാകുകയും  മാകന്ദ ശാഖകളിൽ രാക്കിളികൾ മയങ്ങാറാവുകയും  എന്നിട്ടും     എന്തേ  കന്യകേ നീ വരാത്തേ!െന്ന്  മനസ്സ് വ്യാകുലപ്പെടുകയും  ചെയ്യുമ്പോൾ
താമസമെന്തേ  വരുവാൻ പ്രാണ സഖീ എന്റെ  മുന്നിൽ
താമസമെന്തേ  അണയാൻ
പ്രേമമയീ, എന്റെ  കൺ  മുന്നിൽ
താമസമെന്തേ  വരുവാൻ.....
എന്ന്  ഹൃദയത്തിൽ  തട്ടി  പാടാനായി  പ്രസിദ്ധമായ  ആ ഗാനം  പി. ഭാസ്കരനും  ബാബുക്കായും  കൂടി  ബഷീറിന്റെ  ഭാർഗവീ നിലയത്തിലൂടെ  ഞങ്ങൾക്ക്  നൽകിയത്  ഒരു  വരപ്രസാദമായാണ്  ഞങ്ങൾക്ക്  അന്ന്  അനുഭവപ്പെട്ടത്.
കാമുകി  വലിയ വീട്ടിലെ  കൊച്ച് തമ്പുരാട്ടി  ആകുകയും കാമുകൻ അധസ്ഥിതിക്കാരനാകുകയും  ചെയ്താൽ  ഞങ്ങൾ  "പരീക്ഷയിലെ" പ്രാണസഖീ ഞാൻ  വെറുമൊരു  പാമരനാം  പാട്ടുകാരൻ,  ഗാനലോക വീഥികളിൽ വേണു ഊതും  ആട്ടിടയൻ"  എന്ന  പാട്ടോ രമണനിൽ രാഘവൻ  മാഷ്  ഈണമിട്ട" വെള്ളി നക്ഷത്രമേ  നിന്നെ  നോക്കീ  തുള്ളി തുളുമ്പുകയന്യേ,  മാമക  ചിത്തത്തിലെന്നും ഇല്ലാ മാദക വ്യാമോഹമൊന്നും"  എന്ന  വരികളോ  അവളുടെ  ചെവികളിൽ മന്ത്രാക്ഷരങ്ങളായി മൂളുമായിരുന്നല്ലോ .
കൗമാരം  യവ്വനത്തിലേക്ക് കടക്കുകയും  പ്രണയം  എട്ടരക്കട്ടയിൽ തന്നെ  മൂളിക്കൊണ്ടിരിക്കുകയും  ചെയ്തുവെങ്കിലും  വിധി  ഞങ്ങളിലെ  കാമുകന് നിരാശ  മാത്രം  നൽകി   കാമുകിയെ  മറ്റൊരാളുമായി  വിവാഹ  ബന്ധത്തിലേർപ്പെടുത്തുകയും  ചെയ്തു. അപ്പോൾ  ഞങ്ങൾ  "അനുരാഗ നാടകത്തിൻ അന്ത്യമാം  രംഗം  തീർന്നു,   അരങ്ങിതിൽ  ആളൊഴിഞ്ഞു  കാണികൾ  വേർപിരിഞ്ഞു '  എന്ന  നിണമണിഞ്ഞ കാല്ൽപ്പടുകളിൽ  ഉദയഭാനു  പാടിയ  ദുഖം ഇറ്റ്  വീഴുന്ന  വരികൾ  കണ്ണീരൊലിപ്പിച്ച്  ആലപിക്കുകയും  കാമുകി  ഭർതൃഗൃഹത്തിലേക്ക്  യാത്രയാവുമ്പോൾ  വിവാഹിതയിലെ ,
സുമംഗലീ  നീ  ഓർമ്മിക്കുമോ
 സ്വപ്നത്തിലെങ്കിലും ഈ ഗാനം,
ഒരു ഗദ്ഗ്ദമായി  മനസ്സിൽ  അലിയും
  ഒരു  പ്രേമ കഥയിലെ  ദു:ഖഗാനം
  എന്നതോ  അല്ലെങ്കിൽ ഹൃദയം ഒരു  ക്ഷേത്രം  എന്ന ചിത്രത്തിലെ
  മംഗളം  നേരുന്നു  ഞാൻ
 മനസ്വിനി മംഗളം  നേരുന്നു  ഞാൻ 
 എന്ന  ഗാനമോ   പ്രയോജനപ്പെടുത്തുമായിരുന്നു. ആ  അവസ്ഥയിൽ പാടാനായി  ഞങ്ങൾക്ക് മറ്റൊരു  കിടിലൻ  ഈരടികൾ  സിനിമാഗാനമായി  ലഭിച്ചിരുന്നു  എന്ന കാര്യം  കൂടി  പറഞ്ഞ് വെക്കട്ടെ.
എല്ലാ ദു:ഖവും  എനിക്ക്  തരൂ
 എന്റെ  പ്രിയ  സഖീ നീ പോയ് വരൂ
..............മധുവിധു നാളുകൾ  മാദക നാളുകൾ
മദനോൽസവമായി  ആഘോഷിക്കൂ 
എല്ലാ ദു:ഖവും  എനിക്ക് തരൂ എന്റെ പ്രിയ സഖീ പോയി വരൂ.
ഈ ഗാനങ്ങളെല്ലാം ഞങ്ങളുടെ  കൗമാരത്തെയും  യൗവ്വനത്തേയും  അതിന്റേതായ  മാദകഭാവത്തിൽ അനുഭവിക്കാൻ തക്കവിധം  സഹായിച്ചിരുന്നു. അന്ന് ഗൾഫ് പ്രവാസം  ആരംഭിക്കുന്നതിന് മുമ്പ് ബോംബൈ  ആയിരുന്നു  പ്രവാസികളുടെ  പറുദീസാ. അവിടെ  നിന്നു  ഹൃദയത്തിൽ  തട്ടി  "മാമലകൾക്കപ്പുറത്ത്  മരതക പട്ടുടുത്ത് മലയാളമെന്നൊരു  നാടുണ്ട് " എന്ന്  പാടുകയും  "വീടിന്റെ  ഉമ്മറത്ത് വിളക്കും  കൊളുത്തി എന്റെ വരവും  കാത്തിരിക്കുന്ന  പെണ്ണുണ്ട്"  എന്ന  വരികളിലെത്തുമ്പോൾ  അറിയാതെ  കണ്ണ്   നിറയുകയും  ചെയ്തിരുന്നു  എന്നത്  ഇന്ന്  ഗൾഫ് പ്രവാസികൾക്ക്  അനുഭവമുള്ള  വസ്തുതയാണ്. നിണമണിഞ്ഞ  കാൽപ്പാടുകൾ എന്ന  ചിത്രത്തിലേതായിരുന്നു ആ ഗാനം.  തീവ്രമായ ഏകാന്തത  ഞങ്ങളെ ഉമ്മാച്ചുവിലെ   "ഏകാന്ത  പഥികൻ  ഞാൻ" എന്ന  വരികളോ  ഭാർഗവീ നിലയത്തിലെ  "ഏകാന്തതയുടെ  അപാര തീരം " എന്ന  ഈരടികളോ   പാടിക്കുകയും  ചിലപ്പോൾ  ഞങ്ങളിലെ  കാമുകൻ  മണൽ പരപ്പിൽ മലർന്ന്  കിടന്ന്  പതിനാലാം രാവിലെ  പൂർണ ചന്ദ്രൻ അന്തരീക്ഷത്തെ പാൽക്കടലിൽ  കുളിപ്പിക്കുന്നത് കണ്ട് " പതിനാലാം രാവുദിച്ചത് മാനത്തോ  കല്ലായി കടവത്തോ" എന്ന  മരം സിനിമയിലെ  ഗാനമോ " മാനസ  മൈനേ  വരൂ  മധുരം  കിള്ളി  തരൂ" എന്ന   ചെമ്മീൻ ചിത്രത്തിലെ ഗാനമോ  ആലപിക്കുകയും  ചെയ്യുമായിരുന്നു.
പ്രണയം  പൂത്തുലയുകയും  വിധി  ഞങ്ങളെ  വിവാഹത്തിൽ  കൊണ്ടെത്തിക്കുകയും  ചെയ്താൽ   തന്നെയും  അപ്പോഴും   ഞങ്ങൾക്കായി  സിനിമാ ഗാനങ്ങൾ  ഒരുങ്ങി  നിന്നു.ആദ്യ രാത്രിയെ പറ്റി  ഓർത്തപ്പോൾ  ഞങ്ങളുടെ  തലമുറയിലെ  പെൺകൊടി  മൂലധനം  എന്ന  ചിത്രത്തിലെ വരികൾ   പാടി." പുലരറായപ്പോൾ  പൂങ്കോഴി  കൂവിയപ്പോൾ  പുതുമണവാളനൊന്നുറങ്ങിയപ്പോൾ".   എന്റെ  കൗമാരത്തിൽ  ആദ്യം  ഈ  പാട്ട് കേട്ടപ്പോൾ എന്റെ  ബാപ്പയും  ഉമ്മായും  അടുത്തുണ്ടായിരുന്നു.  ഉമ്മായോട്  ബാപ്പാ അന്നൊരു  ചോദ്യം  ചോദിച്ചു " ഒന്നുറങ്ങിയപ്പോൾ....അപ്പോൾ  ആ പഹയൻ  അത് വരെ  എന്ത്  ചെയ്യുകയായിരുന്നു.."  ഉമ്മാ ഞാൻ  അവിടെ  ഇരിക്കുന്നു  എന്ന്  കൺ  കോൺ  കൊണ്ട്  വാപ്പായെ  ഓർമ്മപ്പെടുത്തിയപ്പോഴും  എനിക്ക്  കാര്യം  പിടി  കിട്ടിയില്ലായിരുന്നു.  പിന്നെ  എത്രയോ  വർഷങ്ങൾക്ക്  ശേഷമാണ്  ആ "ഒന്നുറങ്ങിയപ്പോൾ"  എന്നതിന്റെ   അർത്ഥവ്യാപ്തി  എനിക്ക് പിടി  കിട്ടിയത്.  ഒറ്റ  വാക്കിലൂടെ  ആശയ പ്രവാഹം സൃഷ്ടിക്കാൻ  കഴിവുള്ളവരായിരുന്നല്ലോ  അന്നത്തെ ഗാന രചയിതാക്കൾ.
വിവാഹം കഴിഞ്ഞ്  ഭാര്യ ഗർഭിണി ആകുമ്പോൾ " വിരുന്നു  വരും   വിരുന്ന്  വരും  പത്താം  മാസത്തിൽ  എന്ന  കുട്ടിക്കുപ്പായ ഗാനം  ഞങ്ങൾക്ക്  സന്തോഷകരമായിരുന്നു.  തറവാട്ടമ്മയിലെ  "കന്നിയിൽ  പിറന്നാലും   കാർത്തിക  നാളായാലും  കണ്ണിന്  കണ്ണായ്  തന്നെ  ഞാൻ  വളർത്തും" എന്ന  ഗാനവും  ആ  അവസ്ഥയിൽ   ഞങ്ങൾക്ക്   സ്നേഹ മന്ത്രധ്വനികളായി  അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ് പോയ  ആ നല്ല  നാളുകളിലെ  പ്രണയവും  പ്രണയഭംഗങ്ങളേയും  കുറിച്ച്  ഓർമ്മിച്ച്  " എന്റെ  കടിഞ്ഞൂൽ  പ്രണയ  കഥയിലെ  സുന്ദരീ  നിന്നെയും  തേടീ...."  എന്ന്  വർഷങ്ങൾക്ക് ശേഷം  ഉൾക്കടലിലെ  പാട്ട് പാടുമ്പോൾ  ഉള്ളിൽ  ഉണ്ടാകുന്ന  അനുഭൂതി പറഞ്ഞറിയിക്കാനാവില്ലല്ലോ!.  ഇനിയുമെത്രയെത്ര  മധുരം  കിനിയുന്ന  ഗാനങ്ങൾ...പറഞ്ഞാലും  പറഞ്ഞാലും  തീരാത്ത  അവയുടെ  ലാവണ്യ  ഭാവങ്ങൾ!!!  ഭൂതകാലത്തിന്റെ  സിന്ദൂരച്ചെപ്പിൽ  നിന്നും  ആ പഴയ ഗാന  ശകലങ്ങൾ  നമ്മളെ  തേടി  വന്ന് മനസ്സിനെ  തൊട്ട്  നിൽക്കുമ്പോൾ  ആ കാലത്തെ  വ്യക്തികളും  സംഭവങ്ങളും  മറ്റ്  എല്ലാ സ്മരണകളും  നമ്മളെ  തരളിത ഹൃദയരാക്കുമ്പോൾ  അറിയാതെ  മൂളി  പോകുന്നു:-
മധുരിക്കുന്നോർമ്മകളേ! മലർ  മഞ്ചൽ കൊണ്ട് വരൂ
കൊണ്ട്  പോകൂ  ഞങ്ങളെ  ആ മാഞ്ചുവട്ടിൽ...മാഞ്ചുവട്ടിൽ...

Thursday, October 17, 2013

അഭിപ്രായം എസ്സെമ്മെസ് ചെയ്യുക.

കൊച്ച് കുട്ടികളുടെ കളികൾ  നിരീക്ഷിക്കുകയാണെങ്കിൽ  സമകാലിക  സംഭവങ്ങൾ  ഏതെന്ന്  തിരിച്ചറിയാൻ  സാധിക്കും. അവർ  നാലു ചുറ്റും   കാണുന്നത്  അവരുടെ കളികളിൽ  നന്നായി  അനുകരിക്കും.ചുരുക്കി  പറഞ്ഞാൽ  അതാത്  കാലം  അവരുടെ  കളികളിൽ കാണാൻ  കഴിയുമെന്ന്  തീർച്ച.  അത്  കൊണ്ടാണ്  തിരക്ക്  അൽപ്പം  കുറവായ  ഇന്നത്തെ സായാഹ്നത്തിൽ  മുറ്റത്ത്  കളിച്ചു  കൊണ്ടിരുന്ന  കുട്ടികളെ  ഞാൻ  വെറുതെ  നോക്കിയിരുന്നത്. ചെറുതും  വലുതായ  സുഗ്രീവന്മാരും സുഗ്രീവത്തിമാരും  വളഞ്ഞ്  കൂടിയിരുന്ന്  ചാനൽ   ലൈവ്  പരിപാടി  അവതരണം  മിമിക്ക്  ചെയ്യുകയാണ് .കൂട്ടത്തിൽ  ഇളയ സുഗ്രീവൻ  (അവനെ  നിങ്ങൾക്ക്  അറിയാം  എന്റെ  ബ്ലോഗിൽ  പലപ്പോഴും  പല  വേഷത്തിൽ  അവൻ  വന്നിട്ടുണ്ട്.http://sheriffkottarakara.blogspot.in/2011/05/blog-post_18.html )  അവൻ  അടുത്തുണ്ടായിരുന്ന  ഒരു  വീഞ്ഞ പെട്ടിയുടെ മുകളിൽ  ചാടി  കയറി  "മീശ  മാധവൻ"  സിനിമയിൽ  ജഗതിയെ  ദിലീപ് കണി  കാണിക്കുന്ന  സീനിലെ  പോസിൽ   തിരിഞ്ഞ്  നിന്ന്  തന്റെ ശുഷ്ക  നിതംബത്തിൽ  രണ്ട്  തട്ട് തട്ടി  കൂട്ടുകാരോട്  ഇപ്രകാരം  വിളിച്ച്  പറഞ്ഞു  " ഇത്  നിങ്ങൾക്ക്  ഇഷ്ട്ടപ്പെട്ടു  എങ്കിൽ   ഇതിനെ  പറ്റിയുള്ള  നിങ്ങളുടെ  അഭിപ്രായം  ഈ നംബറിൽ  എസ്സ്.എമ്മെസ്സ്  ചെയ്യുക,  നമ്പർ  കാക്ക തൊള്ളായിരത്തി  തൊണ്ണൂറ്റി  ഒൻപത്  പൂജ്യം  പൂജ്യം...........

അതേ!  ചാനൽകാരുടെ  പല  കോമാളിത്തരങ്ങൾക്കും  ഇത്  തന്നെ  മറുപടി.

Tuesday, October 15, 2013

മധുരിക്കുന്നോർമ്മകളേ!

നാളെ  വലിയ പെരുന്നാളാണ്.  ഇന്ന് പെരുന്നാൾ  രാവും. ഇപ്പോൾ ആലപ്പുഴയിലെ   സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും  പെരുന്നാൾ  രാവിന്റെ  ഘോഷങ്ങൾ  തകർത്ത് വാരുകയായിരിക്കും. കേരളത്തിലെന്നല്ല,    ഇന്ത്യയിലെവിടെയും  തന്നെ  പെരുന്നാളിന്റെ തലേ രാത്രിയിൽ ഇത്രയും  ഘോഷങ്ങൾ  കാണുകയില്ല.

  സായാഹ്നം,  സന്ധ്യയുമായി  ചേരുന്ന ഈ മുഹൂർത്തത്തിൽ  ഇവിടെ   ഈ വരാന്തയിലെ ചാരുകസേരയിൽ  മാനത്തെ ചെന്തുടിപ്പും  കണ്ട്  ഏകനായി  ഇരിക്കുമ്പോൾ  മനസ്സ്  പെരുന്നാൾ  രാവും തേടി  വട്ടപ്പള്ളി യിലേക്ക്  പോകുകയാണ്. നോമ്പ്  പെരുന്നാളിനും  ഹജ്ജ് പെരുന്നാളിനും  കുറേ  ദിവസങ്ങൾക്ക് മുമ്പേ  തീരുമാനിക്കും,  ഈ തവണ  പെരുന്നാൾ രാവിന്  ആലപ്പുഴ വട്ടപ്പള്ളിയിൽ. പക്ഷേ പലപ്പോഴും ആ ആഗ്രഹം നടക്കാറില്ല. എന്തെങ്കിലും ഏടാകൂടങ്ങൾ  അപ്പോൾ വന്ന് ചേരും  ആലപ്പുഴ പോക്ക്  മാറ്റി വെക്കപ്പെടുകയും ചെയ്യും. വിദൂരതയിലിരുന്ന്  ഞാൻ ആ ആഘോഷങ്ങൾ  ഇപ്പോൾ കാണൂകയാണ്. പെരുന്നാളിന്റെ പകിട്ടിനേക്കാളും പെരുന്നാൾ  രാവ്ന്റെ ഓർമ്മകളാണ് മനസ്സിലേറെയും.

 പണ്ട്  വളരെ  പണ്ട്  സൈദ് പൂക്കോയാ തങ്ങളുടെ മഖാമിൽ  നിന്നും  നോമ്പ് പെരുന്നാൾ അറിയിച്ച് കൊണ്ട്  ഉയരുന്ന വെടിയൊച്ചകൾക്ക്  ചെവി കൊടുത്ത് കാത്തിരുന്ന നിമിഷങ്ങൾ. പെരുന്നാൾ  രാത്രിയിൽ പുലർച്ച വരെ തുറന്ന് വെക്കുന്ന  കടകളും  പെരുന്നാൾ സാധനങ്ങൾ  വാങ്ങാൺ വരുന്നവരുടെ  തിരക്കുകളും. പെരുന്നാൾ ആഘോഷിക്കാനുള്ള ചെലവിന് വേണ്ടി വരുന്ന  തുക കയ്യിലെത്തുമ്പോൾ വൈകി പോകുന്നതിനാൽ പാവപ്പെട്ടവർ-അവരാണ് ഭൂരിപക്ഷവും ‌- സാധനങ്ങൾ വാങ്ങാൻ  വരുന്നത്  രാത്രി വൈകിയാണ്.

സക്കര്യാ ബസാർ ജംക്ഷനിൽ രണ്ട് പടക്ക കടകൾ. ഒന്ന്  അബ്ദു  ഇക്കായുടേത്, രണ്ടാമത്തേത്  കുപ്പായം  ഇടാത്ത കോയാ ഇക്കായുടേതും. കോയാ ഇക്കാ  ജീവിതത്തിൽ ഷർട്ട് ധരിച്ചിട്ടില്ല. അത് കൊണ്ടാണ് കുപ്പായം ഇടാത്ത കോയാ എന്ന്  അറിയപ്പെടുന്നത്. അബ്ദു ഇക്കായെ ഇപ്പോൾ  കാണാനില്ല, മരിച്ചോ എന്നറിയില്ല. കോയാ ഇക്കാ ഇപ്പോഴും ഉണ്ട്.
എന്തെല്ലാം  പടക്കങ്ങൾ! പാളി  പടക്കം,  ഏറു  പടക്കം,  കതിനാ,  അമിട്ട്, ഗർഭം കലക്കി, പൂക്കുറ്റി,  കമ്പി തിരി  അങ്ങിനെ  എത്രയെത്ര തരങ്ങൾ. എല്ലാറ്റിനേയും  കൊതിയോടെ നോക്കി  നിന്ന  ബാല്യകാലം. ആ വക ഇനങ്ങൾ  വാങ്ങാൻ പൈസാ ഇല്ലാ, ഉൺടെങ്കിൽ  തന്നെ വാപ്പാ അതൊന്നും  വാങ്ങാൻ  അനുവദിക്കുകയുമില്ല. വെറും പൂത്തിരിയും  കമ്പി  തിരിയും  മാത്രം വാപ്പാ രാത്രി  ഏറെ ചെല്ലുമ്പോൾ വാങ്ങി  കൊണ്ട് വന്നാലായി.  ദൂരെ ദൂരെ സ്രാങ്കിന്റെ വീട്  ഭാഗത്ത് നിന്നും   പാളി  പടക്കങ്ങൾ  ചെമ്പ്  കലത്തിലിട്ട് പൊട്ടിക്കുമ്പോഴുള്ള ശബ്ദം  കേട്ടാണ് ഉറങ്ങാൻ  പോകുക.
 പിറ്റേ  ദിവസം  ഇറച്ചി കറിയും കൂട്ടി  ചോറു കഴിച്ചിട്ട്  കൈ കഴുകാതെ കടലാസ്സിൽ  തുടച്ചിട്ട് കയ്യിൽ  അവശേഷിക്കുന്ന കറിയുടെ മണത്തെ പിന്നെയും  പിന്നെയും ആസ്വദിച്ച്  നടന്നിരുന്ന  കഷ്ടപ്പാടിന്റെ  ബാല്യകാലം.  അന്ന് വയറ് നിറയെ  ചോറ് കിട്ടാൻ  പെരുന്നാൾ വരണമായിരുന്നല്ലോ! പക്ഷേ  ആ കഷ്ടപ്പാടിന്റെ കാലത്തെ ആഹാരത്തിന്റെ രുചി ഇന്നിനി  വരാതെ  എങ്ങോ  പോയി.  ഇന്നിപ്പോൾ  ഏത്  ആഹാരം  വേണമെന്ന്  തോന്നിയാലും  കഴിക്കാം,  പക്ഷേ  അന്നത്തെ രുചി  ഇന്നില്ലാ എന്ന്  മാത്രം.

ഓർമ്മകൾ  വീണ്ടും  വീണ്ടും  ഉള്ളിൽ  തിരയടിച്ചെത്തുകയാണ്. കൗമാരത്തിൽ പെരുന്നാൾ രാവിന്റെ  മാസ്മര സ്വാധീനത്തിൽ  കൂട്ടുകാരുമായി  കറങ്ങി  നടന്ന  നിമിഷങ്ങൾ!  എല്ലാം  ഇങ്ങിനി  വരാതെ വണ്ണം  പോയി  കഴിഞ്ഞു. എല്ലാവരും  എവിടെല്ലാമോ  ചിതറി  പോയി. വട്ടപ്പള്ളിയിൽ  കൂട്ടുകാർ  ഇപ്പോൾ ഒന്നോ രണ്ടോ  പേർ മാത്രം, അവരെയും  കാണാനില്ല. ഇപ്പോൾ  ഞാൻ അവിടെ  അപരിചിതനാണ്. വട്ടപ്പള്ളിയിലൂടെ  ബാല്യവും  കൗമാരവും  ആവാഹിച്ച് ആ മധുര  സ്മരണകളിലൂടെ  നടക്കുമ്പോൾ പരിചിതമല്ലാത്ത  മുഖങ്ങൾ  എന്നോട്  ചോദിക്കുന്നു "നീ ആരാണ്? "  ഞാൻ  ഈ ദേശത്തിന്റെ  പുത്രൻ  ഇവിടെ  ഞാൻ ജനിച്ച് വളർന്നവനാണ്  എന്ന്  ഉറക്കെ  വിളിച്ച് കൂവാൻ  പലപ്പോഴും  തോന്നി  പോകും.  തിരികെ  നൂറ്  കണക്കിന്  നാഴികകൾ  താണ്ടി  ഇവിടെ  വീട്ടിലെത്തി  വീണ്ടും  ഞാൻ ഭർത്താവായി  അഛനായി  ഗൃഹസ്ഥനായി   മാറുമ്പോൾ എന്നിലെ  ബാല്യവും  കൗമാരവും  മനസ്സിന്റെ  മൂലയിൽ  പോയി തല ചായ്ക്കുന്നു. പണ്ടത്തെ  ഏതെങ്കിലും സംഭവങ്ങൾ  അവരെ  വിളിച്ചുണർത്തുമ്പോൾ അവർ  തട്ടി  പിടഞ്ഞെഴുന്നേറ്റ്  എടാ പണ്ട്  നീ ഇങ്ങിനെ  ആയിരുന്നു  എന്നെന്നെ   ഓർമ്മപ്പെടുത്തും. ഇന്നീ  പെർന്നാൾ  രാവിനെ  പോലെ.  ഇതിന്റെ  പേരായിരിക്കും  ജീവിതമെന്ന്.

"ആലപ്പുഴക്ക്  ഈ സന്ധ്യക്ക്  തന്നെ  പോകാൻ  പരിപാടിയുണ്ടോ?"   ഭാര്യയുടെ  ശബ്ദം   ചിന്തകളെ  ചിതറിച്ചു.  എന്റെ  ഉള്ളം  അവൾക്ക്  നല്ലവണ്ണം  അറിയാമല്ലോ. ഒരു  പുഞ്ചിരിയിലൂടെ എപ്പോഴും  എന്റെ  ആഗ്രഹം  അതാണല്ലോ  മോളേ! എന്ന  മറുപടി  ഞാൻ വ്യക്തമാക്കിയെങ്കിലും  അവൾക്കും  എനിക്കുമറിയാം  ഫലിക്കാത്ത സ്വപ്നങ്ങളാണതൊക്കെയെന്ന്.

Tuesday, October 8, 2013

രാക്ഷസീയ മനസ്സ്

സ്ത്രീ  അമ്മയാണ്.  ഭാര്യയാണ്,  പുത്രിയാണ്, സഹോദരിയാണ്, എല്ലാമെല്ലാമാണ്,  അത് കൊണ്ട് തന്നെ അവൾ സ്നേഹ നിധി  കൂടി   ആണ്. സമ്മതിച്ചു. പക്ഷേ  കഴിഞ്ഞ ദിവസം സായാഹ്നാന്ത്യത്തിൽ  മദ്ധ്യസ്തത വഹിച്ച ഒരു  വിവാഹ കേസിൽ  ഒരു സന്ദർഭത്തിൽ  സ്ത്രീ രാക്ഷസിയുമാണ്  എന്ന വിചാരം എന്റെ ഉള്ളിൽ ഉണ്ടാകാനിടയായി. വാശിയും പകയും മൂക്കുമ്പോൾ  എല്ലാ സൗമ്യതയും പോയി രാക്ഷസ ഭാവം കൈ കൊള്ളാനും അവൾക്ക് കഴിയും. അതോടെ ആ പെൺകുട്ടിയോടുള്ള അനുകമ്പയും  സ്നേഹവും  എന്നിൽ നിന്നും ഓടിയൊളിക്കുകയും ചെയ്തു.  സംഭവം ഇപ്രകാരമാണ്. ഭർത്താവിന്റെ  ദുഷ് പ്രവർത്തിയാൽ  എന്ന്  ആരോപിക്കപ്പെടുന്ന  ഒരു കേസിൽ പെൺകുട്ടിയുടെ  നിർബന്ധപ്രകാരം  പരസ്പര സമ്മത ഉടമ്പടിയിലൂടെ  വിവാഹ മോചനം നടന്നു. പെൺകുട്ടിക്ക്  ലഭിക്കേണ്ട  ഒൻപത് ലക്ഷം രൂപാ  നൽകാൻ  ഭർത്താവിന് കഴിവില്ലാത്തതിനാൽ  അയാളുടെ പിതാവ്  അത് പെൺകുട്ടിക്ക്  നൽകാമെന്ന് ഏറ്റു. ആറ് മാസ കാലാവധിയും നൽകി. ഭീമമായ പലിശക്ക്   എവിടെന്നെല്ലാമോ കടം  വാങ്ങി  അദ്ദേഹം  ക്ലിപ്ത കാലാവധിക്കുള്ളീൽ തുക തരപ്പെടുത്തി. തുക നൽകാൻ  നേരം അദ്ദേഹത്തിന് ഒരു നിബന്ധന മാത്രമേ  ഉണ്ടായിരുന്നുള്ളൂ. സ്വന്തം  പേരക്കുട്ടിയെ  വല്ലപ്പോഴുമൊന്ന് കാണാനും  താലോലിക്കാനും   അനുവദിക്കണം.  വിവാഹ  മോചനത്തിന്  ശേഷം മകൻ എവിടെ എന്നില്ലാതെ  പോയി കഴിഞ്ഞു. അവന്റെ ഏക മകൻ  മൂന്ന് വയസ്സ്കാരൻ  മരുമകളോടൊപ്പം  ചെറുതല്ലാത്ത വഴി ദൂരത്തിൽ  അവളുടെ വീട്ടിലാണ്   താമസം . ആ കുട്ടിയെ ഒന്ന്  കാണാൻ  അനുവദിക്കണം.  "സാദ്ധ്യമല്ല"  പെൺകുട്ടി തീർത്ത്  പറഞ്ഞു. "അവന്റെ  (ഭർത്താവിനെയാണ് ഉദ്ദേശിക്കുന്നത്)  ഒരുത്തനും എന്റെ കുട്ടിയെ കാണേണ്ട."  അന്തം വിട്ട് നിൽക്കുന്ന  ആ മനുഷ്യന്റെ മുഖ ഭാവം കണ്ട്  ഞാൻ അവളോട് സൗമ്യ സ്വരത്തിൽ പറഞ്ഞു." കുട്ടീ! അദ്ദേഹം  കോടതിയെ  സമീപിച്ചാൽ  കറച്ച് മണിക്കൂറുകൾ  നീ കുട്ടിയെ വിട്ട് കൊടുക്കേണ്ടി വരും,  അത്രടം  വരെ  പോകാതെ  ഇവിടെ  വെച്ച് ഒരു  ധാരണ എത്തുന്നതല്ലേ  ബുദ്ധി."  അവളുടെ  മറുപടി പെട്ടെന്നായിരുന്നു." കോടതി അങ്ങിനെ ഉത്തരവിട്ടാൽ  അയാൾ എന്റെ കുട്ടിയുടെ  ശവമേ  കാണുള്ളൂ, ഞാനും  കുഞ്ഞും ആത്മഹത്യ ചെയ്യും, പിന്നെ  ഏത്  കുഞ്ഞിനെ  കോടതി  അയാൾക്ക്  താലോലിക്കാൻ  കൊടുക്കുമെന്ന്  കാണട്ടെ."  ഇത്  അവൾ സംസാരിക്കുമ്പോഴും ആ കുഞ്ഞ്   ആ  പരിസരത്ത്  ഓടി  ചാടി  കളിക്കുകയായിരുന്നു. നല്ല  മുഖ ശ്രീയുള്ള  ഒരു  ആൺകുട്ടി!  അതിന്റെ മുഖം  കണ്ടാൽ  തമാശക്ക്  പോലും  ഈ വാക്കുകൾ  ഉപയോഗിക്കാൻ  ആർക്കും  കഴിയില്ല.  സ്വന്തം  വാശി  ജയിക്കാൻ  ഏത് പൈശാചിക  പ്രവർത്തികൾക്കും  മടിക്കാത്ത വിധം  മനുഷ്യ  മനസ്സ്  രൂപാന്തരപ്പെടുമ്പോൾ   ആ  ഭാവത്തെ രാക്ഷസീയം എന്നല്ലാതെ  മറ്റെന്ത് വിശേഷിപ്പിക്കണം?!

Monday, September 30, 2013

ഒടിയന്റടുത്തോ മായാ ജാലം!

സുപ്രസിദ്ധ ബ്ലോഗറും  ഫൈസ് ബുക്കിൽ  നിത്യ സാന്നിദ്ധ്യവും   ആയ എന്റെ   ഒരു സ്നേഹിതൻ  കുറച്ച്  നാളുകൾക്ക് മുമ്പ്  എന്റെ  വീട്ടിൽ  വന്നപ്പോൾ   പറഞ്ഞു., അദ്ദേഹത്തിന്   സ്ത്രീ നാമത്തിൽ  ഒരു ബ്ലോഗും  ഫൈസ് ബുക്ക്  അക്കൗണ്ടും  നിലവിലുണ്ടെന്ന്.    അത്  സാധാരണ  സംഭവമാണല്ലോ  എന്ന്  ഞാൻ  നിസ്സാരവത്കരിച്ചെങ്കിലും   തുടർന്ന്  അദ്ദേഹം  പറഞ്ഞ  ഒരു  വാചകം   ഞാൻ  അൽപ്പം  ഗൗനിക്കാതിരുന്നില്ല.   "ആ  സ്ത്രീ നാമ  അക്കൗണ്ടിൽ   ഞാൻ  സ്ത്രീ  ആണെന്ന  ധാരണയിൽ   ചില  ഒലിപ്പീര്  കക്ഷികൾ  വന്ന്  ചാറ്റാറുണ്ട്.   അവർ  ബൂലോഗത്തും  ഫൈസ് ബുക്കിലും   എത്ര  മാന്യന്മാരാണെന്നോ!  പക്ഷേ  ചാറ്റുമ്പോൾ   ഞാൻ  അൽപ്പം  ലൂസ്  ചെയ്ത്    കൊടുത്താൽ  അപ്പോൾ  കാണാം  അവരുടെ   ഒലിപ്പീരിന്റെ  ശക്തി....."
ഉള്ള  സത്യം  പറഞ്ഞാൽ   അതിന്  ശേഷം  അപരിചിതരായവരും  പുത്തൻ കൈക്കാരുമായ  സ്ത്രീ  നാമങ്ങൾ  ചാറ്റാൻ    വരുമ്പോൾ  " ചുമ്മാതിരി  മോനേ!  നിന്റെ  വേല  ഈ  ഇക്കായുടടുത്ത്  വേണ്ടാ  കുട്ടാ  എന്ന്  മനസിൽ  പറഞ്ഞ്   ഞാൻ  തടി  സലാമത്താക്കിയിരിക്കും.  പിന്നേയ്!  ഒടിയന്റടുത്തല്ലേ  മായാ   ജാലം !!!

Thursday, September 26, 2013

മധുര പതിനേഴ് കാരീ....

 പുസ്തകങ്ങൾ , സിനിമാ എന്നിവ അതാത്  കാലത്തെ പ്രതിനീധികരിക്കും. അതായത് നാട്ടിലെ നടപ്പ് ശീലം  അതിലൂടെ വെളിവാകും. സിനിമാഗാനങ്ങളും   ഇതേ  പോലെ തന്നെ.  ചില  സിനിമാ  ഗാനങ്ങൾ  കേൾക്കുമ്പോൾ   ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,   അത് എഴുതിയവരെയും  പ്രസിദ്ധപ്പെടുത്തിയവരെയും  ശിക്ഷിക്കേണ്ടി  വരുമെന്നാണ് തോന്നുന്നത്. ഇതാ  വായിച്ചിട്ട് നിങ്ങൾ  തീരുമാനിക്കുക:

 പതിനാറ്   വയസ്സ് കഴിഞ്ഞാൽ  പുളകങ്ങൾ  പൂത്ത് കഴിഞ്ഞാൽ
പതിവായി  പെൺകൊടിമാരൊരു  മധുര സ്വപ്നം  കാണും.  (സിനിമാ ഓർമ്മ  വരുന്നില്ല)

മധുര പതിനേഴായിട്ടാരും  മാല  ഇട്ടില്ലേ  നിന്നെ  മാല  ഇട്ടില്ലേ  (  സിനിമാ-കടലമ്മ)

മനസ്സമ്മതം  തന്നാട്ടെ  മധുരം  നുള്ളി  തന്നാട്ടേ
മധുര പതിനേഴ് കാരീ വിരുന്ന്കാരീ വിരുന്ന്കാരീ ( സിനിമാ-ഭാര്യ)

 എന്തിനാ പഴയ  സിനിമാകൾ.   പുതിയത്  തന്നെ  കണ്ടോ സിനിമാ വെള്ളരിപ്രാവിന്റെ ചങ്ങാതി.

പതിനേഴിന്റെ പൂങ്കരളിൽ പാടത്ത്  പൂവിട്ടതെന്താണ്
ഈ  ദുനിയാവിലുള്ള  ആട് ,മാട്  കോഴി, മാൻ ,  മയിൽ ,  ഒട്ടകം, മനുഷ്യർ, ജിന്ന്  എല്ലാവർക്കും  ഈ പാട്ട് പാടി  മധുരപതിനേഴിനെ  സ്വപ്നം കാണാം. മാപ്ലാര്/മേത്തന്മാർ  പാടി  പോയാൽ  തീർന്ന്   സംഭവം!   പിന്നെ  ഈ  ദുനിയാവിൽ  പൊട്ടുന്ന  അമിട്ടിന്  കയ്യും  കണക്കുമില്ലാ  കോയാ.

Wednesday, September 25, 2013

നാളികേര ഭർത്താവ്

 വിവാഹ മോചനത്തിനായി  തയാറെടുത്ത് നിൽക്കുന്ന ഒരു ദാമ്പത്യബന്ധ   കേസിൽ  ഭാര്യയാണ്  വേർപിരിയാൻ തിടുക്കം കാട്ടിയിരുന്നത്. കല്യാണം കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞിട്ടില്ല, കുട്ടികളുംഇല്ല. ആ  കാര്യത്തിൽ അൽപ്പം  പ്ലാനിംഗ്  ഉണ്ടെന്ന് കൂട്ടിക്കോളീൻ.
 വിവാഹ മോചനത്തിനായി  ഭാര്യ ഉന്നയിച്ചിരുന്ന  കാരണങ്ങളിൽ  ഒരെണ്ണം ഭർത്താവ്  ചൂണ്ട ഇട്ട് മീൻ പിടിക്കാൻ പോകുന്നു എന്നതാണ്. ശരിയാണ്  ഒഴിവ് സമയങ്ങളിൽ  ഒരു ഹോബിയെന്ന വണ്ണം കൂട്ടുകാരുമായി ചേർന്ന്   ചൂണ്ട ഇടുക ചെറുപ്പം മുതലേ ഉള്ള  അയാളുടെ ശീലമാണ് . അവൾക്ക് അത്ര നിർബന്ധമാണെങ്കിൽ അതങ്ങ് നിർത്തിയേക്കാം  എന്നയാൾ കൂട്ടി ചേർത്തു.രേഖപ്പെടുത്താത്ത  മറ്റ് ചില കാരണങ്ങൾ  സംഭാഷണ മദ്ധ്യേ  ഭാര്യ പറഞ്ഞത്  രസകരമാണ്.  പഴയ പ്രീ ഡിഗ്രീ പൂർത്തിയാക്കാത്ത ഭർത്താവ് കൂലിവേല ജോലിയിലൂടെ  ദിനസരി നല്ല  ശമ്പളം വാങ്ങുന്നുണ്ട്. പക്ഷേ  വൈകുന്നേരങ്ങളിൽ  ജോലിയും കഴിഞ്ഞ്  വിയർത്തൊലിച്ച്  വീട് പടി വാതിൽക്കൽ എത്തുന്ന  അയാൾ  ഭാര്യയെ വിളിക്കുന്നത് "എടിയേയ്" എന്നാണ് പോലും. "ഒരു സംസ്കാരവും ഇല്ലാത്ത കാട്ട് മാക്കാൻ" ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലാത്ത  ഭാര്യ രോഷം കൊണ്ടു. മാത്രമല്ല, ആര്  നിന്നാലും അയാൾക്ക് ഒരു കൂസലുമില്ല, ദേഷ്യം വരുമ്പോൾ  തെറി വിളിക്കും. "എന്റെ തൊലി  പൊളിഞ്ഞ് പോകും സാറേ  അത് കേൾക്കുമ്പോൾ.....  ഇയാൾ ആ സീരിയലുകൾ ഒന്ന് കണ്ട് പഠിക്കട്ടെ. അതിലെ ഭാര്യമാരെ  ഭർത്താക്കന്മാർ എങ്ങിനെയാ  വിളിക്കുന്നതെന്നും സ്നേഹിക്കുന്നതെന്നും...."  ഓ! അപ്പോൾ അതാണ്  കാര്യം. ഈ പാവം നാട്ടിൻപുറത്ത്കാരൻ  നാളികേര പരുവം ഭർത്താവിന് സീരിയൽ കണ്ട് പഠിക്കാൻ  സമയവുമില്ല, അയാൾ അങ്ങിനെ മരം ചുറ്റി  പ്രേമിക്കാൻ ഒരുക്കവുമില്ല." അവൾ ഒരു കോഴിക്കാൽ പൊരിച്ചത് ചോദിക്കുമ്പോൾ ഒരു മുഴുവൻ കോഴി പൊരിച്ചത്  ആ കഴുവർടാ  മോൾക്ക്  ഞാൻ വാങ്ങി കൊടുക്കും എന്നിട്ടും എനിക്കു സ്നേഹമില്ലാ അവളുടെ സീരിയൽ ഭർത്താക്കന്മാർക്കാണ് സ്നേഹമെങ്കിൽ പോകട്ടെ സാറേ! അവളുടെ പാട് നോക്കി."  ഭർത്താവിനും ഒരു കൂസലില്ല.

ഈ  നാളികേര ഭർത്താവിന്റെ  തൊണ്ടും ചകിരിയും ചിരട്ടയും മാറ്റി അകത്തെ  രുചികരമായ  കാമ്പും  മധുരമുള്ള വെള്ളവും  ആസ്വദിക്കാൻ ആ ഭാര്യ ഒരുക്കമില്ല. അവളുടെ സങ്കൽപ്പത്തിലെ  ഭർത്താവ്  സീരിയലിലെ/സിനിമയിലെ ചോക്ലറ്റ് കുമാരനാണല്ലോ!!! ഭർത്താവിന്റെ ഭാഗത്തും ഒരു വിട്ട് വീഴ്ചയുമില്ല.  പിന്നെങ്ങിനെ  കോയാ! ഈ പ്രശ്നം  പരിഹരിക്കും?!!

Monday, September 23, 2013

നിരത്തിൽ കണ്ടത്

ഓണ അവധിക്ക് പാഠശാലകൾ അടക്കുന്നതിന്   തൊട്ട് മുമ്പ് ഒരു ദിവസം കാറിൽ     കൊല്ലം ചെങ്കോട്ട റോഡിലൂടെ പോകുകയായിരുന്നു. തിരക്ക് പിടിച്ച  നിരത്തിൽ  ഞങ്ങളുടെ കാറിനെ  മറികടന്ന്  ഇരുചക്ര വാഹനങ്ങൾ ചീറി പാഞ്ഞു. അതിൽ ഒരെണ്ണത്തിലെ യാത്രക്കാർ ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചു.   ആ  ഇരു ചക്രവാഹനം ഓടിച്ചിരുന്ന ആൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അതിൽ പുതുമയില്ലെങ്കിലും മുമ്പിലിരിക്കുന്ന ആൾ   ധരിക്കേണ്ട  ആ കവചം   പിമ്പിലിരുന്ന  ആൾ ധരിച്ചിരുന്നു. അത്  ഒരു പെൺകുട്ടി ആയിരുന്നു.  ആൾ തിരിച്ചറിയപ്പെടാതിരിക്കാനാണ് ഈ   കവചം ആ കുട്ടി ധരിച്ചിരിക്കുന്നതെന്ന് വ്യക്തം. അവർ ഞങ്ങളെ  കടന്ന് പോയി.  പിന്നീട്  നിരത്ത് വക്കിന് സമീപമുള്ള ഒരു പ്രൈവറ്റ്  സ്കൂളിന്റെ    മതിൽക്കെട്ടിന്   സമീപം  ഇരുചക്ര വാഹന  യാത്രക്കാരെ  ഞങ്ങൾ കണ്ടു.   നെത്തോലി   പോലുള്ള ഒരു  പെൺകുട്ടി. പതിനാറ് തികഞ്ഞ് കാണില്ല. സ്കൂളിൽ  കയറണോ  വേണ്ടയോ  എന്നതാണ് അവരുടെ തർക്ക വിഷയമെന്ന്   ഗതാഗത കുരുക്കിനാൽ  ഞങ്ങളുടെ വാഹനം  അവിടെ  നിർത്തേണ്ടി വന്നപ്പോൾ  ഞങ്ങൾക്ക്  കേൾക്കാൻ കഴിഞ്ഞു..  ഇരുപത് വയസ്സിന് മുകളിൽ പ്രായമുള്ളവനായിരുന്നു പയ്യൻ. അവൻ  അവളെ പ്രലോഭിച്ച് കൊണ്ടേ ഇരുന്നു.  ഞങ്ങൾ മുമ്പോട്ട് പോയി  കുണ്ടറ  കവല  കടന്നപ്പോൾ  മേൽപ്പറഞ്ഞ  യാത്രക്കാർ  ഞങ്ങളെ  കടന്ന് ചീറി  പാഞ്ഞ് പോയി.  ഇപ്പോൾ അവന് ശിരോ കവചം ഉണ്ട്. അവൾക്കില്ല.  പെൺകുട്ടി  "നിന്നെ  ഞാൻ വിടില്ലെടാ"  എന്ന മട്ടിൽ  അവന്റെ  കഴുത്തിൽ  കൈ ചുറ്റി  അവനെ  പറ്റി ചേർന്നിരുന്ന്  കലുപിലെ വർത്താനം  പറഞ്ഞ്   അവർ രണ്ട്  പേരും  കൊല്ലം  നഗരം  ലക്ഷ്യമാക്കി  പാഞ്ഞ് പോയി.
അവളുടെ അമ്മ   വിദ്യാഭ്യാസത്തിനായി   പോയ  പൊന്ന് മോൾക്ക്   ഉച്ചക്ക്  കഴിക്കാൻ  അതിരാവിലെ  എഴുന്നേറ്റ്  തയാറാക്കിയ  ആഹാരം  അവളുടെ  തോളിൽ തൂങ്ങുന്ന ബാഗിൽ ഉണ്ടായിരിക്കും. അവളുടെ  അച്ഛൻ  അവൾക്ക്   പാഠശാലയിൽ  ഫീസ്   കൊടുക്കാനായി പണം  ഉണ്ടാക്കാൻ   എവിടെയോ  ആ നേരം  കഠിനാധ്വാനം  ചെയ്തുകൊണ്ടിരിക്കുകയാവാം. ആ  മാതാപിതാക്കളുടെ കാഴ്ചപ്പാടി ൽ  അവൾ  കൊച്ച്കുട്ടിയാണ്.  വായിൽ വിരലിട്ടാൽ  കടിക്കാനറിയാത്ത കുട്ടി. പക്ഷേ    ഇരുചക്ര വാഹനത്തിൽ  മുമ്പിലിരുന്നവന്റെ  കാഴ്ചപ്പാടിൽ  അവൾ  ഉപഭോഗ വസ്തു മാത്രമാണ്.   പെൺകുട്ടി  വലുതായെന്നും  പ്രകൃതി അവളുടെ  ശരീരത്തിൽ  ആ  പ്രായത്തിൽ  ഉൽപ്പാദിപ്പിപ്പിക്കുന്ന  രാസ  ഘടകങ്ങൾ  ഭൂമിയിൽ ജീവൻ നിലനിർത്താൻ  ഇണ ചേരുന്നതിന്  അവളെ  പ്രേരിപ്പിക്കുന്നതാണെന്നും  അത് കൊണ്ട് തന്നെ   ആ പ്രേരണ  അവളെ തെറ്റിലേക്ക്  നയിക്കുമെന്നും  ആ തെറ്റ്  എന്താണെന്നും  അതിനെ  പ്രതിരോധിക്കുന്നതെങ്ങിനെയെന്നും  പ്രതിരോധിച്ചില്ലെങ്കിലുള്ള  ഭവിഷ്യത്ത്  എന്തെന്നും    പെൺകുട്ടിക്ക്   വീട്ടിൽ നിന്നും  പാഠം  ലഭിക്കാതിരിക്കുകയും  എന്റെ മോൾ   ഇപ്പോഴും  കുഞ്ഞാണ്  അവൾക്ക് ഒന്നുമേ  അറിയില്ലാ എന്ന   മുൻ വിധിയോടെ  മാതാ പിതാക്കൾ  അവളെ കാണുകയും ചെയ്താൽ    അവനെ  പോലുള്ളവർ   അവളെ   ശരിയല്ലാത്ത  കാര്യങ്ങൾക്കായി  ഉപയോഗിക്കുകയും  ചില  കേസുകളിൽ  സ്നേഹിതന്മാർക്ക്  കൈമാറുകയും   ചെയ്യുമെന്ന്  ഉറപ്പ്.  നാം  ദിനവും  പത്രത്തിൽ  വാർത്തയായി  വായിച്ച് രസിക്കുന്നത്   ഇത്  തന്നെയാണ്.    അതുമല്ലെങ്കിൽ  ഏതെങ്കിലും  ഒഴിഞ്ഞ  കോണിൽ സർവതും മറന്ന് അവർ  ഇരിക്കുമ്പോൾ  പ്രഥമ ദൃഷ്ട്യാൽ  തന്നെ  ഇത് ലൈസൻസ്  ഇല്ലാത്ത സംഭവമാണെന്ന് തിരിച്ചറിയാൻ കഴിയുന്ന കശ്മലന്മാർ  അവന്റെ തലക്ക്  ഒരു  അടിയും  കൊടുത്ത്  കയ്യും കാലും  കെട്ടിയിട്ട്  അവളെയും പൊക്കി കൊണ്ട് പോകുന്നതും  നമുക്ക്  വാർത്തയായി  ആഘോഷിക്കാമല്ലോ.