Wednesday, December 29, 2021

കിറ്റക്സും തൊഴിലാളികളും

 എന്തോ വിപത്ത് കേരളത്തിൽ ഉണ്ടാകാൻ പോകുന്നു എന്ന തരത്തിലാണ് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപ വാർത്തയെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. കലാപമുണ്ടാക്കാൻ മുതിരുന്നവരെ ശരിക്കും കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണല്ലോ നമ്മുടെ പോലീസ് സേന. അത് കൊണ്ടാണല്ലോ ആയിരക്കണക്കിന് പ്രവർത്തകരടങ്ങുന്ന രാഷ്ട്രീയ പ്രകടനക്കാർ ബസ്സിന് തീവെക്കുകയും പോലീസിനെ കല്ലെറിയുകയും മറ്റും ചെയ്യുമ്പോൾ പോലീസ് അവരെ ക്ഷിപ്ര സാധ്യം അടിച്ചമർത്തുന്നത്.പിന്നെയാണോ ഈ തൊഴിലാളികളെ കൈകാര്യം ചെയ്യാൻ പോലീസിന് സാധ്യമല്ലാത്തത്.


ഈ കലാപത്തിനെ ഒരു തരിമ്പ് പോലും ഈ കുറിപ്പ്കാരൻ പിൻ തുണക്കുന്നില്ലാ എങ്കിലും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ വായിക്കുമ്പോൾ ഈ തൊഴിലാളികൾ നാളേക്ക് നമുക്ക് ഭീഷണി ആകുമെന്ന പ്രസ്താവനകൾ അൽപ്പം അതിശയോക്തി കലർന്നതല്ലേ എന്ന് ചോദിച്ച് പോകുന്നു. . കാരണം കോവിഡ് കാല ആരംഭത്തിൽ ഇതിന്റെ വലിയ ഒരു പകർപ്പ് നമ്മൾ കണ്ട് കഴിഞ്ഞു. നാട്ടിലേക്ക് പോകാൻ വാഹനങ്ങൾ തരപ്പെടുത്തി കൊടുക്കണമെന്ന ആവശ്യവുമായി അന്ന് നാട്ടിലെ റോഡ്കളിൽ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച് എത്തിയ കാഴ്ചകൾ നാം മറന്ന് പോയോ? അന്ന് അധികാരികൾ ഉണർന്ന് പ്രവർത്തിച്ച് അവരെ നിയന്ത്രണ വിധേയമാക്കി ഇപ്പോഴത്തെ കലാപത്തിൽ പോലീസിന് നേരെ കല്ലേറും പോലീസ് വാഹനം കത്തിക്കലും കൂടുതലായുണ്ട്. എന്താണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് ഹേതു എന്നത് ഇപ്പോഴും പോലീസ് കണ്ടെത്തിയിട്ടില എന്ന് പത്രങ്ങൾ പറയുന്നു.

എന്തായാലും നമ്മൾ മലയാളികൾ ചെറുതായൊന്ന് ഭയന്നു എന്ന ത് ശരിയാണ്. അതിനോടൊപ്പം കിറ്റക്സ് മുതലാളിയോടുള്ള അസഹിഷ്ണതയും കലർന്നിട്ടുണ്ട് എന്നതും കൂട്ടി വായിക്കണം. അസഹിഷ്ണത ഉണ്ടാകാൻ തക്ക വിധം രണ്ട് കാര്യങ്ങൾ ആ മനുഷ്യൻ ചെയ്തിട്ടുണ്ട്. ഒന്ന് ഇരുപത്...ഇരുപത് എന്ന ഒരു റാഷ്ട്രീയ സംഘടന പ്രാദേശികമായി ഉണ്ടാക്കി അൽപ്പം മികവ് കാട്ടിയത് ആ സ്ഥലത്തെ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്ക് ദഹിച്ചില്ല. രണ്ട്. നിലവിലുള്ള സർക്കാരിനെ വെല്ല് വിളിച്ച് സ്ഥാപനം തെലുങ്കാനയിലേക്ക് കൊണ്ട് പോവുക മാത്രമല്ല അതൊരു ധീര പ്രവർത്തിയായി പർവതീകരിക്കുകയും ചെയ്തു. സ്വാഭാവികമായി ആ മനുഷ്യൻ ശത്രുത വിലക്ക് വാങ്ങുകയായിരുന്നു. അതവിടെ നിൽക്കട്ടെ, നമുക്ക് ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് തിരിച്ച് വരാം.

34 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. ഇവർ നാട്ടിലേക്ക് തിരിച്ച് പോയാൽ ഇവിടെ നിർമ്മാണ പ്രവർത്തനം മുതൽ മീൻ ചന്ത വരെയുള്ള ജോലി ആര് ചെയ്യും. ശേട്ടാ....ശേട്ടാ...എന്ന് വിളിച്ച് ഇവന്മാർ സംസ്ത മേഖലകളിലും ഓടി എത്തുനത് കൊണ്ടല്ലേ ഇന്ന് കേരളം ഒരു വിധം പിടിച്ച് നിൽക്കുന്നത്. അത്രത്തോളവും പിന്നെ അൽപ്പം കൂടുതലും നമ്മുടെ പ്രജകളും അന്യ നാട്ടിൽ കൂടുതൽ വരുമാനത്തിന് വണ്ടി കയറി പോയ വിടവ് നികത്താൻ ഉത്തരേന്ത്യക്കാരൻ ഉള്ളത് കൊണ്ടല്ലേ നമ്മുടെ കാര്യങ്ങൾ നടന്ന് പോകുന്നത്.

അപ്പോൾ അവരെ ശത്രുക്കളായി കണ്ട് “അവരെ തട്ടുക“ എന്ന് ബഹളം കൂട്ടുന്നതിന് പകരം അവരെ എങ്ങിനെ നിയന്ത്രിച്ച് നിർത്തി പണി എടുപ്പിക്കാം എന്ന് കണ്ടെത്തി അതിനായി നിയമങ്ങൾ ശക്തമായി നടപ്പിൽ വരുത്തി മുന്നോട്ട് പോകുന്നതല്ലേ നല്ലത്.

കിറ്റക്സ് മുതലാളിക്ക് മാത്രമല്ല ഈ തൊഴിലാളികളെ ആവശ്യം, ആസകലം മലയാളിക്കും അവരെ ആവശ്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ് തദനുസരണമായി നിയമ നിർമ്മാണം നടത്തി അവരുടെ സേവനം ലഭ്യമാക്കുകയാണ് വേണ്ടത്.

Saturday, December 25, 2021

മാർക്ക കല്യാണവും പാവ കല്യാണവും

 പതിവായി കണ്ട് കൊണ്ടിരുന്ന സ്നേഹിതനെ നാലഞ്ച് ദിവസങ്ങളായി കാണാതിരുന്നതിന്  ശേഷം അയാളെ വീണ്ടും കണ്ടപ്പോൾ  അയാൾ എവിടെയായിരുന്നു എന്നന്വേഷിച്ചു. മകനെ  ആശുപത്രിയിൽ കൊണ്ട് പോയി സുന്നത്ത് ചടങ്ങ് നടത്താനും പിന്നെ നാലഞ്ച് ദിവസങ്ങൾ അവനെ പരിചരിക്കാനും വീട്ടിൽ തന്നെ കഴിഞ്ഞു അതാണ് തമ്മിൽ കാണാതിരുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു .

“ ചടങ്ങിന് ഞങ്ങളെ വിളിച്ച്  ബിരിയാണി തരാതിരുന്നതെന്തേ “ എന്ന് ഞാൻ തമാശക്കായി ചോദിച്ചപ്പോൾ “ഓ! ഇപ്പോൾ ആ പരിപാടിയൊന്നുമില്ലല്ലോ ആശുപത്രിയിൽ കൊണ്ട് പോയി കാര്യം നടത്തും വീട്ടിൽ കൊണ്ട് വന്ന് പരിചരിക്കും അല്ലാതുള്ള ബഹളമെല്ലാം എന്നേ നാട്ടിൽ പതിവല്ലാതായി തീർന്നിരിക്കുന്നു എന്നയാൾ മറുപടി പറഞ്ഞു.

ശരിയാണ്. ആ കാലമെല്ലാം പോയി കഴിഞ്ഞിരിക്കുന്നു. പണ്ട് അതൊരു കല്യാണം തന്നെ യായിരുന്നു. മാർക്ക കല്യാണം !.ബന്ധുക്കളെയെല്ലാം ക്ഷണിച്ച് ആഘോഷമായി  നടത്തുമായിരുന്നു. 

ഞാൻ ജനിച്ച് വളർന്ന ആലപ്പുഴ വട്ടപ്പള്ളിയിൽ പണ്ട് എല്ലാത്തരം ആർഭാടങ്ങളോടെ മാർക്ക കല്യാണം നടത്തിയിരുന്നത് ഓർമ്മയിൽ വരുന്നു. ബന്ധുക്കളെയെല്ലാം സമയമെടുത്ത് ക്ഷണിച്ച് അന്ന് വീട്ടിൽ വരുത്തുമായിരുന്നു. ഉറ്റ ബന്ധുക്കൾ തലേന്ന് തന്നെ വീട്ടിലെത്തും.വൈദ്യുതി സാധാരണമല്ലാതിരുന്ന ആ കാലത്ത് കല്യാണ വീട്ടിൽ ഗ്യാസ് ലൈറ്റ് എന്ന പെട്രോമാക്സ് വിളക്കുകൾ നാല് ചുറ്റും പ്രകാശിച്ച് നിൽക്കും. കൂടാതെ വൈദ്യുതി കണക്ഷൻ അടുത്തെവിടെയെങ്കിലും വീടുകളിൽ ഉണ്ടെങ്കിൽ അവിടെ നിന്നും നീളമുള്ള വയറുകളിലൂടെ കല്യാണ വീട്ടിൽ കറന്റ് എത്തിക്കുമായിരുന്നു. എന്നിട്ട്  “തെങ്ങുമ്മേൽ കെട്ടിയും ബടി ബിളക്കും“  ( ലൗഡ് സ്പീക്കറും  ട്യൂബ് ലൈറ്റും) പവർത്തിപ്പിക്കും. ഈണമാർന്ന സിനിമാ ഗാനങ്ങൾ മൈക്കിലൂടെ ഉച്ചത്തിൽ കേൾക്കുമ്പോൾ ആൾക്കാർ ചോദിക്കും “ അതാരുടെ വീട്ടിൽ?

“നമ്മുടെ ..ഇന്നയാളുടെ മക്കളുടെ ചുണ്ണി ചെത്തലാ നാളെ...അതിന്റെ പാട്ടാ കേൾക്കണേ....“

“ഹായ്! എന്നിട്ട് അയാളെന്നെ ബിളിച്ചില്ലല്ലോ മൂപ്പരേ! “ അങ്ങിനെ പോകും സംഭാഷണങ്ങൾ  

കൊതിപ്പിക്കുന്ന ബിരിയാണി മണം അന്തരീക്ഷത്തിൽ പരക്കുമ്പോൾ ഉച്ച നേരമാകും.  അതെല്ലാം കഴിച്ച് കഴിഞ്ഞാണ് മാർക്ക ചടങ്ങ്. ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ ഓരോരുത്തരെയായി പിടിച്ചോണ്ട് വരും..ചിലരെല്ലാം എവിടെയെങ്കിലും ഒളിഞ്ഞിരിക്കുമായിരുന്നു. ഒസ്സാനാണ് ( ക്ഷുരകൻ) കാര്യം നടത്തുന്നത്. മറ്റൊരാൾ ഉരലിലോ കയ്യില്ലാത്ത കസേരയിലോ മറ്റോ ഇരുന്ന് കുട്ടിയെ  മടിയിലിരുത്തി അനങ്ങാത്ത വിധത്തിൽ പൂട്ടിട്ട് പിടിക്കും. ആ പൂട്ടിടാൻ വിദഗ്ദന്മാർ ധാരാളം ഉണ്ടായിരുന്നു. ആ പൂട്ടിടൽ നടത്തുമ്പോൾ കുനിഞ്ഞ് നോക്കി ഒസ്സാൻ ചെയ്യുന്ന കൃത്യം കാണാൻ സാധിക്കില്ല. ആ സമയം മുസലിയാരും കൂട്ടരും മൈക്കിലൂടെ ഉച്ചത്തിൽ മൗലൂദ് പാരായണം ചെയ്യുകയും ബൈത്തുകൾ ആലപിക്കുകയും ചെയ്യുമായിരുന്നു. മൈക്കിലൂടെ ചിലപ്പോൾ കുട്ടിയുടെ നിലവിളിയും കേൾക്കാം. “ഹള്ളോ!...ഹെന്റുമ്മായോ എന്നെ ബിടോ...എട ഒസ്സാനേ  പന്നി സുവ്വറേ....മൊട്ട ത്തലയാ...എന്നെ ബിടെടാ  ഹമുക്കേ!...“ എന്നൊക്കെ കേൾക്കാം. ഒന്നായാലും ഒന്നിലധികം കുട്ടികൾ ഉണ്ടായാലും പരിപാടി അവസാനിപ്പിക്കുമ്പോൾ പാരായണവും ആലാപനവും തീർന്നിരിക്കും. പുറത്ത് സാന്നിദ്ധ്യമുള്ളവർ പതുക്കെ പറയും. “ സംഗതി കഴിഞ്ഞു...“

 പക്ഷേ അപ്പോഴുള്ള താൽകാലിക പ്രയാസമേ ഉള്ളൂ..പിന്നീടുള്ള 14 ദിവസം സുഭിക്ഷമാണ്. മുട്ടയും ഇറച്ചിയും നെയ്ച്ചോറും  പാലാടയും, ഇഷ്ട വിഭവങ്ങൾ എല്ലാം കഴിച്ച് 14 ദിവസം തള്ളി നീക്കി  ആന മോഡലിലാണ്ട് കുട്ടി  പുയ്യാപ്ളമാർ  പുറത്ത് വരുന്നത്.

കാലം കടന്ന് പോയപ്പോൾ സുന്നത്ത് ആശുപത്രിയിൽ ഡോക്ടറന്മാർ ചെയ്തു തുടങ്ങി. 14 ദിവസം മണിയറയിൽ കിടന്നിടത്ത് ഇന്ന് കഷ്ടിച്ച് മൂന്ന് നാല് ദിവസം കൊണ്ട് മുറിവുണങ്ങും, തെങ്ങുമ്മേ കെട്ടിയുമില്ല ബടി ബിളക്കുമില്ല, ഒസ്സാനെ തെറി വിളിയുമില്ല, കല്യാണവുമില്ല, അയല്പക്കത്തുള്ളവർ പോലുമറിയാതെ കാര്യം നടക്കുന്നു.

  വീടുകളിൽ ബന്ധുക്കളും ഉറ്റവരും ഒത്ത് കൂടിയിരുന്ന് വെടി പറഞ്ഞിരുന്ന  തെരണ്ട് കല്യാണവും പാവക്കല്യാണവും   സുന്നത്ത് കല്യാണവും പോലുള്ള പല ആഘോഷങ്ങളും    പഴമയുടെ താ‍ളിൽ മറഞ്ഞ് പോയിരിക്കുന്നു

ഞാനും എന്റെ ഭാര്യയും ഒന്നോ രണ്ട് കുഞ്ഞുങ്ങളും ഞങ്ങളുടെ മൊബൈലും ആയി വീടിനകത്ത് കഴിയുന്നതാണല്ലോ ഇന്നത്തെ ആഘോഷം.

Saturday, December 18, 2021

വിവാഹ പ്രായവും ചില സാഹചര്യങ്ങളും.

 വിവാഹ പ്രായം ഉയർത്തുന്നതിനെ സംബന്ധിച്ച വാർത്തകൾ പത്രത്തിൽ വന്നതോടെ  വിവിധ ഇടങ്ങളിൽ നിന്നും സംശയ നിവാരണത്തിനായി ഫോൺകാളുകൾ വന്നുകൊണ്ടേ ഇരിക്കുന്നു.  ആ വിഷയം സംബന്ധിച്ച് പത്രത്തിൽ നിന്നുള്ള അറിവ് മാത്രമേ  എനിക്കുള്ളൂ എന്ന് പലതവണ ആവർത്തിച്ചിട്ടും  അവരുടെ ഉള്ളിലെ പരിഭ്രമവും ആശങ്കകളും  ഒട്ടും കുറയുന്നില്ല എന്ന് അവരുടെ സ്വരങ്ങളിൽ നിന്നും വ്യക്തമാണ്.18 നും 21നും മദ്ധ്യത്തിൽ പ്രായമുള്ള പെൺ കുട്ടികളുടെ   രക്ഷ കർത്താക്കളാണ്` ഇപ്രകാരം എല്ലാവരോടും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.  നിയമത്തിന്റെ ഗുണമോ ദോഷമോ എന്തെന്ന്  അവർക്കറിയേണ്ട കാര്യമൊന്നുമില്ല. അതിനെ പറ്റിയുള്ള ചർച്ചകൾക്കോ സംവാദത്തിനോ അവർ ഒരുക്കമില്ല എന്റെ മകളുടെ  അല്ലെങ്കിൽ എന്റെ സഹോദരിയുടെ വിവാഹം നടക്കുമോ ഇല്ലയോ അത് മാത്രമാണ് അവർക്കറിയേണ്ടത്. 

  പലവിധ കാരണങ്ങളാണ് പലർക്കും പറയാനുള്ളത്.

  കുടുംബത്തിലെ  പ്രായമായ,  ഇന്നോ നാളെയോ വിട പറയുന്നത് എന്ന് തീർച്ചയില്ലാത്ത  ആൾക്കാർ കണ്ണടക്കുന്നതിനു മുമ്പ്  അവരുടെ ആഗ്രഹ പ്രകാരം കൊച്ചു മോളുടെ/ കൊച്ച് മകന്റെ വിവാഹം നടത്താൻ പറ്റുമോ? ഇങ്ങിനെ ഒരു കൂട്ടർ.

  മറ്റൊരു കൂട്ടരുടെ കാരണം വ്യത്യസ്തമാണ്

  പഠിക്കാൻ പോയിടത്തും അല്ലാത്തിടത്തും ഒന്ന് രണ്ട് ശരിയല്ലാത്ത ബന്ധങ്ങളിൽ എന്റെ കുഞ്ഞ് അവളുടെ / അവന്റെ ബുദ്ധി മോശം കൊണ്ട് പെട്ടു പോയി, അവിടെ നിന്നും എങ്ങിനെയെങ്കിലും വിടുതൽ നേടിയതേ ഉള്ളൂ. ഇനി അടുത്ത കുരുത്തക്കെടിൽ  എന്റെ മോൾ/മോൻ ചെന്ന് പെടുന്നതിനു മുമ്പ് ഉള്ളത് വിറ്റ് പെറുക്കി അവളെ കെട്ടിക്കണം. അത് നടത്താൻ കഴിയുമോ.

 മറ്റൊരെണ്ണം രസകരമാണ്

  ഒരു അബദ്ധം അവൾക്ക് അല്ലെങ്കിൽ അവന് സംഭവിച്ചു, ഇപ്പോൾ രണ്ട് മാസമായി സംഗതി. നാല് പേരറിയുന്നതിനു മുമ്പ് പിള്ളാരെ ഒരു താലിയിൽ കൊരുത്തിട്ടാൽ മാനം രക്ഷിക്കാം. കല്യാണം നടത്താൻ പറ്റുമോ എന്ന് ചോദിച്ചിട്ട് ഇത്രയും കൂടി കൂട്ടി ചേർക്കുന്നു.....പത്രമെടുത്താൽ പ്രതിദിനം രണ്ട് കേസെങ്കിലും വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചു എന്ന വാർത്തകൾ മാത്രം ഉള്ളിടത്ത് അവന്റെ വാഗ്ദാനം പാലിക്കാൻ അവൻ തയാറായി നിൽക്കേ നീട്ടിക്കൊണ്ട് പോയാൽ സംഗതി കുഴയുമല്ലോ.

  ധാരാളമായി കേൾക്കുന്ന വേറെ ഒരു കാരണം ഇതാണല്ലോ.

 ചെറുക്കന് ലീവില്ല, ഇരുന്നിരുന്ന് ഒരുപാട് നോക്കിയിട്ട് കിട്ടിയ നല്ല ബന്ധമാണ്`. മാത്രമല്ല ചെറുക്കനും പെണ്ണും തമ്മിൽ സ്നേഹവുമാണ്. അവന്റെ ലീവ് തീരുന്നതിനു മുമ്പ് ആ വിവാഹം നടത്താൻ കഴിയുമോ? കാലം നീണ്ട് പോയാൽ ആറിയ കഞ്ഞി പഴങ്കഞ്ഞി ആവില്ലേ?

ചുരുക്കത്തിൽ പുതിയ നിയമം അവർ നേരത്തെ നടത്താൻ ഉദ്ദേശിച്ച വിവാഹതീയതിയെ  തള്ളി നീക്കുമോ എന്നതാണ് അവർക്ക് അറിയേണ്ടത്.

21 ആകുമ്പോൾ പക്വതയും പാകതയുമാകുമല്ലോ എന്ന ചോദ്യത്തിന് രാജ്യത്തെ ഭരിക്കാനായി  ചുമതലപ്പെടുത്തുന്നവരെ തെരഞ്ഞെടുക്കാൻ 18 മതിയല്ലോ, പക്വത ഇല്ലാതെയാണോ അവർ ഈ പ്രധാന തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് ചിലർ ചോദിക്കുന്നു   കുട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനാണ് എന്ന സമാധാനത്തെ നിങ്ങളുടെ അമ്മൂമ്മ, അല്ലെങ്കിൽ അമ്മ എത്ര വയസ്സിലാണ് വിവാഹിതയായത് എന്ന മറുചോദ്യത്താൽ അവർ നേരിടുന്നു, അവരെല്ലാം ഇപ്പോഴും നിങ്ങളേക്കാളും ആരോഗ്യത്തെടെ കഴിയുന്നുമുണ്ട്, അവർക്ക് ജനിച്ച നിങ്ങളൊന്നും മന്ദ ബുദ്ധികളുമല്ലല്ലോ എന്ന് കൂടെ വിശദീകരണം അവർ തരുന്നു.  മാത്രമല്ല നിയമത്തെ അനുകൂലിക്കുന്ന ഭൂരിഭാഗവും അവരുടെ വിവാഹം നടത്തിയതിന് ശേഷമാണ് ഈ ഗീർവാണം തട്ടി വിടുന്നതെന്നും അവർ പരിഹസിക്കുന്നു.

പൊതു സമൂഹ നന്മ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഏത് നിയമവും ചുട്ടെടുക്കുമ്പോൽ അതിന്റെ ദൂഷ്യ ഫലങ്ങളും വിമർശനവും കൂടെ തന്നെ ഉണ്ടാവും.

വിവാഹം അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഇടപാടാണ്. അത് എപ്പോൾ വേണമെന്ന തീരുമാനം അവർ തന്നെയാണ്` സ്വീകരിക്കേണ്ടത്. 

  വിവാഹ പ്രായം നിജപ്പെടുത്തുന്ന  പൊതു മാനദണ്ഡം  സമൂഹത്തിനാകെ ഉപയുക്തമാക്കാൻ   പറ്റാത്ത വിധം മനുഷ്യർ വിവിധ തരക്കാരും  വിവിധ ജനുസ്സുകളും  വിവിധ സ്വഭാവത്തൊടു കൂടിയവരുമാണല്ലോ. അത് കൊണ്ട് തന്നെ ഒരു വ്യക്തിക്കു പൊതു നിയമത്തെ അനുസരിക്കാൻ  പറ്റാത്ത വിധം ആ വ്യക്തിക്ക് കാരണങ്ങളുണ്ടായിരിക്കുകയും ആ കാരണങ്ങൾ ന്യായ യുക്തവുമാണെങ്കിൽ  അത് കേൾക്കുവാനും  പരിഹരിക്കാനും പറ്റുന്ന വിധം  സംവിധാനം  ആ നിയമത്തിൽ കൂട്ടി ചേർക്കുന്നു എങ്കിൽ മിക്ക പ്രശ്നവും പരിഹരിക്കാനും നിയമം നിയമമായി തന്നെ നില നിൽക്കാനും  വ്യക്തിയുടെ ന്യായമായ പ്രശ്നം പരിഹരിക്കാനും സാധിക്കും.

21 വയസ്സോ അതിൽ കൂടുതലോ വിവാഹ പ്രായം മതി എന്നുള്ളവർക്ക് അപ്രകാരമോ ഇളവ് കിട്ടേണ്ട കാരണമുള്ളവർക്ക്      അത് ഒരു വേദിയുടെ മുമ്പാകെ അവതരിപ്പിച്ച്  എക്സപ്ഷണൽ കേസായി  ബോദ്ധ്യപ്പെടുത്തി പരിഹാരം കണ്ടെത്താൻ    അവർക്ക് കഴിയുമെങ്കിൽ അങ്ങിനെയും  വിവാഹം നടത്താൻ സാധിക്കുന്ന വിധം നിയമത്തിൽ ഭേദഗതികൾ വരുത്തിയാൽ തീരുന്ന തടസ്സ വാദങ്ങളേ ഉള്ളൂ.

 (വിവാഹം പോലെ വ്യക്തിപരമായ വിഷയത്തെ പറ്റിയുള്ള നിയമത്തെ പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇത് വായിച്ചിട്ട് എല്ലാ നിയമവും  അപ്രകാരം മാറ്റങ്ങൾ വരുത്താൻ പറയുമോ എന്ന ചോദ്യവുമായി ആരും ഇങ്ങോട്ട് വരേണ്ട)

Friday, December 10, 2021

ഗാർഹിക പീഡനവും അണു കുടുംബവും

 ഗാർഹിക പീഡന കേസുകൾ കൊണ്ട് നിറയുന്നു പത്ര താളുകൾ. പക്ഷേ ഈ കേസുകളിൽ യാഥാർത്ഥ്യങ്ങൾ എത്രമാത്രമുണ്ടെന്ന് പരിശോധിക്കാൻ ആരും മെനക്കെടാറില്ല.  ഈ വക കേസുകളിൽ പലതും വ്യാജമാണെന്നും വേറെ പലതും വെറും പക തീർക്കാനുള്ളതാണെന്നും  കണ്ടപ്പോൾ ഉന്നത കോടതി തന്നെ ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടുള്ളതായി ഓർക്കുന്നു.

ഭർതൃഗ്രഹത്തിൽ ധനാർത്തി കാരണത്താൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ  ഒട്ടും ദയവ് കാണിക്കാതെ ആ കേസുകളിലെ  പെൺകുട്ടിക്ക്  എല്ലാ വിധ സഹായവും പിൻ തുണയും നൽകേണ്ടതും  ആ വക കേസുകളിലെ പ്രതികളെ കർശനമായി തന്നെ ശിക്ഷിക്കേണ്ടതാണെന്നും ഒരു തർക്കവുമില്ല.

എന്നാൽ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡാനത്തിനുമെതിരെ നിയമം ഉണ്ടെന്നും അത് സ്ത്രീക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്നും  അതിൽ പ്രതി ചേർക്കപ്പെടുന്നവർ ശരിക്കും കുടുക്കിൽ പെടുമെന്നും അറിഞ്ഞ് കൊണ്ട് തന്നെ ആ നിയമം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് എങ്ങിനെ ന്യായീകരിക്കാൻ കഴിയും. നിർഭാഗ്യവശാൽ പോലീസും അഭിഭാഷകരും സമൂഹത്തിൽ ഭൂരിഭാഗം ആൾക്കാരും സത്യമെന്തെന്ന് പരിശോധിക്കാതെ എതിർഭാഗത്തെ ക്രൂശിക്കാനാണ് വ്യഗ്രത കാട്ടുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അതില്ലെങ്കിലോ?

കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റം യുവതക്ക് അത് ആണായാലും പെണ്ണായാലും സഹിഷ്ണതയുടെയും  സംയമനത്തിന്റെയും പരിശീലനം നഷ്ടപ്പെടുത്തിയെന്നത് ഈ വക കേസുകളുടെ ഒരു കാരണമാണ്  എല്ലാം അങ്ങ് ക്ഷമിക്കണമെന്നല്ല അർത്ഥമാക്കുന്നത്, നിസ്സാര കാര്യങ്ങൾ ഒഴിവാക്കാമല്ലോ.കൂട്ടു കുടുംബത്തിൽ പലതും ഉപദേശിക്കാൻ മുതിർന്നവർ ധാരാളമാണ് അണു കുടുംബത്തിൽ ആ സംവിധാനമില്ല, മാത്രമല്ല തന്റെ മകളെ ഉപദേശിക്കുന്നതിനു പകരം അമ്മായി അമ്മയെ  ഫയർ ചെയ്യാനും എതിർത്ത് തോൽപ്പിക്കാനുമാണ്` മിക്കവാറും അമ്മമാർ നിർദ്ദേശം നൽകുന്നത്.കൂട്ടത്തിൽ “ ഈ തള്ളക്ക് അടങ്ങിയൊതുങ്ങി അവിടെ കഴിഞ്ഞ് കൂടേ? എന്നൊരു ഡയലോഗും കാച്ചും.

വിവാഹ പൂർവ  കൗൺസിലിംഗ് അപൂർവമായേ ചെറുപ്പക്കാർക്ക് ലഭിക്കുന്നുള്ളൂ. അത് മറ്റൊരു കാരണം.

വിവാഹിത ആയ സഹോദരി മാതൃ പേടകത്തിലേക്ക് വിരുന്ന് വരുന്നതാണ്` മിക്കവാറും കേസുകളുടെ ആരംഭമിടുന്നത്. അമ്മയും മകളുമായി ഐക്യ മുന്നണി ഉണ്ടാക്കി  പുത്ര വധുവിന്റെ/ നേരെ ഒളിയമ്പ് എയ്യും. അന്ന് രാത്രി ഭർത്താവിന് കാള രാത്രി ആയിരിക്കും. സഹികെട്ട ആ മനുഷ്യൻ രാവിലെ സ്വന്തം സഹോദരിയുടെ നേരെ ചോദിക്കും എന്താ പെങ്ങളേ നിങ്ങളുടെ കുഴപ്പം...?“ അതോടെ ഇടിയും മഴയും ചീറ്റലും പിഴിയലും അന്തരീക്ഷം കലുഷിതമാകുമ്പോൾ അമ്മ ഇടപെട്ട് മോനോട് ചോദിക്കും നിന്റെ പെണ്ണുമ്പിള  തലയിണ മന്ത്രം ഓതി തന്നതാണോടാ നിനക്ക് വഴക്കുണ്ടാക്കാൻ....“ അവിടെ ഒരു വ്യവഹാരം ഉൽഭവിക്കുകയാണ്. പരസ്പര സ്നേഹമില്ലായ്മയാണ് ഈ വക കേസ്കൾക്ക് കാരണമായി തീരുന്നത്, കൂട്ടത്തിൽ നിതാന്ത ശത്രുതയും. ഇത് ഒഴിവാക്കണമെന്ന ഉപദേശം ആര് നൽകും.

എന്തും ചെയ്ത് എതിർ കക്ഷിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ പെൺകുട്ടി ഇറങ്ങി തിരിക്കുകയും ആ  ശ്രമം പരാജയപ്പെടുകയും ചെയ്താൽ ആ സ്ഥിതി വിശേഷം ആത്മഹത്യ ചെയ്തും അവരെ തോൽപ്പിക്കാം എന്ന  ചിന്തയിലേക്കെത്തിക്കും. പത്രങ്ങളും മീഡിയാകളും ആ മരണത്തെ മഹത്വപ്പെടുത്തുമ്പോൾ ആ വക മരണങ്ങൾ നല്ലൊരു വിഭാഗം ചെറുപ്പക്കാരെ അനുകരണത്തിലേക്ക് തള്ളി വിടുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാരാണ്` സമൂഹത്തൊട് പറഞ്ഞ് കൊടുക്കുക.

രണ്ട് കേസുകൾ നിരീക്ഷിച്ചപ്പോൾ മനസ്സിലുണ്ടായ വിചാര വികാരങ്ങളാണ്` ഈ കുറിപ്പുകൾക്ക് ആധാരമായത്.

(1) സ്വന്തം കുടുംബത്തിനായി ഗൾഫിൽ അഹോരാത്രം ചോരനീരാക്കുന്ന ഒരു ഭർത്താവ്. രണ്ട് കുട്ടികളുമായി ഭാര്യ നാട്ടിൽ കഴിയുന്നു. അസമയത്ത് ആ വീട്ടിൽ അപരിചിതനെ പലപ്പോഴും കണ്ട അയൽക്കാർ ഒരു രാത്രി വീട്ടിൽ ചെന്ന് യുവാവിനെ പറ്റി തിരക്കി വീട്ടുകാരി ഇറങ്ങി വന്ന് അത് അവളുടെ ഫെയ്സ്ബുക്ക് ഫ്രണ്ടാണെന്നും നാട്ടുകാർക്കതിലെന്ത് കാര്യമെന്നും മറ്റും പറഞ്ഞ് ചൂടായി. ആ സമയത്ത് ഭർത്താവിന്റെ ബന്ധുക്കൾ  ദേഷ്യപ്പെട്ടു  യുവാവിനെ  പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്ത്രീയെ വരുത്തി ചോദ്യം ചെയ്തപ്പോൾ അയാൾ ഉത്തര കേരള സ്വദേശിയാണെന്നും രണ്ട് വർഷമായി അവർ തമ്മിൽ സ്നേഹത്തിലാണെന്നും സ്ത്രീ സമ്മതിച്ചു.  യുവാവിന്റെ രക്ഷ കർത്താക്കൾ നാട്ടിൽ നിന്നും എത്തി ചേരുന്നത് വരെ ഒരു പകലും രാത്രിയും  സ്ത്രീ തന്നെ യുവാവിന് ആഹാരം കൃത്യമായി സ്റ്റേഷനിലെത്തിച്ചു, മാത്രമല്ല് ഗൾഫ്കാരനായ തന്റെ ഭർത്താവുമായുള്ള  വിവാഹ ബന്ധം വേർപെടുത്തണമെങ്കിൽ അതും ചെയ്യുമെന്ന് അവൾ തുറന്ന് പ്രസ്താവനയും നടത്തി. രക്ഷിതാക്കൾ യുവാവിനെ അയാളുടെ നാട്ടിലേക്ക് കൊണ്ട് പോയി.

ഈ കേസിൽ പോലീസ് നിലപാട് വളരെ വിചിത്രമായിരുന്നു,നിങ്ങൾ സദാചാര പോലീസുകാരെ ഞങ്ങൾ അകത്താക്കുമെന്നായിരുന്നു അവരുടെ നിലപാട്.ബന്ധുക്കൾ ഇടപെട്ട് സംസാരിച്ചപ്പോൾ വിവാഹിത ആണെങ്കിൽ പോലും ആണും പെണ്ണൂം തമ്മിൽ ഇടപെട്ടാൽ അതിൽ കുറ്റമില്ലെന്ന് സുപ്രീം കോടതി  പറഞ്ഞിട്ടുണ്ടെന്ന് ഒരു ഏമാൻ കാച്ചി. പരസ്യമായി നടന്ന ഈ സംഭവത്തിന് ശേഷം ആഴ്ചകൾ കഴിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയപ്പോൾ അവിടെ നടന്ന എല്ലാ കഥകളും അറിയാവുന്ന ഭാര്യാ വീട്ടുകാർ നേരെ  തിരിഞ്ഞ് ആ പാവം പ്രവാസിയെ കുരുക്കിലാക്കാനാണ്` ഇപ്പോൾ ശ്രമം നടക്കുന്നത്. പോലീസ് കൈ മലർത്തി കാണിക്കുന്നു, പോലീസ് ആഫീസർ സ്ത്രീ പക്ഷക്കാരനാണ്` പോലും.   അതങ്ങിനെ തന്നെ വേണമല്ലോ, പക്ഷേ ഈ കേസിൽ ആരുടെ ഭാഗത്താണ് ന്യായം.

(2) അമ്മായി അമ്മയോടുള്ള ദേഷ്യത്താലും പ്രതികാരത്താലും ഒരു മരുമകൾ അമ്മായി അമ്മയുടെ വിവാഹിതയായ മകളെ സംബന്ധിച്ച് മറ്റൊരു പുരുഷനുമായി ചേർത്ത് മോശമായ ആരോപണം അവരുടെ ഭർത്താവിന് മെസ്സേജയച്ചു കൊടുത്തു. മേസ്സേജ് കിട്ടിയ ഗൾഫ്കാരൻ ഭർത്താവ് വാളെടുത്ത് വീശി നിൽക്കുകയാണ്` തന്റെ രണ്ട് കുട്ടികളുടെ അമ്മയെ കാച്ചിക്കളയുമെന്നാണ് തത്ര ഭവാന്റെ  കലിപ്പ്. കാരണം മെസ്സേജയച്ച കക്ഷി  സ്വന്തം അളിയന്റെ ഭാര്യയല്ലേ അതെങ്ങിനെ വിശ്വസിക്കാതിരിക്കും. അളിയൻ സ്വന്തം ഭാര്യയൊട് ഈ വിവരം അന്വേഷിച്ചപ്പോൾ “അവൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് വിചാരിച്ച് ചെയ്തതാണെന്ന്“ കുറ്റം സമ്മതിച്ചു. വേണമെങ്കിൽ  അത് കളവാണെന്ന് ഞാൻ അയാൾക്ക് വേറൊരു മെസ്സേജയക്കാമെന്ന് ഭാര്യ ഈസിയായി പറഞ്ഞു.സത്യം തിരിച്ചറിഞ്ഞ അമ്മായി അമ്മയും മരുമകളും കലഹമായി മരുമകൾ വീട്ടിൽ പോയി. അവിടെ നിന്നു കൊണ്ട് അമ്മായിക്കും ഭർത്താവിനുമെതിരെ പോലീസിൽ പരാതി കൊടുത്തു. ആവശ്യം ഇത്രമാത്രം താനും ഭർത്താവും കുഞ്ഞുങ്ങളും മാത്രമടങ്ങിയ ഒരു വീട്.  ഭർത്താവ് തരപ്പെടുത്തി അതിൽ സമാധാനപരമായ കുടുംബ ജീവിതം നയിക്കണം.  അത് വാടകക്കെടുത്താൽ മതി. അപ്പോൾ ഹൃദൃ രോഗിയായ എന്റെ അമ്മയെ എനിക്ക് പരിചരിക്കേണ്ടേ എന്ന്  നിസ്സഹായതയോടെ ഭർത്താവ് ചോദിച്ചപ്പോൽ അത് അവൾക്കറിയേണ്ട. പോലീസും കൂടെ നിന്നു, അവളെ കൊണ്ട് വേറെ മാറി താമസിപ്പിക്കുക എന്നതാണ്  പോലീസിന്റെ നിർബന്ധം. ഭാര്യയോടുള്ള സ്നേഹം പോലീസ് വിരട്ടിയാൽ ഉണ്ടാകുമോ എന്ന് ഭർത്താവ്...

കുറേ ദിവസം കഴിയട്ടെ എന്റെ പെങ്ങളുടെ കാര്യം ഒന്ന് ശാന്തമാകട്ടെ ഞാൻ എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിച്ചോളാം അപ്പോഴേക്കും അമ്മയും ഒന്ന് തണുക്കും എന്ന് പറഞ്ഞിട്ടൊന്നും ഒരു രക്ഷയുമില്ല, പോലീസ് തുള്ളിക്കൊണ്ട് നിൽക്കുകയാൺ`.  ഭാര്യയെ സംരക്ഷിക്കണം...സംരക്ഷിക്കണം. വേണമല്ലോ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമയാണല്ലോ..ഭർത്താവ് സമ്മതിക്കുന്നു....അപ്പോൾ അമ്മയെ സംരക്ഷിക്കുന്നത് ആര്.../ അത് പോലീസിന് അറിയേണ്ട കാര്യമില്ല, സ്ത്രീ സംരക്ഷണ നിയമങ്ങൾ അത് പാലിച്ചേ പറ്റൂ. ആ സാധു യുവാവെന്ത് ചെയ്യണം.

നിയമം മനുഷ്യനെ സരക്ഷിക്കാനാണ്`, അത് ആരെയും ഉപദ്രവിക്കാനല്ല, നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന  നടപടികൾ ആവശ്യമില്ലേ.../

Thursday, December 2, 2021

ഉസ്താദും വീഡിയോയും

 വർഷങ്ങൾക്കപ്പുറത്ത്  ഒരു വിവാഹ  ചടങ്ങ് നടക്കുന്ന വേദിയാണ് രംഗം.

വേദിയിൽ വരനും അടുത്ത ബന്ധുക്കളും പെൺകുട്ടിയുടെ പിതാവും  ചടങ്ങ് നടത്തിക്കൊടുക്കുന്ന  ഇരു ഭാഗത്തെയും ഉസ്താദന്മാരും ഇരിപ്പുണ്ട്. അപ്പോഴാണ്` എന്റെ സ്നേഹിതനും സഹോദര സമുദായത്തിൽ പെട്ട ആളുമായ ഫോട്ടോ ഗ്രാഫർ  വീഡിയോ എടുക്കാൻ  വേദിയിലേക്ക് കയറിയത്. അയാളുടെ ജോലി ആരംഭിച്ചപ്പോൾ  വരന്റെ ഭാഗം ഉസ്താദ്  ശബ്ദം ഉയർത്തി പറഞ്ഞു,

“വീഡിയോ എടുക്കരുത്...“ ഫോട്ടോഗ്രാഫർ  എന്നെ ജാള്യതയോടെ നോക്കി.ഞാൻ  ആ ഉസ്താദിനെ സമീപിച്ച് ഭവ്യതയോടെ പതുക്കെ പറഞ്ഞു. “അയാളുടെ വയറ്റിപ്പിഴപ്പാണ് വീഡിയോ എടുക്കാൻ അനുവദിച്ചൂടെ....“

ഉസ്താദ് ഒന്നു കൂടി ചൂടായി എടുക്കരുതെന്ന് പറഞ്ഞാൽ എടുക്കരുത്....അത് ഹറാമാണ്`.ഹറാമിന് വേണ്ടി എന്നെ ശുപാർശ ചെയ്യരുത്.“ 

അത്രയും ആൾക്കാരുടെ മുമ്പിൽ വെച്ച്  അയാൾ എന്റെ നേരെ തട്ടിക്കയറി.എന്നിൽ അരിശം  പതഞ്ഞ് പൊന്തി

“ഹജ്ജിന് പോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ എടുക്കില്ലേ....അത് ചെയ്യാമെങ്കിൽ പിന്നെ ഇതിനെന്താ കുഴപ്പം“ ഞാൻ അൽപ്പം ചൂടായി തന്നെ ചോദിച്ചു.

ഉസ്താദ് ചാടി എഴുന്നേറ്റ് പെൺകുട്ടിയുടെ പിതാവിന് നെരെ ആക്രോശിച്ചു, “ഈ നിക്കാഹ് നടക്കണമെന്ന് ആഗ്രഹമുണ്ടോ എങ്കിൽ  വീഡിയോ എടുക്കരുത്. “ ആ പിതാവ് എന്നോട് പറഞ്ഞു, “എന്റെ കുട്ടിയുടെ കല്യാണം മുടക്കരുതേ...“

ഞാൻ പെട്ടെന്ന് നിശ്ശബ്ദനായി. ഫോട്ടോഗ്രാഫറും  രംഗത്തിന്റെ ഗൗരവം മനസിലാക്കി  അവിടെ നിന്ന് പിൻ വാങ്ങി. ഇത്  എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായിരുന്നു.  അന്ന് അങ്ങിനെയായിരുന്നു. ക്യാമറാ കണ്ടാൽ ചുവപ്പ് കണ്ട കാളയെ പോലെ ഈ  പുരോഹിത വർഗം കുതറി ഓടുന്ന കാലം. പുരോഹിതൻ എന്ന് പറഞ്ഞാൽ അവർ പ്രതിഷേധിക്കും ഞങ്ങൾ പുരോഹിതരല്ല, പണ്ഡിതന്മാരാണ്. പക്ഷേ കയ്യിലിരിപ്പ് മുഴുവൻ പുരോഹിതന്മാരുടെ ഭാവവും  പ്രകൃതവുമാണ്. ഏതോ ഒരു പ്രത്യേക വർഗം പോലെ. എന്നാൽ പ്രവാചകൻ  പുരോഹിതന്മാരെ പോലെ അരമനയിൽ  കഴിയുകല്ലായിരുന്നു. അദ്ദേഹം ജനങ്ങളുമായി അവരുടെ എല്ലാ പ്രശ്നങ്ങളിലും  ഇടപെട്ട് ജീവിച്ചു.  മുട്ടിന് മുട്ടിന് പ്രവാചകനെ അനുകരിക്കുന്നു എന്ന് വിളിച്ച് കൂവുന്ന ഈ വർഗം  പ്രവാചകൻ ചെയ്തത് പോലെ ഭാരം ചുമന്ന് അവശയായ ഏതെങ്കിലും വൃദ്ധയുടെ വിറക് കെട്ട് ചുമക്കുകയോ  ഏത് പ്രശ്നത്തിലും സഹിഷ്ണതയോടെ പെരുമാറുകയോ ചെയ്യില്ല.

ഇപ്പോൾ ഇവിടെ ഈ കാര്യം എടുത്തുദ്ധരിച്ചത് ഒരു ഉസ്താദ്  ബിരിയാണിയിൽ മന്ത്രിച്ചൂതിയെന്നോ അത് വീഡിയോ എടുത്ത് പ്രസിദ്ധപ്പെടുത്തിയെന്നോ ഒക്കെ പുകിലുകൾ കേട്ടത് കൊണ്ടാണ്. ഊതിയതിരിക്കട്ടെ  അതെന്തിന് വീഡിയോ എടുത്ത് പരസ്യം ചെയ്തു.വീഡിയോ ഹറാമായ ഈ ഉസ്താദുമാർക്ക് എന്നാണത് ഹലാൽ ആയത്? സംശയാസ്പദമായ പലതും ഈ  പ്രശ്നത്തിന് പുറകിലുണ്ട്..ഇത് കഴിഞ്ഞ ഉടനെയാണ് ഹലാൽ ബോർഡ് വിഷയം രംഗം കൊഴുപ്പിച്ചത്. കഥ എങ്ങിനെ മാറിയെന്ന് നോക്കുക, ഹലാൽ എന്നാൽ മന്ത്രിച്ചൂതുക എന്നോ തുപ്പുകയോ എന്നാക്കി മാറ്റാൻ ഈ നവ മാധ്യമ കാലത്ത് വളരെ എളുപ്പമാണല്ലോ.  ഇത് രണ്ടും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് സാദാ മനുഷ്യർ മനസിലാക്കിയില്ല. പക്ഷേ ഇത് രണ്ടും കൂടി ഒന്നിച്ചാക്കി, പഴക്കച്ചവടക്കാരനും ചെരിപ്പ് കച്ചവടക്കാരനും ഒന്നിച്ച് അവരുടെ വിൽപ്പന ചരക്കിന്റെ വിളിച്ച് പറയലിലൂടെ പഴഞ്ചെരിപ്പ് ആക്കിയത് പോലെ  ഹലാൽ എന്നാൽ ഊത്ത്/ തുപ്പൽ എന്നാക്കി  മാറ്റാൻ തല്പര കക്ഷികൾക്ക് സാധിച്ചു.  ഇത് പരസ്പരം ഗൂഡാലോചന നടത്തി പുറത്തിറക്കിയ ഒരു  തന്ത്രമല്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. 

ഹലാൽ ഹോട്ടലുകൾ  പണ്ട് മുതലേ  ഈ ഭൂമി മലയാളത്തിലുണ്ട്.  അത് ബ്രാഹ്മണകർകൾ ശാപ്പിടും സ്ഥലമെന്നോ പോറ്റി ഹോട്ടലെന്നോ നായർ വിലാസം ഹോട്ടലെന്നോ വെജിറ്റേറിയൻ ഹോട്ടലെന്നോ ബോർഡ് തൂക്കാതെ  തന്നെ    ജനകീയമായി തന്നെ നാട്ടിൽ നിലവിലുണ്ട്. ആവശ്യമുള്ളവർ ഹോട്ടലുകാരന്റെ ജാതി നോക്കാതെ അവിടെ കയറി ആഹാരം കഴിച്ചു. . ഇസ്ലാം മത വിശ്വാസികൾ നടത്തുന്ന ഹോട്ടലിൽ ബോർഡ് തൂക്കാതെ തന്നെ ഹലാൽ ഭക്ഷണമേ കിട്ടൂ എന്നത് പരസ്യമായ വസ്തുത തന്നെയാണ്  അതായത് പന്നിയിറച്ചി കിട്ടില്ല, അറുത്ത് ചോര കളഞ്ഞ മാംസമേ ഉപയോഗിക്കൂ  ഇങ്ങിനെ ചില നിബന്ധനകളോട് കൂടി ഹോട്ടൽ നടത്തുന്നു..   വലിയ വ്യാപാരം നടത്തുന്നവർ മുതൽ ചെറിയ മക്കാനി നടത്തുന്നവർ വരെ  ഹലാൽ ഭക്ഷണം കച്ചവടം ചെയ്യുന്നവരാണ്. അവിടെ ഒന്നും ഊതലുമില്ല തുപ്പലുമില്ല. “ കോയിക്കോട്ടങ്ങാടിയിലെ  കോയാക്കാടെ കടയിൽ പോയി കോയി ഇറച്ചി കയിക്കുന്നതിൽ“ ഒരു മടിയുമില്ലാത്തവരായിരുന്നു, മലയാളികൾ.  അവർ പുലർച്ചെ എഴുന്നേറ്റ്  നായരുടെ ടീ ഷോപ്പോ  ബാപ്പുട്ടിയുടെ  മക്കാനിയോ  എന്ന വ്യത്യാസമില്ലാതെ  രുചികരമായ ആഹാരമുള്ള എല്ലാ കടയിലും കയറി  ആഹാരം കഴിച്ചിരുന്നു, അടുത്തടുത്തിരുന്ന് രാഷ്ട്രീയം പറഞ്ഞു, ലോക കാര്യങ്ങൾ പറഞ്ഞു, പത്രം വായിച്ചു, 

അങ്ങിനെ സമാധാനപരമായ ഒരു സമൂഹം നില നിൽക്കുന്നിടത്ത്  ആവശ്യമില്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി കലഹം ഉണ്ടാക്കുന്നവർക്ക് അവർ ആരായാലും അവർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന്  തിരിച്ചറിയുക.

Tuesday, November 23, 2021

47 വർഷങ്ങൾ അത് ഇന്നലെയായിരുന്നു.

 “ഇന്നൊന്നും ഉണ്ടാവില്ല, അടുത്ത ആഴ്ച സംഭവിക്കത്തേ ഉള്ളൂ, നീ വെറുതേ ലീവെടുത്ത് ഓടി പാഞ്ഞ് വന്നതെന്തിന്?“

ബാപ്പക്ക് അസുഖം കൂടി എന്നറിഞ്ഞ് 100 കിലോ മീറ്റർ അകലത്തുള്ള സ്ഥലത്ത് നിന്നും ഓടിയെത്തിയ എന്നോട് അവശനായി കിടന്നിരുന്ന അദ്ദേഹം പറഞ്ഞതാണീ വാക്കുകൾ. ആ സംഭവം നടന്നിട്ട് ഇന്നത്തേക്ക് 47 വർഷങ്ങൾ. അത് ഇന്നലെ നടന്നതായാണ്  എനിക്കിപ്പോഴും അനുഭവപ്പെടുന്നത്

ഞാൻ നിശ്ശബ്ദനായി തലയും കുനിച്ച് നിന്നു. സ്വന്തം മരണത്തെ പറ്റിയാണ്` ബാപ്പാ നിസ്സാരമായി  കാലഗണന നടത്തി പറഞ്ഞത്, ഒരു സാധാരണ സംഭവം പോലെ.

“അടുത്ത കടയിൽ 65 പൈസാ കൊടുക്കാനുണ്ട്. ചാർമിനാർ സിഗററ്റോ മറ്റോ വാങ്ങിയതാണ്.അത് നീ കൊടുത്ത് തീർക്കണം. പിന്നെ ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകം അവിടെ തിരിച്ചേൽപ്പിക്കണം.“

യാത്ര പോകുന്നതിനു മുമ്പ് കാര്യങ്ങൾ പറഞ്ഞേൽപ്പിക്കുകയാണ്. മൊത്തം ജീവിതകാലത്തിൽ ആകെയുള്ള ബാദ്ധ്യത...65 പൈസാ...

തല ഉയർത്തി ഞാൻ പതുക്കെ പറഞ്ഞു, “ അസുഖവുമായി കഴിയുമ്പോൾ ചാർമിനാർ സിഗരറ്റ് വലിക്കാതിരുന്നൂടേ......

“വരണ്ട ഒരു ചിരി മുഖത്ത് വരുത്തി വാപ്പാ ചോദിച്ചു..“ കടലിൽ ചാടി മരിക്കാൻ പോകുന്നവൻ മഴയത്ത് കുട പിടിക്കുമോ?....മരണം ഉറപ്പിച്ച് കിടക്കുകയാണ് ബാപ്പാ....ഞാൻ ഒന്നും മിണ്ടിയില്ല, ആൾ വല്ലാതെ അവശതയിലെത്തിയിരിക്കുന്നു.

ആ അവശതക്ക് കാരണം രോഗമാണ്, സ്വയം പട്ടിണി കിടന്ന് ഞങ്ങളെ തീറ്റിയത് കൊണ്ട് വരുത്തി വെച്ച  രോഗം.  എനിക്ക് സർക്കാർ ജോലി കിട്ടി കുറച്ച് കാലമായതേ ഉള്ളൂ. പക്ഷേ അപ്പോഴേക്കും ബാപ്പാ രോഗിയായി കഴിഞ്ഞിരുന്നു. ചെറുപ്പ കാലത്ത് സമ്പന്നത നിറഞ്ഞ കുടുംബത്തിൽ ജനിച്ച് പിന്നെ കാലത്തിന്റെ കുത്തൊഴുക്കിൽ നാടൊട്ടുക്ക് പട്ടിണി പടർന്ന് പിടിച്ചപ്പോൾ സാമ്പത്തിക തകർച്ചയിലെത്തിയ ജീവിതം.എന്നിട്ടും എങ്ങിനെയെല്ലാമോ പിടിച്ച് നിന്നു. പകൽ ചിട്ടി കമ്പനി കണക്കെഴുത്ത്, രാത്രി ബീഡി തെറുപ്പ്, എന്നിട്ടും രാവേറെ ചെന്നിട്ടും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ആലപ്പുഴ ലജനത്ത് ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങൾ വായിച്ച് കൊണ്ടിരിക്കും.

പ്രവചിച്ചത് പോലെ അടുത്ത ആഴ്ച  യാത്ര പറഞ്ഞു. ഇന്നത്തേക്ക് 47 വർഷത്തിനു മുമ്പ് ആലപ്പുഴ പടഞ്ഞാറേ ജമാത്ത് പള്ളിയിൽ കബറടക്കി. ഒരു അടയാള കല്ല് പോലും വെക്കാതെ (അന്നതിന്റെ ചെലവിന് പണമില്ലായിരുന്നല്ലോ) പക്ഷേ സ്ഥലം അറിയാമെന്നുള്ളതിനാൽ എപ്പോൾ ആലപ്പുഴയിൽ പോകുന്നോ ആപ്പോളെല്ലാം ആ ഭാഗത്ത് പോയി നിന്ന്  പ്രാർത്ഥിക്കും.

ഇന്നും ദൂരത്തിലിരുന്നു ഞാൻ മനസ്സിൽ പ്രാർത്ഥിക്കുന്നു, ഒരിറ്റ് കണ്ണീർ പൊഴിക്കുന്നു, ആ സ്നേഹത്തെ കുറിച്ചോർത്ത്, അത് പലപ്പോഴും ഉള്ളിൽ തട്ടി ഞാൻ അനുഭവിച്ചതാണല്ലോ.

Thursday, November 18, 2021

പോലീസും കുടുംബ കലഹ കേസുകളും.

 “ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മാത്രം മതി ഇങ്ങോട്ടൊന്നും പറയേണ്ടാ.“

കുടുംബ കലഹ കേസുകളിൽ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും സ്ഥിരമായി ഉപയോഗിക്കുന്ന ശൈലിയാണിത്. അതായത് അവർ ഒരു തീരുമാനം എടുത്ത് വെച്ചിട്ടുണ്ട്. അത് കക്ഷികൾ അങ്ങോട്ട് അനുസരിച്ചാൽ മതിയെന്ന്. പ്രശ്നത്തിന്റെ എല്ലാ ഭാഗവും  അവർക്കറിയേണ്ട ആവശ്യമില്ല. അവർ എടുത്ത തീരുമാനം നടപ്പിൽ വരുത്താൻ കക്ഷികളെ  നിർബന്ധിതരാക്കാൻ അവർക്ക് നിർദ്ദേശങ്ങളുണ്ടായിരിക്കാം.  ആ നിർദ്ദേശം  നൽകുന്നത് സ്ഥലത്തെ എം.എൽ.എ. ആകാം മന്ത്രിയുടെ ആഫീസിൽ നിന്നാകാം. പോലീസ് അത് അനുസർക്കാൻ ബാധ്ധ്യസ്തരാണല്ലോ.

 പോലീസിന്റെ മുമ്പിൽ വരുന്ന എല്ലാ കേസുകളും അങ്ങിനെ തന്നെയാണ്...ജനം പഠിച്ച് വെച്ചിട്ടുണ്ട്. വാദി ആയി അല്ലെങ്കിൽ/പ്രതിയായി പോലീസിന്റെ .മുമ്പിൽ എത്തുന്നതിന് മുമ്പ് പോലീസിനെ സ്വാധീനിക്കാൻ കഴിവുള്ള രാഷ്ട്രീയ പാർട്ടിയുടെ  മൂത്ത നേതാവിനെ പോയി കണ്ടതിന് ശേഷമേ അവർ സ്റ്റേഷനിൽ പോവുകയുള്ളൂ. എതിർഭാഗവും അതേ മാർഗം സ്വീകരിച്ചിരിക്കും. അവരും വൻ തോക്കുകളെ കൊണ്ട് വിളിച്ച് പറഞ്ഞിരിക്കും. പോലീസ് തന്റെ തടിക്ക് ഹാനി വരാതെ   ഇതിൽ തൂക്കം ഏതാണ് കൂടുതലെന്ന് നോക്കി അതനുസരിച്ച് പെരുമാറും. ഒരു ശുപാർശയും കേൾക്കാത്ത എസ്സ്.ഐ./  സി.ഐ. റാങ്കിലുള്ളവർ അപൂർവമാണ്.

എനിക്ക് നേരിട്ട് അറിയാവുന്നതും പോലീസിന്റെ മുമ്പിലെത്തിയതുമായ ഒരു കുടുംബ  കലഹ കേസിലും തീരുമാനം മേൽപ്പറഞ്ഞ തരത്തിൽ തന്നെ സംഭവിച്ചു. കേസ് ചുരുക്കത്തിൽ ഇപ്രകാരമാണ്:

ഏക മകന്റെ ഭാര്യ വിവാഹം കഴിഞ്ഞ് ഭർതൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ ഭർതൃ മാതാവുമായി  അങ്കത്തിലാണ്. പുതിയ തലമുറയിലെ  പെൺകുട്ടികൾ അണു കുടുംബം ആഗ്രഹിക്കുന്നു. താനും ഭർത്താവും കുട്ടികളും മാത്രമുള്ള  വീട് ആണ് അവരുടെ സ്വപ്നം. ഭർത്താവിന്റെ  മാതാപിതാക്കൾ അവർക്ക് സ്വർഗത്തിലെ കട്ടുറുമ്പുകളുമാണ്. ഭർത്താവ് ഭാര്യക്കും മാതാപിതാക്കൾക്കുമിടയിൽ പെട്ട് തലയിൽകയ്യും കൊടുത്ത് ഇരിക്കും. ഈ കേസിൽ അമ്മായി അമ്മ പെൻഷൻ പറ്റിയ  ഒരു സർക്കാർ ജീവനക്കാരിയാണ് അത്യാവശ്യ രോഗങ്ങൾ കയ്യിൽ സ്റ്റോക്കുണ്ട്. ദിവസം 13 ഗുളികൾ ആഹരിക്കുന്നുണ്ട്. ആ വിഷങ്ങൾ ശരീരത്ത് കയറുന്നത് കൊണ്ടോ അവരുടെ തല മുറയിലെ സ്ത്രീകളുമായി പുതു തലമുറയെ താരതമ്യപ്പെടുത്തുന്നത് കൊണ്ടോ, കലഹം സുലഭം വീട്ടിൽ. എങ്കിലും മകന് വേണ്ടി അവർ അസാരം ക്ഷമിക്കുന്നുമുണ്ട്. എങ്കിലും പെൺ കുട്ടിക്കും അവരുടെ വീട്ടുകാർക്കും ഭാര്യയെയും ഭർത്താവിനെയും വേറെ വീട് എടുത്ത് മാറി താമസിപ്പിച്ചേ പറ്റൂ. കലഹമായി അടിയായി പെൺ കുട്ടി പാരസറ്റാമോൾ ഗുളികകൾ ഉറക്ക ഗുളികകൾ ആണെന്ന് പ്രഖ്യാപിച്ച് ഭർത്താവ് കാൺകെ വിഴുങ്ങി  എന്നിട്ടും വീട് മാറ്റം നടന്നില്ല.“ അമ്മക്ക് ഇത്രയും പ്രായമുണ്ടല്ലോ കുറച്ച് കാലം കൂടി ക്ഷമിച്ചാൽ അവർ പോകും പിന്നെ നമ്മൾ മാത്രമല്ലേ ഉള്ളൂ ഈ വീട്ടിലെന്ന്“ എന്നൊക്കെ ഭാര്യയെ ഉപദേശിച്ചെങ്കിലും  അവൾക്ക് കുലുക്കമൊന്നുമില്ലന്ന് മാത്രമല്ല , ഭാര്യയുടെ ബന്ധുക്കളിൽ ചില ചട്ടമ്പികളെ രംഗത്തിറക്കി നോക്കി ഭാര്യാ വീട്ടുകാർ  കളിച്ച് നോക്കി. അവസാനം അടിയായി വഴക്കായി പെൺകുട്ടി വീട് വിട്ട്  അവളുടെ രക്ഷ കർത്താക്കളോടൊപ്പം താമസമായി. തുടർന്ന് സ്ഥലം പോലീസ് എസ്.ഐ. മുമ്പാകെ സ്തീ ധന പീഡനം, മർദ്ദനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഒരു കൊട്ട ആരോപണങ്ങൾ കടലാസ്സിലാക്കി പരാതി കൊടുത്തതിന് പുറമേ  ഏതോ കൊല കൊമ്പനെ കൊണ്ട് ശുപാർശ ചെയ്യിക്കുകയും ചെയ്തു. ഭർതൃ മാതാവും അവരുടെ സങ്കടങ്ങൾ കടലാസ്സിലാക്കി ഒരു ചിന്ന ശുപാർശ സഹിതം ഏമാന്റെ മുമ്പിൽ ഫയൽ ചെയ്തു. 

എസ്.ഐ. മുകളിൽ നിന്നും ആരോ നിർദ്ദേശിച്ചത് പോലെ  ഉത്തരവിറക്കി. ഉടനേ തന്നെ വേറെ വീടെടുത്ത് ഭാര്യയെ മാറ്റി  താമസിപ്പിക്കണം. കലഹം ഒഴിവാക്കാൻ അതേ വഴിയുള്ളൂ.

സാർ വീട് വാടകക്ക് എടുക്കാൻ എനിക്ക് സാ‍ാമ്പത്തിക  കഴിവില്ല. എന്ന് ഭർത്താവ് കെഞ്ചി. “ ഈ വയസ്സാം കാലത്ത് എന്നെ ആര് നോക്കും എന്ന് മാതാവ് ചോദിച്ചപ്പോൾ പതിവ് ശൈലി എസ്.ഐ. അദ്ദേഹം  ഉദ്ധരിച്ചു.  “ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ഇങ്ങോട്ട് ഒന്നും പറയേണ്ടാ...“

ഭാര്യ ലോകം കീഴടക്കിയ മട്ടിൽ ബന്ധുക്കളുമായി ഇറങ്ങി പോയി. അമ്മായി അമ്മ അടുത്ത നടപടിയെന്തെന്ന് ആലോചിക്കാനും പോയി. ഭർത്താവ് അമ്മയെ കൈ വിടാനാകാതെയും ഭാര്യയെ കൂടെ വേണമെന്ന ആഗ്രഹത്തോടെയും നടുവിൽ പെട്ട് ഉഴറി നിന്നു.

ക്രമ സമാധാന ഭംഗം ഉണ്ടാകാത്തിടത്ത് പോലീസിനെന്ത് റോൾ  കുടുംബ കലഹ കേസുകളിൽ? ഇരു ഭാഗവും വാദങ്ങൾ മുഴുവനും കേൾക്കാതെ  ഏകപക്ഷീയമായി  തീരുമാനം എടുത്താൽ ആ കുടുംബം രക്ഷപെടുകയല്ല നശിക്കുകയല്ലേ ചെയ്യുന്നത്? രാഷ്ട്രീയ കക്ഷികൾ വോട്ടിന് വേണ്ടി ന്യായം നോക്കാതെ ആരെയും ശുപാർശ ചെയ്യുന്നത് വഴി സമൂഹദ്രോഹമല്ലേ ചെയ്യുന്നത്

ആ മാതാവിന്റെ കണ്ണീരിന് ആരാണ് പരിഹാരം കണ്ടെത്തേണ്ടത്.

ഒരുകാര്യം ഉറപ്പ്. അണു കുടുംബം  ആഗ്രഹിച്ചവൾക്ക് കുറേ കാലം കഴിഞ്ഞ് വിധി തിരിച്ചടി നൽകും അവളും അമ്മായി അമ്മ ആയി മാറുമ്പോൾ.


Monday, November 8, 2021

ഡിറ്റക്ടീവ് നോവലുകളിലൂടെ.....

 കുറ്റാകുറ്റിരുട്ട്, തകർത്ത് പെയ്യുന്ന മഴയും. കരിംഭൂതം പോലെ കാണപ്പെട്ട ആ സത്വത്തെ അൽപ്പം പോലും ഭയമില്ലാതെ ഡിറ്റക്റ്റീ വ് ഭാസ്കർ പിന്തുടർന്നു. ഇടക്കിടക്ക് ഉണ്ടായിക്കൊണ്ടിരുന്ന കണ്ണഞ്ചിക്കുന്ന മിന്നൽ സത്വത്തിനെ പിൻ തുടരുവാൻ അദ്ദേഹത്തിന് സഹായകരമായി......

ചെറുപ്പത്തിൽ ഉദ്വേഗത്താൽ നെഞ്ചിടിപ്പ് കൂട്ടുന്ന ഈ തരം ഡിറ്റക്റ്റീവ് നോവലുകൾ  ഇഷ്ടമായിരുന്നു.  അത് കൊണ്ട് തന്നെ പരമാരയും, ബി.ജി. കുറുപ്പും  മറ്റും ഏറെ ഇഷ്ടപ്പെട്ട രചയിതാക്കളായി മാറി.കുറ്റാന്വേഷണ നോവൽ വായന  എന്നിൽ   വായിക്കുക എന്നത് ശീലമുളവാക്കിയതിനാൽ തുടർന്ന് ബഷീറും തകഴിയും കേശവ ദേവും പൊറ്റക്കാടും എം.റ്റിയും മറ്റും എന്നിലേക്ക് കടന്ന് വന്നു. പുറകേ ഹ്യൂഗോയും, ടോൽസ്റ്റോയും മാക്സിം ഗോർക്കിയും ഡ്യൂമാ തുടങ്ങിയവരും പരിചിതരായി. എങ്കിലും ഡിറ്റക്ടീവ് നോവലുകൾ, സാഹസിക കഥകൾ അന്നും ഇന്നും ഹരം തന്നെ. അത് കൊണ്ട് തന്നെ  തുലാ വർഷം ആഞ്ഞ് പിടിച്ച് പെയ്യാൻ തുടങ്ങിയപ്പോൾ  മാനത്തെ കരിങ്കാറ് മനസ്സിലേക്കും തോരാത്ത മൂടിക്കെട്ട് സൃഷ്ടിച്ച് വല്ലാത്ത മൂകത ഉളവാക്കി.  അത് തൂത്തെറിയാൻ വായനയെ പോലെ മറ്റൊരു മരുന്നില്ല, അതും ഡിറ്റക്ടീവ്/ സാഹസിക,  കഥകളാണെങ്കിൽ  ബലേ ഭേഷ്! ഫോണെടുത്തു വാട്ട്സ് അപ്പ് / ഫെയ്സ് ബുക്ക് പുസ്തക പരസ്യങ്ങൾ പരതി കുറച്ച് വാങ്ങി, അതെല്ലാം വായിച്ച് തീർത്തു. ഇത്രയും എണ്ണം വായിച്ച് തീർത്തില്ലേ, രണ്ട് വരി അഭിപ്രായവും  പുറത്ത് വിടാമെന്ന് കരുതി.

ആദ്യം തൊട്ടത് വിഷ്ണു എം.സി.യുടെ കാന്തമല ചരിതം രണ്ടാം അദ്ധ്യായം. ഒന്നാം അദ്ധ്യായത്തിനേക്കാളും മെച്ചമെന്ന് തോന്നി.  ചരിത്രവും നോവലും തമ്മിൽ ഇഴ ചേർത്ത് രചന നടത്തുന്ന ആ വൈഭവമുണ്ടല്ലോ അത് സമ്മതിച്ച് കൊടുത്തേ പറ്റൂ. ഈജിപ്റ്റിലെ ഫറോവായും ശബരിമല മണി കണ്ഠനും തമ്മിൽ ലിങ്ക് ഉണ്ടാക്കുന്ന ആ വിദ്യ അപാരം തന്നെ. ഏതായാലും മൂന്നാം അദ്ധ്യായത്തിനായി നമ്മെ കാത്തിരുത്തുന്ന ആ മിടുക്ക് അപാരം തന്നെ.പ്രസാധകർ“ ലോഗോസ് ബുക്ക്സ്

മോഡസ് ഓപ്പറാണ്ടി  എന്ന അതിശയ നോവൽ വായിച്ച് പൂർത്തിയാക്കി രാത്രി ഏറെ ചെന്നിട്ടും മനസ്സിലെ സന്തോഷത്താൽ നോവലിസ്റ്റായ റിഹാൻ റഷീദിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹത്തിന്റെ വകയായ “ ഡോൾസ് കയ്യിലെടുത്തത്. പക്ഷേ നമ്മളെ നിരാശപ്പെടുത്തിക്കളഞ്ഞു . തിരശീലയും വിളക്കും, മറ്റും കഥ പറയുന്നത് വിക്രമാദിത്യൻ കഥയിലാണ് അനിയാ.  അത് ഡിറ്റക്ടീവ് നോവലിലേക്ക് കൊണ്ട് വന്ന് സമയത്തിനെയും രാത്രിയെയും പകലിനെയും കൊണ്ട് കഥ പറയിച്ചാൽ  ആൾക്കാർക്ക് ദഹിക്കില്ല മോനേ! നല്ലൊരു കഥയായിരുന്നു അത് അങ്ങിനെ ഇങ്ങിനെ ഉഴപ്പി നശിപ്പിച്ചു, സാരമില്ല മോഡസ് ഓപ്പറാണ്ടി സൈസ്  ഇനിയും പ്രതീക്ഷിക്കുന്നു. പുസ്തകം പ്രകാശനം നടത്തിയത് ഡിസീ ബുക്ക്സ്

“അടുത്തത് ന്യൂറോ ഏരിയാ“ എഴുതിയ ആൾ ശിവൻ ഏടമന. എന്റെ ശിവനേ! സംഗതി കലക്കീട്ടാ....അവസാനം വരെ ഉദ്വേഗത്താൽ ശ്വാസം പിടിച്ചിരുന്നു. പുതിയ ആശയങ്ങൾ..അവ മനസ്സിനെ മറ്റൊരു ലോകത്തേക്ക് അതും നമുക്കപരിചിതമായ മേഖലയിലേക്ക് കടത്തി വിട്ടു. 299 രൂപക്ക് പുസ്തകം മുതലാകും, ഒന്നുകൂടി വായിക്കാൻ തോന്നലും ഉണ്ടാക്കി, ഡിസിയാണ് ഇതും പുറത്തിറക്കിയത്.

“പോയട്രി കില്ലർ“ രചന ശ്രീ പാർവതി..ങാ...ഒരുമാതിരി കടന്ന് പോയി വായന. കില്ലർ എന്നൊക്കെ കേട്ട് വായിക്കാൻ എടുക്കുന്നവരെ കില്ലാതെ കടത്തി വിടുന്നുണ്ട്. ഈ മേഖലയിൽ ആണുങ്ങളേക്കാളും ഒട്ടും മോശമല്ല പെണ്ണുങ്ങളെന്നും തീർത്തും പറയാവുന്ന രചന. ഈ  ക്രൈം തില്ലറും പുറത്ത് വന്നത് ഡിസിയിലൂടെ.

ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന കുറ്റാന്വേഷണ നോവൽ എഴുതിയത്  രജത്. ആർ ആണ്. ലക്ഷണമൊത്ത ഒരു ഡിറ്റക്ടീവ് നോവൽ. അവസാനം വരെ സൂചന തരാതെ  നോവലിസ്റ്റ്  നമ്മെ വായനയിലൂടെ കടത്തി വിട്ടു അവസാനം രഹസ്യം വെളിവാക്കുന്ന ആ പഴയ ശൈലിക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് നോവൽ തെളിയിക്കുന്നു. ഗ്രീൻ ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

തന്റെ മനസ്സിലെ ആശയത്തെ/ സിദ്ധാന്തത്തെ  ഒരു ക്രൈം ഫിക്ഷനിലൂടെ  അവതരിപ്പിക്കാനുള്ള ജയപ്രകാശ്  പാനൂർ എന്ന   നോവലിസ്റ്റിന്റെ ശ്രമത്തെ  അഭിനന്ദിക്കുന്നു. കിഷ്ക്കന്തിയുടെ മൗനം എന്ന  ഈ പുസ്തകത്തിൽ ഭാരത സംസ്കാരവും അതിൽ നിന്നുടലെടുത്തിരുന്ന പരീക്ഷണ നിരീക്ഷണ  സിദ്ധാന്തങ്ങളും  ഫലങ്ങളും ലളിത ഭാഷയിലൂടെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാനുള്ള ശ്രമം വിജയിച്ചെന്ന് തന്നെ പറയാം. ഈ ശ്രമത്തിനിടയിൽ സംഭ്രമജനകമായ ഒരു കുറ്റാന്വേഷണ പരിപാടിയും ഇടകലർന്ന് മുമ്പോട്ട് കൊണ്ട് പോയതിനാൽ രണ്ട് വിഷയവും ബോറടിക്കാതെ  പൂർത്തിയാക്കി. ലക്ഷണ യുക്തമായ ഒരു ക്രൈം ത്രില്ലറെന്ന് തീർത്തും പറയാൻ കഴിയില്ലെങ്കിലും ഒരുശരാശരിയിൽ നിൽക്കുന്നു സൂചി. “കിഷ്കിന്തിയുടെ മൗനം“ എന്ന ഈ പുസ്തകത്തിന്റെ രചയിതാവ്  ജയപ്രകാശ് പാനൂർ പ്രസാധകർ ഡിസി.ബുക്ക്സ്

നിഖിലേഷ് മേനോന്റെ “അഗോചരമാണ് അടുത്തതായി വായിക്കാനെടുത്തത്. കാണാതായ നാല് യുവതികളെ തേടിയുള്ള കുറ്റാന്വേഷകന്റെയും കൂട്ടത്തിൽ ഒരു സ്ത്രീ എ.എസ്.പിയുടെയും  അന്വേഷണത്തിന് നമ്മളും ഒപ്പം കൂടി പോകുമ്പോൾ വലിയ രീതിയിൽ ത്രില്ലടിച്ചില്ലെങ്കിലും  ങാ...കുഴപ്പമില്ല, വണ്ടി പോകട്ടെ മുന്നോട്ട് എന്ന് പറയാൻ കഴിഞ്ഞു. ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർ.

“ഡിറ്റക്ടീവ് പ്രഭാകർ“ കോട്ടും സൂട്ടും ഇടാത്ത  തൊപ്പി വെക്കാത്ത ഒരു ഡിറ്റക്ടീവിനെ മലയാളത്തിലിറക്കി തന്നു നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ. സുന്ദരനായ ഇന്ദുഗോപന്റെ  മൊട്ടത്തലയിൽ നിന്ന് മാത്രമേ ഈ തരത്തിലുള്ള കുറ്റാന്വേഷകൻ പുറത്ത് വരുകയുള്ളൂ. ഐസ് 0ഡിഗ്രീ എന്ന സയൻസ് നോവലിന്റെ ആ ഭാഷാ ശൈലിയുണ്ടല്ലോ , ആ ഒഴുക്ക്, അതൊരു ഉഗ്രൻ ശൈലിയാണപ്പാ...അത് ഈ പുസ്തകത്തിലും ഇന്ദുഗോപൻ ഉട നീളമെടുത്ത് കാച്ചി. പല കഥകളും സംഭവങ്ങളുമാണ് ഈ നാടൻ ഡിറ്റക്ടീവ് പുറത്ത് കൊണ്ട് വരുന്നത്. വായിച്ച് അനുഭവിക്കുക, അത്രത്തോളം രസാവഹമെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രസാധകർ ഡി.സി.

ഒരു പുസ്തകത്തിന്റെ അഭിപ്രായം കൂടി പറയാനുണ്ട്. റാം/ കെയർ ഓഫ് ആനന്ദി. കുറ്റാന്വേഷണ ഇനത്തിൽ പെടുന്നില്ലെങ്കിലും മനസിനെ സ്പർശിച്ച ഒരു പുസ്തകം. രചന വൈഭവം ഒട്ടുമില്ലെങ്കിലും ഈ പുസ്തകം കയ്യിലെടുത്താൽ താഴെവെക്കില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.  അവസാന പേജുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു എന്ന് പറയാതെ തരമില്ല. അറിയുന്നതും എന്നാൽ ഒട്ടും അറിയാൻ കഴിയാത്തതുമായ ചില വിഷയങ്ങൾ ഉൾക്കൊണ്ടതാണ്` ഈ പുസ്തകം.  രചയിതാവ്  അഖിൽ പി. ധർമജൻ. ഡിസി. തന്നെ പ്രസാധകർ.

Monday, November 1, 2021

പങ്ക് കച്ചവടം

  ദിവസങ്ങൾക്ക് മുമ്പ് ഈ പോസ്റ്റ് ഞാൻ കുറിച്ചിട്ടതിന് ശേഷം  അത് പബ്ളിഷ് ചെയ്യാതെ എന്ത് കൊണ്ടോ മടിച്ചിരുന്നു. ഇന്ന് രാവിലെ സമാന രീതിയിലുള്ള മറ്റൊരു സംഭവം എന്റെ സ്നേഹിതൻ ഫോണീൽ വിളിച്ചറിയിച്ച് ഭാവി നടപടികളെ പറ്റി ആരാഞ്ഞപ്പോൾ ഈ പ്രവണതകൾ ഇപ്പോൾ പകർച്ചവ്യാധികൾ പോലെ പടർന്ന് പിടിച്ചിരിക്കുന്നതായി  തിരിച്ചറിഞ്ഞതിനാൽ തീർച്ചയായും ഈ കുറിപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് തീർച്ചയാക്കി. ഇത്രയും ആമുഖമായി സൂചിപ്പിച്ച് കൊണ്ട് സംഭവത്തിലേക്ക്      നമുക്ക് വരാം.  

 ഭർത്താവും രണ്ട് കുഞ്ഞുങ്ങളുമുള്ള യുവതി  ഇന്റർ നെറ്റിലൂടെ പരിചയപ്പെട്ട യുവാവുമായി  പടിപടിയായി  അതിർവരമ്പുകൾ ലംഘിച്ച്  പെരുമാറി എന്നുള്ളത് തെറ്റും വഞ്ചനയും ഒരിക്കലും  മാപ്പർഹിക്കാത്തതുമാണ്. ആ കേസിൽ ഭർത്താവ്  പരമ ശൂദ്ധനും  തന്റെ കുടുംബത്തെ പ്രാണന്  തുല്യം സ്നേഹിക്കുന്നവനും ആ കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ പൊയി എല്ല് മുറിയുമാറ് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവനുമാണ്. ഈ സത്യം ശരിക്കും അറിയാവുന്ന അവൾ ചെയ്തത് വിശ്വാസ വഞ്ചന മാത്രമല്ല,  ഏറ്റവും ക്രൂരമായ പ്രവർത്തിയുമാണ്.

അതവിടെ നിൽക്കട്ടെ . അവർ തമ്മിലുള്ള ബന്ധം ഇനി ഒരിക്കലും മുന്നോട്ട് പോവില്ല എന്ന് ഭർത്താവ് തീർത്ത് പറയുമ്പോൾ വിധി എന്തെന്ന് കാലം തീരുമാനിക്കട്ടെ.. ഞാൻ ആ കാര്യം പറയുവാനല്ല ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്, കാരണം നാം ഇത് കേട്ട് കേട്ട്  ചെവിക്ക് തഴമ്പായി കഴിഞ്ഞു.എനിക്ക് പറയാനുള്ളത് ശാന്തനായ ആ ചെറുപ്പക്കാരന്  തന്റെ ഭാര്യയെ പറ്റിയുള്ള ഈ വാർത്ത  ലഭിച്ചതെങ്ങിനെ എന്നുള്ളതാണ്.

ഇന്റർനെറ്റ് കാമുകൻ യുവതിയോടുള്ള അവന്റെ സ്നേഹം ( അവന്റെ വികാരത്തെ  സ്നേഹം എന്ന പരിശുദ്ധ വാക്കിനാൽ  വിശേഷിപ്പിക്കുന്നത് ഒട്ടും ശരിയല്ല).      മറ്റ് പല ആവശ്യങ്ങൾക്കുമായി പ്രയോജനപ്പെടുത്തി.. ഒരു പ്രത്യേക സാഹചര്യത്തിൽ അവൻ പറയുന്ന വിധമെല്ലാം പെരുമാറേണ്ടി വന്ന ആ യുവതിയുടെ ഫോട്ടോകൾ പിന്നീട്  അവന്റെ സ്നേഹിതന് നൽകുകയും  അവൻ അത് ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തനിക്ക് വിധേയയാക്കി.  ഈ  വാർത്തയും നമുക്ക് പുതിയതല്ലാതായി മാറിക്കഴിഞ്ഞു. ഇത്രയുമായപ്പോൾ സങ്കൽപ്പ ലോകത്ത് നിന്നും തലയിലെ മദമെല്ലാം തീർന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയ യുവതി  അവന്മാരെ രണ്ടിനെയും ഫോണിൽ ബ്ളോക്ക്  ചെയ്യുകയും പരസ്പരം ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും  അടക്കുകയും ചെയ്തു. പ്രശ്നം അവിടെ തീരേണ്ടതാണ്. പക്ഷേ  യുവതി താനുമായുള്ള  ബന്ധങ്ങൾ അവസാനിപ്പിച്ച കലിയാൽ രണ്ടാമൻ തന്റെ കൈവശമുള്ള രണ്ട് പേരുടെയും   കുറേ വോയിസ് മെസ്സേജുകളും  ഫോട്ടോകളും യുവതിയുടെ ഭർത്താവിന് അയച്ച് കൊടുത്തു.  ഈ സാധനങ്ങൾ ആ പാവപ്പെട്ട യുവാവിന് ഇടിവെട്ടേറ്റതു പോലുള്ള  അനുഭവമുണ്ടാക്കി.   . ബാക്കി ഉള്ള കാര്യങ്ങൾ  എന്തെന്ന് ആ മനുഷ്യന്റെ കണ്ണീൽ നിന്നുമൊഴുകിയ കണ്ണീർ പറഞ്ഞ് തന്നു.

ഇവിടെ ഞാൻ ഈ പോസ്റ്റിട്ടത് ആ രണ്ട് ഇന്റർനെറ്റ് കാമുകന്മാർക്കെതിരെയുള്ള ശിക്ഷാ നടപടികളെ സംബന്ധിച്ച് സൂചിപ്പിക്കാനാണ് യുവതി  ഇവന്മാർക്കെതിരെ നടപടികളെടുക്കുകയും  അവർ രണ്ട് പേരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുകയും ചെയ്താൽ ഇന്ന് ഇന്ത്യയിൽ നിലവിലുള്ള ക്രിമിനൽ നിയമ വ്യവസ്ത പ്രകാരം പരമാവധി കുറേ തടവ് ശീക്ഷ അവന്മാർക്ക്  ലഭിച്ചേക്കാം. ജയിൽ ജീവിത കാലത്ത് കിട്ടുന്ന  ആനുകൂല്യങ്ങളും പരോളും മറ്റ് സൗജന്യങ്ങളും തട്ടിക്കഴിച്ച് അവർ രണ്ട് പേരും  പുറത്തിറങ്ങുമ്പോൾ കാലം നൽകുന്ന ബോണസ്സായ മറവിയാൽ സമൂഹം ,  അവരുടെ ചെയ്തികളെ നിറം മങ്ങിയ കണ്ണടകളാൽ വീക്ഷിക്കും, പിന്നെ എല്ലാം സാധാരണത്തെ പോലെ ആകും. പക്ഷേ അവർ ചെയ്ത കുറ്റം എത്ര ഭീകരമായിരുന്നു  എന്ന്  ആരും ചിന്തിക്കില്ല.

ചതുരോപാ‍ായങ്ങളാൽ ഒരു സ്ത്രീയെ വശത്താക്കുന്നു അവളുടെ ജീവിതം തകർക്കുന്ന വിധം പെരുമാറുന്നു.  (അവളുടെ കുറ്റം ഞാൻ ചെറുതായി കാണുന്നില്ല , അത് വേറെ വിമർശീക്കേണ്ടതാണ്, അവൾക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നാണ് തോന്നുന്നത്) 

തന്നെ വിശ്വസിച്ചിരുന്ന ഭർത്താവിനെ അവൾ ചതിക്കുന്നു, അവളെ ഒന്നാമൻ ചതിക്കുന്നു, രണ്ടാമനെ ഒന്നാമൻ രംഗത്ത് കൊണ്ട് വരുന്നു.

മദം പൊട്ടിയ ആനയെ പോലെ രണ്ടാമൻ അവളുടെ ജീവിതത്തിലേക്ക് തകർത്ത് തരിപ്പണമാക്കുന്ന വിധം  കടന്ന് കയറുന്നു.  അതും മതിയാകാതെ  അവളെ തീർത്തും അടിമയാക്കാൻ ശ്രമിക്കുന്നു.

തന്നെ  നിരാകരിച്ച അവളെ കൊലപ്പെടുത്തുന്നതിനേക്കാളും ക്രൂരമായി അവളുടെ ഫോട്ടോകൾ ഈ വിവരങ്ങൾ ഒന്നുമറിയാത്ത ഭർത്താവിന് അയച്ച് കൊടുത്ത് അയാളെ ഇഞ്ചിഞ്ചായി കൊല്ലുന്നു. അയാളുടെ ഭാഷയിൽ അയാളുടെ ഭാവി ജീവിതം  ഇരുട്ടിലാക്കി. അയാൾ പറഞ്ഞത് ഇപ്രകാരമായിരുന്നു“ എന്റെ തലയിലേക്ക് ഇടിവാൾ ഇറങ്ങിയത് പോലെയായിരുന്നു ആ ഫോൺ കാൾ. ഇനി എന്നാണ്` എനിക്കുറങ്ങാൻ കഴിയുക അത്രത്തോളമുള്ള ചതിയല്ലേ അവൾ എന്നോട് ചെയ്തത്....“

ഇതിലൊന്നും പെടാത്ത ആ രണ്ട് പിഞ്ച് കുട്ടികളെയും അനാഥരാക്കി. വഴിയാധാരമാക്കി. ഇനി അവർക്ക് മാതാപിതാക്കളെ ഒരുമിച്ച് കണ്ടുള്ള ജീവിതം ഇല്ലാ എന്നുറപ്പാക്കി. അവരുടെ ഭാവി ജീവിതത്തിൽ സ്വന്തം മാതാവിന്റെ കളങ്കം കരി പുരട്ടും. തീർച്ച.

പറയുക , അവന്മാർക്ക് രണ്ടെണ്ണത്തിനും കേവലം വർഷങ്ങളുടെ തടവ് ശിക്ഷ മാത്രം മതിയോ? (അതും അവൾ കേസ് കൊടുത്താൽ മാത്രം. ഇല്ലാ എങ്കിൽ അവന്മാർ ഇനിയും ആരെയെങ്കിലും കുഴിയിൽ വീഴ്ത്തുന്ന പരിപാടി തുടർന്ന് നമ്മുടെ ഇടയിൽ സസുഖം കഴിയും)

പറയുക സമൂഹത്തിൽ പടർന്ന് പിടിക്കുന്ന ഈ മാരക പ്രവണതക്കെതിരെ എന്ത് ചെയ്യാൻ കഴിയും?

ഈ ചോദ്യം ഞാൻ സമൂഹത്തിന്റെ മുമ്പിൽ വെക്കുന്നു.

Saturday, October 9, 2021

മിർ ജാഫർമാർ.....

 1857ലാണ് ഒന്നാം ഇന്ത്യൻ സ്വാതന്ത്രിയ സമരം ഉണ്ടായത്. ബ്രിട്ടീഷ്കാർ അതിനെ ശിപായി ലഹള എന്ന പേര്  വിളിച്ചു. അതിനും കൃത്യം 100 വർഷം മുമ്പ് ഇന്ത്യൻ മണ്ണിൽ ബ്രിട്ടീഷ്കാരുമായി ഒരു യുദ്ധം ഉണ്ടായി. 1757ൽ നടന്ന ആ യുദ്ധത്തിനെ പ്ളാസി യുദ്ധം എന്നാണ്` ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഒരു വശത്ത് റോബർട്ട് ക്ളൈവിന്റെ നേതൃത്വത്തിൽ  ബ്രിട്ടീഷ് സേനയും എതിർ വശത്ത് ബംഗാളിലെ നവാബായ സിറാജ്ദ്ദൗളയും തമ്മിലായിരുന്നു യുദ്ധം. നവാബിന് എളുപ്പത്തിൽ ജയിക്കാവുന്ന ആ യുദ്ധത്തിൽ സ്വപക്ഷത്ത് നിന്നുമുണ്ടായ  ചതി അദ്ദേഹത്തെ യുദ്ധത്തിൽ പരാജിതനാക്കി. ആ യുദ്ധം നവാബ് ജയിക്കുകയും ക്ളൈവ് തോൽക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ ഭാവി ചരിത്രം മറ്റൊന്നാകുമായിരുന്നു. ഒരു പക്ഷേ അതോടെ ബ്രിട്ടീഷ്കാരുടെ പതനം  അനിവാര്യമായി നടന്നെനെ. 

ചതിച്ചത് മറ്റാരുമായിരുന്നില്ല ഉറ്റ ബന്ധുക്കളായ മിർ കാസിമും മിർജാഫറും. ബ്രിട്ടീഷ്കാർ  സാധാരണ ഉപയോഗിക്കുന്ന വഞ്ചന  നവാബിനെതിരെ  പുറത്തെടുത്ത് അധികാര വാഗ്ദാനം ചതിയന്മാർക്ക് നൽകി സിറാജുദ്ദൗളയെ പരാജയപ്പെടുത്തുകയായിരുന്നു.

 അതേ എവിടെയും എല്ലാവരെയും മോഹിപ്പിച്ചിരുന്നത് അധികാര മോഹമായിരുന്നല്ലോ.

ബംഗാൾ ഇന്ത്യൻ സ്വാതന്ത്രിയ ചരിത്രത്തിൽ പല അടയാളപ്പെടുത്തലുകളും  ഉണ്ടാക്കി. കിഴക്കൻ ബംഗാളിന്റെ സ്വാതന്ത്രിയ സമരം ബംഗ്ളാദേശിന്റെ ജന്മത്തിന് കാരണമായി. 

അവസാനം പശ്ചിമ ബംഗാളിൽ മമതാ ബാനർജി വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ്  അവരുടെ കൂടെ പാർട്ടിയിൽ ഉണ്ടായിരുന്ന  മിർ കാസിമുമാരും മിർ ജാഫർമാരും  എതിർ ഭാഗത്തേക്ക് കൂറ് മാറി. എതിർഭാഗം കാല് മാറി വരുന്നവർക്ക് അധികാരം വാഗ്ദാനം ചെയ്തു കാണുമായിരിക്കും. പക്ഷേ പണി പാളി. സിരാജ്ദ്ദൗളായുടെ പതനം എന്ത് കൊണ്ടോ മമതാ ബാനർജിക്ക് സംഭവിച്ചില്ല. ജയം മമതയുടെ കൂടെ നിന്നതിനാൽ ചില കൂടിയ വിഷം ഇനത്തിൽപ്പെട്ട അൽപ്പം പേരൊഴികെ എതിർ ഭാഗത്തേക്ക് പോയ ബാക്കി ഉള്ളവരെല്ലാം അതേ വേഗതയിൽ  മമതയിലേക്ക് തന്നെ മടങ്ങി വരുന്ന കാഴ്ചയാണ് ഇന്ത്യ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. 

അധികാരം!!! അത് മനുഷ്യനെ മത്ത് പിടിപ്പിക്കുന്നതാണ്. അധികാരമില്ലാതെ ജീവിക്കാൻ സാധിക്കാത്തവർ  പല കാരണങ്ങൾ പറഞ്ഞ് എതിർ ചേരിയിൽ ഇടം കണ്ടെത്തും. അവർ പാർട്ടി മാറിയ കാരണങ്ങൾ ശരിയെന്ന് അവർക്ക് തോന്നുന്നുണ്ടെങ്കിൽ എന്ത്കൊണ്ട്  അവർ ഉണ്ടായിരുന്ന പാർട്ടി അധികാരത്തിലായപ്പോൾ എതിർ ഭാഗത്തേക്ക് പോയില്ല. ഉത്തരം ഒന്നേ ഉള്ളൂ അന്ന് അധികാരം ഉണ്ടായിരുന്നു, ഇന്ന് അതില്ല , അടുത്ത കാലത്തൊന്നും ലഭ്യമാകാൻ സാധ്യതയുമില്ല, അത് മനസിലാക്കി ഒരു മുൻ കൂട്ടി ചാട്ടം നടത്തിയെന്ന് മാത്രം. ചാടി ചാടി ചാട്ടം പിഴ്ച താഴെ വീണാൽ പിന്നെ ഒരിക്കലും അവർക്ക് ചാടാൻ പറ്റാത്ത വിധം തകർന്ന് തരിപ്പണമാകുമെന്ന് മനസ്സിലാക്കിയിരുന്നാൽ അവർക്ക് നന്ന്.

കുഴിയിലേക്ക് കാല് നീട്ടി ഇരിക്കുമ്പോഴും ജീവിതത്തിൽ മടുക്കാത്ത ഒന്നേ ഉള്ളൂ അധികാരം.!!! 

 ഇത് ഞാൻ പറഞ്ഞതല്ല  അരിസ്റ്റോട്ടിൽ പറഞ്ഞതാണ്.

Sunday, October 3, 2021

പ്രേമലേഖനം

 പ്രേമ ലേഖനം.

അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ തന്നെ  ഞാൻ നല്ലൊരു വായനക്കാരനായിരുന്നു. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ വായനശാലയിലെ വാരികകളും അവിടെയുള്ള ലൈബ്രറിയിൽ നിന്നും പിതാവ് എടുത്ത് കൊണ്ട് വരുന്ന പുസ്തകങ്ങളും സമയം കിട്ടുമ്പോഴൊക്കെ  വായിക്കുമായിരുന്നല്ലോ. പല നോവലുകളും വാരികകളിലെ പൈങ്കിളികളും വായിച്ചപ്പോൾ എന്റെ ഉള്ളിൽ അതിയായ ഒരു മോഹം ഉടലെടുത്തു.  ഒരു പ്രേമ ലേഖനം എഴുതണം. ആർക്കെങ്കിലും കൊടുക്കണം. 

സൗഹൃദം  അന്നുമിന്നും എന്റെ പ്രാണനാണ്. പ്രണയ ലേഖനം  എഴുതിയാൽ കൊടുക്കേണ്ടത് പെൺകുട്ടിക്കാണ്. എന്നോട് സ്നേഹവും ആത്മാർത്ഥതയുമുള്ളവർക്കാണ്` കൊടുക്കേണ്ടത്. അത് ആർക്ക് വേണമെന്ന് തല പുകക്കുമ്പോഴാണ് പ്യാരിയുടെ മുഖം മനസ്സിൽ വന്നത്. അഞ്ച്മൺ സ്കൂളിന്റെ വടക്ക് വശമുള്ള ഇടവഴിയിലെ ഒരു പഴയ കെട്ടിടത്തിലാണ്` അവൾ താമസിക്കുന്നത്. ആ കെട്ടിടവും ഇടവഴിയും  “റാംജീ റാവു സ്പീകിംഗ്“ “വിയറ്റ്നാം കോളനി“ പോലെ പല സിനിമകളിലും വന്നിട്ടുണ്ട്.  അവിടെ താമസിക്കുന്ന പഠാണി കുടുംബത്തിൽ പെട്ടതാണ്` പ്യാരി.

 കണക്ക് വിഷയത്തിൽ പുറകിലായിരുന്ന പ്യാരിക്ക് ഉത്തരങ്ങൾ ഞാൻ തയാറാക്കി കൊടുക്കും, പകരം അവളുടെ വെളുത്ത മുഖത്തെ പുഞ്ചിരി എനിക്ക് തരും.

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞ് പോയപ്പോൾ  അര പേജ്   ഒറ്റ വരി ബുക്ക് കടലാസ്സിൽ ഞാൻ പ്രേമ ലേഖനം തയാറാക്കി.

“എത്തിറയും സ്നേഹമുള്ള പ്യാരി  വായിച്ചൊറിയാൻ ഷരീഫ് എഴുതുന്ന കുത്ത്.എനിക്ക് നിണ്ണോട് പിരിശം ഉണ്ടെ. ഇവിടെ ഒരുവിതം സുകം  അവിടേം അപ്പറാകാരമെന്ന് വിശ്ശോസിക്കണ്...എന്ന് സൊന്തം ഷരീഫ്..“

കത്ത് എഴുതിയ ദിവസം തന്നെ ഇൻസ്ട്രമെന്റ് ബോക്സിൽ വെച്ച് പ്യാരിക്ക് കൈമാറി.  എന്നിട്ട് അവളോട് പതുക്കെ പറഞ്ഞു. ഒരു ലറ്റർ, ഇതിലുണ്ട്, മറുപടി തരണം. ഉച്ചഭക്ഷണ സമയത്ത് ക്ളാസ് വിട്ടപ്പോഴായിരുന്നു ഈ സംഭവം നടന്നത്.

അവൾ   ഇൻസ്ട്രമന്റ് ബോക്സ് തുറക്കുന്നതും കത്ത് വായിക്കുന്നതും എന്നെ ഏറ് കണ്ണിട്ട് നോക്കുന്നതും ഞാൻ നെഞ്ചിടിപ്പോടെ നോക്കി ഇരുന്നു. എന്നിട്ട് എന്റെ നേരെ മധുര മനോഹരമായ ഒരു പുഞ്ചിരി പാസ്സാക്കി. ഹാവൂ!!! എനിക്ക് സമാധാനമായി. പക്ഷേ അവൾ പതുക്കെ എഴുന്നേറ്റ്  അദ്ധ്യാപകർ ഇരിക്കുന്ന ഓഫീസ് മുറിയിലേക്ക് നടന്നപ്പോൾ  ഞാൻ അന്തം വിട്ടു. ഹെന്റെ പടച്ചോനേ! പട്ടാണിച്ചി  ചതിച്ചോ?

അൽപ്പം കഴിഞ്ഞപ്പോൾ പ്യൂൺ മൊയ്തീൻ വന്ന് എന്നെ കയ്യിൽ പിടിച്ച് ആഫീസിലേക്ക് നടത്തിച്ചു, കസ്റ്റഡി പ്രതിയെ കൊണ്ട് പോകുന്നത് പോലെ. ആഫീസിൽ ആ ഉച്ച നേരം,   മലയാളം പഠിപ്പിക്കുന്ന പണിക്കർ സാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പ്യാരി അവിടെ നിൽപ്പുണ്ട്. സാറിന് എന്നെ വലിയ കാര്യമായിരുന്നു, രാമായണ---  ഭാരത കഥകൾ സാർ ക്ളാസ്സിൽ പറഞ്ഞ് തരുമ്പോൾ ഞാൻ ശ്രദ്ധയോടെ കേൾക്കുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സാർ സംവിധാനം ചെയ്തതും ക്ളാസ്സിൽ അവതരിപ്പിച്ചതുമായ ലവ കുശ  നാടകത്തിൽ ഞാൻ ലവന്റെ റോൾ ഗംഭീരമാക്കിയപ്പോൾ  എന്റെ തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ കടന്നൽ കുത്തിയ മുഖത്തോടെ ഇരിപ്പാണ്.  

“ഇവിടെ വാടാ കഴുതേ!...“ സാർ എന്നെ വിളിച്ചു. ഞാൻ  വിറച്ച് വിറച്ച് അടുത്തേക്ക് ചെന്നു.

“ഇതെന്തുവാടാ രാമന്റെ മോൻ ലവനേ!...“ തള്ള വിരലും ചൂണ്ട് വിരലും ചേർത്ത് പണിക്കർ സാർ എന്റെ കന്നി പ്രണയലേഖനം ചത്ത എലിയെ വാലിൽ തൂക്കി പിടിക്കുന്നത് പോലെ  ആട്ടി. എനിക്ക് ഭയങ്കരമായ കരച്ചിൽ വന്നു. അതിനിടയിൽ ഞാൻ കത്തുന്ന ഒരു നോട്ടം അവളുടെ നേരെ പാസ്സാക്കിയപ്പോൾ  അവൾ എന്നെ പുസ്കെന്ന മട്ടിൽ പ്രതികരിച്ചു.

“പ്യാരി  വായിച്ചൊറിയാൻ....സാർ കത്തിൽ നോക്കി വായിച്ചു, എന്നിട്ട് എന്നോട് ചോദിച്ചു. എത്ര മാർക്കുണ്ട് കഴുതേ! നിനക്ക്  മലയാളത്തിന്...?

“അൻപതിൽ മുപ്പത്തി എട്ട്....ഞാൻ വിക്കി വിക്കി പറഞ്ഞു.

“എന്നിട്ടാണോടാ ഇത്രേം അക്ഷര തെറ്റ്..നിന്റെ ഒരു വായീ ചൊറിയാൻ....... തിരിഞ്ഞ് നില്ല് കഴുതേ..നിന്റെ ചന്തീലൊന്ന് ചൊറിയട്ടെ...“ സാർ ചൂരൽ കൊണ്ട് എന്റെ ചന്തിയിൽ മൂന്ന് അടി പാസ്സാക്കി. എന്നിട്ട് പ്യാരിയെ നോക്കി  ചോദിച്ചു, മതിയോടീ....“ ചുണ്ടിന്റെ അറ്റത്ത് എന്നെ കളിയാക്കി കൊണ്ടുള്ള ഒരു ചിരിയോടെ ആ പിശാച് മതിയെന്ന് തല കുലുക്കി.

ചന്തിയും തടവി അഫീസിന് പുറത്തിറങ്ങുമ്പോൾ ഞാൻ അവളോട് പറഞ്ഞു “ “കണക്കിന്റെ ഉത്തരം ഞാൻ പറഞ്ഞ് തരാമെടീ പട്ടാണിച്ചീ , നീ ഇങ്ങ് വാ...“ അവൾ ചിരിച്ച്കൊണ്ട് ഓടി പോയി.

അഞ്ച്മൺ സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നെ ഞാൻ ആലപ്പുഴ മുഹമ്മദൻ ഹൈ സ്കൂളിലായിരുന്നു പഠനം തുടർന്നത്. അവിടെ പലപ്പോഴും പ്യാരിയെ കണ്ടിരുന്നെങ്കിലും  ഞാൻ ഒഴിഞ്ഞ് മാറിക്കളയുമായിരുന്നു.

വർഷങ്ങൾ കടന്നപ്പോൾ കൗമാരം എന്നിലോടിയെത്തി എന്റെ ചുണ്ടിന് മുകളിൽ നുനുത്ത കറുത്ത രോമം പ്രത്യക്ഷപ്പെടുകയും, തല മുടി കറുത്ത് ചുരുളുകയും മുഖം ചുവന്ന് വരുകയും ചെയ്തു.സ്വയമേ തന്നെ ഞാൻ ഗൗരവക്കാരനായ ഗ്ളാമർ താരമായി. പെൺകുട്ടികളെ കാണുമ്പോൾ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഭാവമെല്ലാം എടുത്തപ്പോൾ അവരുടെ മുമ്പിൽ അൽപ്പം വിലയും നിലയുമെല്ലാം ഉണ്ടായി. ആ കാലങ്ങളിലും ഞാൻ പ്യാരിയെ കണ്ടാൽ മുഖം തിരിച്ച് നടന്ന് കളയും. കാലം അവളിലും മാറ്റങ്ങൾ വരുത്തി ഒരു സുന്ദരിക്കുട്ടി യായി എനിക്കെതിരെ നടന്ന് പോകുമ്പോഴും ചുണ്ടിൽ ഒരു കള്ള പുഞ്ചിരിയുമായി എന്റെ മുഖത്ത് തന്നെ കണ്ണ് നട്ടാണ് ആ പോക്കെന്ന് ഇടം കണ്ണിലൂടെ ഞാൻ കണ്ടിരുന്നു. അപ്പോൾ ഒന്നുകൂടി ഗൗരവം ഞാൻ മുഖത്ത് വരുത്തും.

അന്ന് അവളുടെ വീട് സ്ഥിതി ചെയ്യുന്ന ഇടവഴിയിലൂടെ ഞാൻ നടന്ന് പോകുമ്പോൾ അവൾ എതിരെ വന്നു  മുഖത്ത് ഒന്നുകൂടി ഗൗരവം വരുത്തി ഞാൻ കടന്ന് പോയപ്പോൾ അവൾ ചുമവന്നത് പോലെ ഒന്ന് ഇരുമ്മി. ഞാൻ അത് അവഗണിച്ച് നടന്ന് പോയി. എന്നെ കടന്ന് പോയ ആ സമയം അവൾ അൽപ്പം ഉച്ചത്തിൽ പറഞ്ഞു..“പ്യാരി  വായീച്ചൊറിയാൻ...“

എന്നിൽ ദേഷ്യം പതച്ച് പൊന്തി. എന്റെ.ഗൗരവമെല്ലാം എവിടെയോ കളഞ്ഞ് ഞാൻ അവളെ നോക്കി വിറച്ച് കൊണ്ട് അലറി...“പോടീ പട്ടാണിച്ചി കഴുവേറീടെ മോളേ....“

അവൾ പൊട്ടി പൊട്ടി ചിരിച്ച് എന്നെ കടന്ന് പോയി. ഞാൻ അവിടെ തന്നെ നിന്ന് അവളെ നോക്കിയപ്പോൾ അവളുടെ തോളും പുറക് ഭാഗവും കുലുങ്ങുന്നതിൽ നിന്ന് അവൾ ചിരി നിത്തിയില്ലാ എന്നെനിക്ക് മനസ്സിലായി.

പിന്നീട് പ്യാരിയെ കാണുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞ് മാറിക്കളയുമായിരുന്നു സ്കൂൾ പഠനം അവസാനിക്കുന്നത് വരെ.

കാലം കടന്ന് പോയി. പിന്നീട് പലപ്പോഴും ആലപ്പുഴ വരുമ്പോഴെല്ലാം  പഴയ സൗഹൃദങ്ങളെ അന്വേഷിക്കുമ്പോഴും  പ്യാരിയുടെ വിവരങ്ങളൊന്നും ലഭിച്ചില്ല. അവൾ താമസിച്ചിരുന്ന മിഠായി ഭായിയുടെ പഴയ വലിയ കെട്ടിടം ജീർണാവസ്ഥയിൽ താമസക്കാർ ഒഴിഞ്ഞ് കാണപ്പെട്ടു.

അഞ്ച്മൺ സ്കൂൾ ഇപ്പോഴുമുണ്ട്. പണിക്കർ സാർ സ്വർഗത്തിലിരുന്ന് ലവ കുശ നാടകം പഠിപ്പിക്കുകയായിരിക്കും. പ്യാരി എവിടെയാണാവോ?

ഇന്നത്തെ ഞായറാഴ്ചയിലെ വിരസമായ നിമിഷങ്ങൾ തള്ളി നീക്കുമ്പോൾ പഴയ ഡയറികളിൽ സൂക്ഷിച്ചിരുന്ന മഞ്ഞ നിറം കലർന്ന ഇൻലാന്റ് കത്തുകൾ വായിക്കാൻ ശ്രമം നടത്തി ആ കത്തുകളിലെ മങ്ങിയ അക്ഷരങ്ങൾ ഞാൻ പെറുക്കി നോക്കിയതിൽ എല്ലാ കത്തുകളിലും    (ആ കത്തുകൾ ആര് എഴുതിയതായാലും) അവസാനത്തെ വരി ഇങ്ങിനെ ആയിരുന്നു.  “ ഇവിടെ ഒരുവിധം സുഖം തന്നെ അവിടെയും അപ്രകാരമെന്ന് വിശ്വസിക്കുന്നു“ ആ കാലത്ത് കത്തുകൾ അവസാനിപ്പിച്ചിരുന്നത് അപ്രകാരം ആയിരുന്നു..

എങ്കിലും “ഇവിടെയും സുഖം അവിടെയും സുഖം“ കത്തുകൾ വായിച്ചപ്പോൾ പണ്ട് വളരെ പണ്ട് ഞാൻ എഴുതിയ പ്രേമ ലേഖനവും പ്യാരിയെയും ഓർത്ത് പോയി.

Monday, September 27, 2021

കാലാവസ്ഥാ മാറ്റം.

 പ്രളയ ദുരിതങ്ങളും  കോവിഡ് മഹാമാരിയുടെ വ്യാപനവും അതിപ്രധാന വിഷയമായി  കേരളം കണ്ടപ്പോൾ ഒട്ടും പ്രാധാന്യം കുറയാത്ത ഒരു വിഷയം ആരും ശ്രദ്ധിക്കാതെ വിട്ട് പോയതായി കാണുന്നു. 

ഘടികാരത്തിന്റെ  സൂചി പോലെ കൃത്യമായി ചലിച്ച് കൊണ്ടിരുന്ന ഈ നാടിന്റെ കാലാവസ്ഥക്ക് വന്ന മാറ്റം ആർക്കും ഒരു വിഷയമായി ഭവിച്ചതേയില്ല. തെക്ക് പടിഞ്ഞാറൻ കാലവർഷം അതായത് നമ്മുടെ ഇടവപ്പാതി  ജൂണിൽ തുടങ്ങി ആഗസ്റ്റിൽ അവസാനിക്കേണ്ടതായിരുന്നു. കർക്കിടകം തീരുന്നതോടെ കാലാവസ്ഥക്കും മാറ്റം സംഭവിക്കുകയും  പിന്നീട് സുഖകരമായ കാലാവസ്ഥ സെപറ്റംബറിൽ ഉണ്ടാവുകയും ചെയ്യും. മൺസൂണിന്റെ വിടവാങ്ങൾ  കാലമാണത്. പിന്നീട് ഒക്റ്റോബറിൽ തുലാ വർഷം (വടക്ക് കിഴക്ക് മൺസൂൺ) ആരംഭിച്ച് ഡിസംബറോടെ അവസാനിക്കുകയും ചെയ്യും.

പക്ഷേ കുറച്ച് വർഷങ്ങളായി  ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു.  പ്രകാശിച്ച് നിൽക്കേണ്ട ചിങ്ങ മാസംഈ വർഷം  ന്യൂനമർദ്ദത്താലും മറ്റും ദിവസങ്ങളോളം മഴയിൽ തന്നെയാണ്. കഴിഞ്ഞ വർഷവും ഇത് തന്നെയാണ്` അവസ്ഥ.

കേരളത്തിലെ കൃഷിയും മറ്റും കാലാവസ്ഥയെ ആശ്രയിച്ചാണ് നടന്ന് കൊണ്ടിരുന്നത്. ഓരോ വൃക്ഷത്തിലും പൂവും കായുമുണ്ടാകുന്നത്  കാലാവസ്ഥ  പ്രകാരമായിരുന്നു. മാവ് പൂക്കുന്നത്, ചക്ക കായ്ക്കുന്നത്, കശുമാവ് വിള, മറ്റ് വിളകൾ  ഇവയെല്ലാം കാലാവസ്തക്കനുസൃതമായിരുന്നു. ചില വർഷങ്ങളിൽ ചെറിയ മാറ്റമുണ്ടാകുമായിരുന്നു എന്നത് ശരിയാണ് പക്ഷേ തുടർച്ചയായി വർഷങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നതാദ്യമാണ്. 

ഋതുക്കളെ ആശ്രയിച്ച് നില നിൽക്കുന്ന ഒരു  വ്യവസ്തയെ  അപ്പാടെ അട്ടിമറിക്കാനിടയാക്കുന്ന ഈ പ്രതിഭാസത്തെ പറ്റി നിരീക്ഷിക്കേണ്ടതും പടിക്കേണ്ടതുമല്ലേ?

Saturday, September 25, 2021

ചുണ്ണാമ്പ്...

 ചുണ്ണാമ്പ്...

ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകയില്ല എന്ന നാടൻ  ശീലിൽ ചുക്കിനെ മാറ്റി വെച്ച്  നമുക്ക് ചുണ്ണാമ്പിന്റെ പുറകേ പോകാം.

 നിലാവിൽ കുളിച്ച ,പാലപ്പൂ മണം നിറഞ്ഞ് നിൽക്കുന്ന  മാദക രാവുകളിൽ യാത്ര ചെയ്യുന്ന പാന്ഥന്റെ  പുറകിലെ ഝിൽ ഝിലാരവവും  കൂട്ടത്തിൽ “അൽപ്പം ചുണ്ണാമ്പ് തരുമോ?“ എന്ന സ്ത്രീ സ്വരവും മുത്തശ്ശിക്കഥകളിലൂടെ നമുക്ക് പരിചിതമാണല്ലോ. പാലമരവും കഥ പറയുന്ന മുത്തശ്ശികളും  യക്ഷികളും കാല പ്രവാഹത്തിൽ ഒഴുകി പോയെങ്കിലും  പ്രസക്തമായ ഒരു  പരമാർത്ഥം  ആ കഥകളിൽ അന്തർലീനമായി  കാണപ്പെടുന്നു. 

ചുണ്ണാമ്പ് എന്ന് പറയുന്ന സാധനം  എപ്പോഴും എല്ലാവരുടെ പക്കലും ഉണ്ടായിരുന്നു എന്ന പരമാർത്ഥം. അത് കൊണ്ടാണല്ലോ പാതിരാവിലും  ചുണ്ണാമ്പ് ചോദ്യം ഉൽഭവിച്ചത്.

ചുണ്ണാമ്പിനെ പിന്നെ നമ്മൾ കാണുന്നത് മുറുക്കാൻ കടകളുടെ ഓരത്തിൽ വെളുത്ത് കൊഴുത്ത ചുണ്ണാമ്പിനാൽ പൊതിയപ്പെട്ട ചെറിയ തകര ടിന്നും അതിൽ നിന്നും ചുണ്ണാമ്പ് കോരി എടുക്കാനായി ഉപയോഗിക്കുന്ന ഒരു ചെറിയ കമ്പുമായിരുന്നു, ആവശ്യക്കാർ വെറ്റിലയിൽ തേക്കാനായി മേൽപ്പറഞ്ഞ ടിന്നിന് സമീപമെത്തി ഉള്ളംകയ്യിൽ നിവർത്തി പിടിച്ച വെറ്റിലയിൽ കോൽ കൊണ്ട് തോണ്ടി എടുത്ത ചുണ്ണാമ്പ്  തേച്ച് പിടിപ്പിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. വീട്ടിലേക്ക് കൊണ്ട് പോകാനായി പ്രത്യേക ഇലയിൽ പൊതിഞ്ഞ ശുഭ്രസുന്ദരമായ  ചുണ്ണാമ്പ് കുറഞ്ഞ വിലക്ക് ലഭിക്കുകയും ചെയ്യും.  വീട്ടിൽ കൊണ്ട് പോയ ആ സാധനം സൂക്ഷിക്കാൻ പ്രത്യേക ടിന്നോ കരണ്ടകം  എന്ന പാത്രമോ എല്ലാ വീടുകളിലും കാണപ്പെട്ടു. പിച്ചളയിലോ വെള്ളിയിലോ തീർത്ത കരണ്ടകം ആഡ്യതയുടെ  അടയാളമായിരുന്നു.

 പിൽക്കാലത്ത് റിസ്റ്റ് വാച്ച് നിലവിൽ വന്നപ്പോൽ പതിഞ്ഞതും കയ്യിൽ അമർന്ന് കിടക്കുന്നതുമായ വാച്ചുകളായിരുന്നു ഫാഷൻ. അൽപ്പം വലുതായ റിസ്റ്റ് വാച്ചുകൾ കണ്ടാൽ കൂട്ടുകാർ പരിഹാസത്തോടെ ചോദിക്കുമായിരുന്നു“ ഈ കരണ്ടകം എവിടെ നിന്നും കിട്ടിയെടാ എന്ന്..രസകരമായ വസ്തുത ഇപ്പോൾ കയ്യിൽ കെട്ടുന്ന വാച്ച് കരണ്ടകം പോലെ വലുതായിരിക്കുന്നതാണ് ഫാഷൻ

. കരണ്ടകം ഉള്ളടക്കം ചെയ്തതും മുറുക്കിന് ഉപയോഗിക്കുന്ന വെറ്റ, അടക്ക, പുകയില എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും യാത്രയിൽ കൊണ്ട് നടക്കാവുന്നതുമായ ചെല്ലപ്പെട്ടിയും തറവാടിത്വത്തിന്റെ  പ്രതീകമായിരുന്നു.

ചെല്ലപ്പെട്ടി തുറന്ന് വെച്ച് വെറ്റ എടുത്ത് അതിലെ ഞരമ്പുകൾ നഖം വെച്ച് മാന്തി കളഞ്ഞ് അതിൽ ചുണ്ണാമ്പ് തേച്ച് പിന്നെയോ അതിനു മുമ്പോ പാക്ക് കഷണം വായിലിട്ട് പിന്നെ അൽപ്പം പുകയില  മോണയിൽ ഉരച്ച്  നാലും കൂട്ടി മുറുക്കുമ്പോൾ ഉള്ള ഒരു സുഖം അതൊരു സുഖം തന്നെ ആയിരുന്നത്രേ!.

വെറ്റ മുറുക്കുന്ന സ്വഭാവം  കുറഞ്ഞ് വന്നതോടെ പാവം ചുണ്ണാമ്പും നാട്ടിൻ പുറങ്ങളിൽ പെട്ടിക്കടകളുടെ ഓരത്ത് കണ്ടാലായി. 

ചുണ്ണാമ്പും  അത് അടക്കം ചെയ്യുന്ന കരണ്ടകവും ആട്ടുകല്ലിനും അരകല്ലിനും ഉറിയുമോടൊപ്പം വീടൂകളിൽ നിന്നും എപ്പോഴേ  അപ്രത്യക്ഷമായിരിക്കുന്നു.

Tuesday, September 21, 2021

സാറായും യോഹന്നാനും

 സാറായും യോഹന്നാനും

വൃദ്ധരായ ദമ്പതികളാണവർ. സാമ്പത്തികമായി വളരെ പുറകിൽ നിൽക്കുന്നവർ. ആരോഗ്യമുള്ള കാലത്ത് യോഹന്നാൻ കൃഷി പണിക്കും മറ്റ് കൂലിവേലക്കും പോകുമായിരുന്നു. വയസ്സായപ്പോൾ ഒന്നിനും വയ്യാതായി. കുട്ടികളുണ്ടെങ്കിലും അവരെ  കഴിയുന്നതും ആശ്രയിക്കാതെ ജീവിക്കാനാണ് അവർക്ക് ഇഷ്ടം. വല്ലപ്പോഴും തൊഴിലുറപ്പ് പദ്ധതിക്കു പോകും.അത്രമാത്രം.

രണ്ട് പേരും നിശ്ചിത സമയത്ത് വീട്ടിൽ നിന്നിറങ്ങി നടന്ന് പ്രധാന നിരത്തിന് സമീപത്തുള്ള ചായക്കടയിൽ പോയി കാപ്പി കുടിക്കും. എന്റെ വീടിന് മുമ്പിലൂടെയാണ് ആ പതിവ് യാത്ര. കുട്ടികൾ ആ യാത്ര കാണുമ്പോൾ പറയും “ ദാ് ബോബനും മോളിയും പോകുന്നു...“ മറ്റ് ചിലർ പറയും ഇണ പ്രാവുകൾ കാപ്പി കുടിക്കാൻ പോകുന്നു...“ ചുരുക്കത്തിൽ അതൊരു കൺ കുളിർക്കുന്ന പതിവ് കാഴ്ചയായിരുന്നു.

എങ്കിലും യോഹന്നാൻ സാറായെ ചിലപ്പോൾ ശകാരിക്കും, നല്ല ശുദ്ധ മലയാളത്തിൽ തന്നെ ശകാരിക്കും. സാറാക്ക് കാലിന് വേദ്നയുള്ളതിനാൽ നടപ്പിന് അൽപ്പം വേഗതക്കുറവുണ്ടാകും. അപ്പോൾ യോഹന്നാൻ മുമ്പിൽ നടന്ന് കാത്ത് നിൽക്കും. ആ കാത്ത് നിൽപ്പിനാലായിരിക്കാം ശകാരം ഉണ്ടാകുന്നത്.    പക്ഷേ സാറാ ഈ ശകാരമെല്ലാം “ഓ! ഞാനിതെത്ര കണ്ടിരിക്കുന്നു, എത്ര കേട്ടിരിക്കുന്നു  എന്ന മട്ടിൽ നിസ്സാര മട്ടിൽ നടന്ന് ചെല്ലും..“ കാപ്പി കുടി കഴിഞ്ഞ് തിരിച്ച് വരുന്ന  വഴിയിൽ ഒരു മതിലിന് സമീപം രണ്ട് പേരും അൽപ്പം വിശ്രമിക്കാൻ ഇരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഇവരുടെ ഈ കാപ്പി കുടിക്കാൻ പോക്ക് സ്ഥിരമായി കാണുന്ന എനിക്ക് അവരുടെ ഒരുമ  കാണുമ്പോൾ അതിയായ സന്തോഷം തോന്നുമായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഹന്നാൻ മരിച്ചു.. ഇനി ആ ഇണപ്രാവുകളെ കാണാൻ കഴിയില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ കഴിഞ്ഞ ദിവസം സാറാ ഒറ്റക്ക് നടന്ന് പോകുന്നത് കണ്ടു. വല്ലാത്ത വേദന തൊന്നി. കുറേ ദൂരം നടന്നതിന് ശേഷം പഴയത് പോലെ യോഹന്നാൻ എവിടെയെത്തിയെന്ന് തല ഉയർത്തി നോക്കും. വഴിയിൽ യോഹന്നാനെ കാണാതെ വന്നപ്പോൾ പതുക്കെ തല കുനിച്ച് നടന്ന് പോയി.

രണ്ട് ദിവസം മുമ്പ് ഞാൻ രാവിലെ നടപ്പ് കഴിഞ്ഞ് വരുമ്പോൾ സറാ എന്റെ മുമ്പിൽ നടന്ന് പോകുന്നത് കണ്ടു. അവർ വിശ്രമിക്കുന്ന  മതിലിന് സമീപമുള്ള ഇടമെത്തിയപ്പോൾ സാറാ ഒന്ന് നിന്നു. അവിടം സൂക്ഷിച്ച് നോക്കി

 എന്നിട്ട് വലിഞ്ഞ് നടന്ന് പോകുന്നത് കണ്ടപ്പോൾ വലിയ പ്രയാസം തോന്നി.  എന്തെല്ലാമായിരിക്കാം അപ്പോൾ സാറായുടെ ഉള്ളിലൂടെ കടന്ന് പോയ വിചാര വികാരങ്ങൾ..എന്ന്.ആർക്കറിയാം.

  ജീവിതം ഇങ്ങിനെയൊക്കെ തന്നെയാണ്. രണ്ട് പേർ ചേർന്നുള്ള ജീവിത യാത്രയിൽ ഒരാൾ മാത്രമായി അവശേഷിക്കുമ്പോൾ  അവർ അനുഭവിക്കുന്നത് അവർക്ക് മാത്രമേ അറിയൂ.....

Thursday, September 16, 2021

സ്വകാര്യ ആശുപത്രിയിൽ ഒരു മണിക്കൂർ

സർക്കാർ ആശുപത്രിയിലെ തിരക്കും  കോവിഡ് ഭീതിയും കാരണം  ഭാര്യയെ സ്വകാര്യ ആശുപത്രിയിലെ  യൂറോളജി ഡിപ്പാർട്ട്മെന്റിൽ പതിവ് ചെക്കപ്പിനായി കൊണ്ട് വന്നതായിരുന്നു. മൂത്രത്തിൽ കല്ല് കണ്ടത് അലിഞ്ഞ് പോയെങ്കിലും വെറുതെ ഒരു ചെക്കപ്പാകട്ടെ എന്ന് കരുതി. അടുത്ത ഊഴത്തിനായി  ഡോക്ടറുടെ ക്യാബിന് പുരത്ത് കാത്ത്നിന്നു.

അകത്ത് നിന്നും ഡോക്ടറും രോഗിയുമായുള്ള സംഭാഷണ ശകലങ്ങൾ ഒഴുകി വന്നു.

“എത്ര കാലമായി ഈ അസുഖം കണ്ട് തുടങ്ങിയിട്ട്.“

“കുറേ കാലമായി ഡോക്ടറേ!...“

“എന്തായിരുന്നു ആദ്യ ലക്ഷണങ്ങൾ?“

“ആദ്യവും ഇപ്പോഴും  ഒരേ ലക്ഷണങ്ങളാ ...മൂത്രം ഒഴിക്കണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ ഒഴിക്കണം...അല്ലെങ്കിൽ അത് സ്വയമേ ഒഴിക്കും... രാത്രിയിൽ കിടന്നാൽ കുഴപ്പമൊന്നുമില്ല, എഴുന്നേറ്റ് പോയാൽ  ഉടൻ ഒഴിക്കണം...വയസ്സ് പത്തറുപത്ത്ഞ്ച് ആയില്ലേ ഡോക്ടറേ...പഴയ മെഷീനല്ലേ? ഇങ്ങിനെയെല്ലാമേ പറ്റൂ.....കൂട്ടുകാരോട് ചോദിച്ചപ്പ, എല്ലാവനുമുണ്ട് ഈ അസുഖം...മഴക്കാലത്ത് ഇത്തിരി അധികമാ...ആശുപത്രിയിൽ വരണ്ടാന്ന് കരുതി നിന്നതാ...മക്കൾ സമ്മതിക്കേണ്ടേ...അവർക്കുടനെ അപ്പനെ ആശുപതിയിലാക്കണം...... ചുമ്മാ മെനക്കേട്“

“മക്കൾക്കെവിടാ ജോലി“

“മൂത്തവൻ കുവൈറ്റിൽ...രണ്ടാമത്തവൻ...അവനും കുവൈറ്റിലാ...മൂന്നാമത്തെ പെണ്ണ് അബൂദാബീല്...ആ മൂത്തവനാ സൂക്കേട്..അപ്പൻ..ഉടനേ    ഡോക്ടറെ കാണണമെന്ന്..അവനെല്ലാം അവിടിരുന്ന് പറഞ്ഞാ പോരേ  മെനക്കേടുന്നത് ഞാനും....“

പിന്നെ അൽപ്പം നേരം നിശ്ശബ്ദത....വീണ്ടും ഡോക്ടറുടെ ശബ്ദം...

“ഇവിടെത്തെ കാർഡിയോളജി ഡോക്ടറെ കാണണം, അത് കഴിഞ്ഞ് ന്യൂറോയേയും....പിന്നെ...ഗ്യാസ്ട്രോയിലുമൊന്ന് കാണിച്ചേര്...അവിടങ്ങളിലെ ഡോക്ടറന്മാരുടെ പേര് ഞാൻ ഇതാ കുറിച്ചിട്ടുണ്ട്...അവിടെല്ലാം കാണീച്ച് ഒന്ന് ചെക്ക് ചെയ്തേര്.....ഇവിടെത്തെ മരുന്ന് ഫാർമസീന്ന് വാങ്ങിക്കോ കേസ് ഷീറ്റിൽ എഴുതീട്ടുണ്ട്....പേടിക്കുകയൊന്നുംവേണ്ടാ,,,വലിയ സുഖക്കേടൊന്നും ഇല്ല, ..“

“ സൂക്കേടൊന്നുമില്ലേങ്കിൽ  പിന്നെന്താത്തിനാ...ഈ ഡോക്ടറന്മാരെയെല്ലാം കാണിച്ച് ചെക്കുന്നേ....“

“ഒന്ന് ചെക്ക് ചെയ്തേര് അച്ചായാ...അസുഖമെന്തെങ്കിലുമുണ്ടോ എന്നറിയാമല്ലോ...“

“ചെക്കി ചെക്കി  എന്റെ പോക്കറ്റ് കീറുമല്ലോ സാറേ...ചുമ്മാ ഇത്തിരി മുള്ളിയതിന് രൂപായ്ത്രയാ ചെലവാകുന്നേ...മക്കൾക്കവിടെ ഇരുന്ന് ചുമ്മാ കൊട്ടേഷൻ വിട്ടാ മതി...ബാക്കി ഉള്ളോര് കൊച്ച് വെളുപ്പാൻ കാലത്ത് തോട്ടത്തീ കേറി റബ്ബറ് വെട്ടിയാലേ ചിക്കിലി ഉണ്ടാകൂ....“

അച്ചായൻ പുറത്തിറങ്ങി  എന്റെ അടുത്ത് വന്ന് പതുക്കെ പറഞ്ഞു.

“മക്കളാരും കുവൈറ്റിലുണ്ടെന്ന് പറഞ്ഞേക്കല്ലേ...ആശൂത്രിക്കാര് നിങ്ങളെ കീറി ഭിത്തീലൊട്ടിക്കും...“

ശരിയാണ് എനിക്കത് ഗുണ പാഠമായി....

Friday, September 10, 2021

ആത്മഹത്യ ക്രൂരമാണ്

 ഇന്ന് ആത്മഹത്യ വിരുദ്ധദിനമാണ്.

ആത്മഹത്യ എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വരുന്ന ഒരു സംഭവമുണ്ട്. അത് ഏറെ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്.

അന്ന് ഞാൻ തമിഴ് നാട്ടിലെ പല്ലാവരത്തിന് സമീപമുള്ള ക്രോം പേട്ടയിൽ ഭൂവനേശ്വരി ആൻട് കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സിനിമ ലോകത്തിലേക്ക്  പോയ എന്റെ യാത്ര എത്തിച്ചേർന്നത് ഭൂവനേശ്വരിയിലാണ്.

ശിശുക്കൾക്ക് ആ കാലത്ത് പതിവായി നൽകി വന്നിരുന്ന ഗ്രേയ്പ്പ് വാട്ടർ എന്ന മരുന്നിന്റെ കുപ്പിയിലെ അലൂമിനിയം കലർന്ന അടപ്പിനുള്ളിൽ ലോഹവുമായി കലരാതിരിക്കാൻ സ്ഥാപിക്കുന്ന വാഡ്സ് എന്ന  സാധനം നിമ്മിക്കുന്ന കമ്പനിയാണ് ഭൂവനേശ്വരി. 

കമ്പനി  സൂപ്രവൈസർ മേനോൻ എന്നൊരാളായിരുന്നു. മലയാളി ആണെങ്കിലും ഒരു മമതയും ആരോടും കാണിക്കാത്ത കണീശക്കാരനും ഗൗരവക്കാരനും  കർശനക്കാരനുമായിരുന്നു മേനോൻ. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അണുവിട തെറ്റിയാൽ ദുർവാസാവിനേക്കാളും അരിശക്കാരനായ മേനോനെ എല്ലാവരും ഭയന്നു. അസ്സിസ്റ്റന്റ്  സൂപ്രവൈസർ, തമിഴ്  ബ്രാഹ്മണനായ കണ്ണനും. കണ്ണൻ സുസ്മേരവദനും ചെറുപ്പക്കാരനും ദയാലുവുമായിരുന്നു.

മേനോനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.  ഞാനും ആദ്യം അങ്ങിനെ തന്നെയായിരുന്നു. രാവിലെ പല്ലാവരത്ത് നിന്നും തിരിക്കുന്ന ഞാൻ പോൻഡ്സ് പൗഡർ കമ്പനി സമീപത്തെ  സുഗന്ധവും അത് കടന്ന് വരുമ്പോൾ  തോൽ ഊറക്കിടുന്ന അടുത്ത  കമ്പനി പരിസരത്തെ ദുർഗന്ധവും ആസ്വദിച്ച് ഭൂവനേശ്വരി വാതിൽക്കലെത്തുമ്പോൾ പലപ്പോഴും സമയം വൈകും. മേനോൻ രൂക്ഷമായി നോക്കും. ആ നോട്ടം കാണൂമ്പോൾ “താൻ പോടോ! അൺ വാൻഡഡ് ഹെയറേ! “ എന്ന മട്ടിൽ ഞാൻ  അകത്തേക്ക് പോകുമായിരുന്നു...

എന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ കണ്ണൂർക്കാരൻ അലക്സാണ്ഡർ പലപ്പോഴും എന്നോട് ഉപദേശിക്കും,വൈകി വന്നാൽ അയാൾ ശമ്പളം കട്ട് ചെയ്യുമെന്ന്.ഞാൻ അതൊന്നും തെല്ലും വക വെച്ചില്ല.

അങ്ങിനെ ഇരിക്കെ  ഒരുകാര്യം തിരിച്ചറിഞ്ഞു. മെനോൻ തികഞ്ഞ മദ്യപാനിയാണെന്ന്.അതോടെ അയാളോട് എനിക്കുണ്ടായിരുന്ന  ബഹുമാനത്തിന് ഇടിവ് പറ്റി

 കമ്പനി എന്തോ കാരണത്താൽ പൂട്ടിയപ്പോൾ. ഞാൻ നാട്ടിൽ പോയി കുറേ നാൾ കഴിഞ്ഞ്.കമ്പനി തുറന്നു എന്ന് വിവരം കിട്ടിയപ്പോൾ  തിരിച്ച് പല്ലാവരത്തെത്തിയെങ്കിലും കമ്പനി തുറന്നിരുന്നില്ല. വിവരം തിരക്കാൻ  മേനോന്റെ വീട് തിരക്കി കണ്ട് പിടിച്ച് വീടിന്റെ മുൻ വശം കതകിൽ തട്ടിയപ്പോൾ വാതിൽ തുറന്ന് വന്നത് ശാലീനയായ ഒരു സ്ത്രീയായിരുന്നു. അവരോട് വിവരം പറഞ്ഞപ്പോൾ  അവർ അകത്തെക്ക് പോയി. കുറേ കഴിഞ്ഞ് മേനോൻ അകത്ത് നിന്നും ഉറക്കച്ചടവോടെ എന്നെ അഭിമുഖീകരിച്ച് ചോദിച്ചു..“ഉം  എന്താ....“ ഞാൻ വിവരം പറഞ്ഞു.

“ കമ്പനി തുറക്കുമ്പോൾ നിങ്ങളെ അറിയിക്കും,,,,“ മറുപടിയിൽ അൽപ്പം പോലും ദയയില്ലായിരുന്നതിനാൽ  ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞ് നടന്നു.അപ്പോൾ അയാൾ എന്നെ കൈ കൊട്ടി വിളിച്ചു. ഞാൻ തിരിച്ച് ചെന്നു.

എന്റെ വൈഫിന് കമ്പനി കാര്യം അറിയില്ല, കാര്യങ്ങൾ മേലിൽ എന്നോട് ചോദിച്ചാൽ മതീ കേട്ടോ...“ അയാൾ എന്റെ നേരെ കതക് കൊട്ടിയടച്ചു.

പിന്നീട് വളരെ കാലം കഴിഞ്ഞാണ് പല്ലാവരത്തെത്തിയത്. അപ്പോഴേക്കും ഞാൻ നാട്ടിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞിരുന്നു. പല്ലാവരത്തെത്തിയപ്പോൾ  ഭൂവനേശ്വരിയിലെ കണ്ണനെ കാണാമെന്ന് കരുതി  കമ്പനിയിൽ ചെന്നു കണ്ണനെ കണ്ടു. പഴയ കാര്യങ്ങൾ സംസാരിച്ച് വരവേ  മേനോനെ തിരക്കി. അപ്പോഴാണ് കണ്ണൻ ഞെട്ടിപ്പിക്കുന്ന ആ വാർത്ത പറഞ്ഞത്.

മേനോൻ വീട്ടിലെ ഉത്തരത്തിൽ  തൂങ്ങി ചത്തു. ഭാര്യ മൃതദേഹം കണ്ടപ്പോൾ അത് താഴെ ഇറക്കി  ആ കയറിൽ തന്നെ അവരും ജീവനൊടുക്കി. നാട്ടുകാർ വിവരം അറിഞ്ഞ് ചെന്നപ്പോൾ ആ മൃതദേഹങ്ങളെ നോക്കി ഇരുന്ന് കരയുന്ന  കുഞ്ഞിനെയാണ് കണ്ടത്.. കാര്യമെന്താണെന്ന് ആർക്കുമറിയില്ല.അവിടെ ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിൽ നിന്ന് മേനോനാണ്. ആദ്യം തൂങ്ങിയതെന്ന് മനസ്സിലായത്. “വല്ലാത്ത കാഴ്ച...“ കണ്ണൻ പറഞ്ഞ് നിർത്തി.

നിശ്ശബ്ദനായി കമ്പനിയിൽ നിന്നും ഇറങ്ങി വന്ന എന്റെ ഉള്ളിൽ കരയുന്ന ആ കുഞ്ഞിന്റെ രൂപം വല്ലാതെ നൊമ്പരമുളവാക്കി. 

 കാലമൊരുപാട് കഴിഞ്ഞ് ഇപ്പോൾ ഈ കുറിപ്പ് എഴുതുമ്പോൾ ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നൊന്നും എനിക്കറിയില്ല. അത് ആൺകുട്ടിയാണോ പെൺ കുട്ടിയാണോ എന്നുമറിയില്ല. ഒന്നുമാത്രമറിയാം.ആ കുട്ടി       ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സംഭവം  ഒരു പേക്കിനാവ് പോലെ അതിനെ പിൻ തുടർന്നുകൊണ്ടിരിക്കുമെന്ന് ഉറപ്പ്.

ആത്മഹത്യ ചെയ്യുന്ന എല്ലാവരും തനി സ്വാർത്ഥരാണ്.അവർ ക്രൂരരാണ്. ആവരുടെ ആത്മഹത്യ മറ്റുള്ളവരിൽ എന്ത് പ്രതികരണം സൃഷ്ടിക്കും എന്ന് അവർ ചിന്തിക്കുകയേയില്ല. അവരുടെ വികാരങ്ങളാണ് അവർക്ക് വലുത്. അവർ അവശേഷിപ്പിച്ച് പോകുന്ന ബന്ധങ്ങൾക്ക് സംഭവിക്കുന്ന വേദന, കഷ്ടപ്പാട്, തുടങ്ങിയവയെ പറ്റി അവർ വേവലാതിപ്പെടുകയേയില്ല. അവരുടെ താല്പര്യം ജയിക്കണം അത്രമാത്രമേ അവർക്ക് വാശിയുള്ളൂ.

Sunday, September 5, 2021

അദ്ധ്യാപക ദിനത്തിൽ...

 അദ്ധ്യാപക ദിനത്തിൽ മാതമല്ല  എന്നും ഓർമ്മിക്കുന്ന ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നു.

ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ  എട്ട് ജെയിൽ പഠിച്ചിരുന്ന ഞാൻ അന്ന്   റഷീദ് സാറിനെ നിർവികാരനായി ശ്രദ്ധിച്ച് കൊണ്ടിരുന്നു. ക്രിസ്തുമസ് പരീക്ഷയിലെ കണക്ക് വിഷയത്തിന്റെ   മാർക്കുകൾ ഉത്തര പേപ്പർ നോക്കി സാർ വായിക്കുകയായിരുന്നു., ആകെ ഒരു ഷീറ്റ് പേപ്പർ  മാത്രമാണ് ഞാൻ പരീക്ഷക്ക് ഉപയോഗിച്ചിരുന്നത് എന്ന്. എനിക്ക് നല്ല ഓർമ്മയുണ്ടായിരുന്നു ആ ഒരു ഷീറ്റിൽ എഴുതിയ ഉത്തരത്തിന് എത്ര മാർക്ക് ലഭിക്കാനാണ്?!

സാറിന്റെ ശകാരമോ അടിയോ അതോ രണ്ടും കൂടിയോ ഉറപ്പായി കിട്ടും. അതാണ്` സാർ മാർക്കുകൾ വായിച്ച് കൊണ്ടിരുന്നപ്പോൾ ഞാൻ നിസ്സംഗനായിരുന്നത്.

മനപ്പൂർവമല്ല, അപ്രകാരം ഒരു പേപ്പർ മാത്രം ഉപയോഗിച്ചത്. രാവിലത്തെ അറബിക്കും ഉച്ചക്കുള്ള കണക്കിനും കൂടി പേപ്പർ വാങ്ങാൻ വീട്ടിൽ നിന്നും 10 പൈസാ മാത്രമാണ് ലഭിച്ചത്..അതിന് നാല് ഫുൾസ്കേപ്പ് പേപ്പർ കിട്ടും. പക്ഷേ പരീക്ഷ എഴുതുന്നതിനേക്കാളും എന്നെ അലട്ടിയത് കത്തിക്കാളുന്ന വിശപ്പായിരുന്നു. അത് കൊണ്ട് ഉച്ചക്ക് അഞ്ച് പൈസാക്ക് ഒരു ഗോതമ്പ് ഉണ്ട വാങ്ങി തിന്നാം എന്ന പ്രത്യാശയാൽ അഞ്ച് പൈസാ ഉണ്ടക്ക് മാറ്റി വെച്ച് ബാക്കി അഞ്ച് പൈസാക്ക് രണ്ട് പേപ്പർ മാത്രം വാങ്ങുകയും അതിൽ ഒരെണ്ണം രാവിലെ അറബി പരീക്ഷക്ക് ഉപയോഗിക്കുകയും ഒരെണ്ണം ഉച്ച കഴിഞ്ഞ് കണക്ക് പരീക്ഷക്കായി മാറ്റി വെക്കുകയും ചെയ്തിരുന്നല്ലോ. ആ ഒരു പേപ്പറിലാണ് കണക്ക് പരീക്ഷയുടെ ഉത്തരങ്ങൾ  എതത്തോളം കുനുകുനാ എഴുതാമോ അത്രക്കും ചെറുതായി എഴുതിയത്. എന്നിട്ടും ഒന്ന് രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സ്ഥലം ഉണ്ടായിരുന്നില്ല.

 ഉത്തര പേപ്പർ നോക്കാൻ എടുക്കുന്ന അദ്ധ്യാപകൻ ഒരു മാർക്കും ആ പേപ്പറിന് നൽകാൻ മനസ്സ് വരാത്ത വിധമായിരുന്നു എന്റെ ഉത്തര പേപ്പറിന്റെ അവസ്ഥയെന്നതിനാൽ ഞാൻ സഹപാഠികൾക്ക് ലഭിക്കുന്ന മാർക്കുകൾ  വായിക്കുന്നതും കേട്ടിരുന്നപ്പോൾ സാർ എന്റെ പേർ വായിച്ചു. എന്റെ ഉത്തര പേപ്പർ തള്ള വിരലും ചൂണ്ട് വിരലും ഉപയോഗിച്ച് നുള്ളിയെടുത്ത് അദ്ദേഹം  ആ കടലാസ് വീശിക്കാണിച്ചു എന്നിട്ട് പറഞ്ഞു, “ഇതാ! ഒരു ഉത്തര കടലാസ്സ് ഒരു ഷീറ്റ് മാത്രം.“

ഞാൻ തല കുമ്പിട്ട് നിന്നു. ക്ളാസ്സിൽ കൂട്ട ച്ചിരി. പക്ഷേ അദ്ദേഹം എന്റെ  മാർക്ക് വായിച്ചില്ല.ആ പേപ്പർ മാറ്റി വെച്ചു, എന്നിട്ട് എന്നോട് പറഞ്ഞു, “നീ അവിടെ നിൽക്ക്....“

എല്ലാവരുടെയും മാർക്കുകൾ വായിച്ചതിന് ശേഷം അദ്ദേഹം എന്റെ ഉത്തരക്കടലാസ്സ് നേരത്തെ പോലെ രണ്ട് വിരൽ കൊണ്ടെടുത്തു  ,വീണ്ടും പറഞ്ഞു. ഒരു ഷീറ്റ് മാത്രം...“മാർക്ക്....“ എന്നിട്ട് ഒന്നും പറയാതെ എന്നെ സൂക്ഷിച്ച് നോക്കി  പിന്നീട് പറഞ്ഞു, “അൻപതിൽ നാൽപ്പത്തി എട്ട്.  “

ഞാൻ ഞെട്ടി.ക്ളാസ് ആകെ ഞെട്ടി. സാർ എന്നെ കളിയാക്കുകയാണോ? ഞാൻ ശങ്കിച്ചു.

“എന്താടാ രണ്ട് ഉത്തരങ്ങൾ കൂടി എഴുതാതിരുന്നത്...“ സാർ ചോദിച്ചു.

“പേപ്പർ തികഞ്ഞില്ല, “ഞാൻ വിക്കി വിക്കി പറഞ്ഞു.

“സാറേ!, അവൻ പേപ്പറിന്റെ പൈസാക്ക് ഗോതമ്പ് ഉണ്ട വാങ്ങി തിന്നു...“ എന്റെ സഹപാഠിയായ അബൂ ബക്കറാണ്` ആ സത്യം വിളിച്ച് പറഞ്ഞത്. ക്ളാസ്സിലെ കൂട്ടച്ചിരിക്കിടയിൽ സാർ എന്റെ സമീപം വന്ന് വിവരങ്ങൾ തിരക്കി. ചെറിയ വിമ്മലോടെ ഞാൻ സത്യം വെളിപ്പെടുത്തി. ശരിയാണ് വയറ് കത്തിക്കാളിയപ്പോൾ പരീക്ഷ വലുതായി കണ്ടില്ല.

“ഉച്ചക്ക് ക്ളാസ്സ് വിടുമ്പോൾ നീ എന്നെ വന്ന് കാണണം....“ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. ഞാൻ റ്റീച്ചേഴ്സ് റൂമിൽ ചെന്നപ്പോൾ സാർ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹം  ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് വടക്ക് വശം കോൺ വെന്റ് റോഡിലെ ഒരു  ഹോട്ടലിൽഎന്നെയും കൂട്ടി  പോയി ഊണ് വാങ്ങി തന്നു.

 ഇലയിൽ വിളമ്പി വെച്ച ചോറും കറികളും കണ്ടപ്പോൾ എന്തോ എനിക്ക് കരച്ചിൽ വന്നു. ആ ചോറിന്റെ മുമ്പിലിരുന്ന് ഞാൻ വിമ്മി വിമ്മി കരഞ്ഞു. സാർ എന്റെ അടുത്ത് വന്നിരുന്നു  തലയിൽ തടവി, “നീ കരയരുത്, നല്ലവണ്ണം പഠിക്കുക, നീ വലിയ ആളാകും....“

ആ പ്രവചനം സഫലമായി എന്നെനിക്ക് ഉറപ്പുണ്ട്. ജീവിതത്തിന്റെ ഓരോ പടികളും ഞാൻ കയറി, എന്റെ പരിധിയിൽ എനിക്ക് എത്താവുന്നിടത്തോളം ഞാൻ പോയി. ഇന്നെനിക്ക് ദൈവ കാരുണ്യത്താൽ വിശപ്പില്ല, ഇഷ്ടമുള്ള ആഹാരം കഴിക്കാം...ജീവിതം ഇവിടം വരെയെത്തി.

ഈ ദിനത്തിൽ ആ അദ്ധ്യാപകനെയല്ലാതെ മറ്റാരെ സ്മരിക്കാനാണ്. സാർ ഇന്നുണ്ടോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.

Saturday, August 28, 2021

സിനിമാ കൊട്ടക കഴിഞ്ഞ കാലത്ത്

തകർന്നടിഞ്ഞ് കിടക്കുന്ന ഒരു പഴയ കാല സിനിമാ കൊട്ടകയുടെ മുമ്പിലായിരുന്നു ഞാൻ. എല്ലാം നഷ്ടപ്പെട്ട  അവസ്ഥയിൽ അവശിഷ്ടങ്ങൾ മാത്രം  അവശേഷിച്ചിരുന്നതിന്റെ മുമ്പിൽ  നിന്നപ്പോൾ ഒരു കാലത്ത് പ്രഭാവത്തൊടെ തല ഉയർത്തി നിന്നിരുന്ന ശബ്ദ മുഖിരതമായ  അന്നത്തെ കൊട്ടക കാലത്തെ പറ്റി ഓർത്ത് പോയി. കേരളത്തിലെ ബഹുഭൂരിപക്ഷം കൊട്ടകകളുടെയും ഇപ്പോഴത്തെ ഗതി ഇത് തന്നെ.

ഷോ ആരംഭത്തെ കുറിക്കുന്ന പതിവ് സിനിമാ ഗാനങ്ങളും ടിക്കറ്റ് കൊടുക്കാനുള്ള ആദ്യത്തെ ബെല്ലടി യും അതിനെ തുടർന്ന് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിലുള്ള പരക്കം പാച്ചിലും  താഴ്ന്ന ക്ളാസിലെ ടിക്കറ്റ്  എടുത്ത് കഴിഞ്ഞ് ഇരിപ്പടം തപ്പി തെരച്ചിലും സീറ്റ് കിട്ടിക്കഴിയുമ്പോൾ  അടുത്തിരിക്കുന്ന തലേക്കെട്ട്കാരൻ താൻ ഒഴിവാക്കി വന്ന സ്നേഹിതനാണെന്നുള്ള  തിരിച്ചറിവും അവനും  അതേ പോലുള്ള ജാള്യതയിൽ അകപ്പെടുന്ന മുഖ ഭാവവും  പിന്നെ പൊട്ടിച്ചിരിയും, പരസ്യങ്ങളെ നോക്കി  കപ്പലണ്ടി കൊറിച്ചിരിപ്പും കറണ്ട് പോകുമ്പോൾ കൊട്ടകക്കാരന്റെ അപ്പൂപ്പനെ വരെ തെറി വിളിയും അങ്ങിനെ ഒരു മാതിരി  ബഹളമയം അകത്ത് നടക്കുമ്പോൾ പുറത്ത് ടിക്കറ്റ് കിട്ടാതെ തിരിച്ച് പോക്കും അടുത്ത കൊട്ടക നോക്കിയുള്ള പാച്ചിലും അത് പുറത്ത് മറ്റൊരു രംഗം സൃഷ്ടിക്കുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും ബെല്ലടി കഴിഞ്ഞ്  ടിക്കറ്റ് ക്ളോസ് ചെയ്ത് കഴിഞ്ഞ് വരുന്നവരെ  ടിക്കറ്റ് കൊടുക്കാതെ അകത്ത് കടത്തി വിടുനതും ( അത് കൂടുതലും സെക്കന്റ് ഷോക്കായിരിക്കും) അതിനെ തുടർന്നുള്ള  ഫിലിം റെപ്രസെന്റേറ്റീവും കൊട്ടക മാനേജരുമായുള്ള തർക്കം വേറൊരിടത്ത്. പിന്നെ  ഡിസി. ആർ എഴുതുന്നതിന്റെ തിരക്ക്. എന്താണ് ഡി.സി.ആർ.? ( ഡൈലീ കളക്ഷൻ റിപ്പോർട്ട് എന്ന് പൂർണ രൂപം.) അവിടെ എല്ലാം അഡ്ജസ്റ്റ്മെന്റ്  പലപ്പോഴും ഉണ്ടാകും. 

സിനിമാ വ്യവസായം തന്നെ അഡ്ജസ്റ്റ്മെന്റുകളായിരുന്നല്ലോ. അഡ്ജസ്റ്റ്മെന്റ് എന്ന് വെച്ചാൽ തട്ടിപ്പിന്റെ ഓമന രൂപം. ഗേറ്റ് കീപ്പർ  ടിക്കറ്റ് എടുക്കാതെ വരുന്നവന്റെ കയ്യിൽ നിന്നും കൊട്ടക മുതലാളിയെ പറ്റിച്ച്  പൈസാ വാങ്ങി കടത്തി വിടുന്നു. കൊട്ടക മുതലാളി  ഫിലിം റെപ്രസെന്റേറ്റീവിനെ  വെട്ടിച്ച് നമ്പറില്ലാത്ത ലൂസ് ടിക്കറ്റ്  വിൽക്കുന്നു. ഫിലിം റെപ്രസെന്റേറ്റീവ് തീയേറ്റർ മുതലാളിയുമായി ചേർന്ന് കളക്ഷൻ കുറച്ച് റിപ്പോർട്ടിൽ കാണിച്ച്  ഡിസ്ടിബ്യൂട്ടറെ (വിതരണക്കാരനെ) വെട്ടിക്കുന്നു. വിതരണക്കാരൻ കണക്ക് കുറച്ച് ഫിലിം നിർമ്മാതാവിനെ പറ്റിക്കുന്നു. ഫിലിം നിർമ്മാതാവ് നടീ നടന്മാരെ  വണ്ടി ചെക്ക് കൊടുത്ത് തട്ടിക്കുന്നു. ഇതിനിടയിൽ പഞ്ചായത്തിലേക്ക് ചെല്ലേണ്ട ടാക്സ്  കൊട്ടകക്കാരനും പരിശോധനക്കായി വരുന്ന ജീവനക്കാരനുമായി ചേർന്ന് പറ്റിക്കുന്നു.  ചുരുക്കത്തിൽ താഴേക്കിട മുതൽ മേലേക്കിട വരെ  തട്ടിപ്പിന്റെ ആസ്ഥാനമായിരുന്നു സിനിമാ വ്യവസായം.

 ഇപ്പോൾ എല്ലാം പോയി. തട്ടിപ്പുമില്ല, പറ്റിപ്പുമില്ല, ഷോയുമില്ല , കൊട്ടകയുമില്ല എല്ലാം  കാലത്തിന്റെ കുത്തൊഴുക്കിൽ  തകർന്ന് വീണു കഴിഞ്ഞു. അന്നത്തെ കൊട്ടക ജീവനക്കാരെല്ലാം ഇപ്പോൾ എന്തു ചെയ്യുന്നുവോ ആവോ?

 റ്റിവി ചാനലുകൾ കൊട്ടകക്കാരുടെ നട്ടെല്ലിനാണ് ആഘാതം ഏൽപ്പിച്ചത്. അത് ഒരു വ്യവസായത്തിനെ പാടെ തകർത്ത് കളഞ്ഞ പ്രഹരം തന്നെയായിരുന്നു.


Saturday, August 21, 2021

ഒരു ഓണ സദ്യയുടെ ഓർമ്മക്ക്...

 അന്ന് തിരുവൊണമായിരുന്നു. വാസു ചേട്ടന്റെ പറമ്പിലെ  തെങ്ങിൽ വലിച്ച് കെട്ടിയ ഊഞ്ഞാലിൽ ഉച്ച സമയത്ത് പത്ത് വയസ്സ്കാരനായ  ഞാൻ തനിച്ചിരുന്ന് ആടിക്കൊണ്ടിരുന്നപ്പോഴാണ് സരസ്സു ചേച്ചി  എന്നോട് ചോദിച്ചത് “കൊച്ചേ, ഉണ്ണാൻ പോകുന്നില്ലേ? “ എന്ന്

ഞാൻ ഇല്ലാ എന്നർത്ഥത്തിൽ തോളുകൾ  രണ്ടും പൊക്കി കാണിച്ചു. ഇന്നലെ രാത്രി എന്തോ കഴിച്ചതാണ്, രാവിലെ കരിപ്പട്ടി ചായ മാത്രം. വയറ്  കാളുന്നത് കൊണ്ടാണ് ഊഞ്ഞാലാടി വിഷമം മാറ്റാമെന്ന് കരുതി അവിടെ വന്നത്. കൂടെ ആടിക്കൊണ്ടിരുന്ന പാക്കൻ എന്ന ഭാസ്കരനും പൊന്നമ്മയും രാജമ്മ ചേച്ചിയും  തിരുവോണമായതിനാൽ അവരുടെ അമ്മ വന്ന് വിളിച്ച് ഉണ്ണാൻ പോയപ്പോൾ ഞാൻ തനിച്ചായി.. 

മുറ്റത്ത് ബീഡിയും പുകച്ച് നിന്നിരുന്ന കയർ ഫാക്ടറി തൊഴിലാളിയായ വാസു ചേട്ടനോട്  സരസുച്ചേച്ചി എന്നെ ചൂണ്ടി എന്തോ പറഞ്ഞു. ചേട്ടൻ എന്റെ അടുത്ത് വന്ന് മടിച്ച് മടിച്ച് ചോദിച്ചു. “കൊച്ചേ, ചോറുണ്ണാൻ വാ,....“

 വിശപ്പ് എന്നെ വല്ലാതെ തളർത്തിയിരുന്നെങ്കിലും  നാണവും ഉമ്മായോ മറ്റാരെങ്കിലുമോ കണ്ടാലോ എന്ന ഭയവും  വേണ്ടാ എന്ന് പറയിപ്പിച്ചെങ്കിലും      എന്റെ തൊണ്ടയിലൂടെ  ഒരു കുടം ഉമി നീർ ഇറങ്ങി പോയി.

ആലപ്പുഴ വട്ടപ്പള്ളിയിൽ ആ പ്രദേശത്ത്  ഏഴെട്ട്  വീടുകൾ ഒഴികെ ബാക്കി എല്ലാവരും മുസ്ലിം താമസക്കാരും കർശനമായ യാഥാസ്തിതികരുമായിരുന്നല്ലോ. ആഹാരത്തിൽ പോലും വേർതിരിവ് പ്രകടമായിരുന്നു. ദോശ , ഇഡ്ഡിലി, സാമ്പാറും പുളിശ്ശേരിയും അവിയലും തോരനും മറ്റും കൂട്ടിയുള്ള ഊണും ഒട്ടുമില്ലായിരുന്നു. പത്തിരി , അപ്പം, പുട്ട്, ഇറച്ചിക്കറി , നെയ്ച്ചൊര്, ബിരിയാണി, തുടങ്ങിയവയായിരുന്നു അവരുടെ ചിട്ടകൾ. ഇതര മതസ്തരുടെ  ആഹാരം കഴിക്കുന്നതിൽ വല്ലാതെ വൈമുഖ്യം കാണിച്ചിരുന്നവരായിരുന്നു അന്നത്തെ തലമുറ. നാട്ടിൽ ഭൂരിഭാഗം പേരും അര പട്ടിണിയും മുഴു പട്ടിണിയുമായി  ദിവസങ്ങൾ തള്ളി വിടുമ്പോഴും ചിട്ടകൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

ഈ ചിട്ടകൾ അറിയാമായിരുന്നത് കൊണ്ടാണ് വാസു ചേട്ടൻ എന്നെ ഉണ്ണാൻ ക്ഷണിക്കുന്നതിൽ മടി കാണിച്ചത്. പക്ഷേ എന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ മനസ്സിലാക്കിയത് പോലെ അദ്ദേഹം എന്നെ കൈക്ക് പിടിച്ച് വീടിന് ഉള്ളിലേക്ക് കൊണ്ട് പോയി. അവിടെ പാക്കനും പൊന്നമ്മയും മറ്റും ഇലയിൽ ആഹാരം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.എന്നെ കണ്ടപ്പോൾ അവർ രണ്ട് പേർക്കും മദ്ധ്യത്തിൽ ഇടം ഉണ്ടാക്കി എന്നെ ഇരുത്തി.  ചാണകം മെഴുകിയ തറയിൽ വിരിച്ച പുൽപ്പായയിൽ ഇരുന്ന് ഇലയിൽ ആഹാരം കഴിക്കുമ്പോൾ  ഉമ്മാ അറിഞ്ഞാൽ അടി കിട്ടുമെന്ന ഭയം മനസ്സിൽ ഉണ്ടായിരുന്നു. ബാപ്പായെ ഭയക്കേണ്ടതില്ലായിരുന്നു, കാരണം  കഴിഞ്ഞ ഓണത്തിന് പുന്നപ്രയിൽ ഗുമസ്ഥൻ മാധവൻ പിള്ള ചേട്ടന്റെ വീട്ടിൽ ഓണത്തിന് ബാപ്പാ സൈക്കിളിൽ ഇരുത്തി എന്നെ കൊണ്ട് പോയി അവിടെ നിന്നും ആഹാരം കഴിച്ചിരുന്നുവല്ലോ. ഇലയിൽ ആദ്യമായി ഉണ്ടത് അവിടെ നിന്നായിരുന്നു. അത് കഴിഞ്ഞ് ഇതാ ഇപ്പോൾ വാസുചേട്ടന്റെ വീട്ടിൽ നിന്നും.

ഞാൻ ആസ്വദിച്ച് ചോറുണ്ട്. നല്ല വിശപ്പുമുണ്ടായിരുന്നല്ലോ. ഏറ്റവും രുചിച്ചത് ഇലയിൽ അവസാനം വിളമ്പിയ പായസമായിരുന്നു. ഉണ്ട് കഴിഞ്ഞപ്പോൾ എന്നെ കൊണ്ട് ഇല എടുപ്പിക്കാതെ സരസു ചേച്ചി അതെടുത്ത് പുറത്ത് കളഞ്ഞു.

പിന്നെയും കുറേ നേരം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. വീട്ടിൽ  ആഹാരം ഒന്നും ഇല്ലായിരുന്നു. ഉമ്മാ എന്നെ ദയനീയമായി നോക്കി. എന്നിട്ട് ഒരണ എന്റെ കയ്യിൽ വെച്ച് തന്ന് “മോനേ! ഈ പൈസാക്ക് എന്തെങ്കിലും വാങ്ങി കഴിക്ക്..“ എന്ന് പറഞ്ഞു. എന്ത് കൊണ്ടോ മനസ്സിൽ വല്ലാത്ത പ്രയാസം അനുഭവപ്പെട്ടതിനാൽ എന്തും വരട്ടെയെന്ന് കരുതി ഞാൻ ഊണ് കഴിച്ച വിവരം ഉമ്മായൊട് തുറന്ന് പറഞ്ഞു. അപ്പോഴേക്കും ഉമ്മായുടെ  വിധം മാറി, കൈ കൊണ്ട് ഒന്ന് രണ്ടടി പുറത്ത് തന്നു എന്നിട്ട് ഉച്ചത്തിൽ വഴക്ക് പറയാൻ തുടങ്ങി.

നാണമില്ലേടാ പന്നി സുവ്വറേ! ജാതി അല്ലാത്തവരുടെ ഓണത്തിന്  ചോറുണ്ണാൻ പോയിരിക്കുന്നു, .ഇവിടെ എല്ലാവരും പട്ടിണി ആണല്ലോ നിനക്ക് മാത്രമെന്താടാ ഇത്രക്കും വിശപ്പ്..പൊയ്ക്കോ എന്റെ മുമ്പീന്ന്...“

വഴക്ക് കേട്ട് ബാപ്പാ മുൻ വശത്ത് നിന്ന് കാര്യം തിരക്കിയപ്പോൾ  ഉമ്മാ ഞാൻ ഓണത്തിന് ഉണ്ണാൻ പോയ കാര്യം പറഞ്ഞു. ബാപ്പാ ഉമ്മായുടെ വഴക്ക് വളരെ നിസ്സാരപ്പെടുത്തി  പറഞ്ഞു, അതിനാണോ ഈ ബഹളം, അവൻ ചോറ് പോയി ചോദിച്ചില്ലല്ലോ വിളിച്ച് കൊടുത്തതല്ലേ....“ ഉമ്മാ ഒന്നും മിണ്ടാതെ പിറു പിറുത്ത് കൊണ്ടിരുന്നു.

കാലം കടന്ന് പോയപ്പോൾ വട്ടപ്പള്ളിയിൽ ദോശയും ഇഡ്ഡിലിയും വന്നു, സാമ്പാറും പുളിശ്ശേരിയും കൂട്ടി  ചോറും വന്നു, ഓണത്തിന് ക്ഷണ പ്രകാരം ആൾക്കാർ പോയി ആഹാരം കഴിക്കാനും പെരുന്നാളിന് ബിരിയാണി കഴിക്കാൻ ഇങ്ങോട്ടും വന്ന് തുടങ്ങി.

ഞാൻ കൊട്ടാരക്കരയിൽ സ്ഥിര താമസം തുടങ്ങിയതിൽ പിന്നെ ഉമ്മാ പലതവണ ഓണത്തിന് വന്നു, ഇലയിൽ ചോറുണ്ടു. ഉമ്മാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും വന്നെനെ.

ഇന്ന് വാസുചേട്ടൻ ഇല്ല, സരസ്സു ചേച്ചി, പാക്കൻ പൊന്നമ്മ, ഇവർ ഉണ്ടോ ഇല്ലയോ എന്നറിയില്ല.ആ പറമ്പ് നിറയെ വീടുകൾ ആണിപ്പോൾ, അവിടെ ഇപ്പോൾ ഊഞ്ഞാലും കാണില്ല.

കാലാവസ്ഥാ വ്യതിയാനത്താൽ  കാർമേഘാവൃതമായ ശോഭ കെട്ട  പകലുകളും കോവിഡ് ഭീഷണിയും കഴിഞ്ഞ വർഷവും  ഈ വർഷവും ഓണത്തിനെ നിർജ്ജീവമാക്കിയപ്പോൾ  ഉമ്മറത്തെ ചാര് കസേരയിൽ കിടന്ന് ചെറുപ്പത്തിലെ ഓണ നാളിനെ  കുറിച്ച് ഓർത്ത് പോയി.

Thursday, August 19, 2021

കൊളുന്ത് വ്യാപാരവും ഓണവും

 കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിൽ ഓണ നാളുകളിൽ പൂരാടത്തിനും ഉത്രാടത്തിനും  ഇടവഴികളിൽ  ഉയരുന്ന ഒരു വിളി ശബ്ദമാണ് “കൊളുന്ത് വേണോ അമ്മാ...കൊളുന്ത്....“ കിഴക്കൻ മേഖലയോട് തൊട്ട് കിടക്കുന്ന തമിഴ് നാടിലെ ചെങ്കോട്ട, തെങ്കാശി പ്രദേശങ്ങളിൽ നിന്നും വരുന്ന  അണ്ണാച്ചിമാരാണ് കൊളുന്ത് കച്ചവടത്തിന് സമീപ സ്ഥലങ്ങളായ പത്തനാപുരം കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ എത്തിച്ചേരുന്നത്.

സുഗന്ധം പരത്തുന്ന ഒരു ഇലയാണ്കൊളുന്ത്. അത് വാഴനാരിൽ കോർത്ത് അവർ കൊണ്ട് വന്ന് മുഴം  അളവിൽ വിൽക്കും. ഓണത്തിന്റെ വരവ് അറിയിച്ചുള്ള അടയാളങ്ങളിൽ  കൊളുന്ത് അണ്ണാച്ചികളും  ഒരുകാലത്ത് ഭാഗമായിരുന്നു.

മലയാളി വീട്ടമ്മമാർ കൊളുന്ത് വാങ്ങി കുളി കഴിഞ്ഞ് തലയിൽ ചാർത്തുമ്പോൾ ഒരു  സുഗന്ധം അവരിൽ ഉണ്ടാകും. ഭർത്താക്കന്മാർ അടുത്ത് ചെന്ന് നുകരാൻ തക്കവിധം മാദകമാണ് ആ സൗരഭ്യം.

ഇന്ന് കൊളുന്ത് അണ്ണാച്ചിമാരുടെ വരവ് അപൂർവമാണ്. അത് വാങ്ങുന്ന വീട്ടമ്മമാരും  ആ സുഗന്ധം നുകരുന്ന ഭർത്താക്കന്മാരും  തിരക്ക് പിടിച്ച് മൊബൈലിൽ  ചാറ്റിംഗിലാകുമ്പോൾ  എന്ത് കൊളുന്ത് എന്ത്  സുഗന്ധം.  അങ്ങിനെ ഓണത്തൊടനുബന്ധിച്ച് മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ പലതിന്റെയും കൂട്ടത്തിൽ കൊളുന്ത് അണ്ണാച്ചിമാരും പോയി.

ഓണ നിലാവും ഓണക്കളികളും ഓണ തുമ്പികളും ഓണ സദ്യയും ഊഞ്ഞാൽ ആട്ടവും ആരിലും ഒരു  അനുഭൂതികളും സൃഷ്ടിക്കാത്ത വികാരരഹിതമായ  ഈ കാലത്ത് എന്ത് ഓണം....!!!

Thursday, August 12, 2021

വാക്സിൻ പ്രതിരോധം

 ആദ്യ തവണ വാക്സിൻ എടുക്കാനായി  ഞാൻ  ആ സ്കൂളിൽ ചെന്നതായിരുന്നു. നല്ല തിരക്കുണ്ട്. മാക്സ് ധരിച്ചിട്ടുണ്ടെങ്കിലും  സാമൂഹ്യ അകലം  പാലിക്കാതെ തോളോട് തോൾ ചേർന്ന് ആൾക്കാർ അവിടെ നിന്നിരുന്നു. എവിടെയും  ഞാൻ മുമ്പിൽ  എനിക്കാദ്യം എന്ന നിഷ്ഠ നിർബന്ധ പൂർവം പ്രാവർത്തികമാക്കി വരുന്ന മലയാളികൾക്ക് എത്ര താക്കീതുകൾ നൽകിയാലും എനിക്കാദ്യം എന്ന ചിന്ത  മനസ്സിൽ വന്നാൽ എല്ലാ താക്കീതുകളും  അവഗണിക്കും.  ഇവിടെയും അത് തന്നെ കണാൻ കഴിഞ്ഞു.

വാക്സിൻ വിരോധിയല്ലെങ്കിൽ കൂടിയും ഇത്രയും നാൾ വാക്സിൻ എടുക്കാതെ ഞാൻ ഒഴിഞ്ഞ് നടക്കുകയായിരുന്നു. കോവിഡ് ബാധയാൽ  ജനങ്ങൾ മരിച്ച് വീണിരുന്ന കാലത്ത് നിർബന്ധിതാവസ്ഥയിൽ  നിർമ്മിച്ചെടുത്ത വാക്സിനാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഏതൊരു പ്രതിരോധ കുത്തി വെപ്പും അനേക കാലത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു പ്രചാരത്തിൽ വന്നിരുന്നത്. അത് കൊണ്ട് അതിന്റെ ഗുണദോഷ വശങ്ങൾ ശാസ്ത്ര ലോകത്തിന് ജനങ്ങളെ അറിയിക്കാൻ സാധിച്ചിരുന്നുവല്ലോ. തുടർന്ന് ദോഷവശങ്ങൾ ഒഴിവാക്കാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും സയൻസിന് കഴിഞ്ഞു.  ഇന്ന് പ്രചാരത്തിലുള്ള എല്ലാ കുത്തിവെയ്പ്പുകളും അപ്രകാരമാണ് പ്രചാരത്തിൽ വന്നത്.

പക്ഷേ നിർബന്ധിതാവസ്ഥയിൽ തട്ടിക്കൂട്ടിയതും വേണ്ടത്ര  നിരീക്ഷണ പരീക്ഷണങ്ങൾ  നടത്താൻ മതിയായ സമയം ലഭിക്കാത്തതും സർവോപരി കച്ചവട മാൽസര്യത്തിൽ ഓരോ രാഷ്ട്രങ്ങളും  ഞാൻ ആദ്യം ഞാൻ ആദ്യം എന്ന് വാശിയോടെ  ചുട്ടെടുത്തതുമായ കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ  സംശയത്തോടെയാണ്` ഞാൻ കണ്ടത്.

 ഇതെല്ലാം എന്റെ കാഴ്ചപ്പാട് മാത്രമാണ്. ഇത്രയും നാളായിട്ടും വാക്സിൻ എടുക്കാതിരുന്നത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കുകയാണ് ഞാനിവിടെ. വാക്സിനെ സംബന്ധിച്ച് കൂടുതൽ കൂടുതൽ പഠനങ്ങൾ പുറത്ത് വരട്ടെ എന്നിട്ട് കുത്തിവെയ്പ് നടത്താമെന്ന് കരുതി മറ്റ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചും ഏറെ സൂക്ഷ്മത പുലർത്തിയും യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കിയും കാലം കഴിച്ച് കൂട്ടി. വീട്ടിൽ മറ്റുള്ളവർ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.

അപ്പോഴാണ്  ഒരു വാക്സിനെങ്കിലും എടുത്തില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ സർക്കാർ ഉത്തരവിലൂടെ പുറത്ത് വന്നത്. നിയമം കഴിയുന്നിടത്തൊളം പാലിക്കണമെന്ന നിഷ്ഠ ഉള്ളവനാണ് ഞാൻ. കാരണം നിയമം ലംഘിക്കുമ്പോഴാണ് ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ നമുക്ക് തല ചൊറിയേണ്ടി വരുന്നത്. അതൊഴിവാക്കാൻ കഴിയുന്നിടത്തോളം നിയമത്തെ അനുസരിക്കാൻ ഞാൻ പരിശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ  വാക്സിന്റെ കാര്യത്തിൽ ഇനി അമാന്തം വേണ്ടാ എന്ന് കരുതി ഇന്ന് ഈ സെന്ററിൽ വന്നത്.

സിറിഞ്ചുമായി ഇരിക്കുന്ന പെൺകുട്ടി എന്നോട് അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു. എനിക്ക് മുമ്പേ ഒരു സ്ത്രീയെ രണ്ട് പേർ താങ്ങി പിടിച്ച് ആ കസേരയിൽ കൊണ്ടിരുത്തി കുത്തിവെയ്പ്പിക്കുന്നത് ഞാൻ കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു. അവരെ കൊണ്ട് പോയതിന് ശേഷം  ആ കസേര  ഒന്ന് തുടക്കുകയോ ആവശ്യമുള്ള ശുചീകരണം നടത്തുകയോ ചെയ്യാതെയാണ് എന്നോട് ഇരിക്കാൻ പറഞ്ഞത്. ഞാൻ ശക്തിയായി പ്രതിഷേധിച്ച് ചോദിച്ചു, ഇത് ക്ളീൻ ചെയ്യാതെ ഞാൻ ഇരുന്നാൽ ആ പോയ സ്ത്രീക്ക് കോവിഡുണ്ടെങ്കിലോ? അത് പകരില്ലേ?

സിറിഞ്ച്കാരി എന്നെ അന്തംവിട്ട് നോക്കി, ഇത് വരെ ആ കാര്യം അവർ ശ്രദ്ധിച്ചില്ലാ എന്ന് വ്യക്തം. അവിടെ എത്രയോ പേർ വന്ന് പോയി കാണും.അവരൊന്നും ഈ കാര്യം ചോദിച്ചില്ല. സമൂഹത്തിന്റെ ജാഗ്രത കുറവിനെ സൂചിപ്പിക്കാനാണ്` ഞാൻ ഈ സംഭവം ഇവിടെ കുറിച്ചത്. ഞാൻ ആ കസേരയിൽ തന്നെ ഇരുന്ന് കുത്തിവെയ്പ്പ് എടുക്കേണ്ടി വന്നതും അവിടെ നിന്നിറങ്ങി വീട്ടിലെത്തി ആവശ്യമായ  ശുചീകരണം നടത്തുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ താഴ്ത്തി വെച്ചതും പിന്നത്തെ സംഭവങ്ങൾ. പക്ഷേ വാക്സിനേഷൻ സെന്ററുകളിൽ ക്രമീകരണങ്ങൾ നടത്തുന്ന  തദ്ദേശ ഭരണ അധികാരികൾ   അപ്പോളപ്പോൾ ജനങ്ങൾ ഇരിക്കുന്ന ഇരിപ്പടങ്ങൾ ശുചീകരണത്തിനും പ്രതിരോധത്തിനും ആയി ഒരാളെ എങ്കിലും അവിടെ നിയമിക്കാൻ ശ്രദ്ധിക്കേണ്ടതായിരുന്നു.

എന്റെ അടുത്ത ബന്ധുവും അടുത്ത സ്നേഹിതനുമായ വ്യക്തിയുടെ മാതാവിനു കോവിഡ് ബാധിച്ചതും തുടർന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാതാവ് അന്തരിച്ചതും  വാക്സിനെടുക്കാൻ അസാധാരണമായ തിരക്കുള്ള  സർക്കാർ ആശുപത്രിയിൽ അന്ന് പോയതിനാലായിരുന്നു എന്ന് ഞങ്ങൾക്കെല്ലാം ഉറച്ച വിശ്വാസമുണ്ട്. കാരണം വൃദ്ധയായ ആ മാതാവ് പുറത്തെങ്ങും പോകാത്ത വീട്ടിന്റെ ഉള്ളകങ്ങളിൽ കഴിയുന്ന ആളായിരുന്നുവല്ലോ.  ആകെ അവർ പോയത് ഈ ജനക്കൂട്ടത്തിലും.

കോവിഡ് വാക്സിൻ  കുത്തിവെയ്പ്പ്  ഇപ്പോഴത്തെ രീതി മാറ്റി വാർഡ് തലത്തിൽ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ വെച്ച് മുൻ കൂട്ടി നോട്ടീസ് നൽകി  നടത്തുകയാണെങ്കിൽ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ കഴിയില്ലേ? അതിനെന്ത് പ്രതിബന്ധമാണ് അധികാരികൾ നേരിടുന്നത്. കാര്യമെത്ര സുഗമമായി നടന്ന് പോകും പണ ചിലവും കൂടുതലാവില്ല.  ഈ വിഷയം കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tuesday, August 10, 2021

വിദ്യ അഭ്യാസം

 പത്താം ക്ളാസ് പാസ്സായ  എന്റെ കൊച്ച് മകന് പതിനൊന്നാം ക്ളാസിലേക്കുള്ള പാഠങ്ങൾക്കായി ട്യൂഷൻ സെന്ററിൽ ചേർത്തിട്ടുണ്ട്. രാത്രി എട്ട് മണിയോടെ ഞാൻ കിടക്കുന്നതിനരികിൽ വന്നിരുന്ന് അദ്ദേഹം എന്തൊ കുത്തിക്കുറിച്ച് കൊണ്ടിരുന്നു. അവന്റെ ഒരു കയ്യിൽ മൊബൈലുമുണ്ട്. “എന്താടാ പ്രശ്നം?“  പതിവില്ലാത്ത അവന്റെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.

“ഞാൻ ടെസ്റ്റ് പേപ്പർ എഴുതുകയാണ് ചോദ്യം ഓൺ ലൈൻ വഴി ട്യൂഷൻ സാർ തന്നു കൊണ്ടിരിക്കുന്നു“ അവൻ മറുപടി പറഞ്ഞു.

“അതിന്, നീയെന്തിനാടാ എന്റെ അരികിൽ വന്നിരുന്ന്  ഈ പണി ചെയ്യുന്നത്,...?        സാധാരണ ഏതെങ്കിലും മൂലയിൽ പോയിരുന്ന് മൊബൈലിൽ പഠനം നടത്തുകയാണല്ലോ നിന്റെ പതിവ്...ഇന്നെന്താ ഒരു മാറ്റം.... ഞാൻ ആരാഞ്ഞു.

“ഇത് പരീക്ഷയല്ലേ..ഞങ്ങൾ കോപ്പി അടിക്കുമോ എന്നറിയാൻ  രക്ഷ കർത്താക്കളുടെ അടുത്ത് പോയിരുന്ന് വേണം എഴുതാൻ..സാർ ഇപ്പോൾ ഓൺ ലൈനിൽ വരും പരിശോധിക്കാൻ...രക്ഷ കർത്താക്കൾ അടുത്തുണ്ടോ എന്നറിയാൻ...“ടിയാൻ  എന്നെ അറിയിച്ചു.

“ഓഹോ! ഈ രാത്രി എട്ട് മണിക്കെന്താടാ ..ഒരു പരീക്ഷ...ഇത് പകൽ നടത്തിയാൽ പോരേ....ഇപ്പോൾ പകലൊന്നും ഒരു പഠിപ്പിക്കലും ഇല്ലേ..ചെറിയ ക്ളാസ്സിലും ഇപ്പോൾ ടീച്ചർ അതിരാവിലെയും  സന്ധ്യക്കുമാണല്ലോ നിന്റെ ഇളയ കുട്ടിക്കും ഈ ഓൺ ലൈൻ പ്രയോഗം നടത്തുന്നത് ... എന്റെ സംശയം ഞാൻ ചോദിച്ചു.

“അതൊന്നും എനിക്കറിയില്ല, സാർ പറഞ്ഞു, ഞാൻ അത് കേട്ടു.....“അദ്ദേഹം കൈ കഴുകി.

“ശരി , സാറിപ്പോൾ ഓൺ ലൈനിൽ വരട്ടെ ..ഞാൻ കൊടുക്കാം.....“ എന്റെ മറുപടി.

“ദേ! പഴയ  മൂരാച്ചി പണി ഒന്നും കാണിച്ച്  എന്നെ സാറിന്റെ മുമ്പിൽ നാണം കെടുത്തരുത്..പറഞ്ഞേക്കാം....“ടിയാൻ എനിക്ക് താക്കീത് നൽകി

സാർ ഓൺ ലൈനിൽ വന്ന് എത്തി നോക്കുന്നത് മൊബൈലിൽ ഞാൻ കണ്ടു. ഞാൻ  മകനോട് ഉച്ചത്തിൽ ചോദിച്ചു... “എന്തവാടേ.....നിനക്കെല്ലാം  ഈ കോഴിയെ പിടിച്ച് കൂട്ടിലടക്കുന്ന സമയത്താണോ  ഓൺ ലൈൻ ക്ളാസ്സ്....നിന്റെ സാറന്മാർ പകൽ  പുറത്തിറങ്ങില്ലേ....? ഇതെന്തൊരു കോത്താഴത്തെ ട്യൂഷൻ സെന്ററാടേ....“ 

സാറിന്റെ മുഖം ഓൺ ലൈനിൽ നിന്നും മാഞ്ഞു. വിദ്യാർത്ഥി  എന്നോട് പരിതാപപ്പെട്ടു പറഞ്ഞു.  “ ഇനി നാളെ  അങ്ങേര് എന്നെ  ഫയർ ചെയ്യാൻ കാരണം ഉണ്ടാക്കിയല്ലേ...?

“ ഓ! അതിനൊരു വഴിയുണ്ട്...നീ പറഞ്ഞാൽ മതി...അദ്ദേഹത്തിന് ചില സമയത്ത്  അൽപ്പം  ലൂസുണ്ട്...ഇന്ന് ഗുളിക കഴിച്ചില്ല എന്ന് പറഞ്ഞാൽ മതി..“

“ഇത്രേം വൈരാഗ്യമെന്താ...ഈ സാറന്മാരോട്....അവൻ എന്നോട്  ചോദിച്ചു.

“എന്നാൽ കേട്ടോളൂ...വിദ്യാഭ്യാസം പരിപാവനമായ  ഒന്നാണ്...അതിനെ കച്ചവടമാക്കുന്ന  ഏതൊരുവനും എന്തൊരു ന്യായം പറഞ്ഞാലും  അവന്റെ ധന മോഹം കൊണ്ടാണ്` ഈ വേഷം കെട്ട് . പത്താം ക്ളാസ്സ് ഫലം വരുമ്പോഴെല്ലാം പൈസാ മുടക്കി രക്ഷ കർത്താക്കളുടെ ഫോൺ നമ്പർ എങ്ങിനെയോ ശേഖരിച്ച് അവരെ ഫോണിൽ വിളിച്ച് കുട്ടികളെ വലയിട്ട് പിടിക്കുക  റ്റി.വി.യിൽ പരസ്യം ചെയ്യുക...ആ ആപ്പുണ്ട് ഈ ആപ്പുണ്ട് അത് പഠിച്ചാൽ മതി..എന്നൊക്കെ വിദ്യാഭ്യാസം മത്തിക്കച്ചവടമാക്കി മാറ്റുക അങ്ങിനെ ഉള്ളവരെ  അന്നും ഇന്നും എന്നും .ഞാൻ ഇഷ്ടപ്പെടില്ല അത് കൊണ്ടാണ് ഈ ദേഷ്യം.... നിന്റെ മാതാപിതാക്കളോട് പറഞ്ഞാൽ അവർക്ക് മണ്ടയിൽ കയറില്ല, അത് കൊണ്ടാണ്` നിന്നോട് പറയുന്നത് പഠിക്കേണ്ട സമയത്ത് ആത്മാർത്ഥമായി പടിക്കുക,  അതിന് ഒരു ആപ്പും വേണ്ട  പഠിക്കുന്നത് അവരവർക്ക് വേണ്ടിയാവണമെന്ന് മാത്രം ഞാൻ നിർത്തി.

Tuesday, July 27, 2021

അർഹമായത് കിട്ടി

 എത്രയോ വർഷങ്ങൾ കേസ് പറഞ്ഞ് കിട്ടുന്ന വിധി നടപ്പിലാക്കി തരുന്നത് കോടതിയിലെ ആമീനാണ്. വസ്തുക്കൾ കൈവശം വിട്ടൊഴിപ്പിച്ചും ജപ്തി ചെയ്തും  വാദിക്ക്  വിധി നടപ്പാക്കി കൊടുക്കുന്ന ആമീന് പലപ്പോഴും വൻ തുക കിംബളമായി ലഭിക്കും. അത് അവരുടെ അവകാശം പോലെ ചിലപ്പോൾ ചോദിച്ചും വാങ്ങും. അങ്ങിനെ ഒരു കേസിൽ ചോദിച്ചപ്പോൾ കിട്ടിയ ഉപഹാരം തിരിച്ച് കടിച്ച ഒരു സംഭവ കഥയാണിത്.

വിധി നടപ്പിലാക്കി കഴിഞ്ഞ്  അമീൻ സാർ  വാദിയുടെ മേൽ വിലാസം തിരക്കി കണ്ട് പിടിച്ച് ടിയാന്റെ സ്ഥാപനത്തിൽ ചെന്നു. കൂട്ടത്തിൽ സഹായി ആയി രണ്ട് ശിപായിമാരുമുണ്ട്. വാദി ഒരു  പാരമ്പര്യ ആയുർവേദ വൈദ്യനുമാണ്. ചികിൽസയും കൂട്ടത്തിൽ മരുന്ന് വിലപ്പനയുമുണ്ട്. അരിഷ്ടത്തിന്റെയും ആസവത്തിന്റെയും ഗന്ധം നിറഞ്ഞ് നിൽക്കുന്ന വൈദ്യ ശാലയിൽ  അകത്തെ മുറിയിൽ ഉപവിഷ്ഠനായിരിക്കുന്ന  വൈദ്യനെ  കോടതിക്കാർ മൂന്ന് പേരും ആഞ്ഞ് തൊഴുതു. വൈദ്യർ തിരിച്ചും.

ങ്ഹൂം? വൈദ്യർ  ഒരു മൂളലിലൂടെ കാര്യം തിരക്കി. വ്യവാഹാര പ്രിയനായ  വൈദ്യർക്ക് ആയുർവേദം കഴിഞ്ഞാൽ  സൈഡ് ബിസ്സിനസ്സ് കേസ് നടത്തലാണ് കോടതിയുടെ എല്ലാ ചിട്ടവട്ടങ്ങളും  വകുപ്പുകളും കാണാ പാഠവുമാണ്. ഈ വിവരം ആമീൻ സാറിനുമറിയാം.

“വസ്തു ഒഴിപ്പിച്ച് കാര്യസ്ഥനെ  ഏൽപ്പിച്ചു“ ആമീൻ ഭവ്യതയോടെ മൊഴിഞ്ഞു.

“വളരെ നല്ലത്.., പിന്നെന്താ ഇങ്ങോട്ട്....കോടതിയിൽ അതിന് റിപ്പോർട്ട് കൊടുക്കേണ്ടേ...? വൈദ്യർ.

“വേണം അതിനു മുമ്പ്  വാദിയായ വൈദ്യരെ ഒന്ന് കാണാമെന്ന് കരുതി...“ ആമീൻ തലചൊറിഞ്ഞ് കൊണ്ട് കാര്യത്തിന്റെ സൂചന കൊടുത്തു.

“വസ്തു ഒഴിപ്പിച്ച് കൊടുത്താൽ ആമീൻ സാറിനെ എല്ലാരും ഒന്ന് കാണാറുണ്ട്...“ സഹായിമാരിൽ ഒരാൾ കാര്യം വ്യക്തമാക്കി.

“അതിന് നിങ്ങൾക്ക് സർക്കാർ ശമ്പളം തരുന്നില്ലേ..?“ വൈദ്യർ വലയിൽ വീഴുന്ന ലക്ഷണമില്ല.

ആമീൻ സാറും സഹായികളും  നാല് ചുറ്റും നിരന്നിരിക്കുന്ന അലമാരകളിലെ  അരിഷ്ടവും ലേഹ്യവും കുപ്പികളിൽ  അലസമായി കണ്ണോടിച്ചു. ഓ! ഈ ഘടോൽക്കചന്റടുത്ത് ഒരു വേലയും നടക്കില്ല. അവർ പല്ലിറുമ്മി പോകാനായി തിരിഞ്ഞു.

“നിങ്ങൾ  വെയിലത്ത് നടന്ന് കഷ്ടപ്പെട്ടതല്ലേ....ക്ഷീണം മാറാൻ  ഒരു ഔൺസ് അരിഷ്ടം  ആവശ്യമെങ്കിൽ തരാം...വില തരേണ്ടാ....“ വൈദ്യർ ഔദാര്യം കാണീച്ചു.

“ ഒന്നും കിട്ടാത്തിടത്ത് അതെങ്കിലുമാകട്ടെ...“ഒരു ശിപായി ആമീൻ സാറിന്റെ ചെവിയിൽ മന്ത്രിച്ചു....ആമീൻ സാറിനും അത് ശരിയാണെന്ന് തോന്നി.

വൈദ്യർ  രണ്ട് മൂന്ന് കുപ്പികളിൽ നിന്നും അൽപ്പാൽപ്പം നിറമുള്ള  ദ്രാവകം ഒരു പാത്രത്തിലേക്ക് ഒഴിച്ച്  അത് നല്ലവണ്ണം ഇളക്കി മൂന്ന് ഗ്ളാസുകളിലായി പകർന്നു മൂന്ന് പേർക്കും കൊടുത്തു, അവർ മൂന്നു പേരും അത് വലിച്ച് കുടിച്ചു, ചിറിയും തുടച്ച് കിമ്പളം കിട്ടാത്തതിനാൽ മനസ്സിൽ വൈദ്യരെ പിരാകി  ഇറങ്ങി നടന്നു.

വീട്ടിൽ ചെന്ന  ആമീൻ സാർ കുളിക്കാനായി തോർത്തുടുത്തപ്പോൾ വല്ലാതെ ശരീരം ചൊറിയാൻ തുടങ്ങി. തോർത്ത് ഉരിഞ്ഞ് പരിശോധിച്ചതിൽ ഒന്നും കണ്ടില്ല, അപ്പോൾ കക്കൂസിൽ പോകണമെന്ന് തോന്നി, അങ്ങോട്ട് പോയി. അവിടെ ആസകലം ചൊറിച്ചിലും വയറ്റിൽ നിന്നുമൊഴിച്ചിലും ശരിക്ക് ഉണ്ടായി.  കക്കൂസയിൽ നിന്നും ഇറങ്ങിയപ്പോൾ ഇനിയും പോകണമെന്ന തോന്നൽ..ഒന്നുകൂടി പോയി. പിന്നെ രണ്ട് മൂന്ന് നാല് അഞ്ച്...അത് കഴിഞ്ഞ് എണ്ണം കിട്ടിയില്ല. കണ്ണാടിയിൽ നോക്കിയപ്പോൽ മുഖം കോൺ വെക്സ് ലെൻസിലൂടെ നോക്കുമ്പോൾ കാണുന്നത് പോലെ വീർത്ത് വരുന്നു,  കവിൾ വീർത്ത് കണ്ണ് ചൈനാക്കാരന്റേത് പോലെ ചെറുത് ആയി. മൂന്ന് ദിവസം മുമ്പ് കഴിച്ചതും വയറ്റിൽ നിന്നും ഇളകി പോയി. അവശനായി  കക്കൂസിൽ ഇരുന്നു ഹോട്ടൽ  ഡാൻസറന്മാർ കൈയും കാലും ഇളക്കി അവിടെയും ഇവിടെയും ചൊറിയുന്നത് പോലെ  ശരീരമാസകലം ചൊറിഞ്ഞ് ചിന്തിച്ചു. എന്താണ് ഞാൻ കഴിച്ചത്. പെട്ടെന്ന് വൈദ്യരുടെ  സൽക്കാരം ഓർമ്മ വന്നു. അതായിരിക്കുമോ എന്ന് ഉറപ്പിക്കാനായി കക്കൂസയിൽ നിന്നും ചാടി ഇറങ്ങി ഫോണിനടുത്തേക്ക് പാഞ്ഞു. (അന്ന് മൊബൈൽ  പ്രചാരത്തിലായിട്ടില്ല. ലാൻട് ഫോണാണ്)

പൂയപ്പള്ളിയിൽ താമസിക്കുന്ന ഒരു ശിപായിയെ വിളിച്ചു. കുറേ നേരം ബെൽ അടിച്ചപ്പോൾ അയാളുടെ ഭാര്യ ഫോണെടുത്തു. “ആളെന്തിയേ/...ആമീൻ സാർ ചോദിച്ചു.

“അങ്ങേർക്ക് കക്കൂസിൽ നിന്നിറങ്ങാൻ നേരമില്ല, ചൊറിഞ്ഞ് ചൊറിഞ്ഞ് അവിടെ ഇരിക്കുകയാണ്, എവിടെ നിന്നെങ്കിലും കണ്ടമാനം വാരി കയറ്റിക്കാണും...എന്താ സാറേ വിളിച്ചത്.....“ ആമീൻ ഫോൺ താഴെ വെച്ചു.

ഇനി രണ്ടാമന്റെ ഫോണിൽ വിളിച്ചു, അപ്പോഴേക്കും രാത്രി ആയി. രണ്ട് മൂന്ന് തവണ വിളീച്ചപ്പോഴാണ് ഫോൺ എടുത്തത്. ശിപായി സാറിന്റെ മകനാണ് മറുവശത്ത് ഫോണെടുത്തത്. അഛനെന്തിയേടാ മോനേ...ആമീൻ സാർ തിരക്കി.

“അഛനും അമ്മയും കക്കൂസിലാണ്, അഛൻ തൂറുന്നു...അമ്മ  നെഞ്ചും പുറവും മുഖവും ചൊറിഞ്ഞ് കൊടുക്കുന്നു,  അഛനെ കമ്പിളി പുഴു എവിടെയോ വെച്ച് ആട്ടീന്ന പറഞ്ഞേ...“

എടാ കമ്പിളി പുഴു വൈദ്യരേ....ആമീൻ സാർ അലറി. പരാതി പെട്ടിട്ട് എന്ത് കാര്യം? കൈക്കൂലി വാങ്ങാൻ അവിടെ പോയ കാര്യം പുറത്ത് പറയാനൊക്കുമോ?

പിന്നീട് കോടതി വരാന്തയിൽ വെച്ച് വൈദ്യരെ കണ്ടപ്പോൾ ആമീൻ സാർ ചോദിച്ചു “ എന്ത് കോപ്പിലെ മരുന്നാ വൈദ്യരേ! അന്ന് ഞങ്ങൾക്ക് തന്നത്.../“

“അനർഹമായതൊന്നും ആരോടും ആവശ്യപ്പെടരുത്....അങ്ങിനെ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് അർഹമായത് കിട്ടും...അർഹമായത് കിട്ടിയില്ലേ...അത് മതി കേട്ടോ.......ആമീന്റെ നാവിറങ്ങി പോയി.

Saturday, July 24, 2021

മറിയക്കുട്ടിയുടെ കത്ത്

 ഊരകത്തിലുണ്ടെനിക്കിപ്പോളൊരു വിരോതി

വന്നവൻ എന്നോട് പലവട്ടവും ചോദിച്ച്,

വമ്പ് കാണിച്ചപ്പോളോനെ ചൂലു കൊണ്ടടിച്ച്

അന്ന് മുതലയ്യവൻ ഫസാദ് വിണ്ടയത്തെ

ജയിലിൽ കഴിയുന്ന ഭർത്താവിന് തന്റെ നിരപരാധിത്വം വിശദീകരിച്ച് ഒരു ഭാര്യ എഴുതിയ കത്ത് കവിതയായപ്പോൾ അതിലെ നാല് വരികളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. 

നാട്ടിൽ എനിക്കൊരു ശത്രു ഉണ്ടെന്നും അവൻ തന്നോട് പലവട്ടവും  തെറ്റായ കാര്യം ആവശ്യപ്പെട്ടെന്നും  കൂടുതൽ വിളച്ചിൽ കാണിച്ചപ്പോൾ അവനെ ചൂല് കൊണ്ട് നേരിട്ടെന്നും  അന്ന് മുതൽ അവൻ എനിക്കെതിരെ ഫസാദ്(പരദൂഷണം) പരത്തുകയാണെന്നും  ഭാര്യ കത്തിലൂടെ പറയുന്നു.

മാപ്പിള പാട്ടിലെ ഹൃദ്യമായ ഇശലിൽ  ഈ കവിത രചിച്ചിരിക്കുന്നത് പൂക്കോട്ട് ഹൈദർ.  കവിതയുടെ പേര് “മറിയക്കുട്ടിയുടെ കത്ത്“

1921ലെ മലബാർ കലാപത്തിന് ശേഷം  ആയിരക്കണക്കിന് മാപ്പിളമാർ കൊല്ലപ്പെടുകയും അനേകായിരം ഒളിവിലും ജയിലിലും പിന്നെ ആയിരക്കണക്കിന് നാട് കടത്തപ്പെടുകയും ചെയ്തു.100 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിന് ശേഷം കൂനിൻ മേൽ കുരു എന്ന പോലെ കേരളം കണ്ട ഏറ്റവും വലിയ പ്രളയം (1924) നാടിനെ നരകമാക്കി. അന്നത്തിന് വക കൊണ്ട് വന്ന് തരാൻ  വീടകങ്ങളിൽ ആണൊരുത്തൻ ഇല്ലാത്ത സ്ത്രീകളും കുഞ്ഞുങ്ങളും  അനുഭവിച്ച യാതനകൾ ഏറെയാണ്. ഈ സന്ദർഭം മുതലാക്കി ദുരുദ്ദേശത്തൊടെ നാട്ടിലെ വിടന്മാർ വീട്ടമ്മമാരെ സമീപിക്കാൻ ശ്രമിച്ചു. ലഹളയെ തുടർന്നുള്ള  നിയമ നടപടികളാൽ ബെല്ലാരി  ജെയിലിൽ അടക്കപ്പെട്ട ഹസൻ കുട്ടി  എന്ന യുവാവിന്റെ യുവതിയായ ഭാര്യ മറിയക്കുട്ടിയെയും ഒരു കശ്മലൻ സമീപിച്ചപ്പോൾ ആ യുവതി അവനെ ചൂലു കൊണ്ട് നേരിട്ടു. തന്റെ കാര്യം  നടക്കാത്ത വൈരാഗ്യത്താൽ ആ ദുഷ്ടൻ  മറിയക്കുട്ടിയെ പറ്റി  ജയിലിൽ കഴിയുന്ന  ഹസൻ കുട്ടിക്ക് ഊമ കത്തയക്കുകയുണ്ടായി. ആകെ തകർന്ന ആ യുവാവ് തന്റെ ഭാര്യയുടെ അമ്മക്ക് മകളെ വിവാഹ മോചനം ചെയ്യാൻ ത്വലാക്ക്  കുറി അയക്കാൻ പോകുന്നു എന്ന് കത്തെഴുതി.ആ കത്ത് വായിച്ച  മറിയക്കുട്ടി തന്റെ നിരപരാധിത്വം ഹൃദയത്തിൽ തട്ടുന്ന വിധം ആവിഷ്കരിച്ച് വിശദമായി ഭർത്താവിന് ജയിലിലേക്ക് മറുപടി കത്തെഴുതുകയുണ്ടായി. ആ കത്താണ് പ്രസിദ്ധ  മാപ്പിള പാട്ട് കവിയായ പൂക്കോട്ട് ഹൈദർ “ മറിയക്കുട്ടിയുടെ കത്ത് എന്ന പേരിൽ മാപ്പിള പാട്ടായി പ്രസിദ്ധപ്പെടുത്തിയത്. കേൾക്കാൻ ഇമ്പമേറിയ  ഈണത്തിൽ രചിച്ച ഈ കവിത നമ്മൾ അർത്ഥമറിഞ്ഞ്  പാടിയാൽ അത് മനസ്സിനെ വല്ലാതെ തരളിതമാക്കുമെന്നുറപ്പ്.

സ്ത്രീക്കെതിരായ അപവാദ പ്രചരണം (അവൾ സുന്ദരിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട)  ചില മനുഷ്യർക്ക് ഒരു ഹരമാണ്. അവരുടെ മനസ്സിലെ  അടങ്ങാത്ത ലൈംഗിക ദാഹം ഇപ്രകാരം വിഷം പരത്തുന്നതിലൂടെ അവർക്ക് ശമനം നൽകുമായിരിക്കും.  പക്ഷേ  അത് ഉണ്ടാക്കി വെക്കുന്ന ദുരന്തം അത് എത്രമാത്രമാണെന്ന് അളക്കാനാവില്ല. 

മദ്രാസ്സിൽ  പല്ലാവരത്ത് ഭൂവനേശ്വരി ആൻട് കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത എന്നോട് ഒരു സഹപ്രവർത്തകൻ തമാശയായി ചോദിച്ച  ചോദ്യം ഇന്നും മനസ്സിലുണ്ട്. “നിങ്ങൾ മലയാളികൾ  ഗൾഫിലും ബോംബെയിലും  മറ്റും ദീർഘകാലം ജോലിക്കായി മാറി നിൽക്കുമ്പോൾ  നിങ്ങളുടെ സ്ത്രീകൾ എന്ത് ചെയ്യും“ എന്ന്. ആ തമിഴ് നാട്ട്കാരന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ ഇങ്ങിനെ ദാഹാർത്തരായി  കഴിഞ്ഞ് വരികയാണ്.

ഈ കാഴ്ചപ്പാടോടെ സ്ത്രീകളെ ദുരുദ്ദേശത്തൊടെ സമീപിക്കുമ്പോൾ ശക്തമായ     പ്രതികരണം സ്ത്രീയിൽ നിന്നും നേരിട്ടാൽ പിന്നെ അവളെ താറടിക്കുകയായി അവന്റെ ജോലി.

യുഗങ്ങൾ കഴിഞ്ഞിട്ടും ലോകമാകെ മാറിയിട്ടും  മനുഷ്യരിലെ ഈ ദുർ സ്വഭാവം  ഇപ്പോഴും അവസാനിക്കുന്നില്ല എന്ന് പല വാർത്തകളിൽ നിന്നും  തിരിച്ചറിയുമ്പോൾ  മറിയക്കുട്ടിയുടെ കത്തിനെ പറ്റി ഓർത്ത് പോയി.

Tuesday, July 20, 2021

4000 വർഷങ്ങൾക്ക് മുമ്പ്...

4000 വർഷങ്ങൾക്ക് മുമ്പ്  ഒരു കാപ്പിരി സ്ത്രീ തന്റെ ശിശുവിന്  ഒരിറ്റ് വെള്ളത്തിനായി  സമീപസ്തമായ രണ്ട് മലകളുടെ മുകളിലേക്ക്  മാറി മാറി ഓടി കയറി നിരീക്ഷണം നടത്തി അടുത്തെവിടെയെങ്കിലും ജലത്തിന്റെ  സാന്നിദ്ധ്യം ഉണ്ടോ.?

കടന്ന് പോയ നാലായിരം വർഷങ്ങൾക്ക് ശേഷം ഇന്നും ജന ലക്ഷങ്ങൾ ആ സ്ത്രീയെ പിന്തുടർന്ന് ഈ രണ്ട് മലകളുടെ മുകൾ പരപ്പിലേക്ക് ഓടി കയറുന്നു. ഒന്നിൽ നിന്നും ഇറങ്ങി അടുത്തതിലേക്ക് നടക്കുമ്പോൾ ചിലയിടങ്ങളിലെത്തുമ്പോൾ ആ സ്ത്രീ വേഗത കൂട്ടാനായി ഓടി. ആ സ്ഥലത്തെത്തുമ്പോൾ  ഇന്നും ലക്ഷോപ ലക്ഷങ്ങൾ  ആ മാതാവിനെ അനുകരിച്ച് നടത്തത്തിന് വേഗത കൂട്ടാനായി ഓടുന്നു. ചക്രവർത്തിയും മന്ത്രിമാരും രാഷ്ട്ര തലവന്മാരും  കൂലി വേലക്കാരും  ഉയർച്ച താഴ്ച ഇല്ലാതെ അവിടെ എത്തുന്ന എല്ലാവരും  ആ കർമ്മം ചെയ്തേ മതിയാകൂ. ഹാജറായുടെ പാത പിൻ തുടരൽ.

കാലങ്ങളായി മനുഷ്യരുടെ ഇടപെടൽ മൂലം ആ മലകളുടെ ഉയരം സാരമായി കുറഞ്ഞിരിക്കുന്നിപ്പോൾ. എങ്കിലും വർഷം തോറും ജനങ്ങൾ ഇവിടെത്തി പല കർമ്മങ്ങളോടൊപ്പം ആ കർമ്മവും ഏഴ് തവണ ആവർത്തിക്കുന്നു. അത് ഒഴിവാക്കിയാൽ തീർത്ഥാടന ലക്ഷ്യം അപൂർണമാകുമല്ലോ. ആ മലകളുടെ പേര് സഫാ.....മർവാ.... ആ കാപ്പിരി മാതാവിന്റെ പേര് ഹാജറാ..ആ കുഞ്ഞിന്റെ പേര് ഇസ്മയിൽ.

15 വർഷങ്ങൾക്ക് മുമ്പ് ഈയുള്ളവനും ആ വഴിത്താരയിലൂടെ ഏഴ് തവണ നടക്കുകയും ഓടുകയും ചെയ്തു.

ആ പുണ്യ ഭൂമിയിൽ എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ജനങ്ങൾ ഇവിടെത്തുന്നു. കഴിഞ്ഞ ദിവസം പുണ്യ മന്ദിരത്തിന്റെ  പുറത്ത് തളത്തിൽ  എത്രയോ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ആ ഗേഹത്തെ നോക്കി ഇരിക്കുമ്പോൾ എന്റെ അടുത്തിരുന്ന ഒരു നീഗ്രോ വൃദ്ധൻ എന്നെ സൂക്ഷിച്ച് നോക്കി. ഞാൻ ആംഗ്യം കൊണ്ട് (അതാണല്ലോ അവിടത്തെ പ്രധാന ഭാഷ) നാട് ചോദിച്ചു. അയാൾ തന്റെ കയ്യിലെ അടയാള വള ( അവിടെ എത്തുന്ന എല്ലാവർക്കും തിരിച്ചറിയിലിനായി രാഷ്ട്രത്തിന്റെ പേര് രേഖപ്പെടുത്തിയ സ്റ്റീൽ വ്സ്ളകൾ ധരിപ്പിക്കാറുണ്ട്.) ചൂണ്ടിക്കാണിച്ചു. അതിൽ ചാറ്റ് എന്ന് കാണിച്ചിരിക്കുന്നു, ആഫ്രിക്കയിലെ ഒരു നാട്. അവിടെ ഏതോ സ്ഥലത്തെ ആ മനുഷ്യനും ഇന്ത്യയിലെ  ഒരു മൂലയിൽ താമസിക്കുന്ന ഞാനും പരസ്പരം അടുത്തിരുന്ന് ആശയ വിനിമയം ചെയ്യണമെന്ന് വിധി ഉണ്ടായിരുന്നു. അത് ഇപ്പോൾ നടപ്പിൽ വരുകയാണ്. ഇന്നലെ ഞാൻ താമസിക്കുന്ന അസീസിയാ ഭാഗത്തെ പള്ളിയിൽ പ്രാർത്ഥനക്കായി കാത്തിരിക്കുമ്പോൾ  വെളുത്ത താടിയാൽ അലംകൃതമായ  ഐശ്വര്യം തിളങ്ങുന്ന മുഖത്തിന്റെ ഉടമയായ  ഒരു ഉപ്പാപ്പാ എന്റെ കയ്യിലെ വളയിൽ നോക്കി വായിച്ചു....“ഇൻഡ്യാ...“ ഞാൻ തലകുലുക്കി. അയാൾ അടുത്തതായി പറഞ്ഞു ..“ഇന്ദിരാ ഗാന്ധി...“ ഞാൻ വീണ്ടും തല കുലുക്കി എന്നിട്ട് മലയാളത്തിൽ പറഞ്ഞു “ ആ മഹതി കടന്ന് പോയിട്ട് വർഷങ്ങളായി മൂപ്പരേ!...“ അയാൾ എന്തോ ആലോചിച്ചു പിന്നെയും പറഞ്ഞു ..“രാജ് കപൂർ...“ അടുത്തിരുന്ന അതേ ആകൃതിയിലുള്ള വേറൊരു  മൂപ്പിലാനും വിടർന്ന ചിരിയോടെ പറഞ്ഞു...“ രാജ് കപൂർ...ഇൻഡ്യാ...“ ഞാൻ തലകുലുക്കൽ തുടർന്നു. അതേ കാർന്നോന്മാരേ..രാജ് കപൂറെന്ന അഭിനയ സാമ്രാട്ടിന്റെ നാട്ടിൽ നിന്നാണ്` ഞാൻ...“ വർഷങ്ങളെത്ര കഴിഞ്ഞിട്ടും രാജ് കപൂറിനെ ഓർമ്മിക്കുന്ന അവരുടെ നാടറിയാൻ  വളകൾ നോക്കി.  “ഉസബക്കിസ്ഥാൻ..“ എന്ന് കണ്ടു. 

ലോക മഹാ സംഗമ ത്തിന് വരുമ്പോൾ  ചാറ്റ്കാരനും ഉസബക്കിസ്ഥാനിയും ഗൗരവത്തിന്റെ ആൾ രൂപമായ ടർക്കികളും വിനയത്തിന്റെയും വിടർന്ന ചിരിയുടെയും ഉടമകളായ ഫിലിപ്പെയിനികളും, ഇൻഡോനേഷ്യക്കാരും ചുവന്ന് തുടുത്ത ഫ്രഞ്ച്കാരനും ഇംഗ്ളീഷുകാരനും അതികായന്മാരായ അഫ്ഗാനികളും  എല്ലാമെല്ലാം നമ്മുടെ പരിചയക്കാരായി മാറുന്നു.

 ഒരൊറ്റ ജനത, ഒരേ ലക്ഷ്യം ഒരേ  കർമ്മം ഈ തീർത്ഥാടനത്തിന്റെ  ലക്ഷ്യങ്ങളിൽ ഒരെണ്ണമതായിരിക്കാം....(തുടരും)

Monday, July 19, 2021

മദീനാ എന്നാൽ പട്ടണം...

 പതിനഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പുലരി. കൃത്യമായി പറഞ്ഞാൽ 19.12.2005.

പ്രഭാത പ്രാർത്ഥന കഴിഞ്ഞ ഈ നേരം  ചന്ദ്രൻ ഒരു അരിവാൾ കല പോലെ  പള്ളി മിനാരങ്ങൾക്ക് അപ്പുറത്ത് നീലാകാശത്ത് കാണപ്പെട്ടു. ചാന്ദ്രിക മാസമായ ദുൽഖൈദ് അവസാനത്തിലേക്കെത്തിയിരിക്കുന്നു.

പുലരിയിലെ മൂടൽ മഞ്ഞ് മാറി പ്രകാശം വിതറുന്ന വെയിലുമായി വരുന്ന പ്രഭാതത്തെ പ്രതീക്ഷിച്ച്  മാർബിൽ പാകിയ തറയിൽ ഞാനിരുന്നപ്പോൾ എന്റെ ചിന്തകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക്  കടന്ന് ചെന്നു. അന്ന് ഇവിടെ മാർബിൾ പാകിയിട്ടില്ല. വെറും പൂഴി മണൽ നിറഞ്ഞ പ്രദേശം.പ്രഭാത നമസ്കാനന്തരം ആ മഹാനുഭാവൻ കർമ്മനിരതനായി പള്ളിയിലിരുന്ന്  കൂടി ആലോചനകൾ, ചർച്ചകൾ, എന്നിവക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് ശിരസാ വഹിക്കാൻ അനുയായി വൃന്ദം തയാറായി നിന്നിട്ട് പോലും അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടിട്ട് തീരുമാനത്തിലെത്തുന്നു.

പള്ളിയോട് ചേർന്ന് തന്നെ പ്രിയ പത്നിമാരുടെ ഗൃഹങ്ങൾ സ്ഥിതി ചെയ്തിരുന്നു. ഗൃഹങ്ങൾ എന്ന് പറഞ്ഞപ്പോൽ ഞാൻ കരുതി ഓരോ ചെറിയ വീട് എന്ന്. അല്ല, അതെല്ലാം വെറും ഓരോ ചെറു  മുറികൾ മാത്രമായിരുന്നല്ലോ.അതിൽ ഭാര്യ കിടന്നാൽ അവരെ മുട്ടാതെ നമസ്കരിക്കാൻ സാധിക്കാത്ത വിധമുള്ള  മുറികൾ. ഇന്ന് അതെല്ലാം കെട്ടി അടക്കപ്പെട്ട മതിലുകൾക്കുള്ളിലാണ്.

അവസാനം അദ്ദേഹം കഴ്ഞ്ഞിരുന്ന പ്രിയ പത്നി ആയിഷയുടെ ഗൃഹത്തിൽ തന്നെ ആ പുണ്യ പുരുഷനെ മറമാടി. പിന്നീട് സന്തത സഹചാരികളായ ഉറ്റ മിത്രങ്ങൾ രണ്ട് പേരും അബൂ ബക്കറും  ഉമറും അവിടെ തന്നെ മറമാടപ്പെട്ടു.

അൽപ്പ നേരം മുമ്പ് ആ കുടീരം ഒരു നോക്ക് കാണാൻ തിരക്കിലൂടെ ഞാൻ കടന്ന് ചെന്നുവല്ലോ. അവിടെ എത്തിയപ്പോൾ ആ മൂന്ന് പേർക്കും അത്യുന്നതന്റെ സമാധാനവും കാരുണ്യവും  ഉണ്ടാവട്ടെ എന്ന് വിശ്വാസികൾ ആശംസകളർപ്പിച്ചിരുന്നു. ആ പുണ്യ ദേഹം സ്ഥിതി ചെയ്യുന്ന യാതൊരു അലങ്കാരവും പ്രൗഡിയും ഇല്ലാത്ത ആ  സ്ഥലെത്തുമ്പോൾ അനിർവചനീയമായ അനുഭൂതിയാണ് മനസ്സിൽ നിറയുക.

 കാഴ്ചയിൽ ഉത്തരേന്ത്യക്കാരനെന്ന് തോന്നുന്ന  ഒരു മദ്ധ്യ വയസ്കൻ അവിടെ നിന്ന് ഉച്ചത്തിൽ “നബിയേ! എന്നെയും കുടുംബത്തെയും കാത്ത് കൊള്ളണേ“ എന്ന് ഉരുദുവിൽ പ്രാർത്ഥിക്കുന്നതും ചെറുപ്പക്കാരനായ ഒരു ഷേക്ക് അയാളുടെ തോളിൽ തട്ടി  “ പ്രവാചകനോടല്ല, ദൈവത്തോടാണ് പ്രാർത്ഥിക്കേണ്ടതെന്നും“   അയാളെ ഉറുദുവിൽ തന്നെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതും  കണ്ടു, ആ ഷേക്ക് പോലീസ് ഓഫീസറാണെന്ന് പിന്നീട് മനസ്സിലായി. 

ഇപ്പോൾ ഞാൻ ഇരിക്കുന്ന  മാർബിളിന് താഴെയുള്ള  മണൽ പര പ്പിലൂടെയായിരുന്നു, പ്രവാചകൻ നടന്നിരുന്നത് എന്ന സത്യം എന്റെ ഉള്ളിലേക്ക് അലിഞ്ഞിറങ്ങി. അദ്ദേഹം ബദർ രണാങ്കണത്തിലേക്ക് , ഉഹദ് രണാങ്കണത്തിലേക്ക് ഖന്തക്കിലേക്കും ഈ മണലിൽ കൂടിതന്നെ.പോയി. ഇന്ന്  ലോക ജനസംഖ്യയിലെ അഞ്ചിലൊന്ന് ഭാഗം അനുയായികൾ  ആരംഭിച്ചതും ഇവിടെ നിന്ന് തന്നെ. അറേബ്യയിലെ ഒരു ഓണം കേറാ മൂലയായ ഈ പട്ടണം രാഷ്ട്രീയ കേന്ദ്രമായി തീർന്നു. മദീനാ എന്നതിന് പട്ടണം എന്നാണ്` അർത്ഥം. ആ പേർ തന്നെ പട്ടണത്തിന്റെ പേരായി മാറിയത് പിൽക്കാല ചരിത്രം.

 പുലരി വെട്ടത്തിൽ ആകാശത്തേക്ക് നോക്കി ഈ പള്ളിയുടെ മുമ്പിലെ  മാർബിൽ തറയിലിരുന്നപ്പോൾ  ഓർമ്മകൾ തലച്ചോറിലൂടെ  തിരകളിളക്കി വന്നു കൊണ്ടിരുന്നു.  ( തുടരും)