Saturday, June 18, 2016

ജഡ്ജും നോമ്പും

 വാർഷിക പരിശോധനക്ക്  ആ വർഷവും ജില്ലാ കോടതിയിൽ   നിന്നും ബഹുമാനപ്പെട്ട ജഡ്ജ്  വന്നു. വൈകുന്നേരം വരെ പരിപാടി കാണുമെന്നതിനാൽ ഉച്ചക്ക് ഭക്ഷണം  ഇവിടെ തന്നെയാണ്  പതിവ് .  ഞാൻ  കൊട്ടാരക്കര സ്ഥിര താമസക്കാരനായതിനാൽ  മിക്കവാറും  ആഹാരത്തിന്റെ ചുമതല  എന്നിലാണ് വന്ന് ചേരുക. ഏതെങ്കിലും നല്ല ഹോട്ടലിൽ ഇടപാട് ചെയ്യും, അവർ കൊണ്ട് വരും വിളമ്പും, മേൽനോട്ടം  എന്റെ ചുമതലയും. ആ വർഷം റമദാൻ കാലത്തായിരുന്നു  ജഡ്ജിന്റെ സന്ദർശനം. അദ്ദേഹത്തിന്റെ ഊണ് കഴിഞ്ഞതിന് ശേഷം  സ്ഥലത്തെ ഓഫീസറന്മാരെല്ലാം കൂടി ഉണ്ണാനിരുന്നു. സബ് ജഡ്ജും ഞാനും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു; അദ്ദേഹം ചങ്ങനാശേരിക്കാരനും ഞാൻ ആലപ്പുഴക്കാരനും. അദ്ദേഹം പറയുന്നത് ഒരിക്കലും ഞാൻ തട്ടിക്കളയാറുമില്ല. സ്നേഹസമ്പന്നനായ അദ്ദേഹവുമായി അത്രക്ക് അടുപ്പമായിരുന്നു.ഊണ് ആരംഭിച്ചപ്പോൾ  സബ് ജഡ്ജ് എന്നെ ഉണ്ണാനായി വിളിച്ചു. മറ്റ് ഓഫീസറന്മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ക്ഷണം. അദ്ദേഹത്തിന് സമീപം ചെന്ന് ഞാൻ പതുക്കെ പറഞ്ഞു"സർ, എനിക്ക്  വൃതമാണ്." സബ് ജഡ്ജ് ഉടനെ പറഞ്ഞു, "ആരും കാണില്ല ഷരീഫേ! വന്ന് കഴിക്കുക, വിശന്ന് നിൽക്കണ്ടാ."  ഇത് കേട്ടപ്പോൾ മറ്റുള്ളവർ ഉച്ചത്തിൽ ചിരിച്ചു. "സർ, ആരും കണ്ടില്ലെങ്കിലും എന്റെ മനസാക്ഷി കാണും, പിന്നെ മുകളിൽ ഒരാളും കാണും മാത്രമല്ല  ആഗ്രഹം ഉണ്ടാകുന്ന ഒരു സാധനം വേണ്ടെന്ന് വെക്കാനുള്ള ഒരു പരീക്ഷണവുമാണിത്, അവിടെ പരാജയപ്പെടാൻ പാടില്ലല്ലോ   "  നോമ്പിന്റെ തിളപ്പും ഉച്ച നേരവും എന്നെ കളിയാക്കിയതിലുള്ള ഈർഷ്യയും മനസിൽ നിറഞ്ഞ് നിന്നതിനാൽ    ഇത് പറയുമ്പോൾ എന്റെ സ്വരത്തിൽ ഒട്ടും മയമില്ലായിരുന്നെന്ന് എനിക്ക് തന്നെ തോന്നി. എന്നോടുള്ള സ്നേഹാധിക്യത്താലാണ് കൂടെ ഇരുന്ന് ആഹാരം കഴിക്കാൻ അദ്ദേഹം ക്ഷണിച്ചത്. ഞാൻ അനുസരിക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ച് കാണും. എന്തായാലും അദ്ദേഹത്തിന്റെ മുഖം വിവർണമാകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വൈകുന്നേരം ശിരസ്തദാറോട്  അദ്ദേഹം ": മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഷരീഫ് എന്നെ അനുസരിക്കാതിരുന്നത് ഒട്ടും ശരിയായില്ലാ എന്നും , അതെന്താ അയാൾ അങ്ങിനെ പെരുമാറിയതെന്നും " ചോദിച്ചതായി   ഞാൻ അറിഞ്ഞു. നോമ്പിന്റെ ഒരു ചെറു വിവരണം ശിരസ്തദാർ അദ്ദേഹത്തിന് നൽകിയെന്നും ഞാൻ അറിഞ്ഞു.
പിറ്റേ ദിവസം രാവിലെ എന്നെ കണ്ടപ്പോൾ അദ്ദേഹത്തിൽ പതിവ് ചിരി  ഇല്ലായിരുന്നു.ഞാൻ അത് കാര്യമായി എടുത്തുമില്ല.ബെഞ്ചിൽ കയറിയാൽ കൃത്യം 12 മണിക്ക് സബ് ജഡ്ജ്  തിരിച്ച് ചേംബറിൽ വരും. അപ്പോൾ ഒരു ഗ്ലാസ് കടുംചായ  അദ്ദേഹത്തിന്. നിർബന്ധമാണ്  അത് കഴിഞ്ഞ് വീണ്ടും ബെഞ്ചിൽ കയറും പിന്നെ ഒന്നര മണിക്കാണാണ് ലഞ്ചിന് ഇറങ്ങുക. അന്ന് അദ്ദേഹം ബെഞ്ചിൽ നിന്നും 12 മണിക്ക് ഇറങ്ങിയില്ല. ചായ കുടിച്ചുമില്ല. പേഴ്സണൽ  പ്യൂൺ എന്നോട്  പറഞ്ഞു "വീട്ടിൽ എന്തോ ഉടക്കുണ്ടെന്ന് തോന്നുന്നു, കൊച്ചമ്മയുമായി, കാരണം ഇന്ന് ഉച്ചക്ക് ഊണ് എടുക്കേണ്ടാ എന്ന് അദ്ദേഹം അയാളോട് പറഞ്ഞുവത്രേ! ഇന്നലത്തെ പ്രശ്നവും രാവിലെ കണ്ടപ്പോൾ ചിരിക്കാതിരുന്നതും  വിവരങ്ങൾ അന്വേഷിക്കാൻ അദ്ദേഹത്തിന്റെ ചേംബറിൽ പോകുന്നതിൽ നിന്നും എന്നെ തടഞ്ഞു. അന്ന് പകൽ മുഴുവൻ  ബെഞ്ചിൽ വക്കീലന്മാരോടും ചേമ്പറിൽ വന്നിരുന്ന  ജീവനക്കാരോടും സൗമ്യമായാണ് അദ്ദേഹം പെരുമാറിയത്. എന്തെങ്കിലും തെറ്റ് കണ്ടാൽ "എന്താ ഹേ! ഇത്?" എന്നും പറഞ്ഞ് ബഹളം കൂട്ടുന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നല്ലോ. ഭാര്യയുമായി വലിയ ഉടക്ക് തന്നെ എന്ന് ആഫീസിൽ എല്ലാവരും  കരുതി.
 അന്നന്ന്  വാദം കേൾക്കുന്ന കേസിന്റെ വിധിന്യായം തയാറാക്കുവാനായി  ഡിക്റ്റേഷൻ    അഞ്ചരമണിയായാലും സ്റ്റെനോഗ്രാഫർക്ക്    പറഞ്ഞ് കൊടുക്കാതെ അദ്ദേഹം വീട്ടിൽ പോകുമായിരുന്നില്ല  . അന്ന് ഡിക്റ്റേഷൻ തീർന്നത് 6 മണിക്ക് ആയിരുന്നു  . നോമ്പ് ആയിരുന്നതിനാൽ വേറെ എവിടെയും പോകാനില്ലാത്തതിനാൽ ഞാൻ ആഫീസിൽ തന്നെഉണ്ടായിരുന്നു. പ്യൂൺ വന്ന് എന്നെ അദ്ദേഹം വിളിക്കുന്നതായി അറിയിച്ചു. മുഖത്ത് ഒരു വിഷാദ പുഞ്ചിരിയുമായിരുന്ന അദ്ദേഹം എന്നെ കണ്ടപ്പോൾ ചോദിച്ചു "നോമ്പ് തുറക്കുന്നത് എന്ത് ആഹാരം കഴിച്ച് കൊണ്ടാണ് ഷരീഫേ?" കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹവുമായിരുന്ന് ആഹാരം കഴിക്കാത്തതിനാൽ എന്നെ ഇന്ന് നോമ്പ് തുറ സമയത്ത് സൽക്കരിക്കാനുള്ള ഭാവമായിരിക്കും എന്ന് കരുതി ഞാൻ പറഞ്ഞു" സർ, ഞാൻ വീട്ടിൽ പോയി ആഹാരം കഴിച്ചോളാം" അദ്ദേഹം മുഖം നിറയെ ചിരിയുമായി പറഞ്ഞു " നിങ്ങളുടെ കാര്യമല്ല, എനിക്കിന്ന് നോമ്പ് ആണ്, ഞാൻ നോമ്പ് തുറക്കുന്ന കാര്യമാണ് ചോദിച്ചത്." ഞാൻ അന്തം വിട്ട് അദ്ദേഹത്തെ നോക്കി നിന്നു. എന്റെ മുഖത്തെ അതിശയം കണ്ടത് കൊണ്ടായിരിക്കാം അദ്ദേഹം പറഞ്ഞു, "ആരും കാണുകയില്ല, നിങ്ങൾ  ആഹാരം കഴിക്കുക എന്ന് ഞാൻ ഇന്നലെ  പറഞ്ഞപ്പോൾ ഞാൻ എന്ത് പറഞ്ഞാലും എന്നോട് ആത്മാർത്ഥ സ്നേഹമുള്ളതിനാൽ ഉടൻ  അനുസരിക്കുന്ന  നിങ്ങൾ ഇന്നലെ അനുസരിച്ചില്ല. ആദ്യം എനിക്ക് അമർഷം ഉണ്ടായി, പിന്നീട് അതിശയം തോന്നി, അത് കഴിഞ്ഞ് ശിരസ്തദാരോട് സംസാരിച്ചപ്പോൾ  നോമ്പ് എന്തെന്ന് , അറിയാനുള്ള ജിജ്ഞാസ ഉണ്ടായി. ഇഷ്ടമുള്ള കാര്യം വേണ്ടെന്ന് വെക്കാൻ നോമ്പ് നമ്മളിൽ  മനശ്ശക്തി ഉണ്ടാക്കുമോ എന്ന് പരിശോധിക്കണമെന്ന് തോന്നി  നോമ്പ് പിടിച്ചാൽ  ഉച്ചക്ക് 12 മണിക്കു നിർബന്ധമായി ബെഞ്ചിൽ നിന്നിറങ്ങിയുള്ള കടുംചായ കുടി അവസാനിപ്പിക്കാമോ എന്ന് പരിശോധിക്കണമെന്നും കരുതി . ഞാൻ നോമ്പ് പിടിച്ചു.  ഇച്ഛാ ശക്തി വർദ്ധിപ്പിക്കാനുള്ള മാർഗം തന്നെയാണ് നോമ്പ് എന്ന് ഞാൻ തിരിച്ചറിയുന്നു. .. എതൊന്നും വേണ്ടെന്ന് വെക്കാൻ മനസിന്  നൽകുന്ന പരിശീലനം ആണതെന്നും    മനസിലാക്കുന്നു . ഇന്ന് ആരോടും കയർക്കാതിരിക്കാനും എനിക്ക് കഴിഞ്ഞു".
ഇത്രയും അദ്ദേഹം പറഞ്ഞപ്പോൾ എന്റെ മുമ്പിൽ ആ മനുഷ്യൻ മാനം മുട്ടെ വളർന്ന് നിൽക്കുന്നത് പോലെ എനിക്ക് തോന്നി
 ഞാൻ ഓടി പോയി എന്റെ ബാഗിൽ നിന്നും രണ്ട് കാരക്കാ  എടുത്ത് കൊണ്ട് വന്ന്  അദ്ദേഹത്തിന് കൊടുത്തു. "ഇതിൽ നോമ്പ് മുറിക്കുക, പിന്നീട് ലഘുവായത് എന്തെങ്കിലും കഴിക്കുക, "ഞാൻ പറഞ്ഞു.അപ്പോഴും എന്റെ ഉള്ളിലെ അതിശയം മാറിയില്ല.അദ്ദേഹത്തെ തെറ്റിദ്ധരിച്ചതിൽ മനസിലാകെ വിമ്മിഷ്ടം . "സർ എന്നാലും എന്നോടെങ്കിലും ഒരു വാക്ക്..." ഞാൻ വിക്കി വിക്കി പറഞ്ഞു. "എന്തിന്? എനിക്ക് നോമ്പാണെന്ന്  ഞാൻ കൊട്ടി പാടി നടക്കണോ, എന്റെ ഭാര്യക്ക് അറിയാം എനിക്ക് നോമ്പാണെന്ന്..ഇപ്പോൾ നിങ്ങൾക്കും.." അദ്ദേഹം പൊട്ടി ചിരിച്ചു.  ആ വലിയ മനസിന്റെ ഉടമയുടെ നേരെ  ഞാൻ അറിയാതെ കൈ കൂപ്പി പോയി.
 ആ സബ് ജഡ്ജ് പിന്നീട് ഡെപ്യൂട്ടേഷനിൽ ലക്ഷദ്വീപിൽ പോയതായി അറിഞ്ഞു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മരണ വാർത്ത ഞാൻ പത്രത്തിൽ വായിച്ചു.

കാലം എത്രയോ കഴിഞ്ഞു, വീണ്ടും ഒരു നോമ്പ് കാലം വന്നു.ഇപ്പോഴും സ്നേഹസമ്പന്നനായ ആ മനുഷ്യന്റെ സ്മരണ മനസിൽ നിറഞ്ഞ് നിൽക്കുന്നു.

1 comment:

  1. നന്മയുള്ള മനുഷ്യരേക്കുറിച്ച് വായിക്കുമ്പോ മനസ്സും കണ്ണും നിറയും.:) നന്നായി എഴുതി.

    ReplyDelete