Wednesday, November 30, 2016

നോട്ട്ലസ് സമൂഹം..

ഭാരതം ലക്ഷോപ ലക്ഷം  ഗ്രാമങ്ങളുടെ  കൂട്ടായ്മ ആണ്. ഒരോ ഗ്രാമങ്ങൾക്കും  അതാതിന്റെ സംസ്കാരം നിലനിർത്തി വരുകയും ചെയ്യുന്നു. പാശ്ചാത്യ നാടുകളിലെ  പോലെ  നോട്ട്ലസ് ധന വ്യവസ്ഥ ഈ ഗ്രാമങ്ങളിൽ  നിലവിൽ വന്നാലും  ആചാരവും അനുഷ്ഠാനവുമൊന്നും മാറ്റാൻ കഴിയില്ലല്ലോ. ഏത് വ്യവസ്ഥിതിയും  ഉടനൊന്നും മാറാനും പോകുന്നില്ല.  അങ്ങിനെയിരിക്കവേ  നമ്മുടെ ബഹുമാനപ്പെട്ട  പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം നോട്ടെല്ലാം പോയി, പകരം ദേ! ആ ഉരക്കൽ മെഷീൻ വരുകയാണ്. ആക്രിക്കാരൻ വരുന്നു, മീൻ കാരൻ വരുന്നു, പത്രക്കാരൻ പാലുകാരൻ തുടങ്ങി ഞാനും ഞാനുമെന്റെ ആളും ആ നാൽപ്പത് പേരും വരുന്നു,എല്ലാവരുടെ കയ്യിലും കാർഡ് ഉരക്കുന്ന മെഷീനും ഉണ്ട്.അപ്പോഴാണ് നമ്മുടെ മൊല്ലാക്കായുടെ വരവ് . ആചാരവും അനുഷ്ഠാനവുമൊന്നും പെട്ടെന്ന്മാറ്റാൻ  സാധിക്കാത്തതിനാൽ, ഒരു ആണ്ട് നേർച്ചക്ക്, അല്ലെങ്കിൽ  ഒരു ദുആ(പ്രാർത്ഥന) നടത്താനാണ് മൂപ്പരെ ക്ഷണിച്ചത്. അദ്ദേഹം കാര്യ സാദ്ധ്യത്തിന് ശെഷം എന്തുണ്ട് മോനേ! ബിസേസങ്ങൾ എന്ന് ചോദിച്ച് കൊണ്ട് കുത്തിരിക്കുകയാണ്. കൈ മടക്ക് നാട്ടാചാരമാണ്, അത് മാറ്റാൻ ആവില്ലല്ലോ. നമുക്ക് ഒരു സന്തോഷം, മൊല്ലാക്കാക്കും സന്തോഷം. അപ്പോഴാണ് കിതാബിനൊപ്പം കയ്യിൽ വെച്ചിരുന്ന ഒരു സാധനം പൊക്കി കാണിച്ച് മൂപ്പര് പറയുന്നത്:" പേടിക്കണ്ടാന്ന്, നമ്മളും ഇതൊരെണ്ണം വാങ്ങീന്ന് കൂട്ടിക്കോളിൻ.." മൂപ്പരുടെ കയ്യിലും ദാ! നോട്ടുരക്കൽ യന്ത്രം.
 വീട് വെഞ്ചരിക്കാൻ വരുന്ന പള്ളീലച്ചനും മെഷീൻ കരുതണം. ഹോമം നടത്താൻ വരുന്ന സ്വാമിയും, വീട് മുറ്റത്ത് വരുന്ന വെളിച്ചപ്പാടും മെഷീനൊന്നു കരുതണം. ഹോ!  എന്റെ ന.മോ.! ഇദ്ദേഹത്തെ സമ്മതിച്ച് തന്നിരിക്കുന്നു.  അങ്ങയുടെ ഒരു നോട്ട്ലസ്സ് സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.
പക്ഷേ ഒരു സംശയം, പള്ളി, അമ്പലം,  ഇത്യാദികളുടെ  മുറ്റത്തും വഴിയോരത്തും കാണപ്പെടുന്ന ഈ കാണിക്കപ്പെട്ടിയിൽ എന്തെങ്കിലും ഇടണമെങ്കിൽ  നമ്മളെന്ത് ചെയ്യും ? ഒരു പിടിയും കിട്ടുന്നില്ല.

Friday, November 25, 2016

സർവ പ്രധാനമായ വാർത്ത!

തിരക്ക് പിടിച്ച ബസ്സിലേക്ക് കയറാൻ ആരംഭിച്ചപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ബസ്സിലേക്ക് വെച്ച കാൽ പിൻ വലിച്ച് മോബൈലിലേക്ക് നോക്കി. വീട്ടിൽ നിന്നും ഇടത് ഭാഗമാണ് വിളിക്കുന്നത്. ഞാൻ വീട്ടിൽ നിന്നിറങ്ങിയതിന് ശേഷം എന്തെങ്കിലും അത്യാവശ്യ സംഭവവികാസം ഉണ്ടായോ? ഉൽക്കണ്ഠയോടെ ഫോണിലൂടെ ഞാൻ തിരക്കി "എന്താണ് കാര്യം?
 " പെട്ടെന്ന്  തന്നെ  "റ്റിവി.യിലെ വാർത്ത കാണുക" എന്നായിരുന്നു അവളുടെ മറുപടി.
"എന്താ കാര്യം" ഫോണിൽ റ്റി.വി.യുടെ  ബഹളം കേൾക്കാം.
"അത് ,  റ്റി.വി. വാർത്ത കാണുക"  കാര്യം പറയാതെ നമ്മുടെ ഉദ്വേഗം കൂട്ടുന്ന മറുപടിയാണ് പുള്ളിക്കാരിയുടേത്.
"അതിന്, റ്റി.വി.   ഞാൻ പോക്കറ്റിൽ വെച്ച് നടക്കുന്നോ കഴുതേ!"  എനിക്ക് ദേഷ്യം വന്നു.
"ചൂടാകേണ്ടാ വേണമെങ്കിൽ കണ്ടാ മതി" അവൾ നമ്മളെ പുസ്കെന്ന് പ്രതികരിച്ചു.
" നീ കാര്യം പറ, എന്താ നമ്മുടെ മോദിജി ബാക്കി ചില്ലറ നോട്ടും റദ്ദാക്കിയോ?"
"അല്ലാ, മനുഷ്യാ, ഹോ! വലിയ നോട്ട്  റദ്ദാക്കിയിട്ടും നമ്മൾ ജീവിക്കുന്നില്ലേ? പിന്നെയാ ചെറിയ നോട്ട്..." അവൾക്കെല്ലാം നിസ്സാരമാണ്.
"സിറിയയിലെ അലപ്പോവിൽ ആ  റഷ്യക്കാരൻ ദുഷ്ടൻ കുഞ്ഞുങ്ങളുടെ മുകളിൽ ബോംബിട്ടോ? "
" അതിന് റഷ്യക്കാരൻ പുട്ടിന് മുകളിൽ ഇരിക്കുന്നവൻ കൊടുക്കും ശിക്ഷ, അതല്ലേന്ന്, നിങ്ങൾ വാർത്ത കേൾക്ക്.." പണ്ടാരടങ്ങാൻ അവൾ പിന്നെയും നമ്മളെ ടെൻഷനിൽ നിർത്തുകയാണ്.
"ഓ! നിലമ്പൂര് കാട്ടിൽ ഇനീം നക്സലൈറ്റുകാരെ മയ്യത്താക്കി കാണുമായിരിക്കും.." ഞാൻ തിരക്കി.
"ഓ! പിന്നേയ് ! അതൊന്നുമല്ലാ കാന്താ....റ്റി.വി. കാണ് "
"ഒലക്കേടെ മൂട്...നീ പറഞ്ഞ് തുലക്ക്....നമ്മളെ ടെൻഷനടിപ്പിച്ച് കൊല്ലാതെ...."

"നമ്മുടെ ദിലീപ്, കാവ്യാ മാധവനെ മിന്ന് കെട്ടുന്നത് ലൈവായി ദാ റ്റി.വി.യിലെ വാർത്തയിൽ കാട്ടണ്..."

ഇന്ന് ഇനി ആഹാരം വിളമ്പി തന്നില്ലെങ്കിലും സാരമില്ല,  അവളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ തെറിച്ച് പോകുന്ന വിധത്തിൽ ഞാൻ ഒരു ആട്ട് ആട്ടി.
"
ഫ!!!!"
ഈ ദുനിയാവിലെ സർവ പ്രാധാന്യമുള്ള  വാർത്തകളേക്കാളും പ്രധാനപ്പെട്ട ഒരു വാർത്തയെന്ന മട്ടിലാണ് ഈ കല്യാണ വാർത്ത. തമിഴന്റെ പണ്ടത്തെ സിനിമാ പ്രാന്തിനേക്കാളും വട്ടായി പോയോ നമ്മൾ മലയാളികൾക്ക്....ഫൂ!...

Thursday, November 24, 2016

ലാൽ സലാം സഖാവേ!

രാജാവിന്റെ  പൂർവാശ്രമം  അന്വേഷിക്കരുത് എന്നത് ഭാരതീയ  സംസ്കാരം.
രാജാവിന് പകരം ഈ കാലത്ത്  മന്ത്രിമാരാണ് ഭരണം കയ്യാളുന്നത്  . മന്ത്രിമാർ മുമ്പ് എങ്ങിനെ പെരുമാറിയിരുന്നു, എന്ത് ജോലി ചെയ്തിരുന്നു, ഇതൊന്നും മേൽ പറഞ്ഞ പ്രമാണത്താൽ  അന്വേഷണ വിഷയമാകേണ്ട കാര്യമില്ല. നമ്മുടെ മുഖ്യ മന്തി ശ്രീ പിണറായി വിജയൻ  ഭരണം കയ്യാളുന്നതിനു മുമ്പ് എന്തായിരുന്നെന്നും  അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ കർക്കശത  എത്രമാത്രം ഉണ്ടായിരുന്നെന്നും  കേരളീയർക്ക് മന:പാഠമായിരുന്നു. കൊട്ടാരക്കരക്ക് സമീപം  മൈലം  ഗ്രാമത്തിൽ വന്ന് ഒരു മടിയും കൂടാതെ ആരുടെയൊക്കയോ പിതാക്കളെ പറ്റി പറഞ്ഞതും  ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പറ്റി പരനാറി പ്രയോഗം നടത്തിയതും കർക്കശതയുടെ പ്രസിദ്ധമായ ഉദാഹരണങ്ങൾ മാത്രം.ഹാലിയുടെ കോമറ്റ്  80 കൊല്ലം കൂടുമ്പോൾ മാത്രം ആകാശത്തിൽ വരുന്നത് പോലെ  അപൂർവമായി മാത്രം വരുന്ന പുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിലെ ഒരു കോണിൽ മാത്രം ഒതുങ്ങി  നിന്നിരുന്നുവല്ലോ! ഈ മനുഷ്യൻ  ഭരണം കയ്യാളിയാൽ ഈ നാട്ടിന്റെ ഗതി എന്തായിരിക്കുമെന്ന് അന്ധാളിച്ചവർ ധാരാളം.
പക്ഷേ  എല്ലാവരുടെയും ധാരണ തിരുത്തിക്കുറിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുറഞ്ഞ കാലത്തെ ഭരണം.( ഇനിയുള്ളതും അങ്ങിനെ തന്നെ ആയിരിക്കും  എന്ന് കരുതാം) തന്റെ പാർട്ടിയുടെ മുഖ്യമന്ത്രി മാത്രമല്ല  ജനങ്ങളുടെ എല്ലാം മുഖ്യ മന്ത്രിയാണ് താൻ  എന്ന് അദ്ദേഹം ഭരണമേറ്റ നാളിൽ തന്നെ കാണാൻ എത്തിയ മത നേതാക്കന്മാർ തുടങ്ങി സമൂഹത്തിലെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് വന്നവരെ എല്ലാവരെയും സ്വീകരിച്ച  രീതിയിൽ നിന്നും വെളിവാകുന്നു. നടേ സൂചിപ്പിച്ചത് പോലെ അപൂർവമായ പുഞ്ചിരി മുഖത്ത് ഇപ്പോൾ  പ്രകാശം വിതറുന്ന പാൽ ചിരിയായി മാറ്റാൻ  ഒരു പിശുക്കും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.  വാക്കുകൾ അളന്ന് മുറിച്ച് പ്രയോഗിക്കുന്നു, അതും പഴയ രീതിയിലല്ലാതെ .  ഒരിക്കൽ മാത്രം "രാജശേഖരാ" എന്ന് മാത്രം വിളിച്ച് നിർത്തി.  എന്നോട് കളിക്കല്ലേ മോനേ! എന്റെ പഴയ സ്വഭാവം പുറത്തെടുപ്പിക്കല്ലേ കുഞ്ഞേ! എന്ന്പറയാതെ പറഞ്ഞു ആ വിളിയിലൂടെ. അതാണ് അളന്ന് മുറിച്ച പ്രയോഗം .അതങ്ങ് ഏൽക്കുകയും ചെയ്തു. തന്റെ മന്ത്രി സഭയിലെ  തന്റെ പ്രിയപ്പെട്ട അനുയായിയെ  സ്വജനപക്ഷപാത  പരാതിയിന്മേൽ  കുറഞ്ഞ സമയത്തിനുള്ളിൽ പുറത്താക്കി എങ്ങിനെയായിരിക്കും തന്റെ ഭരണമെന്നതിന്റെ  മാതൃക ജനങ്ങൾക്ക് കാട്ടി കൊടുത്തു. പ്രതീക്ഷക്ക് വിപരീതമായ ഒരു ഭരണരീതിയിലൂടെ  ശത്രുക്കളെ പോലും അമ്പരിപ്പിക്കുന്നു ശ്രീ വിജയൻ.
അഭിനന്ദനങ്ങൾ സഖാവേ!  ലാൽ സലാം.

Wednesday, November 23, 2016

മനസറിഞ്ഞ് ശപിക്കുന്നു

ഉദാഹരണാത്തിനായി  പലപ്പോഴും ഞാൻ എന്റെ ബ്ലോഗിൽ ഉദ്ധരിച്ചിട്ടുള്ള ഈ പഴം കഥ  ഒരിക്കൽ കൂടി പറയേണ്ടി വന്നിരിക്കുന്നു.
കലണ്ടറുകളും മറ്റും തീയതി  അറിയുന്നതിനായി ഇല്ലാതിരുന്ന കാലത്ത്  എത്ര തീയതി  എന്നറിയുന്നതിന്  ഉസ്താദ് സഹായം തേടിയിരുന്നത് മൊല്ലാക്കായെ ആയിരുന്നു.  ഉസ്താദിന്  അറബ് തീയതി പറഞ്ഞ് കൊടുക്കാൻ  മൊല്ലാക്ക കണ്ട് പിടിച്ച മാർഗം  ഇപ്രകാരമായിരുന്നു. ചന്ദ്ര പിറവി കാണുന്ന അന്ന് ഒരു കലത്തിൽ ഒരു ചെറിയ കല്ല് എടുത്തിടും. രണ്ടാം ദിവസം ഒരു കല്ല് കൂടി അങ്ങിനെ ദിവസം  അടുത്ത ചാന്ദ്രിക പിറവിവരെ ദിവസവും ഓരോ കല്ല് വീതം മൊല്ലാക്കാ കലത്തിൽ  ഇടും.  ഉസ്താദ് ചോദിക്കുമ്പോൾ മൊല്ലാക്ക കലത്തിൽ നിന്നും കല്ല് കുടഞ്ഞിട്ട് എണ്ണി പത്ത് എണ്ണമുണ്ടെങ്കിൽ ഉസ്താദിനോട് പറയും " ഉസ്താദേ ഇന്ന് തീയതി പത്ത്..."  ഇതായിരുന്നു പതിവ്.  ഒരു ദിവസം കുരുത്തം കെട്ട കുട്ടികൾ മൊല്ലാക്ക കലത്തിൽ കല്ലിടുന്നത് കണ്ട് അവരും ഓരോ പിടി കല്ല് വാരി കലത്തിൽ ഇട്ടു. ഉസ്താദ് തീയതി ചോദിച്ചപ്പോൾ മൊല്ലാക്ക കലം കുടഞ്ഞിട്ട് എണ്ണാൻ തുടങ്ങി കുറേ കഴിഞ്ഞപ്പോൾ ഉസ്താദ് ചോദിച്ചു "എത്രയായി തീയതി?" മൊല്ലാക്ക പറഞ്ഞ് " "നാൽപ്പത്തിഒൻപത്"  നാൽപ്പത്തി  ഒൻപതോ? എന്ന് അതിശയം കൂറി നിൽക്കുന്ന ഉസ്താദിനോട് മൊല്ലാക്ക പറഞ്ഞു " ഇനിയുമുണ്ട് എണ്ണാൻ .. ഇത് ആരംഭം മാത്രമാണ്."
ഈ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം നമ്മുടെ ബഹു:പ്രധാനമന്ത്രി നോട്ടുകൾ പിൻ വലിച്ച വിഷയം പരാമർശിച്ചപ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞു വത്രെ! "ആരംഭിച്ചതേ ഉള്ളൂ..."  എന്ന്.   എന്ന് വെച്ചാൽ  പുറകാലേ  പലതും വരുന്നുണ്ടെന്ന്.
ദൈവമേ! ഇത് തന്നെ സഹിക്കാൻ വയ്യാതായിരിക്കുന്നു.  ഇനി എന്തെല്ലാമാണോ വരുന്നത്? ഭയമാകുന്നു. ആശുപത്രിയിൽ പൈസാ കൊടുക്കാനാവാതെ ,  പെൺകുട്ടിയെ കെട്ടിച്ചയക്കാൻ കഴിയാതെ,  വസ്തു വിൽക്കാൻ കഴിയാതെ  അദ്ധ്വാനിച്ച്  നിക്ഷേപിച്ച പൈസാ ആവശ്യത്തിന് പിൻ വലിക്കാനാവതെ  ജനം മനസറിഞ്ഞ് ശപിക്കുകയാണ്.  നരേന്ദ്ര മോദിയെയല്ല,  ഒന്നും ചെയ്യാനാവാതെ പരസ്പരം പള്ളയിൽ കുന്തം കയറ്റാൻ തക്കം നോക്കുന്ന ഷണ്ഡന്മാരായ നിഷ്ക്രിയരായ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളെ മനസ്സറിഞ്ഞ് ജനം ശപിക്കുന്ന  കാഴ്ചയാണ് എങ്ങും കാണുന്നത്. 

Friday, November 18, 2016

"മുതലാളീ വന്നോ?"

കഥാപ്രസംഗ ലോകത്തെ മുടിചൂടാ മന്നനായിരുന്ന  സാംബവശിവൻ  "വിലക്ക് വാങ്ങാം" എന്ന തന്റെ കഥയിൽ അന്നത്തെ പൊതുവിതരണത്തെ സംബന്ധിച്ച് ഒരു അവസ്ഥ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. റേഷൻ കടയിൽ അരി വാങ്ങാൻ പോകുന്ന ഗ്രാമീണ സ്ത്രീ റേഷൻ കടക്കാരനോട് ചോദിക്കുന്നു "മുതലാളീ, വന്നോ? (അരിയാണ് ഉദ്ദേശം) ഉദ്ദേശം  മനസിലാക്കി കടക്കാരൻ പറയുന്നു. "ഇല്ല" പിറ്റേ ദിവസവും സ്ത്രീ കടയിൽ ചെല്ലുന്നു, തന്റെ ചോദ്യം ആവർത്തിക്കുന്നു"മുതലാളീ വന്നോ" കടക്കാരൻ മൊഴിയുന്നു "സ്വൽപ്പം...."

 ഇവിടെ ഇത് കുറിക്കാൻ കാരണം ഈ നാട്ടിൽ ഇപ്പോൾ  ഇതാണ്  അവസ്ഥ. റേഷൻ കടക്ക് പകരം എ.റ്റി.എം. കൗണ്ടർ ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ക്യാബിനിൽ നിന്നും  പുറത്തേക്കിറങ്ങുന്നവരോട്  വെളിയിൽ നിൽക്കുന്നവർ  ചോദിക്കുന്നു  " വന്നോ?" ഇറങ്ങി വരുന്നവൻ പറയുന്നു "ഊങ്ഹും " പിറ്റേ ദിവസവും നമ്മൾ കയ്യിലെ കാർഡുമായി  കൗണ്ടറിന്റെ മുമ്പിൽ ചെല്ലുന്നു. ഇറങ്ങി വരുന്നവനോട് ചോദിക്കുന്നു "വന്നോ?" അയാൾ മറുപടി പറയുന്നു, "സ്വൽപ്പം... രണ്ടായിരം കിട്ടും, പെട്ടെന്ന് കയറിക്കോളൂ, സാധനം ഇപ്പോൾ തീരും" നമ്മൾ അകത്ത് കയറി ആവശ്യമുള്ളിടത്തെല്ലാം ഞെക്കുന്നു. രണ്ടായിരത്തിന്റെ അവലക്ഷണം പിടിച്ച ഒരു നോട്ട് കിട്ടുന്നു,  അതും കൊണ്ട് അടുത്ത കട ലക്ഷ്യമാക്കി  പായുന്നു
100 മുളക്, 200 പഞ്ചസാര, 50 തേയില  നമ്മുടെ ആവശ്യം കടക്കാരനോട് മൊഴിയുന്നു.  കടക്കാരന്റെ നോട്ടം  നമ്മുടെ കീശയിലേക്കാണ്. നമ്മൾ അഭിമാനപൂർവം  രണ്ടായിരത്തിന്റെ നോട്ട് പൊക്കി കാണിക്കുന്നു. കടക്കാരൻ ചാടി എഴുനേറ്റ് നമ്മളെ തൊഴുതുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത് .  " നമ്മൾ  തമ്മിൽ ഒരു ശത്രുതയുമില്ലല്ലോ  സാറേ! പിന്നെന്തിനാ സാറ്  ഈ സാധനം പൊക്കി കാണിക്കുന്നത്. " അയാൾ പതുക്കെ പതുക്കെ കടയിൽ നിന്നുമിറങ്ങി  ജോലിക്കാരനോട് "എടാ കടയുടെ ഷട്ടറ് ഇട്ടേരെ "എന്ന്  വിളിച്ച് പറഞ്ഞ് നമ്മളെ  തിരിഞ്ഞ് നോക്കി  ഓടുമ്പോൾ  "അ"  കളഞ്ഞ അണ്ണാനെ പോലെ  നമ്മൾ പകച്ച് നിൽക്കുകയാണ്.
ഇതാണ് ഈ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ.