Saturday, November 23, 2013

ഓർമ്മകൾ ഇപ്പോഴും ഉണ്ട്.

മുപ്പത്തി ഒൻപത് വർഷങ്ങൾക്ക് മുമ്പ് എന്റെ ബാപ്പാ ഇന്നേ ദിവസമാണ് മരിച്ചത്. വാർദ്ധക്യത്തിലെത്തി ചേരാതെ  അദ്ദേഹത്തിന്റെ അൻപതുകളിലായിരുന്നു` മരണം; രോഗം പട്ടിണി. ഞങ്ങളെ തീറ്റിപോറ്റാനായി അദ്ദേഹം പട്ടിണി കിടന്നു. പട്ടിണിയിൽ നിന്നുടലെടുത്ത രോഗം അദ്ദേഹത്തെ കൊണ്ട് പോയി. ബാപ്പായെ പറ്റി സ്മരിക്കുമ്പോൾ  മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആലപ്പുഴ  ലജനത്തുൽ മുഹമ്മദീയ സംഘത്തിന്റെ വായനശാലയിൽ നിന്നും  വായിക്കാനായി എടുത്ത പുസ്തകങ്ങൾ രാവേറെ ചെന്നിട്ടും വായിക്കുന്ന ഒരു രൂപമാണ് മനസ്സിലേക്ക് വരിക.  എന്റെ വായനക്ക് പ്രചോദനമായത് പട്ടിണിക്കാലത്തും  ഉപേക്ഷിക്കാത്ത  ബാപ്പായുടെ ഈ വായനാ ശീലമായിരുന്നല്ലോ.
മരിക്കുന്നതിന് മുമ്പ് ബാപ്പാക്ക് അസുഖം വർദ്ധിച്ചു എന്ന വിവരം കിട്ടി ഞാൻ ഓഫീസ്സിൽ ലീവ് എഴുതി കൊടുത്ത് കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴ വീട്ടിലെത്തിയപ്പോൾ അവശനായ അദ്ദേഹം എന്നെ കൈ കാണീച്ച് അടുത്തേക്ക് വിളിച്ച് പറഞ്ഞു" ഇന്നൊന്നും എനിക്ക് സംഭവിക്കില്ല, അടുത്ത ആഴ്ച ആകും, അത് വരെ  ഇവിടെ നിന്നു നീ വെറുതെ ലീവ് കളയണ്ട" ഞാൻ അപ്പോൾ തല കുലുക്കിയെങ്കിലും പിന്നീട് പലപ്പോഴും ഇപ്പോഴും ആ വാക്കുകളെ പറ്റി ചിന്തിക്കുമ്പോൾ   അമ്പരന്ന് പോകുന്നു . സ്വന്തം മരണത്തെ പറ്റി എത്ര ലാഘവത്തോടെയാണ് അദ്ദേഹം പറഞ്ഞത്. വാർദ്ധക്യത്തിന്റെ പരമോന്നതയിലെത്തിയാലും പല മനുഷ്യരും മരണ ചിന്ത വരുമ്പോൾ സംഭ്രമത്തിൽ പെട്ട് പോകുന്നു. ഇവിടെ  മദ്ധ്യ വയസ്സിൽ    മരണത്തെ നിസ്സാരമായി  കണ്ട് സാധാരണ കാര്യങ്ങൾ  പറയുന്നത്  പോലെ എന്റെ പിതാവ് തന്റെ മരണത്തെ പറ്റി പറയുകയും അവിടെയും മകനെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തു. ബാപ്പായുടെ പ്രവചനം പോലെ അടുത്ത ആഴ്ച അദ്ദേഹം പോയി. ജീവിത കാലത്ത് സ്വന്തം സന്തതികൾക്ക് വേണ്ടി രാപകൽ അദ്ധ്വാനിച്ച അദ്ദേഹത്തിന്റെ ചരമ വാർഷിക  ദിനത്തിൽ ബാപ്പായുടെ ഒരു ഫോട്ടോ പത്രത്തിൽ കൊടുത്ത് "മുപ്പത്തിഒൻപതാം ചരമ വാർഷികം ഇപ്പോഴും ഞങ്ങൾ അങ്ങയെ സ്മരിക്കുന്നു," എന്ന് പ്രസിദ്ധപ്പെടുത്താൻ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഞങ്ങളുടെ കയ്യിലില്ല;, കാരണം അദ്ദേഹം ഒരു ഫോട്ടോ എടുക്കാൻ മെനക്കെട്ടില്ല. അഥവാ ഫോട്ടോ  എടുക്കാൻ വരുന്ന ചെലവ്  അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണത്തിന് അരി വാങ്ങാൻ ചെലവഴിക്കുമായിരുന്നല്ലോ. അദ്ദേഹം പലപ്പോഴും ഒരു ചായയിൽ ഭക്ഷണം ക്ലിപ്തപ്പെടുത്തി. സമ്പന്നതയിൽ ജനിച്ച ബാപ്പാ അറുപതുകളിൽ കേരളത്തിൽ സമൂലം ബാധിച്ച പട്ടിണിയിൽ മുങ്ങി താഴുമ്പോഴും ഞങ്ങൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം തരാൻ രാപകൽ കഷ്ടപ്പെട്ടു. എന്റെ ജീവിതത്തിൽ ഒരിക്കലും പരിഹരിക്കാനാകാത്ത ഒരു ദു:ഖമായി തീർന്നത് എന്റെ ബാപ്പാ മരിക്കുന്നതിന് മുമ്പ് മെച്ചപ്പെട്ട ജീവിതാവസ്ഥയിൽ അദ്ദേഹത്തെ  ഒരു ദിവസമെങ്കിലും  ജീവിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു. ഉമ്മാക്ക് ആ ഭാഗ്യം ലഭിച്ചു എങ്കിലും ബാപ്പാ അതിന് മുമ്പ് പോയി. ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ ശ്മശാന ഭൂമിയിലെ വെള്ള മണൽ നിറഞ്ഞ ഒരു കോണിൽ ഒരു സ്മാരകശില പോലുമില്ലാതെ അദ്ദേഹം ഉറങ്ങുന്നു. ബാപ്പായെ അടക്കിയ ഭാഗം എനിക്കറിയാം, പക്ഷേ അന്ന് ഒരു മീസാൻ കല്ല് സ്ഥാപിക്കാൻ ഞങ്ങളെ കൊണ്ട് കഴിയാതിരുന്നതിനാൽ ദാ! ഇവിടെയാണ് ബാപ്പായെ അടക്കിയത് എന്ന് ചൂണ്ടി കാണിക്കാനും ആ കബറിന്റെ സമീപത്ത് നിന്ന് പ്രാർത്ഥിക്കാനും ഞങ്ങൾക്ക് ആവില്ലല്ലോ. സിനിമാ സംവിധായകൻ ഫാസിലിന്റെ അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ഒരു കാറപകടത്തിൽ മരിച്ചത് അടക്കിയ നാല് കബറുകൾക്ക് സമീപമാണ് ബാപ്പായെ അടക്കിയത് എന്ന ഓർമ്മ ഉള്ളതിനാൽ ആ ഭാഗത്ത് ചെന്ന് നിന്ന് ആലപ്പുഴ പോകുമ്പോഴെല്ലാം ഞാൻ ബാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവിടെ നിന്നും വിദൂരമായ ഈ സ്ഥലത്തിരുന്ന് ഇന്നും എന്റെ ബാപ്പായ്ക്ക് വേണ്ടി ഞാൻ  പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കാൻ സന്തതികൾ ഉള്ളവരുടെ പരലോകജീവിതം തൃപ്തികരമായിരിക്കുമെന്നാണല്ലോ പുണ്യ വചനങ്ങൾ. ആ കാര്യത്തിൽ എന്റെ ബാപ്പാ ഭാഗ്യവാനാണ് എന്ന് എനിക്ക് തീർച്ചയുണ്ട്. അദ്ദേഹത്തിന് വേണ്ടി നാല് വരി ഇന്നെങ്കിലും ഞാൻ കുറിച്ചിടേണമല്ലോ. കാരണം എന്റെ പതിനഞ്ചാം വയസ്സിൽ ഞാൻ എഴുതി പത്രത്തിൽ അച്ചടിച്ച് വന്ന എന്റെ കഥ വായിച്ചപ്പോഴുണ്ടായ ബാപ്പായുടെ സന്തോഷമായിരുന്നല്ലോ എനിക്ക് കിട്ടിയ ആദ്യ അവാർഡ്.

2 comments:

  1. ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ!

    ReplyDelete
  2. ബാപ്പയോടുള്ള ഈ മകന്‍റെ സ്നേഹം....!പ്രാര്‍ത്ഥന....! തീര്‍ച്ചയായും ബാപ്പ അറിയുന്നുണ്ടാകും...!

    ReplyDelete