Monday, June 13, 2016

എടീ ഇഞ്ചിമുട്ടായീ!

ബസ്സിൽ കച്ചവടത്തിനായി വരുന്നവരെ  ആദരവോടെയും ബഹുമാനത്തോടെയുമണ് ഞാൻ നോക്കുക. അതിൽ ഇഞ്ചി മുട്ടായ്, അണ്ടിപ്പരിപ്പ്  വിൽപ്പനക്കാർ, പൊതു വിജ്ഞാനം അടങ്ങിയ പുസ്തക വിൽപ്പനക്കാർ തുടങ്ങിയവർ ഉൾപ്പെടുന്നു. യാതൊരു നാണക്കേടും കാട്ടാതെ തങ്ങളുടെ ജോലി അവർ ചെയ്യുന്നു. ജോലി ചെയ്യുന്നതിൽ നാണക്കേടെന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ല.  ഇവർക്കും കുട്ടികളുണ്ട്, അവർ പള്ളിക്കൂടങ്ങളിൽ പഠിക്കുന്നവരാണ്, വെള്ളക്കോളറിൽ  നിന്നും ബിസിനസ്സ്കാരിൽ നിന്നും  മറ്റ് ധനികരിൽ നിന്നും വരുന്ന ഭൂരിപക്ഷം ന്യൂജനറേഷനോടൊപ്പമാണ് ഈ കുട്ടികളും പഠിക്കുന്നത് .അവരുടെ സ്വന്തം പേരിലല്ലാതെ   "ഇഞ്ചി മിട്ടായീ" കപ്പലണ്ടി മുട്ടായി" തുടങ്ങി അവരുടെ രക്ഷിതാക്കൾ ചെയ്യുന്ന ജോലിയുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.  . ചുമട്ട് തൊഴിലാളി, കൂലിവേലക്കാർ തുടങ്ങി ഇതര ജോലിക്കാർക്കൊന്നും ലഭിക്കാത്ത വിളിപ്പേരാണ് ഈ കുട്ടികൾക്ക് ലഭിക്കുന്നത്. സ്വന്തം മക്കൾക്ക് ലഭിക്കുന്ന ഈ വിളിപ്പേര് അറിഞ്ഞ് കൊണ്ട് തന്നെ മോഷ്ടിക്കാതെ പോക്കറ്റടിക്കാതെ   ആത്മാർത്ഥതയോടെ  അവർ അവരുടെ കച്ചവടം ചെയ്ത് സ്വന്തം കുഞ്ഞുങ്ങളെ പോറ്റുന്നു.. ബസ്സിൽ യാത്രചെയ്യുന്ന ഇതര    സ്കൂൾ കുട്ടികൾക്ക് സുപരിചിതരാണ് ഈ കച്ചവടക്കാർ എന്നതിനാൽ അവരുടെ കുട്ടികൾ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടുകയും ചെയ്യുന്നു.
അതേ പോലെ മറ്റൊരു കൂട്ടരുണ്ട്. സെക്യൂരിറ്റി ജോലിക്കായി , ഹോട്ടൽ, സ്വർണക്കട, തുടങ്ങിയിടങ്ങളിൽ നിൽക്കുന്ന  പ്രായമേറിയ മനുഷ്യർ.ജീവിത ത്തിൽ വിശ്രമിക്കേണ്ട സമയം മഞ്ഞും മഴയും സഹിച്ച് പാകമാകാത്ത യൂണീ ഫോമിൽ  കഷ്ടപ്പെടുന്ന വയോധികരും മറ്റുള്ളവരും. ജീവിക്കാൻ നിവർത്തിയില്ലാത്തതിനാലാണ്    ഈ പാവങ്ങൾ ഈ പ്രായത്തിൽ  ജോലിചെയ്യുന്നത്  എന്ന് എത്ര പേർക്കറിയാം. കഴിഞ്ഞ ദിവസം ബസ്സിൽ യാത്ര ചെയ്തപ്പോൾ  ഒരു ടെക്സ്റ്റയിൽ ഷോപ്പിന്റെ  മുമ്പിൽ കാർ പാർക്കിംഗ് ഏരിയയിൽ  നിൽക്കുന്ന സെക്യൂരിറ്റി ജോലിക്കാരനെ നോക്കി എന്റെ അടുത്ത സീറ്റിലിരുന്ന ഒരു പെൺകുട്ടി അവളുടെ കൂട്ടുകാരിയോട്   പറയുന്നത് ഞാൻശ്രദ്ധിച്ചു. "എടീ നിന്റെ പിതാശ്രീ ദാ അവിടെ നിന്ന് കാറുകളോട് ഇട്ത്ത കാറേ! വലത്ത് കാറേ! എന്ന്  പറയുന്നു."   അപ്പോൾ ആ പെൺകുട്ടിയുടെ മുഖത്ത് പരന്ന ശോക ഭാവമാണ് എന്നെ കൊണ്ട് ഈ കുറിപ്പ് എഴുതിപ്പിച്ചത്.
ആത്മാർത്ഥതയോടെ  ജോലി ചെയ്യുന്നവരിൽ മഹത്വം കാണാതെ ജോലിയിൽ  ഉച്ചനീചത്വം ദർശിക്കുന്നവരാണ് നാം മലയാളികൾ. അത് കൊണ്ടാണ്  ഏത് കൊച്ച് കുട്ടിയോടായാലും നിനക്കെന്താവണം  എന്ന ചോദ്യത്തിന് "എനിക്ക് ഡോക്ടറാകണം, എഞിനീയറാകണം, മന്ത്രി ആകണം, പോലീസാകണം എന്നൊക്കെ ഉത്തരം ലഭിക്കുന്നത്. ഒരൊറ്റ കുട്ടി പോലും എനിക്ക് ഇഞ്ചി മുട്ടായി കച്ചവടക്കാരനോ സെക്യൂരിറ്റിക്കാരനോ കൂലി വേലക്കാരനോ  ആകണമെന്നോ പറയാറില്ല.
 ബഹുമാനിക്കുക, ആദരിക്കുക,ഈ ജോലിക്കാരെ, കാരണം അവർ മോഷ്ടിക്കാനോ പിടിച്ച് പറിക്കാനോ പോകുന്നില്ലല്ലോ..

4 comments:

  1. ഷെരീഫ് സര്‍,
    ഞാന്‍ താങ്കളുടെ ഒരു പുതിയ വായനക്കാരനാണ്. നമ്മള്‍ ആള്‍ക്കാരെ കന്നുന്നത് വളരെ വിചിത്രമായ രീതിയിലാണ്‌. ഒരുദിവസം ഈ സെക്യൂരിറ്റി ജോലിക്കുവന്നിലേല്‍ ആകടയുടെ അവസ്ട എന്തായിരിക്കും എന്ന് ആരും ചിന്തിക്കുന്നില്ല. എല്ലാ ജോലിക്കും മാനം ലഭിക്കുന്ന ഒരു അവസ്ഥ, അതിനെ വേണം പുരോഗമനം എന്നുപറയാന്‍.
    ഇങ്ങനെ ഒരുചിന്ത പങ്കിട്ടതിന് വളരെ നന്ദി.

    ReplyDelete
  2. ഇവിടെ സന്ദർശിച്ചതിന് നന്ദി ബോബി

    ReplyDelete
  3. തൊഴിലിന്‍റെ മഹത്വം ഇക്കൂട്ടരെ അറിയിക്കാന്‍ ഗാന്ധിജി വീണ്ടും ജനിക്കേണ്ടിവരും 

    ReplyDelete
  4. അവനവന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടെണ്ടിവരുന്നവരുടെ അവസ്ഥ അറിയാത്തതു കൊണ്ടാണ് കുട്ടികള്‍ അങ്ങിനെ പറഞ്ഞത്. Teach your kids to Respect. Not the position, their attitude. :)

    ReplyDelete