Saturday, August 28, 2021

സിനിമാ കൊട്ടക കഴിഞ്ഞ കാലത്ത്

തകർന്നടിഞ്ഞ് കിടക്കുന്ന ഒരു പഴയ കാല സിനിമാ കൊട്ടകയുടെ മുമ്പിലായിരുന്നു ഞാൻ. എല്ലാം നഷ്ടപ്പെട്ട  അവസ്ഥയിൽ അവശിഷ്ടങ്ങൾ മാത്രം  അവശേഷിച്ചിരുന്നതിന്റെ മുമ്പിൽ  നിന്നപ്പോൾ ഒരു കാലത്ത് പ്രഭാവത്തൊടെ തല ഉയർത്തി നിന്നിരുന്ന ശബ്ദ മുഖിരതമായ  അന്നത്തെ കൊട്ടക കാലത്തെ പറ്റി ഓർത്ത് പോയി. കേരളത്തിലെ ബഹുഭൂരിപക്ഷം കൊട്ടകകളുടെയും ഇപ്പോഴത്തെ ഗതി ഇത് തന്നെ.

ഷോ ആരംഭത്തെ കുറിക്കുന്ന പതിവ് സിനിമാ ഗാനങ്ങളും ടിക്കറ്റ് കൊടുക്കാനുള്ള ആദ്യത്തെ ബെല്ലടി യും അതിനെ തുടർന്ന് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിലുള്ള പരക്കം പാച്ചിലും  താഴ്ന്ന ക്ളാസിലെ ടിക്കറ്റ്  എടുത്ത് കഴിഞ്ഞ് ഇരിപ്പടം തപ്പി തെരച്ചിലും സീറ്റ് കിട്ടിക്കഴിയുമ്പോൾ  അടുത്തിരിക്കുന്ന തലേക്കെട്ട്കാരൻ താൻ ഒഴിവാക്കി വന്ന സ്നേഹിതനാണെന്നുള്ള  തിരിച്ചറിവും അവനും  അതേ പോലുള്ള ജാള്യതയിൽ അകപ്പെടുന്ന മുഖ ഭാവവും  പിന്നെ പൊട്ടിച്ചിരിയും, പരസ്യങ്ങളെ നോക്കി  കപ്പലണ്ടി കൊറിച്ചിരിപ്പും കറണ്ട് പോകുമ്പോൾ കൊട്ടകക്കാരന്റെ അപ്പൂപ്പനെ വരെ തെറി വിളിയും അങ്ങിനെ ഒരു മാതിരി  ബഹളമയം അകത്ത് നടക്കുമ്പോൾ പുറത്ത് ടിക്കറ്റ് കിട്ടാതെ തിരിച്ച് പോക്കും അടുത്ത കൊട്ടക നോക്കിയുള്ള പാച്ചിലും അത് പുറത്ത് മറ്റൊരു രംഗം സൃഷ്ടിക്കുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും ബെല്ലടി കഴിഞ്ഞ്  ടിക്കറ്റ് ക്ളോസ് ചെയ്ത് കഴിഞ്ഞ് വരുന്നവരെ  ടിക്കറ്റ് കൊടുക്കാതെ അകത്ത് കടത്തി വിടുനതും ( അത് കൂടുതലും സെക്കന്റ് ഷോക്കായിരിക്കും) അതിനെ തുടർന്നുള്ള  ഫിലിം റെപ്രസെന്റേറ്റീവും കൊട്ടക മാനേജരുമായുള്ള തർക്കം വേറൊരിടത്ത്. പിന്നെ  ഡിസി. ആർ എഴുതുന്നതിന്റെ തിരക്ക്. എന്താണ് ഡി.സി.ആർ.? ( ഡൈലീ കളക്ഷൻ റിപ്പോർട്ട് എന്ന് പൂർണ രൂപം.) അവിടെ എല്ലാം അഡ്ജസ്റ്റ്മെന്റ്  പലപ്പോഴും ഉണ്ടാകും. 

സിനിമാ വ്യവസായം തന്നെ അഡ്ജസ്റ്റ്മെന്റുകളായിരുന്നല്ലോ. അഡ്ജസ്റ്റ്മെന്റ് എന്ന് വെച്ചാൽ തട്ടിപ്പിന്റെ ഓമന രൂപം. ഗേറ്റ് കീപ്പർ  ടിക്കറ്റ് എടുക്കാതെ വരുന്നവന്റെ കയ്യിൽ നിന്നും കൊട്ടക മുതലാളിയെ പറ്റിച്ച്  പൈസാ വാങ്ങി കടത്തി വിടുന്നു. കൊട്ടക മുതലാളി  ഫിലിം റെപ്രസെന്റേറ്റീവിനെ  വെട്ടിച്ച് നമ്പറില്ലാത്ത ലൂസ് ടിക്കറ്റ്  വിൽക്കുന്നു. ഫിലിം റെപ്രസെന്റേറ്റീവ് തീയേറ്റർ മുതലാളിയുമായി ചേർന്ന് കളക്ഷൻ കുറച്ച് റിപ്പോർട്ടിൽ കാണിച്ച്  ഡിസ്ടിബ്യൂട്ടറെ (വിതരണക്കാരനെ) വെട്ടിക്കുന്നു. വിതരണക്കാരൻ കണക്ക് കുറച്ച് ഫിലിം നിർമ്മാതാവിനെ പറ്റിക്കുന്നു. ഫിലിം നിർമ്മാതാവ് നടീ നടന്മാരെ  വണ്ടി ചെക്ക് കൊടുത്ത് തട്ടിക്കുന്നു. ഇതിനിടയിൽ പഞ്ചായത്തിലേക്ക് ചെല്ലേണ്ട ടാക്സ്  കൊട്ടകക്കാരനും പരിശോധനക്കായി വരുന്ന ജീവനക്കാരനുമായി ചേർന്ന് പറ്റിക്കുന്നു.  ചുരുക്കത്തിൽ താഴേക്കിട മുതൽ മേലേക്കിട വരെ  തട്ടിപ്പിന്റെ ആസ്ഥാനമായിരുന്നു സിനിമാ വ്യവസായം.

 ഇപ്പോൾ എല്ലാം പോയി. തട്ടിപ്പുമില്ല, പറ്റിപ്പുമില്ല, ഷോയുമില്ല , കൊട്ടകയുമില്ല എല്ലാം  കാലത്തിന്റെ കുത്തൊഴുക്കിൽ  തകർന്ന് വീണു കഴിഞ്ഞു. അന്നത്തെ കൊട്ടക ജീവനക്കാരെല്ലാം ഇപ്പോൾ എന്തു ചെയ്യുന്നുവോ ആവോ?

 റ്റിവി ചാനലുകൾ കൊട്ടകക്കാരുടെ നട്ടെല്ലിനാണ് ആഘാതം ഏൽപ്പിച്ചത്. അത് ഒരു വ്യവസായത്തിനെ പാടെ തകർത്ത് കളഞ്ഞ പ്രഹരം തന്നെയായിരുന്നു.


Saturday, August 21, 2021

ഒരു ഓണ സദ്യയുടെ ഓർമ്മക്ക്...

 അന്ന് തിരുവൊണമായിരുന്നു. വാസു ചേട്ടന്റെ പറമ്പിലെ  തെങ്ങിൽ വലിച്ച് കെട്ടിയ ഊഞ്ഞാലിൽ ഉച്ച സമയത്ത് പത്ത് വയസ്സ്കാരനായ  ഞാൻ തനിച്ചിരുന്ന് ആടിക്കൊണ്ടിരുന്നപ്പോഴാണ് സരസ്സു ചേച്ചി  എന്നോട് ചോദിച്ചത് “കൊച്ചേ, ഉണ്ണാൻ പോകുന്നില്ലേ? “ എന്ന്

ഞാൻ ഇല്ലാ എന്നർത്ഥത്തിൽ തോളുകൾ  രണ്ടും പൊക്കി കാണിച്ചു. ഇന്നലെ രാത്രി എന്തോ കഴിച്ചതാണ്, രാവിലെ കരിപ്പട്ടി ചായ മാത്രം. വയറ്  കാളുന്നത് കൊണ്ടാണ് ഊഞ്ഞാലാടി വിഷമം മാറ്റാമെന്ന് കരുതി അവിടെ വന്നത്. കൂടെ ആടിക്കൊണ്ടിരുന്ന പാക്കൻ എന്ന ഭാസ്കരനും പൊന്നമ്മയും രാജമ്മ ചേച്ചിയും  തിരുവോണമായതിനാൽ അവരുടെ അമ്മ വന്ന് വിളിച്ച് ഉണ്ണാൻ പോയപ്പോൾ ഞാൻ തനിച്ചായി.. 

മുറ്റത്ത് ബീഡിയും പുകച്ച് നിന്നിരുന്ന കയർ ഫാക്ടറി തൊഴിലാളിയായ വാസു ചേട്ടനോട്  സരസുച്ചേച്ചി എന്നെ ചൂണ്ടി എന്തോ പറഞ്ഞു. ചേട്ടൻ എന്റെ അടുത്ത് വന്ന് മടിച്ച് മടിച്ച് ചോദിച്ചു. “കൊച്ചേ, ചോറുണ്ണാൻ വാ,....“

 വിശപ്പ് എന്നെ വല്ലാതെ തളർത്തിയിരുന്നെങ്കിലും  നാണവും ഉമ്മായോ മറ്റാരെങ്കിലുമോ കണ്ടാലോ എന്ന ഭയവും  വേണ്ടാ എന്ന് പറയിപ്പിച്ചെങ്കിലും      എന്റെ തൊണ്ടയിലൂടെ  ഒരു കുടം ഉമി നീർ ഇറങ്ങി പോയി.

ആലപ്പുഴ വട്ടപ്പള്ളിയിൽ ആ പ്രദേശത്ത്  ഏഴെട്ട്  വീടുകൾ ഒഴികെ ബാക്കി എല്ലാവരും മുസ്ലിം താമസക്കാരും കർശനമായ യാഥാസ്തിതികരുമായിരുന്നല്ലോ. ആഹാരത്തിൽ പോലും വേർതിരിവ് പ്രകടമായിരുന്നു. ദോശ , ഇഡ്ഡിലി, സാമ്പാറും പുളിശ്ശേരിയും അവിയലും തോരനും മറ്റും കൂട്ടിയുള്ള ഊണും ഒട്ടുമില്ലായിരുന്നു. പത്തിരി , അപ്പം, പുട്ട്, ഇറച്ചിക്കറി , നെയ്ച്ചൊര്, ബിരിയാണി, തുടങ്ങിയവയായിരുന്നു അവരുടെ ചിട്ടകൾ. ഇതര മതസ്തരുടെ  ആഹാരം കഴിക്കുന്നതിൽ വല്ലാതെ വൈമുഖ്യം കാണിച്ചിരുന്നവരായിരുന്നു അന്നത്തെ തലമുറ. നാട്ടിൽ ഭൂരിഭാഗം പേരും അര പട്ടിണിയും മുഴു പട്ടിണിയുമായി  ദിവസങ്ങൾ തള്ളി വിടുമ്പോഴും ചിട്ടകൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

ഈ ചിട്ടകൾ അറിയാമായിരുന്നത് കൊണ്ടാണ് വാസു ചേട്ടൻ എന്നെ ഉണ്ണാൻ ക്ഷണിക്കുന്നതിൽ മടി കാണിച്ചത്. പക്ഷേ എന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ മനസ്സിലാക്കിയത് പോലെ അദ്ദേഹം എന്നെ കൈക്ക് പിടിച്ച് വീടിന് ഉള്ളിലേക്ക് കൊണ്ട് പോയി. അവിടെ പാക്കനും പൊന്നമ്മയും മറ്റും ഇലയിൽ ആഹാരം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.എന്നെ കണ്ടപ്പോൾ അവർ രണ്ട് പേർക്കും മദ്ധ്യത്തിൽ ഇടം ഉണ്ടാക്കി എന്നെ ഇരുത്തി.  ചാണകം മെഴുകിയ തറയിൽ വിരിച്ച പുൽപ്പായയിൽ ഇരുന്ന് ഇലയിൽ ആഹാരം കഴിക്കുമ്പോൾ  ഉമ്മാ അറിഞ്ഞാൽ അടി കിട്ടുമെന്ന ഭയം മനസ്സിൽ ഉണ്ടായിരുന്നു. ബാപ്പായെ ഭയക്കേണ്ടതില്ലായിരുന്നു, കാരണം  കഴിഞ്ഞ ഓണത്തിന് പുന്നപ്രയിൽ ഗുമസ്ഥൻ മാധവൻ പിള്ള ചേട്ടന്റെ വീട്ടിൽ ഓണത്തിന് ബാപ്പാ സൈക്കിളിൽ ഇരുത്തി എന്നെ കൊണ്ട് പോയി അവിടെ നിന്നും ആഹാരം കഴിച്ചിരുന്നുവല്ലോ. ഇലയിൽ ആദ്യമായി ഉണ്ടത് അവിടെ നിന്നായിരുന്നു. അത് കഴിഞ്ഞ് ഇതാ ഇപ്പോൾ വാസുചേട്ടന്റെ വീട്ടിൽ നിന്നും.

ഞാൻ ആസ്വദിച്ച് ചോറുണ്ട്. നല്ല വിശപ്പുമുണ്ടായിരുന്നല്ലോ. ഏറ്റവും രുചിച്ചത് ഇലയിൽ അവസാനം വിളമ്പിയ പായസമായിരുന്നു. ഉണ്ട് കഴിഞ്ഞപ്പോൾ എന്നെ കൊണ്ട് ഇല എടുപ്പിക്കാതെ സരസു ചേച്ചി അതെടുത്ത് പുറത്ത് കളഞ്ഞു.

പിന്നെയും കുറേ നേരം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. വീട്ടിൽ  ആഹാരം ഒന്നും ഇല്ലായിരുന്നു. ഉമ്മാ എന്നെ ദയനീയമായി നോക്കി. എന്നിട്ട് ഒരണ എന്റെ കയ്യിൽ വെച്ച് തന്ന് “മോനേ! ഈ പൈസാക്ക് എന്തെങ്കിലും വാങ്ങി കഴിക്ക്..“ എന്ന് പറഞ്ഞു. എന്ത് കൊണ്ടോ മനസ്സിൽ വല്ലാത്ത പ്രയാസം അനുഭവപ്പെട്ടതിനാൽ എന്തും വരട്ടെയെന്ന് കരുതി ഞാൻ ഊണ് കഴിച്ച വിവരം ഉമ്മായൊട് തുറന്ന് പറഞ്ഞു. അപ്പോഴേക്കും ഉമ്മായുടെ  വിധം മാറി, കൈ കൊണ്ട് ഒന്ന് രണ്ടടി പുറത്ത് തന്നു എന്നിട്ട് ഉച്ചത്തിൽ വഴക്ക് പറയാൻ തുടങ്ങി.

നാണമില്ലേടാ പന്നി സുവ്വറേ! ജാതി അല്ലാത്തവരുടെ ഓണത്തിന്  ചോറുണ്ണാൻ പോയിരിക്കുന്നു, .ഇവിടെ എല്ലാവരും പട്ടിണി ആണല്ലോ നിനക്ക് മാത്രമെന്താടാ ഇത്രക്കും വിശപ്പ്..പൊയ്ക്കോ എന്റെ മുമ്പീന്ന്...“

വഴക്ക് കേട്ട് ബാപ്പാ മുൻ വശത്ത് നിന്ന് കാര്യം തിരക്കിയപ്പോൾ  ഉമ്മാ ഞാൻ ഓണത്തിന് ഉണ്ണാൻ പോയ കാര്യം പറഞ്ഞു. ബാപ്പാ ഉമ്മായുടെ വഴക്ക് വളരെ നിസ്സാരപ്പെടുത്തി  പറഞ്ഞു, അതിനാണോ ഈ ബഹളം, അവൻ ചോറ് പോയി ചോദിച്ചില്ലല്ലോ വിളിച്ച് കൊടുത്തതല്ലേ....“ ഉമ്മാ ഒന്നും മിണ്ടാതെ പിറു പിറുത്ത് കൊണ്ടിരുന്നു.

കാലം കടന്ന് പോയപ്പോൾ വട്ടപ്പള്ളിയിൽ ദോശയും ഇഡ്ഡിലിയും വന്നു, സാമ്പാറും പുളിശ്ശേരിയും കൂട്ടി  ചോറും വന്നു, ഓണത്തിന് ക്ഷണ പ്രകാരം ആൾക്കാർ പോയി ആഹാരം കഴിക്കാനും പെരുന്നാളിന് ബിരിയാണി കഴിക്കാൻ ഇങ്ങോട്ടും വന്ന് തുടങ്ങി.

ഞാൻ കൊട്ടാരക്കരയിൽ സ്ഥിര താമസം തുടങ്ങിയതിൽ പിന്നെ ഉമ്മാ പലതവണ ഓണത്തിന് വന്നു, ഇലയിൽ ചോറുണ്ടു. ഉമ്മാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും വന്നെനെ.

ഇന്ന് വാസുചേട്ടൻ ഇല്ല, സരസ്സു ചേച്ചി, പാക്കൻ പൊന്നമ്മ, ഇവർ ഉണ്ടോ ഇല്ലയോ എന്നറിയില്ല.ആ പറമ്പ് നിറയെ വീടുകൾ ആണിപ്പോൾ, അവിടെ ഇപ്പോൾ ഊഞ്ഞാലും കാണില്ല.

കാലാവസ്ഥാ വ്യതിയാനത്താൽ  കാർമേഘാവൃതമായ ശോഭ കെട്ട  പകലുകളും കോവിഡ് ഭീഷണിയും കഴിഞ്ഞ വർഷവും  ഈ വർഷവും ഓണത്തിനെ നിർജ്ജീവമാക്കിയപ്പോൾ  ഉമ്മറത്തെ ചാര് കസേരയിൽ കിടന്ന് ചെറുപ്പത്തിലെ ഓണ നാളിനെ  കുറിച്ച് ഓർത്ത് പോയി.

Thursday, August 19, 2021

കൊളുന്ത് വ്യാപാരവും ഓണവും

 കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിൽ ഓണ നാളുകളിൽ പൂരാടത്തിനും ഉത്രാടത്തിനും  ഇടവഴികളിൽ  ഉയരുന്ന ഒരു വിളി ശബ്ദമാണ് “കൊളുന്ത് വേണോ അമ്മാ...കൊളുന്ത്....“ കിഴക്കൻ മേഖലയോട് തൊട്ട് കിടക്കുന്ന തമിഴ് നാടിലെ ചെങ്കോട്ട, തെങ്കാശി പ്രദേശങ്ങളിൽ നിന്നും വരുന്ന  അണ്ണാച്ചിമാരാണ് കൊളുന്ത് കച്ചവടത്തിന് സമീപ സ്ഥലങ്ങളായ പത്തനാപുരം കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ എത്തിച്ചേരുന്നത്.

സുഗന്ധം പരത്തുന്ന ഒരു ഇലയാണ്കൊളുന്ത്. അത് വാഴനാരിൽ കോർത്ത് അവർ കൊണ്ട് വന്ന് മുഴം  അളവിൽ വിൽക്കും. ഓണത്തിന്റെ വരവ് അറിയിച്ചുള്ള അടയാളങ്ങളിൽ  കൊളുന്ത് അണ്ണാച്ചികളും  ഒരുകാലത്ത് ഭാഗമായിരുന്നു.

മലയാളി വീട്ടമ്മമാർ കൊളുന്ത് വാങ്ങി കുളി കഴിഞ്ഞ് തലയിൽ ചാർത്തുമ്പോൾ ഒരു  സുഗന്ധം അവരിൽ ഉണ്ടാകും. ഭർത്താക്കന്മാർ അടുത്ത് ചെന്ന് നുകരാൻ തക്കവിധം മാദകമാണ് ആ സൗരഭ്യം.

ഇന്ന് കൊളുന്ത് അണ്ണാച്ചിമാരുടെ വരവ് അപൂർവമാണ്. അത് വാങ്ങുന്ന വീട്ടമ്മമാരും  ആ സുഗന്ധം നുകരുന്ന ഭർത്താക്കന്മാരും  തിരക്ക് പിടിച്ച് മൊബൈലിൽ  ചാറ്റിംഗിലാകുമ്പോൾ  എന്ത് കൊളുന്ത് എന്ത്  സുഗന്ധം.  അങ്ങിനെ ഓണത്തൊടനുബന്ധിച്ച് മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ പലതിന്റെയും കൂട്ടത്തിൽ കൊളുന്ത് അണ്ണാച്ചിമാരും പോയി.

ഓണ നിലാവും ഓണക്കളികളും ഓണ തുമ്പികളും ഓണ സദ്യയും ഊഞ്ഞാൽ ആട്ടവും ആരിലും ഒരു  അനുഭൂതികളും സൃഷ്ടിക്കാത്ത വികാരരഹിതമായ  ഈ കാലത്ത് എന്ത് ഓണം....!!!

Thursday, August 12, 2021

വാക്സിൻ പ്രതിരോധം

 ആദ്യ തവണ വാക്സിൻ എടുക്കാനായി  ഞാൻ  ആ സ്കൂളിൽ ചെന്നതായിരുന്നു. നല്ല തിരക്കുണ്ട്. മാക്സ് ധരിച്ചിട്ടുണ്ടെങ്കിലും  സാമൂഹ്യ അകലം  പാലിക്കാതെ തോളോട് തോൾ ചേർന്ന് ആൾക്കാർ അവിടെ നിന്നിരുന്നു. എവിടെയും  ഞാൻ മുമ്പിൽ  എനിക്കാദ്യം എന്ന നിഷ്ഠ നിർബന്ധ പൂർവം പ്രാവർത്തികമാക്കി വരുന്ന മലയാളികൾക്ക് എത്ര താക്കീതുകൾ നൽകിയാലും എനിക്കാദ്യം എന്ന ചിന്ത  മനസ്സിൽ വന്നാൽ എല്ലാ താക്കീതുകളും  അവഗണിക്കും.  ഇവിടെയും അത് തന്നെ കണാൻ കഴിഞ്ഞു.

വാക്സിൻ വിരോധിയല്ലെങ്കിൽ കൂടിയും ഇത്രയും നാൾ വാക്സിൻ എടുക്കാതെ ഞാൻ ഒഴിഞ്ഞ് നടക്കുകയായിരുന്നു. കോവിഡ് ബാധയാൽ  ജനങ്ങൾ മരിച്ച് വീണിരുന്ന കാലത്ത് നിർബന്ധിതാവസ്ഥയിൽ  നിർമ്മിച്ചെടുത്ത വാക്സിനാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഏതൊരു പ്രതിരോധ കുത്തി വെപ്പും അനേക കാലത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു പ്രചാരത്തിൽ വന്നിരുന്നത്. അത് കൊണ്ട് അതിന്റെ ഗുണദോഷ വശങ്ങൾ ശാസ്ത്ര ലോകത്തിന് ജനങ്ങളെ അറിയിക്കാൻ സാധിച്ചിരുന്നുവല്ലോ. തുടർന്ന് ദോഷവശങ്ങൾ ഒഴിവാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും സയൻസിന് കഴിഞ്ഞു.  ഇന്ന് പ്രചാരത്തിലുള്ള എല്ലാ കുത്തിവെയ്പ്പുകളും അപ്രകാരമാണ് പ്രചാരത്തിൽ വന്നത്.

പക്ഷേ നിർബന്ധിതാവസ്ഥയിൽ തട്ടിക്കൂട്ടിയതും വേണ്ടത്ര  നിരീക്ഷണ പരീക്ഷണങ്ങൾ  നടത്താൻ മതിയായ സമയം ലഭിക്കാത്തതും സർവോപരി കച്ചവട മാൽസര്യത്തിൽ ഓരോ രാഷ്ട്രങ്ങളും  ഞാൻ ആദ്യം ഞാൻ ആദ്യം എന്ന് വാശിയോടെ  ചുട്ടെടുത്തതുമായ കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ  സംശയത്തോടെയാണ്` ഞാൻ കണ്ടത്.

 ഇതെല്ലാം എന്റെ കാഴ്ചപ്പാട് മാത്രമാണ്. ഇത്രയും നാളായിട്ടും വാക്സിൻ എടുക്കാതിരുന്നത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കുകയാണ് ഞാനിവിടെ. വാക്സിനെ സംബന്ധിച്ച് കൂടുതൽ കൂടുതൽ പഠനങ്ങൾ പുറത്ത് വരട്ടെ എന്നിട്ട് കുത്തിവെയ്പ് നടത്താമെന്ന് കരുതി മറ്റ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും ഏറെ സൂക്ഷ്മത പുലർത്തിയും യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കിയും കാലം കഴിച്ച് കൂട്ടി. വീട്ടിൽ മറ്റുള്ളവർ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.

അപ്പോഴാണ്  ഒരു വാക്സിനെങ്കിലും എടുത്തില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ സർക്കാർ ഉത്തരവിലൂടെ പുറത്ത് വന്നത്. നിയമം കഴിയുന്നിടത്തൊളം പാലിക്കണമെന്ന നിഷ്ഠ ഉള്ളവനാണ് ഞാൻ. കാരണം നിയമം ലംഘിക്കുമ്പോഴാണ് ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ നമുക്ക് തല ചൊറിയേണ്ടി വരുന്നത്. അതൊഴിവാക്കാൻ കഴിയുന്നിടത്തോളം നിയമത്തെ അനുസരിക്കാൻ ഞാൻ പരിശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ  വാക്സിന്റെ കാര്യത്തിൽ ഇനി അമാന്തം വേണ്ടാ എന്ന് കരുതി ഇന്ന് ഈ സെന്ററിൽ വന്നത്.

സിറിഞ്ചുമായി ഇരിക്കുന്ന പെൺകുട്ടി എന്നോട് അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. എനിക്ക് മുമ്പേ ഒരു സ്ത്രീയെ രണ്ട് പേർ താങ്ങി പിടിച്ച് ആ കസേരയിൽ കൊണ്ടിരുത്തി കുത്തിവെയ്പ്പിക്കുന്നത് ഞാൻ കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു. അവരെ കൊണ്ട് പോയതിന് ശേഷം  ആ കസേര  ഒന്ന് തുടക്കുകയോ ആവശ്യമുള്ള ശുചീകരണം നടത്തുകയോ ചെയ്യാതെയാണ് എന്നോട് ഇരിക്കാൻ പറഞ്ഞത്. ഞാൻ ശക്തിയായി പ്രതിഷേധിച്ച് ചോദിച്ചു, ഇത് ക്ളീൻ ചെയ്യാതെ ഞാൻ ഇരുന്നാൽ ആ പോയ സ്ത്രീക്ക് കോവിഡുണ്ടെങ്കിലോ? അത് പകരില്ലേ?

സിറിഞ്ച്കാരി എന്നെ അന്തംവിട്ട് നോക്കി, ഇത് വരെ ആ കാര്യം അവർ ശ്രദ്ധിച്ചില്ലാ എന്ന് വ്യക്തം. അവിടെ എത്രയോ പേർ വന്ന് പോയി കാണും.അവരൊന്നും ഈ കാര്യം ചോദിച്ചില്ല. സമൂഹത്തിന്റെ ജാഗ്രത കുറവിനെ സൂചിപ്പിക്കാനാണ്` ഞാൻ ഈ സംഭവം ഇവിടെ കുറിച്ചത്. ഞാൻ ആ കസേരയിൽ തന്നെ ഇരുന്ന് കുത്തിവെയ്പ്പ് എടുക്കേണ്ടി വന്നതും അവിടെ നിന്നിറങ്ങി വീട്ടിലെത്തി ആവശ്യമായ  ശുചീകരണം നടത്തുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ താഴ്ത്തി വെച്ചതും പിന്നത്തെ സംഭവങ്ങൾ. പക്ഷേ വാക്സിനേഷൻ സെന്ററുകളിൽ ക്രമീകരണങ്ങൾ നടത്തുന്ന  തദ്ദേശ ഭരണ അധികാരികൾ   അപ്പോളപ്പോൾ ജനങ്ങൾ ഇരിക്കുന്ന ഇരിപ്പടങ്ങൾ ശുചീകരണത്തിനും പ്രതിരോധത്തിനും ആയി ഒരാളെ എങ്കിലും അവിടെ നിയമിക്കാൻ ശ്രദ്ധിക്കേണ്ടതായിരുന്നു.

എന്റെ അടുത്ത ബന്ധുവും അടുത്ത സ്നേഹിതനുമായ വ്യക്തിയുടെ മാതാവിനു കോവിഡ് ബാധിച്ചതും തുടർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാതാവ് അന്തരിച്ചതും  വാക്സിനെടുക്കാൻ അസാധാരണമായ തിരക്കുള്ള  സർക്കാർ ആശുപത്രിയിൽ അന്ന് പോയതിനാലായിരുന്നു എന്ന് ഞങ്ങൾക്കെല്ലാം ഉറച്ച വിശ്വാസമുണ്ട്. കാരണം വൃദ്ധയായ ആ മാതാവ് പുറത്തെങ്ങും പോകാത്ത വീട്ടിന്റെ ഉള്ളകങ്ങളിൽ കഴിയുന്ന ആളായിരുന്നുവല്ലോ.  ആകെ അവർ പോയത് ഈ ജനക്കൂട്ടത്തിലും.

കോവിഡ് വാക്സിൻ  കുത്തിവെയ്പ്പ്  ഇപ്പോഴത്തെ രീതി മാറ്റി വാർഡ് തലത്തിൽ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ വെച്ച് മുൻ കൂട്ടി നോട്ടീസ് നൽകി  നടത്തുകയാണെങ്കിൽ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ കഴിയില്ലേ? അതിനെന്ത് പ്രതിബന്ധമാണ് അധികാരികൾ നേരിടുന്നത്. കാര്യമെത്ര സുഗമമായി നടന്ന് പോകും പണ ചിലവും കൂടുതലാവില്ല.  ഈ വിഷയം കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tuesday, August 10, 2021

വിദ്യ അഭ്യാസം

 പത്താം ക്ളാസ് പാസ്സായ  എന്റെ കൊച്ച് മകന് പതിനൊന്നാം ക്ളാസിലേക്കുള്ള പാഠങ്ങൾക്കായി ട്യൂഷൻ സെന്ററിൽ ചേർത്തിട്ടുണ്ട്. രാത്രി എട്ട് മണിയോടെ ഞാൻ കിടക്കുന്നതിനരികിൽ വന്നിരുന്ന് അദ്ദേഹം എന്തൊ കുത്തിക്കുറിച്ച് കൊണ്ടിരുന്നു. അവന്റെ ഒരു കയ്യിൽ മൊബൈലുമുണ്ട്. “എന്താടാ പ്രശ്നം?“  പതിവില്ലാത്ത അവന്റെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.

“ഞാൻ ടെസ്റ്റ് പേപ്പർ എഴുതുകയാണ് ചോദ്യം ഓൺ ലൈൻ വഴി ട്യൂഷൻ സാർ തന്നു കൊണ്ടിരിക്കുന്നു“ അവൻ മറുപടി പറഞ്ഞു.

“അതിന്, നീയെന്തിനാടാ എന്റെ അരികിൽ വന്നിരുന്ന്  ഈ പണി ചെയ്യുന്നത്,...?        സാധാരണ ഏതെങ്കിലും മൂലയിൽ പോയിരുന്ന് മൊബൈലിൽ പഠനം നടത്തുകയാണല്ലോ നിന്റെ പതിവ്...ഇന്നെന്താ ഒരു മാറ്റം.... ഞാൻ ആരാഞ്ഞു.

“ഇത് പരീക്ഷയല്ലേ..ഞങ്ങൾ കോപ്പി അടിക്കുമോ എന്നറിയാൻ  രക്ഷ കർത്താക്കളുടെ അടുത്ത് പോയിരുന്ന് വേണം എഴുതാൻ..സാർ ഇപ്പോൾ ഓൺ ലൈനിൽ വരും പരിശോധിക്കാൻ...രക്ഷ കർത്താക്കൾ അടുത്തുണ്ടോ എന്നറിയാൻ...“ടിയാൻ  എന്നെ അറിയിച്ചു.

“ഓഹോ! ഈ രാത്രി എട്ട് മണിക്കെന്താടാ ..ഒരു പരീക്ഷ...ഇത് പകൽ നടത്തിയാൽ പോരേ....ഇപ്പോൾ പകലൊന്നും ഒരു പഠിപ്പിക്കലും ഇല്ലേ..ചെറിയ ക്ളാസ്സിലും ഇപ്പോൾ ടീച്ചർ അതിരാവിലെയും  സന്ധ്യക്കുമാണല്ലോ നിന്റെ ഇളയ കുട്ടിക്കും ഈ ഓൺ ലൈൻ പ്രയോഗം നടത്തുന്നത് ... എന്റെ സംശയം ഞാൻ ചോദിച്ചു.

“അതൊന്നും എനിക്കറിയില്ല, സാർ പറഞ്ഞു, ഞാൻ അത് കേട്ടു.....“അദ്ദേഹം കൈ കഴുകി.

“ശരി , സാറിപ്പോൾ ഓൺ ലൈനിൽ വരട്ടെ ..ഞാൻ കൊടുക്കാം.....“ എന്റെ മറുപടി.

“ദേ! പഴയ  മൂരാച്ചി പണി ഒന്നും കാണിച്ച്  എന്നെ സാറിന്റെ മുമ്പിൽ നാണം കെടുത്തരുത്..പറഞ്ഞേക്കാം....“ടിയാൻ എനിക്ക് താക്കീത് നൽകി

സാർ ഓൺ ലൈനിൽ വന്ന് എത്തി നോക്കുന്നത് മൊബൈലിൽ ഞാൻ കണ്ടു. ഞാൻ  മകനോട് ഉച്ചത്തിൽ ചോദിച്ചു... “എന്തവാടേ.....നിനക്കെല്ലാം  ഈ കോഴിയെ പിടിച്ച് കൂട്ടിലടക്കുന്ന സമയത്താണോ  ഓൺ ലൈൻ ക്ളാസ്സ്....നിന്റെ സാറന്മാർ പകൽ  പുറത്തിറങ്ങില്ലേ....? ഇതെന്തൊരു കോത്താഴത്തെ ട്യൂഷൻ സെന്ററാടേ....“ 

സാറിന്റെ മുഖം ഓൺ ലൈനിൽ നിന്നും മാഞ്ഞു. വിദ്യാർത്ഥി  എന്നോട് പരിതാപപ്പെട്ടു പറഞ്ഞു.  “ ഇനി നാളെ  അങ്ങേര് എന്നെ  ഫയർ ചെയ്യാൻ കാരണം ഉണ്ടാക്കിയല്ലേ...?

“ ഓ! അതിനൊരു വഴിയുണ്ട്...നീ പറഞ്ഞാൽ മതി...അദ്ദേഹത്തിന് ചില സമയത്ത്  അൽപ്പം  ലൂസുണ്ട്...ഇന്ന് ഗുളിക കഴിച്ചില്ല എന്ന് പറഞ്ഞാൽ മതി..“

“ഇത്രേം വൈരാഗ്യമെന്താ...ഈ സാറന്മാരോട്....അവൻ എന്നോട്  ചോദിച്ചു.

“എന്നാൽ കേട്ടോളൂ...വിദ്യാഭ്യാസം പരിപാവനമായ  ഒന്നാണ്...അതിനെ കച്ചവടമാക്കുന്ന  ഏതൊരുവനും എന്തൊരു ന്യായം പറഞ്ഞാലും  അവന്റെ ധന മോഹം കൊണ്ടാണ്` ഈ വേഷം കെട്ട് . പത്താം ക്ളാസ്സ് ഫലം വരുമ്പോഴെല്ലാം പൈസാ മുടക്കി രക്ഷ കർത്താക്കളുടെ ഫോൺ നമ്പർ എങ്ങിനെയോ ശേഖരിച്ച് അവരെ ഫോണിൽ വിളിച്ച് കുട്ടികളെ വലയിട്ട് പിടിക്കുക  റ്റി.വി.യിൽ പരസ്യം ചെയ്യുക...ആ ആപ്പുണ്ട് ഈ ആപ്പുണ്ട് അത് പഠിച്ചാൽ മതി..എന്നൊക്കെ വിദ്യാഭ്യാസം മത്തിക്കച്ചവടമാക്കി മാറ്റുക അങ്ങിനെ ഉള്ളവരെ  അന്നും ഇന്നും എന്നും .ഞാൻ ഇഷ്ടപ്പെടില്ല അത് കൊണ്ടാണ് ഈ ദേഷ്യം.... നിന്റെ മാതാപിതാക്കളോട് പറഞ്ഞാൽ അവർക്ക് മണ്ടയിൽ കയറില്ല, അത് കൊണ്ടാണ്` നിന്നോട് പറയുന്നത് പഠിക്കേണ്ട സമയത്ത് ആത്മാർത്ഥമായി പടിക്കുക,  അതിന് ഒരു ആപ്പും വേണ്ട  പഠിക്കുന്നത് അവരവർക്ക് വേണ്ടിയാവണമെന്ന് മാത്രം ഞാൻ നിർത്തി.