Sunday, December 29, 2013

മൂത്രം ഒഴിപ്പും പരസ്യവും



              സഫാ രണ്ടര വയസ്സ്.
 അവൾ മൂത്രം  ഒഴിക്കുമ്പോൾ വേദനയും  ചെറിയ പനിയും  കണ്ടതിനെ തുടർന്ന്  ഡോക്ടറുടെ നിർദ്ദേശ പ്രകാരം മൂത്ര പരിശോധന നടത്തിയപ്പോൾ മൂത്രത്തിൽ 8.5 പസ് സെൽസ്  കാണപ്പെട്ടു. അണു ബാധയെന്ന് നിഗമനത്തിലെത്തിയ ഡോക്ടർ കുട്ടിക്ക് Diaper (മലമൂത്ര വിസർജനം നടത്തുമ്പോൾ  ശരീരത്തിലും വസ്ത്രത്തിലും പുരളാതിരിക്കാൻ ഉപയോഗിക്കുന്ന  കോട്ടൻ തുണി. അത് പല കമ്പനികളും റ്റി.വി.യിൽ വമ്പൻ പരസ്യം ചെയ്ത് വിറ്റഴിക്കുന്നുണ്ട്.) ഉപയോഗിക്കുന്നുണ്ടോ എന്ന്  ആരാഞ്ഞു.

 “ഉണ്ടോ എന്നോ”  റ്റി.വിയിലെ പരസ്യമാണ് ഇപ്പോൾ  വീടുകളിലെ  പർച്ചൈസിംഗിന്റെ ആധാര രേഖയെന്ന്  ഡോക്ടർക്ക് അറിയില്ലേ? പരസ്യം പറയുന്നതാണ് വേദവാക്യം".എന്ന്  ഞാൻ  മറുപടി പറഞ്ഞു.
 തുടർച്ചയായി മണിക്കൂറുകൾ ഈ സാധനം ഉപയോഗിച്ചാലും അതാത് സമയം വൃത്തിയാക്കിയില്ലെങ്കിലും  ചില കുട്ടികൾക്ക് അണുബാധയുണ്ടാകാം എന്ന്  ഡോക്റ്റർ അഭിപ്രായപ്പെട്ടു എങ്കിലും എന്റെ നല്ലപകുതിക്ക് അതത്രക്ക് അങ്ങ് ദഹിച്ചില്ല. 

“പിന്നേയ് ഈ ലോകത്ത് എത്ര പേർ അത് ഉപയോഗിക്കുന്നു, നമുക്ക് മാത്രമെന്താ പ്രത്യേകത.”അവളുടെ കമന്റ് അതായിരുന്നു.

 സുന്ദരിയായ ഒരു യുവതി  ഓമനത്തമുള്ള ഒരു കുട്ടിയെ ഈ സാധനം കെട്ടി ഏതോ വലിയ വൃത്തികേടിൽനിന്നും അവർ രക്ഷപെട്ടു എന്ന രീതിയിൽ  പ്രദർശിപ്പിക്കുന്ന പരസ്യം  പല കമ്പനികളുടേതും  ഞാൻ പലപ്പോഴും കണ്ടതാണല്ലോ. അനുകരണ ഭ്രാന്ത് തലക്ക് പിടിച്ച വീട്ടമ്മമാർ റ്റിവിയിൽ കാണുന്ന പരസ്യമെല്ലാം  അനുകരിക്കാൺ ശ്രമിക്കും. സഫാ രാത്രി കിടക്കാൻ പോകുമ്പോൾ ഈ സാധനം അവളുടെ ഉമ്മ ധരിപ്പിക്കാറുണ്ട്. രാത്രി ഒൻപത് മണിമുതൽ രാവിലെ എട്ട് മണിവരെ ഇതും ധരിച്ച് അവൾ ഉറങ്ങുന്നു.രാവിലെ അത് അഴിച്ച് മാറ്റുമെങ്കിലും പിന്നീട് പുറത്തേക്ക്  എവിടെയെങ്കിലും യാത്ര പോകുമ്പോഴും അത് വൃത്തിയാക്കി കുഞ്ഞിനെ ധരിപ്പിച്ച് അതിന് മുകളിൽ മറ്റ് വസ്ത്രങ്ങളും അണിയിപ്പിച്ച്. കുടെ കൊണ്ട് പോകുന്നു.  കുഞ്ഞ് രാത്രിയിൽ  ഉറക്കത്തിൽ മൂത്രമൊഴിച്ച് കിടക്ക നനക്കാതിരിക്കാനാണ് രാത്രിയിൽ  അത് ധരിപ്പിക്കുന്നത്.യാത്ര പോകുമ്പോൾ കുഞ്ഞ് അൽപ്പം മൂത്രം ഒഴിച്ച് പോയാൽ  അതൊരു വലിയ ദുരന്തമാണെന്ന ചിന്താഗതിയാലാണ്   യാത്രയിൽ അത് ഫിറ്റ് ചെയ്യുന്നത്. അമ്മമാർ രാത്രിയിൽ കുഞ്ഞിനെ എടുത്ത് മൂത്രമൊഴിപ്പിച്ചാൽ രാത്രി കിടക്ക നനക്കുന്നതിൽ നിന്നും രക്ഷ നേടാം.  പക്ഷേ അതിനൊരു പരിഷ്കാര സ്വഭാവം ഇല്ല. എന്റെ കുഞ്ഞിനും റ്റി.വി.യിൽ കണ്ട മറ്റേത് കെട്ടിയില്ലെങ്കിൽ ഞാൻ പട്ടിക്കാട്ട്കാരി ആയി പോകില്ലേ!?എന്ന  ചിന്തയാണല്ലോ  അവരെ ഭരിക്കുന്നത്.

  "നിന്റെ ചെറുപ്പത്തിൽ നിന്റെ അമ്മ  നിനക്ക് ഈ സാധനം കെട്ടി വെച്ചായിരുന്നോ  എല്ലായിടത്തും കൊണ്ട് പോയിരുന്നത്." എന്ന്  ഞാൻ  ഭാര്യയോട് ചോദിച്ചപ്പോൾ 

"അന്ന് നിങ്ങൾ പേനാ കൊണ്ട് കുത്തിക്കുറിച്ച് കാമുകിമാർക്ക് കത്ത് പോസ്റ്റാഫീസ് വഴി അയച്ചിരുന്നു, ഇന്നത്തെ ചെറുപ്പക്കാർ കാമുകിമാരുമായി ചാറ്റുകയോ ഫോൺ ചെയ്യുകയോ ചെയ്യുന്നു,  അത്രയേ ഉള്ളൂ ഇതിന്റെയും വ്യത്യസം."  അവളുടെ മറുപടി പെട്ടെന്നായിരുന്നു. 

എവളുമാരുടെയൊന്നും തലയിൽ നല്ല കാര്യങ്ങൾ  കയറുകയില്ല  എന്ന് സ്വയം സമാധാനിച്ച ഞാൻ എന്റെ  ബാല്യകാലത്ത് രാത്രി ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നതിനെ പറ്റി അവളോട് പറഞ്ഞു. പതിനഞ്ച് വയസ് വരെ  ഞാൻ  ഉറക്കത്തിൽ മൂത്രം ഒഴിച്ചിരുന്നു.നേരം വെളുക്കുമ്പോൾ ഉമ്മായുടെ അടിയും ശകാരവും ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നു.അവസാനം വീട്ടിലുള്ളവർ ആരുടെയോ ഉപദേശാനുസരണം കിടന്ന് മുള്ളിയ പായും തലയിണയും രാവിലെ എന്റെ തലയിൽ ചുരുട്ടി വെച്ച് വീടിന് നാലു ചുറ്റും വലത്ത് വെയ്പീക്കുന്ന ശിക്ഷ നടപ്പിൽ വരുത്തി.  ആ കാഴ്ച കാണുന്ന അയല്പക്കത്തെ കുട്ടികൾ കിടന്ന് മുള്ളീ  എന്ന് ഉച്ചത്തിൽ കൂകി വിളിക്കുന്ന അവസ്തയിലേക്ക് കാര്യം നീങ്ങിയതിനെ തുടർന്ന് ഞാൻ ഉറക്കത്തിൽ മൂത്രം ഒഴിപ്പ്അവസാനിപ്പിച്ചു.  എന്നാലും അതൊരു രസമുള്ള ഏർപ്പാടായിരുന്നു,  ആ മൂത്രം ഒഴിപ്പും അടിയും ശകാരവും പായ തലയിൽ വെയ്പ്പുമെല്ലാം….ഞാൻ പറഞ്ഞ് നിർത്തി. 

 "എന്താ ഇപ്പോൾ ഉറക്കത്തിൽ കിടന്ന് മുള്ളാൻ  തോന്നുന്നോ?" ഭാര്യയുടെ മുന വെച്ച പരിഹാസത്തിന് അതിനും  ഇന്നത്തെ കുഞ്ഞുങ്ങൾക്ക് ഭാഗ്യമില്ലല്ലോടീ. എന്ന് മറുപടി പറയുമ്പോഴും വായു കടക്കാത്ത വിധം വലിഞ്ഞ് മുറുക്കിയ കമ്പനി സാധനങ്ങൾ മണിക്കൂറുകൾ  ധരിച്ച കുഞ്ഞുങ്ങളുടെ യാതനയായിരുന്നു  എന്റെ മനസ്സിൽ. 

ഇതെല്ലാമാണെങ്കിൽ തന്നെയും മൂത്രമൊഴിക്കുമെന്ന് ഭയന്ന് കുഞ്ഞുങ്ങളെ പൊതിഞ്ഞ് കെട്ടുന്ന ഈ ഏർപ്പാട് സഫാക്ക് നിർത്തിയപ്പോൾ ഒരാഴ്ചക്കുള്ളിൽ അവളുടെ രോഗം  നിശ്ശേഷം  മാറിയെന്ന്  മാത്രമല്ല  സ്വതന്ത്ര  ആയതിന്റെ സുഖം അനുഭവിക്കുമ്പോഴുള്ള സന്തോഷം അവളുടെ മുഖത്ത് പ്രകടമായി ഇപ്പോൾ കാണാൻ  കഴിയുന്നുമുണ്ട് .

5 comments:

  1. പരിഷ്കാരങ്ങള്‍

    ReplyDelete
  2. എന്‍റെ മകള്‍ക്ക് രണ്ടു വയസ്സായതു മുതല്‍ ഡയപ്പര്‍ ധരിക്കുന്ന സ്വഭാവം നിര്‍ത്തി. രാത്രി ഒരു തവണ എടുത്ത് മൂത്രം ഒഴിപ്പിക്കേണ്ടി വരും. പുറത്ത് പോയാല്‍ മൂത്രമൊഴിക്കാനോ അപ്പിയിടാനോ ഉണ്ടെങ്കില്‍ അവള്‍ പറയും. ഉടനെ ചെയ്യിച്ചാല്‍ മതി. പരിശീലിപ്പിച്ചാല്‍ ഇതൊക്കെ നടക്കുന്നതേയുള്ളൂ. ഇപ്പോള്‍ മകള്‍ക്ക് രണ്ടര വയാസ്സായി. വളരെ ദുര്‍ലഭം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇപ്പോ ഈ സാധനം ധരിപ്പിക്കാറുള്ളൂ.

    ReplyDelete
  3. shariyaanu prakrithiye swathanthramayi anuvadikkuka

    ReplyDelete
  4. ഇത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഈയിടെ വായിക്കുകയുണ്ടായി.

    ReplyDelete