Sunday, August 24, 2025

പെണ്ണൊരുമ്പെട്ടാൽ

 പെണ്ണൊരുത്തി  വിചാരിച്ചാൽ ഈ ദുനിയാവിൽ  പലതും നടക്കും. എത്ര ഉയരത്തിൽ ഇരിക്കുന്നവനായാലും  നേരം വെളുക്കുമ്പോൾ  കോണകവുമഴിഞ്ഞയ്യോ  ശിവ ശിവാ എന്ന പരുവത്തിൽ  തറയിൽ വീഴ്ത്താൻ  ആർക്കും കഴിയും.

പണ്ടായിരുന്നു “സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം“ എന്ന വാചകം    സ്ത്രീകൾക്കായി നിലവിലുണ്ടായിരുന്നത്. ഇന്ന് അത് പുരുഷനാണ് ചേരുന്നത്.പയ്യനേ! സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം.

പത്രവും ചാനലും  പിന്നെ മൊബൈലും ഒളി ക്യാമറയും  ഈ ലോകത്തെ കിഴ്മേൽ മാറ്റി മറിച്ചു. മസാല വാർത്തകൾ  ഇന്ന് ഹരമാണേവർക്കും.

പണ്ടും   ഈ വിഷയം സജീവമായിരുന്നെങ്കിലും  അന്ന് ഇത്രയും അർമാദം ഇല്ലായിരുന്നല്ലോ. 

അധികാരത്തിനായി  നന്നായി ഉപയോഗിക്കാൻ പറ്റിയ  മാരകമായ ആയുധം തന്നെ  സ്ത്രീ. ഈ സത്യം പുരുഷനാണ് മനസ്സിലാക്കേണ്ടത്.  പുരുഷൻ അതനുസരിച്ച് ജീവിക്കുകയും വേണം.  ഈ കാലഘട്ടം അതാണ് പുരുഷനോട് പറയുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുടെ അന്നത്തെ ഒരു സൗഹൃദം  പലർക്കും അറിയാമായിരുന്നെങ്കിലും  ആരും അന്ന് അത് സംഭാഷണ വിഷയമാക്കിയത് പോലുമില്ല. അതിനാൽ അദ്ദേഹം രക്ഷപ്പെട്ടു.

അതിന് ശേഷം കാലമേറെ മാറി പോയി. വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയുടെ സാന്നിദ്ധ്യം നേതാവിന്റെ അധികാര കസേര മറിഞ്ഞ് വീഴാൻ കാരണമായി. ഓടിക്കൊണ്ടിരുന്ന ഒരു കാർ പീച്ചിയിൽ വെച്ച് അപകടത്തിൽ പെട്ടപ്പോൾ കാറിലെ സ്ത്രീ സാന്നിദ്ധ്യം മറിച്ചിട്ടത്  ഒരു മന്ത്രിയുടെ ജീവിതമായിരുന്നു. പുതിയൊരു രാഷ്ട്രീയ പാർട്ടിയുടെ ഉദയത്തിനും ഒരു മന്ത്രി സഭ തകരാനും അത് കാരണമാക്കി 

മറ്റൊരു നേതാവ് വടക്കൻ ജില്ലയിൽ കാറിൽ സഞ്ചരിച്ചപ്പോൾ സ്ത്രീ സാന്നിദ്ധ്യത്താൽ അപമാനിതനായതും നേതാവ് സ്വയം തലയിൽ അടിക്കുന്നതും റ്റി.വിയിലൂടെ ലോകം കണ്ടു.

മകന്റെ കാമുകിയുമായി തനിക്ക് വഴങ്ങിയാൽ  മകനുമായി കല്യാണം   നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത്  ബന്ധപ്പെട്ടത്  ഒളി ക്യാമറയിലൂടെ പെണ്ണ് പിടിച്ച് ചാനലിലൂടെ മാലോകരെ കാണിച്ചത് അടുത്ത കാലത്താണ്. പത്തിരിക്ക് മാവ് കുഴക്കുന്നത് പോലെ പെണ്ണിനെ നേതാവ് ഉരുട്ടുന്നത് മലയാളത്തിലെ ഒരു ചാനൽ ഒഴികെ ബാക്കി എല്ലാ ചാനലും കാണിച്ചു. രാഷ്ടീയ നേതാവായ അദ്ദേഹത്തിന്റെ നിരപരാധിയായ ഭാര്യയും കോളേജിൽ പഠിക്കുന്ന സന്തതികളും ആ കാലഘട്ടം എങ്ങിനെ കഴിച്ച് കൂട്ടിയെന്ന് ചാനലുകൾക്ക് വിഷയമായതേ ഇല്ല.

പിന്നെ നാട്ടിൽ സരിത ഇറങ്ങി. പലരും തലയിൽ മുണ്ടിട്ടു. ചില നേതാക്കൾക്കെതിരെ ആ സ്ത്രീയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്ന് ആർക്കാണറിയാത്തത്.

തുടർന്ന് സ്വപ്ന ഇറങ്ങി. എന്ത് കൊണ്ടോ എന്തോ രാഷ്ട്രീയ കസേരകൾ മറിഞ്ഞ് വീണില്ല. പക്ഷേ പലരും നാറി, നന്നായ് നാറി.

ഇവിടെ മാത്രമല്ല പണ്ട് ലണ്ടനിൽ യുദ്ധ കാര്യ മന്ത്രിയെ  വീഴിച്ചത് ഒരു സ്ത്രീയിലൂടെ റഷ്യക്കാരായിരുന്നല്ലോ.

നമുക്കിത് പരിചിതമാണ്. തപസ്സിലൂടെ ഇന്ദ്രന്റെ കസേര  കരസ്ഥമാക്കാൻ മാമുനി  ശ്രമിച്ചപ്പോൾ ആ ശ്രമം ഒരു പെണ്ണിലൂടെ  ഇന്ദ്രൻ  പരാജയപ്പെടുത്തി.

ആധുനിക കാലത്ത് അങ്ങിനെ കസേര  സ്വപ്നം കാണുന്ന പലരെയും വീഴ്ത്താൻ പെണ്ണ് മതിയെന്ന് സമകാലിക സംഭവങ്ങൾ കാണിച്ച് തരുന്നു.

അതിനാൽ പുരുഷന്മാരേ! “സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം“

No comments:

Post a Comment