Sunday, June 22, 2014

മന്ത്രി മന്ദിരം മോടി പിടിപ്പിക്കലും മുസ്ലിം ലീഗും

മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും ഔദ്യോഗിക  വസതികൾ  മോടി പിടിപ്പിക്കാൻ  4.29 കോടി  രൂപാ ചെലവായെന്ന്  നിയമ സഭയിൽ മുഖ്യ മന്ത്രി രേഖാമൂലം  മറുപടി  നൽകിയതായി പത്ര വാർത്ത.   . മുസ്ലിം ലീഗ് മന്ത്രി മുനീറിന്റെ  വസതി മോടി പിടിപ്പിക്കാൻ  ചെലവായത് 7336720 രൂപായാണത്രേ!  അദ്ദേഹമാണ്  ഈ കാര്യത്തിൽ ഒന്നാമൻ. രണ്ടാം സ്ഥാനത്ത്  ധനമന്ത്രി കെ.എം. മാണിയാണ്. 33.46 ലക്ഷം രൂപാ.  ചീഫ് വിപ്പ്  വാടക വീട്ടിലാണെങ്കിലും  22.47 ലക്ഷം രൂപ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിന്  ചെലവായി. മറ്റ് മുസ്ലിം ലീഗ്  മന്ത്രിമാരായ മഞ്ഞളാംകുഴി അലിയുടെ വസതിക്ക് ചെലവായത് 29.7 ലക്ഷമാണെങ്കിൽ  മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി 27.12 ലക്ഷം രൂപ മാത്രമേ വസതിയുടെ കാര്യത്തിൽ ചെലവഴിച്ചുള്ളൂ. മുഖ്യന്റെ വസതിക്ക് വേണ്ടി 18.56‌ രൂപായും  ചെലവായി. ഈ ചെലവുകൾ സർക്കാർ ഖജനാവിൽ  നിന്നുമാണ്  കൊടുത്ത് തീർത്തത്.
വസതികൾ  മോടി പിടിപ്പിക്കാൻ   പൊതു ഭണ്ഡാരത്തിൽ നിന്നും  ചെലവഴിച്ചതിൽ മുൻപന്തിയിൽ നിൽക്കുന്നത്   ഒരു മുസ്ലിം ലീഗ് മന്ത്രിയാണ് .73.36 ലക്ഷം രൂപാ.  അതേ പാർട്ടിയിൽ പെട്ട മറ്റുള്ളവരുടെ  വസതികൾക്ക് വേണ്ടി   യഥാക്രമം 29.7 ലക്ഷവും  27.12  ലക്ഷവും   ചെലവഴിച്ചിരിക്കുന്നു.
  സ്വാതന്ത്രിയാനന്തരം ഇന്ത്യൻ ഭരണഘടനാ  നിർമാണ സമിതി  യോഗത്തിൽ ഭാരതത്തിൽ  ഏത്  ഭരണമാണ് വിഭാവന ചെയ്യുന്നത്  എന്ന ചോദ്യത്തിന്  ഖലീഫാ ഉമറിന്റെ ഭരണമെന്ന് നമ്മുടെ രാഷ്ട്രപിതാവ്   മറുപടിയായി പറഞ്ഞു. ഭരണകർത്താക്കളിൽ  എളിമയുടെ  പ്രതീകമായിരുന്നു ഉമർ. പൊതു ഭണ്ഡാരം സ്വർണവും വെള്ളിയും  കൊണ്ട്  നിറഞ്ഞിരിക്കുമ്പോൾ പോലും സ്വന്തം  ആവശ്യങ്ങൾക്ക്  തന്റെ തുച്ഛമായ ശമ്പളത്തിൽ  നിന്ന്   മാത്രം ചെലവഴിച്ച് അരിഷ്ടിച്ച് കഴിഞ്ഞ ആ ഭരണാധികാരി  തന്റെ നേതാവായ പ്രവാചകന്റെ പാത പിന്തുടരുകയായിരുന്നു.  ഖലീഫാ ഉമറിന്റെ ഭരണ മാതൃകയിൽ ഊറ്റം കൊണ്ട്  അവസരത്തിലും അനവസരത്തിലും അദ്ദേഹത്തിന്റെ പേര്  ഉയർത്തിക്കാട്ടുന്ന  ഇന്ത്യൻ മുസ്ലിംകളുടെ  പ്രതിനിധികളായ  സാമുദായിക  പാർട്ടിയുടെ നേതാക്കൾക്ക്  ഖലീഫാ ഉമറിന്റെ ഭരണം  കാഴ്ച വെയ്ക്കാൻ  കഴിയില്ലെങ്കിലും  പൊതു ഭണ്ഡാരത്തിൽ നിന്നും  അവർ  പാർക്കുന്ന വസതികൾക്ക്  വേണ്ടി ചെലവഴിക്കുന്നതിനെ  നിയന്ത്രിക്കാമായിരുന്നു.   അത്രയുമെങ്കിലും  ചെയ്തില്ലെങ്കിൽ  പിന്നെന്തെർ്  മുസ്ലിം  ലീഗ്...അതൊരു ഫുട്ബാൾ  ലീഗായാൽ  പോരേ!

Saturday, June 21, 2014

നഗ്നപാദനായി നടന്നപ്പോൾ.....

   ആശുപത്രിയിൽ നിന്നും  ആഞ്ജിയോ പ്ലാസ്റ്ററി  കഴിഞ്ഞ് വന്ന   ബന്ധുവിനെ കാണാൻ  പോകുന്നതിന് മകൻ സൈഫുവും ഭാര്യ ഷൈനിയും  കാറിൽ വന്ന് വിളിച്ചപ്പോൾ ധൃതിയിൽ  ഇറങ്ങി തിരിച്ച ഞാൻ ചെരുപ്പ് ധരിക്കാൻ  മറന്ന് പോയി. കൊട്ടാരക്കരയിൽ നിന്നും  എട്ട് കിലോമീറ്റർ ദൂരമുള്ള കുന്നിക്കോട് ചെന്ന് കാറിൽ  നിന്നിറങ്ങാൻ  നേരമാണ്  ചെരിപ്പ്  ഇല്ലാ എന്ന വിവരം ഞാൻ തിരിച്ചറിഞ്ഞത്.  അടുത്ത കടയിൽ നിന്നും ചെരിപ്പ് വാങ്ങാൻ മകനും  മരുമകളും ധൃതി കൂട്ടിയപ്പോൾ  മുണ്ടും ഷർട്ടും ധരിച്ചിരുന്ന  ഞാൻ നഗ്നപാദനായി  നടന്നാൽ  എനിക്ക്  എന്ത് സംഭവിക്കാനാണ്  എന്ന  ചോദ്യവുമായി  ഞാൻ അവരെ നേരിട്ടു.  മകൻ സിനാനുമായി കാറിൽ  അവർക്ക്  മറ്റൊരു പരിപാടിക്ക് പോകാനുണ്ടായിരുന്നതിനാൽ  എന്റെ മടക്ക യാത്ര  ബസിലാകുമെന്നും   കൊട്ടാരക്കര  ബസ് സ്റ്റാന്റിൽ  ഇറങ്ങി  വീട് വരെ ചെരിപ്പ്  ഇല്ലാതെ   യാത്ര ചെയ്യാൻ ഞാൻ   മടിക്കില്ലെന്നും  എന്റെ നിർബന്ധ ബുദ്ധയെ പറ്റിി  അറിയാവുന്ന അവർക്ക്  തീർച്ച ഉണ്ടായിരുന്നു.   അത്കൊണ്ട്  തന്നെ   ആ യാത്രയെ പറ്റി  ആലോചിച്ച്   അവർ അന്തം വിട്ട് നിന്നപ്പോൾ   എന്ന് മുതലാണ്  കേരളീയർ    ചെരിപ്പ് നിർബന്ധ  വസ്തു ആക്കിയതെന്ന ചിന്തയിലായിരുന്നു  ഞാൻ.  ബസിലിരുന്നപ്പോഴും   കൊട്ടാരക്കരയിൽ ബസ്സിറങ്ങി റോഡിലൂടെ   വീട്ടിലേക്ക് നടന്നപ്പോഴും  ആൾക്കാർ എന്റെ നഗ്നപാദത്തെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.  അവരുടെ  ആ നോട്ടം   ചെരിപ്പിനെ പറ്റി  വീണ്ടും ചിന്തിക്കാൻ  ഇടവരുത്തി. 
 ഏത് കാലഘട്ടം  മുത്ല്ക്കാണ്   ചെരിപ്പ്  അവശ്യ വസ്തുവായി  പരിണമിച്ചത്?  
എന്റെ  യൗവനാരംഭ   കാലഘട്ടമായ 1980 വർഷങ്ങളിൽ   മുണ്ടും  ഷർട്ടുമായിരുന്നു   ഞാൻ  ധരിക്കുന്നതെങ്കിൽ      ചെരിപ്പ്   ഒഴിച്ച് കൂടാനാവാത്ത  വസ്തു  ആയി  ഞാൻ പരിഗണിച്ചിരുന്നില്ല. എന്നാൽ  പാന്റ്സു  ധരിക്കുമ്പോൾ  ഷൂസ്   നിർബന്ധമായി ധരിക്കുമായിരുന്നു. അന്ന് പൊതുവേ   ഭൂരിപക്ഷം  മലയാളികളും   അപ്രകാരമുള്ള ചിട്ടയിലായിരുന്നല്ലോ..    ഉപ്പിട്ട കലവും  ചെരിപ്പിട്ട കാലും ശരിയാവില്ലാ എന്നൊരു  ചൊല്ലും  നാട്ടിൻ പുറങ്ങളിൽ  അന്ന്  ഉണ്ടായിരുന്നു.
  ആലപ്പുഴയിലെ മലയാ ബെയിൽസിലെ കൽക്കത്താ സ്വദേശിയായ  മാനേജർ  വെയിലത്ത് കുട പിടിച്ച്  നടന്നിരുന്ന തന്റെ ഫാക്റ്ററി  തൊഴിലാളികളെ പറ്റി   എന്നോട്  പറഞ്ഞത്   മലയാളികളെല്ലാം  ഛത്രപതികളാണ് (കുട  ചൂടുന്നവർ)   പക്ഷേ  ഒരാളും  ചെരിപ്പ്    ധരിക്കുന്ന സ്വഭാവക്കാരല്ലാ എന്നായിരുന്നു. .   ഇതായിരുന്നു  ആ കാലഘട്ടത്തിലെ മലയാളി  സമൂഹത്തിന്റെ  അവസ്ഥ.
 ആ കാലം  കടന്ന് പോയപ്പോൽ   പകരം  വന്ന ഗൾഫ് കാലം  പല മാറ്റങ്ങളും  പരിഷ്കാരങ്ങളും  നാട്ടിൻപുറങ്ങളിൽ  കൊണ്ട് വന്നു.   പല ശീലങ്ങളും  ഒഴിച്ച് കൂടാനാവാത്തതായി. ദാരിദ്ര്യം   നാട്ടിൽ  നിന്നും  മാഞ്ഞ്  പോവുകയും ആഡംബരങ്ങൾക്ക്   ചെലവാക്കാൻ     പോക്കറ്റ്  തയാറാവുകയും ചെയ്തു.  അങ്ങിനെ 80 ൽ  ആഡംബരമായിരുന്നത്  2000ത്തിൽ  അവശ്യ വസ്തുവായി  മാറ്റപ്പെട്ടു.    പാചക വാതകം  പോലെ   റഫ്രിജേറ്റർ  പോലെ  റ്റി.വി.  പോലെ  ടെലഫോൺ  പോലെ പലതും  ജീവിതത്തിൽ  ഒഴിച്ച് കൂട്ടാനാവാത്തവയായി കൂട്ടത്തിൽ  എന്റെ പാവം  ചെരിപ്പും  .  ആ വക വസ്തുക്കളുടെ അഭാവം  നമ്മിലുണ്ടെങ്കിൽ    നമ്മൾ നാട്ടിൽ  ശ്രദ്ധിക്കപ്പെടുന്നവരുമായി,  .
   അത്  കൊണ്ടായിരിക്കാം  ഇന്ന് രാവിലെ  നടക്കാനിറങ്ങിയപ്പോൾ   വഴിയിൽ  കണ്ട  എന്റെ യുവ സുഹൃത്ത് ഷാ  എന്നോട്  ചോദിച്ചു " സാർ ഇന്നലെ ചെരിപ്പില്ലാതെ റോഡിലൂടെ  നടന്ന് പോകുന്നത്  കണ്ടല്ലോ   സാറിന്     എന്ത് പറ്റി     എന്ന്  .
  ഇനി  ഒരു  കാലഘട്ടത്തിൽ  ചെരിപ്പ്  ഇല്ലാതെ നടക്കുന്നത്  ഫ്ലാഷ്  ന്യൂസ്  ആകുമോ  എന്തോ?

Monday, June 16, 2014

70 കോടി രൂപാ ധൂർത്തടിച്ചു.

പത്ര - ദൃശ്യ  മാധ്യമങ്ങൾക്ക്   പരസ്യ കൂലി  ഇനത്തിലായി  ഭരണകക്ഷി 706040464 രൂപാ  നൽകിയതായി  നിയമ സഭയിൽ  ബന്ധപ്പെട്ട  മന്ത്രി  അറിയിച്ചു.  അതിൽ  അച്ചടി  മാധ്യമങ്ങൾക്ക് 51.75 കോടിയും  ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 18.85  കോടിയുമാണ്  നൽകിയിരിക്കുന്നത്.  മുഖ്യമന്ത്രിയുടെ ജനസമ്പർക്ക  പരിപാടി   ഒന്നാം ഘട്ടം  പരസ്യം ചെയ്യുന്നതിന്  മാത്രം   1.5 കോടി രൂപാ ചെലവായത്രേ!.
ഭരിക്കുന്നവർ തങ്ങളുടെ ഭരണ  നേട്ടങ്ങൾ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും  എലൈറ്റ് ചെയ്ത് കാണിക്കുന്നത്  പുതുമയുള്ള  കാര്യമല്ല. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ  മുഴുവൻ വെട്ടി  തിളങ്ങുന്നതായി  അന്ന് ഭരിച്ചിരുന്ന കേന്ദ്ര സർക്കാർ  പരസ്യം ചെയ്തതും  അടുത്ത തെരഞ്ഞെടുപ്പിൽ  അവർ എവിടെ  എത്തിയെന്നും  നാം  കണ്ട് കഴിഞ്ഞു. ചുരുക്കത്തിൽ  ഈ വക പരസ്യങ്ങളിലൂടെ  ജനത്തിന്റെ മനസ്  കയ്യിലെടുക്കാമെന്ന് വിചാരിക്കുന്നത്  അബദ്ധം തന്നെയാണ്   എന്ന് മനസിലാക്കത്തവർ ഇപ്പോഴും മൂഡ സ്വർഗത്തിലാണ്.  തങ്ങളുടെ ഭരണ  നേട്ടം  ഒരു പത്ര പ്രസ്താവനയിലൂടെ വെളിപ്പെടുത്താൻ  മുഖ്യ മന്ത്രിക്കോ  പ്രധാനമന്ത്രിക്കോ  കഴിയാമെന്നിരിക്കെ  കോടിക്കണക്കിന്  തുക ഇപ്രകാരം  
 ചെലവഴിച്ച്  ധാരാളിത്തരം കാട്ടുന്നത്  പൊതുജനത്തോട്  ചെയ്യുന്ന ദ്രോഹം മാത്രമാണ്.  ഈ തുക  ഭരിക്കുന്നവരുടെ പാർട്ടി ഫണ്ടിൽ നിന്നോ  അവരുടെ തനത്  സ്വത്തിൽ നിന്നോ അല്ലാ   എടുത്ത് കൊടുക്കുന്നത് എന്ന്  ഏവർക്കും അറിയാവുന്ന വസ്തുയാണ്. ഇത് പാവപ്പെട്ടവർ ഉൾപ്പടെയുള്ള നാട്ടിലെ പൗരന്മാർ  പലയിനത്തിലായി സർക്കാരിന് നൽകിയ നികുതി തുകയിൽ നിന്നാണ്  എടുത്ത് നൽകുന്നത്. ആരാന്റെ സ്വത്ത് എടുത്ത് നൽകുന്നതിൽ ദണ്ഡം  കാണില്ലല്ലോ.
ഒരു ഉൾനാടൻ ഗ്രാമത്തിലോ നഗരത്തിലെ തിരക്കൊഴിഞ്ഞ ഇടങ്ങളിലോ  മൂന്ന് സെന്റ് പുരയിടത്തിൽ ഒരു ചെറു വീട്  10 ലക്ഷം രൂപക്ക് പണി  തീർത്തെടുക്കാം. വസ്തു വില ഉൾപ്പടെ. അപ്രകാരം 700 വീടുകൾക്ക്  70 കോടി  രൂപാ ചെലവ്  വരും. തങ്ങളുടെ ഭരണ നേട്ടങ്ങളെ പറ്റി പൊങ്ങച്ചം പറയാൻ  വേണ്ടി   പരസ്യത്തിന്  ചെലവാക്കിയ  70 കോടി കൊണ്ട് ഒരു ജില്ലക്ക് 50 വീടുകൾ വീതം 14 ജില്ലകൾക്ക്  700 വീടുകൾ   രാപ്പാർക്കാൻ വീടില്ലാത്ത  പാവപ്പെട്ടവർക്ക് നൽകാൻ  സാധിക്കുന്നതിനേക്കാൾ  എന്ത് ഭരണ  നേട്ടം  സർക്കാരേ!

Sunday, June 15, 2014

നിയമം കർശനമാക്കുന്നതിന് മുമ്പ്...

കേരളത്തിൽ  രണ്ട് ലക്ഷം  കിലോമീറ്റർ ദൂരത്തിൽ  റോഡുകളുണ്ടെങ്കിലും അതിൽ  ഉപയോഗപ്രദമായത്  കേവലം 26000 കിലോമീറ്റർ ദൂരമുള്ള   റോഡുകൾ  മാത്രമാണെന്ന് നാറ്റ്പാക്  പുറപ്പെടുവിച്ച  പ്രസ്താവനയിൽ  നിന്നും  വെളിവാകുന്നു.  ദിവസവും 600 വാഹനങ്ങൾ വീതം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ  നാളിത് വരെ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങൾ 7000000 ആണെന്നും  നാറ്റ്പാക്  പറയുന്നു. ഈ വാഹനങ്ങൾ  ഉണ്ടാക്കിയ   അപകടങ്ങൾ  കഴിഞ്ഞ വർഷം 40000.  അതിൽ പരിക്ക് പറ്റിയവർ 50000. മരിച്ചവർ 4500. 
റോഡുകളെ  സംബന്ധിച്ച്  ആധികാരികമായി  പുറപ്പെടുവിച്ച   ഈ പ്രസ്താവനയിൽ നിന്നും  എന്ത് കൊണ്ട്  ഇത്രയും അപകടങ്ങൾ  സംഭവിക്കുന്നു എന്ന്  വിശദമാക്കേണ്ടതില്ലല്ലോ.  ഇത്രയും വാഹനങ്ങൾ  സഞ്ചരിക്കാൻ  തക്കവിധം  സുരക്ഷിതമല്ലാത്ത  ഈ നിരത്തുകൾ മരണക്കെണീ  ആകുന്നതിൽ അൽഭുതപ്പെടാനുമില്ല.
 നാറ്റ് പാക്കിന്റേതല്ലാത്ത മറ്റൊരു കണക്ക് പത്രത്തിൽ കുറച്ച് കാലം  മുമ്പ് വായിച്ചത്  ഓർമ്മ  വരുന്നു. സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും  ഒരു ദിവസം  പുറത്തെടുത്ത് തെക്ക് വടക്കായുള്ള  ദേശീയ  പാതയിൽ നിരത്തി  ഇട്ടാൽ  വാഹനങ്ങൾ ഇടാൻ കർണാടകയും കഴിഞ്ഞ് സ്ഥലം  അന്വേഷിക്കേണ്ടി വരുമത്രേ! ചുരുക്കത്തിൽ  ഇവിടെ  ഉപയോഗിക്കപ്പെടുന്ന  വാഹനങ്ങൾക്ക്  അനുസൃതമായി  രോഡുകൾ  ഇപ്പോൾ  നിലവിലില്ലെന്ന്  മാത്രമല്ല  ഉള്ള  റോഡുകളിൽ  എട്ടിലൊന്ന് മാത്രമേ  സുഗമമായി  ഉപയോഗിക്കാൻ  കഴിയുന്നുള്ളൂ  എന്നും   തിരിച്ചറിയുക.. രജിസ്റ്റർ ചെയ്യപ്പെടുന്ന  എല്ലാ വാഹങ്ങളിൽ  നിന്നും  റോഡ് ടാക്സ്  എന്ന നികുതി സർക്കാർ  ഒരു വിട്ട് വീഴ്ചയും കൂടാതെ ഈടാക്കുന്നുമുണ്ട്. ഈ ടാക്സ്  ഉപയോഗിച്ച്  റോഡ്  സുഗമമായി  യാത്ര ചെയ്യാൻ തക്ക വിധം  കേട് പാടുകൾ നീക്കി ഉപയോഗപ്രദമാക്കി  തരേണ്ടതിന് പകരം   സുഗമവും സുരക്ഷിതവുമായ റോഡുകൾ കണ്ട്  പണ്ടെങ്ങോ  തയാറാക്കിയ  നിയമ പുസ്തകം പൊടി തട്ടിയെടുത്ത്  അതിലെ പ്രായോഗികമല്ലാത്തതും  കാലഹരണപ്പെട്ടതുമായ  വകുപ്പുകൾ  ഉപയോഗിച്ച്  പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ  ഒരു  കമ്മീഷണരെ  ചുമതലപ്പെടുത്തിയിരിക്കുന്നു  നമ്മുടെ സർക്കാർ.
  നാട്ടുകാരിൽ നിന്നും  പിരിച്ചെടുത്ത നികുതി ഉപയോഗിച്ച് നിരത്തുകൾ സഞ്ചാരയോഗ്യമാക്കിയാൽ  കമ്മീഷണർക്ക്  ജോലി ഇല്ലാതായി  തീരുമെന്ന് ഉറപ്പ്.  ഹെൽമറ്റും  സീറ്റ് ബെൽറ്റും  സുരക്ഷിത യാത്രക്ക് അവശ്യം ആവശ്യമാണെന്നതിൽ  പക്ഷാന്തരമില്ല.  പക്ഷേ  അത് പ്രയോഗിക്കപ്പെടേണ്ടത്  നിരത്തുകൾ  സഞ്ചാരയോഗ്യമാക്കിയിട്ട് വേണമെന്ന് മാത്രം.  ജനങ്ങളുടെ  സുരക്ഷയെ കരുതി നിയമം സൃഷ്ടിക്കപ്പെടുന്നു. നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിക്കുന്നില്ല. പക്ഷേ  ഈ കമ്മീഷണർ  നിയമത്തിന് വേണ്ടി മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു  എന്ന ഭാവത്തിൽ പ്രായോഗികമല്ലാത്ത  നിർദ്ദേശങ്ങൾ  പുറപ്പെടുവിപ്പിച്ചതിന്  ശേഷം പുസ്തകത്തിൽ   പണ്ടേ  ഉണ്ടായിരുന്നതാണ്  എന്ന് ന്യായീകരിക്കുമ്പോൾ  അദ്ദേഹത്തിനു മുമ്പ് ഈ കേരളത്തിൽ  പ്രഗൽഭരായ  കമ്മീഷണർമാർ ആ കസേരയിൽ  ഇരുന്ന് ജോലി ചെയ്തിരുന്നു എന്നും അവരൊന്നും  ഈ നിയമങ്ങൾ കാണാതെ  ഉറങ്ങുകയായിരുന്നോ  എന്ന മറുചോദ്യം ഉന്നയിക്കേണ്ടി വരുന്നു. നിയമം മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണെന്നും  അതിനാൽ  എല്ലാ വശങ്ങളും നോക്കാതെ ഒരു നിയമവും കർശനമാക്കുന്നത് ന്യായമല്ലാ എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു  അഴിമതിക്കാരായ  നിയമ പാലകർക്ക്  ജനങ്ങളെ പിഴിയാൻ  അവസരം  ഈ  കമ്മീഷണർ ഉണ്ടാക്കി  എന്നുള്ളിടത്താണ്  ബാക്കി പത്രം  സ്ഥിതി ചെയ്യുന്നത്..   നിയമങ്ങൾ കർശനമാക്കിയപ്പോഴാണ്  അപകടങ്ങൾ  കുറഞ്ഞതെന്ന  അദ്ദേഹത്തിന്റെ  വാദം  ഇനിയും വസ്തുതാപരമായി  തെളിയിക്കേണ്ട  കാര്യമാണെന്ന്  പ്രഗൽഭർ തിരിച്ചടിക്കുന്നു.   നിസ്സാര കാര്യങ്ങൾ ഊതി വീർപ്പിച്ച്  പത്ര പ്രസ്താവനകൾ നടത്തി  ജനങ്ങളുടെ മുമ്പിൽ വീരപരിവേഷം  അണിഞ്ഞ് നിൽക്കുന്ന അദ്ദേഹം   ഏറ്റവും നിയമ ലംഘനങ്ങൾ  നടത്തുന്ന  ഈ നാടു മുഴുവൻ   പുകയാൽ  മലിനമാക്കുന്ന കെ.എസ്.ആർ.റ്റി.സിയെ  ഇത് വരെ   ഒന്ന് തൊട്ടതു പോലുമില്ലാ  എന്നുള്ളിടത്താണ്   ശരി. അവിടെയും  തൊടാൻ  കഴിയുന്നത്  പാവപെട്ട ആട്ടോക്കാരെയോ  ഇരുചക്രക്കാരെയോ  മാത്രം.
ജനങ്ങൾക്ക്  ഉപദ്രവകരമായ ബാക്ക് സീറ്റ് ബെൽറ്റ്  നിയമം താൽക്കാലികമായി നിർത്തലാക്കി  എന്ന് നിയമ നിർമാണ സഭയിൽ  വകുപ്പ് മന്ത്രി ഉറപ്പ് കൊടുത്തതിൽ  കുപിതനായ  അദ്ദേഹം അവധിയിൽ പ്രവേശിച്ചു  തന്റെ ധാർഷ്ട്യം  ഒന്നുകൂടി  ജനങ്ങളുടെ നേരെ   വെളിപ്പെടുത്തിയിടത്ത് എത്തി ചേർന്നിരിക്കുന്നു   ഇപ്പോൾ കാര്യങ്ങൾ.


Wednesday, June 11, 2014

പൂച്ചയും കാക്കയുംതിരിഞ്ഞ് നോക്കാത്ത ഭക്ഷണം

വൃക്ഷങ്ങളിലെ മധുര ഫലങ്ങളുടെ  ഉള്ളിൽ  കേട്  ഉണ്ടെങ്കിൽ  കാഴ്ചയിൽ അതിന് തകരാറൊന്നും  കാണപ്പെടുന്നില്ലാ എങ്കിലും  അതിനുള്ളിലെ കേട്  തിരിച്ചറിഞ്ഞ്  പക്ഷികൾ  ആ ഫലങ്ങൾ  തിരിഞ്ഞ്  നോക്കുക പോലുമില്ല. ശരീരത്തിന്  ഹാനികരമാകുന്ന കായ് കനികളെ  കുരങ്ങുകൾ  ഒഴിഞ്ഞ് വെക്കും. അവക്കറിയാം  ആ വക  സാധങ്ങൾ  അവർക്ക് പണി  കൊടുക്കുമെന്ന് . മനുഷ്യനൊഴികെ ജീവികൾക്ക് പ്രകൃതി നൽകിയ വരദാനമാണത്.  മനുഷ്യന്  വിശേഷ ബുദ്ധിയും  തിരിച്ചറിവും നൽകി,  ഈ ജീവികളെയും  പ്രകൃതിയെയും  നിരീക്ഷിക്കാനും  പഠിക്കാനും  കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത്  തള്ളാനും.
    ഇത്രയും  ആമുഖം.  ഇനി  ബാക്കി വായിക്കുക.
ചൂടാക്കിയ  ആഹാരപദാർത്ഥങ്ങൾ   ഫ്രിഡ്ജിൽ  സൂക്ഷിച്ചതിന്  ശേഷം  പിന്നീട്  വെളിയിലെടുത്ത്  വീണ്ടും ചൂടാക്കി  കഴിക്കാൻ  ഒരുങ്ങുന്നതിനു  മുമ്പ്   അതിൽ അൽപ്പം  എടുത്ത്  കാക്കക്കോ  പൂച്ചക്കോ  കൊടുത്ത്  നോക്കുക . ആ വക സാധനങ്ങൾ  അവർ  തിരിഞ്ഞ്  നോക്കാറില്ല. അതായത്  കാക്കയും  പൂച്ചയും  തിരിഞ്ഞ്  നോക്കാത്ത  സാധനങ്ങളാണ്  മനുഷ്യൻ വെട്ടി  വിഴുങ്ങുന്നത്. ഈ വക ആഹാര സാധങ്ങൾ  തങ്ങൾക്ക്  ദോഷം  ചെയ്യുമെന്നുള്ള  തിരിച്ചറിവിനാലായിരിക്കാം ആ ജീവികൾ  ഒഴിഞ്ഞ് വെക്കുന്നത്. അവക്കുള്ള  വിശേഷ ബുദ്ധി പോലും  മനുഷ്യർക്കില്ല.
രണ്ടും  മൂന്നും  ദിവസങ്ങളിലേക്കുള്ള ചോറ്   ഒരു ദിവസം പാകം ചെയ്ത് അന്നന്നത്തെ ചെലവ്  കഴിഞ്ഞ്  ബാക്കി  എച്ചിൽ പെട്ടിയിൽ  കയറ്റി വെച്ച്   തുടർന്ന് വരുന്ന ദിവസങ്ങളിൽ വെളിയിലെടുത്ത്  വീണ്ടും തിളപ്പിച്ച് , വെള്ളം  ഊറ്റി  കളഞ്ഞ് ഉപയോഗിക്കുന്നത്  ഇപ്പോൾ ഫാഷനാണ്. ജോലി  തിരക്ക്,  സമയലാഭം,  ഗ്യാസ് പോലുള്ള  ഇന്ധന ലാഭം  തുടങ്ങിയവയാണ് ഇതിനുള്ള  ന്യായീകരണങ്ങൾ. പ്രവാസികൾ, ഉദ്യോഗസ്ഥർ എന്നിവരെ  ഈ ന്യായീകരണങ്ങളുടെ  തണലിലേക്ക്  നമുക്ക്  മാറ്റി  നിർത്താം.  പക്ഷേ  ഇതൊന്നുമല്ലാത്ത  അലസതയും  മടിയും കാരണത്താൽ   ഇങ്ങിനെ  ഈ   ചവറ്   ആഹരിക്കുന്നവരെയും  കുട്ടികൾ  ഉൾപ്പടെയുള്ള  കുടുംബാംഗങ്ങളെ  ആഹരിപ്പിക്കുകയും ചെയ്യുന്നവരെ പറ്റി  എന്ത്  പറയാൻ!
അവർ  രോഗങ്ങൾ വിലക്ക്  എന്ന്  അവർ  തിരിച്ചറിയുന്നില്ലല്ലോ!!!
പിന്നാമ്പുറ  കഥ:-  എനിക്ക്  തീരെ  സുഖമില്ലാ  ഡോക്റ്റർ   എല്ലാ രോഗവും  എനിക്കുണ്ട്....വയ്യാ...എനിക്ക്  വയ്യാ...
നിങ്ങൾക്ക്  എത്ര   വയസ്സ് ?
മുപ്പത്തി  അഞ്ച്  വയസ്സ്  ഡോക്റ്റർ.
  നിങ്ങൾ  ചെറുപ്പമാണല്ലോ...വീട്ടിൽ  ജോലികൾ  ചെയ്യുന്നുണ്ടോ?
 വീട് ക്ലീൻ  ചെയ്യാൻ വാക്വം ക്ലീനറുണ്ട്  ഡോക്റ്ററ്റർ....അടുപ്പിൽ  ഊതി  തീ കത്തിക്കേണ്ട....ഗ്യാസ്  സ്റ്റൗ  ഉണ്ട്...കിണറ്റിൽ  നിന്നും  വെള്ളം  കോരണ്ടാ  മോട്ടോർ  ഫിറ്റ്  ചെയ്തിട്ടുണ്ട്....അരി ആട്ടണ്ടാ  ഗ്രൈന്റർ  ഉണ്ട്....കറിക്ക് അരക്കണ്ട   മിക്സി  ഉണ്ട്  മൂന്ന് ദിവസത്തെ ചോറ്  ഒരുമിച്ച്  പാകം ചെയ്ത്  ഫ്രിഡ്ജിൽ  കയറ്റി വെച്ച് ഉപയോഗിക്കുന്നത്  കൊണ്ട്   സമയലാഭവും  കിട്ടും  ഡോക്റ്റർ.........
ചുരുക്കത്തിൽ  നിങ്ങൾക്ക്  ജോലി ചെയ്യേണ്ട  ആവശ്യമൊന്നുമില്ല.  ആട്ടെ... നിങ്ങളുടെ
ഷുഗർ വെറും വയറിൽ  320...ബി.പി. 100-180  .   ദേഹം  അനങ്ങി ജോലി  ചെയ്യാതെ  നിങ്ങൾ  സമയം  ലാഭിച്ച്  എന്ത് ചെയ്യുന്നു?
ഇതെന്തൊരു  ചോദ്യമാണ് ഡോക്റ്റർ?!....എനിക്ക്  റ്റി.വി. സീരിയൽ  കാണാനും  ഫെയ്സ് ബുക്കിൽ  കയറാനും  സമയം  തികയുന്നതേ  ഇല്ലാ  ഡോക്റ്റർ........

Wednesday, June 4, 2014

സ്വവർഗ രതിയുടെ കമ്പോളം ഫെയ്സ്ബുക്കോ?

സോഷ്യൽ നെറ്റ് വർക്കുകൾ  അനാശ്യാസ  നടപടികൾക്കുള്ള  കമ്പോളമായി തീരുന്നുവോ?!

കഴിഞ്ഞ ദിവസം എനിക്ക് വന്ന ഒരു മെസ്സേജ് അപ്രകാരം  ചിന്തിക്കാൻ എന്നെ  പ്രേരിപ്പിക്കുന്നു.മെസ്സേജിന്റെ  ബന്ധപ്പെട്ട  ഭാഗം  ചുവടെ  ചേർക്കുന്നുണ്ട്. അത് അയച്ച ആളിന്റെ പേര്  ഒഴികെ ബാക്കി  ഭാഗം അതേപടിയാണ്  ഇവിടെ പകർത്തുന്നത്.  എനിക്ക് ഇഷ്ടപ്പെടാത്ത  പ്രവർത്തിയാണ്    ഇപ്രകാരമുള്ള  മെസ്സേജിലൂടെ അയാളിൽ   നിന്നുമുണ്ടായതെങ്കിൽ തന്നെയും  ഞാൻ    സ്വയം പാലിക്കുന്ന   മര്യാദ കണക്കിലെടുത്താണ് അയാളുടെ പേര്  ഞാൻ ഒഴിവാക്കുന്നത്
 "ഒരു കാര്യം  പറഞ്ഞാൽ  ദ്വേഷിക്കരുതെന്ന"  ആമുഖത്തോടെ  അയാളുടെ ചെറുപ്പത്തിൽ അയാളുടെ ബന്ധു  സെക്സിനായി അയാളെ ഉപയോഗിച്ചെന്നും  വലുതായപ്പോൾ അയാൾക്ക്  പ്രായമായവരെ മതിയെന്നും   എന്നെ അയാൾക്ക്  കിട്ടുമോ  എന്നുമാണ് " അയാളുടെ മെസ്സേജിന്റെ ചുരുക്കം. പെട്ടെന്ന് അമ്പരന്ന ഞാൻ   എനിക്ക് അൽപ്പം  തിരക്കുണ്ടെന്നും  പറഞ്ഞ് സംഭാഷണം  അവസാനിപ്പിച്ചു.
കമ്പ്യൂട്ടറിൽ  കുത്തിക്കുറിച്ച് കൊണ്ടിരിക്കുമ്പോൾ  പലരും  സുഖാന്വേഷണവുമായി  ചാറ്റ് കോളത്തിൽ എത്താറുണ്ട്.  സൗഹൃദം പ്രാണവായു  പോലെ കരുതുന്ന ഞാൻ  അവരുമായി   ചാറ്റിലൂടെ   സംസാരിക്കാറുമുണ്ട് ; അത് വഴി വിപുലമായ  ഒരു സൗഹൃദ വലയം ഞാൻ സൂക്ഷിക്കുകയും ചെയ്യുന്നു. അവരിൽ  പലരുമായി  രക്തബന്ധത്തിലുള്ളവരേക്കാളും  അടുപ്പം  നിലനിർത്തുന്നതിനാൽ  അവരുടെയും എന്റെയും കൊച്ച് കൊച്ച് വേദനകളും സന്തോഷവും  പരസ്പരം കൈമാറുകയും   ഞങ്ങളുടെ  ജീവിതത്തിൽ ഉണ്ടാകുന്ന     പ്രശ്നങ്ങൾ    പരസ്പരം ചർച്ച   ചെയ്തും  ഉപദേശങ്ങൾ  സ്വീകരിച്ചും   പരിഹാരങ്ങൾ  കണ്ടെത്തുകയും ചെയ്യുന്നു. വർണപ്പകിട്ടാർന്ന  ചിത്രശലഭങ്ങളാലും  മധുരഗാനങ്ങൾ മീട്ടുന്ന പക്ഷികളാലും നിറയെ ഫലങ്ങൾ തരുന്ന  തണൽമരങ്ങളാലും നീർച്ചോലകളാൽ  സമ്പന്നമാക്കപ്പെട്ടതുമായ ഉദ്യാനങ്ങൾ  പോലെ ഈ സൗഹൃദങ്ങൾ    എന്നും പൂത്തുല്ലസിച്ച്  നിൽക്കുന്നത്   കാണുവാൻ  ആഗ്രഹിക്കുന്ന എനിക്ക്  പുതുതായി സുഖാന്വേഷണവുമായി  വരുന്നവർ   ആരെന്നും  അവരുടെ സ്വാഭാവമെന്തെന്നും  തിരക്കണമെന്ന്  തോന്നാറില്ല. സോഷ്യൽ മീഡിയകളിൽ  അഭിരമിക്കുന്നവർ  ഭൂരിഭാഗവും    എന്നെ പോലെ  സൗഹൃദം  ആഗ്രഹിക്കുന്നവരാണെന്നാണ്  ഞാൻ  കരുതുന്നത്.
അത് കൊണ്ട് തന്നെ താഴെ കാണിക്കുന്ന മെസ്സേജ് അയച്ച വ്യക്തി   "hi " പറഞ്ഞ്  അന്ന് എത്തിയപ്പോൾ  ഞാൻ മറ്റൊരാളുമായി   സംവദിച്ച് കൊണ്ടിരുന്നതിനാൽ  ആദ്യം അയാളെ  ഒഴിവാക്കിയെങ്കിലും രണ്ടാം തവണ  ഞാൻ  അയാളുമായി പരിചയപ്പെട്ടു. എന്റെ തൊഴിലും മറ്റും പറഞ്ഞു കൊടുത്തു.  അടുത്ത ദിവസം അയാൾ വന്നത്   താഴെ കാണിക്കുന്ന  മെസ്സേജുമായാണ്. മെസ്സേജ്  വായിച്ച്    ഞാൻ  ആദ്യം ഒന്ന് അമ്പരന്നതിനാൽ " നമുക്ക് മറ്റ് കാര്യങ്ങൾ സംസാരിക്കാമെന്നും  ഞാൻ  അപ്പോൾ    തിരക്കിലാണെന്നും"   പറഞ്ഞ് അയാളുമായുള്ള  സംഭാഷണം  അവസാനിപ്പിച്ചു.  പിന്നീട്  പുനരാലോചന നടത്തിയപ്പോൾ  ഒരു പക്ഷേ എന്നെ പരിഹസിക്കുന്നതിനായി  ആരോ  കൽപ്പിച്ച് കൂട്ടി  മെസ്സേജ് അയച്ചതായിരിക്കുമെന്ന് കരുതുകയും ലജ്ജാവഹമായ  ഈ കാര്യം പുറത്തറിയിക്കാതെ  കുഴിച്ച് മൂടുന്നതാണ്  നല്ലതെന്ന് തീരുമാനിക്കുകയും  ചെയ്തു.മാത്രമല്ല എന്റെ കുട്ടികളും സഹോദരങ്ങളും  മറ്റ് കുടുംബാംഗങ്ങളും  എന്റെ പല പോസ്റ്റുകളും വായിക്കുന്നവരാകയാൽ   ഈ വക വൃത്തികെട്ട   വിഷയങ്ങൾ   ഒരു  പോസ്റ്റിലൂടെയോ  മറ്റൊ  പരസ്യപ്പെടുത്തുന്നതിൽ   എനിക്ക് ശങ്ക ഉണ്ടാകുകയും  ചെയ്തു.  പക്ഷേ    തുടർന്ന്  ചിന്തിച്ചപ്പോൾ  ആരുമായെങ്കിലും ഈ കാര്യം  ചർച്ച ചെയ്യുന്നതാണ് ഉത്തമമെന്ന്    ഞാൻ കരുതി . വർഷങ്ങളായി ബ്ലോഗിലും ഫെയ്സ്ബുക്കിലും  തഴക്കവും  പഴക്കവുമുള്ള  എന്റെ ഒരു ആത്മാർത്ഥ  സ്നേഹിതനുമായി  ഈ വിവരങ്ങൾ  പങ്ക് വെക്കുകയും  ഉപദേശങ്ങൾ  ആരായുകയും ചെയ്തപ്പോൾ  ഞാൻ  ഇതിനെ സംബന്ധിച്ച്    പോസ്റ്റ് ഇടുന്നതിൽ  ഒട്ടും ശങ്കിക്കരുതെന്നും     ഇത് രഹസ്യമായി വെക്കാൻ പാടില്ലാ എന്നും സമൂഹ നന്മ കരുതി   ഫെയ്സ്ബുക്ക് പോലുള്ള വിപുലപ്രചാരമുള്ള ഒരു സോഷ്യൽ മീഡിയയിൽ  ഇപ്രകാരമുള്ള ഒരു തിന്മ  ഉണ്ടാകാതെ സൂക്ഷിക്കേണ്ടത്  നമ്മുടെയും  കടമയാണെന്നും  ഇത് പോലുള്ള  അനുഭവങ്ങൾ  മറ്റുള്ളവർക്കും  ഉണ്ടായി കാണുമെന്നും  ഇത് അയക്കുന്ന വ്യക്തിക്ക്  പ്രചോദനവും പ്രോൽസാഹനവും ഉണ്ടാകത്തക്ക വിധം  പ്രതികരണങ്ങളോ നിശ്ശബ്ദതയോ   നിസ്സംഗതയോ  മറ്റുള്ളവരിൽ  നിന്നും  ഉണ്ടായതിനാലായിരിക്കാം  അയാളിപ്പോൾ നിർഭയനായി എനിക്ക് മെസ്സേജ് അയച്ചതെന്നും  ഇനിയും അയാൾമറ്റുള്ളവർക്കും   ഇപ്രകാരം  മെസ്സേജുകൾ  അയച്ചേക്കാമെന്നും   അത് കൊണ്ട് തന്നെ  അയാളെ തടയേണ്ടതിലേക്ക്    ഇത് പരസ്യപ്പെടുത്തേണ്ടത്   എന്റെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതിന്റെ      അടിസ്ഥാനത്തിലാണ് ഇപ്പോൾ  ഈ പോസ്റ്റ്  ഞാൻ  കുത്തിക്കുറിക്കുന്നത്. 
 ഈ തരത്തിലുള്ള  മെസ്സേജുകൾ  ആർക്കെങ്കിലും  ലഭിച്ചിട്ടുണ്ടെങ്കിൽ    സമൂഹത്തിലെ തിന്മ തടയുന്നതിന്റെ ഭാഗമായി അവർ അത് പരസ്യപ്പെടുത്തണമെന്ന്  അപേക്ഷിക്കുന്നു.
 ഈ  തരത്തിലുള്ള  മേസ്സേജ്  എനിക്ക്  മാത്രമായി  അയക്കുവാൻ  തക്കവിധം  എനിക്ക്   യാതൊരു  പ്രത്യേകതകളും  ഇല്ലെന്ന്    എനിക്ക്  ഉറപ്പുണ്ടല്ലോ.അത് കൊണ്ട്  തന്നെ എന്നെ പോലുള്ള സാധാരണക്കാർക്ക്  ഈ തരത്തിലുള്ള മെസ്സേജ്  കിട്ടിക്കാണുമെന്നും  ഞാൻ  കരുതുന്നു.
സോഷ്യൽ മീഡിയാ സൈറ്റുകൾ  സമൂഹ നന്മക്ക് വേണ്ടിയാണ് നില നിൽക്കുന്നത്.  അല്ലാതെ  സമൂഹത്തെ വഴി പിഴപ്പിക്കുന്നതിനല്ല. അത് കൊണ്ട് തന്നെ  ആ സൈറ്റുകൾ  ഏതെങ്കിലും തരത്തിൽ  തിന്മക്കായി  ഉപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടത്  തന്നെയാണ് . അത് സ്വവർഗ രതിയായാലും  ഭിന്ന വർഗ രതിയായാലും  അത് ചെലവഴിക്കേണ്ട  കമ്പോളം  ഫെയ്സ് ബുക്കല്ല. അതിനാൽ  തന്നെ  ഈ മെസ്സേജ് അയച്ച വ്യക്തി  ആരായാലും ശരി  (അയാളുടെ പ്രൊഫൈൽ  വ്യാജം  തന്നെ  ആയിരിക്കുമെന്ന്  ഉറപ്പ്) ഇപ്രകാരമുള്ള  പ്രവർത്തി  ആവർത്തിക്കുന്നു എങ്കിൽ  ആദ്യ കുറ്റത്തിന്  മാപ്പ്  നൽകുക  എന്ന  സാമാന്യമര്യാദക്ക്   ഇപ്പോൾ അയാൾ  അർഹനായെങ്കിലും  അടുത്ത തവണ   അയാൾക്ക് അത് ലഭിക്കുകയില്ലാ എന്നും   ഈ നാട്ടിൽ നിലവിലുള്ള നിയമങ്ങൾ  അയാളെ തേടി  എത്തുമെന്നും  അയാളെ  ഓർമ്മിപ്പിക്കുവാനും    കൂടിയാണ്  ഈ കുറിപ്പുകൾ  എന്നറിയിച്ച്  കൊള്ളട്ടെ.

Monday, June 2, 2014

മുൻ കൂർ സത്യം ചെയ്യൽ

ഇന്ന്  രാവിലെ പത്രവായനക്ക്  ശേഷം എന്റെ നല്ല പാതിയെ   അടുത്ത് വിളിച്ചിരുത്തി  ഞാൻ  സത്യം ചെയ്തു.
"പടച്ചോനാണെ,  മുത്തു നബിയാണെ  എന്റെ മരിച്ച് പോയ വാപ്പയും ഉമ്മയുമാണെ  ഉസ്താദിന്റെ മുട്ട് കാലാണെ  സത്യം,  നമ്മുടെ ഈ നാലു കുഞ്ഞുങ്ങളല്ലാതെ   എനിക്ക്  ഒരുത്തിയിലും  വേറെ  കുഞ്ഞുങ്ങൾ  ജനിച്ചിട്ടില്ല,  ഇത്  സത്യം...."
"രാവിലെ വട്ടിളകിയോ  മനുഷ്യാ  നിങ്ങൾക്ക്....?"  അവൾ  ചൂടായി;  "അടുക്കളയിൽ  നൂറു കൂട്ടം  പണി കിടക്കുമ്പോഴാണ്  ങ്ങടെ  ഒരു  സത്യം  ചെയ്യല്....   എന്തേ  വല്ലിടത്തും  പോയി  വല്ല  കോളും  ഒപ്പിച്ചോ  ?  "  അവൾ  സംശയത്തോടെ  എന്നെ  നോക്കി.
"അതല്ലടോ,  ഞാൻ  ഒരു  മുൻ കരുതൽ  എടുത്തെന്നേ  ഉള്ളൂ ,   ഇവിടെ  വായനശാലയുടെ  പ്രസിഡന്റ്  സ്ഥാനത്തേക്ക്  നാട്ടുകാർ എന്റെ പേര്  നിർദ്ദേശിക്കാൻ  സാദ്ധ്യതയുണ്ട്, റസിഡന്റ് അസ്സോസിയേഷനിലെ ഇപ്പോഴത്തെ നേതൃത്വം ഒഴിയുമ്പോൾ  എന്റെ പേര്  പരിഗണിച്ചേക്കാം...ഇതിലെല്ലാം   അസൂയ  ഉള്ള  കക്ഷികൾ  ധാരാളം  പേർ കാണും....അവരെല്ലാം  കൂടി  സംഘടിച്ച്  ദേ!  ആ പെണ്ണിനെ  ചെന്ന്  നല്ലത്  പോലെ   കണ്ട്  കരഞ്ഞ്  പറഞ്ഞാൽ  അവളുടെ ഇളയ കുഞ്ഞ്  എന്റേതാണെന്ന്  അവളൊരു  പത്രപ്രസ്താവന   നടത്തുമ്പോൾ എന്റെ  പ്രസിഡന്റ്   സ്ഥാനവും  റസിഡന്റ്  സ്ഥാനവും   കട്ട പൊഹ!  അവളാണെങ്കിൽ ആരെയും  എന്തിനെയും  എന്തും  പറഞ്ഞ്  എം.പി. സ്ഥാനവും  മന്ത്രിസ്ഥാനവും  ഫൂ!  എന്ന്  തെറിപ്പിക്കുന്നു.  പിന്നല്ലേ   ഈ  പാവപ്പെട്ട  ഞാൻ...പേടി  ആകുന്നെടോ.....പുരുഷന്മാരെല്ലാം  ഇനി  ഭയന്ന്  ജീവിച്ചേ  മതിയാകൂ...അത്  കൊണ്ടാണ്  പൊന്നേ!  ഞാൻ  മുൻ കൂർ  സത്യം ചെയ്യൽ  നടത്തിയത്.......പടച്ചോനേ  കാത്ത് കൊള്ളണേ!