Thursday, December 31, 2009

ഈ ന്യൂ ഇയര്‍ ആരുടെതാണ്?



വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു ഞാൻ.ഗതാഗത കുരുക്കിൽ പലപ്പോഴും ബസ്സിനു വേഗത്തിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

ദേശീയ പാതക്കരുകിൽ പല കവലകളിലേയും സർക്കാർ വക കള്ളു ഷാപ്പിനു മുമ്പിൽ (ന്യായ വിലക്കു വിദേശ മദ്യം കിട്ടുന്ന ബിവറേജു കോർപ്പറേഷൻ സ്റ്റോർ)ആൾക്കാർ അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നതു കാണപ്പെട്ടു. നീണ്ട ക്യൂ!
പണ്ടു റേഷൻ കടകളുടെ മുമ്പിൽ അരി വാങ്ങാൻ ഉണ്ടായിരുന്ന ക്യൂവിനേക്കാളും വലുതു!!!
"വിൽപ്പന നടക്കുന്നില്ല;സ്റ്റോക്ക്‌ തീർന്നതാണോ എന്തോ? ഇനി എങ്ങിനെ ന്യൂ ഇയർ ആഘോഷിക്കും"? ബസ്സിൽ തൊട്ടടുത്തിരുന്ന യാത്രക്കാരൻ പരിതാപപ്പെട്ടു.

എന്റെ ചെറു നഗരത്തിലെ സ്റ്റോപ്പിൽ ബസ്സിറങ്ങിയ ഞാൻ കുട്ടികളെ വാഹനവുമായി വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വീട്ടിലേക്കു നടക്കാൻ തീരുമാനിച്ചു.
ചെറുപ്പക്കാരുമായി നിരത്തിലൂടെ മോട്ടോർ സൈക്കിളുകൾ ചീറി പായുന്നു.അവർ എന്തോ എല്ലാം വിളിച്ചു കൂവുന്നുമുണ്ടു.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള പുതു വർഷമാണു നാളെ. 2010 ആണ്ടു നാളെ ആരംഭിക്കുന്നു. അതു ആഘോഷിക്കുകയാണു യുവത
മോട്ടോർ സൈക്കിളിനു പുറകിൽ ഒരു ചെറുപ്പക്കാരൻ വാഹനം ഓടിക്കുന്നവനു പുറം തിരിഞ്ഞിരുന്നു രണ്ടു കയ്യും ഉയർത്തി വിളിച്ചു കൂവുന്നു
"ഹാപ്പി ന്യൂ ഇയർ"
വണ്ടി സഡൻ ബ്രേക്കിട്ടാൽ അവൻ റോഡിൽ തലയടിച്ചു വീഴും തീർച്ച.
അടുത്ത കവലയിൽ ചെറിയ ആൾക്കൂട്ടം.പോലീസ്സുകാർ ലാത്തി വീശി അവിടെ കൂടി നിന്നവരെ ഓടിക്കുകയാണു.
"എല്ലവരും പോയീനെടാ വീട്ടിൽ.........." നിയമ പാലകർ അലറി.
ന്യൂ ഇയർ ആഘോഷങ്ങൾ അക്രമാസക്തമാകാതിരിക്കാൻ പോലീസ്സിനെ നിയോഗിച്ചു എന്നു മന്ത്രി പറയുന്നതു ഇന്നു ഉച്ചക്കു റേഡിയോവിൽ ഞാൻ കേട്ടിരുന്നു.
എന്റെ മുമ്പിൽ നടന്നിരുന്ന വൃദ്ധനു നേരെ ഒരു പോലീസ്സുകാരൻ അലറി പാഞ്ഞു വരുന്നു.ഞാനും വൃദ്ധനും അടുത്തു കണ്ട പീടിക വരാന്തയിലേക്കു ചാടിക്കയറി.പരിചയമുള്ള ആ പോലീസ്സു കാരൻ പീടികയിലെ വൈദ്യുതി വെട്ടത്തിൽ എന്നെ തിരിച്ചറിഞ്ഞതിനാൽ അവിടെ നിന്നും മാറി പോയി.
"ഇതെന്തൊരു കൂത്തു" വൃദ്ധൻ ആരോടെന്നില്ലാതെ ചോദിച്ചു.
"അമ്മാവാ, നാളെ ന്യൂ ഇയറാണു, അതിന്റെ ബഹളമാണു ഈ കാണുന്നതു" പീടികക്കാരൻ പറഞ്ഞു.
"ആരുടെ വക ന്യൂ ഇയറാ ഇതു ..........." വൃദ്ധന്റെ സ്വരത്തിൽ അമർഷവും അവജ്ഞയും നിറഞ്ഞിരുന്നോ?
ഈ ചെറു നഗരത്തിൽ പോലും ഇത്രയേറെ ബഹളവും ആഘോഷങ്ങളും മദ്യപിച്ചു കൂത്താടലും പോലീസ്സ്‌ സാന്നിദ്ധ്യവും കണ്ടപ്പോൾ ആ കാഴ്ച്ച എന്നെ ഭയപ്പെടുത്തി.
ഇതു എവിടേക്കാണു നമ്മുടെ പോക്കു. ഇതല്ലായിരുന്നല്ലോ നമ്മുടെ സംസ്കാരം. ഈ തരത്തിൽ ആമോദിച്ചു തിമിർത്തു ഘോഷിക്കേണ്ട വിധത്തിൽ നാളത്തെ ദിവസത്തിനു അത്രക്കു പ്രാധാന്യമോ?!
വീടുകളിലും ക്ലബ്ബുകളിലും രാത്രി പന്ത്രണ്ടു മണിയാകാൻ ഉത്ക്കണ്ഠയോടെ കാത്തിരിക്കുന്ന ( ആ നിശ്ചിത സമയം എത്തുമ്പോൾ ഈ പ്രപഞ്ചത്തിൽ എന്തോ സംഭവിക്കുമെന്ന ഭാവമാണവർക്കു)ദന്തഗോപുരവാസ്സികൾക്കു തെരുവിൽ നടക്കുന്ന ഈ പേക്കൂത്തുകൾ കാണേണ്ട ആവശ്യമില്ല.
ഡിസമ്പറിലെ കുളിരിൽ, തെളിഞ്ഞ നിലാവത്തു നിരത്തിലൂടെ വീട്ടിലേക്കു നടകുമ്പോൾ വൃദ്ധന്റെ ആ ചോദ്യം വീണ്ടും എന്റെ തലയിൽ ഉയർന്നു വന്നു.
"ആരുടെ വക ന്യൂ ഇയറാണിതു/"
എന്നു മുതൽക്കണു ഈ ആഘോഷം മലയാളക്കരയിൽ ഇത്ര വിപുലമായി ആരംഭിച്ചതു? കുറെ വർഷങ്ങൾക്കു മുമ്പു വരെ ഇത്രയും കെങ്കേമമായി ന്യൂ ഇയർ നാം ആഘോഷിക്കറില്ല എന്നു എനിക്കു തീർച്ചയുണ്ടു. അന്നേ ദിവസം പരസ്പരം കാണുമ്പോൾ ആഫീസ്സുകളിൽ സുഹൃത്തുക്കൾ ആശം സകൾ കൈമാറും അത്രമാത്രം.
അന്നു മലയാളിയുടെ അണ്ടുപിറപ്പു ഒന്നാം തീയതി എന്നു പറഞ്ഞാൽ ചിങ്ങം ഒന്നാം തീയതിയാണു.അന്നു അതിരാവിലെ കുളിച്ചു ശുദ്ധിയായി അമ്പലത്തിൽ പോകും. അമ്പലങ്ങളിൽ ചിങ്ങം ഒന്നാം തീയതി പ്രത്യേക പൂജയും ഉണ്ടായിരിക്കും.മുതിർന്നവർ കുട്ടികൾക്കു ഒന്നാം തീയതി കൈനീട്ടം കൊടുക്കും.ചില ഗ്രഹപ്രവേശമോ കെട്ടിടങ്ങൾക്കു കല്ലിടലോ മറ്റോ ഒന്നാം തീയതിയിൽ നടത്തും.ഇതായിരുന്നു മുമ്പുണ്ടായിരുന്ന പുതു വർഷാരംഭം.
ഇന്നത്തെ ഈ തട്ടുപൊളിപ്പൻ തകർപ്പൻ പരിപാടികൾ കാണുമ്പോൾ കേരളത്തിന്റെ വക കൊല്ല വർഷ കലണ്ടറിലെ ചിങ്ങം ഒന്നാം തീയതിയിൽ ഹാപ്പി ന്യൂ ഇയറെന്നോ പുതു വൽസരാശം സകളെന്നോ നാം മലയാളികൾ പറയാത്തതെന്താണെന്ന ചിന്ത എന്റെ മനസ്സിൽ കടന്നു വരുന്നു .
സ്വന്തം അമ്മയേക്കാളും വലുതാണോ സായിപ്പിന്റെ അമ്മ.
വർഷങ്ങൾക്കു മുമ്പു പത്രത്തിൽ വായിക്കാറുണ്ടായിരുന്നു , അമേരിക്കയിൽ പുതുവർഷാഘോഷ തിമിർപ്പിൽ ധാരാളം പേർ അപകടത്തിൽ പെട്ടു മരിച്ചെന്നു!
അന്നൊക്കെ ചിന്തിക്കും "ഇതെന്തൊരു ആഘോഷമാണു സായിപ്പേ നിങ്ങളുടെ നാട്ടിൽ"
ദൃശ്യ മാധ്യമങ്ങളുടെ വരവിനു ശേഷം ഗ്രിഗോറിയൻ കലണ്ടറിലെ പുതുവർഷ ആഘോഷം മലയാളിയിലേക്കു പകർന്നു കിട്ടി.
പൊങ്ങച്ചക്കാരനാണു മലയാളി, അതോടൊപ്പം അനുകരണ ഭ്രാന്തുള്ളവനും.
അങ്ങിനെ സായിപ്പിന്റെ ന്യൂ ഇയർ ആഘോഷം നമ്മുടേതായി.സായിപ്പു എന്തു ചെയ്യുന്നുവോ അതു നാമും അനുകരിക്കും.(നിവർത്തിയില്ലാത്തതുകൊണ്ടാണു കക്കൂസ്സിൽ പോകുമ്പോൾ കടലാസ്സു എടുക്കാത്തതു)
സായിപ്പിന്റെ വാലന്റൈൻ ദിനം മുതലായവ ഇപ്പോൾ നമ്മുടെ സ്വന്തം വഹകളാണു.
കറുമ്പന്റെ അനുകരണ ഭ്രാന്തിനെപ്പറ്റി സായിപ്പിനു നന്നായി അറിയാം. അതു മുതലാക്കി തന്റെ കമ്പോളം ചിലവാകാൻ എല്ലാ മേഖലകളിലും സായിപ്പും നാടൻ സായിപ്പും മാനസിക അധിനിവേശം ദൃശ്യമാധ്യമങ്ങളിലൂടെ നടത്തുന്നു.
ആഗസ്റ്റ്‌ പതിനഞ്ചാം തീയതി ശരീര സ്വാതന്ത്ര്യമേ ലഭിച്ചുള്ളൂ.മാനസിക സ്വാതന്ത്ര്യം നാം കൈവരിച്ചിട്ടില്ല.
ചിന്ത ഇവിടെ എത്തിയപ്പോൾ എന്നിലെ പ്രോസിക്യൂട്ടർ എന്നെ ക്രോസ്‌ വിചാരണ നടത്തി.
" ഇതൊരു കുശുമ്പല്ലേ സാറേ, സായിപ്പിന്റെ കണ്ടു പിടുത്തങ്ങളെല്ലാം ഒരു ഉളുപ്പും കൂടാതെ കൈവശമാക്കാം അതിൽ അധിനിവേശം ഒന്നുമില്ലേ? ലോകമൊട്ടുക്കു ഈ ദിവസം ആഘോഷിക്കുമ്പോൾ നമ്മൾ ചിങ്ങം ഒന്നാം തീയതിയും പൊക്കി നടന്നൽ........നമ്മളല്ലേ വസു ദൈവക കുടുംബം എന്നൊക്കെ വിളിച്ചു കൂവുന്നതു ലോകം ഒന്നായി നിൽക്കേണ്ടേ.......?"
"ഈ വാദം ശരിയാണോ?" എന്നിലെ ന്യായിധിപൻ നിരീക്ഷിച്ചു.
"ലോകം മുഴുവൻ......" ഏതു ലോകം?
ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം, ചൈന ആണു.മംഗോളിയൻ കലണ്ടർ നമ്മൾ പിൻ തുടരാത്തതെന്തേ?(അവിടെ ഗ്രിഗോറിയൻ പുതുവർഷം ആഘോഷിക്കാരില്ലെന്നാണ് അറിവ്.
രണ്ടാം സ്ഥാനം നമ്മുടെ ഭാരതം.ശകവർഷ ആരംഭം നമുക്കു ആഘോഷമല്ലല്ലോ(ശകവർഷതീയതി ഉപയോഗിക്കുന്നതായി ഞാൻ കാണുന്നതു കോടതി ജഡ്ജുമന്റുകളിൽ മുകൾ ഭാഗത്തു മാത്രമാണു)
ശരി ഇനി മറ്റൊരു നിരീക്ഷണം... ഏഷ്യയിലേയും ആഫ്രിക്കയിലേയും മൊത്തം ജനസംഖ്യയുടെ അയലത്തൊന്നും ഇല്ലല്ലോ മൊത്തം സായിപ്പുമാരുടെ എണ്ണം.ലോക ജനസ്ംഖ്യയുടെ ഭൂരിപക്ഷമാണു കണക്കിലെടുക്കുന്നത്‌ എങ്കിൽ അതിലും സായിപ്പിന്റെ ഗ്രിഗോറിയൻ പുറത്താണു.
അപ്പോൾ ഇതു സായിപ്പിന്റെ അധിനിവേശം തന്നെയാണു, നമ്മുടെ തലച്ചോറുകളിലേക്കു.
ഈ അടിമത്തം നമുക്കു വലിച്ചെറിയേണ്ടേ?
അതിനു പകരം നമ്മുടെ തനതായ സംസ്കാരത്തെ, നാം ജനിച്ചു വളർന്ന നമ്മുടെ നാടിന്റെ സംസ്കാരത്തെ പുന:പ്രതിഷ്ഠിക്കേണ്ടേ?
അതിനാൽ അടുത്ത ചിങ്ങം ഒന്നാം തീയതി നമുക്കു പരസ്പരം പുതു വർഷ ആശം സകൾ കൈമാറണം.
കാറ്റും കർക്കിടകവും മഴക്കാറും പോയി, നീലയും ചുവപ്പും മഞ്ഞയും കമ്പികൾ പോലെ തുമ്പികൾ പറക്കുന്ന, പൊൻ വെയിലുമേന്തി വരുന്ന നമ്മുടെ പൊന്നിൻ ചിങ്ങത്തിലെ ആണ്ടുപിറപ്പു ഒന്നാം തീയതി "പുതുവൽസരാശം സകൾ" എന്നു ഉച്ചത്തിൽ വിളിച്ചു പറയണം.
വീടെത്താറായി. ഞാൻ അകത്തേക്കു കടക്കാൻ ഒരുങ്ങിയപ്പോൾ അടുത്ത വീട്ടിൽ നിന്നും അയൽക്കാരൻ ഇതാ വിളിച്ചു കൂകുന്നു
"സാറേ, ഹാപ്പി ന്യൂ ഇയർ..."
"ധനു ആയതേ ഉള്ളൂ, ചിങ്ങം ആയില്ലാ" ഞാൻ പതുക്കെ പറഞ്ഞു.

Sunday, December 27, 2009

ഇതാ ഒരു തട്ടിപ്പ്

ബാങ്കിൽ നിന്നും വായ്പ എടുക്കാൻ കടമ്പകൾ ഏറെയാണു.ആവശ്യമായ സാക്ഷ്യ പത്രങ്ങൾ, ജാമ്യവസ്തു, ജാമ്യക്കാർ അങ്ങിനെ പലതും. വായ്പ അനുവദിച്ചു കഴിഞ്ഞാലോ തിരിച്ചു അടവുപൂർത്തിയാകുന്നതു വരെ കഴുത്തറുപ്പൻ പലിശയും.
എന്നാൽ ഇതൊന്നുമില്ലാതെ ലക്ഷക്കണക്കിന്‌ രൂപ രണ്ടും മൂന്നും വർഷക്കാലത്തേക്കുയാതൊരു ഉപാധികളുമില്ലാതെ, പലിശയില്ലാതെ, പിടിക്കപ്പെടാത്ത ഒരു തട്ടിപ്പിൽ കൂടി വിനിമയംചെയ്യാൻസാധിക്കുമെങ്കിൽ അതൊരു ഭാഗ്യമാണു; തട്ടിപ്പിനു നിയമത്തിന്റെ സംരക്ഷണം കൂടികിട്ടുകയാണെങ്കിൽ അതൊരു മഹാ ഭാഗ്യമായിരിക്കും
നിയമത്തിന്റെ തണലിൽ നടക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ തഴെ ചേർക്കുന്നു.
കേരളത്തിലെ മഹാഭൂരിപക്ഷം ഉദ്യോഗാർത്ഥികളും ഷർട്ട്‌ ഉലയതെയുള്ള ഉപജീവനമാർഗമാണുകാംക്ഷിക്കുന്നതു. അതിനു വേണ്ടി കിടപ്പാടം പോലും പണയപ്പെടുത്താൻ അവർക്കു മടിയില്ല.
സമൂഹത്തിൽ മാന്യതയുള്ള ഉപജീവനമാർഗമാണു അദ്ധ്യാപകവൃത്തി.പ്രൈവറ്റ്‌ സ്കൂളുകളിൽ ഉദ്യോഗത്തിന്റെ ഇപ്പോഴത്തെ വില ദക്ഷിണ കേരളത്തിൽ എട്ടു ലക്ഷം രൂപയാണു. വടക്കന്‍കേരളത്തിലെ തോതു അറിയില്ല.
അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതു സർക്കാർ ആണെങ്കിലും പ്രൈവറ്റ്‌ സ്കൂളിൽഅദ്ധ്യാപക നിയമനത്തിനുള്ള അധികാരം നിയമ പ്രകാരം സ്കൂൾ മാനേജരിൽ നിക്ഷിപ്തമായിരിക്കുന്നു. ഒഴിവു ഉണ്ടാകുന്ന മുറക്കു ബന്ധപ്പെട്ട അധികാരിയുടെ അനുവാദത്തോടെ മാനേജർക്കു അദ്ധ്യാപക നിയമനം നടത്താം.
ഇത്രയും അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുക. ഇനി തട്ടിപ്പു എങ്ങിനെയെനു വിവരിക്കാം.
സ്കൂളിൽഉടന്‍ ഉണ്ടാകാന്‍ പോകുന്ന പുതിയ ഒഴിവിൽ (ഇംഗ്ലീഷിൽ ആന്റിസിപ്പേറ്റഡ്‌വേക്കൻസ്സി എന്നുപ്രയോഗം)അദ്ധ്യാപകനെ നിയമിക്കാൻ അനുവാദത്തിനു നിയമത്തിൽഅനുശാസിക്കുന്ന വിധം സ്കൂൾ മാനേജർ ബന്ധപ്പെട്ട ഡി.. ആഫീസ്സിൽ അപേക്ഷനൽകുന്നു.കുട്ടികളുടെ വർദ്ധനവു ആണു പുതിയ ഒഴിവു ജന്മമെടുക്കാൻ കാരണമായി അപേക്ഷയിൽകാണിക്കുന്നതു. അതായതു ഒരു പുതിയ ക്ലാസ്‌ തുടങ്ങാൻ നിശ്ചിത എണ്ണം വിദ്യാർത്ഥികൾ ഇപ്പോൾസ്കൂളിൽ ഹാജരുണ്ടു എന്നു വിവക്ഷ.(അതു പച്ച കള്ളമെന്നതു പരമ സത്യം)
ഡീ.. ആഫീസ്സിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒഴിവിനു വേണ്ടി അനുവാദത്തിനു അപേക്ഷനൽകുന്നതിനോടൊപ്പം സ്കൂൾ മനേജർ പ്രധാന പത്രങ്ങളിൽ അദ്ധ്യാപക ഒഴിവിൽ നിയമിക്കപ്പെടാന്‍അർഹതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു പരസ്യവും നൽകുന്നു.പരസ്യം പത്രത്തിൽവരുന്നതോടെ അപേക്ഷകളുടേയും ഫോൺ വിളികളുടെ യും ബഹളം ആരംഭിക്കുകയായി.(ഞാൻ പോസ്റ്റിൽ ആദ്യം പറഞ്ഞതു ഓർമ്മിക്കുക.ഷർട്ടു ഉടയാത്ത ജോലിയാണു മലയാളിയുടെ സ്വപ്നം. എട്ടുലക്ഷം രൂപക്കു കുറെ പറമ്പു വാങ്ങി കൃഷി ചെയ്യുക എന്നു പറഞ്ഞാൽ അതുവെറും കണ്ട്രി കളുടെജോലിയാണ് ,വിലകുറഞ്ഞ നാടൻ ജോലി എന്നു അർത്ഥം)
അപേക്ഷ നൽകിയവരെ മാനേജർ കൂടിക്കാഴ്ച്ചക്കു വിളിക്കുന്നതാണു അടുത്തഘട്ടം.ഓരോരുത്തർക്കും പ്രത്യേക ദിവസങ്ങളിൽ പ്രത്യേക സമയത്താണു കൂടിക്കാഴ്ച്ചനിശ്ചയിക്കുന്നതു.ഉള്ള സത്യം പറയാമല്ലോ അപേക്ഷകരോടു ഒഴിവു നികത്താൻ അനുവാദത്തിനായിഡി.. ആഫീസ്സിൽ അപേക്ഷ നൽകിയതും അനുവാദം ലഭിച്ചതിനു ശേഷമേ നിയമനം നടക്കുകയുള്ളൂഎന്നുള്ളതുമായ കാര്യങ്ങൾ മാനേജർ തുറന്നു പറയുന്നുമുണ്ടു. ബന്ധപ്പെട്ട അപേക്ഷയും അതുപരിഗണനയിലിരിക്കുകയാണെനുള്ള ഡി.. ആഫീസ്സിലെ മറുപടിയും ഉദ്യോഗാർത്ഥിയെകാണിക്കുകയും ചെയ്യും.
പിന്നീടു നടക്കുന്നതാണു തമാശ.
എട്ടു ലക്ഷം രൂപയുടെ പകുതി നാലു ലക്ഷം രൂപ അഡ്വാൻസ്സ്‌ നൽകാൻ ഉദ്യോഗാർത്ഥികൾതയാറാകുന്നു."കൂടുതൽ തുക അഡ്വാൻസ്സ്‌ നൽകുന്നവർക്കു ജോലി നൽകും " എന്ന മനേജരുടെസ്വഗതവും ഇപ്രകാരം മുന്‍ കൂര്‍ തുക നൽകാൻ ഉദ്യോഗാർത്ഥിക്കു പ്രേരകമാണു.
പുട്ടിനു തേങ്ങാ ഇടുന്നതു പോലെ മാനേജർ ഇടക്കു ഇപ്രകാരവും പറഞ്ഞേക്കാം " എല്ലാവരുടെയും പൈസ്സാ ഒന്നും വാങ്ങി വൈക്കാൻ കഴിയില്ല, നിങ്ങൾ ഇപ്പോൾ കൊണ്ടു വന്ന തുകതിരികെ കൊണ്ടു പോകണം,പോസ്റ്റിനു അനുവാദം കിട്ടിയാൽ വിവരം അറിയിക്കാം, അപ്പോൾ കൊണ്ടുവന്നാൽ മതി"
കഠിന പ്രയത്നം നടത്തി ടെസ്റ്റ്‌ എഴുതി റിസൽറ്റും കാത്തു നില്‍ക്കാന്‍ ശ്രമിക്കാത്ത മണ്ടശിരോമണിക്കും അഥവാ പല ടെസ്റ്റുകൾ എഴുതിയിട്ടും പാസ്സാകാതെ ജോലി ലഭിക്കാതെനിരാശപ്പെട്ടിരിക്കുന്ന ശപ്പന്മാർക്കും ഒഴിവു നികത്താൻ അനുവാദം കിട്ടുന്നതു വരെ ക്ഷമിക്കാന്‍മനസ്സില്ല. അവർ അതാ അഹമഹമികയാ മുന്നോട്ടു വരുന്നു അഡ്വാൻസ്സ്‌ ലക്ഷങ്ങളുമായി.ചുരുക്കത്തിൽഒരു ഇരുപതു ലക്ഷമെങ്കിലും (അഞ്ചു പേരിൽ നിന്നും)നിർബന്ധം ചെലുത്താതെ മാനേജരുടെപോക്കറ്റിൽ വരുന്നു.
തമാശ തുടരുന്നു.......
കുറെ മാസങ്ങൾക്കു ശേഷം ഡി.. ആഫീസ്സിൽ നിന്നുമുള്ള പരിശോധനക്കു ശേഷം ക്ലാസ്സുഅനുവദിക്കാൻ നിവർത്തിയില്ലാ എനു ഡിസ്റ്റ്രിക്റ്റ്‌ എഡ്യൂക്കേഷൻ ഓഫീസ്സർ ഉത്തരവിടുന്നു.(അതുഅങ്ങിനെയേ സംഭവിക്കൂ എന്നു മാനേജർക്കു മുൻ കൂട്ടി അറിയാം)
മാനേജർ ഉടൻ തന്നെ പൈസ്സാ തന്നവരെ വിളിച്ചു വിവരമറിയിച്ചു താൻ ഉടൻ തന്നെ വകുപ്പുമേധാവിക്കു അപ്പീൽ കൊടുക്കുമെന്നു അറിയിക്കുന്നു.
കുറേ കാലങ്ങള്‍ക്ക് ശേഷം അപ്പീലും തള്ളുന്നു.അപ്പോഴേക്കും ഒരു വർഷം കഴിയും. തുടർന്നുന്യായം നടത്തി കിട്ടാൻ ഡി.., വകുപ്പു മേധാവി, സർക്കാർ, എന്നിവരെ എതിർ കക്ഷികളാക്കിബഹുമാനപ്പെട്ട കോടതിയിൽ മാനേജർ .പി. ഫയൽ ചെയ്യുന്നതോടെ അവിടെയും സാധാരണഗതിയിൽ ഒന്നു രണ്ട്‌ വർഷം കാലതാമസം നേരിടും.
നമ്മുടെ ഫയൽ ഓപൺ ചെയ്തിട്ടു അതായതു നമ്മൾ അഡ്വാൻസ്സു തുക കൊടുത്തിട്ടു ഇപ്പോൾമൂന്നു വർഷമായി.(ചിലപ്പോൾ ഇതു രണ്ടു വർഷമായി ചുരുങ്ങാം)
കോടതിയിലെ കേസ് സ്വാഭാവികമായി തള്ളി പോകും
കേസ്സും തള്ളി പോകുമ്പോൾ മാനേജർ പൈസ്സാ തന്നവരെ വിളിച്ചു താൻ ചെയ്ത ശ്രമങ്ങളുംഅതിന്റെ പരിണിത ഫലങ്ങളും രേഖകൾ സഹിതം ബോദ്ധ്യപ്പെടുത്തി മുന്‍ കൂര്‍ വാങ്ങിയ തുക തിരികെകൊടുക്കുന്നു.
എത്ര സത്യ സന്ധനായ മാനേജർ!!!
പക്ഷേ ഇത്രയും കാലം വൻ തുക അയാൾ യഥേഷ്ടം വിനിമയം ചെയ്തിരുന്നു എന്നുള്ളവസ്തുത തമസ്കരിക്കപ്പെടുകയാണു.അഥവാ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഉടൻ മറു ചോദ്യംഉറപ്പു.
"നിങ്ങളെ ഞാൻ നിർബന്ധിച്ചോ അഡ്വാൻസ്‌ തരാൻ"
ഓരോ ഉദ്യോഗാർത്ഥിയും താൻ കൊടുത്ത നാലു ലക്ഷം മൂന്നു വർഷങ്ങൾക്കു ശേഷം ഒരുപൈസാ പോലും ലാഭം ഇല്ലാതെ തിരികെ കൈ പറ്റുമ്പോൾ തുകക്കു സംഭവിച്ച മൂല്യ ശോഷണംഎത്ര എന്നുകണക്കു കൂട്ടുന്നില്ല. നാലു ലക്ഷം രൂപക്കു മൂന്നു വർഷങ്ങൾക്കു മുമ്പു വിലക്കുലഭിക്കുമായിരുന്ന പുരയിടത്തിന്റെ പകുതി അളവു പുരയിടം മൂന്നു വർഷങ്ങൾക്കു ശേഷം വിലക്കുവാങ്ങാൻ കഴിയുമോ എന്നിടത്താണു മൂല്യ ശോഷണത്തിന്റെ ഭീകരത വെളിവാകുന്നതു.
ഒരു കടപത്രവും വേണ്ടാ, ബാങ്ക്‌ ലോണും വേണ്ടാ, രണ്ടു മൂന്നു വർഷക്കാലം ഒരു വൻ തുകഒരു പൈസ്സ പോലും പലിശ നൽകാതെ ഇഷ്ടാനുസരണം ചിലവഴിക്കാൻ സ്കൂൾ മാനേജറന്മാർക്കുസാധിക്കുന്നു;അതിനു ഉപയോഗിക്കുന്ന വഴി നിയമത്തിന്റേതു തന്നെ.
കുട്ടികൾ ആവശ്യത്തിനുണ്ടെങ്കിൽ പുതിയ ക്ലാസ്സ്‌ തുടങ്ങാൻ അനുവാദം കൊടുക്കുന്നതു നിയമംതന്നെ.
ആരംഭിക്കാൻ പോകുന്ന ക്ലാസ്സിൽ അദ്ധ്യാപകനെ നിയമിക്കാൻ മാനേജറന്മാർക്കു അധികാരംനൽകുന്നതും നിയമം തന്നെ.
അധികാരം ഉപയോഗിച്ചു ബന്ധപ്പെട്ട അധികാരികൾക്കും കോടതിക്കും അപേക്ഷയുംകേസ്സും കൊടുക്കാൻ മനേജരെ യോഗ്യനാക്കുന്നതും നിയമം തന്നെ.
നിയമ പ്രകാരം തനിക്കു ലഭിച്ച അധികാരം ദുർവ്വിനിയോഗം ചെയ്തു ആവശ്യമുള്ള സമയംനേടിയെടുത്തു അതു വരെ അന്യരുടെ പൈസ്സ തിരിമറി നടത്തുന്നതിനെ തട്ടിപ്പു എന്നല്ലാതെമറ്റെന്താണു വിളിക്കുക?!!!
വൈറ്റ്കോളർ സംസ്ക്കാരത്തിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ശപ്പന്മാർ നിറഞ്ഞ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും.തീർച്ച!!!

Monday, December 21, 2009

ഇത് കോടതിക്കഥകള്‍ (എട്ടു)

സൈമൺ സെയിൽ ടാക്സ്‌ ജീവനക്കാരനാണു. ദിവസവും തമ്പാനൂർ റെയിൽ വേസ്റ്റേഷനിൽ നിന്നും ട്രെയ്നിൽ ജോലി സ്ഥലത്തെത്തും, മടക്ക യാത്രയും ട്രെയിനിൽ തന്നെ.
ജീവിതം ആസ്വദിച്ചു കഴിച്ചു കൂട്ടണമെന്ന അഭിപ്രായക്കാരനാണു സൈമൺ.
പതിവു പോലെ അന്നും രാവിലെ അയാൾ തമ്പാനൂർ സ്റ്റേഷനിൽ എത്തി.ട്രെയിൻ ലേറ്റാണു. പ്ലാറ്റ്‌ഫോമിൽ വെറുതേ ചുറ്റി കറങ്ങാം എന്ന ചിന്തയിൽ പതുക്കെ നടന്നു.
ഒഴിഞ്ഞ കോണിൽ ഒരു യുവതി തനിച്ചിരിക്കുന്നതു കണ്ടു അയാൾ അവളെ ശ്രദ്ധിച്ചു. യുവതിയുംസൈമണെ നോക്കി. യുവതിയെ കടന്നു പോയ സൈമൺ അൽപ്പ ദൂരം നടന്നു തിരികെ വന്നു, യുവതിയെ വീണ്ടും ശ്രദ്ധിച്ചു. ഇപ്പോൾ നേരിയ പുഞ്ചിരി അവളുടെ അധരത്തിന്റെ കോണിൽ സൈമൺകണ്ടു. അയാൾ അവളുടെ അരികിൽ ഒരു കസേരയില്‍ ഇരുന്നു അവളെ നിരീക്ഷിച്ചു.
കാഴ്ച്ചയിൽ തരക്കേടില്ലാത്ത ആരോഗ്യവതിയായ ഇരു നിറക്കാരിയയ ഒരുത്തി.
ഇപ്പോൾ രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി മായാതെ സ്ഥാനം പിടിച്ചിരിക്കുന്നു.
അൽപ്പ നേരം കഴിഞ്ഞു യുവതി എഴുനേറ്റു നടന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞു അവൾ തിരിഞ്ഞുനോക്കി.
സൈമൺ എഴുന്നേറ്റു യുവതിയുടെ പുറകെ നടന്നു.
മാറ്റി ഇട്ടിരുന്ന ഒരു ട്രെയ്നിന്റെ കമ്പാർറ്റ്‌മന്റിൽ അവള്‍ കയറി വാതില്‍ക്കല്‍ നിന്നു സൈമണെതിരിഞ്ഞു നോക്കി അകത്തേക്കു പോയി. സൈമണും ട്രെയ്നിൽ പ്രവേശിച്ചു.ട്രെയ്നിന്റെ ഒഴിഞ്ഞകൂപ്പയിൽ യുവതി ഇരിക്കുന്നതു കണ്ടു അയാൽ ട്രെയ്നിന്റെ വാതിൽ അടച്ചു അകത്തു നിന്നു ലോക്കുഇട്ടതിനു ശേഷം യുവതിയുടെ എതിർ വശത്തു ചെന്നിരുന്നു അവളുടെ തോളിൽ കൈ വെച്ചു.
അടുത്ത നിമിഷം ഈറ്റപുലിയെ പോലെ യുവതി ചാടി എഴുന്നേറ്റ്‌ സൈമണിന്റെ ഷർട്ടിൽപിടികൂടി.
"അനാവശ്യം കാണിക്കുന്നോ തെമ്മാടീ" അവൾ അലറി.
"ഓടി വരണേ.....രക്ഷിക്കണേ......യുവതി ഉച്ചത്തിൽ നിലവിളിക്കാൻ ആരംഭിച്ചു.
സൈമൺ ഇടി വെട്ടേറ്റവനെ പോലെ നിന്നു.അയാൾ നിന്നു വിക്കി....ഞാൻ.....ഞാൻ.....
യുവതി പിടി വിട്ടില്ല."നിന്നെ ഇപ്പോള്‍ പോലീസില്‍ ഏല്‍പ്പിക്കും ....അമ്മ പെങ്ങന്മാരില്ലേടാനിനക്കൊക്കെ............"
സിനിമകളിൽ മാതിരി രംഗങ്ങൾ കണ്ടതല്ലാതെ നേരിൽ സൈമണു ഇങ്ങിനെ ഒരു അനുഭവംആദ്യമാണു.
അയാൾ കേണു..ഞാൻ........മാപ്പു .....കൈ കൂപ്പി സൈമണ്‍ യാചിച്ചു.
യുവതി സൈമണെ സീറ്റിലേക്കു തള്ളി ഇരുത്തി."ആൾക്കാരെ വിളിച്ചു വരുത്തേണ്ടാ എങ്കിൽമര്യാദക്കിരുന്നോ....."അവൾ വിരട്ടി.
അവൾ സൈമണീന്റെ പോക്കറ്റു പരതി,അതിലുണ്ടായിരുന്ന് രൂപാ കൈവശപ്പെടുത്തി.കഴുത്തിൽകിടന്നിരുന്ന രണ്ട്‌ പവൻ സ്വർണ്ണ മാല ഊരി വാങ്ങി; കയ്യിലെ വാച്ചും .
ഇതെല്ലാം കരസ്ഥമാക്കി വാതിൽ തുറന്നു കൂളായി അവൾ ട്രെയ്നിൽ നിന്നും ഇറങ്ങിപ്പോയി. അൽപ്പംകഴിഞ്ഞു വിയർത്തു കുളിച്ചു ഇളിഭ്യനായി സൈമണും.
പക്ഷേ ആദ്യത്തെ ഞെട്ടൽ മാറി കഴിഞ്ഞപ്പോൾ അയാളുടെ മനസ്സിൽ പക വളർന്നു കൊണ്ടിരുന്നു. സംഭവം നാലു പേർ അറിഞ്ഞാൽ നാണക്കേടാണു, കൂടാതെ കുടുംബ കലഹവും ഉറപ്പു. അതിനാൽഅയാൾ പക മനസ്സിൽ ഒതുക്കി.
അടുത്ത ആഴ്ച്ച മറ്റൊരു റെയിൽ വേ സ്റ്റേഷനിലെ പാഴ്സ്സൽ ഓഫീസ്സിൽ സെയിൽ ടാക്സ്‌പരിശോധന ഉണ്ടായിരുന്നു.സൈമൺ ഉൾപ്പെട്ട സംഘമാണു പരിശോധനനടത്തിയതു.സ്ഥലത്തുണ്ടായിരുന്ന ചെറുപ്പക്കാരനായ ആർ.പി. എഫ്‌. ഓഫീസ്സറുമായി സൈമൺപരിചയത്തിലായി. തുടർന്നു സൈമൺ തനിക്ക പറ്റിയ അമളി ആർ.പി.എഫ്‌. ഓഫീസ്സറോടുസൂചിപ്പിച്ചു. ഓഫീസ്സർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു; എന്നിട്ടു പറഞ്ഞു;
"എത്രയോ പേർ തട്ടിപ്പിനു ഇര ആയിട്ടും നാണക്കേടു ഭയന്നു കാര്യം പുറത്തു പറയാതെകഴിച്ചു കൂട്ടുന്നുണ്ടാവാം, എന്തായാലും ഞങ്ങൾ ഒന്നു അന്വേഷിക്കട്ടെ"
അന്നും യുവതി റെയിൽ വേ സ്റ്റേഷനിൽ തിരക്കില്ലാത്ത സ്ഥലത്തു തന്റെ ഇരയും കാത്തിരുന്നു.
അതാ! ഒരു പൂവാലൻ.
അവന്റെ നോട്ടം കണ്ടാലറിയാം, ആളൊരു ഒലിപ്പനാണെന്നു.യുവതി ആഗതനെ ഒളി കണ്ണിട്ടുനോക്കുന്നതായി ഭാവിച്ചു, ചെറുതായി പുഞ്ചിരിച്ചു നാണം മുഖത്തു വരുത്തി തലയും കുമ്പിട്ടിരുന്നു.
യുവാവു കടന്നു പോയി.,തീർച്ചയായും അയാൾ തിരിച്ചു വരുമെന്നു മുൻ അനുഭവത്തിൽ നിന്നുംഅവൾക്കറിയാം.
അതാ, ഇര തിരികെ വരുന്നു.
തവണ അയാളുടെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിയുടെ വലിപ്പം കൂട്ടി. ഇര ചൂണ്ടയിൽകൊത്തിയതു കൊണ്ടാണു തന്റെ പുറകിലെ കസേരയിൽ വന്നിരുന്നതും കാലു കൊണ്ടു തന്റെ കാലിൽതോണ്ടിയതുംഎന്ന് അവള്‍ക്കു തീര്‍ച്ച ഉണ്ട് .
ഓപ്പറേഷൻ സക്സ്സസ്‌!( പുരുഷന്മാർ വെറും കഴുതകൾ തന്നെ.)
യുവതി എഴുന്നേറ്റു നടന്നു.
തവണ ഒഴിഞ്ഞ ട്രെയിനിലെ ബാത്തു റൂമാണു സംഭവ സ്ഥലമായിതെരഞ്ഞെടുത്തതു.വാതിൽ അൽപ്പം തുറന്നിട്ടു പുറത്തു നിന്നും വരുന്ന ആൾക്കു തന്നെ കാണാവുന്നവിധം അവൾ കാത്തു നിന്നു.
ട്രെയിനുള്ളിൽ കയറിയ യുവാവു തന്നെ അന്വേഷിക്കുന്നതും ബാത്തു റൂമിൽ തന്നെകണ്ടെത്തുന്നതും ഉള്ളിൽ കടന്നു ബാത്തു റൂമിന്റെ വാതിൽ അടക്കുന്നതും ആഹ്ലാദത്തോടെയുംപരിഹാസത്തോടെയും അവൾ വീക്ഷിച്ചു.
യുവാവു അടുത്തു വന്നു അവളുടെ കവിളിൽ ചെറുതായൊന്നു കുത്തി.
ഇതാ സമയമായി.ആക്‌ഷൻ!!!
യുവതി വിളിച്ചു കൂവി."ഓടി വരണേ! രക്ഷിക്കണേ!"
ഇവൻ പൊട്ടനാണോ? തന്റെ നിലവിളി ഇവൻ കേട്ടില്ലേ?അവൻ അനങ്ങുന്നില്ല. പുറത്തു ആരോ ഓടിവരുന്ന ശബ്ദം.
" നിന്നെ ഇപ്പോൾ പിടിച്ചു പോലീസ്സിൽ ഏൽപ്പിക്കും....." അവൾ അലറി.
അതു കേട്ടിട്ടും അവനു ഒരു കുലുക്കവുമില്ല.അവന്റെ മുഖത്തു കണ്ടതു ഒരു പരിഹാസ്സ ചിരി ആണോ?!
വാതിലിൽ ആരോ ബലമായി തട്ടുന്നു.യുവതി പെട്ടെന്നു കതകു തുറന്നു.പുറത്തു വനിതാ എസ്‌. യുംസംഘവും!
"എന്റെ പൊന്നു സാറേ, ഞാന്‍ മൂത്രം ഒഴിക്കാൻ കയറിയതാണു ഇവൻ വന്നെന്നെ പിടിച്ചു...."യുവതിപൊട്ടിക്കരഞ്ഞു.
വനിതാ പോലീസ്സു താഴെ പറയുന്ന ചോദ്യങ്ങൾ യുവതിയോടു ചോദിച്ചു:-
(1) ഒരു ചെറുപ്പക്കാരിയായ നിങ്ങൾ ഒഴിഞ്ഞ കോണിൽ കിടക്കുന്ന ട്രെയിനിൽ ആരുമില്ലാത്തപ്പോൾകയറിയതെന്തിനാണു?
(2) നിങ്ങൾ ബാത്ത്‌ റൂമിൽ കയറി കഴിഞ്ഞു സാധാരണ സ്ത്രീകൾ ചെയ്യുന്നതു പോലെ വാതിൽലോക്കു ചെയ്യതിരുന്നതെന്തു കൊണ്ടു?
(3) പബ്ലിക്ക്‌ മൂത്രപ്പുര ധാരാളം സ്റ്റേഷനിൽ ഉണ്ടായിരിക്കെ ഒഴിഞ്ഞ കോണിൽ ഒഴിഞ്ഞട്രെയിനിലെ ബാത്ത്‌ റൂമിൽ തന്നെ മൂത്രം ഒഴിക്കാൻ വന്നതു എന്തിനു?
യുവതി ഉത്തരം പറയാതെ മിഴിച്ചു നിന്നു.
വനിത എസ്‌.. അടുത്ത ചോദ്യം തൊടുത്തു.
"നിങ്ങൾ എന്തിനു സ്റ്റേഷനിൽ വന്നു?"
"എന്റെ സഹോദരൻ ട്രെയിനിൽ വരുന്നുണ്ടു, അവനെ സ്വീകരിക്കാൻ വന്നതാണു" യുവതി ഉത്തരംനൽകി.
ഉടൻ തുടങ്ങി ചോദ്യ ശരങ്ങളുടെ പേമാരി.
"ഏതു വണ്ടിയിലാണു സഹോദരൻ വരുന്നതു? ഏതു സ്ഥലത്തു നിന്നാണു വരുന്നതു? സഹോദരന്റെപേരന്തു?
യുവതി ഉത്തരം പറയാതെ ഉരുണ്ട്‌ കളിക്കാൻ തുടങ്ങി.
എസ്‌..യിൽ നിന്നും ഫൈനൽ ചോദ്യം വന്നു
"റെയിൽ വേ സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിക്കാൻ നിങ്ങൾക്കു പ്ലാറ്റ്ഫോം ടിക്കറ്റോ മറ്റുഅനുവാദപത്രങ്ങളോ ഉണ്ടോ?"
"ഒന്നുമില്ല" യുവതി കൈ മലർത്തി.
യുവതിയും വനിതാ എസ്‌.ഐയും ട്രെയ്നിൽ നിന്നും പുറത്തിറങ്ങി.
ബാത്‌ റൂമിൽ നിന്നിറങ്ങിയ യുവാവിനെ പോലീസ്സുകാർ സല്യൂട്ട്‌ ചെയ്യുന്നതു യുവതിഅമ്പരപ്പോടെ നോക്കി നിന്നു.
ആൾക്കൂട്ടത്തിനു മുമ്പിൽ തെളിഞ്ഞ ചിരിയുമായി നിന്നതു താൻ കുറച്ചു ദിവസങ്ങൾക്കു മുമ്പു വലവെച്ചു പിടിച്ച ഇര (സൈമൺ)ആണെന്നും യുവതി തിരിച്ചറിഞ്ഞു.
പോലീസ്സിന്റെ ചോദ്യം ചെയ്യലിൽ കുറച്ചു കാലമായി യുവതി തട്ടിപ്പു തുടർന്നു വരികയായിരുന്നുഎന്നുംധാരാളം പേർ ഇരയാക്കപ്പെട്ടിരുന്നു എന്നും സമ്മതിച്ചു.
നാണക്കേടു ഭയന്നു ഇരകൾ അബദ്ധം പറ്റിയ വിവരം പുറത്തു പറയാതിരുന്നതു യുവതിക്കു കൂടുതൽധൈര്യം നൽകി.
യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്ത തായി കേസ്സു ഫയൽചെയ്യപ്പെട്ടു.
അവസ്ഥയിലാണു യുവതി റെയിൽ വേ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കപെട്ടതു.
കോടതി പിരിയാൻ നേരമായിരുന്നതിനാൽ കൂടുതൽ സമയം എടുക്കുന്ന കേസ്സാണോ എന്നുമജിസ്ട്രേട്ട് ആരാഞ്ഞു. പ്രോസിക്യൂഷൻ ഭാഗം വക്കീൽ കേസ്സു വിവരങ്ങൾ ചുരുക്കിവിവരിച്ചപ്പോൾയുവതി നിസ്സംഗയായി നിന്നു.നടപടികളിലേക്കു കടന്ന മജിസ്ട്രേട്ട് കുറ്റപത്രം വായിച്ചു തീർന്നതിനുശേഷം യുവതിയോടു ചോദിച്ചു:-
"കുറ്റപത്രം വായിച്ചതു കേട്ടോ? മനസ്സിലായോ?"
"കേട്ടു മനസ്സിലായി" ഉടൻ വന്നു മറുപടി.
" അതിൽ പറയുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ"? അടുത്ത ചോദ്യം.
"ഉണ്ടു" യാതൊരു മടിയുമില്ലാത്ത ഉത്തരം.
മറുപടിയുടെ വേഗത കണ്ടു മജിസ്ട്രെട്റ്റ് പറഞ്ഞു .' തടവു ശിക്ഷ ഉൾപ്പടെയുള്ള ശിക്ഷ നിങ്ങൾക്കുഎതിരെ വിധിച്ചേക്കാം. സ്വമനസ്സാലെയാണോ നിങ്ങൾ ഉത്തരം പറയുന്നതു,ഇതിൽ വിവരിച്ചകുറ്റങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?നിങ്ങൾക്കു അഭിഭാഷകന്റെ സഹായം ആവശ്യമുണ്ടോ?"
" വക്കീലിനെ വേണ്ടാ, കുറ്റം ചെയ്തിട്ടുണ്ടു" യുവതിക്കു ഒരു കുലുക്കവുമില്ല.
കോടതി നടപടികൾ പെട്ടെന്നു പൂർത്തിയായി, കേസ്സു വിധി പറഞ്ഞു.
രണ്ടു മാസ്സം തടവും ആയിരം രൂപ പിഴയും. പിഴ ഒടുക്കാത്ത പക്ഷം പതിനഞ്ചു ദിവസ്സം കൂടി തടവു
ജെയിൽ വാറന്റു ഒപ്പിടാനായി ബെഞ്ചു ക്ലാർക്കു ചേംബറിൽ വന്നപ്പോൾ ചേംബറിന്റെ വാതിൽക്കൽനിന്നിരുന്ന പോലീസ്സു കാരോടൊപ്പമുള്ള പ്രതിയോടു മജിസ്ട്രേട്ട് ചോദിച്ചു;
"നിങ്ങൾക്കു എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടേ"
ചോദ്യത്തിന് പ്രതിയുടെ മുഖത്തു കണ്ടതു പരിഹാസം നിറഞ്ഞ ചിരിയും ,പെണ്ണൂ കണ്ണു കാണിച്ചാൽപുറകേ വരുന്ന ആണുങ്ങൾ ലോകത്തു ഉണ്ടെങ്കിൽ ഞാനെന്തിനു ജോലി ചെയ്യണം എന്നഭാവവുമായിരുന്നെന്നു മജിസ്ട്രേട്ട് തിരിച്ചറിഞ്ഞു.
പിറ്റേ ദിവസം പത്രത്തിൽ കേസ്സിന്റെ വാർത്ത വായിച്ചപ്പോൾ ഒരു കൂസലുമില്ലാത്ത പ്രതിയുടെമുഖമായിരുന്നു മനസ്സിൽ.
തടവു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ യുവതി ഇപ്പോഴും തന്റെ ഇരകളെ കാത്തുനടക്കുന്നുണ്ടാവാം;പുതിയ തന്ത്രങ്ങളുമായി.
അവളുടെ തന്ത്രങ്ങളിൽ വീഴുവാൻ കുറേ വഷളന്മാർ നാട്ടിലുണ്ടല്ലോ!!!
.

Monday, December 14, 2009

വിഷപ്പെട്ടി

രണ്ടു കാലഘട്ടങ്ങളിൽ ഞാൻ അഭിമുഖീകരിച്ച രണ്ടു സംഭവങ്ങളിലൂടെ നമ്മുടെ സംസ്കാരത്തിനുണ്ടായ മാറ്റത്തെക്കുറിച്ചു പ്രതികരിക്കാൻ ആഗ്രഹിക്കുന്നു.
ആദ്യത്തെ സംഭവം വളരെ വർഷങ്ങൾക്കു മുമ്പു നടന്നതാണു.
അന്നു എനിക്കു എട്ടു വയസ്സു പ്രായം.
ഒരു ദിവസം വീട്ടിൽ പതിവില്ലാത്ത വിധം ആൾക്കൂട്ടം കണ്ടു....എല്ലാം സ്ത്രീകൾ.
മൂത്തുമ്മാ, കൊച്ചുമ്മാ,മാമി, ഉമ്മൂമ്മ,എല്ലാവരും ഉണ്ടു.പതിനൊന്നു വയസ്സുകാരി മൂത്ത സഹോദരി ഒരു മൂലയിൽ ഇരിക്കുന്നു.
എന്താണു ആൾക്കൂട്ടത്തിനു കാരണമെന്നു അറിയാൻ ആഗ്രഹം ഏറിയപ്പോൾ കായിമ്മായെ സമീപിച്ചു.
എന്റെ ഉമ്മൂമ്മയുടെ ഉമ്മയാണു എൺപതു വയസ്സുകാരി കായിമ്മ. ഞാൻ അവരുടെ ചെവിയിൽ എന്റെ ചോദ്യം പതുക്കെ കടത്തിവിട്ടു.
ചാര നിറത്തിൽ പാട മൂടിയ കണ്ണൂകൾ കൊണ്ടു എന്നെ ഉഴിഞ്ഞു തൊണ്ണു കാട്ടി കായിമ്മാ ചിരിച്ചു.എന്നിട്ടു ഉച്ചത്തിൽ പറഞ്ഞു.

"എടാ നിന്റെ പെങ്ങൾ പ്രായമായി"
"ചെക്കനോടു പറയാൻ കണ്ട കാര്യം ഈ തള്ളക്കു വേറെ ജോലിയൊന്നുമില്ലേ" മൂത്തുമ്മ ദേഷ്യപ്പെട്ടു.
എനിക്കു ഒന്നും പിടി കിട്ടിയില്ല.പ്രായമായവർ കായിമ്മായെ പോലെ പല്ലും കൊഴിഞ്ഞു തൊലിയും ചുളിഞ്ഞു കൂനുമായി വടിയും കുത്തി നടക്കും. എന്റെ പെങ്ങൾ അങ്ങിനെ ആയില്ലെന്നു മാത്രമല്ല അഞ്ചാം ക്ലാസ്സിൽ പഠിക്കുകയുമാണു. പിന്നെങ്ങിനെ പെട്ടെന്നു കായിമ്മായെ പോലെ പ്രായമാകും.
എങ്കിലും അവിടെ എന്തോ സംഭവിച്ചു.സംശയം തീർക്കാൻ മുറ്റത്തു നിന്നിരുന്ന ഉമ്മായെ സമീപിച്ചു ഞാൻ ചോദിച്ചു:-
"ഉമ്മാ കൊച്ചു പെമ്പിള്ളേരു എങ്ങിനെയാ പെട്ടെന്നു പ്രായമാകുന്നതു?...."
"അതെങ്ങിനേന്നു നിനക്കറിഞ്ഞേ തീരുവോടാ ബലാലേ....." എന്റെ ചോദ്യം കേട്ട ഉടനെ കയ്യിൽ കിട്ടിയ വടിയുമായി ഉമ്മാ എന്റെ പുറകെ ഓടി വന്നപ്പോൾ നിലവിളിയോടെ ഞാൻ പരക്കം പായുകയും ചെയ്തു.
ആ വക കാര്യങ്ങൾ കുട്ടികൾ അറിയുന്നതു മുതിർന്നവർ വിലക്കിയിരുന്നു.
ഒരു കൂട്ടുകാരി എന്റെ സഹോദരിക്കു ഒരു പാട്ടു പുസ്തകം പാടാനായി കൊടുത്തു. ആ കാലങ്ങളിൽ കഥകൾ പാട്ടു പുസ്തക രൂപത്തിലാക്കി ചന്ത കൂടുന്ന സമയം ചപ്ലാച്ചി കട്ടകളുടെ സഹായത്തോടെ ഗാനമാലപിച്ചു പാട്ടു പുസ്തകം വിൽപ്പന നടത്തുന്ന ചില കവികളുണ്ടായിരുന്നു. അപ്രകാരമൊരു കവിയുടെ രചന ആയിരുന്നു ആ പാട്ടു പുസ്തകം. അതു ഞാനും തപ്പി തടഞ്ഞു വായിച്ചു. അതിലെ ചില വരികൾ ഇന്നും എന്റെ ഓർമ്മയിലുണ്ടു.
"നീലി പെണ്ണേ നീലി പെണ്ണേ നീ എങ്ങോട്ടാ?
അക്കര തോപ്പിൽ പുല്ലരിയാനാ കൊച്ചമ്പ്രാനേ"
പക്ഷേ ഞങ്ങളുടെ അയൽക്കാരി രുക്കിയാ താത്താ പാട്ടു പുസ്തകം സഹോദരിയുടെ പക്കൽ കണ്ടെത്തുകയും അതു അപ്പോൾ തന്നെ കത്തിച്ചു കളയുകയും ചെയ്തു.മേലിൽ ഇപ്രകാരമുള്ളതു വായിച്ചാൽ വീട്ടിൽ അറിയിക്കുമെന്നു ഭീഷണി പ്പെടുത്തുകയും ചെയ്തു.രുക്കിയാ താത്തായെ പ്രകോപിപ്പിച്ച വരികൾ ഇതായിരുന്നു.
" നീലിപ്പെണ്ണിനു നാലാം മാസം നാട്ടിൽ പാട്ടായി
കാലക്കേടിനു കൊച്ചമ്പ്രാനും കോളേജിൽ പോയി"
ഞാൻ പറഞ്ഞല്ലോ ആ വക കാര്യങ്ങൾ അന്നു കുട്ടികൾ അറിയുന്നതു നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്നു.
വർഷങ്ങൾ ഏറെ കഴിഞ്ഞു. ജീവിത ചക്രം കറങ്ങി തിരിഞ്ഞപ്പോൾ അന്നത്തെ എട്ടു വയസ്സുകാരനായ ഞാൻ ഭർത്താവായി , പിതാവായി...അന്നൊരു ദിവസം ടി.വി കണ്ടു കൊണ്ടിരുന്ന എന്റെ പന്ത്രണ്ടു വയസ്സുകാരൻ മകനോടു അപ്പോൾ വീട്ടിൽ കയറി വന്ന അയൽക്കാരി പെൺകുട്ടി ചോദിച്ചു:-
"അവളെ അവൻ കെട്ടിയോടാ...."
"ഇല്ലാ....അവൾ മറ്റവനുമായി അടുപ്പത്തിലാണെന്നു അവനു സംശയം.."മകൻ പറഞ്ഞു. എന്റെ ഉമ്മാ അപ്പോൾ ആ മുറിയിൽ ടി.വി.കണ്ടു കൊണ്ടിരിക്കുക ആയിരുന്നു .പഴയ എട്ടു വയസ്സുകാരനെ അപ്പോഴും മനസ്സിൽ താലോലിക്കുന്ന ഞാൻ മകനെ കണ്ണുരുട്ടി നോക്കി.എന്തോ അരുതായ്മ മണത്തറിഞ്ഞ അവൻ അകത്തേക്കു പോയി. ഞാൻ പുറകെ പോയി കുട്ടികൾ ഈ വക കാര്യങ്ങൾ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ സം സാരിക്കുന്നതു ശരിയല്ല എന്നു അവനെ ശാസിച്ചപ്പോൾ "അതിലെന്തു തെറ്റു" എന്ന ഭാവമായിരുന്നു അവന്റെ മുഖത്തു കാണാൻ കഴിഞ്ഞതു.
മിനി സ്ക്രീനിൽ ദിനം പ്രതി അവൻ അതാണല്ലോ കണ്ടു കൊണ്ടിരിക്കുന്നതു. ദിവസവും കാണുന്ന ഈ വക കാര്യങ്ങൾ എങ്ങിനെ അരുതാത്ത താകുമെന്നു അവനു പിടി കിട്ടിയില്ല.
സഹോദരി പ്രായമായതിനെ പറ്റി സംശയം ചോദിച്ചപ്പോൾ അടി കിട്ടിയതും നീലിപ്പെണ്ണിനെ ചുട്ടു കരിച്ചതും ഞാനെങ്ങിനെ അവനോടു പറയും.
ഉരൽ വിഴുങ്ങുമ്പോഴും രണ്ടു വിരൽ കൊണ്ടു മറച്ചു പിടിക്കാൻ തിടുക്കം കാട്ടുന്ന പ്രവണത പണ്ടു നമുക്കുണ്ടായിരുന്നു. അന്നും അതിനു വളരെ ഏറെ കാലങ്ങൾക്കു മുമ്പും അതായിരുന്നു രീതി. അന്നും അനുരാഗവും തട്ടിക്കൊണ്ടു പോക്കും ഉണ്ടായിരുന്നു. പക്ഷേ കുട്ടികളുടെ മുമ്പിൽ ആ വക കാര്യങ്ങൾ സം സാര വിഷയമായിരുന്നില്ല. മാത്രമല്ല വീടുകളിൽ ഈ വക കാര്യങ്ങൾ വിഷയമായാൽ അടുത്തു നിന്നിരുന്ന കുട്ടികളെ ഓടിക്കുമായിരുന്നു. അതിനാൽ ആ വക കാര്യങ്ങൾ അരുതാത്ത താണെന്ന വിശ്വാസം അന്നു കുട്ടികളിലുണ്ടായി. അതു കൊണ്ടു തന്നെ അവർ വളർന്നു വന്നപ്പോൾ ഈ വക കാര്യങ്ങളിൽ ചെന്നു പെട്ടാൽ അവർക്കു ഭയവും മടിയുംഅനുഭവപ്പെട്ടു. ഇതു ശരിയായ രീതിയെന്നു തലമുറകൾ വിശ്വസിച്ചു. ആ വിധത്തിലുള്ള സംസ്കാരത്തിനു ഉടമകളായിരുന്നു നമ്മൾ. വർഷങ്ങൾക്കു മുമ്പു വരെ ഈ രീതി തുടർന്നു വന്നു.
പിന്നീടു സിനിമ വന്നു.അമ്മയും അച്ചനും കൂട്ടത്തിൽ കുഞ്ഞുങ്ങളും വാരാന്ത്യത്തിൽ സിനിമക്കു പോയി. മരം ചുറ്റി ഓടുന്നതും പ്രേമ പ്രകടനങ്ങളും കിടപ്പറ രംഗങ്ങളും മാതാപിതാക്കളും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്നു കണ്ടു. അരുതായ്മ അൽപ്പാൽപ്പമായി കുറഞ്ഞു വന്നു. അതിനെ തുടർന്നു ടി.വി.യും വി.സി.ആറും വന്നു. വാരാന്ത്യകാഴ്ച്ച ദിനം പ്രതിയായി. അരുതാത്തതെന്ന് പണ്ടു കരുതിയിരുന്നതെല്ലാം കുഞ്ഞുങ്ങളും മുതിർന്നവരും ഒരുമിച്ചിരുന്നു കണ്ടു. ഇതിലൊന്നും തെറ്റില്ലെന്ന വിശ്വാസം കുഞ്ഞു മനസ്സുകളിൽ വളർന്നു വന്നു.
അനുരാഗ കഥകളും പ്രേമ ഗാനങ്ങളും അന്നും ഇന്നും മനുഷ്യനെ പൂർണ്ണമായി സ്വാധീനിച്ചില്ല. പക്ഷേ ദൃശ്യം ! അതു ശരിക്കും മനുഷ്യനെ സ്വാധീനിച്ചു. കേൾക്കുന്നതിനേക്കാൾ കാണുന്നതാണു മനസ്സിൽ കൂടുതലും പതിയുന്നതു.
കാണുന്നതെല്ലാം അനുകരിക്കാനുള്ള പ്രവണത കുരങ്ങിൽ നിന്നും മനുഷ്യനു ലഭിച്ച പ്രധാന ഗുണമാണു.അനുകരണ വാസന പ്രധാനമായും പെൺകുട്ടികളിലാണു കണ്ടു വരുന്നതു.ഇളം തലമുറകളിൽ ദൃശ്യ മാധ്യമങ്ങൾശരിക്കും സ്വാധീനം ചെയ്യുന്നു എന്നുള്ള സത്യം മനസ്സിലാക്കിയതു കൊണ്ടാണല്ലോ വൻ കമ്പനികൾ അവരുടെ ഉൽ പ്പന്നങ്ങൾ വിറ്റഴിക്കാൻ കോടി കണക്കിനു രൂപ പരസ്യങ്ങൾക്കായി ചിലവഴിക്കുന്നതു.ഹോളിവുഡിലെ സുപ്രസിദ്ധ നടി ആയിരുന്ന സോഫിയാ ലോറൻ വീട്ടിൽ നിൽക്കുമ്പോൾ ചെറിയ അടി വസ്ത്രം ധരിക്കുമെന്നു ടിവി അഭിമുഖത്തിൽ പറഞ്ഞതിനു ശേഷം പാശ്ചാത്യ കമ്പോളത്തിൽ അടിവസ്ത്രത്തിനു ചിലവു വർദ്ധിച്ചു എന്ന അമേരിക്കൻ പത്രത്തിന്റെ നിരീക്ഷണം പ്രസക്തമാണു.
നീല ജല തടാകം പോലെ ശാന്തവും പരിശുദ്ധവുമായ നമ്മുടെ സംസ്കാരത്തിൽ വിഷം കലർത്തി പരിപാവനമായ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കത്തക്കവിധം നമ്മുടെ കുട്ടികളെ അരുതാത്തതു ചെയ്യാൻ പ്രേരിപ്പിക്കുന്നതിനു ഈ വിഷപ്പെട്ടിയിലെ വിഷം ചിലപ്പോൾ ഉപയോഗിക്കപ്പെടുന്നു.ദൃശ്യ മാധ്യമങ്ങൾ വ്യാപകമായതിനു ശേഷമാണു പീഡനങ്ങളും തട്ടിക്കൊണ്ടു പോക്കും ഒളിച്ചോട്ടവും വർദ്ധിച്ചിട്ടുള്ളതു. പാശ്ചാത്യ നാടുകളിൽ കണ്ടു വരുന്ന രീതി അവരുടെ സംസ്കാരമാണു. നമ്മുടെമുത്തച്ചന്മാർ പാശ്ചാത്യ രീതിയിൽ ബെർമൂഡാ ഇട്ടു നടക്കുന്നതു കാണാൻ ചേലില്ലല്ലോ!
പോസ്റ്റ്‌ അവസാനിക്കുന്നതിനു മുമ്പു നടേ ഞാൻ പറഞ്ഞ രണ്ടു സംഭവങ്ങളിൽ രണ്ടാമത്തേതു കൂടി രേഖപ്പെടുത്തേണ്ടതുണ്ടു.
കുറച്ചു ദിവസങ്ങൾക്കു മുമ്പു ഞാൻ സാക്ഷ്യം വഹിച്ചതാണു ഈ രംഗം.
സ്ഥലത്തെ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളിന്റെ ഓഫീസ്സിൽ ഒരു പ്രഭാഷണവുമായി ബന്ധപ്പെട്ടു കുറെ നേരം ഇരുന്നപ്പോൾ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങൾ അറിയാൻ കഴിഞ്ഞു. ഓഫീസ്സിൽ പതിനൊന്നാം ക്ലാസ്സിലെ കുറച്ചു കുട്ടികളും അവരുടെ രക്ഷകർത്താക്കളും നിൽപ്പുണ്ടു.സംഭവം ഇതാണു .ആരിൽ നിന്നോ കിട്ടിയ ഇൻഫർമേഷൻ അടിസ്ഥാനമാക്കി അദ്ധ്യാപകർ ഒരു ദിവസം പറ്റമായി ചെന്നു പതിനൊന്നാം ക്ലാസ്സിലെ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചതിൽ പല ബാഗുകളിലും ലൈംഗിക കേളികൾ റികാർഡ്‌ ചെയ്യപ്പെട്ട സി.ഡി.കൾ കാണപ്പെട്ടു.രക്ഷ കർത്താക്കളെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞതിൻ പ്രകാരം മിക്കവരുടെയും രക്ഷ കർത്താക്കൾ ഹാജരായിട്ടുണ്ടു.
" ഈ സി.ഡി. യിൽ എന്താണെന്നു അറിയാൻ ഞാൻ ഒന്നു ഓടിച്ചു നോക്കി സാറേ..... ""പ്രിന്‍സിപ്പാള്‍ എന്നോട് പറഞ്ഞു .
"ഹെന്റെ സാറേ.....എന്തൊരു വൃത്തികേടു......" സ്ത്രീയായ പ്രിൻസിപ്പാൾ അതു പറയുമ്പോൾ അവരുടെ മുഖത്തു അറപ്പു, ലജ്ജ , കോപം, ദയനീയത വെറുപ്പു എന്നിവ മാറി മാറി പ്രതിഫലിച്ചു. ശുദ്ധഗതിക്കാരിയായ ആ സ്ത്രീ എഴുന്നേറ്റു ജനലിനു സമീപം ചെന്നു പുറത്തേക്കു കാറി തുപ്പി. " ഈ കുഞ്ഞുങ്ങൾ ഇതാണോ കാണുന്നതു....." അവർ പരിതപിച്ചു. രക്ഷകർത്താക്കൾ തലകുനിച്ചു നിൽക്കുകയാണു. ഈ സന്തതികൾക്കു ജന്മം നൽകി പോയല്ലോ എന്നായിരുന്നോ അവർ ചിന്തിച്ചിരുന്നതു!പക്ഷേ പലകുട്ടികളുടെയും മുഖത്തു കൂസലില്ലായ്മ തെളിഞ്ഞു നിന്നു.
നമ്മുടെ ചെറു തലമുറയുടെ പോക്കു കണ്ടു ഞാൻ അന്തം വിട്ടിരുന്നു. അവരിൽ യാതൊരു കുറ്റബോധവും കാണാൻ എനിക്കു സാധിച്ചില്ല. ഈ പോക്കു കുട്ടികളെ എവിടെ കൊണ്ടെത്തിക്കുമെന്നു ഞാൻ വ്യകുലപ്പെട്ടപ്പോൾ "ഛേ......ഛേ...." എന്നു പ്രിൻസിപ്പാൾ ഉരുവിട്ടു കൊണ്ടിരിക്കുകയായിരുന്നു.
ആ സി.ഡി യിൽ കണ്ട കാഴ്ച ഇപ്പോഴും അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടായിരിക്കാം.
ദൃശ്യ മാധ്യമങ്ങൾ ഇന്നു ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുവായി മാറ്റപ്പെട്ടു എന്ന സത്യം അംഗീകരിക്കുന്നു. പ്രയോജന പ്രദമായ പലതും അവയിൽ നിന്നും ലഭിക്കുന്നു എന്നതും ശരിയാണു.പക്ഷേ നമ്മുടെ സംസ്കാരത്തെ കീഴ്മേൽ മറിക്കാൻ കാരണമായതും ഈ വിഷപ്പെട്ടിയുടെ ആവിർഭാവമാണു എന്ന സത്യവും നാം സമ്മതിച്ചേ മതിയാകൂ.


Friday, December 11, 2009

പുലര്‍കാല വെട്ടത്തില്‍


പുലര്‍ കാല വെട്ടത്തില്‍ വൃശ്ചിക കുളിരില്‍ ഒരു ഗ്രാമ ദൃശ്യം.

കാട്ടുപൂക്കള്‍







ഓര്‍ക്കിഡും ആന്തൂറിയവും മൊസാന്തയും ശ്രദ്ധാപൂര്‍വ്വം പരിപാലിക്കപെടുമ്പോള്‍ ആരും പരിപാലിക്കാതെ വളമിട്ടു ശുശ്രൂഷിക്കാതെ ഈ നാടന്‍ പൂക്കള്‍ ഇപ്പോഴും ഗ്രാമ പാതകള്‍ക്ക് ഇരു വശത്തും കയ്യാലയിലും വേലിയിലുമായി കാണപ്പെടുന്നു. പതിവു പോലെ വൃശ്ചികത്തില്‍ ഭൂമി ദേവിയെ സുന്ദരി ആക്കുന്നതിനും വസന്തത്തിനു സ്വാഗതമേകാനും ആരും ആവശ്യപെടാതെ തന്നെ അവര്‍ പൂത്തുലഞ്ഞു നില്ക്കുന്നു. നഗരത്തിന്റെ കയ്യേറ്റത്തില്‍ ഗ്രാമങ്ങളിലെ ഈ കാഴ്ച എത്ര നാള്‍ നിലനില്‍ക്കും.

Sunday, December 6, 2009

പഴുത്തില

കുളത്തിനക്കരെ അമ്പലമുറ്റത്തു തല ഉയർത്തി നിൽക്കുന്ന സ്വർണ്ണക്കൊടിമരത്തിൽ പോക്കു വെയിൽ പൊന്നുരുക്ക്യൂ വീഴ്ത്തുന്നതു വൃദ്ധൻ പാതി അടഞ്ഞ കണ്ണുകളോടെ നോക്കി ഇരുന്നു.
വെയിലിന്റെ അവസാന നാളവും കത്തി അമർന്നു സന്ധ്യയും തുടർന്നു രാത്രിയും ഉടൻ എത്തിച്ചേരും.
വൃദ്ധൻ രാത്രികളെ വെറുക്കുകയും ഭയക്കുകയും ചെയ്തു.
നേരം പുലരാൻ കൊതിച്ചു തിരിഞ്ഞും മറിഞ്ഞും കഴിച്ചു കൂട്ടുന്ന ഉറക്കം വരാത്ത രാത്രികൾ!
രാവിന്റെ അന്ത്യ യാമങ്ങളിൽ, അർദ്ധമയക്കത്തിൽ, വിജനമായ പാതയും പാതയിൽ വടികുത്തി നടന്നു പോകുന്ന പഥികനെയും വൃദ്ധൻ സ്വപ്നം കണ്ടിരുന്നു. പാതയിലെ അരണ്ട വെളിച്ചത്തിൽ പഥികൻ താൻ തന്നെയെന്നു തിരിച്ചറിയുന്നതോടെ ഞെട്ടി ഉണരും. വീണ്ടും മയക്കം. അവ്യക്തമായ സ്വപ്നങ്ങൾ....വൃദ്ധൻ പകൽ വെളിച്ചത്തിനായി ദാഹിച്ചു.
അരയാലിൽ നിന്നും വീണിരുന്ന പഴുത്തിലകളാൽ മൂടപ്പെട്ട കുളപ്പടവിൽ പകൽ വെളിച്ചത്തിൽ വെറുതെ ഇരിക്കുന്നതിൽ അയാൾ സുഖം കണ്ടെത്തി. മറ്റൊരു ജോലിയും ചെയ്യാനില്ലാത്ത തനിക്കു വെറുതെ ഇരിക്കാനേ കഴിയുള്ളൂ എന്നും അതു കൊണ്ടു വെറുതെ ഇരിക്കലാണു തന്റെ ജോലി എന്നുമുള്ള ബോധം വൃദ്ധനിൽ എന്നേ വേരൂന്നിക്കഴിഞ്ഞി​‍ൂന്നു.
ഗണപതി ക്ഷേത്രത്തിലെ നേർച്ച വെടി ശബ്ദം ചിന്തയെ കീറി എറിഞ്ഞപ്പോൾ അയാൾ നാലു പാടും കണ്ണോടിച്ചു.
ചേക്കേറാൻ ഇനിയും സമയം ബാക്കി.
താൻ എന്തിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതു? തന്നെ പറ്റിയോ? സ്വപ്നങ്ങളെപ്പറ്റിയോ? അതോ യാന്ത്രികമായി പെരുമാറുന്ന മകനെയും പേരക്കിടാങ്ങളെയും കുറിച്ചോ?
എന്നോ നഷ്ടപ്പെട്ട ഏകാഗ്രതയോടൊപ്പം ഓർമ്മശക്തിയും ഇല്ലാതായി എന്ന ബോധം ഉള്ളതിനാൽ കഴിഞ്ഞ നിമിഷങ്ങളിലെ ചിന്തകളെന്തെന്നു ചിന്തിക്കാൻ ശ്രമിക്കാതെ താഴെ കുളത്തിന്റെ പടവിലിരിക്കുന്ന പെൺകുട്ടിയെയും അവളുടെ കൂട്ടുകാരനെയും അയാൾ ശ്രദ്ധിച്ചു. ഇനിയും പരിപൂർണ്ണമായി നഷ്ടപ്പെടാത്ത കാഴ്ചശക്തിയെപ്പറ്റി വൃദ്ധനു അഭിമാനം തോന്നി. കുളത്തിന്റെ പടിയോടു ചേർന്നു കുത്തി മറിയുന്ന മൽസ്യം തള്ള വരാലാണെന്നും അതിനു തൊട്ടു പുറകിൽ കാണുന്ന ചുവന്ന പൊട്ടുകൾ വരാൽ കുഞ്ഞുങ്ങളാണെന്നും അയാൾ തിരിച്ചറിഞ്ഞു. താഴെ കുളക്കടവിൽ ഇരിക്കുന്ന പെൺകുട്ടി തെക്കേതിലെ ജാനകിയുടെ കൊച്ചുമകളാണെന്നും വൃദ്ധൻ കണ്ടെത്തി.പെൺകുട്ടിയോടു ചേർന്നിരുന്നു ചെവിയിൽ അടക്കം പറയുന്ന പയ്യൻ ആരാണെന്നു അറിയാൻ അകാംക്ഷ തോന്നിയതിനാൽ അവർ ഇരിക്കുന്ന ഭാഗത്തേക്കു അയാൾ സൂക്ഷിച്ചു നോക്കി. പെൺകുട്ടി മുകളിലേക്കു തിരിഞ്ഞു തന്റെ നേരെ കൈ ചൂണ്ടുന്നതും പിന്നീടു രണ്ടു പേരും എഴുന്നേൽക്കുകയും പടികളിൽ ചവിട്ടി മുകളിൽ വന്നു തന്നെ കടന്നു പോവുകയും ചെയ്തപ്പോൾ പയ്യന്റെ കണ്ണിൽ കോപമാണു കത്തി നിന്നിരുന്നതെന്നും വൃദ്ധൻ കണ്ടറിഞ്ഞു.
അയാൾക്കു ചിരി വന്നു. അമ്പലക്കുളത്തിലേക്കു കുതിച്ചുചാടാനും കൈ കാലിട്ടടിച്ചു ആർത്തു ഉല്ലസിക്കാനും പെൺകുകുട്ടിയോടൊപ്പം ഉണ്ടായിരുന്ന പയ്യനെപ്പോലെ നെഞ്ചു വിരിച്ചു നടക്കാനും അയാൾ കൊതിച്ചു. വിഫലമാണു തന്റെ ആഗ്രഹം എന്ന തിരിച്ചറിവും തുടർന്നുണ്ടായ നിരാശയും മനസ്സിൽ കത്തി പടർന്നപ്പോൾ അയാൾ ക്ഷേത്രത്തിന്റെ മേൽകൂരയിലേക്കു കണ്ണുകൾ പായിച്ചു മനപ്രയാസം മാറ്റുന്നതിനായി മറ്റൊരു ചിന്തയുടെ തുരുത്തിൽ തുഴഞ്ഞെത്താൻ ശ്രമം തുടങ്ങി.
മഹാഗണപതി തന്റെ സമീപം പ്രത്യക്ഷപ്പെട്ടു ചോദിക്കുന്നു.
" അനവധി കാലങ്ങളായി ഗോവിന്ദാ! നീ ഈ ആൽത്തറയിൽ വരുന്നതും കുളപ്പടവിൽ ഇരിക്കുന്നതും ഞാൻ ക്ഷേത്രത്തിൽ നിന്നും കാണുന്നു. നിനക്കെന്തു വരമാണു മകനേ വേണ്ടതു...?"
"പ്രഭോ! യയാതിയുടെ സന്തതിയെപ്പോലെ എന്റെ വാർദ്ധക്യം ഏറ്റെടുക്കാൻ ആരുമില്ല. അതിനാൽ എന്റെ യൗവ്വനം തിരിച്ചു തന്നാലും......"
ഭഗവാൻ തുമ്പി കൈ ഉയർത്തി അനുഗ്രഹിക്കുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. ഇതാ ഞാൻ ചെറുപ്പമായിരിക്കുന്നു. ഇനി രാത്രികൾ തന്നെ ഭയപ്പെടുത്തില്ല. തന്റെ മകനും പേരക്കിടാങ്ങളും അവരുടെ തീൻ മേശയിൽ തന്നെ കൂടെ ഇരുത്തുകയും തന്നോടു തമാശകൾ പറയുകയും ചെയ്യും. താൻ വീട്ടിൽ ഒഴിവാക്കപ്പെടേണ്ട വസ്തു വല്ലെന്നും ഒഴിച്ചു കൂടാനാവാത്ത അംഗമാണെന്നും എല്ലാവരും കരുതും. വീട്ടുകാര്യങ്ങൾ തന്നോടു ചർച്ച ചെയ്യും.വരാന്തയിൽ ചാരുകസേരയിൽ വിശ്രമിക്കുന്ന തന്നോടു പുറത്തേക്കു പോകുന്ന മകനും ഭാര്യയും പേരക്കുട്ടികളും ഇനി യാത്രാനുവാദം ചോദിക്കും. കല്ലു മൂക്കുത്തി അണിഞ്ഞ ഭാര്യയുടെ കവിളിൽ നുള്ളിക്കൊണ്ടു "എങ്ങിനെയുണ്ടു ഞാനിപ്പോൾ" എന്നു ചോദിക്കുമ്പോൾ അവളുടെ മുഖത്തെ നാണം...... ഭഗവാനേ! അവൾ മരിച്ചു പോയല്ലോ.എന്റെ കല്യാണി.....പിന്നെങ്ങിനെ......."
വൃദ്ധൻ ഞെട്ടി ഉണർന്നു. ഭഗവാനില്ല......യുവാവായ താനില്ല.....ദുഃഖത്തിന്റെ മൂളൽ പോലെ സന്ധ്യാ നേരം ഗണപതി ക്ഷേത്രത്തിൽ നിന്നും ശംഖ്‌ നാദം മുഴങ്ങി.
അയാളുടെ മനസ്സിൽ ഭാര്യ നിറഞ്ഞു നിന്നു. വാർദ്ധക്യത്തിലേക്കു കാലൂന്നിയതിനു ശേഷം താനുമായി അവൾ എപ്പോഴും ശണ്ഠ കൂടുമായിരുന്നെങ്കിലും ഉള്ളിൽ താൻ അവൾക്കു ജീവനായിരുന്നു. അവളോടു തനിക്കു സ്നേഹം കൂടുമ്പോഴെല്ലാം താൻ കലഹത്തിനു മുതിർന്നു.കലഹ ശേഷമുള്ള ഗാഢമായ സ്നേഹ പ്രകടനത്തിനായി കലഹം വേണമല്ലോ.!
വാർദ്ധക്യം ഭാര്യാ ഭർത്താക്കന്മാരെ രാത്രിയിൽ രണ്ടിടങ്ങളിലായി ശയിപ്പിക്കുന്നു. എങ്കിലും ഉറങ്ങാൻ കിടക്കുന്ന തനിക്കു മാറികിടക്കുന്ന അവളുടെ ശരീരഭാഗത്തെവിടെയെങ്കിലും കയ്യെത്തി സ്പർശിക്കാതെ ഉറങ്ങാൻ സാധിക്കില്ലായിരുന്നു. തന്റെ കൈ കുസ്രുതി കാട്ടുമ്പോൾ വാർദ്ധക്യത്തെ തോൽപ്പികുന്ന നാണത്തോടെ അവൾ ചിരിക്കുകയും "മുതു കൂത്തെന്നു" പറയുകയും ചെയ്യും.
ഭാര്യ മരിച്ചു പോയി എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അയാൾക്കു കാലങ്ങൾ വേണ്ടി വന്നു. തന്നെ തനിച്ചാക്കി ഭാര്യ എന്നെന്നേക്കുമായി പോയി എന്ന സത്യം മനസ്സിൽ അരിച്ചു കയറുമ്പോൾ അയാൾ ഇരുട്ടിൽ ഞെട്ടി വിറച്ചു. തന്നെ തനിച്ചാക്കി പോയ ഭാര്യയോടു പരിഭവം കലർന്ന നീരസം തോന്നുകയും ചെയ്തു.
താൻ വയസ്സായ പക്ഷി ആണെന്നും നിശ്ചിത സമയങ്ങളിൽ ആഹാരവും വെള്ളവും കൂട്ടിനരികിൽ എത്തിച്ചു തരുന്നതോടെ കടമകൾ അവസാനിക്കുന്നതായി കുടുംബാംഗങ്ങൾ കരുതുന്നതായും വൃദ്ധനു തോന്നി. മകനും ഭാര്യയും" അസുഖമൊന്നും ഇല്ലല്ലോ അച്ഛാ" എന്നു മാത്രം ചോദിച്ചാൽ പോരെന്നും വീട്ടിലെ എല്ലാ കാര്യങ്ങളെയും പറ്റി തന്നോടു ഉപദേശങ്ങൾ ആരായണമെന്നും അയാൾ ആഗ്രഹിച്ചു. പേരക്കുട്ടികൾ കോളേജിലെ വിശേഷങ്ങൾ വളഞ്ഞിരുന്നു സം സാരികുമ്പോൾ അടുത്തു ചെല്ലുന്ന തന്നെ കണ്ടു സംഭാഷണം നിർത്തരുതെന്നും അവർ പറഞ്ഞു രസിച്ചിരുന്ന കാര്യങ്ങൾ തന്നോടും പറയണമെന്നും അയാൾ കൊതിച്ചു.
ഇതൊന്നും സംഭവിക്കാതിരിക്കുകയും മാറിവന്ന രാവും പക ലും ഏകാന്ത തയിലൂടെ തള്ളി നീക്കുകയും ചെയ്തപ്പോൾ ജീവിതത്തിന്റെ അർത്ഥമെന്തെന്നു വൃദ്ധൻ അതിശയിച്ചു. ഒരിക്കൽ ജനിക്കുന്നു വളരുന്നു....വിവാഹം കഴിക്കുന്നു....സന്താനോൽപ്പാദനം നടത്തുന്നു....വയസ്സനാകുന്നു....മരിക്കുന്നു...നൂറു കൊല്ലം കഴിഞ്ഞു ഇങ്ങിനെയൊരു വ്യക്തിയെ ആരും അറിയില്ല....ഇതെല്ലം ആർക്കു വേണ്ടി....?
അമ്പലത്തിലെ നേർച്ച വെടി ശബ്ദത്താൽ ചിന്തകൾ ചിതറിയപ്പോൾ അയാൾ മാനത്തേക്കു നോക്കി. ദൂരെ ആകാശത്തു സന്ധ്യയുടെ ചെന്തുടിപ്പു. കുളത്തിനു മുകളിലൂടെ ചേക്കേറാൻ പോകുന്ന കാക്കകളുടെ കരച്ചിൽ.
വൃദ്ധൻ വീട്ടിലേക്കു പോകാൻ എഴുന്നേറ്റു; മറ്റൊരു രാത്രിയിലെ ഏകാന്ത തയുടെ പീഢനത്തിനായി.
നിലത്തു വീണു കിടക്കുന്ന പഴുത്തിലകളിൽ ചവിട്ടി തന്റെ കൂടിലേക്കുള്ള വഴിയിലൂടെ ഏകനായി നടക്കവേ അയാൾ മനസ്സിൽ പറഞ്ഞു.
"ഞാനുമൊരു പഴുത്തിലയാണു"

Thursday, December 3, 2009

വേണ്ടാത്തിടത്തു തലയിടരുത്

നാം കേട്ടിട്ടുള്ളതും നമുക്കു അറിയാവുന്നതുമായ ഫലിതങ്ങൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുക.സംഘർഷം നിറഞ്ഞ ഏതെങ്കിലും മനസിനു അതൊരു കുളിരായി ഭവിച്ചാലോ!.ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ഫലിതം നിങ്ങളിൽ പലർക്കും സുപരിചിതമാകാം.അതു അപരിചിതമായവർക്കു വേണ്ടിയാണു ഈ പോസ്റ്റ്‌.
വേണ്ടാത്തിടത്തു തലയിടരുതു.
ഡെപ്യൂട്ടി സെക്രട്ടറിയായി സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന എന്റെ സ്നേഹിതൻ സുരേഷ്‌ ഒരു സാഹിത്യ യോഗത്തിൽ കേൾവിക്കാരനായിരുന്നു.പ്രാസംഗികൻ സാഹിത്യ വാരഫലം ഫെയിം(പരേതനായ)ശ്രീ കൃഷ്ണൻ നായർ സാറും .
കൃഷ്ണൻ നായർ സാർ പ്രസംഗത്തിനിടയിൽ ഏതോ വിഷയത്തിനു ഉദാഹരണമായി പറഞ്ഞ ഈ കഥ സുരേഷ്‌ എനിക്കു പകർന്നു തന്നു. കഥ ഇതാണു:-
സാറു പറഞ്ഞു" എന്റെ ഒരു സ്നേഹിതനെ ഒരുദിവസം കണ്ടു മുട്ടിയപ്പോൾ അയാളുടെ രണ്ടു കവിളത്തും അടി കൊണ്ടതു പോലെ വിരൽ പാടുകൾ പതിഞ്ഞിരിക്കുന്നതു കണ്ട്‌ ഞാൻ വിവരം തിരക്കി. അയാൾ പറഞ്ഞു സ്നേഹിതാ, ഞാനൊരു യോഗത്തിനു പോയി.എന്റെ മുൻഭാഗം സീറ്റിൽ അതി സുന്ദരിയായ ഒരു സ്ത്രീ ഇരുന്നിരുന്നു. സുന്ദരി എന്നു വെച്ചാൽ അവയവങ്ങൾ കൃത്യമായ അളവിൽ ബ്രഹ്മാവു കൂട്ടിച്ചേർത്ത ശരീര ഘടന ഉള്ളവൾ.അൽപ്പ നേരം കഴിഞ്ഞു അവൾ എഴുന്നേറ്റു പുറത്തേക്കു പോകാനൊരുങ്ങി.ഞാൻ നോക്കിയപ്പോൾ അവളുടെ സമൃദ്ധമായ നിതംബത്തിന്റെ വിടവിലേക്കു ധരിച്ചിരുന്ന സാരി കയറി ഇരിക്കുന്നതു കണ്ടു. അതൊരു വൃത്തികെട്ട കാഴ്ചയായി എനിക്കു അനുഭവപ്പെട്ടു.ഇത്രയും സുന്ദരിയായ അവൾ പുറത്തേക്കു ഈ അവസ്ഥയിൽ പോകുന്നതിൽ എനിക്കു വിഷമം തോന്നി.സുന്ദരി ഇതു അറിയുന്നുമില്ലല്ലോ എന്ന ദുഃഖവും എനിക്കുണ്ടായി.അവളോടു ഇതു പറയുന്നതിൽ എനിക്കു മടിയും തോന്നി.അതിനാൽ ഞാൻ സാരിയിൽ പിടിച്ചു അതു നേരെയാക്കി.അപ്പോൾ അവൾ എനിക്കു തന്ന അടിയാണു വലതു കരണത്തു.
"ഇടതു കരണത്തു കാണുന്നതോ?" ഞാൻ വീണ്ടു തിരക്കി.
" അടി കൊണ്ടപ്പോൽ എനിക്കു തെറ്റു മനസ്സിലായി." അയാൾ പറഞ്ഞു. ഒരുപക്ഷേ ഇപ്പോഴത്തെ ഫാഷൻ ആയിരിക്കും സാരി അങ്ങിനെ കയറ്റി വെച്ചതു. ഞാനെന്ന പഴഞ്ചൻ കാര്യം മനസ്സിലാക്കാതെ സാരി അവിടെ നിന്നും വലിച്ചു മാറ്റി. ശരി.പ്രായശ്ചിത്തം ചെയ്തേക്കാം.ഞാൻ ആ സാരി സ്ത്രീയുടെ നിതംബത്തിൽ പഴയതു പോലെ വെച്ചു കൊടുത്തു.അപ്പോൾ കിട്ടിയതാണു ഇടതു കവിളിലെ അടയാളം.
സുരേഷ്‌ അവസാനിപ്പിച്ചു"സാർ പറഞ്ഞു മേലിൽ വേണ്ടാത്തിടത്തു തലയിടരുതു."

Saturday, November 28, 2009

കുട്ടനാടന്‍ അസ്തമനം





സായാഹ്നം സന്ധ്യയുമായി ഇണ ചേരാന്‍ പോകുന്ന നേരത്ത് ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലൂടെകടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു....കുട്ടനാടും. നോക്കെത്താത്ത ദൂരം വരെ നെല്‍പ്പാടങ്ങളുടെനാടായിരുന്നു കുട്ടനാട്. കേരളത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും താഴ്ന്നു സ്ഥിതി ചെയ്യുന്ന ഏക പ്രദേശം . പുഞ്ചകൃഷിയും കൊയ്ത്തും മെതിയും ഓര്‍മ്മയായി അവശേഷിപ്പിച്ചു പാടങ്ങള്‍എല്ലാം നികത്തപ്പെട്ടുകൂറ്റന്‍ കെട്ടിടങ്ങളായി മാറി. ജലാശയങ്ങള്‍ എല്ലാം പ്ലാസ്ടിക് കവറുകളുടെ ശേഖരമായും രൂപാന്തരംപ്രാപിച്ചു. അവശേഷിക്കുന്നവയുടെ ചിത്രങ്ങളില്‍ ചിലതാണിത്.
കുട്ടനാടും അസ്തമിക്കാന്‍ തുടങ്ങുന്നു.

Tuesday, November 24, 2009

പട്ടാണി ഇക്കായുടെ സുന്നത്ത്.

വളരെ വർഷങ്ങൾക്കു മുമ്പു നടന്നു സംഭവം. സ്ഥലം ആലപ്പുഴയിലെ വട്ടപ്പള്ളി പ്രദേശം. വട്ടപ്പള്ളിയുടെ പ്രത്യേകത എന്റെ "ദോശ" കഥയിൽ ഞാൻ പറഞ്ഞിരുന്നു.
വട്ടപ്പള്ളി നിവാസികൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും യാഥാസ്തിക മുസ്ലിംകളാണു. പ്രത്യേക സംസ്കാരവും രീതികളും നഗരത്തിലെ ഇതര ഭാഗങ്ങളിൽ നിന്നും അവരെ വ്യത്യ്സ്ഥരാക്കി.
കഥ നടക്കുമ്പോൾ എനിക്കു 11 വയസ്സ്‌ പ്രായം. സ്കൂൾ സമയം കഴിഞ്ഞാൽ പിന്നീടു ഞങ്ങളുടെ പരിപാടി പന്തു കളിയാണു. ഫുട്ബാളല്ല; ഒറ്റയും പെട്ടയും എന്നാണു ആ കളിയുടെ പേരു. ക്രിക്കറ്റ്‌ പന്തിന്റെ വലിപ്പമുള്ള റബ്ബർ പന്താണു കളിക്കായി ഉപയോഗിച്ചിരുന്നതു.
ആ കാലഘട്ടത്തിൽ വട്ടപ്പള്ളിയിൽ പൂഴിമണൽ നിറഞ്ഞ വെളിപ്രദേശങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.. അവിടെയാണു ഞങ്ങൾ പന്തു കളിച്ചിരുന്നതു.ഇന്നു ആ മൈതാനങ്ങളെല്ലാം നിറയെ വീടുകളായിരിക്കുന്നു. പറമ്പുകൾ മുള വാരിയും പത്തലും ഉപയോഗിച്ചുള്ള വേലികൾ കൊണ്ടു തിരിച്ചിരുന്നു. ഈ വേലികളിൽ മുകൾ ഭാഗം ഓല കൊണ്ടു മറക്കും, അടി ഭാഗം മറക്കാറില്ല.
അന്നു വാശിയേറിയ കളി നടന്നു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുൽഖാദർ അടിച്ച പന്തു ഞങ്ങളുടെ തലക്കു മീതെ ചീറിപ്പാഞ്ഞു ദൂരയുള്ള പറമ്പിലെ വേലി മൂലയിലേക്കു ഉരുണ്ടു. ഞാനും കൂട്ടുകാരൻ ഷുക്കൂറും പന്തിന്റെ പുറകേ പാഞ്ഞു വേലി മൂലയിലെത്തി. ഷുക്കൂറാണു മുമ്പിൽ. ഈ വേലിയുടെ അടിഭാഗവും ഓലകൊണ്ടു മറച്ചിട്ടില്ല. വേലിക്കപ്പുറം മൂലയിൽ ആരോ ഇരുന്നു മൂത്രം ഒഴിക്കുന്നു. മൂത്രം ഒഴിപ്പു പൂർണ്ണമാകാതിരുന്നതിനാലായിരിക്കാം ഷുക്കൂർ പന്തിനു നേരെ ഓടി വന്നപ്പോൾ പെട്ടെന്നു അയാൾക്കു എഴുന്നേറ്റു മാറാൻ കഴിയാതെ വന്നതു. മൂത്രം ഒഴിപ്പു ഒരുവിധം പൂർണ്ണമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു. പക്ഷേ അതിനു മുമ്പു തന്നെ ഷുക്കൂർ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു കഴിഞ്ഞിരുന്നു.
അവൻ അലറി നിലവിളിച്ചു.
" ഹെന്റള്ളോ‍ാ പട്ടാണി ഇക്കായെ മാർക്കം ചെയ്തിട്ടില്ലേ....യ്‌"
എവിടെ നിന്നോ വട്ടപ്പള്ളിയിൽ വന്നു താമസിക്കുന്ന പഠാണി സമുദായത്തിൽ പെട്ട സുലൈമാൻ ഖാൻ ആയിരുന്നു അതു.
ഞങ്ങൾ കുട്ടികൾ പ്രായത്തിനു മൂത്ത പുരുഷന്മാരെ പേരിനോടൊപ്പം "ഇക്കാ" ചേർത്തു വിളിക്കും.പോലീസുകാരനെ പോലീസിക്കാ, കപ്പലണ്ടിക്കാരനെ കപ്പലണ്ടി ഇക്കാ എന്നിങ്ങനെ. സുലൈമാൻ ഖാനെ പട്ടാണി ഇക്കാ എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു.
പട്ടാണി ഇക്കാ ഞങ്ങളെ നോക്കി അമർത്തിയ സ്വരത്തിൽ പറഞ്ഞു.
"മിണ്ടല്ലേടാ പന്നീ മിണ്ടാതിരുന്നാൽ, പത്തിരീം ഇറച്ചീ ബാങ്ങിത്തരാം."

ഷുക്കൂർ അതു ചെവിക്കൊണ്ടില്ല. അവൻ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു. ഇത്രേം പ്രായമായിട്ടും അറ്റം കളയാതെ നടക്കുന്നോ ഹമുക്ക്‌. അവൻ പിന്നെയും കൂവിയാർത്തു.
"പട്ടാണി ഇക്കായെ കണ്ടിച്ചിട്ടില്ലേ"
ഷുക്കൂറിന്റെ കൂവലും നിലവിളിയും കേട്ടു കളിച്ചു കൊണ്ടിരുന്നവരും കാഴ്ച്ചക്കാരും രംഗത്തെത്തി. അപ്പോഴേക്കും പട്ടാണി ഇക്കാ സ്ഥലം വിട്ടിരുന്നു.
" എന്താടാ കാര്യം"? അവ്വക്കരിക്കാ ചോദിച്ചു. ടിയാൻ പള്ളി മഹൽ ഭാരവാഹിയാണു.
"പട്ടാണി ഇക്കായുടെ പുഞ്ഞാണി ഞാൻ കണ്ടു. അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ പറഞ്ഞു. അവന്റെ മുഖത്തെ അതിശയം ഇനിയും മാഞ്ഞിരുന്നില്ല.
" സത്യം പറയെടാ ബലാലേ, നീ കണ്ടോ അതു" അവ്വക്കരിക്കാ വിരട്ടി.
"അള്ളാണെ, മുത്തുനബിയാണെ, പള്ളി പുരയിലെ ഉസ്താദിന്റെ മുട്ടുകാലാണെ സത്യം , പട്ടാണി ഇക്കാ മുള്ളുന്നതു ഞാൻ നോക്കി, ഇക്കാടെ സംഗതി ഞാൻ കണ്ടു.അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ ആണയിട്ടു പറഞ്ഞു.
നിമിഷത്തിനുള്ളിൽ വട്ടപ്പള്ളിയിൽ വാർത്ത പരന്നു.പട്ടാണിക്കു സുന്നത്തു നടത്തിയിട്ടില്ല.
പട്ടാണി ഇക്കാക്കു നാൽപ്പതു വയസ്സു പ്രായം കാണും.
" അതാണു ഹമുക്കു പെണ്ണു കെട്ടാത്തതു" ഹമീദു മൂപ്പൻ പറഞ്ഞു.കൂടി നിന്നവർക്കും ഗുട്ടൻസ്സ്‌ പിടികിട്ടി.
സുലൈമാൻ ഖാൻ വിവാഹം കഴിക്കാത്തതു ചേലാ കർമ്മം നടാത്തതിനാലായിരുന്നു. കല്യാണം കഴിച്ചിരുന്നെങ്കിൽ ആദ്യ രാത്രിയിൽ തന്നെ പെണ്ണു വിളിച്ചു കൂവില്ലേ, പുതിയാപ്ലയുടെ സംഗതി നടന്നിട്ടില്ലെന്നു.
വാർത്ത മഹല്ലിലെത്തി. മഹല്ലു ഭാരവാഹികൾ സുലൈമാന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കി.
" ഭായി ചെറുപ്പത്തിലേ നാടു വിട്ടിരുന്നു;ഒരുപാടു നാളു കഴിഞ്ഞാണു തിരികെ വന്നതു. "സഹോദരി പറഞ്ഞു.
അപ്പോൾ അതാണു കാര്യം. സുന്നത്തു നടത്തേണ്ട പ്രായത്തിൽ സുലൈമാൻ നാടു വിട്ടിരുന്നു. പിന്നീടു തിരികെ വന്നപ്പോൾ പ്രായം ഏറെ കഴിയുകയും ചെയ്തിരുന്നു.
എന്തായാലും മഹല്ലു ഭാരവാഹികൾ സുലൈമാനെ കസ്റ്റഡിയിലെടുത്തു.
അന്നു ആശുപത്രിയിൽ ചേലാ കർമ്മം നടത്തികൊടുക്കാറില്ല.ഒസ്സാൻ മെയ്തീൻ കുഞ്ഞിനെ സുലൈമാന്റെ സുന്നത്തു നടത്താൻ മഹല്ലു ഭാരവാഹികൾ ചുമതലപ്പെടുത്തി.
" എന്തിന്റെ പുറത്തു വെച്ചു പടച്ചോനേ! ഈ മൂത്ത തൊലി വെട്ടും;പുളി മുട്ടു തന്നെ വേണ്ടി വരും." മൈതീൻ കുഞ്ഞു പിറുപിറുത്തു..
പിന്നെന്തു നടന്നെന്നോ, സുന്നത്തു എങ്ങിനെ നടത്തിയെന്നോ എനിക്കറിയില്ലാ.പട്ടാണി ഇക്കായെ രണ്ടാഴ്ച്ച ഞങ്ങൾ കണ്ടില്ല. അതു കഴിഞ്ഞു കാലുകൾ അൽപ്പം അകത്തിവെച്ചു റോഡിലൂടെ ടിയാൻ നടക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു കാര്യം പിടികിട്ടി.
സംഗതി നടന്നു കഴിഞ്ഞിരിക്കുന്നു.
മറ്റൊന്നു കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു. ഈ സംഭവത്തിനു ശേഷം ആറു മാസം കഴിഞ്ഞു പട്ടാണി ഇക്കായുടെ നിക്കാഹു നടന്നു. ഞങ്ങൾ കുട്ടികൾക്കു ആദ്യ സഫിൽ തന്നെ ബിരിയാണിയും കിട്ടി.


Monday, November 16, 2009

മെഡി.കോളേജു ഡയറി(അവസാനഭാഗം)


" ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" എന്ന എന്റെ പുസ്തകത്തിന്റെ അവസാനഭാഗം പോസ്റ്റ്‌ ചെയ്യുന്നു.കൂട്ടത്തിൽ സൈഫു ശേഷം നേരിട്ട അനുഭവങ്ങളും
16-12-1997
പകൽ 5.30
ഡിസ്‌ ചാർജു ഇന്നും നടക്കില്ല. സൈഫുവിന്റെ മുഖം വാടി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. റൂം കടന്നു 10 അടി മുന്നോട്ടു പോയി ഡോക്റ്റർ ആലപ്പാടൻ തിരിഞ്ഞു നിന്നു എന്നെ തലയട്ടി വിളിച്ചപ്പോൾ ഞാൻ പാഞ്ഞു ചെന്നു.
"
സൈഫുവിനെ ഇന്നു ഡിസ്‌ ചാർജു ചെയ്യുന്നു നിങ്ങൾ ഓഫീസ്സിലേക്കു വരുക."
ഇത്രയും സന്തോഷപ്രദമായ വാക്കുകൾ ജീവിതത്തിൽ ഇതിനു മുമ്പു ഞാൻ കേട്ടിട്ടില്ല. എന്റെ കണ്ണുകൾ നിറഞ്ഞു. കരുണാമയനായ ദൈവമേ! നിനക്കു സ്തുതി.
സമയത്തു ഹൃദയത്തിൽ അലതല്ലിയ വികാരം എനിക്കു കുറിപ്പിലൂടെ പ്രകടമാക്കാൻ സാധിക്കുന്നില്ല. ലോകാലോകങ്ങളുടെ സൃഷ്ടാവേ! ഞങ്ങളെ അവിടന്നു രക്ഷിച്ചു. ഞങ്ങൾ വീട്ടിൽ സുഖമായി പോകാൻ തക്കവിധം അവിടന്നു ഞങ്ങളിൽ കാരുണ്യം ചൊരിഞ്ഞു. കോടികോടീ നന്ദി.
ന്യൂറോളജി ഡിപ്പർറ്റ്മന്റിൽ നിന്നും സലി പേപ്പർ ശരിയാക്കി തന്നു. വൈകുന്നേരം ഡോക്റ്റർ ആലപ്പാടനെ അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കണ്ടു. സൈഫുവിന്റെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതു തിരികെ ലഭിക്കുന്നതു വരെ രോഗമുള്ളവരിൽ നിന്നും അകലെ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുറിവു ഉണങ്ങുമ്പോൾ ശരീരത്തിൽ വടുക്കൾ ഉണ്ടാകുന്നതു പോലെ മസ്തിഷ്കാവരണത്തില്‍ പഴുപ്പു വന്നു ഉണങ്ങിയ ഭാഗത്തു ഒരു ക്രമമല്ലാത്ത വര ഉണ്ടാകാമെന്നും അതു ജന്നി ഉണ്ടാക്കാൻ ഇടയാക്കുമെന്നും സൂക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
500
രൂപയുമായാണു ഞാൻ ആശുപത്രിയിലേക്കു തിരിച്ചതു, 51572 രൂപാ എല്ലാ ഇനത്തിലും കൂടി ഇതുവരെ ചെലവായി. ദൈവത്തിന്റെ കാരുണ്യം എങ്ങിനെയെല്ലാമോ ഞങ്ങളിലേക്കു ഒഴുകി വന്നു.നന്ദി ദൈവമേ നന്ദി!
രാത്രി7.30
ഡിസമ്പറിലെ കുളിരു നിറഞ്ഞ അന്തരീക്ഷത്തിൽ കാറില്‍ ഇരുന്നു ഞാൻ മെഡിക്കൽ കോളേജിലെ ഡയറിക്കുറിപ്പുകൾ അവസാനിപ്പിക്കുകയാണു. എല്ലവരോടും യാത്ര പറഞ്ഞു. ഡോക്റ്റർ അന്നാമ്മ ചാക്കോയെ ഒന്നാം വാർഡിൽ അവരുടെ മുറിയിൽ പോയി കണ്ടു. അവർ സൈഫുവിന്റെ തലയിൽ തലോടി യാത്രാ മംഗളം നേർന്നു. ഡോക്റ്റർ റഫീക്ക്‌ അൻസാറിനേയും കണ്ടു നന്ദി പറഞ്ഞു. സലിയും ഭർത്താവും അൽപ്പം മുമ്പു വന്നിരുന്നു. കഴിഞ്ഞ 51 ദിവസങ്ങളിലെ മെഡിക്കൽ കോളേജു ജീവിതത്തിൽ എന്തും മാത്രം സഹായമാണു അവരിൽ നിന്നും എനിക്കു ലഭിച്ചതു.
"
നന്ദി പറഞ്ഞാൽ അതു നന്ദികേടാകും" ഞാൻ സലിയുടെ ഭർത്താവിനോടു പറഞ്ഞു.
ഇവിടെ കിടക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യം ലഭിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു.ഞങ്ങളുടെ വേദന പോലെ ആയിരിക്കുമല്ലോ അവരുടേതും.
അൽപ നിമിഷത്തിനുള്ളിൽ അന്ധകാരത്തെ കീറിമുറിച്ചു കാർ മുന്നോട്ടു പോകും. ഡ്രൈവർക്കു കാണാവുന്ന ഭാഗത്തോളം കാറിന്റെ ഹെഡ്ലൈറ്റിൽ നിന്നും വെളിച്ചം കിട്ടും. അതിനപ്പുറം ഇരുട്ടിൽ എന്തെന്നു അറിയില്ല. മാരകമായ രോഗത്തിൽ നിന്നും രക്ഷപെട്ട എന്റെ മകന്റെ ഭാവി എന്തെന്നു എനിക്കറിയില്ല. ഡോക്ടര്‍ ജേക്കബ്‌ ആലപ്പാടൻ പറഞ്ഞതു ഓർമ്മയുണ്ടു"സൂക്ഷിക്കണം"
ഏറ്റവും വലിയ ഭിഷഗ്വരന്റെ സംരക്ഷണം എന്റെ മകനു ലഭ്യമാണെന്ന വിശ്വാസം എനിക്കുണ്ടല്ലോ.
ഇവിടെ കുറിപ്പു ഞാൻ നിർത്തുന്നു.
'
ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പുസ്തകമായി പ്രസിദ്ധീകരിച്ചതു ഇവിടെ അവസാനിക്കുനു. മെഡിക്കൽ കോളേജില്‍ ഞങ്ങള്‍ ഉണ്ടായിരുന്ന ദിവസങ്ങളിൽ എഴുതിയ ഡയറി പ്രസിദ്ധീകരണത്തിനായി 2000 ജനുവരി മുതൽ മിനുക്കു പണികൾ തുടങ്ങി. എഡിറ്റിംഗ്‌ നല്ല രീതിയിൽ നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കുവാനായി മലയാളത്തിലെ എല്ലാ ആനുകാലികങ്ങളുടെ ആഫീസുകളിലും ഞാൻ കയറി ഇറങ്ങി. കഥകളും അവസാനം 2007 ആരംഭത്തിൽ തിരുവനന്തപുരം എം.പി.അപ്പൻ റോഡിലുള്ള പരിധി പബ്ലിക്കേഷൻ വഴി പുസ്തകം പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളും 26-9-2009 ലെ എന്റെ പോസ്റ്റിൽ ഉണ്ടു. ഡയറി അവസാനിപ്പിച്ചു കഴിഞ്ഞതിനു ശേഷം സൈഫുവിനു അനുഭവപ്പെട്ടതെന്തെന്നു രേഖപ്പെടുത്തിയില്ലെങ്കിൽ പോസ്റ്റു അപൂര്‍ണമാകുമെന്ന ചിന്തയാൽ ശേഷം എന്ന തലക്കെട്ടിൽ ഞാൻ അതു പോസ്റ്റു ചെയ്യുന്നു.
ശേഷം
സൈഫു പിന്നീട് പലതവണ മെഡിക്കൽ കോളേജിൽ ചെക്കപ്പിനായി ഹജരായി. ടേഗ്രറ്റോൾ100 എന്ന ഗുളിക തുടരെ കഴിക്കുക എന്ന് അവിടന്നു കിട്ടിയ നിർദ്ദേശം ആദ്യ കാലങ്ങളിലനുസരിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയപ്പോൽ എല്ലാം ഒരു വഴിപാടു പോലെയും ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങൾ ഒരു ദുസ്വപ്നം മാത്രമായും രൂപാന്തരം പ്രാപിച്ചു. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടന്റെ "സൂക്ഷിക്കണം" എന്ന താക്കീതും കാലക്രമത്തിൽ വിസ്മരിച്ചു. ട്ടെഗ്രടോള്‍ കഴിക്കുന്നതും ക്രമം തെറ്റാൻ തുടങ്ങി . ദിവസങ്ങളിൽ അയൽപക്കത്തു വീട്ടിൽ ജലദോഷം വന്നാൽ പോലും സൈഫുവിനു അതു പകരുന്ന വിധം അവന്റെ ശരീര പ്രതിരോധ ശക്തി നശിച്ചിരുന്നു. അവനു വർഷത്തെ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതാനും കഴിഞ്ഞില്ല.
10-5-1998
ഉച്ച നേരം പുറത്തു നിന്നും വന്ന ഞാൻ സൈഫു വീഡിയോ ഗെയിം കളിക്കുന്നതു കണ്ടു അകത്തേക്കു പോയി. പക്ഷികളെ വെടി വെക്കുന്ന ഒരു ഗെയിം. ഒരോ വെടിക്കും ഒരോ ഫ്ലാഷ്‌ ടി.വി. സ്ക്രീനിൽ തെളിയുന്നതു അവൻ കാണുകയായിരുന്നു. ഒപ്പം അവന്റെ മാതൃ സഹോദരി പുത്രനും ഉണ്ടായിരുന്നു. പെട്ടെന്ന് കൂട്ടനിലവിളി കേട്ടു ഓടി വന്നു നോക്കിയപ്പോള്‍ സൈഫ് നിലത്തു വീണു പിടക്കുന്നതാണ് കണ്ടത് . മുഖം ഒരു വശത്തേക്കു കോടി വായിൽ നിന്നും പതവരുന്നു. 2-3 മിനിട്ടു നേരം ഇതു തുടർന്നു.വീഡിയോ പ്ലെയറിൽ നിന്നും വൈദ്യുതി ഷോക്കു ഏറ്റതായിരിക്കാം എന്നു ആദ്യം എനിക്കു തോന്നി.പക്ഷേ പിന്നീടാണു അവനു ഫിറ്റ്സ്‌(ജന്നി) വന്നതു എന്നു മനസ്സിലായതു. മസ്തിഷ്കാവരണത്തിൽ പഴുപ്പു വന്നു ഉണങ്ങിയ ഭാഗത്ത് ഒരു വടു ഉണ്ടാകാമെന്നും അത് ജന്നി ഉണ്ടാകാന്‍ കാരണമായേക്കാം എന്ന് ഡോക്ടര്‍ ആലപ്പാടന്‍ പറഞ്ഞതു ഓര്‍മ്മ വന്നു.
സൈഫു ക്ഷീണിതനായി കാണപ്പെട്ടു. വീട്ടിലെ എല്ലാ സന്തോഷവും ഇല്ലാതായി.അടുത്ത ദിവസംതന്നെ സൈഫുവിനെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. ഡോക്റ്റർ ആലപ്പാടൻ സ്ഥലംമാറിപ്പോയതിനാൽ ഡോക്റ്റർ ടോണിയാണു സൈഫുവിനെ പരിശോധിച്ചതു. ടേഗ്രറ്റോൾ 100 എന്നത് 200ആക്കി ഉയർത്തുകയല്ലാതെ മറ്റൊന്നും അവർക്കു ചെയ്യാനില്ലായിരുന്നു. നവംബർ മാസത്തിനു മുമ്പു2തവണ കൂടി സൈഫുവിനു ഫിറ്റ്സ്‌ വന്നു. തുടർന്നു നവംബറിൽ തന്നെ 2 ദിവസം അടുത്തടുത്തദിവസങ്ങളിൽ രോഗം വന്നതിനാൽ ഡോക്റ്റർ മാർത്താണ്ഡൻ പിള്ളയെ അദ്ദേഹത്തിന്റെ വീ‍ീട്ടിൽപോയി ബന്ധപ്പെട്ടു. അദ്ദേഹവും ടേഗ്രറ്റോൾ 200 തുടരാനാണു നിർദ്ദേശിച്ചതു.
പിന്നീടു അഞ്ചൽ സ്വദേശിയും ഹോമിയോ ഗവേഷകനുമായ ഡോക്റ്റർ പ്രസാദ്‌ ഉമ്മൻ ജോർജിന്റെചികിൽസയിലായി അവൻ. ടേഗ്രറ്റോൾ തുടർന്നാലും ഇല്ലെങ്കിലും ഹോമിയോ മരുന്നിനു അതുബാധകമല്ലെന്നു ഡോക്റ്റർ പ്രസാദ്‌ പറഞ്ഞതിനാൽ ടേഗ്രറ്റോളും തുടർന്നു. എല്ലാ മാസവുംപ്രസാദിനെയും ആറു മാസം കൂടുമ്പോൾ മാർത്താണ്ഡൻ പിള്ളയെയും കാണുക എന്നതു ഞങ്ങളുടെജീവിത ചര്യ ആയി.
വർഷങ്ങൾ കടന്നു പോയി. കാലഘട്ടത്തിൽ കർശനമായ നിയന്ത്രണത്തിലായിരുന്നു സൈഫുജീവിതം കഴിച്ചു കൂട്ടിയതു. ടി.വി. കാണുകയോ തനിച്ചു ദൂരയാത്ര ക്കു പോകുകയോ ചെയ്യില്ലായിരുന്നു. അവൻ മെഡിക്കൽ കോളേജിൽ നിന്നും വന്നു കഴിഞ്ഞു അടുത്ത വർഷം എസ്‌.എസ്‌.എൽ.സി. ക്ലാസ്സിൽ ചേർന്നിരുന്നു. പൊതു പരീക്ഷക്കു ഉറക്കമൊഴിച്ചിരുന്നു പഠിക്കാൻ ഞങ്ങൾ അവനെഅനുവദിച്ചിരുന്നില്ല."എല്ലാ മാതാ പിതാക്കളും നല്ല വണ്ണം പഠിക്കൂ മോനേ എന്നു പറയുമ്പോൾ ഇവിടെപഠിക്കല്ലേ മോനേ എന്നാണു പറയുന്നതു." സൈഫു ഞങ്ങളെ കളിയാക്കി. പരിഹാസത്തിൽവേദനയുടെ നേരിയ നിഴൽ ഉണ്ടായിരുന്നു. പക്ഷേ ബുദ്ധിമുട്ടി പഠിക്കാതിരുന്നിട്ടും അവൻഎസ്‌.എസ്‌.എൽ.സി. പരീക്ഷ ഉയർന്ന മാർക്കോടെ പാസ്സായി. ഇഷ്ടപ്പെട്ട ക്രിക്കറ്റു കളി ടി.വി.യിൽവരുമ്പോഴും അവന്റെ കൂട്ടുകാർ അവനെ തഴഞ്ഞു ടി.വി.യുടെ മുമ്പിൽ ചടഞ്ഞിരിക്കുമ്പോഴും കളിടി.വി.യിൽ കാണാൻ കഴിയാതെ മൂകനായി ഏതെങ്കിലും മൂലയിൽ ഒറ്റക്കിരിക്കുന്ന സൈഫു ഞങ്ങൾകുഒരു നൊമ്പരമായി.നാല്വര്ഷം കഴിഞ്ഞു ടെഗ്രടോള്നിര്‍ത്താന്‍ മാര്‍ത്താണ്ഡന്പിള്ള നിര്‍ദ്ദേശിച്ചു. പ്രസാദിന്റെ ഹോമിയോ ചികിത്സ പിന്നെയും ഒരുവര്‍ഷം കഴിഞ്ഞാണ് അവസാനിപ്പിച്ചത്. ഇതിനിടയില്‍ പനിയോ മറ്റു അസുഖങ്ങളോ വന്നാല്‍ ഹോമിയോ മരുന്നിനെ ആണ് അഭയം പ്രാപിച്ചത് .
വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ്‌ ഓടി പോയത്. സൈഫ് ആരോഗ്യവാനായ ഒരു യുവാവായി .

.
അവന്‍ ബി.എസ.സി. ഡിഗ്രീ ക്ലാസ്സോടു കൂടി പാസ്സായി. അതിനുശേഷം തിരുവനന്തപുരം ലാ അക്കാദമിയിൽ എൽ.എൽ.ബി. കോഴ്സ്സിനു ചേർന്നു. കാലങ്ങളിൽആദ്യമായി അവൻ ഞങ്ങളെ പിരിഞ്ഞു താമസിച്ചു. ആഴ്ച്ചയിൽ ഒരു ദിവസം തിരുവനന്തപുരംവിശേഷങ്ങളുമായിവീട്ടിൽ വരുന്ന അവനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു. ഹോസ്റ്റൽ ഫീകൂടാതെ ആഴ്ച്ചയിൽ 50 രൂപാ മാത്രം ചിലവഴിച്ചാണു അവൻ തിരുവനന്തപുരം സിറ്റിയിൽകഴിഞ്ഞിരുന്നതെന്നും ഇവിടെ കൂട്ടി ചേർക്കേണ്ടിയിരിക്കുന്നു
നിയമ ബിരുദം കരസ്ഥമാക്കിയ സൈഫു 11-11-2007 അഭിഭാഷകനായി എൻ റോൾ ചെയ്തുകൊട്ടാരക്കരയിൽ അഡ്വക്കേറ്റ്‌ ചിതറ രാധാകൃഷ്ണൻ നായരുടെ ജൂനിയറായി പ്രാക്റ്റീസ്സു തുടങ്ങി. ഞാൻഅവനോടു പറഞ്ഞു" നിനക്കു വിവാഹ പ്രായമായി. പെൺകുട്ടി നിന്റെ ഇഷ്ടം നോക്കിതിരഞ്ഞെടുക്കാൻ നിനക്കു അവകാശമുണ്ടു.പക്ഷേ നിന്റെ സഹോദരന്മാരെപ്പോലെ സ്ത്രീ ധനവുംസ്വർണ്ണവും പാടില്ല."
"ഞാൻ നോക്കി ഇരിക്കുകയായിരുന്നു. ഇതു കേൾക്കാൻ," ഉടൻ വന്നു അവന്റെ മറുപടി. ലാ കോളേജിൽഅവന്റെ സഹപാഠിയായിരുന്ന സാധാരണ കുടുംബത്തിൽ പെട്ട മഞ്ചേരി സ്വദേശിനി പെൺകുട്ടിയെവിവാഹം കഴിക്കാനൂള്ള ആഗ്രഹം അവൻ വെളിപ്പെടുത്തിയപ്പോൾ " മോനേ നിന്നെ പഠിക്കാനയച്ചോഅതോ പെണ്ണിനെ നോക്കാൻ അയച്ചോ" എന്നു അവന്റെ അമ്മ അവനെ ഒന്നു കുത്തിയെങ്കിലുംഅവനു അതു ഏശിയതായി തോന്നിയില്ല. ലാ കോളേജിൽ പടിക്കുമ്പോൾ അവന്റെ കഥ "ഒരുമെഡിക്കൽ കോളേജു ഡയറിക്കുറിപ്പു " എന്ന പേരിൽ പ്രസിദ്ധീകരിച്ചു.പുസ്തകം വായിച്ച അവന്റെസഹപാഠികളായ പെൺ കുട്ടികളുടെ മുമ്പിൽ അവൻ ഹീറോ ആയി വിലസുകയായിരുന്നു.





2008 മെയ്‌ മാസത്തിൽ സൈഫു വിവാഹിതനായി. കഴിഞ്ഞ കാലങ്ങളിലെ മനപീഢയെല്ലം കഴിഞ്ഞുഎന്നു ഞാൻ കരുതി. പക്ഷേ..... വിവാഹം കഴിഞ്ഞു അടുത്ത മാസം ഞാനും സൈഫുവും ഭാര്യയുംആലപ്പുഴ പോകാൻ കൊട്ടാരക്കരയിൽ നിന്നും ബസ്സിൽ കയറി. അൽപ്പ നേരം കഴിഞ്ഞു ആരോഅമറുന്ന പോലെ ശബ്ദം കേട്ടതിനാൽ ഞാൻ തിരുഞ്ഞു നോക്കിയപ്പോൾ സൈഫു നിലത്തേക്കുവീഴുന്നതാണു കണ്ടതു. പത്തു കൊല്ലത്തിനു ശേഷം അവനു വീണ്ടും ഫിറ്റ്സ്‌ വന്നിരിക്കുന്നു. സൈഫുവിന്റെ ഭാര്യ ഷൈനി ഏങ്ങി കരഞ്ഞു. വെള്ളിടി വെട്ടിയതു പോലെയായി ഞാൻ. ബസ്സിൽനിന്നും യാത്രക്കാരുടെ സഹായത്തോടെ അവനെ താഴെ ഇറക്കി കിടത്തി. ഒരു മിനിട്ടു നേരം എന്തുപറയണമെന്നറിയാതെ ഞാൻ മിഴിച്ചു നിന്നു. യാത്ര റദ്ദാക്കി അവനും ഭാര്യയുമായി ഞാൻ തിരികെവീട്ടിലെത്തിയെങ്കിലും ഞാൻ ആകെ തകർന്നിരുന്നു.
അടുത്ത ആഴ്ച്ച തിരുവനന്തപുരം എസ്‌..ടി. യിലെ പ്രസിദ്ധ ന്യൂറോളജിസ്റ്റ്‌ ആയ ഡോക്റ്റർ മുഹമ്മദ്‌കുഞ്ഞിനെ സൈഫുവുമായി പോയി കണ്ടു ചികിൽസ തുടങ്ങി. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണംടേഗ്രറ്റോൾ400 ആണു ഇപ്പോൾ അവൻ കഴിക്കുന്നതു. ഡോക്റ്റർ പ്രസാദിന്റെ ഹോമിയോ ചികിൽസയുംതുടരുന്നു. 11 മാസത്തിനു ശേഷം 2009 മെയ്‌ മാസത്തിൽ ബാർ അസ്സോസിയേഷൻ ഹാളിൽഇരിക്കുമ്പോൾ ഒരിക്കൽ കൂടി അവനു ഫിറ്റ്സ്‌ വന്നു. ന്യൂറോളജിസ്റ്റ്‌ വിദഗ്ദരുടെ കാഴപ്പാടിൽ ഫിറ്റ്സ്‌ ഒരുരോഗമല്ല, സൈഫുവിനു ജന്മനാലുള്ള രോഗവുമല്ല. അവന്റെ മസ്തിഷ്കാവരണത്തിൽ മുറിവു വന്നുഉണങ്ങിയ ഒരു പാടു അവശേഷിക്കുന്നതാണു കാരണം. ഗുളികകൾ കൊണ്ടു അതു മാറ്റാവുന്നതേ ഉള്ളൂ. പക്ഷേ അവൻ ഒരു അഭിഭാഷകനാണു. കക്ഷികളുടെ മുമ്പിൽ ആദരവും ബഹുമാനവും ആവശ്യമുള്ളവ്യക്തി. ബുദ്ധിയും മിടുക്കും വാശിയും വേണ്ടതാണു അവന്റെ തൊഴിൽ രംഗം. അതെല്ലാം ആവശ്യത്തിനുഅവനുണ്ടെങ്കിലും രോഗം കക്ഷികളുടെ മുമ്പിൽ അവന്റെ വില ഇടിക്കില്ലേ എന്നാണു എന്റെ ശങ്ക. നിയമ ബിരുദം യോഗ്യത ആയുള്ള മറ്റു ജോലിക്കായിശ്രമിക്കാൻ ഞാൻ അവനോടു പറഞ്ഞു."ശ്രമിക്കാം" എന്ന മറുപടിയും കിട്ടി.
12 വർഷങ്ങൾക്കു മുമ്പു എന്റെ മകനു കല്ലട ഇറിഗേഷൻ കനാലിൽ ഒന്നു മുങ്ങികുളിക്കാൻ തോന്നി. അതുകാരണം അവനു പനി വന്നു,പനി മെനൈഞ്ചിറ്റിസ്‌ ആയി ബ്രൈൻ ആബ്സസ്സ്‌ ആയി. ചികിൽസയുംചികിൽസയുടെ ഡയറിയുമയി. അതു പുസ്തകമായി , പിന്നീടു ബ്ലോഗിലുമായി. ഒന്നു കുളിക്കാൻതോന്നിയതിന്റെ തുടർച്ചകൾ നിരീക്ഷിക്കുക. തീർച്ച ആയും ആരോ ഒരാൾ എല്ലാറ്റിനും ചരടുവലിക്കുന്നുണ്ടു.നമ്മൾ ചരടിലെ പാവകൾ മാത്രം!
സൈഫു ഇപ്പോൾ ആരോഗ്യവാനാണു. അവന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുക, അവനെസന്തോഷവാനാക്കുക; ഇതാണു ഇപ്പോൾ ഞങ്ങൾ ചെയ്യുന്നതു.
എന്തിനാണു ഇതു പോസ്റ്റ്‌ ചെയ്യുന്നതു എന്നു ഞാൻ ചിന്തിച്ചു. മനസ്സിലുള്ളതു മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ അവരിൽ നിന്നു സമാശ്വാസത്തിന്റെ വാക്കുകൾ ലഭിക്കും അതു നമ്മിൽ സമാധാനംകൊണ്ടു വരും. സമാധാനം പ്രതീക്ഷിച്ചാണു പോസ്റ്റ്‌.
ഇവിടെ കുറിപ്പുകൾ ഞാൻ നിർത്തുന്നു, നിങ്ങളുടെ പ്രാർത്ഥനകൾക്കു വേണ്ടിയുള്ളഅപേക്ഷയുമായി. സൈഫുവിന്റെ ഫോട്ടോയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.അവന്റെ ഫോൺ നമ്പറും. വീടു:0474 2456116, മൊബെയിൽ:9747980012.കോടതി സമയം ഒഴികെ (രാവിലെ 10 മണിക്കു മുമ്പുംവൈകുന്നേരം 5 മണിക്കു ശേഷവും) അവനെ ഫോണിൽ ലഭിക്കും. കഴിഞ്ഞ പോസ്റ്റുകളിൽ ഏറെപ്രാർത്ഥനകൾ എന്റെ മകനു ലഭിച്ചിരുന്നു. എല്ലാവർക്കും അനേകമനേക നന്ദി.