Friday, June 24, 2016

ഇഫ്ത്താറും അടിസ്ഥാന വർഗവും

ഇഫ്ത്താർ സംഗമങ്ങൾ ഗംഭീരമായി നടന്ന് കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും  സാമൂഹ്യ സംഘടനകളും പത്രങ്ങളും ചാനലുകളും  ആദർശം മുഖമുദ്രയായുള്ള പ്രസ്ഥാനങ്ങളും എന്ന് വേണ്ട ഈ ദുനിയാവിലെ എല്ലാ  ആൾക്കൂട്ടങ്ങളുടെയും ആഭിമുഖ്യത്തിൽ  നടത്തിക്കൊണ്ടിരിക്കുന്ന  ഈ സമൂഹ നോമ്പ്തുറ പ്രൗഡ ഗംഭീരമായ സദസ്സുകളാൽ നിറയപ്പെട്ടിരുന്നുവെന്നും  സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പ്രസ്തുത ചടങ്ങുകളിൽ സംബന്ധിച്ച് പ്രസംഗിച്ചു എന്നും വാർത്തകൾ വന്ന്കൊണ്ടിരിക്കുന്ന ഈ വേളയിൽ ന്യായമായി ഉണ്ടാകുന്ന ഒരു ചോദ്യം  സമൂഹത്തിലെ  അടിസ്ഥാന വർഗത്തിൽ പെട്ട  ഒരു മുസൽമാന് ഈ വി.ഐ.പി. നോമ്പ്തുറയിൽ പങ്കെടുക്കാൻ  പാടില്ലാ എന്ന് വിലക്കുന്ന ഏതെങ്കിലും മതപരമായ വിലക്കുകൾ നിലവിലുണ്ടോ എന്നാണ്. നോമ്പ് വിഭാവനം ചെയ്യുന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള  വ്യത്യാസം ഒരുമിച്ച് ഒരു മാസത്തിൽ നോമ്പെടുക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നതാണ്. അതായത് റമദാൻ മാസത്തിൽ ജീവനോടെ ഉള്ള ആളും നോമ്പ് ആചരിക്കാൻ പറ്റാത്ത വിധം അസൗകര്യമുള്ള വ്യക്തികളൊഴികെ  മറ്റെല്ലാ മുസൽമാനും അവൻ കോടീശ്വരനോ  ദരിദ്ര നാരായണനോ ആരുമാകട്ടെ അവൻ അന്ന പാനീയങ്ങൾ വെടിഞ്ഞ്  ദുഷിച്ച  വികാരങ്ങളിൽ നിന്ന് ഒഴിഞ്ഞ്  സൂര്യോദയം മുതൽ സന്ധ്യ വരെ  ഉപവാസം അനുഷ്ടിക്കണമെന്നാണ്. അങ്ങിനെ എല്ലാവരും ഒരേ അവസ്ഥയിൽ ആയി തീരുമ്പോൾ എല്ലാ വ്യത്യാസങ്ങൾക്കും അന്ത്യം സംഭവിക്കുന്നു. നോമ്പ് കാര്യത്തിൽ  അപ്രകാരം മുസൽമാനെല്ലാരും ഒന്ന് പോലെ എന്നായി തീരുമ്പോൾ നോമ്പ് തുറയിൽ മാത്രം വ്യത്യാസം വരുന്നതെങ്ങിനെ അങ്ങിനെ ചെയ്താൽ അത് നോമ്പിന്റെ അന്ത:സത്തക്ക് വിരുദ്ധമാവില്ലേ? ഇഫ്ത്താർ പാർട്ടി സമൂഹത്തിലെ  ഉന്നതർക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയാൽ  ആ സദസ്സിൽ വി.ഐ.പി. പരിവേഷം  മാത്രമായാൽ  അത് ഇസ്ലാമികമാവില്ലല്ലോ!. കാരണം പ്രവാചകന്റെ സദസ്സ് പ്രൗഡ ഗംഭീരമായി തീർന്നത്  അതിലെ വൈവിധ്യം കൊണ്ടാണ്. കറുത്തവനും വെളുത്തവനും പണക്കാരനും പാവപ്പെട്ടവനും  ബലവാനും ദുർബലനും  എല്ലാം അടങ്ങിയ സദസ്സായിരുന്നല്ലോ എപ്പോഴും പ്രവാചകന്റെ മുമ്പിലുണ്ടായിരുന്നത്. വി.ഐ.പി.കൾ മാത്രമടങ്ങിയ സദസ്സിനെ  പ്രവാചകൻ  ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാ എന്നത് കൊച് കുഞ്ഞുങ്ങൾക്കും പോലും അറിയാവുന്ന വസ്തുത ആണ്. അങ്ങിനെയെങ്കിൽ ഈ  ഇഫ്ത്താർ മാമാങ്കങ്ങൾ എങ്ങിനെ ഇസ്ലാമിന്റെ പേരിൽ ചെലവെഴുതാൻ കഴിയും
ഇത്രയുമെഴുതിയത്  കൊല്ലം ചിന്നക്കടയിലെയും കോഴിക്കോട് അങ്ങാടിയിലെയും ചുമട്ട് തൊഴിലാളികളെടെയും നോമ്പ്  ആചരണത്തെ പറ്റി പത്രവാർത്തകൾ കണ്ടത് കൊണ്ടാണ്.പകൽ വിശപ്പും ദാഹവും സഹിച്ച്  അദ്ധ്വാനിക്കുന്ന ആ വിശ്വാസികൾ  നോമ്പ് പിടിച്ച് കൊണ്ട് തന്നെ ചുമട് ചുമക്കുന്നു. ഇഫ്ത്താർ പാർട്ടികളിൽ ഇവർക്കും സ്ഥാനം കൊടുക്കേണ്ടേ? അടിസ്ഥാന വർഗത്തെ ഒഴിവാക്കി എന്ത് ഇഫ്ത്താർ ഏത് ഇഫ്ത്താർ. സമൂഹത്തിലെ ഭിന്ന വ്യക്തിത്വങ്ങളെ  ഒരേ വേദിയിൽ അണി നിരത്തുമ്പോഴല്ലേ അത് പ്രവാചകൻ മനസിലാക്കി തന്ന ഇസ്ലാമും ഇഫ്ത്താറുമെല്ലാം ആവുകയുള്ളൂ .

Saturday, June 18, 2016

ജഡ്ജും നോമ്പും

 വാർഷിക പരിശോധനക്ക്  ആ വർഷവും ജില്ലാ കോടതിയിൽ   നിന്നും ബഹുമാനപ്പെട്ട ജഡ്ജ്  വന്നു. വൈകുന്നേരം വരെ പരിപാടി കാണുമെന്നതിനാൽ ഉച്ചക്ക് ഭക്ഷണം  ഇവിടെ തന്നെയാണ്  പതിവ് .  ഞാൻ  കൊട്ടാരക്കര സ്ഥിര താമസക്കാരനായതിനാൽ  മിക്കവാറും  ആഹാരത്തിന്റെ ചുമതല  എന്നിലാണ് വന്ന് ചേരുക. ഏതെങ്കിലും നല്ല ഹോട്ടലിൽ ഇടപാട് ചെയ്യും, അവർ കൊണ്ട് വരും വിളമ്പും, മേൽനോട്ടം  എന്റെ ചുമതലയും. ആ വർഷം റമദാൻ കാലത്തായിരുന്നു  ജഡ്ജിന്റെ സന്ദർശനം. അദ്ദേഹത്തിന്റെ ഊണ് കഴിഞ്ഞതിന് ശേഷം  സ്ഥലത്തെ ഓഫീസറന്മാരെല്ലാം കൂടി ഉണ്ണാനിരുന്നു. സബ് ജഡ്ജും ഞാനും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു; അദ്ദേഹം ചങ്ങനാശേരിക്കാരനും ഞാൻ ആലപ്പുഴക്കാരനും. അദ്ദേഹം പറയുന്നത് ഒരിക്കലും ഞാൻ തട്ടിക്കളയാറുമില്ല. സ്നേഹസമ്പന്നനായ അദ്ദേഹവുമായി അത്രക്ക് അടുപ്പമായിരുന്നു.ഊണ് ആരംഭിച്ചപ്പോൾ  സബ് ജഡ്ജ് എന്നെ ഉണ്ണാനായി വിളിച്ചു. മറ്റ് ഓഫീസറന്മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ക്ഷണം. അദ്ദേഹത്തിന് സമീപം ചെന്ന് ഞാൻ പതുക്കെ പറഞ്ഞു"സർ, എനിക്ക്  വൃതമാണ്." സബ് ജഡ്ജ് ഉടനെ പറഞ്ഞു, "ആരും കാണില്ല ഷരീഫേ! വന്ന് കഴിക്കുക, വിശന്ന് നിൽക്കണ്ടാ."  ഇത് കേട്ടപ്പോൾ മറ്റുള്ളവർ ഉച്ചത്തിൽ ചിരിച്ചു. "സർ, ആരും കണ്ടില്ലെങ്കിലും എന്റെ മനസാക്ഷി കാണും, പിന്നെ മുകളിൽ ഒരാളും കാണും മാത്രമല്ല  ആഗ്രഹം ഉണ്ടാകുന്ന ഒരു സാധനം വേണ്ടെന്ന് വെക്കാനുള്ള ഒരു പരീക്ഷണവുമാണിത്, അവിടെ പരാജയപ്പെടാൻ പാടില്ലല്ലോ   "  നോമ്പിന്റെ തിളപ്പും ഉച്ച നേരവും എന്നെ കളിയാക്കിയതിലുള്ള ഈർഷ്യയും മനസിൽ നിറഞ്ഞ് നിന്നതിനാൽ    ഇത് പറയുമ്പോൾ എന്റെ സ്വരത്തിൽ ഒട്ടും മയമില്ലായിരുന്നെന്ന് എനിക്ക് തന്നെ തോന്നി. എന്നോടുള്ള സ്നേഹാധിക്യത്താലാണ് കൂടെ ഇരുന്ന് ആഹാരം കഴിക്കാൻ അദ്ദേഹം ക്ഷണിച്ചത്. ഞാൻ അനുസരിക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ച് കാണും. എന്തായാലും അദ്ദേഹത്തിന്റെ മുഖം വിവർണമാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വൈകുന്നേരം ശിരസ്തദാറോട്  അദ്ദേഹം ": മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഷരീഫ് എന്നെ അനുസരിക്കാതിരുന്നത് ഒട്ടും ശരിയായില്ലാ എന്നും , അതെന്താ അയാൾ അങ്ങിനെ പെരുമാറിയതെന്നും " ചോദിച്ചതായി   ഞാൻ അറിഞ്ഞു. നോമ്പിന്റെ ഒരു ചെറു വിവരണം ശിരസ്തദാർ അദ്ദേഹത്തിന് നൽകിയെന്നും ഞാൻ അറിഞ്ഞു.
പിറ്റേ ദിവസം രാവിലെ എന്നെ കണ്ടപ്പോൾ അദ്ദേഹത്തിൽ പതിവ് ചിരി  ഇല്ലായിരുന്നു.ഞാൻ അത് കാര്യമായി എടുത്തുമില്ല.ബെഞ്ചിൽ കയറിയാൽ കൃത്യം 12 മണിക്ക് സബ് ജഡ്ജ്  തിരിച്ച് ചേംബറിൽ വരും. അപ്പോൾ ഒരു ഗ്ലാസ് കടുംചായ  അദ്ദേഹത്തിന്. നിർബന്ധമാണ്  അത് കഴിഞ്ഞ് വീണ്ടും ബെഞ്ചിൽ കയറും പിന്നെ ഒന്നര മണിക്കാണാണ് ലഞ്ചിന് ഇറങ്ങുക. അന്ന് അദ്ദേഹം ബെഞ്ചിൽ നിന്നും 12 മണിക്ക് ഇറങ്ങിയില്ല. ചായ കുടിച്ചുമില്ല. പേഴ്സണൽ  പ്യൂൺ എന്നോട്  പറഞ്ഞു "വീട്ടിൽ എന്തോ ഉടക്കുണ്ടെന്ന് തോന്നുന്നു, കൊച്ചമ്മയുമായി, കാരണം ഇന്ന് ഉച്ചക്ക് ഊണ് എടുക്കേണ്ടാ എന്ന് അദ്ദേഹം അയാളോട് പറഞ്ഞുവത്രേ! ഇന്നലത്തെ പ്രശ്നവും രാവിലെ കണ്ടപ്പോൾ ചിരിക്കാതിരുന്നതും  വിവരങ്ങൾ അന്വേഷിക്കാൻ അദ്ദേഹത്തിന്റെ ചേംബറിൽ പോകുന്നതിൽ നിന്നും എന്നെ തടഞ്ഞു. അന്ന് പകൽ മുഴുവൻ  ബെഞ്ചിൽ വക്കീലന്മാരോടും ചേമ്പറിൽ വന്നിരുന്ന  ജീവനക്കാരോടും സൗമ്യമായാണ് അദ്ദേഹം പെരുമാറിയത്. എന്തെങ്കിലും തെറ്റ് കണ്ടാൽ "എന്താ ഹേ! ഇത്?" എന്നും പറഞ്ഞ് ബഹളം കൂട്ടുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നല്ലോ. ഭാര്യയുമായി വലിയ ഉടക്ക് തന്നെ എന്ന് ആഫീസിൽ എല്ലാവരും  കരുതി.
 അന്നന്ന്  വാദം കേൾക്കുന്ന കേസിന്റെ വിധിന്യായം തയാറാക്കുവാനായി  ഡിക്റ്റേഷൻ    അഞ്ചരമണിയായാലും സ്റ്റെനോഗ്രാഫർക്ക്    പറഞ്ഞ് കൊടുക്കാതെ അദ്ദേഹം വീട്ടിൽ പോകുമായിരുന്നില്ല  . അന്ന് ഡിക്റ്റേഷൻ തീർന്നത് 6 മണിക്ക് ആയിരുന്നു  . നോമ്പ് ആയിരുന്നതിനാൽ വേറെ എവിടെയും പോകാനില്ലാത്തതിനാൽ ഞാൻ ആഫീസിൽ തന്നെഉണ്ടായിരുന്നു. പ്യൂൺ വന്ന് എന്നെ അദ്ദേഹം വിളിക്കുന്നതായി അറിയിച്ചു. മുഖത്ത് ഒരു വിഷാദ പുഞ്ചിരിയുമായിരുന്ന അദ്ദേഹം എന്നെ കണ്ടപ്പോൾ ചോദിച്ചു "നോമ്പ് തുറക്കുന്നത് എന്ത് ആഹാരം കഴിച്ച് കൊണ്ടാണ് ഷരീഫേ?" കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹവുമായിരുന്ന് ആഹാരം കഴിക്കാത്തതിനാൽ എന്നെ ഇന്ന് നോമ്പ് തുറ സമയത്ത് സൽക്കരിക്കാനുള്ള ഭാവമായിരിക്കും എന്ന് കരുതി ഞാൻ പറഞ്ഞു" സർ, ഞാൻ വീട്ടിൽ പോയി ആഹാരം കഴിച്ചോളാം" അദ്ദേഹം മുഖം നിറയെ ചിരിയുമായി പറഞ്ഞു " നിങ്ങളുടെ കാര്യമല്ല, എനിക്കിന്ന് നോമ്പ് ആണ്, ഞാൻ നോമ്പ് തുറക്കുന്ന കാര്യമാണ് ചോദിച്ചത്." ഞാൻ അന്തം വിട്ട് അദ്ദേഹത്തെ നോക്കി നിന്നു. എന്റെ മുഖത്തെ അതിശയം കണ്ടത് കൊണ്ടായിരിക്കാം അദ്ദേഹം പറഞ്ഞു, "ആരും കാണുകയില്ല, നിങ്ങൾ  ആഹാരം കഴിക്കുക എന്ന് ഞാൻ ഇന്നലെ  പറഞ്ഞപ്പോൾ ഞാൻ എന്ത് പറഞ്ഞാലും എന്നോട് ആത്മാർത്ഥ സ്നേഹമുള്ളതിനാൽ ഉടൻ  അനുസരിക്കുന്ന  നിങ്ങൾ ഇന്നലെ അനുസരിച്ചില്ല. ആദ്യം എനിക്ക് അമർഷം ഉണ്ടായി, പിന്നീട് അതിശയം തോന്നി, അത് കഴിഞ്ഞ് ശിരസ്തദാരോട് സംസാരിച്ചപ്പോൾ  നോമ്പ് എന്തെന്ന് , അറിയാനുള്ള ജിജ്ഞാസ ഉണ്ടായി. ഇഷ്ടമുള്ള കാര്യം വേണ്ടെന്ന് വെക്കാൻ നോമ്പ് നമ്മളിൽ  മനശ്ശക്തി ഉണ്ടാക്കുമോ എന്ന് പരിശോധിക്കണമെന്ന് തോന്നി  നോമ്പ് പിടിച്ചാൽ  ഉച്ചക്ക് 12 മണിക്കു നിർബന്ധമായി ബെഞ്ചിൽ നിന്നിറങ്ങിയുള്ള കടുംചായ കുടി അവസാനിപ്പിക്കാമോ എന്ന് പരിശോധിക്കണമെന്നും കരുതി . ഞാൻ നോമ്പ് പിടിച്ചു.  ഇച്ഛാ ശക്തി വർദ്ധിപ്പിക്കാനുള്ള മാർഗം തന്നെയാണ് നോമ്പ് എന്ന് ഞാൻ തിരിച്ചറിയുന്നു. .. എതൊന്നും വേണ്ടെന്ന് വെക്കാൻ മനസിന്  നൽകുന്ന പരിശീലനം ആണതെന്നും    മനസിലാക്കുന്നു . ഇന്ന് ആരോടും കയർക്കാതിരിക്കാനും എനിക്ക് കഴിഞ്ഞു".
ഇത്രയും അദ്ദേഹം പറഞ്ഞപ്പോൾ എന്റെ മുമ്പിൽ ആ മനുഷ്യൻ മാനം മുട്ടെ വളർന്ന് നിൽക്കുന്നത് പോലെ എനിക്ക് തോന്നി
 ഞാൻ ഓടി പോയി എന്റെ ബാഗിൽ നിന്നും രണ്ട് കാരക്കാ  എടുത്ത് കൊണ്ട് വന്ന്  അദ്ദേഹത്തിന് കൊടുത്തു. "ഇതിൽ നോമ്പ് മുറിക്കുക, പിന്നീട് ലഘുവായത് എന്തെങ്കിലും കഴിക്കുക, "ഞാൻ പറഞ്ഞു.അപ്പോഴും എന്റെ ഉള്ളിലെ അതിശയം മാറിയില്ല.അദ്ദേഹത്തെ തെറ്റിദ്ധരിച്ചതിൽ മനസിലാകെ വിമ്മിഷ്ടം . "സർ എന്നാലും എന്നോടെങ്കിലും ഒരു വാക്ക്..." ഞാൻ വിക്കി വിക്കി പറഞ്ഞു. "എന്തിന്? എനിക്ക് നോമ്പാണെന്ന്  ഞാൻ കൊട്ടി പാടി നടക്കണോ, എന്റെ ഭാര്യക്ക് അറിയാം എനിക്ക് നോമ്പാണെന്ന്..ഇപ്പോൾ നിങ്ങൾക്കും.." അദ്ദേഹം പൊട്ടി ചിരിച്ചു.  ആ വലിയ മനസിന്റെ ഉടമയുടെ നേരെ  ഞാൻ അറിയാതെ കൈ കൂപ്പി പോയി.
 ആ സബ് ജഡ്ജ് പിന്നീട് ഡെപ്യൂട്ടേഷനിൽ ലക്ഷദ്വീപിൽ പോയതായി അറിഞ്ഞു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മരണ വാർത്ത ഞാൻ പത്രത്തിൽ വായിച്ചു.

കാലം എത്രയോ കഴിഞ്ഞു, വീണ്ടും ഒരു നോമ്പ് കാലം വന്നു.ഇപ്പോഴും സ്നേഹസമ്പന്നനായ ആ മനുഷ്യന്റെ സ്മരണ മനസിൽ നിറഞ്ഞ് നിൽക്കുന്നു.

Monday, June 13, 2016

എടീ ഇഞ്ചിമുട്ടായീ!

ബസ്സിൽ കച്ചവടത്തിനായി വരുന്നവരെ  ആദരവോടെയും ബഹുമാനത്തോടെയുമണ് ഞാൻ നോക്കുക. അതിൽ ഇഞ്ചി മുട്ടായ്, അണ്ടിപ്പരിപ്പ്  വിൽപ്പനക്കാർ, പൊതു വിജ്ഞാനം അടങ്ങിയ പുസ്തക വിൽപ്പനക്കാർ തുടങ്ങിയവർ ഉൾപ്പെടുന്നു. യാതൊരു നാണക്കേടും കാട്ടാതെ തങ്ങളുടെ ജോലി അവർ ചെയ്യുന്നു. ജോലി ചെയ്യുന്നതിൽ നാണക്കേടെന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഇവർക്കും കുട്ടികളുണ്ട്, അവർ പള്ളിക്കൂടങ്ങളിൽ പഠിക്കുന്നവരാണ്, വെള്ളക്കോളറിൽ  നിന്നും ബിസിനസ്സ്കാരിൽ നിന്നും  മറ്റ് ധനികരിൽ നിന്നും വരുന്ന ഭൂരിപക്ഷം ന്യൂജനറേഷനോടൊപ്പമാണ് ഈ കുട്ടികളും പഠിക്കുന്നത് .അവരുടെ സ്വന്തം പേരിലല്ലാതെ   "ഇഞ്ചി മിട്ടായീ" കപ്പലണ്ടി മുട്ടായി" തുടങ്ങി അവരുടെ രക്ഷിതാക്കൾ ചെയ്യുന്ന ജോലിയുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.  . ചുമട്ട് തൊഴിലാളി, കൂലിവേലക്കാർ തുടങ്ങി ഇതര ജോലിക്കാർക്കൊന്നും ലഭിക്കാത്ത വിളിപ്പേരാണ് ഈ കുട്ടികൾക്ക് ലഭിക്കുന്നത്. സ്വന്തം മക്കൾക്ക് ലഭിക്കുന്ന ഈ വിളിപ്പേര് അറിഞ്ഞ് കൊണ്ട് തന്നെ മോഷ്ടിക്കാതെ പോക്കറ്റടിക്കാതെ   ആത്മാർത്ഥതയോടെ  അവർ അവരുടെ കച്ചവടം ചെയ്ത് സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്നു.. ബസ്സിൽ യാത്രചെയ്യുന്ന ഇതര    സ്കൂൾ കുട്ടികൾക്ക് സുപരിചിതരാണ് ഈ കച്ചവടക്കാർ എന്നതിനാൽ അവരുടെ കുട്ടികൾ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടുകയും ചെയ്യുന്നു.
അതേ പോലെ മറ്റൊരു കൂട്ടരുണ്ട്. സെക്യൂരിറ്റി ജോലിക്കായി , ഹോട്ടൽ, സ്വർണക്കട, തുടങ്ങിയിടങ്ങളിൽ നിൽക്കുന്ന  പ്രായമേറിയ മനുഷ്യർ.ജീവിത ത്തിൽ വിശ്രമിക്കേണ്ട സമയം മഞ്ഞും മഴയും സഹിച്ച് പാകമാകാത്ത യൂണീ ഫോമിൽ  കഷ്ടപ്പെടുന്ന വയോധികരും മറ്റുള്ളവരും. ജീവിക്കാൻ നിവർത്തിയില്ലാത്തതിനാലാണ്    ഈ പാവങ്ങൾ ഈ പ്രായത്തിൽ  ജോലിചെയ്യുന്നത്  എന്ന് എത്ര പേർക്കറിയാം. കഴിഞ്ഞ ദിവസം ബസ്സിൽ യാത്ര ചെയ്തപ്പോൾ  ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റെ  മുമ്പിൽ കാർ പാർക്കിംഗ് ഏരിയയിൽ  നിൽക്കുന്ന സെക്യൂരിറ്റി ജോലിക്കാരനെ നോക്കി എന്റെ അടുത്ത സീറ്റിലിരുന്ന ഒരു പെൺകുട്ടി അവളുടെ കൂട്ടുകാരിയോട്   പറയുന്നത് ഞാൻശ്രദ്ധിച്ചു. "എടീ നിന്റെ പിതാശ്രീ ദാ അവിടെ നിന്ന് കാറുകളോട് ഇട്ത്ത കാറേ! വലത്ത് കാറേ! എന്ന്  പറയുന്നു."   അപ്പോൾ ആ പെൺകുട്ടിയുടെ മുഖത്ത് പരന്ന ശോക ഭാവമാണ് എന്നെ കൊണ്ട് ഈ കുറിപ്പ് എഴുതിപ്പിച്ചത്.
ആത്മാർത്ഥതയോടെ  ജോലി ചെയ്യുന്നവരിൽ മഹത്വം കാണാതെ ജോലിയിൽ  ഉച്ചനീചത്വം ദർശിക്കുന്നവരാണ് നാം മലയാളികൾ. അത് കൊണ്ടാണ്  ഏത് കൊച്ച് കുട്ടിയോടായാലും നിനക്കെന്താവണം  എന്ന ചോദ്യത്തിന് "എനിക്ക് ഡോക്ടറാകണം, എഞിനീയറാകണം, മന്ത്രി ആകണം, പോലീസാകണം എന്നൊക്കെ ഉത്തരം ലഭിക്കുന്നത്. ഒരൊറ്റ കുട്ടി പോലും എനിക്ക് ഇഞ്ചി മുട്ടായി കച്ചവടക്കാരനോ സെക്യൂരിറ്റിക്കാരനോ കൂലി വേലക്കാരനോ  ആകണമെന്നോ പറയാറില്ല.
 ബഹുമാനിക്കുക, ആദരിക്കുക,ഈ ജോലിക്കാരെ, കാരണം അവർ മോഷ്ടിക്കാനോ പിടിച്ച് പറിക്കാനോ പോകുന്നില്ലല്ലോ..

Saturday, June 11, 2016

നോമ്പും കുത്തി വെപ്പും

പൂച്ചക്കുട്ടിയെ ലാളിച്ചതിൽ വെച്ചുണ്ടായ  മുറിവ് കാരണം ആന്റീ  റാബിസ്  കുത്തിവെയ്പ്പ്  നാലെണ്ണം എടുക്കേണ്ടിയിരുന്നു.   അതിൽ നാലാമത്തേത്  ജൂൺ പത്താംതീയതിയായിരുന്നു  എടുക്കേണ്ടിയിരുന്നത്. അന്ന്  റംസാൻ വൃതം  അഞ്ചാം ദിവസം. ഈ കുത്തി വെയ്പ്പ് ഉത്തേജകമല്ലാത്തതിനാൽ നോമ്പ് ഉള്ളപ്പോൾ തന്നെ  കുത്തിവെക്കാമെന്ന് ഉപദേശം കിട്ടിയെങ്കിലും ഒരു  മനസംതൃപ്തിക്ക് വേണ്ടി വൈകുന്നേരം നോമ്പ് തുറ കഴിഞ്ഞ്  കുത്തിവെക്കാം എന്ന് കരുതി ആശുപത്രിയിൽ പോയി  ഡ്യൂട്ടി  നഴ്സിനോട് വിവരം പറഞ്ഞു. സന്ധ്യ കഴിഞ്ഞ് കുത്തി വെക്കാമെന്ന്  അറിയിച്ചു."ഹെന്താ  ഹെന്താ" എന്ന് ചീറ്റിക്കൊണ്ട് ആയമ്മ എന്റെ നേരെ  കയർത്തു. ഞാൻ ഒന്ന്കൂടി വിനയത്തോടെ കാര്യം അവതരിപ്പിച്ചു, എനിക്ക്  നോമ്പ് ആണ് . എന്റെ കുത്തി വെയ്പ്പ് സന്ധ്യക്ക് നടത്താൻ അനുവദിക്കണം.
 പേവിഷ പ്രതിരോധ മരുന്ന് സർക്കാർ ആശുപത്രിയിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നതിനാൽ അതിന് പ്രത്യേക സ്റ്റോക്ക് രജിസ്റ്റർ  സൂക്ഷിക്കുകയും കുത്തി വെയ്പ്പ് സമയം രാവിലെ എട്ടര മുതൽ 12 മണി വരെ എന്ന് ക്ലിപ്തപ്പെടുത്തുകയും ചെയ്തിരുന്നു. കുത്തി വെയ്പ്പിനായി വരുന്നവരോട്  നഴ്സുമാർ ഈ വിവരം പറഞ്ഞയച്ചിരുന്നു. ഈ നിയമം  ആശുപത്രിയിലെ  സൗകര്യാർത്ഥം ഉണ്ടാക്കിയത് മാത്രമാണെന്നുള്ളതിനാലാണ് ഞാൻ രാവിലെ ചെന്ന് മരുന്ന് ഉറപ്പാക്കി കുത്തി വെയ്പ്പ്  സന്ധ്യക്ക് ചെയ്ത് തരാൻ  അപേക്ഷിച്ചത്. എപ്പോൾ ആവശ്യമുള്ളപ്പോഴും അതായത് രാവിലെ മുതൽ രാത്രി വരെ മരുന്ന്കുത്തിവെയ്ക്കാൻ നഴ്സുമാർ ബാദ്ധ്യസ്തരാണ്. പക്ഷേ  മരുന്നിന്റെ സ്റ്റോക്കിൽ തിരിമറി ഉണ്ടാകാതിരിക്കാനാണ് ഇപ്രകാരം സമയ ക്ലിപ്തത വെച്ചിരിക്കുന്നത്.
 എന്റെ ആവശ്യം കേട്ടപ്പോൾ ഫ്ലോറൻസ് നെറ്റിംഗേലിന്റെ പിൻ ഗാമി എന്റെ നേരെ ചാടി വന്നു."പറ്റില്ല, പറ്റില്ല, ഇപ്പോൾ തന്നെ ചെയ്യണം നിങ്ങളുടെ സൗകര്യത്തിനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്  " ലലനാമണി എന്റെ നേരെ ചീറി. ദേഷ്യം എവിടെല്ലാമോ കൂടി എന്നിൽ  വന്ന് നിറഞ്ഞു.    "കുത്തിവെക്കാൻ ഒരുക്കമല്ലെങ്കിൽ അതങ്ങ് പറഞ്ഞാ പോരേ? എന്റെ നേരെ കയർക്കാൻ നിങ്ങൾക്കാർ അധികാരം തന്നു" എന്ന് ചോദിക്കാനായി നാവ് ഒരുങ്ങി വന്നുവെങ്കിലും പെട്ടെന്ന് ഉള്ളിൽ വിളിയുണ്ടായി. "നിനക്ക് നോമ്പ് ആണ് " വയറിന് മാത്രമല്ല നിരോധനം ദേഷ്യത്തിനും വേണം " ഞാൻ അടങ്ങി. അപ്പോൾ ദാ! വരുന്ന അടുത്ത അമിട്ട്   അത്രയും ആൾക്കാരുടെ മുമ്പിൽ വെച്ച്  അവർ എന്റെ നേരെ  " കുറച്ച് നോമ്പ്കാർ ഇറങ്ങിയിട്ടുണ്ട് ,  നോമ്പാണ് പോലും..." എന്ന് പുച്ഛത്തിലും ആക്ഷേപത്തിലും വിളിച്ച് പറഞ്ഞ് ഒരു  ഒരു ട്രോ ളിയുടെ പുറകേ ധൃതിയിൽ നടന്ന് പോയി.  അസഹനീയമായ അമർഷം എന്നിൽ പതച്ച് പൊന്തിയപ്പോൾ മറുഭാഗത്ത് നിന്ന് നോമ്പ്...നോമ്പ്...എന്ന്  വിളി വന്ന് കൊണ്ടിരുന്നു. അവർ അപഹസിച്ച നോമ്പ് തന്നെ  എന്നെ പ്രതികരിക്കലിൽ നിന്നും തടഞ്ഞു. എന്നെ പരിചയമുള്ള അവിടെ കൂടിയിരുന്ന ചിലർ  അമർഷത്തോടെ അവർ പോയ വഴിയെ നോക്കി നിന്നപ്പോൾ  ഞാൻ അവരെ തടഞ്ഞു.  "വേണ്ടാ വേണ്ടാ...ഞങ്ങളുടെ നോമ്പ് കാലമാണ് , ഒരു സംഘർഷവും വേണ്ടാ" എന്ന് പറഞ്ഞ് അവരുടെ നീക്കത്തിൽ നിന്നും തടഞ്ഞു.
. കുത്തി വെച്ചില്ലെങ്കിൽ വേണ്ടാ, അത് അവരുടെ ഇഷ്ടം. പക്ഷേ എന്റെ വിശ്വാസത്തെ അവർ പരിഹസിക്കരുതായിരുന്നു, ആക്ഷേപിക്കരുതായിരുന്നു.  അവരവരുടെ വിശ്വാസം അവരവർക്ക് വലുതായിരിക്കും. ഇതര മതവിശ്വാസത്തെ  അതും പുണ്യമായി കരുതുന്ന ഒരു വിശ്വാസത്തെ അവർ  പു ച്ഛിക്കരുതായിരുന്നു, പ്രത്യേകിച്ച് ഒരു സർക്കാർ ജീവനക്കാരി.പൊതു ജനങ്ങൾക്ക് അവരിൽ നിന്നും മേലിൽ ഇപ്രകാരം അനുഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി    മെഡിക്കൽ സൂപ്രണ്ടിനെ കണ്ട്  ഒരു പരാതി എഴുതി കൊടുക്കാമെന്ന് കരുതി ഞാൻ മുമ്പോട്ട് നടന്നെങ്കിലും പിന്നെയും എന്റെ അന്തക്കരണം എന്നെ വിലക്കി, വിവരക്കേട് ആരെങ്കിലും കാട്ടിയാൽ  പകരം ചോദിക്കുവാൻ ഇറങ്ങി തിരിക്കുന്നത് ക്ഷമ ഇല്ലാത്തവരാണ്.  ക്ഷമക്കാണ് നോമ്പ് പിടിക്കുന്നത്. ഞാൻ തിരിച്ച് നടന്നു.  എന്നാലും വേദനിക്കപ്പെട്ട മനസിന്റെ വിഷമം ആരോടെങ്കിലും പറയുമ്പോൾ ആശ്വാസമാണല്ലോ എന്ന് കരുതിയാണ് ഈ കുറിപ്പുകൾ.

Friday, June 3, 2016

ഒരുങ്ങിയതാർക്ക് വേണ്ടി?

അത്യാവശ്യമായി  മറ്റൊരിടത്ത് പോകേണ്ടിയിരുന്നതിനാൽ  വിവാഹ വീട്ടിൽ അൽപ്പം വൈകിയാണ് എത്തിചേരാൻ കഴിഞ്ഞത്. ഇടത്  ഭാഗത്തിനെ നേരത്തെ തന്നെ അവിടെ  പോകാൻ ഏർപ്പാട് ചെയ്തിരുന്നു. കല്യാണഹാളിലെ തിരക്കിനിടയിൽ മണവാളനെയും മണവാട്ടിയെയും  കാണാനായി  അങ്ങോട്ട് തിരിഞ്ഞു. പയ്യനെ തിരിച്ചറിഞ്ഞു. കാരണം ട്രെയ്നിലെ  ടിക്കറ്റ് പരിശോധകന്റെ  കോട്ട് ആണല്ലോ  മലയാള മണവാളന്റെ ഇപ്പോഴത്തെ യൂണിഫോം. അദ്ദേഹം കൂട്ടുകാരുമായി  ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ഇനി പെണ്ണിനെ കണ്ട് പിടിക്കണം. സമീപത്ത് തന്നെ പെൺ പട നിൽക്കുന്നിടത്തേക്ക് ചെന്നു. പട്ട്സാരിയും ആഭരണപ്പെരുമയും തല നിറയെ മുല്ലപ്പൂവും മുഖം നിറയെ മേക്കപ്പും പെണ്ണിനെ  തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. അവിടെ ചെന്നപ്പോൾ ഞെട്ടി പോയി. ചെറുപ്പക്കാരികളും തൈക്കിളവികളും  എല്ലാത്തിനും പട്ട്സാരി , ആഭരണക്കടയുടെ പരസ്യം പോലെ ശരീരം നിറയെ ആഭരണങ്ങൾ, മുഖം നിറയെ മേക്കപ്പ് , എല്ലാറ്റിന്റെയും തല നിറയെ മുല്ലപ്പൂവും. ഇനി ഇവിടെ കൂട്ട വിവാഹം മറ്റോ ആയിരുന്നോ ദൈവമേ! പെണ്ണൊരുങ്ങി  പട്ട്സാരിയുമുടുത്ത്  ആഭരണങ്ങളും അണിഞ്ഞ് മേക്കപ്പുമിട്ട്  വരുന്നത് അവളുടെ കല്യാണ ദിവസം അത്രക്ക് പ്രാധാന്യം ഉള്ളത് കൊണ്ടാണ്. അതിന് മറ്റുള്ളവർക്കെന്ത്  ഇത്രയും വേഷം കെട്ടൽ. നമ്മുടെ ഇണയെ പരതിയപ്പോൾ  പടച്ചോനേ! അവളും പട്ട്സാരിയുടുത്തിരിക്കുന്നു, തട്ടത്തിൻ കീഴിൽ  മുല്ലപ്പൂ കെട്ട് മുഴച്ച് കാണാം. എവിടെന്നെല്ലാമോ ആഭരണങ്ങളും  വാങ്ങി ഇട്ടിട്ടുണ്ട്. വീട്ടിൽ നിൽക്കുമ്പോൾ  സ്വന്തം ഭർത്താവായ എന്റെ മുമ്പിൽ ആഴ്ചയിൽ ഒരു ദിവസം പോലും അവൾ  ഇങ്ങിനെ ഒരുങ്ങി നിൽക്കാറില്ലല്ലോ!.എന്റെ മുമ്പിൽ ഒരുങ്ങാതെ പിന്നെ ആരെ കാണിക്കാനാണ് ഈ കശ്മല  ഒരുങ്ങി വന്നിരിക്കുന്നത്. ഹും മ്മ്...ഇന്ന് വീട്ടി;ൽ വരട്ടെ...ഇത് ചോദിച്ചിട്ട് തന്നെ കാര്യം.

Wednesday, June 1, 2016

ജലാശയങ്ങൾ അപകടാശയങ്ങളാണ്

ജലാശയങ്ങൾക്ക് വല്ലാത്തൊരു ആകർഷണീയത ഉണ്ട്. അത്  നമ്മളെ മാടി വിളിക്കുന്നത് പോലെ  അനുഭവപ്പെടും. ജലാശയങ്ങൾ കാണുമ്പോൾ അതിലേക്ക് കുതിച്ച്  ചാടാനുള്ള ത്വര പലപ്പോഴും അടക്കുന്നത്  അതിയായ ഭയത്താൽ മാത്രമാണ്. നീന്തലറിയാതെ അപകടത്തിൽ പെടുമോ എന്ന ഭയം.പക്ഷേ പലപ്പോഴും കൂട്ടുകാരുടെ പ്രോൽസാഹനത്താൽ  ഈ ഭയം ഇല്ലാതാകുകയും നമ്മൾ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും അപകടം വിളിച്ച് വരുത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസ കാലത്ത്  പണ്ട് ആലപ്പുഴയിൽ കുളത്തിൽ വീണ് മരിച്ചു എന്ന വാർത്തകൾ  കേൾക്കുന്നത് വെള്ളിയാഴ്ചകളിലായിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്   രണ്ട് മണിക്കൂർ  ഇന്റർവെൽ ഉണ്ടായിരുന്നു. പള്ളിയിലൊന്നും പോകാതെ  കളിച്ച് നടക്കുമ്പോഴാണ്  കുളത്തിലെ  പായലിലെ നീല പൂവ് കാണുന്നത്. ചെകുത്താൻ പൂവ് എന്ന പേരിലാണ് അതറിയപ്പെട്ടിരുന്നത്. അത് പറിക്കാനായി കുളത്തിലിറങ്ങുന്നവർ ചെളിയിൽ താഴും.കടൽ കാണാൻ പോകുമ്പോഴും ഇതാണ്  സ്ഥിതി .  കടൽ തീരത്ത് നിന്ന്  വെള്ളം കാണുമ്പോൾ അതിലേക്ക്  എടുത്ത് ചാടും. അപകടം കൂടെ ഉണ്ടെന്ന് മനസിലാക്കാതെ.
ഉല്ലാസ യാത്രകളിലും ഇതാണ് സംഭവിക്കാറ് പതിവ്. വെള്ളം കാണൂമ്പോൾ വല്ലാത്ത ആവേശം. തിരിച്ചറിയുക, നീന്തലറിയാവുന്നവർ പോലും ചിലപ്പോൾ കയത്തിലോ ചെളിയിലോ  അകപ്പെട്ടാൽ ആപത്താകും. അടുത്ത ദിവസങ്ങളിലെ വെള്ളത്തിൽ വീണ് മരണങ്ങൾ പത്രത്തിൽ വായിച്ചപ്പോൾ  വെള്ളത്താൽ ചുറ്റപ്പെട്ട  ഒരു നാട്ടിൽ ജനിച്ച എനിക്ക്  ബാല്യത്തിൽ കിട്ടിയ ഉപദേശങ്ങൾ ഓർത്ത് പോയി.