മൂട്ട എന്ന ജീവി എവിടെ പോയി മറഞ്ഞു . ഒരു കാലഘട്ടത്തില്‍ മലയാളിയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന ഈ വീരന്‍ വീടുകളിലും ആഫീസുകളിലും സിനിമാ തീയേറ്ററിലും ആശുപത്രിയിലും നിറഞ്ഞു നിന്നു ആടി. ഇന്നത്തെ തലമുറക്ക് കക്ഷിയുടെ ഉപദ്രവം അനുഭവിക്കേണ്ടി വന്നിട്ടില്ല രാത്രി ആകുമ്പോള്‍ തലയിണയുടെ മടക്കുകളില്‍ നിന്നും പണക്കാര പാവപ്പെട്ട വ്യത്യാസമില്ലാതെ ചോര കുടിക്കാന്‍ ഇറങ്ങി വരും.
സിനിമാ തീയറ്ററില്‍ ബാല്‍ക്കണി എന്നോ ലോ ക്ലാസെന്നോ വകഭേദമില്ലാതെ മൂട്ട മേഞ്ഞു നടന്നു.
.ആദ്യം ഡി.ഡി.ടി ആയിരുന്നു ഇവനെ നേരിടാന്‍ ഉപയോഗിച്ചിരുന്നത്. കാലം കഴിഞ്ഞപ്പോള്‍ അവന്‍ അത് തിരിഞ്ഞിരുന്നു ആഹരിക്കാന്‍ തുടങ്ങി. പിന്നീട് ടിക്ക് 20 വന്നു, കില്‍ബെഗ് വന്നു, അങ്ങിനെ പലതും വന്നു. കുറച്ച് കാലമാകുമ്പോള്‍ അവന്‍ പ്രതിരോധ ശക്തി ആര്‍ജിച്ച് വീണ്ടും നമ്മളെ കടിക്കാനായി വരും.
ആയിടെ രസകരമായ തട്ടിപ്പുകളും മൂട്ടയെ കൊല്ലാനെന്ന വ്യാജേനെ ഇറങ്ങ്ങ്ങിയിരുന്നു. മൂട്ടയെ കൊല്ലാന്‍ എളുപ്പ മാര്‍ഗം എന്ന പരസ്യവുമായി ജലന്ധര്‍ കമ്പനി വന്നു. അഞ്ച് രൂപയായിരുന്നു വില. പലരും പോസ്റല്‍ വഴി പാഴ്സല്‍ വരുത്തി. തുറന്നപ്പോള്‍ ഒരു ചെറിയ അടകല്ല് , ഒരു ചവണ, ചെറിയ ചുറ്റിക കൂട്ടത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന പേപ്പറും. ചവണ കൊണ്ട് മൂട്ടയെ പിടിക്കുക അടകല്ലില്‍ വെക്കുക, ചുറ്റിക കൊണ്ട് ചെറുതായി മേടുക, മൂട്ട ചത്തിരിക്കും എന്നു ഉറപ്പ്. ഇതായിരുന്നു നിര്‍ദ്ദേശം.
ഏതായാലും ഇപ്പോള്‍ മൂട്ട നമ്മളെ ഉപേക്ഷിച്ച് പോയി . അതോ ഇനി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ?!!!
No comments:
Post a Comment