Showing posts with label പ്രതികരണം.. Show all posts
Showing posts with label പ്രതികരണം.. Show all posts

Wednesday, July 17, 2024

സിനിമാ ഗർവ്

 ആസിഫ് അലി vers  രമേശ് നാരായണൻ

ആവർത്തന വിരസമായ ഈ വിഷയത്തിൽ ഇനി ഒന്നും പ്രതികരിക്കാനില്ല. പക്ഷേ  ഇപ്പോൾ പുതുതായി എന്തോ സംഭവിച്ചത് പോലെയാണ് ആൾക്കാർ പ്രതികരിക്കുന്നത്. മൂത്ത് പോയാൽ ഏത് കലാകാരനും  പുറത്തെടുക്കുന്ന  ഒന്നാണീ ഗർവ്   ഈ സത്യം നാല് ചുറ്റും നോക്കിയാൽ നമുക്ക് ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. വലിയ കലാകാരന്മാരിൽ  ഈ അസുഖം കുറവുള്ളവർ ചുരുക്കമാണ്.

മഹാ നടൻ ജയന്റെ അപകടമരണത്തെ തുടർന്ന്  ക്ളച്ച് പിടിച്ച സിനിമാ  “ കോളിളക്കം“      അൻപതാം ദിവസം ആഘോഷത്തിൽകൊട്ടാരക്കരയിലെ സിനിമാ തീയേറ്ററിൽ  മുഖ്യാതിഥിയായി നടൻ മധുവും   അതിൽ അഭിനയിച്ച മറ്റ് നടന്മാരായ  , കുഞ്ചൻ ,സിലോൺ മനോഹർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതുവരെ ഈയുള്ളവൻ ധരിച്ച് വെച്ചിരുന്നത്  സിനിമയിൽ കാണുന്നത് പോലെ അഭിനേതാക്കൾ വ്യക്തി ജീവിതത്തിലും ഇടപെട്ട് ജീവിക്കുമെന്നായിരുന്നു.  പക്ഷേ ഉയർന്ന നടന്മാരും ഇതര അഭിനേതാക്കളും  തമ്മിലുള്ള ഇടപെടൽ കണ്ട ഞാൻ  അന്ന് അന്തം വിട്ട് പോയി. കുഞ്ചനും മനോഹറും മധുവിന്റെ  മുമ്പിൽ കസേരയിൽ ഇരുന്നത് പോലുമില്ല.  അവസാനം മധു നിർബന്ധിച്ചപ്പോഴാണ് അവർ ഇരുന്നത്. തിരികെ പോരാൻ നേരം മധുവിന്റെ കാറിൽ അദ്ദേഹം മാത്രമുണ്ടായിട്ടും അതേ റൂട്ടിൽ  പോകേണ്ടിയിരുന്ന  അവർ മറ്റൊരു കാറിലാണ് പോയത്.

മലയാളത്തിലെ ഇപ്പോഴത്തെ മെഗാ സ്റ്റാർ കടന്ന് വരുമ്പോൾ  ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ  അദ്ദേഹത്തിന് അതിയായ കോപം വരുമത്രേ. മറ്റൊരു മെഗാ സ്റ്റാറിനെ  എയർ പോർട്ടിൽ വെച്ച് കണ്ടപ്പോൾ ആവേശം മൂത്ത ആരാധകൻ കയ്യിൽ ഒന്ന് തൊട്ടപ്പോൽ മെഗാ സ്റ്റാർ ആരാധകനെ കൈ വീശി ഒന്ന് കൊടുത്തത് പരസ്യമായ വസ്തുതയാണ്. എന്തിനേറെ മലയാളത്തിലെ ഗാന ഗന്ധർവന്റെ അടുത്ത് നിന്നിരുന്ന ഒരു ആരാധകൻ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സെൽഫി എടുത്തതിൽ രോഷം പൂണ്ട ഗന്ധർവൻ ആരാധകന്റെ മൊബൈൽ  ബലമായി വാങ്ങി അതിലെ ദൃശ്യം ഡിലറ്റ് ചെയ്തത് നാം  കണ്ടതാണല്ലോ.

സിനിമയിൽ മാത്രമല്ല സാഹിത്യ രംഗത്തുമുണ്ട് ഈ തരം ഉച്ച നീചത്വം. മലയാളത്തിലെ കുലപതിയെ കൊണ്ട് അവതാരിക എഴുതിപ്പിക്കാൻ ചെന്ന ചിന്ന സാഹിത്യകാരനെ  കുലപതി ഭയങ്കര കോപത്തോടെ ആട്ടി പായിച്ചത്  ഏതോ ഒരു ബ്ളോഗ് മീറ്റിൽ വെച്ച് എന്റെ ഒരു സ്നേഹിതൻ പറഞ്ഞത് ഓർത്ത് പോകുന്നു. കുലപതി സുഖമില്ലാതെ കിടകുകയായിരുന്നു എന്നത് എന്ത് കൊണ്ട് മനസ്സിലാക്കിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം,.

എല്ലാ രംഗത്തും ഉണ്ട് ഈ സൂപ്പർ ഈഗോ.  താഴ്ന്ന നിലയിൽ നിന്നും “മൂത്താശാരി “ ആയി കഴിയുമ്പോൾ ഉണ്ടാകുന്ന ഹുങ്ക്. അപ്പോൾ അതേ  ഫീൽഡിലുള്ളവരോടൂം ആരാധകരോടം ഈ ഗർവ് കാണിക്കും. ഒപ്പത്തിനൊപ്പം ഉള്ളവരെ മാത്രം പരിഗണിക്കും. അല്ലാത്തവരോട് അയിത്തവും.  ഇത് സർവ സാധാരണമായ പതിവാണ്. പുതുതായിട്ടുള്ളതൊന്നുമല്ല.

അത് കൊണ്ടാണ് ഒപ്പത്തിനൊപ്പം എന്ന്  രമേശ് ജി  കരുതുന്ന ജയരാജനെ വിളിച്ചതും ആസിഫ് അലിയോട് ഗൊ റ്റു ദി ക്ളാസെന്ന് പറയാതെ പറഞ്ഞതും.

Wednesday, May 10, 2023

നിയമ ദുർ വ്യാഖ്യാനം

 അഛാ!

എന്താ മോനേ!

ഇതാ അവിടെ ഒരു പമ്പ്.......

മോനേ! വാക്കുകൾ ചുരുക്കി പറയരുത്, നീട്ടി പറയണം...പമ്പല്ല..പാമ്പ്...“

‘ഹോ! അതിന്റെ ഒരു പാത്തി...“

“പാത്തിയല്ല, മോനേ...വാക്കുകൾ ചുരുക്കി പറഞ്ഞ് പഠിക്കണം പാത്തിയല്ല അതിന്റെ പത്തി...“

അഛാ...ഹോ അതിന്റെ ഒരു ഒട്ടം....

“എന്താ മോനേ ഇത്...വാക്കുകൾ നീട്ടിപ്പറയണമെന്ന് ഞാൻ പറഞ്ഞില്ലേ...ഒട്ടമല്ല...അതിന്റെ ഓട്ടം....“

പാടി പതിഞ്ഞ ഈ പഴങ്കഥ ഇവിടെ ഇപ്പോൾ പറഞ്ഞത് കൊട്ടാരക്കര  സർക്കാർ ആശുപത്രിയിലെ  യുവ ഡോക്ടറുടെ ദാരുണ അന്ത്യത്തെ  സംബന്ധിച്ച്  പഴയ  ഒരു ഉത്തരവിന്റെ ദുർവ്യാഖ്യാനങ്ങൾ  ഓൺ ലൈനിൽ വ്യാപകമായി  കണ്ടത് കൊണ്ടാണ്.

 തടി രക്ഷിക്കാൻ   എല്ലാവരും നിയമത്തെ ദുർവ്യാഖ്യാനം ചെയ്യും. ഈ കേസിലും  അതുണ്ടായി. പ്രതിയെ വൈദ്യ പരിശോധനക്കായി പോലീസ് കൊണ്ട് വരുമ്പോൾ   പരിശോധനാ സമയം  പ്രതിയിൽ നിന്നും ഡോക്ടറിൽ നിന്നും പോലീസ് അകന്ന് നിൽക്കണം  എന്ന്  ഉത്തരവിൽ പറയുന്നു.  അത് നടപ്പിലാക്കാൻ വർഷങ്ങൾക്ക് മുമ്പ്  ഒരു വനിതാ ഡോക്ടർ തന്നെ മുന്നിട്ട് ഇറങ്ങുകയും ചെയ്തിരുന്നു.

പക്ഷേ ഓരോന്നിനും അതിന്റേതായ സമയവും സ്ന്ദർഭവുമില്ലേ ദാസാ....! മനുഷ്യന് വിവേചനാ ബോധം നൽകിയിരിക്കുന്നത് അതിനല്ലേ.... മുകളിലെ നാടോടി കഥയിലെ ഉദാഹരണം പോലെ വാക്കുകൾ അതേപടി അനുസരിച്ചാൽ വലിയ കുഴപ്പങ്ങൾ സംഭവിക്കും. ആ ഉത്തരവ് അൽപ്പമൊന്ന് ലംഘിച്ചിരിന്നെങ്കിൽ ഒരു പാവം പെൺകുട്ടി കൊലക്കത്തിക്കിരയാകില്ലായിരുന്നു. നിയമ ലംഘനത്തിന് പഴി കേട്ടേക്കാം പക്ഷേ ഒരു ജീവൻ  നഷ്ടപ്പെടില്ലായിരുന്നു

 അങ്ങിനെ നിയമം അൽപ്പമൊന്ന് വ്യതി ചലിപ്പിക്കുന്ന കാരണം ഡോക്ടറെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു 

 പ്രതിയെ കൊണ്ട് വന്ന പോലീസ്കാരന് പ്രതിയുടെ  അക്രമ സ്വഭാവം  തിരിച്ചറിയാൻ കഴിവുണ്ടായിരിക്കണം.അത് സാധ്യമാകണമെങ്കിൽ  സംഭവങ്ങളുടെ തുടക്കത്തിൽ തന്നെ  അതായത് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത സമയം മുതൽ കൂടെ ഉണ്ടായിരുന്ന പോലീസ്കാരനായിരിക്കണം അയാളെ ആശുപത്രിയിൽ കൊണ്ട് വരേണ്ടിയിരുന്നത്. അങ്ങിനെയാണോ ഇവിടെ സംഭവിച്ചതെന്നറിയില്ല്. സാധാരണയായി ഒരു പ്രതിയെ ആശുപത്രിയിൽകൊണ്ട് പോകാൻ അപ്പോൾ അവിടെ ഉണ്ടാകുന്ന ഏതെങ്കിലും കോൺസ്റ്റേബിളിന് ചുമതല നൽകും അയാൾക്ക് പ്രതിയുടെ സ്വഭാവത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിയില്ലായിരിക്കാം, അത് കൊണ്ട് തന്നെ സാധാരണ കേസ് പോലെ അയാൾ ഇതും കൈകാര്യം ചെയ്തിരിക്കാം. ഇതെല്ലാം ഇനി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ആ കുട്ടി പോയി...അവളുടെ  രക്ഷിതാക്കൾക്ക് അവളെ നഷ്ടപ്പെട്ടു...അവരുടെ എല്ലാ സ്വപ്നവും തകർന്നു.

ഇപ്പോൾ ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്ന നിയമം അതിന്റേതായ സമയത്തും സന്ദർഭത്തിലും യുക്തി സഹജമായിരുന്നു. പക്ഷേ എല്ലാവരും തിരിച്ചറിയാത്ത സത്യം  നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടില്ലാ എന്ന്മാണ്. അത് തിരിച്ചറിഞ്ഞ് ബോദ്ധ്യപ്പെട്ട് പ്രവർത്തിക്കാനുള്ള കഴിവ്  നിയമം കൈകാര്യം ചെയ്യുന്ന എല്ലാ വിഭാഗത്തിനും നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്.

പണ്ട് വളരെ പണ്ട് ഈ ആശുപത്രിക്കെട്ടിടത്തിന്റെ മുമ്പിൽ വെച്ച് ഒരു വനിതാ ഡോക്ടർക്ക് കുത്തേറ്റു, അവർ ഒരു ഗയ്നക്കോളജിസ്റ്റ് ആയിരുന്നു.  . രോഗിയുടെ ബന്ധുവായിരുന്നു പ്രതി. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചില്ല, ഇന്ന് അവർ ഉണ്ടോ എന്നുമറിയില്ല. പ്രതി ശിക്ഷിക്കപ്പെട്ടു എന്നാണറിഞ്ഞത്. ഡോക്ടർ കാറിൽ നിന്നിറങ്ങുമ്പോഴായിരുന്നു കുത്തേറ്റത് അന്ന് ജനം പലവിധത്തിൽ പ്രതികരിച്ചു പക്ഷേ ഇന്ന് ഈ കുട്ടിയുടെ കാര്യത്തിൽ ജനം ഒറ്റക്കെട്ടായി വേദനിക്കുന്നു,

 അത് കൊണ്ട് തന്നെ ഇന്ന് നഗരം ഇത് വരെ കാണാത്ത വിധത്തിൽ ആശുപത്രി തൂപ്പ്കാരി മുതൽ സൂപ്രണ്ട് വരെ ഒറ്റക്കെട്ടായി പൊരി വെയിലത്ത് അണി നിരന്ന പ്രതിഷേധ റാലിക്ക് പൊതുജനം സർവാത്മനാ  പിൻ തുണ നൽകുകയും ചെയ്തു.

  ഇപ്രകാരം മേലിൽ സംഭവിക്കാതിരിക്കാൻ ഭരിക്കുന്നവർ ഉണർന്ന് പ്രവർത്തിക്കട്ടെ....

Sunday, April 23, 2023

ആധുനിക കോഴ്സുകൾ

 പ്ളസ് റ്റു പാസ്സായി കഴിയുമ്പോൾ ഉപരി പഠനം ആഗ്രഹിക്കുന്നവർക്കായി          കമ്പോളം തയാറാക്കി കൊണ്ടിരിക്കുന്ന കോഴ്സുകൾ  നിരവധിയാണ്. 

വിമാനത്തിന്റെ പ്രൊപ്പല്ലർ തകരാറായാൽ മാറ്റുന്ന കോഴ്സ്

ആധുനിക രീതിയിൽ ഉഴുന്ന് വടക്ക് ഊട്ടയിടുന്ന കോഴ്സ്

നാളികേരം നിലത്ത് നിന്ന് പൊഴിച്ചിടുന്ന കോഴ്സ്

ഇങ്ങിനെ പല ഇനങ്ങളുണ്ട് ഇപ്പോൾ കമ്പോളത്തിൽ.

 ബിരുദ പഠനത്തെ വിലകുറച്ച് കാണുകയും  ടെക്നികൽ കോഴ്സുകളെന്ന് കേൾക്കുമ്പോൾ ചാടി പുറപ്പെടാൻ തയാറെടുത്തു കൊണ്ടിരിക്കുന്ന രക്ഷിതാക്കളാണ് വിദ്യാഭ്യാസ കമ്പോളത്തിന്റെ ലക്ഷ്യം. ഓരോ ഉഡായിപ്പ് യൂണിവേസിറ്റികളിൽ അഫിലിയേറ്റ് ചെയ്തതാണെന്നും പഠിച്ചിറങ്ങിയാൽ  ഉടൻ ജോലി ഉറപ്പാണെന്നും വ്യാമോഹിപ്പിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിച്ച്  അവരിൽ നിന്നും കനത്ത ഫീസും വാങ്ങി കുട്ടികളുടെ ഭാവി  ഇരുട്ടിലാക്ക്ന്നതിൽ കമ്പോളത്തിന് ഒരു മടിയുമില്ല. നാളിത് വരെ കേൽക്കാത്ത കോഴ്സുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പലതിന്റെയും ആസ്ഥാനം പോണ്ടിച്ചേരിയാണ്. മംഗളൂരും പുറകോട്ടല്ല. ടീനേജിന്റെ പാരമ്യത്തിൽ നിൽക്കുന്ന പ്ളസ് റ്റുക്കാരൻ  ഈ കോഴ്സുകളുടെ പേര് കണ്ട് ആകർഷിക്കപ്പെട്ട്  രക്ഷിതാക്കളെ കിടപ്പാടം വരെ ബാങ്കിന് പണയം വെയ്പ്പിച്ച്  പൈസാ സംഘടിപ്പിച്ച് പോണ്ടിച്ചേരിയിലും മാംഗ്ളൂരിലും പോകാൻ ബാഗും തോളിൽ തൂക്കി കാത്ത് നിൽക്കുന്നു.

ബിരുദ പഠനം അവരുടെ കാഴ്ചപ്പാടിൽ  വില കുറഞ്ഞതായി കാണപ്പെടുന്നു. എന്തെങ്കിലും ടെക്നിക്കൽ സൈഡിൽ പടിച്ചില്ലെങ്കിൽ അവന്റെ ജീവിതം കട്ടപ്പുകയാകുമെന്നാണ്  പല രക്ഷിതാക്കളുടെയും  അബദ്ധ ധാരണ.. നമുക്ക് നേരിട്ടോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ മുൻ അനുഭവം ഉണ്ടെങ്കിലല്ലാതെ കേട്ട് കേൾവി വെച്ച് ഈ വക ഉഡായിപ്പ്  ടെക്നിക് കോഴ്സുകളിൽ ചെന്ന് ചാടുന്നത് കുട്ടിയുടെ ഭാവി നരകമാക്കും.

പ്ളസ് റ്റു വിജയിച്ച മാർക്ലിസ്റ്റ് പരിശോധിച്ച് ഏത് വിഷയത്തിനാണ്  കൂടുതൽ മാർക്കെന്ന് തിരിച്ചറിഞ്ഞ് ആ വിഭാഗം കോഴ്സുകളിൽ ചേർക്കുന്നതല്ലേ ബുദ്ധി.

Saturday, October 22, 2022

വാർത്തകൾ ഉണ്ടാകുന്നത്..

 അപ്പോൾ അങ്ങിനെയാണ് വാർത്തകൾ ഉണ്ടാകുന്നത്.

രാവിലെ കയ്യിൽ കിട്ടിയ  ചുട് ചായ അല്ലെങ്കിൽ സുലൈമാനി മൊത്തിക്കുടിച്ച് കൊണ്ട് പത്രത്തിലേക്ക് ഊളിയിടുമ്പോൾ  കാണുന്ന കൗതുകവും  സംഭ്രമ ജനകവുമായ വാർത്തകൾ  വായിച്ച് നമ്മൾ ആങ്ഹാ..!  ഊങ്ഹൂം..! എന്നൊക്കെ അതിശയം കൂറുകയും ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ചിന്തിച്ച് മൂക്കത്ത് വിരൽ വെക്കുകയും ചെയ്യുന്നു. ആ വാർത്തകളുടെ നിജ സ്ഥിതിയെ പറ്റി നമുക്ക് ഒട്ടും തന്നെ സംശയവും ഇല്ല.

സാധാരണ പോലീസ് കേസുകളെ സംബന്ധിച്ച  വാർത്ത വന്നാൽ  ആ വാർത്ത ശരിയല്ലാ എന്നും കെട്ടിച്ചമച്ചതാണെന്നും കാണിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് വാർത്ത അതേ പത്രങ്ങളിൽ  തന്നെ വരുന്നത് അപൂർവമാണ്.     പോലീസ് ഭാഷ്യത്തിനെതിരെ  മറ്റൊരു വാർത്ത വരാറില്ല. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവിനും മർദ്ദനം ഏറ്റതിനെ പറ്റി  സൂചിപ്പിക്കുകയാണിവിടെ ഞാൻ.

 മയക്ക് മരുന്ന് കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന  സൈനികൻ  കേസിന്റെ  സ്വഭാവം മനസിലാക്കിയപ്പോൾ പിൻവാങ്ങിയതിനെ തുടർന്നാണ്  ഈ കേസിന്റെ കാരണത്തിലേക്കുള്ള തുടക്കമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

പോലീസ് സ്റ്റേഷനിൽ സൈനികനും ബന്ധുവും  അതിക്രമിച്ച് കയറി പോലീസ്കാരെ മർദ്ദിക്കുകയും കസേര തല്ലിയൊടിക്കുകയും  ഔദ്യോഗിക ജോലിക്ക് തടസ്സം വരുത്തുകയും മറ്റും ചെയ്തു എന്നായിരുന്നു സംഭവത്തിന്റെ പിറ്റെ ദിവസം വന്ന പത്ര വാർത്ത.. . പക്ഷേ ഇപ്പോൾ വന്ന  വാർത്ത സൈനികനെയും ബന്ധുവിനെയും പോലീസ് അന്ന്  ഇഞ്ച പരുവത്തിൽ ചതച്ചു എന്നാണ്. മാത്രമല്ല  രാത്രി തന്നെ സ്റ്റേഷനിൽ പത്രക്കാരെ വിളിച്ച് വരുത്തി പോലീസ് സ്റ്റേഷനിൽ സൈനികൻ കാണീച്ച  അതിക്രമത്തെ പറ്റിയുള്ള ചൂട് വാർത്ത നൽകുകയും ചെയ്തു.സ്റ്റേഷനിൽ ചെന്ന് സാധാരണ അന്വേഷിച്ചാൽ പോലും വാർത്ത നൽകാത്ത പോലീസാണ് പത്രക്കാരെ വിളിച്ച് വരുത്തി ലൈവായി വാർത്ത നൽകിയതെന്ന് ഓർക്കുക.

സംഗതിയുടെ മർമ്മം മനസ്സിലാക്കാൻ എളുപ്പമാണ്. ഒരു ഭാഗത്ത് സൈനികൻ. മറു ഭാഗത്ത് പോലീസും. അണ്ടിയോ മാങ്ങയോ മൂത്തത്. സൈനികൻ തന്റെ  ശൗര്യം സ്റ്റേഷനിൽ അൽപ്പം പുറത്ത് വിട്ടപ്പോൾ  പോലീസ് അയാളെ  “മൗന  ഗായകാ...“ വിളിച്ച് കാണും.വാക്ക് തർക്കത്തെ തുടർന്ന് അടി ഒരെണ്ണം സൈനികന് കിട്ടികാണൂം. എന്തായാലും അതിന് മറുപടി അടിയും ഉണ്ടായിക്കാണും.  പിന്നെ പറയേണ്ടല്ലോ പാറാവ് നിന്നവനും അടുത്ത ഡ്യൂട്ടി ജോയിൻ ചെയ്യാൻ വന്നവനും ഉൾപ്പടെ അവിടെ ഉള്ള എല്ലാവരും സൈനികനെയും ബന്ധുവിന്യും എടുത്ത് പെരുമാറിക്കാണും.. 

അൽപ്പം സംയമനം പാലിച്ചാൽ ഉള്ളി തൊലിച്ചത് പോലെ തീരാവുന്ന  ഒരു കേസാണിത്. പോലീസിന്റെ ക്ഷമ ഇല്ലായ്ക സംഗതി  നീർക്കോലിയെ പാമ്പാക്കി.

 ഇടിച്ച് ഒരു പരുവമാക്കിയപ്പോൾ പോലീസ് ഭവിഷ്യത്തിനെ പറ്റി വീണ്ട് വിചാരം നടത്തിയിട്ടുണ്ടാകാം.. ഇര സൈനികനാണ്. ഡെൽഹിയിൽ നിന്ന് വരെ വിളി വരാം..ഡി.ജി.പി. അർജന്റ് അന്വേഷണം നടത്താം. അതിനാൽ മുൻ കരുതൽ അത്യാവശ്യം. ഉടനെ കരുക്കൾ നീക്കി.. പത്രക്കാരെ വിളിച്ച്  ചൂട് വാർത്ത നൽകി. പട്ടാളക്കാരനും ബന്ധുവും പോലീസിനെ ആക്രമിച്ചു...... നമ്മളെല്ലാവരും പിറ്റേ ദിവസത്തെ പത്രത്തിൽ വാർത്ത വായിച്ച്  പട്ടാളക്കാരനെ പച്ചത്തെറി മനസ്സിൽ വിളിച്ചു.

 ഇപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ  വാർത്തകൾ ജനിക്കു ന്നതെങ്ങിനെയെന്ന്....

ഇവിടെ ഈ കേസിൽ ഇടി കൊണ്ട പട്ടാളം ജാമ്യത്തിൽ പുറത്തിറങ്ങി മർദ്ദനമേറ്റ  മുതുകത്തെ പാട് പത്രക്കാരെ കാണിച്ചു.. അന്നത്തെ ദിവസം നരബലിയും മന്ത്രവാദവും ഇല്ലാത്തതിനാൽ വാർത്താ ക്ഷാമം അനുഭവപ്പെട്ട  ബഹുമാനപ്പെട്ട ലേഖകർ  അപ്പോൾ തന്നെ  സംഗതി കുപ്പിയിലാക്കി  പത്രത്തിലേക്ക് വിക്ഷേപിച്ചു. ആ വാർത്തയും നമ്മൾ പിറ്റേ ദിവസം ചായയോടൊപ്പം അകത്താക്കി  ഹൗ...ഹൂ...ങാ...എന്നൊക്കെ ഞരങ്ങുകയും ചെയ്തു. മൂന്ന് നാല് ദിവസത്തിനു മുമ്പ്  ഈ പട്ടാളം പോലീസ് സ്റ്റേഷൻ ആക്രമിച്ച വാർത്ത ഈ പത്രത്തിൽ തന്നെ  നമ്മൾ വായിച്ചതിൽ പുതുമ തോന്നിയതുമില്ല.. 

സാധാരണക്കാരനായിരുന്നെങ്കിൽ  ഒരിക്കലും ഈ നെഗറ്റീവ് വാർത്ത പുറത്ത് വരില്ലായിരുന്നു എന്നും ആ പാവം പ്രതി പോലീസിനെ ആക്രമിച്ച കേസിൽ  ഇപ്പോഴും റിമാന്റിൽ കഴിയുകയും ചെയ്തേനെ എന്ന് ഒരിക്കലും നാം ചിന്തിക്കുകയുമില്ല. 

മറ്റൊരു കാര്യവും നമ്മൾ മറന്നു അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു.  അതായത് പോലീസ് കൊടുത്ത വാർത്ത അതേപടി  പ്രസിദ്ധീകരിച്ചത് വായിച്ച് ആ പാവം പട്ടാളക്കാരന്റെ വിവാഹം ചീറ്റി പോയി എന്ന സത്യം.  ഏതൊരു പെൺ വീട്ടുകാരാണ് ഇത്രയും ഭീകരനായ വഴക്കാളിയുമായി വിവാഹം നടത്തുന്നത്. കാരണം പത്രത്തിൽ വരുന്നത് അതേപടി വിശ്വസിക്കുന്നവരാണല്ലോ നമ്മളെല്ലാവരും.

 പോലീസ് കൊടുക്കുന്ന വാർത്ത ഒരു അന്വേഷണവും നടത്താതെ അതേ പടി അച്ച് നിരത്തുന്ന പ്രവണത  അവസാനിപ്പിക്കാതെ ഈ നാട് നന്നാവില്ല.

Tuesday, April 26, 2022

മറന്ന് പോകുന്ന ചിലർ


 ഇത്  ജെ.സി. ഡാനിയലിന്റെ  കല്ലറ. മലയാളത്തിൽ ആദമായി ഒരു  സിനിമാ എടുത്തതിന് ആജീവനാന്തം ശിക്ഷിക്കപ്പെട്ട ഒരു  കലാകാരൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം. ഞാൻ ഇതിനെ പറ്റി പറയാനല്ല മുതിരുന്നത്. പല തവണകളിൽ  അവഗണിക്കപ്പെട്ട ഈ  കുടീരത്തെ പ്പറ്റി ഞാൻ പറഞ്ഞ് കഴിഞ്ഞു. ആദ്യ നടി റോസിയെ പറ്റിയും പറഞ്ഞ് കഴിഞ്ഞു. അഗസ്തീശ്വരത്തിൽ പോയി പൊരി വെയിലത്ത് അലഞ്ഞ് തിരിഞ്ഞിട്ടും  ആദ്യ സിനിമാ നിർമ്മാതാവിനെ പറ്റി അദ്ദേഹത്തിന്റെ ജന്മ സ്ഥലത്ത് ആ പേര് പോലും അറിയാത്ത സ്ഥിതിയെ പറ്റിയും ഞാൻ പറഞ്ഞ് കഴിഞ്ഞു. അവസാനം കഷ്ടപ്പെട്ട് ആ കുടീരം കണ്ടെത്താനും ഈ ഫോട്ടോ എടുക്കാനും കഴിഞ്ഞതും ഭാഗ്യമായി ഞാൻ കരുതുന്നു.

ഇപ്പോൾ ഇവിടെ പറയാനുള്ളത് മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ചിറയങ്കീഴിലെ വസതിയെ പറ്റിയാണ്. ഡാനിയലിന്റെ വീടും അടക്കിയ സ്ഥലവും വിസ്മൃതിയിലാണ്ടത് പോലെ ഇന്നും കലാപ്രേമികൾ സ്നേഹിക്കുന്ന ആ മഹാ നടന്റെ വസതിയും നാശോന്മുഖമായി എന്നും അത് ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്നതായും പത്ര വാർത്തയിലൂടെ അറിയുവാൻ കഴിഞ്ഞു.

വർഷങ്ങൾക്കപ്പുറത്ത് ചിറയൻ കീഴിൽ പോയതും നസീറിന്റെ വീട് സന്ദർശിച്ചതും ഓർമ്മ വരുന്നു. അന്നും അവിടെ ആൾ താമസമില്ലായിരുന്നു. ഒരു കാവൽക്കാരൻ മാത്രം നസീർ സാറിനെ പറ്റി പറഞ്ഞ് തരാനായി അവിടുണ്ട്. ആ വീട് അദ്ദേഹത്തിന്റെ ഒരു മകൾക്ക് കൊടുത്തു. അവർ അവരുടെ മകൾക്കും.  ആ കുട്ടി  അമേരിക്കയിലാണെന്നും അതിനാൽ ഈ വീട് വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്നും പത്രം പറയുന്നു.  എന്റെ പ്രിയ സ്നേഹിതൻ പത്ര പ്രവർത്തകനായ ഷാജി ലാൽ  ആണ് അവിടെ സന്ദർശിച്ച് ഈ വാർത്ത മാധ്യമം പത്രത്തിൽ നൽകിയത്..

ഇന്നും ജനങ്ങൾക്ക് ഹരമായ ആ നടന്റെ വസതി ഇപ്രകാരം അവഗണീക്കപ്പെടേണ്ടതാണോ? ഇനിയും അദ്ദേഹത്തിന്റെ സിനിമാ റിക്കാർഡ് ആരും മറി കടന്നിട്ടില്ല. പുതു തലമുറക്ക് പോലും ഇഷ്ടപ്പെടുന്ന ആ നടന്റെ വീട് ഒരുസ്മാരകമാക്കുകയല്ലേ വേണ്ടത്. 

ജീവിച്ചിരുന്ന സമയം ജീവിത ചെലവിന് പോലും ബുദ്ധിമുട്ടി കലാകാരന്മാർക്കുള്ള 3500 രൂപാ പെൻഷനായി ജെ.സി. ഡാനിയൽ അപേക്ഷിച്ചപ്പോൾ  മലയാളി അല്ല എന്ന കാരണത്താൽ  നിഷ്ക്കരണം ആ അപേക്ഷ തള്ളി അദ്ദേഹത്തിനോട് നന്ദി കാണിച്ചതിന് ശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ജെ.സി.ഡാനിയൽ അവാർഡ് കൊടുത്തിട്ട് കാര്യമില്ലല്ലോ.അഗസ്തീശ്വരം ഇന്ന് കേരളത്തിലല്ല. പക്ഷേ അദ്ദേഹം ആദ്യ സിനിമാ നിർമ്മിക്കുമ്പോൾ ആ സ്ഥലം കേരളത്തിൽ അതായത് തിരുവിതാംകൂറിലായിരുന്നു എന്ന് നമ്മൾ സൗകര്യ പൂർവം മറന്നു.

ജെ.സി. ഡാനിയലിന്റെ കാര്യത്തിൽ കാണിച്ച അവഗണന നസീറിന്റെ കാര്യത്തിൽ സംഭവിക്കാതിരുന്നാൽ കൊള്ളാം. 

നസീറിന്റെ വീട് സർക്കാർ ഏറ്റെടുത്ത് അത് ആ മഹാ നടന്റെ സ്മാരകമായി സൂക്ഷിക്കുക തന്നെ വേണം. 

Friday, March 11, 2022

ഇന്ത്യയും കോൺഗ്രസ്സും

 കോൺഗ്രസ് ശക്തമായി ഇന്ത്യ ഭരിച്ചപ്പോഴും സംഘ്പരിവാർ ഉള്ളിൽ വർഗീയ വിഷവുമായി ഇവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ അവരുടെ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല അന്നത്തെ കാലം വർഗീയത ഏറ്റവും ഉണർന്ന് വരേണ്ട ഇന്ത്യാ വിഭജന കാലമായിരുന്നുവെന്നും ഓർക്കണം. എന്നിട്ടും സംഘ് പരിവാറിന് ജനങ്ങളിൽ ഒരു വികാരവും ഉത്തേജിപ്പിക്കാൻ സാധിച്ചില്ല എന്നത് അതിശയകരമായ സത്യമാണ്. കാരണം കോൺഗ്രസ്സും അവരുടെ നിഷ്കാമ നേതാക്കളും രാഷ്ട്ര നിർമ്മാണത്തിനും നാട്ടിന്റെ അഭിവൃദ്ധിക്കും വേണ്ടി അഹോരാത്രം പണി എടുത്തപ്പോൾ കോൺഗ്രസ് ഒരു ദേശീയ വികാരമായി

ജനങ്ങളാൽ അംഗീകർക്കപ്പെട്ടിരുന്നുവല്ലോ. ഇന്ന് ഇന്ത്യ ഇന്നത്തെ നിലയിലെത്തിയതിൽ കോൺഗ്രസ്സിനും ആ നേതാക്കൾക്കും പങ്കില്ലായിരുന്നു എന്ന് ആർക്കെങ്കിലും നെഞ്ചത്ത് കൈ വെച്ച് പറയാൻ കഴിയുമോ. പോരായ്മകൾ അതെവിടെയും കാണും, അത് കോൺഗ്രസ്സിലും കാണും. ആ പോരായ്മകൾ ചൂണ്ടിക്കാണിച്ച് ഇന്ത്യയെ കോൺഗ്രസ്സ് തകർത്തെന്ന് പറയാൻ കഴിയുമോ?
ഇപ്പോൾ കോൺഗ്രസ്സ് തകർന്നു എന്ന് പറഞ്ഞ് അർമാദിക്കുന്നവർ അഖിലേന്ത്യാടിസ്ഥാനത്തിൽ പകരം ഒരു പാർട്ടി ചൂണ്ടിക്കാണിച്ച് തരുമോ?
അഖിലേന്ത്യാ എന്ന പദം തന്നെ 134 വയസ്സുള്ള കോൺഗ്രസ്സിന് ശേഷമുണ്ടായതാണ്. അതിനു മുമ്പ് ഇന്ത്യ ഉണ്ടായിരുന്നു, അത് നാട്ട് രാജാക്കന്മാർ അവരുടെ ഹിതാനുസരണം ഭരണം നടത്തിയിരുന്ന കൊച്ച് കൊച്ച് നാട്ട് രാജ്യങ്ങൾ മാത്രം.
ഇപ്പോൾ കോൺഗ്രസ്സ് പോയി, അത് അവരുടെ നേതൃത്വത്തിന്റെ പിടിപ്പ് കേട് കൊണ്ടോ അണികൾക്ക് ആത്മാർത്ഥതയില്ലാത്തത് കൊണ്ടോ തമ്മിലടി കൊണ്ടോ മറ്റെന്ത് കൊണ്ടായാലും ആ പാർട്ടി പോയി.

തകർക്കപ്പെട്ട കോൺഗ്രസ്സിന് പകരം മതേതരത്വം നില നിർത്തുന്ന ( മത രഹിതമല്ല) ഒരു പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ ഇല്ലായെങ്കിൽ ഇന്ത്യയുടെ ഭാവി എങ്ങിനെ ആയി തീരും?


Friday, December 10, 2021

ഗാർഹിക പീഡനവും അണു കുടുംബവും

 ഗാർഹിക പീഡന കേസുകൾ കൊണ്ട് നിറയുന്നു പത്ര താളുകൾ. പക്ഷേ ഈ കേസുകളിൽ യാഥാർത്ഥ്യങ്ങൾ എത്രമാത്രമുണ്ടെന്ന് പരിശോധിക്കാൻ ആരും മെനക്കെടാറില്ല.  ഈ വക കേസുകളിൽ പലതും വ്യാജമാണെന്നും വേറെ പലതും വെറും പക തീർക്കാനുള്ളതാണെന്നും  കണ്ടപ്പോൾ ഉന്നത കോടതി തന്നെ ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി ഓർക്കുന്നു.

ഭർതൃഗ്രഹത്തിൽ ധനാർത്തി കാരണത്താൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ  ഒട്ടും ദയവ് കാണിക്കാതെ ആ കേസുകളിലെ  പെൺകുട്ടിക്ക്  എല്ലാ വിധ സഹായവും പിൻ തുണയും നൽകേണ്ടതും  ആ വക കേസുകളിലെ പ്രതികളെ കർശനമായി തന്നെ ശിക്ഷിക്കേണ്ടതാണെന്നും ഒരു തർക്കവുമില്ല.

എന്നാൽ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡാനത്തിനുമെതിരെ നിയമം ഉണ്ടെന്നും അത് സ്ത്രീക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്നും  അതിൽ പ്രതി ചേർക്കപ്പെടുന്നവർ ശരിക്കും കുടുക്കിൽ പെടുമെന്നും അറിഞ്ഞ് കൊണ്ട് തന്നെ ആ നിയമം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് എങ്ങിനെ ന്യായീകരിക്കാൻ കഴിയും. നിർഭാഗ്യവശാൽ പോലീസും അഭിഭാഷകരും സമൂഹത്തിൽ ഭൂരിഭാഗം ആൾക്കാരും സത്യമെന്തെന്ന് പരിശോധിക്കാതെ എതിർഭാഗത്തെ ക്രൂശിക്കാനാണ് വ്യഗ്രത കാട്ടുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അതില്ലെങ്കിലോ?

കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റം യുവതക്ക് അത് ആണായാലും പെണ്ണായാലും സഹിഷ്ണതയുടെയും  സംയമനത്തിന്റെയും പരിശീലനം നഷ്ടപ്പെടുത്തിയെന്നത് ഈ വക കേസുകളുടെ ഒരു കാരണമാണ്  എല്ലാം അങ്ങ് ക്ഷമിക്കണമെന്നല്ല അർത്ഥമാക്കുന്നത്, നിസ്സാര കാര്യങ്ങൾ ഒഴിവാക്കാമല്ലോ.കൂട്ടു കുടുംബത്തിൽ പലതും ഉപദേശിക്കാൻ മുതിർന്നവർ ധാരാളമാണ് അണു കുടുംബത്തിൽ ആ സംവിധാനമില്ല, മാത്രമല്ല തന്റെ മകളെ ഉപദേശിക്കുന്നതിനു പകരം അമ്മായി അമ്മയെ  ഫയർ ചെയ്യാനും എതിർത്ത് തോൽപ്പിക്കാനുമാണ്` മിക്കവാറും അമ്മമാർ നിർദ്ദേശം നൽകുന്നത്.കൂട്ടത്തിൽ “ ഈ തള്ളക്ക് അടങ്ങിയൊതുങ്ങി അവിടെ കഴിഞ്ഞ് കൂടേ? എന്നൊരു ഡയലോഗും കാച്ചും.

വിവാഹ പൂർവ  കൗൺസിലിംഗ് അപൂർവമായേ ചെറുപ്പക്കാർക്ക് ലഭിക്കുന്നുള്ളൂ. അത് മറ്റൊരു കാരണം.

വിവാഹിത ആയ സഹോദരി മാതൃ പേടകത്തിലേക്ക് വിരുന്ന് വരുന്നതാണ്` മിക്കവാറും കേസുകളുടെ ആരംഭമിടുന്നത്. അമ്മയും മകളുമായി ഐക്യ മുന്നണി ഉണ്ടാക്കി  പുത്ര വധുവിന്റെ/ നേരെ ഒളിയമ്പ് എയ്യും. അന്ന് രാത്രി ഭർത്താവിന് കാള രാത്രി ആയിരിക്കും. സഹികെട്ട ആ മനുഷ്യൻ രാവിലെ സ്വന്തം സഹോദരിയുടെ നേരെ ചോദിക്കും എന്താ പെങ്ങളേ നിങ്ങളുടെ കുഴപ്പം...?“ അതോടെ ഇടിയും മഴയും ചീറ്റലും പിഴിയലും അന്തരീക്ഷം കലുഷിതമാകുമ്പോൾ അമ്മ ഇടപെട്ട് മോനോട് ചോദിക്കും നിന്റെ പെണ്ണുമ്പിള  തലയിണ മന്ത്രം ഓതി തന്നതാണോടാ നിനക്ക് വഴക്കുണ്ടാക്കാൻ....“ അവിടെ ഒരു വ്യവഹാരം ഉൽഭവിക്കുകയാണ്. പരസ്പര സ്നേഹമില്ലായ്മയാണ് ഈ വക കേസ്കൾക്ക് കാരണമായി തീരുന്നത്, കൂട്ടത്തിൽ നിതാന്ത ശത്രുതയും. ഇത് ഒഴിവാക്കണമെന്ന ഉപദേശം ആര് നൽകും.

എന്തും ചെയ്ത് എതിർ കക്ഷിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ പെൺകുട്ടി ഇറങ്ങി തിരിക്കുകയും ആ  ശ്രമം പരാജയപ്പെടുകയും ചെയ്താൽ ആ സ്ഥിതി വിശേഷം ആത്മഹത്യ ചെയ്തും അവരെ തോൽപ്പിക്കാം എന്ന  ചിന്തയിലേക്കെത്തിക്കും. പത്രങ്ങളും മീഡിയാകളും ആ മരണത്തെ മഹത്വപ്പെടുത്തുമ്പോൾ ആ വക മരണങ്ങൾ നല്ലൊരു വിഭാഗം ചെറുപ്പക്കാരെ അനുകരണത്തിലേക്ക് തള്ളി വിടുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാരാണ്` സമൂഹത്തൊട് പറഞ്ഞ് കൊടുക്കുക.

രണ്ട് കേസുകൾ നിരീക്ഷിച്ചപ്പോൾ മനസ്സിലുണ്ടായ വിചാര വികാരങ്ങളാണ്` ഈ കുറിപ്പുകൾക്ക് ആധാരമായത്.

(1) സ്വന്തം കുടുംബത്തിനായി ഗൾഫിൽ അഹോരാത്രം ചോരനീരാക്കുന്ന ഒരു ഭർത്താവ്. രണ്ട് കുട്ടികളുമായി ഭാര്യ നാട്ടിൽ കഴിയുന്നു. അസമയത്ത് ആ വീട്ടിൽ അപരിചിതനെ പലപ്പോഴും കണ്ട അയൽക്കാർ ഒരു രാത്രി വീട്ടിൽ ചെന്ന് യുവാവിനെ പറ്റി തിരക്കി വീട്ടുകാരി ഇറങ്ങി വന്ന് അത് അവളുടെ ഫെയ്സ്ബുക്ക് ഫ്രണ്ടാണെന്നും നാട്ടുകാർക്കതിലെന്ത് കാര്യമെന്നും മറ്റും പറഞ്ഞ് ചൂടായി. ആ സമയത്ത് ഭർത്താവിന്റെ ബന്ധുക്കൾ  ദേഷ്യപ്പെട്ടു  യുവാവിനെ  പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്ത്രീയെ വരുത്തി ചോദ്യം ചെയ്തപ്പോൾ അയാൾ ഉത്തര കേരള സ്വദേശിയാണെന്നും രണ്ട് വർഷമായി അവർ തമ്മിൽ സ്നേഹത്തിലാണെന്നും സ്ത്രീ സമ്മതിച്ചു.  യുവാവിന്റെ രക്ഷ കർത്താക്കൾ നാട്ടിൽ നിന്നും എത്തി ചേരുന്നത് വരെ ഒരു പകലും രാത്രിയും  സ്ത്രീ തന്നെ യുവാവിന് ആഹാരം കൃത്യമായി സ്റ്റേഷനിലെത്തിച്ചു, മാത്രമല്ല് ഗൾഫ്കാരനായ തന്റെ ഭർത്താവുമായുള്ള  വിവാഹ ബന്ധം വേർപെടുത്തണമെങ്കിൽ അതും ചെയ്യുമെന്ന് അവൾ തുറന്ന് പ്രസ്താവനയും നടത്തി. രക്ഷിതാക്കൾ യുവാവിനെ അയാളുടെ നാട്ടിലേക്ക് കൊണ്ട് പോയി.

ഈ കേസിൽ പോലീസ് നിലപാട് വളരെ വിചിത്രമായിരുന്നു,നിങ്ങൾ സദാചാര പോലീസുകാരെ ഞങ്ങൾ അകത്താക്കുമെന്നായിരുന്നു അവരുടെ നിലപാട്.ബന്ധുക്കൾ ഇടപെട്ട് സംസാരിച്ചപ്പോൾ വിവാഹിത ആണെങ്കിൽ പോലും ആണും പെണ്ണൂം തമ്മിൽ ഇടപെട്ടാൽ അതിൽ കുറ്റമില്ലെന്ന് സുപ്രീം കോടതി  പറഞ്ഞിട്ടുണ്ടെന്ന് ഒരു ഏമാൻ കാച്ചി. പരസ്യമായി നടന്ന ഈ സംഭവത്തിന് ശേഷം ആഴ്ചകൾ കഴിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയപ്പോൾ അവിടെ നടന്ന എല്ലാ കഥകളും അറിയാവുന്ന ഭാര്യാ വീട്ടുകാർ നേരെ  തിരിഞ്ഞ് ആ പാവം പ്രവാസിയെ കുരുക്കിലാക്കാനാണ്` ഇപ്പോൾ ശ്രമം നടക്കുന്നത്. പോലീസ് കൈ മലർത്തി കാണിക്കുന്നു, പോലീസ് ആഫീസർ സ്ത്രീ പക്ഷക്കാരനാണ്` പോലും.   അതങ്ങിനെ തന്നെ വേണമല്ലോ, പക്ഷേ ഈ കേസിൽ ആരുടെ ഭാഗത്താണ് ന്യായം.

(2) അമ്മായി അമ്മയോടുള്ള ദേഷ്യത്താലും പ്രതികാരത്താലും ഒരു മരുമകൾ അമ്മായി അമ്മയുടെ വിവാഹിതയായ മകളെ സംബന്ധിച്ച് മറ്റൊരു പുരുഷനുമായി ചേർത്ത് മോശമായ ആരോപണം അവരുടെ ഭർത്താവിന് മെസ്സേജയച്ചു കൊടുത്തു. മേസ്സേജ് കിട്ടിയ ഗൾഫ്കാരൻ ഭർത്താവ് വാളെടുത്ത് വീശി നിൽക്കുകയാണ്` തന്റെ രണ്ട് കുട്ടികളുടെ അമ്മയെ കാച്ചിക്കളയുമെന്നാണ് തത്ര ഭവാന്റെ  കലിപ്പ്. കാരണം മെസ്സേജയച്ച കക്ഷി  സ്വന്തം അളിയന്റെ ഭാര്യയല്ലേ അതെങ്ങിനെ വിശ്വസിക്കാതിരിക്കും. അളിയൻ സ്വന്തം ഭാര്യയൊട് ഈ വിവരം അന്വേഷിച്ചപ്പോൾ “അവൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് വിചാരിച്ച് ചെയ്തതാണെന്ന്“ കുറ്റം സമ്മതിച്ചു. വേണമെങ്കിൽ  അത് കളവാണെന്ന് ഞാൻ അയാൾക്ക് വേറൊരു മെസ്സേജയക്കാമെന്ന് ഭാര്യ ഈസിയായി പറഞ്ഞു.സത്യം തിരിച്ചറിഞ്ഞ അമ്മായി അമ്മയും മരുമകളും കലഹമായി മരുമകൾ വീട്ടിൽ പോയി. അവിടെ നിന്നു കൊണ്ട് അമ്മായിക്കും ഭർത്താവിനുമെതിരെ പോലീസിൽ പരാതി കൊടുത്തു. ആവശ്യം ഇത്രമാത്രം താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമടങ്ങിയ ഒരു വീട്.  ഭർത്താവ് തരപ്പെടുത്തി അതിൽ സമാധാനപരമായ കുടുംബ ജീവിതം നയിക്കണം.  അത് വാടകക്കെടുത്താൽ മതി. അപ്പോൾ ഹൃദൃ രോഗിയായ എന്റെ അമ്മയെ എനിക്ക് പരിചരിക്കേണ്ടേ എന്ന്  നിസ്സഹായതയോടെ ഭർത്താവ് ചോദിച്ചപ്പോൽ അത് അവൾക്കറിയേണ്ട. പോലീസും കൂടെ നിന്നു, അവളെ കൊണ്ട് വേറെ മാറി താമസിപ്പിക്കുക എന്നതാണ്  പോലീസിന്റെ നിർബന്ധം. ഭാര്യയോടുള്ള സ്നേഹം പോലീസ് വിരട്ടിയാൽ ഉണ്ടാകുമോ എന്ന് ഭർത്താവ്...

കുറേ ദിവസം കഴിയട്ടെ എന്റെ പെങ്ങളുടെ കാര്യം ഒന്ന് ശാന്തമാകട്ടെ ഞാൻ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചോളാം അപ്പോഴേക്കും അമ്മയും ഒന്ന് തണുക്കും എന്ന് പറഞ്ഞിട്ടൊന്നും ഒരു രക്ഷയുമില്ല, പോലീസ് തുള്ളിക്കൊണ്ട് നിൽക്കുകയാൺ`.  ഭാര്യയെ സംരക്ഷിക്കണം...സംരക്ഷിക്കണം. വേണമല്ലോ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണല്ലോ..ഭർത്താവ് സമ്മതിക്കുന്നു....അപ്പോൾ അമ്മയെ സംരക്ഷിക്കുന്നത് ആര്.../ അത് പോലീസിന് അറിയേണ്ട കാര്യമില്ല, സ്ത്രീ സംരക്ഷണ നിയമങ്ങൾ അത് പാലിച്ചേ പറ്റൂ. ആ സാധു യുവാവെന്ത് ചെയ്യണം.

നിയമം മനുഷ്യനെ സരക്ഷിക്കാനാണ്`, അത് ആരെയും ഉപദ്രവിക്കാനല്ല, നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന  നടപടികൾ ആവശ്യമില്ലേ.../

Monday, September 27, 2021

കാലാവസ്ഥാ മാറ്റം.

 പ്രളയ ദുരിതങ്ങളും  കോവിഡ് മഹാമാരിയുടെ വ്യാപനവും അതിപ്രധാന വിഷയമായി  കേരളം കണ്ടപ്പോൾ ഒട്ടും പ്രാധാന്യം കുറയാത്ത ഒരു വിഷയം ആരും ശ്രദ്ധിക്കാതെ വിട്ട് പോയതായി കാണുന്നു. 

ഘടികാരത്തിന്റെ  സൂചി പോലെ കൃത്യമായി ചലിച്ച് കൊണ്ടിരുന്ന ഈ നാടിന്റെ കാലാവസ്ഥക്ക് വന്ന മാറ്റം ആർക്കും ഒരു വിഷയമായി ഭവിച്ചതേയില്ല. തെക്ക് പടിഞ്ഞാറൻ കാലവർഷം അതായത് നമ്മുടെ ഇടവപ്പാതി  ജൂണിൽ തുടങ്ങി ആഗസ്റ്റിൽ അവസാനിക്കേണ്ടതായിരുന്നു. കർക്കിടകം തീരുന്നതോടെ കാലാവസ്ഥക്കും മാറ്റം സംഭവിക്കുകയും  പിന്നീട് സുഖകരമായ കാലാവസ്ഥ സെപറ്റംബറിൽ ഉണ്ടാവുകയും ചെയ്യും. മൺസൂണിന്റെ വിടവാങ്ങൾ  കാലമാണത്. പിന്നീട് ഒക്റ്റോബറിൽ തുലാ വർഷം (വടക്ക് കിഴക്ക് മൺസൂൺ) ആരംഭിച്ച് ഡിസംബറോടെ അവസാനിക്കുകയും ചെയ്യും.

പക്ഷേ കുറച്ച് വർഷങ്ങളായി  ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു.  പ്രകാശിച്ച് നിൽക്കേണ്ട ചിങ്ങ മാസംഈ വർഷം  ന്യൂനമർദ്ദത്താലും മറ്റും ദിവസങ്ങളോളം മഴയിൽ തന്നെയാണ്. കഴിഞ്ഞ വർഷവും ഇത് തന്നെയാണ്` അവസ്ഥ.

കേരളത്തിലെ കൃഷിയും മറ്റും കാലാവസ്ഥയെ ആശ്രയിച്ചാണ് നടന്ന് കൊണ്ടിരുന്നത്. ഓരോ വൃക്ഷത്തിലും പൂവും കായുമുണ്ടാകുന്നത്  കാലാവസ്ഥ  പ്രകാരമായിരുന്നു. മാവ് പൂക്കുന്നത്, ചക്ക കായ്ക്കുന്നത്, കശുമാവ് വിള, മറ്റ് വിളകൾ  ഇവയെല്ലാം കാലാവസ്തക്കനുസൃതമായിരുന്നു. ചില വർഷങ്ങളിൽ ചെറിയ മാറ്റമുണ്ടാകുമായിരുന്നു എന്നത് ശരിയാണ് പക്ഷേ തുടർച്ചയായി വർഷങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നതാദ്യമാണ്. 

ഋതുക്കളെ ആശ്രയിച്ച് നില നിൽക്കുന്ന ഒരു  വ്യവസ്തയെ  അപ്പാടെ അട്ടിമറിക്കാനിടയാക്കുന്ന ഈ പ്രതിഭാസത്തെ പറ്റി നിരീക്ഷിക്കേണ്ടതും പടിക്കേണ്ടതുമല്ലേ?

Sunday, May 16, 2021

ഞാൻ കഴിഞ്ഞ് ബാക്കി ഉള്ളവർ...

 ഭാര്യയുടെ രോഗ സംബന്ധമായി  സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ഞാൻ. സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പൊയിരുന്നു; കൂടുതൽ വിദഗ്ദമായ ചികിൽസക്ക് അവർ സ്ഥലത്തെ പ്രധാന സ്വകാര്യ ആശുപത്രിയിൽ പോകാൻ അവർ ശുപാർശ ചെയ്തതിനാലാണ് ഇവിടെയെത്തിയത്.

കൂടുതൽ നിരീക്ഷണത്തിന് രോഗിയെ  അഡ്മിറ്റ് ചെയ്തതിന് ശേഷം പതിവ് ചടങ്ങുകളിലേക്ക് അവർ നീങ്ങി. രക്തം മൂത്രം തുടങ്ങിയവയുടെ പരിശോധനക്കായി  അവരുടെ വക ലാബിലേക്ക് കുറിപ്പ് തന്നു. ഈ വക കാര്യങ്ങൾ കഴിഞ്ഞ ദിവസം ചെയ്ത  റിസൽറ്റ് കൈവശമുള്ളത് കാണിച്ചെങ്കിലും അവ്ർക്കത് പോരാ, അവരുടെ ലാബിൽ  നിന്നുള്ളത് തന്നെ വേണം. കാര്യം ശരിയാണല്ലോ, അവർ ജീവനക്കാർക്ക് ശമ്പളം കൊടുത്തും  ഉപകരണങ്ങൾ വാങ്ങി വെച്ച് കടയും തുറന്നിരിക്കുന്നത് വേറെ എവിടെ നിന്നെങ്കിലും കൊണ്ട് വരുന്ന പരിശോധനാ  ഫലം കണ്ട് ചികിൽസിക്കാനല്ലല്ലോ.

 തുടർ ചികിൽസ തീരുമാനിക്കുന്നത് ലാബ് റിസൽറ്റ് വന്നതിന്  ശേഷമേ ഉള്ളൂ എന്ന്  തിരിച്ചറിഞ്ഞതിനാൽ  ഞാൻ ആശുപത്രി വരാന്തയിൽ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. കോവിഡ് രോഗ പകർച്ച ഭീതിയാൽ മുഖം രണ്ട് മാസ്കിനാൽ  കെട്ടി അടച്ചും കടന്ന് പോകുന്നവരെ കടത്തനാടൻ  മുറയാൽ ഒഴിഞ്ഞ് മാറിയും അങ്ങിനെ ലാത്തുമ്പോൾ ഒഴിഞ്ഞ് കിടക്കുന്ന ഒരു കസേര എന്റെ ദൃഷ്ടിയിൽ പെട്ടു.മൂന്ന് കസേരകളുടെ ഗ്രൂപ്പിൽ രണ്ടെണ്ണം രണ്ട് യുവതികൾ ഇരിപ്പുണ്ട്. അവശേഷിക്കുന്ന ഒരെണ്ണമാണ് ഞാൻ കണ്ടത്. കുറേ നേരമായുള്ള നിൽപ്പും നടപ്പും കാലിലും നടുവിലും വേദന ഉണ്ടാക്കുന്നു. വ്രതമായതിനാൽ അതിയായ ക്ഷീണവും. ആ കസേരയിൽ ഇരിക്കാൻ  ഞാൻ അവിടേക്ക് നടക്കാൻ തുനിഞ്ഞ് മുമ്പോട്ട് പോയി. യുവതികളോട് ഒരു എക്സ്ക്യൂസ് മീ, ഞാൻ ഒന്നിവിടെ ഇരുന്നോട്ടേ എന്ന് ചോദിച്ചിട്ട് ഇരിക്കാമെന്ന് കരുതിയപ്പോൾ ഉള്ളിലെന്തോ ഒരു ആപദ് ശങ്ക! അതെന്താണെന്ന് പിടി കിട്ടാത്തതിനാൽ കസേരയിൽ  ഇരിക്കാതെ പിന്നെയും നടപ്പ് തുടങ്ങി.

അപ്പോഴാണ് ഒരു നഴ്സ് കടന്ന് വന്ന്  ആ യുവതികളിൽ ഒരാൾക്ക് ഒരു കടലാസ് നീട്ടി പറയുന്നു, “ മോളേ! നിനക്ക് പോസറ്റീവ് ആണ്, വീട്ടിൽ പോയി ക്വാറന്റൈനിൽ കഴിഞ്ഞോ...“ എന്ന്. രണ്ടെണ്ണവും അപ്പോഴേക്കും അവിടെന്ന് സ്ഥലം വിട്ടു. ഞാൻ പതുക്കെ ആ നഴ്സിനോട് വിവരം ആരാഞ്ഞു. ഭർത്താവിന് കോവിഡ് പോസറ്റീവ് ആയി വീട്ടിൽ കഴിയുന്നെന്നും ഭാര്യയും പരിശോധിക്കാൻ വന്ന് അവിടെ ലാബിൽ കൊടുത്ത് ഫലം നോക്കി ഇരുന്നതാണെന്നും അവർ പറഞ്ഞു.

ഇതൊരു സാധാരണ സംഭവമാണ്. പക്ഷേ ഇതിൽ ഒരു പ്രസക്തമായ  ചോദ്യം ഉണ്ട്. ഭർത്താവിന് പോസറ്റീവ് ആയ സ്ഥിതിക്ക് ആ യുവതി  ലാബിൽ ടെസ്റ്റ്  ചെയ്യാൻ കൊടുത്തിട്ട് വീട്ടിൽ പോകുന്നതല്ലായിരുന്നോ അതിന്റെ ശരിയായ വഴി. ധാരാളം ആൾക്കാർ വന്നും പോയുമിരുന്ന ആ ആശുപത്രിയിൽ താൻ മുഖേനെ രോഗം മറ്റുള്ളവർക്ക് വരരുതെന്ന് ആ യുവതിക്ക് ചിന്തിച്ച് കൂടായിരുന്നോ? എന്നിട്ടും പൊത് ഇടത്ത് ആ കസേരയിൽ  തന്നെ അവർ ഇരുന്നു. ഞാൻ  ആശുപത്രിയിൽ നിന്നും ഭാര്യയുമായി തിരികെ പോകുന്നത് വരെ ആ കസേര ആരും വന്ന് ശുദ്ധീകരിച്ചില്ലെന്ന് മാത്രമല്ല, അങ്ങിനെ ഒരു സംഭവം അവിടെ ഉണ്ടായി എന്ന് ആശുപത്രി അധികാരികൾ അറിഞ്ഞ മട്ടും കണ്ടില്ല. പലരും അവിടെ വന്നിരിക്കുകയും ചെയ്തു. പരിചയം ഉള്ളവരോട് ഞാൻ കാര്യം പറഞ്ഞ് അവിടെ ഇരിക്കാതെ തടഞ്ഞു. അത്രയല്ലേ എന്നെ കൊണ്ട് കഴിയൂ. ഞാൻ അവിടെ വന്ന കാര്യം ഗൗരവമേറിയതാണ് അത് ശ്രദ്ധിക്കാതെ മറ്റുള്ള പണിക്ക് പോയി എന്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു? 

ഭാര്യയുടെ റിസൽട്ട് വന്നതിനാലും അവർക്ക് വലിയ കുഴപ്പങ്ങൾ ഇല്ലാ എന്നറിഞ്ഞതിനാലും പെട്ടെന്ന് അവരെയും കൊണ്ട് ഞങ്ങൾ തിരികെ പോന്നു.

ഇനി മറ്റൊരു സംഭവം കൂടി കുറിച്ചിട്ട് ഈ കുറിപ്പുകളെന്തിന് എന്ന് കൂടി പറയാം.

ഇന്ന് രാവിലെ എന്റെ ഒരു ആത്മാർത്ഥ സ്നേഹിതൻ..അദ്ദേഹം ഒരു പൊതുപ്രവർത്തകനും കൂടിയാണ്..എന്നോട് പറഞ്ഞ അനുഭവമാണത്.അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ ഭാഗമായി  കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നതും കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമായ ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങളും മരുന്നുകളും വാങ്ങി വീടുകളിലെത്തിക്കുന്നുണ്ട്.അങ്ങിനെ ഇരിക്കവേ ഒരു പരിചയക്കാരൻ  വിളിച്ച് ചില സാധനങ്ങളുടെ ലിസ്റ്റ്  ഫോണിൽ പറഞ്ഞിട്ട് ഇത് വീട്ടിൽ എത്തിച്ച് തരണേ എന്നാവശ്യപ്പെട്ടു. അദ്ദേഹം ഉടനേ തന്നെ ആ സാധനങ്ങൾ അയാളുടെ വീട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. എന്നിട്ട് വാഹനത്തിൽ ഇന്ധനം നിറക്കാൻ പെട്രോൾ പമ്പിലെത്തിയപ്പോൾ  ദാ! നിൽക്കുന്നു കഥാ പുരുഷൻ പോസറ്റീവ് ആയ  വിദ്വാൻ. സ്നേഹിതനെ കണ്ടപ്പോൾ ഒരു ഹായ് പറഞ്ഞിട്ട് ഇങ്ങിനെ ഉരുവിട്ടു.

 “വണ്ടിയിൽ പെട്രോൽ അടിച്ചിട്ടേക്കാമെന്ന് കരുതി, എന്തെങ്കിലും ആവശ്യം വന്നാലോ? പിന്നേയ്, എന്റെ സാധനം വാങ്ങി വീട്ടിലെത്തിച്ചേക്കണേ“ എന്നും പറഞ്ഞ് വാഹനം സ്റ്റാർട്ടാക്കി സ്ഥലം വിട്ടു.

എന്റെ സ്നേഹിതന്റെ ചോദ്യം ഇവൻ എത്ര പേർക്ക് രോഗം പകർത്തി കാണും, പമ്പിൽ വന്നവർക്ക് പമ്പിലെ ജോലിക്കാർക്ക് അങ്ങിനെ എത്ര പേർക്ക് എത്തിച്ച് കാണും.

ഈ രണ്ട് ഉദാഹരണങ്ങളും ഇവിടെ കുറിച്ചത് ഒരു സത്യം വെളിപ്പെടുത്താനാണ്.തന്റെ രോഗത്താൽ മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്ന് പൊതുജനം ചിന്തിക്കുന്നില്ല. വൈകുന്നേരം മുഖ്യ മന്ത്രി റ്റി.വി.യിൽ കൂടി മുപ്പതിനായിരം നാൽപ്പതിനായിരം എന്ന രോഗ കണക്ക് പറയുമ്പോൾ നമ്മുടെ നെറ്റി ചുളിയുന്നു, ഇതെങ്ങിനെ ഇത്രയും പടരുന്നു എന്ന്.

രോഗം.പടർന്ന് പിടിക്കാൻ കാരണം  സമൂഹം തന്നെ ആണ്.

തന്റെ രോഗം മറ്റുള്ളവർക്ക് ഉപദ്രവമാകരുതെന്ന ചിന്ത മനസ്സിൽ    സ്വയം ഉണ്ടാകാത്തിടത്തോളം കാലം രോഗത്തെ നിയന്ത്രിക്കാൻ കഴിയില്ല. വഴിയിൽ തടയുന്ന പോലീസ്കാരനിൽ നിന്ന് എങ്ങിനെ ഊരി പോകാൻ സാധിക്കും എന്ന ചിന്തക്ക് പകരം അയാളെന്തിന് ഇങ്ങിനെ തടയുന്നു എന്ന ചിന്ത ആദ്യം മനസ്സിൽ ഉണ്ടാകണം. 

പോലീസുകാരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങളെ സംബന്ധിച്ച് ഞാൻ പലപ്പോഴും ഈ പംക്തിയിൽ കുറിപ്പുകൾ ഇട്ടിട്ടുണ്ട്. പക്ഷേ അതി രൂക്ഷമായ രോഗ പകർച്ച കാണുമ്പോൾ  അതിനെ പുല്ല് പോലെ കണക്കാക്കി  സമൂഹം നീങ്ങുന്നത് കാണുമ്പോൾ  ലോക്ക് ഡൗൺ അല്ല, കർഫ്യൂ  തന്നെ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് തോന്നി പോകുന്നു...

Thursday, February 25, 2021

ഓൺ ലൈൻ കാളകൾ.

 കഴിഞ്ഞ ദിവസം ഒരു സന്ധ്യാ നേരം  എന്റെ കുഞ്ഞനിയൻ ഹാഷിം (പണ്ട് ഹാഷിം കൂതറ എന്ന് ബ്ളോഗ് ഉണ്ടായിരുന്നു അദ്ദേഹത്തിന്) എന്നെ വിളിച്ച്  ഇപ്പോൾ  ഫെയ്സ് ബുക്കിൽ നടക്കുന്ന കോലാഹലങ്ങൾ അറിഞ്ഞില്ലേ ഇക്കാ  എന്ന് ആരാഞ്ഞു. ഇല്ലാ എന്ന മറുപടിയെ തുടർന്നു ഒരു ചെറു പെൺകുട്ടിയെ ഒരു മഹാൻ  അരുതാത്തത് ചെയ്തിട്ട് മറ്റൊരു മഹാന് കൈമാറ്റം ചെയ്തു, അതിപ്പോൾ പോക്സോ കേസിന്റെ  പരുവത്തിലായി  എന്ന് പറഞ്ഞു. രണ്ടാമത്തെ മഹാൻ  എനിക്ക് പരിചയമുള്ള   .വ്യക്തിയാണ്. ഹാഷിം സൂചിപ്പിച്ച കാര്യങ്ങൾ  വാസ്തവമെങ്കിൽ വളരെ ഗുരുതരമായ തെറ്റാണ് സംഭവിച്ചിരിക്കുന്നത്.

ഈ സന്ദർഭത്തിൽ  ഹാഷിമിനോട്  ഞാൻ പണ്ടത്തെ ഒരു  സംഭവത്തെ പറ്റി  സൂചിപ്പിച്ചു.വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ ഒരു വിഷയം ഉണ്ടായതിനെ തുടർന്ന്  “ബൂ ലോഗത്തിൽ കാളകൾ മേയുന്നു “ എന്ന ഒരു പോസ്റ്റിട്ടതിനെ തുടർന്നുണ്ടായ കോലാഹലങ്ങൾ. അന്ന് ആ പോസ്റ്റിട്ടതിനെ തുടർന്ന് അനുകൂലിച്ചും വിമർശിച്ചും ഉപദേശിച്ചും ധാരാളം കമന്റുകൾ വന്നു. അവിടെയും നിൽക്കാതെ  അതിന്റെ ലിങ്ക് ഗൂഗ്ൾ പ്ളസ് എന്ന മറ്റൊരു ലിങ്കിൽ പോവുകയും അവിടെ ഒരു മാന്യ മഹതി കുറച്ച് ആൺ ശിങ്കങ്ങളുടെ പിൻ തുണയോടെ ഗൂഗ്ൾ പ്ളസിൽ  എന്നെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചു. അന്ന് എന്റെ ആത്മാർത്ഥ സ്നേഹിതന്മാരായ  പലരും ഇടപെടുകയും  എന്നെ പരിചയപ്പെടുത്തുകയും ചെയ്തതോടെയാണ്` ആ പേമാരി പെയ്ത് തീർന്നത്. ഇപ്പോഴും എന്റെ പ്രിയരിലും പ്രിയപ്പെട്ട രമേശ് അരൂർ തമാശക്കായി ചിലപ്പോൾ എന്നെ തോണ്ടും, “പണ്ടത്തെ കാളകൾ മേയുന്ന “ പോസ്റ്റ്.....എന്ന് സൂചിപ്പിക്കുന്നതിന് മുമ്പേ “രമേശേ!  എന്ന് ചിരിയോടെ വിളിച്ച്   ഞാൻ എന്റെ ജീവ്നും കൊണ്ട് സ്ഥലം കാലിയാക്കും. അത്രയും  മഹനീയമായ രീതിയിലായിരുന്നു ആ മാന്യ വനിതയും പിൻ തുണക്കാരായ ആൺ ശിങ്കങ്ങളും ഗൂഗ്ൾ പ്ളസ്സിൽ തകർത്ത് വാരിയത്. ആ മാന്യന്മാർ എന്തിനാണ് അത്രയും വലുതായി പ്രതികരിച്ചത് എന്ന് എനിക്കിപ്പോൾ സംശയം തോന്നുന്നു. 

ഒൻപത് വർഷങ്ങൾക്ക് മുമ്പ്  ഞാൻ ബ്ളോഗിൽ എഴുതിയ ആ പോസ്റ്റിലെ  ഏകദേശം കോപ്പി പേസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതായത് കാളകൾ അന്നും ഇന്നും ഓൺ ലൈനിൽ മേഞ്ഞ് നടക്കുകയാണ്. അന്നത്തെ  ബ്ളോഗ് പോസ്റ്റിൽ കിട്ടിയ  ചില കമന്റുകൾക്ക് ഞാനിട്ട മറുപടി  ഇപ്പോഴും ഓർക്കുന്നു. 

“   ........   ദേ! അവിടെ ഗൂഗ്ല് പ്ലസ്സില്‍ ചിലതെല്ലാം നടക്കുന്നുണ്ട്.എന്നെ ഫോണ്‍ ചെയ്ത് എന്റെ ഒരു ചങ്ങാതി അറിയിച്ചു. എന്നെ വരഞ്ഞ് മുളക് തേച്ച്....വ്യക്തിപരമായി സുന്ദരമായി ആക്ഷേപിച്ചു. എന്റെ പോസ്റ്റിലെ ഒരു പാരഗ്രാഫ് മോശമായി എന്നും പറഞ്ഞ് എന്നെ അതിലും നല്ല ഭാഷയില്‍ അവരെല്ലാം കൂടി ആണിയടിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ പറ്ഞ്ഞ ഒരു തമാശ പ്രയോഗം ഞാന്‍ ഒന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ് മഹാ പാപം. അവര്‍ എന്നെ വ്യക്തി ഹത്യ നടത്തിയതില്‍ കുഴപ്പമില്ല.ഒരു വിദ്വാന്‍ പറഞ്ഞു പോസ്റ്റിട്ട ആള്‍ തന്നെയാണോ ആ കാള എന്ന്.

പക്ഷേ അവസാനം എന്നെ അറിയാവുന്ന കണ്ണന്‍ , ഇസ്മായില്‍ ചെമ്മാട്, താഹിര്‍, ശ്രീജിത് കൊണ്ടോട്ടി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍ അല്‍പ്പം ശമനം കിട്ടി. സന്തോഷായീ ട്ടാ....ഇതാണ് ബ്ലോഗ് രംഗത്തെ കൂട്ടായ്മ. അതേ പോലെ ഇവിടത്തെ കമന്റുകളുടെ മാന്യതയും. നന്ദി ചങ്ങാതിമാരേ! നന്ദി..........“

ഇനി  അന്നത്തെ ആ പോസ്റ്റിന് കാരണമായ സംഭവം ചുരുക്കി പറയാം. അന്ന് ബ്ളോഗിന്റെ വസന്ത കാലമായിരുന്നു. മനസ്സിൽ തിങ്ങി നിറയുന്ന രചനകൾ കുത്തിക്കുറിച്ച് മറ്റുള്ളവർ  വായിക്കുന്നതിനായി പത്രം ഓഫീസ്സിൽ അയച്ച് കൊടുത്താൽ  പത്രാധിപരെന്ന ദുഷ്ടൻ നന്ദി പൂർവം കൈപ്പറ്റുകയും ഖേദ പൂർവം തിരിച്ചയക്കുകയും ചെയ്യുന്ന  ആ കാലത്ത് ഒരു എഡിറ്ററുടെയും  സഹായം കൂടാതെ നമ്മുടെ രചനകൾ തടസ്സമില്ലാതെ മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കാൻ സാധിക്കുന്ന ഒരു സംവിധാനമായിരുന്നു ബ്ളോഗ്. അങ്ങിനെ ഇരിക്കവേ  ആൺ പെൺ വ്യത്യാസമില്ലാതെ പലരുടെയും കഥകളും കവിതകളും ബ്ളോഗിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. കവിതകൾ കുത്തിക്കുറിച്ചിരുന്ന  പല പെൺകുട്ടികളും ബ്ളോഗിൽ സാന്നിദ്ധ്യം അറിയിച്ചു.

റിസർവ് ബാങ്ക് കറൻസി നോട്ടടിച്ചപ്പോൾ അതിന് കള്ള നോട്ട ബദൽ ഉണ്ടായി. ഗൾഫിൽ പോകാൻ വിസാ അസ്സൽ വന്നപ്പോൾ അതിന് ബദൽ  കള്ള വിസാ ഉണ്ടായി. അസ്സൽ കമ്പനി സാധനങ്ങൾക്ക് വ്യാജൻ ഉണ്ടായി . ഏതും സദുദ്ദേശത്തോടെ സൃഷ്ടിക്കപ്പെടുമ്പോൾ  ലാഭേഛയാലോ മറ്റ്  ദുർമോഹത്താലോ വ്യാജനും രംഗത്തെത്തുന്നത്  പതിവ് കാഴയാണ് ബ്ളോഗിന്റെ ഉദ്ദേശം ഞാൻ മുകളിൽ പറഞ്ഞൂ. അവിടെ ദുരുദ്ദേശത്തോടെ വ്യാജന്മാരും ഹാജരായി. പെൺ കുട്ടികളുടെ കവിതയും കഥയും വായിച്ച്  “ഹാ! ഉഗ്രൻ!!! ഇത്രയും കാലം എവിടെ ആയിരുന്നു പുഷ്പമേ! കുട്ടി മണ്ണീൽ മറഞ്ഞ് കിടന്ന മാണിക്യ കല്ലാണ് കാക്കേ! നിന്റെ പാട്ടെത്ര മനോഹരം എന്ന മട്ടിൽ  പെൺകുട്ടിയുടെ കവിതയുടെ താഴെ അഭിപ്രായങ്ങൾ നിരക്കും ( ഇന്നും ആ അവസ്തയിൽ മാറ്റമില്ല പെണ്ണെഴുത്തിന് കമന്റുകൾ കുന്നായി കാണപ്പെടും) ജീവിതത്തിൽ ആദ്യമായി    തന്റെ രചനകളെ പുകഴ്ത്തി കേൾക്കുന്ന ആ കുട്ടിക്ക് രോമാഞ്ചം ഉണ്ടാവുന്നു. ഫോൺ നമ്പർ ചോദിച്ചാൽ കൊടുക്കുന്നു, ചാറ്റിംഗ് പുരോഗമിക്കുന്നു, ചാറ്റിംഗ് ഔട്ടിംഗ് ആകുന്നു, ഔട്ടിംഗ് ഹാൾട്ടിംഗ് ആകുന്നു,  ഇങ്ങിനെ പലതും അന്ന് സംഭവിച്ചു, പല കഥകളും പുറത്ത് വന്നു പലർ പലതിലും ഇടപെട്ടു. അന്ന് സദാചാര പോലീസ് പ്രയോഗം വന്നിട്ടില്ല. ഇടപെട്ടവരെല്ലാം സദുദ്ദേശത്തോടെ ഇടപെട്ടപ്പോൾ പല കാളകളും കടന്ന് കളഞ്ഞു.
അങ്ങിനെ ഇരിക്കവേ  എന്റെ ഒരു പരിചയക്കാരൻ  ഒരു പെൺ കുട്ടി ചതിയിൽ പെടാൻ പോയതും രക്ഷപെട്ടതും പക്ഷേ പ്രതി നായകൻ കയ്യിലുള്ള മെയിലും ചാറ്റിംഗ് രേഖകളും ഉപയോഗിച്ച് പെൺ കുട്ടിയെ ഭീഷണിപ്പെടുത്തുന്നതുമായ കഥകൾ എന്നോട് പറയുകയും എന്താണ് ഒരു വഴി ആ കാളയെ നേരിടാനെന്ന് ആരായുകയും ചെയ്തു. സൈബർ സെല്ലിൽ പരാതി കൊടുത്ത് അവനെ പൂട്ടാമെന്ന് പറഞ്ഞപ്പോൾ ആ പെൺ കുട്ടി സമ്മതിക്കില്ല, വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല,  പോലീസും നിയമവും അല്ലാതെന്ത് വഴി  എന്നാണ് അവളുടെ കരച്ചിലോടുള്ള ചോദ്യം. അവസാനം ഞാൻ ഒരു ഉപായം പറഞ്ഞു. ഊരും പേരും വെളിപ്പെടുത്താതെ, ഈ കഥയുടെ സൂചനകൾ കാണിച്ച് അവനെ വിരട്ടി ഒരു രചന ബ്ളോഗിൽ ഞാൻ   പോസ്റ്റ് ചെയ്യുക .  ഈ വക ഞരമ്പ് രോഗികൾക്ക് ഭയം കൂടുതലാണ്, രഹസ്യം പുറത്താകുമെന്ന് കാണുമ്പോൾ അവൻ കടന്ന് കളയുമെന്ന് മുൻ അനുഭവങ്ങളാൽ അറിയാമെന്നുള്ളതിനാൽ  ഞാൻ ആ പ്രയോഗം നടത്തി “ ബൂലോഗത്തിൽ കാളകൾ മേയുന്നു “ എന്ന പേരിൽ ഒരു പോസ്റ്റിട്ടു. ആ പോസ്റ്റ് വായിച്ചിട്ടാകണം അതോടെ അവൻ അവന്റെ ബ്ളോഗും പൂട്ടി  സ്ഥലം കാലിയാക്കി, പെൺ കുട്ടിക്ക് പിന്നെ ഉപദ്രവമൊന്നും ഉണ്ടായില്ല എന്ന് എന്റെ ആ പരിചയക്കാരൻ അറിയിക്കുകയും ചെയ്തു.
പക്ഷേ എന്റെ പോസ്റ്റിനെ തുടർന്നുണ്ടായ കോലാഹലങ്ങളാണ് മുകളിൽ ഞാൻ പറഞ്ഞത്.  എന്റെ ആത്മാർഥ സ്നേഹിതന്മാർ വരെ ഫോണിൽ വിളിച്ച് ആ പെൺകുട്ടി  ഏതെന്ന് തിരക്കി. ആ കുട്ടിയെ തിരിച്ചറിയുന്ന ഒരു അടയാളവും അന്ന് ഞാൻ ആരോടും വെളിപ്പെടുത്തിയില്ല. ആരോടും  പേര് പറയില്ലാ എന്ന് ഞാൻ ഉറപ്പ് പറഞ്ഞിരുന്നത് ഞാൻ പാലിച്ചു.  അന്ന് ഞാൻ ചെയ്തിരുന്ന എന്റെ തൊഴിലിന്റെ ഭാഗമായിരുന്നു, കക്ഷികളുടെ രഹസ്യം സൂക്ഷിപ്പ്.
വർഷങ്ങൾ കടന്ന് പോയി. ആ പോസ്റ്റിലെ കക്ഷികൾ എവിടെയെന്ന്    ഇന്ന് എനിക്കറിയില്ല. അന്നത്തെ ബ്ളോഗറന്മാർ  ഇന്ന് പലരും മുഖ പുസ്തകത്തിൽ സജീവമായുണ്ട്. ചിലർ മരിച്ചു, ചിലർ എഴുത്ത് നിർത്തി, ചിലർ വല്ലപ്പോഴും മുഖം കാണിക്കുന്നു.
പക്ഷേ കാളകൾ  ഇപ്പോഴും ലൈവ് ആയുണ്ട്  എന്ന് അടുത്ത ദിവസങ്ങളിലെ പലരുടെയും പോസ്റ്റുകൾ കാണുമ്പോൾ മനസ്സിലാകുന്നു. എന്റെ അന്നത്തെ ആ ബ്ളോഗ് പോസ്റ്റിലെ ശ്രീ രമേശ് അരൂരിന്റെ കമന്റ് ആണ് എനിക്കിവിടെ എടുത്ത്  ഇപ്പോൾ ഉദ്ധരിക്കാനുള്ളത്. “ഇല ചെന്ന് മുള്ളീൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലക്ക് തന്നെ കേട്.“അതിനാൽ സൂക്ഷിക്കുക
 ഇപ്പോൾ ഡോക്ടർ മനോജും  അബ്സാറും  മറ്റ് ചിലരും ഇപ്പോഴത്തെ കുറ്റാരോപിതരെ   ഒന്നും രണ്ടും മൂന്നും തലാക്ക് ചൊല്ലി  കക്ഷി വർഗത്തിൽ നിന്നും നീക്കം ചെയ്ത് കഴിഞ്ഞു. കാര്യങ്ങൾ വിശദമായി അറിഞ്ഞ് കഴിഞ്ഞ് അവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ  പിന്നെ അതെല്ലാതെന്ത് വേറെ വഴി.
സൂക്ഷിക്കുക, വീണ്ടും ഞാൻ ആവർത്തിക്കുന്നു സൂക്ഷിക്കുക, ദുരുദ്ദേശത്തോടെ നടക്കുന്നവരെ വഴി ഒഴിഞ്ഞ് നടക്കുക., കാരണം ഓൺ ലൈനിൽ ഇപ്പോഴും കാളകൾ മേയുന്നുണ്ട്.

Tuesday, September 15, 2020

ഹോമിയോയും പ്രതികരണങ്ങളും

 കഴിഞ്ഞ ദിവസം നഗരത്തിലേക്കിറങ്ങിയപ്പോൾ ജംഗഷനിൽ അറപ്പുര ഹോമിയോ മെഡിക്കൽ സ്റ്റോറിന് മുമ്പിൽ നല്ല ജനക്കൂട്ടം. വിവരമെന്തെന്നറിയാൻ അന്വേഷിച്ചപ്പോൽ അതിന്റെ ഉടമസ്തൻ പറഞ്ഞു, സാറേ! കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വാങ്ങാനുള്ള തിരക്കാണെന്ന്. ഏതായാലും ഐ.എം.എ. ക്കാർ വിചാരിച്ചത് കൊണ്ട് ഹോമിയോ പ്രതിരോധ മരുന്നിന് നല്ല മൈലേജ് കിട്ടി. 10 തെറി കൂടി

ഹോമിയോയെ പറഞ്ഞാൽ ഹോമിയോക്കാർ രക്ഷപെട്ടു. ഒന്ന് കൂടി തെറി പറയുക അപ്പോത്തിക്കിരിമാരേ! യുക്തി വാദികളേ!
വിദ്യാഭ്യാസത്തിൽ കേരളം മുൻ പന്തിയിലാണ്. ജനം ജാഗ്രത ഉള്ളവരും കൂലംകഷമായി ചിന്തിക്കുന്നവരുമാണ്. അവർക്ക് താല്പര്യമുള്ള ചികിൽസ അവർ തിരഞ്ഞ് കണ്ട് പിടിച്ച് കൊള്ളും. വേണ്ടാത്തത് അവർ ഉപേക്ഷിക്കുകയും ചെയ്യും. മറ്റൊരു ചികിൽസാ പദ്ധതിയെ നിങ്ങളെന്തിന് കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ വാദഗതികൾ നിങ്ങളുടേത് മാത്രമാണ്. ശാസ്ത്രീയം നിങ്ങളുടെ ശാസ്ത്രീയമാണ്. എതിർഭാഗത്തിന്റേതല്ല. അവർക്ക് അവരുടെ ശാസ്ത്രീയ വശങ്ങൾ വിവരിക്കാൻ ഉണ്ട്. പക്ഷേ ഈ ഹോമിയോക്കാർ നിങ്ങളെ പോലെ ധാർഷ്ട്യവും രൂക്ഷതയും ഉള്ളവരല്ല. ആ പാവങ്ങൾ എവിടെയെങ്കിലും വിനയത്തൊടെ ഇരുന്ന് കൺസൽട്ടിംഗും മരുന്ന് വിലയും ഉൾപ്പടെ പരമാവധി 100 രൂപാ വാങ്ങുമ്പോൾ നിങ്ങൾ കൺസൽട്ടിംഗ് ഫീ മരുന്ന് വില , ടെസ്റ്റ് ചിലവ് എന്നിവയൊക്കെ ചേർത്ത് ജനങ്ങളുടെ പോക്കറ്റ് കീറും. ജനം പാവം പിടിച്ച ഹോമിയോക്കാരനെ തിരക്കി പോകും. അത് കൊണ്ട് രോഗം മാറിയില്ലെങ്കിൽ മോഡേൺകാരനെ തിരക്കി പോകും ഹോമിയോക്കാരന്റെ മരുന്ന് കൊടുത്ത് രോഗം മാറുന്നത് പ്ളാസിബോ എഫക്റ്റ് ആണെന്നാണ് നിങ്ങൾ കൂവുന്നതെങ്കിൽ അതങ്ങനെ ആയിക്കോട്ടെ. എന്തായാലും ശരീരത്തിൽ മറ്റ് വിഷം കയറില്ലല്ലോ വെറും പഞ്ചര ഗുളിക യല്ലേ , അതുമല്ല ഒരു ഔഷധ ഗുണവുമില്ലാ എന്ന് നിങ്ങൾ ശാസ്ത്രീയം പറഞ്ഞ് സ്ഥാപിച്ചും കഴിഞ്ഞു. പിന്നെന്തിന് ഈ വെപ്രാളം. ആ പാവപ്പെട്ടവരും 200 കൊല്ലം കൊണ്ട് ജീവിക്കുന്നു, 200 കൊല്ലത്തിന് മുമ്പ് നിങ്ങളുടെ അവസ്ഥ ഭീകരമായത് കൊണ്ടാണ് ഹോമിയോ ജന്മമെടുത്തതെന്ന വിവരം കൂടി മനസിലാക്കിക്കൊള്ളൂ.
എന്നും പറഞ്ഞ് ഹോമിയോ പരിപൂർണ ചികിൽസാ പദ്ധതിയാണെന്നൊന്നും ജനത്തിന് അവകാശമില്ല , ഞാൻ പറഞ്ഞത് ജനം തരം പോലെ ചെയ്ത് കൊള്ളും എന്നാണ് . നിങ്ങൾ ആ പാവപ്പെട്ട ശൈലജാ ടീച്ചർ മന്ത്രി പറഞ്ഞെന്നും പറഞ്ഞ് വാളുമെടുത്ത് ഇറങ്ങിയത് ഒട്ടും ശരിയായില്ല
അന്ധവിശ്വാസം മാറ്റാൻ ശ്രമിക്കണമെന്ന് ഭരണഘടന പറഞ്ഞത് ശരി തന്നെ അതിന് അന്ധവിശ്വാസമാണെന്ന് നിങ്ങളുടെ ശാസ്ത്ര ബോദ്ധ്യം മാത്രം പോരല്ലോ. ഈ നാട്ടിൽ ജനകോടികളുണ്ട്, അവർ തീരുമാനിച്ച് വേണ്ടത് ചെയ്യും
ഈ കുറിപ്പ് കാരൻ 50 വർഷം കൊണ്ട് ഹോമിയോ ഉപയോഗിക്കുന്നു , ആവശ്യം വന്നപ്പോൾ ആയുവേദം ഉപയൊഗിച്ചിട്ടുണ്ട്. സയൻസിന്റെ സംഭാവന ആയ ആധുനികാ ഉപകരണങ്ങളുടെ പിൻ ബലം മോഡേൺ മെഡിസിനുള്ളതിനാൽ അപ്രകാരം ആവശ്യം വന്നപ്പോൾ അലോപ്പതി എന്ന മോഡേൺ മെഡിസിന്റെ ചികിൽസയും തേടിയിട്ടുണ്ട്. ഇവിടെ ഇതെല്ലാം ചെയ്തത് എന്റെ നാട്ടിലെ നിയമം എനിക്ക് തന്ന സ്വാതന്തിയം അനുസരിച്ചാൺ`. അതിൽ കയറി ദയവ് ചെയ്ത് നിങ്ങൾ കടന്നാക്രമിക്കരുത്. അത് കൊണ്ട് നിങ്ങളുടെ ഏരിയായിൽ ദാദാ ആയിക്കൊള്ളുക, മറ്റ് പാവങ്ങൾ വാല് മാക്രികൾ എങ്ങിനെയെങ്കിലും കഴിയട്ടേന്ന്...പിന്നെ ജനത്തിനെ ഉപദേശിച്ച് നന്നാക്കാൻ നോക്കാൻ മെനക്കെടേണ്ട. അവർക്ക് ബെഹരം ഉണ്ട് സാറേ!.
ഇതും വായിച്ച് അലോപ്പതി താങ്ങികൾ പല ലിങ്കുകളുമെടുത്ത് ഇങ്ങോട്ട് വരേണ്ടാ, ഞാൻ പറഞ്ഞത് എന്റെ മതം, നിങ്ങൾക്ക് നിങ്ങളുടെ മതം, ഞാൻ വണ്ടി വിട്ടു.

Friday, August 28, 2020

തട്ടിപ്പ് യൂണിവേഴ്സിറ്റികൾ

ഭാരത് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി അൽ ബല യൂണിവേഴ്സിറ്റി, ഗാംഗോക്ക് യൂണിവേഴ്സിറ്റി, ഇങ്ങിനെ പല യൂണിവേഴ്സിറ്റികളും  അവരുടെ വിവിധ കോഴ്സുകളും ( നിലവിൽ നാട്ടിൽ പ്രവർത്തിക്കുന്ന കേരളാ, കോഴിക്കോട് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിലുള്ള  ബിരുദത്തിന് തുല്യമായത് എന്ന് പരസ്യം ചെയ്ത്) ഈ സീസണിൽ രംഗത്ത് വരാറുണ്ട്.
 ഈ സീസണിന് ഒരു പ്രത്യേകത ഉണ്ട്. പ്ളസ് റ്റൂ പരീക്ഷാ ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ ഉടൻ രക്ഷകർത്താക്കൾ കുട്ടികളെ ഉപരി പഠനാർത്ഥം ആവശ്യമായ സീറ്റ് കിട്ടാൻ പരക്കം പായുന്ന സമയമാണിത്. ഉയർന്ന മാർക്ക് ലഭിച്ചവർക്ക്  ബുദ്ധിമുട്ടില്ലാതെ അവർക്ക് ഹിതാനുസരണം സീറ്റ് ലഭിക്കുമ്പോൾ  മാർക്ക് കുറവുള്ള  കുട്ടികളുടെ രക്ഷ കർത്താക്കൾ  ഉള്ളിൽ തീയുമായി ഓരോ കോളേജിന്റെയും വാതിൽക്കൽ ചെന്ന് തപസ്സ് ചെയ്യുന്ന സമയമാണിത്.
സയൻസ് വിഷയം ആഗ്രഹിക്കുന്നവരും  കോളേജിൽ തന്നെ ചേർന്ന് പഠിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ളവരും  വ്യാജ യൂണിവേഴ്സിറ്റികളുടെ തട്ടിപ്പിന് ഇരയാകുന്ന കാഴ്ചയാണ് പോയ വർഷങ്ങളിൽ കണ്ടത്. തങ്ങളുടെ യൂണിവേഴ്സിറ്റി കേരളാ, കോഴിക്കോട്, മഹാത്മാ ഗാന്ധി തുടങ്ങിയ അംഗീകൃത കോളേജുമായി അഫിലിയേറ്റ് ചെയ്തതാണെന്നും കടലാസുകൾ എല്ലാം ശരിയായിരിക്കുകയാണെന്നും ഉയർന്ന ഉദ്യോഗസ്തന്റെ ഒരു ഒപ്പിനായി കാത്തിരിക്കുകയാണെന്നും കുട്ടിയെ ഇവിടെ ചേർത്തു കൊള്ളണം ഉടനെ അഫിലിയേഷൻ കിട്ടും എന്ന് പറഞ്ഞാണ് ഇവർ രക്ഷിതാക്കളെ വലയിലാക്കി കനത്ത ഫീസും ഡൊണേഷനും അടപ്പിക്കുന്നത്. അവസാനം പരീക്ഷാ സമയം ആകുമ്പോൾ  “എന്തോ കുഴപ്പം പറ്റി, അത് ഉടനെ പരിഹരിക്കും എന്നൊക്കെ ഉഡായിപ്പ് പറഞ്ഞ് തടിയൂരും. കുട്ടിയുടെ ഒരു വർഷം പാഴാകും. വലിയ വഴക്ക് ഉണ്ടാക്കുന്നവർക്ക്  അടച്ച തുക ഭാഗികമായി തിരികെ നൽകും, ചിലർ ഒന്നും കൊടുക്കില്ല.
പോയ വർഷം  എം.കോം ബിരുദത്തിന് ചില ട്യൂട്ടോറിയൽ കോളേജുകൾ കുട്ടികളുടെ കയ്യിൽ നിന്നും കനത്ത ഫീസും വാങ്ങി കേരളാ യൂണിവേഴ്സിയുടെ അംഗീകാരം ഉടനെ കിട്ടുമെന്ന് പറഞ്ഞ് പഠിപ്പിച്ചു. അവസാനം ഒരു വർഷം പഠിപ്പിച്ചിട്ട്, അംഗീകാരം കിട്ടാതെ വന്നപ്പോൾ എന്നാൽ നമുക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നോക്കാം എന്ന് പറഞ്ഞ് ആ വർഷം കൂടി കളയിപ്പിച്ചു.
 സിബിസി രജിസ്ട്രേഷൻ ഒരു സ്കൂളിന് ലഭിക്കുമ്പോൾ  അത് മറയാക്കി അതിന്റെ അനുബന്ധമായി 10 സ്കൂളുകളിൽ  പഠിപ്പിച്ചിട്ട്, പരീക്ഷ എഴുതാൻ നേരം  രജിസ്ട്രേഷൻ ഉള്ള സ്കൂളിൽ പോയി പരീക്ഷ എഴുതുന്ന വിദ്യ ഈ വർഷം മുതൽ അവസാനിപ്പിച്ചു എന്ന പത്ര വാർത്ത ശ്രദ്ധിക്കുക.
 മാർക്ക് അടിസ്ഥാനപ്പെടുത്തിയുള്ള ഏതെങ്കിലും ഉയർന്ന പഠനം --അതെത്രയോ സുലഭമാണ്-- കുട്ടിക്ക് തരപ്പെടുത്തി കൊടുത്ത് അവന്റെ ഭാവി സുഭദ്രമാക്കാൻ ശ്രമിക്കാതെ അതി മോഹത്താൽ ഈ ഉഡായിപ്പ് യൂണിവേഴ്സിറ്റികളുടെ ചതിയിൽ പെട്ട്, കുട്ടിയുടെ ഭാവിയും ധനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് രക്ഷകർത്താക്കളുടെ കടമയാണ്.

Sunday, August 23, 2020

പഠന സഹായി ആപ്പ്

മെഗാ സ്റ്റാറും ഒരു കുട്ടിയും ചേർന്ന് അവതരിപ്പിക്കുന്ന റ്റി.വി. പരസ്യം ഒരു സ്വകാര്യ  സെന്ററിന്റേതാണ്. അവരുടെ ആപ്പ് ഡൗൺ ലോഡ് ചെയ്താൽ പഠനം എളുപ്പമാകുമത്രേ! പരസ്യത്തിന്റെ ആകർഷണത്തിനായി  നടന്റെ പഴയ ഒരു സിനിമയിലെ “കളി പഠിപ്പിക്കല്ലേ“ ഡയലോഗ് പുട്ടിന് തേങ്ങാ ഇടുന്നത് പോലെ  കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്. ഇവിടെ പ്രസക്തമായ വിഷയം ഈ പരസ്യം നിർമ്മിക്കാൻ താരത്തിന്റെ ഭാരിച്ച കൂലി മറ്റ് ചെലവ് അതോടൊപ്പം അത്രയും നേരം റ്റി.വി.യുടെ  പരസ്യ വാടക, അത് സെക്കന്റിന്, മിനിട്ടിന് കനത്ത തുകയാണ് നൽകേണ്ടത്, ഇതെല്ലാം മൊത്തമായി സ്ഥാപനത്തിന്റെ ചെലവിനത്തിൽ പെടുന്നു എന്നതാണ്. അവർക്കിത് എവിടെ നിന്നും ലഭിക്കുന്നു,?
 തങ്ങളുടെ കുട്ടികൾക്ക് വേണ്ടി  ഈ പരസ്യത്തിൽ ആകർഷിക്കപ്പെട്ട് വലയിൽ വീഴുന്ന സാധാരണക്കാരുടെ മുതുകിൽ    കനത്ത വില ചുമത്തി ഈ ആപ്പ് അടിച്ച് കയറ്റുന്നു.. അല്ലാതെവിടെ നിന്നാണ് അവരുടെ മുടക്ക് മുതൽ ഈടാക്കുക.
പഠിക്കുന്ന കുട്ടി അഥവാ പഠിക്കാൻ താല്പര്യമുള്ള കുട്ടി ഏത് ആപ്പടിച്ചാലും ആപ്പടിച്ചില്ലെങ്കിലും പഠിക്കും, അതിന് പ്രദേശത്തുള്ള ഏതെങ്കിലും അക്രമണൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തുന്ന സാദാ ട്യൂഷൻ സെന്ററിൽ  പഠന സഹായത്തിനായി പോയാലും മതി. പക്ഷേ  . പരസ്യം കാണുന്ന ജനം അത് പൂർണ സത്യമാണെന്ന് കരുതുന്നിടത്ത് എന്ത് പറഞ്ഞാലും അവരുടെ തലയിൽ കയറില്ല. അവർക്ക് മറ്റവന്റെ ആപ്പ് ഉപയോഗിച്ചേ മതിയാകൂ.എന്നാലല്ലേ അയൽ വാസിയുടെ കുട്ടിയുടെ അത്രയും ഏ. പ്ളസ്സ് എന്റെ കുട്ടിക്കും കിട്ടൂ.

ഇത് തന്നെ മറ്റ് പരസ്യങ്ങളുടെയും ഗതി.

കേൾക്കുന്നതിനേക്കാളും കാണുന്നതാണ് മനസ്സിൽ പതിയുന്നത്. അതും സുന്ദരികളായ തരുണീമണികൾ വന്ന് ഇരുമ്പാണി മുതൽ ഉണക്ക മീനിന്റെ  വരെ ഗുണഗണങ്ങൾ റ്റി.വി.യിൽ വന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ “ഒന്നുമില്ലേലും നല്ലോരു പെൺകൊച്ച് വന്ന് നിന്ന് സാധനത്തിന്റെ ഗുണം പറയുമ്പോൾ എങ്ങിനെ അത് വാങ്ങാതിരിക്കും  അപ്പീ...“ എന്ന് സാദാ മനുഷ്യൻ പറഞ്ഞ് പോകുന്നു.. പരസ്യത്തിന്റെ ഭീമമായ ചെലവും നമ്മൾ വാങ്ങുന്ന ഉൽപ്പന്നത്തിന്റെ മുതുകിൽ കയറുന്നുണ്ട് എന്ന് നമ്മൾ അറിയുന്നില്ലല്ലോ.

ഇപ്പോൾ നിലവിലുള്ള സീസൺ കൊറോണാ വൈറസിനെ നേരിടുന്ന ലോഷന്റേതാണ്. പല കമ്പനിക്കാരും  പരസ്യം തിരിഞ്ഞ് കടിക്കാതിരിക്കാൻ  99 ശതമാനമേ ഫലപ്രാപ്തി പറയുന്നുള്ളൂ. അഥവാ ഏതെങ്കിലും വായിൽ നോക്കി “സംഗതി ഫലിച്ചില്ലേ“ എന്നും പറഞ്ഞ് കേസിന് പോയാൽ, “ നീ  ബാക്കി ഒരു ശതമാനത്തിൽ പെടുന്നവനാണ് എന്ന് പറഞ്ഞ് നിൽക്കാനാണ് ഇപ്പോൾ 99 ശതമാനം  പറയുന്നത്.
ഇനി എത്ര കൊറോണാ  വന്നാലും ഈ പകൽ കള്ളന്മാരുടെ തട്ടിപ്പ് വേലക്ക് ഒരു അന്ത്യവുമില്ലേ ദൈവമേ!

Monday, July 27, 2020

svaകാര്യ ആശുപത്രി ഫീസ് നിരക്ക്

കോവിഡ് പ്രതിരോധ ദൗത്യത്തിൽകൂടുതൽ സ്വകാര്യ ആശുപത്രികളെ കണ്ണി ചേർക്കുന്നതിന്റെ ഭാഗമായി  സർക്കാർ താൽക്കാലിക കരാറിൽ എത്തി.‘
നിലവിൽ 222 സ്വകാര്യ ആശുപത്രികൾക്ക് പുറമേ കൂടുതൽ കിടക്കകൾ സജ്ജമാക്കാനാണ് ഈ താൽക്കാലിക കരാർ. നിരക്കുകൾ എല്ലാ സ്വകാര്യ ആശുപത്രികളിലും ഒരു പോലെ ആയിരിക്കും. അവ ഇപ്രകാരമാണ്.
ജനറൽ വാർഡ് പ്രതിദിനം 2300 രൂപ.
എ.എച്.ഡി.യൂ    ,,,,               3300 രൂപ.
ഐ.സി.യൂ.             ,,,,,              6500 രൂപ
ഐ.സി.യൂ.വെന്റിലേറ്റർ  11500 രൂപ.
ഇതിനു പുറമേ പി.പി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാം.
ആന്റിജൻ ടെസ്റ്റ് മുതലായവക്ക് പ്രത്യേക ചാർജ് വേണം.
അപ്പോൾ ഈ നിരക്കിൽ ജനറൽ വാർഡിൽ 10 ദിവസം കിടന്നാൽ  തന്നെ ഇരുപത്തിമൂവായിരം രൂപയും ബാക്കി അനുസാരികളുടെ  ചാർജ് വേറെയും.
സർക്കാർ ആശുപത്രി വേണ്ടാ എന്ന് തോന്നുന്നവർക്ക് മാത്രമേ ഈ ബുദ്ധിമുട്ടുള്ളൂ. ചികിൽസയെല്ലാം രണ്ടിടത്തും ഒരു പോലെ തന്നെ,  സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഉൽപ്പടെ ജീവനക്കാർക്ക് അൽപ്പം ഗമാലിറ്റി കൂടും, സ്വകാര്യത്തിൽ അത് കുറയും.
മറ്റൊരു വ്യത്യാസം സർക്കാർ ആശുപത്രിയിൽ രോഗം കുറച്ച് വാട്ടം കിട്ടിയാൽ ഉടനെ  “അപ്പോൾ പിന്നെ കാണാം..എന്നാൽ പോയാട്ടെ“ എന്ന് പറയും. സ്വകാര്യത്തിൽ നമ്മൾ ആവശ്യപ്പെട്ടാലും “ എന്താ ഇത്ര ധൃതി അസുഖം ഭേദമാകട്ടെ...ഞങ്ങൾ പറയാം....“ എന്നായിരിക്കും മറുപടി.
എന്തായാലും ആരും ഒരു ആശുപത്രിയിലും പോയി കിടക്കാനിട വരാതെ രോഗ ബാധ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുകയല്ലേ വഴിയുള്ളൂ.

Wednesday, July 15, 2020

കോവിലനും മമ്മൂട്ടിയും

സാഹിത്യ രംഗത്ത് “തട്ടകം“ തുടങ്ങിയ  അത്യപൂർവമായ  രചനകൾ നൽകിയ  വ്യക്തിയാണ്  വി.വി.അയ്യപ്പൻ എന്ന     ശ്രീ കോവിലൻ. വയലാർ അവാർഡും മുട്ടത്ത് വർക്കി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സിനിമാ ലോകത്ത് അതുല്യ സ്ഥാനം വഹിക്കുന്ന  നടനാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി.ഭരത് അവാർഡ് ഉൾപ്പടെ അനേകം അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹം അഭിഭാഷകനുമായിരുന്നു.
കോവിലനും മമ്മൂട്ടിയുമായി  എന്ത് ബന്ധം  എന്ന ചോദ്യത്തിന് ബന്ധം ഉണ്ട് എന്നാണ് പറയേണ്ടി വരുന്നത്.
കോഴിക്കോട് യൂണിവേഴ്സിറ്റി രണ്ട് പേർക്കും ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി. ബിരുദ പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി  ആ ബിരുദം നൽകാൻ ഒരുപാട് സമയം എടുത്തു. അപ്പോഴേക്കും കോവിലൻ  പോയിക്കഴിഞ്ഞിരുന്നു. ഇതിൽ ദുഖമയമായ വിഷയം ബിരുദ പ്രഖ്യാപനത്തിൽ കോവിലൻ വളരെ ഏറെ സന്തോഷിച്ചിരുന്നു  എന്നും ബിരുദ ദാനത്തിനുള്ള ക്ഷണം പ്രതീക്ഷിച്ച് അദ്ദേഹം  ഏറെ നാൾ കാത്തിരുന്നു എന്നുമുള്ളതുമാണ്. ഈ പരമാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു എന്ന് പത്ര വാർത്ത. എങ്കിൽ അതൊരു തെറ്റായ നടപടി ആയി പോയി. പക്ഷേ ഈ കാല താമസത്തിന് മമ്മൂട്ടി  അദ്ദേഹം അറിയാതെ ഭാഗഭാക്കായി എന്ന് അറിയുന്നു.
മമ്മൂട്ടിയുടെ സമയം പ്രതീക്ഷിച്ചാണ് യൂണിവേഴ്സിറ്റി അവാർഡ് ദാന ചടങ്ങ് നീട്ടി വെച്ചതെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. അദ്ദേഹം അറിഞ്ഞ് കൊണ്ടല്ല ഈ സംഭവം. അത് വാസ്തവമല്ലെങ്കിൽ  എന്ത് കൊണ്ട് അവാർഡ് ദാന ചടങ്ങ് ഇത്രയും കാലം നീട്ടി വെച്ചതെന്ന് വിശദീകരിക്കേണ്ടി വരും.
സമൂഹത്തിൽ സിനിമയുടെ സ്വാധീനം ഏറ്റവും ഉന്നതിയിലാണ്. സിനിമാ കണ്ട് പിടിക്കുമ്പോൾ  അത് മനുഷ്യ സമൂഹത്തെ ഇത്രത്തോളം സ്വാധീനിക്കുമെന്ന് അന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. സിനിമയും അതിലെ അഭിനേതാക്കളും ഇപ്പോൾ സമൂഹത്തിൽ അത്യുന്നത ശ്രേണിയിലാണ്. രാജ്യ ഭരണം നിർവഹിക്കുന്ന ഉന്നത രാഷ്ട്രീയക്കാർ പോലും ആ സ്ഥാനത്തിന് താഴെയാണെന്നുള്ളതാണ് പരമാർത്ഥം.
സോപ്പ് മുതൽ ഉണക്ക മൽസ്യത്തിന് വരെ സിനിമാ അഭിനേതാക്കളുടെ ചിത്രം പരസ്യമായി ഉണ്ടായേ മതിയാകൂ. എന്ത് ധർമ്മ ച്യുതിയും സിനിമാ അഭിനേതാക്കൾക്കുണ്ടായാലും ജനത്തിന് അത് പ്രശ്നമല്ല. എത്ര വേണമെങ്കിലും വിവാഹം കഴിക്കാം വിവാഹ മോചനം നടത്താം, മദ്യപിച്ച് തലയും കുത്തി നടക്കാം അതൊരു തെറ്റായി ആരും കാണുകയേ ഇല്ല. ആ സ്ഥാനത്ത് ഒരു രാഷ്ട്രീയക്കാരൻ അത്തരത്തിലുള്ള പ്രവർത്തിയിൽ ഏർപ്പെട്ടാൽ  അയാൾ സമൂഹ ഭൃഷ്ട് നേരിടേണ്ടി വരുമെന്നത് ഉറപ്പ്.
ഭർത്താവ് മമ്മൂട്ടിയെ  പോലെ ഇരിക്കുന്നെന്ന് ഭാര്യമാർ പറയും പക്ഷേ മമ്മൂട്ടി ഭർത്താവിനെ പോലെ ഇരിക്കുന്നെന്ന് ഒരു ഭാര്യയും പറയില്ല. അതേ പോലെ ഭാര്യ ഐശ്വര്യ റായിയെ പോലിരിക്കുന്നു എന്ന് പറയും ഐശ്വര്യ റായി ഭാര്യയെ പോലിരിക്കുന്നു എന്നാരും പറയാറില്ല.
സുപ്രസിദ്ധ നടി  സോഫിയാ ലോറൻ അടുക്കളയിൽ നിൽക്കുമ്പോൾ അടിവസ്ത്രം ധരിക്കാറുണ്ട് എന്ന് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തി കഴിഞ്ഞതിന് ശേഷം  അടുത്ത ദിവസങ്ങളിൽ അടിവസ്ത്രത്തിന് കമ്പോളത്തിൽ  വലിയ വിറ്റഴിവ് ഉണ്ടായി എന്ന് പണ്ട് വായിച്ചത് ഓർമ്മ വരുന്നു.
അതേ! പിടിച്ച് കെട്ടാനാകാത്ത വിധം സിനിമയും അഭിനേതാക്കളും  സമൂഹത്തിന്റെ ഉന്നത ഇടങ്ങളിൽ ആയി കഴിഞ്ഞിരിക്കുന്നു.
ഒരു കലയായി സിനിമയെ അംഗീകരിച്ച് അത് കാണുകയല്ലാതെ താരാരാധന എന്ന കോമാളിത്തത്തിന് മുതിരുമ്പോൾ മനുഷ്യൻ ഒന്നുമല്ലാതാകും.
യാതൊരു സത്യവുമില്ലാത്ത വെറും ഭാവനയിൽ നിന്നുരുത്തിരിഞ്ഞ കഥകളും സജ്ജീകരണങ്ങളും അതിൽ  സ്വന്തമായ ഭാവമല്ലാത്ത മറ്റൊരാൾ കാണിക്കുന്ന ഭാവം  കുരങ്ങിനെ പോലെ അനുകരിക്കുന്ന  ആൾക്കാർക്കാണ് സമൂഹത്തിൽ ഇന്ന് വിലയെങ്കിൽ മനുഷ്യന്റെ തലച്ചോറിന് എവിടെയോ വെച്ച്  എന്തോ സംഭവിച്ചിട്ടുണ്ട്.

Friday, July 3, 2020

65 വയസ്സിന് മുകളിൽ ഉള്ളവർ വീട്ടിലിരിക്കണോ?

പള്ളികളും ഇതര ദേവാലയങ്ങളും തുറന്നതിനെ തുടർന്ന് നിബന്ധനകൾ  ധാരാളമായുണ്ട് പ്രവേശനം ലഭിക്കാൻ.
അതിൽ പ്രധാനപ്പെട്ടത് 65 വയസ്സിനു മുകളിൽ ഉള്ളവർക്ക്  പ്രവേശനമില്ലാ എന്നാണ്.
ചെറുപ്പത്തിൽ അടിച്ച് പൊളിച്ച് ജീവിച്ചിട്ട് വയസ്സാകുമ്പോഴാണ് ലേശം ഭക്തിയൊക്കെ വരുന്നത്, അപ്പോഴാണ് ഒരു തടസ്സ നിയമം!!!
 മൂന്ന് മാസമായി വീട്ടിലിരുന്ന് വിളിച്ചപ്പോൾ  ദൈവം കേട്ടു എങ്കിൽ ഇനി അങ്ങോട്ടുള്ള സമയവും  കരുണാമയൻ പ്രാർത്ഥന കേട്ടോളും. സ്വന്തമായ അലംഭാവത്താൽ ദേവാലയത്തിൽ പോകാത്തതല്ലല്ലോ.  മനുഷ്യ നിർമ്മിതമായ നിയമങ്ങളാൽ തടയപ്പെട്ടതാണ് എന്നൊക്കെ സമാധാനിച്ച് കഴിയുക എന്നതാണ് 65 ന് മുകളിലുള്ളവർക്ക് കരണീയമായ ഏക വഴി.
അല്ലെങ്കിൽ എനിക്ക് 58 വയസ്സേ ഉള്ളൂ എന്ന്  കളവായി ബോധിപ്പിക്കുകയോ എഴുതിക്കൊടുക്കുകയോ ചെയ്യുക, ജനന സർട്ടിഫിക്കേറ്റ് കൊണ്ട് വരാൻ ആവശ്യപ്പെടാൻ തക്കവിധം ഇത് ഗുരുതര നിയമ പ്രശ്നമൊന്നുമല്ല താനും. പക്ഷേ മുകളിലിരിക്കുന്ന വലിയ കണക്ക്കാരൻ  കള്ളം പറഞ്ഞ് പ്രവേശനം വാങ്ങിയാൽ കർശനമായി മൈനസ് മാർക്കിട്ട് തരും, ഒരു സംശയവും വേണ്ട, അവിടന്ന് കളവ് പറയുന്നത് ഇഷ്ടപ്പെടുന്നില്ല.
പക്ഷേ ഈ വിഷയത്തിൽ ഒരു യുക്തിഭംഗം ഉണ്ട്. ചെറുപ്പക്കാരേക്കാളും അരോഗദൃഡഗാത്രരായ 65ന് മുകളിലുള്ളവർ ധാരാളമുണ്ട്. ചെറുപ്പക്കാർ രണ്ട് തുള്ളി മഴവെള്ളം തലയിൽ വീണാൽ പിറ്റേന്ന് ചീറ്റിയും തുമ്മിയും ചുമച്ചും  നടക്കുമ്പോൾ മഴ മുഴുവൻ കൊണ്ടാലും ഊങ്ഹൂം ഒരു കുഴപ്പവുമില്ലാത്ത  മൂപ്പിൽസ് ധാരാളമുണ്ട്. അത് കൊണ്ടല്ലേ ഈ സാധനങ്ങൾ ഇപ്പോഴും ചക്കക്കുരു പോലെ ഇരിക്കുന്നത്.
 പ്രായമായവർക്ക് രോഗ പ്രതിരോധ ശക്തി കുറവാണെന്നും അവർക്ക് പെട്ടെന്ന് രോഗം ബാധിക്കുമെന്നും ഏതോ അപ്പോത്തിക്കിരി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, വീട്ടിലിരുന്നാൽ മതി മൂപ്പിൽസേ! എന്ന് ഈ  നിയമം എഴുതി ഉണ്ടാക്കിയവന് ബോധം ഇറങ്ങി വന്നത്.
രോഗ പ്രതിരോധ ശക്തി ഇല്ലാത്തവർ ഏത് പ്രായക്കാരായാലും രോഗം പെട്ടെന്ന് ബാധിക്കും.
ഇവിടെ എന്താണ് സത്യസന്ധമായ വസ്തുത എന്ന് നോക്കാം.  ഒരു പ്രായമെത്തുമ്പോൾ ജീവിത ശൈലി രോഗം ബാധിച്ച് അത് പ്രമേഹം, രക്ത സമ്മർദ്ദം, മുതലായ വേഷത്തിൽ  പ്രകടമാകും അതിന് ചികിൽസയും നടക്കും.  ആ രോഗങ്ങൾ ഉള്ളവർ പെട്ടെന്ന് പകർച്ചവ്യാധിക്ക് ഇരയാകുകയും ചെയ്യും. പക്ഷേ ഈ അവസ്ഥ പ്രായമാകാത്തവർക്കും സംഭവിക്കാം, പക്ഷേ  അവർക്ക് നിയമ തടസ്സമൊന്നുമില്ല. ഇത് വിവേചനമാണ്, ബുദ്ധിശൂന്യതയാണ്.
വേണ്ടത് ഇതാണ് രോഗം ബാധിച്ചവർ അവർ ഏത് പ്രായത്തിലുള്ളവരായാലും സ്വയമേ തന്നെ  സാമൂഹ്യ അകലം  പാലിക്കുക.
അപ്പോൾ ഇപ്പോഴുള്ള നിയമത്തിൽ ഒരു വാക്ക് കൂടി ചേർത്താൽ എല്ലാം ശരിയാകും, 65 വയസ്സിനു മുകളിലുള്ള  ”രോഗബാധിതരും ചികിൽസയിലിരിക്കുന്നവരും” ദേവാലയങ്ങളിലും പൊതു ഇടങ്ങളിലും  പങ്കെടുക്കരുത് എന്ന് തിരുത്തിയാൽ  അതൊരു നീതിയായേനെ.

Thursday, June 18, 2020

1962ലെ ഇന്ത്യയല്ല ഇന്ന്....

പഞ്ചശീല ഉടമ്പടി ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയുമായി ഒപ്പിടുകയും വെള്ള പ്രാവുകളെ ആകാശത്തേക്ക് പറത്തുകയും ചെയ്ത് കഴിഞ്ഞപ്പോൾ പണ്ഡിറ്റ് ജവഹാർലാൽ നെഹ്രുവിന്റെ നേത്രുത്വത്തിലുള്ള സർക്കാർ കരുതി മാന്യന്മാർ ഒപ്പിട്ട് ലോകത്തെ ബോധിപ്പിച്ച ഈ പ്രമാണത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ചൈനാക്കാർ നല്ല അയൽക്കാരായിരിക്കുമെന്ന്. ആ വിശ്വാസ്ത്താൽ അതിർത്തിയിൽ അന്ന് വലിയ ശ്രദ്ധ ഒന്നും കൊടുത്തിരുന്നില്ല. പക്ഷേ ഒരു ഭാഗത്ത് സമാധാന ചർച്ച നടക്കുമ്പോൾ മറുഭാഗത്ത് ആയുധത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു ചൈനാക്കാർ. അവർ അന്നും ഇന്നും അങ്ങിനെ തന്നെയാണ് സ്വന്തം കാര്യം തന്നെയാണ് അവർക്ക് മുഖ്യം. അങ്ങിനെ1962ൽ എല്ലാ ഉടമ്പടികളും പഞ്ചശീല തത്വങ്ങളും കാറ്റിൽ പറത്തി, “അവർ അവരുടേതെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക്“ ഇരച്ച് കയറി. 1947ൽ ബ്രിട്ടീഷ്കാർ വിട്ട് പോയപ്പോൾ ഉണ്ടായിരുന്ന മോഡൽ ആയുധങ്ങളുമായി അതിർത്തി കാത്തിരുന്ന ഇന്ത്യൻ സൈനികരെ ആക്രമിച്ച് ഒരുപാട് ദുരന്തങ്ങൾ വരുത്തി വെച്ചു. അന്ന് റേഡിയോയിൽ കേട്ടിരുന്ന ഒരു സ്ഥിരം വാചകമായിരുന്നു ഇന്ത്യൻ സൈന്യം വിജയ പൂർവം പിൻ മാറി“ എന്ന്. കൊടിയ തണുപ്പിൽ മരണമടഞ്ഞിരുന്ന സൈനികരും ധാരാളം. തണുപ്പിനെ നേരിടാനുള്ള പ്രതിരോധങ്ങളോ പരിശീലനങ്ങളോ അന്ന് അവർക്കില്ലായിരുന്നുവല്ലോ. വി.കെ.ക്രിഷ്ണ മേനോനൻ ആയിരുന്നു അന്നത്തെ യുദ്ധകാര്യമന്ത്രിയെന്ന് തോന്നുന്നു. ഏതായാലും ആ യുദ്ധത്തിന് ശേഷം മേനോൻ രാജിവെച്ചെന്നാണ് ഓർമ്മ.
ഇന്ത്യ കരുതി ഇരുന്നു, വേണ്ട ആധുനിക ആയുധങ്ങളും പരിശീലനം ലഭിച്ച സൈനികരുമായി, ശത്രുവിനെ നേരിടാൻ. 1965ൽ അതിന് അവസരം ലഭിച്ചു. പക്ഷേ ശത്രു മാറി പോയിരുന്നു. അന്ന് നമ്മുടെ സൈന്യ ബലത്തിന്റെ മികവ് അനുഭവിച്ചത്, പാക്കിസ്ഥാൻ സൈന്യം ആയിരുന്നു. പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലേക്ക് ഇരച്ച് കയറി. പാക്കിസ്ഥാന് പകരം ചൈനയെയായിരുന്നു അന്ന് നേരിട്ടതെങ്കിൽ ചൈനാക്കാർ അന്ന് മനസ്സിലാക്കിയേനെ ഇന്ത്യൻ സൈന്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ഇപ്പോൾ ചൈനാ പഴയ സ്വഭാവം പുറത്തെടുത്തു. സമാധാന ചർച്ചയുടെ മറ പറ്റി അതിക്രമം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. 1962ലെ ഇന്ത്യൻ സൈന്യമല്ല 2020ലെ സൈന്യമെന്ന് അവർക്ക് ബോധ്യമാകണമെങ്കിൽ സമാധാന ചർച്ച ഒരു വശത്ത് തുടരുകയും മറുവശത്ത് ആക്രമണം നടത്തുകയാണ് അവരുടെ സ്വാഭാവമെന്ന് തിരിച്ചറിഞ്ഞ് ചുട്ട മറുപടി കൊടുക്കുകയാണ് വേണ്ടത്.

Tuesday, June 16, 2020

മറ്റ് രോഗ ചികിൽസ സ്വകാര്യ ആശുപത്രിക്കാർക്ക്

  കോവിഡ് രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പനിയും പകർച്ച വ്യാധികളുൾപ്പടെ  മറ്റ് രോഗ ചികിൽസ ഇനി സ്വകാര്യ ആശുപത്രികളിൽ മാത്രമായി സർക്കാർ നിരക്കിൽ  ക്രമീകരിക്കുന്നു  എന്ന് പത്ര വാർത്ത.
1130 സ്വകാര ആശുപത്രികളും 20 മെഡിക്കൽ കോളേജുകളുമാണ്  മറ്റ് രോഗങ്ങളുടെ ചികിൽസക്ക് സന്നദ്ധത അറിയിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ എടുത്ത നല്ല തീരുമാനങ്ങളിലൊന്നായി ഇതിനെ കണക്കിലെടുക്കാം. ലോക്ക് ഡൗണിൽ  എല്ലാ സ്വകാര്യ ആശുപത്രികളും വലിയ നഷ്ടത്തിലായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. രോഗികളെത്തിയെങ്കിലല്ലേ അവർക്ക് ഗുണമുള്ളൂ.
അതേ പോലെ കോവിഡ് ബാധിതരുടെ ചികിൽസയും ഇതര രോഗ ചികിൽസയും ഒരു സ്ഥാപനത്തിന് കീഴിൽ ഒന്നിച്ച് കൊണ്ട് പോകുന്നത് ആപത്കരമാണെന്ന് സംശയമേ ഇല്ല.
പക്ഷേ സർക്കാർ നിരക്ക് എന്നത് മാത്രം പിടി കിട്ടുന്നില്ല.  അത് സർക്കാരെങ്ങിനെ കണക്ക് കൂട്ടും. സ്വകാര്യ ആശുപത്രിയിലെ ബില്ലുകൾ എന്നെങ്കിലും കണ്ടവരുണെങ്കിൽ  ഈ ആശങ്ക തിരിച്ചറിയും. ഇത്രത്തോളം പിടിച്ച് പറിക്കാർ ഉള്ള മേഖല വേറെ ഇല്ല. ഇതിനെ ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധം ആശുപത്രി സംരക്ഷണ നിയമം  എന്നൊരെണ്ണം കുറച്ച് കാലത്തിന് മുമ്പ്  കേരളാ നിയമ സഭയിൽ ചുട്ടെടുത്തിരുന്നു. ഈ നിയമ നിർമ്മാണത്തിന് ഹേതുവായി ഒരു പിന്നാമ്പുറ കഥയുണ്ട്.  മെഡിക്കൽ കോളേജിലെ ഒന്ന് രണ്ട് ഡോക്ടറന്മാർക്ക് ഏതോ ചിൽസാ പിഴവിൽ അടി കിട്ടുകയും അതിൽ പ്രതിഷേധിച്ച് അവർ ഒന്നായി പണി മുടക്കുകയും ചെയ്തിരുന്നു.  തുടർന്നുണ്ടായ ഒത്ത് തീർപ്പിലാണ് ഈ നിയമം പിറന്ന് വീണത്.   അതിന്റെ പിൻ ബലത്തിൽ ഒരു അക്ഷരം എതിർത്ത് സംസാരിച്ചാൽ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുക്കാം. രസകരമായ ഒരു വസ്തുത ഈ ബില്ല് പാസാകുമ്പോൾ അന്ന് ഭരണത്തിലിരുന്നവർ  ആശുപത്രി ഉപഭോക്താവിന്റെ സംരക്ഷണത്തിനായും നിയമം ഉടൻ നിർമ്മിക്കും എന്ന് പറഞ്ഞിട്ട് വർഷങ്ങളും ഭരണക്കാരും എത്രയോ കടന്ന് പോയി. അത് സംബന്ധമായി ഒരു നിയമം ഉണ്ടായില്ലെന്ന് മാത്രമല്ല മറ്റേ നിയമം അവസരത്തിലും  അനവസരത്തിലും എടുത്ത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ ഏത് കഴുത്ത് അറുപ്പൻ ബില്ല്  സ്വകാര്യക്കാരൻ തന്നാലും രോഗി കൊടുക്കാൻ ബാദ്ധ്യസ്തനാകും.
മരിച്ചവന് ഒരു ലക്ഷത്തോടടുത്ത്  ബിൽ കൊടുത്ത ഒരു സ്വകാര്യൻ ഞാൻ താമസിക്കുന്ന പ്രദേശത്തുണ്ട്. അവർ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ലോൺ എടുത്ത പലിശ കൂടി ചേർത്താണ് രോഗികളെ പിഴിയുന്നത്.
എങ്കിലും “സർക്കാർ നിരക്കിൽ“ എന്നൊരു വാക്ക് പ്രത്യാശ നൽകുന്നു. ജനങ്ങളെ സ്വകാര്യാ‍ശുപത്രിക്കാർക്ക് വിട്ട് കൊടുക്കുന്നതിന് മുമ്പ് രോഗികളെ  പിഴിയുന്നതിന് എതിരായി  കർശന നിയമങ്ങളും ഏർപ്പെടുത്തുക തന്നെ വേണം. ഇല്ലെങ്കിൽ ഇപ്പോൾ കറണ്ട് ബില്ലിൽ  ഉണ്ടായിട്ടുള്ള  മുറുമുറുപ്പ്  ഈ വിഷയത്തിലും ഉണ്ടാകുമെന്നുറപ്പ്.

Thursday, May 28, 2020

പുറത്ത് നിന്നും വരുന്നവർ

ഇറ്റലിയിൽ കൊറോണായുടെ വിളയാട്ടം മൂർദ്ധന്യ ദശയിൽ എത്തിയപ്പോൾ പ്രായമായവരെ  ചികിൽസിക്കുന്ന പരിപാടി നിർത്തിയെന്നും ചികിൽസ ഇനിയും ആയുസ്സ് ധാരാളമുള്ളവരിലേക്ക് പരിമിതിപ്പെടുത്തിയെന്നും വാർത്ത ഉണ്ടായിരുന്നു.
 ഗൾഫിൽ കൊറോണാ രോഗിയെ  ആശുപത്രിയിൽ  എത്തിക്കാൻ ആംബുലൻസിന് തന്നെ  അൻപതിനായിരത്തിൽ പരം ചെലവ് വന്നിരുന്നു എന്നും വാർത്തകൾ. ചികിൽസാ ചെലവ് വേറെ.
അമേരിക്കയിൽ പൈസാ ഉണ്ടെങ്കിൽ  പോലും ആളുകൾ രക്ഷപെടുന്ന കാര്യം ബുദ്ധിമുട്ടിലായി.
ഈ അവസ്തയിലാണ് കൊച്ച് കേരളത്തിൽ എൺപത് വയസ്സിന് മുകളിലുള്ളവരെ പോലും കൊറോണായിൽ നിന്നും രക്ഷപെടുത്തുന്നതും രോഗം ഭേദമാകുന്നവരെ ആശുപത്രി ജീവനക്കാർ  യാത്ര അയപ്പ് നൽകി സന്തോഷത്തോടെ യാത്ര അയക്കുന്നതുമായ കാഴ്ചകൾ പത്രങ്ങളിലും നവ മാധ്യമങ്ങളിലും പരക്കെ വന്നത്. മാത്രമല്ല, ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ  ആഷ് പോഷ് ജീവിതം സർക്കാർ ചെലവിൽ  നടക്കുന്നതും “ഇവിടെ പരമ സുഖം“ എന്ന അവരുടെ പ്രതികരണങ്ങളും മുഖ പുസ്തകത്തിലും ഇതര നവ മാധ്യമങ്ങളിലും  ചാനലുകളിലും  പാണന്മാർ പാടി നടന്നു.
മറുനാടൻ മലയാളികൾ ഈ മണ്ണിന്റെ മക്കളാണെന്നും  അവർക്ക് എന്നും എപ്പോഴും സ്വാഗതമെന്നും ഭരണ തലവൻ  തന്റെ ദൈനം ദിന  വാർത്താവതരണത്തിൽ  വെട്ടി തുറന്ന് വെളിപ്പെടുത്തി. അവർ തിരിച്ച് വന്നാൽ  രാപ്പാർക്കാനായി  സർക്കാർ വക സ്ഥാപനങ്ങളും സ്വകാര്യ സംവിധാനങ്ങളും തയാറാണെന്നും അദ്ദേഹം അസന്നിഗ്ദമായി  പറഞ്ഞു വെച്ചു. മത സ്ഥാപനങ്ങളും ദേവാലയങ്ങളും  തങ്ങളുടെ വക പാഠശാലകളും മറുനാടനെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണെന്ന പ്രസ്താവനയുമായി മത സാംസ്കാരിക  മേലാളന്മാർ  അഹമഹമികയാ മുന്നോട്ട് വന്നു.
ഇനിയെന്ത് വേണം മലയാളിക്ക്. നാട്ടിലേക്ക് തിരിച്ചെത്താനുള്ള രജിസ്ട്രേഷൻ ലക്ഷങ്ങൾ കവിഞ്ഞു. അന്യ നാട്ടിൽ കിടന്ന് ചികിൽസ ഇല്ലാതെ മരിക്കുവാനും അവിടെ തന്നെ മറമാടാനും ഇടയാക്കാതെ  സ്വന്തം മണ്ണിൽ എല്ലാ സൗകര്യവും ലഭ്യമാകുന്ന സർക്കാരും  സമൂഹവും  സ്വാഗതമോതുമ്പോൾ  വിദേശിയും  ഇതര സംസ്ഥാനത്തിൽ പെട്ടവരുമായ മലയാളികൾ  എന്തിന് മടിക്കണം.
തുടർന്ന്   തൊണ്ണൂറ്റി ഒൻപതിലെയോ 2018 ലെയോ  വെള്ളപ്പൊക്കം പോലെ എല്ലാം കൂടി പൊട്ടി ഒലിച്ച്  വരാൻ തുടങ്ങി. ആദ്യ വിമാനം പൂറപ്പെട്ടത് മുതൽ  നാട്ടിലെത്തുന്നത് വരെയുള്ള  കമന്ററികൾ  ചാനലുകളിലൂടെ ഒഴുകി.“ ഇതാ വിമാനത്തിന്റെ വീലുകൾ ഈ പുണ്യ മണ്ണിൽ തൊട്ടു, തൊട്ടില്ലാ എന്ന മട്ടിലാണിപ്പോൾ“ എന്നൊക്കെ പ്രത്യേക ചാനൽ അവതാരകർ വിളീച്ച് കൂവിയപ്പോൾ  പിറ്റേന്നത്തെ പത്രങ്ങൾ  വെണ്ടക്കാ നിരത്തി.   ഭരണതലവന്റെ കക്ഷിയുടെ ജിഹ്വ  “കേറി വാ മക്കളേ“  എന്ന മത്തങ്ങാ നിരത്തി.
ഇതെല്ലാം കണ്ടും കേട്ടും മറുനാടൻ മലയാളികൾക്കും  ഇതര സംസ്ഥാനത്തിൽ ഉള്ളവർക്കും ആവേശം കയറി എയർ പോർട്ടിലും സംസ്ഥാന അതിർത്തികളിലും വന്ന്  തിരക്ക് കൂട്ടി.  എല്ലാവർക്കും സ്വന്തം കാര്യം മാത്രം. എങ്ങിനെയെങ്കിലും അകത്ത് കടക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം. രോഗമുള്ളവനും രോഗമില്ലാത്തവനും  തമ്മിൽ ഇടകലർന്നപ്പോൾ  എല്ലാ നിയന്ത്രണങ്ങളും പാളി. കൊറോണാ കേസുകൾ ഒറ്റ അക്കത്തിൽ നിന്നും മൂന്നക്കത്തിലേക്കുള്ള കുതിപ്പിലാണ്. ഇതിൽ ഏറ്റവും പരിതാപകരം അസുഖമാണെന്നറിഞ്ഞിട്ടും അത് മറച്ച് വെച്ച് സംസ്ഥാനത്തിനകത്തേക്കെത്താനുള്ള  ഇതര സംസ്ഥാനക്കാരുടെ  പെരുമാറ്റങ്ങളാണ്.
ബ്രേക്ക് ചവിട്ടിയിട്ട് കിട്ടുന്നില്ല. സർക്കാർ വാഹനം പതറാൻ തുടങ്ങി. മനുഷ്യരാണല്ലോ ഇതെല്ലാം നിയന്ത്രിക്കുന്നത്, എത്രയെന്നും പറഞ്ഞാണ് നിയന്ത്രണം നടത്തുന്നത്. വാഗ്ദാനങ്ങൾ നിറയെ നൽകിയപ്പോൾ ഇങ്ങിനെ മലവെള്ള പാച്ചിൽ ഉണ്ടാകുമെന്ന് ആര് കരുതി. എങ്കിലും സർക്കാർ മെഷീനറി ആവുന്ന വിധത്തിൽ പിടിച്ച് നിൽക്കുന്നുണ്ട് എന്നുള്ളത് പറയാതെ  വയ്യ.
അപ്പോഴാണ് ക്വാറന്റൈൻ  ചെലവിന്റെ കാര്യം പഴയ വാഗ്ദാനം  പരണത്ത് വെച്ച് ആ ചെലവ് വരുന്നവർ  വഹിക്കണമെന്ന പുതിയ ന്യായവുമായി സർക്കാർ വന്നത്.
സാഹചര്യ തെളിവ് വെച്ച് നോക്കിയിട്ട് അതിന്റെ പുറകിൽ മുഖ്യ മന്ത്രി ആണെന്ന് തോന്നുന്നില്ല, ആലപ്പുഴക്കാരൻ  ജൂബാ തെറുത്ത് കയറ്റുന്ന ആ ധനമന്ത്രിയായിരിക്കാനാണ് സാദ്ധ്യത. മാസ്ക് ധരിക്കാത്ത വകയിലും ലോക് ഡൗൺ ലംഘനവുമായി  പത്ത് പുത്തൻ പിഴ ഇനത്തിൽ ഉണ്ടാക്കാമെന്ന്    അദ്ദേഹം കരുതിയപ്പോൾ ജനം നിയമങ്ങൾ അതേപടി അനുസരിക്കാൻ തുടങ്ങി പിഴയുമില്ല, കേസും കുറവ്.. അല്ലെങ്കിലും പണ്ട് മുതൽക്കേ മലയാളി ഇരിക്കാൻ പറഞ്ഞാൽ  കിടന്ന് കളയുന്ന സ്വഭാവമാണല്ലോ.
എന്തായാലും ഉടനെ തന്നെ  ക്വാറന്റൈൻ നിയമത്തിൽ മുഖ്യമന്ത്രി അവസരോചിതമായി തിരുത്തൽ വരുത്തി. പൈസാ ഇല്ലാത്തവരുടെ പക്കൽ നിന്നും ചെലവ് ഈടാക്കരുത് എന്ന്  അദ്ദേഹം ഭേദഗതി വരുത്തി തടി സലാമത്താക്കി.
ഈ തിരുത്തലിന് കട്ട സപ്പോർട്ട് തന്നെ അദ്ദേഹത്തിന് നൽകണം. ഉള്ളവൻ കൊടുക്കട്ടെ, ഇല്ലാത്തവനെ പരിഗണിക്കാമല്ലോ. പൈസാ കൊടുക്കേണ്ടി വരുമെന്ന് ശങ്കിച്ച് പലരും  ഇങ്ങോട്ടുള്ള എടുത്ത് ചാട്ടത്തിന് മുടക്കം വരുത്തുകയും ചെയ്യും. പൈസാ കൊടുക്കാനാണെങ്കിൽ അവിടെ നിന്നാൽ മതിയല്ലോ  ഇവിടേക്ക് വിമാനം കയറുന്നത് എന്തി ന് എന്ന ചിന്ത പലർക്കും ഉണ്ടായി കൂടെന്നില്ല.

Sunday, May 10, 2020

ലോക് ഡൗണും വിവിധ മനുഷ്യരും....

അസം ഷില്ലോംഗ്  മലനിരകളിൽ വസിക്കുന്ന  മനുഷ്യരുടെ  പ്രതികരണ  ശേഷിയും സഞ്ചാരവും  ന്യൂ ഡെൽഹി  നഗരത്തിൽ വസിക്കുന്ന  മനുഷ്യരുടെ  പ്രതികരണങ്ങളും സഞ്ചാര പെരുമാറ്റങ്ങളും  സമാനമാകുമോ? മുംബൈ സിറ്റിയിൽ കഴിയുന്ന  കുടുംബത്തിന്റെ ജീവിത ചര്യകളും പെരുമാറ്റങ്ങളും  ചുറ്റുപാടുകളും കേരളത്തിലെ ഒരു ഉൾ നാടൻ ഗ്രാമത്തിലെ കുടുംബത്തിന്റെ  പെരുമാറ്റങ്ങളും  പ്രതികരണവും താരതമ്യം ചെയ്താൽ വ്യത്യസ്തമാവില്ലേ?
  അതാത് സംസ്ഥാനങ്ങളിലെ മനുഷ്യ പ്രകൃതിയും പെരുമാറ്റങ്ങളും സഞ്ചാര രീതികളും  ജീവിത ചര്യകളും നിയന്ത്രിച്ച് കൊണ്ട്  രോഗ പ്രതിരോധത്തിനായി  ഒരു നിയമം   ഒരു രാത്രിയിൽ  പെട്ടെന്ന്  വിദൂരത്തിൽ ഇരുന്ന്  ഇന്ത്യ ആസകലം ബാധിക്കുന്ന വിധം പടച്ച് വിടുമ്പോൾ പ്രായോഗികമായി അത്   നൂറ്  ശതമാനം  ശരിയായി വരണമെന്നില്ല. മാത്രമല്ല അത് തിരിച്ചറിയാനും മനസിലാക്കാനുമുള്ള മതിയായ സമയം  തരാതെയാണ് നടപ്പിൽ വരുത്തുകയും ചെയ്യുന്നത്.
  ജനങ്ങളുടെ എല്ലാ പെരുമാറ്റ രീതികളും വികാരങ്ങളും ആചാരാനുഷ്ഠാനങ്ങളും ഗതാഗത ഉപാധികളും പ്രതികരണ ശേഷിയും  മനസിലാക്കി പ്രവർത്തിക്കുന്ന  അതാത് സ്ഥലത്തെ ഭരണ കർത്താക്കൾക്കും  പൊതു പ്രവർത്തകർക്കും  സമൂഹ നേതാക്കൾക്കും  മാത്രമേ ഇത് സംബന്ധമായി നിർദ്ദേശം സമർപ്പിക്കാൻ കഴിയൂ.  അല്ലാതെ വ്യത്യസ്ത  ജീവിത രീതികളും പെരുമാറ്റങ്ങളുമായി കഴിയുന്ന 130 കോടി ജനങ്ങളെ  മൊത്തമായി ബാധിക്കുന്ന വിധം ഒരു നിയമം  നടപ്പിൽ വരുത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് നാം കണ്ട് കൊണ്ടിരിക്കുന്നു.
രോഗ പകർച്ച പോലും പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്. രോഗത്തിന്റെ കാഠിന്യം പോലും വ്യത്യസ്തമാണ്. ഇത് ആധികാരമായി പറയാനും ചർച്ച ചെയ്യാനും കഴിയുന്നത് അതാത് സ്ഥലങ്ങളിലെ ഭരണ നേതാക്കൾക്ക് മാത്രമാണ്

ഇനിയും ലോക് ഡൗൺ  നീട്ടുകയാണെങ്കിൽ  അതാത് സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം അനുസരിച്ച് അതാത് സ്ഥലങ്ങളിൽ നടപ്പിൽ വരുത്തുന്നതാണ് ഉത്തമം. അല്ലാതെ മഹാരാഷ്ട്രയിലെ രോഗവ്യാപനം കണ്ട് കൊണ്ട്  ഉണ്ടാക്കുന്ന നിയമം തന്നെ  അത്രയും വ്യാപനം ഇല്ലാത്ത കേരളത്തിലും നടത്തിൽ വരുത്തുന്നത് നീതിയല്ലല്ലോ.