Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, November 17, 2011

വസന്താഗമനം

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൌമാരത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ഞാന്‍ ഒരു മഹാപോഴത്തരം കാണിച്ചു. ഒരു കവിത അങ്ങ് എഴുതി. അന്ന് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളംഎന്ന സ്ഥലത്ത് ഞാറയില്‍ക്കോണം ഭാഗത്ത് കുറേ മാസങ്ങള്‍ ചെലവഴിക്കേണ്ടി വന്നു.നാലു ചുറ്റുംകശുമാവുകളും മറ്റ് വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ പ്രകൃതീരമണീയമായ സ്ഥലത്ത് വൃശ്ചിക മാസം വന്നപ്പോള്‍ കണ്ട കാഴ്ച്ചകള്‍ മനസിലെവിടെയോ അനുരണനങ്ങള്‍ സൃഷ്ടിച്ചതിനാല്‍എങ്കിലുംചന്ദ്രികേ നമ്മള്‍ കാണും സങ്കല്‍പ്പ ലോകമല്ലീ ഉലകംഎന്ന ഈണത്തില്‍ തട്ടിക്കൂട്ടിയ സാധനംവായിച്ച് എന്റെ കൂട്ടുകാര്‍ പറഞ്ഞു ഇനി നീ പോക്രിത്തരം ആവര്‍ത്തിച്ചാല്‍ അടി തരും എന്ന്മറ്റുള്ളവര്‍ പറഞ്ഞുനല്ലോരു പയ്യന്‍ ആയിരുന്നു, എങ്ങിനെയോ വഷളനായിഎന്ന്. നാലു ചുറ്റുംഭീഷണി മുഴങ്ങിയപ്പോള്‍ ഞാന്‍ കവിത ഒളിപ്പിച്ച് കളഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വൃശ്ചികമാസം ആരംഭത്തില്‍ കവിത അച്ചടി മഷി പുരട്ടാന്‍ പല വാരികകളിലേക്കും അയക്കുവാനുള്ളധൈര്യം എനിക്കുണ്ടായി എങ്കിലും സ്ഥലത്ത് വന്ന് അടി തരാന്‍ പത്രാധിപര്‍മെനക്കെടാതിരുന്നതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. പഴയ ഒരു ഡയറി മറിച്ച് നോക്കുന്നതിനിടയില്‍ ഇന്ന് കവിത കണ്ണില്‍ പെട്ടപ്പോള്‍ പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നുഇന്ന് വൃശ്ചികം ഒന്നാം തീയതിആണ്” ഇത് ബൂലോഗത്തേക്ക് വിക്ഷേപിച്ച് അവിടെ ഉള്ളവരെ ഒന്ന് ഉപദ്രവിച്ചാലോ എന്ന്. ആ ദുരുദ്ദേശത്താല്‍ ഈ കവിത ഞാന്‍ പോസ്റ്റ് ചെയ്യുന്നു.

വസന്താഗമനം

വൃശ്ചിക മാസപ്പിറവിയോടെ
വൃക്ഷങ്ങള്‍ പത്രം കൊഴിച്ച് മെല്ലെ.
പൊന്‍ നിറം പൂശി തളിരുകളില്‍
പൂക്കുവാനായിട്ടമ്മാവൊരുങ്ങി.
കിലുകിലു ചൊല്ലും കുരുവിപ്പെണ്ണും
കുകൂകു കൂവും കുയിലിന്‍ കുഞ്ഞും
സ്വാഗതമേകി വസന്തത്തിനായി
സൌരഭ്യമേറും കുസുമം കാണാന്‍ .
തങ്കക്കതിരോനാ ദിങ്മുഖത്തിന്‍
സങ്കടഭാവത്തെ മാറ്റി മെല്ലെ
മഞ്ഞ വെയിലിന്‍ തിളങ്ങും രശ്മി
പുഞ്ചപ്പാടത്തെ പുളകം ചാര്‍ത്തി.
ശിരസ് കുലുക്കി വിളിച്ചു പാടം
ശലഭത്തിന്‍ മാസം വരുന്നതിനായി.
ഇളംകാറ്റിന്‍ ചൂളം വിളികള്‍ മെല്ലെ
മുളംകാട്ടിലൂടെ കടന്ന് വന്നു
എന്‍ മേനി സൌരഭ്യമായി മാറ്റും
പൊന്നിന്‍ വസന്തം വരുന്നു കാടേ!
സുന്ദരിയായ വസന്തമേ നീ
മന്ദഹാസത്തോടെ ഓടിയെത്തൂ
വെള്ളി മേഘം തന്റെ പള്ളിത്തേരില്‍
തുള്ളിക്കുതിച്ചു കൊണ്ടോടിയെത്തൂ
സ്വാഗതമോതുന്നാമോദത്തോടെ
സൌരഭ്യമേറും വസന്തത്തിനായി.