Sunday, December 31, 2017

അടിച്ചു മാറ്റല്‍

പല നാള്‍  കള്ളന്‍ ഒരു നാള്‍ പിടിയില്‍ പെട്ടൂ .  നിരക്ഷരന്റെ രചന  അടിച്ചുമാറ്റി  സ്വന്തം പുസ്തകത്തില്‍  ചേര്‍ത്ത് വില്പന നടത്തിയ  മാന്യദേഹത്തുന്റെ  ചെമ്പു പുറത്തായി. നിരക്ഷരന്റെ പരാതിയെ തുടര്‍ന്ന്  സത്യം ബോദ്ധ്യപ്പെട്ട   പ്രസാധകര്‍  പുസ്തകം വിപണിയില്‍ നിന്നും പിന്‍ വലിച്ച  വാര്‍ത്ത ഇന്നത്തെ മാധ്യമം പത്രത്തില്‍ വായിച്ചപ്പോള്‍ നിരക്ഷരന്‍  ആയതു കൊണ്ടാണ് കാര്യം ഇത്രയ്ക്കു ഉഷാറായി  നടപടിയിലേക്ക് തിരിഞ്ഞതെന്ന കാര്യത്തില്‍   എനിക്ക് ഒട്ടും സംശയമേ ഇല്ലായിരുന്നു.. കാരണം  പ്രസിദ്ധനായ ബ്ലോഗറാണ് അദ്ദേഹം . എല്ലാവര്‍ക്കും  സുപരിചിതനുമാണ്. ഇങ്ങിനെയുള്ള ഒരു കാര്യത്തില്‍ എന്ത് ചെയ്യണമെന്നു  അദ്ദേഹത്തിനു ആരും പറഞ്ഞു കൊടുക്കുകയും വേണ്ടാ. പക്ഷെ ഇവിടെ  ഈ ബ്ലോഗു  ലോകത്ത്  അതിക്രമിച്ചു കയറി ഈ മാതിരി കവര്‍ച്ച  നടത്തുന്ന സാഹിത്യ ലോകത്തെ തിരുമാലികള്‍  പട്ടാപകല്‍ ബ്ലോഗിനെ പുലഭ്യം പറയുകയും രാത്രിയില്‍ കുത്തിയിരുന്നു ബ്ലോഗിലെ നല്ല രചനകള്‍  അടിച്ചു മാറ്റുകയും ചെയ്യുന്ന  പ്രവണത ഇനി ഒന്ന് ആലോചിച്ചു ചെയ്യുകയെ ഉള്ളൂ  എന്നിടത്താണ് നിരക്ഷരന്‍ എന്ന ഞങ്ങളുടെ മനോജു രവീന്ദ്രനെ  അഭിനന്ദനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിക്കേണ്ടത്‌. .  പാവപ്പെട്ട ബ്ലോഗറന്മാര്‍  അവരുടെ സര്‍ഗ വൈഭവം കൊണ്ട്  രചനകള്‍  തയാറാക്കി  ഓരോ പത്രക്കാരന്റെയും കാലു താങ്ങി പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ അവസാന ആശ്രയം  ബ്ലോഗില്‍ കണ്ടെത്തി പോസ്റ്റു ചെയ്യുന്നത് ഒരു ചെലവുമില്ലാതെ  കൊപീ പേസ്റ്റ്  ചെയ്തു സ്വന്തം രചനയാക്കി  അച്ചടി മഷി പുരട്ടിക്കുന്നത് എവിടെയെങ്കിലും   വായിക്കേണ്ട ഗതികേട്  ആ പാവങ്ങള്‍  നേരിടുമ്പോള്‍  ഇത് എന്റെ കുഞ്ഞാണല്ലോ   എന്ന് പറഞ്ഞു  അന്തം വിട്ടു കരയുന്നതു ബ്ലോഗിന്റെ പുഷ്കര കാലത്ത് ഈയുള്ളവന്  കാണേണ്ടി വന്നിട്ടുണ്ട്.
അനന്തര നടപടികളിലേക്ക്  കടക്കാന്‍ ആ പാവപ്പെട്ടവര്‍ക്ക് ത്രാണിയും സമയവും  ഇല്ലായിരുന്നു. മാത്രമല്ല പ്രസിദ്ധനായ  ഒരാളോട് ഏറ്റു മുട്ടുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെയും  അവര്‍ ഭയപ്പെട്ടു. ഇവിടെയാണ്‌ നിരക്ഷരനെന്ന  അക്ഷര ജ്ഞാനി  ജയിച്ചത്. ഈ സംഭവത്തിലെ കക്ഷിക്ക്  പറ്റിയ അക്കിടി  മറ്റുള്ള അടിച്ചു മാറ്റല്‍  വീരന്മാര്‍ക്കു   ഒരു പാഠമാകും എന്ന് പ്രത്യാശിക്കാം.
ആയിരമായിരം അഭിനന്ദനങ്ങള്‍  നിരക്ഷരന്‍ എന്ന മനോജ്‌ രവീന്ദ്രന്‍.

Saturday, December 30, 2017

ധനുമാസ പുലരിയില്‍ പ്രിയപ്പെട്ടതിന്റെ മുമ്പില്‍.

ഏറ്റവും  പ്രിയയായിരുന്ന കൂട്ടുകാരി   കൈവിട്ടു പോവുകയും പിന്നീട്  മറ്റൊരാളുടെ   ഉടമസ്ഥതയില്‍  ജീവിക്കുകയും ചെയ്യുന്നത്  കാണുമ്പോള്‍  പഴയ കൂട്ടുകാരന്റെ  മനസ്സില്‍ ഉണ്ടാകുന്ന  വേദനയാണ്  നാം കളിച്ചു  വളര്‍ന്ന  വീട്  കൈ വിട്ടു പോവുകയും  പിന്നീടൊരിക്കല്‍ നാം ആ വീടിന്റെ  മുമ്പില്‍ നിന്ന് ആ വീട് കാണുകയും ചെയ്യുമ്പോള്‍   മനസ്സില്‍ ഉണ്ടാകുന്നത്.
ആലപ്പുഴയിലെ   വട്ടപ്പള്ളിയില്‍  എന്റെ  ബാല്യ കൌമാര കാല  സ്മരണകള്‍   നിറഞ്ഞു നില്‍ക്കുന്ന  ആ വീടിന്റെ മുമ്പില്‍ കഴിഞ്ഞ  ദിവസം  പുലര്‍കാലത്ത്‌ ഞാന്‍  വന്നപ്പോള്‍   എന്തെല്ലാം ഓര്‍മ്മകളാണ്  മനസിലൂടെ കടന്നു പോയത്. ഇപ്പോള്‍ എന്റെതല്ലാത്ത എന്റെ ആ  വീടിനെ ധനുമാസ കുളിരില്‍  നിര്‍ന്നിമേഷനായി നോക്കി നിന്നപ്പോള്‍  ഒരിക്കല്‍ കൂടി  അവിടെ എവിടെ എങ്കിലും  ചടഞ്ഞിരിക്കാനും  ഉമ്മായുടെ  ശകാരം കേള്‍ക്കാനും  അതിയായ കൊതി തോന്നി. വേലിക്കപ്പുറത്ത്  വളകിലുക്കം  കേള്‍ക്കുന്നുണ്ടോഎന്നും എന്നെ കാത്തു ഒരാള്‍  അവിടെ നില്‍പ്പുണ്ടോ എന്ന് കണ്ണും കാതും കൂര്‍പ്പിച്ച്  ശ്രദ്ധിക്കാനും   ഉള്ളില്‍ മോഹം  നുര പൊന്തി.  മാനത്തെ കുളിര്‍ നിലാവിനെ നോക്കി കിടന്നു കൊണ്ട്  കടന്നു പോയ ആ നല്ല  കാലത്തിലെ  മധുര സ്മരണകള്‍  അയവിറക്കി  ശിഷ്ടജീവിതം ഈ മണ്ണില്‍ കഴിച്ചു കൂട്ടണമെന്ന്  എത്രയോ  കൊതിക്കുന്നു . പക്ഷെ ഈ മണ്ണും ആ വീടും എല്ലാ പ്രിയമുള്ളതും  കൈ വിട്ടു പോയി. ഒരിക്കലും എനിക്കത് തിരികെ പിടിക്കാന്‍ സാധിക്കില്ല  എന്നും,   ആകസ്മികമായി  വിലപ്പെട്ട നിധി കൈവശത്തിലെത്തിയ മോണ്ടിക്രിസ്ടോ  പ്രഭുവല്ല  ഞാനെന്നും  അതുകൊണ്ട് തന്നെ എനിക്ക്  ഈ വീട് വിലക്ക് തിരികെ വാങ്ങാന്‍  സാധിക്കുകയുമില്ലാ എന്നുമുള്ള  തിരിച്ചറിവ്  എന്നെ  നിരാശനാക്കുന്നു.എങ്കില്‍ തന്നെയും  ഇപ്പോള്‍ താമസിക്കുന്നിടത്ത് നിന്നും  നൂറു കിലോമീറ്റര്‍ താണ്ടി വല്ലപ്പോഴും  ഈ നാട്ടിലെത്തുമ്പോള്‍ എന്റെ പ്രിയപ്പെട്ട സ്മരണകള്‍ ഉറങ്ങുന്ന ഈ  വീട്  കാണുവാന്‍     അന്തേവാസികള്‍  ഉണരുന്നതിനു മുമ്പ്  പുലര്‍കാലത്ത്‌ വന്നു ഈ മണ്ണില്‍ ചവിട്ടി നിന്ന്  പ്രിയപ്പെട്ട വീടിനെ നോക്കി നില്‍ക്കുന്നത് എന്നില്‍ എന്തും മാത്രം അനുഭൂതിയാണ്  ഉളവാക്കുന്നതെന്ന് എനിക്കല്ലേ അറിയൂ. 

Friday, December 15, 2017

സ്ത്രീധനം പി.ജി. അഡ്മിഷന്‍

പെണ്‍കുട്ടി  മെഡിക്കല്‍ ബിരുദ ധാരിണിയാണ്.  എം.ബി.ബി.എസു . കാരി.  പയ്യനും അതേ ബിരുദം.  മെഡിക്കല്‍ ബിരുദ ധാരിണിക്ക്  അതല്ലേ ചേരൂ.  സ്ത്രീധനം ഒന്നും വേണ്ടാ എന്ന് പയ്യന്റെ  രക്ഷകര്‍ത്താക്കള്‍ വിവാഹത്തിനു മുമ്പേ പറഞ്ഞു.. സ്വര്‍ണം നിങ്ങളുടെ ഹിതം പോലെ .എത്ര കിലോയും ആകാം. പിന്നെ ഒരു ചെറിയ കാര്യമുണ്ട്. ഇന്നത്തെ കാലത്ത് എം.ബി.ബിഎസ്സു കൊണ്ട് കാര്യമൊന്നുമില്ല.  പി.ജി .ക്ക് വിടണം. ഇപ്പോള്‍ പി.ജിക്ക്  വന്‍ തുകയാണ് വേണ്ടത്.  അഡ്മിഷന്‍ സമയത്ത് പയ്യന് പി.ജി. കിട്ടാന്‍ വേണ്ടത് ചെയ്യണം. ഇത്രയേയുള്ളൂ പയ്യന്റെ ഭാഗത്ത് നിന്നും ഡിമാണ്ട്  സമയം ആകുമ്പോള്‍ വേണ്ടത്  ചെയ്യാമെന്ന്  പെണ്‍കുട്ടിയുടെ പിതാവ് വാക്ക് കൊടുത്തു. അങ്ങിനെ അടി പൊളി കല്യാണം ഒന്ന് നടന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍  ഹരിയാനയിലോ കുരുക്ഷേത്രത്തിലോ  പി.ജി. സീററ്  ഒന്ന് തരപ്പെട്ടു.  അഡ്മിഷന്  തുക കുറച്ചു മതി.  വെറും ഒരു കോടി രൂപാ. വിവരം മരുമകള്‍ മുഖേന അമ്മായി അപ്പന്‍ അച്ഛനെ അറിയിച്ചു. "ഒരു കോടി രൂപയോ"?! ആ പാവം അന്തം വിട്ടു.  ഒരു പെണ്‍കുട്ടി ജനിച്ചു പോയി എന്നതിന് ഇത്രയും വലിയ ഫൈനോ ?!. അവസാനം ആ തുകയില്‍ ഒരു വിഹിതം തരാം എന്നായി പാവം പിതാശ്രീ.   അച്ഛന്‍  പറഞ്ഞ  തുക പറയാന്‍ പറ്റാത്ത ഒരു  സ്ഥലത്ത് കൊണ്ട് പോയി  വെക്കാന്‍ മരുമകള്‍ കേള്‍ക്കെ അമ്മായി അപ്പന്‍ മൊഴിഞ്ഞു. രാത്രിയില്‍ ഭാര്യ ഭര്‍ത്താവിനോട് അമ്മായി അപ്പന്റെ സംസ്കാര രഹിതമായ വാക്കുകളെ  പറ്റി  രോഷത്തോടെ സംസാരിച്ചു. "നിന്റെ അച്ഛന്റെ  പിത്രുരാഹിത്യം അല്ലെ ഇതിനു കാരണം" എന്ന് ഭര്‍ത്താവും  പ്രതികരിച്ചു. വഴക്ക്കള്‍ എല്ലാ ദിവസവും സാധാരണമായി.പിന്നീട് എല്ലാവരും ശ്രേഷ്ഠ ഭാഷയിലായി സംസാരം. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ എം.ബി.ബി.എസ്സുകാരി  ഭാര്യ,  ഭര്‍തൃ വീട്ടിലെ  പൊറുതി അവസാനിപ്പിച്ചു  മാതൃ പേടകത്തില്‍ തിരിച്ചെത്തി.
"നിന്റെ ജോലി ഇഷ്ടപ്പെട്ടു, ഇനി ഇവിടെ പണി യെണ്ടാ, ഇന്നത്തെ കൂലിയും വാങ്ങി   വേല മുണ്ടും എടുത്തു സ്ഥലം  വിട്ടോ" എന്ന്  പഴയ മോഡല്‍ മുതലാളി വര്‍ത്തമാനം അച്ഛനും മകനും കൂടി  പിന്നില്‍ നിന്നും പറഞ്ഞു. " ഇനി ഈ വീട്ടിലെക്കില്ലാ" എന്ന് ഭാര്യയും ഉറപ്പിച്ചു.
അച്ഛനെയും മകനെയും  ഒരു പാഠം പഠിപ്പിക്കണം" ഇതാണ് പെണ്‍കുട്ടിക്കും  ബന്ധുക്കള്‍ക്കും ആവശ്യം. ഈ അവസ്ഥയിലാണ് ഞങ്ങള്‍ അവരേ കാണുന്നത്.
കേസ് അവിടെ നില്‍ക്കട്ടെ.  ചിന്ത മറ്റൊരു  വഴിക്കാണ് പോയത്. മെഡിക്കല്‍ ബിരുദത്തിനു  ഇപ്പോള്‍ 70  ലക്ഷം.  പി.ജി.ക്ക് ഒരു കോടി .  എല്ലാം കൂടി രണ്ടു കോടിയോടടുത്ത് വേണം  ഡാക്കിട്ടരാകാന്‍. ഇത്രയും മുതല്‍ മുടക്കി ഇരിക്കുന്നവന്റെ മുമ്പിലാണ് നമ്മള്‍  ചികിത്സക്കായി  പോകേണ്ടത്.  അവന്‍ നമ്മളെ അറുത്തു മുറിച്ചു തിന്നും എല്ലും മുടിയുംനഖവും ബാക്കി കിട്ടിയാല്‍ ഭാഗ്യമായി.
പച്ചവെള്ളവും കുടിച്ചു പള്ളിക്കൂടത്തില്‍ പോയവരാണ് ഞങ്ങളുടെ തലമുറ. ഇത്രയും ആര്‍ത്തി അന്നില്ലായിരുന്നു. അതിനാല്‍ തന്നെ പരസ്പരം ബഹുമാനവും സ്നേഹവും നിലനിര്‍ത്തി പോന്നിരുന്നു. പട്ടിണി മാറിയാല്‍  ക്ഷേമം വരുമെന്ന് എല്ലാരും പറഞ്ഞു.  ഇന്ന് പട്ടിണി സര്‍വ സാധാരണമല്ല. ഭൌതികപരമായ നേട്ടം  എല്ലായിടത്തും ഉണ്ട്. പക്ഷെ  പട്ടിണിക്ക്  പകരം പൊങ്ങച്ചവും  ആളാകാന്‍ നോട്ടവും പണത്തോടുള്ള ആര്‍ത്തിയും  എവിടെയും കാണപ്പെടുന്നു. ഇത് ക്ഷേമം ആണെന്ന് പറയാന്‍ കഴിയുമോ?  ആത്യന്തികമായ ക്ഷേമം എങ്ങോ മറഞ്ഞു നില്‍ക്കുന്നു.

Tuesday, December 5, 2017

സന്ധ്യാ രാഗം

വൃശ്ചിക സായാഹ്നത്തിന്റെ  അവസാനം  സന്ധ്യയോടു സംഗമിക്കുന്ന  ആ സമയം എവിടെ നിന്നോ ഒരു  പഴയ  ഹിന്ദി ഗാനം റാഫി സാഹിബിന്റെ മധുര സ്വരത്തില്‍ എന്നിലേക്ക്‌  ഒഴുകി വന്നു.  ചില പാട്ടുകള്‍  അത് ആദ്യം കേട്ട  സന്ദര്‍ഭം നമ്മുടെ ഉള്ളിലേക്ക്  ആവാഹിച്ചു കൊണ്ട് വരും.  ഇന്നും അതാണ്‌ സംഭവിച്ചത്.  പഴയ കാലം അന്നത്തെ കൌമാര സൌഹൃദങ്ങള്‍  എന്നിലേക്ക്‌  ഒന്നിന് പുറകെ  ഒന്നായി  അലയടിച്ചു എത്തി . അവരെല്ലാം എവിടെ ആയിരിക്കും ഇപ്പോള്‍? എനിക്കറിയില്ല,  ചിലരെ തേടി ഞാന്‍ ദിവസങ്ങള്‍ അലഞ്ഞു നടന്നിട്ടുണ്ട്. വെറുതെ ഒന്ന് കാണാന്‍ മാത്രം.
ഹൈസ്കൂള്‍  കാലത്തെ രാജേന്ദ്രന്‍ അവന്റെ പ്രണിയിനീ  വിടര്‍ന്ന കണ്ണുകളുള്ള  ഓമന , അവള്‍ എന്റെ സൌഹൃദമാണ്  ആഗ്രഹിചിരുന്നതെന്നത്  മറ്റൊരു  തമാശ.
 അവരെ തേടി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്  ഞാനേറെ അലഞ്ഞു.  കണ്ടെത്തിയില്ല.
16 വയസ്സില്‍   കഥകളുടെയും കവിതകളുടെയും  എന്റെ പണി പ്പുരയായിരുന്ന ആലപ്പുഴ കടപ്പുറത്ത് എന്റെ സമീപം ദിവസവും വന്നിരുന്ന   കൊച്ചു കൂട്ടുകാരി  ഷേര്‍ളി .  അന്ന് അവള്‍ക്കു എട്ടു വയസുണ്ടായിരുന്നു,എന്ത് കൊണ്ടോ എന്നെ അവള്‍ക്കു വലിയ ബഹുമാനമായിരുന്നു. ഇന്ന് ഷേര്‍ളി  എവിടെ ആയിരിക്കും. കണ്ടാല്‍ തിരിച്ചറിയുമോ പഴയ സൗഹൃദം തിരിച്ചറിയുമോ?
തമിഴ് നാട്ടിലെ  ക്രോം പേട്ടില്‍ ഭൂവനെശ്വരി ആന്റ് കമ്പനിയിലെ എന്റെ സഹപ്രവര്‍ത്തകന്‍  കണ്ണൂര്‍ക്കാരന്‍  അലക്സാണ്ടര്‍. അന്നെനിക്ക് 21 വയസായിരുന്നു. അവന്റെ ചേട്ടന് താംബരത്ത്‌  മിലട്ടറി  ക്യാമ്പില്‍  ജോലി ഉണ്ടായിരുന്നു.  അവിടെന്നു പിരിഞ്ഞതിനു ശേഷം  അലക്സാണ്ടാറെ  ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ ജീവനോടെ കാണുമോ  ഉണ്ടെങ്കില്‍ എന്നെ ഓര്‍മ്മിക്കുമോ?
അങ്ങിനെ എത്രയെത സൌഹൃദങ്ങള്‍.  സൌഹ്രദം എന്റെ ദുര്‍ബലതയാണ് അന്നും  ഇന്നും.
പ്രിയ സുഹൃത്തുക്കളെ   നിങ്ങള്‍ ഇന്നുമെന്റെ  ഉള്ളില്‍ താമസിക്കുന്നു. ഒരു പഴയ ഗാനം  ഉള്ളിന്റെ ഉള്ളില്‍ നിന്നും ഈ സന്ധ്യാ വേളയില്‍  നിങ്ങളെ   വെളിച്ചത്തില്‍ കൊണ്ട് വന്നിരിക്കുന്നു.
ചേക്കേറാന്‍ പോകുന്ന പക്ഷികളുടെ  കരച്ചില്‍ പിന്നണിയാക്കി സന്ധ്യാ രാഗം  അന്തരീക്ഷത്തില്‍  നിറഞ്ഞു നില്‍ക്കുന്ന  ഈ വേളയില്‍  എന്നോട് ഞാന്‍ തന്നെ ചോദിക്കുകയാണ്  എന്നെങ്കിലും എന്റെ ജീവിതത്തില്‍ നിങ്ങളെ എനിക്ക്  കാണാന്‍ കഴിയുമോ?

Saturday, November 25, 2017

മൌലവിമാരും പിടിച്ചുപറിയും

ലീഗല്‍ സര്‍വീസ് അതോര്‍ട്ടിയുടെ  അദാലത്ത് നടന്നു കൊണ്ടിരിക്കുന്നു. അടുത്ത കേസ് വിളിച്ചപ്പോള്‍   മൊത്തം ഊറ്റി  എടുക്കുന്ന ഒരു  ബ്ലൈഡ് കമ്പനി വാദിയും  താടിയും തൊപ്പിയും ധരിച്ച  ഒരു മൌലവി  പ്രതി യുമായിരുന്നു. കമ്പനിക്ക് നല്‍കിയ          ചെക്ക്   മാറാതെ മടങ്ങിയപ്പോള്‍  മൌലവിക്കെതിരെ 138 പ്രകാരം  കേസ് ഫയല്‍ ചെയ്തത് ഒത്തു തീര്‍പ്പിനായി അദാലത്തില്‍ വന്നിരിക്കുകയാണ് .  മൌലവിയോടു  ചെക്ക് നല്‍കിയ സാഹചര്യം തിരക്കിയപോള്‍ അദ്ദേഹം പറഞ്ഞത്  ഇപ്രകാരമാണ്.
ഒരു ബൈക്ക്  വാങ്ങണമെന്ന  പൂതി മനസ്സില്‍ വല്ലാതെ വളര്‍ന്നപ്പോള്‍  കൊള്ള  പലിശക്ക്  കമ്പനിയില്‍  നിന്നും ലോണെടുത്ത്  ബൈക്ക് വാങ്ങി.   അടവ്  വീഴ്ച വരുത്തിയപ്പോള്‍  കമ്പനി പിടി മുറുക്കി.  നിവര്‍ത്തി ഇല്ലാത്ത ഘട്ടത്തില്‍  മൌലവി ബൈക്ക് കമ്പനിക്കു വിട്ടു കൊടുത്തു . തടി സലാമാത്താക്കി എന്ന് കരുതി സമാധാനപ്പെട്ടിരിക്കുമ്പോഴാണ്  ഇടിതീ  പോലെ കമ്പനിയില്‍ നിന്നും നോട്ടീസ് വരുന്നത്. തിരിച്ചെടുത്ത  ബൈക്കിനു ആക്രി വില ഇട്ടെടുത്ത്  ലോണ്‍ തുകയില്‍ വരവ് വെച്ചു  ബാക്കിക്ക്    മൌലവി ആദ്യം കൊടുത്ത  ചെക്ക് ഉപയോഗിച്ചു  കേസ് കൊടുത്തിരിക്കുകയാണ്. കമ്പനിക്കാരോട്  സംസാരിച്ചപ്പോള്‍  പലിശ ഇനത്തില്‍ വലിയ തുക  കുറയ്ക്കാമെന്ന് സമ്മതിച്ചു. കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച്  കടം തീര്‍ക്കാന്‍ മൌലവിയോടു പറഞ്ഞപ്പോള്‍ മൌലവി  അല്‍പ്പം സാവകാശം ആവശ്യപ്പെട്ടു.  എത്ര  നാള്‍ വേണമെന്ന എന്റെ ചോദ്യത്തിനു " സാറെ  സീസന്‍ അടുത്ത മാസമാണ് അപ്പോള്‍  കൊടുക്കാമെന്ന മറുപടിയാണ്  മൌലവിയില്‍ നിന്നും ഉണ്ടായത്.  "സീസണോ  " എന്ന് ഞാന്‍ അതിശയിച്ചപ്പോള്‍  "സാറെ  നബി ദിനമാണ്  അടുത്ത മാസം  പലയിടത്തും പ്രസംഗിക്കാന്‍  എന്നെ ക്ഷണിച്ചിട്ടുണ്ട്  അന്ന് പൈസാ     ഉറപ്പായി കിട്ടും അപ്പോള്‍ കൊടുത്തു തീര്‍ക്കാം " എന്ന വിശദീകരണം  അദ്ദേഹം തന്നു. വര്‍ഷങ്ങള്‍ക്കു  മുമ്പ്  എനിക്ക് കിട്ടിയ  ആ മറുപടിയാണ് എന്നെ ഇവിടെ ഈ നബി ദിന മാസത്തില്‍  ഈ കുറിപ്പുകളെഴുതാന്‍ പ്രേരിപ്പിച്ചത്.
അതേ!  മൌലവിമാരുടെ സീസന്‍ കാലമാണിത്.  ട്രെയിനും  ബസ്സും  ധാരാളം ഉള്ള  സ്ഥലത്തേക്കും  ഈ പ്രസംഗ തൊഴിലാളികള്‍  ടാക്സിയിലെ സഞ്ചരിക്കുകയുള്ളൂ. ചെങ്ങന്നൂരില്‍ നിന്ന്  കയറിയിട്ട് കോഴിക്കോട് നിന്നും വരുന്നു എന്ന് പറഞ്ഞു  ടാക്സി കൂലി വാങ്ങുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. കൊടുത്ത  തുക മതിയാകാതെ വന്നിട്ട് ഭാരവാഹിയെ തെറി വിളിച്ച  കടന്നു പോയ മൌലവിയെയും  കാണാന്‍  ഇട വന്നിട്ടുണ്ട്. ദൈവം നല്‍കിയ ശബ്ദ ഗാംഭീര്യവും  സംസാര  ചാതുര്യവും  ഉപയോഗിച്ചു ലക്ഷങ്ങള്‍  വാങ്ങുന്നവരും  ഈ നാട്ടിലുണ്ട്. പലപ്പോഴും മഹല്‍ ഭാരവാഹികള്‍ ഇവരുടെ  പ്രസംഗ ചാതുര്യം  ഉപയോഗിച്ച് ശ്രേതാക്കളില്‍  നിന്നും വന്‍ തുക പിരിചെടുക്കുവാന്‍ ഇവരേ ഉപയോഗിക്കുകയും  പിരിഞ്ഞു കിട്ടിയതില്‍ നിന്നുംനിശ്ചിത  തുക  ഇവര്‍ക്ക്  നല്‍കുകയും ചെയ്യുന്നു.  ദൈവം അവര്‍ക്ക് നല്‍കിയ കഴിവ്  അവര്‍ കച്ചവടം ചെയ്യുകയാണ് എന്ന് ചുരുക്കത്തില്‍ പറയാം.
വിശുദ്ധ ഖുര്‍ ആനെയും  തിരു സുന്നത്തിനെയുമാണ്  ഇവര്‍ വിഷയമാക്കി പ്രഭാഷണം നടത്തുന്നത്. വിശുദ്ധ വചനങ്ങള്‍ വിറ്റു ധനം  സമ്പാദിക്കുന്നവന്‍  അഗ്നി കൊണ്ടാണ് തന്റെ വയറു നില്‍ക്കുന്നതെന്ന  തിരു  വചനം അവര്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യും.
ഈ സത്യം  അറിഞ്ഞിട്ടും  കനത്ത തുക ആവശ്യപ്പെടുന്ന പണ്ഡിതന്മാരെ  ഒഴിവാക്കാന്‍ സമുദായ നേതാക്കള്‍  എന്ത് കൊണ്ട്  മുതിരുന്നില്ല.  അതാതു പള്ളിയില്‍ വെള്ളിയാഴ്ചകളില്‍  ഖുതുബക്ക് മുമ്പ്  ആമുഖ പ്രസംഗം മലയാളത്തില്‍ നടത്തുന്ന  ഇമാമുമാര്‍ എത്ര യുക്തി ഭദ്രവും ചിന്തനീയവുമായ  പ്രഭാഷണങ്ങളാണ്  ജനങ്ങ്ങ്ങള്‍ക്ക് മുമ്പില്‍  അവതരിപ്പിക്കുന്നത്‌. ആ ഇമാമുമാര്‍  തന്നെ പോരെ നബി ദിന ദിവസങ്ങളില്‍  പ്രഭാഷണം നടത്തുവാന്‍....
ഇവിടെ ന്യായമായ ഒരു ചോദ്യത്തിനു  സാദ്ധ്യതയുണ്ട്.  അതായത് ഈ ഉസ്താദ ന്മാര്‍ക്കും ജീവിക്കേണ്ടേ എന്ന്.  തീര്‍ച്ചയായും  അവര്‍ക്ക് ഒന്നും കൊടുക്കേണ്ടാ എന്ന് ഞാന്‍ പറഞ്ഞില്ല.  കൊടുക്കുന്നത് സന്തോഷത്തോടെ  കൈ പറ്റി പോകുന്ന  വലിയ മനസുള്ള  എത്രയോ മൌലവിമാര്‍ ഈ നാട്ടിലുണ്ട്/ അതേ പോലെ  വണ്ടിക്കൂലി മാത്രം കൈപറ്റി  ദൌത്യം നിര്‍വഹിച്ചു പോകുന്ന എത്രയോ  പ്രഭാഷകര്‍ ഇവിടെ ഉണ്ട് അവരെ  ക്ഷണിക്കുക, പക്ഷെ പറയുന്ന വാചകത്തോട്  നീതി പുലര്‍ത്താത്തവരെ വിളിച്ചു  പ്രഭാഷണം നത്തിയിട്ടെന്തു പ്രയോജനമെന്ന് ചിന്തിക്കേണ്ടതല്ലേ..
"നിങ്ങള്‍ സത്യം പറയുക സഹോദരങ്ങളെ " എന്ന് വിളിച്ചു കൂവിയിട്ടു  ഞാന്‍ കാസര്‍ഗോട്ട് നിന്നാണ് വന്നത് അവിടം മുതലുള്ള  യാത്രക്കൂലി കിട്ടണം  എന്ന് കള്ളം പറയുന്ന വന്റെ പ്രഭാഷണം കേട്ടാല്‍ നമുക്കെന്തു പുണ്യം കിട്ടാനാണ് ?.
പുണ്യ പ്രവാചകന്റെ ലളിത ജീവിത രീതിയെ പറ്റി കണ്ണീരോടെ  പ്രസംഗിച്ചിട്ട്‌ വിഭവ സമൃദ്ധമായ  ആഹാരത്തിനു മീതെ  ഒരു ഔന്‍സ് ദശമൂലാരിഷ്ടം കഴിച്ചു ഏ,സി, റൂം നിര്‍ബന്ധം എന്ന് മഹല്ലുകാരോട് നിബന്ധന വെക്കുന്ന പണ്ഡിതന്റെ  പ്രസംഗം നമുക്കെന്തു പുണ്യം തരാനാണ്
ഈ കുറിപ്പ് വായിച്ചു  മൌലവിമാര്‍  രോഷം കൊണ്ടിട്ടു കാര്യമില്ല.  അവര്‍ക്ക് ഈ തൊപ്പി  ചേരുന്നെങ്കില്‍  എടുത്തണിയുക,  അതല്ലാ എങ്കില്‍  അത് ഞങ്ങളെ പറ്റി അല്ലല്ലോ എന്ന് സമാധാനപ്പെടുക. 

Wednesday, November 8, 2017

കാലം സത്യം.

ലാത്തി,  തോക്ക്, കണ്ണീര്‍ വാതകം  തുടങ്ങി  സമരങ്ങളെ  നേരിടാന്‍ ഉപയോഗിക്കുന്ന  ഏത്  ആയുധങ്ങളെക്കാളും  ഫലപ്രദമാണ്  ആ സമരത്തെ  ഒറ്റപ്പെടുത്താനായി  തീവ്രവാദ, ഭീകരവാദ, വര്‍ഗീയവാദ പട്ടം ചാര്‍ത്തി കൊടുക്കല്‍.
സമാധാനം ആഗ്രഹിക്കുന്ന സമൂഹം മേല്‍പ്പറഞ്ഞ വാദങ്ങള്‍ ആരോപിക്കപ്പെടുന്നവരെ  ഒഴിഞ്ഞു വെക്കുന്ന പ്രവണതയാണല്ലോ ആദിമുതല്‍ കണ്ടുവരുന്നത്‌. ഭരണവര്‍ഗത്തിന്റെ ഈ ആയുധം പലപ്പോഴും ഫലപ്രദമായിരുന്നു.
 കോണ്ഗ്രസ്ജനമധ്യത്തില്‍ ദേശീയ സമരത്തിന്റെ ഭാഗമായി രംഗത്ത് വന്നപ്പോള്‍   സമൂഹം ആദിയില്‍   അവരെ അവഗണിക്കുകയും ഭരണവര്‍ഗത്തിന്റെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം അപ്പാടെ വിഴുങ്ങുകയും സര്‍ക്കാര്‍  സമരക്കാരെ ഹിംസിക്കുന്നതില്‍ ജനങ്ങള്‍ നിസംഗരായി  കഴിയുകയും ചെയ്തു. നിരോധിക്കപ്പെട്ട സമരങ്ങള്‍ നടത്തിയ കോണ്ഗ്രസ് കാലം കഴിഞ്ഞപ്പോള്‍ പിന്നീട്   അധികാരത്തില്‍ വന്നു.
സ്വാതന്ത്ര്യയ സമരത്തിന്റെ  ഭാഗമായി  പ്രവര്‍ത്തിച്ചിരുന്ന ഐ.എന്‍.എയുടെ  ധീര പോരാളി  വക്കം അബ്ദുല്‍ ഖാദര്‍  തിരൂര്‍ കടപ്പുറത്ത് വന്നിറങ്ങിയപ്പോള്‍ ഭീകരവാദി പട്ടം ചാര്‍ത്തി  അധികാരികള്‍ക്ക് പിടിച്ചു കൊടുത്തത്  തദ്ദേശവാസികള്‍ തന്നെ ആയിരുന്നു. കാരണം അധികാരി വര്‍ഗം ജനത്തെ അതാണല്ലോ പഠിപ്പിച്ചിരുന്നത് . ഇന്ന് ആ ധീരനെ ജനം ആദരവോടെ സ്മരിക്കുന്നു.
 ജനകീയ സമരത്തിന്റെ  അടുത്ത ഊഴം കമ്മ്യൂണിസ്റ്റ്കള്‍ക്കായി. അടിച്ചമര്‍ത്തലിനെതിരെ അവര്‍ ശൂരനാട് ശക്തമായി  പ്രതികരിച്ചപ്പോള്‍  അതിനെതിരെ  അന്നത്തെ കോണ്ഗ്രസ് മുഖ്യമന്ത്രി ഉത്തരവിട്ടത് "ശൂരനാട് എന്നൊരു സ്ഥലം ഇനി വേണ്ടാ എന്നായിരുന്നു. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. നിയമ സഭയിലെ ചര്‍ച്ചകള്‍ക്കിടയില്‍  ഒരു മുതിര്‍ന്ന കോണ്ഗ്രസ്  അംഗം അഭിപ്രായപ്പെട്ടത് " കമ്മ്യൂണിസ്റ്റ്കളുടെ  ഷര്‍ട്ടിന്റെ  കോളറില്‍  ഇരിക്കുന്ന മൂട്ട  നിയമസഭയിലെ  കസേരയിലി രുന്നാലും നിങ്ങള്‍ക്ക് ഇതിനകം കാണാന്‍ സാധിക്കില്ലാ" എന്നായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ്കള്‍ ലോകത്തില്‍ ആദ്യമായി  തെരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍ വന്നു.
മേല്‍പ്പറഞ്ഞ  കക്ഷികളെ  അവരുടെ തുടക്കത്തില്‍ ഭീകരവാദവും തീവ്രവാദവും പറഞ്ഞാണൂ അധികാരത്തില്‍   ഇരുന്നവര്‍ നേരിട്ടത്. നിങ്ങള്‍ സമൂഹത്തിലെ  ന്യൂനാല്‍ ന്യൂനപക്ഷപമാണെന്ന്  ആക്ഷേപിക്കുകയും ചെയ്തിരുന്നു .
ജനകീയ സമരങ്ങള്‍ അത്  ഇരയാക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെങ്കില്‍   ആ ഇരകളുടെ  കണ്ണുനീര്‍ പില്‍ക്കാലത്ത്  ബൂമോറോങ്ങായി  ആ അധികാരികള്‍ക്കെതിരെ  തിരിച്ചടിക്കും  എന്ന്  ചരിത്രം പറയുന്നു.
ഇതിനു  കാലം സത്യം.  അതേ! കാലം തന്നെ സത്യം.

Friday, November 3, 2017

മൊബൈല്‍ കുത്ത്.

 അച്ചന്‍, അമ്മ , മകന്‍, മകള്‍  സന്തുഷ്ട കുടുംബം.
 അച്ചന്‍ ഉമ്മറത്തിരുന്നു  മൊബൈലില്‍ കുത്തുന്നു,  അമ്മ അടുക്കള തളത്തില്‍  ഇരുന്നു  കുത്തുന്നു, മൊബൈലില്‍ തന്നെ. മകനും മകളും അവരുടെ മുറിയില്‍  ഇരുന്നും കുത്തുന്നു  മൊബൈലില്‍. ആര്‍ക്കും സംസാരിക്കാനില്ല,  സുഖാന്വേഷണം ഇല്ല.  ഇതിനിടയില്‍  മൂന്നു ദിവസത്തേക്ക്  ഒരുമിച്ചു പാചകം ചെയ്ത   ആഹാര സാധനങ്ങള്‍ ആവശ്യാനുസരണം ഫ്രിഡ്ജ്  എന്ന ഓമന പേരുള്ള  എച്ചില്‍ പെട്ടിയില്‍  നിന്നും  എടുത്ത് കഴിക്കുന്നുമുണ്ട് . അത് തീരുമ്പോള്‍ ആരെങ്കിലും ഒരാള്‍  അടുത്തുള്ള  ബേക്കറിയിലോ  ഹോട്ടലിലോ പോയി തീറ്റ കൊണ്ട് വരുന്നു. മൊബൈലില്‍ നോക്കി ഇരുന്നു തന്നെ കഴിക്കുന്നു. ശാന്തമായ വീട്, ഒച്ചയില്ല അനക്കമില്ല  വഴക്കില്ല, മിണ്ടാട്ടമില്ല എന്തൊരു സുഖം.
ഭര്‍ത്താവിന്റെ അമ്മായി അപ്പന്‍ അഥവാ  ഭാര്യയുടെ സ്വന്തം അപ്പന്‍ മകളുടെയും കുടുംബത്തിന്റെയും സുഖാന്വേഷണത്തിനും രണ്ട്ട് ദിവസത്തെ താമസത്തിനുമായി വരുന്നു. അപ്പനെ കണ്ട  മകള്‍ എഴുന്നേറ്റു നിന്ന്  " എന്താ അച്ഛാ  ഇങ്ങോട്ടുള്ള  വഴി ഒക്കെ മറന്നോ അച്ചന്‍ ഇരുന്നാട്ടെ  കാപ്പി വേണോ  ചായ വേണോ  എന്ന കുശലാന്വേഷണം ഒറ്റ ശ്വാസത്തില്‍  നടത്തി  വീണ്ടും കുത്ത് തുടങ്ങി. മരുമകന്‍  അമ്മായി അപ്പന്റെ നേരെ  ഇളിച്ച് കാണിച്ചു വീണ്ടും കുത്ത് തുടങ്ങി. കൊച്ചു മക്കള്‍ "ഹായ്! അപ്പൂപ്പാ  എന്ന് വിളിച്ച് ഉയര്‍ത്തിയ തല   ഉടനെ വീണ്ടും മൊബൈലിലേക്ക്  താഴ്ത്തി. തനിക്കും മാറി ഇരുന്നു കുത്താനുള്ള  മൊബൈല്‍ കയ്യിലില്ലല്ലോ എന്ന വിഷമത്തോടെ  ഇരുന്ന വൃദ്ധന്‍  കുറെ നേരം മുഷിവു  തോന്നിയ  നേരം  "മക്കളെ  ഞാന്‍ പോകുന്നു " എന്നും പറഞ്ഞു  പുറത്തേക്ക്  ഇറങ്ങി യപ്പോള്‍  "അയ്യോ! അച്ചാ പോകല്ലേ  , രണ്ടു ദിവസം  കഴിഞ്ഞു പോകാം എന്ന് മകള്‍ പറയാതിരുന്നില്ല. മുഖം അപ്പോഴും മൊബൈലില്‍ ആയിരുന്നെന്നു മാത്രം. " ഇപ്പോള്‍  ഒരു വണ്ടി ഉണ്ട് അത് കിട്ടിയാല്‍ നേരത്തെ വീട്ടിലെത്തി ഇന്നത്തെ നമ്മുടെ  റേഷന്‍ ഉറപ്പിക്കാം, എന്റെ മോളിരുന്നു കുത്ത് " എന്നും പറഞ്ഞു  കിഴവന്‍ തടി  ഊരി.
മകന്റെ അമ്മ  സന്ദര്‍ശനത്തിനു  വന്നപ്പോഴും ഈ തിരക്കഥ തന്നെ ആയിരുന്നു സ്ക്രീനില്‍ ആടിയത്.
 ആരുമായും ഒരു ബന്ധവുമില്ല, അടുപ്പവുമില്ല, സുഖം പരമ സുഖം.
മൊബൈലിനും  ഇന്റര്‍ നെറിനും ജെയ് !!!!

Monday, October 30, 2017

മൂട്ട എവിടെ പോയി

മൂട്ട എന്ന ജീവി എവിടെ പോയി മറഞ്ഞു . ഒരു കാലഘട്ടത്തില്‍ മലയാളിയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന ഈ വീരന്‍ വീടുകളിലും ആഫീസുകളിലും സിനിമാ തീയേറ്ററിലും ആശുപത്രിയിലും നിറഞ്ഞു നിന്നു ആടി. ഇന്നത്തെ തലമുറക്ക് കക്ഷിയുടെ ഉപദ്രവം അനുഭവിക്കേണ്ടി വന്നിട്ടില്ല രാത്രി ആകുമ്പോള്‍ തലയിണയുടെ മടക്കുകളില്‍ നിന്നും പണക്കാര പാവപ്പെട്ട വ്യത്യാസമില്ലാതെ ചോര കുടിക്കാന്‍ ഇറങ്ങി വരും. സിനിമാ തീയറ്ററില്‍ ബാല്‍ക്കണി എന്നോ ലോ ക്ലാസെന്നോ വകഭേദമില്ലാതെ മൂട്ട മേഞ്ഞു നടന്നു.
.ആദ്യം ഡി.ഡി.ടി ആയിരുന്നു ഇവനെ നേരിടാന്‍ ഉപയോഗിച്ചിരുന്നത്. കാലം കഴിഞ്ഞപ്പോള്‍ അവന്‍ അത് തിരിഞ്ഞിരുന്നു ആഹരിക്കാന്‍ തുടങ്ങി. പിന്നീട് ടിക്ക് 20 വന്നു, കില്‍ബെഗ് വന്നു, അങ്ങിനെ പലതും വന്നു. കുറച്ച് കാലമാകുമ്പോള്‍ അവന്‍ പ്രതിരോധ ശക്തി ആര്‍ജിച്ച് വീണ്ടും നമ്മളെ കടിക്കാനായി വരും.
ആയിടെ രസകരമായ തട്ടിപ്പുകളും മൂട്ടയെ കൊല്ലാനെന്ന വ്യാജേനെ ഇറങ്ങ്ങ്ങിയിരുന്നു. മൂട്ടയെ കൊല്ലാന്‍ എളുപ്പ മാര്‍ഗം എന്ന പരസ്യവുമായി ജലന്ധര്‍ കമ്പനി വന്നു. അഞ്ച് രൂപയായിരുന്നു വില. പലരും പോസ്റല്‍ വഴി പാഴ്സല്‍ വരുത്തി. തുറന്നപ്പോള്‍ ഒരു ചെറിയ അടകല്ല് , ഒരു ചവണ, ചെറിയ ചുറ്റിക കൂട്ടത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന പേപ്പറും. ചവണ കൊണ്ട് മൂട്ടയെ പിടിക്കുക അടകല്ലില്‍ വെക്കുക, ചുറ്റിക കൊണ്ട് ചെറുതായി മേടുക, മൂട്ട ചത്തിരിക്കും എന്നു ഉറപ്പ്. ഇതായിരുന്നു നിര്‍ദ്ദേശം.
ഏതായാലും ഇപ്പോള്‍ മൂട്ട നമ്മളെ ഉപേക്ഷിച്ച് പോയി . അതോ ഇനി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ?!!!

Wednesday, October 25, 2017

ആത്മഹത്യയും മലയാളിയും.

കുറച്ച് കാലങ്ങള്‍ക്ക്  മുമ്പ് വരെ  ജപ്പാനായിരുന്നു  ആത്മഹത്യക്ക്  മുമ്പില്‍  നിന്നിരുന്നത്. ഇതിപ്പോള്‍ ഈ പ്രവണത   മലയാളികളെയും  ബാധിച്ചു എന്നാണു  തോന്നുന്നത്. നിസ്സാര  കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പ്രവണത മലയാളികളില്‍   വര്‍ദ്ധിച്ച് വരുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു .
നാലും അഞ്ചും കുട്ടികളുള്ള  വീടുകളില്‍ ഒരു ബാത്ത്  റുമും ഒരു സോപ്പും ഒരു തോര്‍ത്തും  ഉള്ളിടത്ത്  ഒരാള്‍  കുളിച്ച് ഇറങ്ങ്ങ്ങുന്നത് വരെ സഹിഷ്ണത  പുലര്‍ത്തി കാത്ത്  നില്‍ ക്കാനുള്ള  പരിശീലനം വീട്ടില്‍ നിന്ന തന്നെ കിട്ടിയിരുന്നു. കാത്തിരിക്കാനും ക്ഷമിക്കാനും  സഹിക്കാനും വീടുകളില്‍  നിന്നും ലഭിച്ചിരുന്ന   പരിശീലനം  ഭാവിയില്‍ പ്രതിസന്ധികളെ  അഭിമുഖീകരിക്കുമ്പോള്‍  ക്ഷമാശീലരായി  നില്‍ക്കാന്‍ അന്നത്തെ തലമുറയെ  പ്രാപ്തരാക്കുകയും ചെയ്ത് വന്നു. ഇന്നു   സ്ഥിതിഗതികള്‍  മാറിയിരിക്കുന്നു. കൂട്ടുകുടുംബം അണുകുടുംബം ആയി രൂപാന്തരം പ്രാപിച്ചു. കുട്ടികളെ വഴക്ക്  പറയാതെ ഗുണദോഷിക്കാതെ യാതൊരുവിധ അല്ലലിലും പെടുത്താതെ  ചെല്ലക്കിളികളായി വളര്‍ത്തിക്കൊണ്ടു വരുകയും അങ്ങ്ങ്ങിനെ വളര്‍ന്ന വന്ന കുട്ടി   ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍  എന്ത് ചെയ്യണമെന്നറിയാതെ   കടുംകയ്യിലെക്ക്  തിരിയുകയും ചെയ്തു വരുന്നു. അവരുടെ വീട്ടില്‍  മാതാപിതാക്കളോടു  മാത്രം ഇടപഴകിയും  സമൂഹവുമായി ഇടപഴകാനുള്ള  അവസരം ലഭിക്കാതിരിക്കുകയും അനിഷ്ടകരമായ ഒന്നും നേരിടാന്‍ അവസരം കിട്ടാതെ   സമയാസമയം ഇഷ്ടമുള്ള  ആഹാരം കഴിച്ചും ബുദ്ധിമുട്ടറിയാതെയും  ശകാരം കേള്‍ക്കാതെയും  വളര്‍ന്ന വരുന്ന ഈ തലമുറ  ചെറുത്ത് നിന്നാല്‍  പരിഹരിക്കാന്‍ കഴിയുന്ന പ്രതിസന്ധികള്‍ പോലും നേരിടാനാവാതെ  പകച്ച് നില്‍ക്കുന്ന അവസ്ഥയില്‍ കണ്ടെത്തുന്ന പോംവഴിയായി  മാറി ആത്മഹത്യ. ആരെങ്കിലും ഒന്ന്‍ കുറ്റപ്പെടുത്തിയാല്‍ , പാളിച്ച  ചൂണ്ടി കാണിച്ചാല്‍ ഇവര്‍  പ്രകോപിതരായി മാറും .  അവര്‍ക്ക് ജയിച്ചേ പറ്റു, അത് സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക, ഇതാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

Saturday, October 14, 2017

സ്വപ്നങ്ങളിലൂടെ വീണ്ടും അവള്‍

പകലുറക്കത്തിലായിരുന്ന  ഞാന്‍ "ശൂ ശൂ " എന്നാരോ വിളിക്കുന്ന ശബ്ദം  കേട്ടാണ്  ഉണര്‍ന്നത്. സമയം വൈകുന്നേ രമായിരിക്കുന്നു. മഞ്ഞ വെയില്‍ അന്തരീക്ഷത്തില്‍ സ്വര്‍ണം  കലക്കി ഒഴിച്ചി  രിക്കുകയാണ് .
 ഞാന്‍ വേലിക്കല്‍        വന്ന്‍ നോക്കി. രണ്ടു വേലികള്‍ , അതിനിടയില്‍ ചെറിയ ഇടവഴിയും ഉണ്ട്.     അപ്പുറത്തെ വേലിക്കലെ പൂത്ത  ശീമക്കൊന്ന മരത്തിനു താഴെ അവള്‍ നില്‍പ്പുണ്ടായിരുന്നു. മഞ്ഞ  വെയില്‍ അവളെയും  സ്വര്‍ണ വര്‍ണത്തിലാക്കി . എന്നെക്കണ്ടപ്പോള്‍ ഉണ്ടായ  മനോഹരമായ ആ പുഞ്ചിരി അവളുടെ മുഖത്തെ  ഒന്നുകൂടി പ്രകാശമാനമാക്കിയല്ലോ .
 കയ്യിലിരുന്ന ചെറിയ  പൊതി വേലിയുടെ മുകളിലൂടെ  എറിഞഞപ്പോള്‍  വെളുത്ത കയ്യിലെ ചുവന്ന കുപ്പി വളകള്‍ കിലു കില് ശബ്ദം ഉണ്ടാക്കി. 
പൊതി തുറന്നപ്പോള്‍  പതിവ് പോലെ  മുല്ല പൂക്കള്‍ തന്നെ.
 "എന്തെ  ഇത്ര ഉറക്കം?" അവളുടെ ചോദ്യത്തില്‍ പരിഭവം  നിറഞ്ഞി രുന്നോ ? "വല്ലാത്ത വിശപ്പ് , കിടന്നുറങ്ങി  പോയി." എന്ന എന്റെ മറുപടി ആ മുഖത്ത് വേദനയുടെ നിഴല്‍ പരത്തുന്നത്  ഞാന്‍ കണ്ടു.
"വാപ്പ  ഇപ്പോള്‍ ബിരിയാണി കൊണ്ടു വരും. അപ്പോള്‍ ഞാന്‍ വിളിക്കാം , അത് വരെ  ഒന്ന്‍ കൂടി ഉറങ്ങാന്‍ കിടന്നോ"  എന്നവള്‍ പറഞ്ഞിട്ട് വീട്ടിലേക്ക്  ഓടി പോയി. അവളുടെ വാപ്പ വിവാഹ വീടുകളില്‍ ബിരിയാണി  പാചകക്കാരനാണൂ എന്നും ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ അയാളുടെ ഓഹരി ബിരിയാണി വീട്ടില്‍ കൊണ്ട് വരുമെന്നും എനിക്കറിയാമായിരുന്നു.
 അവള്‍ തന്ന മുല്ലപ്പൂവിന്റെ  സുഗന്ധത്തില്‍  ലയിച്ച്  ഉടനെ ലഭിക്കാന്‍ പോകുന്ന ബിരിയാണിയും  പ്രതീക്ഷിച്ച്   ഞാന്‍ വീണ്ടും ഉറങ്ങി.
"ഇതെന്തൊരു ഉറക്കമാണ്  എഴുന്നേല്‍ക്ക് "  എന്ന ശബ്ദം കേട്ട് "ബിരിയാണി കൊണ്ടു വന്നോ " എന്ന്‍ ചോദിച്ച് കൊണ്ട് ഞാന്‍ ഉണര്‍ന്നു.
"ബിരിയാണിയോ ആര് കൊണ്ടു വരുമെന്നാണ് ഈ പറയുന്നത്...?  ചോദ്യം എന്റെ ഭാര്യയില്‍ നിന്നുമായിരുന്നു. അവള്‍ എന്റെ മുഖത്തേക്ക്  സൂക്ഷിച്ച് നോക്കി നില്‍ക്കുന്നു. എന്റെ കൌമാരത്തില്‍ നടന്ന സംഭവം  എത്രയോ വര്‍ഷങ്ങള്‍ക്ക്ശേഷം  ഇന്നെന്തിനാണ് സ്വപ്നത്തില്‍ കൂടി ആവര്‍ത്തിച്ചത്?
ഞാന്‍ പരക്കെ നോക്കി. മഞ്ഞ വെയില്‍ പ്രകാശം പരത്തുന്ന സായാഹ്നം ഇല്ല, സ്വര്‍ണ പ്രഭയില്‍ കുളിച്ച് നിന്ന  എന്റെ കളിക്കൂട്ട്കാരിയുമില്ല.ആ മുല്ലപ്പൂവുമില്ല. തുലാ വര്‍ഷം അന്തരീക്ഷത്തെ ഇരുളിലാക്കിയിരുന്നു. അസമയത്ത് വിരുന്ന്കാരെ കണ്ട വീട്ടുകാരിയുടെ മുഖം പോലെ മാനം കറ് ത്തിരിക്കുന്നല്ലോ. കട്ടിലിനു സമീപം ബഷീറിന്റെ  ബാല്യകാലസഖി വായിച്ച് പകുതി ആയ നിലയില്‍ കിടപ്പുണ്ട്.  എത്രാമത്തെ പ്രാവശ്യമാണ് ഞാന്‍ ആ പുസ്തകം വായിക്കുന്നത്.
ആലപ്പുഴയിലേക്ക് പായാനും കളിച്ച് വളര്‍ന്ന ആ വീടിന്റെ   മണല്‍ മുറ്റത്ത് ബാല്യ കാല സ്മരണയില്‍ മുഴുകി കഴിയാനും കൊതിയാകുന്നല്ലോ. ഇപ്പോള്‍ അന്യ കൈവശമായ ആ വീട് കാണുമ്പോള്‍  ഇനി ഒരിക്കലും ഈ വീട് എന്റെതാവില്ലല്ലോ  എന്ന ചിന്ത എത്രമാത്രം വേദനയാണ് എന്നിലുണ്ടാക്കുന്നതെന്ന്‍ ആരറിയാന്‍....

Friday, October 13, 2017

ബീവറേജ് വിശേഷങ്ങള്‍

ദേശീയ പാതയില്‍ നിന്നും മദ്യ വ്യാപാരത്തെ കോടതി തുരത്തി  ഓടിച്ചതിനു ശേഷം സര്‍ക്കാര്‍ വക മദ്യശാലകള്‍  നാട്ടുമ്പുറങ്ങളില്‍  കച്ചവടം തുടങ്ങി . അതോടെ  മാനും മരംചാടിയുമില്ലാതെ  കിടന്ന  ഇടവഴികളും  നടപ്പാതകളും  കുടിയന്മാരുടെ രാജപാതകളായി  മാറി.
ഞങ്ങള്‍  താമസിക്കുന്ന വസതിയുടെ  മുമ്പിലൂടെയുള്ള  നിരത്ത്,   പ്രദേശ വാസികള്‍  മാത്രം സഞ്ചരിച്ചിരുന്നത്   രാത്രി  ഏട്ട്  മണി കഴിഞാല്‍ ഉത്സവ  സ്ഥലത്തേക്കുള്ള  വഴി പോലെയാണിപ്പോള്‍ .  ഇരുട്ടും തള്ളി ഇട്ട്  പാമ്പുകള്‍  കൂട്ടം കൂട്ടമായി   പോകുന്ന കാഴ്ച  രസാവഹമാണ്  നിര ത്തിന്റെ അവസാനം  ചവിട്ട് പടികളും കടന്ന്‍  സമീപത്തുള്ള സിമിത്തെരിയും  പിന്നിട്ട് റെയില്‍വേ വഴിയും  താണ്ടി  ഉദ്ദേശ  സ്ഥലത്ത്  എത്തുന്ന മഹാന്മാര്‍ക്ക്  ഇരുട്ടും  ദുര്‍ഘടങ്ങളും  സിമിത്തെരിയിലെ പ്രേതവും  ട്രെയിന്‍  വരുമോ എന്ന ഭയവും ഒന്നുമില്ല. ഇത്രയും സാഹസം  കാണിച്ച് ലണ്ടന്‍ മദ്യം  കഴിച്ചില്ലെങ്കില്‍  ഉറക്കവും വരില്ലായിരിക്കും. കടന്ന്‍ പോകുന്ന ട്രെയിന്‍ നിര്‍ത്താന്‍ കൈ കാണിക്കുന്നവരും  ഉടുത്തിരിക്കുന്ന  തുണി ഉരിഞ്ഞ് കോടി വീശലും ധാരാളം.
കഴിഞ്ഞ ദിവസം വൈകുന്നേരം  ഒരു മഹാന്‍  ട്രെയിന്‍ വരുന്നതിനു മുമ്പ്  തല  പാളത്തില്‍ കൊണ്ട് വെച്ചു. സമീപസ്ഥരായ  വീട്ടുകാര്‍ എല്ലാവരും കൂടി  പിടിച്ച് മാറിയപ്പോള്‍  കഴുത്ത് മുറിയുമോ  എന്ന പരീക്ഷിക്കാനാണ്  താന്‍ അങ്ങ്ങ്ങിനെ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
 മദ്യത്തിനു  ഇത്രയും മാന്ത്രിക ശക്തി  ഉണ്ടെന്ന്‍  ഇപ്പോഴാണ്  തിരിച്ചറിയുന്നത്.

Friday, October 6, 2017

കുറ്റാരോപിതൻ മാത്രം

സർക്കാർ  ജീവനക്കാരനും  എന്റെ  അടുത്ത പരിചയക്കാരനുമായ  ഒരു വ്യക്തി  വ്യാജ രസീത്  നൽകി പണം  പറ്റുകയും  ഖജനാവിലടച്ച തുകയിൽ  കൃത്രിമം കാണിക്കുകയും ചെയ്തു     എന്നാരോപിച്ചു പോലീസ്  കസ്റ്റഡിയിലെടുത്തു .  ഈ വാർത്ത ടിയാന്റെ  ഫോട്ടോ സഹിതം       പത്രങ്ങളിൽ  വരുകയുണ്ടായി. അയാൾ മറ്റ് ദുർസ്വഭാവങ്ങ ളൊന്നുമില്ലാത്തവനും അറിഞ്ഞിടത്തോളം നല്ലവനുമാണ് .കാലങ്ങളായി  ചികിൽസയിൽ കഴിയുന്ന  വൃദ്ധരായ മാതാ പിതാക്കളും ഭാര്യയും സ്കൂളീൽ പോകുന്ന കൊച്ച് കുട്ടികളുമയാൾക്കുണ്ട്. ഈ മനുഷ്യൻ  കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ  എന്നത് പോലീസും കോടതിയും കൂടി തീരുമാനിക്കട്ടെ. പക്ഷേ  ഇപ്പോളയാൾ കുറ്റാരോപിതൻ മാത്രമാണ്. അയാളുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടാതെ  ചിലപ്പോൾ അയാളെ വെറുതെ വിട്ടേക്കാം. അങ്ങിനെയെങ്കിൽ  കുറ്റവാളി എന്ന മുദ്ര കുത്തി അയാളുടെ ഫോട്ടോ പത്രത്തിലൂടെ പ്രസിദ്ധപ്പെടുതിയതിലുണ്ടായ  മാന നഷ്ടത്തിന് എന്ത് പരിഹാരം. ായാളുടെ  ഒരു തെറ്റും ചെയ്യാത്ത    കുട്ടികൾ ഇന്ന് സ്കൂളീൽ  പോയപ്പോൾ  മറ്റ് കുട്ടികളവരെ  കളിയാക്കി ചിരിച്ചതിൽ  അവർക്കുണ്ടായ  വേദനക്ക് ാാര്  പരിഹാരം കണ്ടെത്തും. കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചു  എങ്കിൽ  ഫോട്ടോ  സഹിതം  പത്രത്തിലോ  ചാനലുകളിലോ  വാർത്ത വന്നാൽ  നമുക്കത് ന്യായീകരിക്കാം. ഇപ്പോളയാൾ  ചെയ്യാത്ത കുറ്റത്തിനാണ്  റിമാന്റ് ചെയ്യപ്പെട്ടതെങ്കിൽ അയാളുടെ  ചിത്രം  പത്രത്തിൽ  കാണുമ്പോൾ ായാൾക്കുണ്ടാകുന്ന  മനോവേദനയുടെ ആഴം എത്രയെന്നളക്കാൻ  ഏതുപകരണമാണ്  വേണ്ടി വരുക?  പത്രങ്ങളുടെ  വാർത്താ ദാഹവും പോലീസുകാരുടെ  കുറ്റം തെളിയിക്കൽ  വൈദഗ്ദ്യ പ്രകടന ത്വരയും കൂടി ചേരുമ്പോൾ  തകരുന്നത്  കുറച്ച്  മനുഷ്യ ജീവികളുടെ  ജീവിതങ്ങളാണെന്ന് ഇവ രെന്നാണാവോ    തിരിച്ചറിയുക ?

Thursday, October 5, 2017

ചരിത്രപരമായ വിഡ്ഡിത്തം.

ഭിന്ന മത വിശ്വാസികളായ  ജനങ്ങൾ തോളിൽ കയ്യിട്ട് ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന നാടാണ് കേരളം. അവർ തമ്മിൽ  കലഹമുണ്ടാക്കി ഇവിടെ വിഭാഗീയത  സൃഷ്ടിക്കാനുള്ള  പദ യാത്ര  നടത്തുകയാണ് സംഘ്പരിവാർ ശക്തികൾ. രാഷ്ട്രീയ  ലക്ഷ്യത്തിനായി  ഏതറ്റം വരെയും പോകുമെന്ന്   ഇതര സംസ്ഥാനങ്ങളിലവർ തെളിയിച്ച്  കഴിഞ്ഞിരിക്കുന്നു. സഹോദര ബന്ധങ്ങളിൽ  കലഹം സൃഷ്ടിക്കുന്നത്  നീചമായ പ്രവർത്തിയാണ്. അതിനെ നേരിടേണ്ടത് ഇവിടത്തെ ജനങ്ങളിൽ  ബഹുഭൂരിപക്ഷത്തെയും നയിക്കുന്ന   ഇടത് വലത് ജനാധിപത്യമുന്നണികളുടെ  കടമയുമാണ്.  അവർ യോജിച്ച് നിന്നാൽ  കടന്ന് കയറ്റക്കാർക്ക് ഈ നാട്ടിൽ ഒരു ചലനവും സൃഷ്ടിക്കാൻ സാധിക്കില്ലാ എന്നത് പരമ സത്യവുമാണ്. നിർഭാഗ്യ വശാൽ   അവരിൽ ഒരു കക്ഷി  എതിർ ഭാഗത്തെ  ഉദാര നയവത്കരണവും മറ്റും ചികഞ്ഞ് കണ്ടെത്തി  തൊട്ട് കൂടായ്മ  പ്രഖ്യാപിക്കുമ്പോൾ മറ്റേ കക്ഷി  തൊഴുത്തിൽക്കുത്തും  കാല് വാരലിനും ഇടയിൽ പെട്ട്  നട്ടം തിരിയുകയും മുൻ ഭരണത്തിലെ അഴിമതി ചുഴിയിൽ  നിന്നും കരകയറാൻ  കൈ കാലിട്ടടിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടയിൽ അവർക്കെവിടെ  നാട്ടിൽ ഭിന്നത ഉണ്ടാക്കാൻ  തത്രപ്പെടുന്നവരെ നേരിടാൻ  സമയം.
പൊതു ശത്രുവിനെ  നേരിടാൻ ഏത് ചെകുത്താനെയും കൂട്ടു പിടിക്കാമെന്ന്  പണ്ടൊരു തിരുമേനി  പറഞ്ഞ് വെച്ചത്  ഒരു കൂട്ടർ മറക്കുന്നു. അധികാരത്തിൽ  കൂടി മാത്രമല്ല ജനസേവനം നടത്താൻ  കഴിയുന്നതെന്ന് രാഷ്ട്ര പിതാവായ  മഹാൻ  ചെയ്ത് കാണിച്ചത്  മറ്റേ കൂട്ടരും മറക്കുന്നു. ഇരു കൂട്ടരുടെയും കൃത്യ നിർവഹണത്തിലുള്ള  വീഴ്ചയാൽ നാട്ടിൽ  കലാപം  സൃഷ്ടിക്കപ്പെട്ടാൽ  ചരിത്രപരമായ  വിഡ്ഡിത്തം എന്ന്  തന്നെയല്ലേ  അതിനെ  വിളിക്കേണ്ടത് ?

Monday, September 11, 2017

നടൻ ശ്രീ നിവാസനും കരിഓയിലും

നടൻ  ശ്രീനിവാസന്റെ  കൂത്ത്പറമ്പ് പൂക്കോട്ടെ വീടിന് നേരെ  കരി ഓയിൽ പ്രയോഗം.
നടൻ ദിലീപിനെ അനുകൂലിച്ച്  ശ്രീനിവാസൻ കഴിഞ്ഞ ദിവസം  പരാമർശം നടത്തിയിരുന്നു. അതിന്റെ പ്രതികരണമാകാം ഈ പ്രവർത്തിയെന്ന് സംശയിക്കുന്നു.
 ഇതും ഫാഷിസത്തിന്റെ  ഒരു വകഭേദമാണ്  . തന്റെ അഭിപ്രായം  സ്വതന്ത്രമായി പ്രകടിപ്പിച്ചാൽ  അതിന്റെ നേരെയുള്ള അസഹിഷ്ണതയും ഉപദ്രവവും.
ദിലീപ് പ്രശ്നം പലരും പലവിധത്തിൽ  പ്രതികരിച്ച് കഴിഞ്ഞിരിക്കുന്നു. ദിലീപ് കുറ്റം ചെയ്തിരിക്കാം ഇല്ലാതിരിക്കാം.  ഒരു രാജ്യത്തിന്റെ നിയമ വ്യവസ്ത പ്രകാരം പോലീസ്  ആരോപിക്കപ്പെട്ട കേസ് അന്വേഷിക്കുന്നു, അന്വേഷണം പൂർത്തിയായി കഴിഞ്ഞ് അവർ കോടതിയിൽ ചാർജ് ഷീറ്റ് നൽകുന്നു,  പിന്നീട് കോടതിയുടെ സമയവും കാലവും പ്രകാരം വിചാരണ എപ്പോഴെങ്കിലും നടത്തുന്നു.  കുറ്റക്കാരനെങ്കിൽ ശിക്ഷിക്കുന്നു, അല്ലായെങ്കിൽ വെറുതെ വിടുന്നു. ഇതാണ് സാധാരണ നടപടിക്രമം. ഈ നടപടി അനുസരിച്ച്  ദിവസവും  അനേക കോടതികളിൽ അനേകം കേസുകളിലെ വിചാരണ നടക്കുന്നു, വിധികൾ പുറപ്പെടുവിപ്പിക്കുന്നു.
ഇവിടെ കുറ്റാരോപിതൻ പ്രസിദ്ധി ഉള്ളവനാണ്, കേസിൽ ഇരയാക്കപ്പെട്ട വ്യക്തിയും പ്രസിദ്ധയാണ്. ഈ കോലാഹലങ്ങൾക്ക് പുറകിലെ കാരണം അത്  മാത്രമാണ്.
പുറത്ത് നിന്നും കേസിന് അനുകൂലമായോ പ്രതികൂലമായോ ഒരു പരാമർശവും ഉണ്ടാക്കുന്നത് ഒട്ടും അഭിലഷണീയമല്ല. പുറമേ നിന്നും മാധ്യമങ്ങളിലൂടെയും മറ്റും ഇപ്രകാരം അഭിപ്രായ പ്രകടനങ്ങളും മറ്റും നടത്തുന്നത് ശരിയല്ലാ എന്ന് ഉന്നത് കോടതികൾ പല തവണകളിലും അഭിപ്രായപ്പെട്ട് കഴിഞ്ഞിരിക്കുന്നു, എങ്കിലും ആ പ്രവർത്തി നിർബാധം തുടരുകയാണ്.
ഏറ്റവും രസാവഹകമായ വസ്തുത പ്രതിക്ക് ജാമ്യം ലഭിക്കാത്തത് പ്രതിയെ കുറ്റക്കാരനായി വിധി ഉണ്ടായത് പോലെയാണ് പല ബുദ്ധിജീവികളും അഭിപ്രായപ്പെടുന്നത്. ഫെയ്സ്ബുക്കിലെ  ചില മഹാരഥന്മാരുടെ ചോദ്യങ്ങൾ ചിരിപ്പിക്കുന്ന തരത്തിലുള്ളതാണ്. എപ്പോഴും കാണപ്പെടുന്ന ചോദ്യം ഇപ്രകാരമാണ് : മജിസ്ട്രേട്ടും  രണ്ട് തവണ ഹൈക്കോർട്ട് ജഡ്ജും ജാമ്യാപേക്ഷ തള്ളിയതെന്ത് കൊണ്ട്? ദിലീപ് കുറ്റക്കാരനാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടത് കൊണ്ട് മാത്രമാണ് എന്ന് അവർ തന്നെ ഉത്തരം പറയുന്നു.
ജാമ്യം നൽകുന്നത് ഒരു പ്രത്യേക നടപടിയാണെന്നും വിചാരണ അതല്ലെന്നും നിയമാധിഷ്ഠിതമായ  നടപടികൾ പൂർത്തിയാക്കിയാലേ ജാമ്യം പരിഗണിക്കാൻ മിക്ക കേസുകളിലും സാധിക്കൂ എന്നും ഈ നിയമ വിശാരദന്മാർക്ക് എത്ര  പറഞ്ഞ് കൊടുത്താലും മനസിലാകില്ല.  നിരപരാധിയെന്ന്  പിന്നീട് വിധിക്കപ്പെട്ട നമ്പി നാരായണൻ എത്ര കാലം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നു എന്ന് നിരീക്ഷിക്കുക.
  ദിലീപ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം.  അത് വ്യവസ്താപിതമായ രീതിയിൽ  രാജ്യത്ത് സ്ഥാപിക്കപ്പെട്ട നീതി ന്യായ വ്യവസ്തയുടെ നടപടികളുടെ ഭാഗമായിട്ട് തന്നെ വേണം. അല്ലാതെ  അനുകൂലമായും പ്രതികൂലമായും ബാഹ്യമായ സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിക്കുന്നത് അയാൾ എത്ര വലിയവനോ ചെറിയവനോ ആകട്ടെ ഒട്ടും അഭിലഷണീയമല്ല.
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ഇരയായ സ്ത്രീയുടെ വേദന അത് നമ്മൾ കാണുന്നില്ലേ എന്ന്..ഇത് സംബന്ധിച്ച് ഒരു മാന്യ സ്നേഹിത പോസ്റ്റിട്ടിരുന്നു, ആര് ശിക്ഷിക്കപ്പെടണമെന്നല്ല ഇരയായ സ്ത്രീ അനുഭവിച്ച പീഡനം അതാണ് നമ്മുടെ മുമ്പിലെ  ഏറ്റവും വലിയ ദുഖമെന്ന്. 100  ശതമാനം പിന്തുണ ഈ അഭിപ്രായത്തിന് ഇവിടെ നൽകുന്നു, ഒരു ചെറിയ ഭേദഗതിയോടെ.  ഈ ദു:ഖം ദൈനംദിനം രാജ്യത്ത് പീഡിക്കപ്പെടുന്ന നമ്മുടെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും കൂടി വേണം. പ്രധാനപ്പെട്ട നടിക്കും അത് പോലെ വരേണ്യ വർഗത്തിലെ  ഇരകൾക്കും മാത്രമായല്ല, അധസ്തിത സമുദായത്തിലെ ഇരകൾക്കും വേണ്ടി കൂടി ആകണം ഈ ദു:ഖം. താഴ്ന്ന ജാതിയിൽ ജനിച്ച് പോയി എന്ന ഒരേ ഒരു കുറ്റത്താൽ മഹാരാഷ്ട്രയിലെ  ദളിത് സ്ത്രീയായ സുരേ ബോധ്മംഗെയെയും പെണ്മക്കളെയും അവരുടെ പുത്രന്മാരെക്കൊണ്ട് ബലാൽസംഗം ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും  വിസമ്മതിച്ചതിനാൽ അവരുടെ ലിംഗം ഛേദിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്ത സംഭവങ്ങളിലും നമ്മൾ ഖേദിക്കണം, പോലീസ് ഇപ്പോൾ നടത്തുന്നത് പോലുള്ള ഉഷാറായ അന്വേഷണം അത് പോലുള്ള കേസുകളിലും നടത്തണം, എങ്കിൽ മാത്രമേ നമ്മുടെ രാജ്യത്തെ യഥാർത്ഥ ജനാധിപത്യ രാഷ്ട്രം എന്ന് വിളിക്കാനാകൂ.

Sunday, September 10, 2017

പശുവും സ്ത്രീയാണ്

കോടതിയിലെ  ബെഞ്ച് ക്ലർക്കുമാരുടെ ജീവിതം  തിരക്ക് നിറഞ്ഞതാണ്. എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂർ മതിയെങ്കിലും  അവർക്ക് 48 മണിക്കൂർ ലഭിച്ചാലും ബെഞ്ചിലെ ജോലി ചെയ്ത് തീർക്കാൻ  സാവകാശം ലഭിക്കാറില്ല.  വീട്ടിൽ ചെന്നാലും  കോടതിയിലെ കാര്യങ്ങളായിരിക്കും മനസിൽ.   നിൽക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും  ഏത് സമയത്തും ആ കേസ് എന്ത് ചെയ്യണം ഈ കേസിൽ എന്താ അടുത്ത നടപടി ഇങ്ങിനെ ചിന്തിച് ചിന്തിച്ച്  ജീവിതം ഒരു പരുവത്തിലാകും. രാത്രിയിൽ ഉറക്കത്തിൽ കേസ് നംബറും കക്ഷികളുടെ പേരും വിളിക്കുന്ന     ബെഞ്ച് ക്ലർക്കുമാരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
രാഘവൻ പിള്ളയും (പേര് യഥാർത്ഥമല്ല)  അപ്രകാരമൊരു ബെഞ്ച് ക്ലാർക്കായിരുന്നു. താമസിക്കുന്ന ഗ്രാമത്തിൽ നിന്നും നഗരത്തിലെ കോടതിയിൽ പൊതിയും കെട്ടി  രാവിലെ എത്തി ചേരുന്ന ശ്രീമാൻ പിന്നെ വീടെത്തുന്നത് സന്ധ്യയോടടുത്ത സമയത്താണ്. പേനയും താക്കോലും ചോറ് പൊതിയും  വാച്ചും വീട്ടിലിരുന്ന് രാത്രി ജോലി ചെയ്യേണ്ട കേസ് കെട്ടടങ്ങിയ ബാഗും ഭാര്യയാണ് മറക്കാതെ രാവിലെ അദ്ദേഹത്തെ ഏൽപ്പിച്ച് യാത്രയാക്കുന്നത്.
ഒരു ദിവസം രാവിലെ  ബസിലെ ജനകീയ വടിയിൽ തൂങ്ങി നിന്ന് കോടതിയിലെത്തി രാഘവൻ പിള്ള  ക്ഷീണം തീർക്കാൻ തന്റെ കസേരയിൽ ഇരുന്നപ്പോൾ  അരക്ക് താഴെ ഒരു തണുപ്പ് അനുഭവപ്പെട്ടു. മൂലയിൽ മാറി നിന്ന് പരിശോധിച്ചതിൽ  കുളി മുറിയിൽ നിന്നും തോർത്തുമുടുത്ത് വന്ന്  മുണ്ടുടുത്തപ്പോൾ  കുളി മുറിയിൽ ധരിച്ചിരുന്ന തോർത്ത്  ഉരിഞ്ഞ് കളയാൻ മറന്നതാണെന്ന് മനസിലായി.  ഈ മറവി മിക്കവർക്കും ഉണ്ടാകുന്നതാണെന്ന് അനുഭവസ്തർ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും മറ്റൊരു സംഭവം രാഘവൻ പിള്ളയുടേതെന്ന് പറഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളത് അൽപ്പം അതിശയോക്തി നിറഞ്ഞതാകയാൽ  അത് കൂടി പറഞ്ഞാലേ ബെഞ്ച് ക്ലാർക്കുമാരുടെ ജീവിതത്തെ പറ്റി സാധാരണക്കാർക്ക് മനസിലാകൂ.
  രാഘവൻ പിള്ള തന്റെ ഗ്രാമീണ വസതിയിൽ തിരികെ വരുമ്പോൾ ആദ്യം ചെയ്യുന്ന പ്രവർത്തി  എരുത്തിലിലെ പശുവിന് ഒരു പിടി വൈക്കോൽ കൊണ്ടിടുക  എന്നതാണ്. പിള്ള പടി വാതിൽ കടക്കുമ്പോൾ പശു ഒന്നമറും. അപ്പോൾ വീട്ടുകാരി മനസിലാക്കും  ശ്രീമാൻ വന്നിട്ടുണ്ടെന്ന്.   അന്നൊരു പ്രമാദപ്പെട്ട കേസിന്റെ വിസ്താരമായതിനാൽ നല്ല തിരക്ക് പിടിച്ച ദിവസമായിരുന്നു. തലയിൽ തീയുമായി വന്ന പിള്ള വീട്ടിൽ കയറി ബാഗ് വലിച്ചെറിഞ്ഞ്  വസ്ത്രങ്ങൾ അഴിച്ച് കളഞ്ഞപ്പോഴേക്കും  പശുവിന്റെ അമറൽ വർദ്ധിച്ചു.
"ഞാൻ വരുന്നു  മോളേ..." എന്ന് പറഞ്ഞ് കൊണ്ട് പിള്ള എരുത്തിലിലേക്ക് ഓടി പോയി.
ജനലിൽ കൂടി നോക്കി നിന്ന ഭാര്യ അപ്പോഴേക്കും വിളിച്ച് കൂവി.
"ആ  പശുവും  ഒരു സ്ത്രീയാണ്..  അതിനും നാണം വരും.നിങ്ങൾ തുണി  ഉടുത്തേച്ച് പോ  മനുഷ്യാ...." രാഘവൻ പിള്ള കുനിഞ്ഞ് നോക്കിയപ്പോഴാണ് ആഫീസ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞപ്പോൾ പകരം കൈലിയോ തോർത്തോ ധരിച്ചിട്ടില്ലെന്നും താൻ നിർവാണ അവസ്ഥയിലാണെന്നും മനസിലായത്.
ഒരു ബെഞ്ച് ക്ലാർക്കിന്റെ ജീവിതം  ഇങ്ങിനെയൊക്കെയാണെന്ന്  ഇപ്പോൾ മനസിലായി കാണുമല്ലോ!

Friday, September 8, 2017

വില്ലേജാഫീസിൽ ആത്മഹത്യ ഉണ്ടാകുന്നതെങ്ങിനെ?

ആര് ഭരിച്ചാലും  ഒരിക്കലും ശരിയാവാത്ത  ചിലരുണ്ട്, സർക്കാർ സർവീസിലെ ചില  ജീവനക്കാർ പ്രത്യേകിച്ചും വില്ലേജാഫീസിലെ  ചിലർ. (എല്ലാവരും അങ്ങിനെയല്ല)
വില്ലേജാഫീസറെ സമീപിച്ച് കാര്യം നടക്കാതെ വന്ന് തൂങ്ങി മരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയാം.
സമൂഹത്തിന്റെ നന്മക്കായി  ശമ്പളം നൽകി  ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്  പൊതു ജനങ്ങളെ  നിയമ വിധേയമായി സഹായിക്കാൻ മാത്രമാണ്. ആ നിയമ ത്തിനെ സംബന്ധിച്ച് മേലധികാരികളോട് സംശയം ചോദിക്കാനെന്ന ഭാവേനെയും നിയമത്തിൽ അജ്ഞത നടിച്ചും   ഫയലുകൾ വെച്ച് താമസിപ്പിച്ച് പൗരനെ ദ്രോഹിക്കുക എന്നത് സ്ഥിരം സ്വഭാവമാക്കിയ ചില ജീവനക്കാരുണ്ട്. അവരെ  മേലധികാരികൾക്ക് ഒരു  പുല്ലും ചെയ്യാൻ കഴിയില്ല.
അനസ് (പേര് യഥാർത്ഥമല്ല) വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും തിരികെ വന്നത്  രോഗിയായതിനാലായിരുന്നു. ഇപ്പോൾ  നിത്യചെലവുകൾക്ക് വക കണ്ടെത്താൻ പോലും  കഴിയാത്ത അവസ്ഥയിലാണ്.
 മാതാ പിതാക്കളുടെ പേരിലുണ്ടായിരുന്ന സ്വത്തിന്മേൽ അനസിനും സഹോദരങ്ങൾക്കും അവകാശമുണ്ട്. ഒരു സഹോദരിയുടേതൊഴികെ  ബാക്കി സഹോദരങ്ങളുടെ ഓഹരികൾ ഗൾഫിൽ ജോലി ഉണ്ടായിരുന്ന കാലത്ത് അനസ് വിലയായി എഴുതി വാങ്ങി. സഹോദരി വസ്തു ഓഹരി ചെയ്യാൻ സമ്മതിക്കുകയുമില്ല, വിട്ടു തരികയുമില്ല. ഗതി കെട്ടപ്പോൾ അനസ് സ്ഥലം മുൻസിഫ്ഫ് കോടതിയിൽ വസ്തു വീതം വെച്ച് കിട്ടുന്നതിന് കേസ് ഫയൽ ചെയ്തു. അയാൾ ഗൾഫിലായിരുന്നപ്പോൾ ലീവിന് വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. നീണ്ട വർഷങ്ങളുടെ വ്യവഹാര നടത്തിപ്പിന് ശേഷം തന്റെ അവകാശം സ്ഥാപിച്ച്   ആദ്യം പ്രാരംഭ വിധിയും  പിന്നീട് ഫൈനൽ വിധിയും സമ്പാദിച്ച്  വിധി നടത്തി കിട്ടാൻ വീണ്ടും കോടതിയിൽ നിന്നും  ഉത്തരവ് വാങ്ങി. ഈ കാലമത്രയും സഹോദരി വക്കീലിനെ വെച്ച്  അനസിന്റെ കേസ് പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും നിരീക്ഷിക്കുക. അവസാനം കോടതിയിൽ നിന്നും മുൻസിഫ് അധികാരപ്പെടുത്തിയ ആമീൻ വസ്തു അളവുകാരനുമായി  സ്ഥലത്തെത്തി കോടതി ഉത്തരവിൻ പ്രകാരം വസ്തു അളന്ന് തിരിച്ച് അനസിന്റെ ഭാഗം വസ്തു വേർ തിരിച്ച് ആ വസ്തുവിൽ അനസിന്റെ നിയമാനുസരണമായ അവകാശം കൂട്ടായ വസ്തുവിൽ നിന്നും വേർപെടുത്തി വിട്ടൊഴിപ്പിച്ച്  കൈവശപ്പെടുത്തി കൊടുത്തു. ഇതിനായി  ആമീൻ റിപ്പോർട്ടും പ്ലാനും തയാറാക്കി കോടതിയിൽ സമർപ്പിച്ചപ്പോൾ കേസ് തീർന്നു എല്ലാം ശരിയായി. പക്ഷേ ഇനിയാണ് അനസിന്റെ നിർഭാഗ്യം ആരംഭിക്കുന്നത്.
തന്റെ പേരിൽ കോടതിയിൽ നിന്നും  കൈവശപ്പെടുത്തി തന്ന വസ്തു  പോക്ക് വരവ്  ചെയ്യാൻ  (മ്യൂട്ടേഷൻ) വില്ലേജാഫീസിൽ ചെന്ന അനസിനോട്  സഹോദരി കൂടി വന്നാലേ പോക്ക് വരവ് ചെയ്തു കൊടുക്കൂ എന്നും  ( വർഷങ്ങൾ കേസ്  നടത്തി എതിർത്ത സഹോദരിയുടെ കാര്യമാണ് പറയുന്നത്) അല്ലെങ്കിൽ പോക്ക് വരവ് ചെയ്ത് കൊടുക്കണമെന്ന് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി ചെല്ലണമെന്നും, അതുമല്ലെകിൽ  കോടതിയിൽ നിന്നും വില്ലേജാഫീസറെ അറിയിക്കണമെന്നും  ഇങ്ങിനെ ഓരോ കുതർക്കങ്ങളാണ്  നേരിട്ടത്.  ഇതിനിടയിൽ ഒരു ജീവനക്കാരി പറഞ്ഞുവത്രേ! അഥവാ പോക്ക് വരവ് ചെയ്താലും ഈ വസ്തു വെച്ച്  ലോൺ തരാൻ ബാങ്ക്കാർ മടിക്കുമെന്ന്. അതായത് കോടതി വിധിക്ക് പുല്ല് വിലയെന്ന്.
 അയാൾ ദിവസങ്ങൾ ആഴ്ചകൾ വില്ലേജാഫീസിൽ കയറി ഇറങ്ങി നടന്നു. കേസിന്റെ പ്രാരംഭ വിധിയും അവസാന വിധിയും  ആമീന്റെ  റിപ്പോർട്ടും സർട്ടിഫൈഡ് കോപ്പി അനസ് ഹാജരാക്കിയിരുന്നത്  വായിച്ച വില്ലേജാഫീസർ  തനിക്ക് കുരുക്കുണ്ടാകാതിരിക്കാൻ ആവശ്യത്തിന് സംശയങ്ങൾ കുത്തിക്കുറിച്ച് ഫയൽ താലൂക്കാഫീസിലേക് അയച്ചു. താലൂക്ക് ആഫീസിൽ സംശയം ദൂരീകരിക്കാൻ സർകാർ വക്കീലിന്റെ അഭിപ്രായത്തിനായി ഫയൽ അവിടെക്ക് അയച്ചു. ഫയൽ ഇപ്പോൾ സർക്കാർ വക്കീലാഫീസിൽ ഉറക്കത്തിലാണ്. നീണ്ട വർഷങ്ങളുടെ അനുഭവത്തിൽ നിന്നും എനിക്കറിയാവുന്ന ഒരു വസ്തുതയുണ്ട്. വസ്തു ഒഴിപ്പിച്ച് കൊടുത്ത  ആമീന്റെ റിപ്പോർട്ടും ബന്ധപ്പെട്ട വിധി ന്യായവും ഉണ്ടെങ്കിൽ ആ വസ്തു പോക്ക് വരവ് ചെയ്തു കൊടുക്കാം.  ഇതിനു മുമ്പ് ഏറെ കേസുകളിൽ ഞാൻ അത് കണ്ടിട്ടുണ്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എല്ലാ വില്ലേജാഫീസറന്മാരും ഇതറിയുന്നുമുണ്ട്.
ഫയൽ തള്ളി തന്നാൽ അടുത്ത നടപടിയിലേക്ക് കടക്കാം, അത് തള്ളി തരുകയുമില്ല.  ഇതിന് വേണ്ടി ഒരു പൈസാ  അവിഹിതമായി നൽകരുതെന്ന് ഞാൻ അനസിനോട് കർശനമായി പറഞ്ഞിട്ടുണ്ട്.
  വില്ലേജാഫീസിൽ ന്യായമായ കാര്യം നടക്കാതിരുന്നപ്പോൾ മുമ്പ് നടന്നത് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ  അല്ലെങ്കിൽ വില്ലേജ്  ആഫീസിന് തന്നെ പടക്കം വെക്കുകയോ അതുമല്ലെങ്കിൽ ആ വില്ലേജാഫീസറുടെ ചെകിട്ടിൽ പടക്കം പൊട്ടിക്കുകയോ തുടങ്ങിയ കാര്യ പരിപാടികളാണ്.
അനസ് ഇതൊന്നും ചെയ്യാതെ കാത്തിരിക്കുകയാണ്. അവസാനം  എന്താകും ഫയലിന്റെ തീർപ്പ്  എന്നറിയാൻ.

Friday, September 1, 2017

പ്രതീക്ഷ അതാണല്ലോ എല്ലാം

4000 കൊല്ലങ്ങൾക്കപ്പുറം ഒരു കറുത്ത പെണ്ണ് തന്റെ  പിഞ്ച് കുഞ്ഞിന് അൽപ്പം ജലത്തിനായി  ചുട്ട് പ്ഴുത്ത മണലാരണ്യത്തിലെ  രണ്ട് മലകളിൽ പലവട്ടം  ഓടിക്കയറി നിരീക്ഷണം നടത്തി.  അവൾ അടിമയായിരുന്നു, കറുത്തവളായിരുന്നു.    ഭർത്താവ് ഏകാന്തമായ ഒരിടത്ത് ദൈവ നിശ്ചയത്താൽ കൊണ്ട് വന്ന് താമസിപ്പിച്ചവളായിരുന്നു. അന്ന് ആ കറുത്ത അടിമ പെണ്ണ് ഓടിയ സ്ഥലത്ത്  ഇന്ന് രാഷ്ട്രങ്ങളുടെ തലവന്മാരുൾപ്പടെ  ധനവാനും ദരിദ്രനും ആര്യനും അനാര്യനും പണ്ഡിതനും പാമരനുമായ ജനങ്ങൾ അവൾ അന്ന് ചെയ്ത പ്രവർത്തികൾ അനുകരിക്കുന്നു. ആ രണ്ട് മലകളിൽ നിശ്ചിത എണ്ണം ഓട്ടം പൂർത്തിയാക്കുന്നു. വേഗത കുറച്ചിടത്ത് അങ്ങിനെ കൂടിയ വേഗതയുള്ളിടത്ത് അങ്ങിനെ . പ്രതീക്ഷയാണ് മനുഷ്യനെ നയിക്കുന്നത്, കൂട്ടത്തിൽ സർവശക്തനിലുള്ള വിശ്വാസവും. അതാണ് ഹജ്ജ് കർമ്മങ്ങളിൽ ആർജ്ജിക്കുന്ന പല നന്മകളിൽ ഒന്ന്.

Sunday, August 20, 2017

തൊപ്പിയും തലപ്പാവും ഭീകര ലക്ഷണം

താടിയും തലപ്പാവും  കയ്യിൽ കങ്കണവും ധരിച്ച  സർദാർജിമാരെ കാണുമ്പോൾ  സമൂഹം ഒരു കാലഘട്ടത്തിൽ അമർഷം കാരണം നെറ്റിചുളിക്കുമായിരുന്നു.  ഭിന്ദ്രൻ വാലാ എന്ന സിക്ക് കലാപകാരിയും അനുയായികളും രാജ്യത്ത് സൃഷ്ടിച്ച കലാപവും  ഭീകര പ്രവർത്തികളുമായിരുന്നു  ഹേതു. സ്നേഹവും സൗഹൃദവും  തമാശകളും കൈമുതലായുള്ള  സിക്ക് ഭൂരിപക്ഷം അങ്ങിനെ മൊത്തത്തിൽ സമൂഹത്തിന്റെ ദൃഷ്ടിയിൽ കുഴപ്പക്കാരായി മാറി .
തല യിൽചൂടിയ കേശാലങ്കാരവും ശരീരത്തിലണിഞ്ഞ കല്ല്മാലകളും മംഗോളിയൻ മുഖാകൃതിയുമുള്ള വടക്ക് കിഴക്കൻ സംസ്ഥാനക്കാർക്ക് അതിനുമുമ്പ്  ഭീകര പട്ടം ലഭിച്ചത്, നാഗന്മാരിൽ ഒരു വിഭാഗത്തിന്റെ അക്രമങ്ങളും സ്ഫോടന ശ്രമങ്ങളാലുമായിരുന്നു, എന്നാൽ  നാഗന്മാരിൽ ഭൂരിഭാഗവും സമാധാനപ്രിയർ ത ന്നെആയിരുന്നു. മിസോറാം കലാപകാരികളാലുള്ള കുഴപ്പങ്ങളും തഥൈവ.

അൽഖായിദായും ഐഎസ്സും മുസ്ലിംങ്ങളുടെ മേൽ ഉണ്ടാക്കി തീർത്ത പഴിയും ഇപ്രകാരം തന്നെ.  ഈ കാലഘട്ടത്തിൽ തൊപ്പിയും താടിയും നീളൻ ഖമീസും ധരിച്ച ഒരു മുസ്ലിം,   ഇതര   സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ ഭീകരൻ തന്നെയാണ് അയാൾ എത്ര ദയാലുവും സമാധാനപ്രകൃതക്കാരനും  ശാന്ത സ്വഭാവക്കാരനുമായാൽ തന്നെയും തീവണ്ടിയിലും  പൊതു ഇടങ്ങളിലും  ആ വേഷം അയാളെ  അന്യനും മാറ്റി നിർത്തേണ്ടവനുമാക്കി തീർക്കുന്നു. മത നിഷ്ഠയും സദുദ്ദേശവുമാണ്  നൂറ്റാണ്ടുകളായി  ഈ വേഷം ധരിക്കാൻ അയാളെ പ്രേരിപ്പിക്കുന്നതെന്നും  ഈ വേഷം പണ്ട് ദയയുടെയും സത്യസന്ധതയുടെയും ആദരവിന്റെയും പ്രതീകമായിരുന്നുവെന്നും ഇപ്പോൾ ആരും ചിന്തിക്കാറുമില്ല.
  മുതിർന്ന പത്രപ്രവർത്തകനായ    ടി.വി.ആർ. ഷേണായി  മുമ്പൊരിക്കൽ  മനോരമയിലോ മാത്രുഭൂമിയിലോ (കൃത്യമായി ഓർമ്മ വരുന്നില്ല)  വ്യാജ ഏറ്റുമുട്ടലിൽ ആൾക്കാർ കൊല്ലപ്പെട്ട ഒരു സംഭവത്തെ പ്രതിപാദിച്ച്  ഇപ്രകാരം എഴുതി പോലും
" കൊല്ലപ്പെട്ടവർ തീർച്ചയായും  ഭീകരന്മാരായിരുന്നില്ല എന്തെന്നാൽ അവർക്ക് താടിയും തൊപ്പിയും ഇല്ലായിരുന്നു"
ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പ്രവർത്തി ഒരു സമൂഹത്തെ മുഴുവൻ ഭീകര പട്ടികയിലാക്കി തീർക്കുന്നത് ഇപ്രകാരമാണ്. 

Thursday, August 17, 2017

സർക്കാർ വിലാസം മദ്യഷാപ്പ്

സർക്കാർ വക മദ്യശാല സ്ഥാപിക്കുന്നതിനെതിരെ സ്ഥലവാസികൾ ഇത്രയും പ്രക്ഷോഭണം കൂട്ടുന്നതെന്തിനെന്ന് എനിക്ക് പിടി കിട്ടിയിരുന്നില്ല. പക്ഷേ ഇന്ന് എന്താണ് കാര്യമെന്ന് പിടി കിട്ടി. ചിങ്ങ മാസത്തിലെ മഞ്ഞ വെയിൽ ദൂരെ കുന്നുകളിലും മരങ്ങളിലും തട്ടി പ്രകാശിച്ച് നിൽക്കുന്ന കാഴ്ച ഞങ്ങൾ താമസിക്കുന്ന വീടിനെ മുകൾ ഭാഗത്ത് കയറി നിന്നാൽ കാണാൻ കഴിയുമെന്നതിനാൽ ഇന്ന് ഞാൻ ശാന്തമായ അന്തരീക്ഷത്തിൽ ആ കാഴ്ച കണ്ട്കൊണ്ട് നിൽക്കുകയായിരുന്നു. താഴെ റെയിൽ പാതയാണ്. അതിനു മുകൾ ഭാഗത്ത് ഒരു വെട്ടു വഴിയും. കോടതി വെച്ച ദൂര പരിധിയിൽ നിന്നും രക്ഷപെടാൻ ബീവറേജ് ഒരു ഉൾനാടൻ നിരത്തിന്റെ അരികിൽ ഒരു വീട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആ നിരത്തിലെത്താൻ റെയിൽ പാതക്കരികിലുള്ള വെട്ട് വഴി എളുപ്പ മാർഗമാണ്. മദ്യശാല സ്ഥാപനത്തിന്ശേഷം എവിടെല്ലാമോ കിടന്ന കുടിയന്മാർ ഈ വെട്ട് വഴിയിലൂടെ ജാഥയായി പോകുന്നത് കാണാം. കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോകുന്ന ട്രൈൻ കടന്ന് പോകുന്ന സമയം ഒരു കുടിയൻ പാളത്തിനരികിലൂടെ ആടിയാടി പോകുന്നത് ഞാൻ കണ്ടു. കഥാ നായകൻ ട്രൈൻ കടന്ന് വന്നപ്പോൾ അതിന് നേരെ പാളത്തിന് അരികിൽ നിന്ന് കൈ കാണീച്ചു. ബസ്സിന് കൈ കാണിക്കുന്നത് പോലെ. ട്രൈൻ കൂവിയാർത്ത് കടന്ന് പോയപ്പോൾ തത്ര ഭവാൻ കൈ കാണിച്ചിട്ടും ട്രൈൻ നിർത്താത്ത വൈരാഗ്യത്തിൽ അദ്ദേഹം അതിന് നേരെ നോക്കി എന്തെല്ലാമോ വിളിച്ച് കൂവുകയും സർവ ശക്തിയുമെടുത്ത് കാറി തുപ്പുകയും ചെയ്തു. അതും മതിയായില്ലെന്ന ചിന്തയാൽ ഉടുമുണ്ട് പൊക്കി പ്രദർശനം നടത്തുകയും ചെയ്തപ്പോൾ അടുത്ത വീടുകളിൽ താമസിക്കുന്ന സ്ത്രീകൾ കൂവിയാർത്ത് വീടിനുള്ളിൽ കടന്ന് കതകടച്ചു. ഇപ്പോൾ ഞാൻ മനസിലാക്കുന്നു, നാട്ടുകാർ ബീവറേജ് സ്ഥാപനത്തിനെതിരെ പ്രതിഷേധിക്കുന്നതെന്തിനെന്ന്....

Wednesday, August 9, 2017

ജസ്റ്റിസ് കർണനും ജയിൽ ജീവിതവും

ജസ്റ്റിസ് കർണന്റെ ജയിൽ ജീവിതത്തെപറ്റി മാധ്യമ പ്രവർത്തകർക്കോ ചാനൽകാർക്കോ ഒന്നും പറയാനില്ല. കർണന്റെ കൂടെ മറ്റ് തടവുകാരുണ്ടോ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോ  ആഹാരം ഏത് തരത്തിൽ പെട്ടതാണ് ഇതൊന്നും ആ ന്യായാധിപൻ സിനിമാ നടനല്ലാത്തതിനാൽ വാർത്താ പ്രാധാന്യം ലഭിക്കാത്ത വസ്തുതകളായി തീർന്നു. അത് കൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിൽ ഇതിനു മുമ്പ് കേട്ട് കേൾവി പോലുമില്ലാതെ ഒരു ഹൈക്കോടതി ജഡ്ജ്  ജയിൽ വാസം അനുഭവിക്കുന്നു. അദ്ദേഹത്തിന് പൊതുജനത്തോട് പറയാനുള്ളത് എന്തായാലും അത്  പ്രസിദ്ധീകരിക്കരുത് എന്ന് പരമോന്നതി കോടതി  ഒരു ഉത്തരവ് മുഖേനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ  നിരോധിക്കുകയും ചെയ്തു. കുറ്റം ചാർത്തപ്പെടുന്നവനു കിട്ടുന്ന ആനുകൂല്യം നിഷേധിക്കപ്പെട്ട  കർണൻ തന്റെ സർവീസ് ജീവിതത്തിൽ നേരിട്ട ചില അനുഭവങ്ങൾ  ഉന്നത് കോടതിയെ അറിയിച്ചു, അതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളെ  ഒട്ടും കൂസാതെ തന്റേതായ  മാർഗത്തിൽ തിരിച്ചടിച്ചു. ഇതാണ് കർണൻ ചെയ്ത കുറ്റം. കണൻ ചെയ്തത് ശരിയോ തെറ്റോ എന്നതല്ല ഇവിടെ നിരീക്ഷിക്കപ്പെടേണ്ടത്. തന്റെ മേൽ ചാർത്തപ്പെട്ട കുറ്റത്തിലെ പ്രതിയെന്ന നിലയിലുള്ള  അവകാശങ്ങൾ കർണന് ലഭിച്ചോ എന്നതാണ്. കീഴ്ക്കോടതിയിലെ ജീവനക്കാരനോ ന്യായാധിപനോ ബന്ധുക്കളോ കക്ഷിയായി വ്യവഹാരം ആ കോടതിയിൽ വന്നാൽ ഒന്നുകിൽ ആ വ്യവാഹാരം മറ്റ് കോടതിയിലേക്ക് മാറ്റും അല്ലെങ്കിൽ ജീവനക്കാരനെ മാറ്റും. ഇവിടെ കർണനെ ശിക്ഷിക്കാൻ ഉപോൽബലകമായ കേസ് കൈകാര്യം ചെയ്തത് അതേ ന്യായാധിപന്മാർ തന്നെ ആയിരുന്നു. പരമോന്നത കോടതിയിലെ  ഒരു വലിയ കൂട്ടം നിയമ വിശാരദന്മാർ സന്നിഹിതരായിരുന്ന കോടതി ഹാളിൽ ആ വിധി പുറത്ത് വന്നതോടെ തനിക്ക് പറയാനുള്ളത്  ആരോടും പറയാനാവാതെ  കർണൻ ജയിലിൽ ആയി.
നിയമ ദേവതക്ക് കണ്ണ് കാണില്ലല്ലോ...

Monday, July 24, 2017

പുരുഷ പീഡനം

തകർത്ത് പെയ്യുന്ന  മഴയെ നോക്കി  നിശ്ശബ്ദനായി അയാൾ ഇരുന്നപ്പോഴും  അയാളുടെ മനസിൽ ദു:ഖത്തിന്റെ മറ്റൊരു മഴ പെയ്യുകയാണെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു.
ഒരു ബസ് ക്ലീനറുടെ കൂട്ടത്തിൽ അയാളുടെ ഭാര്യ ഇറങ്ങി പോയി എന്ന് ഗൾഫിൽ നിന്നും തിരിച്ച് വന്നപ്പോൾ അയാൾക്ക് അറിയാൻ കഴിഞ്ഞു. 3 കുട്ടികളെയും അവൾ കൂട്ടത്തിൽ കൊണ്ട് പോയി. ഗൾഫിൽ വർഷങ്ങളോളം അയാൾ സമ്പാദിച്ചതെല്ലാം നാട്ടിൽ ഭാര്യയുടെ പേരിൽ അയച്ച് കൊടുത്തിരുന്നു.  സ്വത്തുക്കൾ പോയതിൽ അയാൾക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല.  ആരോഗ്യവും ആയുസ്സും ഉണ്ടെങ്കിൽ ഇനിയും സമ്പാദിക്കാം എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ കുഞ്ഞുങ്ങൾ....അയാൾ വിതുമ്പി. കുഞ്ഞുങ്ങളെ അയാൾക്ക് തിരികെ കിട്ടണം,  അതിനെന്താണ് പോം വഴി എന്നറിയാനാണ് അയാൾ വന്നിരിക്കുന്നത്. കോടതി കയറി വർഷങ്ങൾ ദീർഘിപ്പിക്കാൻ അയാൾ ഒരുക്കമില്ല. ഒരു അനുരഞ്ജന ചർച്ചക്ക് വേദി തരപ്പെടുത്തണം. ഇത് വരെ അയാൾ സമ്പാദിച്ച എല്ലാ സ്വത്തും അവൾക്ക് യഥേഷ്ടം  ഉപയോഗിക്കാൻ     അയാൾ     തടസ്സം നിൽക്കില്ല, പക്ഷേ എന്റെ കുഞ്ഞുങ്ങളെ മാത്രം തിരികെ തരാൻ അവളോട് പറയണം. കാലം ചെല്ലുമ്പോൾ ആവേശം തണുക്കുമ്പോൾ അവൻ എന്റെ കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറും, അന്നവൾക്ക് അവനെതിരെ ഒരു ചെറു വിരലനക്കാൻ പോലും ധൈര്യം കാണില്ല, എന്റെ കുഞ്ഞുങ്ങൾ കഷ്ടത്തിലാകും....അയാൾ പറഞ്ഞ് കൊണ്ടേ ഇരുന്നു. പെട്ടെന്ന് അയാൾ ചോദിച്ചു "സ്ത്രീയെ തുറിച്ച് നോക്കുന്നത് പോലും ക്രിമിനൽ കുറ്റമാകുന്ന നിയമങ്ങൾ ഉള്ള ഈ രാജ്യത്ത്  പുരുഷനെ പീഡിപ്പിക്കുന്നതിനെതിരെ നിയമമൊന്നുമില്ലേ?"
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
അവൾ ഇപ്പോൾ താമസിക്കുന്ന മേൽ വിലാസം കണ്ട് പിടിച്ച് വരാനും മദ്ധ്യസ്തന്മാർ  മുഖേനെ അനുരഞ്ജന ചർച്ചക്ക്  വഴിയൊരുക്കാമെന്നും പറഞ്ഞ് അയാളെ തിരിച്ചയക്കുമ്പോഴും   അയാളുടെ ചോദ്യം എന്റെ മനസിൽ അലയടിക്കുകയായിരുന്നു.

Friday, July 21, 2017

നഴ്സുമാരുടെ ശമ്പള വർദ്ധനയും കുറേ ചിന്തകളും

നഴ്സുമാരുടെ ശമ്പളം 20000 രൂപയായി വർദ്ധിപ്പിച്ചു. നല്ല കാര്യം. ആ പാവങ്ങൾ രക്ഷപെടട്ടെ.
പക്ഷേ  ന്യായമായ  ഒരു ചോദ്യം ഉദിച്ച് വരുന്നു.  ഈ അധിക വർദ്ധന  ആർ നൽകും. സ്വകാര്യ ആശുപത്രി  മാനേജ്മെന്റാണ് നൽകേണ്ടതെന്ന് സ്വാഭാവികമായ ഉത്തരം ശരിയാണ്. അങ്ങിനെ അവർ നൽകുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് തീർച്ച. അവരുടെ ലാഭം ഇങ്ങിനെ അധിക വേതത്തിനായി മാറ്റി വെക്കാനുള്ളതല്ല. പിന്നെവിടെന്ന് ഈ അധിക തുക കണ്ടെത്തും.  ഉത്തരം ലളിതം. ജനങ്ങളുടെ കീശയിൽ നിന്ന് തന്നെ ഈ തുക പിടിച്ച് പറിക്കും. സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിക്കുന്നവരുടെ കാര്യം ഇനി കട്ട പൊഹ!.
ജനങ്ങൾക്ക് സർക്കാർ ആശുപത്രിയെ  സമീപിച്ചാൽ മതിയല്ലോ എന്ന്  ന്യായമായ  മറുപടി നമുക്ക് കണ്ടെത്താം.   താലൂക്ക് സർക്കാർ ആശുപത്രിയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോഏത് സർക്കാർ ആതുരാലയമാണ്   അൽപ്പം ഗുരുതരമായ  ഒരു രോഗം  കൈകാര്യം ചെയ്യാൻ താല്പര്യം കാണിക്കുന്നത്. സാധാരണ പനിയോ ചുമയോ ഒരു ചെറു മുറിവോ സാധാരണ പ്രസവ കേസുകളോ  ആ വിധത്തിലുള്ള കേസുകൾ മാത്രം അവർ കൈകാര്യം ചെയ്തേക്കാം. അൽപ്പം ഗുരുതരാവസ്ഥ ( അത്  ആ ആശുപത്രിയിൽ തന്നെ പരിഹരിക്കാവുന്നതേ ഉള്ളൂ എങ്കിലും അവർ അതിന് മെനക്കെടാറില്ല  ) ആ       ണെങ്കിൽ അവർ ഒരിക്കലും ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല, അത് അവർ ജില്ലാ ആശുപത്രിയിലേക്കോ  മെഡിക്കൽ കോളേജിലേക്കോ റഫർ ചെയ്യും. മെഡിക്കൽ കോളേജിൽ എത്തപ്പെടുന്നവൻ പിന്നീടൊരിക്കലും ആ മണ്ടത്തരത്തിന് വഴങ്ങിക്കൊടുക്കുകയേ ഇല്ല. അത്രക്ക കഷ്ടപ്പാടും ദുരിതവുമാണ് അവിടെ.   ഈ അവസ്ഥയിൽ സ്വകാര്യ ആശുപത്രിയെ തന്നെ ജനം സമീപിക്കുന്നു. അവൻ കടം വാങ്ങിയും വിറ്റ് പെറുക്കിയും ആവശ്യമില്ലാത്ത ടെസ്റ്റിനും ചികിൽസക്കും പണം കണ്ടെത്തുന്നു. കൂടുതലും ഇടത്തരക്കാരായ ജനങ്ങളാണ് ഈ കുരിശ് ചുമക്കുന്നത്.  പാവപ്പെട്ടവന് സർക്കാർ സൗജന്യ ഇൻഷുറൻസ് തുടങ്ങിയവയും സൗജന്യ നിരക്കിലെ ചികിൽസയും ലഭിക്കുമ്പോൾ സർക്കാർ ജീവനക്കാർ മെഡിക്കൽ റീ എംബേർസിലൂടെ  പരിഹാരം കണ്ടെത്തുന്നു.  പണക്കാരന് അമേരിക്കയിൽ പോയും ചികിൽസിപ്പിക്കാം.  പക്ഷേ ഇടത്തരക്കാരനാണ് പെടാപ്പാട് പെടുന്നത്.
ബിൽ തുക അധികരിച്ചാൽ പ്രതിഷേധിക്കാനുള്ള വഴിയും കഴിഞ്ഞ നിയമ സഭ കാലത്തെ നിയമ നിർമ്മാണത്തിലൂടെ അടച്ചു. ആശുപത്രി സംരക്ഷണ ബിൽ എന്ന ആ നിയമത്തിലൂടെ ആശുപത്രികൾ ഭിഷഗ്വരന്മാർ  ജീവനക്കാർ എന്നിവർക്ക് നേരെ ഒച്ച വെച്ചാൽ ജാമ്യം ഇല്ലാ വകുപ്പിട്ട് ആ നിയമ പ്രകാരം കേസെടുക്കാം. ആ ബിൽ അവതരിച്ച് നിയമം ആക്കിയപ്പോൾ സർക്കാർ ഭാഗത്ത് നിന്നും ഒരു വാഗ്ദാനം സഭയിൽ വന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് വരുന്ന പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്ന്. എവിടെ?!!! അങ്ങിനെയൊരു കാര്യമേ പിന്നെ ആരുടെയും ശ്രദ്ധയിൽ വന്നില്ല.  അപ്പോൾ സർക്കാർ നിയമമാക്കിയ ബില്ലിന്റെ തണലിൽ എന്ത് അനാവശ്യവും കാട്ടിക്കൂട്ടിയാലും ആശുപത്രിക്കോ ജീവനക്കാർക്കോ എതിരായി ഒരു ചെറു വിരലനക്കാൻ കഴിയാതെ നിശ്ശബ്ദനായി പറയുന്ന തുകയും കൊടുത്ത് പോയാൽ മതി, പൊതു ജനമെന്ന കഴുത.... സഹിച്ചല്ലേ ഒക്കൂ...  സഹിക്കുക, മധുര മനോഹര ജനാധിപത്യ വാദികൾ മേയുന്ന ഈ പുണ്യ ഭൂവിൽ മറ്റൊരു വഴിയുമില്ലാതെ വരിയുടച്ച  കഴുതകൾ നിശ്ശബ്ദരായി സഹിക്കുക.

Sunday, June 25, 2017

പെരുന്നാൾ തലേന്ന് രാത്രിയിൽ....

ഈ പെരുന്നാൾ തലേ രാത്രിയിൽ  തോരാതെ പെയ്യുന്ന മഴയെ നോക്കി ഇരുട്ടിൽ       ഇരിക്കുമ്പോൾ  ജനിച്ച സ്ഥലം വിട്ട് വന്നവന്റെ മനസ്സിലെ വികാര വിചാരങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ തിരിച്ചറിയുന്നു. പ്രവാസികളായ ഗൾഫ്കാരിൽ പെരുന്നാളിന് നാട്ടിലെത്താൻ കഴിയാത്തവരും ഈ അവസ്തയിൽ തന്നെ ആയിരിക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ആഘോഷ ദിവസങ്ങളോടനുബന്ധിച്ചുള്ള  ദീപ്ത സ്മരണകൾ എല്ലാവർക്കും  ഒരുപോലെ ആയിരിക്കുമല്ലോ.
ആലപ്പുഴയിൽ വട്ടപ്പള്ളിയിൽ ബാല്യകാലം കഴിച്ച് കൂട്ടിയ എനിക്ക്  പെരുന്നാൾ തലേന്നുള്ള സ്മരണകളെ എങ്ങിനെ ഒഴിവാക്കാൻ കഴിയും.
സെയ്ദ് പൂക്കോയ തങ്ങളുടെ മഖാമിൽ നിന്നും പെരുന്നാളാണെന്ന് അറിയിച്ച് കൊണ്ടുള്ള വെടി ഒച്ച മുഴങ്ങുന്നതോടെ പെരുന്നാൾ തലേന്ന് ആഘോഷം ആരംഭിക്കുകയായി. കത്തി മൂർച്ചയാക്കി നിന്നിരുന്ന അറവ്കാരൻ ഹംസാഇക്കാ     മാടുകളെ കശാപ്പ് തുടങ്ങുമ്പോൾ ഇറച്ചി വാങ്ങാൻ നിൽക്കുന്നവരുടെ തിരക്കിൽ  പെട്ട് കുഴയുന്നതും പടക്കം വാങ്ങാൻ നെട്ടോട്ടം ഓടുന്നതും  ആണ്ടിലൊരിക്കൽ കിട്ടുന്ന പുത്തനുടുപ്പ് തയ്ച്ച് കിട്ടുന്നതിന് തയ്യൽക്കാരൻ വർഗീസ് ചേട്ടന്റെ കടയിലെ കാത്തിരിപ്പും ഇന്നലെ കഴിഞ്ഞത് പോലെ അനുഭവപ്പെടുന്നു.  ആ തിരക്കുകളെല്ലാം ഒന്ന് കൂടി അനുഭവിക്കുവാനും  മില്ലിൽ മാവ് പൊടിക്കാൻ പോയി താമസിച്ച് വന്നതിന് ഉമ്മായുടെ വഴക്ക് കേൾക്കാനും കൊതിയാകുന്നു. വാപ്പാ പോയി ഉമ്മാ പോയി മൂത്ത സഹോദരിയും പോയി മറ്റുള്ളവർ അവരവരുടെ കുടുംബ വൃത്തത്തിൽ ചുറ്റുമ്പോൾ മനസിൽ എവിടെന്നോ അന്യഥാ ബോധം അരിച്ച് കയറുകയാണ്`. എങ്കിലും ഒന്ന് അവിടം വരെ  പോയി ആ മണ്ണിൽ കാൽ കുത്താൻ കൊതിയേറുമ്പോൾ നിസ്സഹായനായി പെയ്യുന്ന മഴയെ നോക്കി ഇരിക്കാനാണ്  വിധി.
പെരുന്നാളിനോടനുബന്ധിച്ച്  രണ്ട്മൂന്നു ദിവസം മുമ്പേ മൈലാഞ്ചി ഇടലും
വളക്കാരനെ നോക്കി ഇരിപ്പും പതിവായിരുന്നല്ലോ. വള ചെട്ടികൾ വിവിധ വർണങ്ങളിലുള്ള കുപ്പി വളകളുമായി  ആ ദിവസങ്ങളിൽ എത്തി ചേരും.
ഇഷ്ടപ്പെട്ട ചുവന്ന കുപ്പി വളകൾ വാങ്ങിക്കാൻ ആ പട്ടിണിക്കാലത്ത്  കഴിയാതിരുന്ന  ബാല്യസഖിയുടെ മുഖത്തെ നിരാശ കണ്ട ആ 16കാരൻ  തന്റെ ഒഴിഞ്ഞ പോക്കറ്റ് നോക്കി നെടുവീർപ്പിട്ടതും  കുറച്ച് കാലം കൂടി കഴിയട്ടെ നിനക്ക് രണ്ട് കയ്യിലും നിറയെ  ചുവന്ന കുപ്പിവള ഞാൻ വാങ്ങി തരാമെന്ന് കണ്ണിൽ കണ്ണിൽ നോക്കി വ്യാമോഹിപ്പിച്ചതും ഒരു പെരുന്നാൾ രാവിനായിരുന്നുവോ?! ഒരിക്കലും സാധിച്ച് നൽകാത്ത വാഗ്ദാനമായി  ആ കുപ്പി വള ഇന്ന് മനസിന്റെ ഏതോ മൂലയിൽ കിലുകിലാരവം മുഴക്കുമ്പോൾ അറിയപ്പെടാത്ത ഏതോ ദേശത്ത്  അത് അണീയേണ്ടവൾ  അമ്മയായി അമ്മൂമ്മയായി കഴിയുന്നുണ്ടാവണമെന്ന ചിന്ത തന്നെ എന്തിനെന്നറിയാത്ത വിധം മനസിനെ   വിവശമാക്കുന്നല്ലോ.
ദൂരെ ദൂരെ പടക്കങ്ങളും കംബിത്തിരിയും മത്താപ്പും കത്തിയമരുമ്പോൾ നിരത്തിലൂടെ ജനം പെരുന്നാൾ തലേന്ന് തിങ്ങി നിറഞ്ഞ് ഒഴുകുമ്പോൾ ആ വളകിലുക്കത്തിന്റെ മധുര സ്മരണയിൽ പെരുന്നാൾ തലേന്നായ ഈ രാത്രിയിൽ   ഈ ഇരുട്ടത്ത് ഞാൻ കഴിഞ്ഞോട്ടെ ....

Friday, June 16, 2017

അച്ചൻ കുഞ്ഞിന്റെ മകൻ

  മഴ ഒഴിഞ്ഞ് നിന്ന   ഇടവപ്പാതി സായാഹ്നത്തിൽ  തിരക്ക് നിറഞ്ഞ തെരുവിലൂടെ ഞാൻ  നടന്ന് പോകുകയായിരുന്നു. എന്നെ കടന്ന് പോയ ഒരു  മുന്തിയ ഇനം കാർ  പെട്ടെന്ന് അരിക് ഒതുക്കി  നിർത്തി അതിനുള്ളിൽ നിന്നും  ഒരു ആജാനുബാഹുവായ മനുഷ്യൻ ഇറങ്ങി എന്റെ നേരെ വന്നു. സിൽക്ക് ജൂബായുടെ തുറന്ന് കിടന്ന് കിടന്നിരുന്ന  കഴുത്ത് ഭാഗത്ത് ഒരു തടിയൻ സ്വർണ മാല  അണിഞ്ഞിരുന്നത് കാണാമായിരുന്നു. ഘനത്തിലുള്ള കറുത്ത മീശ  ആ മുഖത്തിന് ഗംഭീര ഭാവം നൽകി. കറുത്ത മുഖത്ത് വെളുത്ത പല്ലുകൾ കാണിച്ചുള്ള തുറന്ന ചിരിയുമായി അയാൾ എന്റെ നേരെ കൈ കൂപ്പി,
"സാറിന് എന്നെ മനസിലായോ?' അയാളുടെ ചോദ്യത്തിന് ഉത്തരം നൽകാനാവാതെ ഞാൻ എന്റെ സ്മരണ മണ്ഡലത്തിലൂടെ ഊളിയിട്ടെങ്കിലും  ഒരു പിടിയും കിട്ടിയില്ല. ഏതെങ്കിലും കേസിലെ കക്ഷിയോ പണ്ട് ഏതെങ്കിലും  പെറ്റി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയോ ആയിരിക്കുമെന്ന് കരുതിയെങ്കിലും ഒന്നിനും ഒരു തീർച്ച ഉണ്ടാകാതെ മൗനം അവലംബിച്ച് സൈക്കിളിൽ നിന്ന് വീണവന്റെ ചിരിയുമായി നിന്നപ്പോൾ അയാൾ പറഞ്ഞു " സാർ ഒരിക്കലും  എന്നെ ഓർമ്മിക്കാൻ സാദ്ധ്യതയില്ല, ഞാൻ പണ്ടത്തെ  ആ, അച്ചൻ കുഞ്ഞിന്റെ മകനാണ്, സാറിന്റെ ഇലയിൽ നിന്നും ബാക്കി ആഹാരം വാങ്ങി കഴിച്ചു കൊണ്ടിരുന്നവൻ...."
പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ അയാളെ  അന്തം വിട്ട് നോക്കി നിന്നപ്പോൾ അയാൾ പറഞ്ഞു " സാറിന്റെ  നടപ്പ് ശൈലി കണ്ടാണ് ഞാൻ സാറിനെ തിരിച്ചറിഞ്ഞത്, കുറച്ച് മുടി പോയിരിക്കുന്നു, അല്ലാതെ ആൾക്ക് മാറ്റമൊന്നുമില്ല"
ഒരു നിമിഷം കൊണ്ട്  ഓർമ്മകൾ വളരെ വർഷങ്ങൾക്ക് മുമ്പുള്ള   കൊട്ടാരക്കര സബ് കോടതിയുടെ പുറക് വശത്തെ റൂമിന്റെ  പട്ഞ്ഞാറ് ജനൽ ഭാഗത്തേക്ക് എന്നെ കൊണ്ട് പോയി. ഉച്ചക്ക് ഞങ്ങൾ ആഹാരം അവിടെ ഇരുന്നാണ് കഴിക്കാറുണ്ടായിരുന്നത്. ഊണ് കഴിയുമ്പോൾ ഇലയും ഉച്ഛിഷ്ടങ്ങളും ജനലിൽ കൂടി പൂറത്തേക്കെറിയും. അവിടെ നായ്ക്കളും തെരുവ് പിള്ളാരും കാത്ത് നിന്ന് ആ ഇല പിടിച്ചെടുക്കും. അതിലുള്ള ഉച്ഛിഷ്ടം കഴിക്കും. ഒരു ദിവസം ഞാൻ ആഹാരം കഴിച്ച് ഇല പുറത്തേക്കെറിഞ്ഞപ്പോൾ  കിട്ടിയത് ഞങ്ങൾ അച്ചൻ കുഞ്ഞിന്റെ മകൻ എന്ന് വിളിക്കുന്ന പയ്യനായിരുന്നു.  അന്ന് അതിൽ ഒരു വറ്റു പോലുമില്ലായിരുന്നു.  ആഹാരം വെറുതെ കളയുന്നതിൽ വിമുഖനായിരുന്ന ഞാൻ ചോറ് അൽപ്പമായാണ് കൊണ്ട് വന്നിരുന്നത്. അവൻ ആ ഇല തുറന്ന് നോക്കിയപ്പോൾ അവന്റെ മുഖത്ത് കണ്ട നിരാശ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിറ്റേ ദിവസം ഞാൻ അവനെ കരുതി ധാരാളം ചോറുമായി വന്നു, ഞാൻ കഴിച്ചതിന് ശേഷം അവന് വിളീച്ച് കൊടുത്തു. അന്ന് അവന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പിന്നീട് അത് പതിവായി. ഇത് വർഷങ്ങളോളം നില നിന്നു. ഒരു ദിവസം അവനെ പെട്ടെന്ന് കാണാതായി , പിന്നീടറിഞ്ഞ് അവൻ കൊല്ലത്ത് വലിയ കടയിൽ ചുമട് എടുക്കുന്ന പണിയിലാണെന്ന്.  എല്ലാം മറന്ന കൂട്ടത്തിൽ അവനെയും മറന്നു. അവന്റെ പേരെന്തെന്ന് ഞങ്ങൾക്കറിയില്ല.  അച്ചൻ കുഞ്ഞ് ഞങ്ങളുടെ ജീവനക്കാരനായിരുന്നു.  ഒരു പാവത്താൻ .  ഈ പയ്യനും അച്ചൻ കുഞ്ഞിനെ പോലെ കറുത്ത നിറവും ഉണ്ണി കുട വയറും വലിയ  മൂക്കും ഉണ്ടായിരുന്നതിനാൽ ആരോ തമാശ പറഞ്ഞു  " ഇവൻ അച്ചൻ കുഞ്ഞിനെ പോലിരിക്കുന്നുവെന്നു "  അച്ചൻ കുഞ്ഞിന് ഇത് കേൾക്കുമ്പോൾ കലി വരും. അത് കാരണം എല്ലാവരും അവനെ അച്ചൻ കുഞ്ഞിന്റെ മോനേ! എന്ന് തന്നെ കളിയാക്കി വിളിച്ച് വന്നിരുന്നു. അവനും ആ പേര് അംഗീകരിച്ചത് പോലെ തോന്നി. അങ്ങിനെ വിളിച്ചാൽ അവൻ ഓടി വരുമായിരുന്നു. തെരുവിന്റെ ആ സന്തതിക്ക് ഒരു പക്ഷേ പേരില്ലാതിരുന്നിരിക്കാം.
ഇപ്പോൾ ഇതാ അവൻ എന്റെ മുമ്പിൽ മുന്തിയ കാറിൽ  പ്രൗഡ ഗംഭീര വേഷത്തിൽ നിന്ന് ചിരിക്കുന്നു. എന്റെ അന്തം വിടൽ കണ്ടത് കൊണ്ടാവാം അവൻ പറഞ്ഞു" സാറേ! ഞാനൊന്നും മറന്നിട്ടില്ല ഇത് വരെയും, അതിൽ എനിക്ക് ഒരു നാണക്കേടുമില്ല, അത് കൊണ്ടല്ലേ സാറിന്റെ മുമ്പിൽ എന്റെ പഴയ പേര് ഞാൻ പറഞ്ഞ് തന്നത്. വലുതായപ്പോൾ  ഇവിടെ നിന്നാൽ രക്ഷപെടില്ലാ എന്ന് കണ്ട്ഞാൻ  ബോംബെയ്ക്ക് കള്ള വണ്ടി കയറി .അവിടെ കഠിനാദ്ധ്വാനം ചെയ്തു, ദൈവം ശരിക്കും കനിഞ്ഞ് തന്നു. വർഷങ്ങളിലൂടെ ഞാൻ ചെയ്ത അദ്ധ്വാനം എന്നെ സമ്പന്നനാക്കി, പണം വന്നപ്പോൾ എല്ലാം ഉണ്ടായി, കുടുംബം വരെ. ഇപ്പോൾ ഞാൻ  തൃപ്തനാണ്."
"ഇപ്പോൾ  ഇവിടെ?  ഞാൻ തിരക്കി.
അവൻ പൊട്ടി ചിരിച്ചു "സാറേ അതൊരു തമാശയാണ് ഞാൻ പണ്ട് ആഹാരം കഴിച്ചിരുന്ന  ആ ജനലിന്റെ ഭാഗവും മറ്റും  ഒന്ന് കാണണമെന്ന് തോന്നി...പിന്നെ...എന്റെ വീട്ടുകാരിയോടും കുട്ടികളോടും ഈ കഥകളൊക്കെ പറഞ്ഞപ്പോൾ അവർ അതൊന്നും വിശ്വസിച്ചില്ല, എങ്കിൽ അവരെ ആ സ്ഥലം കൊണ്ട് കാണിക്കാമെന്ന് കരുതി, തിരുവനന്തപുരം പോകുന്ന വഴി ഇതിലേ ഒന്ന് വന്നതാണ് പക്ഷേ അവിടം ആ കെട്ടിടമെല്ലാം പൊളീച്ച് മാറ്റിയിരിക്കുന്നു സബ് കോടതി അവിടില്ല, നിരാശയായി പോയി,  ഭാഗ്യത്തിന് സാറിനെ കാണാൻ സാധിച്ചു.. വാ സാറേ! എന്റെ കുടുംബത്തിനെ കാണേണ്ടേ..." അവൻ കാറിന് സമീപത്തേക്ക് നടന്ന് കാറിനകത്തേക്ക് തലയിട്ട് എന്തോ പറഞ്ഞു.  കാറിനുള്ളിൽ നിന്നും വെളുത്ത ഒരു സ്ത്രീയും കറുത്ത രണ്ട്  ആൺകുട്ടികളും ഇറങ്ങി നിന്നു.  ആ സ്ത്രീ എന്റെ നേരെ കൈ കൂപ്പി. ഞാൻ ആ കുട്ടികളെ നോക്കി, ദൈവമേ! ഒന്നല്ല രണ്ട് അച്ചൻ കുഞ്ഞ് മക്കൾ.  എന്റെ നോട്ടം കണ്ടത് കൊണ്ടാകാം അവൻ പറഞ്ഞു സാറേ! അച്ചൻ കുഞ്ഞിന്റെ മക്കൾ അല്ലേ? "
 ഞാൻ വല്ലാതായി. പക്ഷേ അവന് ഒരു കൂസലുമില്ല.  ഒരു പക്ഷേ അവന്റെ ഈ സത്യ സന്ധ്യതയും തുറന്ന് പറച്ചിലുമാകാം അവന്റെ ജീവിത വിജയത്തിനും ദൈവ കാരുണ്യത്തിനും ഇടയാക്കിയത്.
കാറിലേക്ക് കയറുമ്പോൾ  അവൻ കൈ കൂപ്പി  എന്നോട് ചോദിച്ചു " ഇനി എന്നെങ്കിലും നാം തമ്മിൽ കാണുമോ?"  അവന്റെ ശബ്ദം ഇടറിയിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്.  ഞാനും വല്ലാതായി .
വണ്ടി അകന്ന് പോയപ്പോൾ  അറിയാതെ പറഞ്ഞു പോയി "നിനക്കും കുടുംബത്തിനും  നല്ലത് വരട്ടെ"

Thursday, June 1, 2017

ആധുനിക ഡയോജനിസ്മാർ

നിരത്തിൽ കൂടി വാഹനത്തിൽ അടിയന്തിര സാഹചര്യത്തിൽ  വേഗതയിൽ പകൽ   യാത്ര      ചെയ്യേണ്ടി വരുമ്പോൾ ലൈറ്റ് പ്രകാശിപ്പിച്ച്  സഞ്ചരിക്കുന്നത് ആ യാത്രയുടെ ഗുരുതരാവസ്ത എതിരെ വരുന്നവരെ  ജാഗരൂകരാക്കാനും വാഹനങ്ങൾ ഒഴിച്ച് മാറ്റി തരുന്നതിനുമാണ്  എന്നത് അലിഖിത മര്യാദയിൽ പെട്ടതാണ്.
ഇപ്പോൾ ന്യൂ ജനറേഷൻ ഇരുചക്ര വാഹനങ്ങൾ  സ്റ്റാർട്ട് ചെയ്ത്   എഞ്ചിൻ പ്രവർത്തന നിരതമാകുന്നതോടൊപ്പം തന്നെ  അതിന്റെ ലൈറ്റും   പ്രകാശിച്ച് നിൽക്കുന്ന  നിർമ്മിതിയിലാണ് പുറത്ത് വരുന്നത്. അനുകരണ ഭ്രാന്ത് പിടിച്ച മലയാളികൾ  അങ്ങിനെ സംവിധാനമില്ലാത്ത  ഇരുചക്ര വാഹങ്ങളും ഒരു കാരണവുമില്ലാതെ ലൈറ്റും കത്തിച്ച് പകൽ യാത്ര ചെയ്യുന്ന കാഴ്ച ഇപ്പോൾ സുലഭമായിരിക്കുന്നു.  പിന്നെ  ഞങ്ങളെന്തിന് ഒഴിവാക്കണമെന്ന കാഴ്ചപ്പാടിൽ ചില വാല്  കുരുത്ത പയ്യന്മാർ ഇതര വാഹനങ്ങളും ലൈറ്റിട്ട്  പകൽ ഓടിക്കുന്നു.  ചുരുക്കത്തിൽ  നിരത്തിൽ നിറയെ  പകൽ വെളിച്ചത്തിൽ വിളക്കും കത്തിച്ച് സഞ്ചരിക്കുന്ന  ഗ്രീക്ക് തത്വ ചിന്തകൻ ഡയോജനീസ് മോഡൽ  വാഹനങ്ങളാണിപ്പോൾ കണ്ട് വരുന്നത്.
അപ്പോൾ സ്വാഭാവികമായ ഒരു ചിന്ത ഉയർന്ന് വരുന്നു ,   അടിയന്തിര അവസ്തയിൽ ഇനി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ എതിരെ വരുന്ന വാഹങ്ങൾക്കും മറ്റ് യാത്രക്കാർക്കും മുന്നറിയിപ്പ് കൊടുക്കുന്നതിന് എന്തുണ്ട് മാർഗം?!
എല്ലാവരും ലൈറ്റിട്ട്  വാഹനം ഓടിക്കുന്നിടത്ത് പകൽ  അത്യാവശ്യ യാത്ര കാണിക്കാൻ ലൈറ്റ്  അണച്ച് യാത്ര ചെയ്യാം അല്ലേ?

Thursday, May 11, 2017

താരാട്ട് പാട്ടുകളും സിനിമയും

പാട്ടു പാടി ഉറക്കാം ഞാൻ താ മരപ്പൂം പൈതലേ
കേട്ടു കേട്ടു നീ ഉറങ്ങെൻ കരളിന്റെ കാതലേ!
 എത്രയോ വർഷങ്ങളായി ഈ ഗാനം നമ്മുടെ  മനസിൽ തളിരിട്ട് നിൽക്കുന്നു. ഉദയായുടെ സീത എന്ന ചിത്രത്തിൽ പി. സുശീല പാടിയ  ഈ താരാട്ട് പാട്ട് അന്നത്തെ അമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാൻ എപ്പോഴും പാടിക്കൊണ്ടിരുന്നതിനാൽ ആ പാട്ട് തലമുറകളിലൂടെ  പകർന്ന് കിട്ടിക്കൊണ്ടിരുന്നു.  അതേ പോലെ സ്നേഹസീമ എന്ന ചിത്രത്തിൽ " കണ്ണും പൂട്ടി ഉറങ്ങുക നീയെൻ കണ്ണേ  പുന്നാര പൊന്നു മകളേ!" എന്ന ഗാനവും.
.
താരാട്ടു പാട്ടുകൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായതിനാൽ  മലയാളി അമ്മമാർ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുമ്പോൾ  സിനിമയിലെ ഈവക ഗാനങ്ങൾ ആലപിച്ച് നിർവൃതി കൊള്ളുന്നത് പതിവ് കാഴ്ചയായിരുന്നു.  വീട്ടിലെ മറ്റംഗങ്ങളും അത് കേൾക്കാനും സ്വയം മൂളാനും തല്പരരായിരുന്നു.
സുബൈദാ എന്ന ചിത്രത്തിലൂടെ  പുറത്ത് വന്ന  "ഹസ്ബീ റബ്ബീ  ജല്ലള്ളാ,  മാഫീ ഖൽബീ ഖൈറുള്ളാ നൂറു മുഹമ്മദ് സല്ലള്ളാ ഹഖ് ലാ ഇലാഹാ ഇല്ലള്ളാ..." എന്ന താരാട്ട്  മുസ്ലിമേതര  അമ്മമാരും മൂളുന്നത് കേൾക്കാനിടയായിട്ടുണ്ട്.  താരാട്ടു പാടുകൾക്ക് അന്ന് ജാതി ഇല്ലായിരുന്നു. പിൽക്കാലത്ത് വന്ന തുലാഭാരത്തിലെ  "ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമരക്കുമ്പിളിൽ കണ്ണ് നീര്"  എന്ന താരാട്ട് പാട്ട് പാടുമ്പോൾ കണ്ണ് നിറയുന്ന അമ്മമാർ ധാരളമുണ്ടായിരുന്നല്ലോ. അതേ പോലെ തമിഴ് ചിത്രമായ പാശമലരിലെ " മണന്ത് മലരാകെ പാതി മലർ ചൂടി ഉറങ്ങെൻ മണി തിങ്കളേ"  എന്ന ഗാനവും കണ്ണ് നിറക്കുന്നതാണ്
പിന്നീട് എന്ത് കൊണ്ടോ താരാട്ട് പാട്ടുകൾ സിനിമയിൽ നിന്നും അപ്രത്യക്ഷമാകാൻ തുടങ്ങി  . ശാന്തം സിനിമയിലെ " ആറ്റു നോറ്റുണ്ടായ ഉണ്ണീ " എന്ന  ഗാനവും സ്വാന്തനത്തിലെ  "ഉണ്ണീ വാവാവോ" എന്ന ഗാനവും  ഈ അപ്രത്യക്ഷപ്പെടലിന് അപവാദമായി പിന്നീടുണ്ടായ നല്ല താരാട്ട് പാട്ടുകളാണെങ്കിലും  താരാട്ടു പാട്ടുകളുടെ ആ പഴയ പ്രവാഹം നിലച്ച് പോയിരിക്കുന്നു .ന്യൂ ജനറേഷൻ  അമ്മമാർക്ക് താരാട്ട് പാട്ട് ഇഷ്ടമില്ലായിരിക്കാം  . അഥവാ അതിന് സമയം ലഭിക്കാത്തത് കൊണ്ടായിരിക്കാം  എന്തായാലും സിനിമാക്കാരും കാലത്തിനൊത്ത് കോലം കെട്ടി താരാട്ട് പാട്ടുകളെ   അവഗണിക്കുന്നു.
എങ്കിലും താരാട്ട് പാട്ടുകളാൽ  സമൃദ്ധമായ ആ കുട്ടിക്കാലത്തെ മധുരസ്മരണകൾ മറക്കാനാവില്ലല്ലോ. 

Saturday, May 6, 2017

ദേവലാനി ഒരു ആസ്വാദനം

 " ദേവലാനി" 680 പേജുള്ള  ഈ   നോവൽ വായന  ഇന്ന് പൂർത്തിയാക്കി.
ഇതിഹാസ സമാനമായ ഈ നോവലിന്റെ രചയിതാവ് ശ്രീ. പി.എം. മോഹനൻ.
ഹാരപ്പാ മോഹൻ ജദാരോ  സംസ്കൃതിയും  സയൻസും  മിശ്രമായി ഉൾക്കൊള്ളിച്ച ഈ പുസ്തകം   കർണകിയുടെ നമുക്കപരിചിതമായ കഥാഭാഗത്തിലവസാനിപ്പിക്കുന്നു.  ഇതിനിടയിൽ നാലായിരം വർഷങ്ങൾക്കപ്പുറത്തെ  ഉർ,  വറൂസുക് (മോഹൻ ജോദാരോ) ഉദവൃജ(ഹാരപ്പാ‌) ലങ്ക, സരസ്വതീ തീരത്തുള്ള ഭാരതരാജ്യം യമുനാ തടത്തിലെ ദേവലോകം  സരയൂ തീരത്തെ സാകേതം  എന്നിവിടങ്ങളിലൂടെ വായനക്കാരൻ കടന്ന് പോകുന്നു. ആ കാലത്തെ നാവിക വ്യാപാര മേഖല അതിന്റെ പ്രവർത്തന മണ്ഡലം എന്നിവയിലെല്ലാം നാം അതിശയം കൂറി നിൽക്കേണ്ടി വരുകയും ചെയ്യുന്നു. ശ്രീരാമൻ  സന്യാസി ശ്രേഷ്ഠന്മാരാൽ  നയിക്കപ്പെടുന്ന യോദ്ധാവാണ് കഥയിൽ. വിശ്വാമിത്രനും വസിഷ്ടരും രാജഭരണത്തിന്റെ ചാലക ശക്തികളാകുമ്പോൾ രാമൻ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന രാജകുമാരൻ മാത്രം. രാവണനെ രാവണ പണ്ഡിതർ എന്നാണ് കഥയിൽ അഭിസംബോധന ചെയ്യുന്നത്. സാത്വികനായ, ഗായകനായ   ആ പണ്ഡിതരുടെ സ്വന്തം പുത്രിയാണ് സീത. രാജ്യ നാശം പുത്രിയാൽ സംഭവിക്കാം എന്ന പ്രവചനത്തെ തുടർന്ന് ജനകമഹാരാജാവിന്റെ പക്കലെത്തിക്കുകയാണ് പുത്രിയെ. കൊട്ടാരത്തിലെ കുത്തിതിരുപ്പ് കാരണം വനത്തിൽ കഴിയേണ്ടി വന്ന  സ്വന്തം പുത്രിയെ തന്റെ ഗൃഹത്തിലേക്ക്  കൂട്ടിക്കൊണ്ട് വരുകയാണ് പിതാവായ രാവണ പണ്ഡിതർ. രാമനുമായുള്ള യുദ്ധത്തിൽ രാവണൻ കൊല്ലപ്പെടുന്നില്ല, ദേവലോകം രാവണനെ രക്ഷപെടുത്ത്കയാണ് കഥയിൽ. ഇന്ദ്രൻ ബാഹ്യാകാശ ജീവിയാണ്`, സ്പെയ്സ് വാഹനത്തിലെത്തുന്ന ആൾ.
കുബേരനാണ് (രാവണന്റെ സഹോദരൻ) പ്രധാന കഥാപാത്രം. ഇരുമ്പിന്റെ കണ്ട് പിടുത്തവും കഥയിലുണ്ട്.
സവർണർ അവർണരെ എങ്ങിനെ തന്ത്രപൂർവം പരാജയപ്പെടുത്തുന്നു എന്നുള്ളിടത്താണ്` കഥയുടെ മർമ്മം. കറുത്തവരെ വെളുത്തവർ പരാജയപ്പെടുത്തി വൈദിക ഭരണം എങ്ങിനെ  നിലവിൽ വരുന്നു എന്ന് സമർത്ഥമായി വിവരിച്ചിരിക്കുന്നു നോവലിൽ. വസിഷ്ഠരും വിശ്വാമിത്രരുമാണ് അതിന്റെ സൂത്രധാരകർ.  അവർക്ക് പൗരോഹിത്യം സ്ഥാപിക്കപ്പെട്ട് കാണണം ..
ദേവലാനി എല്ലാവരാലും ആദരിക്കപ്പെടുന്ന  വിദഗ്ദയായ നർത്തകി, ദേവലോകത്ത് രംഭ എന്ന പേര് സ്വീകരിച്ചവൾ.
 വായിച്ച് തീരുമ്പോൾ 580 രൂപാ പുസ്തകത്തിന്റെ വില അധികമായി അനുഭവപ്പെടില്ലെന്ന് ഉറപ്പ്. പ്രസാധകർ: സാഹിത്യപ്രവ്ർത്തക സഹകരണ സംഘം. നാഷണൽ ബുക്ക് സ്റ്റാൾ.

Wednesday, May 3, 2017

എച്ചിൽ പെട്ടിയും നമ്മളും

പപ്പടം വരെ  ഫ്രിഡ്ജിനകത്ത്  വെച്ചതിന് ശേഷം പുറത്തെട്ത്ത്  നമുക്ക് തരാൻ നമ്മുടെ ശ്രീമതിമാർ ഒരുമ്പെട്ടേക്കാം. അത്രത്തോളം ഫ്രിഡ്ജിനെ അവർ ബഹുമാനിക്കുന്നു. കാരണം  റ്റിവിയിലെ  തി രുവോന്തിരം മോഡൽ കൊച്ചമ്മമാരെ അവർ മാതൃകയാക്കുമ്പോൾ  ആ കൊച്ചമ്മമാർ ചെയ്യുന്ന  എല്ലാ പ്രവർത്തികളെയും അനുകരിക്കാൻ  അവർ വെമ്പൽ കൊള്ളുകയാണ്. റ്റി.വി.സീരിയലിലും  പരസ്യങ്ങളിലും കാണുന്ന,  അടുക്കളയിൽ പോലും പട്ട്സാരിയുടുത്ത് ആവശ്യത്തിനും അതിലധികവും ആഭരണങ്ങളുമണിഞ്ഞ്  എപ്പോഴും സോപ്പിന്റെയും സുഗന്ധ വസ്തുക്കളുടെയും  മുടി വളർത്തുന്ന എണ്ണയുടെയും മഹിമ വിളിച്ച് കൂവി, പല്ല് തേക്കുന്ന പേസ്റ്റ് മുതൽ കക്കൂസ് കഴുകുന്ന വാഷിംഗ്  ലോഷൻ വരെയുള്ള  വസ്തുക്കളെ പറ്റി വാചാലരാകുന്ന ഹൈ സൊസൈറ്റി വനിതാ രത്നങ്ങളെയാണല്ലോ വിഡ്ഡിപ്പെട്ടി തുറക്കുമ്പോൾ  സാധാരണക്കാരായ അവർ കണ്ട് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും പരസ്യങ്ങളിലോ സീരിയലുകളിലോ സാധാരണക്കാർ മാതൃകയായി പ്രദർശിക്കപ്പെടുന്നില്ലാ  എന്നും  അനുകരണഭ്രാന്ത് പിടിച്ച സാധാരണക്കാരെ വലയിൽ പെടുത്താനാണ് ഈ ഹൈ സൊസൈറ്റി ലേഡീസിനെ രംഗത്തിറക്കുന്നതെന്നും  ആരും മനസിലാക്കുന്നില്ലല്ലോ.
റ്റിവിയിൽ കാണിക്കുന്ന ഗൃഹാ ന്തരീക്ഷത്തിൽ  ഫ്രിഡ്ജ് ഒരു അവശ്യ ഘടകമായതിനാൽ  നമ്മുടെ ശ്രീമതികളും  അത് അനുകരിക്കുകയും രണ്ട് മൂന്ന് ദിവസം പുറത്തിരുന്നാലും  ചീത്തയാകാത്ത പച്ചമുളക് പോലും അതിലടച്ച് വെച്ച് മുളകിന്റെ സ്വാഭാവികമായ രുചി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അത് പോലെ  മറ്റ് പച്ചക്കറികളുടെയും.  മൂന്ന് ദിവസത്തെക്കുള്ള ചോറ് ഒരുമിച്ച് വെച്ച് ഫ്രിഡ്ജിനുള്ളിൽ  കയറ്റി വെച്ച്  ഓരോ ദിവസം പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കി  ഉപയോഗിക്കുക  എന്നിങ്ങനെ പല കലാപരിപാടികളും ഫ്രിഡ്ജ് വഴി നടത്താം. ഏത് ആഹാര സാധനവും ഫ്രിഡ്ജിൽ കയറ്റി ഇറക്കിയാലേ  നമ്മുടെ ശ്രീമതിമാർക്ക് സമാധാനമാകൂ.
ഈ  സാധനത്തിൽ നിന്നും പുറത്തേക്ക് തള്ളുന്ന വാതകം അന്തരീക്ഷത്തെ എത്രമാത്രം മലിനമാക്കുന്നെന്നും ഒരിക്കൽ  ചൂടാക്കിയ ആഹാര സാധനം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ  എത്രമാത്രം ബാധിക്കുന്നുവെന്നും നാം മനസിലാക്കിയിരുന്നെങ്കിൽ.

ഈ എച്ചിൽപ്പെട്ടി  അവശ്യ വസ്തുവല്ലാ എന്നും ആഡംബര വസ്തു മാത്രമാണെന്നും  തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ  അതിന്റെ ദുരുപയോഗം വളരെയധികം     കുറക്കാൻ കഴിയുമെന്ന് ഉറപ്പ്.

Saturday, April 29, 2017

ഇറച്ചി സ്ത്രീ ലിംഗമാണോ?

എട്ട് ജെ യിലെ  ഹിന്ദി ക്ലാസ് കുമാരൻ സാറാണ്  എടുക്കുന്നത്.  ഹിന്ദി കലക്കി കുടിച്ച അദ്ധ്യാപകനാണ്  കുമാരൻ സാർ.. അന്ന് സാറ് ഹിന്ദിയിലെ പുല്ലിംഗവും സ്ത്രീ ലിംഗവും  പഠിപ്പിക്കുകയാണ്. സ്ത്രീ ലിംഗം കണ്ട് പിടിക്കാൻ  അദ്ദേഹം എളുപ്പ വഴി പഠിപ്പിച്ച് തന്നു.  "ഇ" കാരത്തിൽ അവസാനിക്കുന്ന എല്ലാ വാക്കുകളും  സ്ത്രീ ലിംഗമാണ്. ഉദാഹരണത്തിന്  " നദി " അപ്രകാരമുള്ള  വാക്കുകൾ പറയാൻ സാർ  ആവശ്യപ്പെടുകയും ഓരോരുത്തർ  പറഞ്ഞ് തുടങ്ങുകയും ചെയ്തു.  "ഭൂമി" "നാരി"  "പഡോസി" അങ്ങിനെ  ഇ  കാരത്തിൽ അവസാനിക്കുന്ന വാക്കുകൾ  തുരു തുരാ വന്ന് തുടങ്ങിയപ്പോൾ  ഞാൻ പറഞ്ഞു "ഇറച്ചി"
സാർ തല ഉയർത്തി  ചോദിച്ചു " അരെടാ അത്?" കൂട്ടുകാർ എന്നെ ചൂണ്ടിക്കാണിച്ചു. "ഇവിടെ വാടാ " എന്ന് സാർ ആവശ്യപ്പെട്ടപ്പോൾ ഞാൻ പതുക്കെ സാറിന്റെ സമീപം ചെന്നു.  "ഇറച്ചി ഏത് ഭാഷയിലെ വാക്കാണെടാ ?"
സാറിന്റെ ചോദ്യം.
"മലയാളം" എന്റെ മറുപടി.  "അപ്പോൾ നിനക്ക് അറിയാൻ വയ്യാതെയല്ലാ, എന്നെ കളിയാക്കാൻ വേണ്ടി  വേല ഇറക്കിയതാണല്ലേ?  ഇറച്ചിക്ക് പോയവന്റെ ഗതി എന്താണെന്നറിയാമോടാ " സാർ എന്റെ പൊതു വിജ്ഞാനം  അളന്നപ്പോൾ ഞാൻ ഉത്തരം നൽകി. "ഇറച്ചിക്ക് പോയവൻ വിറച്ച് ചത്തു" " നീ ഇറച്ചിക്ക് സൈക്കിളിൽ പോയാ മതി " എന്നും പറഞ്ഞും കൊണ്ട് സാർ എന്റെ തുടയിൽ നഖം അമർത്തിയപ്പോൾ ഞാൻ വേദന സഹിക്കാൻ കഴിയാതെ  സൈക്കിൾ ചവിട്ടുന്നത് പോലെ  കാലുകൾ മാറി മാറി പൊക്കി പിടിച്ചു.
 ഇതെല്ലാമാണെങ്കിലും  സാറിന് എന്നെ വലിയ കാര്യമായിരുന്നു. എന്നെ സാഹിത്യത്തിലേക്ക് വഴി കാട്ടിയത് സാർ ആയിരുന്നു.
 അന്ന് സാറും  ആലപ്പുഴ മുഹമ്മദൻ സ്കൂളും സഹപാഠികളും എന്റെ ജീവിതത്തിൽ നിറഞ്ഞ് നിന്നപ്പോൾ അതല്ലാതെ വേറെ ഒരു ലോകം എനിക്ക് വരാനില്ലാ എന്ന് ഞാൻ കരുതി.
 കാലം കടന്ന് പോയപ്പോൾ പല വേഷങ്ങൾ ആടി തമർത്ത എന്റെ  ഉള്ളിൽ അതിലും വലിയ പല ലോകങ്ങളും  കടന്ന് വന്ന് പഴയ കാലത്തെ  അപ്രധാനമാക്കിയത് സ്വാഭാവികമായ  മാറ്റം തന്നെ.  അന്നേതോ ഒരു ദിവസം കുമാരൻ സാർ എവിടെയോ വെച്ച് ഊർദ്ധൻ വലിച്ചിരിക്കാം. ആ സമയം  ഞാൻ  അതൊന്നുമറിയാതെ  കൂട്ടുകാരുമായി കളി തമാശകളിൽ ഏർപ്പെടുകയോ  കോടതി മുറികളിലെ കേസുകെട്ടുകളിൽ ലയിച്ചിരിക്കുകയോ ചെയ്തിരിക്കാം.
    ഈ മേട മാസ സന്ധ്യയിൽ മാനത്തെ കരിമേഘത്തെ നോക്കി കിടന്ന  എന്റെ മനസിലേക്ക്  ഇറച്ചി വാങ്ങാൻ സാർ എന്നെ സൈക്കിൾ ചവിട്ടിച്ച സ്കൂൾ കാല അനുഭവം  എന്തിനാണാവോ കടന്ന് വന്ന് ആ നല്ല നാളുകളെ ഓർമ്മിപ്പിച്ച് ചിരിപ്പിക്കാൻ  ഇടയാക്കിയത്.

Tuesday, April 18, 2017

പെണ്ണും ലക്ഷമണ രേഖയും

പത്താം ക്ലാസ്കാരി  പ്രസവിച്ചു ,
വയറ് വേദനയായി ആശുപത്രിയിലെത്തിയ 15 വയസ്കാരി പെൺകുട്ടി പൂർണഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രിക്കാർ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാൻ നിർദ്ദേശിച്ചെന്നും പക്ഷേ വീട്ടിലേക്ക് തിരിച്ച് പോയ പെൺകുട്ടി വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചെന്നും അന്വേഷണത്തിൽ ഗർഭത്തിന് ഉത്തരവാദി  അയല്പക്കത്തെ ഏഴാംക്ലാസ്കാരനെന്ന് വെളിപ്പെട്ടു എന്നും  പത്രവാർത്ത. വിദേശത്തൊന്നുമല്ല ഇത് നടന്നത് ,  കൊല്ലം ജില്ലയിൽ  പത്തനാപുരത്താണ് ഇത് സംഭവിച്ചത്. സമാനമായ മറ്റൊരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്  നടന്ന കാര്യവും അന്ന്  പത്രത്തിൽ വായിച്ചതായി  ഓർക്കുന്നു.  രോഗം പകർന്ന് പിടിക്കുന്നത് പോലെ  നാട്ടിൽ ഇപ്രകാരം സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഈ വാർത്തകളിൽ നിന്നും വെളിവാകുന്നത് .
ലൈംഗിക വിദ്യാഭ്യാസവും  ബോധവത്കരണവും മുറക്ക്  നടത്തിയാൽ തന്നെയും ആൺ-പെൺ സൗഹൃദത്തിന് ഒരു ലക്ഷ്മണ രേഖ  അത്യാവശ്യമായി വന്നിരിക്കുന്നു. കാരണം ഈ പംക്തിയിൽ ഞാൻ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ  ജീവികളിൽ അന്തർലീനമായിരിക്കുന്ന  വംശവർദ്ധനക്കുള്ള  വാഞ്ച  ഏത് സമയത്താണ് കടിഞ്ഞാൺ പൊട്ടിക്കുന്നതെന്ന്  പ്രവചിക്കാൻ കഴിയില്ലല്ലോ. ആൺ പെൺ സൗഹൃദം  നില നിൽക്കുമ്പോൾ തന്നെ ഒരു അതിര് ഒരു പോയിന്റിലെത്തുമ്പോൾ  പടുത്തുയർത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
സമൂഹം നിർബന്ധമാക്കിയ നിയമങ്ങളും  അപമാന ഭയവും സ്വന്തം കുടുംബത്തെ പറ്റിയുള്ള  ചിന്തയും ഭവിഷ്യത്തിനെ പറ്റിയുള്ള  ആശങ്കയും പലപ്പോഴും  ഏത് ദുരാസക്തിയെയും തടഞ്ഞ് നിർത്താൻ പക്വതയുള്ള മനുഷ്യനെ സഹായിക്കുമെങ്കിലും   കുഞ്ഞുങ്ങളിൽ  എത്ര ബോധനം നടത്തിയാലും  സന്ദർഭം കിട്ടിയാൽ  അവർ  അരുതാത്തതിലേക്ക് പോകുന്നുവെന്നത്  ഒരു വസ്തുത തന്നെയാണ്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെ പെൺകുട്ടികൾക്കാണ് പ്രായ കൂടു തലുള്ളതെന്നും ആൺകുട്ടി വളരെ ചെറുപ്പവുമാണെന്നുള്ളതും നിരീക്ഷിക്കുക.
പൂവൻ ഇണചേരുവാനുള്ള ത്വരയോടെ ഓടി പാഞ്ഞെത്തുമ്പോൾ  ഒഴിഞ്ഞ് മാറി പോകുവാനുള്ള ത്വര പിട വർഗത്തിന്  പ്രകൃതി തന്നെ കൊടുത്തിട്ടുള്ളത്  അമിത വംശവർദ്ധന  തടയുന്നതിന് വേണ്ടി തന്നെയാണ്.ഇവിടെ പന്ത്രണ്ട് വയസ്കാരൻ  മുന്നോട്ട് വന്നപ്പോൾ ഒഴിഞ്ഞ് മാറേണ്ട  15 വയസ്കാരി  സഹകരിക്കാൻ  താല്പര്യപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയാണ്  കണക്കിലെടുക്കേണ്ടത്.
 അതായത് പന്ത്രണ്ട് വയസ്കാരനായാലും വീടുകളിൽ ഒരു ലക്ഷ്മണ രേഖ അത്യാവശ്യമായി വന്നിരിക്കുന്നു എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്ന്.

Friday, April 14, 2017

കഞ്ചാവും മൊബൈലും

കഞ്ചാവ് ഉപയോഗം  യുവ തലമുറയെ നിഷ്ക്രിയരാക്കുന്നു .  യാതൊരു ജോലിയും ചെയ്യാതെ  പരാന്ന ഭോജികളായി കുടുംബത്തിന് ഭാരമായി അവർ ജീവിതം നശിപ്പിക്കുന്നു. സിരകളെ ബാധിക്കുന്ന കഞ്ചാവ് ലഹരി  യാതൊന്നിലും അവർക്ക് താല്പര്യമില്ലാതെ  ആരോടും മമതയില്ലാതെ  ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനം നൽകാതെ  ജീവിച്ച് തീരുവാൻ അവരെ പ്രേരിപ്പിക്കുന്നു. എന്നിട്ടും  വീണ്ടും വീണ്ടും  അവർ  അതിൽ തന്നെ ലയിച്ച് കഴിയുന്നു.
ദൂരത്തിൽ കഴിയുന്നവരുമായി  സംസാരിക്കുന്നതിനായി  ഉദ്ദേശിക്കപ്പെട്ട  മൊബൈൽ ഫോൺ  ഇന്ന് വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ട് വരുകയാണ്. ശാസ്ത്രത്തിന്റെ കണ്ട് പിടുത്തങ്ങൾ മനുഷ്യ പുരോഗതിക്കായി  ഉപയോഗിക്കപ്പെടുമ്പോൾ തന്നെ അതിന്റെ ദുരുപയോഗം  വല്ലാതെ മനുഷ്യനെ ബാധിക്കുന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് മൊബൈൽ.
കേരളത്തിലെമ്പാടും ഗ്രാമങ്ങളിലും നഗരങ്ങളിലും യുവ തലമുറയും കൗമാരക്കാരും എന്തിന് കൊച്ച് കുട്ടികൾ പോലും തല പൊക്കാതെ  മൊബൈലിൽ തന്നെ  ലയിച്ച് ഇരിക്കുന്ന കാഴ്ചയാണ് എപ്പോഴും കാണാൻ സാധിക്കുക. അത് ചാറ്റിംഗ് ആകാം, നവ മാധ്യമങ്ങളിൽ അഭിരമിക്കുന്നതാകാം  ഗെയ്മിലാകാം ഏതായാലും അവർക്ക് തല പൊക്കാൻ നേരമില്ല.  പരസ്പരം സംസാരിക്കാൻ പോലും  ശ്രമിക്കാതെ ഏതെങ്കിലും ഒരു മൂലയിൽ പോയി ഇരുന്ന് തലയും താഴ്ത്തി  അങ്ങിനെ സമയം കഴിച്ച് കൂട്ടുന്ന യുവതയാണ് നമുക്ക് നാലു ചുറ്റും കാണപ്പെടുന്നത്.
ആദ്യമേ  സൂചിപ്പിച്ച കഞ്ചാവ് ദുരന്തത്തിന്റെ മറ്റൊരു പകർപ്പ് പോലെ തന്നെ ഈ അവസ്ഥയും  ഇപ്പോൾ നില നിൽക്കുകയാണ്. ഏതെങ്കിലും ചെറുപ്പക്കാരൻ/ചെറുപ്പക്കാരി  ഒഴിഞ്ഞിരിക്കുമ്പോൾ പുസ്തകം വായിക്കുന്നതായി കാണപ്പെട്ടാൽ  അതൊരു അതിശയ കാഴ്ച തന്നെയാണെന്ന് സംശയം വേണ്ട. ഇത് സൂചിപ്പിച്ചാൽ അവരുടെ മറുപടി എല്ലാം ഇപ്പോൾ മൊബൈലിൽ തന്നെ ഉണ്ടെന്നാണ്. വായനയും ദൃശ്യവും  എല്ലാം അതിൽ തന്നെ ഉണ്ടത്രേ!.
ഈ അവസ്ഥ തുടർന്ന് പോയാൽ പരസ്പര സഹകരണം ഇല്ലാതാകുകയും  മനുഷ്യ ബന്ധങ്ങൾക്കുള്ള  തീവൃത കുറയുകയും ചെയ്യും. എല്ലാം ഒരു മാതിരി വഴിപാട്  ആയി തീരും. ഇത് അതിശയോക്തി അല്ല, ഭാവിയിൽ സംഭവിക്കാവുന്നത് തന്നെയാണ്

Sunday, April 9, 2017

സൗജന്യം ചതിയാണ്

ഇന്ന്  ആരെയാണ് കൊല്ലേണ്ടത്  എന്ന ചിന്തയോടെ  മടി ഉൽപ്പാദന ചാര് കസേരയിൽ മാനം നോക്കി  കിടന്നപ്പോൾ  ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു നോക്കിയതിൽ കഴുത്തിൽ  കൗപീനം ധരിച്ച  രണ്ട് ചെറുപ്പക്കാർ കടന്ന് വരുന്നത് കണ്ടു.   അവരുടെ കയ്യിൽ രണ്ട് വലിയ പെട്ടികളുമുണ്ട്.
" ചൂരീദാർ പീസും സാരിയും  വേണോ  സർ?" അവരിൽ ഒരുവൻ എന്നോട് ആരാഞ്ഞു.
" ഞാൻ പാന്റ്സാണ് ധരിക്കുന്നത്, ചിലപ്പോൾ മുണ്ടും ഉടുക്കും." യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു എന്റെ ഉത്തരം.
 ഒരു വളിച്ച ചിരിയോടെ അപരൻ മൊഴിഞ്ഞു. " വീട്ടിലെ സ്ത്രീകൾക്ക് വാങ്ങിക്കൊടുക്കാം."
 ചൂരീദാർ / സാരി ആവശ്യക്കാരായ വീട്ടിലെ അന്തർജനങ്ങളും അയലത്തെ അദ്ദേഹികളും   ഇതിനുള്ളിൽ രംഗം കയ്യടക്കി കഴിഞ്ഞു. അവരെ കണ്ട നിമിഷത്തിൽ ഗള കൗപീനങ്ങൾ പെട്ടി മലർക്കെ തുറന്ന് സാധനങ്ങൾ പുറത്തേക്ക് വാരിയിട്ടു. അന്തർജനങ്ങളുടെ വായിൽ നിന്നും  ശ്ശ്ശ്ശ്..സ്...സ്... ശബ്ദങ്ങളും  വാളൻ പുളി കാണുമ്പോഴുള്ള ഉമിനീർ പ്രവാഹവും ഞാൻ കണ്ടു.
"  ഫസ്റ്റ് ക്വാളിറ്റി ആണ് പക്ഷേ നിങ്ങൾക്ക്   വിലക്കുറച്ച് തരാം" വ്യാപാരികൾ രണ്ട് പേരും  ഏക സ്വരത്തിൽ ഉവാച.
"നിൽക്ക്...നിൽക്ക്..." മടി ഉൽപ്പാദന കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് ഞാൻ  വ്യാപാരത്തിൽ ഇടപെട്ടു.
"നിങ്ങൾ രണ്ട് പേരും എന്റെ അമ്മായി അപ്പന്മാരാണോ?" ഞാൻ അന്വേഷിച്ചു.
   "അല്ല.."  ലേശം പകച്ചായിരുന്നു രണ്ടിന്റെയും ഉത്തരം. " ഞാൻ നിങ്ങളുടെ അമ്മായി അപ്പനാണോ? " എന്റെ അടുത്ത ചോദ്യം
"അല്ലല്ലോ..." അൽപ്പം ഹാസ്യം കലർന്നായിരുന്നു ഇപ്പോൾ മറുപടി വന്നത്.
"പിന്നെന്ത്  കൊണ്ടാ അനിയന്മാരേ! ഇന്ന്  പരിചയപ്പെട്ട ഞങ്ങളോട് ഇത്രയും  സ്നേഹവും ഞങ്ങൾക്കൊരു സൗജന്യവും... വിലക്കുറവും  " എന്റെ ചോദ്യത്തിന് അവരിൽ ഒരുവൻ മൗനം ദീക്ഷിച്ചപ്പോൾ അപരൻ മൊഴിഞ്ഞു " ഞങ്ങളുടെ കമ്പനിയുടെ വിറ്റഴിക്കൽ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള വിലക്കുറവാണ്..."
ചൂരീദാർ പീസിലും സാരിയിലും ചാടി വീഴാനും  അത് മണത്തും രുചിച്ചും ഉടുത്തും  ശരീരത്തിൽ ചേർത്ത് വെച്ചും സായൂജ്യം അടയാനും വെമ്പി നിന്ന അന്തർജനങ്ങളെല്ലാം കൂടി എന്നെ രൂക്ഷമായി നോക്കി.എന്റെ വീട്ടിലെ പ്രധാന അന്തർജനം എന്നോട്കണ്ണിൽക്കൂടി ആശയ വിനിമയം നടത്തി   "വേറെ പണി ഒന്നുമില്ലേ?"
  ഞാൻ  അത് അൺ വാന്റഡ്  ഹെയർ പോലെ  നിസ്സാരവത്കരിച്ച് അടുത്ത ചോദ്യം ഉന്നയിച്ചു. " നിങ്ങളുടെ  കമ്പനി ഏതാണ് ? അത് എവിടെയാണ്?"
"അത്...അത്...ബാംഗ്ലൂരാണ്..." ഒരേ സ്വരത്തിലായിരുന്നു അവരുടെ മറുപടി
"അപ്പോൾ ഈ സാരിയും ചൂരീദാർ പീസും ഒന്ന് കഴുകി കഴിയുമ്പോൾ അതിന്റെ നിറവും പോയി മണവും പോയി മേശപ്പുറം തുടക്കാൻ പോലും കൊള്ളാതെ വരുമ്പോൾ  പരാതിപ്പെടാൻ ബാംഗ്ലോോർ വരെ പോകണമല്ലേ?ഇന്ന് ഈ സാധനവും വിറ്റഴിച്ച് പോകുന്ന നിങ്ങളെ ഇനി മഷിയിട്ട് നോക്കിയാൽ പോലും കാണില്ലല്ലോ...അത് കൊണ്ട് അനിയന്മാർ പെട്ടി അടച്ചോളൂ...ഈ സാധനം ഇവിടെ ചെലവാകില്ല, വേറെ കംബോളം  പിടിക്കുന്നതാണ് നല്ലത്...ഞാൻ പറഞ്ഞ് നിർത്തി വീണ്ടും ചാരു കസേരയിലേക്ക് വീണു.
ഇപ്പോൾ  രംഗം നിശ്ശബ്ദമാണ്. അന്തർജനങ്ങളുടെ മുഖങ്ങളിൽ  ഞാൻ പറഞ്ഞതിന്റെ  അർത്ഥം ഉൾക്കൊള്ളുന്ന  ഭാവവും  പെട്ടിയിലുള്ളതിന്റെ പരിശോധനയും തലോടലും നടത്താത്തതിന്റെ നിരാശയും മിന്നി നിന്നു.
കഴുത്തിൽ കോണകം കെട്ടിയവർ പെട്ടി അടച്ച് എന്നെ നല്ലവണ്ണം ഒന്ന് നോക്കിയതിന് ശേഷം ഗെയ്റ്റിലേക്ക് നടന്നു.
 അന്തർജനങ്ങളുടെ സഭ പിരിഞ്ഞു. അയലത്തെ അദ്ദേഹികൾ അവരുടെ വസതികളിലേക്ക് പോയപ്പോൾ  നമ്മുടെ  അന്തർജനത്തോട് ഞാൻ പറഞ്ഞു.
" പറ്റിക്കാൻ സാധിക്കാതെ വന്നപ്പോൾ   അവന്മാരുടെ ഒരു നോട്ടം കണ്ടില്ലേ ?!"
"ആ നോട്ടത്തിന്റെ അർത്ഥം മനസിലായോ?" അവൾ ചോദിച്ചു
"ഇല്ലാാ എന്താ അർത്ഥം?"
" ഈ കസേരയിൽ കിടക്കുന്നത് പോലുള്ള സാധനത്തിനെ വീട്ടുകാരി എങ്ങിനെ സഹിക്കുന്നു ദൈവമേ! എന്നാണ് "
ഇതും പറഞ്ഞ് അവൾ വേഗത്തിൽ അകത്തേക്ക് പോയതിനാൽ അതിന് മറുപടിയായി ഞാൻ പറഞ്ഞ ശ്രേഷ്ട മലയാളം അവൾ കേട്ടിരിക്കാൻ ഇടയില്ല. 

Wednesday, April 5, 2017

സിനിമ ഭ്രാന്ത്

സിനിമ അന്നും ഇന്നും കുട്ടികൾക്ക് ഹരം തന്നെയാണ്. കിട്ടുന്നപൈസാ ചെലവാക്കാതെ സൂക്ഷിച്ച്സിനിമാ ടിക്കറ്റ് എടുക്കുക എന്നത് ;നിർബന്ധ കർമ്മമായി ;അനുഷ്ഠിച്ചിരുന്ന ബാല്യകാലവും അന്ന് പറ്റുന്ന അമളികളും മനസിൽ നിന്ന് മായുകില്ല.
ആലപ്പുഴ ശീമാട്ടിയിൽ ശിവാജി ഗണേഷന്റെ ഏതോ പടം ഓടുന്ന വിവരം അറിഞ്ഞ്ഞങ്ങൾ നാല് പേർക്ക് ആ ചിത്രം കാണണമെന്നുള്ള ആഗ്രഹം ഉണ്ടായി ;;  എല്ലാവരുടെയും പാക്കറ്റിലെ പൈസാ നുള്ളി പെറുക്കി കണക്ക് കൂട്ടിയിട്ടും രണ്ട് ബെഞ്ച് ടിക്കറ്റ് എടുക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും സിനിമാ കാണണമെന്നും എന്തെങ്കിലും  വഴി ഉരുത്തിരിഞ്ഞ് വരുമെന്നുമുള്ള പ്രതീക്ഷയാൽ  കുട്ടികളായ   , റഷീദ്, സഫർ,ഞാൻ,  ചട്ട്കാലൻ കാസിം എന്നിവർ ശീമാട്ടി ലക്ഷ്യം വെച്ച് പാഞ്ഞു. വട്ടപ്പള്ളിയിൽ നിന്നും ഇരുമ്പ് പാലം വഴി ശീമാട്ടിയിലേകുള്ള ആ പ്രയാണത്തിൽ വയറ്  കാലിയായിരുന്നുവല്ലോ! വിശക്കുമ്പോൾ  എന്തെങ്കിലും വാങ്ങി കഴിക്കാനായി വീട്ടിൽ നിന്നും തന്നിരുന്ന ചില്ലറ പൈസാ ആയിരുന്നു  ഞങ്ങൾ സിനിമാ കാണാനായി ഉപയോഗിച്ചിരുന്നത്.
  രണ്ട് കുട്ടികൾക്ക്ഒരു ടിക്കറ്റ് തോത് വെച്ച് ചിലപ്പോൾ ;കയറ്റി വിടുമായിരുന്നു. ഞങ്ങളുടെ കയ്യിൽ രണ്ട് ടിക്കറ്റിന്റെ പൈസായുമുണ്ട്.

 മനസ് നിറയെ പ്രാർത്ഥനയുമായി മെയിൻ ഗേറ്റ് വാച്ചർ മൂർത്തിയുടെ മുമ്പിൽ ടിക്കറ്റ് പഞ്ചിംഗിനായി ഞങ്ങൾ കൈകൂപ്പി നിന്നു. മൂർത്തി ഞങ്ങളെ ഉഴിഞ്ഞ് നോക്കി ചോദിച്ചു " രണ്ട് ടിക്കറ്റും നാല് പേരുമോ? വിട്ടോ.. വിട്ടോ.. സ്ഥലം വിട്ടോ..." മൂർത്തിയുടെ കർശനത ഞങ്ങളെ വീണ്ടും വിനയാന്വിതരാക്കി,  അകത്ത് കയറി പറ്റാൻ ഞങ്ങൾ അയാളുടെ മുമ്പിൽ  താണു വീണ് കേണു .
 "എടാ പറഞ്ഞില്ലേ, ഒരാൾക്ക് ഒരു ടിക്കറ്റ്, അതില്ലെങ്കിൽ സ്ഥലം വിട്ടോ...
ഞങ്ങൾ പോകാതെ നിൽക്കുന്നത് കണ്ടപ്പോൾ  അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു,
"അത്രക്ക് നിർബന്ധമാണെങ്കിൽ.. ഒരു സൂത്രം പറഞ്ഞ് തരാം ഒരു ടിക്കറ്റിന് രണ്ട് കാലുകളാണ്  അകത്ത് കയറേണ്ടത്, നിങ്ങൾ ഒരാൾ മറ്റവനെ എടുക്കുക, അങ്ങിനെ രണ്ട് പേർ രണ്ടവന്മാരെ എടുക്കുക, അങ്ങിനെ രണ്ട് ടിക്കറ്റിന്  നാല്  കാൽ കയറണം, മറ്റേ രണ്ടവന്മാരുടെ കാൽ നിലത്ത് തൊടരുത്".
 എങ്ങിനെയെങ്കിലും സിനിമ കാണണമെന്നുള്ള  അതിമോഹത്താൽ ഞങ്ങൾ എന്തിനും തയാറായിരുന്നു.  ഞാൻ ചട്ട്കാലനെ എടുത്തു, റഷീദ് സഫറിനെ എടുത്തു.   മുക്കിയും മൂളിയും അകത്തെ ഗെയ്റ്റിലേക്ക്  നടന്ന  ഞങ്ങളെ ചൂണ്ടി  മൂർത്തി അവിടെ നിന്ന ഗെയ്റ്റ് മാനെ  കൈ കാണിക്കുന്നത് ഞങ്ങൾ കാണാതിരുന്നില്ല.അവിടെ ചെന്നെത്തിയപ്പോൾ ഗെയ്റ്റ്മാൻ ഞങ്ങളെ  നോക്കി ആക്രോശിച്ചു, " ഇതെന്താ സർക്കസ് കൂടാരമോ?    ഇവിടെ സർക്കസ് കാണിക്കേണ്ട  ഓടെടാ ഇവിടെന്ന്...." മൂർത്തി പുറകിൽ നിന്ന് കൈ കൊട്ടി ചിരിച്ചു. അയാൾ ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് അപ്പോഴാണ്  കുട്ടികളായ ഞങ്ങൾക്ക് മനസിലായത്. ഗെയ്റ്റ്മാന്റെ   ആക്രോശം  കേട്ട് ഞാൻ ചട്ട് കാലനെ നിലത്തിട്ടു. അവൻ "ട" പോലെ നിലത്ത് കിടന്നു. വീഴ്ചയിൽ അവന് എന്തോ പറ്റിയെന്ന് ധരിച്ച്  അയാൾ എന്റെ നേരെ പിന്നെയും ആക്രോശിച്ചു, "വാരിക്കൊണ്ട് പോട  ഇവനെ കുട്ടയിൽ.." ചട്ട്കാലൻ അനങ്ങിയില്ല, ഞങ്ങൾ മൂന്ന് പേരും  അവന്റെ തലക്കിരുന്ന് കരഞ്ഞു.  മൂർത്തി ഓടി വന്ന് കാസിമിന്റെ മുഖത്ത് വെള്ളം  തളിച്ചപ്പോൾ അവൻ കണ്ണ് തുറന്നു ആരും കാണാതെ എന്നെ നോക്കി  മുഖം കൊണ്ട് ഒരു ആംഗ്യം കാണിക്കുകയും ചെയ്തു.  അവൻ അഭിനയിക്കുകയായിരുന്നെന്ന് എനിക്ക് മനസിലായി. ഏതായാലുംഅവന്റെ അഭിനയം  ഫലം ചെയ്തു  അവർ  ഞങ്ങളെ അകത്ത് കയറ്റി വിട്ടു ഞങ്ങൾ അന്ന് സിനിമാ കാണുകയും ചെയ്തു.

ഇന്ന്  ശീമാട്ടി ഇല്ല, മെയിൻ ഗേറ്റ് വാച്ചർ മൂർത്തിയും മരിച്ച് കാണും' റഷീദും  പോയി, സഫർ സിനിമാ പ്രൊഡക്ഷൻ രംഗത്ത് നിന്നും തിരികെ വന്ന് അവശനായി കഴിഞ്ഞ് കൂടുന്നു. കാസിം എവിടെയാണാവോ.
ദിവസം മുഴുവൻ  വീട്ടിനുള്ളിൽ ഇരുന്ന് വിരലറ്റം റിമോർട്ടറിൽ അമർത്തി ഇന്നത്തെ കുട്ടികൾക്ക്  എത്ര സിനിമായും കാണാൻ കഴിയുന്ന ഈ കാലത്ത് പണ്ട്  ഒരു സിനിമാ കാണാൻ ഞങ്ങൾ പെട്ട പാട് ഓർമ്മിക്കുന്നത്  തന്നെ രസകരമാണ്

Tuesday, March 21, 2017

കടന്ന് പോയ സൗഹൃദമേ!

കടന്ന് പോയ അവസാനമില്ലാത്ത  ദിനങ്ങളിൽ  ഒന്നിൽ പെട്ടെന്ന് തുടങ്ങി വെച്ചതല്ലായിരുന്നു ആ സൗഹൃദം. പടിപടിയായി  ജീവിതത്തിലേക്ക് മൗനരാഗമായി  കടന്ന് വന്നതായിരുന്നല്ലോ ആ ബന്ധം.  ഏറ്റവും രസകരമായ  വശം ജീവിതത്തിൽ ആ വ്യക്തിയുമായി ഒരിക്കൽ പോലും മിണ്ടിയിട്ടില്ലായിരുന്നു  എന്നതാണ്. മൗനരാഗം തന്നെ. രണ്ട്  പേ ർക്കും പരസ്പരം അറിയാം, രണ്ട് പേരും തമ്മിൽ കാണാൻ സമയമെടുത്ത് കാത്തിരുന്നു,  പക്ഷേ ഒരിക്കൽ പോലും സംസാരിക്കാൻ ഒരുമ്പെട്ടില്ലായിരുന്നു. അങ്ങിനെ പിരിയേണ്ട ദിനം വന്നു.  എങ്ങോ എവിടെയോ പോയി.  ജീവിത തിരക്കുകൾക്കിടയിൽ  വല്ലപ്പോഴും ഓർക്കും അത്ര തന്നെ.  കാലം പിന്നിട്ട് എല്ലാറ്റിനും പക്വതയും പാകതയും വന്നപ്പോൾ  ഒന്ന് കാണാൻ കൊതി.  നാട്ടിൽ പോകുമ്പോഴെല്ലാം തിരക്കി നടന്നു. കിട്ടിയ തുമ്പുകളിൽ പിടിച്ച് അന്വേഷണം  തുടർന്നു. ഒരിക്കലും കാണാൻ പറ്റിയില്ല.
ഇതാ ഇവിടെ ഈ സന്ധ്യാ വേളയിൽ  ഇരുട്ട് എവിടെ നിന്നോ പതുക്കെ പതുക്കെ കടന്ന് വരുമ്പോൾ മനസിലും ഇരുട്ട് പരക്കുന്നു.  ഇന്ന് കണ്ട  പഴയ സ്നേഹിതനിൽ നിന്നും  ആ വിവരം അറിഞ്ഞു. ആൾ എന്നെന്നേക്കുമായി പോയി കഴിഞ്ഞിരിക്കുന്നു.  സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  മറഞ്ഞ് പോയ ആളെയാണ് തിരക്കി നടന്നിരുന്നത്.എവിടെയോ ഏതോ സ്ഥലത്ത് ആ വ്യക്തി ഊർദ്ധൻ വലിക്കുമ്പോൾ  ഒന്നുമറിയാതെ സ്വന്തം    കാര്യങ്ങളിൽ  അപ്പോൾ ഞാൻ മുഴുകി ഇരുന്നിരിക്കാം.
ഇപ്പോൾ ഈ ഇരുട്ടിൽ അത് ആലോചിക്കുമ്പോൾ  മനസിൽ  വല്ലാത്ത നീറ്റൽ. എപ്പോഴും  മനസിലെ തിങ്ങൽ കുറക്കുന്നത് മുഖപുസ്തകത്തിലൂടെയാണല്ലോ.ഇപ്പോഴും അത് ചെയ്യുക മാത്രമാണ് പ്രതിവിധി.

Thursday, March 16, 2017

വിഷ വാതകങ്ങൾ

പ്രശസ്ത സാഹിത്യകാരനായ  സി.രാധാക്രിഷ്ണൻ പണ്ടൊരിക്കൽ പറയുകയുണ്ടായി  " ഒരു തോർത്ത് മുണ്ട് പുതച്ചാൽ  തീരുന്ന കുളിരും  ആ തോർത്ത് ചുരുട്ടി വീശിയാൽ  തീരുന്ന ഉഷ്ണവും  മാത്രമേ ഈ മലയാള നാട്ടിൽ  ഉണ്ടാകാറുള്ളൂ"  എന്ന്.  ആ  സുന്ദര  സുരഭില മായ നല്ല നാളുകൾ  ഈ നാട്ടിൽ നിന്ന് എന്നോ പോയി മറഞ്ഞിരിക്കുന്നു.  അത്യുഷ്ണമാണ് ഇന്ന് കേരളത്തിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അൽപ്പമായ കുളിര് പോലും അനുഭവപ്പെടാൻ തക്കവണ്ണം മഴയും ഇവിടെ ലഭിക്കുന്നില്ല.
എന്താണ്` ഈ അവസ്ഥക്ക്  കാരണമെന്ന് ആരും ചിന്തിക്കുന്നതുമില്ല. മരങ്ങൾ വെട്ടി നശിപ്പിച്ചതിനാലും  തണ്ണീർ തടങ്ങൾ നികത്തപ്പെട്ടതിനാലുമാണ്  ഈ ദുരവസ്ഥക്ക്  കാരണമായി പലരും പറയുമ്പോഴും അത് മാത്രമല്ല കാരണമെന്ന് നിരീക്ഷിച്ചാൽ ബോദ്ധ്യപ്പെടുമല്ലോ
.
അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ വർദ്ധനയോടൊപ്പം നമ്മുടെ ശീതീകരണികൾ വരുത്തി വെക്കുന്ന  ഉപദ്രവവും ചില്ലറയൊന്നുമല്ല.
 ആവശ്യത്തിന്റെ മുഖം മൂടി അഴിച്ചിട്ട് ആഡംബരത്തിന്റെ വഴിയിലാണിപ്പോൾ ഫ്രിഡ്ജ് സഞ്ചരിക്കുന്നത്  . വീടായാൽ ഫ്രിഡ്ജ് വേണം എന്ന മട്ടിലാണിപ്പോൾ കാര്യങ്ങളുടെ പോക്ക്.  പപ്പടം പോലും പൊരിച്ച് ഫ്രിഡ്ജിൽ വെച്ചതിന്  ശേഷമേ അത് ഉപയോഗിക്കൂ എന്ന ശീലം മലയാളി വീട്ടമ്മമാരിൽ എന്നേ  വേരൂന്നിക്കഴിഞ്ഞു.
ഫ്രിഡ്ജിന്  ശേഷം ഇപ്പോൾ രംഗത്തുള്ളത് എയർകണ്ടീഷണറാണ്.
"എ.സി.യിലാണ് എന്റെ ഉറക്കമെന്നോ എ.സി. ഇടാൻ മറന്നതിനാൽ ഞാൻ ഇന്നലെ ഉറങ്ങിയതേ ഇല്ല എന്നോ " .ഒക്കെയാണ് പൊങ്ങച്ചക്കാരുടെ  വീമ്പ് പറച്ചിൽ. ഫ്രിഡ്ജും  എയർകണ്ടീഷണറും  എത്രമാത്രം അപകടകരമായ വാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് ദിനം പ്രതി  തള്ളിവിടുന്നതെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ ! ഈ വാതകങ്ങൾ അന്തരീക്ഷത്തെ വിഷമയമാക്കുന്നതിലുപരി ചൂടിനെ അത്യുഗ്രനാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
മനുഷ്യന്റെ കരങ്ങളാണ് ഈ ഭൂമിയെ  നശിപ്പിക്കുന്നതെന്ന  വിശുദ്ധ വചനം  എത്രയോ അർത്ഥ പൂർണമായി ഈ കാലത്ത്  അനുഭവപ്പെട്ട്കൊണ്ടിരിക്കുന്നു.

Sunday, March 5, 2017

പെണ്ണും ഒരുങ്ങലും

ഏതെങ്കിലും ചടങ്ങിന്  പോകുവാൻ നമ്മുടെ കൂട്ടത്തിൽ  ഇടത് ഭാഗത്തെ കൂടി ക്ഷണിച്ചാൽ  പോകേണ്ട സമയത്തിന്  ഒരു മണിക്കൂർ മുമ്പ് മുതൽ  വീട്ടിൽ നിന്നുമിറങ്ങാൻ  നമ്മൾ  ആവശ്യപ്പെടണം. അപ്പോൾ മുതൽ ആരംഭിക്കുന്ന ഒരുങ്ങൽ  ഒരു മണിക്കൂർ സമയമെടുത്തേ അവസാനിക്കൂ.  ചെറുപ്പക്കാരിയായാലും  തൈക്കിളവിയായാലും ഈ ഒരുങ്ങൽ നിർബന്ധമായി  പാലിച്ചിരിക്കും. എല്ലാം  ധരിച്ച് കഴിഞ്ഞാലും  പിന്നെയും കണ്ണാടിയുടെ മുമ്പിൽ പല ആങ്കിളിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും  നോക്കി കൊണ്ടിരിക്കുമ്പോൾ നമ്മൾ അക്ഷമയോടെ വിളിക്കുന്നു  "സമയം കഴിയുന്നു, ഒന്നിറങ്ങി വരുന്നുണ്ടോ? "
ദാ! വരുന്നേ...ദാ..ഇറങ്ങി..... പിന്നെയും എടുക്കും അര മണിക്കൂർ.
ഒരുങ്ങിയാലും ഒരുങ്ങിയാലും മതിയാകാത്തവരാണ് മഹിളകൾ.
ഈ കാര്യത്തെ പറ്റി  നമ്മൾ കുറ്റപ്പെടുത്തിയാൽ അവർ തിരിച്ച് ചോദിക്കും " നിങ്ങൾ ആണുങ്ങൾ ഒരുങ്ങാറില്ലേ? "
ആണുങ്ങൾ എന്ത് ഒരുങ്ങാനാണ്; ഒന്ന് താഴേ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റണം. മറ്റൊന്ന് മുകളിൽ നിന്നും താഴോട്ടിടണം,  പൊട്ട് തൊടൽ, കണ്ണെഴുത്ത്, മുടി ചീകി പിന്നി ഇടൽ..... ഊങ്ഹും..അങ്ങിനെയുള്ള  ഒരു പരിപാടിയും ഇല്ല.  അഥവാ ആണിന് സൗന്ദര്യം  പ്രകൃതിയാൽ  തന്നെ ഉണ്ട്. നാല് ചുറ്റും കണ്ണോടിച്ച് നോക്കുക.  പൂവൻ കോഴിക്കാണ് സൗന്ദര്യം, ആ പൂവും തലയെടുപ്പും  അതൊരു ചന്തമാണേ! ആൺ മയിലാണ് പീലി വിടർത്തി ആടുന്നത്, പെണ്ണല്ല. കൊമ്പനാനയാണ് ഗംഭീരൻ പിടിയാനയല്ല.  ആ സിംഹത്തിനെ ഒന്ന് നോക്കുക. ആൺ സിംഹത്തിന്റെ സടയും മുടിയും ആ നിൽപ്പും,  അതൊരു സൗന്ദര്യ നിറയാണേ ! പെൺ സിംഹം വലിയ ഒരു പട്ടിയെ പോലിരിക്കും. മനുഷ്യരിൽ മാത്രം  പെൺ വർഗത്തിനാണ്  സൗന്ദര്യം പോലും.  ഇതാര് മെനഞ്ഞുണ്ടാക്കിയ  നുണയാണാവോ! മസിലും പെരുപ്പിച്ച്  ഒരു പുരുഷൻ  നിന്നാലുള്ള സൗന്ദര്യം പെണ്ണിനുണ്ടോ? ഇല്ലാത്തത് കൊണ്ടാണ് അത് ഉണ്ടെന്ന് വരുത്താൻ ഇത്രയും സമയമെടുത്ത് അവർ ഒരുങ്ങുന്നത്.
ഹയ്യോ! ആരാ  ഈ  ബഹളമുണ്ടാക്കി ഓടി വരുന്നത്....പെണ്ണുങ്ങളാണോ?.....ഞാൻ  ഓടി.......

Monday, February 27, 2017

ചിറ്റയം ഗോപകുമാറും വർഗ വെറിയും

സി.പി.ഐ. നേതാവും എം.എൽ.എ.യുമായ ചിറ്റയം ഗോപകുമാറിനെ ചെറുപ്പം മുതൽ തന്നെ എനിക്ക് നേരിൽ അറിയാം. എപ്പോഴും സുസ്മേര വദനും ഊർജസ്വലനുമായ ഒരു  ചെറുപ്പക്കാരൻ.  കൊട്ടാരക്കര പഞ്ചായത് പ്രസിഡന്റ് ആയിരുന്നപ്പോൾ നാട്ടുകാർക്ക് വേണ്ടി ഏറെ സേവനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഷെർലി  ഭർത്താവിനെ പോലെ തന്നെ  പുഞ്ചിരി പൂനിലാവുമായി ഏവരോടും അടുപ്പം കാണീച്ചിരുന്നു.  ആൾക്കാരുമായി ഇടപെടുമ്പോൾ യാതൊരുവിധ അധികാര ഗർവും കാണിച്ചിരുന്നില്ല, എനിക്ക് നേരിൽ പരിചയമുള്ള  ഈ ചെറുപ്പക്കാരി അന്ന് കേരളാ ഹൈക്കോടതിയിൽ  ജോലിക്കാരിയായിരുന്നു, ഇന്ന് ഉയർന്ന ഉദ്യോഗത്തിലായിരിക്കാം. ഗോപകുമാറിന്റെ  പിതാവ് ഗോപാല കൃഷ്ണൻ എന്നോടൊപ്പം കോടതിയിൽ  ജോലി ചെയ്തിരുന്നു.  ഏത് ഗൗരവ പ്രശ്നവും തമാശയോടെ കണ്ട് അതിന് പരിഹാരം കണ്ടെത്തിയിരുന്നു യൂണിയൻ നേതാവായിരുന്ന ഗോപാലകൃഷ്ണൻ.
ഞാൻ ഈ പരിചയപ്പെടലുകളെ പറ്റി   ഇവിടെ സൂചിപ്പിച്ചത്  അന്തസ്സോടെയും അഭിമാനത്തോടെയും ജീവിച്ചിരുന്ന ഈ മനുഷ്യരെ  കാണുമ്പോൾ  പത്തനംതിട്ടയിലെ കമ്മ്യൂണീസ്റ്റ് നേതാവിനെ പോലെ ഞങ്ങൾക്കാർക്കും  ഓക്കാനം തോന്നിയിട്ടില്ല  എന്ന് വെളിപ്പെടുത്തുന്നതിനാണ്. ഞങ്ങൾ അവരെ സ്നേഹിച്ചു, സമഭാവത്തോടെ പെരുമാറി അവർ തിരിച്ച് അപ്രകാരം തന്നെ ഞങ്ങളോടും പെരുമാറിയിരുന്നു.  കറുപ്പ് നിറമുള്ള അവർ കറുപ്പിന് ഏഴഴക് എന്നുള്ള സത്യം വിളിച്ചോതുന്നവരായിരുന്നു.
 അവർ പുലയ സമുദായത്തിലായത് കൊണ്ടാണ് നേതാവിന് ഓക്കാനം വന്നതെങ്കിൽ പുലയ സമുദായം ഈ മണ്ണിന്റെ അവകാശികളായിരുന്നുവെന്നും ഒരു കാലത്ത് അവർ ഈ നാട്ടിലെ അധിപരായിരുന്നുവെന്നും വടക്ക് നിന്നും അതിക്രമിച്ച് കയറിയവരും  കമ്മ്യൂണീസ്റ്റ് നേതാവിന്റെ  മുൻ ഗാമികളുമായ സവർണർ  ഈ സാധുക്കളെ ആക്രമിച്ച് ഈ നാടിൽ അവർക്ക് മേലെ  അധികാര സ്ഥാപനങ്ങൾ ഉണ്ടാക്കിയവരാണെന്നും കമ്പോളത്തിൽ കിട്ടുന്ന ചരിത്ര പുസ്തകം വിലക്ക് വാങ്ങി പഠിച്ചാൽ മനസിലാക്കുവാൻ കഴിഞ്ഞേനെ.  പുലയിൽ  ( വയൽ) ആടിക്കൊണ്ടിരുന്നവളും നാട്ടിന്റെ കണ്ണിലുണ്ണിയുമായിരുന്ന അന്നത്തെ  രാജ്ഞിയെ പോലും അധിക്ഷേപിച്ച് പിൽകാലത്ത്  അവരെ അശ്ലീല വാക്കായി (പുലയാടി) മാറ്റാൻ തക്കവിധം  അഹങ്കാരവും ഗർവും നിറഞ്ഞവരായിരുന്നു ആ സവർണ പൂർവികർ.  ഗർവും അഹങ്കാരവും കമ്മ്യൂണിസ്റ്റ്കാരൻ  ആയിരുന്നിട്ട്  പോലും മാറ്റാതെ  ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുകയും  സ്വകാര്യ സംഭാഷണങ്ങളിൽ  അത് വെളിയിലെടുക്കുകയും ചെയ്യാൻ തക്കവിധം  പൂർവികരുടെ ജീൻ ഇന്നും  ഇവർ ഉള്ളിൽ വഹിക്കുന്നുണ്ട് അത് കൊ ണ്ടാണ് നേതാവിന്റെ ഉള്ളിൽ നിന്നും പുലയരെ കാണുമ്പോൾ ഓക്കാനം വരുന്ന വാക്കുകൾ പുറത്ത് വരുന്നത്
പാർട്ടി വിശദീകരണം  നേതാവിനോട് ആവശ്യപ്പെടുകയും തുടർന്ന് നേതാവിനെ സസ്പന്റ്  ചെയ്യുകയും ചെയ്തിട്ടുണ്ട്.  ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ചെടുക്കുകയും ചെയ്യും.രാഷ്ട്രീയത്തിൽ സ്ഥിരം പക ഇല്ലല്ലോ!
ദിവസങ്ങൾക്ക് മുമ്പ്  നടന്ന ഈ സംഭവം ഇപ്പോൾ ഇവിടെഴുതാൻ കാരണം  കേരളത്തിലെ മാധ്യമങ്ങൾ  ഈ സംഭവത്തോട് കാണിച്ച ലാഘവത്വം  നിരീക്ഷിച്ചതിനാലാണ് .. പൾസർ സുനി നടിയെ അപമാനിക്കുന്നതിന് മുമ്പ് എവിടെയെല്ലാം തുപ്പി, മൂത്രം ഒഴിച്ചു  എന്നൊക്കെ അന്വേഷണാത്മക  റിപ്പോർട്ട്  എഴുതിയ  മാധ്യമ  ശിങ്കങ്ങൾ  ഈ സംഭവത്തെ കുറിച്ച് നൽകിയ ലാഘവത്വം  നാം കണ്ട് കഴിഞ്ഞു.  (മാധ്യമം പത്രം കെ.കെ. കൊച്ചിന്റെ ഒരു ലേഖനം ഈ സംഭവത്തിനെ പറ്റി  പ്രസിദ്ധപ്പെടുത്തിയത് വിസ്മരിക്കുന്നില്ല)  വർഗ വെറി  മനസിൽ കൊണ്ട് നടക്കുന്ന ഈ പ്രവണക്കെതിരെ  ശക്തമായ നിലപാടെടുക്കേണ്ട  മാധ്യമങ്ങൾ ഒരിക്കൽ കൂടി അവരുടെ ഉത്തരവാദിത്വം മറന്നിരിക്കുന്നു എന്ന് പറയാതെ വയ്യ.

Sunday, February 26, 2017

പൊതു വികാരം കണക്കിലെടുത്ത് ശിക്ഷ

തടിച്ച് കൂടിയ പുരുഷാരം ആർത്ത് വിളിച്ചു ബറബ്ബാസിനെ വെറുതെ വിടുക, നസറേത്ത്കാരൻ  യേശുവിനെ ശിക്ഷിക്കുക. പൊതുവികാരം അപ്രകാരമായിരുന്നു
പാർലമെന്റ് ആക്രമണ കേസിൽ  കശ്മീർ നിവാസിക്കെതിരെ  ഉണ്ടായ വിധി ന്യായത്തിൽന്യായാധിപൻ ഈ തരത്തിൽ   സൂചിപ്പിച്ചു "തെളിവിന്റെ അഭാവമല്ല കണക്കിലെടുക്കേണ്ടത്  പൊതു വികാരം കണക്കിലെടുക്കണം"
മന്ത്രി ശ്രീമതി മെഴ്സിക്കുട്ടിയമ്മ ഇന്നലെ  പറഞ്ഞു മനസ്സാക്ഷിക്ക് നിരക്കാത്ത കേസുകൾ വക്കീലന്മാർ ഇടപെടരുത്. മന്ത്രിയുടെ അഭിപ്രായവും നടിയുടെ കേസിലെ   പൊതു വികാരം കണക്കിലെടുത്താണ്.
നിയമ വിരുദ്ധമായ ഒരു കൃത്യം നടക്കുമ്പോൾ  അതിനെതിരെ പൊതുവികാരം ഉയരുന്നത് സ്വാഭാവികമാണ്. കയ്യിൽ കിട്ടിയ ഇരക്ക് പരമോന്നത ശിക്ഷ കൊടുക്കാൻ  അവർ മുറവിളി കൂട്ടും. കേരളത്തിൽ അത് സൗമ്യ കേസിലെ   ഗോവിന്ദ ചാമിക്കും ജിഷ കേസിലെ ബംഗാളി യുവാവിനും ഇപ്പോൾ സിനിമാ നടി കേസിൽ പൽസർ സുനിക്കുമെതിരെ  ഉയർന്ന് വന്നു.
ഇവിടെ ഒരു നീതി ന്യായ  സംവിധാനം ഉണ്ട്. എഴുതി വെക്കപ്പെട്ട നിയമ സംഹിതയിൽ നിന്ന് കൊണ്ട് ലഭിച്ച തെളിവുകളുടെ വെളിച്ചത്തിൽ സമാന കേസുകളിൽ  മുമ്പുണ്ടായ വിധികൾ പരിഗണിച്ച്  ന്യായാധിപൻ വിധി പ്രസ്താവിക്കുന്നു. ആദ്യ വിധിയിൽ തൃപ്തി വരുന്നില്ലാ എങ്കിൽ ഉപരി കോടതികളിലും അതിലും  തൃപ്തി വരുന്നില്ലാ എങ്കിൽ പരമോന്നത  കോടതിയിലും  തെളിവുകൾ കീറി മുറിച്ച് പരിശോധിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് സംവിധാനം നിലവിലുണ്ട്.
പൊതുവികാരം അണക്കിലെടുത്ത് വിധി ഉണ്ടാകണമെങ്കിൽ കിട്ടിയ ഉടനെ കൊന്ന് കളഞ്ഞാൽ മതിയല്ലോ ഈ കോടതികളിലെ പരിശ്രമങ്ങൾ  വേണ്ടെന്ന് വെക്കാമല്ലോ. അങ്ങിനെ ആകരുത് നമ്മുടെ ജനാധിപത്യ രാജ്യത്തെ നിയമ സംവിധാനം എന്ന് രാഷ്ട്ര ശിൽപ്പികൾ വിഭാവന ചെയ്തിരുന്നതിനാലാണ് ഈ കോടതികൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ആയിരം അപരാധികൾ രക്ഷപെട്ടാലും  ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.
ഗോവിന്ദ ചാമിയും ബംഗാളി യുവാവും പൾസർ സുനിയും ശിക്ഷക്ക് അർഹപ്പെട്ടവരായിരിക്കാം, അവരുടെ കാര്യത്തിൽ യാതൊരു ദാക്ഷണ്യവും  കാണിക്കുകയും വേണ്ട,  പക്ഷേ അവരുടെ  ശിക്ഷയും നാട്ടിലെ നിയമ സംവിധാനത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ആവണം, അല്ലാ എങ്കിൽ ഒരു നിരപരാധിയുടെ കേസിലും മേൽ കേസുകൾ ചൂണ്ടിക്കാണിച്ച്  അയാൾക്കെതിരെ ഉണ്ടാകുന്ന പൊതുവികാരം കണക്കിലെടുത്ത്  ശിക്ഷ നടപ്പിലാക്കേണ്ടി വരും. കോടതിയിലെ ശിക്ഷ കുറഞ്ഞ് പോകുന്നത് കോടതിയുടെ കുറ്റം കൊണ്ടല്ല, തെളിവ് നൽകുന്ന ഉദ്യോഗസ്തന്റെ അപാകത കൊണ്ടും കൈകാര്യം ചെയ്യുന്ന  അഭിഭാഷകന്റെ കഴിവ് കേട് കൊണ്ടുമായിരിക്കും. അതിന്കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
 സ്ഥലത്ത് പോയി  സംഭവത്തിന് ദൃക് സാക്ഷിയായിരുന്നിട്ടല്ലല്ലോ വക്കീലന്മാർ കേസെടുക്കുന്നത്. ആരുടെ മനസാക്ഷിക്കനുസൃതമായി  വക്കീലന്മാർ കേസെടുക്കണമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്, പൊതു വികാരം കണക്കിലെടുത്തോ  അതിനുള്ള മറുപടി ഇവിടെ പറഞ്ഞ് കഴിഞ്ഞു.

Friday, February 17, 2017

അമ്മായി അമ്മയാണ് താരം.

അമ്മായി അമ്മയാണ്` താരം.
ഇവിടെ ഉദ്ദേശിച്ചത് പെൺകുട്ടിയുടെ  അമ്മായി അമ്മയുടെ കാര്യമല്ല, പെൺകുട്ടിയുടെ അമ്മ  അതായത് പയ്യന്റെ അമ്മായി അമ്മയെയാണ് പല കുടുംബ വഴക്കുകൾക്കും കാരണം എന്നാണ്. .
അണു കുടുംബത്തിൽ ജനിച്ച പെൺകുട്ടികൾ  മറ്റൊരു വീട്ടിൽ മരുമകളായി ചെല്ലുമ്പോൾ  അത് വരെ കഴിഞ്ഞിരുന്ന ജീവിതാന്തരീക്ഷത്തിന് വ്യത്യസ്തമായി  പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും, അത് സഹിഷ്ണതയോടെയും ക്ഷമയോടെയും നേരിട്ടാൽ പരിഹരിക്കാൻ കഴിയുന്നതേ ഉള്ളൂവെങ്കിലും സ്വന്തം വീട്ടിൽ  കിട്ടിയിരുന്ന സ്വാതന്ത്രിയവും  സൗകര്യങ്ങളും ഇവിടെയും ലഭിക്കണമെന്നുള്ള നിർബന്ധ ബുദ്ധിയാണ് പലപ്പോഴും കുടുംബ ജീവിതം സംഘർഷത്തിലേക്ക് നയിക്കുന്നത്. സഹിഷ്ണതയും ക്ഷമയും വീട്ടിൽ നിന്ന് പടിക്കേണ്ട വിഷയങ്ങളാണ്. അദ്ധ്യാപിക മാതാവും. 5-6- കുട്ടികൾ ഉള്ള വീട്ടിൽ ജനിച്ച കുട്ടി ആ വീട്ടിലെ ഏക തോർത്തും ഏക കുളി മുറിക്കും വേണ്ടി സമയമെടുത്ത്  കാത്തിരിക്കുന്നതോടെ ആ കുട്ടി ക്ഷമയുടെയും സഹിഷ്ണതയുടെയും ബാല പാഠങ്ങൾ പഠിക്കാൻ ആരംഭിക്കുകയായി.  കാലം ചെന്നപ്പോൾ അണു കുടുംബത്തിന്റെ വരവായി, വിരൽ തുമ്പിൽ ആവശ്യങ്ങൾ നിറവേറാൻ തുടങ്ങി, കാത്തിരിപ്പും വേവലാതിയുമില്ലാതായി.  അതോടെ സഹിഷ്ണതയും ക്ഷമയും നാട് വിട്ടു. നിസ്സാരകാര്യം പോലും സാധിക്കാതെ വരുമ്പോൾ പരിഭ്രമമായി, വെപ്രാളമായി,  കാര്യ സാദ്ധ്യത്തിനായി സ്വന്തം വീടും മാതാപിത്താക്കളും രക്ഷാ കേന്ദ്രങ്ങളായി ഉള്ളിൽ തെളിഞ്ഞ് നിന്ന് തുടങ്ങി.

 .  ലോകാരംഭം മുതൽക്കുള്ളതാണ് എല്ലാ സമൂഹത്തിലും  അമ്മായി അമ്മ മരുമകൾ പോര്.  അമ്മായി അമ്മയെ ശത്രു ആയി കണ്ട് കൊണ്ടുള്ള ചിപ്പ്  തലയ്ക്കുള്ളിൽ ഫിറ്റ് ചെയ്തിട്ടാണ്  മരുമകൾ ഗൃഹപ്രവേശനം  നടത്തുന്നത്.  "നീ ഇങ്ങ് വാ നിന്നെ ശരിപ്പെടുത്തി തരാം " എന്ന ചിപ്പ് തലയിൽ ഫിറ്റ് ചെയ്തിട്ടാണ് അമ്മായി അമ്മ തയാറെടുത്തിരിക്കുന്നത്. രണ്ട് ചിപ്പുകളും സജീവമായി പ്രവർത്തിക്കുമ്പോൾ ഒരു വ്യവഹാരം കുടുംബ കോടതിയിൽ ജനിക്കുന്നു, വക്കീലന്മാർ രക്ഷപെടുന്നു. പട്ടി മരത്തിന് താഴെയും പൂച്ച വാൽ വണ്ണം വെപ്പിച്ച് മരത്തിന് മുകളിലും.ചെറുപ്പക്കാരി അൽപ്പം താഴാത്തിടത്തോളം  ഈ പോര് ഒരിക്കലും അവസാനിക്കില്ല, . സംഭവിക്കുന്നത് പെണ്ണ് ഉടൻ വീട്ടിലേക്കുള്ള പാച്ചിലാണ്.  പണ്ട് ഇങ്ങിനെ ചെല്ലുന്ന പെൺ കുട്ടികളെ അമ്മമാർ അതേ വേഗതയിൽ തിരിച്ച് പായിക്കും.  " പൊയ്ക്കോ നിന്റെ ഭർത്താവിന്റെ വീട്ടിൽ പോയി നില്ല്.."  അതൊരു ഷോക്ക് ചികിൽസ ആയിരുന്നു. ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചാണ്.  അമ്മ ഉടനെ  മകളെ താലോലിക്കുന്നു, " എന്റെ പൊന്ന് മോളെ ആ താടക എന്ത് ചെയ്തു മുത്തേ! ആ മരങ്ങോടൻ..നിന്റെ ഭർത്താവ് ഇങ്ങ് വരട്ടെ, അവന്റെ തള്ളയെ മര്യാദക്ക് നിർത്തിയില്ലെങ്കിൽ രണ്ടെണ്ണത്തിനെയും കോടതിയിൽ കയറ്റുമെന്ന് പറഞ്ഞേരെ....
ഇറങ്ങി പോയ ഭാര്യയെയും തെരക്കി മരങ്ങോടൻ എത്തുമ്പോൾ അവന്റെ അമ്മായി അമ്മയായ  പെണ്ണിന്റെ അമ്മ അവനെ കീറി ഭിത്തിയിൽ ഒട്ടിക്കും,  തള്ളയെ പറ്റി പറയുന്നത് ഏതെങ്കിലും മകൻ സഹിക്കുമോ?  അവൻ തിരിച്ച് പറയും,അവന്റെ ഭാര്യയും അമ്മയുടെ മകളുമായ  പൊന്ന്  മകൾ അപ്പോൾ    പറയും "എന്റമ്മ   പറഞ്ഞത് ശരിയല്ലേ?  നിങ്ങടെ തള്യെളയെ പോയി മര്യാദപഠിപ്പിക്ക്,  ഞാൻ വരുന്നില്ല നിങ്ങടെ വീട്ടിൽ  "  അതോടെ അവളുടെ ഭാവി ഭൂതമാകും.
എന്നാൽ അവളുടെ തള്ള പഴയ അമ്മമാരെ പോലെ മകളെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പായിച്ചാൽ,  ഒരു വിധമെല്ലാം അവൾ അവിടെ പിടിച്ച് നിൽക്കും. തിരിച്ച് വന്നാൽ രക്ഷയില്ല  എന്ന ബോധം അവളുടെ മനസിലെന്നുമുണ്ടാവുകയും ചെയ്യും.
ഈ അടുത്ത നാളുകളിൽ ഞങ്ങളുടെ മുമ്പിൽ വന്ന ഒരു കൂട്ടം കുടുംബ പ്രശ്ന വ്യവഹാരങ്ങളിൽ മുഖ്യ പ്രതി ഈ അമ്മമാർ,  അഥവാ പയ്യന്റെ അമ്മായി അമ്മമാരായിരുന്നു മുഖ്യ വില്ലത്തി  എന്ന് തിരിച്ചറിഞ്ഞതിലാണ് ഈ കുറിപ്പുകൾ.

Tuesday, February 14, 2017

കൃഷിയോ അത് നമുക്ക് വേണ്ടാ.

ഞങ്ങൾ ഒരു അനാവശ്യം  ചെയ്തു,,,,,,,അൽപ്പം ഭൂമിയുണ്ടായിരുന്നതിൽ  വാഴകൃഷി  ചെയ്തു.
അതെങ്ങിനെ  അനാവശ്യമാകുമെന്ന  ചോദ്യത്തിന് താഴെ വിവരിക്കുന്ന വസ്തുതകൾ വായിച്ച് നിങ്ങൾ തീരുമാനിക്കുക.
കീടനാശിനിയും മറ്റും കുത്തി കയറ്റിയ കമ്പോള ഉൽപ്പന്നങ്ങൾക്ക് പകരം സ്വയംകൃഷി ചെയ്ത്  ഉൽപ്പാദിക്കുന്ന വിളവുകൾ കഴിച്ച്  ശരീരത്തെ രോഗമുക്തമാക്കാമെന്ന  ദുരുദ്ദേശത്താലാണ്  പലയിടങ്ങളിൽ നിന്നു പൈസാ വാങ്ങി ചെലവഴിച്ച് മഴക്കാലത്ത് വാഴകൃഷി തുടങ്ങിയത്. മഴയിൽ കുളിച്ച് വാഴകൾ ആർത്ത് കിളിർത്തുവന്നപ്പോൾ  കണ്ണിനിമ്പം ലഭിച്ചു; മനസിൽ കിട്ടുന്ന വിളകളെക്കുറിച്ച് സ്വപ്നങ്ങളും ഉണ്ടായി. മഴക്കാലം കഴിഞ്ഞു, വേനൽ തുടങ്ങി, ജലസേചനത്തിന്  യാതൊരു സൗകര്യവുമില്ലാത്ത വാഴ നട്ട മൊട്ടക്കുന്നിൻ പുറത്ത് അത്യുഷ്ണം  താണ്ഡവമാടി. ഫലം വാഴകൾ കരിഞ്ഞ് തുടങ്ങി. ഇത്രയും വളർന്ന് കഴിഞ്ഞതിന് ശേഷം ആ കുഞ്ഞുങ്ങളെ എങ്ങിനെ ഉപേക്ഷിക്കും.  കിണർ കുഴിക്കാമെന്ന് കരുതിയാൽ കുഴിച്ച് കുറേ ചെല്ലുമ്പോൾ പാറ  കാണുന്നയിടമാണ്. അതിനാൽ കുഴൽ കിണർ ആകാമെന്ന് കരുതി ഓടി നടന്ന്  പൈസാ തിരിച്ച് മറിച്ച് ഉണ്ടാക്കി കുഴൽ കിണറിന്റെ എല്ലാ നടപടികൾക്ക് ശേഷം  കുഴൽ ഉണ്ടായി. വളരെ കുറച്ച് ആഴമേഉള്ളൂ..400 അടി മാത്രം. ഇനിയാണ് ക്ലൈമാക്സ്. കുഴൽ കിണർ പ്രവർത്തിക്കാൻ വൈദ്യുതി വേണം. വൈദ്യുതി ലഭിക്കണമെങ്കിൽ അവിടെ ഒരു ഷെഡെങ്കിലും വേണം. ബോർഡ് സ്ഥാപിക്കണമല്ലോ.  മീറ്റർ നനയാതെ നോക്കേണ്ടേ? ശരി ദിവസങ്ങൾക്ക് ശേഷം ഷെഡ് തയാറായി. ഇനി ഷെഡിന്  പഞ്ചായത്ത് നംബർ വേണം.ഓടി പഞ്ചായത്തിലേക്ക്. അപ്പോൾ വരുന്നു നിർദ്ദേശം സ്ഥലം നമ്മുടെ സ്വന്തമാണെന്നും ഇപ്പോൾ കൈവശത്തിലാണെന്നും കാണിക്കുന്ന സാക്ഷിപത്രം  വേണം   പോലും.  അത് വില്ലേജ് ഓഫ്ഫിസിൽ നിന്നാണ്. അടുത്ത സുഹൃത്ത് അവിടെ ഉണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തരമാക്കി.  മകന്റെ പരിചയക്കാരനായ   വളരെ നല്ലവനായ ഒരു ജീവനക്കാരൻ പഞ്ചായത്ത് ആഫീസിൽ ഉണ്ടായത് കൊണ്ട് അവിടെയും   വളരെ യൊന്നും ദിവസങ്ങൾ എടുക്കാതെ 3-4- ദിവസം കൊണ്ട്  നമ്പർ കിട്ടി. ഇതിനിടയിൽ ഷെഡിന്റെ പ്ലാൻ, അത് നിൽക്കുന്ന പുരയിടത്തിന്റെ സൈറ്റ് പ്ലാൻ, അതിലേക്കുള്ള വഴിയുടെ പ്ലാൻ,  ഇതെല്ലാം ഒരു ടെക്നെഷ്യനെ കൊണ്ട് 1000 രൂപാ മുടക്കി വരപ്പിക്കുകയും ചെയ്തു. ഈ ടെക്നീഷ്യനെയും പഞ്ചായത്ത് ഓവർസീയറേയും സ്ഥലം കാണിക്കാൻ കൊണ്ട് പോകേണ്ടി വന്നു. നമ്പർ കിട്ടി കഴിഞ്ഞ് കൃഷിക്കായുള്ള മുൻ ഗണന ലഭിക്കാൻ  പെട്ടെന്ന് കറന്റ് കണക്ഷനായി  കൃഷിഭവനിൽ നിന്നും അവിടെ കുഴൽ കിണർ സ്ഥാപിച്ചിട്ടുണ്ടെന്നും വാഴകൃഷി ഉണ്ടെന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷ കൊടുത്തു. അതിനായി അവിടത്തെ ജീവനക്കാരനെയും കൊണ്ട് വീണ്ടും സ്ഥലം കാണാൻ പോയി  അവസ്ഥ ബോദ്ധ്യപ്പെടുത്തി.  ആ സർറ്റിഫികറ്റ് സഹിതം കറന്റാഫീസിൽ അപേക്ഷ കൊടുത്ത് ഇപ്പോൾ കാത്തിരിക്കുകകയാണ്  എന്നാണ് ആ സാറന്മാർ സ്ഥലം സന്ദർശിച്ച്  വൈദ്യുതി കണക്ഷൻ നൽകുന്നത്.
ഇനി നിങ്ങൾ പറയുക വാഴകൃഷി  ചെയ്തത് അനാവശ്യമല്ലേ?
ഹരിത കേരളവും  മട്ടുപ്പാവ് കൃഷിയും മറ്റും മറ്റും കണ്ട് സ്വയം കൃഷി ചെയ്യാൻ ഇറങ്ങിയാൽ  ഇതാണ് അനുഭവം. അലച്ചിലോടെ അലച്ചിൽ ഈ പൊരി വെയിലത്ത്.  അല്ലാ ഒന്ന് ചോദിച്ചോട്ടെ സർക്കാരേ! അവനവന്റെ കയ്യിലുള്ള  സ്ഥലത്തിന് എപ്പോഴുമെപ്പോഴും കൈവശ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ ഓടിക്കാതെ  റേഷൻ കാർഡിലോ ആധാറിലോ  രേഖപ്പെടുത്തി തന്ന് കൂടേ? അത് തെളിവായി എടുക്കാൻ ഉത്തരവിട്ടാൽ മതിയല്ലോ.
 മനുഷ്യനെ നാലുചുറ്റും ഓടിക്കുന്ന പഴയ നിയമങ്ങൾ കീറിക്കളഞ്ഞൂടെ? എന്നിട്ട് എല്ലാം ലളിതമാക്കി പരിഷ്ക്കരിച്ച നിയമങ്ങൾ പകരം കൊണ്ട് വന്നൂടെ എന്റെ പ്രിയപ്പെട്ട സർക്കാരേ?!