Tuesday, December 31, 2013

പ്രണയ ലേഖനം എങ്ങിനെ എഴുതണം....

പ്രിയതമാ  പ്രിയതമാ പ്രണയ ലേഖനം
എങ്ങിനെ  എഴുതേണം
മുനികുമാരികയല്ലോ  ഞാനൊരു
മുനികുമാരികയല്ലോ.
ഈ  പഴയ ഗാനം  കഴിഞ്ഞ ദിവസം ചാനൽ  പ്രോഗ്രാമിലൂടെ  ഒരു പെൺകുട്ടി  പാടുന്നത്  കേൾക്കുകയുണ്ടായി.
ശരിയാണ് ഒരു കാലത്ത് പ്രണയലേഖനമെഴുത്ത്  അന്നത്തെ യുവതക്കൊരു സങ്കീർണ വിഷയമായിരുന്നു. ഇഷ്ടപ്പെട്ടവർക്ക്  കത്തെഴുതാൻ  തുടങ്ങുമ്പോൾ  ആദ്യ ശങ്ക ഇതാണ്  എങ്ങിനെയാണ് അവളെ/അവനെ സംബോധന  ചെയ്യേണ്ടത്.
പ്രാണപ്രിയാ/ഇണക്കുയിലേ/മണിക്കുയിലേ/എന്റെ പ്രാണപ്രേയസീ/പ്രാണനാഥാ/  ഈ  തരത്തിൽ  ഒരെണ്ണം  തരപ്പെടുത്തി കഴിഞ്ഞാൽ അതിനെ  തുടർന്ന്  അന്നത്തെ സ്ഥിരം  നമ്പറുകൾ  കത്തിൽ  കുത്തി തിരുകും."നീയില്ലാത്ത/അങ്ങില്ലാത്ത  ജീവിതം ഹാ!! ഹൂ!! ശൂന്യം  നിശ്ചലം. അത്  നക്ഷത്രങ്ങൾ ഇല്ലാത്ത  ആകാശം  പോലെയാണ്,  ചമ്മന്തി  ഇല്ലാത്ത ദോശ  പോലെയാണ്, പഞ്ചസാര ഇല്ലാത്ത ചായപോലെയും  ഉപ്പില്ലാത്ത  കറി  പോലെയുമാണ്  എന്നൊക്കെ  തരാതരം  കാച്ചിക്കഴിഞ്ഞതിന്  ശേഷം  സമകാലിക  വിഷയങ്ങൾ  കടത്തി വിടും. ഇന്നലെ  കവലയിൽ ബസ് കാത്ത് നിന്നപ്പോൾ   എന്നെ കണ്ടിട്ടും   എന്തേ  മിണ്ടിയില്ലാ,  എന്ന് പരിഭവം  പറഞ്ഞും  അഥവാ  കഴിഞ്ഞ കത്ത് അമ്മ  പുസ്തകത്തിനുള്ളിൽ  നിന്ന്  കണ്ട് പിടിച്ചതും  എന്തിരവളേ!  മൂധേവീ!  നിന്റഛൻ  ഇങ്ങ് വന്നോട്ടേ  കാണിച്ച് തരാം  എന്നൊക്കെ  ഹാലിളകിയതും  അത്   കൊണ്ട്  ഇനി  കത്തിന് മറുപടി  താമസിച്ചാൽ  വിഷമിക്കരുതെന്നും  എന്നൊക്കെ  ആയിരിക്കും   കുത്തിക്കുറിക്കുക. വിദ്യാഭ്യാസ കാലത്താണെങ്കിൽ "മാവിൻ  ചുവട്ടിൽ വെച്ച്  അങ്ങ്  എന്റെ കയ്യിലണിയിച്ച കരിവള  ഉടഞ്ഞ്  പോയെങ്കിലും എന്റെ ഹൃദയത്തിലണിയിച്ച കരിവള  ഒരിക്കലും  ഉടയില്ലാ" എന്ന രീതിയിലുള്ള  വാചകങ്ങൾ   ആയിരിക്കും തട്ടി വിടുക. ചിലപ്പോൾ  അന്ന് പ്രചാരത്തിലുള്ള സിനിമാഗാനങ്ങളിലെ  രണ്ട് വരി സന്ദർഭാനുസരണം  അനുബന്ധമായി  ചേർക്കുമായിരുന്നു
ഹൃദയ സരസ്സിലേ  പ്രണയ പുഷ്പമേ
ഇനിയും  നിൻ  കഥ  പറയൂ /  എന്ന  മട്ടിലോ

എൻ  പ്രാണ നായകനെ  എന്ത് വിളിക്കും
എങ്ങിനെ  ഞാൻ നാവെടുത്ത്  പേര് വിളിക്കും/
 
എന്ന  രീതിയിലോ  വെച്ച്   കാച്ചുമായിരുന്നു.  കത്ത് അവസാനിക്കുന്നത്  ആയിരം  ചുംബനങ്ങളോടെ  എന്നോ  വെറും  സിംഗിൾ  ചുംബനത്തോടെയെന്നോ  ആകാം
എഴുതി  പൂർത്തിയാക്കി പുസ്തകത്തിനുള്ളിൽ വെച്ചോ  അല്ലെങ്കിൽ  നടന്ന് വരുന്ന  വഴിയിൽ  ഇട്ട് കൊടുത്തോ   അയൽ വീട്ടിലാണ് സ്നേഹഭാജനമെങ്കിൽ  എറിഞ്ഞ്  കൊടുക്കേണ്ട സൗകര്യത്തിനായി  കത്തിനുള്ളിൽ ഭാരത്തിനായി  ചെറിയ  കല്ല്  ഫിറ്റ്  ചെയ്ത്  സാധനം വിക്ഷേപിക്കുകയോ  ചെയ്യും (സാധനം നമ്മുടെ റോക്കറ്റ് വിക്ഷേപണം  പോലെ  ലക്ഷ്യം  തെറ്റി അമ്മയുടെയോ  അഛന്റെയോ മുമ്പിൽ വീണാൽ  രണ്ട് വീടുകളിൽ  നിന്നും  തീപ്പൊരി  പറക്കുമെന്ന്  ഉറപ്പ്)
 കത്ത് അയച്ച് കഴിഞ്ഞാൽ  പിന്നെ  മറുപടിക്കായി  കാത്തിരിപ്പാണ്.   കത്ത് വിക്ഷേപണവും ആ  കാത്തിരിപ്പും  സുഖകരമായ ഒരു  ഇടപാട്  തന്നെയായിരുന്നു. നാലു ചുറ്റും  പരതി നോക്കി  ആരും  കാണാതെ   കത്ത് തന്റെ കക്ഷിക്ക് എത്തിച്ച് കൊടുക്കലും  മറ്റും ഒരു  ത്രിൽ  ആയി  കണക്കാക്കിയിരുന്നതിനാൽ  യുവതക്ക്   വേണ്ടിയിരുന്ന  സാഹസികതയുടെ സുഖവും  അവർ  അനുഭവിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക്  മുമ്പ് പഴയ ഡയറികളിലൂടെ ഊളിയിട്ടപ്പോൾ  വിദ്യാഭ്യാസ  കാലഘട്ടത്തിൽ ലഭിച്ചതും  അന്ന് അമൂല്യമെന്ന് കരുതിയിരുന്നതുമായ  ഒരു  കത്ത് കണ്ണിൽ പെട്ടു. മിണ്ടാ പൂച്ച എന്ന പേരിൽ ക്ലാസ്സിൽ അറിയിപ്പെട്ടിരുന്ന  ഒരു  കുട്ടിയിൽ  നിന്നും ആദ്യത്തേതും  അവസാനത്തേതുമായി  ലഭിച്ച ആ കത്ത്.  വെപ്രാളത്തോടെ ആ കുട്ടി തന്നപ്പോൾ ആ കൈകൾ  വിറച്ചിരുന്നു  എന്ന്  ഇന്നും  എനിക്കോർമ്മയുണ്ട്. സ്വർഗം കിട്ടിയ  പ്രതീതിയായിരുന്നു അന്നെനിക്ക്.  ആ  കത്ത് തരാൻ അവൾക്കുണ്ടായ  പ്രചോദനം എന്തായിരുന്നു  എന്ന് എനിക്കിപ്പോഴും  അറിയില്ല. ആ കത്ത് ഇപ്പോൾ കണ്ണിൽ  പെട്ടപ്പോൾ നിമിഷ  നേരത്തിനുള്ളിൽ  തിരശ്ശീലയിലെന്ന വണ്ണം  മനസിനുള്ളിൽ ആ കുട്ടി തെളിഞ്ഞ് വന്നു. മധുരിക്കുന്നോർമ്മകൾ  ഒരു കുളിർകാറ്റായി  എന്നെ തഴുകിയപ്പോൾ  കാലപ്പഴക്കത്തിനാൽ  അക്ഷരങ്ങൾ മാഞ്ഞ് പോയ  ആ കത്ത് വായിക്കാൻ  വൃഥാ ഞാനൊരു ശ്രമം  നടത്തിയെങ്കിലും  ചില  വാക്കുകൾ  മാത്രമേ  തിരിച്ചറിയാൻ  കഴിഞ്ഞുള്ളൂ. പക്ഷേ  അതിലെ  വാക്കുകൾ എനിക്ക്   ഒരു കാലത്ത് ഹൃദിസ്തമായിരുന്നല്ലോ.സുഗന്ധം നിറഞ്ഞ് പരിലസിച്ചിരുന്ന പനിനീർ പുഷ്പം  പോലെ ഒരു കാലത്ത് ഈ കത്ത് എനിക്കനുഭവപ്പെട്ടിരുന്നു.ഇപ്പോൾ  കയ്യിലെടുത്തപ്പോൾ  പൊടിഞ്ഞ് പോകുന്ന ഈ കടലാസ്സ് തുണ്ടുകൾ  ജീവിതത്തിലെ വിലപ്പെട്ട  നിധിയായി  കരുതിയിരുന്ന  ആ നാളുകൾ  എന്നെന്നേക്കുമായി  കടന്ന്  പോയല്ലോ. ഈ കത്തെഴുതിയവൾ  ഭൂമിയിലെവിടെയോ അമ്മയായി  അമ്മൂമ്മയായി  കഴിയുന്നുണ്ടായിരിക്കാം;  മരിച്ചിരിക്കാം.  കൗമാരത്തിൽ  താനെഴുതിയ കത്ത്  ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്  അവൾ  ഒരിക്കലും അറിയില്ല. സുഗന്ധം  നഷ്ടപ്പെട്ട്  ഇതളുകൾ കരിഞ്ഞ്  കാണപ്പെടുന്ന  ഒരു കാലത്തെ ഈ പനിനീർ പുഷ്പം  എന്നിൽ  എന്തെന്നില്ലാത്ത അനുഭൂതികൾ സൃഷ്ടിക്കുന്നു.
പ്രണയം അന്ന് ദിവ്യമായിരുന്നു,  ദൂരെ  ദൂരെ  നിന്നും ഒഴുകിയെത്തുന്ന  വിഷാദ രാഗം  പോലെ അത് മനസിന്റെ ഉള്ളറകളെ തൊട്ട് തഴുകിയിരുന്നു. ആ കാലവും  അന്നത്തെ മനുഷ്യരും  മാറിക്കഴിഞ്ഞു.  അന്നത്തെ  പ്രിയതമനും  പ്രാണപ്രേയസിയും  ഔട്ട് ഓഫ് ഫാഷനായി.

ഡാ.....ഇന്നലെ  നീ എവിടെയായിരുന്നെടാ......എന്ന് ഇന്നത്തെ കാമുകിക്ക്  ചോദിക്കുവാൻ അവൾക്ക്  പരിഭ്രമത്തോടെ നാല് ചുറ്റും  നോക്കേണ്ട  ആവശ്യമില്ലല്ലോ. അവൾക്ക് അവനെ ഇപ്പോഴും എപ്പോഴും  എവിടെയും വെച്ച് സംഗമിക്കാം. കത്തെഴുതേണ്ട കാര്യമേ  ഇല്ലാ,  എന്തിന് കത്തെഴുതണം? ദിവസം പത്ത് നേരം മൊബൈലിലൂടെ അവൾക്ക്/അവന് കൊഞ്ചാം  കുഴയാം.രാത്രി  നെറ്റിലൂടെ ചാറ്റാം, അൽപ്പം  റിസ്ക്  എടുത്താൽ  മമ്മിയും  ഡാഡിയും വാൽസല്യത്തിലൂടെ ഫിറ്റ് ചെയ്ത് തന്ന   വെബ്ക്യാം വഴി കമിതാവിനെ നേരിൽ കണ്ട് സംസാരിക്കാം.
 ദിവ്യാനുരാഗവും  ഹൃദയം നിറഞ്ഞ പ്രണയവും മൗന രാഗവും എല്ലാം  നമുക്ക് പഴയ പുസ്തക  താളുകളിലോ ബ്ലാക്ക്  ആന്റ്  വൈറ്റ് സിനിമയിലോ കണ്ട്  ബോറടിക്കാം.

ദാ  കേൾക്കുന്നു  റ്റി.വിയിൽ പാട്ട്..."  ഇഷ്ടമില്ലഡാ.....എനിക്കിഷ്ടമില്ലടാ.....

Sunday, December 29, 2013

മൂത്രം ഒഴിപ്പും പരസ്യവും



              സഫാ രണ്ടര വയസ്സ്.
 അവൾ മൂത്രം  ഒഴിക്കുമ്പോൾ വേദനയും  ചെറിയ പനിയും  കണ്ടതിനെ തുടർന്ന്  ഡോക്ടറുടെ നിർദ്ദേശ പ്രകാരം മൂത്ര പരിശോധന നടത്തിയപ്പോൾ മൂത്രത്തിൽ 8.5 പസ് സെൽസ്  കാണപ്പെട്ടു. അണു ബാധയെന്ന് നിഗമനത്തിലെത്തിയ ഡോക്ടർ കുട്ടിക്ക് Diaper (മലമൂത്ര വിസർജനം നടത്തുമ്പോൾ  ശരീരത്തിലും വസ്ത്രത്തിലും പുരളാതിരിക്കാൻ ഉപയോഗിക്കുന്ന  കോട്ടൻ തുണി. അത് പല കമ്പനികളും റ്റി.വി.യിൽ വമ്പൻ പരസ്യം ചെയ്ത് വിറ്റഴിക്കുന്നുണ്ട്.) ഉപയോഗിക്കുന്നുണ്ടോ എന്ന്  ആരാഞ്ഞു.

 “ഉണ്ടോ എന്നോ”  റ്റി.വിയിലെ പരസ്യമാണ് ഇപ്പോൾ  വീടുകളിലെ  പർച്ചൈസിംഗിന്റെ ആധാര രേഖയെന്ന്  ഡോക്ടർക്ക് അറിയില്ലേ? പരസ്യം പറയുന്നതാണ് വേദവാക്യം".എന്ന്  ഞാൻ  മറുപടി പറഞ്ഞു.
 തുടർച്ചയായി മണിക്കൂറുകൾ ഈ സാധനം ഉപയോഗിച്ചാലും അതാത് സമയം വൃത്തിയാക്കിയില്ലെങ്കിലും  ചില കുട്ടികൾക്ക് അണുബാധയുണ്ടാകാം എന്ന്  ഡോക്റ്റർ അഭിപ്രായപ്പെട്ടു എങ്കിലും എന്റെ നല്ലപകുതിക്ക് അതത്രക്ക് അങ്ങ് ദഹിച്ചില്ല. 

“പിന്നേയ് ഈ ലോകത്ത് എത്ര പേർ അത് ഉപയോഗിക്കുന്നു, നമുക്ക് മാത്രമെന്താ പ്രത്യേകത.”അവളുടെ കമന്റ് അതായിരുന്നു.

 സുന്ദരിയായ ഒരു യുവതി  ഓമനത്തമുള്ള ഒരു കുട്ടിയെ ഈ സാധനം കെട്ടി ഏതോ വലിയ വൃത്തികേടിൽനിന്നും അവർ രക്ഷപെട്ടു എന്ന രീതിയിൽ  പ്രദർശിപ്പിക്കുന്ന പരസ്യം  പല കമ്പനികളുടേതും  ഞാൻ പലപ്പോഴും കണ്ടതാണല്ലോ. അനുകരണ ഭ്രാന്ത് തലക്ക് പിടിച്ച വീട്ടമ്മമാർ റ്റിവിയിൽ കാണുന്ന പരസ്യമെല്ലാം  അനുകരിക്കാൺ ശ്രമിക്കും. സഫാ രാത്രി കിടക്കാൻ പോകുമ്പോൾ ഈ സാധനം അവളുടെ ഉമ്മ ധരിപ്പിക്കാറുണ്ട്. രാത്രി ഒൻപത് മണിമുതൽ രാവിലെ എട്ട് മണിവരെ ഇതും ധരിച്ച് അവൾ ഉറങ്ങുന്നു.രാവിലെ അത് അഴിച്ച് മാറ്റുമെങ്കിലും പിന്നീട് പുറത്തേക്ക്  എവിടെയെങ്കിലും യാത്ര പോകുമ്പോഴും അത് വൃത്തിയാക്കി കുഞ്ഞിനെ ധരിപ്പിച്ച് അതിന് മുകളിൽ മറ്റ് വസ്ത്രങ്ങളും അണിയിപ്പിച്ച്. കുടെ കൊണ്ട് പോകുന്നു.  കുഞ്ഞ് രാത്രിയിൽ  ഉറക്കത്തിൽ മൂത്രമൊഴിച്ച് കിടക്ക നനക്കാതിരിക്കാനാണ് രാത്രിയിൽ  അത് ധരിപ്പിക്കുന്നത്.യാത്ര പോകുമ്പോൾ കുഞ്ഞ് അൽപ്പം മൂത്രം ഒഴിച്ച് പോയാൽ  അതൊരു വലിയ ദുരന്തമാണെന്ന ചിന്താഗതിയാലാണ്   യാത്രയിൽ അത് ഫിറ്റ് ചെയ്യുന്നത്. അമ്മമാർ രാത്രിയിൽ കുഞ്ഞിനെ എടുത്ത് മൂത്രമൊഴിപ്പിച്ചാൽ രാത്രി കിടക്ക നനക്കുന്നതിൽ നിന്നും രക്ഷ നേടാം.  പക്ഷേ അതിനൊരു പരിഷ്കാര സ്വഭാവം ഇല്ല. എന്റെ കുഞ്ഞിനും റ്റി.വി.യിൽ കണ്ട മറ്റേത് കെട്ടിയില്ലെങ്കിൽ ഞാൻ പട്ടിക്കാട്ട്കാരി ആയി പോകില്ലേ!?എന്ന  ചിന്തയാണല്ലോ  അവരെ ഭരിക്കുന്നത്.

  "നിന്റെ ചെറുപ്പത്തിൽ നിന്റെ അമ്മ  നിനക്ക് ഈ സാധനം കെട്ടി വെച്ചായിരുന്നോ  എല്ലായിടത്തും കൊണ്ട് പോയിരുന്നത്." എന്ന്  ഞാൻ  ഭാര്യയോട് ചോദിച്ചപ്പോൾ 

"അന്ന് നിങ്ങൾ പേനാ കൊണ്ട് കുത്തിക്കുറിച്ച് കാമുകിമാർക്ക് കത്ത് പോസ്റ്റാഫീസ് വഴി അയച്ചിരുന്നു, ഇന്നത്തെ ചെറുപ്പക്കാർ കാമുകിമാരുമായി ചാറ്റുകയോ ഫോൺ ചെയ്യുകയോ ചെയ്യുന്നു,  അത്രയേ ഉള്ളൂ ഇതിന്റെയും വ്യത്യസം."  അവളുടെ മറുപടി പെട്ടെന്നായിരുന്നു. 

എവളുമാരുടെയൊന്നും തലയിൽ നല്ല കാര്യങ്ങൾ  കയറുകയില്ല  എന്ന് സ്വയം സമാധാനിച്ച ഞാൻ എന്റെ  ബാല്യകാലത്ത് രാത്രി ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നതിനെ പറ്റി അവളോട് പറഞ്ഞു. പതിനഞ്ച് വയസ് വരെ  ഞാൻ  ഉറക്കത്തിൽ മൂത്രം ഒഴിച്ചിരുന്നു.നേരം വെളുക്കുമ്പോൾ ഉമ്മായുടെ അടിയും ശകാരവും ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നു.അവസാനം വീട്ടിലുള്ളവർ ആരുടെയോ ഉപദേശാനുസരണം കിടന്ന് മുള്ളിയ പായും തലയിണയും രാവിലെ എന്റെ തലയിൽ ചുരുട്ടി വെച്ച് വീടിന് നാലു ചുറ്റും വലത്ത് വെയ്പീക്കുന്ന ശിക്ഷ നടപ്പിൽ വരുത്തി.  ആ കാഴ്ച കാണുന്ന അയല്പക്കത്തെ കുട്ടികൾ കിടന്ന് മുള്ളീ  എന്ന് ഉച്ചത്തിൽ കൂകി വിളിക്കുന്ന അവസ്തയിലേക്ക് കാര്യം നീങ്ങിയതിനെ തുടർന്ന് ഞാൻ ഉറക്കത്തിൽ മൂത്രം ഒഴിപ്പ്അവസാനിപ്പിച്ചു.  എന്നാലും അതൊരു രസമുള്ള ഏർപ്പാടായിരുന്നു,  ആ മൂത്രം ഒഴിപ്പും അടിയും ശകാരവും പായ തലയിൽ വെയ്പ്പുമെല്ലാം….ഞാൻ പറഞ്ഞ് നിർത്തി. 

 "എന്താ ഇപ്പോൾ ഉറക്കത്തിൽ കിടന്ന് മുള്ളാൻ  തോന്നുന്നോ?" ഭാര്യയുടെ മുന വെച്ച പരിഹാസത്തിന് അതിനും  ഇന്നത്തെ കുഞ്ഞുങ്ങൾക്ക് ഭാഗ്യമില്ലല്ലോടീ. എന്ന് മറുപടി പറയുമ്പോഴും വായു കടക്കാത്ത വിധം വലിഞ്ഞ് മുറുക്കിയ കമ്പനി സാധനങ്ങൾ മണിക്കൂറുകൾ  ധരിച്ച കുഞ്ഞുങ്ങളുടെ യാതനയായിരുന്നു  എന്റെ മനസ്സിൽ. 

ഇതെല്ലാമാണെങ്കിൽ തന്നെയും മൂത്രമൊഴിക്കുമെന്ന് ഭയന്ന് കുഞ്ഞുങ്ങളെ പൊതിഞ്ഞ് കെട്ടുന്ന ഈ ഏർപ്പാട് സഫാക്ക് നിർത്തിയപ്പോൾ ഒരാഴ്ചക്കുള്ളിൽ അവളുടെ രോഗം  നിശ്ശേഷം  മാറിയെന്ന്  മാത്രമല്ല  സ്വതന്ത്ര  ആയതിന്റെ സുഖം അനുഭവിക്കുമ്പോഴുള്ള സന്തോഷം അവളുടെ മുഖത്ത് പ്രകടമായി ഇപ്പോൾ കാണാൻ  കഴിയുന്നുമുണ്ട് .

Wednesday, December 4, 2013

വിഷം കലക്കുന്നവർ

ആധുനിക ലോകത്തിൽ സോഷ്യൽ നെറ്റ് വർക്കുകളുടെ പ്രസക്തി വളരെ ഏറെയാണ് . കത്തി പഴം മുറിക്കാനുപയോഗിക്കാൻ ഉപകാരപ്പെടുന്നത് പോലെ കഴുത്ത് മുറിക്കാനും അത് ഉപയോഗിക്കപ്പെടുമ്പോൾ ഉപയോഗിക്കുന്നവന്റെ മനസ്ഥിതിക്കനുസൃതമായി കാര്യങ്ങൾ മാറ്റപ്പെടുന്നു.
 ബ്ലോഗുകളും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളും സമൂഹ നന്മക്ക് പ്രയോജനപ്പെടുത്താതെ സമൂഹത്തിൽ കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ  ഉപയോഗപ്പെടുത്തിയാൽ നിയമപരമായി  ആ ശ്രമങ്ങളെ  നേരിടേണ്ടതായും വരുന്നു.
സ്വന്തം മതത്തിന്റെ മേന്മയും അപദാനങ്ങളും അവതരിപ്പിക്കാനും ഇതര മതസ്തർക്ക് ബുദ്ധിമുട്ടില്ലാതെ സ്വന്തം മതം  പ്രചരിപ്പിക്കാനും  ഇന്ത്യയിലെ ഏതൊരു പൗരനും നിയമപരമായി അവകാശമുണ്ട്. പക്ഷേ മനപൂർവമായ ഉദ്ദേശത്തോടെ  സമൂഹത്തിൽ കലഹം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയും കരുതലോടെയും ഇതര മതസ്തർ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദൈവത്തെയും പ്രാവാചകന്മാരെയും മ്ലേഛമായ ഭാഷയിൽ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. അത് മുസ്ലിമായാലും ഹിന്ദു ആയാലും കൃസ്ത്യാനി ആയാലും നിരീശ്വരനും യുക്തിവാദിയും ആയാലും കുറ്റകരമാണ്. മത വിമർശം പാടില്ലാ എന്നല്ലാ ഇവിടെ അർത്ഥമാക്കുന്നത്. തന്റെ വാദഗതികൾ സഭ്യമായ ഭാഷയിൽ ആർക്കും അവതരിപ്പിക്കാം. അതേ ഭാഷയിൽ എതിരാളിക്ക് മറുപടിയും കൊടുക്കാം. മതം ഉണ്ടായ കാലം മുതൽ മതവിമർശവും ഉണ്ട്. തങ്ങളുടെ വാദഗതികൾ അവതരിപ്പിക്കാൻ അഭിപ്രായ സ്വാതന്ത്രിയം ഉള്ളത് പോലെ ഇതരനെ നോവിപ്പിക്കാതിരിക്കാനും മനപൂർവ ഉദ്ദേശത്തോടെ പ്രകോപിപ്പിക്കാതിരിക്കാനും ഇരുകൂട്ടർക്കും  കരുതലും വേണം.
   മത നിലപടുകളെ നഖശിഖാന്തം എതിർക്കുന്ന  ധാരാളം മതവിമർശ പുസ്തകങ്ങൾ പ്രചാരത്തിലുണ്ട്, കൂട്ടത്തിൽ അതിന്റെ മറുപടി പുസ്തകങ്ങളും നിലവിലുണ്ട്.
 ഞാൻ ഇവിടെ ഇത്രയും ആമുഖമായി പറഞ്ഞത് മുസ്ലിംങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്ന പ്രവാചകനെ പറ്റി അവൻ, അയാൾ, തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഇവിടെ എനിക്ക് എടുത്ത് കാണിക്കാൻ  പറ്റാത്ത വിധത്തിലുള്ള ആക്ഷേപങ്ങൾ സഹിതം ജർമനിയിൽ നിന്നും എന്ന് സൂചിപ്പിച്ച് കൊണ്ട്  ഒരു സൈറ്റ് രംഗത്ത് വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്.  സൈറ്റിന്റെ പേരോ മേൽ വിലാസമോ  ഞാൻ ഇവിടെ കുറിക്കാത്തത് മനപൂർവം തന്നെയാണ് )കൃസ്തീയ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും മുസ്ലിം ആശയ സംവാദം എന്ന് സബ് ഹെഡിംഗിൽ ഞാൻ നടേ പറഞ്ഞ പ്രയോഗങ്ങൾ നിരന്തരം അതിൽ വന്ന് കൊണ്ടിരിക്കുന്നു. സത്യ വിരുദ്ധവും മനപ്പൂർവം കെട്ടി ചമച്ചിട്ടുള്ളതും പ്രത്യേക ലക്ഷ്യത്തോടെ രചിച്ചിട്ടുള്ളതുമായ  ഈ വാചക കസർത്തുകൾക്ക് പ്രചാരം ലഭിക്കുന്നതിനും  നാട്ടിൽ പ്രകോപനം സൃഷ്ടിക്കപ്പ്ടുന്ന വഴി അവർ ഉദ്ദേശിക്കുന്ന കുതന്ത്രങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനും വേണ്ടി തയാറാക്കിയ ഈ ജൽപ്പനങ്ങൾ   കൃസ്ത്യൻ നാമധാരികളുടേതായി  കാണിച്ചിരിക്കുന്നുവെങ്കിലും   അതിൽ പറഞ്ഞിരിക്കുന്നവയെല്ലാം ഓറിയന്റിലിസം വന്ന കാലം മുതൽ പുസ്തക രൂപത്തിലും ഇന്റർ നെറ്റ് യുഗത്തിൽ വിവിധ സൈറ്റുകൾ വഴിയും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നവ ആയതിനാൽ  അവയിൽ പുതുമയൊന്നുമില്ല.  കുറച്ച് കാലം മുമ്പ്  പ്രവാചകന്റെ കാർട്ടൂൺ സഹിതം മലയാളം ബ്ലോഗിൽ ഈ വക പദാവലികൾ നിരന്നിരുന്നു. ആ കാലഘട്ടത്തിൽ തന്നെ ആയിരുന്നു കർണാടകത്തിലെ ഒരു ദിനപ്പത്രത്തിൽ പ്രാവചകന്റെ കാർട്ടൂൺ വരുകയും പ്രക്ഷോഭങ്ങൾ ഉയരുകയും ചെയ്തത്. പക്ഷേ മലയാളം ബ്ലോഗിലെ കാർട്ടൂൺ  അന്ന് ആരും  ശ്രദ്ധിക്കുകയോ അഥവാ ശ്രദ്ധിച്ചെങ്കിൽ തന്നെയും കണ്ടില്ലാ എന്ന മട്ടിൽ ഒഴിഞ്ഞ് പോവുകയോ ചെയ്തു. ഇവിടെ മലയാളികൾ സമാധാനം  ആഗ്രഹിക്കുന്നവരും ഈ നാട്ടിൽ  നാനാജാതി മതസ്തർ ഏക സഹോദരങ്ങളെ പോലെ പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിഞ്ഞ് പോകുന്നവരും ആയതിനാൽ  ആ വക പ്രയോഗങ്ങൾ കാണുമ്പോൾ  ഒഴിഞ്ഞ് മാറി നടക്കാൻ ഏത് മതത്തിൽ പെട്ടവർക്കും കഴിഞ്ഞിരുന്നു. മാത്രമല്ല ബ്ലോഗ് അന്ന് സാധാരണക്കാർക്കിടയിൽ പ്രചാരം നേടിയിരുന്നുമില്ല. ഇപ്പോൾ കാണപ്പെട്ട ഈ സംരംഭവവും കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞ് പോകേണ്ടതാണ്. പക്ഷേ ഫെയ്സ് ബുക്ക് പോലുള്ള നവീന മാധ്യമങ്ങളിൽ മുഖം കാണിക്കുന്നത്  നിർബന്ധമാണ് എന്ന അവസ്ഥ കുഗ്രാമങ്ങളിൽ പോലും  സംജാതമായ ഈ കാലത്ത്  എല്ലാ തരത്തിൽ പെട്ട ആൾക്കാരും  ഇന്റർനെറ്റ് ശ്രംഗലയിൽ അൽപ്പ സമയം പ്രതിദിനം ചെലവാക്കുമ്പോൾ  ഈ വക പരാമർശങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും  പലരെയും പ്രകോപിപ്പിക്കുകയും  രചിച്ചവരുടെ ആഗ്രഹത്തിനനുസൃതമായി  അത് കത്തി പടരാൻ ഇടയാകുകയും ചെയ്യുമെന്ന് ഭയന്നതിനാലുമാണ്   ആ വക സരംഭങ്ങളുടെ പുറകിലെ അപകടത്തെ പറ്റി ചൂണ്ടി കാണിക്കാൻ ഇവിടെ ഈ വരികൾ കുത്തിക്കുറിക്കുന്നത്.
ജർമനിയിൽ നിന്നുമാണെന്ന് പറയപ്പെടുന്ന ഈ മലയാള ശ്രമത്തിന്റെ പുറകിൽ സമാധാനം ആഗ്രഹിക്കുന്ന  കൃസ്തീയ സഹോദരങ്ങൾ ആയിരിക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. ഇത് നാട്ടിൽ കലാപം ഉണ്ടാക്കണമെന്നുള്ള മനപൂർവ ഉദ്ദേശത്തോടെ ഏതോ കുബുദ്ധികളുടെ പണി തന്നെയാണ്. അതിനാൽ തന്നെ ഈ വിവരം നാട്ടിലെ നിയമപാലകരെയും സൈബർസെല്ലിലും അറിയിക്കേണ്ടതായി വന്നിരിക്കുന്നു.
അതോടൊപ്പം മുസ്ലിമായാലും ഹിന്ദു ആയാലും കൃസ്ത്യാനി  ആയാലും തങ്ങളുടെ മതത്തെ പറ്റി വാഴ്ത്തി പറയാൻ നിങ്ങൾക്ക് അവകാശമുള്ളതിനോടൊപ്പം ഇതര മതത്തെയോ അതിലെ ആരാധിക്കപ്പെടുന്നതിനെയോ ബഹുമാനിക്കപ്പെടുന്നതിനെയോ സംബന്ധിച്ച് അപമാനിക്കും വിധം സംസാരിക്കാനോ പ്രചാരണം നടത്താനോ ആക്ഷേപിക്കാനോ മുതിരുവാൻ നിങ്ങൾക്ക് ഈ ജനാധിപത്യ മതേതര രാജ്യത്ത് അവകാശമില്ലെന്നും അത് കൊണ്ട് തന്നെ അത്തരം  പ്രവർത്തികൾ കുറ്റകരമാണെന്നും എല്ലാറ്റിലുമുപരി നമ്മുടെ ഈ കൊച്ച് കേരളത്തിൽ നില നിൽക്കുന്ന മത സൗഹാർദ്ദം നഷ്ടപ്പെടുത്താൻ മുതിരുന്ന ആരെയായാലും ഒറ്റക്കെട്ടായി എതിർക്കേണ്ടതാണെന്നും ഓർമ്മിക്കുക.
 അപൂർവമായി കമ്പ്യൂട്ടറും ബ്ലോഗും ഉപയോഗത്തിലിരുന്ന കാലം താണ്ടി  ഇന്റർ നെറ്റ് കുഗ്രാമങ്ങളിൽ പോലും പ്രചാരം സിദ്ധിച്ചിരിക്കുന്ന  ഈ കാലഘട്ടത്തിൽ  ഏത് നിസ്സാര കാര്യങ്ങളും പർവതീകരിക്കാൻ സാദ്ധ്യതയുള്ളതിനാൽ   ഏതെങ്കിലും  മതത്തിൽ പെട്ട ആരാധ്യരെപറ്റി അപമാനിക്കും വിധം പരാമർശങ്ങൾ നെറ്റ് വഴി പ്രചരിക്കപ്പെടുന്നതായി കാണപ്പെട്ടാൽ അവ തടയുന്നതിനായി സൈബർ സെല്ലിൽ വിവരം എത്തിച്ച് കൊടുക്കുന്നത് ഉചിതമായിരിക്കുമെന്നും അറിയുക.