Saturday, November 28, 2020

ആൻഡ്രോയിഡ് കുഞ്ഞപ്പന്മാർ

    ഡ്രൈവിംഗ്  ടെസ്റ്റ് ഭംഗിയായി പാസ്സായതിനാൽ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഒരു ലൈസൻസ് തന്നിട്ട് പറഞ്ഞു, “എവന് ബൈക്ക്, കാർ  തുടങ്ങിയവ ഓടിക്കാൻ അനുവാദം നൽകിയിരിക്കുന്നു. കാലാവധി കഴിഞ്ഞപ്പോൾ അത് പുതുക്കി തരുകയും ചെയ്തു. പ്രശ്നമെന്തെന്ന് വെച്ചാൽ ലൈസൻസ്  കൈ പറ്റിയിട്ട്  ഈയുള്ളവൻ അത് പോക്കറ്റിൽ വെച്ചതല്ലാതെ  വാഹനങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പണ്ട് ലൈസൻസിന് വേണ്ടി അധികാരികൾക്ക് മുമ്പിൽ സുന്ദരമായി വാഹനം ഓടിച്ച് കാണിച്ച് കൊടുത്തിരുന്നു. അത് കഴിഞ്ഞ്  പിന്നെ വണ്ടിയിൽ ഇരുന്ന് കൊടുക്കും അല്ലാതെ വളയത്തിലോ  ഹാൻഡിലിലോ  കൈ തൊട്ടിട്ടില്ല. അടുത്ത സ്ഥലത്തെല്ലാം നട രാജൻ സർവീസിൽ പോകും ദൂരത്ത് പുത്രന്മാർ  കൊണ്ടെത്തിക്കും. അങ്ങിനെ സസുഖം കഴിഞ്ഞ് വരവേ  ഉള്ളിലുണ്ടായി ഒരു പൂതി, ബൈക്ക് ഓടിക്കാം , ശരി കൈ ഒന്ന് ശരിയാക്കാൻ പുത്രൻ ആളെ തരപ്പെടുത്തി തന്നു. ഒരു രാത്രി കൊണ്ട് തന്നെ ആശാനെ അതിശയിപ്പിച്ച് ശിഷ്യൻ ബൈക്ക് പറത്തി വിട്ടു. ആശാൻ പറഞ്ഞു, എന്തിന് പരിശീലനം?! നാളെ തന്നെ  ഏകാന്ത പഥികനായി തുണക്ക് ആളില്ലാതെ പൊയ്ക്കോ എന്ന്. 

അങ്ങിനെ ബൈക്കിൽ കയറി വണ്ടി വിട്ടു. ഏകാന്ത യാത്ര അല്ലേ, വെറുതെ ഇരുന്ന് ആലോചിക്കാം...തലയിലേക്ക് ഓരോന്ന് കയറി വരുന്നു,  മുഖ പുസ്തകത്തിലൂടെ പ്രതികരിക്കേണ്ട പോസ്റ്റുകളിലെ വാചകങ്ങൾ. മദ്ധ്യസ്തത പറയുന്ന ദാമ്പത്യ ബന്ധ കേസുകളിലെ പരിഹാര മാർഗങ്ങൾ പഴയ ഒരു പരിചയക്കാരൻ വന്ന് അയാൾക്ക് കോടതിയിൽ ഫയൽ ചെയ്യേണ്ട  കേസിന്റെ ഗുണദോഷ  വിവരങ്ങൾ..പിന്നെ  ഓരോന്നും ഇങ്ങിനെ  തലയിലേക്ക് അടിച്ച് കയറുന്നു, വണ്ടി ഓടിക്കുമ്പോൾ അവശ്യം ആവശ്യമുള്ള ഏകാഗ്രത പറമ്പ് വഴി പാഞ്ഞു പോയി. വളവിൽ വണ്ടി എത്തുമ്പോൾ തലച്ചോർ ഉത്തരവിട്ടു ബ്രേക്ക് കൊടുത്ത് വേഗത കുറക്കൂൂ മോനേ....അനുസരിച്ചു, പക്ഷേ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തു. രണ്ടും തമ്മിലെന്ത് വ്യത്യാസം രണ്ടും ഇരുമ്പാണ് ബൈക്കിലെ രണ്ട് ഉപകരണങ്ങളാണ്... പിന്നെന്താ അവർക്ക്   ഒന്ന് സഹകരിച്ച് കൂടെ.എന്ന്....പക്ഷേ.ആക്സിലേറ്റർ കൊടുത്തതിന്റെ.ഫലമായി വണ്ടി വളവിൽ  അതി വേഗതയിൽ ഒരു പോക്ക്, ആദ്യത്തെ തവണ തലയിൽ ഒരു സഞ്ചിയുമായി പോകുന്ന വല്യമ്മയുമായി  തൊട്ടു...തൊട്ടില്ല...എന്ന ഗാനം മൂളി വണ്ടി പാഞ്ഞു.“ വല്യമ്മ പറഞ്ഞു “ഒരു കോപ്പിലെ പോക്ക്... അമ്മായി അമ്മക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ?.“ മിണ്ടാതെ അങ്ങ് വണ്ടി വിട്ടു..വിവരമില്ലാത്ത അവരൊക്കെ എന്തെങ്കിലും പറയും നമ്മൾ അതിന് മറുപടി പറയേണ്ട. അടുത്ത തവണ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തപ്പോൾ എതിരെ  വരുന്ന ഒരു കാറിന്റെ നേരെ ഞാനും വണ്ടിയും പാഞ്ഞു. കാറുകാരൻ അയാളുടെ വാഹനം വെട്ടിച്ച് മാറ്റി. എന്നിട്ട് പുറത്തേക്ക് തലയിട്ട് ഇങ്ങിനെ  വിളിച്ച് പറയുന്നത് ഞാൻ പാച്ചിലിനിടയിൽ കേട്ടു.  “പെണ്ണുമ്പിള്ളയുമായി വഴക്കിട്ട് വണ്ടി ഇടിച്ച് ചാകാൻ എന്റെ വണ്ടിയേ കിട്ടിയുള്ളോ  സഹോ......“ മാന്യന്മാർക്ക് നിശ്ശബ്ദതയാണ് ആഭരണം. അപ്പോഴും ഞാൻ മിണ്ടിയോ ഇല്ല. പക്ഷേ അന്ന് ഞാൻ ഒരു തീരുമാനമെടുത്തു.  “ ഈ പണി നമുക്ക് പറ്റില്ല.“

അതിന് ശേഷം  മാനം മര്യാദക്ക് ജീവിതം കഴിച്ച് കൂട്ടുന്നു, വണ്ടിയിൽ കയറി ഇരിക്കും അത് ഓടിക്കാറില്ല. അങ്ങിനെ ഇരിക്കവേ  ഞങ്ങളുടെ സൽമാൻ 18 ന്റെ നിറവിൽ ലൈസൻസ് എടുത്തു. അവനെ ഞാൻ “ആൻഡ്രോയിഡ് കുഞ്ഞപ്പനായി നിയമിച്ചു. അവനും അത് ഇഷ്ടം, എന്നെയും കൊണ്ട് കറങ്ങാം.ഞാൻ മാസ്കും ഹെൽമറ്റും ധരിച്ച് അവന്റെ പുറകിൽ ഇരിക്കും എനിക്ക് പോകേണ്ടിടത്ത് അവൻ കൊണ്ട് പോകും, പക്ഷേ ഒരു കുഴപ്പമേ ഉള്ളൂ, എന്റെ മനോ വ്യാപാരം അവസാനിപ്പിക്കില്ല ഞാൻ എന്നുള്ളതിനാൽ  ഒരു കടയിൽ കയറി സാധനം വാങ്ങി കടക്കാരനുമായി അൽപ്പം സൊറ പറഞ്ഞ് നിന്ന് പിന്നെ അടുത്ത കടയിൽ പോയി  വേറൊരു സാധനം വാങ്ങിയിട്ട് റോഡിലിറങ്ങി നിന്ന് ആട്ടോ അന്വേഷിക്കും, കുഞ്ഞപ്പൻ അവിടെ എന്നെയും നോക്കി നിൽക്കുന്നു എന്ന് ഓർമ്മിക്കാതെ . സൽമാൻ പതുക്കെ വണ്ടിയുമായി അടുത്ത് വരും എന്നിട്ട് പറയും “വണ്ടിയിൽ കയറ്....അപ്പോഴാണ് കുഞ്ഞപ്പനുമായാണ് ഞാൻ വന്നതെന്നും അവൻ എന്നെ നിരീക്ഷിച്ച് മാറി നിൽപ്പുണ്ടെന്നും ഓർമ്മ വരുന്നത്. മറന്ന് പോയി മോനേ! എന്ന് അവനോട് ക്ഷമ പറഞ്ഞിട്ട് വീണ്ടും വണ്ടിയുടെ പുറകിൽ കയറി ഇരുന്ന് ചിന്തകളെ അഴിച്ച് വിടും. ഈ ചിന്തകളെ പിടിച്ച് കെട്ടാനായെങ്കിൽ ഒരു ആൻഡ്രോയിഡുമില്ലാതെ എനിക്ക് സ്വയം വണ്ടി ഓടിക്കാമായിരുന്നു. ഓ! ഇനി ഇപ്പോൾ  അതിന് മെനക്കെടാതിരിക്കുന്നതാണ് എന്റെയും  നാട്ടുകാരുടെയും സുരക്ഷക്ക് നല്ലത്.  മാത്രമല്ല, ദൈവ കാരുണ്യത്താൽ  കുടുംബത്തിൽ കുഞ്ഞപ്പന്മാർ ധാരാളം ഉണ്ട്, ഫെബ്രുവരിയിൽ പൊന്നു (അർഷദ്) ഇൻഷാ അല്ലാ 18 വയസ്സാകും ദൈവം കനിഞ്ഞ് അവനും ലൈസൻസ് എടുത്താൽ അവനും എന്റെ കുഞ്ഞപ്പനാകും. അവരോടെല്ലാം എനിക്ക് അതിരറ്റ വാൽസല്യവും അവർക്ക് എന്നോട് അതിരറ്റ സ്നേഹവും ഉള്ളപ്പോൾ ഞാനെന്തിന് വണ്ടി ഓടിക്കാൻ  മെനക്കെടണം.ദൈവത്തിന് സ്തുതി, എല്ലാവർക്കും സ്നേഹം സമാധാനം ശുഭം......

Thursday, November 26, 2020

ക്ളാസിക് കഥകൾ

 ലോക ക്ളാസിക് കഥകൾ 1 മുതൽ 4 വരെ ഭാഗങ്ങൾ.

പ്രസാധകർ ഡി.സി. ബുക്ക്സ്.

 വില നാലായിരം രൂപ.

വായനക്കാരൻ ലോകത്തിൽ രചിക്കപ്പെട്ടിട്ടുള്ള പഴയതും പുതിയതുമായ കഥകൾ വായിക്കാനുള്ള വെമ്പലോടെയാണ് ഈ നാല് ഭാഗങ്ങളും വില കൊടുത്ത് വാങ്ങുന്നത്. വായനക്കാരനെ നിരാശപ്പെടുത്തുന്ന വിധം ശോഷണം ഒന്നുമില്ലാത്ത ഈ പുസ്തകം, കഥകൾ ഒരു കാലത്ത് ഇങ്ങിനെയും ആയിരുന്നു എന്നും വായനാ രുചി  ലോകത്തിൽ വ്യത്യസ്തമായിരുന്നു എന്നും  അവനെ പഠിപ്പിക്കുന്നു.

കഥകളുടെ നിരൂപണമല്ല ഞാൻ ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് ഞാൻ ആളുമല്ല. അല്ലെങ്കിലും മഹാ സാഹിത്യകാരന്മാരായ എം.ടി.വാസുദേവൻ നായർ, ഡോ.എം.എം.ബഷീർ, ഡോ.വി.രാജക്രിഷ്ണൻ  എന്നിവർ ഏഡിറ്ററായുള്ള ഈ പുസ്തകം നിരൂപണം ചെയ്യാൻ എനിക്കെന്ത് യോഗ്യത!.

മറ്റൊന്നാണ്` എന്റെ ലക്ഷ്യം. അത് പറയാം.

മലയാള സാഹിത്യരംഗത്ത് പ്രസാധകരിൽ മുന്നിൽ നിൽക്കുന്ന പ്രസിദ്ധീകരണ ശാലയാണ് ഡി.സി.ബുക്സ്. ധാരാളം പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിക്കുന്നു. പണ്ട് മുതലേ  അഛൻ ഡി.സി. തുടങ്ങി വെച്ച  സ്ഥാപനം മകൻ രവി.ഡി.സി. ഇപ്പോൾ തുടർന്ന് വരുന്നു. ഈ സ്ഥാപനത്തെ കുറിച്ച് വായനക്കാരന് ഒരു സങ്കൽപ്പമുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിൽ അതിന്റെ ശുഷ്കാന്തിയും ചടുലതയും വായനക്കാരനെ വല്ലാതെ ആകർഷിക്കുന്നതിനോടൊപ്പം ഡിസി.എന്ന സ്ഥാപനത്തിൽ നിന്നും പുറത്ത് വരുന്ന പുസ്തകങ്ങളെ പറ്റി അവർ തരുന്ന വിവരണങ്ങൾ ശരിയാണെന്നുള്ള ബോധവും വായനക്കാരനിൽ സൃഷ്ടിക്കപ്പെടുന്നു. 

പക്ഷേ ഡിസി. പുസ്തക വ്യാപാരം നടത്തുകയാണ് എന്നും വായനക്കാരന്റെ ക്ഷേമമല്ല, അവർക്കുള്ളതെന്നും വ്യാപാരക്ഷേമമാണ്` അവർക്ക് മുന്ന വിചാരമെന്നും പറയേണ്ടി വന്നിരിക്കുന്നു. അതങ്ങിനെ തന്നെയാണ് ഒരു വ്യാപാരിയെ സംബ്നധിച്ച് വേണ്ടത്  എന്നതിന് തർക്കവുമില്ല. പക്ഷേ ഡിസി. എന്ന് കേൾക്കുമ്പോഴുള്ള ആ വിശ്വാസം പത്തരമാറ്റല്ല എന്നും അവർ വ്യാപാരം നടത്തുകയാണ് വായനയും അതിന്റെ പരിപാവനതയുമല്ല  അവരുടെ ആത്യന്തിക ലക്ഷ്യമെന്നും ഖേദപൂർവം ഒരാവർത്തി കൂടി പറയേണ്ടി വന്നിരിക്കുന്നു.

പണ്ട് വളരെ പണ്ട് ഡി.സി.  വിശ്വ സാഹിത്യമാല എന്നും പറഞ്ഞ് പരസ്യം ചെയ്തതും  അവസാനം, ബൃഹൃത്തായ ഗ്രന്ഥങ്ങൾ സംഗ്രഹം എന്ന പേരിൽ എണ്ണി തീർക്കാവുന്ന പേജുകളിൽ ഒതുക്കിയതുമായ കഥയല്ല ഇവിടെ ഉദ്ദേശിച്ചത്. അത്യാർത്തി പൂണ്ട വായനക്കാരൻ ഈ തുഛ വിലക്ക് അത്രയും വലിയ പുസ്തകങ്ങൾ തനത് രൂപത്തിൽ കിട്ടുമെന്ന് വ്യാമോഹിച്ചതിൽ  പ്രസാധകരെ കുറ്റപ്പെടുത്തുന്നില്ല. ബുക്ക് ക്ളബ് അവസാനിപ്പിച്ച രീതിയെയും പുസ്തകം കൊണ്ട് പോകാനുള്ള  കവറിൽ അവരുടെ പേര് തന്നെ പ്രിന്റ് ചെയ്ത് വാങ്ങുന്നവന്റെ പക്കൽ നിന്നും അഞ്ച് രൂപാ ഈടാക്കിയതുമല്ല ഉദ്ദേശിക്കുന്നത്.   അതെല്ലാം വ്യാപാര മുറകൾ മാത്രം. പക്ഷേ ഡിസി. എന്ന പേര് കേൾക്കുമ്പോൾ എല്ലാം പരമാർത്ഥമായിരിക്കും എന്ന വിശ്വാസത്തിന് ഓട്ട വീഴുന്ന പിശക് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കാതെ വയ്യ, അതും മേൽ പറഞ്ഞ ഘഡാ ഘഡിയൻ എഡിറ്ററന്മാർ സംവിധാനം ചെയ്ത ലോക ക്ളാസിക് കഥകൾ എന്ന പേരിലുള്ള പരസ്യത്തിന്മേൽ വിറ്റഴിക്കുന്ന പുസ്തത്തെ സംബന്ധിച്ച് ഉണ്ടായ കാഴ്ചയിൽ ചെറുതെന്നും എന്നാൽ പൊറുക്കാനാവാത്തതുമായ  ഒരു വസ്തുത.

ഈ പുസ്തകത്തിൽ 253 നമ്പർ പേജിൽ “പീരങ്കിയുമായൊരു യുദ്ധം“ എന്നൊരു കഥയുണ്ട്. ആ കഥയുടെ ആമുഖത്തിൽ രചയിതാവും ലോക പ്രസിദ്ധനുമായ വിക്ടർ യൂഗോയെ പറ്റി വിവരിക്കുന്ന അവസാന ഭാഗത്ത്,ഇങ്ങിനെയൊരു വാചകം ഉദ്ധരിക്കട്ടെ..“നോവലുകളും കവിതകളും ഉപന്യാസങ്ങളും കൂടാതെ “പീരങ്ക്യുമായൊരു യുദ്ധം“ എന്നിവ പോലുള്ള അനേകം ചെറുകഥകളുടെയും കർത്താവാണിദ്ദേഹം“

“കാട്...കാട്..“ ഭാഷാ പിതാവിന്റെ പ്രയോഗം തന്നെ തെറ്റ്...തെറ്റ്...എന്ന് പറയാൻ ഞാൻ ഉപയോഗിച്ച് കൊള്ളട്ടെ. അത് ചെറു കഥയല്ല, അത് ചെറു കഥയെന്ന് പറയുന്നത് തന്നെ ആ രചനയോട് കാണിക്കുന്ന അവഹേളനമാണ്. അത് യൂഗോയുടെ തന്നെ പാവങ്ങൾക്കും  നോതൃദാമിലെ കൂനനും മദ്ധ്യെ വിലമതിക്കാവുന്ന “99“ എന്ന ബൃഹൃത്തായ  ഒരു സുപ്രസിദ്ധ നോവലിലെ ഒരു അദ്ധ്യായം മാത്രമാണ്. ചെറുകഥ എന്ന പേരിൽ പ്രസിദ്ധീകരിച്ച  ആ അദ്ധ്യായം മാത്രം വായിക്കുന്ന വായനക്കാരന് ഇതെന്താ തലയും വാലുമില്ലാത്ത ഒരു കഥയോ എന്ന തോന്നലുണ്ടായാൽ അൽഭുതപ്പെടാനില്ല. ഒരു ചെറിയ തെറ്റല്ലേ അതിലിത്ര രോഷപ്പെടാൻ എന്തിരിക്കുന്നു എന്ന  ചോദ്യത്തിന് “99“ എന്ന നോവൽ നിങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ  ഈ രോഷത്തിന് കാരണം പിടി കെട്ടും. അത്രക്കും ഹൃദയത്തിൽ തട്ടുന്ന വിക്ടർ യൂഗോയുടെ തന്നെ പാവങ്ങൾ പോലുള്ള ഒരു നോവൽ ആണത്. അതിലെ ഒരു അദ്ധ്യായം മാത്രം എടുത്ത് ചെറുകഥ എന്ന പേരിൽ  ലോക ക്ളാസിക്കിൽ ചേർക്കേണ്ട ആവശ്യമെന്ത്? ഈ കഥ പ്രസ്തുത നോവലിലെ ഒരു അദ്ധ്യായം എന്ന് പറഞ്ഞാലെന്താണ്. അതല്ല പ്രസാധകരുടെ ലക്ഷ്യം. വിക്ടർ യൂഗോ എന്ന ലോക പ്രസിദ്ധ സാഹിത്യകാരന്റെ ചെറുകഥയും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട് എന്നുള്ള വീമ്പ് പറച്ചിലിന് അഥവാ പരസ്യത്തിനായാണ്` ഈ പണി ചെയ്തതെന്ന് പറഞ്ഞാൽ നിഷേധിക്കാമോ? അപ്പോൾ ഈ പിശക് പോലെ ഈ കഥാ സമാഹാരത്തിലെ പല കഥകളും ഇതേ പോലെ എവിടെന്നെങ്കിലും കഷണിച്ച്  കയറ്റി വെച്ചതാണോ എന്ന ചോദ്യം ഉണ്ടാകുന്നുവെങ്കിൽ ക്ഷമിക്കണേ ഡി.സീ.....

പിൻ കുറി:; “യൂഗോയുടെ “99“ പണ്ട് മാത്രുഭൂമിയോ നാഷണൽ ബുക്ക്സോ ആണ് പ്രസിദ്ധീകരിച്ചത്.  ഇപ്പോൾ ചിന്ത പ്രസാധകർ  ആ പുസ്തകം വിതരണം ചെയ്യുന്നു എന്നാണറിവ്.

Monday, November 23, 2020

വിയോഗത്തിൽ ഇന്നും ദുഖം

  എന്റെ  പിതാവിന്റെ മരണം , അത് ഇന്നലെയായിരുന്നോ അതോ വർഷങ്ങൾക്ക് മുമ്പായിരുന്നോ? എന്തായാലും  അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞ തീയതി എപ്പോഴും എന്നും എനിക്ക് കാണാ പാഠമാണ്. പക്ഷേ  അത് ഇന്നലെയായാണ് എനിക്കനുഭവപ്പെടുന്നത്. ആലപ്പുഴ പടിഞ്ഞാറേ പള്ളിയിലെ ഖബർസ്ഥാനിലേക്കുള്ള യാത്ര നവംബർ 23ന്  ആയിരുന്നു. ആലപ്പുഴയിൽ കാല് കുത്തിയാൽ  ഞാൻ അവിടെ പോയി സാന്നിദ്ധ്യം അറിയിക്കും. ആ നിശ്ചിത ഇടം തിരിച്ചറിയാൻ  സ്മാരക ശിലകൾ ഇല്ല. മറ്റ് അടയാളങ്ങളൊന്നുമില്ല. കാരണം എന്റെ വാപ്പാ  പാവപ്പെട്ടവരിൽ പാവപ്പെട്ടവനായിരുന്നു.സ്മാരക ശില (മീസാൻ കല്ല്) സ്ഥാപിക്കാനുള്ള സാമ്പത്തിക ശേഷി അന്ന് ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ പഞ്ചസാര പോലെയുള്ള മണൽ പരപ്പിലെ ആ  ഇടം എവിടെ എന്ന് എനിക്ക് നിശ്ചയമുണ്ട്.    

ഉമ്മ ഉൾപ്പടെ ഞങ്ങൾ 7 പേരെ പോറ്റാൻ  പട്ടിണി കിടന്നായിരുന്നു മരണം. പട്ടിണിക്കാർക്ക് അന്ന് വരുന്ന രോഗം ക്ഷയം, അത് ബാധിച്ചു. എങ്കിലും  ഇത്രയും പ്രാരബ്ധം ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മരണ സമയത്തെ കടം ആകെ 65 പൈസ ആയിരുന്നു. അടുത്ത കടയിൽ നിന്നും ചാർമിനാർ സിഗരറ്റ് വാങ്ങിയ വകയിലുണ്ടായ ബാദ്ധ്യത. അത് കൊടുത്ത് തീർക്കാൻ എന്നെ ചുമതലപ്പെടുത്തി. പിന്നെ വായന ശാലയിൽ നിന്നും വായിക്കാനെടുത്ത ഒരു പുസ്തകം തിരികെ കൊടുക്കാനും എന്നെ  ഏൽപ്പിച്ചു. പട്ടിണി കിടന്നിട്ടും കൈ നീട്ടാതെയും കടം വാങ്ങിക്കാതെയുമുള്ള ആ ജീവിതം എനിക്ക് മാതൃക തന്നെയായിരുന്നു.    തലമുറകൾ കൈ മാറി  ലഭ്യമാകുന്ന ഫാക്ടറികളിലെ മൂപ്പൻ സ്ഥാനം ആ പൈസാ നമുക്ക് വേണ്ടെന്ന് പറഞ്ഞ്  ജീവിത യോധനത്തിനിറങ്ങുന്നവന്റെ അവസ്ത ആ പട്ടിണി കാലത്ത് എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പണ്ട് വളരെ പണ്ട് യാഥാസ്തിക മുസ്ലിംകൾ തല മൊട്ടയടിച്ച്  നടന്ന കാലത്ത് വാപ്പാ തലയിൽ മുടി വളർത്തി.  കുഞ്ഞായ എന്റെ തലയും മൊട്ട അടിച്ചില്ല. അത് കണ്ട എന്റെ പിതൃ സഹോദരീ ഭർത്താവ്  പറഞ്ഞു. അവനും കാഫിൽ, അവന്റെ മോനും കാഫിർ!! എന്ന്. 

മറ്റൊരു കാഴ്ച ഞാൻ ചെറുപ്പത്തിൽ കണ്ടതോർക്കുന്നു. അന്ന് കല്യാണ സദ്യക്ക് വലിയ താല ത്തിലായിരുന്നു ആഹാരം വിളമ്പിയിരുന്നത്. താലത്തിന്റെ അപ്പുറവും ഇപ്പുറവുമായി ഇരുന്ന് രണ്ട് പേർ വീതം ആഹാരം കഴിക്കും. പക്ഷേ പങ്ക് കൊള്ളുന്ന ആളുകൾ രണ്ട് പേരും  ഒരേ ജാതിയിൽ പെട്ടവർ ആയിരിക്കും. എന്റെ വാപ്പയുടെ ഇളയ സഹോദരിയുടെ മകളുടെ വിവാഹത്തിനോടനുബന്ധിച്ചുള്ള  സദ്യ, അവർ താമസിച്ചിരുന്ന ആലപ്പുഴ ചിന്ന തോപ്പ് എന്ന സ്ഥലത്തായിരുന്നു. വാപ്പാ താലത്തിന് കൂട്ട് പിടിച്ചത്  അവിടെ തന്നെയുള്ള ആന്റണീ എന്ന റോമൻ കത്തോലിക്കനെയായിരുന്നു. ബന്ധുക്കൾ മാറി നിന്ന് പിറു പിറുത്തെങ്കിലും വാപ്പാ ഗൗനിച്ചതേയില്ല. ആഹാരം ഒരേ താലത്തിൽ നിന്നും ആന്റണി ചേട്ടനുമായി കഴിച്ചു. ഓണക്കാലത്ത് വാപ്പാ എന്നെ മാധവൻ പിള്ള എന്ന കൂട്ടുകാരൻ താമസിക്കുന്ന പുന്നപ്രയിലെ വീട്ടിൽ സൈക്കിൾ ഇരുത്തി കൊണ്ട് പോയതും അവിടെന്ന്  ആദ്യമായി ഇലയിൽ ആഹാരം കഴിച്ചതും ഇന്നും എനിക്ക് ഓർമ്മ ഉണ്ട്. അന്ന് അതെല്ലാം .സമുദായത്തിലെ ഭിന്ന രീതികളായിരുന്നുവല്ലോ.

വായനാശീലം എന്നിൽ ഉണ്ടാക്കിയത് എന്റെ പിതാവാണ്. “കൗണ്ട് ഓഫ് മോണ്ടീ ക്രിസ്റ്റോ     വായിച്ചോടാ“ബഷീറിന്റെ ബാല്യ കാല സഖി വായിക്കെടാ“ അങ്ങിനെ ഓരോ നിർദ്ദേശങ്ങളും തരും. 16 വയസ്സിൽ ഞാൻ എഴുതിയ “സംതൃപ്തി  എന്ന ചെറുകഥ  ആ കാലത്തെ “മലയാളി“ ദിന പത്രത്തിന്റെ വാരാന്ത്യ പതിപ്പിൽ അച്ചടിച്ച് വന്നത് വായിച്ചിട്ട് എന്റെ നേരെ ഒരു ചെറു ചിരിയോടെ ചോദിച്ചു “ ഇത് നീയെഴുതിയതാണോടാ...“ ആ ചോദ്യത്തിലെ അഭിനന്ദനം ഒരിക്കലും ഞാൻ മറക്കില്ല. കമ്പി വാദ്യമായ ബുൾബുൾ വായനയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്ന വാപ്പാ പഴയ ഹിന്ദി ഗാനങ്ങൾ ബുൾബുളിൽ വായിക്കുന്നത് കണ്ടാണ് എനിക്ക് ബുൾബുളിൽ ഹരം കയറിയത്.

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നവംബർ 23 ആകുമ്പോൾ മനസ്സിൽ ദുഖത്തിന്റെ  കടൽ ഇരമ്പും. കാരണം പട്ടിണി മാറി വാപ്പായെ സുഖമായി ജീവിപ്പിക്കാൻ എന്നെ കൊണ്ട് സാധിച്ചില്ലല്ലോ എന്ന ചിന്ത എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. അന്ന് സർക്കാർ സർവീസിൽ കയറി അൽപ്പ കാലമായതേ ഉള്ളൂ.അൽപ്പാൽപ്പമായി ജീവിതം പച്ച പിടിച്ച് വരുന്ന ഘട്ടം. ആ ഘട്ടത്തിൽ വാപ്പാ യാത്ര പറഞ്ഞ് പോയി. ആഗ്രഹിക്കുന്ന ആഹാരം കഴിക്കാനും ഉദ്ദേശിച്ച തരത്തിലുള്ള വസതികളിൽ താമസിക്കാനും പിൽക്കാലത്ത് ഞങ്ങൾക്ക് കഴിഞ്ഞെങ്കിലും അന്ന് വാപ്പാ കൂടെ ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. എന്നും എപ്പോഴും എനിക്ക് കാണാൻ വാപ്പായുടെ ഒരു ഫോട്ടോ പോലും  ഇല്ലാതെ , അന്ത്യ വിശ്രമം കൊള്ളുന്ന ശവകുടീരത്തിന്റെ അടയാളം പോലുമില്ലാതെ അദ്ദേഹം ഞങ്ങളെ പിരിഞ്ഞ് പോയി.

 ഇന്ന് ഈ ദിവസം രണ്ടിറ്റ് കണ്ണീർ...അത് മാത്രം അർപ്പിക്കുന്നു ., കൂട്ടത്തിൽ പ്രാർത്ഥനയും.

Saturday, November 21, 2020

ശിക്ഷയും താക്കീതും

 65 വയസ്സുകാരനായ  മുഹമ്മദ് കുട്ടി  വീടിന് സമീപമുള്ള  കടയിൽ പഞ്ചസാര വാങ്ങാനിറങ്ങിയതാണ്. നിർദ്ധനനായ ആ മനുഷ്യൻ   വാങ്ങാൻ കിട്ടുന്ന മാസ്ക് ഉപയോഗിച്ചിരുന്നില്ല. പകരം  മൂക്കും വായും  ഒരു കർചീഫ് കൊണ്ട് ഭദ്രമായി മറച്ചിരുന്നു. അയാൾ പോയ  കട പ്രധാന നിരത്തിൽ നിന്നും  അകന്ന് വലിയ തോതിൽ ജന സഞ്ചാരമില്ലാത്തതും വാഹന ഗതാഗതം കുറവുമുള്ള ഒരു ഗ്രാമീണ  നിരത്തിന്റെ വശത്തായിരുന്നു. പഞ്ചസാരയും വാങ്ങി കടയിൽ നിന്നും പുറത്തിറങ്ങിയ അയാളുടെ സമീപം പോലീസ് ജീപ്പ്  നിർത്തി ഓഫീസർ അയാളെ കൈ കാട്ടി വിളിച്ചു  മാസ്ക് ഉപയോഗിക്കാതിരുന്നതെന്ത് എന്ന ചോദ്യം ഉന്നയിച്ചു. മുഹമ്മദ് കുട്ടി  കർചീഫ് ചൂണ്ടി കാണിച്ച്  “സർ ഇതുണ്ടല്ലോ“ എന്ന് മറുപടി പറഞ്ഞപ്പോൾ  അത് പോരെന്നും  നിങ്ങളുടെ മൂക്ക് പുറത്താണെന്നും  മാസ്ക് തന്നെ  ഉപയോഗിച്ചാലേ ശരിയാവൂ അതിനാൽ മാസ്ക് ധരിക്കാത്തതിനാൽ 200 രൂപാ പിഴ ഒടുക്കണമെന്നും ആവശ്യപ്പെട്ടു.

തന്റെ കയ്യിൽ ഒരു പൈസാ പോലുമില്ലാ എന്ന് കേണ് പറഞ്ഞ അയാളോട് പിഴ പതിനായിരമാണെന്നും തന്റെ പാവത്തരം കണ്ടത് കൊണ്ട് ഇത്രയും കുറച്ചതാണെന്നും  അടുത്ത തവണ ഇങ്ങിനെ കണ്ടാൽ പിഴ പതിനായിരം തന്നെ ഈടാക്കുമെന്നും പോലീസ് കർശനമായി പറഞ്ഞപ്പോൾ ആ പാവം കടക്കാരനോട് 200 രൂപാ കടം വാങ്ങി   പിഴ അടച്ചു. പോലീസ് വണ്ടി വിട്ട് പോയി.

പിറ്റേ ദിവസം  കണ്ടപ്പോൾ മുഹമ്മദ് കുട്ടി ഈ കഥ എന്നോട് പറഞ്ഞു. ഈ നാട്ടിൻ പുറം റോഡിൽ  പോലീസ് കോവിഡ് പരിശോധനയോ എന്ന് ഞാൻ അൽഭുതം കൂറിയപ്പോൾ  “സാറേ പ്രധാന റോഡിൽ  ഇപ്പോൾ ആൾ  സഞ്ചാരമോ വാഹനമോ ഇല്ല. അവിടെ ആരെയെങ്കിലും പിടിക്കാൻ കിട്ടിയില്ലെങ്കിൽ പോലീസ് പെട്രോൾ വണ്ടി ഇവിടെക്കും തിരിയും. കണ്ണിൽ പെടുന്നവർക്ക് ഒരു ചെറിയ കുറ്റം കണ്ടാലും ഫൈൻ അടിച്ച് കൊടുക്കും“   മുഹമ്മദ് കുട്ടി  പറഞ്ഞു.

സാമൂഹ്യ സുരക്ഷ കണക്കിലെടുത്തായിരിക്കും പോലീസ് ഇപ്രകാരം ചെയ്യുന്നത എന്ന്. സമ്മതിക്കുന്നു. പക്ഷേ ഏതിനും ഒരു ഔചിത്യമുണ്ട്. മനപൂർവം ചെയ്യുന്നതും യാദൃശ്ചികമായി സംഭവിക്കുന്നതും രണ്ടു രണ്ടാണ്. അത് പോലീസെങ്ങിനെ തിരിച്ചറിയുമെന്നാണ് ചോദ്യമെങ്കിൽ  പോലീസിന് അത് കഴിയും എന്നാണ് എന്റെ അഭിപ്രായം. അതിന് എതിർ കക്ഷി പറയുന്നത് ശ്രദ്ധിക്കണം, മറുപടി തൃപ്തികരമാണോ എന്ന് തിരിച്ചറിയണം, ആദ്യ കുറ്റക്കാരനാണോ എന്ന് മനസിലാക്കണം എങ്കിൽ പിഴ ശിക്ഷ  വിധിക്കുന്ന കേസുകളിലെ ആദ്യ തവണ കുറ്റക്കാരന്  താക്കീത് നൽകി വിട്ടയക്കാൻ പ്രബേഷണറി ഒഫൻടേഴ്സ് ആക്റ്റ് വകുപ്പ് 3 പ്രകാരം  സാധിക്കും എന്ന സത്യം മനസിലാക്കണം.

 നാട്ടുകാർ കുറ്റം ചെയ്യണം എങ്കിലേ പിഴ  ഈടാക്കാൻ കഴിയൂ എന്ന പോലീസ് പ്രവണത  മാറ്റണ്ട സമയമായി.  എല്ലാറ്റിലുമുപരി  ചെയ്ത കുറ്റത്തെ പറ്റിയും അതിന്റെ ഭവിഷ്യത്തെ പറ്റിയും ജനത്തെ ഉദ്ബുദ്ധരാക്കണം .

 മദ്യ നിരോധനത്തേക്കാൾ നല്ലത് മദ്യത്തിന്റെ  ദൂഷ്യ വശത്തെ പറ്റി ജനത്തെ ഉദ്ബോധിപ്പിക്കുന്നതാണ്  നല്ലതെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന നമുക്ക് ആദ്യമേ തന്നെ പിഴ അടിക്കാതെ ഒരു താക്കീതോ ഉപദേശമോ  ആദ്യ കുറ്റക്കാർക്ക് നൽകി അവരെ മോചിപ്പിക്കുന്നതിലെന്ത് കുഴപ്പം സാറേ ....!!!!

Wednesday, November 18, 2020

വൃശ്ചിക പിറന്നു.

 അന്ന്  ഞാൻ തിരുവനന്തപുരം ജില്ലയിലെ  നാവായിക്കുളത്തിന് സമീപം  ഞാറയിൽക്കോണം എന്ന ഗ്രാമത്തിലായിരുന്നു. തകർത്ത് പെയ്തിരുന്ന തുലാ വർഷത്തിന് ശേഷം വൃശ്ചികം വന്നതോടെ പ്രകൃതിക്ക് സമൂല മാറ്റം അനുഭവപ്പെടാൻ തുടങ്ങി. വൃക്ഷങ്ങൾക്കെല്ലാം വല്ലാത്ത ഉണർവും ഉന്മേഷവും ആവേശിച്ചത് പോലെ  കാണപ്പെട്ടു. വൃശ്ചിക കാറ്റ്  ശക്തമായി അടിച്ചതോടെ ഇലകൾ പൊഴിയുകയും പുതിയ തളിരുകൾ  ഉണ്ടാവുകയും ചെയ്തു. ഞാറയിൽക്കോണത്ത് കശുമാവ്  ധാരാളം ഉള്ളതിൽ പുതിയ തളിരുകൾ ചെമന്ന നിറത്തിൽ നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ എന്നിലെ  ആസ്വാദകൻ അതെങ്ങിനെയെങ്കിലും പേപ്പറിലേക്ക് പകർത്തണമെന്ന്  വെമ്പൽ കൊണ്ടു. ഉദയ സൂര്യന്റെ മനോഹാരിതയും രാത്രിയിൽ പൗർണമീ ചന്ദ്രന്റെ നിലാ കുളിർമയും വീശി അടിക്കുന്ന കാറ്റും എങ്ങും കേൾക്കുന്ന പക്ഷികളുടെ കളകൂജനവും  എല്ലാം കൂടെ എന്നെ കൊണ്ട് ഒരു കടും കൈ ചെയ്യിച്ചു.

ഞാനൊരു കവിത എഴുതി. കവിതയുടെ പേര് “വസന്താഗമനം“ എന്നും അതിന്റെ പ്രാരംഭ വരികൾ ഇപ്രകാരമായിരുന്നു എന്നും ഞാൻ ഓർമ്മിക്കുന്നു..

വൃശ്ചിക മാസപ്പിറവിയോടെ
വൃക്ഷങ്ങള്‍ പത്രം കൊഴിച്ച് മെല്ലെ.
പൊന്‍ നിറം പൂശി തളിരുകളില്‍
പൂക്കുവാനായിട്ടമ്മാവൊരുങ്ങി.

  അന്ന് കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാള രാജ്യം ദിനപ്പത്രത്തിന്റെ വാരാന്ത്യ പതിപ്പിലേക്ക് കവിത അയച്ച് കൊടുത്ത് എല്ലാ ഞായറാഴ്ചയും പത്രവും പ്രതീക്ഷിച്ച് ഞാനിരുന്നു, കവിത അച്ചടിച്ച്  വരുന്നത് കാണുന്നതിനായി.  പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും  ഒന്നും സംഭവിക്കാത്തതിനാൽ ഒരു ദിവസം ഞാൻ നാവായിക്കുളത്ത് നിന്നും വണ്ടി കയറി കൊല്ലത്തെത്തി മലയാളരാജ്യം ആഫീസ് കണ്ട് പിടിച്ച് എങ്ങിനെയോ ഉള്ളിൽ  കടന്ന് പറ്റി. സബ് എഡിറ്റർ ഒരു കൊമ്പൻ മീശക്കാരന്റെ മുമ്പിൽ ചെന്ന് വസന്താഗനമെന്ന  എന്റെ കവിതയുടെ  തലയിലെഴുത്തിനെ പറ്റി അന്വേഷിച്ചു.

“വസന്താഗമനം“ മീശക്കാരൻ പിറു പിറുപിറുത്ത്,  തല ചൊറിഞ്ഞ് അടുത്തിരുന്ന ഫയൽ കൂനയിൽ തപ്പി   എന്റെ വസന്താഗമനത്തെ രണ്ട് വിരൽ കൊണ്ട് ചത്ത എലിയുടെ വാലിൽ പിടിച്ച് പൊക്കി എടുക്കുന്നത് പോലെ എടുത്ത് മൂക്കും ചുളിച്ച് എന്റെ മുഖത്തിന് നേരെ  ആട്ടിക്കാണിച്ചു. എന്നിട്ട് എന്നെ പാദാദികേശം ഒന്ന് അവലോകനം ചെയ്തു ഇങ്ങിനെ ഉരുവിട്ടു.

“കണ്ടിട്ട് നല്ല യോഗ്യനെ പോലെ തോന്നുന്നല്ലോ താനാണോ ഈ പോക്രി തരം കാണിച്ച കപി.?“

എന്റെ മുഖം വല്ലാതെ ചുവന്നു, കണ്ണുകൾ നിറഞ്ഞുവെന്ന് തോന്നുന്നു.

കംസൻ കുഞ്ഞിനെ എറിയുന്നത് പോലെ എന്റെ വസന്താഗമനത്തെ അയാൾ എന്റെ മുഖത്തിന് നേരെ എറിഞ്ഞു.“മേലാൽ  ഈ വക വേലയും കാണിച്ച് ഇവിടെ വന്നാൽ....ഹും...ഹും... എന്ന് അയാൾ മുരണ്ടു.

  ഞാൻ വസന്താഗമനത്തെ പെറുക്കി എടുത്ത് ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങാൻ ഭാവിച്ചപ്പോൾ മീശ പറഞ്ഞു. തന്റെ കവിത പ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞ് കവിത എഴുതാനുള്ള പശ്ചാത്തലം  വിശദീകരിച്ച് താനെഴുതിയ കത്തുണ്ടല്ലോ അത് അസ്സലായി. അതിന് കാവ്യ ഭംഗി ഉണ്ടായിരുന്നു.  തനിക്ക് പറ്റുന്നത് ഗദ്യമാണ്. താൻ അത് നല്ലവണ്ണം കൈകാര്യം ചെയ്യുക, എന്തെങ്കിലും എഴുതി  ഇവിടെ “ഗോപി കുഴൂർ“ എന്നൊരാളുണ്ട്, അയാൾക്ക് അയച്ച് കൊടുക്കുക, ഞാൻ അയാളോട് പറഞ്ഞേക്കാം, പറ്റുമെന്ന് കണ്ടാൽ പ്രസിദ്ധീകരിക്കുകയും ചെയ്യാം.“

എന്റെ എല്ലാ വിഷമങ്ങളും മാറി. ഞാൻ പിന്നെ കവിത എഴുതിയിട്ടില്ല, മീശയുടെ ഭാഷയിൽ ആ പോക്രി തരം പിന്നെ കാണിച്ചിട്ടില്ല, പക്ഷേ കഥകൾ എഴുതി മലയാള രാജ്യത്തിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ വൃശ്ചികം എത്തിയപ്പോൾ വീശി അടിക്കുന്ന കാറ്റും പ്രകൃതിയുടെ  രൂപ മാറ്റവും കണ്ടപ്പോൾ ഇതെല്ലാം ഓർമ്മയിലേക്ക് കടന്നുവന്നിരിക്കുന്നു.

Sunday, November 15, 2020

അപവാദ പ്രചരണങ്ങൾ

 സർക്കാർ സർവീസിൽ കയറിയ ആദ്യ കാലത്ത് ശ്രദ്ധയിൽ പെട്ട  വിവാഹ മോചന കേസായിരുന്നു അത്.

അന്ന് കുടുംബ കോടതികൾ നിലവിൽ വന്നിട്ടില്ല. ഹിന്ദു മാരിയേജ് ആക്റ്റ് പ്രകാരമുള്ള  കേസുകൾ  ജില്ലാ കോടതികളിലും അതില്ലാത്ത സ്ഥലങ്ങളിൽ  സബ് കോടതികളിലും ആയിരുന്നു ഫയൽ ചെയ്തിരുന്നത്. ഞാൻ ജോലി ചെയ്തിരുന്ന സബ് കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ആ കേസിൽ ഭാര്യക്കെതിരെ ഭർത്താവ്  ആരോപിച്ച കുറ്റങ്ങളിലൊന്ന് ഒരു ദിവസം  രാത്രിയിൽ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്  ഫലം ശ്രവിക്കാൻ റേഡിയോ കേൾക്കാൻ  പോയിരുന്ന താൻ എന്തോ ആവശ്യത്തിന്  തിരികെ വന്നപ്പോൾ തന്റെ ഭാര്യയെ  ശരിയല്ലാത്ത രീതിയിൽ അവളുടെ പിതാവുമായി കിടപ്പു മുറിയിൽ കണ്ടു എന്നതായിരുന്നു.    കേസ് ഫയൽ ചെയ്യാൻ തക്കതായ കാരണങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ഭർത്താവിന് വേണ്ടി ഹാജരായ  അഭിഭാഷകൻ തയാറക്കി കൊടുത്ത ഹർജിയിലെ പരാമർശമായിരുന്നു അത്.

 കേസ് തെളിവെടുപ്പ്  പൂർത്തിയാക്കി വാദം കേട്ടു ഭർത്താവിന്റെ ആരോപണങ്ങൾ തള്ളി  ഭാര്യക്ക് അനുകൂലമായി വിധിച്ചു.  ആ വിധി ന്യായത്തിലെ ഒരു പരാമർശം  മനസ്സിൽ തട്ടുന്ന  വാചകമായിരുന്നു. സ്വന്തം ഇണയ്ക്കെതിരെ  ഇത്രയും ഹീനമായ ഒരു ആരോപണം ഉന്നയിച്ച ഭർത്താവിനോടൊപ്പം ദാമ്പത്യ ബന്ധം പുലർത്തി കൂടെ പോയി താമസിക്കാൻ    ആ സ്ത്രീയോട് നിർദ്ദേശിക്കുന്നത് ഒട്ടും ശരിയല്ല എന്നതായിരുന്നു ആ വാചകം.

കേസ് നടന്നിരുന്ന കാലഘട്ടത്തിൽ ആ പിതാവും മകളും കോടതി വരാന്തയിൽ പല തവണ വന്ന് നിന്നപ്പോൾ ആ പിതാവുമായി ഞാൻ പരിചയപ്പെട്ടിരുന്നു.    കേസിന്റെ വിധിക്ക് ശേഷം ഒരു ദിവസം  വഴിയിൽ വെച്ച് കണ്ട എന്നോട് അയാൾ  ഏറെ സങ്കടത്തൊടെ പറഞ്ഞ ചില വസ്തുതകൾ ഇപ്രകാരമായിരുന്നു. ഈ കേസ് നടന്ന് കൊണ്ടിരുന്നപ്പോൾ ഒട്ടും സത്യമില്ലാത്ത ഈ കേസ്  തള്ളി പോകും എന്ന് ദൈവ വിശ്വാസിയായ എനിക്ക് പൂർണ ബോദ്ധ്യമുണ്ടായിരുന്നു സാറേ! സത്യത്തിന്റെ അംശം പോലുമില്ലാത്ത ഈ കേസിൽ അവൻ വേറെ വിവാഹം കഴിക്കാനായി  എന്റെ മകൾക്കെതിരെ ആരോപിച്ച ഈ കുറ്റം കോടതി തെളിവില്ലാതെ  തള്ളി കളഞ്ഞെങ്കിലും സമൂഹം ഇപ്പോഴും ആ കാഴ്ചപ്പാടിലാണ് എന്നെയും മകളെയും കാണുന്നത്. കഴിഞ്ഞ ഒരു ദിവസം അയല്പക്കത്തുള്ള ഒരു സ്ത്രീ എന്തോ പ്രശ്നം ഉണ്ടായപ്പോൾ എന്റെ മകളുടെ നേരെ വിളിച്ച് പറഞ്ഞത് അച്ചന്റെ കൂടെ കഴിയുന്നവളല്ലേ നീയെന്നായിരുന്നു. ചങ്ക് പൊടിഞ്ഞ് പോയി സാറേ! ഈ അപവാദം ആരോപിക്കുന്നവരെ ദൈവം വെറുതെ വിടില്ല, ജയിക്കാനായി ഇങ്ങിനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആരോപിക്കപ്പെടുന്നവരുടെ  ഉള്ളിലെ തീ തിരിച്ചറിയാൻ ദൈവം അവസരം ഉണ്ടാക്കും, തീർച്ച.വിമ്മി കരഞ്ഞിരുന്ന  ആ മുൻ അദ്ധ്യാപകന്റെ കണ്ണിൽ നിന്നും  ചോരയാണ് ഒഴുകി വന്നതെന്ന് എനിക്ക് തോന്നി.

സമൂഹം അങ്ങിനെയാണ്. അവർക്ക് അന്യരുടെ ലൈംഗിക കാര്യങ്ങൾ ആവർത്തിച്ച് പറയുന്നത് ഒരു സുഖമാണ്. ആരോപണം കള്ളമാണെങ്കിലും  അത് ലൈംഗികം ആണെങ്കിൽ ഒരു ഹരമാണ്.  ചരിത്രാതീത  കാലം മുതൽ  സമൂഹം ഇങ്ങിനെ ഒക്കെ തന്നെയായിരുന്നു. ഇന്നത്തെ കാലവും ഒട്ടും വിഭിന്നമല്ല, രാവിലെ പത്രം വായിക്കുമ്പോൾ അഛൻ മകളെ പീഡിപ്പിച്ചു, സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു,  വൃദ്ധൻ കൊച്ച് കുഞ്ഞിനെ പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, യുവാവ് വൃദ്ധയെ പീഡിപ്പിച്ചു, ഈ തരത്തിലുള്ള വാർത്തകളാൽ സമ്പന്നമാണ് നമ്മുടെ പത്രങ്ങളും ചാനലുകളും. പോലീസ് ഭാഷ്യം അതേ പടി പകർത്തുകയാണ് മാധ്യമങ്ങൾ. ഒരിക്കലും കുറ്റാരോപിതന്റെ  ശബ്ദം പുറത്ത് വരില്ല. അവന് എന്ത് പറയാനുണ്ട് എന്ന് ഒരു പത്രക്കാരനും അന്വേഷിക്കില്ല.

 ഈ വക എല്ലാ കേസുകളും കള്ളമാണെന്ന് എനിക്കഭിപ്രായമില്ല. പലതും തീർത്തും സത്യം തന്നെയായിരിക്കും.

 പക്ഷേ ഈ വക വാർത്തകൾ ഒരാളോട് പക വീട്ടാനായും സ്വന്തം ഭാഗം ജയിക്കാനായും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം ആവശ്യത്തിന്  പ്രയോഗിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാവില്ലേ എന്ന് ചിന്തിക്കേണ്ടി വരുന്നു. ഒന്ന് കൊണ്ടും കീഴടങ്ങാത്ത എതിരാളി  ഒരൊറ്റ ലൈംഗികാരോപണത്താൽ താഴെ വരും എന്ന് ഈ പത്ര വാർത്തകൾ സമൂഹത്തൊട് പറഞ്ഞ് കൊടുക്കുന്നു.  

റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് സത്യം തന്നെ ആയിരിക്കും പക്ഷേ അന്വേഷണം നടത്തി തെളിവെടുത്ത് കുറ്റം സ്ഥാപിക്കപ്പെട്ട് കഴിഞ്ഞ് വിധി വരുമ്പോൾ മാത്രം വാർത്തയാക്കുന്നതല്ലേ  ന്യായം. അപ്പോഴല്ലേ അത് വാർത്തയാകൂ.  അതിന്  മുമ്പ് പ്രതി കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ സമൂഹം അയാൾ കുറ്റം ചെയ്തു എന്ന് സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ അയാൾ കുറ്റക്കാരൻ തന്നെയെന്ന് തീർച്ചയാക്കി ആ കാഴ്ചപ്പാടിൽ തന്നെ  അയാളെ കാണാൻ തുടങ്ങി കഴിഞ്ഞു. ഇനി അയാളെ വെറുതെ വിട്ടാലും ആരോപണം ഒരിക്കലും മാഞ്ഞ് പോവില്ല എന്ന് തീർച്ച. ലൈംഗിക  വിഷയങ്ങളെ അങ്ങിനെയാണ്` സമൂഹം കാണുന്നത്. സ്ത്രീയെ പറ്റിയാണെങ്കിൽ  ലൈംഗിക ആരോപണങ്ങൾ പറയാൻ സ്ത്രീ പുരുഷ ഭേദമന്യേ  സമൂഹം മുന്നോട്ട് വരും. അവൾക്ക് അൽപ്പം സൗന്ദര്യം കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. കാര്യം വെറുതെ ആണെങ്കിൽ പോലും നാല് സ്ത്രീകൾ കൂടുന്നിടത്ത് പ്രധാന വിഷയം ഇത് തന്നെയായിരിക്കും. ആ ചർച്ച നടന്ന് കൊണ്ടിരിക്കുമ്പോൾ  ആ പെൺകുട്ടി അതിലെ നടന്ന് പോകുകയാണെങ്കിൽ   വളരെ സ്നേഹത്തോടെ  അവർ ഏക സ്വരത്തിൽ ചോദിക്കും “മോളേ! നിന്റെ കേസ് എന്തായീ....“ എന്ന്.

   ഒന്ന് ആവർത്തിച്ച് ചോദിച്ച് സുഖിക്കുന്നത് പല സ്ത്രീകൾക്കും ഒരു രസമാണല്ലോ.

 പക്ഷേ അപമാനിക്കപ്പെടുന്ന സ്ത്രീയും പുരുഷനും അവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റത്തിൽ നിരപരാധികളെങ്കിൽ അവരുടെ ഉള്ളിൽ നിന്നും ബഹിർഗമിക്കുന്ന  കണ്ണീർ  തീയായി തന്നെ അത് പ്രയോഗിച്ചവർക്കെതിരെ തിരിച്ചടിക്കും, കാരണം “മർദ്ദിതന്റെ കണ്ണീരിനും  ദൈവത്തിനുമിടയിൽ മതിലുകളില്ലാ“ എന്ന  മഹദ് വചനം ഇത് വരെ പാഴായിട്ടില്ലല്ലോ.

Tuesday, November 10, 2020

കോവിഡ് രോഗം തുടരുകയാണ്.

  കോട്ടവിള വീട്ടിൽ  ബഷീർ ഇന്നലെ മരിച്ചു. കോവിഡ് രോഗത്തെ തുടർന്ന് ബാധിച്ച ന്യൂമോണിയാ ആയിരുന്നു മരണകാരണം. എന്റെ അയൽ വാസിയും      സഹൃദയനും സൗമ്യനും മദ്ധ്യ വയസ്സോട് അടുത്ത് വരുന്ന  ആരോഗ്യമുള്ള മനുഷ്യനുമായിരുന്നു പരേതൻ. മൂന്നു നാല് ദിവസമായുള്ള  പനിയെ  അത്ര ഗുരുതരമായി കണ്ടില്ലെന്ന് മാത്രമല്ല, ആ പനിയുമായി  അദ്ദേഹം വെയിൽ കൊള്ളുകയും ചെയ്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. പനിയുടെ ചികിൽസ ഫലിക്കാതെ വന്നപ്പോൾ രക്ത പരിശോധനയിൽ കോവിഡ് പോസറ്റീവ് ആണെന്ന് കണ്ടു. പക്ഷേ അപ്പോഴേക്കും ന്യൂ മോണിയാ പിടി മുറുക്കി കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിന്  വല്ലാത്ത ദു:ഖത്തിനിടയാക്കി.

സംസ്ഥാനത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൽ ജനങ്ങൾ ഭീതിയോടെ  അതിനെ കാണുകയും രോഗത്തിന്റെ പകർച്ച  അന്തം വിട്ട് നോക്കി നിൽക്കുകയും ചെയ്തു. തുടർന്ന് സർക്കാർ നിലവിൽ വരുത്തിയ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ജനം സർവാത്മനാ  സഹകരിക്കുകയും ദിവസങ്ങൾ നീണ്ട് നിന്ന ലോക് ഡൗണുകൾ  യാതൊരു മടിയും കൂടാതെ അനുസരിക്കുകയും ചെയ്തു. അന്നത്തെ ദിവസങ്ങളിലെ വൈകുന്നേരമുള്ള ഭരണ തലവന്റെ  വാർത്താ സമ്മേളനം വർദ്ധിച്ച താല്പര്യത്തോടെയാണ്  പൊതുജനങ്ങൾ ശ്രദ്ധിച്ചിരുന്നത്. അന്ന് രോഗ പകർച്ചയുടെ എണ്ണം പരമാവധി രണ്ടക്കത്തിൽ ഒതുങ്ങി നിന്നിരുന്നെങ്കിലും അത് പോലും ജനം  ഗൗരവമായാണ് കണ്ടത്. മരണം അപൂർവത്തിൽ അപൂർവവുമായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ജാഗ്രത പയ്യെ പയ്യെ ഇല്ലാതാവുകയും  ഓ! ഇതാണോ കോവിഡ് ഇത് നമ്മളെ ഒന്നും ചെയ്യില്ലാ എന്ന മൂഢ ധാരണയിൽ ആയി തീരുകയും ചെയ്തുവല്ലോ. മാസ്ക് ധാരണം പോലീസിൽ നിന്നും രക്ഷ തേടാനുള്ള ചടങ്ങും   സാനിറ്ററൈസർ ഉപയോഗം ആർക്കോ വേണ്ടി എന്ന മട്ടിലുമായി. പ്രവാസികളെയും അന്യ സംസ്ഥാനത്ത് നിന്നും വന്നവരെയും വരിഞ്ഞ് മുറുക്കി  അടച്ച് കെട്ടിയിട്ടെങ്കിലും പണി പശുവിൻ പാലിലൂടെ  മൽസ്യ മാർക്കറ്റുകൾ  എത്തിച്ച് തന്നു. പിന്നെ പിടിച്ച് കെട്ടാത്ത രോഗ വ്യാപനത്തിന്റെ ദിനങ്ങളായിരുന്നു. മൂന്നക്കവും നാലക്കവും അപൂർവമായി അഞ്ചക്കവും കടന്നു രോഗ വ്യാപനത്തിന്റെ എണ്ണം കാണിക്കുന്ന സൂചി ഉയർന്നു നിന്നതാണ് തുടർന്നുള്ള കാഴ്ച.    മരണവും വർദ്ധിച്ച് വന്നു.     ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

ഈ അവസ്ഥയിലേക്ക് വന്നതിന്റെ പ്രധാന കാരണം രോഗത്തെ പറ്റിയുള്ള ജനങ്ങളുടെ  ഭയം കുറഞ്ഞതാണ്. ഓ! ഒരു പനി, അത് വന്നു പോകും അത്ര തന്നെ.   ഈ ധാരണയിലായി ജനം. അതിന്റെ തിക്തക ഫലമാണ്  ഞാൻ ഈ കുറിപ്പിൽ ആദ്യം കാണിച്ച  രോഗ ബാധ. പനിയെ നിസ്സാരമായി കാണുമ്പോൾ  അത് നമ്മളെ ആക്രമിക്കുന്നു. മറ്റൊരു സവിശേഷത പനി വന്നാൽ തന്നെ ജനങ്ങൾ  പരിശോധനക്ക് പോകാൻ കാണിക്കുന്ന മടിയാണ്. പോസറ്റീവായി കാണപ്പെട്ടാൽ ഭയപ്പെടുത്തുന്ന സൈറണുമായി ആംബുലൻസെത്തുന്നു, രോഗിയെ എവിടേക്കോ കൊണ്ട് പോകുന്നു, അവിടെ അപരിചിതമായ സ്ഥലത്ത് ഏകാന്ത വാസവുമായി കഴിയുന്നു, ആഹാരം കിട്ടിയാലായി, പരിചരണം ഉണ്ടെങ്കിലായി, ഇങ്ങിനെ ഗോസിപ്പുകൾ പരന്നതോടെ രക്തം പരിശോധിക്കാൻ തന്നെ ആൾക്കാർ മടിച്ച് പനിയെ പാരസറ്റാമോൾ കൊണ്ട് നേരിടാൻ ഒരുങ്ങുന്നതോടെ പ്രാരംഭത്തിൽ തന്നെ  രക്ത പരിശോധനയിലും തുടർന്ന് രോഗ ബാധ ഉണ്ടെങ്കിൽ കിട്ടുന്ന  സംരക്ഷണത്തിൽ നിന്നും അകന്നു പോകാനിടയാക്കുന്നു.

തിരിച്ചറിയുക, കോവിഡ് മാരക പകർച്ച വ്യാധിയാണ് അതിനെ നിസ്സാരമായി    ഗണിക്കാതിരിക്കുക. എപ്പോഴും ജാഗ്രതയിൽ തന്നെ വർത്തിക്കുക..ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുക. പ്രതിരോധത്തിൽ  തന്നെ കഴിയുക, പകർച്ച വ്യാധി  തീർത്തും പോകുന്നത് വരെ സൂക്ഷ്മത നില നിർത്തുക, അതാണ് നമ്മൾ ചെയ്യേണ്ടത്.