Thursday, March 4, 2010

ഹുസൈനും ചിത്രവും

വിഖ്യാത ചിത്രകാരൻ എം.എഫ്‌.ഹുസ്സൈൻ ഇപ്പോൾ വാർത്താ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുകയാണു. ഖത്തറിലെ പൗരത്വ സ്വീകരണത്തോടനുബന്ധിച്ചു അദ്ദേഹം ഗൾഫ്‌ മാധ്യമവുമായി നടത്തിയ അഭിമുഖത്തെ തുടർന്നാണു ഹുസ്സൈന്റെ പേരു ഇപ്രകാരം വാർത്തകളിൽ കത്തി നിൽക്കുന്നതു.
വിദേശത്തു പൗരത്വം സ്വീകരിക്കാൻ ഹുസ്സൈനെ പ്രേരിപ്പിച്ച വസ്തുതകളെന്താണു എന്നും അദ്ദേഹത്തിന്റെ ഗള്‍ഫിലേക്കുള്ള പ്രയാണത്തിനു ഹേതുവെന്തെന്നും അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. വിശദീകരണവും തർക്ക ഹേതുവായ ചിത്രരചനയും തുറന്ന മനസ്സോടെ നിരീക്ഷിച്ചു നിരീക്ഷണങ്ങളിൽ നിന്നും വെളിവാകുന്ന വസ്തുതകളിൽ അന്തർലീനമായിരിക്കുന്ന സത്യം ചികഞ്ഞെടുക്കുക എന്നുള്ളതാണു കുറിപ്പിന്റെ ലക്ഷ്യം.
എന്താണു ഹുസ്സൈൻ ചെയ്തതു?
ഹൈന്ദവ ദർശനപ്രകാരം ആരാധ്യയായ സരസ്വതീ ദേവിയുടെ നഗ്ന ചിത്രം അദ്ദേഹം വരച്ചു പ്രദർശിപ്പിച്ചു. കൂട്ടത്തിൽ അതേപോലുള്ള മറ്റു ചില ചിത്രങ്ങളും അദ്ദേഹത്താൽ രചയിതമായി. ചിത്രങ്ങൾ മലയാളം ബ്ലോഗിൽ അഭിമന്യൂ എന്ന ബ്ലോഗറിന്റെ പോസ്റ്റിൽ കൂടിയാണെന്നു തോന്നുന്നു അടുത്ത ദിവസം പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടു.
ഹുസ്സൈന്റെ മേൽകാണിച്ച വിധമുള്ള ചിത്ര രചനക്കു ശേഷം സംഘ്‌ പരിവാർ സമൂഹം പ്രതിഷേധവും സമരവുമായി രംഗെത്തെത്തുകയും തുടർന്നു ഇന്ത്യയിൽ പല കോടതികളിലും അദ്ദേഹത്തിനെതിരായി കേസ്സുകൾ ഫയൽ ചെയ്യപ്പെടുകയുമുണ്ടായി.ഹിന്ദു സഹോദരന്മാർ വിദ്യയുടെ ദേവിയായി ആരാധിക്കുന്ന സരസ്വതീ ദേവിയെ ആശാസ്യമല്ലാത്ത രീതിയിൽ, നഗ്നയായി, വികൃതമായി ആവിഷ്ക്കാര സ്വാതന്ത്രിയത്തിന്റെ പേരിൽ ചിത്രീകരികരിച്ചപ്പോൾ ഹുസ്സൈനു എതിരായി ഭീഷണികൾ ഉയർന്നു വന്നു. സംഘർഷം വർദ്ധിക്കുകയും കേസ്സിന്റെ ബാഹുല്യം ഏറുകയും ചെയ്തപ്പോൾ പ്രാണ ഭയത്താൽ അദ്ദേഹം വിദേശത്തു അഭയം തേടി. 83 വയസ്സിൽ നാടു വിട്ട അദ്ദേഹത്തിനു ഇപ്പോൾ 95 വയസ്സു പ്രായമുണ്ടു . വിശ്രുത ചിത്രകാരനായ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു കോടികൾ വിലമതിക്കപ്പെടുമെന്നു പറയപ്പെടുന്നു.
ഇന്ത്യ എന്റെ ആത്മാവാണെന്നും ഇന്ത്യയെ ഞാൻ ഇന്നും സ്നേഹിക്കുന്നു എന്നും പക്ഷേ ഇന്ത്യക്കു എന്നെ വേണ്ടാതായി എന്നും ഹൃദയത്തിൽ വറ്റി തീരാത്ത വേദനയോടെയാണു ഞാൻ ഇതു പറയുന്നതെന്നും ഹുസ്സൈൻ ഗൾഫ്‌ മാധ്യമത്തോടു പറഞ്ഞതായി " മാധ്യമം" പത്രം റിപ്പോർട്ടു ചെയ്യുന്നു.
" വേദനയോടെയാണു ഞാൻ ഇന്ത്യൻ പൌരത്വം ഉപേക്ഷിച്ചതു, ഇന്ത്യക്കാണ് എന്നെ വേണ്ടാത്തത് , പിന്നെന്തിനു ഞാൻ അവിടെ കഴിയണം സംഘ്പരിവാർ ശക്തികൾ എനിക്കെതിരെ വാളോങ്ങിയപ്പോൾ എല്ലാവരും മൗനം പാലിച്ചു. രാഷ്ട്രീയ നേത്രുത്വമോ കലാകാരന്മാരോ ബുദ്ധിജീവികളോ എനിക്കു വേണ്ടി ശബ്ദിക്കാന്‍ മുന്നോട്ടു വന്നില്ല;......ഇന്ത്യയിൽ മാറി മാറി വന്ന ഒരു സർക്കാരും എന്നെ സംരക്ഷിക്കാൻ തയാറായില്ല.അങ്ങിനെയുള്ള നാട്ടിൽ ഇനിയും എനിക്കു ജീവിക്കാൻ കഴിയില്ല.രാഷ്ട്രീയക്കാർക്കു വോട്ടാണു പ്രധാനം.ഹിന്ദ്ത്വ വാദികളുടെ ഭീഷണികൾക്കു മുന്നിൽ അവർ മൗനം പാലിച്ചതിനു കാരണം മറ്റൊന്നുമല്ല......ഇത്രയും കാലം രും എനിക്കു വേണ്ടി ശബ്ദിക്കാനുണ്ടായില്ല,ഒരു സർക്കാരും എന്നെ മടക്കി വിളിച്ചില്ല ഇപ്പോൾ ഒരു രാഷ്ട്രം പൗരത്വം നൽകാമെന്നു പറഞ്ഞപ്പോഴാണു മടങ്ങി ചെല്ലാൻ പറയുന്നതു.ഇതുവരെ തിരിഞ്ഞു നോക്കാതിരുന്ന എന്നെ സംരക്ഷിക്കാൻ തയാറാകാതിരുന്ന രാഷ്ട്രീയ നേതൃത്വത്തെ ഞാൻ എങ്ങിനെ വിശ്വസിക്കും......എനിക്കു ഇന്ത്യയിൽ സുരക്ഷിതത്വം ലഭിക്കുമെന്നു എന്താണു ഉറപ്പു........."
അഭിമുഖ റിപ്പോർട്ടു തുടരുന്നു............
"ഇതു തികച്ചും കലക്കെതിരായ ആത്മാവിഷ്കാരത്തിനെതിരായ നീക്കമാണു.കലയിലൂടെ ആരെയും ആക്ഷേപിക്കാനോ വിശ്വാസങ്ങളെ വൃണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല. എന്റെ ആത്മാവിന്റെ അഭിരുചികളെ കലയിലൂടെ ആവിഷ്ക്കരിക്കുക മാത്രമാണു ഞാൻ ചെയ്തതു......" ഹുസ്സൈൻ അഭിമുഖത്തിൽ പറഞ്ഞു.
നമുക്കു വസ്തുതകൾ പുന:പരിശോധിക്കാം. നാ അങ്ങിനെ ചെയ്യുന്നതിനു മുമ്പു ഹുസ്സൈൻ ഒരു മുസ്ലിം ആണെന്നുള്ളതും പ്രതിഷേധക്കാർ സംഘ്‌ പരിവാർ ആണെന്നുമുള്ള കാഴ്ച്ചപ്പാടു തീർച്ച ആയും മനസ്സിൽ നിന്നും നീക്കം ചെയ്യണം.ഒരു നിഷ്പക്ഷ നിരീക്ഷണത്തിനു അപ്രകാരമുള്ള നീക്കം ചെയ്യൽ അത്യന്താപേക്ഷിതമാണു.ജാനാധിപത് ഭാരതത്തിലെ ഒരു ഭൂരിപക്ഷ സമൂഹം പവിത്രവും പരിശുദ്ധവുമായ നിലയിൽ കാണുന്നതും ആരാധിക്കുന്നതുമായ ഒരു ദേവിയെ നാളിതു വരെ കാണാത്ത കോലത്തിൽ സാമ്പ്രദായ്കമല്ലാത്ത രൂപത്തിൽ ചിത്രീകരിച്ചു പ്രദർശിപ്പിച്ചപ്പോൾ രചയിതാവു ഒരു മുസ്ലിം നാമധാരിയാണോ ഇതര മതസ്ഥനാണോ എന്നു നോക്കേണ്ട കാര്യമില്ല. ചിത്രീകരിക്കപ്പെട്ട ആരാധ്യവസ്തു ഹിന്ദുവിന്റേതാണൊ എന്നും നോക്കേണ്ടതില്ല.അങ്ങിനെയുള്ള ചിത്രം കാണൂമ്പോൾ ബന്ധപ്പെട്ട സമൂഹത്തിന്റെ മനോനിലയെപ്പറ്റി മാത്രമാണു ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ചിന്തിക്കേണ്ടതു.നാം ബഹുമാനിക്കുന്ന ആരാധിക്കുന്ന ഒരു വ്യക്തിയെ/ദൈവത്തെ വിമർശിച്ചു ആരെങ്കിലും സം സാരിക്കുകയും എഴുതുകയും ചെയ്യുമ്പോൾ ഒരു പരിധിവരെ അതു ചെയ്യുന്നവരുടെ നേരെ നമുക്കു സഹിഷ്ണത പുലർത്താം. കാരണം ആരോപിക്കപ്പെട്ട വിമർശിക്കപ്പെട്ട നമ്മുടെ ഭാഗത്തിനു വേണ്ടി കാര്യ ഗൗരവത്തോടെ ന്യായങ്ങൾ നിരത്തി മറുപടി പറയാനും മറുലേഖനം എഴുതാനും തെളിവുകൾ ഹാജരാക്കി അവരുടെ വിമർശനത്തെ ഖണ്ഡിക്കാനും നമുക്കു കഴിയും.ആരോപിക്കപ്പെട്ട വിമർശിക്കപ്പെട്ട തെറ്റിദ്ധരിക്കപ്പെട്ട വസ്തുതകൾ അപ്രകാരം നമുക്കു തിരുത്തുകയും ചെയ്യാം.
പക്ഷേ ഹുസ്സൈൻ ചെയ്തതു അപ്രകാരത്തിലുള്ള ആരോപണമോ വിമർശനമോ അല്ലെന്നു തീർച്ച.ഇവിടെ അദ്ദേഹം ചെയ്ത പ്രവർത്തിയിൽ ഹിന്ദുമത വിശ്വാസികളുടെ മനസ്സിലെവിടെയോ ഒരു നീറ്റൽ, അപമാനം, സഹോദരന്മാർ പരിശുദ്ധമായി വെടിപ്പാക്കി വെച്ചിരിക്കുന്ന പൂജാ മുറിയിൽ അമേധ്യം കണ്ടതു പോലുള്ള അറപ്പു തുടങ്ങിയവ ഉളവായി. ലേഖനങ്ങൾക്കോ വിമർശനങ്ങൾക്കോ മറുപടി എഴുതുകയോ പറയുകയോ ചെയ്തു വിമർശം ഖണ്ഡിക്കാൻ കഴിയുന്നതു പോലെ ചിത്ര പ്രശ്നത്തിൽ ഹിന്ദു സഹോദരന്മാർക്കു ബദൽ ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. അപ്രകാരം ഹിന്ദു മത വിശ്വാസികളിൽ വേദന ഉളവാകത്തക്ക രീതിയിൽ അദ്ദേഹം ദേവിയുടെ ചിത്രം വികൃതമാക്കിയതു ന്യായീകരിക്കപ്പെടാവുന്നതല്ല.
വന്ദ്യയായ നിങ്ങളുടെ സ്വന്തം മാതാവു നഗ്നയായി ചിത്രീകരിക്കപെട്ടു ചിത്രം നിങ്ങളുടെ മുമ്പിൽ പ്രദർശിപ്പിച്ചാൽ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാര വികാരങ്ങൾ എന്തെല്ലാമായിരിക്കും.
അപ്പോഴുണ്ടാകുന്ന നിങ്ങളുടെ പ്രതിഷേധത്തെ ,അത് ചെയ്ത ആള്‍ "ഇതു തികച്ചും കലക്കെതിരായ ആവിഷ്ക്കാരസ്വാതന്ത്രിയത്തിനെതിരായ നീക്കമാണു" എന്നു ന്യായീ കരിച്ചാൽ അതു ഒരിക്കലും നിങ്ങൾകു അംഗീകരിക്കാൻ കഴിയില്ല.
എന്താണു കല.?
കല ദിവ്യമാണു. പ്രകൃതി അനുഗ്രഹിച്ചു ചിലരിൽ മാത്രം നൽകുന്ന വരദാനമാണതു. മാനസികോല്ലാസപ്രദായകവും മറ്റുള്ളവരെ ഉപദ്രവിക്കാത്തതുമായിരിക്കണം. സമൂഹത്തിനു ഉപകാരപ്രദവുംസഹായകരവുമായിരിക്കണം.ചിത്ര രചന ആയാലുംസാഹിത്യമായാലും സംഗീതമായാലും കാഴ്ച്ചപ്പാടു ഉണ്ടാകണം.
യേശുദാസ്സ്‌ വിശൃതനായ സംഗീതജ്ഞനാണു. അദ്ദേഹം അതി സുന്ദരമായ ഈണത്തിൽ നാലു പച്ചതെറികൾ പാടിയാൽ അതു കേൾക്കുന്നവരായ നമ്മുടെ മനോഭാവം എന്തായിരിക്കും. അതുഅദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്രിയമാണു എന്നു പറഞ്ഞാൽ എന്തു ന്യായീകരണമാണുഉള്ളതു.അപ്പോൾ, ആവിഷ്കാര സ്വാതന്ത്രിയവും ആത്മാവിന്റെ അഭിരുചികളെ കലയിലൂടെആവിഷ്കരിക്കലും സഹജീവികളിൽ അസഹ്യത ഉണ്ടാക്കരുതു എന്ന ചിന്ത കലാകാരനിൽതീർച്ചയായും ഉണ്ടാകേണ്ടിയിരിക്കുന്നു. അതായതു ആവിഷ്കാര സ്വാതന്ത്രിയം അഴിച്ചു വിട്ട കൂറ്റൻകാളയെ പോലെ ആകരുതു എന്നു സാരം.
ഇവിടെ ഹുസ്സൈന്റെ വാചകങ്ങൾ തന്നെ അദ്ദേഹത്തിനെതിരായ സാഹചര്യ തെളിവുകളായി വരുന്നു .
".......സംഘ്‌ പരിവാർ കക്ഷികൾ എന്റെ നേരെ വാളോങ്ങിയപ്പോൽ എല്ലാവരും മൗനം പാലിച്ചു. രാഷ്ട്രീയ നേതാക്കളോ കലാകാരന്മാരോ ബുദ്ധിജീവികളോ എനിക്കു വേണ്ടി ശബ്ദിക്കാൻ വേണ്ടിമുന്നോട്ടു വന്നില്ല.ഇന്ത്യയിൽ മാറി മാറി വന്ന ഒരു സർക്കാരും എന്നെ സംരക്ഷിക്കാൻ തയാറായില്ല......"
ഹുസ്സൈന്റെ പരിദേവനം വസ്തുതാപരമായി ശരിയാണു. അതെന്തുകൊണ്ടെന്നു അദ്ദേഹംചിന്തിച്ചില്ല"ഹിന്ദുത്വ ശക്തികളെ ഭയപ്പെട്ടതിനാലാണു " ഇപ്രകാരം ഉണ്ടായതെന്നാണുഅദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടു. കാഴ്ച്ചപാടിനോടു യോജിക്കാൻ കഴിയില്ല. കാരണം ലോകത്തിലെഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണു ഇന്ത്യ. അപഭ്രംശങ്ങൾ അങ്ങുമിങ്ങും വിരളമായികാണപ്പെടുന്നു എങ്കിലും സ്വതന്തൃ ഇന്ത്യയിൽ മേൽ പറഞ്ഞ വിധത്തിൽ ഏതെങ്കിലും ശക്തികളെഭയന്നു നമ്മുടെ അഭിപ്രായങ്ങൾ നമ്മൾ മൂടി വെക്കാറില്ല. അപ്പോൽ ഹുസ്സൈൻ പറഞ്ഞ "മൗനംപാലിച്ച എല്ലാവരിലും" ഞാൻ നടേ പറഞ്ഞ ചിന്തകൾ ചിത്രങ്ങൾ കണ്ടപ്പോൾ ഉണ്ടായിട്ടുണ്ടുഎന്നതു സത്യമാണു. ഏതു സ്വാതന്ത്രിയത്തിന്റെ പേരിലായാലും അതു വേണ്ടായിരുന്നു എന്ന തോന്നൽഭൂരിപക്ഷം പേരിലും കാലത്തു ഉണ്ടായിരുന്നു. അതിനാലാണു ബുദ്ധിജീവികൾ ഉൾപ്പടെയുള്ളവർചിത്ര പ്രശ്നത്തിൽ മൗനം ഭജിച്ചതു.
കുറിപുകൾ അവസാനിക്കുന്നതിനു മുമ്പു മറ്റൊരു സത്യം കൂടി ഇവിടെനിരീക്ഷിക്കപ്പെടേണ്ടതുണ്ടു."കലയിലൂടെ അരെയും ആക്ഷേപിക്കനോ വിശ്വാസങ്ങളെവൃണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല." എന്നു അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിന്റെ കലയുടെആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വൻ സമൂഹം വേദനിക്കപ്പെട്ടു എന്നും അദ്ദേഹത്തിന്റെആത്മാവിന്റെ അഭിരുചി കലയിലൂടെ പ്രദർശിക്കപെട്ടപ്പോൾ സമൂഹത്തിന്റെ മനസ്സിൽ തന്റെരചനയെപ്പറ്റി അഭിനന്ദനമോ, പ്രോൽസാഹനമോ അല്ല, പകരം പ്രതിഷേധമാണു ഉൽഭവിച്ചതെന്നുംഅദ്ദേഹം തിരിച്ചറിയേണ്ടിയിരുന്നു. തിരിച്ചറിയലിൽ നിന്നും അദ്ദേഹത്തിന്റെ പശ്ചാത്താപംവെളിപ്പെടണമായിരുന്നു.പകരം എങ്ങും തൊടാതെയുള്ള ആത്മാർത്ഥത ഇല്ലാത്ത ചില ക്ഷമാപണവാക്കുകൽ മാത്രമാണു പണ്ടും ഇപ്പോഴും അദ്ദേഹം പ്രകടിപിച്ചതു. തെറ്റു തെറ്റായി കാണാൻ അദ്ദേഹംഒരുക്കമല്ല.
കോടതികളിലെ ഹുസ്സൈനു എതിരായ കേസ്സുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത തായി വാർത്ത വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുംഅദ്ദേഹത്തെ പിൻ താങ്ങി സം സാരിച്ചിരിക്കുന്നു.
ഏതു കോടതിയിൽ നിന്നും ഏതു കേസ്സിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയാലും അദ്ദേഹത്തിന്റെആവിഷ്കാര സ്വാതന്ത്ര്യം മൂലം അപമാനിക്കപ്പെട്ട ഒരു വൻ സമൂഹത്തിന്റെ മനസ്സിലെ വേദനയെഇല്ലാതാക്കാൻ ഒരു അധികാര സ്ഥാപനത്തിനും കഴിയില്ലെന്നും തീർച്ച. അതോടൊപ്പം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധികൾ എന്തെല്ലാമെന്നു പുനർ ചിന്തനവും നമ്മളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.


3 comments:

 1. തീർച്ചയായും ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരുകൾ ഉണ്ടായിരിക്കണം. കൈ വീശുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ അന്യന്റെ മുഖത്ത് കൊള്ളാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

  ReplyDelete
 2. ചിന്തക്ക് ഭക്ഷണം നല്‍കുന്ന വിഷയം...
  സസ്നേഹം പാവംഞാന്‍

  ReplyDelete
 3. പള്ളിക്കുള്ളം, പാവം ഞാൻ,
  സന്ദർശനത്തിനു നന്ദി.

  ReplyDelete