ഒരു വർഷം -100പോസ്റ്റ്-പിന്നെ ചെറായി മീറ്റും.
ബൂലോഗത്തു ഞാൻ കടന്നു വന്നതു 2009 മാർച്ചിലായിരുന്നു. ഒരു വർഷം കഴിഞ്ഞു. ഇതു നൂറാമത്തെ പോസ്റ്റ്. ചെറായിയുടെ കാര്യം അവസാനം പറയാം.ബൂലോഗത്തു നിസ്സഹായനായ ഒരു ശിശുവായി കൈകാലിട്ടടിച്ചു ള്ളേ..ള്ളേ.... കരഞ്ഞു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ കമഴ്‌ന്നു വീണു മുട്ടുകാലിൽ ഇഴയാൻ പരുവത്തിലായി.
പ്രോഫെയിലും മറ്റും ശരിയാക്കി തന്നതു എന്റെ സ്നേഹിതൻ മനു ആണു.മനു കൊട്ടാരക്കരയിൽ ഇന്റർ നെറ്റ് കഫേ നടത്തുന്ന ആളും ഒരു ബ്ലോഗറും ആണു.
കമ്പ്യൂട്ടറിന്റെ പ്രാഥമിക പരിജ്ഞാനം പോലും പൂർണ്ണമായി ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പോസ്റ്റുകളുടെ കമന്റുകളിൽ സാങ്കേതികപരമായ നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ എനിക്കു ഒന്നും അറിയില്ല എന്ന സത്യം പുറത്തു അറിയിക്കാതെ ഞാൻ ആ നിർദ്ദേശങ്ങൾ എന്തെന്നു പഠിക്കാനും അതു പ്രാബല്യത്തിൽ വരുത്താനും ശ്രമിച്ചു.ഉദാ:- ആരംഭ കാലത്തു എന്റെ ഒരു പോസ്റ്റിൽ ആരോ ഇങ്ങിനെ ഒരു കമന്റിട്ടു.
"ഈ മോഡറേഷൻ എടുത്തു മാറ്റിയില്ലെങ്കിൽ മേലിൽ ഞാൻ കമന്റിടില്ല." മോഡറേഷൻ എടുത്തു മാറ്റാമെന്നു ഞാൻ മറുപടി ഇട്ടെങ്കിലും കമന്റു മോഡറേഷൻ എന്തെന്നു എനിക്കറിഞ്ഞിട്ടു വേണ്ടേ ഞാൻ അതു എടുത്തു മാറ്റാൻ. ഉടനെ മനുവിനെ അഭയം പ്രാപിച്ചു സംഗതി എന്തെന്നു മനു പറഞ്ഞു തന്നു.അങ്ങിനെ അങ്ങിനെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കി പഠിച്ചു.എങ്കിലും എച്.ടി.എം.എൽ. എന്നൊക്കെ നിങ്ങൾ എന്നോടു പറയരുതു. കാരണം ആ വകയൊന്നും ഇപ്പോഴും പിടി കിട്ടിയിട്ടില്ല. സമയം കിട്ടാത്തതു കൊണ്ടാണു.കാര്യങ്ങൾ തുടർന്നും പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണു ഞാൻ ഇപ്പോഴും.ഫോട്ടോ ബ്ലോഗ് പഠിക്കണമെന്ന ആശയുമുണ്ടു.
പരന്ന വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും കിട്ടുന്ന അറിവുകൾ ശ്രമം നടത്തി പോസ്റ്റ് ഇടുമ്പോൾ ആരും കമന്റിടാതെ പോകുന്നതു കണ്ടു പലപ്പോഴും വിഷമം ഉണ്ടായിട്ടുണ്ടു. എന്നാൽ ഒരു ശ്രമവും നടത്താതെ ഉഴപ്പി ഇടുന്ന പോസ്റ്റുകൾക്കു ധാരാളം കമന്റുകൾ വീഴുന്നതു കണ്ടു അതിശയിച്ചിട്ടുമുണ്ടു.
മനസ്സിൽ ഉരുത്തിരിയുന്ന ആശയങ്ങൾ,അനുഭൂതികൾ, അനുഭവങ്ങൾ മുതലായവ കഥകളായും ലേഖനങ്ങളായും മറ്റും രൂപാന്തരം പ്രാപിച്ചു പല ദിവസങ്ങളിലെ ശ്രമത്തിലൂടെ അവയെല്ലാം ചെത്തി മിനുക്കി കടലാസ്സിൽ പകർത്തി ആനുകാലികങ്ങളിലേക്കു അയച്ചു കൊടുത്തിട്ടു അവ പ്രസിദ്ധീകരിച്ചു കാണാൻ കൊതിച്ചു കാത്തിരുന്ന നാളുകൾ!ദിവസങ്ങൾക്കു ശേഷം പത്രാധിപരെന്ന ദ്രോഹി ഒരു ദയവുമില്ലാതെ അതെല്ലാം തിരിച്ചയക്കുമ്പോഴുണ്ടാകുന്ന വേദന!എന്റെ രചനയേക്കളും വെറും തറയായ രചനകൾ അതെഴുതിയവൻ പ്രസിദ്ധനാണു എന്ന ഒറ്റ കാരണത്താൽ ആ വാരികയിൽ തന്നെ പ്രസിദ്ധീകരിച്ചു കാണുമ്പോൾ ഉണ്ടാകുന്ന അരിശം! ബ്ലോഗറായി കഴിഞ്ഞപ്പോൽ അതെല്ലാം കഴിഞ്ഞ കാല പേക്കിനാവുകളായി മാറി. ഇന്നു എനിക്കു എന്റെ ഇഷ്ടപ്രകാരം എന്തും എഴുതാം അതു ഇഷ്ടം ഉള്ളപ്പോൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. എന്തൊരു സുഖം! എന്തൊരു സന്തോഷം! പത്രാധിപരേ! ദ്രോഹീ, പോടാ പുല്ലേ! ബ്ലോഗ് നീണാൽ വാഴട്ടെ!
പലരുമായി നേരിൽ കാണാതെ തന്നെ ബന്ധങ്ങൾ ഉണ്ടാക്കുകയും അങ്ങിനെ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു എന്നതാണു ബ്ലോഗറായതിന്റെ മറ്റൊരു ഗുണം. ജൂനൈദ്, കൊട്ടോടിക്കാരൻ തുടങ്ങിയവർ ഇ മെയിലിലൂടെ ബന്ധപ്പെട്ടു,കൊട്ടോടിക്കാരൻ പലപ്പോഴും ഫോണിൽ ബന്ധപെടുകയും ചെയ്യുന്നു......
ഇവിടെയാണു ചെറായി മീറ്റ് കടന്നു വരുന്നതു.
2009 ജൂലൈയിൽ ചെറായി കടപ്പുറത്തു ലതി എന്ന മാന്യ ബ്ലോഗറിന്റെ ഭർത്താവു സുഭാഷിന്റെ റിസോർട്ടിൽ മലയാള ബ്ലോഗേഴ്സിന്റെ സംഗമം നടക്കുകയുണ്ടായി.അണിയറയിൽ അതിന്റെ ശിൽപ്പികളായി ഹരീഷ്, അനിൽ്ബ്ലോഗ്, നിരക്ഷരൻ, ലതിക, മണികണ്ഠൻ, ജോ,തുടങ്ങിയവർ കഠിനമായി പരിശ്രമിച്ചു.മീറ്റ് ദിവസം അരീകോടൻ മാഷ്,വാഴക്കോടൻ,കൊട്ടോടിക്കാരൻ, രമണിക, ചാണക്യൻ, ചാർവ്വാകൻ, പാവപ്പെട്ടവൻ, പാവത്താൻ, ടൈപ്പിസ്റ്റ്/എഴുത്തുകാരി, ബിന്ദു കെ.പി.കാർട്ടൂണിസ്റ്റ് സജീവു, അപ്പൂട്ടൻ(അപ്പൂട്ടനും ഞാനും പറവൂർ ബസ് സ്റ്റാന്റു മുതൽ ബന്ധം തുടങ്ങി)അപ്പു, ഹാൻലത്തു, ജൂനൈദ്, അങ്കിൾ, കേരളാ ഫാർമർ, ഡോക്റ്റർ നാസ്സ്, നാട്ടുകാരൻ, മാണിക്യം, അരുൺ കായം കുളം ,വേദവ്യാസൻ, ജിപ്പൂസ്സ്, ജയൻ ഏവൂർ, അങ്ങിനെ പല പ്രമുഖരായ ബ്ലോഗറന്മാരും അന്നു ചെറായിയിൽ വന്നു.(അവിടെ വന്ന എല്ലാവരുടെയും മുഖം മനസ്സിൽ ഉണ്ടു പക്ഷേ പേരുകൾ മറന്നു പോയി.മോട്ടോർ സൈക്കിളിൽ വന്ന മെലിഞ്ഞു പൊക്കം കൂടിയ ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ പേരു മറന്നു പോയി)അവിസ്മരണീയമായ ഒരു ദിനം.കാർട്ടൂണിസ്റ്റ് സജീവു പങ്കെടുത്ത എല്ലാവരുടെയും നഖ ചിത്രങ്ങൾ വരച്ചു.വാഴക്കോടൻ മിമിക്രി അവതരിപ്പിച്ചു.ചാർവ്വാകൻ നാടൻ പാട്ടുകൾ പാടി.അങ്ങിനെ പലരും അവരുടെ മേഖലകളിലെ പ്രാവീണ്യം വെളിപ്പെടുത്തി. അന്നു എടുത്ത ചില ഫോട്ടോകൾ മുകളില്‍ കൊടുത്തിട്ടുണ്ടു.
വീണ്ടും കാണാം എന്നു വേദനയോടെ ഉരുവിട്ടു എല്ലാവരും പിരിഞ്ഞു.ഇപ്പോൾ മാസങ്ങൾ കടന്നു പോയി. അടുത്ത മീറ്റിനായി നമുക്കു ഒന്നു ശ്രമിക്കേണ്ടേ? ആരാണു അതിനു മുൻ കൈ എടുക്കുക? അന്നുണ്ടായിരുന്ന പലരെയും ഇന്നു കാണുന്നില്ല; ഇന്നു ഉള്ള പലരും അന്നു ബൂലോഗത്തു ജനിച്ചിട്ടുമില്ലായിരുന്നു. അന്നുള്ളവരെയും ഇന്നുള്ളവരെയും ചേർത്തുള്ള ഒരു മീറ്റിനു ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.ബൂലോഗത്തു സമാധാനവും സൗഹൃദവും പൂത്തു തളിർക്കാനും ഒരു മീറ്റ് അവശ്യം ആവശ്യമാണു.നേരിൽ കണ്ടു രണ്ടു കൊച്ചു വർത്തമാനം പറഞ്ഞാൽ തീരാവുന്ന ഹുങ്കല്ലേ മലയാളീക്കുള്ളൂ.മീറ്റിനായി ആരെങ്കിലും മുൻ കൈ എടുക്കാൻ അപേക്ഷിക്കുന്നു.
ഉടനേ തന്നെ ഒരു ബ്ലോഗ് മീറ്റ് ഉണ്ടാകണേ!എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.
സ്വന്തം ഷെരീഫ്കൊട്ടാരക്കര.
ഷെരീഫ് മാഷെ,
ReplyDeleteഞാൻ ആദ്യമായി നേരിട്ടു കാണുന്ന ബ്ലോഗർ താങ്കളാണെന്ന് തോന്നുന്നു!! പറവൂർ സ്റ്റാന്റിലെ ആ കാത്തുനിൽപ്പും ആശ്വാസമെന്നോണം (ബസ് പോയിക്കഴിഞ്ഞോ എന്ന ആശങ്കയായിരുന്നു ആദ്യപ്രശ്നം, കാർ വന്നപ്പോൾ പോകാൻ തിടുക്കമായതായിരുന്നു അടുത്ത പ്രശ്നം) താങ്കൾ വന്ന് പരിചയപ്പെട്ടതും ഇപ്പോഴും ഓർമ്മയിലുണ്ട്.
ഏതായാലും അടുത്ത മീറ്റ് പ്ലാൻ ചെയ്തല്ലൊ. പാവപ്പെട്ടവൻ മീറ്റിന്റെ ഡേറ്റ് (ആഗസ്റ്റ് 8) അറിയിച്ചുകഴിഞ്ഞു. ഞാൻ ഓടിച്ചെന്ന് റെയ്‌ഷാക്കി. വേഗാവട്ടേന്ന്...
എന്റെ ബ്ലോഗ് വായനകളിൽ വായിക്കാൻ ഏറ്റവും സുഖമുള്ള വാക്കുകൾ താങ്കളുടെ ബ്ലോഗിലേതാണെന്ന് ഉണർത്തട്ടെ. ഇതിനേക്കാൾ ലളിതമായ ഭാഷ ഉപയോഗിക്കുന്ന ആരെയും ബൂലോകത്ത് കണ്ടിട്ടില്ല. താങ്കൾക്ക് എച് ടി എമ്മെൽ അറിയില്ലേൽ എന്താ ഹൈലൈറ്റ് ചെയ്യേണ്ട വാചകങ്ങൾ ബോൾഡിലാക്കി ചുവപ്പിക്കാനുള്ള വിദ്യയൊക്കെ അറിയാമല്ലോ.. :) ഈ ചെറുപ്പക്കാരനായ ഞാൻ അലസത കാരണം ഇതൊന്നും പഠിച്ചിട്ടില്ല. ആകെ അറിയാവുന്നത് ‘ഇവിടെ ക്ലിക്ക് ചെയ്യൂ’ എന്നെഴുതുമ്പോൾ ‘ഇവിടെ’-യിൽ ഒരു ലിങ്ക് കൊടുത്ത് സെറ്റപ്പാക്കാൻ അറിയാം. അതും പല തവണ തെറ്റിപ്പോകും. ഏതായാലും എഴുത്തു നടക്കട്ടെ. ബ്ലോഗ് മീറ്റും നടക്കട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteഷരീഫ് സാഹിബേ,വളരെ ശരിയാണതു..
ReplyDeleteഈ നുറുങ്ങ് കേവലം ബ്രൂണാവസ്ഥയിലായിരുന്നു.!
“അന്നുണ്ടായിരുന്ന പലരെയും ഇന്നു കാണുന്നില്ല; ഇന്നു ഉള്ള പലരും അന്നു ബൂലോഗത്തു ജനിച്ചിട്ടുമില്ലായിരുന്നു. അന്നുള്ളവരെയും ഇന്നുള്ളവരെയും ചേർത്തുള്ള ഒരു മീറ്റിനു ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.“
ഇനി ആഗസ്റ്റ് 8 കാത്തിരിക്കാം.
ഛലോ..ഛലോ...ബോള്‍ഗാട്ടി..!
ഇന്‍ ശാ അല്ലാഹ് സാഹചര്യങ്ങള്‍ ഒത്തു
വന്നെങ്കില്‍ കാണാം.
നൂറാമത്തെ പോസ്റ്റിന്‍ 100 മാര്‍ക്ക് നല്‍കുന്നു.
ആശംസകള്‍.
ഒറ്റ വര്‍ഷം കൊണ്ട് നൂറ് പോസ്റ്റ്...! എന്തായാലും നൂറാം പോസ്റ്റിന് ആശംസകള്‍.
ReplyDelete12 മാസം കൊണ്ട് 100 പോസ്റ്റ് എന്ന് പറയുമ്പോള്‍ തന്നെ ഒരു മാസം ശരാശരി 8 പോസ്റ്റ് എന്ന കണക്കില്‍ കുറേ മിനക്കെട്ടിട്ടുണ്ടാകും എന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.
ഇനിയും എഴുത്ത് തുടരൂ മാഷേ.
നൂറു പോസ്റ്റ്.....
ReplyDeleteമീറ്റില്‍ കിളിര്‍ത്ത സൌഹൃദങ്ങളെ ഒരു വേനലും ഉണക്കിയിട്ടില്ല. വീണ്ടും കാണാം..ആശംസകള്‍.
ആ മെലിഞ്ഞവന്‍ ഈ മെലിഞ്ഞവനാണോ ഷെരീഫ് മാഷേ... :-) എന്നാലും എന്നെ അങ്ങ് മറന്നല്ലോ... കഷ്ട്ടായിപ്പോയി... ( കരച്ചില്‍ )
ReplyDeleteബ്ലോഗ് വാര്‍ഷികത്തിന് ആശംസകള്‍...
ഹായ്!സന്തോഷം!!
ReplyDeleteമീറ്റ് വീണ്ടും വരികയാണല്ലോ!!!
സെഞ്ച്വറി അടിച്ചു തകർത്ത ഷെരീഫിക്കയ്ക്ക് അഭിനന്ദനങ്ങൾ!
(സെഞ്ച്വറി പോയിട്ട് ഫിഫ്റ്റി പോലും തികക്കാൻ ഞാൻ പാടുപെടുന്നു!)
ചില സന്തോഷങ്ങള്‍ അങ്ങനെയാണ് ഹൃദയം നോവുന്ന പോലയോ...? കുളിരുന്ന പോലെയോ തോന്നും. അത്തരത്തില്‍ മുഖങ്ങള്‍ കാണാത്ത എന്നാല്‍ മാനസികമായി അടുത്ത ഒരുപാടു സഹൃദയരെ കാണാന്‍ ചെറായില്‍ കഴിഞ്ഞു. അതിന്‍റെ
ReplyDeleteമറകാത്ത ഓര്‍മ്മയും സുഖസൌഗന്ധികവും ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. എല്ലാരേയും വീണ്ടും കാണാം ഹൃദയങ്ങള്‍ തമ്മില്‍ സംസാരിക്കാം.... സ്വാഗതം അടുത്ത മീറ്റിലേക്ക്. മനപൂര്‍വ്വം ആരെയും മറന്നിട്ടില്ല ..ഒരു വിശ്വാസം എല്ലാവരും വരും ..ഒരു കുടുംബത്തില്‍ എന്നപോലെ വളര്‍ന്ന് സൂക്ഷിച്ച സ്നേഹവുമായി . നൂറാം പോസ്റ്റിനു നൂറു ആശംസകള്‍
NB: ഞാന്‍ പുനലൂര്‍കാരനാണ് നമുക്ക് ഒരിമിച്ചു പോകാം
അപ്പൂട്ടാ,
ReplyDeleteആദ്യമായി പരിചയപ്പെട്ടതു ഞാൻ ഇന്നും ഓർമിക്കുന്നു.അടുത്ത മീറ്റിന്റെ വിവരം തന്നതിൽ സന്തോഷം. കാണാം....വീണ്ടും കാണാം.....
പ്രിയ പള്ളിക്കുളം, സുഹൃത്തേ.....
അഭിപ്രായത്തിനു അനേകം നന്ദി. താങ്കളുടെ പോസ്റ്റുകൾ നിരന്തരം വായിക്കുന്ന എനിക്കു, താങ്കളിൽ അൽപ്പം പോലും അലസത ദർശിക്കാൻ കഴിഞ്ഞിട്ടില്ല."ഇവിടെ ക്ലിക്ക്ചെയ്യൂ" അടുത്ത കാലത്താണു ഞാൻ പഠിച്ചതു ,അതും പൂർണ്ണമായി ശരിയായിട്ടില്ല.പരിശ്രമിക്കുന്നു.അത്യുന്നതന്റെ കാരുണ്യം താങ്കളിൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
പ്രിയ വല്യമ്മായി....
ഞാൻ മറന്നതല്ല...പൊറുക്കണേ......പേരു ഓർമിക്കാതിരുന്നതിനു.....ആശം സകൾക്കു നന്ദി.
ഒരു നുറുങ്ങ്, എന്റെ പ്രിയ ഹാറൂൺ,
കഴിഞ്ഞ ദിവസം താങ്കൾ എന്നെ ഫോണിലൂടെ വിളിച്ചപ്പോൾ ഉണ്ടായ അനുഭൂതി ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.ഭരദ്വാജിന്റെ ഷേയ്ക്ക് പരീതു താങ്കളാണെന്നു ഞാൻ തിരിച്ചറിഞ്ഞതു ഇന്നലെ കൊട്ടോടിയെ ഫോണിൽ വിളിച്ചപ്പോഴായിരുനു."ദൈവ കാരുണ്യത്താൽ ഇപ്പോൾ എന്റെ അവസ്ഥ ഇപ്പോൾ ഇതാണു" എന്നു താങ്കൾ പറഞ്ഞതും താങ്കൾക്കു സംഭവിച്ച അപകടത്തെ പറ്റിയും ഞാൻ കുടുംബാംഗങ്ങളെ കേൾപ്പിച്ചപ്പോൾ അവരുടെ കണ്ണുകളെല്ലാം ഈറനായി.എല്ലാവരും താംകൾക്കും കുടുംബാംഗങ്ങൾക്കും അത്യുന്നതന്റെ കാരുണ്യമായ സമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.ഞാൻ ഇനിയും ഫോണിൽ ബന്ധപ്പെടും...(ഇൻഷാ അല്ലാ)
പ്രിയ ശ്രീ....
എന്റെ പ്രിയ അനിയാ...കണക്കു കൂട്ടൽ ശരിയാണു.ഇരുന്നു ടൈപ്പു ചെയ്യുന്നതിൽ കുറെ അധികം മെനക്കേടു അനുഭവപ്പെടുന്നു എന്നതു ശരിയാണു.പ്രസവ വേദനക്കു അപ്പോഴുള്ള വേദന മാത്രമേ ഉള്ളൂ എന്നും പിന്നീടു കുഞ്ഞിനെ കാണുമ്പോൾ ആ വേദന സുഖമായി മാറുമെന്നും ഈ പെണ്ണൂങ്ങൾ പറയുന്നതു ഞാൻ കേട്ടിട്ടുണ്ടു.അതു പോലെയാണു ഈകഥ എഴുത്തും. അൽപ്പം മെനക്കെട്ടാലും പിന്നീടു ഒരു സുഖമുണ്ടു. അഭിപ്രായങ്ങൾക്കു നന്ദി.
പ്രിയ പാവത്താൻ,
അതേ സുഹൃത്തേ, ഈ സ്നേഹം ഒരു വേനലും ഉണക്കിയിട്ടില്ല.
കാണാം ഇനിയും നമുക്കു കണാം..ഏതെങ്കിലും മീറ്റിൽ....
എന്റെ പ്രിയ മുള്ളൂർക്കാരൻ,
ആ മെലിഞ്ഞ ചെറുപ്പക്കാരൻ എന്റെ പ്രിയ അനിയൻ തന്നെ.ആളെ ഞാൻ മറന്നില്ല അനിയാ..പേരു നാക്കിന്റെ അറ്റത്തിരുന്നു...പുറത്തു വന്നില്ല. ഹാ!...കരയാതെ അനിയാ...ഒരു ആയിരം മാപ്പു...ഇനി നേരിൽ കാണൂമ്പോൾ നേരിലും മാപ്പു ചോദിച്ചേക്കാം പോരെ.....
പ്രിയ ജയൻ ഏവൂർ,
വീണ്ടും മീറ്റിൽ കാണണേ! സാരമില്ലന്നേ, തിരക്കു പിടിച്ച ചികിൽസാ രംഗത്തു നിന്നു കൊണ്ടു ഫിഫ്റ്റി എങ്കിലും അടിച്ചെങ്കിൽ എന്റെ സെ ഞ്ചറിയേക്കാളും ഭേദമാണതു. അഭിപ്രായങ്ങൾക്കു അനേകമനേകം നന്ദി.
പ്രിയ പാവപ്പെട്ടവൻ,
കൊട്ടോടിയിൽ കൂടി താങ്കളുടെ സൈറ്റ് തെരഞ്ഞു കണ്ടെത്തി അതിൽ ഇന്നലെ ഒരു അഭിപ്രായം ഇട്ടിട്ടുണ്ടു. താങ്കളുടെ ഈ അഭിപ്രായത്തിനു കീഴെ എന്റെ 100 കയ്യൊപ്പു.ഈ സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ.
തെന്മല വഴി കടന്നു പോകുമ്പോൾ പലപ്പോഴും ഞാൻ ദിവാ സ്വപ്നം കാണാറുണ്ടായിരുന്നു,ബൂലോഗ പ്രജകളെ ഇവിടെ എല്ലാം കൊണ്ടു നടന്നു കാണീച്ചാലോ? ഒരു മീറ്റ് ഇവിടെ സംഘടിപ്പിച്ചാലോ എന്നു. പക്ഷേ പലരും ഈ പ്രദേശത്തേക്കു തിരിയാൻ മടിക്കും(യാത്രാ ക്ലേശത്താൽ)
അപ്പോൾ അടുത്ത മീറ്റ് എറുണാകുളം.സന്തോഷം.കൂട്ടത്തിൽ ഞാനും കുടുംബവുമുണ്ടു.
പുനലൂരിൽ എവിടെയാണു വീടു. എന്റെ ഫോൺ നമ്പർ9744345476 ആണു. സമയമുള്ളപ്പോൾ ബന്ധപ്പെടുക.
ഇവിടെ വന്നു അഭിപ്രായം ഇട്ടതിൽ നന്ദി...നന്ദി.
താങ്കളുടെ മിക്ക പോസ്റ്റുകളും വായിക്കാറുണ്ട്. ചിത്രങ്ങളും കാണാറുണ്ട്. അഭിപ്രായം
ReplyDeleteരേഖപെടുത്തുന്നത് പലപ്പോഴും പതിയാറില്ല. 100 പോസ്റ്റ് ഒരു കൊല്ലം കൊണ്ട് ഇടാന്‍ കഴിഞ്ഞല്ലോ. ആശംസകള്‍.
Palakkattettan.
കേരളദാസനുണ്ണീ,
ReplyDeleteപ്രിയ സ്നേഹിതാ, ഇവിടെ വനു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.താങ്കളുടെ സാന്നിദ്ധ്യം എന്റെ പോസ്റ്റുകളിൽ ഉണ്ടാകുന്നതു എപ്പോഴും നന്ദിയോടെ ഞാൻ സ്മരിക്കുന്നു.
താങ്കളുടെ ബ്ലോഗിലെ വിഷയത്തോട് യോജിക്കാത്തവറ്ക്ക് പോലും ബഹുമാനം തോന്നുന്ന ഭാഷ,മര്യാദ ഇതൊക്കെ എന്നെ വളരെ ആകര്‍ഷിച്ചിട്ടുള്ളതാണ്..കമന്റ് ബ്ലോഗിന്റെ ക്വാളിറ്റിയുടെ അളവുകോലാക്കേടതില്ല...ഞാന്‍ ബുദ്ധി മുട്ടി എഴുതിയതിന് ഏറ്റവും കുറവും അ..ങ..ന..യങനെ എഴുതിയതിന് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയെന്ന് പററ്റുമ്പോള്‍ സങതി പുടി കിട്ടുമല്ലോ? താങ്കള്‍ക്ക് ആശംശകള്‍ അറിയിക്കുന്നതോടൊപ്പം ഈ പാവന്‍ എന്നെ പരിചയപ്പെടുത്തുകയും ചെയ്യട്ടെ....
ReplyDeleteസത്യത്തില്‍ ചെറായിമീറ്റിനുശേഷം ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞതറിഞ്ഞതേയില്ല.
ReplyDeleteന്നാപ്പിന്നെ അടുത്ത ഈറ്റു തുടങ്ങാം. ഇത്തവണ ഒക്കുമെങ്കില്‍ കൊട്ടോട്ടിവക കൊട്ടും കുരവയും ( മീറ്റു നടക്കണമെന്ന് ആഗ്രഹമുള്ളതിനാല്‍ ഉപേക്ഷിയ്ക്കാനും മതി).
പാവം ഞാൻ, പ്രിയ സ്നേഹിതാ! ഇവിടെ വന്നു അഭിപ്രായം അറിയിച്ചതിൽ ആയിരമായിരം നന്ദി.ഒരാൾ നമ്മളെ സ്മരിക്കുന്നു എന്നു അറിയുമ്പോൾ നമുക്കു എന്തു സന്തോഷമാണുണ്ടാകുന്നതെന്ന് അനുഭവിച്ചറിയണം. കഴിഞ്ഞ divasam കാളിദാസനുണ്ണി എന്ന ബ്ലോഗർ എന്നെ ഫോണിൽ വിളിച്ചിരുന്നു.പരസ്പരം കണ്ടിട്ടില്ലാത്തവർ വിദൂരതയിലിരുന്നു ഫോണിൽ സൗഹൃദം സ്ഥാപിക്കുമ്പോൾ ആ നിസ്വാർത്ഥതയെ ഈ ലോകത്തു സ്നേഹം നില നിൽക്കണമെന്നുള്ള താൽപര്യത്തെ എത്ര ബഹുമതിച്ചാലാണു മതിയാകുക.കമന്റുകളെ സംബന്ധിച്ചു താങ്കൾ പറഞ്ഞതു അന്വർത്ഥമകുന്നതു കാളിദാസ്സനുണ്ണിയുടെ കാര്യത്തിലാണു.അദ്ദേഹം ഒരു ഉഗ്രൻ നോവൽ ബ്ലോഗിൽ പോസ്റ്റ് ചെയ്തു വരുന്നു. രചനാ വൈഭവം മാതൃകയാക്കാവുന്ന ഒരു നോവൽ. പക്ഷേ പ്രോൽസാഹനമായി കമന്റുകൾ കുറവാണു. എന്നാലും അദ്ദേഹം തന്റെ കർമ്മം തുടർന്നു കൊണ്ടേ ഇരിക്കുന്നു.
ReplyDeleteഎന്നുമെന്നും നമ്മുടെ സൗഹൃദം പൂത്തുലയട്ടെ.
പ്രിയ കൊട്ടോടി, കൊട്ടും കുരവയും കൂട്ടത്തിൽ കുടുംബവുമായി ഈറ്റുന്നതിനും മീറ്റുന്നതിനും വരാൻ മുകളിലിരിക്കുന്നവൻ തുണക്കട്ടെ.
അസൂയ കൊണ്ട് എനിക്ക് കണ്ണ് കാണാന്‍ മേല, ഒന്നും എഴുതാനും മേല ....
ReplyDeleteഅനിയാ, തണലേ! ഇവിടെ വന്നു സ്നേഹം നിറഞ്ഞ അസൂയ പ്രകടിപ്പിച്ചതിൽ നന്ദി പറയുന്നതിനോടൊപ്പം എല്ലാവർക്കും തണലായി നീണ്ടകാലം ജീവിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ReplyDeleteadipoly
ReplyDeleteവളരേ നല്ല വേദി. മാന്യമായ പ്രതികരണങ്ങളും. വായിക്കുന്നതിൽ സന്തോഷം തോന്നുന്നു.
Delete