Monday, December 14, 2009

വിഷപ്പെട്ടി

രണ്ടു കാലഘട്ടങ്ങളിൽ ഞാൻ അഭിമുഖീകരിച്ച രണ്ടു സംഭവങ്ങളിലൂടെ നമ്മുടെ സംസ്കാരത്തിനുണ്ടായ മാറ്റത്തെക്കുറിച്ചു പ്രതികരിക്കാൻ ആഗ്രഹിക്കുന്നു.
ആദ്യത്തെ സംഭവം വളരെ വർഷങ്ങൾക്കു മുമ്പു നടന്നതാണു.
അന്നു എനിക്കു എട്ടു വയസ്സു പ്രായം.
ഒരു ദിവസം വീട്ടിൽ പതിവില്ലാത്ത വിധം ആൾക്കൂട്ടം കണ്ടു....എല്ലാം സ്ത്രീകൾ.
മൂത്തുമ്മാ, കൊച്ചുമ്മാ,മാമി, ഉമ്മൂമ്മ,എല്ലാവരും ഉണ്ടു.പതിനൊന്നു വയസ്സുകാരി മൂത്ത സഹോദരി ഒരു മൂലയിൽ ഇരിക്കുന്നു.
എന്താണു ആൾക്കൂട്ടത്തിനു കാരണമെന്നു അറിയാൻ ആഗ്രഹം ഏറിയപ്പോൾ കായിമ്മായെ സമീപിച്ചു.
എന്റെ ഉമ്മൂമ്മയുടെ ഉമ്മയാണു എൺപതു വയസ്സുകാരി കായിമ്മ. ഞാൻ അവരുടെ ചെവിയിൽ എന്റെ ചോദ്യം പതുക്കെ കടത്തിവിട്ടു.
ചാര നിറത്തിൽ പാട മൂടിയ കണ്ണൂകൾ കൊണ്ടു എന്നെ ഉഴിഞ്ഞു തൊണ്ണു കാട്ടി കായിമ്മാ ചിരിച്ചു.എന്നിട്ടു ഉച്ചത്തിൽ പറഞ്ഞു.

"എടാ നിന്റെ പെങ്ങൾ പ്രായമായി"
"ചെക്കനോടു പറയാൻ കണ്ട കാര്യം ഈ തള്ളക്കു വേറെ ജോലിയൊന്നുമില്ലേ" മൂത്തുമ്മ ദേഷ്യപ്പെട്ടു.
എനിക്കു ഒന്നും പിടി കിട്ടിയില്ല.പ്രായമായവർ കായിമ്മായെ പോലെ പല്ലും കൊഴിഞ്ഞു തൊലിയും ചുളിഞ്ഞു കൂനുമായി വടിയും കുത്തി നടക്കും. എന്റെ പെങ്ങൾ അങ്ങിനെ ആയില്ലെന്നു മാത്രമല്ല അഞ്ചാം ക്ലാസ്സിൽ പഠിക്കുകയുമാണു. പിന്നെങ്ങിനെ പെട്ടെന്നു കായിമ്മായെ പോലെ പ്രായമാകും.
എങ്കിലും അവിടെ എന്തോ സംഭവിച്ചു.സംശയം തീർക്കാൻ മുറ്റത്തു നിന്നിരുന്ന ഉമ്മായെ സമീപിച്ചു ഞാൻ ചോദിച്ചു:-
"ഉമ്മാ കൊച്ചു പെമ്പിള്ളേരു എങ്ങിനെയാ പെട്ടെന്നു പ്രായമാകുന്നതു?...."
"അതെങ്ങിനേന്നു നിനക്കറിഞ്ഞേ തീരുവോടാ ബലാലേ....." എന്റെ ചോദ്യം കേട്ട ഉടനെ കയ്യിൽ കിട്ടിയ വടിയുമായി ഉമ്മാ എന്റെ പുറകെ ഓടി വന്നപ്പോൾ നിലവിളിയോടെ ഞാൻ പരക്കം പായുകയും ചെയ്തു.
ആ വക കാര്യങ്ങൾ കുട്ടികൾ അറിയുന്നതു മുതിർന്നവർ വിലക്കിയിരുന്നു.
ഒരു കൂട്ടുകാരി എന്റെ സഹോദരിക്കു ഒരു പാട്ടു പുസ്തകം പാടാനായി കൊടുത്തു. ആ കാലങ്ങളിൽ കഥകൾ പാട്ടു പുസ്തക രൂപത്തിലാക്കി ചന്ത കൂടുന്ന സമയം ചപ്ലാച്ചി കട്ടകളുടെ സഹായത്തോടെ ഗാനമാലപിച്ചു പാട്ടു പുസ്തകം വിൽപ്പന നടത്തുന്ന ചില കവികളുണ്ടായിരുന്നു. അപ്രകാരമൊരു കവിയുടെ രചന ആയിരുന്നു ആ പാട്ടു പുസ്തകം. അതു ഞാനും തപ്പി തടഞ്ഞു വായിച്ചു. അതിലെ ചില വരികൾ ഇന്നും എന്റെ ഓർമ്മയിലുണ്ടു.
"നീലി പെണ്ണേ നീലി പെണ്ണേ നീ എങ്ങോട്ടാ?
അക്കര തോപ്പിൽ പുല്ലരിയാനാ കൊച്ചമ്പ്രാനേ"
പക്ഷേ ഞങ്ങളുടെ അയൽക്കാരി രുക്കിയാ താത്താ പാട്ടു പുസ്തകം സഹോദരിയുടെ പക്കൽ കണ്ടെത്തുകയും അതു അപ്പോൾ തന്നെ കത്തിച്ചു കളയുകയും ചെയ്തു.മേലിൽ ഇപ്രകാരമുള്ളതു വായിച്ചാൽ വീട്ടിൽ അറിയിക്കുമെന്നു ഭീഷണി പ്പെടുത്തുകയും ചെയ്തു.രുക്കിയാ താത്തായെ പ്രകോപിപ്പിച്ച വരികൾ ഇതായിരുന്നു.
" നീലിപ്പെണ്ണിനു നാലാം മാസം നാട്ടിൽ പാട്ടായി
കാലക്കേടിനു കൊച്ചമ്പ്രാനും കോളേജിൽ പോയി"
ഞാൻ പറഞ്ഞല്ലോ ആ വക കാര്യങ്ങൾ അന്നു കുട്ടികൾ അറിയുന്നതു നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്നു.
വർഷങ്ങൾ ഏറെ കഴിഞ്ഞു. ജീവിത ചക്രം കറങ്ങി തിരിഞ്ഞപ്പോൾ അന്നത്തെ എട്ടു വയസ്സുകാരനായ ഞാൻ ഭർത്താവായി , പിതാവായി...അന്നൊരു ദിവസം ടി.വി കണ്ടു കൊണ്ടിരുന്ന എന്റെ പന്ത്രണ്ടു വയസ്സുകാരൻ മകനോടു അപ്പോൾ വീട്ടിൽ കയറി വന്ന അയൽക്കാരി പെൺകുട്ടി ചോദിച്ചു:-
"അവളെ അവൻ കെട്ടിയോടാ...."
"ഇല്ലാ....അവൾ മറ്റവനുമായി അടുപ്പത്തിലാണെന്നു അവനു സംശയം.."മകൻ പറഞ്ഞു. എന്റെ ഉമ്മാ അപ്പോൾ ആ മുറിയിൽ ടി.വി.കണ്ടു കൊണ്ടിരിക്കുക ആയിരുന്നു .പഴയ എട്ടു വയസ്സുകാരനെ അപ്പോഴും മനസ്സിൽ താലോലിക്കുന്ന ഞാൻ മകനെ കണ്ണുരുട്ടി നോക്കി.എന്തോ അരുതായ്മ മണത്തറിഞ്ഞ അവൻ അകത്തേക്കു പോയി. ഞാൻ പുറകെ പോയി കുട്ടികൾ ഈ വക കാര്യങ്ങൾ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ സം സാരിക്കുന്നതു ശരിയല്ല എന്നു അവനെ ശാസിച്ചപ്പോൾ "അതിലെന്തു തെറ്റു" എന്ന ഭാവമായിരുന്നു അവന്റെ മുഖത്തു കാണാൻ കഴിഞ്ഞതു.
മിനി സ്ക്രീനിൽ ദിനം പ്രതി അവൻ അതാണല്ലോ കണ്ടു കൊണ്ടിരിക്കുന്നതു. ദിവസവും കാണുന്ന ഈ വക കാര്യങ്ങൾ എങ്ങിനെ അരുതാത്ത താകുമെന്നു അവനു പിടി കിട്ടിയില്ല.
സഹോദരി പ്രായമായതിനെ പറ്റി സംശയം ചോദിച്ചപ്പോൾ അടി കിട്ടിയതും നീലിപ്പെണ്ണിനെ ചുട്ടു കരിച്ചതും ഞാനെങ്ങിനെ അവനോടു പറയും.
ഉരൽ വിഴുങ്ങുമ്പോഴും രണ്ടു വിരൽ കൊണ്ടു മറച്ചു പിടിക്കാൻ തിടുക്കം കാട്ടുന്ന പ്രവണത പണ്ടു നമുക്കുണ്ടായിരുന്നു. അന്നും അതിനു വളരെ ഏറെ കാലങ്ങൾക്കു മുമ്പും അതായിരുന്നു രീതി. അന്നും അനുരാഗവും തട്ടിക്കൊണ്ടു പോക്കും ഉണ്ടായിരുന്നു. പക്ഷേ കുട്ടികളുടെ മുമ്പിൽ ആ വക കാര്യങ്ങൾ സം സാര വിഷയമായിരുന്നില്ല. മാത്രമല്ല വീടുകളിൽ ഈ വക കാര്യങ്ങൾ വിഷയമായാൽ അടുത്തു നിന്നിരുന്ന കുട്ടികളെ ഓടിക്കുമായിരുന്നു. അതിനാൽ ആ വക കാര്യങ്ങൾ അരുതാത്ത താണെന്ന വിശ്വാസം അന്നു കുട്ടികളിലുണ്ടായി. അതു കൊണ്ടു തന്നെ അവർ വളർന്നു വന്നപ്പോൾ ഈ വക കാര്യങ്ങളിൽ ചെന്നു പെട്ടാൽ അവർക്കു ഭയവും മടിയുംഅനുഭവപ്പെട്ടു. ഇതു ശരിയായ രീതിയെന്നു തലമുറകൾ വിശ്വസിച്ചു. ആ വിധത്തിലുള്ള സംസ്കാരത്തിനു ഉടമകളായിരുന്നു നമ്മൾ. വർഷങ്ങൾക്കു മുമ്പു വരെ ഈ രീതി തുടർന്നു വന്നു.
പിന്നീടു സിനിമ വന്നു.അമ്മയും അച്ചനും കൂട്ടത്തിൽ കുഞ്ഞുങ്ങളും വാരാന്ത്യത്തിൽ സിനിമക്കു പോയി. മരം ചുറ്റി ഓടുന്നതും പ്രേമ പ്രകടനങ്ങളും കിടപ്പറ രംഗങ്ങളും മാതാപിതാക്കളും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്നു കണ്ടു. അരുതായ്മ അൽപ്പാൽപ്പമായി കുറഞ്ഞു വന്നു. അതിനെ തുടർന്നു ടി.വി.യും വി.സി.ആറും വന്നു. വാരാന്ത്യകാഴ്ച്ച ദിനം പ്രതിയായി. അരുതാത്തതെന്ന് പണ്ടു കരുതിയിരുന്നതെല്ലാം കുഞ്ഞുങ്ങളും മുതിർന്നവരും ഒരുമിച്ചിരുന്നു കണ്ടു. ഇതിലൊന്നും തെറ്റില്ലെന്ന വിശ്വാസം കുഞ്ഞു മനസ്സുകളിൽ വളർന്നു വന്നു.
അനുരാഗ കഥകളും പ്രേമ ഗാനങ്ങളും അന്നും ഇന്നും മനുഷ്യനെ പൂർണ്ണമായി സ്വാധീനിച്ചില്ല. പക്ഷേ ദൃശ്യം ! അതു ശരിക്കും മനുഷ്യനെ സ്വാധീനിച്ചു. കേൾക്കുന്നതിനേക്കാൾ കാണുന്നതാണു മനസ്സിൽ കൂടുതലും പതിയുന്നതു.
കാണുന്നതെല്ലാം അനുകരിക്കാനുള്ള പ്രവണത കുരങ്ങിൽ നിന്നും മനുഷ്യനു ലഭിച്ച പ്രധാന ഗുണമാണു.അനുകരണ വാസന പ്രധാനമായും പെൺകുട്ടികളിലാണു കണ്ടു വരുന്നതു.ഇളം തലമുറകളിൽ ദൃശ്യ മാധ്യമങ്ങൾശരിക്കും സ്വാധീനം ചെയ്യുന്നു എന്നുള്ള സത്യം മനസ്സിലാക്കിയതു കൊണ്ടാണല്ലോ വൻ കമ്പനികൾ അവരുടെ ഉൽ പ്പന്നങ്ങൾ വിറ്റഴിക്കാൻ കോടി കണക്കിനു രൂപ പരസ്യങ്ങൾക്കായി ചിലവഴിക്കുന്നതു.ഹോളിവുഡിലെ സുപ്രസിദ്ധ നടി ആയിരുന്ന സോഫിയാ ലോറൻ വീട്ടിൽ നിൽക്കുമ്പോൾ ചെറിയ അടി വസ്ത്രം ധരിക്കുമെന്നു ടിവി അഭിമുഖത്തിൽ പറഞ്ഞതിനു ശേഷം പാശ്ചാത്യ കമ്പോളത്തിൽ അടിവസ്ത്രത്തിനു ചിലവു വർദ്ധിച്ചു എന്ന അമേരിക്കൻ പത്രത്തിന്റെ നിരീക്ഷണം പ്രസക്തമാണു.
നീല ജല തടാകം പോലെ ശാന്തവും പരിശുദ്ധവുമായ നമ്മുടെ സംസ്കാരത്തിൽ വിഷം കലർത്തി പരിപാവനമായ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കത്തക്കവിധം നമ്മുടെ കുട്ടികളെ അരുതാത്തതു ചെയ്യാൻ പ്രേരിപ്പിക്കുന്നതിനു ഈ വിഷപ്പെട്ടിയിലെ വിഷം ചിലപ്പോൾ ഉപയോഗിക്കപ്പെടുന്നു.ദൃശ്യ മാധ്യമങ്ങൾ വ്യാപകമായതിനു ശേഷമാണു പീഡനങ്ങളും തട്ടിക്കൊണ്ടു പോക്കും ഒളിച്ചോട്ടവും വർദ്ധിച്ചിട്ടുള്ളതു. പാശ്ചാത്യ നാടുകളിൽ കണ്ടു വരുന്ന രീതി അവരുടെ സംസ്കാരമാണു. നമ്മുടെമുത്തച്ചന്മാർ പാശ്ചാത്യ രീതിയിൽ ബെർമൂഡാ ഇട്ടു നടക്കുന്നതു കാണാൻ ചേലില്ലല്ലോ!
പോസ്റ്റ്‌ അവസാനിക്കുന്നതിനു മുമ്പു നടേ ഞാൻ പറഞ്ഞ രണ്ടു സംഭവങ്ങളിൽ രണ്ടാമത്തേതു കൂടി രേഖപ്പെടുത്തേണ്ടതുണ്ടു.
കുറച്ചു ദിവസങ്ങൾക്കു മുമ്പു ഞാൻ സാക്ഷ്യം വഹിച്ചതാണു ഈ രംഗം.
സ്ഥലത്തെ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാളിന്റെ ഓഫീസ്സിൽ ഒരു പ്രഭാഷണവുമായി ബന്ധപ്പെട്ടു കുറെ നേരം ഇരുന്നപ്പോൾ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങൾ അറിയാൻ കഴിഞ്ഞു. ഓഫീസ്സിൽ പതിനൊന്നാം ക്ലാസ്സിലെ കുറച്ചു കുട്ടികളും അവരുടെ രക്ഷകർത്താക്കളും നിൽപ്പുണ്ടു.സംഭവം ഇതാണു .ആരിൽ നിന്നോ കിട്ടിയ ഇൻഫർമേഷൻ അടിസ്ഥാനമാക്കി അദ്ധ്യാപകർ ഒരു ദിവസം പറ്റമായി ചെന്നു പതിനൊന്നാം ക്ലാസ്സിലെ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചതിൽ പല ബാഗുകളിലും ലൈംഗിക കേളികൾ റികാർഡ്‌ ചെയ്യപ്പെട്ട സി.ഡി.കൾ കാണപ്പെട്ടു.രക്ഷ കർത്താക്കളെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞതിൻ പ്രകാരം മിക്കവരുടെയും രക്ഷ കർത്താക്കൾ ഹാജരായിട്ടുണ്ടു.
" ഈ സി.ഡി. യിൽ എന്താണെന്നു അറിയാൻ ഞാൻ ഒന്നു ഓടിച്ചു നോക്കി സാറേ..... ""പ്രിന്‍സിപ്പാള്‍ എന്നോട് പറഞ്ഞു .
"ഹെന്റെ സാറേ.....എന്തൊരു വൃത്തികേടു......" സ്ത്രീയായ പ്രിൻസിപ്പാൾ അതു പറയുമ്പോൾ അവരുടെ മുഖത്തു അറപ്പു, ലജ്ജ , കോപം, ദയനീയത വെറുപ്പു എന്നിവ മാറി മാറി പ്രതിഫലിച്ചു. ശുദ്ധഗതിക്കാരിയായ ആ സ്ത്രീ എഴുന്നേറ്റു ജനലിനു സമീപം ചെന്നു പുറത്തേക്കു കാറി തുപ്പി. " ഈ കുഞ്ഞുങ്ങൾ ഇതാണോ കാണുന്നതു....." അവർ പരിതപിച്ചു. രക്ഷകർത്താക്കൾ തലകുനിച്ചു നിൽക്കുകയാണു. ഈ സന്തതികൾക്കു ജന്മം നൽകി പോയല്ലോ എന്നായിരുന്നോ അവർ ചിന്തിച്ചിരുന്നതു!പക്ഷേ പലകുട്ടികളുടെയും മുഖത്തു കൂസലില്ലായ്മ തെളിഞ്ഞു നിന്നു.
നമ്മുടെ ചെറു തലമുറയുടെ പോക്കു കണ്ടു ഞാൻ അന്തം വിട്ടിരുന്നു. അവരിൽ യാതൊരു കുറ്റബോധവും കാണാൻ എനിക്കു സാധിച്ചില്ല. ഈ പോക്കു കുട്ടികളെ എവിടെ കൊണ്ടെത്തിക്കുമെന്നു ഞാൻ വ്യകുലപ്പെട്ടപ്പോൾ "ഛേ......ഛേ...." എന്നു പ്രിൻസിപ്പാൾ ഉരുവിട്ടു കൊണ്ടിരിക്കുകയായിരുന്നു.
ആ സി.ഡി യിൽ കണ്ട കാഴ്ച ഇപ്പോഴും അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടായിരിക്കാം.
ദൃശ്യ മാധ്യമങ്ങൾ ഇന്നു ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുവായി മാറ്റപ്പെട്ടു എന്ന സത്യം അംഗീകരിക്കുന്നു. പ്രയോജന പ്രദമായ പലതും അവയിൽ നിന്നും ലഭിക്കുന്നു എന്നതും ശരിയാണു.പക്ഷേ നമ്മുടെ സംസ്കാരത്തെ കീഴ്മേൽ മറിക്കാൻ കാരണമായതും ഈ വിഷപ്പെട്ടിയുടെ ആവിർഭാവമാണു എന്ന സത്യവും നാം സമ്മതിച്ചേ മതിയാകൂ.


4 comments:

 1. valare prasakthamaya vishayam. oru kuttiyude pithavu aaya njan sharikkum ulkkidalathode aanu ithu vaayichu theerthathu....!

  ReplyDelete
 2. ഖണ്ഡിക തിരിച്ചെഴുതിയാല്‍ വായിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. പോസ്റ്റ് ഇത്തിരി നീണ്ടതാണെങ്കിലും പ്രസക്തിയുള്ളതുതന്നെ. ഇതിനു ഞാന്‍ കാണുന്ന പരിഹാരം ഇവിടെയുണ്ട്.

  ReplyDelete
 3. ഒരു സീരിയലില്‍ ഗര്‍ഭിണിയായ നായിക വീണ ഉടനെ മകന്‍ കമെന്റ് ചെയ്തു- അവളുടെ ഗര്‍ഭം കലങ്ങിയിരിക്കും- കൂടെയിരുന്ന അച്ചനുമമ്മയും ഞെട്ടി-

  ഞെട്ടിയിട്ടു കാര്യമില്ല, സീരിയലില്‍ കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത അറിവുകള്‍ കിട്ടികൊണ്ടിരിക്കുന്നു. അവരുടെ പ്രായത്തിന്നാവശ്യമില്ലാത്തവ.

  പൂച്ചക്കാരുമണി കെട്ടും

  ReplyDelete