Friday, August 10, 2012

അമ്പലനടയില്‍ നോമ്പ്തുറ

എന്റെ  ഒരു  സ്നേഹിതന്‍  സുഖമില്ലാതെ  കിടക്കുന്നു  എന്നറിഞ്ഞ്  അവനെ  കാണാനായാണ് ഞാന്‍  ആ സ്ഥലത്തെത്തിയത്. താമസ  സ്ഥലത്ത്  നിന്നും 12കിലോമീറ്റര്‍  ദൂരമേ  ഉള്ളൂ  എങ്കിലും  എപ്പോഴും  ബസ്   ഇല്ലാത്ത  ഒരു  കുഗ്രാമം  ആയിരുന്നു  ആ സ്ഥലം.

വീട്ടില്‍  നിന്നും  ഇറങ്ങുമ്പോള്‍  മൂന്നു  മണി  കഴിഞ്ഞു. ബസിന്റെ  സമയം  കണക്ക്  കൂട്ടിയപ്പോള്‍  നോമ്പ്  തുറക്ക്  മുമ്പ്  വീട്ടിലെത്താന്‍  കഴിയുമെന്ന്  കരുതിയാണ് ഞാന്‍  തിരിച്ചത്. ഉദ്ദേശിച്ച  ബസ്  കിട്ടി  സ്നേഹിതന്റെ  വീട്  തിരക്കി  പിടിച്ച്   അവനെ  കണ്ടു.  അസുഖമായി  കിടന്നപ്പോഴും  അവന്റെ  തമാശ  പറച്ചിലിനു  കുറവൊന്നും  കണ്ടില്ല. മാത്രമല്ല  ആരോടെങ്കിലും  വര്‍ത്തമാനം  പറഞ്ഞിരിക്കാന്‍  അവനു  അതിയായ  ആഗ്രഹം  ഉണ്ടെന്നു  എനിക്ക്  മനസിലായതിനാല്‍  ഞാന്‍  കുറേ  നേരം  അവിടിരുന്നു.  തിരികെ  പോകാന്‍   ഞാന്‍  ഉദ്ദേശിച്ചിരുന്ന  ബസിനു  പുറകേ  ഒരു  കെ.എസ്.ആര്‍.റ്റി.സി. ബസ്  ഉണ്ടെന്നും അതില്‍   പോകാമെന്നും  അവന്‍  പറഞ്ഞപ്പോള്‍  ആ ബസില്‍  പോയാലും  നോമ്പ്  തുറക്ക്   വീട്ടിലെത്താമെന്നുള്ളതിനാല്‍  കുറേ  നേരം  കൂടി  അവന്റെ  ആഗ്രഹാനുസരണം  ഞാന്‍  അവിടെ  ഇരുന്നു.

  അവന്റെ   ഭാര്യ  ചായ  കൊണ്ട്  വന്നപ്പോള്‍ എനിക്ക്  നോമ്പാണെന്ന്  അവന്‍  അവരെ  അറിയിച്ചു. എന്നിട്ട്  എന്നോട്  പതുക്കെ  പറഞ്ഞു”  നിന്റെ  വര്‍ഗം ഒറ്റ  മേത്തനും  ഈ  പഞ്ചായത്തിലില്ല,  അത്കൊണ്ട് നോമ്പ്  എന്താണെന്നൊന്നും  അവള്‍ക്കറിയില്ല”

സര്‍ക്കാര്‍  ബസിന്റെ  സമയം  ആയപ്പോള്‍   ഞാന്‍  അവനോട്  യാത്ര പറഞ്ഞ്  ബസ്  സ്റ്റോപ്പിലേക്ക്  നടന്നു.  വിശാലമായ   ഒരു വയലിന്റെ  മദ്ധ്യത്തിലുള്ള   വരമ്പിലൂടെ  പൊതു  നിരത്തിലേക്ക്  സായാഹ്നാന്ത്യത്തിലുള്ള  യാത്ര   സുഖകരമായിരുന്നെങ്കിലും   നിരത്തിലെത്തി  ചേരുന്നതിനു  മുമ്പ്  തന്നെ  ബസ്  കടന്ന്  പോകുന്നത്  ദൂരെ  നിന്ന്  കണ്ടപ്പോള്‍   സമയ  ബന്ധിത‍മായ   എന്റെ  എല്ലാ   പരിപാടികളും   താളം  തെറ്റിയെന്നുള്ള  സത്യം  ഞാന്‍  തിരിച്ചറിഞ്ഞു. ഈ  സ്ഥലത്ത്  നിന്നും   എനിക്ക്  പോകേണ്ട  സ്ഥലത്തേക്ക്  അടുത്ത   ബസ്   ഇനി  ഏഴര മണിക്കാണെന്ന്   ഒരു  വഴിപോക്കനില്‍  നിന്നും  അറിയാന്‍  കഴിഞ്ഞു.

 “ പുത്തൂര്‍  ചെന്നാല്‍   അവിടെ നിന്നും ബസ്  കിട്ടും   പുത്തൂരിലേക്ക്   ഇവിടെ  നിന്നും ഇനിയും കിലോമീറ്ററുകൾ  ദൂരമുണ്ട്.  നടന്ന് പോകുമ്പോള്‍   ഭാഗ്യമുണ്ടെങ്കില്‍  വഴിയില്‍  ചിലപ്പോള്‍   റിട്ടേണ്‍  ആട്ടോ  ലിഫ്റ്റ്  തരും”  അയാള്‍  കൂട്ടിച്ചേര്‍ത്തു.

ആ  ഭാഗ്യം  കിട്ടുമെന്നുള്ള  പ്രതീക്ഷയോടെ  ഞാന്‍  നിരത്തിലൂടെ  പുത്തൂര്‍  ലക്ഷ്യമാക്കി  നടന്നു. നോമ്പ്  ആയതിനാല്‍  എനിക്ക്  വേഗത്തില്‍   നടക്കാന്‍   സാധിച്ചില്ല.  മാത്രമല്ല  റിട്ടേണ്‍  ആട്ടോ  എന്ന  ഭാഗ്യം  എന്നെ   കടാക്ഷിച്ചുമില്ല. കടന്ന്  പോയ  എല്ലാ  ആട്ടോകളിലും    യാത്രക്കാര്‍  നിറഞ്ഞിരുന്നു. വീട്ടില്‍ ചെന്ന്  നോമ്പു  തുറക്കാം  എന്ന  പ്രതീക്ഷ  ഞാന്‍  ഉപേക്ഷിച്ചു.

പകുതിദൂരമായെന്ന്  എനിക്ക്  തോന്നിയപ്പോള്‍  ഞാന്‍  എത്തി  ചേര്‍ന്നത്   ഒരു അമ്പലവും  മൂന്ന്  നാലു  ചെറിയ  പീടികകളുമുള്ള  സ്ഥലത്തായിരുന്നു. അപ്പോഴേക്കും ഞാന്‍  ക്ഷീണിച്ചിരുന്നു. കയറ്റവും  ഇറക്കവുമുള്ള  ദുഷ്കരമായ  വഴിയാണ്  ഞാന്‍  താണ്ടിയത്.   വാച്ചിലേക്ക്  നോക്കിയപ്പോള്‍   നോമ്പ് തുറക്ക്  ഇനിയും   കുറച്ച്  സമയം  മാത്രമേ  ബാക്കിയുള്ളൂ  എന്ന്  കണ്ടു
 മുന്‍‌വശം പലഹാരങ്ങള്‍  നിറഞ്ഞ  കണ്ണാടി  അലമാരിയും   സമൃദ്ധമായി  കായ്കള്‍  നിറഞ്ഞ  പഴക്കുലകളും  കണ്ട  ഒരു  ചായക്കടയിലേക്ക്  ചെന്ന്  കയറി. “ഇന്നത്തെ  നോമ്പ്  തുറ ഇവിടെയാക്കാം”  ഞാന്‍  കരുതി.

കുടവയറിനു  മുകളില്‍  കാവിനിറത്തില്‍  മുണ്ടുടുത്ത്  കഴുത്തില്‍ രുദ്രാക്ഷ മാല  ധരിച്ച  ഒരു  മീശക്കാരനായിരുന്നു  കട  ഉടമസ്ഥന്‍ . അദ്ദേഹത്തിന്റെ  നെറ്റിയിലെ  ചന്ദന  കുറിയും  കയ്യിലെ  ചരടും  മുഖത്തെ  ഗൌരവ  ഭാവവും  ഒരു  നായര്‍  പ്രമാണിയുടെ  എല്ലാ  ലക്ഷണവും  വെളിവാക്കി.

“ഉം....മ്.......?”  എന്താണ്    എനിക്ക്  വേണ്ടതെന്ന   ചോദ്യം  പ്രതിഫലിക്കുന്ന  ആ  മൂളലില്‍   നിന്നും   മുതലാളിയും  സപ്ലയറും   എല്ലാം  അദ്ദേഹം  തന്നെയെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.

ആ  കടയില്‍  വേറെയും  മൂന്ന്  നാലു  പേര്‍   ചായകുടിച്ച്  കൊണ്ടിരുന്നു.  ചിലര്‍  പലഹാരം  കഴിക്കുന്നു.  ലക്ഷണമൊത്ത  ഒരു  ഗ്രാമീണ  ചായക്കട  തന്നെ  ആയിരുന്നു  അത്. ഒരു  ടേപ് റിക്കാര്‍ഡ്  പഴയ  മലയാള  സിനിമാ  ഗാനങ്ങള്‍   താഴ്ന്ന  സ്വരത്തില്‍  ഉരുവിടുന്നു.  ഏതോ  രാഷ്ട്രീയ  ചര്‍ച്ചയില്‍  ഏര്‍പ്പെട്ടിരുന്ന  എല്ലാവരും   സംസാരം  നിര്‍ത്തി  അപരിചിതനായ എന്നെ  ശ്രദ്ധിക്കുന്നത്   കണ്ടപ്പോള്‍  ഞാന്‍  പറഞ്ഞു” ഒരു  പഴവും   ഒരു  ഗ്ലാസ്  പാലും  വേണം, ങാ,  ഒരു  ഗ്ലാസ്  വെള്ളവും  വേണം”

 കണ്ണാടി  അലമാരിയില്‍   വെള്ള  അപ്പവും  മറ്റ്  പലഹാരങ്ങളും  നിറയെ  ഇരിക്കുമ്പോള്‍   പാലും  പഴവും  കഴിക്കാനാണോ   ഇങ്ങോട്ട്   കെട്ടി  എടുത്തത്  എന്ന  ഭാവം  മുതലാളിയുടെ  മുഖത്ത്    കണ്ടെങ്കിലും  ഞാന്‍   അത്  അവഗണീച്ചു.

“എവിടെ  നിന്നു  വരുന്നു”  കൂട്ടത്തില്‍  കാര്‍ന്നോര്‍  സ്ഥാനമെന്ന്  തോന്നിക്കുന്ന   ഒരു  മൂപ്പില്‍  എന്നോട്  വിളിച്ച്  ചോദിച്ചു.  ഞാന്‍  എവിടെ  നിന്നു  വന്നു  എന്നും  എന്തിനു  വന്നുവെന്നും  ബസ്  കടന്ന്  പോയതുമായ  കാര്യങ്ങള്‍  ചുരുക്കം   വാക്കുകളില്‍   പറയുമ്പോഴേക്കും  മീശക്കാരന്‍  മുതലാളി   പഴവും  പാലും  എന്റെ  മുമ്പില്‍ മേശപ്പുറത്ത്  കൊണ്ട്  വെച്ചു. പിന്നീട്  ഒരു  സ്റ്റീല്‍  ടംബ്ലറില്‍  വെള്ളവും  കൊണ്ട് വന്ന്  ആ  പാത്രം  മേശപ്പുറത്ത്  ശക്തിയായി  വെച്ചു. ടംബ്ലറിലെ  വെള്ളം  പുറത്തേക്ക്  തെറിച്ചു. സന്ധ്യാ  നേരത്ത്  ചെറിയ  കച്ചവടത്തിനു  മാത്രമായി  വന്നതിന്റെ  പ്രതിഷേധമായിരിക്കാം അത്.

ഞാന്‍  നിശ്ശബ്ദനായി  ഇടക്കിടെ  വാച്ചിലേക്ക്   നോക്കി  ഇരിപ്പായി.  ഇനി  ഏതാനും  മിനിട്ടുകള്‍  ബാക്കി  ഉണ്ട്  നോമ്പ്  തുറക്കാന്‍ . കാര്‍ന്നോര്‍  ചോദിച്ചു”  എന്താ  കഴിക്കാത്തത്...?”

“ എനിക്ക് റമദാന്‍  നോമ്പാണ് ,  നോമ്പ്  തുറക്കാന്‍  ഇനിയും  അല്‍പ്പം  നേരം   കൂടി  ബാക്കി  ഉണ്ട് അതാണ്  ഞാന്‍  കഴിക്കാതിരിക്കുന്നത്....”

എന്റെ ഈ മറുപടി   കടയില്‍  പെട്ടെന്ന്  നിശ്ശബ്ദത  പരത്തി.  കടമുതലാളിയുടെ  മുഖം ഒന്നുകൂടി  ഗൌരവത്തിലായി. കടയുടെ  പുറക്  വശത്തെ  വാതിലില്‍  നിന്നിരുന്ന  സ്ത്രീയെ-അത്  അയാളുടെ  ഭാര്യ  ആണെന്ന്  പിന്നീട്  മനസിലായി-  അയാള്‍  രൂക്ഷമായി  നോക്കി.  അവര്‍  പുറകോട്ട്  വലിഞ്ഞപ്പോള്‍  ആ വാതിലിലൂടെ  പുറക്  വശത്തെ  വീട്  ഞാന്‍  കണ്ടു.   ചായക്കടക്കാരന്റെ  വീട്  ആയിരിക്കാമത്.   കടയിലെ  എല്ലാവരുടെയും  തുറിച്ച്  നോട്ടം  എന്നില്‍  അസ്വസ്ഥത  ഉളവാക്കി.

“സാറേ! ഞങ്ങള്‍ ആദ്യമായിട്ടാ  നോമ്പ്  തുറ   നേരില്‍  കാണുന്നത്....ഇവിടെ  നിങ്ങളുടെ  ജാതിയില്‍  പെട്ട  ഒരാളുമില്ല...പക്ഷേ   ഞങ്ങള്‍  റ്റി.വി. യില്‍  നോമ്പ്  തുറക്കുന്നത് കണ്ടിട്ടുണ്ട്....അത്....ഇങ്ങിനെ  അല്ലല്ലോ.....നിറയെ  പലഹാരവും  കോഴി  പൊരിച്ചതെല്ലാം  വേണ്ടേ...?’  ശുദ്ധനായ  ആ ഗ്രാമീണന്‍  കാര്‍ന്നോര്‍  എന്നെ  പരിഹസിക്കുക  അല്ലെന്നും  അയാളുടെ  നിഷ്കളങ്കതയില്‍  നിന്നുമാണ്  ആ ചോദ്യം  ഉടലെടുത്തതെന്നും  എനിക്ക്  മനസിലായി.  ഞാന്‍  പുഞ്ചിരിച്ചു.

“അത് റ്റി.വി.ക്കാരുടെ  നോമ്പ്  തുറ,  ഇത്  സാധാരണക്കാരുടെ  നോമ്പ്  തുറ“  കൂട്ടത്തില്‍  ചെറുപ്പക്കാരനാണ്  അത്  പറഞ്ഞത്.

“പ്രവാചകന്‍  കാരക്കായുടെ  ഒരു  ചീളു  കൊണ്ടാണ്  നോമ്പ്  തുറന്നത്”  ഞാന്‍  സൌമ്യ  സ്വരത്തില്‍  പറഞ്ഞതിനു  ശേഷം  നോമ്പ്  തുറക്കുള്ള  പ്രാര്‍ത്ഥനക്കായി   രണ്ട്  കയ്യും  ഉയര്‍ത്തി.”  പരമകാരുണികനായ  ദൈവമേ! അങ്ങേക്ക്  വേണ്ടി  നോമ്പ്  നോറ്റു,  അങ്ങ്  തരുന്ന  കാരുണ്യം  കൊണ്ട്  ഞാന്‍  നോമ്പ്  തുറക്കുന്നു.....“ ഏകദേശം  ഈ അര്‍ത്ഥം  വരുന്ന  വാക്കുകള്‍   ഉരുവിട്ടതിനു  ശേഷം  ഞാന്‍  ഒരു  കവിള്‍  വെള്ളം  കുടിച്ചു,  പഴം തിന്നു.  അപ്പോഴും   മീശ  എന്നെ  രൂക്ഷമായി  നോക്കി  നില്‍ക്കുകയാണ്.
“ഇപ്പോള്‍  എന്താണ്   കൈ  പൊക്കി  പിറു  പിറുത്തത്“  കാര്‍ന്നോര്‍  വീണ്ടും   സംശയം  ചോദിച്ചപ്പോള്‍   പാല്‍  കുടിക്കാന്‍  എടുത്ത  ഗ്ലാസ്സ്  താഴ്ത്തി  വെച്ച്   ഞാന്‍  പ്രാര്‍ത്ഥിച്ചതിന്റെ  അര്‍ത്ഥം  പറഞ്ഞു  കൊടുത്തു.

ഇതിനിടയില്‍  മീശ കടയിലെ  ലൈറ്റ്   തെളിയിച്ചു. എന്നിട്ട്  പുറം  തിരിഞ്ഞ്  നിന്നു  ഉച്ചത്തില്‍  പറഞ്ഞു” ഇനി    വീട്ടില്‍  പോയി രാത്രി  മുഴുവന്‍  തിന്നാല്ലോ”

“പകല്‍  മുഴുവന്‍  ഒന്നും  കഴിക്കാതിരുന്നിട്ട്   രാത്രി  വാരി  വലിച്ച്   തിന്നാന്‍ സാധാരണക്കാരനെ  കൊണ്ട്  കഴിയില്ല“   പാല്‍  കുടിക്കുന്നിതിനിടയില്‍  ഞാന്‍   പതുക്കെ  മറുപടി  പറഞ്ഞപ്പോള്‍  “അത്  ശരിയാ”  എന്ന്  അയാളുടെ  ഭാര്യ  വാതില്‍ക്കല്‍  നിന്ന്  പിന്‍‌താങ്ങി.

മീശ അവരെ  രൂക്ഷമായി  നോക്കി.  വീണ്ടും  അവര്‍  പുറകോട്ട്  മാറി.

“സാര്‍  ഇനി  എപ്പോള്‍  ആഹാരം  കഴിക്കും”  ആ  ചെറുപ്പക്കാരനാണ്  ഈ ചോദ്യം  ഉന്നയിച്ചത്.

“സന്ധ്യക്ക്  ഒരു  നമസ്കാരം  ഉണ്ട്.  അത്  കഴിഞ്ഞ്   എന്തെങ്കിലും  ആഹാരം  കഴിക്കുകയാണ്  പതിവ്   പിന്നീട്  പുലര്‍കാലത്തും...”  ഞാന്‍  പറഞ്ഞു.

“അതിനു  ഇനി  സാര്‍  കൊട്ടാരക്കര  എത്തേണ്ടെ,  അതിനിടയില്‍  ഒരിടത്തും  പ്രാര്‍ത്ഥിക്കാന്‍   നിങ്ങടെ  ജാതിക്കാരുടെ  പള്ളി  ഇല്ലല്ലോ  സാറേ”

“വൃത്തിയുള്ള  ഒരു  സ്ഥലം  ഉണ്ടെങ്കില്‍   അവിടെ  നമസ്കരിക്കാന്‍  കഴിയും“  ഞാന്‍  പറഞ്ഞു.

 മീശ  നെടുങ്കനെ  നടന്ന് വന്ന്  എന്റെ  നേരെ  നിന്ന്   ദേഷ്യത്തോടെ  ചോദിച്ചു.”എന്താ  ഞങ്ങള്‍  അത്രക്ക്  വൃത്തി  ഇല്ലാത്തവരാണോ,  എന്റെ  വീട്ടില്‍  നിങ്ങള്‍ക്ക്   പ്രാര്‍ത്ഥിച്ചാല്‍  എന്താ?“

എനിക്ക്  അയാളുടെ  അന്തര്‍ഗതം  മനസിലായി. അയാള്‍ക്ക്  ഒരു  കാര്യവും  സൌമ്യമായി  അവതരിപ്പിക്കാന്‍  അറിയില്ല. അയാളുടെ  മനസിലിരിപ്പ്  തിരിച്ചറിഞ്ഞ  ഞാന്‍  കടയുടെ  പുറക്  വശത്തെ  വാതിലിലൂടെ  അയാളുടെ  വീട്ടിലേക്ക്  നടന്നു. അരമതില്‍  ഉള്ള   വീടിന്റെ  വരാന്തയിലേക്ക്  ഞാന്‍  നോക്കി.  മുഖം  കാണത്തക്ക  വിധത്തില്‍  മിനുക്കി സിമിന്റ്  തേച്ച  ആ  വരാന്ത  സാമാന്യം  വൃത്തി  ഉള്ളതായിരുന്നു. മുറ്റത്ത് കണ്ട  കിണറിനു  സമീപത്തേക്ക്  ഞാന്‍  പോയി.  എന്റെ  ആവശ്യം  മനസിലാക്കിയ  അയാളുടെ  ഭാര്യ  പെട്ടെന്ന് തന്നെ കിണറിനു  സമീപം  ചെന്നു   ബക്കറ്റ്  കിണറ്റിലേക്കിറക്കി  വെള്ളം   കോരി  ഒരു   ചെറിയ  കല്ലിനു  മുകളില്‍  വെച്ച്  തന്നു.  ഞാന്‍  നമസ്കാരത്തിനു   മുമ്പ്   ചെയ്യേണ്ട  അംഗശുദ്ധി വരുത്താന്‍ തുടങ്ങി. മുന്‍  കൈകള്‍  കഴുകി,  വായില്‍  വെള്ളം  എടുത്ത്  കുലുക്കി  തുപ്പി, മുഖം  മുഴുവനായി  കഴുകി,  കൈകള്‍  മുട്ട്  വരെ  കഴുകി,  നെറ്റിയും  ചെവിയിലും  വെള്ളം  തടകി,  അവസാനം   രണ്ട് കാലും  കണം കാല്‍  വരെ  കഴുകി.  ഇതെല്ലാം  മൂന്ന്  തവണ  ചെയ്ത്  അംഗശുദ്ധി  വരുത്തുന്നത്  ആ  ചെറിയ  സംഘം  നോക്കി  നിന്നു. അവര്‍  ആദ്യമായാണ്  ഈ  വക  കാര്യങ്ങള്‍  നേരില്‍  കാണുന്നത്.  ആ  കൌതുകം  അവരുടെ  എല്ലാവരുടെയും   മുഖത്ത്   ഞാന്‍ വായിച്ചു.  മീശ  മാത്രം    “ഗൌരവ സ്വാമിയായി” നിലകൊണ്ടു.

“എനിക്കൊരു  പഴയ ന്യൂസ്  പേപ്പര്‍  തരുമോ“   ഞാന്‍  അയാളോട്  ചോദിച്ചു. അയാള്‍  ഭാര്യയെ  ഒന്ന്  നോക്കി.   എന്തിനാണ്  പേപ്പര്‍  ആവശ്യപ്പെട്ടതെന്ന്  മനസിലായില്ലെങ്കിലും   ഏതോ  ചടങ്ങിനാണെന്ന്  കരുതി  നിമിഷ  നേരത്തിനുള്ളില്‍  അവര്‍  പേപ്പര്‍  കൊണ്ട്  വന്നു.ആ  പത്രം വരാന്തയില്‍  വിരിച്ച്    നമസ്കരിക്കാനായി  ഞാന്‍   അതില്‍   കയറി  നിന്നു.

“നില്‍ക്ക്”   ആ  ആജ്ഞ  മീശയില്‍  നിന്നായിരുന്നു.  ഇനി  എന്ത് പുകിലാണ്  എന്ന  ഭാവത്തോടെ  അയാളെ  നോക്കിയപ്പോള്‍ “ഞങ്ങള്‍  അത്രക്ക്  പോക്ക്  കെട്ടവരാണെന്ന്  കരുതിയോ?” എന്ന്  ദേഷ്യത്തോടെ  അയാള്‍  എന്നോട്  ചോദിച്ചു.  എനിക്ക്   കാര്യം  മനസിലായില്ല.അയാള്‍  ഭാര്യയെ  വിളിച്ചു.    “എടീ....”

അവര്‍  അകത്തേക്ക്  പാഞ്ഞു,  അല്‍പ്പ  സമയത്തിനുള്ളില്‍   വൃത്തിയായി  അലക്കി  ഇസ്തിരിയിട്ട  ഒരു വെളുത്ത  ഷീറ്റുമായി  ഓടിയെത്തി   തറയിലെ  പേപ്പറിനു  മുകളില്‍  ആ ഷീറ്റ്  വിരിച്ച്  തന്നു.    അനിര്‍വചനീയമായ   ഒരു   വികാരം  അപ്പോള്‍  എന്റെ  മനസില്‍  മുളപൊട്ടി.  ഞാന്‍  ഉടനെ  തന്നെ  നമസ്കാരത്തില്‍  പ്രവേശിച്ചു. 

നമസ്കാരത്തില്‍  നിന്നു  വിരമിക്കുന്നതിനായി  ആദ്യം  വലത്  ഭാഗത്തേക്കും  പിന്നീട്  ഇടത്  ഭാഗത്തേക്കും തല  തിരിച്ച്  സമാധാനത്തിനും  കാരുണ്യത്തിനും  വേണ്ടി    ഞാന്‍ പ്രാര്‍ത്ഥിച്ചു.   എന്റെ  നമസ്കാരം  വീക്ഷിച്ച്  കൊണ്ട്  ആ ചെറിയ  കൂട്ടം  അവിടെ  നില്‍ക്കുന്നു  എന്ന് എനിക്കറിയാമായിരുന്നു.
കാര്‍ന്നോര്‍  ആ  കാര്യം  ആദ്യം  തന്നെ  ചോദിച്ചു.”എന്താണ്   രണ്ട്  വശത്തേക്കും  തല  തിരിച്ച്  പറഞ്ഞത്“  അതിന്റെ  അര്‍ത്ഥം  ഞാന്‍  പറഞ്ഞ്  കൊടുത്തപ്പോള്‍   ചെറുപ്പക്കാരന്  അറിയേണ്ടത്  മുട്ടുകുത്തി   നെറ്റി തറയില്‍   മുട്ടിച്ച്  കിടന്ന്  എന്താണ്   പ്രാര്‍ത്ഥിച്ചതെന്നാണ്. “സര്‍വശക്തനായ  നിന്റെ നാമം  വാഴ്ത്തുന്നു” എന്ന്  പറഞ്ഞപ്പോള്‍  മറ്റൊരാള്‍  ചോദിച്ചു “ അപ്പോള്‍  നിങ്ങള്‍   ഈ  അറബിലുള്ള  മന്ത്രങ്ങളല്ലേ  ചൊല്ലുന്നത്?, മേത്തന്മാരെന്ന്  വെച്ചാല്‍  മഹാ  മാന്ത്രികന്മാരല്ലേ?”  ഞാന്‍  ചിരിച്ച്  പോയി.  ഇരു  സമൂഹങ്ങളും  തമ്മില്‍  പരസ്പരം  ആശയ വിനിമയമില്ലാത്തതിന്റെ   അപാകതകള്‍   എന്റെ  മുമ്പില്‍  തെളിഞ്ഞു നിന്നു.

കടയിലേക്ക്  കയറിയപ്പോള്‍  ഒരു  വാഴ ഇല  കീറില്‍   വെള്ള  അപ്പവുമായി  മീശ  കാത്ത്  നില്‍ക്കുന്നു.” ഇത്  തിന്നേച്ച്  പോയാല്‍  മതി” ആ സ്നേഹത്തിന്റെ  മുമ്പില്‍  ഞാന്‍  തലകുനിച്ചു  പോയി.  അപ്പത്തില്‍  ചമ്മന്തി  ഒഴിക്കുമ്പോള്‍  അയാള്‍  പറഞ്ഞു “  അമ്പലത്തിന്റെ  നടയിലുള്ള  കടയാ ഇത്,  ഇവിടെ  ഇറച്ചി  ഒന്നും  കിട്ടില്ല”  എനിക്ക്  ഇറച്ചി  നിര്‍ബന്ധമല്ലെന്ന്  പറഞ്ഞപ്പോള്‍     അയാളുടെ ഗൌരവം  നിറഞ്ഞ  മുഖത്ത്  ഘനത്തില്‍  നില്‍ക്കുന്ന  മീശയ്ക്ക്  സമീപം  ഒരു   പുഞ്ചിരി   കണ്ടുവോ  എന്ന് എനിക്ക്  സംശയം  ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ   ആഹാരം   വീണ്ടും  വീണ്ടും  കഴിക്കാന്‍  എന്നെ  നിര്‍ബന്ധിച്ച്  കൊണ്ടിരുന്നു.

കൈ കഴുകി  പുറത്തേക്കിറങ്ങിയപ്പോള്‍  എല്ലാവരും  എന്നോടൊപ്പം  കടക്ക്   പുറത്തിറങ്ങി. 

  മാനത്ത്  സന്ധ്യയുടെ  ചെന്തുടിപ്പ്  മാഞ്ഞ്  കഴിഞ്ഞു.  ഇനിയും  ചേക്കേറാത്ത  ഒരു  പക്ഷി  തന്റെ  കൂട്  തേടി  കരഞ്ഞുകൊണ്ട്   എന്റെ  തലക്ക്  മീതെ  പറന്നു  പോയി.   സന്ധ്യാ രാഗത്തില്‍  അലിഞ്ഞ്  ചേര്‍ന്ന് അമ്പലത്തില്‍  നിന്നും   മണി  നാദം   ഒഴുകി  വന്നു   കൊണ്ടിരുന്നു.  നോമ്പ്   തുറക്കുമ്പോളുള്ള  ആനന്ദവും  അപരിചിതരും  മനശ്ശുദ്ധി  ഉള്ളവരുമായ  ആ മനുഷ്യരുടെ  സ്നേഹപ്രകടനങ്ങളും ,  അന്തരീക്ഷത്തിന്റെ  ആകര്‍ഷണീയതയും  എന്റെ  മനസില്‍  എന്തെന്നില്ലാത്ത  വികാര പ്രപഞ്ചം  സൃഷ്ടിച്ചു.  ഞാന്‍  ആ  നല്ല  മനുഷ്യരുടെ  നേരെ  കൈ  കൂപ്പി. “എല്ലാവര്‍ക്കും  നല്ലത്  വരട്ടെ.”
“ഇനി  ഇതിലെ  വരുമ്പോള്‍  ഇവിടെ  കയറണം”  ആ ചായക്കടക്കാരന്‍   എന്നോട്  പറഞ്ഞു.അപ്പോഴേക്കും  ഏഴരയുടെ  ബസ്  ഇരച്ച്  വന്ന്   അമ്പലത്തിനു  സമീപം  നിര്‍ത്തി.  ബസില്‍  കയറി  ഇരുന്നു     അവരുടെ  നേരെ  കൈവീശുമ്പോള്‍   മനസില്‍  പറഞ്ഞു  ഈ ഗ്രാമ  വിശുദ്ധി  അനുഭവിക്കാന്‍  ഇനിയും  ഇവിടെ  വരണം.

38 comments:

  1. ഷരിഫ് ഭായ് എത്ര നിര്‍മലമായ അനുഭവമാണ് പങ്കുവച്ചത്
    മീശ ആദ്യമൊക്കെ വില്ലത്തരത്തിലായിരുന്നെങ്കിലും ഷരിഫ് ഭായിയുടെ സൌമ്യമായ മറുപടിയിലും പെരുമാറ്റത്തിലും മനം മാറിയതാണോ അതോ പരുക്കന്‍ സ്വഭാവം പുറമെ മാത്രമുള്ള ഒരു നല്ല മനുഷ്യനാണോ...അത് അറിയുന്നില്ല.

    ReplyDelete
  2. ശരിക്കും ഹൃദയം തൊടുന്ന അനുഭവം... ഊതിപ്പെരുപ്പിച്ച കഥകളും പരസ്പര ആശയവിനിമയത്തിന്റെ കുറവും ഒക്കെ തന്നെയല്ലേ നമ്മള്‍ സഹോദരരെ തമ്മില്‍ അകറ്റി നിര്‍ത്തുന്നത്...?

    ReplyDelete
  3. താങ്കള്‍ ഐവര്കാലയില്‍ ആണോ പോയിരുന്നത്?
    സ്ഥിരം താങ്കളുടെ ബ്ലോഗു വായിക്കുന്ന, എന്നാല്‍ കമന്റാത്ത ഒരു ഐവര്കലക്കാരന്‍.

    ReplyDelete
  4. മനസ്സിനെ സ്പർശിച്ച അനുഭവം....

    ReplyDelete
  5. കുരയ്ക്കുന്ന ചിലവയെ ഒഴിച്ചു നിര്‍ത്തിയാല്‍ നമ്മുടെ നാട് സുന്ദരം തന്നെ.
    അനുഭവം നന്നായി അവതരിപ്പിച്ചു.

    ReplyDelete
  6. നോമ്പ്തുറയിലെ നിസ്കാരത്തെ പറ്റി ശരിക്കും മനസ്സിലാക്കി.ശെരിഫിക്ക പോയ നാട്ടിലെ മനുഷ്യരെപ്പോലെ എനിക്കും ഇതിനെ പറ്റി ഒരറിവും ഇല്ല. കഴിഞ്ഞ കൊല്ലം കാശ്മീരിലെ സുഹൃത്തായ കാണ്ഡേയുടെ വീട്ടില്‍ നോമ്പ് തുറക്കു പോയത് ഓര്‍മ്മ വന്നു. നിസ്കാരം കാണണം എന്ന് പറഞ്ഞു ഞാനും അവരുടെ കൂടെ അവര്‍ നിസ്കരിക്കുന്ന മുറിയില്‍ കയറി എല്ലാം നോക്കി നിന്നു.

    ReplyDelete
  7. വളരെ സന്തോഷം ഷെരീഫുക്കാ , നോമ്പുകാര്യങ്ങള്‍ കൂടുതല്‍ അറിഞ്ഞു എന്ന് മാത്രം അല്ല ആ ഗ്രാമിണതയുടെ നിഷ്കളങ്കത്ത ഇന്നും നിലനില്ക്കുന്നു എന്നറിഞ്ഞതിലും . സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN

    ReplyDelete
  8. സന്തോഷം നല്‍കിയ വായന.

    ReplyDelete
  9. ശരീഫ് ഇക്കാ നല്ല വായനാ അനുഭവം ... മനുഷ്യന്‍ അവനു അന്ജാതമായവയുടെ ശത്രു ആണ് , സത്യത്തില്‍ മതങ്ങളെ , ദര്‍ശനങ്ങളെ അവയുടെ അടിസ്ഥാന സ്രോതസ്സില്‍ നിന്നും മനസ്സിലാക്കിയാല്‍ നാം ഒരിക്കലും പരസ്പരം പോരടിക്കെണ്ടാവരല്ല എന്നും പരസപരം പൂരകങ്ങളായി നില നില്കെണ്ടാവരാന് എന്നും നാം തിരിച്ചറിയും ... മത മൈത്രി നിലനില്കട്ടെ, നല്ല കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകട്ടെ നമ്മുടെ നാട്ടില്‍ ...

    ReplyDelete
  10. nice..ellavarum kandupadikkanam..ellarum....
    bhaarath matha ki jai

    ReplyDelete
  11. അനുഭവം നന്നായി അവതരിപ്പിച്ചു.

    ReplyDelete
  12. പണ്ടു ഞാനിതുപോലൊരു അനുഭവം ബ്ലോഗില്‍ പങ്കുവെച്ചപ്പോള്‍ ജബ്ബാര്‍ മാഷ്‌ കമന്റു കോളത്തില്‍ കുറിച്ചതെ എനിക്കും പറയാനുള്ളൂ...

    കീബോര്‍ഡില്‍ ഒരിറ്റു കണ്ണീര്‍ വീണു പോയി ! ഇത്രയും വായിച്ചപ്പോള്‍!!

    ReplyDelete
  13. ശ്രദ്ധെയന്റെ കമന്റ് വായിച്ചപ്പോള്‍ ആണ് ഓര്‍ത്തത്‌ .
    "എന്റെ കണ്ണും നിറഞ്ഞിരിക്കുന്നല്ലോ എന്ന് ."
    നന്നായി മാഷെ.
    വളരെ നന്നായി
    ഈ അനുഭവവും മനോഹരമായ ഭാഷയില്‍
    ഇതെഴുതാന്‍ കാണിച്ച മനസ്സും.

    ReplyDelete
  14. vallithodika
    Eanchakkal Jamal
    santhosh balakrishnan
    ശ്രദ്ധേയന്‍ ,
    പ്രിയപ്പെട്ടവരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും എഴുതാന്‍ എനിക്ക് പ്രചോദനമായി തീരട്ടെ. വളരെ വളരെ നന്ദി.

    ReplyDelete
  15. എന്റെ സുഹൃത്ത് സിയാദ് കാനഡയിൽ ഉണ്ട്. അവിടെ ഒരു മുസ്ലിം പള്ളിയുണ്ട്. ഒരു ദിവസം വിവിധ രാജ്യക്കാരായ മുസ്ലിങ്ങൾ പതിവുപോലെ നമസ്കരിക്കാൻ ചെന്നപ്പൊൾ പള്ളീയിൽ വെള്ളമില്ല. ഒളുവെടുക്കാൻ നിവൃത്തിയില്ല. തൊട്ടടുത്ത് ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്.അവിടെ വെള്ളവുമുണ്ട്. പള്ളിയിലെ അച്ഛൻ ഇതറിഞ്ഞ് അവരുടെ അടുത്തേയ്ക്ക് വന്ന് തൽക്കാലം നിസ്കാരം മുടക്കാതെ ചർച്ചിൽ കയരി നിസ്കരിക്കാൻ പറഞ്ഞു. അങ്ങനെ മുസ്ലിങ്ങളായ (ഇവരിൽ വിവിധരാജ്യക്കാരുണ്ട്) അവർ എല്ലാവരും കൂടി ജാഥയായി ക്രിസ്ത്യൻ ചർച്ചിൽ കയറി ഒളൂ ചെയ്ത് കർത്താവിനു മുന്നിൽ അള്ളാഹുവിനെ പ്രാർത്ഥിച്ചു. അച്ചനു വലിയൊരു താങ്ക്സും പറഞ്ഞു. ഇത് എന്റെ സുഹൃത്തിൽ വലിയ വിസ്മയം സൃഷ്ടിച്ചു. ഇത് ഞാൻ ഒരു പോസ്റ്റായി മുമ്പ് ഇട്ടിരുന്നു. നമ്മുടെ നാ‍ട്ടിലൊക്കെ നടക്കുന്ന ചില ആശാസ്യമല്ലാത്ത സമ്പ്രദായങ്ങളോടും ചില സംബവങ്ങളോടും സിയാദിനു ദ്വേഷ്യം തോന്നിച്ച ഒരു അനുഭവം കൂടിയായിരുന്നു ഇത്. ഈ പോസ്റ്റ് വായിച്ചപ്പോൾ ഞാൻ ആ കാനഡാ സംഭവം ഓർത്തുപോയി.

    ReplyDelete
  16. മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു അനുഭവം തന്നെ ഭായ്.

    ReplyDelete
  17. മനസ്സിനെ ആഴത്തില്‍ സ്പര്ശിച്ച്ച അനുഭവം. തെറ്റിദ്ധാരനകളില്‍ നിന്നും ഉലടെലുക്കുന്നതല്ലേ കണ്ടാല്‍ അറക്കുന്ന മനോവിചാരങ്ങള്‍..
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

    ReplyDelete
  18. സജീം തട്ടത്ത്മല
    സിദ്ധീഖ് തൊഴിയൂര്‍,
    ജെഫു ജൈലാഫ്,
    സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ചങ്ങാതിമാരേ!

    ReplyDelete
  19. അതെ നാട്ടുമ്പുറം നന്മകളാല്‍ സമര്ദ്ധമണ്, അറിയാനായി ആയിരം വഴികള്‍ ഉള്ളപ്പോള്‍ അതില്‍ നിന്നൊക്കെ ഒളിച്ചോടുന്ന നമുക്ക് ഇത് പോലുള്ള വായനാനുഭവത്തിലൂടെ മാത്രമേ ആചാരങ്ങളും സംസ്ക്കാരങ്ങളും അറിയാന്‍ കഴിയൂ, ഇരുപത്തിയാറു വര്ഷം സൌദിയില്‍ ജോലിചെയ്ത അച്ഛന്റെ ഒരു സുഹുര്‍ത്ത് ബാങ്ക് വിളിയുടെ അര്‍ഥം മനസ്സിലാക്കിയത് ഈ അടുത്ത കാലത്താണ്, ശരീഫിക്ക എല്ലാ ആശംസകളും, പെരുന്നാള്‍ ദിന ആശംസകള്‍, ഒപ്പം വരാന്‍ പോകുന്ന ഓണാശംസകളും ..

    ReplyDelete
  20. നന്ദി ജ്വാല, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.....

    ReplyDelete
  21. 'കടയിലേക്ക് കയറിയപ്പോള്‍ ഒരു വാഴ ഇല കീറില്‍ വെള്ള അപ്പവുമായി മീശ കാത്ത് നില്‍ക്കുന്നു.” ഇത് തിന്നേച്ച് പോയാല്‍ മതി” ആ സ്നേഹത്തിന്റെ മുമ്പില്‍ ഞാന്‍ തലകുനിച്ചു പോയി.'
    എന്റെ കണ്ണുകളെ നനയിച്ചത് ഈ വാക്കുകളായിരുന്നു!!
    നന്നായി എഴുതി..പങ്കു വച്ചതിനു നന്ദി....

    ReplyDelete
  22. അജ്ഞത തന്നെയാണു ഇത്മാതിരിയുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണം. അവരുടെ ഈ തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ബാദ്ധ്യത മുസ്ലിമുകള്‍ക്കുണ്ട്. നന്നായി ജീവിച്ചു കാണിക്കുക എന്നത് മാത്രാണു പ്രതിവിധി.
    പോസ്റ്റ് നന്നായി. ഇങ്ങനെയുള്ള കുറിപ്പുകള്‍ ഇന്നത്തെ കാലത്ത് ആവശ്യമാണു.

    ReplyDelete
  23. പ്രിയ ശ്രീ മോഹന്‍ കരയത്ത്, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സ്നേഹിതാ....

    >>>നന്നായി ജീവിച്ചു കാണിക്കുക എന്നത് മാത്രാണു പ്രതിവിധി.<<< മുല്ലയുടെ ഈ അഭിപ്രായം പത്തരമാറ്റ് സത്യം.നന്ദി.

    ReplyDelete
  24. അനുഭവം നല്ല ഗംഭീരമായി അവതരിപ്പിച്ചു..

    ReplyDelete
  25. തൂതപ്പുഴയില്‍ ഈ വര്‍ഷം വെള്ളമുണ്ടായിരുന്നോ മുനീറേ! വല്ലപ്പോഴുമെങ്കിലും എന്നെ ഓര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
  26. ഞാന്‍ PUNYAVAALAN മധു , എനിക്ക് താങ്കളുടെ ഒരു സഹായം വേണമെന്നുണ്ട് , ഉടന്‍ njanpunyavalan@gmail.com ല്‍ ഒന്ന് മെയില്‍ ചെയ്യാമോ

    ReplyDelete
  27. മനോഹരമായ അനുഭവം... അതിലേറെ മനോഹരമായ അവതരണം. ആ ഗ്രാമത്തെ പോലെ, ഗ്രാമീണരെപ്പോലെ നന്മ നിറഞ്ഞുനില്‍ക്കുന്ന പോസ്റ്റ്...

    ReplyDelete
  28. ഞാന്‍ പുണ്യവാളന്‍, ഷബീര്‍ തിരിച്ചിലാന്‍ , പ്രിയ ചങ്ങാതിമാരേ! നിങ്ങളുടെ ഇവിടത്തെ സാന്നിദ്ധ്യം നന്ദിയോടെ വീക്ഷിക്കുന്നു.

    പ്രിയ മധു, ഇതാ ഇപ്പോള്‍ തന്നെ മെയില്‍ ചെയ്യുന്നു.

    ReplyDelete
  29. നിങ്ങളുടെ കൂടെ ഞാനും പങ്കാളി ആയ അനുഭവം....ശരിക്കും ഹൃദയം തൊട്ടറിഞ്ഞ ഓര്‍മ...നല്ല അവതരണം.എല്ലാ ആശംസകളും നേരുന്നു....

    ReplyDelete
  30. കണ്ണുകളെ നനയിച്ചു......

    ReplyDelete