Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Sunday, December 2, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ

8-12-2018  ശനിയാഴ്ച രാവിലെ 10 മണിക്ക് കൊട്ടാരക്കരയിൽ വെച്ച്  ഓൺലൈൻ സൗഹൃദങ്ങളുടെ ഒരു കൂട്ടായ്മ  നടത്തുവാനുള്ള ആലോചന  പലരുമായി പങ്ക് വെക്കുകയും  അതിനെ സംബന്ധിച്ച് ബ്ളോഗിലും എഫ്.ബി.യിലും പോസ്റ്റുകൾ ഇടുകയും ചെയ്തു.  ആശാവഹമായ പ്രതികരണമാണ് ആ പോസ്റ്റുകൾക്ക് കിട്ടിയത്.  ബന്ധപ്പെടുവാനായി ഞാൻ നൽകിയ 9744345476 എന്ന ഫോൺ നമ്പറിൽ ധാരാളം സുഹൃത്തുക്കൾ  വിളിക്കുകയും വിവരങ്ങൾ  ആരായുകയും  പലരും മീറ്റിൽ  പങ്കെടുക്കുവാൻ താല്പര്യപ്പെടുകയും ചെയ്തു എന്ന വസ്തുത സന്തോഷത്തോടെ അറിയിക്കട്ടെ.
ബ്ളോഗ് ലോകത്തെ പഴയ പുലികളിൽ പലരും   മീറ്റിലെത്താമെന്ന് അറിയിച്ചിരിക്കുന്നു. എല്ലാവരുടെയും പേരുകൾ ഞാൻ ഇവിടെ സൂചിപ്പിക്കാത്തത്  മറവിയാലോ നോട്ടപിശകിനാലോ ആരുടെയെങ്കിലും പേരുകൾ വിട്ടു പോവുകയും അത് ഒരു  കരടായി വരുകയും വേണ്ടാ എന്ന് കരുതിയാണ്. പുതിയ ആൾക്കാർ കൂടുതലും ഫെയ്സ് ബുക്കിലെ  സ്ഥിരം  സാന്നിദ്ധ്യം ആണ് അവരിൽ   ധാരാളം പേർ മീറ്റിന് വരാനുള്ള സന്നദ്ധത അറിയി ച്ചിട്ടുണ്ട്.   ഞാൻ  അവരെയും ഓൺ ലൈൻ സൗഹൃദം  ഇഷ്ടപ്പെടുന്ന  ബൂലോഗത്തെ  തഴക്കവും പഴക്കവും ഉള്ള പഴയ ബ്ളോഗേഴ്സിനെയും   ഹാർദ്ദമായി ഈ മീറ്റിലേക്ക് സ്വാഗതം ചെ യ്തു കൊള്ളുന്നു.
പരസ്പരം  പരിചയപ്പെടാനും  ആശയങ്ങൾ പങ്ക് വെക്കാനും  ലഭിക്കുന്ന ഈ  സന്ദർഭം പരമാവധി ഉപയോഗപ്പെടുത്തുവാൻ  ശ്രമിക്കുക. പെട്ടെന്ന് തന്നെ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നംബറിൽ ബന്ധപ്പെടുമല്ലോ. എത്ര പേർ വരുമെന്ന്  മുൻ കൂട്ടി അറിഞ്ഞാലല്ലേ  അന്നത്തെ ദിവസത്തെ മറ്റ് ക്രമീകരണങ്ങൾ  തയാറാക്കാൻ കഴിയൂ.  തലേ ദിവസം വരുന്നവർ ആ വിവരവും അറിയിക്കുക. കൊട്ടാരക്കരയിൽ കേരളത്തിലേ ഏത് ഭാഗത്ത് നിന്നെത്താനും ബസ്സും ട്രൈനും  ധാരാളം ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.       മലപ്പുറത്ത് നിന്നും തൃശൂർ നിന്നും  തൊടുപുഴ നിന്നും  അരൂർ നിന്നും കിളിമാനൂർ നിന്നും പുനലൂർ നിന്നും  അങ്ങിനെ വിവിധ സ്ഥലങ്ങളിൽ നിന്നുംസുഹൃത്തുക്കൾ വരുന്നുണ്ട്.
 കൊട്ടാരക്കര വരുന്ന വിവരം      നിങ്ങളും ഉടനെ തന്നെ  അറിയിക്കുക.   കൊട്ടാരക്കര  വന്ന് എന്നെ ഫോണിൽ വിളിക്കുക അത്രമാത്രമേ നിങ്ങൾ ചെയ്യേണ്ടൂ.
അപ്പോൾ  മറക്കരുത്  8-12-2018  രാവിലെ 10 മണി. കൊട്ടാരക്കര വെച്ച് ബ്ളോഗ് മീറ്റ്/ ഫെയ്സ് ബുക്ക്/ വാട്ട്സ് അപ് /  ഓൺലൈൻ സൗഹൃദ കൂട്ടായ്മ.

Saturday, March 29, 2014

അഞ്ച് വർഷം 344 പോസ്റ്റുകൾ

ബൂലോഗത്ത്  ഈയുള്ളവൻ  കടന്ന് വന്നിട്ട് അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 344  പോസ്റ്റുകൾ എന്റെ വകയായി ബൂലോഗത്ത് പിറവി എടുത്തു. ഫെയ്സ് ബുക്കിൽ നൂറ്  കണക്കിൽ  വേറെയും. ഇത് വരെ  71579   പേർ സന്ദർശകരായി വന്നു.   വലിയ  ഒരു സുഹൃദ് വലയം  എനിക്ക് ലഭിച്ചു എന്നത്  ബ്ലോഗറായതിന്റെ  മറ്റൊരു നേട്ടം. ബ്ലോഗ് മീറ്റിലെ  നേരിൽ പരിചയം വേറെയും. ഇത് വരെ എന്നോട് കാണിച്ച  ദയവും സ്നേഹവും  എന്നുമെന്നും പ്രതീക്ഷിക്കുന്നു.

Sunday, February 12, 2012

നീസാ വെള്ളൂര്‍ അന്തരിച്ചു

എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ!
വളരെ വേദനയോടെയാണ് ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നത്.ഇപ്പോള്‍ കൊട്ടോട്ടിക്കാരന്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് പകല്‍ മൂന്നു മണിക്ക് നമ്മുടെ നീസാ വെള്ളൂര്‍ അന്തരിച്ചു എന്ന് കൊട്ടോട്ടി എന്നെ അറിയിച്ചു. നീസായുടെ പിതാവ് കൊട്ടോട്ടിയെ ഫോണില്‍ അറിയിച്ചു എന്നാണ് എന്നോട് പറഞ്ഞത്. വാര്‍ത്ത ശരിയെങ്കില്‍ ഏറ്റവും ദു:ഖകരമാണ് ഈ വിയോഗം. കാരണം ഇന്നലെ കൊട്ടോട്ടി എന്നെ വിളിച്ച് ഈ കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. ബൂലോഗത്തിന്റെ കാരുണ്യം പ്രതീക്ഷിച്ച് അദ്ദേഹം പല പോസ്റ്റ് ഇട്ടെങ്കിലും പ്രതീക്ഷിച്ച പ്രയോജനം ഒന്നും സിദ്ധിച്ചില്ലാ എന്നും നിസായുടെ രോഗം ഗുരുതരമായി തുടരുന്നു എന്നും സൂചിപ്പിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റ് ഒരു ലാപ് ടോപ് വിലക്ക് വാങ്ങി കൊടുത്ത വിവരമടങ്ങിയ എന്റെ പോസ്റ്റ് കണ്ടതിനു ശേഷമാണ് കൊട്ടോട്ടി ഈ വിഷമം എന്നോട് പറഞ്ഞത്. ലൂക്കീമിയ ബാധിച്ച നീസാ നല്ല കവിതകള്‍ രചിച്ചു നിലാ മഴകള്‍ എന്ന ബ്ലോഗ് വഴി ബൂലോഗത്ത് പോസ്റ്റ് ചെയ്യുമായിരുന്നു. മാത്രമല്ല തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ നീസായുടെ കവിതകള്‍ നിറ സാന്നിദ്ധ്യമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ കുട്ടിക്ക് ഇനി കവിത എഴുതാന്‍ ശേഷി ഉണ്ടാകാത്ത വിധത്തില്‍ രോഗം വഷളായിരിക്കുന്നു എന്ന് കൊട്ടോട്ടി എന്നെ അറിയിക്കുകയുണ്ടായി.അപ്പോള്‍ ഞാന്‍ കൊട്ടോട്ടിയോട് “ഈ കവിതയുടെ കൂമ്പടയുന്നു” എന്ന പേരില്‍ ഒരു പോസ്റ്റ് ബൂലോഗത്തെ സുമനസ്സുകളുടെ മുമ്പില്‍ അവതരിപ്പിക്കാം എന്നും അത് ഉടനെ ഞാന്‍ ചെയ്യാം എന്നു വാക്ക് കൊടുക്കുകയും ചെയ്തു. നാം ചെയ്യാനുള്ളത് ചെയ്യുക, കര്‍മ്മ ഫലം തരുന്നത് മുകളില്‍ ഇരിക്കുന്നവനാണ് എന്നാണെന്റെ വിശ്വാസം. പക്ഷേ ആരുടെയും സഹായത്തിനു കാത്തിരിക്കാതെ ആ കുഞ്ഞ് കുരുവി പറന്ന് പോയി എന്നിപ്പോള്‍ അറിയുന്നു. ആ കവിതയുടെ കൂമ്പടഞ്ഞു. എന്നെന്നേക്കുമായി. നീസാ ആരായിരുന്നു എന്നറിയുന്നതിനു കൊട്ടോട്ടിയുടെ ഒരു പോസ്റ്റിനെ ഞാന്‍ ആശ്രയിച്ച് കൊള്ളട്ടെ
ദയവ് ചെയ്ത് ഈ പോസ്റ്റില്‍ പോകുക.( http://sabukottotty.blogspot.in/2011/03/blog-post.html നീസായുടെ കവിതയുടെ ഒരു ലിങ്കും ഇതാ ഇവിടെ പോകുക.
ഇന്നലെ നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ മനോരാജുമായി അല്‍പ്പം സ്വകാര്യങ്ങള്‍ പങ്ക് വെച്ചപ്പോള്‍ നീസാ സംസാര വിഷയമായി. അപ്പോള്‍ മനോരാജ് പറഞ്ഞത് സഹായ അപേക്ഷകളുടെ ആധിക്യം കാരണം അവകാശപ്പെട്ടവര്‍ക്ക് പോലും ഒന്നും ലഭ്യമല്ലാതെ വരുന്നു എന്നാണ്. മനോ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് എനിക്കും ഉറപ്പുണ്ട്. എങ്കിലും നമ്മുടെ കര്‍മ്മം നമുക്ക് ചെയ്യാം എന്ന് ഞാന്‍ കരുതി. പക്ഷേ ആരുടെയും കാരുണ്യത്തിനായി ആ കുരുന്ന് കാത്ത് നിന്നില്ല. മരണം ഉറപ്പാണ്. മരണത്തിന്റെ രുചി അറിയാത്തവര്‍ ആരുമില്ല എന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. എങ്കിലും ആ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖം.....ഞാന്‍ നിര്‍ത്തുന്നു.
ദൂരെ ദൂരെ ആ കുരുന്നു തന്റെ സ്വര്‍ഗീയ ആരാമത്തില്‍ സുന്ദരമായ കവിതകളുടെ രചനയുമായി കഴിയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇതിലുള്ള ലിങ്ക് വഴി നീസായുടെ മേല്‍ വിലാസം മനസിലാക്കി സമീപസ്തരായ ഏതെങ്കിലും ബ്ലോഗറന്മാര്‍ ബൂലോഗത്തെ പ്രതിനിധീകരിച്ച് അവിടെ പോകണമെന്നും അതിനാല്‍ ഈ പോസ്റ്റിലെ വിവരങ്ങള്‍ വായിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യണമെന്നും അപേക്ഷിക്കുന്നു.

Sunday, October 24, 2010

രോഗശയ്യയില്‍നൂറാം അദ്ധ്യായം

ഈ വാർത്ത നിങ്ങൾ വായിക്കുന്നതിനു മുമ്പു തീർച്ച ആയും ഇവിടെ നിങ്ങൾ പോയി കാര്യങ്ങൾ മനസിലാക്കണം എന്നു അപേക്ഷ ഉണ്ടു. കാരണം എങ്കിലേ നിങ്ങൾക്കു ഞാൻ എഴുതുന്നതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയൂ.

പാലക്കാട്ടേട്ടൻ എന്ന കേരളദാസനുണ്ണി ഒരു ബ്ലോഗർ ആണു.മലയാള നോവൽ സാമ്രാജ്യത്തിലെ വൻ സ്രാവുകളുടെ രചനയോടു കിടപിടിക്കാൻ തക്കവിധം യോഗ്യത ഉള്ള ബ്രഹൃത്തായ ഒരു നോവൽ രചനയിൽ ആയിരുന്നു അദ്ദേഹം.

.http://palakkattettan.blogspot.com/ നോവലിന്റെ പേര്
“ഓര്‍മ തെറ്റു പോലെ ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്‍ ആയിരുന്നു ബൂലോഗത്തെ ഈ നോവല്‍സാന്നിദ്ധ്യം എനിക്കു പറഞ്ഞു തന്നതു.
ഒരു ഗ്രാമത്തിന്റെ പരിശുദ്ധി ഉൾക്കൊള്ളിച്ചു തനി ഗ്രാമീണ ശൈലിയിൽ ആ നോവൽ രചിച്ചു ബ്ലോഗിൽ തുടർച്ച ആയി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു പെന്‍ഷന്‍ പറ്റിയ ആ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍. ആരുടെയും കമന്റ്‌ അദ്ദേഹം പ്രതീക്ഷിച്ചതേ ഇല്ല. ഒരു നുറുങ്ങ്‌ എന്ന ബ്ലോഗറുടെ കമന്റിൽ പറഞ്ഞ പ്രകാരം
" “>>>>ദീര്‍ഘകാലമായി താനെഴുതുന്ന നോവല്‍
വല്ലവരുമൊക്കെ വായിക്കുന്നോ ഇല്ലയോ
എന്നൊന്നും ശ്രദ്ധിക്കാതെ നിഷ്ക്കാമം എഴുതി
പൂറ്ത്തിയാക്കുകയായിരുന്നു അദ്ദേഹം...
അതൊരു നിയോഗമാണ്‍ എന്നപോലെ..!
നോവലിന്‍റെ തുടക്കത്തില്‍ ലഭിച്ച്കൊണ്ടിരുന്ന
കമന്‍റുകള്‍ മെലിഞ്ഞ്..പിന്നെപ്പിന്നെ തീരെ
ഇല്ലാതായി..!<<<< ഇതായിരുന്നു ബൂലോഗത്തെ പ്രതികരണം. ഏകദേശം 98 അദ്ധ്യായം പൂർത്തി ആക്കിയപ്പോൾ അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. തുടർച്ച ആയുള്ള സ്കാനിങ്ങിലും പരിശോധനകളിലും അദ്ദേഹത്തിന്റെ വൃക്കകൾക്കു സമീപം ഉദരത്തിൽ ഒരു ചെറിയ ഗ്രോത്തു കാണപ്പെട്ടു എന്നാണു അറിയാൻ കഴിഞ്ഞതു.തക്കതായ ചികിൽസ ലഭ്യമായതിനാൽ ഇപ്പോൾ രോഗ ശമനം ഉണ്ടായെന്നും അറിയാൻ കഴിഞ്ഞു. പക്ഷേ മേൽപറഞ്ഞ പ്രകാരം രോഗപീഢ അനുഭവിച്ചു കൊണ്ടിരിക്കുന്ന മദ്ധ്യേ അദ്ദേഹം തന്റെ നോവലിന്റെ നൂറാം അദ്ധ്യായം പൂർത്തി ആക്കി ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. രോഗ വിവരം അറിഞ്ഞു ഫോണിൽ സം സാരിക്കുമ്പോൾ അദ്ദേഹത്തിന്റെ അവശത സ്വരത്തിലൂടെ എനിക്കു ബോദ്ധ്യപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ കര്‍മ്മം തുടരുന്നു.
നോവൽ രചനയിലെ ആ പ്രതിബദ്ധതയുടെ മുമ്പിൽ ഞാൻ നമിക്കുന്നു. യാതൊരു പ്രോൽസാഹനവും ലഭിക്കാതെ ഒരു വെറും കമന്റിന്റെ പിന്‍ തുണ പോലും ഇല്ലാതെ നോവൽ രചന എന്ന കർമ്മം നിയോഗം പോലെ ഏറ്റെടുത്തു നടത്തുന്ന ആ പ്രതിഭ (നമ്മുടെ സഹബ്ലോഗർ) രോഗ ശയ്യയിൽ കിടന്നു 100 അദ്ധ്യായം പൂർത്തി ആക്കി അത് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തു എന്നതു ഒരു വാർത്ത തന്നെ ആയതിനാൽ ആ വാർത്ത ഞാൻ ബൂലോഗ നിവാ സികളുടെ അറിവിലേക്കായി പോസ്റ്റ്‌ ചെയ്യുന്നു. കൂട്ടത്തിൽ ആ നല്ല മനുഷ്യന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും അപേക്ഷിക്കുന്നു.

Sunday, September 19, 2010

അവസാന തീവണ്ടി


കേരള സംസ്ഥാനത്ത്‌ അവശേഷിച്ച മീറ്റർ ഗേജിലെ അവസാന തീവണ്ടി ഞാൻ ഇതു എഴുതികൊണ്ടിരിക്കുമ്പോൾ ചൂളം വിളിച്ചു പോയി കഴിഞ്ഞു.

ഇന്നു സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ കൊല്ലം ജില്ലയിലെ കിഴക്കൻ നഗരമായ പുനലൂരിൽ നിന്നുംപുറപ്പെട്ട വണ്ടി സഹ്യ പർവ്വതത്തിലെ വനങ്ങൾ അതിരിടുന്ന തെന്മല, ആര്യങ്കാവു, സ്റ്റേഷനുകൾരാത്രിയുടെ ഇരുട്ടിൽ പിന്നിട്ടും മൈലുകൾ നീളമുള്ള തുരങ്കം കടന്നും രണ്ടു മണിക്കൂർ കഴിഞ്ഞു തമിഴുനാടിലെ ചെങ്കോട്ട സ്റ്റേഷനിൽ എത്തുമ്പോൾ 106 വർഷങ്ങളുടെ ചരിത്രം അവസാനിക്കുകയാണൂ.
മീറ്റർ ഗേജു ബ്രോഡ്‌ ഗേജു ആയി മാറ്റുന്നതിന്റെ മുന്നോടിയായാണു പാതയിലെ വണ്ടികൾനിർത്തുന്നതു.

വളരെ വർഷങ്ങൾക്കു മുമ്പു തിരക്കേറിയ പാത ആയിരുന്നു ഇതു. അന്നു തിരുവനന്തപുരത്തു നിന്നുംമദ്രാസ്സിൽ പോകുന്നതു വഴിയിലൂടെ ആയിരുന്നു.പകൽ സമയത്തുള്ള മെയിൽ വണ്ടിയുംരാത്രിയിലെ സൂപ്പർ എക്സ്പ്രസ്സും മദ്രാസിലേക്കുള്ള യാത്രക്കാരുടെ സ്ഥിരംവണ്ടികളായിരുന്നു.തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു മദ്രാസിലേക്കു പോകുന്ന വണ്ടികളെ കരയുന്നവണ്ടികൾ എന്നും മദ്രാസ്സിൽ നിന്നും പുറപ്പെട്ടു തിരുവനന്തപുരത്തേക്കു വന്നിരുന്ന വണ്ടികളെചിരിക്കുന്ന വണ്ടികൾ എന്നും നാട്ടുകാർ വിളിച്ചു.അവധി കഴിഞ്ഞു നാട്ടിൽ നിന്നും മദിരാശിയിലേകുംഉത്തരേന്ത്യൻ നഗരങ്ങളിലേക്കും(അനു ഗൾഫ്‌ പ്രാബല്യത്തിലായിട്ടില്ല)പോകുന്ന പട്ടാളക്കാർ, ഉദ്യോഗസ്തർ, വിവാഹം കഴിഞ്ഞു മാതാപിതാക്കളെ പിരിഞ്ഞു വരനോടൊപ്പം പോകുന്ന മണവാട്ടികൾതുടങ്ങിയവർ മദ്രാസ്സിലേക്കുള്ള വണ്ടിയിലിരുന്നു ബന്ധുക്കളോടു യാത്രപറയുമ്പോൾ കണ്ണീരൊപ്പുന്നകാഴ്ച പതിവായതിനാൽ വണ്ടിക്കു കരയുന്ന വണ്ടി എന്ന പേരു വീണൂ.നാട്ടിൽ ഉറ്റവരുടെസമീപത്തിലേക്കു തങ്ങളെ കൊണ്ടുവരുന്ന വണ്ടിയിലിരുന്നവർ സ്റ്റേഷനിൽ സ്വന്തക്കാരെകാണൂമ്പോൾ പ്രകടിപ്പിക്കുന്ന സന്തോഷം മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്കു വരുന്നവണ്ടികളെ ചിരിക്കുന്ന വണ്ടികളെന്നു അറിയപ്പെടാനും ഇടയാക്കി.

കാലം വണ്ടികളെ പോലെ വേഗത്തിലോടി പോയി. കൊല്ലം മുതൽ തിരുവനന്തപുരം വരെ മീറ്റർ ഗേജുബ്രോഡ്‌ ഗേജായതോടെ മദ്രാസ്‌ യാത്ര കൊല്ലത്തു നിന്നായി.പിന്നീടു തമിഴു നാട്ടിൽ മീറ്റർ ഗേജുബ്രോഡ്ഗേജു ആയപ്പോൾ യാത്ര കൊല്ലം മുതൽ ചെങ്കോട്ട വരെ എന്നായി.അതോടെപ്രഭാവത്തിലിരുന്ന പാതയുടെ അധ:പതനവും ആരംഭിച്ചു.പിന്നീടുള്ള കാലങ്ങളിൽ തെങ്കാശിയിൽനിന്നും കൊല്ലം വരെയുള്ള സ്ഥലങ്ങളിൽ പച്ചക്കറികൾ കൊണ്ടുവരാൻ പാതഉപകരിക്കപ്പെട്ടു.2008 മെയ്‌ മാസത്തിൽ കൊല്ലം-പുനലൂർ മീറ്റർഗേജു പാത അടച്ചു.രണ്ടുവർഷങ്ങൾക്കു ശേഷം 2010 മെയ്‌ മാസത്തിൽ പാത ബ്രോഡ്ഗേജു പാതയായി രൂപാന്തരംപ്രാപിച്ചു കൊല്ലത്തു നിന്നും പുനലൂർ വരെ വണ്ടികൾ ഓടി തുടങ്ങി. അതിനെ തുടർന്നാണു പുനലൂർമുതൽ ചെങ്കോട്ടവരെ മീറ്റർ ഗേജു ബ്രോഡ്ഗേജു ആക്കി മാറ്റാനുള്ള ജോലികൾ ചെയ്യുന്നതിനായിഇപ്പോൾ പാതയിലെ ഗതാഗതം നിർത്തി വെയ്പ്പിച്ചതു.

മീറ്റർ ഗേജിലൂടെ മലകൾ താണ്ടിയുള്ള യാത്ര അനുഭൂതി നിറഞ്ഞതായിരുന്നു മൈലുകൾ നീളമുള്ളതുരങ്കത്തിലെ അന്ധകാരത്തിൽ ട്രെയിൻ പ്രവേശിക്കുമ്പോൾ യാത്രക്കാർ കൂ.......യ്‌ എന്നു ആർത്തുവിളിച്ചു.വഴിയിലുള്ള കണ്ണറ പാലങ്ങളിലൂടെയുള്ള വണ്ടിയുടെ യാത്ര എന്നും കൗതുകംനിറഞ്ഞതായി.ഓടുന്ന തീവണ്ടിയിൽ ജനലരികിലുള്ള സീറ്റിൽ ഇരുന്നു മലമടക്കളെയും നിബിഡവനങ്ങളെയും പാൽ പത ഒഴുക്കുന്ന വെള്ള ചാട്ടങ്ങളെയും നോക്കി ഇരിക്കുമ്പോൾ പാസഞ്ചർട്രെയിനിലെ യാത്രയുടെ വിരസത നമ്മെ ബാധിക്കുകയില്ല.

ഇടവപ്പാതിയിൽ ഞാൻ വണ്ടിയിലെ യാത്രക്കാരനാകുമായിരുന്നു.അന്നു വണ്ടിയിലിരുന്നു എടുത്തഫോട്ടോകളിൽ ചിലതു നിങ്ങൾക്കു ഇവിടെ യും പിന്നെ ഇവിടെയും ഇനി അവിടെയും അമർത്തിയാൽ കാണം.

1904 ംജൂൺ ഒന്നിനു തിരുവിതാംകൂർ മഹാരാജാവിന്റെ കൽപനയാൽ ആരംഭിച്ച
റെയിൽപാതയിലൂടെയുള്ള ഗതാഗതം ഇന്നു 2010 സെപ്റ്റംബർ 19-തീയതിയിൽ അവസാനിക്കുമ്പോൾ നമ്മുടെമുമ്പിൽ ഒരു ചോദ്യം മാത്രം:-എന്നാണു ബ്രോഡ്ഗേജു ജോലി പൂർത്തിയായി വണ്ടി ഓടി തുടങ്ങുക?

നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തി ആകുകയും വണ്ടി ഓടി തുടങ്ങുകയും ചെയ്താൽ പഴയമദിരാശി പട്ടണമായ ഇന്നത്തെ ചെന്നൈയിൽ തിരുവനന്തപുരത്തു നിന്നും എത്തി ചേരാൻ ലാഭംഏകദേശം 180 കിലോമീറ്റരും സമയ
ലാഭം 4 മണിക്കൂറും ആണു.

മാമ്പലം, താമ്പരം, മീനമ്പാക്കം കോടമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടവർക്കു ചെന്നൈസെന്റ്രൽ സ്റ്റേഷനിൽ പോകാതെ എത്തി ചേരാനുള്ള എളുപ്പ വഴിയും ഇതായി മാറും.

മലയാളികളോടുള്ള മുൻ റെയിൽ വേ മന്ത്രി ശ്രീ.വേലുവിന്റെ നിസ്സഹകരണം അദ്ദേഹത്തിന്റെഅനുയായികളാൽ നിയന്ത്രിക്കപ്പെടുന്ന മധുര ഡിവിഷനിൽ ഇപ്പോഴും നിലവിലുള്ളതിനാൽ(അതുകൊല്ലം-പുനലൂർ ബ്രോഡ്ഗേജു നിർമാണത്തിൽ പ്രകടമായി കണ്ടു.) എത്ര വർഷം കൊണ്ടു ഇപ്പോൾതുടങ്ങുന്ന പണി പൂർത്തി ആകും എന്നു കണ്ടറിയണം.

അഥവാ
കൃത്യ സമയത്തു പണി പൂർത്തി ആക്കാൻ നമ്മുടെ മന്ത്രി ജനാബ്‌ . അഹമദ്‌സാഹിബിനു വേലു തരംഗം മറി കടക്കാൻ കഴിവുണ്ടാകണം.

നമുക്കു കാത്തിരിക്കാം വനമധ്യത്തിൽ കൂടിയുള്ള മറ്റൊരു യാത്രക്കായി.

Monday, August 16, 2010

നവ വത്സര ആശംസകള്‍


ഇന്നു ചിങ്ങം ഒന്നാം തീയതി ആണു.
സമ്രുദ്ധിയുടെയും ഐശ്വര്യത്തിന്റെയും നവ വത്സരം എല്ലാ ബൂലോക മിത്രങ്ങള്‍ക്കും ആശംസിക്കുന്നു.
അധിനിവേശത്തിന്റെ കരിനിഴല്‍ ഇനിയും മാഞ്ഞു പോകാത്തതിനാല്‍ മറ്റുള്ളവരുടെ പുതു വര്‍ഷത്തില്‍ കുടിച്ചു കൂത്താടി ഹാപ്പീ ന്യൂ ഇയറ് അലറി വിളിക്കുന്ന മലയാളി സ്വന്തം ദേശത്തിന്റെ വക ആണ്ടു പിറവിയില്‍ നവ വത്സര ആശംസകള്‍ കൈ മാറാന്‍ എന്തു കൊണ്ടു മറക്കുന്നു?!

നവ വത്സര ആശംസകള്‍

ഇന്നു ചിങ്ങം ഒന്നാം തീയതി ആണു.
സമ്രുദ്ധിയുടെയും ഐശ്വര്യത്തിന്റെയും നവ വത്സരം എല്ലാ ബൂലോക മിത്രങ്ങള്‍ക്കും ആശംസിക്കുന്നു.
അധിനിവേശത്തിന്റെ കരിനിഴല്‍ ഇനിയും മാഞ്ഞു പോകാത്തതിനാല്‍ മറ്റുള്ളവരുടെ പുതു വര്‍ഷത്തില്‍ കുടിച്ചു കൂത്താടി ഹാപ്പീ ന്യൂ ഇയറ് അലറി വിളിക്കുന്ന മലയാളി സ്വന്തം ദേശത്തിന്റെ വക ആണ്ടു പിറവിയില്‍ നവ വത്സര ആശംസകള്‍ കൈ മാറാന്‍ എന്തു കൊണ്ടു മറക്കുന്നു?!

Sunday, August 8, 2010

എറുണാകുളം മീറ്റില്‍ കണ്ടത്



എറുണാകുളത്തു നിന്നും ഇതാ ഇപ്പോൾ എത്തിയതേയുള്ളൂ.

പേരുകൾ ഓർമയിൽ നിന്നും പെട്ടെന്നു മാഞ്ഞു പോകുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോൾ എനിക്കുള്ളതിനാൽ തലയിൽ ശേഖരിച്ചു വെച്ച വസ്തുതകൾ ഉടൻ തന്നെ രേഖപ്പെടുത്താനുള്ള തത്രപ്പാടിൽ ഒരു ദീർഘ ദൂര യാത്രക്കു ശേഷം അത്യന്താപേക്ഷിതമായ ഒരു വിശ്രമത്തിനു മുതിരാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഞാൻ ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.

വീട്ടിൽ എല്ലാവരും ഉറക്കം പിടിച്ച ഈ രാത്രിയിൽ ഞാൻ കീബോർഡിൽ വിരൽ അമർത്തിക്കൊണ്ടേ ഇരിക്കുകയാണു.

ചെറായി മീറ്റ്‌ ഒരു ലഹരി ആയി മനസ്സിൽ ഉണ്ടായിരുന്നതിനാൽ അതിയായ പ്രതീക്ഷയോട്യും സന്തോഷത്തോടെയുമാണു ഞാൻ രാവിലെ ഒൻപതു മണിക്കു എറുണാകുളം -ഇടപ്പള്ളി ബ്ലോഗ്‌ മീറ്റിനു എത്തി ചേർന്നതു.

പാലാരിവട്ടം ബൈപാസ്സ്‌ ജംഗ്ഷനു സമീപം ഹൈ വേ പാലസ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.

മീറ്റ്‌ സ്ഥലത്തു എത്തി ചേർന്നപ്പോൾ ചിരിക്കുന്ന മുഖവുമായി "ഇക്കാ" എന്നു വിളിച്ചു ജുനൈദ്‌ എത്തി.പുറകേ മുള്ളൂക്കരനും.മുള്ളൂക്കാരന്റെ പേരു ഈ തവണ മറക്കാതിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ചിരിച്ചു കൊണ്ടു എനിക്കു കൈ നീട്ടിയ ചെറുപ്പക്കാരന്റെ പേരു നാക്കിൻ തുമ്പത്തു ഇരിക്കുന്നതേ ഉള്ളൂ. പുറത്തേക്കു വരുന്നില്ല.കൂട്ടത്തിൽ പാലൊളി പോലെ ചിരി തൂകി ജോയും ഉണ്ടു.

ശുഷ്കമായ ആഡിറ്റോറിയം കണ്ടപ്പോൾ മനസ്സു ആളി. ഇതെന്തു പറ്റി? ഈ ബ്ലോഗ്‌ മീറ്റിൽ വരാതെ എല്ലാവരും ഒഴിഞ്ഞു മാറിയോ?

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദൂരെ നിന്നു അപ്പൂട്ടന്റെ രൂപം പ്രത്യക്ഷപ്പെട്ടു തുടങ്ങി. ജുനൈദ്‌ ഉച്ചത്തിൽ വിളിച്ചു"അപ്പൂട്ടോ" അപ്പൂട്ടൻ ചിരിയോടെ കൈ ഉയർത്തി കാട്ടി.

യൂസുഫ്‌ ഭായി രജിസ്റ്റ്രേഷൻ കൗണ്ടറിൽ ഇരുന്നു തകൃതിയായി ജോലി തുടരുകയാണു.

പിന്നീടു ബ്ലോഗ്‌ മീറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ രണ്ട്‌ വ്യക്തിത്വങ്ങൾ എത്തി ചേർന്നു.ഹരീഷും പാവപ്പെട്ടവനും.രണ്ടു പേരും ഇന്നലെ മുതൽ ഇവിടെ ക്യാമ്പ്‌ ചെയ്യുകയാണെന്നു തോന്നുന്നു.

പതുക്കെ പതുക്കെ ആൾക്കാർ വന്നു തുടങ്ങി.

സുന്ദരനും സുശീലനുമായ ഇസ്മായിൽ കുറുമ്പാടി തൊപ്പിയുമായി തന്നെ വന്നു.കൂട്ടത്തിൽ കൊട്ടോടി ഉസ്താദും ഉണ്ടു.(കൊട്ടോടി എനിക്ക് ഉസ്താദാണു.ബ്ലോഗ്‌ നിർമാണം പലതും ഫോണിൽ കൂടി കൊട്ടോടിയാണു എന്നെ പഠിപ്പിച്ചിരുന്നതു.)രണ്ടു പേരും വരുന്ന കാര്യം അതി രാവിലെ തന്നെ എന്നെ അവർ അറിയിച്ചിരുന്നു.

മനസ്സിനു സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണു പിന്നീടു ഞാൻ കണ്ടതു.

നടക്കാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സാദിഖ്‌ (കായം കുളം)സാഹസികമായി ഹാളിൽ എത്തി ചേർന്നിരിക്കുന്നു;വീൽ ചെയറിൽ.

കണ്ണു നിറഞ്ഞു പോയി.

വീൽ ചെയറിലെ സഞ്ചാരം ആയിരുന്നിട്ടു പോലും ആ നല്ല മനുഷ്യൻ മീറ്റിൽ പങ്കെടുത്തു സഹ ബ്ലോഗറന്മാരെ പരിചയപ്പെടാൻ മുതിർന്നതിൽ എത്രമാത്രം അഭിനന്ദിച്ചാലാണു മതി വരുക.

തുടർന്നു ക്യാമറയിൽ ഒതുങ്ങാത്ത പ്രിയ സജീവേട്ടൻ (കാർട്ടൂണിസ്റ്റ്‌) പ്രത്യക്ഷൻ ആയി, ആ മധുരം നിറഞ്ഞ ചിരിയുമായി.എന്നിട്ടു ഒരു മൂലയിൽ മാറി ഇരുന്നു ഓരോ ബ്ലോഗറന്മാരുടെയും കാരിക്കേച്ചർ വരക്കാനുള്ള തയാറെടുപ്പു തുടങ്ങി.

അടുത്തതു ഹാഷിം(കൂതറ എന്നു ഞാൻ പറയില്ല)രംഗ പ്രവേശനം ചെയ്യുന്നു ദുർ നടപ്പുമായി.(ഒരു ആക്സിഡന്റിൽ കാലും കയ്യും ഒടിഞ്ഞു കമ്പി ഇട്ട ഹാഷിം നടക്കുമ്പോൾ ഇപ്പോഴും അൽപ്പം മുടന്തു കാണിക്കുന്നതിനാലാണൂ ദുർ നടപ്പു എന്നു വിശേഷിപ്പിച്ചതു)

ഡോക്റ്റർ ജയൻ ഏവൂരും തുടർന്നു എത്തി എല്ലയിടത്തും പാഞ്ഞു നടന്നു ആത്മാർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

കുമാരൻ കണ്ണൂരിൽ നിന്നും കുമാരസംഭവുമായാണു എത്തി ചേർന്നതു. കുമാരൻ ഞങ്ങളുടെ കുമാരനല്ലേ.അതിനാൽ പലരും കുമാരസംഭവം പുസ്തകം വാങ്ങി.

എടപ്പാൾ നിന്നും ജാബിറും കൂറ്റനാടു നിന്നും....ശ്ശെടാ....കൂറ്റാ...ആ പയ്യന്റെ പേരും മറന്നു പോയി..എത്തി.

സാക്ഷാൽ കാപ്പിലാനും കൂടി പ്രത്യക്ഷമായപ്പോൾ മീറ്റ്‌ കൊഴുത്തു.

സജിം തട്ടത്തു മല(പേരു തെറ്റിയെങ്കിൽ പൊറുക്കുക) മണി കണ്ഠൻ, നന്ദൻ,തോന്ന്യാസി(ആൾ പഴയതു പോലെ ഉഷാറിൽ ആയിരുന്നു) മുരളിക, തബാറക്‌ തുടങ്ങി എല്ലാവരും ഹാജർ(ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക)
സ്ത്രീകളായി ലക്ഷ്മി മുതൽ പേർ.പൗർണ്ണമി താമസിച്ചാണു ഉദിച്ചതു.

ടൈപിസ്റ്റ്‌/എഴുത്തുകാരി വരാതിരുന്നതിന്റെ കാര്യം അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നി.

ചടങ്ങുകൾ ആരംഭിച്ചപ്പോൾ സാമാന്യം തെറ്റില്ലത്ത ആൾക്കൂട്ടമായി മാറിക്കഴിഞ്ഞിരുനു എറുണാകുളം ബ്ലോഗ്‌ മീറ്റ്‌.

കർക്കിടകത്തിലെ കാലാവസ്ഥ ബ്ലോഗറന്മാരെനിരുത്സാഹപ്പെടുത്തിയിരിക്കാം.തൊടുപുഴയിൽ നിന്നുള്ള സ്ഥലം മാറ്റവും പലരിലും ആശയ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കാം.ഈ കാരണത്താലാകാം ചെറായി മീറ്റിലെ എണ്ണം എറുണാകുളത്തു കാണാതിരുന്നതു.

അനിൽ​‍്‌ @ബ്ലോഗ്‌ ,അരുൺ കായംകുളം, രമണിക, നിരക്ഷരൻ, നാട്ടുകാരൻ, ലതിക, ചാർവ്വാകൻ, അങ്കിൾ, കേരളാ ഫാർമർ, ചാണക്യൻ, അരീകോടൻ മാഷ്‌, വാഴക്കോടൻ, സജിയച്ചായൻ,ശ്രീ, മുതലായവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടപ്പോൾ തന്നെ പുതിയ ബ്ലോഗറന്മരുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ട വസ്തുതയാണു.

ഇതിൽ പലരുടെയും പേരുകൾ വിട്ടു പോയതു മനപൂർവ്വമല്ലെന്നു മുൻ കൂർ ജാമ്യം എടുക്കുന്നു.

ബ്ലോഗറന്മാർ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞതിനു ശേഷം പ്രത്യേക ക്ഷണിതാവായി വന്ന പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട നിമിഷ നേരങ്ങൾക്കുള്ളിൽ സദസ്സിനെ കയ്യിലെടുത്തു. താള ലയങ്ങളോടെ സ്വര ശുദ്ധിയിൽ അദ്ദേഹം കവിത ആലാപിച്ചതു സദസ്സു സശ്രദ്ധം ശ്രവിച്ചിരുന്നു.

ഇതിനിടയിൽ ബൂ ലോകം ഓൺ ലൈൻ അച്ചടിച്ച പത്രം എല്ലാവർക്കും വിതരണം ചെയ്തിരുന്നു.

വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം വീണ്ടും ബ്ലോഗറന്മാർ ഒത്തു കൂടി ശ്രുതി മധുരമായ ഗാനങ്ങൾ കേട്ടു .

ആദ്യം ഒരു കുട്ടി ബ്ലോഗറിന്റെ ഗാനമായിരുന്നു."വക്കാ വക്കാ" കുട്ടി ഗംഭീരമായി പാടി.നല്ല ഭാവി ഉള്ള പയ്യൻ.
പിന്നീടു സതീശൻ ബ്രഹ്മാനന്ദന്റെ ഒരു ഗാനം മധുരമായി ആലപിച്ചു.മണികണ്ഠൻ തന്റെ ചെറായി മാസ്റ്റർ പീസ്‌ "ഞമ്മന്റെ ബാപ്പാ അബ്ദുറസാക്കു" കുട്ടിയുടെ സ്വരത്തിൽ പാടി.

അതിനു ശേഷം ...ഹായ്‌!!! ഇപോഴും ആ ഗാനവും സ്വരവും മനസ്സിൽ നിന്നു പോകുന്നില്ല.അങ്ങാടിപ്പുറം സ്വദേശി ശ്രീ ആര്യൻ ആയിരുന്നു അതു. അദ്ദേഹവും ഭാര്യയും എത്തിചേർന്നിരുന്നു.

എനിക്കു ഏറ്റവും പ്രിയം കരമായ ആ ഗാനം "പണ്ടു പാടിയ പാട്ടിനൊരു ഈണം ചുണ്ടിൽ മൂളുമ്പോൾ, കൊണ്ടു പോകരുതേ ഈ മുരളിയും കൊണ്ടു പോകരുതേ" എന്ന ഗാനം ആര്യന്‍ ഹൃദ്യമായി ആലപിച്ചു. എന്തൊരു സ്വര മാധുരി ആയിരുന്നു അതു.ഗാനാലാപത്തിൽ ശ്രി ആര്യൻ അനുഗ്രഹിക്കപ്പെട്ട വ്യക്തി തന്നെ ആണു. ഒട്ടും സംശയമില്ല.

മീറ്റ്‌ അവസാനത്തിൽ കവി മുരുകൻ കാട്ടാക്കട വീണ്ടും നാടൻ പാട്ടുകളും തന്റെ പ്രസിദ്ധമയ കവിത ബാഗ്ദാദും ആലപിച്ചു.
മൂന്നു മണിക്കു ചായക്കു ശേഷം മീറ്റു പിരിയുന്നു എന്നു പാവപ്പെട്ടവന്‍ അറിയിച്ചപ്പോള്‍ മനസ്സിന്റെ കോണീൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടുവോ?!

കൂട്ടരേ നമ്മൾ എന്നാണിനി കാണുക? എന്റെ മനസ്‌ ആരാഞ്ഞു.

ഘടികാരത്തിന്റെ സൂചി പോലെ കൃത്യമായി കറങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ ഈ സ്നേഹമല്ലേ ബാക്കി ആയുള്ളൂ.

നാളെ മുതൽ വീണ്ടും പഴയ അന്തരീക്ഷത്തിലേക്കു ഉൾവലിയുന്നു.

എല്ലാവരുടെയും കൈ പിടിച്ചു കുലുക്കി ചിരിച്ചു കൊണ്ടു യാത്ര പറയുമ്പോൾ മനസ്സിൽ എനിക്കു ചിരിക്കു പകരം വേദനയാണുണ്ടായിരുന്നതു.

എന്നാണിനി നാം കാണുക?

വീണ്ടും ആ ചോദ്യം തേങ്ങലോടെ മനസിൽ ഉയരുന്നു.


Tuesday, March 23, 2010

ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും






ഒരു വർഷം -100പോസ്റ്റ്‌-പിന്നെ ചെറായി മീറ്റും.
ബൂലോഗത്തു ഞാൻ കടന്നു വന്നതു 2009 മാർച്ചിലായിരുന്നു. ഒരു വർഷം കഴിഞ്ഞു. ഇതു നൂറാമത്തെ പോസ്റ്റ്‌. ചെറായിയുടെ കാര്യം അവസാനം പറയാം.
ബൂലോഗത്തു നിസ്സഹായനായ ഒരു ശിശുവായി കൈകാലിട്ടടിച്ചു ള്ളേ..ള്ളേ.... കരഞ്ഞു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ കമഴ്‌ന്നു വീണു മുട്ടുകാലിൽ ഇഴയാൻ പരുവത്തിലായി.
പ്രോഫെയിലും മറ്റും ശരിയാക്കി തന്നതു എന്റെ സ്നേഹിതൻ മനു ആണു.മനു കൊട്ടാരക്കരയിൽ ഇന്റർ നെറ്റ്‌ കഫേ നടത്തുന്ന ആളും ഒരു ബ്ലോഗറും ആണു.
കമ്പ്യൂട്ടറിന്റെ പ്രാഥമിക പരിജ്ഞാനം പോലും പൂർണ്ണമായി ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പോസ്റ്റുകളുടെ കമന്റുകളിൽ സാങ്കേതികപരമായ നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ എനിക്കു ഒന്നും അറിയില്ല എന്ന സത്യം പുറത്തു അറിയിക്കാതെ ഞാൻ ആ നിർദ്ദേശങ്ങൾ എന്തെന്നു പഠിക്കാനും അതു പ്രാബല്യത്തിൽ വരുത്താനും ശ്രമിച്ചു.ഉദാ:- ആരംഭ കാലത്തു എന്റെ ഒരു പോസ്റ്റിൽ ആരോ ഇങ്ങിനെ ഒരു കമന്റിട്ടു.
"ഈ മോഡറേഷൻ എടുത്തു മാറ്റിയില്ലെങ്കിൽ മേലിൽ ഞാൻ കമന്റിടില്ല." മോഡറേഷൻ എടുത്തു മാറ്റാമെന്നു ഞാൻ മറുപടി ഇട്ടെങ്കിലും കമന്റു മോഡറേഷൻ എന്തെന്നു എനിക്കറിഞ്ഞിട്ടു വേണ്ടേ ഞാൻ അതു എടുത്തു മാറ്റാൻ. ഉടനെ മനുവിനെ അഭയം പ്രാപിച്ചു സംഗതി എന്തെന്നു മനു പറഞ്ഞു തന്നു.അങ്ങിനെ അങ്ങിനെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കി പഠിച്ചു.എങ്കിലും എച്‌.ടി.എം.എൽ. എന്നൊക്കെ നിങ്ങൾ എന്നോടു പറയരുതു. കാരണം ആ വകയൊന്നും ഇപ്പോഴും പിടി കിട്ടിയിട്ടില്ല. സമയം കിട്ടാത്തതു കൊണ്ടാണു.കാര്യങ്ങൾ തുടർന്നും പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണു ഞാൻ ഇപ്പോഴും.ഫോട്ടോ ബ്ലോഗ്‌ പഠിക്കണമെന്ന ആശയുമുണ്ടു.
പരന്ന വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും കിട്ടുന്ന അറിവുകൾ ശ്രമം നടത്തി പോസ്റ്റ്‌ ഇടുമ്പോൾ ആരും കമന്റിടാതെ പോകുന്നതു കണ്ടു പലപ്പോഴും വിഷമം ഉണ്ടായിട്ടുണ്ടു. എന്നാൽ ഒരു ശ്രമവും നടത്താതെ ഉഴപ്പി ഇടുന്ന പോസ്റ്റുകൾക്കു ധാരാളം കമന്റുകൾ വീഴുന്നതു കണ്ടു അതിശയിച്ചിട്ടുമുണ്ടു.
മനസ്സിൽ ഉരുത്തിരിയുന്ന ആശയങ്ങൾ,അനുഭൂതികൾ, അനുഭവങ്ങൾ മുതലായവ കഥകളായും ലേഖനങ്ങളായും മറ്റും രൂപാന്തരം പ്രാപിച്ചു പല ദിവസങ്ങളിലെ ശ്രമത്തിലൂടെ അവയെല്ലാം ചെത്തി മിനുക്കി കടലാസ്സിൽ പകർത്തി ആനുകാലികങ്ങളിലേക്കു അയച്ചു കൊടുത്തിട്ടു അവ പ്രസിദ്ധീകരിച്ചു കാണാൻ കൊതിച്ചു കാത്തിരുന്ന നാളുകൾ!ദിവസങ്ങൾക്കു ശേഷം പത്രാധിപരെന്ന ദ്രോഹി ഒരു ദയവുമില്ലാതെ അതെല്ലാം തിരിച്ചയക്കുമ്പോഴുണ്ടാകുന്ന വേദന!എന്റെ രചനയേക്കളും വെറും തറയായ രചനകൾ അതെഴുതിയവൻ പ്രസിദ്ധനാണു എന്ന ഒറ്റ കാരണത്താൽ ആ വാരികയിൽ തന്നെ പ്രസിദ്ധീകരിച്ചു കാണുമ്പോൾ ഉണ്ടാകുന്ന അരിശം! ബ്ലോഗറായി കഴിഞ്ഞപ്പോൽ അതെല്ലാം കഴിഞ്ഞ കാല പേക്കിനാവുകളായി മാറി. ഇന്നു എനിക്കു എന്റെ ഇഷ്ടപ്രകാരം എന്തും എഴുതാം അതു ഇഷ്ടം ഉള്ളപ്പോൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. എന്തൊരു സുഖം! എന്തൊരു സന്തോഷം! പത്രാധിപരേ! ദ്രോഹീ, പോടാ പുല്ലേ! ബ്ലോഗ്‌ നീണാൽ വാഴട്ടെ!
പലരുമായി നേരിൽ കാണാതെ തന്നെ ബന്ധങ്ങൾ ഉണ്ടാക്കുകയും അങ്ങിനെ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു എന്നതാണു ബ്ലോഗറായതിന്റെ മറ്റൊരു ഗുണം. ജൂനൈദ്‌, കൊട്ടോടിക്കാരൻ തുടങ്ങിയവർ ഇ മെയിലിലൂടെ ബന്ധപ്പെട്ടു,കൊട്ടോടിക്കാരൻ പലപ്പോഴും ഫോണിൽ ബന്ധപെടുകയും ചെയ്യുന്നു......
ഇവിടെയാണു ചെറായി മീറ്റ്‌ കടന്നു വരുന്നതു.
2009 ജൂലൈയിൽ ചെറായി കടപ്പുറത്തു ലതി എന്ന മാന്യ ബ്ലോഗറിന്റെ ഭർത്താവു സുഭാഷിന്റെ റിസോർട്ടിൽ മലയാള ബ്ലോഗേഴ്സിന്റെ സംഗമം നടക്കുകയുണ്ടായി.അണിയറയിൽ അതിന്റെ ശിൽപ്പികളായി ഹരീഷ്‌, അനിൽ​‍്ബ്ലോഗ്‌, നിരക്ഷരൻ, ലതിക, മണികണ്ഠൻ, ജോ,തുടങ്ങിയവർ കഠിനമായി പരിശ്രമിച്ചു.മീറ്റ്‌ ദിവസം അരീകോടൻ മാഷ്‌,വാഴക്കോടൻ,കൊട്ടോടിക്കാരൻ, രമണിക, ചാണക്യൻ, ചാർവ്വാകൻ, പാവപ്പെട്ടവൻ, പാവത്താൻ, ടൈപ്പിസ്റ്റ്‌/എഴുത്തുകാരി, ബിന്ദു കെ.പി.കാർട്ടൂണിസ്റ്റ്‌ സജീവു, അപ്പൂട്ടൻ(അപ്പൂട്ടനും ഞാനും പറവൂർ ബസ്‌ സ്റ്റാന്റു മുതൽ ബന്ധം തുടങ്ങി)അപ്പു, ഹാൻലത്തു, ജൂനൈദ്‌, അങ്കിൾ, കേരളാ ഫാർമർ, ഡോക്റ്റർ നാസ്സ്‌, നാട്ടുകാരൻ, മാണിക്യം, അരുൺ കായം കുളം ,വേദവ്യാസൻ, ജിപ്പൂസ്സ്‌, ജയൻ ഏവൂർ, അങ്ങിനെ പല പ്രമുഖരായ ബ്ലോഗറന്മാരും അന്നു ചെറായിയിൽ വന്നു.(അവിടെ വന്ന എല്ലാവരുടെയും മുഖം മനസ്സിൽ ഉണ്ടു പക്ഷേ പേരുകൾ മറന്നു പോയി.മോട്ടോർ സൈക്കിളിൽ വന്ന മെലിഞ്ഞു പൊക്കം കൂടിയ ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ പേരു മറന്നു പോയി)
അവിസ്മരണീയമായ ഒരു ദിനം.കാർട്ടൂണിസ്റ്റ്‌ സജീവു പങ്കെടുത്ത എല്ലാവരുടെയും നഖ ചിത്രങ്ങൾ വരച്ചു.വാഴക്കോടൻ മിമിക്രി അവതരിപ്പിച്ചു.ചാർവ്വാകൻ നാടൻ പാട്ടുകൾ പാടി.അങ്ങിനെ പലരും അവരുടെ മേഖലകളിലെ പ്രാവീണ്യം വെളിപ്പെടുത്തി. അന്നു എടുത്ത ചില ഫോട്ടോകൾ മുകളില്‍ കൊടുത്തിട്ടുണ്ടു.
വീണ്ടും കാണാം എന്നു വേദനയോടെ ഉരുവിട്ടു എല്ലാവരും പിരിഞ്ഞു.ഇപ്പോൾ മാസങ്ങൾ കടന്നു പോയി. അടുത്ത മീറ്റിനായി നമുക്കു ഒന്നു ശ്രമിക്കേണ്ടേ? ആരാണു അതിനു മുൻ കൈ എടുക്കുക? അന്നുണ്ടായിരുന്ന പലരെയും ഇന്നു കാണുന്നില്ല; ഇന്നു ഉള്ള പലരും അന്നു ബൂലോഗത്തു ജനിച്ചിട്ടുമില്ലായിരുന്നു. അന്നുള്ളവരെയും ഇന്നുള്ളവരെയും ചേർത്തുള്ള ഒരു മീറ്റിനു ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.ബൂലോഗത്തു സമാധാനവും സൗഹൃദവും പൂത്തു തളിർക്കാനും ഒരു മീറ്റ്‌ അവശ്യം ആവശ്യമാണു.നേരിൽ കണ്ടു രണ്ടു കൊച്ചു വർത്തമാനം പറഞ്ഞാൽ തീരാവുന്ന ഹുങ്കല്ലേ മലയാളീക്കുള്ളൂ.മീറ്റിനായി ആരെങ്കിലും മുൻ കൈ എടുക്കാൻ അപേക്ഷിക്കുന്നു.
ഉടനേ തന്നെ ഒരു ബ്ലോഗ്‌ മീറ്റ്‌ ഉണ്ടാകണേ!എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.
സ്വന്തം ഷെരീഫ്കൊട്ടാരക്കര.


Saturday, September 26, 2009

ഒരു മെഡിക്കല്‍ കോളേജു ഡയറി കുറിപ്പുകള്‍

രോഗാവസ്ഥയിൽ എല്ലാവരുടെയും അവസാന ആശ്രയം മെഡിക്കൽ കോളേജാണു. ഇവിടെ എത്തി കഴിഞ്ഞാൽ രണ്ടിലൊന്നു തീരുമാനിക്കപ്പെടുന്നു.ഒന്നുകിൽ ജീവിതത്തിലേക്കു തിരിച്ചു വരുന്നു . അല്ലെങ്കിൽ എന്നെന്നേക്കുമായി ലോകത്തു നിന്നും കടന്നു പോകുന്നു. വിധിയും കാത്തുജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ മകനുമായി സഞ്ചരിച്ച അൻപത്തി ഒന്നു ദിവസങ്ങൾ. മെഡിക്കൽ കോളേജിൽ കഴിച്ചുകൂട്ടിയ ആ ദിവസങ്ങളിൽ അവിടെ കണ്ടതും കേട്ടതും സ്വയം അനുഭവിച്ചതും ഡയറിയിൽ കുറിച്ചിട്ടു. കഥയോ നോവലോ ആക്കി മാറ്റാവുന്ന കുറിപ്പുകൾ. പക്ഷേ കാലങ്ങൾക്കു ശേഷം ആ കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ തോന്നി,ഇതു ഡയറിക്കുറിപ്പുകളായി ത്തന്നെ നില നിർത്തുന്നതാണു നല്ലതെന്നുപക്ഷേ അതു ചീകി മിനുക്കണം; ആവശ്യമില്ലാത്തതെല്ലാം വെട്ടി മാറ്റണം സർവ്വോപരി വായിക്കുന്നവനു സ്വന്തം അനുഭവമായി തോന്നണം,മറ്റൊരാൾക്കു ഉപകാരപ്പെടണം. രണ്ടായിരം ആണ്ടിൽ എഴുത്തു തുടങ്ങി,പഴയ കുറിപ്പുകൾ അടിസ്ഥാനമാക്കി അടുക്കും ചിട്ടയും വരുത്തി. കഥയോ ലേഖനമോ എഴുതാൻ ദിവസങ്ങൾ മാത്രം മതിയാകുന്ന എനിക്കു സ്വന്തം അനുഭവം നന്നാക്കി എഴുതാൻ രണ്ടു വർഷം വേണ്ടി വന്നു. എഡിറ്റ്‌ ചെയ്തു വന്നപ്പോൾ വളരെ ഏറെ ചുരുങ്ങി. പിന്നീടു ഫോട്ടോ കോപ്പി എടുത്തു നീതിന്യായ വകുപ്പിലെ സാഹിത്യാസ്വാദകരായ സുഹ്രുത്തുക്കൾക്കും അടുത്ത സ്നേഹിതന്മാരായ അഭിഭാഷകർക്കും വായിക്കാൻ കൊടുത്തു.ഫലം ഞാൻ പ്രതീക്ഷിച്ചതിലും വിസ്മയാവഹമായിരുന്നു. എല്ലാവർക്കും ഒരേ നിർബന്ധം ; ഈ അനുഭവ കഥ പ്രസിദ്ധീകരിക്കണം.
പിന്നീടു അതിനായി ശ്രമം.മലയാളത്തിലെ പത്ര ഭീമന്മാരുടെ ഓഫീസ്സുകൾ ഞാൻ കയറി ഇറങ്ങി. പ്രസിദ്ധീകരണ രംഗത്തു എനിക്കു മുൻ അനുഭവം ധാരാളം ഉണ്ടു. പക്ഷേ അന്നൊന്നും ഉണ്ടാകാത്ത നിരാശയാണു ഈ പുസ്തകത്തെ സംബന്ധിച്ചു എനിക്കുണ്ടായത് . വ്യക്തിപരമായി അറിയാവുന്ന പലരും അവിടങ്ങളിൽ ഉണ്ടായിരിക്കുകയും അവരെല്ലാം ഒരേ സ്വരത്തിൽ "ഇതു കൊള്ളാം ഇതു പ്രസിദ്ധീകരിക്കാം" എന്നു എന്നോടു നേരിൽ പറയുകയും ചെയ്തിട്ടു മാസങ്ങളോളം പ്രസിദ്ധീകരിക്കാതെ കൈവശം സൂക്ഷിക്കുകയും ചെയ്തു. അവസാനം ഞാൻ പോയി തിരികെ വാങ്ങും. പ്രസിദ്ധീകരണ യോഗ്യമല്ലെങ്കിൽ ഒരു നിശ്ചിത കാലത്തിനുള്ളിൽ അവർ അതു തിരിച്ചയക്കും എന്നു എനിക്കു അറിയാം. പക്ഷേ ഇതു അതല്ല,തിരിച്ചയക്കുകയും ഇല്ലാ പ്രസിദ്ധീകരിക്കുകയും ഇല്ല. എറുണാകുളത്ത്‌ നിന്നും പുറത്തിറങ്ങുന്ന മലയാളത്തിലെ ഒരു വാരികയിലെ ചീഫ്‌ എഡിറ്റർ പഴയ ഒരു പത്ര പ്രവർത്തകനാണു. അദ്ദേഹം ഒന്നര വർഷം ഇതു കയ്യിൽ സൂക്ഷിച്ചു. വിളിക്കുമ്പോഴെല്ലം അദ്ദേഹം പറയും " ദാ ഇപ്പോഴുള്ള ആ പംക്തി തീരട്ടെ ഉടനെ നിങ്ങളുടേതു പ്രസിദ്ധീകരിക്കും" പിന്നീട് ഒരിക്കൽ പറഞ്ഞു " അടുത്ത ഓണപതിപ്പിൽ അതു വരും " ഞാൻ അതിശയിച്ചു; കാരണം ഓണപ്പതിപ്പിൽ അതു വരണമെങ്കിൽ മൊത്തം പേജിന്റെ പകുതി എന്റെ രചനക്കു വേണ്ടി വരും .ഞാൻ അതു സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അതു നിങ്ങൾ അറിയേണ്ട" ഒരിക്കൽ ഞാൻ പറഞ്ഞു "സർ, അതു വാരികയിൽ പ്രസിദ്ധീകരിക്കുമെന്നു ഉറപ്പുണ്ടെങ്കിൽ എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം. അതിനു അദ്ദേഹം പറഞ്ഞ മറുപടി ഞാൻ അയച്ചു കൊടുത്തതു കമ്പോസ്‌ ചെയ്തു കഴിഞ്ഞെന്നാണു. എന്നിട്ടു അവസാനം അദ്ദേഹം പറഞ്ഞതു ഇങ്ങിനെയാണു :"ഇതു കുറച്ചു കൂടി ചെറുതാക്കി തരാമോ?" ചെറുതാക്കാനായി ഞാൻ അതു തിരിച്ചു വാങ്ങിയിട്ടു പിന്നീടു അവിടേക്കു തിരിഞ്ഞില്ല. കോട്ടയത്തു മലയാള മനോരമ വാരാന്ത്യപ്പതിപ്പിനാണു അയച്ചതു. തിരിച്ചു അയക്കാനുള്ള സമയം കഴിഞ്ഞിട്ടും മാസങ്ങളോളം അവർ അതു ചെയ്യാതിരുന്നതിനാൽ ഞാൻ നേരിൽ സെക്ഷനിൽ ചെന്നു. അവിടെ ഇരിക്കുന്നവർ വളരെ ദയാ വായ്പോടെ എന്നോടു പെരുമാറി. ഒന്നുകൂടി വായിച്ചു നോക്കട്ടെ എന്നു അവർ പറഞ്ഞതിനാൽ ഞാൻ തിരികെ പോന്നു. പിന്നീടു ചെന്നപ്പോൾ അവരുടെ ബുദ്ധിമുട്ടു അവർ വിഷമത്തോടെ പറഞ്ഞു. വാരാന്ത്യ പതിപ്പിൽ ഇപ്പോൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന രചനകളൊന്നും ഇടുന്നില്ല.(അഥവാ അങ്ങിനെ ഇടാൻ തക്ക വിധം ഞാൻ അത്ര പ്രസിദ്ധനുമല്ലല്ലോ) പക്ഷേ മറ്റൊന്നു അവർ മുന്നോട്ടു വെച്ചു "ഇതു ചുരുക്കി മറ്റൊരു രീതിയിലാക്കി തന്നാൽ പ്രസിദ്ധീകരിക്കാം. ഞാൻ ഉപയോഗിച്ച പുതിയ രചനാ രീതി മാറ്റുന്നതിനു വൈമുഖ്യം ഉള്ളതിനാൽ തിരികെ പോന്നു. അവസാനം 2007 ആരംഭത്തിൽ തിരുവനന്ത പുരത്തെ ഒരു പ്രസിദ്ധീകരണശാല ഉടമസ്ഥനെ യാദ്രചികമായിപരിചയപ്പെട്ടു. അദ്ദേഹം എന്റെ പുസ്തകം വായിച്ചു. അതു പ്രസിദ്ധീകരിക്കാൻ സമ്മതിച്ചു. അങ്ങിനെ 2007 ജൂലൈയിൽ എന്റെ പുസ്തകം "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" എന്ന പേരിൽ അനുഭവ കഥയായി പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകം ചിലവാകുന്നുമുണ്ടു.
ഇതു ഇത്രയും ഞാൻ ഇവിടെ എഴുതിയതു ഞാൻ ബൂലോഗത്തു വരാൻ കാരണമെന്തെന്നു പറയാനാണു. ഞാൻ എഴുതുന്നതു പ്രസിദ്ധീകരിക്കൻ..അതു എത്ര ചവറു ആയാലും ... ഒരാളുടെയും പുറകെ നടക്കേണ്ട..എനിക്കു എഴുത്തുകാരനാകുന്നതിനോടൊപ്പം പ്രസാധകനാകാം , വായനക്കാരനുമാകാം. ഞാൻ എഴുതുന്നതിനു ഒരാളെങ്കിലും അഭിപ്രായം പറയാൻ ഉണ്ടാകുന്നു. അതെത്ര മഹത്തരമാണു, ഉദരമാണു.അതിനോടൊപ്പം ബ്ലോഗർ എന്ന ചങ്ങലയിലെ ഒരു കണ്ണി ആകാനും എല്ലാവരുമായി സൗഹ്രുദം നില നിർത്താനും സാധിക്കുന്നു. മതി എനിക്കു അത്രയും മതി.
എന്നെ ബൂലോഗത്തു എത്തിച്ചതു നടേ പറഞ്ഞ കാരണങ്ങളാണു. അതു കൊണ്ടു തന്നെ അതിനു നിമിത്തമായ എന്റെ പുസ്തകം "ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പുകൾ" ഖണ്ഡ:ശ്ശ ആയി എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ദൈവം അനുവദിച്ചാൽ എല്ലാ തിങ്കളും ബുധനും ചിലപ്പോൾ ശനിയും ഈ പുസ്തകം( അനുഭവ കഥ) ഭാഗങ്ങളായി പോസ്റ്റു ചെയ്യാമെന്നു കരുതുന്നു. കാര്യ മാത്ര പ്രസക്തമായ നിരൂപണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു.