Tuesday, October 16, 2018

മദ്യ വിപത്ത്.

എറുണാകുളത്ത് നിന്നും വീട്ടിലേക്ക് എം.സി. റോഡ് വഴി  കാറിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ.  തിരക്കുള്ള ഒരു പട്ടണത്തിന്റെ  കവലയിൽ  ഡ്രൈവർ     സിഗ്നൽ കാത്ത് വാഹനം നിർത്തിയപ്പോൾ  പുറത്തേക്ക് വെറുതെ നോക്കിയിരിക്കുകയായിരുന്നു.   അപ്പോൾ അവിടെ എത്തി ചേർന്ന ലോട്ടറിക്കാരൻ ചെറുപ്പക്കാരൻ എന്നോട്  ചോദിച്ചു,  “സർ, നാളത്തെ  ലോട്ടറിയാണ്  ഒരു ടിക്കറ്റ് തരട്ടെ“?.
ഞാൻ അയാളെ നോക്കി. അയാൾ എന്നെയും.  പരസ്പരം കണ്ട ഞങ്ങൾ രണ്ട് പേരും ഞെട്ടി. വല്ലാത്ത ഒരു ജാള്യത അയാളുടെ മുഖത്ത് പരന്നു.  അയാളെ ഈ അവസ്തയിൽ കണ്ട ഞാനും വല്ലാതായി.  ലോട്ടറി കച്ചവടം  മോശമാണെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്. പക്ഷേ ആ ചെറുപ്പക്കാരൻ എന്റെ നാട്ടിൽ ഒരു രാജകുമാരനെ പോലെ കഴിഞ്ഞ് വന്നവനായിരുന്നു. അയാൾ ഒരിക്കലും ഈ  സ്ഥിതിയിൽ ആകാൻ പാടില്ലായിരുന്നു. സമ്പന്നമായ ജീവിതം നയിച്ച നഗരത്തിലെ വ്യാപാരി ആയിരുന്ന പിതാവ് ശരിക്കും കടക്കാരനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആകസ്മിക മരണത്തിന് ശേഷമാണ്  ജനങ്ങൾ തിരിച്ചറിഞ്ഞത്. പക്ഷേ ആ മകൻ കഠിനാധ്വാനം ചെയ്തും പലത് വിറ്റും  ഒരു വിധം കടങ്ങൾ വീട്ടി. ഇതിനിടയിൽ എങ്ങിനെയോ അയാൾ മദ്യത്തിന് അടിമയായി. നിരന്തരമുള്ള മദ്യപാനം അയാളെ നശിപ്പിച്ച് കൊണ്ടിരുന്നു. ആരുടെ  ഉദ്ബോദനവും അയാളെ തിരുത്തിയില്ല. ചെയ്തു കൊണ്ടിരുന്ന വ്യാപാരം തകർന്നു. കയ്യിൽ കാശില്ലാതെ വന്നപ്പോൾ കടം വാങ്ങി മദ്യപിച്ചു. അവസാനം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ  കൊടും പട്ടിണിയിലായ അയാളെ  പിന്നെ കാണാതായി.  പിന്നെ ഇപ്പോഴാണ് അയാളെ ഞാൻ  കാണുന്നത്.അയാളുടെ ചെറുപ്പം മുതൽ എല്ലാ അവസ്തയും അറിയാവുന്ന എന്നോട് അയാൾക്ക് അതിയായ സ്നേഹവും ബഹുമാനവും  ഉണ്ടായിരുന്നു.
സിഗ്നൽ  കിട്ടിയപ്പോൾ വണ്ടി പെട്ടെന്ന് മുമ്പോട്ട് എടുത്തതിനാൽ ഒന്നും അയാളോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മദ്യം നശിപ്പിച്ച ഒരു ജീവിതം.  ഒരു പക്ഷേ ഇപ്പോൾ അയാൾ മദ്യപാനം നിർത്തി കാണുമായിരിക്കും. എങ്കിൽ എത്രയോ നല്ലത്.
പുതുതായി  അനുവാദം കൊടുക്കാൻ തീരുമാനിച്ചുവെങ്കിലും  തുടർ ചിന്തയിൽ   ബ്രൂവറികളുടെ  പ്രവർത്തനം തടഞ്ഞ സർക്കാരിന്റെ  നടപടി എതയോ നല്ലതാണ്.
ഒരു ഉദ്ബോധനവും മദ്യപാന ശീലത്തെ  നിരുൽസാഹപ്പെടുത്തിയതായി ചരിത്രമില്ല.  സമൂഹത്തിന്  എന്നും ദുരിതം നൽകിയിട്ടുള്ള മദ്യം  ഉൾപ്പാദനം തടയുന്നത് എത്രയോ ശ്രേഷ്ടമാണ്.

2 comments:

  1. "സമൂഹത്തിന് എന്നും ദുരിതം നൽകിയിട്ടുള്ള മദ്യം ഉൾപ്പാദനം തടയുന്നത് എത്രയോ ശ്രേഷ്ടമാണ്"

    സത്യം തന്നെ. പക്ഷേ, ചെയ്യില്ലല്ലോ

    ReplyDelete
  2. മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് (ഇതെല്ലാം മറ്റുള്ളവർക്ക്, നമുക്ക് ഇതൊന്നും ബാധകമല്ല.

    ReplyDelete