Sunday, December 31, 2017

അടിച്ചു മാറ്റല്‍

പല നാള്‍  കള്ളന്‍ ഒരു നാള്‍ പിടിയില്‍ പെട്ടൂ .  നിരക്ഷരന്റെ രചന  അടിച്ചുമാറ്റി  സ്വന്തം പുസ്തകത്തില്‍  ചേര്‍ത്ത് വില്പന നടത്തിയ  മാന്യദേഹത്തുന്റെ  ചെമ്പു പുറത്തായി. നിരക്ഷരന്റെ പരാതിയെ തുടര്‍ന്ന്  സത്യം ബോദ്ധ്യപ്പെട്ട   പ്രസാധകര്‍  പുസ്തകം വിപണിയില്‍ നിന്നും പിന്‍ വലിച്ച  വാര്‍ത്ത ഇന്നത്തെ മാധ്യമം പത്രത്തില്‍ വായിച്ചപ്പോള്‍ നിരക്ഷരന്‍  ആയതു കൊണ്ടാണ് കാര്യം ഇത്രയ്ക്കു ഉഷാറായി  നടപടിയിലേക്ക് തിരിഞ്ഞതെന്ന കാര്യത്തില്‍   എനിക്ക് ഒട്ടും സംശയമേ ഇല്ലായിരുന്നു.. കാരണം  പ്രസിദ്ധനായ ബ്ലോഗറാണ് അദ്ദേഹം . എല്ലാവര്‍ക്കും  സുപരിചിതനുമാണ്. ഇങ്ങിനെയുള്ള ഒരു കാര്യത്തില്‍ എന്ത് ചെയ്യണമെന്നു  അദ്ദേഹത്തിനു ആരും പറഞ്ഞു കൊടുക്കുകയും വേണ്ടാ. പക്ഷെ ഇവിടെ  ഈ ബ്ലോഗു  ലോകത്ത്  അതിക്രമിച്ചു കയറി ഈ മാതിരി കവര്‍ച്ച  നടത്തുന്ന സാഹിത്യ ലോകത്തെ തിരുമാലികള്‍  പട്ടാപകല്‍ ബ്ലോഗിനെ പുലഭ്യം പറയുകയും രാത്രിയില്‍ കുത്തിയിരുന്നു ബ്ലോഗിലെ നല്ല രചനകള്‍  അടിച്ചു മാറ്റുകയും ചെയ്യുന്ന  പ്രവണത ഇനി ഒന്ന് ആലോചിച്ചു ചെയ്യുകയെ ഉള്ളൂ  എന്നിടത്താണ് നിരക്ഷരന്‍ എന്ന ഞങ്ങളുടെ മനോജു രവീന്ദ്രനെ  അഭിനന്ദനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിക്കേണ്ടത്‌. .  പാവപ്പെട്ട ബ്ലോഗറന്മാര്‍  അവരുടെ സര്‍ഗ വൈഭവം കൊണ്ട്  രചനകള്‍  തയാറാക്കി  ഓരോ പത്രക്കാരന്റെയും കാലു താങ്ങി പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ അവസാന ആശ്രയം  ബ്ലോഗില്‍ കണ്ടെത്തി പോസ്റ്റു ചെയ്യുന്നത് ഒരു ചെലവുമില്ലാതെ  കൊപീ പേസ്റ്റ്  ചെയ്തു സ്വന്തം രചനയാക്കി  അച്ചടി മഷി പുരട്ടിക്കുന്നത് എവിടെയെങ്കിലും   വായിക്കേണ്ട ഗതികേട്  ആ പാവങ്ങള്‍  നേരിടുമ്പോള്‍  ഇത് എന്റെ കുഞ്ഞാണല്ലോ   എന്ന് പറഞ്ഞു  അന്തം വിട്ടു കരയുന്നതു ബ്ലോഗിന്റെ പുഷ്കര കാലത്ത് ഈയുള്ളവന്  കാണേണ്ടി വന്നിട്ടുണ്ട്.
അനന്തര നടപടികളിലേക്ക്  കടക്കാന്‍ ആ പാവപ്പെട്ടവര്‍ക്ക് ത്രാണിയും സമയവും  ഇല്ലായിരുന്നു. മാത്രമല്ല പ്രസിദ്ധനായ  ഒരാളോട് ഏറ്റു മുട്ടുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെയും  അവര്‍ ഭയപ്പെട്ടു. ഇവിടെയാണ്‌ നിരക്ഷരനെന്ന  അക്ഷര ജ്ഞാനി  ജയിച്ചത്. ഈ സംഭവത്തിലെ കക്ഷിക്ക്  പറ്റിയ അക്കിടി  മറ്റുള്ള അടിച്ചു മാറ്റല്‍  വീരന്മാര്‍ക്കു   ഒരു പാഠമാകും എന്ന് പ്രത്യാശിക്കാം.
ആയിരമായിരം അഭിനന്ദനങ്ങള്‍  നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രന്‍.

Saturday, December 30, 2017

ധനുമാസ പുലരിയില്‍ പ്രിയപ്പെട്ടതിന്റെ മുമ്പില്‍.

ഏറ്റവും  പ്രിയയായിരുന്ന കൂട്ടുകാരി   കൈവിട്ടു പോവുകയും പിന്നീട്  മറ്റൊരാളുടെ   ഉടമസ്ഥതയില്‍  ജീവിക്കുകയും ചെയ്യുന്നത്  കാണുമ്പോള്‍  പഴയ കൂട്ടുകാരന്റെ  മനസ്സില്‍ ഉണ്ടാകുന്ന  വേദനയാണ്  നാം കളിച്ചു  വളര്‍ന്ന  വീട്  കൈ വിട്ടു പോവുകയും  പിന്നീടൊരിക്കല്‍ നാം ആ വീടിന്റെ  മുമ്പില്‍ നിന്ന് ആ വീട് കാണുകയും ചെയ്യുമ്പോള്‍   മനസ്സില്‍ ഉണ്ടാകുന്നത്.
ആലപ്പുഴയിലെ   വട്ടപ്പള്ളിയില്‍  എന്റെ  ബാല്യ കൌമാര കാല  സ്മരണകള്‍   നിറഞ്ഞു നില്‍ക്കുന്ന  ആ വീടിന്റെ മുമ്പില്‍ കഴിഞ്ഞ  ദിവസം  പുലര്‍കാലത്ത്‌ ഞാന്‍  വന്നപ്പോള്‍   എന്തെല്ലാം ഓര്‍മ്മകളാണ്  മനസിലൂടെ കടന്നു പോയത്. ഇപ്പോള്‍ എന്റെതല്ലാത്ത എന്റെ ആ  വീടിനെ ധനുമാസ കുളിരില്‍  നിര്‍ന്നിമേഷനായി നോക്കി നിന്നപ്പോള്‍  ഒരിക്കല്‍ കൂടി  അവിടെ എവിടെ എങ്കിലും  ചടഞ്ഞിരിക്കാനും  ഉമ്മായുടെ  ശകാരം കേള്‍ക്കാനും  അതിയായ കൊതി തോന്നി. വേലിക്കപ്പുറത്ത്  വളകിലുക്കം  കേള്‍ക്കുന്നുണ്ടോഎന്നും എന്നെ കാത്തു ഒരാള്‍  അവിടെ നില്‍പ്പുണ്ടോ എന്ന് കണ്ണും കാതും കൂര്‍പ്പിച്ച്  ശ്രദ്ധിക്കാനും   ഉള്ളില്‍ മോഹം  നുര പൊന്തി.  മാനത്തെ കുളിര്‍ നിലാവിനെ നോക്കി കിടന്നു കൊണ്ട്  കടന്നു പോയ ആ നല്ല  കാലത്തിലെ  മധുര സ്മരണകള്‍  അയവിറക്കി  ശിഷ്ടജീവിതം ഈ മണ്ണില്‍ കഴിച്ചു കൂട്ടണമെന്ന്  എത്രയോ  കൊതിക്കുന്നു . പക്ഷെ ഈ മണ്ണും ആ വീടും എല്ലാ പ്രിയമുള്ളതും  കൈ വിട്ടു പോയി. ഒരിക്കലും എനിക്കത് തിരികെ പിടിക്കാന്‍ സാധിക്കില്ല  എന്നും,   ആകസ്മികമായി  വിലപ്പെട്ട നിധി കൈവശത്തിലെത്തിയ മോണ്ടിക്രിസ്ടോ  പ്രഭുവല്ല  ഞാനെന്നും  അതുകൊണ്ട് തന്നെ എനിക്ക്  ഈ വീട് വിലക്ക് തിരികെ വാങ്ങാന്‍  സാധിക്കുകയുമില്ലാ എന്നുമുള്ള  തിരിച്ചറിവ്  എന്നെ  നിരാശനാക്കുന്നു.എങ്കില്‍ തന്നെയും  ഇപ്പോള്‍ താമസിക്കുന്നിടത്ത് നിന്നും  നൂറു കിലോമീറ്റര്‍ താണ്ടി വല്ലപ്പോഴും  ഈ നാട്ടിലെത്തുമ്പോള്‍ എന്റെ പ്രിയപ്പെട്ട സ്മരണകള്‍ ഉറങ്ങുന്ന ഈ  വീട്  കാണുവാന്‍     അന്തേവാസികള്‍  ഉണരുന്നതിനു മുമ്പ്  പുലര്‍കാലത്ത്‌ വന്നു ഈ മണ്ണില്‍ ചവിട്ടി നിന്ന്  പ്രിയപ്പെട്ട വീടിനെ നോക്കി നില്‍ക്കുന്നത് എന്നില്‍ എന്തും മാത്രം അനുഭൂതിയാണ്  ഉളവാക്കുന്നതെന്ന് എനിക്കല്ലേ അറിയൂ. 

Friday, December 15, 2017

സ്ത്രീധനം പി.ജി. അഡ്മിഷന്‍

പെണ്‍കുട്ടി  മെഡിക്കല്‍ ബിരുദ ധാരിണിയാണ്.  എം.ബി.ബി.എസു . കാരി.  പയ്യനും അതേ ബിരുദം.  മെഡിക്കല്‍ ബിരുദ ധാരിണിക്ക്  അതല്ലേ ചേരൂ.  സ്ത്രീധനം ഒന്നും വേണ്ടാ എന്ന് പയ്യന്റെ  രക്ഷകര്‍ത്താക്കള്‍ വിവാഹത്തിനു മുമ്പേ പറഞ്ഞു.. സ്വര്‍ണം നിങ്ങളുടെ ഹിതം പോലെ .എത്ര കിലോയും ആകാം. പിന്നെ ഒരു ചെറിയ കാര്യമുണ്ട്. ഇന്നത്തെ കാലത്ത് എം.ബി.ബിഎസ്സു കൊണ്ട് കാര്യമൊന്നുമില്ല.  പി.ജി .ക്ക് വിടണം. ഇപ്പോള്‍ പി.ജിക്ക്  വന്‍ തുകയാണ് വേണ്ടത്.  അഡ്മിഷന്‍ സമയത്ത് പയ്യന് പി.ജി. കിട്ടാന്‍ വേണ്ടത് ചെയ്യണം. ഇത്രയേയുള്ളൂ പയ്യന്റെ ഭാഗത്ത് നിന്നും ഡിമാണ്ട്  സമയം ആകുമ്പോള്‍ വേണ്ടത്  ചെയ്യാമെന്ന്  പെണ്‍കുട്ടിയുടെ പിതാവ് വാക്ക് കൊടുത്തു. അങ്ങിനെ അടി പൊളി കല്യാണം ഒന്ന് നടന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍  ഹരിയാനയിലോ കുരുക്ഷേത്രത്തിലോ  പി.ജി. സീററ്  ഒന്ന് തരപ്പെട്ടു.  അഡ്മിഷന്  തുക കുറച്ചു മതി.  വെറും ഒരു കോടി രൂപാ. വിവരം മരുമകള്‍ മുഖേന അമ്മായി അപ്പന്‍ അച്ഛനെ അറിയിച്ചു. "ഒരു കോടി രൂപയോ"?! ആ പാവം അന്തം വിട്ടു.  ഒരു പെണ്‍കുട്ടി ജനിച്ചു പോയി എന്നതിന് ഇത്രയും വലിയ ഫൈനോ ?!. അവസാനം ആ തുകയില്‍ ഒരു വിഹിതം തരാം എന്നായി പാവം പിതാശ്രീ.   അച്ഛന്‍  പറഞ്ഞ  തുക പറയാന്‍ പറ്റാത്ത ഒരു  സ്ഥലത്ത് കൊണ്ട് പോയി  വെക്കാന്‍ മരുമകള്‍ കേള്‍ക്കെ അമ്മായി അപ്പന്‍ മൊഴിഞ്ഞു. രാത്രിയില്‍ ഭാര്യ ഭര്‍ത്താവിനോട് അമ്മായി അപ്പന്റെ സംസ്കാര രഹിതമായ വാക്കുകളെ  പറ്റി  രോഷത്തോടെ സംസാരിച്ചു. "നിന്റെ അച്ഛന്റെ  പിത്രുരാഹിത്യം അല്ലെ ഇതിനു കാരണം" എന്ന് ഭര്‍ത്താവും  പ്രതികരിച്ചു. വഴക്ക്കള്‍ എല്ലാ ദിവസവും സാധാരണമായി.പിന്നീട് എല്ലാവരും ശ്രേഷ്ഠ ഭാഷയിലായി സംസാരം. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ എം.ബി.ബി.എസ്സുകാരി  ഭാര്യ,  ഭര്‍തൃ വീട്ടിലെ  പൊറുതി അവസാനിപ്പിച്ചു  മാതൃ പേടകത്തില്‍ തിരിച്ചെത്തി.
"നിന്റെ ജോലി ഇഷ്ടപ്പെട്ടു, ഇനി ഇവിടെ പണി യെണ്ടാ, ഇന്നത്തെ കൂലിയും വാങ്ങി   വേല മുണ്ടും എടുത്തു സ്ഥലം  വിട്ടോ" എന്ന്  പഴയ മോഡല്‍ മുതലാളി വര്‍ത്തമാനം അച്ഛനും മകനും കൂടി  പിന്നില്‍ നിന്നും പറഞ്ഞു. " ഇനി ഈ വീട്ടിലെക്കില്ലാ" എന്ന് ഭാര്യയും ഉറപ്പിച്ചു.
അച്ഛനെയും മകനെയും  ഒരു പാഠം പഠിപ്പിക്കണം" ഇതാണ് പെണ്‍കുട്ടിക്കും  ബന്ധുക്കള്‍ക്കും ആവശ്യം. ഈ അവസ്ഥയിലാണ് ഞങ്ങള്‍ അവരേ കാണുന്നത്.
കേസ് അവിടെ നില്‍ക്കട്ടെ.  ചിന്ത മറ്റൊരു  വഴിക്കാണ് പോയത്. മെഡിക്കല്‍ ബിരുദത്തിനു  ഇപ്പോള്‍ 70  ലക്ഷം.  പി.ജി.ക്ക് ഒരു കോടി .  എല്ലാം കൂടി രണ്ടു കോടിയോടടുത്ത് വേണം  ഡാക്കിട്ടരാകാന്‍. ഇത്രയും മുതല്‍ മുടക്കി ഇരിക്കുന്നവന്റെ മുമ്പിലാണ് നമ്മള്‍  ചികിത്സക്കായി  പോകേണ്ടത്.  അവന്‍ നമ്മളെ അറുത്തു മുറിച്ചു തിന്നും എല്ലും മുടിയുംനഖവും ബാക്കി കിട്ടിയാല്‍ ഭാഗ്യമായി.
പച്ചവെള്ളവും കുടിച്ചു പള്ളിക്കൂടത്തില്‍ പോയവരാണ് ഞങ്ങളുടെ തലമുറ. ഇത്രയും ആര്‍ത്തി അന്നില്ലായിരുന്നു. അതിനാല്‍ തന്നെ പരസ്പരം ബഹുമാനവും സ്നേഹവും നിലനിര്‍ത്തി പോന്നിരുന്നു. പട്ടിണി മാറിയാല്‍  ക്ഷേമം വരുമെന്ന് എല്ലാരും പറഞ്ഞു.  ഇന്ന് പട്ടിണി സര്‍വ സാധാരണമല്ല. ഭൌതികപരമായ നേട്ടം  എല്ലായിടത്തും ഉണ്ട്. പക്ഷെ  പട്ടിണിക്ക്  പകരം പൊങ്ങച്ചവും  ആളാകാന്‍ നോട്ടവും പണത്തോടുള്ള ആര്‍ത്തിയും  എവിടെയും കാണപ്പെടുന്നു. ഇത് ക്ഷേമം ആണെന്ന് പറയാന്‍ കഴിയുമോ?  ആത്യന്തികമായ ക്ഷേമം എങ്ങോ മറഞ്ഞു നില്‍ക്കുന്നു.

Tuesday, December 5, 2017

സന്ധ്യാ രാഗം

വൃശ്ചിക സായാഹ്നത്തിന്റെ  അവസാനം  സന്ധ്യയോടു സംഗമിക്കുന്ന  ആ സമയം എവിടെ നിന്നോ ഒരു  പഴയ  ഹിന്ദി ഗാനം റാഫി സാഹിബിന്റെ മധുര സ്വരത്തില്‍ എന്നിലേക്ക്‌  ഒഴുകി വന്നു.  ചില പാട്ടുകള്‍  അത് ആദ്യം കേട്ട  സന്ദര്‍ഭം നമ്മുടെ ഉള്ളിലേക്ക്  ആവാഹിച്ചു കൊണ്ട് വരും.  ഇന്നും അതാണ്‌ സംഭവിച്ചത്.  പഴയ കാലം അന്നത്തെ കൌമാര സൌഹൃദങ്ങള്‍  എന്നിലേക്ക്‌  ഒന്നിന് പുറകെ  ഒന്നായി  അലയടിച്ചു എത്തി . അവരെല്ലാം എവിടെ ആയിരിക്കും ഇപ്പോള്‍? എനിക്കറിയില്ല,  ചിലരെ തേടി ഞാന്‍ ദിവസങ്ങള്‍ അലഞ്ഞു നടന്നിട്ടുണ്ട്. വെറുതെ ഒന്ന് കാണാന്‍ മാത്രം.
ഹൈസ്കൂള്‍  കാലത്തെ രാജേന്ദ്രന്‍ അവന്റെ പ്രണിയിനീ  വിടര്‍ന്ന കണ്ണുകളുള്ള  ഓമന , അവള്‍ എന്റെ സൌഹൃദമാണ്  ആഗ്രഹിചിരുന്നതെന്നത്  മറ്റൊരു  തമാശ.
 അവരെ തേടി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്  ഞാനേറെ അലഞ്ഞു.  കണ്ടെത്തിയില്ല.
16 വയസ്സില്‍   കഥകളുടെയും കവിതകളുടെയും  എന്റെ പണി പ്പുരയായിരുന്ന ആലപ്പുഴ കടപ്പുറത്ത് എന്റെ സമീപം ദിവസവും വന്നിരുന്ന   കൊച്ചു കൂട്ടുകാരി  ഷേര്‍ളി .  അന്ന് അവള്‍ക്കു എട്ടു വയസുണ്ടായിരുന്നു,എന്ത് കൊണ്ടോ എന്നെ അവള്‍ക്കു വലിയ ബഹുമാനമായിരുന്നു. ഇന്ന് ഷേര്‍ളി  എവിടെ ആയിരിക്കും. കണ്ടാല്‍ തിരിച്ചറിയുമോ പഴയ സൗഹൃദം തിരിച്ചറിയുമോ?
തമിഴ് നാട്ടിലെ  ക്രോം പേട്ടില്‍ ഭൂവനെശ്വരി ആന്റ് കമ്പനിയിലെ എന്റെ സഹപ്രവര്‍ത്തകന്‍  കണ്ണൂര്‍ക്കാരന്‍  അലക്സാണ്ടര്‍. അന്നെനിക്ക് 21 വയസായിരുന്നു. അവന്റെ ചേട്ടന് താംബരത്ത്‌  മിലട്ടറി  ക്യാമ്പില്‍  ജോലി ഉണ്ടായിരുന്നു.  അവിടെന്നു പിരിഞ്ഞതിനു ശേഷം  അലക്സാണ്ടാറെ  ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ ജീവനോടെ കാണുമോ  ഉണ്ടെങ്കില്‍ എന്നെ ഓര്‍മ്മിക്കുമോ?
അങ്ങിനെ എത്രയെത സൌഹൃദങ്ങള്‍.  സൌഹ്രദം എന്റെ ദുര്‍ബലതയാണ് അന്നും  ഇന്നും.
പ്രിയ സുഹൃത്തുക്കളെ   നിങ്ങള്‍ ഇന്നുമെന്റെ  ഉള്ളില്‍ താമസിക്കുന്നു. ഒരു പഴയ ഗാനം  ഉള്ളിന്റെ ഉള്ളില്‍ നിന്നും ഈ സന്ധ്യാ വേളയില്‍  നിങ്ങളെ   വെളിച്ചത്തില്‍ കൊണ്ട് വന്നിരിക്കുന്നു.
ചേക്കേറാന്‍ പോകുന്ന പക്ഷികളുടെ  കരച്ചില്‍ പിന്നണിയാക്കി സന്ധ്യാ രാഗം  അന്തരീക്ഷത്തില്‍  നിറഞ്ഞു നില്‍ക്കുന്ന  ഈ വേളയില്‍  എന്നോട് ഞാന്‍ തന്നെ ചോദിക്കുകയാണ്  എന്നെങ്കിലും എന്റെ ജീവിതത്തില്‍ നിങ്ങളെ എനിക്ക്  കാണാന്‍ കഴിയുമോ?