Wednesday, December 7, 2011

ബൂലോഗം തകരുന്നുവോ?

ബൂലോഗം ഇപ്പോള്‍ നിര്‍ജ്ജീവമാണെന്നും ബ്ലോഗിന്റെ കാലം കഴിഞ്ഞെന്നും ബ്ലോഗറന്മാര്‍ എല്ലാവരും കട്ടയും പടവും മടക്കി പോയെന്നും മറ്റും , പ്രമുഖനെന്ന് അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തട്ടകമായ ദിനപ്പത്രത്തിന്റെ താളുകളിലൂടെ കഥിച്ചിരിക്കുന്നു

ബ്ലോഗ്സൃഷ്ടികള്‍ ടോയ്ലറ്റ് സാഹിത്യമാണെന്നോ മറ്റോ അര്‍ഥം വരുന്ന രീതിയില്‍ ഒരു മഹാ സാഹിത്യകാരിയും ഉവാച.

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതും സീരിയല്‍ ലോകത്തും മറ്റും പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭന്മാരാല്‍ നയിക്കപ്പെടുന്നതുമായ ഒരു കലാസാഹിത്യ വേദിയുടെ സംസ്ഥാന മീറ്റിംഗില്‍ കുറേ ദിവസത്തിനു മുമ്പ് ഈയുള്ളവന്‍ പങ്കെടുത്തപ്പോള്‍ ബ്ലോഗ് സമൂഹം ഇപ്പോള്‍ കലാ സാഹിത്യ രംഗത്തും സമൂഹത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ആയതിനാല്‍ അവര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും നല്ല നല്ല സാഹിത്യ സൃഷ്ടികള്‍ ബൂലോഗത്ത് ജന്മം കൊള്ളുന്നുവെന്നും ഞാന്‍ പറഞ്ഞു വെച്ചു. ചര്‍ച്ച നടന്ന് കൊണ്ടിരിക്കെ എന്റെ ഒരു മാന്യ സുഹൃത്ത് ബ്ലോഗുകളില്‍ നിലവാരം കുറഞ്ഞ സാഹിത്യങ്ങളാണ് ജന്മമെടുക്കുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി. അപ്രധാനമായിരുന്നു ആ അഭിപ്രായമെങ്കിലും അതിന്റെ പുറകിലെ ചേതോവികാരത്തെ പറ്റി ഞാന്‍ പിന്നീട് പലരോടും അന്വേഷണം നടത്തിയപ്പോള്‍ മനപൂര്‍വം ബ്ലോഗ് സമൂഹത്തെ ഇകഴ്ത്തി കാണിക്കാന്‍ വെമ്പുന്ന ചില ശക്തികള്‍ ആ ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും സാധാരണക്കാരായ പലരും അവരുടെ വാചാടോപത്തില്‍ പെട്ട് പോയതിനാലാണ് ഇപ്രകാരം പ്രതികരിക്കുന്നതെന്നും പല കാരണങ്ങളാലും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ അനുരണനങ്ങളാണ് ഈ കുറിപ്പുകളുടെ ആരംഭത്തില്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ എന്നും തിരിച്ചറിയുവാന്‍ സാധിച്ചു.


ഞങ്ങള്‍ക്ക് മാത്രമേ സാഹിത്യ സൃഷ്ടി നടത്താന്‍ അവകാശമുള്ളൂവെന്നും മറ്റുള്ളവരുടെ രചനകള്‍ തരം താണവയാണെന്നും അതിനാല്‍ ആവകയൊക്കെ പരിധിക്ക് പുറത്താകണമെന്നും നിര്‍ബന്ധ ബുദ്ധിയുള്ള ചില കുലപതികള്‍ വാഴുന്ന ഒരു ഭാഷയാണ് മലയാളം. ഈ വാദത്തിനു സര്‍വ പിന്തുണയും പ്രഖ്യാപിച്ച് ആയത് പ്രവര്‍ത്തിയില്‍ കൊണ്ട് വരുന്നു അച്ചടി ലോകം. സര്‍ഗ്ഗ ശേഷിയുള്ള ഒരു പുതു മുഖത്തിനു മലയാള സാഹിത്യത്തില്‍ ഇടം ലഭിക്കാന്‍ ഏറെ പരിശ്രമം ആവശ്യമാണ്. പ്രസിദ്ധനല്ലാത്ത ഒരു സാഹിത്യകാരനും ഇവിടെ അവാര്‍ഡുകള്‍ ലഭിക്കാറില്ല. ക, ഖ, ഗ , എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി ഘ ക്ക് "വേലിപ്പത്തല്‍" അവാര്‍ഡ് നല്‍കുന്നു.ഖ, ഗ, ഘ, എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി "ക" ക്ക് " മദ്ദളം " അവാര്‍ഡ് നല്‍കുന്നു. അങ്ങിനെ അവര്‍ പരസ്പരം ഈ ഭൂമി മലയാളത്തിലെ എല്ലാ അവാര്‍ഡുകളും പങ്ക് വെക്കുന്നു. പ്രസിദ്ധനല്ലാത്തവനും എന്നാല്‍ ഈ കുലപതികളുടെ രചനകളേക്കാളും ഉയര്‍ന്ന നിലവാരത്തില്‍ സാഹിത്യ രചന നടത്തുന്നവനുമായ ഏതെങ്കിലും വ്യക്തിക്ക് നാളിത് വരെ ഏതെങ്കിലും അവാര്‍ഡ് ലഭിച്ചതായി കേട്ട്കേഴ്വി പോലുമില്ല. എന്തിനു പറയുന്നു അവരുടെ രചനകള്‍ അച്ചടിക്കാന്‍ പോലും ആനുകാലികങ്ങള്‍ക്ക് മടിയാണ്. പത്രമുടമകള്‍ക്ക് ബിസിനസ് ലാഭകരമാക്കി നടത്തുവാന്‍ പ്രസിദ്ധിയുള്ള ഒരു പേരാണ് ആവശ്യം; അല്ലാതെ അപ്രസിദ്ധനായവന്റെ രചനാഗുണമുള്ള കൃതികളല്ല.
ഇവിടെയാണ് ബ്ലോഗിന്റെ പ്രസക്തി.

. കഥ പറയാനും കഥ കേള്‍ക്കാനുമുള്ള ആഗ്രഹം മനുഷ്യ ചരിത്ര ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന പ്രവണതയാണ്. താന്‍ എഴുതിയ കഥ/കവിത/ ലേഖനം/ രണ്ട് പേരെ വായിച്ച് കേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവനു “ നിങ്ങളുടെ രചന പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു” എന്ന കുറിപ്പോടെ പത്രമാഫീസുകളില്‍ നിന്നും തിരിച്ച് വരുന്ന തന്റെ രചനകള്‍ എത്രമാത്രം വേദന നല്‍കുന്നു എന്നത് അനുഭവിച്ചറിയേണ്ട സത്യം മാത്രം.മഹാ സാഹിത്യകാരന്റെ മഹാ വളിപ്പിനേക്കാളും എത്രയോ ഭേദമാണ് തന്റെ രചന എന്ന് ബോദ്ധ്യമുള്ളവനു വേദന അധികമായുണ്ടാകും.

ബ്ലോഗിന്റെ അവിര്‍ഭാവം വരെ ഈ അവസ്ഥ തുടര്‍ന്ന് വന്നു.ഒരു കമ്പ്യൂട്ടറും അത് പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍പ്പം പരിജ്ഞാനവും കൈമുതലായുള്ള ഒരു സാഹിത്യകാരന്/കലാകാരന് അവന്റെ സൃഷ്ടി ആരുടെയും കാല് താങ്ങാതെ കുറച്ച് പേരുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാനുള്ള സാദ്ധ്യത ബ്ലോഗിലൂടെ തെളിഞ്ഞു വന്നു. പതുക്കെ പതുക്കെ മലയാള ബ്ലോഗ്കള്‍ക്ക് പ്രസിദ്ധി ഉണ്ടായി എന്നതും ബ്ലോഗ്കള്‍ അംഗീകരിക്കപ്പെട്ടു എന്നതും പില്‍ക്കാല ചരിത്രം.

ഏതൊരു പ്രസ്ഥാനവും നേരിടേണ്ടി വരുന്ന ബാലാരിഷ്ടിതകളല്ലാതെ മറ്റൊരു വിഘ്നവും നാളിത് വരെ ബൂലോഗത്ത് സംഭവിച്ചിട്ടില്ല. മാത്രമല്ല ബൂലോഗം പിച്ചവെച്ച് പിച്ചവെച്ച് സ്വന്തം കാലില്‍ നിവര്‍ന്ന് നിന്ന് കഴിഞ്ഞു എന്ന് തന്റേടത്തോടെ പറയാനും സാധിക്കുന്ന അവസ്ഥയാണിപ്പോള്‍.

എഡിറ്ററുടെ ഖേദം കാണാതെ തന്റെ രചനകളെ നാലാളുകള്‍ വായിക്കാനായി ബ്ലോഗില്‍ ഏതൊരുവനും പ്രസിദ്ധീകരിക്കാം. അത് വായിച്ചത് രണ്ടാളുകളാണെങ്കിലും അപ്പോഴപ്പോള്‍ അവരുടെഅഭിപ്രായമറിയാം. ഇത് മനസിലാക്കിയ ധാരാളം ആള്‍ക്കാര്‍ ബൂലോഗത്തേക്ക് കടന്നു വന്നു. വായനയും എഴുത്തും നൈസര്‍ഗികമായുള്ളവന്‍ അന്നും ഇന്നും ബൂലോഗത്ത് തന്നെ ഉണ്ട്. മറ്റ് ഇടങ്ങള്‍ പോലെ ഇവിടെയും ആരംഭശൂരത്വമുള്ളവര്‍ പിരിഞ്ഞ് പോയിരിക്കാം.തെങ്ങില്‍ നിന്നും പൊഴിഞ്ഞ് പോയ മച്ചിങ്ങാ എണ്ണേണ്ടല്ലോ , തെങ്ങില്‍ പിടിച്ച തേങ്ങാ എണ്ണിയാല്‍ പോരേ!

ഇന്ന് മലയാള ബ്ലോഗില്‍ സ്ഥിരമായി എഴുതുന്ന എത്രയോ പേര്‍ ഇപ്പോഴും അവരുടെ രചനകള്‍ താന്താങ്ങളുടെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നആശയങ്ങള്‍ കെ.പി. സുകുമാരന്‍ മാഷ് തന്മയത്വമായി അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ സമര്‍പ്പിച്ച് വ്യത്യസ്ത ആശയക്കാരുമായി സംവാദം നടത്തുന്നു. ഗോതമ്പ് പൂരി നിര്‍മ്മാണം മുതല്‍ എന്‍ഡോസള്‍ഫാന്‍ വിഷയം വരെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചര്‍ച്ചാ വിഷയമാകുന്നു. ഇസ്മെയില്‍കുറുമ്പടി, പട്ടേപാടം റാംജി, സാബു എം.എച്. മിനി ടീച്ചര്‍, എച്ച്മുകുട്ടി, തുടങ്ങി എത്രയോ പേര്‍ നിലവാരമുള്ള കഥകള്‍ അവരുടെ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുന്നു. സുദീര്‍ഘമായതും വായനാസുഖം തരുന്നതുമായ ഒരു നോവല്‍ കേരളദാസനുണ്ണി ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു; അടുത്തത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ബഷീര്‍ വള്ളിക്കുന്ന് ആനുകാലിക വാര്‍ത്തകള്‍ തന്റെ സരസമായ വാഗ് വൈഭവത്തിലൂടെ വായനക്കാരന്റെ മുമ്പില്‍ എത്തിക്കുന്നു. അനേകം പേര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആ ബ്ലോഗില്‍ പങ്ക് വെക്കുന്നു. വാഴക്കോടന്‍ മജീദും അരുണ്‍കായംകുളവും അരീക്കോടന്‍ മാഷും, കുമാരന്‍ തുടങ്ങിയവരും വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിക്കുന്ന വിധത്തില്‍ വായനക്കാരനെ തല തല്ലി ചിരിപ്പിക്കുന്ന നര്‍മ്മം നിറഞ്ഞ രചനകള്‍ പോസ്റ്റ് ചെയ്യുന്നു.. സാബു കൊട്ടോട്ടി, സജീം തട്ടത്ത്മല, ശ്രീജിത് കൊണ്ടോട്ടി, രമേഷ് അരൂര്‍, അപ്പൂട്ടന്‍ , ചിത്രകാരന്‍ , ഷാനവാസ് സാഹിബ്, യൂസുഫ്പാ, മുഹമ്മദ്കുട്ടി, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, മുരളീ മുകുന്ദന്‍ ബിലാത്തിപ്പട്ടണം, എം.എസ. മോഹനന്‍ , പാവപ്പെട്ടവന്‍ , പാവത്താന്‍ , കാല്‍വിന്‍ കാപ്പിലാന്‍ , ജുനൈദ്, മുക്താര്‍ ,ഹംസാ, ഷിബു തോവാള, മണികണ്ഠന്‍ , ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍, ഡോക്റ്റര്‍ കോയ, വി.പി.അഹമദ്, പള്ളിക്കരയില്‍, ഷബീര്‍, സി.കെ. ലത്തീഫ്, വില്ലേജ്മാന്‍ , കാട്ടില്‍ അബ്ദുല്‍ നിസാര്‍,, നാമൂസ്, ഏകലവ്യന്‍ , യരലവ, ഖാദര്‍ പട്ടേപാടം, ശങ്കര നാരായണന്‍ മലപ്പുറം പ്രഭന്‍ കൃഷ്ണന്‍ , മുരളിക, ബീമാപ്പള്ളി, ശ്രീജിത്, ചെത്തുകാരന്‍ വാസു, ജെഫു ജൈലാഫ്, ആചാര്യന്‍ , മേല്‍പ്പത്തൂരാന്‍ , ഇസ്മെയില്‍ ചെമ്മാട്, ചെറുവാടി, തോന്ന്യാസി, താഹിര്‍ (കൊട്ടാരക്കരക്കാരന്‍ ), അബ്സര്‍(അബസ്വരങ്ങള്‍), തുടങ്ങി ഒട്ടനവധി പേര്‍(പലരുടെയും പേരു വിട്ട് പോയിട്ടുള്ളത് മനപൂര്‍വമല്ല, മറവി മാത്രം) തങ്ങളുടെ നാലു ചുറ്റും കാണുന്നതും സ്വന്തം ചിന്തകളുംഅഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും ബ്ലോഗുകളിലൂടെ തന്നെയാണ്. മുല്ലപ്പെരിയാര്‍ സംബന്ധമായി നിരക്ഷരന്‍ എത്ര ചടുലമായാണ് തന്റെ വികാര വിചാരങ്ങള്‍ തന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. വിവിധമായ വിഷയങ്ങള്‍ വിദഗ്ദമായി അവതരിപ്പിക്കുകയും ആയതില്‍ കനത്ത ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന വേദി ബൂലോഗത്തല്ലാതെ മറ്റെവിടെ ഉണ്ട്. ജെയിംസ് ബ്രൈറ്റ് എത്രമാത്രം വൈദഗ്ദ്യത്തോടെയാണ് ബൂലോകം ഓണ്‍ലൈന്‍ കൈകാര്യം ചെയ്യുന്നത്. ക്യാമറയും തൂലികയും ഒരു പോലെ ഉപയോഗിക്കുന്നഹരീഷ് തൊടുപുഴ ബൂലോഗത്തെ അതിശയം തന്നെ അല്ലേ. ആനുകാലികങ്ങളിലെ പുസ്തകനിരൂപണങ്ങളെ വെല്ലുന്ന ചാതുര്യത്തോടെയാണ് മനോരാജ് പുസ്തകങ്ങളെ അവതരിപ്പിക്കുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് ഹാറൂണ്‍ സാഹിബും സാദിഖും ജിത്തുവും ബ്ലോഗില്‍ സജീവമായി തന്നെ ഉണ്ട്. ശാന്താ കാവുമ്പായി, ലതികാ സുഭാഷ്, കുസുമം പുന്നപ്ര, മഞ്ഞു തുള്ളി, മുല്ല, റോസാപ്പൂക്കള്‍, ജാസ്മിക്കുട്ടി, മഞ്ഞുതുള്ളി, കൊച്ചുമോള്‍ കൊട്ടാരക്കര, റാണിപ്രിയ, മഞ്ജുമനോജ്(ജപ്പാന്‍ ) തുടങ്ങിയ വനിതകള്‍ തങ്ങള്‍ ആരുടെയും പുറകിലല്ല എന്ന് അവരുടെ സാന്നിദ്ധ്യത്തിലൂടെ തെളിയിക്കുന്നു.ജിക്കു, വാല്യക്കാരന്‍ , പത്രക്കാരന്‍ , മത്താപ്പ്, മുനീര്‍ തൂതപ്പുഴയോരം, ജാബിര്‍ മലബാരി, ആളവന്‍ താന്‍, ബിജു കോട്ടില, കമ്പര്‍, തുടങ്ങിയ യുവ താരങ്ങള്‍ ബൂലോഗത്ത് എവിടെയും തിളങ്ങി നില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ടെക്നോളജിയിലും കാലികമായ രചനകളിലും റെജി പുത്തന്‍ പുരക്കല്‍, നൌഷാദ് വടക്കേല്‍, കൂതറ ഹാഷിം, മുള്ളൂര്‍ക്കാരന്‍ , മുതലായവര്‍ ഇവിടെ പരിലസിക്കുന്നു.തുഞ്ചന്‍ പറമ്പില്‍ അരങ്ങേറ്റം കുറിച്ച പൊന്മളക്കാരന്‍ ടിയാന്‍ ബ്ലോഗില്‍ വരാന്‍ ഇത്രയും വൈകിയതെന്തേ എന്ന് ചോദിക്കുന്ന വിധത്തിലാണ് തന്റെ പാടവം പ്രകടിപ്പിക്കുന്നത്. നൌഷുവും അജിതും അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും മുന്നിലുണ്ട്.

അച്ചടി രംഗത്തെ പ്രഗല്‍ഭരെ വെല്ലുന്ന രചനകളാല്‍ ബൂലോഗത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ് മുകളില്‍ പറഞ്ഞവര്‍ ഏറെയും. എന്റെ ഓര്‍മ്മയില്‍ ഉള്ളവരാണ് ഇവരൊക്കെ. ഇനിയും എത്രയോ പേര്‍ ബൂലോഗത്ത് സജീവമായി നിലവിലുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ഭൂരിഭാഗവും അവര്‍ വന്ന കാലം മുതല്‍ ബൂലോഗത്ത് കഴിയുന്നു. ആരും പൊഴിഞ്ഞ് പോയിട്ടില്ല. അഥവാ ആരെങ്കിലും പൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ മറ്റെല്ലാ തുറകളിലേത് പോലെ ഒരു ചെറു ശതമാനം മാത്രം. പറയുക ബൂലോഗം തളരുകയാണോ? അതോ വളരുകയാണോ? വളരുകതന്നെയാണ് ഒരു സംശയവും വേണ്ടാ. അതിനെ തളര്‍ത്താന്‍ ആരും നോക്കുകയും വേണ്ടാ.

അടുത്ത വിമര്‍ശനം ബ്ലോഗ് മീറ്റുകളെ സംബന്ധിച്ചാണ്. മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരുന്നു പോലും. ചെറായി മീറ്റ് മുതല്‍ നടന്നിട്ടുള്ള എല്ലാ മീറ്റുകളിലും ഈയുള്ളവന്‍ ഹാജരുണ്ടായിരുന്നു. കാലാവസ്ഥ, വിശേഷ ദിവസങ്ങളുടെ പ്രാധാന്യം, തുടങ്ങിയവ പ്രതിബന്ധമായി നിന്നപ്പോഴല്ലാതെ ഒരിക്കലും മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞിട്ടില്ല. മീറ്റുകളില്‍ എപ്പോഴെങ്കിലും സംബന്ധിക്കുകയും ആ കൂട്ടായ്മയില്‍ നിന്നും ലഭിക്കുന്ന അനുഭൂതി അനുഭവിക്കുകയും ചെയ്തിട്ടുള്ളവന്‍ ഒരിക്കലും മീറ്റുകളെ തള്ളിപ്പറയുകയില്ല. അതില്‍ പങ്കെടുക്കാത്തവര്‍ക്ക് മാറി നിന്ന് എന്ത് ഭാവനാ വിലാസങ്ങളും തട്ടി വിടാം. പൂര്‍ണ ചന്ദ്രനെ നോക്കി മറ്റവന്‍ ഓരിയിടുന്നത് പോലെ. അവസാനം നടന്ന കണ്ണൂര്‍ മീറ്റു വരെ വിജയകരമായിരുന്നു. ഇതു വരെ തമ്മില്‍ കാണാത്തവര്‍ നേരില്‍ കാണുന്നു; പരിചയപ്പെടുന്നു; അടുത്തടുത്തിരുന്ന് സൌഹൃദം പങ്കിടുന്നു; ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. മനസില്‍ നീറ്റലോടെ യാത്രാ മൊഴി ചൊല്ലി പിരിയുന്നു. ഇത് അനുഭവിച്ച് മനസിലാക്കണം. അപ്പോഴേ ബ്ലോഗ് മീറ്റ് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയൂ. പോസ്റ്റിലൂടെയും കമന്റുകളിലൂടെയും രൂക്ഷമായ അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നവരെ സംബന്ധിച്ച് നമുക്ക് ഒരു മുന്‍ ധാരണ മനസില്‍ കാണും. മീറ്റുകളില്‍ അവരെ നേരില്‍ കണ്ട് പരിചയപ്പെടുമ്പോള്‍ നമ്മുടെ എല്ലാ ധാരണകളും കാറ്റില്‍ പറന്നു പോകും. യരലവ എന്ന ബ്ലോഗറെ കണ്ണൂര്‍ മീറ്റ് അതിരാവിലെ ഞാന്‍ താമസിച്ചിരുന്ന ടി.ബി.യില്‍ വെച്ച് നേരില്‍ കണ്ട് പരിചയപ്പെട്ടപ്പോള്‍ , സുന്ദരമായ ആ മുഖത്ത് നിന്നും എന്നെ അഭിവാദ്യം ചെയ്ത് വാക്കുകള്‍ ഉതിര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ സമീപസ്തമായ സ്ഥലങ്ങളും കുളവും കാണാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ മീറ്റ് കഴിഞ്ഞു പിരിയാന്‍ നേരം സമീപ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സേവനങ്ങള്‍ വിവരിച്ചപ്പോള്‍ ഞാന്‍ ആ മുഖത്ത് സാകൂതം നോക്കി ചിന്തിച്ചു” ഇത് തന്നെയാണോ യരലവ?” ശ്രീജിത് കൊണ്ടോട്ടി എന്ന ചുള്ളനുമായി മണിക്കൂറുകള്‍ യാത്ര ചെയ്തപ്പോഴും ഇതാണോ ആ ചൂടന്‍ ചെറുപ്പക്കാരന്‍ എന്ന് ആലോചിച്ചു പോയി. ചിത്രകാരനെ സംബന്ധിച്ചും ഇതായിരുന്നു എന്റെ അനുഭവം. ഇത് എന്റെ അനുഭവം മാത്രമാണ്. മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഈ ജനുസ്സിലെ അനുഭവങ്ങള്‍ ഉണ്ടായി കാണണം. ബ്ലോഗ് മീറ്റിലല്ലാതെ ഈ അനുഭൂതികള്‍ മറ്റെവിടെ നിന്ന് ലഭിക്കാനാണ്. അടുത്ത മീറ്റ് നടക്കുമ്പോള്‍ ഇനിയും ഇനിയും ആള്‍ക്കാര്‍ പങ്കെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ടാ.

മാധ്യമങ്ങളിലെ മറ്റൊരു കൂട്ടായ്മയില്‍ നിന്നും ലഭിക്കാത്ത ജീവ കാരുണ്യ സേവനങ്ങളാണ് ബൂലോഗത്ത് നിലനില്‍ക്കുന്നത്. മൈനാ ഉമൈബാനില്‍ നിന്ന് ആരംഭിച്ച കാരുണ്യം തിരൂരിനടുത്ത് താമസിക്കുന്ന(പേരു മറന്ന് പോയി) ഒരു സഹോദരനു താമസിക്കാന്‍ വീട്
നിര്‍മ്മിച്ച് താക്കോല്‍ നല്‍കുന്നതിലെത്തി. ഈ അടുത്തകാലത്ത് ജിത്തു എന്ന ബ്ലോഗര്‍ക്ക് അദ്ദേഹത്തിന്റെ ശാരീ‍രിക അവശതകള്‍ കണക്കിലെടുത്ത് ബിസിനസ് ചെയ്യാനായി എല്ലാവരും ഒത്ത് പിടിച്ച് ഒരു ലക്ഷത്തിനു മീതെ തുക സംഭരിച്ച് സഹ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യത്തില്‍ ഒരു പ്രസ്ഥാനം തുറന്ന് കൊടുത്തു. ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ പറയാന്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ നിലവിലുള്ളതും പരിഗണനയിലെടുത്ത്കൊണ്ടിരിക്കുന്നതുമായ ജീവ കാരുണ്യ പ്രവര്‍ത്തനം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിസ വെള്ളൂരിനെ സംബന്ധിച്ചാണ്. വിശദ വിവരം ഇവിടെ പോയാല്‍ നിങ്ങള്‍ക്ക് കാണാം. ആ കുട്ടിക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ബ്ലോഗറന്മാര്‍ തന്നെയാണ്. തീര്‍ച്ചയായും ആ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി മുമ്പ് സഹായം വാഗ്ദാനം ചെയ്തവര്‍ ഉടന്‍ തന്നെ ആ കുട്ടിയുടെ ഈ ഗുരുതരാവസ്ഥയില്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ബൂലോഗം. ഈ കാര്‍ണ്യ പ്രവര്‍ത്തങ്ങള്‍ ബൂലോഗത്തിന്റെ സവിശേഷതകളില്‍ പെട്ടത് തന്നെയെന്ന് നമുക്ക് നിവര്‍ന്ന് നിന്ന് പറയാന്‍ കഴിയും.
ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ബൂലോഗം പ്രകാശിച്ച് നില്‍ക്കുന്നത് കണ്ട അവസ്ഥയിലാണ് അസൂയ മൂത്തവരും എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവരും ബൂലോഗത്തെ സംബന്ധിച്ച് അസത്യങ്ങളായ വാര്‍ത്തകളും ലേഖനങ്ങളും അഭിപ്രായങ്ങളും തട്ടി വിടാന്‍ ആരംഭിച്ചത്.. അച്ചടി രംഗത്തെ കുലപതികളും ശിങ്കിടികളും ഇരിക്ക പൊറുതിയില്ലാതായി ഇപ്രകാരം ആരോപണങ്ങള്‍ തൊടുത്ത് വിട്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ ആരോപണങ്ങളെ നിസ്സാരവത്കരിച്ച് കൊണ്ട് അവര്‍ക്ക് മറുപടിയായി ആ ദന്ത ഗോപുരവാസികളുടെ ഒരേ അച്ചില്‍ വാര്‍ത്ത സൃഷ്ടികളേക്കാല്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സാഹിത്യ/കലാ രചനകള്‍ ബൂലോഗത്ത് പ്രസിദ്ധീകരിച്ച് കൊണ്ടേ ഇരുന്നു; ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.

ഭാവി കാലം ബ്ലോഗുകള്‍ക്കുള്ളതാണ്. ഇപ്പോള്‍ ബൂലോഗത്ത് നിലവിലുള്ള ബ്ലോഗറന്മാര്‍ മുമ്പേ പറക്കുന്ന പക്ഷികളുമാണ്. വെല്ലുവിളികളെ അതിജീവിച്ച് അവര്‍ സുരക്ഷിതമായി പറന്ന ഇടങ്ങളില്‍ പിമ്പേ വരുന്നവര്‍ റാകി പറക്കും ഉറപ്പ്.

43 comments:

  1. വളരെ ശക്തവും വ്യക്തവുമായ പ്രതികരണക്കുറിപ്പ്.കുറച്ചു കാലമായി ബ്ലോഗ്ഗുകളെക്കുറിച്ചുള്ള വിമര്‍ശനം തുടങ്ങിയിട്ട്.എഴുത്ത് അതു അതെവിടെ പ്രസിദ്ധീകരിച്ചാലും അതില്‍ കഴമ്പുണ്ടെങ്കില്‍ തന്നെയല്ലേ പ്രശസ്തമാകുകയുള്ളൂ..സ്വയം പ്രസിദ്ധീകരിക്കാമെന്നതു കൊണ്ട് നിലവാരമുള്ളതും ഇല്ലാത്തതുമായ സൃഷ്ടികള്‍ വരുന്നുണ്ടാവം..എന്നു കരുതി ഏല്ലാത്തിനെയും ഒറ്റയടിക്കു വിമര്‍ശികുന്നതിന്റെ പൊരുളെന്താണെന്നാണ് മനസ്സിലാകാത്തത്.ബ്ലോഗ്ഗെര്‍മാര്‍ എന്ന പേരില്‍ അറിയപ്പേടുന്നവരെ അറിവും എഴുതാനുള്ള ക്രിയേറ്റിവിറ്റിയും ഉള്ളിടത്തോളം ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ല. അതു കൊണ്ട് ബൂലോഗം തകരില്ലെന്നുറപ്പാണ്. ഒട്ടുമിക്ക ബ്ലോഗ്ഗെര്‍മാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടെഴുതിയ ഈ കുറിപ്പിനു ആശംസകള്‍ അറിയിക്കുന്നു

    ReplyDelete
  2. ആശംസകള്‍..ഷരീഫ് സാര്‍. ബൂലൊഗത്തിനും താങ്കള്‍ക്കും നന്മ ആശംസിക്കട്ടെ.

    ReplyDelete
  3. നല്ല പ്രധിഷേധത്തോടെയുള്ള പ്രതികരണം ജോറായി ഷെരീഫിക്ക. താങ്കള്‍ സൂചിപ്പിച്ചത്‌ തന്നെയാണ് ശരിയായ കാരണങ്ങള്‍ എന്ന് തോന്നുന്നു. ഒരു പട്ടം അടക്കിവേച്ചിരിക്കുന്ന സാമ്രാജ്യത്തിലേക്ക് മറ്റാരേയും കയറ്റാതെ പങ്കിട്ടെടുക്കുന്ന രീതിക്ക് മാറ്റം വന്നാലൊ എന്ന ഭയം. അവരുടെ ആ ഭയം ശരിയാണെന്ന് നാള്‍ക്കുനാള്‍ ഈ ലോകത്ത്‌ നിന്ന് പുറത്ത്‌ വരുന്ന സൃഷ്ടികള്‍ തെളിയിക്കുന്നു. ഞാനിപ്പോള്‍ മുനീറിന്റെയും, നമൂസിന്റെയും ഓരോ പോസ്റ്റുകള്‍ വായിച്ചാണ് ഇവിടെ എത്തിയത്‌. രണ്ടും എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.

    വളരെ നന്നായി ഷെരീഫിക്ക

    ReplyDelete
  4. പ്രസക്തമായ പോസ്റ്റ്. പ്രസക്തമായ വിമര്‍ശനം എന്നും വേണമെങ്കില്‍ പറയാം. ബ്ലോഗിനെ പരിഹസിക്കുന്നവര്‍ സത്യത്തില്‍ ബ്ലോഗില്‍ എന്ത് നടക്കുന്നു എന്ന് അറിയാത്തവര്‍ തന്നെയാണ്. എന്തുകൊണ്ട് അവരുടെ കൂട്ടത്തില്‍ പ്രിയപ്പെട്ട ബെര്‍ളി കൂടി എന്ന് അറിയില്ല. ഇവിടെ ഒട്ടേറെ കാര്യങ്ങള്‍ ലഭിക്കുന്നുണ്ട്. പുറത്ത് നിന്നും ഫ്രീയായി നിങ്ങള്‍ക്കാര്‍കെങ്കിലും മെമ്മറി റിക്കവറി ടെക്നിക്സ് ലഭിക്കുമോ.. പ്ലിസ് സാമ്പത്തീകമില്ലാത്തവര്‍ വരൂ. സാബു കൊട്ടോട്ടി എന്ന കൊട്ടോട്ടിക്കാരന്‍ റീഫ്രെഷ് മെമ്മറി എന്ന പേരില്‍ ഉള്ള ബ്ലോഗില്‍ എന്റെ ഓഫീസില്‍ 25000 രൂപ കൊടുത്ത് ഒരു ദിവസം നടത്തിയ ട്രെയിനിംഗിലെ സംഗതികള്‍ എല്ലാം ഫ്രീയായി നമുക്ക് മുന്‍പില്‍ നിരത്തുന്നു.

    ബ്ലോഗിനെ കുറ്റം പറയുന്നവരോട് ഒരു വാക്ക്.. നിങ്ങള്‍ കാണണ്ട.. പക്ഷെ അന്ധന്മാര്‍ ആനയെ വിവരിക്കും പോലെ വിവരിച്ച് വെടക്കാക്കരുതെന്ന് അപേക്ഷ

    ReplyDelete
  5. എന്റെ പ്രിയ അനിലേ!പേര് ഓര്‍മയില്‍ തെളിഞ്ഞു നിന്നു എങ്കിലും ടൈപ്പ് ചെയ്തപ്പോള്‍ താങ്കളുടെ പേരു വിട്ട് പോയി. പോസ്റ്റ് പബ്ലിഷ് ചെയ്ത് ഞാനൊന്നു വായിച്ച് നോക്കിയപ്പോള്‍ താങ്കള്‍ ഉള്‍പ്പടെ എനിക്ക് പരിചയമുള്ള 4-5 പേരുടെ ബൂലോഗ സാന്നിദ്ധ്യം രേഖപ്പെടുത്തുവാന്‍ വിട്ട് പോയി എന്ന് കണ്ടത്.ആ കാര്യത്തില്‍ വിഷമിച്ചിരിക്കുമ്പോഴാണ് താങ്കള്‍ ഇവിടെ സന്ദര്‍ശിച്ചിരിക്കുന്നത് കണ്ടത്. സന്തോഷായി.

    ReplyDelete
  6. ഇനി ഒരു കമന്റ് ആവശ്യമില്ല.. എല്ലാ ബ്ലോഗര്‍മാര്‍ക്കും പറയാനുള്ളത് മുഴുവന്‍ ശരീഫ്ക ശക്തമായ വാക്കുകളില്‍ വ്യക്തതയോടെ പറഞ്ഞു..
    കലക്കി...

    ReplyDelete
  7. എഴുതാന്‍ വെമ്പുന്ന, പ്രതികരണ ശേഷിയുള്ള മനസ്സ് കൈമോശം വരാത്തിടത്തോളം
    ബ്ലോഗ്ഗിനു നിലനില്പ്പുണ്ട്...
    തനിക്ക് പറയാനുള്ളത് പറയാന്‍ മറ്റൊന്നിനേയും കാത്തിരിക്കേണ്ടാത്തിടത്തോളം ഈ മീഡിയ
    മുന്നോട്ട് തന്നെ കുതിക്കും..
    എഴുത്തുകാര്‍ വരികയും പോകയും ചെയ്താലും ബ്ലോഗ്ഗിന്റെ രൂപ ഭാവങ്ങളിലും അത് നല്‍കുന്ന സേവനത്തിന്റെ തോതിലുള്ള മാറ്റങ്ങള്‍ വന്നാലും എഴുതാന്‍ കൊതിക്കുന്നവന്‍ അതിനുള്ള ഇടം തേടിക്കൊണ്ടേ ഇരിക്കും.

    അതിനു വിമര്‍ശകന്റെ ഔദാര്യമോ കാരുണ്യമോ കാത്ത്നില്‍ക്കേണ്ടതില്ല..!

    ബൂലോകം മുന്നോട്ട് തന്നെ കുതിക്കട്ടെ......

    ReplyDelete
  8. പറയാനുള്ളത് ശക്തമായ ഭാഷയില്‍ പറഞ്ഞു. ബൂലോഗം തകരുന്നു എന്ന തലക്കെട്ട്‌ കണ്ടപ്പോള്‍ ഒരു പുതിയ മുഖമായ എന്റെ ചങ്കൊന്നു ഇടിച്ചു . പക്ഷെ ആര്‍ക്കും തകര്‍ക്കാനാവത്ത തരത്തില്‍ കാമ്പുള്ള കരുത്തുള്ള എഴുത്തുകാരുടെ കയ്യിലാണ് ബൂലോഗം എന്ന് സമര്‍ഥിച്ചത് കണ്ടപ്പോള്‍ ആശ്വാസമായി. നന്ദി ഇക്ക ഒരുപാട് നന്ദി. ഈയവസരത്തില്‍ ഇങ്ങനെയൊരു ലേഖനം ആവശ്യം തന്നെയാണ് .!

    ReplyDelete
  9. ഷെരീഫ്‌ സര്‍, ഒരു അടിക്കുറിപ്പിന്റെയും ആവശ്യമില്ലാത്ത വളരെ ശക്തമായ പോസ്റ്റ്‌..ആശംസകള്‍...ബ്ലോഗ്‌ മീറ്റില്‍ നിന്നും കിട്ടുന്ന സ്നേഹവും സാഹോദര്യവും എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല...പിന്നെ മന്ദബുദ്ധികള്‍ ബുദ്ധിജീവി കുപ്പായമണിഞ്ഞു നടക്കുന്ന ഈ കാലത്ത് വിമര്‍ശനങ്ങള്‍ വന്നില്ലെങ്കിലെ അതിശയം ഉള്ളൂ...സസ്നേഹം..

    ReplyDelete
  10. >>>>>ശ്രീജിത് കൊണ്ടോട്ടി എന്ന ചുള്ളനുമായി മണിക്കൂറുകള്‍ യാത്ര ചെയ്തപ്പോഴും ഇതാണോ ആ ചൂടന്‍ ചെറുപ്പക്കാരന്‍ എന്ന് ആലോചിച്ചു പോയി. ചിത്രകാരനെ സംബന്ധിച്ചും ഇതായിരുന്നു എന്റെ അനുഭവം.<<<

    സത്യം . അതൊരു അനുഭവം തന്നെ ...

    പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് തീര്‍ച്ചയായും യാതര്ത്യങ്ങലാണ് . ബ്ലോഗ്‌ ഉണ്ടാക്കുന്ന ചലനങ്ങള്‍ പലരെയും ആശങ്കപ്പെടുത്തുന്നതിനു പിന്നില്‍ 'പല' കാരണങ്ങളുമുണ്ട് .

    നന്ദി ഈ പോസ്റ്റിനു ..:)

    ReplyDelete
  11. ബ്ലോഗ് രചനകളോട് ചിറ്റമ്മ നയം പുലര്‍ത്തുകയും ബ്ലോഗുകള്‍ തകര്‍ച്ചയെ നേരിടുന്നുവന്നും മുക്രയിടുന്നവരുടെ കണ്ണുതുറപ്പിക്കാനുതകുന്ന പ്രതികരണം. നന്നായി ഷെരീഫ്ക്കാ, ആശംസകള്‍.

    ReplyDelete
  12. പ്രിയ ഷെരീഫിക്ക.. ബൂലോകത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാ ബ്ലോഗർമാർക്കുവേണ്ടിയും ശബ്ദമുർത്തിയ ഇക്കായ്ക്ക് പ്രത്യേകം ആശംസകൾ നേരുന്നു..പലപ്പോഴായും ഞങ്ങളുടെ മനസ്സുകളിൽ ഉയർന്നുവന്ന വികാരം കൂടിയാണ് ഈ പോസ്റ്റിൽ പ്രതിഫലിക്കുന്നത്. 'ഞാനല്ലാതെ മറ്റൊരു ദൈവം ഭുമിയിലുണ്ടാകരുത്' എന്ന വികാരം മനസ്സിൽ കൊണ്ടുനടക്കുന്ന ചില സാഹിത്യകാരന്മാർക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്.വഴിയോരത്ത് കടിപിടികൂടുന്ന തെരുവുനായകളെപ്പോലെ എന്നും പരസ്പരം കടിപിടികൂടുന്ന ഈ വർഗ്ഗത്തിനു്, ബൂലൊകത്തിൽ വളർന്നുവരുന്ന നമ്മുടെ കൂട്ടായ്മയും, സ്നേഹവും കാണൂമ്പോൾ സഹിക്കുന്നുണ്ടാകില്ല.ഈ മന്ദബുദ്ധിവർഗ്ഗത്തിൽപ്പെട്ട രണ്ടെണ്ണത്തിനെ ഒന്നിച്ചൊരു മുറിയിൽ ഇട്ടടച്ചാൽ ഒന്നു മറ്റേതിനെ തല്ലിക്കൊല്ലുമെന്ന് തീർച്ച .(അവാർഡുമേളകളോടനുബന്ധിച്ച് നമ്മൾ ഈ തമ്മിൽത്തല്ല് കാണാറുള്ളതാണല്ലോ).അതുപോലെ കൂട്ടത്തിൽ ഒന്നിനെ കടിക്കാൻ കിട്ടിയില്ലെങ്കിൽ വഴിയേപോകുന്നവരെ കടിക്കുക എന്നോരു സ്വഭാവംകൂടി അവർ കാണിക്കുന്നു എന്നു മാത്രം..ഇവരുടെ ഈ കസർത്തുകൊണ്ടൊന്നും നമ്മുടെ ബൂലോകം തകരില്ല..നമ്മുടെ ബൂലോകം എന്നും മുന്നോട്ട്....

    ReplyDelete
  13. ശക്തമായ ലേഖനം ....
    അഭിനന്ദനങ്ങള്‍

    ReplyDelete
  14. സൈബര്‍ ലോകത്തെ ക്കുറിച്ചുള്ള അജ്ഞതയാണ് ബ്ലോഗുകളെ വിമര്‍ശിക്കുന്നതിന്റെ പ്രധാന കാരണം.അങ്ങനെയുള്ള ആരെങ്കിലും എന്തിലും പറയുന്നു.അതേറ്റു പാടാന്‍ മറ്റു ചിലരും.അതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം,കാരണം അധിക നാള്‍ ഇവര്‍ക്ക് ഇങ്ങനെ വിവരക്കേട് പറയാനാവില്ല.സൈബര്‍ ലോകം വളരുന്നത് അവര്‍ അറിയുന്നില്ല.

    പിന്നെ ബ്ലോഗ്‌ മീറ്റുകള്‍.എന്റെ കഷ്ടകാലത്തിന് ഞാന്‍ ഒരു മീറ്റിനും നാട്ടിലുണ്ടായിട്ടില്ല.എന്നെപ്പോല്ലേ നാട്ടില്‍ ഇല്ലാത്തെ എത്രയോ ബ്ലോഗര്‍ മാര്‍ കാണും.

    ബ്ലോഗുകള്‍ക്ക്‌ നിലവാരം കുറയുന്നതിന്റെ പ്രധാന കാരണം തിരുത്തലുകള്‍ ഇല്ലാത്തതാണ്.നമുക്ക് നമ്മുടെ എഴുത്തുകാര്‍ സുഹൃത്തുക്കളുടെ തെറ്റുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ചു കമന്റുകള്‍ ഇടാം.ബ്ലോഗിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരു വായനക്കാരനും 'വെറുതെ പുകഴ്ത്തുന്ന' കമന്റുകള്‍ ഇടാതിരിക്കുക.

    ReplyDelete
  15. നല്ല ലേഖനം ശെരീഫിക്ക.... ഇനി ഇതില്‍ കൂടുതല്‍ എന്താ പറയാന്‍ ഉള്ളത്?? ഞാനും ഒരു മീറ്റിലും പങ്കെടുത്തിട്ടില്ല.. നാട്ടില്‍ ഇല്ലാത്തതു കൊണ്ടുള്ള നഷ്ടം...പക്ഷെ എല്ലാ മീറ്റും കാണുമ്പോ കൊതിയാവാറുണ്ട്... എന്നെങ്കിലും സാധിക്കും എന്നാ വിശ്വാസത്തില്‍ ഇരിക്കുന്നു...

    ReplyDelete
  16. അണ്ണാറക്കണ്ണനും തന്നാലായത്....
    സന്തോഷം ശെരീഫ്ക്ക.

    ReplyDelete
  17. ഹേ , രാജാവ്‌ ....
    കഴിവുള്ളവർ പ്രതികരിക്കില്ല., കൂടെ പാടും

    ReplyDelete
  18. പ്രിയപ്പെട്ട,
    മുനീര്‍ തൂതപ്പുഴയോരം,
    ഒരു നുറുങ്ങ്,
    പട്ടേപ്പാടം റാംജി,
    മനോരാജ്,
    അനില്‍@ബ്ലോഗ്,
    ഡോക്റ്റര്‍ ആര്‍.കെ.തിരൂര്‍,
    നവ്ഷാദ് അകമ്പാടം,
    സിനിമാലോചന,
    ഷാനവാസ് സാഹിബ്,
    നൌഷാദ് വടക്കേല്‍,
    കാസിം തങ്ങള്‍,
    ഷിബു തോവാള,
    നൌഷാദ് കെ.വി,
    റോസാപ്പൂക്കള്‍’
    മഞ്ജു മനോജ്,
    യൂസുഫ്പാ,
    കലാവല്ലഭന്‍,
    എല്ലാ സുഹൃത്തുക്കള്‍ക്കും ഇവിടെ വന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു.
    പ്രിയപ്പെട്ട ഹാറൂണ്‍ സാഹിബ്(ഒരു നുറുങ്ങ്) ഒരു പാട് ദിവസങ്ങള്‍ക്ക് ശേഷമാണ് താങ്കളുടെ രണ്ട് വരികള്‍ ബ്ലോഗില്‍ കണ്ടത്. സന്തോഷമായി. താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമാധാനം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

    പ്രിയപ്പെട്ട നൌഷാദ് അകമ്പാടം,
    >>>എഴുത്തുകാര്‍ വരികയും പോകയും ചെയ്താലും ബ്ലോഗ്ഗിന്റെ രൂപ ഭാവങ്ങളിലും അത് നല്‍കുന്ന സേവനത്തിന്റെ തോതിലുള്ള മാറ്റങ്ങള്‍ വന്നാലും എഴുതാന്‍ കൊതിക്കുന്നവന്‍ അതിനുള്ള ഇടം തേടിക്കൊണ്ടേ ഇരിക്കും.<< താങ്കളുടെ ഈ വരികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍

    പ്രിയപ്പെട്ട റോസാപ്പൂക്കള്‍,
    >>നമുക്ക് നമ്മുടെ എഴുത്തുകാര്‍ സുഹൃത്തുക്കളുടെ തെറ്റുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ചു കമന്റുകള്‍ ഇടാം.ബ്ലോഗിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരു വായനക്കാരനും 'വെറുതെ പുകഴ്ത്തുന്ന' കമന്റുകള്‍ ഇടാതിരിക്കുക.<<<
    ഈ വരികള്‍ക്ക് നിവര്‍ന്ന് നിന്ന് ഒരു സല്യൂട്ട്.

    മറ്റു എല്ലാവരുടെയും അഭിപ്രായങ്ങളും വിലയുള്ളതായി തന്നെ ഞാന്‍ കാണുന്നു.എല്ലാവര്‍ക്കും ആശംസകള്‍

    ReplyDelete
  19. നന്നായിട്ടുണ്ട് ഷെറീഫ്ക്ക. ഉചിതമായി പോസ്റ്റ്! ബ്ലോഗുകളിലെ സ്വാതന്ത്ര്യം, ആശയവിനിമയത്തിന്റെ വലിയ സാധ്യതകൾ ഒക്കെ വളരെ ആകർഷകമാണ്. പിന്നെ ഒരു രചന നന്നാവുന്നതും മോശമാവുന്നതും അത് എവിടെ പ്രസിദ്ധീകരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ലല്ലോ! ബ്ലോഗെഴുത്ത് അഭംഗുരം തുടരട്ടെ!

    ReplyDelete
  20. സത്യം പറഞ്ഞാല്‍, പുതിയ തലമുറയിലെ പിള്ളേര്‍ തീരെ വായനയില്ലാത്തവരാണ്. അത് ഇന്‍റര്‍നെറ്റിലായാലും. ബ്ലോഗുകള്‍ പൊതുവില്‍ വായന ആവശ്യപ്പെടുന്ന സാധനമായതിനാല്‍ ചെറുപ്പക്കാര്‍ അത് അവഗണിക്കുകയാണ്. വളരെ കുറച്ചുപേരുണ്ടാവാം..ഭൂരിപക്ഷം ചെറുപ്പക്കാരായ നെറ്റിസന്‍സും ബ്ലോഗുകളെപ്പറ്റി കേട്ടിട്ടുപോലുമില്ലെന്നതാണ് എന്റെ അനുഭവം. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പോയി നോക്കൂ. നാല്പതിനു മുകളിലുള്ളവരാണു കൂടുതലും അവിടെ വരുന്നവര്‍. ചെറുപ്പക്കാരികള്‍ കുറച്ചുണ്ട്. ചെറുപ്പക്കാര്‍ ഇല്ലെന്നുതന്നെ പറയാം. അഥവാ അവര്‍ വരുന്നുണ്ടെങ്കില്‍ത്തന്നെ പുസ്തകങ്ങള്‍ വാങ്ങുന്നതോ നോക്കുന്നതോ പോലും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. (അവിടെ പുസ്തകക്കച്ചവടം നടത്തുന്ന ചില സുഹൃത്തുകള്‍ പറഞ്ഞതാണ് ഇക്കാര്യം). ബ്ലോഗുകളില്‍ സജീവമായി എഴുതുന്നവരിലും അതു വായിക്കുന്നവരിലും മുപ്പതിനു താഴെ പ്രായമുള്ളവര്‍ ഉണ്ടാകുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു(.നമ്മള്‍ കുറച്ചു മധ്യവയസ്കരുടെയും വൃദ്ധരുടെയും ആത്മരതിയാണ് ബ്ലോഗുകള്‍.) ആ അര്‍ത്ഥത്തില്‍ വായനശാലകളെല്ലാം മരിച്ചതുപോലെ ബ്ലോഗുകളും മരിച്ചുകഴിഞ്ഞ ഒരു സംഗതിയാണെന്നു പറയാം.

    ReplyDelete
  21. മുകളിലെ കമന്റ് എഴുതിയ അജ്ഞാതന്‍ എന്റെ പോസ്റ്റ് വായിച്ചിട്ടില്ല എന്നുറപ്പ്.കമന്റുകളുടെ ആരംഭം കുറിച്ച മുനീറില്‍ തുടങ്ങി മത്താപ് ദിലീപിലൂടെ കടന്ന് വാല്യക്കാരനില്‍ എത്തി ചേരുമ്പോഴേക്കും 18, 20 വയസ് മുതല്‍ 30 വയസുവരെ ഉള്ള വലിയ യുവ നിരയെ കണ്ട് കഴിഞ്ഞിരിക്കും. പോസ്റ്റില്‍ അവരില്‍ ചിലരെ പ്രത്യേകമായി തന്നെ കൊടുത്തിട്ടുണ്ട്.

    ReplyDelete
  22. ബ്ലോഗും ബ്ലോഗെഴുത്തും മുരടിയ്ക്കുകയാണെന്നു കരുതുന്നവരെ എന്തു വിളിയ്ക്കണമെന്ന് ആലോചിയ്ക്കുകയാണു ഞാൻ. അതുപോലെ തുടരെ വരുന്ന മീറ്റുകളും ബ്ലോഗിന്റെ തളാർച്ചയ്ക്കു കാരണമായത്രെ....! യഥാർത്ഥത്തിൽ എന്താണു സംഭവിയ്ക്കുന്നതെന്നും സംഭവച്ചതെന്നും ബൂലോകത്തും ഭൂലോകത്തും അത്യാവശ്യം സഞ്ചരിച്ചിട്ടുള്ളവർക്ക് അറിയാവുന്നതാണ്. സ്വന്തമായി ബ്ലോഗെഴുതുകയും മറ്റുള്ളവരുടെ ബ്ലോഗുകൾ വായിയ്ക്കുകയും ചെയ്യുന്ന സാധാരണക്കാരായ ബ്ലോഗർമാർക്ക് ഇവിടം സ്വർഗ്ഗം തന്നെയാണ്. ആളറിയാതെ കലഹിച്ചും തെറിവിളിച്ചും (കളിയായും കാര്യമായും)നടന്ന ചിലരെങ്കിലും മീറ്റുകൾ കഴിയുന്തോറും കൂടുതൽ ആത്മ ബന്ധം മുറുകുന്നവരായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഒരു പുസ്തകവും അച്ചടിച്ച് അച്ചടിക്കൂലിയെങ്കിലും മുതലായിക്കിട്ടാൻ നോക്കിനടക്കുന്ന പ്രിന്റു മീഡിയയിലെ പലരേയും എനിയ്ക്ക് നേരിട്ടറിയാം. ചില അപ്പന്മാരാവട്ടെ പോസ്റ്റിൽ സൂചിപ്പിച്ച പോലെ പരസ്പരം പ്രകീർത്തിച്ച് സ്വയം പ്രശസ്ഥരായി അറിയപ്പെടുന്നു. അത്തരക്കാരുടെ സൃഷ്ടികൾ മാത്രം പ്രസിദ്ധീകരിയ്ക്കുന്ന കടലാസ് മാധ്യമങ്ങളും! പ്രസിദ്ധീകരിച്ച അടുത്ത സെക്കന്റിൽത്തന്നെ വായനക്കാരുടെ അഭിപ്രായം അറിയാൻ കഴിയുന്ന വേറേ ഏതു മാധ്യമമാണ് ഉള്ളത്? മീറ്റുകൾ ബ്ലോഗർമാരെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പറഞ്ഞറിയിയ്ക്കാൻ സാധിയ്ക്കാത്ത ഊഷ്മളമായ ഒരു ബന്ധമാണ്. അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ. പ്രിന്റ് മീഡിയയിലെ പ്രശസ്തരായ എഴുത്തുകാരുടെ സൃഷ്ടികൾ വായിയ്ക്കുന്നവരും എഴുത്തുകാരും ഒന്നു മീറ്റി നോക്കട്ടെ എത്രത്തോളം വരുമെന്ന് കണ്ടറിയണം! ബ്ലോഗർമാർ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ജ്യോനവൻ, രമ്യ ആന്റണി, പുളിയ്ക്കൽ മുസ്തഫ, ജിത്തു തുടങ്ങി ഇതെഴുതുന്നവൻ വരെ അനുഭവിച്ചറിഞ്ഞതാണ്. ഇത് ബ്ലോഗിൽ മാത്രം നടക്കുന്നതാണ്. എഴുത്തുകാർ തമ്മിലുള്ള ഈ അടുപ്പം ബ്ലോഗിൽ മാത്രമേ യഥാർത്ഥത്തിൽ കാണുന്നുള്ളൂ എന്നാണ് എനിയ്ക്കു തോന്നുന്നത്.
    ബ്ലോഗെഴുതുന്നവർ മാത്രമാണു ബ്ലോഗു വായിയ്ക്കുന്നതെന്നാണോ ഇവരുടെയൊക്കെ വിചാരം. സ്ഥിരമായി ബ്ലോഗുകൾ വായിയ്ക്കുന്ന ഒരു മെയിൽ ഐഡിപോലുമില്ലാത്ത ധാരാളം പേരെ എനിയ്ക്കു നേരിട്ടറിയാം. പണ്ട് സിനിമയിലേയ്ക്കുള്ള കാൽവയ്പായി സീരിയലിനെ കണ്ടവർ ഇന്ന് സിനിമവിട്ട് സീരിയലിൽ ശ്രദ്ധിയ്ക്കുന്നതുപോലെ അച്ചടിമാധ്യമങ്ങളിൽ മാത്രം തിളങ്ങിനിന്ന പലരും ഇ-മയാളത്തിലേയ്ക്കു കടന്നുവരുന്നത് കിലർക്കെങ്കിലും സഹിയ്ക്കുന്നുണ്ടാവില്ല. അവർക്കാകണം ബ്ലോഗും ബ്ലോഗരും വെറും ചവറുകളാകുന്നത്. ഇന്ന് ഏറ്റവും നല്ല സൃഷ്ടികൾ വരുന്നത് ബ്ലോഗിൽക്കൂടി തന്നെയാണ്. നാലുപേർ വായിച്ച് അപ്പോൾത്തന്നെ റിസൾട്ടു കിട്ടുന്നതിനാൽ പരമാവധി നന്നായി എഴുതാൻ ബൂലോകർ ശ്രമിയ്ക്കുകയും ചെയ്യും. പല പ്രശസ്ഥരുടേയും അച്ചടിച്ച പലതും അലമാരയിൽത്തന്നെ അട്ടിയിടേണ്ടി വന്നത്. അത് ഉദാത്ത സൃഷ്ടികൾ കൊണ്ടാവണം!

    ReplyDelete
  23. മുല്ലപ്പെരിയാർ പോലെയുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇത്രയും കാര്യക്ഷമമായി മറ്റേതു കൂട്ടായ്മയാണ് പ്രതികരിച്ചിട്ടുള്ളത്? അതുപോലെ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇത്രയും വേഗത്തിൽ കാര്യക്ഷമമായി നടപ്പിൽ വരുത്തുന്ന ലോകമാസകലം വേരുകളുള്ള ഏതു സംഘടനയാണു നിലവിലുള്ളത്. ദേശഭാഷാവ്യത്യാസങ്ങളില്ലാതെ ഓരോ നല്ല കാര്യങ്ങൾക്കു വേണ്ടിയും നമ്മൾ സംഘടിയ്ക്കുമ്പോൾ അതു നേരേ കാണാൻ കഴിയാത്തത് തിമിരം ബാധിച്ചതു കൊണ്ടാവും!

    ബൂലോകത്ത് കാര്യക്ഷമമായി എഴുതുന്നവർ അതു കൃത്യമായി നിർവ്വഹിയ്ക്കുന്നുണ്ട്. അവർ അതു ചെയ്തുകൊണ്ടിരിയ്ക്കും. തൽക്കാലത്തേയ്ക്കു വന്നുപോകുന്നവർ മറ്റേതു മാധ്യങ്ങളിലേതുമ്പോലെ ഇവിടെയുമുണ്ടാകാം. കുടുംബത്തിൽ ഒരാൾക്കു കാര്യ പ്രാപ്തിയില്ലെങ്കിൽ എല്ലാരെയുംപറ്റി പറഞ്ഞാൽ അത് സ്വന്തം കുടുംബത്തെക്കുറിച്ചാവുമ്പൊ ആർക്കായാലും പൊള്ളും. ബ്ലോഗിലുള്ള ചവറുകൾ കട്ടെടുത്ത് സിനിമയും സീരിയലും നിർമ്മിയ്ക്കുകയും ഏതെങ്കിലും ബ്ലോഗർമാരുടെ സൃഷ്ടികളിലെ കാമ്പുമാത്രമെടുത്ത് നോവലെഴുതുകയും ചെയ്യുന്നവർ ഇന്ന് ഭൂലോകത്തുണ്ടെന്ന് മറക്കണ്ടാ...

    ReplyDelete
  24. തകർപ്പൻ പോസ്റ്റ്, ഷെറീഫിക്ക!


    ‘അജ്ഞാതൻ’പറഞ്ഞതിൽ ഒരു കാര്യം അംഗീകരിക്കാം. മുപ്പതിൽ കൂടുതൽ പ്രായമുള്ളവരായിരുന്നു ആദ്യകാല ബ്ലോഗർമാരിൽ ഭൂരിഭാഗവും. എന്നാൽ പുതുതായി വരുന്ന ബ്ലോഗർമാർ ബഹുഭൂരിപക്ഷവും മുപ്പതു വയസിൽ താഴെ പ്രായമുള്ളവരാണ്.

    ജിക്കു വർഗീസ്
    മത്താപ്പ്
    കണ്ണൻ
    കൂതറ ഹാഷിം
    പ്രവീൺ വട്ടപ്പറമ്പത്ത്
    മഹേഷ് വിജയൻ
    ശ്രീജിത്ത്
    സോണിയ പടമാടൻ
    കിങ്ങിണിക്കുട്ടി
    മഞ്ഞുതുള്ളി
    പാക്കരൻ
    കോവാലൻ
    ഷബീർ തിരിച്ചിലാൻ
    കണ്ണനുണ്ണി
    തബാരക് റഹ്മാൻ
    ദേവൻ
    ജാബിർ
    നൈന സിദ്ദിഖ്
    ഹൈനക്കുട്ടി
    അഞ്ജു നായർ....

    ഇവരെല്ലാം അക്കൂട്ടത്തിൽ എപെടുന്നവരാണ്!

    എന്നാലും ചെറുപ്പക്കാരായ ബ്ലോഗർമാരുടെയും, വായനക്കാരുടെയും സംഖ്യ ഇതിലും വളരെയേറെ ഉയർത്താൻ നമുക്കു കഴിയും. അല്പം പണിയെടുക്കണം, മലയാളം ബൂലോകത്തിനായി.

    ആ പണി ഏറ്റെടുക്കാൻ മുന്നിൽ നിൽക്കാൻ ഞാൻ തയ്യാറാണ്. ഒപ്പം കൂടാൻ പത്തിരുപതാളുകൾ വേണം കേരളത്തിലുടനീളം.

    കോളേജുകൾ കേന്ദ്രീകരിച്ച് ബ്ലോഗ് ശില്പശാലകൾ നടത്തണം. ഉദ്ഘാടനം തൃപ്പൂണിത്തുറ ആയുർവേദ കോളേജിലാകാം. (കുട്ടികൾ അത് ഇങ്ങോട്ടാവശ്യപ്പെട്ടു കഴിഞ്ഞു!)

    അപ്പോ, നമ്മൾ തുടങ്ങുകയല്ലേ!?

    ReplyDelete
  25. ശ്രീ ജയൻ ദാമോദരൻ ഈ പോസ്റ്റിനെ കുറിച്ച്‌ അദ്ദേഹത്തിന്റെ ഒരു പോസ്റ്റിൽ പരാമർശിച്ചതു കണ്ടു വീണ്ടും വന്നതാണ്‌. ഇവിടെ ഒരു കമന്റ്‌ ഞാനിട്ടിരുന്നു.. അതിപ്പോൾ കാണാനില്ല!. ആകെ confusion!!

    ReplyDelete
  26. സാബു എം എച്ച്,
    ഗൂഗിളിന്, ചിലപ്പോൾ ഇങ്ങനത്തെ തമാശകൾ തോന്നാറുണ്ട്. ഇതും അതിന്റെ ഭാഗമായിരിയ്ക്കും, സാരമില്ല, താനേ ശരിയായിക്കൊള്ളും..

    ReplyDelete
  27. കൊടുക്ക് കൈ, കൊട്ടോട്ടീ, സംഗതി കലക്കി.

    പ്രിയപ്പെട്ട സാബു എം.എച്, കമന്റ് എങ്ങും പോയില്ല, അത് പോസ്റ്റില്‍ തന്നെ ഉണ്ട്. അബദ്ധം ഗൂഗുളിനല്ലാ എനിക്കാണ് പറ്റിയത്. ഈ പോസ്റ്റ് ലേഖനം വിഭാഗത്തില്‍ പെടുത്തി ആദ്യം പോസ്റ്റ് ചെയ്തു. സാധനം എങ്ങോട്ട് പോയി എന്ന് കാണാന്‍ പറ്റിയില്ല. ശരി വീണ്ടും ശ്രമിക്കാം എന്ന് കരുതി പ്രതികരണം വിഭാഗത്തില്‍ വിക്ഷേപിച്ചു. അത് ഉദ്ദേശിച്ച സ്ഥലത്തെത്തി. പിന്നെ ബൂലോഗം ഓണ്‍ ലൈന്റെ പുറകേ പോയി അവിടെ നിന്നും വിക്ഷേപിച്ചു. ചിരിക്കാതെന്ത് ചെയ്യും; അത് പബ്ലിഷ് ചെയ്തു വന്നത് ചിത്രങ്ങള്‍ വിഭാഗത്തില്‍. അങ്ങിനെ ചിന്ത അഗ്രിഗേറ്ററില്‍ രണ്ട് സ്ഥലത്ത് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അതില്‍ ഒരെണ്ണത്തില്‍ സാബുവിന്റെ കമന്റ് മിന്നി തിളങ്ങി നില്‍ക്കുന്നുണ്ട്.

    പ്രിയ ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, എങ്ങിനെ നന്ദി പറയണമെന്നറിയില്ല, ഈ കൊച്ചു ചുള്ളന്മാരുടെയും ചുള്ളത്തികളുടെയും പേരുകള്‍ അപ്പോള്‍ ഓര്‍മ്മ വന്നില്ല.മത്താപ്പ് സെറ്റിനെപറ്റിയെല്ലാം ഓര്‍മ്മ വന്നു. ആ പ്രവീണ്‍ വട്ടപ്പറംബത്ത് ഇനി എന്നെ കാണുമ്പോള്‍ എന്നെ മറന്നോ ഇക്കാ എന്നും പറഞ്ഞ് എന്നെ വെടിവെക്കുമോ എന്ന ഭയത്തിലാണ് ഞാന്‍ . അതേ പോലെ തബാറക്കും.
    താങ്കള്‍ പറഞ്ഞ പ്രോഗ്രാമിന് എന്റെ എല്ലാവിധ പിതുണയും. നമുക്ക് ശ്രമിക്കാം, തീര്‍ച്ചയായും ഫലം ലഭിക്കും.

    പ്രിയപ്പെട്ട ശ്രീ നാഥ്, “പേരു പിന്നെപ്പറയാം“
    സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളേ!

    ReplyDelete
  28. അപ്പോ ഷെരീഫിക്ക, മറ്റു സുഹൃത്തുക്കളെ....

    മലയാളം ബൂലോകം മലയോളം വളരാൻ നമുക്കൊന്നു പരിശ്രമിക്കാം.

    വരൂ, സുഹൃത്തുക്കളേ! നമുക്ക് ചരിത്രം രചിക്കാം!

    http://jayanevoor1.blogspot.com/2011/12/blog-post_10.html

    ReplyDelete
  29. പ്രസക്തമായ ഈ കുറിപ്പിനു നന്ദി ഷരീഫിക്കാ

    ReplyDelete
  30. അച്ചടിമാധ്യമങ്ങളില്‍ വെളിച്ചംകാണുന്നന്നവയാണ് രചനാമേന്മയുടെ നിദാനം എന്നില്ല. എങ്കില്‍ എന്റെതും മഹത്തായ രചനകള്‍ ആണ് എന്ന് പറയേണ്ടിവരും!!
    പത്രങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുബോള്‍ ബ്ലോഗിന്റെ അനന്ത സാധ്യതകള്‍ അറിഞ്ഞ് പത്രങ്ങളെ ബഹിഷ്കരിച്ചു ബ്ലോഗ്‌ തുടങ്ങിയവനാണ് ഈയുള്ളവന്‍. പത്രങ്ങളില്‍ വരുന്ന നമ്മുടെ കൃതികളെക്കള്‍ വായനക്കാര്‍ ബ്ലോഗില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. മാത്രമല്ല; മറ്റുള്ളത്തില്‍നിന്ന് വിഭിന്നമായി തല്ലും തലോടലും എളുപ്പം ലഭിക്കുകയും ചെയ്യും.

    അതിനാല്‍ മേന്മയുള്ള രചനകള്‍ ബ്ലോഗ്‌ ആയാലും പത്രം ആയാലും എല്ലാം ഒരേ രീതിയില്‍ തന്നെ കാണുന്നതാണ് ഉചിതം.
    ഈയിടെ തുടങ്ങിയ ചില പിള്ളാരുടെ ബ്ലോഗ്‌ സൃഷ്ടികള്‍ വായിച്ചാല്‍ ഇന്നത്തെ മുന്‍നിരഎഴുത്തുകാരെ വെല്ലുന്നവയാണെന്ന് തോന്നാറുണ്ട്.
    പിന്നെ,ബ്ലോഗ്‌ വിമര്‍ശകര്‍ പെരുകുന്നത് ബ്ലോഗിന് ഗുണമേ ചെയ്യൂ.. കാരണം; ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും എന്താണ് ബ്ലോഗ്‌ എന്നറിയില്ല. വിമര്‍ശിക്കപ്പെടുമ്പോള്‍ കേള്‍വിക്കാരന് അതെന്താണ് എന്നറിയാനുള്ള ജിജ്ഞാസ ജനിക്കുകയും അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യും ..അതിനാല്‍ വിമര്‍ശകര്‍ പെരുകട്ടെ...

    ReplyDelete
  31. >>>പത്രങ്ങളെ ബഹിഷ്കരിച്ചു ബ്ലോഗ്‌ തുടങ്ങിയവനാണ് ഈയുള്ളവന്‍<<<

    ഈ വരിക്ക് ആയിരമായിര്‍ം അഭിവാദനങ്ങള്‍

    ReplyDelete
  32. ബ്ലോഗെഴുത്തുകാർക്ക് അർഹമായ പരിഗണനയും ബഹുമാനവും ഇതിനുപുറത്തുള്ളവർ കൊടുക്കുന്നില്ല എന്നുതന്നെ എന്റെയും അഭിപ്രായം. (അത് ‘ഇരിപ്പിട’ത്തിലൂടെ ഞാനും സൂചിപ്പിച്ചിട്ടുണ്ട്.) ബ്ലോഗെഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി ഞാനും എന്നാലാവുംവിധം ശ്രമിക്കുന്നുണ്ട്. ഇരിപ്പിടത്തിലെ ‘അവലോകന’ത്തിൽക്കൂടി ഒരു കഥാമത്സരം കൊടുക്കുകയും, ഒന്നാം സമ്മാനമായി ആയിരത്തിയഞ്ഞൂറു രൂപയും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും ഞാൻ നൽകിയാണ്, ഈ ഉദ്ദേശം സഫലീകരിക്കുന്നത്. അത് വേണ്ടുന്ന തലത്തിൽ അറിയപ്പെടുന്നില്ല എന്നു തോന്നുന്നു. അവിടെയും ഇവിടെയും കമെന്റ് ബോക്സിൽ വന്നിട്ടുള്ള ശ്രീ.പട്ടേപ്പാടം, ശ്രീ.മനോരാജ്, ശ്രീ.കലാവല്ലഭൻ, ശ്രീ.സാബു.എം.എച്ച് മുതലായ സുഹൃത്തുക്കൾ, ഈ വിവരം സദയം മറ്റുള്ളവരെക്കൂടി അറിയിപ്പിച്ചാൽ വളരെ പ്രചാരമാകും. ( ഒരു വ്യക്തി സമ്മാനം കൊടുക്കുന്ന ആദ്യസംരംഭം ഇതാണോ എന്ന് എനിക്കറിയില്ല. എങ്കിലും പുതിയ എഴുത്തുകാർക്ക് നൽകാവുന്ന ചെറിയ നിർദ്ദേശങ്ങൾ ഞാൻ നൽകാറുണ്ട്.) ശ്രീമാൻ ഷെരീഫ് കൊട്ടാരക്കര എന്റെ ‘അവലോകനം’ ശ്രദ്ധിക്കുമല്ലോ. ഈ ലേഖനത്തിന് അനുമോദനങ്ങൾ.......

    ReplyDelete
  33. പ്രിയപ്പെട്ട വി.എ.
    താങ്കളുടെ അവലോകനത്തില്‍ പോയി.
    ബ്ലോഗിന്റെ ഉന്നമനത്തിനായി താങ്കള്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും സര്‍വാത്മന പിന്തുണ അറിയിക്കുന്നു.ആശംസകള്‍.

    ReplyDelete
  34. നിലവാരമുള്ള പലബ്ലോഗ്ഗുകള്‍ക്കും വായനക്കാരില്ലാതെ പോകുന്നത് കാണാനുണ്ട്.എന്റെ ഒരഭിപ്രായത്തില്‍ സ്ഥിരമായി ബ്ലോഗ്ഗുകള്‍ വായിക്കുകയും കമന്റൂകയും ചെയ്യുന്ന ‘പട്ടേപാടം റാംജി,മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം ‘ എന്നിവര്‍ നേതൃത്വം ഏറ്റെടുത്തു മെയില്‍ വഴി പുതിയ പോസ്റ്റുകളെക്കുറിച്ചു അറിയിപ്പുകള്‍ കൊടുക്കുന്നത് നന്നായിരിക്കും.ഒരു മാസത്തില്‍ ഒരു ബ്ലോഗ്ഗെര്‍ക്ക് ഒരു പോസ്റ്റ് ഇമയില്‍ ആയി അവര്‍ക്കു അയക്കാം എന്ന നിബന്ധന വെക്കുകയും വേണം.അവര്‍ അയക്കുന്ന ബ്ലോഗ്ഗ് പോസ്റ്റുകള്‍ വായിച്ചു കമന്റിട്ട് ബ്ലോഗ്ഗെര്‍മാര്‍ സഹകരിക്കുകയും ചെയ്യുക.

    ReplyDelete
  35. മുനീറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനോടൊപ്പം മറ്റൊരു നിര്‍ദ്ദേശവും വെക്കുകയാണ്.
    കുറച്ച് നാള്‍ മുമ്പ് ശ്രീ രമേഷ് അരൂര്‍ പോസ്റ്റുകളെ അവലോകനം ചെയ്ത് കൊണ്ടുള്ള ഒരു പംക്തി ആരംഭിച്ചിരുന്നു. പിന്നീട് എന്തു കൊണ്ടോ അദ്ദേഹം അത് തുടര്‍ന്നതായി കണ്ടില്ല. പ്രതിവാരം അങ്ങിനെ ഒരു പംക്തി ആരംഭിക്കുകയും പോസ്റ്റുകള്‍, അത് കഥ ആയാലും ലേഖനമായാലും കവിതാ ആയാലും ശരി നിരൂപണം ചെയ്ത് ആ പംക്തിയില്‍ ഇടുകയും ചെയ്യുമ്പോള്‍ ബ്ലോഗ് പോസ്റ്റുകള്‍ക്ക് നിലവാര തകര്‍ച്ച നേരിടാതെ സൂക്ഷിക്കാന്‍ കഴിയുമായിരുന്നു.ഒരാളോ ഒന്നിലധികം പേര്‍ ചേര്‍ന്നുള്ള കൂട്ടായ്മയോ ഇപ്രകാരം ഒരു പംക്തി തുടങ്ങിയാല്‍ കൊള്ളാം.

    ReplyDelete
  36. വളരെ നല്ല വിവരണം .. നമ്മള്‍ എന്തെഴുതുന്നു എന്നതിനെക്കാള്‍ എഴുതുന്നതില്‍ വല്ല കാമ്പും കാതലും ഉണ്ടോ വല്ല സന്ദേശവും വായനക്കാര്‍ക്ക്‌ എത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു, .ബ്ലോഗുകള്‍ക്ക്‌ നിലവാരം കുറയുന്നതിന്റെ പ്രധാന കാരണം ഇവിടെ എഡിറ്റര്‍ നമ്മള്‍ തന്നെ..
    പക്ഷെ വായനക്കാരുടെ അഭിപ്രായത്തെ നാം ആതിന്റെ പ്രാധാന്യത്തോടെ നാം മനസ്സിലാക്കി വിലയിരുത്തിയാല്‍ നമ്മുടെ എഴുത്തിനെ നമുക്ക് നിലവാരമുള്ള തലത്തിലേക്ക് കൊണ്ടെത്തിക്കാന്‍ സാധിക്കും,, പല ബ്ലോഗറും ഉറക്കെ പറഞ്ഞ രഹസ്യം ഇവിടെ നിങ്ങള്‍ വിശദമായി പരസ്യമായി പറഞ്ഞിരിക്കുന്നു.. ...ആശംസകള്‍..

    ReplyDelete
  37. ശക്തമായ രചന. അഭിനന്ദനങ്ങള്‍!

    ReplyDelete
  38. എന്‍റെ നോവലായ '' ഓര്‍മ്മത്തേറ്റുപോലെ '' പുസ്തകമായി പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു പ്രസാധകന്‍ പറഞ്ഞതെന്താനെന്നോ '' നിങ്ങള്‍ക്ക് ഇത് ബ്ലോഗിലിടേണ്ട വല്ല ആവശ്യവും
    ഉണ്ടായിരുന്നോ എന്നാണ് ''. ഷെറീഫ് സാര്‍ 
    ആ സമീപനത്തെക്കുറിച്ച് എഴുതിയത് കണ്ടപ്പോള്‍ സമാധാനമായി.

    ReplyDelete
  39. എന്‍റെ നോവലായ '' ഓര്‍മ്മത്തേറ്റുപോലെ '' പുസ്തകമായി പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഒരു പ്രസാധകന്‍ പറഞ്ഞതെന്താനെന്നോ '' നിങ്ങള്‍ക്ക് ഇത് ബ്ലോഗിലിടേണ്ട വല്ല ആവശ്യവും
    ഉണ്ടായിരുന്നോ എന്നാണ് ''. ഷെറീഫ് സാര്‍ 
    ആ സമീപനത്തെക്കുറിച്ച് എഴുതിയത് കണ്ടപ്പോള്‍ സമാധാനമായി.

    ReplyDelete
  40. എല്ലാ ബ്ലോഗ്ഗര്‍മാരുടെയും പ്രതിനിധിയായി ഷെരിഫിക്കാ എഴുതിയ ഈ ലേഖനം വളരെ മികച്ചതായി . ശ്രീ. രമേശ്‌ അരൂര്‍ തുടങ്ങി വെച്ച 'ഇരിപ്പിടം' എന്ന ബ്ലോഗ്‌ സാഹിത്യ അവലോകനം ഇപ്പോള്‍ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. (ഇവിടെ ലിങ്ക് ഇടുന്നതില്‍ വിരോധമുണ്ടാവില്ല എന്ന്‌ കരുതുന്നു)

    ReplyDelete
  41. പ്രിയപ്പെട്ട ഉമ്മു അമ്മാര്‍,
    മിനി,
    കേരളദാസനുണ്ണി,
    കുഞ്ഞൂസ്
    അഭിപ്രായങ്ങള്‍ക്ക് ഏറെ നന്ദി സുഹൃത്തുക്കളേ!

    ReplyDelete