Thursday, December 31, 2009
ഈ ന്യൂ ഇയര്‍ ആരുടെതാണ്?
വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു ഞാൻ.ഗതാഗത കുരുക്കിൽ പലപ്പോഴും ബസ്സിനു വേഗത്തിൽ പോകാൻ കഴിഞ്ഞിരുന്നില്ല.
ദേശീയ പാതക്കരുകിൽ പല കവലകളിലേയും സർക്കാർ വക കള്ളു ഷാപ്പിനു മുമ്പിൽ (ന്യായ വിലക്കു വിദേശ മദ്യം കിട്ടുന്ന ബിവറേജു കോർപ്പറേഷൻ സ്റ്റോർ)ആൾക്കാർ അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നതു കാണപ്പെട്ടു. നീണ്ട ക്യൂ!
പണ്ടു റേഷൻ കടകളുടെ മുമ്പിൽ അരി വാങ്ങാൻ ഉണ്ടായിരുന്ന ക്യൂവിനേക്കാളും വലുതു!!!
"വിൽപ്പന നടക്കുന്നില്ല;സ്റ്റോക്ക് തീർന്നതാണോ എന്തോ? ഇനി എങ്ങിനെ ന്യൂ ഇയർ ആഘോഷിക്കും"? ബസ്സിൽ തൊട്ടടുത്തിരുന്ന യാത്രക്കാരൻ പരിതാപപ്പെട്ടു.
എന്റെ ചെറു നഗരത്തിലെ സ്റ്റോപ്പിൽ ബസ്സിറങ്ങിയ ഞാൻ കുട്ടികളെ വാഹനവുമായി വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വീട്ടിലേക്കു നടക്കാൻ തീരുമാനിച്ചു.
ചെറുപ്പക്കാരുമായി നിരത്തിലൂടെ മോട്ടോർ സൈക്കിളുകൾ ചീറി പായുന്നു.അവർ എന്തോ എല്ലാം വിളിച്ചു കൂവുന്നുമുണ്ടു.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള പുതു വർഷമാണു നാളെ. 2010 ആണ്ടു നാളെ ആരംഭിക്കുന്നു. അതു ആഘോഷിക്കുകയാണു യുവത
മോട്ടോർ സൈക്കിളിനു പുറകിൽ ഒരു ചെറുപ്പക്കാരൻ വാഹനം ഓടിക്കുന്നവനു പുറം തിരിഞ്ഞിരുന്നു രണ്ടു കയ്യും ഉയർത്തി വിളിച്ചു കൂവുന്നു
"ഹാപ്പി ന്യൂ ഇയർ"
വണ്ടി സഡൻ ബ്രേക്കിട്ടാൽ അവൻ റോഡിൽ തലയടിച്ചു വീഴും തീർച്ച.
അടുത്ത കവലയിൽ ചെറിയ ആൾക്കൂട്ടം.പോലീസ്സുകാർ ലാത്തി വീശി അവിടെ കൂടി നിന്നവരെ ഓടിക്കുകയാണു.
"എല്ലവരും പോയീനെടാ വീട്ടിൽ.........." നിയമ പാലകർ അലറി.
ന്യൂ ഇയർ ആഘോഷങ്ങൾ അക്രമാസക്തമാകാതിരിക്കാൻ പോലീസ്സിനെ നിയോഗിച്ചു എന്നു മന്ത്രി പറയുന്നതു ഇന്നു ഉച്ചക്കു റേഡിയോവിൽ ഞാൻ കേട്ടിരുന്നു.
എന്റെ മുമ്പിൽ നടന്നിരുന്ന വൃദ്ധനു നേരെ ഒരു പോലീസ്സുകാരൻ അലറി പാഞ്ഞു വരുന്നു.ഞാനും വൃദ്ധനും അടുത്തു കണ്ട പീടിക വരാന്തയിലേക്കു ചാടിക്കയറി.പരിചയമുള്ള ആ പോലീസ്സു കാരൻ പീടികയിലെ വൈദ്യുതി വെട്ടത്തിൽ എന്നെ തിരിച്ചറിഞ്ഞതിനാൽ അവിടെ നിന്നും മാറി പോയി.
"ഇതെന്തൊരു കൂത്തു" വൃദ്ധൻ ആരോടെന്നില്ലാതെ ചോദിച്ചു.
"അമ്മാവാ, നാളെ ന്യൂ ഇയറാണു, അതിന്റെ ബഹളമാണു ഈ കാണുന്നതു" പീടികക്കാരൻ പറഞ്ഞു.
"ആരുടെ വക ന്യൂ ഇയറാ ഇതു ..........." വൃദ്ധന്റെ സ്വരത്തിൽ അമർഷവും അവജ്ഞയും നിറഞ്ഞിരുന്നോ?
ഈ ചെറു നഗരത്തിൽ പോലും ഇത്രയേറെ ബഹളവും ആഘോഷങ്ങളും മദ്യപിച്ചു കൂത്താടലും പോലീസ്സ് സാന്നിദ്ധ്യവും കണ്ടപ്പോൾ ആ കാഴ്ച്ച എന്നെ ഭയപ്പെടുത്തി.
ഇതു എവിടേക്കാണു നമ്മുടെ പോക്കു. ഇതല്ലായിരുന്നല്ലോ നമ്മുടെ സംസ്കാരം. ഈ തരത്തിൽ ആമോദിച്ചു തിമിർത്തു ഘോഷിക്കേണ്ട വിധത്തിൽ നാളത്തെ ദിവസത്തിനു അത്രക്കു പ്രാധാന്യമോ?!
വീടുകളിലും ക്ലബ്ബുകളിലും രാത്രി പന്ത്രണ്ടു മണിയാകാൻ ഉത്ക്കണ്ഠയോടെ കാത്തിരിക്കുന്ന ( ആ നിശ്ചിത സമയം എത്തുമ്പോൾ ഈ പ്രപഞ്ചത്തിൽ എന്തോ സംഭവിക്കുമെന്ന ഭാവമാണവർക്കു)ദന്തഗോപുരവാസ്സികൾക്കു തെരുവിൽ നടക്കുന്ന ഈ പേക്കൂത്തുകൾ കാണേണ്ട ആവശ്യമില്ല.
ഡിസമ്പറിലെ കുളിരിൽ, തെളിഞ്ഞ നിലാവത്തു നിരത്തിലൂടെ വീട്ടിലേക്കു നടകുമ്പോൾ വൃദ്ധന്റെ ആ ചോദ്യം വീണ്ടും എന്റെ തലയിൽ ഉയർന്നു വന്നു.
"ആരുടെ വക ന്യൂ ഇയറാണിതു/"
എന്നു മുതൽക്കണു ഈ ആഘോഷം മലയാളക്കരയിൽ ഇത്ര വിപുലമായി ആരംഭിച്ചതു? കുറെ വർഷങ്ങൾക്കു മുമ്പു വരെ ഇത്രയും കെങ്കേമമായി ന്യൂ ഇയർ നാം ആഘോഷിക്കറില്ല എന്നു എനിക്കു തീർച്ചയുണ്ടു. അന്നേ ദിവസം പരസ്പരം കാണുമ്പോൾ ആഫീസ്സുകളിൽ സുഹൃത്തുക്കൾ ആശം സകൾ കൈമാറും അത്രമാത്രം.
അന്നു മലയാളിയുടെ അണ്ടുപിറപ്പു ഒന്നാം തീയതി എന്നു പറഞ്ഞാൽ ചിങ്ങം ഒന്നാം തീയതിയാണു.അന്നു അതിരാവിലെ കുളിച്ചു ശുദ്ധിയായി അമ്പലത്തിൽ പോകും. അമ്പലങ്ങളിൽ ചിങ്ങം ഒന്നാം തീയതി പ്രത്യേക പൂജയും ഉണ്ടായിരിക്കും.മുതിർന്നവർ കുട്ടികൾക്കു ഒന്നാം തീയതി കൈനീട്ടം കൊടുക്കും.ചില ഗ്രഹപ്രവേശമോ കെട്ടിടങ്ങൾക്കു കല്ലിടലോ മറ്റോ ഒന്നാം തീയതിയിൽ നടത്തും.ഇതായിരുന്നു മുമ്പുണ്ടായിരുന്ന പുതു വർഷാരംഭം.
ഇന്നത്തെ ഈ തട്ടുപൊളിപ്പൻ തകർപ്പൻ പരിപാടികൾ കാണുമ്പോൾ കേരളത്തിന്റെ വക കൊല്ല വർഷ കലണ്ടറിലെ ചിങ്ങം ഒന്നാം തീയതിയിൽ ഹാപ്പി ന്യൂ ഇയറെന്നോ പുതു വൽസരാശം സകളെന്നോ നാം മലയാളികൾ പറയാത്തതെന്താണെന്ന ചിന്ത എന്റെ മനസ്സിൽ കടന്നു വരുന്നു .
സ്വന്തം അമ്മയേക്കാളും വലുതാണോ സായിപ്പിന്റെ അമ്മ.
വർഷങ്ങൾക്കു മുമ്പു പത്രത്തിൽ വായിക്കാറുണ്ടായിരുന്നു , അമേരിക്കയിൽ പുതുവർഷാഘോഷ തിമിർപ്പിൽ ധാരാളം പേർ അപകടത്തിൽ പെട്ടു മരിച്ചെന്നു!
അന്നൊക്കെ ചിന്തിക്കും "ഇതെന്തൊരു ആഘോഷമാണു സായിപ്പേ നിങ്ങളുടെ നാട്ടിൽ"
ദൃശ്യ മാധ്യമങ്ങളുടെ വരവിനു ശേഷം ഗ്രിഗോറിയൻ കലണ്ടറിലെ പുതുവർഷ ആഘോഷം മലയാളിയിലേക്കു പകർന്നു കിട്ടി.
പൊങ്ങച്ചക്കാരനാണു മലയാളി, അതോടൊപ്പം അനുകരണ ഭ്രാന്തുള്ളവനും.
അങ്ങിനെ സായിപ്പിന്റെ ന്യൂ ഇയർ ആഘോഷം നമ്മുടേതായി.സായിപ്പു എന്തു ചെയ്യുന്നുവോ അതു നാമും അനുകരിക്കും.(നിവർത്തിയില്ലാത്തതുകൊണ്ടാണു കക്കൂസ്സിൽ പോകുമ്പോൾ കടലാസ്സു എടുക്കാത്തതു)
സായിപ്പിന്റെ വാലന്റൈൻ ദിനം മുതലായവ ഇപ്പോൾ നമ്മുടെ സ്വന്തം വഹകളാണു.
കറുമ്പന്റെ അനുകരണ ഭ്രാന്തിനെപ്പറ്റി സായിപ്പിനു നന്നായി അറിയാം. അതു മുതലാക്കി തന്റെ കമ്പോളം ചിലവാകാൻ എല്ലാ മേഖലകളിലും സായിപ്പും നാടൻ സായിപ്പും മാനസിക അധിനിവേശം ദൃശ്യമാധ്യമങ്ങളിലൂടെ നടത്തുന്നു.
ആഗസ്റ്റ് പതിനഞ്ചാം തീയതി ശരീര സ്വാതന്ത്ര്യമേ ലഭിച്ചുള്ളൂ.മാനസിക സ്വാതന്ത്ര്യം നാം കൈവരിച്ചിട്ടില്ല.
ചിന്ത ഇവിടെ എത്തിയപ്പോൾ എന്നിലെ പ്രോസിക്യൂട്ടർ എന്നെ ക്രോസ് വിചാരണ നടത്തി.
" ഇതൊരു കുശുമ്പല്ലേ സാറേ, സായിപ്പിന്റെ കണ്ടു പിടുത്തങ്ങളെല്ലാം ഒരു ഉളുപ്പും കൂടാതെ കൈവശമാക്കാം അതിൽ അധിനിവേശം ഒന്നുമില്ലേ? ലോകമൊട്ടുക്കു ഈ ദിവസം ആഘോഷിക്കുമ്പോൾ നമ്മൾ ചിങ്ങം ഒന്നാം തീയതിയും പൊക്കി നടന്നൽ........നമ്മളല്ലേ വസു ദൈവക കുടുംബം എന്നൊക്കെ വിളിച്ചു കൂവുന്നതു ലോകം ഒന്നായി നിൽക്കേണ്ടേ.......?"
"ഈ വാദം ശരിയാണോ?" എന്നിലെ ന്യായിധിപൻ നിരീക്ഷിച്ചു.
"ലോകം മുഴുവൻ......" ഏതു ലോകം?
ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം, ചൈന ആണു.മംഗോളിയൻ കലണ്ടർ നമ്മൾ പിൻ തുടരാത്തതെന്തേ?(അവിടെ ഗ്രിഗോറിയൻ പുതുവർഷം ആഘോഷിക്കാരില്ലെന്നാണ് അറിവ്.
രണ്ടാം സ്ഥാനം നമ്മുടെ ഭാരതം.ശകവർഷ ആരംഭം നമുക്കു ആഘോഷമല്ലല്ലോ(ശകവർഷതീയതി ഉപയോഗിക്കുന്നതായി ഞാൻ കാണുന്നതു കോടതി ജഡ്ജുമന്റുകളിൽ മുകൾ ഭാഗത്തു മാത്രമാണു)
ശരി ഇനി മറ്റൊരു നിരീക്ഷണം... ഏഷ്യയിലേയും ആഫ്രിക്കയിലേയും മൊത്തം ജനസംഖ്യയുടെ അയലത്തൊന്നും ഇല്ലല്ലോ മൊത്തം സായിപ്പുമാരുടെ എണ്ണം.ലോക ജനസ്ംഖ്യയുടെ ഭൂരിപക്ഷമാണു കണക്കിലെടുക്കുന്നത് എങ്കിൽ അതിലും സായിപ്പിന്റെ ഗ്രിഗോറിയൻ പുറത്താണു.
അപ്പോൾ ഇതു സായിപ്പിന്റെ അധിനിവേശം തന്നെയാണു, നമ്മുടെ തലച്ചോറുകളിലേക്കു.
ഈ അടിമത്തം നമുക്കു വലിച്ചെറിയേണ്ടേ?
അതിനു പകരം നമ്മുടെ തനതായ സംസ്കാരത്തെ, നാം ജനിച്ചു വളർന്ന നമ്മുടെ നാടിന്റെ സംസ്കാരത്തെ പുന:പ്രതിഷ്ഠിക്കേണ്ടേ?
അതിനാൽ അടുത്ത ചിങ്ങം ഒന്നാം തീയതി നമുക്കു പരസ്പരം പുതു വർഷ ആശം സകൾ കൈമാറണം.
കാറ്റും കർക്കിടകവും മഴക്കാറും പോയി, നീലയും ചുവപ്പും മഞ്ഞയും കമ്പികൾ പോലെ തുമ്പികൾ പറക്കുന്ന, പൊൻ വെയിലുമേന്തി വരുന്ന നമ്മുടെ പൊന്നിൻ ചിങ്ങത്തിലെ ആണ്ടുപിറപ്പു ഒന്നാം തീയതി "പുതുവൽസരാശം സകൾ" എന്നു ഉച്ചത്തിൽ വിളിച്ചു പറയണം.
വീടെത്താറായി. ഞാൻ അകത്തേക്കു കടക്കാൻ ഒരുങ്ങിയപ്പോൾ അടുത്ത വീട്ടിൽ നിന്നും അയൽക്കാരൻ ഇതാ വിളിച്ചു കൂകുന്നു
"സാറേ, ഹാപ്പി ന്യൂ ഇയർ..."
"ധനു ആയതേ ഉള്ളൂ, ചിങ്ങം ആയില്ലാ" ഞാൻ പതുക്കെ പറഞ്ഞു.
Subscribe to:
Post Comments (Atom)
ഈ പോസ്റ്റ് ഇട്ടു കഴിഞ്ഞതിനു ശേഷം ഇ മെയിൽ പരിശോധിച്ചപ്പോൾ അടുത്ത ചങ്ങാതിമാരുടെ ന്യൂ ഇയർ ആശം സകൾ നിറയെ കണ്ടു. അവരുടെ നല്ല മനസ്സിനെ ഞാൻ ആദരിക്കുന്നു, ആ സ്നേഹത്തെ ഞാൻ ബഹുമതിക്കുന്നു,അവരോടെല്ലാം എന്റെ ഹൃദയംഗമായ സ്നേഹം അറിയിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഒരിക്കലും അവരുടെ നല്ല സ്നേഹത്തിന്മേൽ നിഴൽ പരത്താനല്ല എന്നു വിനയപൂർവ്വം അറിയിക്കുകയും ചെയ്യുന്നു.
ReplyDeleteചിങ്ങം ഒന്ന്, മുഹറം ഒന്ന്, ചൈത്രം ഒന്ന് എന്നീ ദിവസങ്ങളും ന്യൂ ഇയര്‍ ആഘോഷിക്കാന്‍ സര്‍കാര്‍ ഒര്ടിനെന്‍സ് ഇറക്കണം . beeverages corporation മുന്നിലെ തിരക്ക് കുറയ്ക്കാമല്ലോ
ReplyDeleteckh
വേറിട്ട ന്യൂ ഇയർ ചിന്തകൾക്ക് അഭിനന്ദനങ്ങൾ മാഷെ....
ReplyDeleteശരിയാ... ഇതിപ്പം ആരുടെ ന്യു ഇയറാ..!!!
ReplyDeleteസ്വര്‍ണ്ണക്കച്ചോടക്കാര്‍ക്ക് അക്ഷയ ത്യതീയ!
ReplyDeleteബീവറേജുകാര്‍ക്ക് ന്യൂ ഇയറും മറ്റ് പ്രധാന ആഘോഷങ്ങളും!
ഇവിടെ ആഘോഷങ്ങള്‍ പലരും വളരെ വിദഗ്ധമായി മാര്‍കറ്റ് ചെയ്യുകയാണ്. മലയാളിക്ക് എന്നും പുതുമകള്‍ വേണം അത് പാശ്ചാത്യനാണെങ്കില്‍ ബഹുകേമം !
വേറിട്ട ന്യൂ ഇയർ ചിന്തകൾക്ക് അഭിനന്ദനങ്ങൾ