വീണ്ടുമൊരു മെഡിസിപ്പ് കതൈ ചൊല്ലട്ടുമാ....
പതിവ് പോലെ സൂര്യൻ ഉദിക്കുകയും കിളികൾ ചിലക്കുകയും മറ്റെല്ലാ കാര്യങ്ങളും അതാതിന്റെ പാതയിൽ കൂടി നീങ്ങവേ ഈയുള്ളവന് ഒരു ഫോൺ വിളി. മറു ഭാഗം മധുര മനോഹരമായ ഒരു ലലനാ മണിയുടെ ശബ്ദം.
“സർ...“
“എന്തോ...?“
ഈ സാർ ആ വിളി കേട്ടു.
“....ആശുപത്രിയിൽ നിന്നുമാണ് സർ..“ ആശുപത്രിയുടെ പേര് മഹിളാ മണി ചൊല്ലി.
എന്താണാവോ ഭവതി മൊഴിഞ്ഞാലും. ഈയുള്ളവൻ ഭവ്യതയോടെ ആവശ്യപ്പെട്ടു.
കുറച്ച് നാളുകൾക്ക് മുമ്പ് സാർ ഒരു രോഗിയുമായി ഇവിടെ വരുകയും ചികിൽസക്ക് ചെലവായ 18000 രൂപാ മെഡിസിപ്പ് പദ്ധതിയിൽ നിന്നും ഈടാക്കി തരാൻ അപേക്ഷ നൽകുകയും എന്നാൽ സാർ നൽകിയ അപേക്ഷ ഇൻഷുറൻസ്കാർ നിഷ്ക്കരുണം നിരസിച്ചതും സാർ പൈസാ ആശുപത്രിയിൽ അടച്ച് രോഗിയെ ഡിസ്ചാർജ് ചെയ്ത് കൊണ്ട് പോയതും ഓർമ്മയുണ്ടോ?“
:അതെങ്ങിനെ മറക്കാനാണ് കുട്ടീ. പ്രതിമാസം 500 രൂപാ വീതം പെൻഷൻ വിഹിതത്തിൽ നിന്നും പിടിച്ചിട്ടും ആവശ്യം വന്നപ്പോൾ നടുവിരൽ നമസ്കാരം ഇൻഷുറൻസ്കാർ പറഞ്ഞ് അപേക്ഷ 10 വിക്കറ്റിന് 100 റൺസ് അടിച്ച് നമ്മളെ ഔട്ട് ആക്കിയതും എങ്ങിനെ ഞാൻ മറക്കും കുയിലേ...? ഞാൻ വാചാലനായി.
“സാർ പിന്നെന്ത് ചെയ്തു....“ കുയിൽ നാദം പിന്നെയും ആരാഞ്ഞു...
“അടിയ്ൻ ഒരു പുന പരിശോധന ഹർജി ഇൻഷുറൻസ്കാർക്ക് നൽകി അതിൽ ചെറുതല്ലാത്ത ഒരു തുക നഷ്ട പരിഹാരമായി കൂടുതലയി ചോദിക്കുകയും ചെയ്തു..പകർപ്പ് ബന്ധപ്പെട്ടവർക്കും ദാനം ചെയ്തു. പക്ഷേ ആ അപേക്ഷ വേറെ എവിടെയോ ആണ് കൊടുക്കേണ്ടതെന്ന് പറഞ്ഞു അയക്കേണ്ടും മേല്വിലാസവും കാണിച്ച് പഹയൻ ഒരു മറുപടി കത്ത് നമുക്ക് നൽകി. പിന്നേ....എനിക്കതിനല്ലേ നേരം..ഞാൻ ഒരുത്തർക്കും ഒന്നും പിന്നെ അയച്ചില്ല. എന്നിട്ട് എന്റെ മകനായ വക്കീലിനെ വിളിച്ച് പറഞ്ഞു...എടാ വക്കീലേ... ദേ! കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ്. ഈ ഇൻഷുറൻസ്കാരുമായി ബാപ്പാക്ക് വേണ്ടി ഉപഭോക്തൃ കോടതിയിൽ അങ്കം വെട്ടണം മുറകളെല്ലാം നമുക്ക് പഠിക്കാതെ തന്നെ അറിയാമെന്ന് അവരെ പഠിപ്പിക്കണം. മോൻ പിതാവിന് വേണ്ടി നേരിട്ട് അങ്കം വെട്ടേണ്ട. പകരം ഏതെങ്കിലും ഒരു വക്കീലിനെ ചുമതലപ്പെടുത്തിയാൽ മതി........“ ഇത്രയും ഞാൻ ചെയ്തിട്ടുണ്ട് ഭവതീ...എന്നാൽ ജോലി തിരക്കിനാൽ മകൻ ഇത് വരെ ഫയൽ ചെയ്തിട്ടില്ലാ എന്നാണറിവ്....“
എന്നാൽ സാറേ! സാറിന്റെ പുന പരിശോധനാ ഹർജി അനുവദിച്ചതായി ഇൻഷുറൻസ്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നു. സാറിന്റെ ചികിൽസാ ചെലവ് ഇവിടെ അടച്ചത് ബാങ്ക് അക്കൗണ്ടിലേക്ക് ദേ! അയക്കുന്നു....“ കിളി മൊഴി അവസാനിച്ചപ്പോൾ ഈയുള്ളവൻ അന്തം വിട്ടു നിന്നു. ങേ!...ഇതെന്ത് മറിമായം. ക്ളൈമും പുനപ്പരിശോധനയും നിരസിച്ചത് വീണ്ടും പുനപ്പരിശോധി ചെന്നോ?!!!
ഇതിന്റെ ഗുട്ടൻസ് ഇത് വരെ പിടി കിട്ടിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ സൂർത്തുക്കളേ....
എന്തായാലും ഇതിന് നന്ദി ആരോട് ഞാൻ ചൊല്ലേണ്ടും....
എന്നെ മെഡിസിപ്പിൽ ചേർത്ത സർക്കാരിനോടോ?
അപേക്ഷ പിന്നെയും പിന്നെയും നിരസിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്ത ഇൻഷുറൻസിനോടോ?
നന്ദി ആരോട് ഞാൻ.......
No comments:
Post a Comment