Wednesday, November 26, 2014

മറൈൻ ഡ്രൈവ് പുതിയ വാക്ക്

കാലം  പുതിയ പുതിയ വാക്കുകൾ  ഭാഷയിലേക്ക്  കൊണ്ട്  വരുന്നു. 

നാരായണച്ചാര് ചെത്താൻ  പോയി എന്ന്  പണ്ട് കാലത്ത്   പറഞ്ഞാൽ  തന്റെ കത്തിയും മറ്റ് ഉപകരണങ്ങളും എടുത്ത്  നാരായണച്ചാര് തെങ്ങ്  ചെത്താൻ പോയി  എന്നാണ് നാം  മനസിലാക്കുക  എന്നും  എന്നാൽ അദ്ദേഹത്തിന്റെ  മകൻ  വിക്രമൻ ചെത്താൻ  പോയി എന്ന്   ഈ കാലത്ത്  നാം കേട്ടാൽ  അതിനർത്ഥം  വിക്രമച്ചാര്  തന്റെ പാന്റും ഷർട്ടും വലിച്ച്  കയറ്റി  കോളേജ് വിട്ട സമയം  മോട്ടോർ സൈക്കിളിൽ  ഊരു  ചുറ്റാനിറങ്ങിയെന്നുമാണ് നാം മനസിലാക്കേണ്ടതെന്ന്   എവിടെയോ  വായിച്ചിരുന്നു.

കാലം  മാറുമ്പോൾ  എവിടെ  നിന്നെല്ലാമോ  വാക്കുകൾ  കയറിവരുന്നു, അത്  ജനം കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

അടിയും  പൊളിയും  രണ്ട്  വാക്കുകളാണെന്ന്  പണ്ട്  മനസിലാക്കിയിരുന്നെങ്കിൽ  ഇപ്പോൾ  അടിപൊളിയുടെ  അർത്ഥം വിശാലമാണ്.

ഈ അടുത്ത കാലത്ത് എന്റെ അഭിഭാഷക സുഹൃത്തിൽ നിന്നും  വന്നു  ഒരു  പുതിയ  വാക്ക്  .  പുതിയതായി  എന്റ്രോൾ  ചെയ്ത  എന്റെ  ഒരു കുട്ടി  അദ്ദേഹത്തിന്റെ ഓഫീസിൽ  ജൂനിയർ വക്കീലായി  ചേർന്നു. സീനിയർ  അഭിഭാഷകന്റെ കമന്റ്."  സാറേ!  സാറിന്റെ ഒരു പയ്യൻ  "ബംഗാളി"  ആയി  എന്റെ ഓഫീസിൽ വന്നിട്ടുണ്ട്.   സഹായി,  ജോലിക്കാരൻ   എന്ന  വാക്കുകൾക്ക് പകരം വെക്കാൻ  ബംഗാളി  എന്ന   പദം   ഇപ്പോൾ പുതിയതായി  ഭാഷയിൽ വന്നിരിക്കുന്നു.

മുയലിനെ  വ്യാവസായികമായി  വളർത്തി  എങ്ങിനെ ലാഭമെടുക്കാം  എന്ന വിഷയം  വളഞ്ഞ് കൂടി ചർച്ചക്കിട്ടപ്പോൾ  ഒരു സ്നേഹിതൻ  ഇങ്ങിനെ  കമന്റി.(കമന്റിയും പുതിയ  പദമാണേ!) "അയ്യോ! ദൈവമേ! വേണ്ടാ....  വേണ്ടാ ... വീട്ടിൽ   കുട്ടികളുണ്ട്..."

"അതിനെന്താടോ  കുഴപ്പം,  മുയൽ  വീട്ടിലെ   കുട്ടികളെ  കടിക്കുമോ?"

"അല്ലാ..അതല്ലാ...കുഴപ്പം.  മുയൽ മറൈൻ ഡ്രൈവ്   കക്ഷിയാണ്..അതിന്  സ്ഥലകാലഭേദമില്ല,  ഭാര്യയും ഭർത്താവുമായി  എവിടെ  വെച്ചും  പണി  പറ്റിച്ച് കളയും..നമ്മൾ  കുട്ടികളുമായി  കളി  തമാശ  പറഞ്ഞിരിക്കുമ്പോഴായിരിക്കും   മുയലമ്മയും  മുയലച്ചനും കൂടി  ഓടി  വന്ന്  നമ്മുടെ  മുമ്പിൽ വെച്ച് മറൈൻ ഡ്രൈവ്  വേല  ചെയ്ത്  കളയും....നമ്മുടെ  കുഞ്ഞുങ്ങളും ചമ്മും  നമ്മളും  ചുമ്മും... വേണ്ടാ...വേണ്ടാ...."

ദാ!   വന്നു,   ഭാഷയിലേക്ക്   ഒരു  പുതിയ  വാക്ക്:-" മറൈൻ  ഡ്രൈവ്  പരിപാടി"

Wednesday, November 19, 2014

അലാവുദ്ദീനും ജിന്നും ബിരിയാണിയും

 അലാവുദ്ദീൻ  വിളക്കിൽ തലോടുമ്പോൾ  ജിന്ന് (ഭൂതം) പ്രത്യക്ഷപ്പെട്ട്  ആവശ്യങ്ങൾ  സാധിച്ച്  കൊടുക്കുന്നു.  വായിക്കുന്ന കഥകളെല്ലാം  സത്യമെന്ന്  വിശ്വസിച്ചിരുന്ന  ബാല്യത്തിൽ അലാവുദ്ദീനും ജിന്നും  തലയിൽ നിറഞ്ഞ്  നിന്നിരുന്ന  സമയങ്ങളിലെല്ലാം  എനിക്ക്  അപ്രകാരം  വിളക്കും  അതിന്റെ  അടിമയായ  ജിന്നിനെയും  കിട്ടിയാൽ  ഞാൻ  ആദ്യം  എന്താൺ്  ആവശ്യപ്പെടുന്നതെന്ന്  നല്ല  തിട്ടമുണ്ടായിരുന്നല്ലോ!  ഒരു  താലാ ബിരിയാണി!.  അതിനായിരുന്നു  എല്ലാറ്റിനും മുമ്പിലായി  ഞാൻ  പരിഗണന  കൊടുത്തിരുന്നത്. താലാ  എന്താണെന്നറിയാമോ?  അന്ന് വിവാഹ  വീടുകളിൽ  ബിരിയാണി   വിളമ്പാൻ ഉപയോഗിച്ചിരുന്ന  വലിയ  അലൂമിനിയം  പാത്രമായിരുന്നു  താലാ.   ഈ പാത്രത്തിന്റെ  രണ്ട്  വശത്തും  ഓരോ  ആൾക്കാർ   ഇരുന്നാണ്   അന്ന് ആഹാരം  കഴിച്ചിരുന്നത്.  അപ്രകാരമുള്ള  ഒരു  താലാ ബിരിയാണിയാണ്  എന്റെ ജിന്ന്  എനിക്ക്  കൊണ്ട്  വന്ന്  തരേണ്ടത്.  ഞാൻ   സമാധാനത്തോടെ  ഇരുന്ന്  കൊതി  തീരെ  തിന്നും.  ഈ മോഹത്താൽ  വീട്ടിലുണ്ടായിരുന്ന  വിളക്കുകളെല്ലാം  ഞാൻ  തടവി  നോക്കി.  ജിന്നിന്റെ  വിളക്ക്  ഏതാണെന്ന്  അറിയില്ലല്ലോ.  പിന്നീട്  ഈ വിളക്ക്  തലോടൽ  അയൽ  വീടുകളിലെ  വിളക്കുകളിലും  മറ്റാർക്കും  സംശയം  തോന്നാത്ത  വിധം   ഞാൻ  പ്രയോഗിച്ച്  നോക്കിയിരുന്നു.  വളരെ  വർഷങ്ങൾക്ക് ശേഷം    എന്തും  സാധിച്ച് തരുന്ന ജിന്ന്  ഇപ്പോൾ ഗാന്ധി തലയായ്  പോക്കറ്റിൽ  കിടക്കുന്ന  ഈ പ്രായത്തിൽ  എനിക്ക് എത്ര  ബിരിയാണി  വേണമെങ്കിലും  വാങ്ങി  കഴിക്കാൻ  സാധിക്കും. .  പക്ഷേ  കാര്യം  എപ്പോഴും  സാധ്യമെന്നിരിക്കെ  ബിരിയാണിയോടുള്ള  ആർത്തി  എന്നിൽ  ഇല്ലാതായിരിക്കുന്നു.  അതങ്ങനെ  തന്നെയല്ലേ  വരൂ.  കിട്ടാത്ത  സാധത്തിനാണ്  മനുഷ്യന്  ആർത്തി  കൂടുതൽ  ഉണ്ടാകുന്നത്.  അത്  കൊണ്ടല്ലേ  വിവാഹത്തിന്  ആർത്തി പിടിച്ചവരൊക്കെ  വിവാഹം  കഴിഞ്ഞ്  ഇതെന്തൊരു  കുരിശ്  എന്ന്  വിലപിക്കുന്നത്!!!

Monday, November 3, 2014

നായ് പ്രണയം

http://2.bp.blogspot.com/_I9tXToSNX0s/TTY58LjxwvI/AAAAAAAAAcs/KGz6GW6Ifko/s400/100_2552.JPGhttp://2.bp.blogspot.com/_I9tXToSNX0s/TTY58LjxwvI/AAAAAAAAAcs/KGz6GW6Ifko/s400/100_2552.JPG തങ്ങളുടേത് മാത്രമായ ആശയത്തെ അതെത്ര ഉദാത്തമായാലും അനുകരണ ഭ്രാന്തുള്ളവരിലും ചപല മനസ്കരിലും വളഞ്ഞ വഴിയിലൂടെ സന്നിവേശിപ്പിക്കാനും പ്രസിദ്ധി നേടാനുമുള്ള ചിലരുടെ താല്പര്യത്തെ ഇവിടത്തെ മീഡിയാകൾ അനാവശ്യമായ പ്രചാരം വഴി പിന്തുണ നൽകിയതിന്റെ കോലാഹലമാണ് ഇന്നലെ എറുണാകുളത്ത് കണ്ടത്. ഏറെ ദിവസങ്ങളായി മഞ്ഞും മഴയും കൊണ്ട് ഭരണ സിരാകേന്ദ്രത്തിൽ കുറേ പേർ നടത്തുന്ന നിൽപ്പ് സമരത്തിന് ചുംബന കോലാഹലത്തിന് നൽകിയ പ്രചാരത്തിന്റെ പകുതി പ്രചാരം മീഡിയാകൾ നൽകിയിരുന്നെങ്കിൽ ആ സമരം എന്നേ പരിഹരിക്കപ്പെട്ടേനെ. എന്ത് കൊണ്ട് ഇവർ കന്നി മാസത്തിൽ നായ്ക്കൾ നടത്തുന്ന പരസ്യമായ ഇണ ചേരലിന് ഇത്രയും പ്രചാരം നൽകുന്നില്ല?! അത് പട്ടികളുടെ ജന്മനാലുള്ള സ്വഭാവമായതിനാലും പക്ഷേ ഈ മലയാള നാട്ടിലെ മനുഷ്യർ ഉരൽ വിഴുങ്ങുമ്പോഴും ഒരു വിരൽ കൊണ്ട് മറച്ച് വെയ്ക്കാൻ താല്പര്യം കാണിക്കുന്നവരുമായതിനാൽ ഇപ്പോൾ അവർ ആ പതിവ് തെറ്റിച്ച് നായ്ക്കളുടെ ആദർശം ഉൾക്കൊള്ളുന്നതായി കാണപ്പെടുകയും ചെയ്യുമ്പോൾ അതിന് വാർത്താ പ്രാധാന്യം ഉള്ളതിനാലുമാണെന്നാണ് മീഡിയാകളുടെ ഉത്തരമെങ്കിൽ ഒന്നും പറയാനില്ല. കാലം കടന്ന് പോയപ്പോൾ നായ്ക്കളുടെ രീതി നമ്മുടെ രീതി ആയത് അറിയാൻ സാധിച്ചില്ലാ കൂട്ടരേ!