Wednesday, November 19, 2014

അലാവുദ്ദീനും ജിന്നും ബിരിയാണിയും

 അലാവുദ്ദീൻ  വിളക്കിൽ തലോടുമ്പോൾ  ജിന്ന് (ഭൂതം) പ്രത്യക്ഷപ്പെട്ട്  ആവശ്യങ്ങൾ  സാധിച്ച്  കൊടുക്കുന്നു.  വായിക്കുന്ന കഥകളെല്ലാം  സത്യമെന്ന്  വിശ്വസിച്ചിരുന്ന  ബാല്യത്തിൽ അലാവുദ്ദീനും ജിന്നും  തലയിൽ നിറഞ്ഞ്  നിന്നിരുന്ന  സമയങ്ങളിലെല്ലാം  എനിക്ക്  അപ്രകാരം  വിളക്കും  അതിന്റെ  അടിമയായ  ജിന്നിനെയും  കിട്ടിയാൽ  ഞാൻ  ആദ്യം  എന്താൺ്  ആവശ്യപ്പെടുന്നതെന്ന്  നല്ല  തിട്ടമുണ്ടായിരുന്നല്ലോ!  ഒരു  താലാ ബിരിയാണി!.  അതിനായിരുന്നു  എല്ലാറ്റിനും മുമ്പിലായി  ഞാൻ  പരിഗണന  കൊടുത്തിരുന്നത്. താലാ  എന്താണെന്നറിയാമോ?  അന്ന് വിവാഹ  വീടുകളിൽ  ബിരിയാണി   വിളമ്പാൻ ഉപയോഗിച്ചിരുന്ന  വലിയ  അലൂമിനിയം  പാത്രമായിരുന്നു  താലാ.   ഈ പാത്രത്തിന്റെ  രണ്ട്  വശത്തും  ഓരോ  ആൾക്കാർ   ഇരുന്നാണ്   അന്ന് ആഹാരം  കഴിച്ചിരുന്നത്.  അപ്രകാരമുള്ള  ഒരു  താലാ ബിരിയാണിയാണ്  എന്റെ ജിന്ന്  എനിക്ക്  കൊണ്ട്  വന്ന്  തരേണ്ടത്.  ഞാൻ   സമാധാനത്തോടെ  ഇരുന്ന്  കൊതി  തീരെ  തിന്നും.  ഈ മോഹത്താൽ  വീട്ടിലുണ്ടായിരുന്ന  വിളക്കുകളെല്ലാം  ഞാൻ  തടവി  നോക്കി.  ജിന്നിന്റെ  വിളക്ക്  ഏതാണെന്ന്  അറിയില്ലല്ലോ.  പിന്നീട്  ഈ വിളക്ക്  തലോടൽ  അയൽ  വീടുകളിലെ  വിളക്കുകളിലും  മറ്റാർക്കും  സംശയം  തോന്നാത്ത  വിധം   ഞാൻ  പ്രയോഗിച്ച്  നോക്കിയിരുന്നു.  വളരെ  വർഷങ്ങൾക്ക് ശേഷം    എന്തും  സാധിച്ച് തരുന്ന ജിന്ന്  ഇപ്പോൾ ഗാന്ധി തലയായ്  പോക്കറ്റിൽ  കിടക്കുന്ന  ഈ പ്രായത്തിൽ  എനിക്ക് എത്ര  ബിരിയാണി  വേണമെങ്കിലും  വാങ്ങി  കഴിക്കാൻ  സാധിക്കും. .  പക്ഷേ  കാര്യം  എപ്പോഴും  സാധ്യമെന്നിരിക്കെ  ബിരിയാണിയോടുള്ള  ആർത്തി  എന്നിൽ  ഇല്ലാതായിരിക്കുന്നു.  അതങ്ങനെ  തന്നെയല്ലേ  വരൂ.  കിട്ടാത്ത  സാധത്തിനാണ്  മനുഷ്യന്  ആർത്തി  കൂടുതൽ  ഉണ്ടാകുന്നത്.  അത്  കൊണ്ടല്ലേ  വിവാഹത്തിന്  ആർത്തി പിടിച്ചവരൊക്കെ  വിവാഹം  കഴിഞ്ഞ്  ഇതെന്തൊരു  കുരിശ്  എന്ന്  വിലപിക്കുന്നത്!!!

3 comments:

  1. കിട്ടുന്നതുവരെ.........!!

    ReplyDelete
  2. വിളക്കുകൾ ഇപ്പോളും തടവി നോക്കാറുണ്ടോ ?

    ReplyDelete
  3. ശരിയാണ്. സുലഭമായാല്‍ രുചിയെവിടെ?

    ReplyDelete