Tuesday, March 21, 2017

കടന്ന് പോയ സൗഹൃദമേ!

കടന്ന് പോയ അവസാനമില്ലാത്ത  ദിനങ്ങളിൽ  ഒന്നിൽ പെട്ടെന്ന് തുടങ്ങി വെച്ചതല്ലായിരുന്നു ആ സൗഹൃദം. പടിപടിയായി  ജീവിതത്തിലേക്ക് മൗനരാഗമായി  കടന്ന് വന്നതായിരുന്നല്ലോ ആ ബന്ധം.  ഏറ്റവും രസകരമായ  വശം ജീവിതത്തിൽ ആ വ്യക്തിയുമായി ഒരിക്കൽ പോലും മിണ്ടിയിട്ടില്ലായിരുന്നു  എന്നതാണ്. മൗനരാഗം തന്നെ. രണ്ട്  പേ ർക്കും പരസ്പരം അറിയാം, രണ്ട് പേരും തമ്മിൽ കാണാൻ സമയമെടുത്ത് കാത്തിരുന്നു,  പക്ഷേ ഒരിക്കൽ പോലും സംസാരിക്കാൻ ഒരുമ്പെട്ടില്ലായിരുന്നു. അങ്ങിനെ പിരിയേണ്ട ദിനം വന്നു.  എങ്ങോ എവിടെയോ പോയി.  ജീവിത തിരക്കുകൾക്കിടയിൽ  വല്ലപ്പോഴും ഓർക്കും അത്ര തന്നെ.  കാലം പിന്നിട്ട് എല്ലാറ്റിനും പക്വതയും പാകതയും വന്നപ്പോൾ  ഒന്ന് കാണാൻ കൊതി.  നാട്ടിൽ പോകുമ്പോഴെല്ലാം തിരക്കി നടന്നു. കിട്ടിയ തുമ്പുകളിൽ പിടിച്ച് അന്വേഷണം  തുടർന്നു. ഒരിക്കലും കാണാൻ പറ്റിയില്ല.
ഇതാ ഇവിടെ ഈ സന്ധ്യാ വേളയിൽ  ഇരുട്ട് എവിടെ നിന്നോ പതുക്കെ പതുക്കെ കടന്ന് വരുമ്പോൾ മനസിലും ഇരുട്ട് പരക്കുന്നു.  ഇന്ന് കണ്ട  പഴയ സ്നേഹിതനിൽ നിന്നും  ആ വിവരം അറിഞ്ഞു. ആൾ എന്നെന്നേക്കുമായി പോയി കഴിഞ്ഞിരിക്കുന്നു.  സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  മറഞ്ഞ് പോയ ആളെയാണ് തിരക്കി നടന്നിരുന്നത്.എവിടെയോ ഏതോ സ്ഥലത്ത് ആ വ്യക്തി ഊർദ്ധൻ വലിക്കുമ്പോൾ  ഒന്നുമറിയാതെ സ്വന്തം    കാര്യങ്ങളിൽ  അപ്പോൾ ഞാൻ മുഴുകി ഇരുന്നിരിക്കാം.
ഇപ്പോൾ ഈ ഇരുട്ടിൽ അത് ആലോചിക്കുമ്പോൾ  മനസിൽ  വല്ലാത്ത നീറ്റൽ. എപ്പോഴും  മനസിലെ തിങ്ങൽ കുറക്കുന്നത് മുഖപുസ്തകത്തിലൂടെയാണല്ലോ.ഇപ്പോഴും അത് ചെയ്യുക മാത്രമാണ് പ്രതിവിധി.

Thursday, March 16, 2017

വിഷ വാതകങ്ങൾ

പ്രശസ്ത സാഹിത്യകാരനായ  സി.രാധാക്രിഷ്ണൻ പണ്ടൊരിക്കൽ പറയുകയുണ്ടായി  " ഒരു തോർത്ത് മുണ്ട് പുതച്ചാൽ  തീരുന്ന കുളിരും  ആ തോർത്ത് ചുരുട്ടി വീശിയാൽ  തീരുന്ന ഉഷ്ണവും  മാത്രമേ ഈ മലയാള നാട്ടിൽ  ഉണ്ടാകാറുള്ളൂ"  എന്ന്.  ആ  സുന്ദര  സുരഭില മായ നല്ല നാളുകൾ  ഈ നാട്ടിൽ നിന്ന് എന്നോ പോയി മറഞ്ഞിരിക്കുന്നു.  അത്യുഷ്ണമാണ് ഇന്ന് കേരളത്തിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അൽപ്പമായ കുളിര് പോലും അനുഭവപ്പെടാൻ തക്കവണ്ണം മഴയും ഇവിടെ ലഭിക്കുന്നില്ല.
എന്താണ്` ഈ അവസ്ഥക്ക്  കാരണമെന്ന് ആരും ചിന്തിക്കുന്നതുമില്ല. മരങ്ങൾ വെട്ടി നശിപ്പിച്ചതിനാലും  തണ്ണീർ തടങ്ങൾ നികത്തപ്പെട്ടതിനാലുമാണ്  ഈ ദുരവസ്ഥക്ക്  കാരണമായി പലരും പറയുമ്പോഴും അത് മാത്രമല്ല കാരണമെന്ന് നിരീക്ഷിച്ചാൽ ബോദ്ധ്യപ്പെടുമല്ലോ
.
അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ വർദ്ധനയോടൊപ്പം നമ്മുടെ ശീതീകരണികൾ വരുത്തി വെക്കുന്ന  ഉപദ്രവവും ചില്ലറയൊന്നുമല്ല.
 ആവശ്യത്തിന്റെ മുഖം മൂടി അഴിച്ചിട്ട് ആഡംബരത്തിന്റെ വഴിയിലാണിപ്പോൾ ഫ്രിഡ്ജ് സഞ്ചരിക്കുന്നത്  . വീടായാൽ ഫ്രിഡ്ജ് വേണം എന്ന മട്ടിലാണിപ്പോൾ കാര്യങ്ങളുടെ പോക്ക്.  പപ്പടം പോലും പൊരിച്ച് ഫ്രിഡ്ജിൽ വെച്ചതിന്  ശേഷമേ അത് ഉപയോഗിക്കൂ എന്ന ശീലം മലയാളി വീട്ടമ്മമാരിൽ എന്നേ  വേരൂന്നിക്കഴിഞ്ഞു.
ഫ്രിഡ്ജിന്  ശേഷം ഇപ്പോൾ രംഗത്തുള്ളത് എയർകണ്ടീഷണറാണ്.
"എ.സി.യിലാണ് എന്റെ ഉറക്കമെന്നോ എ.സി. ഇടാൻ മറന്നതിനാൽ ഞാൻ ഇന്നലെ ഉറങ്ങിയതേ ഇല്ല എന്നോ " .ഒക്കെയാണ് പൊങ്ങച്ചക്കാരുടെ  വീമ്പ് പറച്ചിൽ. ഫ്രിഡ്ജും  എയർകണ്ടീഷണറും  എത്രമാത്രം അപകടകരമായ വാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് ദിനം പ്രതി  തള്ളിവിടുന്നതെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ ! ഈ വാതകങ്ങൾ അന്തരീക്ഷത്തെ വിഷമയമാക്കുന്നതിലുപരി ചൂടിനെ അത്യുഗ്രനാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
മനുഷ്യന്റെ കരങ്ങളാണ് ഈ ഭൂമിയെ  നശിപ്പിക്കുന്നതെന്ന  വിശുദ്ധ വചനം  എത്രയോ അർത്ഥ പൂർണമായി ഈ കാലത്ത്  അനുഭവപ്പെട്ട്കൊണ്ടിരിക്കുന്നു.

Sunday, March 5, 2017

പെണ്ണും ഒരുങ്ങലും

ഏതെങ്കിലും ചടങ്ങിന്  പോകുവാൻ നമ്മുടെ കൂട്ടത്തിൽ  ഇടത് ഭാഗത്തെ കൂടി ക്ഷണിച്ചാൽ  പോകേണ്ട സമയത്തിന്  ഒരു മണിക്കൂർ മുമ്പ് മുതൽ  വീട്ടിൽ നിന്നുമിറങ്ങാൻ  നമ്മൾ  ആവശ്യപ്പെടണം. അപ്പോൾ മുതൽ ആരംഭിക്കുന്ന ഒരുങ്ങൽ  ഒരു മണിക്കൂർ സമയമെടുത്തേ അവസാനിക്കൂ.  ചെറുപ്പക്കാരിയായാലും  തൈക്കിളവിയായാലും ഈ ഒരുങ്ങൽ നിർബന്ധമായി  പാലിച്ചിരിക്കും. എല്ലാം  ധരിച്ച് കഴിഞ്ഞാലും  പിന്നെയും കണ്ണാടിയുടെ മുമ്പിൽ പല ആങ്കിളിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും  നോക്കി കൊണ്ടിരിക്കുമ്പോൾ നമ്മൾ അക്ഷമയോടെ വിളിക്കുന്നു  "സമയം കഴിയുന്നു, ഒന്നിറങ്ങി വരുന്നുണ്ടോ? "
ദാ! വരുന്നേ...ദാ..ഇറങ്ങി..... പിന്നെയും എടുക്കും അര മണിക്കൂർ.
ഒരുങ്ങിയാലും ഒരുങ്ങിയാലും മതിയാകാത്തവരാണ് മഹിളകൾ.
ഈ കാര്യത്തെ പറ്റി  നമ്മൾ കുറ്റപ്പെടുത്തിയാൽ അവർ തിരിച്ച് ചോദിക്കും " നിങ്ങൾ ആണുങ്ങൾ ഒരുങ്ങാറില്ലേ? "
ആണുങ്ങൾ എന്ത് ഒരുങ്ങാനാണ്; ഒന്ന് താഴേ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റണം. മറ്റൊന്ന് മുകളിൽ നിന്നും താഴോട്ടിടണം,  പൊട്ട് തൊടൽ, കണ്ണെഴുത്ത്, മുടി ചീകി പിന്നി ഇടൽ..... ഊങ്ഹും..അങ്ങിനെയുള്ള  ഒരു പരിപാടിയും ഇല്ല.  അഥവാ ആണിന് സൗന്ദര്യം  പ്രകൃതിയാൽ  തന്നെ ഉണ്ട്. നാല് ചുറ്റും കണ്ണോടിച്ച് നോക്കുക.  പൂവൻ കോഴിക്കാണ് സൗന്ദര്യം, ആ പൂവും തലയെടുപ്പും  അതൊരു ചന്തമാണേ! ആൺ മയിലാണ് പീലി വിടർത്തി ആടുന്നത്, പെണ്ണല്ല. കൊമ്പനാനയാണ് ഗംഭീരൻ പിടിയാനയല്ല.  ആ സിംഹത്തിനെ ഒന്ന് നോക്കുക. ആൺ സിംഹത്തിന്റെ സടയും മുടിയും ആ നിൽപ്പും,  അതൊരു സൗന്ദര്യ നിറയാണേ ! പെൺ സിംഹം വലിയ ഒരു പട്ടിയെ പോലിരിക്കും. മനുഷ്യരിൽ മാത്രം  പെൺ വർഗത്തിനാണ്  സൗന്ദര്യം പോലും.  ഇതാര് മെനഞ്ഞുണ്ടാക്കിയ  നുണയാണാവോ! മസിലും പെരുപ്പിച്ച്  ഒരു പുരുഷൻ  നിന്നാലുള്ള സൗന്ദര്യം പെണ്ണിനുണ്ടോ? ഇല്ലാത്തത് കൊണ്ടാണ് അത് ഉണ്ടെന്ന് വരുത്താൻ ഇത്രയും സമയമെടുത്ത് അവർ ഒരുങ്ങുന്നത്.
ഹയ്യോ! ആരാ  ഈ  ബഹളമുണ്ടാക്കി ഓടി വരുന്നത്....പെണ്ണുങ്ങളാണോ?.....ഞാൻ  ഓടി.......