Sunday, October 28, 2018

പണി കുറ്റം

വെളുത്ത് തടിച്ച് കൊഴുത്ത കുഞ്ഞുങ്ങളെ  തെരഞ്ഞെടുത്ത് പരസ്യ കമ്പനിക്കാർ ബേബീ ഫുഡ് വ്യാപാരികൾക്ക് വേണ്ടി  പരസ്യം തയാറാക്കി  ദൃശ്യ മാധ്യമങ്ങളിലൂടെ  പ്രദർശിപ്പിക്കുന്നു. ടിന്നിലടച്ച  അവരുടെ പൊടിയോ കുറുക്കോ  ആ കുട്ടിക്ക്   അമ്മ  കോരിക്കൊടുക്കുന്ന  ചിത്രമായിരിക്കും സാധാരണ പ്രദർശിപ്പിക്കുക. കുഞ്ഞിന്റെ ആസ്വദിച്ചുള്ള  കഴിപ്പും മുരളലും ചിണുങ്ങലും റ്റി.വി.യിൽ  കണ്ട്  ആകർഷിക്കപ്പെട്ട നാട്ടിലെ അമ്മമാർ ആ ബേബി ഫുഡ് വാങ്ങി  “ തിന്നു മോനേ..തിന്ന് കുഞ്ഞേ....“  എന്നും പറഞ്ഞ്  നരുന്ത് പോലിരിക്കുന്ന ആ കുഞ്ഞിന്റെ വായിൽ കുത്തി ചെലുത്താൻ ശ്രമിക്കുമ്പോൾ ഇഷ്ടപ്പെടാത്ത ആഹാരം വായിൽ ചെന്ന   കുഞ്ഞ് അലറി കരഞ്ഞ് ബഹളം  കൂട്ടുകയും പൊടി കഴിക്കാതിരിക്കുകയും ചെയ്തതിൽ   അരിശം മൂത്ത തള്ള  അതിന്റെ തുടയിൽ പൊത്തോ പൊത്തോ എന്ന് വീക്കുന്നിടത്ത് കാര്യങ്ങൾ എത്തി ചേരും .അതോടെ കുഞ്ഞ് കരച്ചിലിന്റെ വോളിയം  വർദ്ധി പ്പിക്കുമ്പോഴാണ് “ എന്തിനാടീ ആ കുഞ്ഞിനെ ഇങ്ങിനെ നീ തല്ലി കൊല്ലുന്നത്“ എന്ന് ചോദിച്ച് കൊണ്ട്  കുഞ്ഞിന്റെ പിതാ ശ്രീയുടെ വരവ് ഉണ്ടാകുന്നത്. റ്റി.വി. കുഞ്ഞിനെ പോലെ തന്റെ കുഞ്ഞ് തുടുത്ത് കൊഴുക്കാത്തതിലെ   എല്ലാ പകയും മനസിൽ വെച്ച് കൊണ്ട്  അയാളുടെ പണി കുറ്റത്താലാണ് ആ  കുഞ്ഞ് മെലിഞ്ഞിരിക്കുന്നതെന്ന  വിചാരത്തോടെ  അയാളുടെ നേരെ കുഞ്ഞിന്റെ അമ്മ ഒരു നോട്ടമുണ്ട്. ഹയ്യോ! ശിവന്റെ മൂന്നാം കണ്ണിനും ഇത്രയും  മൂർച്ച കാണില്ല.
റ്റി.വി.യിലെ പരസ്യങ്ങൾ  എല്ലാം യാത്ഥാർത്ഥ്യങ്ങളായിരുന്നെങ്കിൽ ഈ നാടെന്നേ  രക്ഷപെട്ടേനെ. ഇനിയെങ്കിലും സമൂഹം  ഈ സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.....

Friday, October 19, 2018

ശബരിമല അയ്യപ്പനും കടുക്കാ കഷായവും

ദേവാലയങ്ങൾ  ദൈവാരാധനക്ക് വേണ്ടി മാത്രമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആരാധനയല്ലാതെ  നല്ലതല്ലാത്ത  മറ്റ്  ഉദ്ദേശവുമായി  ദേവാലയത്തിൽ  കടക്കുന്നത്  വിശ്വാസിയുടെ ആരാധനയെ പുശ്ചിക്കുന്നതിനും  അവഹേളിക്കുന്നതിനും തുല്യമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പവിത്രമായി കണക്കാക്കുന്നിടത്ത് ആ സ്ഥലം  പവിത്രമായി കാണാത്തവർ  കടന്ന് വരേണ്ട  ആവശ്യമെന്ത്?
ചേർത്തല സ്വദേശി  ലിബി എന്ന സ്ത്രീ  അനേകായിരങ്ങൾ ആരാധനാ മൂർത്തിയായി കാണൂന്ന ശ്രീ  അയ്യപ്പനെയും അവിടത്തെ വിശ്വാസത്തെയും  പുശ്ചിച്ചും അപഹസിച്ചും ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടതിന് ശേഷം ഏത് വിധിയുടെ അടിസ്ഥാനത്തിലായാലും  അവിടെ പ്രവേശിക്കണമെന്ന് ശാഠ്യം പിടിക്കുന്നത്  വിരോധാഭാസം തന്നെയാണ്.
വിധി നടപ്പിലാക്കേണ്ടത്  സർക്കാരിന്റെ ചുമതലയാണ്. അത് അവർ വേണ്ട വിധത്തിൽ നിർവഹിച്ച് കൊള്ളൂം. അവിടെ  സ്വന്തമായി വിധി നടപ്പിലാക്കാൻ ഒരു വ്യക്തി  ഇറങ്ങി തിരിച്ചാൽ അത് കലാപത്തിന് കാരണമാവുകയേ ഉള്ളൂ.
എങ്കിൽ പിന്നെ പോലീസിന്റെയും സർക്കാരിന്റെയും ആവശ്യമില്ലല്ലോ.
മുകളിൽ പരാമർശിക്കപ്പെട്ട സ്ത്രീ  താൻ നിരീശ്വര വാദിയാണ് എന്ന് പരസ്യപ്പെടുത്തിയതിന് ശേഷം അയ്യപ്പ ദർശനത്തിന്  ഇറങ്ങി തിരിച്ചെങ്കിൽ അത് കലാപത്തിനല്ലാതെ മറ്റെന്തിനാണ്.
 അതിന് മുമ്പ് ആ സ്ത്രീ

“ യുവതികളായ സ്ത്രീകളെ കാണുന്ന മാത്രയിൽ അയ്യപ്പന്  കണ്ട്രോൾ പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ  കടുക്കാ കഷായം ഫലപ്രദമാണെന്നും അത് മൂന്ന് നേരം നിവേദ്യത്തിലും അരവണയിലും നിശ്ചിതമായ അളവിൽ ചേർത്താൽ മതി“
 എന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.  ഇത്രയും അയ്യപ്പനെ ആക്ഷേപിക്കുകയും  താൻ ദൈവ വിശ്വാസിയല്ലെന്നും പ്രഖ്യാപിക്കുകയും   “മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ“ എന്ന മുദ്രവാക്യവുമായി ജീവിക്കുകയും ചെയ്തിട്ട്  ശബരിമലയിൽ കയറണം  എന്ന് പറയുന്നത്  മറ്റെന്തോ ഗൂഡ ലക്ഷ്യത്താൽ മാത്രമാണ്.  അതിന്  എന്ത് ന്യായീകരണം പറഞ്ഞാലും  അത് ശരിയാവില്ല.
  അവർ നിരീശ്വര വാദി ആയിരിക്കുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്  അവർക്ക് ഇന്ത്യൻ ഭരണ ഘടന നൽകിയ    അവ കാശത്തിന്മേലാണ്. അതെ ഭരണഘടന  ഒരു വിശ്വാസിക്ക് അവന്റെ വിശ്വാസ സ്വാതന്ത്രിയത്തിനും പരിരക്ഷ നൽകുന്നുണ്ട്.
ദേവാലയം  ആരാധനക്ക് വേണ്ടിയാണ്  മറ്റൊന്നിനുമല്ല.

Tuesday, October 16, 2018

മദ്യ വിപത്ത്.

എറുണാകുളത്ത് നിന്നും വീട്ടിലേക്ക് എം.സി. റോഡ് വഴി  കാറിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ.  തിരക്കുള്ള ഒരു പട്ടണത്തിന്റെ  കവലയിൽ  ഡ്രൈവർ     സിഗ്നൽ കാത്ത് വാഹനം നിർത്തിയപ്പോൾ  പുറത്തേക്ക് വെറുതെ നോക്കിയിരിക്കുകയായിരുന്നു.   അപ്പോൾ അവിടെ എത്തി ചേർന്ന ലോട്ടറിക്കാരൻ ചെറുപ്പക്കാരൻ എന്നോട്  ചോദിച്ചു,  “സർ, നാളത്തെ  ലോട്ടറിയാണ്  ഒരു ടിക്കറ്റ് തരട്ടെ“?.
ഞാൻ അയാളെ നോക്കി. അയാൾ എന്നെയും.  പരസ്പരം കണ്ട ഞങ്ങൾ രണ്ട് പേരും ഞെട്ടി. വല്ലാത്ത ഒരു ജാള്യത അയാളുടെ മുഖത്ത് പരന്നു.  അയാളെ ഈ അവസ്തയിൽ കണ്ട ഞാനും വല്ലാതായി.  ലോട്ടറി കച്ചവടം  മോശമാണെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്. പക്ഷേ ആ ചെറുപ്പക്കാരൻ എന്റെ നാട്ടിൽ ഒരു രാജകുമാരനെ പോലെ കഴിഞ്ഞ് വന്നവനായിരുന്നു. അയാൾ ഒരിക്കലും ഈ  സ്ഥിതിയിൽ ആകാൻ പാടില്ലായിരുന്നു. സമ്പന്നമായ ജീവിതം നയിച്ച നഗരത്തിലെ വ്യാപാരി ആയിരുന്ന പിതാവ് ശരിക്കും കടക്കാരനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആകസ്മിക മരണത്തിന് ശേഷമാണ്  ജനങ്ങൾ തിരിച്ചറിഞ്ഞത്. പക്ഷേ ആ മകൻ കഠിനാധ്വാനം ചെയ്തും പലത് വിറ്റും  ഒരു വിധം കടങ്ങൾ വീട്ടി. ഇതിനിടയിൽ എങ്ങിനെയോ അയാൾ മദ്യത്തിന് അടിമയായി. നിരന്തരമുള്ള മദ്യപാനം അയാളെ നശിപ്പിച്ച് കൊണ്ടിരുന്നു. ആരുടെ  ഉദ്ബോദനവും അയാളെ തിരുത്തിയില്ല. ചെയ്തു കൊണ്ടിരുന്ന വ്യാപാരം തകർന്നു. കയ്യിൽ കാശില്ലാതെ വന്നപ്പോൾ കടം വാങ്ങി മദ്യപിച്ചു. അവസാനം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ  കൊടും പട്ടിണിയിലായ അയാളെ  പിന്നെ കാണാതായി.  പിന്നെ ഇപ്പോഴാണ് അയാളെ ഞാൻ  കാണുന്നത്.അയാളുടെ ചെറുപ്പം മുതൽ എല്ലാ അവസ്തയും അറിയാവുന്ന എന്നോട് അയാൾക്ക് അതിയായ സ്നേഹവും ബഹുമാനവും  ഉണ്ടായിരുന്നു.
സിഗ്നൽ  കിട്ടിയപ്പോൾ വണ്ടി പെട്ടെന്ന് മുമ്പോട്ട് എടുത്തതിനാൽ ഒന്നും അയാളോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മദ്യം നശിപ്പിച്ച ഒരു ജീവിതം.  ഒരു പക്ഷേ ഇപ്പോൾ അയാൾ മദ്യപാനം നിർത്തി കാണുമായിരിക്കും. എങ്കിൽ എത്രയോ നല്ലത്.
പുതുതായി  അനുവാദം കൊടുക്കാൻ തീരുമാനിച്ചുവെങ്കിലും  തുടർ ചിന്തയിൽ   ബ്രൂവറികളുടെ  പ്രവർത്തനം തടഞ്ഞ സർക്കാരിന്റെ  നടപടി എതയോ നല്ലതാണ്.
ഒരു ഉദ്ബോധനവും മദ്യപാന ശീലത്തെ  നിരുൽസാഹപ്പെടുത്തിയതായി ചരിത്രമില്ല.  സമൂഹത്തിന്  എന്നും ദുരിതം നൽകിയിട്ടുള്ള മദ്യം  ഉൾപ്പാദനം തടയുന്നത് എത്രയോ ശ്രേഷ്ടമാണ്.