Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, June 23, 2024

ഇന്നലെ പെയ്ത മഴ ( റീ പോസ്റ്റിംഗ്)

       ആകസ്മികമായി ഭാര്യ പിരിഞ്ഞ് പോയാൽ ഭർത്താവിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. വർഷങ്ങൾക്ക് മുമ്പ് അപ്രകാരമൊരു ഭർത്താവിന്റെ വേദനക്ക്  ഞാൻ സാക്ഷിയാവുകയുണ്ടായി. അത് ഉൾക്കൊണ്ട് ഒരു കഥ എഴുതി. ആ കഥ 2011 ഒക്റ്റോബറിലോ നവംബറിലോ മാധ്യമം വാരാദ്യ പതിപ്പിലൂടെ  പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് “മാക്സിയും ബർമൂഡായും എന്ന പേരിലുള്ള എന്റെ ചെറുകഥാ സമാഹാരത്തിൽ ആ കഥ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഇപ്പോൾ  കഴിഞ്ഞ ദിവസം സമാനമായ  ഒരു ദുഖം ഞാൻ കാണാനിട വന്നപ്പോൾ  ആ കഥ ഒന്നു കൂടി പോസ്റ്റ് ചെയ്യണമെന്ന് തോന്നി.

 ഇന്നലെ പെയ്ത മഴ


വീട്ടില്‍ നിന്നും
 ഇറങ്ങുമ്പോള്‍ കുട എടുക്കാന്‍ മറന്നത് കാരണം പെട്ടെന്നുണ്ടായ മഴയില്‍ നനഞ്ഞു കുളിച്ചാണ് ഞാന്‍ ബാര്‍ബര്‍ഷാപ്പില്‍ ഓടിയെത്തിയത്.

അപ്പോഴേക്കും എനിക്കും മുമ്പേ ഒരാള്‍, പരമു എന്ന് ഞങ്ങള്‍ ഓമന പേരിട്ട് വിളിക്കുന്ന ബാര്‍ബര്‍ പരമേശ്വരന്റെ മുമ്പില്‍ സ്ഥലം പിടിച്ച് കഴിഞ്ഞിരുന്നു.

തലയില്‍ ഇനിയും അവശേഷിക്കുന്ന മുടിയിഴകള്‍ ക്രമം തെറ്റി കഴുത്തിലേക്ക് നീളുന്നത് മുറിച്ച് ഒതുക്കണംഷേവ് ചെയ്യണംകുളിക്കണംഅത്യാവശ്യമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കണംഇങ്ങിനെ ഇന്ന് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി ക്ലിപ്തപ്പെടുത്തിയതിനാലാണ് ആദ്യത്തെ ഇനങ്ങള്‍ക്കായി രാവിലെ തന്നെ ബാര്‍ബര്‍ഷാപ്പില്‍ എത്തിയത്ഇനി ഇപ്പോള്‍ പരമു ചെയ്തു കൊണ്ടിരിക്കുന്ന തലയിലെ പണി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ മഴയോടും എനിക്ക് മുമ്പേ ബാര്‍ബര്‍ഷാപ്പില്‍ എത്തിയ  മനുഷ്യനോടുംആമ വേഗതയില്‍ നീങ്ങുന്ന പരമുവിനോടും അതിയായ ഈര്‍ഷ്യ തോന്നി.

ഒരു മീറ്റിംഗില്‍ സമയത്ത് തന്നെ എത്തണമല്ലോ പരമുവേയ്...” ഞാന്‍ പരമുവിനോട് ആവലാതി പറഞ്ഞു.

കസേരയില്‍ ഇരിക്കുന്ന ആളെ തുണി പുതപ്പിക്കുന്നതിനിടയില്‍ അയാളുടെ തലയിലേക്ക് തന്റെ തലതിരിച്ചു പരമു പ്രതിവചിച്ചു:- “ഇനി ഇത് തീരാതെങ്ങിനെ സാറേ...”

മുന്‍ വശത്തെ കണ്ണാടിയിലൂടെ അയാള്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു.
രാവിലെ തന്നെ കൊടുംകാട് വെട്ടിത്തെളിക്കണോഓരോന്ന് വന്ന് കയറിക്കൊള്ളും മനുഷ്യരെ ബുദ്ധിമുട്ടിപ്പിക്കാന്‍ ...”

എന്നിങ്ങനെ ഞാന്‍ മനസില്‍ വിചാരിച്ചതേയുള്ളൂ ; പക്ഷേ എന്നെ അതിശയിപ്പിച്ച് കൊണ്ട് എന്റെ മനസ് വായിച്ചത് പോലെ അയാള്‍ പ്രതിവചിച്ചു:-“മന:പൂര്‍വം ബുദ്ധിമുട്ടിപ്പിക്കണമെന്ന് കരുതി വന്നതല്ലസമയം വൈകിയാല്‍ വിടെ വരണമെന്നുള്ള തോന്നല്‍ ഇല്ലാതാകും......”

ചമ്മല്‍ മറക്കാനായി ഞാന്‍ അവിടെ കിടന്ന പത്രം വായിക്കാനായി കയ്യിലെടുത്തു.

അടുത്തകാലത്തെങ്ങും അയാള്‍ പരമുവിനെ സന്ദര്‍ശിച്ചിട്ടില്ലെന്ന് തെളിയിക്കും വിധം സമൃദ്ധമായി അയാളുടെ കറുപ്പും വെളുപ്പും കലര്‍ന്ന തലമുടിയും താടിയും വളര്‍ന്നിരുന്നല്ലോ!

പരമേശ്വരാ...” എന്ന അയാളുടെ വിളിയെ “ങൂം?” എന്ന മൂളല്‍ കൊണ്ട് പരമു എതിരേല്‍ക്കുകയും ഒരു കയ്യില്‍ കത്രികയും മറുകയ്യില്‍ ചീര്‍പ്പുമായി തിരക്കിട്ട് ജോലി തുടരുകയും ചെയ്തു.

എന്നാലും അവള്‍ എന്നോടിത് ചെയ്യേണ്ടായിരുന്നെടോ...”

അയാളുടെ  വാക്കുകള്‍ പത്രത്തിലൂടെ കണ്ണോടിച്ചിരുന്ന എന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു.

പരമു കത്രിക നിശ്ചലമാക്കിയതിനു ശേഷം അയാളോടായി പറഞ്ഞു” എല്ലാം സഹിച്ചല്ലേ ഒക്കൂ ചേട്ടാ...”

എങ്ങിനെ സഹിക്കണമെന്നാടോ താന്‍ പറയുന്നത്...” അയാളുടെ ക്ഷോഭം പരമുവിനെ നിശ്ശബ്ദനാക്കി.

അത്രക്ക് എന്റെ ജീവനായിരുന്നു അവള്‍എന്നേക്കാളും എത്രയോ ഇളപ്പമായിരുന്നെങ്കിലും എന്റെകൂടെ കഴിഞ്ഞ കാലം അവളെ ഞാന്‍ പൊന്ന് പോലെ നോക്കീല്ലേടോ....എന്നിട്ടും എന്നെ ഉപേക്ഷിച്ച്പോകാന്‍ അവള്‍ക്ക് എങ്ങിനെ കഴിഞ്ഞെടോ...?!”

അതാണ് കാര്യംഞാന്‍ മനസില്‍ പറഞ്ഞുഅയാളുടെ പെമ്പ്രന്നോത്തി ചതിച്ച് കടന്ന് കളഞ്ഞുതാടിയും മുടിയും വളര്‍ത്തിയത്  നിരാശ കൊണ്ടായിരിക്കാംവീണ്ടും ഞാന്‍ പത്രത്തിലേക്ക് തിരിഞ്ഞു.

ഇപ്പോള്‍ പരമുവും അയാളും നിശ്ശബ്ദരാണ്.

പരമു കാട് വെട്ടി ഇറക്കി തീര്‍ന്നുപുതച്ചിരുന്ന തുണി അഴിച്ചെടുത്ത് കുടഞ്ഞതിനു ശേഷം അത് കൊണ്ട്
 അയാളുടെ പുറത്ത് വീണിരുന്ന മുടികളെല്ലാം തട്ടിക്കളഞ്ഞു.എന്നിട്ട് മറ്റൊരു ചെറിയ തുണി എടുത്ത് അയാളുടെ കഴുത്തില്‍ ചുറ്റിക്കെട്ടി ഷേവ് ചെയ്യാനുള്ള ഒരുക്കത്തിലായി.

പാതി ഉറക്കത്തില്‍ ഞാന്‍ അവള്‍ അടുത്ത് കിടപ്പുണ്ടെന്ന് കരുതി പതിവ് പോലെ  ശരീരത്തില്‍ എവിടെയെങ്കിലും പിടിക്കാന്‍ കൈ നീട്ടും , ശ്ശേ ഇതെന്തൊരു കൂത്തെന്നും പറഞ്ഞുള്ള അവളുടെ ചിണുങ്ങല്‍ കേല്‍ക്കാതെ വരുമ്പോള്‍ ഞെട്ടി ഉണരുംചിണുങ്ങാനായി അവള്‍ അടുത്തില്ലെന്നും എന്നെ ഉപേക്ഷിച്ച് പോയി എന്നുള്ള ബോധം തലയിലേക്കരിച്ച് കയറുമ്പോള്‍ എനിക്കുണ്ടാകുന്ന വേദനയുംഅവള്‍ എന്നെ തനിച്ചാക്കിയതിലുള്ള അരിശവും....അത് പറഞ്ഞാല്‍ തനിക്ക് മനസിലാകില്ലെടോ....”

അയാള്‍ തന്റെ പരിദേവനം തുടരട്ടെ എന്ന് കരുതി മുഖത്തെ സോപ്പ് പുരട്ടല്‍ നിര്‍ത്തി വെച്ച് ,സോപ്പ്പത നിറഞ്ഞ ബ്രഷ് അയാളുടെ മുഖത്തിന് അല്‍പ്പ ദൂരത്തില്‍ ഉയര്‍ത്തി പിടിച്ച് പരമു നിശ്ചലനായിനിന്നു.എന്നിട്ട് അന്തരീക്ഷത്തിലെ മൂകത മാറ്റാന്‍ എന്നവണ്ണം ഇങ്ങിനെ ചോദിച്ചു :

"ചേച്ചിയോട് ചേട്ടന്‍ 
പിണങ്ങുമായിരുന്നോ"?

"എടോ ഭാര്യാ ഭര്‍ത്താക്കന്മാരുടെ പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിന് ചൂട് കൂടുതലാണ്. ആ ചൂട് കിട്ടാന്‍ ഞാന്‍ അവളോട് പലപ്പോഴും പിണങ്ങും, അത് അവള്‍ക്കുമറിയാമായിരുന്നു”

കട്ടിംഗും ഷേവിംഗും നടത്തി പെട്ടെന്ന് അവിടം വിട്ട് പോകണമെന്നുള്ള എന്റെ തിടുക്കംഇല്ലാതാകത്തക്കവിധം അയാളിലുള്ള താല്പര്യം എന്നില്‍ വളര്‍ന്നിരുന്നല്ലോപത്രത്തിലായിരുന്നു എന്റെകണ്ണെങ്കിലും ശ്രദ്ധ മുഴുവന്‍ അയാളുടെ വാക്കുകളിലായിരുന്നു.

ആരെല്ലാം കൂടെ ഉണ്ടെങ്കിലും ഇണ അടുത്തില്ലെങ്കില്‍ ജീവിതം നരകം തന്നേടോ.. ഒരു മുറിയില്‍ ഉറക്കത്തിനായി ദാഹിച്ച് ഒറ്റക്ക് ഇരുട്ടിലേക്ക് നോക്കി കിടക്കുക.....എങ്ങിനെയെങ്കിലും നേരം വെളുപ്പിക്കുകപിന്നെയും ഇരുട്ടാവുക....ഇത് വല്ലതും എന്നെ ഉപേക്ഷിച്ച് പോകുമ്പോള്‍ അവള്‍ ചിന്തിച്ചിരുന്നോ....“  ശബ്ദത്തിന് നേരിയ ചിലമ്പല്‍ വന്നുവെന്ന് എനിക്ക് തോന്നിയതിനാല്‍ ഞാന്‍ തല ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കിഅയാളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് മുഖത്തെ സോപ്പ് പതയിലൂടെ ഒഴുകിയ ഭാഗത്ത് പത അലിഞ്ഞ് പോയതിനാല്‍ അവിടം ഒരു വര പോലെ കാണപ്പെട്ടു.

അവസാ‍ന സമയം എന്റെ കൈ പിടിച്ച് നെഞ്ചത്ത് വെച്ച് ഞാന്‍ പോയാല്‍ കരയതരുതുട്ടാ....എന്ന് പറഞ്ഞിട്ടാടോ അവള്‍ കണ്ണടച്ചത്....”

അപ്പോള്‍ അയാള്‍ മാത്രമല്ല അവിടെ വിങ്ങിയത്.യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴുള്ള ഞെട്ടലോടെ എന്റെയും ഉള്ളില്‍ ശക്തിയായി ഒരു വിങ്ങല്‍ അനുഭവപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്.
കയ്യുടെ
 പുറംഭാഗം കൊണ്ട് കണ്ണീര്‍ തുടച്ച് നേരിയ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
ഇന്നലെ രാത്രി അവള്‍ എന്റടുത്ത് വന്നുനെഞ്ചിലും തലയിലും മുഖത്തും തടകിയിട്ട് ചോദിക്ക്വാ , എന്ത് ഭാവിച്ചിട്ടാ മുടിയും താടിയും വളര്‍ത്തുന്നേ...നാളെ രാവിലെ ബാര്‍ബര്‍ഷാപ്പില്‍ പോയി മുടിയും കളഞ്ഞു ഷേവും ചെയ്ത് സുന്ദരക്കുട്ടപ്പനായി കഴിയണംഇനി ഞാന്‍ വരുമ്പം  മുഖം എനിക്ക് നന്നായി കാണണം......ഞാന്‍ ഉണര്‍ന്നപ്പോള്‍ സത്യമായിട്ടും അവളുടെ ചൂട് എന്റെ ശരീരത്തിലുണ്ടായിരുന്നു...അതാടോ നേരം വെളുക്കുന്നതിനു മുമ്പ് തന്നെ തേടി ഞാന്‍ വന്നത്......”

കണ്ണാടിയില്‍ അയാളുടെ നിറഞ്ഞ കണ്ണുകള്‍ അവ്യക്തമായേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂകാരണം എന്റെ കണ്ണുകളും നിറഞ്ഞിരുന്നല്ലോ!!!

എല്ലാ കഥകളും അറിയാമെന്നതിനാലായിരിക്കാം പരമു തല കുനിച്ച് നിന്നത്.

പുറത്ത് മഴ ശക്തിയായി കോരി ചൊരിഞ്ഞ് കൊണ്ടിരുന്നുമാനത്ത് ഇരുന്നും ആരോ കരയുന്നത് പോലെ...