Thursday, December 27, 2012

ഓരോ വോട്ടും എന്റെ കൂട്ടുകാര്‍ക്ക്...

ബൂലോകം  എഡിറ്റോറിയല്‍  ബോര്‍ഡ്  ഈ വര്‍ഷത്തെ  സൂപ്പര്‍ ബ്ലോഗര്‍  മത്സരത്തില്‍  എന്റെ  പേരും  ചേര്‍ത്തിരിക്കുന്നതായി  കാണപ്പെട്ടു.   അപ്രകാരമുള്ള  ഒരു  ബഹുമതി  എനിക്ക്  തന്നതില്‍    ബൂലോകത്തോടു  മനസ്സ്  നിറഞ്ഞ  നന്ദി   രേഖപ്പെടുത്തുന്നു.

മത്സരം  എന്ന്  പറഞ്ഞാല്‍  അവിടെ  എതിരാളി/എതിരാളികള്‍  അവശ്യം  ആവശ്യമാണ്.  എങ്കിലേ   മത്സരവും  തെരഞ്ഞെടുപ്പും  ഉണ്ടാകൂ.  ഇവിടെ  ഞാന്‍   മത്സരത്തിനു  ഇറങ്ങുമ്പോള്‍   ആരെല്ലാമാണു  എന്റെ  എതിരാളികള്‍?!  എന്റെ  പ്രിയപ്പെട്ട  കൂട്ടുകാര്‍!!!  ഓരോരുത്തരുടെയും  പേര്‍  എടുത്ത്  ഞാന്‍  പറയുന്നില്ല.  അപൂര്‍വം  ചിലരൊഴികെ  ബാക്കി  എല്ലാവരും   എന്റെ  ബ്ലോഗ്  സന്ദര്‍ശിക്കുന്നവരും  ഞാന്‍  അവരുടെ  ബ്ലോഗുകളിലെ  സന്ദര്‍ശകനും.  ബ്ലോഗ്  മീറ്റ്  നടക്കുമ്പോള്‍   അവര്‍  ഓരോരുത്തരേയും  കെട്ടി  പിടിച്ച്  കുശലാന്വേഷണം  നടത്തി  പിരിയുമ്പോള്‍  ഇനി  എന്നാണു  നാം  വീണ്ടും  കണ്ട്  മുട്ടുക  എന്ന്   നൊമ്പരത്തോടെ  യാത്ര  പറയുന്നവര്‍.  പലരോടും  ഫോണില്‍  കൂടി   ഇപ്പോഴും  കൊച്ച്  വര്‍ത്തമാനം  പറഞ്ഞ്  പൊട്ടി  ചിരിക്കുന്നവര്‍.  അവരെ  ഞാന്‍  എങ്ങിനെ  എതിരാളികള്‍  ആയി  കാണും.  കഴിഞ്ഞ്  പോയ  വിരസമായ  കാലഘട്ടത്തില്‍  നിന്നും  പുറത്ത്  ചാടിയപ്പോള്‍   സ്നേഹത്തിന്റെ  ലോകത്തേക്ക്  എന്നെ  കൂട്ടിക്കൊണ്ട്  പോയവരാണു  അവര്‍‍.    എന്റെ  ജീവിതാവസാനം  വരെ   ഈ  സ്നേഹം    അവരുമായി നില  നിര്‍ത്തണം  എന്ന  അതിയായ  ആഗ്രഹം   ഇവിടെ  ഞാന്‍  പ്രകടിപ്പിക്കട്ടെ.  ഒരു  മത്സരത്തില്‍   കൂടി  അല്ലാതെ  തന്നെ  എന്നെ  എല്ലാവരും  നാലു  വര്‍ഷമായി   ഇക്കാ....ഇക്കാ  എന്ന് വിളിച്ച്   ബൂലോഗത്തിലെ  മെഗാ  സൂപ്പര്‍   സ്റ്റാറാക്കി   മാറ്റിയിരിക്കുന്നു.  എനിക്ക്  അത്  തന്നെ  ധാരാളം  സന്തോഷം  തരുന്നുണ്ട്.  ഈ  അടുത്ത  കാലത്ത്  അല്‍പ്പം  ശാരീരികാസ്വാസ്ത്യം  ഉണ്ടായപ്പോള്‍   എന്റെ ഫോണിലേക്ക്    വിദേശത്ത്  നിന്നു   ഉള്‍പ്പടെ   വന്ന   സുഖാന്വേഷണങ്ങള്‍  മേല്‍ക്കാണിച്ച  സത്യം  എന്നെ   ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

അതിനാല്‍  എന്റെ  പ്രിയപ്പെട്ട  കൂട്ടുകാരേ!  നിങ്ങളെ  ആരെയും  എതിരാളികളായി  കാണാന്‍  എനിക്ക്  കഴിയില്ല.  എന്റെ  പ്രിയപ്പെട്ട  ബ്ലോഗര്‍  സമൂഹമേ!  നിങ്ങളുടെ    വോട്ടുകള്‍  എന്റെ  സ്നേഹിതര്‍ക്ക്  നല്‍കുക.

പ്രിയപ്പെട്ട  ബൂലോകം  എഡിറ്റോറിയല്‍  ബോര്‍ഡ്!   നിങ്ങളുടെ   സേവനങ്ങള്‍  ഇനിയുമിനിയും  ഗുണപ്രദമായി  തീരട്ടെ.എല്ലാവിധ  ആശംസകളും  നേരുന്നു.

Saturday, December 15, 2012

കടവത്തെ കാഴ്ച്ചചമ്രവട്ടം  പാലം  വന്നപ്പോള്‍   ഈ  കാഴ്ച്ച  കാണേണ്ട  ആവശ്യമില്ലാതായി.(പൊന്നാനി  കടത്തില്‍  നിന്നാല്‍  കാണുന്ന  കാഴ്ച്ച)

Saturday, November 3, 2012

എനിക്ക് ഹൃദയം ഉണ്ട്

   ഞാന്‍  നീതിന്യായ  വകുപ്പില്‍   സേവനത്തില്‍  ഇരിക്കവേ  സൃഷ്ടിക്കപ്പെട്ട   ചില  വിധികള്‍  കണ്ട്  ഹൃദയമില്ലാത്തവന്‍  എന്ന്    പറഞ്ഞിരുന്നവര്‍ ഇനി    പറയില്ലല്ലോ  എനിക്ക്  ഹൃദയം  ഇല്ലെന്ന്.   ഇതാ  എനിക്ക്  ഹൃദയം  ഉണ്ടെന്നും   അതില്‍  ഒന്നില്‍   അധികം   ബ്ലോക്കുകള്‍  ഉണ്ടായിരുന്നെന്നും  തിരുവനന്തപുരം  മെഡിക്കല്‍  കോജുകാര്‍   കണ്ട്  പിടിച്ച്  കഴിഞ്ഞു.  അവര്‍  ആ ബ്ലോക്കുകള്‍  നീക്കം ചെയ്യാനുള്ള  പ്രതിവിധിയായ  ആഞ്ജിയോ  പ്ലാസ്റ്ററി   എന്ന  പ്രയോഗത്തിനു  എന്നെ  വിധേയനാക്കുവാനും   അഞ്ചു  ദിവസം  ആശുപത്രി  വാസത്തിനും തുടര്‍ന്ന്  ഒരു മാസ  പരിപൂര്‍ണ വിശ്രമത്തിനും  വിധിച്ചു. അങ്ങിനെ  വിശ്രമ  ജീവിതത്തിന്റെ  വിരസതയില്‍  ബ്ലോഗും   ഫൈസ്ബുക്കും   ഫോണ്‍  വിളിയും  ഇല്ലാതെ  നിമിഷങ്ങളുടെ  പയ്യെപോക്കിനു  ഇരയായി   മാറി  മാറി  വരുന്ന   വെയിലും  മഴയും  മഞ്ഞും   നിരീക്ഷിച്ച്  വരാന്തയിലെ  ചാരു  കസേരയില്‍  പുസ്തകങ്ങളുമായി  19ദിവസങ്ങല്‍  കഴിച്ച്  കൂട്ടിയതിനു  ശേഷം  ഭാര്യയുടെ  ഭീഷണികള്‍  അവഗണിച്ച്  ഇന്ന്  ഇപ്പോള്‍   ഇവിടെ  കമ്പ്യൂട്ടറിന്റെ  മുമ്പില്‍  അല്‍പ്പം  നേരം   ഇരുന്നപ്പോള്‍  എന്തൊരു  ആശ്വാസമെന്നോ!!!

പിന്നെന്തുണ്ട്  കൂട്ടരേ!  വിശേഷങ്ങള്‍?  എല്ലാവര്‍ക്കും  സുഖം  തന്നെ  അല്ലേ?

വിശ്രമമില്ലാത്ത  ജീവിതവും  നിരന്തര  യാത്രയും കഴിഞ്ഞ  മൂന്നുമാസമായി  അനുഭവിച്ച്  കൊണ്ടിരുന്നപ്പോള്‍  അനുഭവപ്പെട്ടിരുന്ന  നെഞ്ചിലെ  ഭാരം  തോന്നല്‍   എനിക്ക്  രോഗം  വരില്ല  എന്ന  അതിരു  കടന്ന  ആത്മ  വിശ്വാസത്താല്‍  അവഗണിച്ച്  കൊണ്ടിരുന്നു.  ആയാസമില്ലാത്ത  പ്രഭാത   സവാരിയും  നിയന്ത്രണ വിധേയമായ  ആഹാരവും   ചായയും  കാപ്പിയും  പോലും  കഴിക്കാത്ത  സ്വഭാവവും  എല്ലാം   നെഞ്ചിലെ   ഭാരം  തോന്നല്‍  അവഗണിക്കാന്‍  എന്നെ  പ്രേരിപ്പിച്ചു.  ഇന്ന്  കോഴിക്കൊടെങ്കില്‍  ഇന്നലെ  തിരുവനന്തപുരം;  നാളെ  ആലപ്പുഴ;  നിരന്തരം  യാത്ര. കാഴ്ച്ചകള്‍  കാണാനുള്ള  മലകയറ്റം  ഉള്‍പ്പെടെയുള്ള  അലച്ചില്‍.  മുമ്പില്‍ വരുന്ന  കേസുകളില്‍  --അത്  ഭൂരിപക്ഷവും  ദാമ്പത്യബന്ധ  പൊരുത്തക്കേടുകളോ  സമാനമായതോ  ആയിരിക്കും---നിരന്തരമായ   കൌണ്‍സിലിങ്...അത്  മണിക്കൂറുകള്‍  നീളും...രാത്രി  രണ്ട്  മണി  വരെ  വായനയും  കമ്പ്യൂട്ടറും  ഫോണ്‍ വിളിയും.  ഒന്ന്  നിയന്ത്രിക്കുക   എന്ന  ഭാര്യയുടെ  ഉപദേശത്തെ   പോ  പുല്ലേ!!!   എന്ന   ഭാവത്തോടെ  രൂക്ഷമായി  നോക്കി  പായിക്കും.   അവസാനം  താങ്ങാവുന്നതിന്റെ  അപ്പുറം  എത്തിയപ്പോള്‍   വീട്ടില്‍  ഉള്ളവരുടെ  നിര്‍ബന്ധത്താല്‍  തിരുവനന്ത  പുരം   മെഡിക്കല്‍  കോളേജിലെ   ഒരു  ഹൃദയ  രോഗ  വിദഗ്ദനെ  പോയി  കണ്ടു.  അപ്പോഴും  മനസില്‍  എനിക്ക്  ഒന്നുമില്ലാ  എന്ന  വിശ്വാസമായിരുന്നു.പക്ഷേ  ആഞ്ജിയോഗ്രാം   എന്ന സയന്‍സിന്റെ  ഉല്‍പ്പന്നം  എന്റെ  രക്തക്കുഴലുകളില്‍  ബ്ലൊക്കുകള്‍  ഉണ്ടെന്ന്  നിരീക്ഷിച്ചു.  കേരളത്തിലെ144ബ്ലോക്കുകള്‍  കൂടാതെ  എന്റെ  നെഞ്ചിലും  ബ്ലോക്കുകള്‍  ഉണ്ടെന്ന്  കണ്ട്  പിടിച്ച  സ്ഥിതിക്ക്    അതിനെ  നീക്കം  ചെയ്യാന്‍   തീരുമാനിച്ച്   ചികിത്സക്ക്   വഴങ്ങി.  അവസാനം എല്ലാ  ജീവിത  ചര്യകളും   ഒന്ന്  നിയന്ത്രിച്ചോളാമേ!!  എന്ന്   ഇന്റന്‍സീവ്  കെയര്‍  യൂണീറ്റില്‍  കിടന്ന്  മൂന്ന്  പ്രാവശ്യം  ഏത്തം   ഇട്ട്  തീരുമാനമെടുക്കേണ്ട അവസ്ഥയിലെത്തി   ഇപ്പോള്‍ .   ഇനി  അത്  നടപ്പിലാകുമോ  എന്ന്  കണ്ടറിയാം...ദാ   ഭാര്യ  വന്ന്  മുമ്പില്‍  ദയനീയ   മുഖത്തോടെ  നില്‍ക്കുന്നു....അവള്‍ക്കറിയാം  ഈ  ഭാവത്തില്‍  നിന്നാലേ  എന്നെ  കീഴ്പ്പെടുത്താന്‍  കഴിയൂ  എന്ന്....ഇന്ന്   തല്‍ക്കാലം  നിര്‍ത്തുന്നു.....ഇന്‍ഷാ  അല്ലാ   ബാക്കി  നാളെ..എല്ലാവര്‍ക്കും  നന്മ  നേരുന്നു.....

Saturday, September 15, 2012

പണ്ട് ഇങ്ങിനെ ആയിരുന്നു

പണ്ട്  ഞാന്‍  ഇങ്ങിനെയൊക്കെ  ആയിരുന്നുവത്രേ!  ഇപ്പോള്‍  ഏറ്റവും  താഴേയുള്ള  ചിത്രം  പോലെയാണെന്ന്  എനിക്ക്   ഉറപ്പുണ്ട്.........


Thursday, September 13, 2012

മഴയും നിലാവും പെയ്ത രാവില്‍...

 ഉത്രാട  പാച്ചിലിനു  ശമനം വന്നിരിക്കുന്നു.   വല്ലപ്പോഴും കടന്ന്  പോകുന്ന  വാഹനങ്ങളും അങ്ങിങ്ങ്   ഒന്ന്  രണ്ട്  കാല്‍നടക്കാരുമൊഴിച്ചാല്‍  വിജനമായിരുന്ന  നിരത്തിലൂടെ  തെളിഞ്ഞ്  നിന്ന  നിലാവില്‍   ഞാന്‍   പതുക്കെ  നടന്നു. 

  വര്‍ഷങ്ങളായി  ഇതെന്റെ  പതിവാണ്,    ഉത്രാട  രാവിലെ  ഓണ  നിലാവില്‍  ലക്ഷ്യമില്ലാതെ  നടക്കുക   എന്നത്.രണ്ട്  പെരുന്നാള്‍  രാവുകളിലും  ഞാന്‍  ഇപ്രകാരം  രാത്രി  ഏറെ  ചെല്ലുമ്പോള്‍  ഏകനായി  നടക്കും.  മനുഷ്യ ജീവിതത്തിന്റെ  പല മുഖങ്ങള്‍  വിവിധ  കോണുകളിലൂടെ  നോക്കി  കാണാന്‍  സാധിക്കുന്ന  ഒരവസരമാണിത്.

      നേരത്തെ  പെയ്ത  മഴയുടെ  അവശിഷ്ടമായി  നിരത്തില്‍  കെട്ടിക്കിടക്കുന്ന  വെള്ളം  ഒഴിവാക്കി   ഓരം ചേര്‍ന്നു  നടന്നപ്പോള്‍   നിരത്തിനു  സമീപമുള്ള    കട  തിണ്ണയില്‍   രണ്ട്  പേരെ   നിലാ  വെളിച്ചത്തില്‍  ഞാന്‍   കണ്ടു.  അവരില്‍  പ്രായമുള്ള  മനുഷ്യനു   ഏകദേശം  65നും 70നും   മദ്ധ്യേ  പ്രായം  കാണും. അയാള്‍  അവിടെ  ഇരിക്കുകയായിരുന്നു. അപരന്‍  35 വയസ്സോളം  പ്രായമുള്ള  യുവാവാണ്.

  യുവാവ്  വൃദ്ധനെ  എഴുന്നേല്‍പ്പിക്കാനുള്ള  ശ്രമത്തിലായിരുന്നു  എന്നെനിക്ക്  മനസിലായി.  ഈ  പ്രായത്തിലും ആജാനുബാഹു  ആയ  ആ  മനുഷ്യന്‍  ആരോഗ്യവാനാണെന്നും  അദ്ദേഹം  സൈന്യത്തില്‍   നിന്നോ  പോലീസില്‍  നിന്നോ  പെന്‍ഷന്‍  പറ്റി  പിരിഞ്ഞ  ആളാണെന്നും  മുഖത്തെ  മീശയും  അജ്ഞാ  സ്വരത്തിലുള്ള  സംസാര  രീതിയും  എന്നെ  ബോദ്ധ്യപ്പെടുത്തി. 

‘’നിനക്ക്  പോകാം,  ഞാന്‍  വീട്ടിലേക്ക്  വരില്ല”  അയാള്‍  യുവാവിനോട്  കര്‍ശനമായി  പറഞ്ഞു.

 എന്നെ  കണ്ടപ്പോള്‍  ജാള്യതയിലായ  യുവാവ്   വൃദ്ധന്റെ  കൈ  പിടിച്ച്   പതുക്കെ  പറഞ്ഞു.”   അഛാ,  നമുക്ക്  പോകാം;  എല്ലാവരും  വീട്ടില്‍  അഛനെ  നോക്കി  ഇരിക്കുകയാണ് “.

”  ഇല്ലാ  ഞാന്‍  വരില്ല ,  എനിക്ക്  വരാന്‍  സാധിക്കില്ല,  നീ പോ....” വൃദ്ധന്‍  വീണ്ടും  തല  കുനിച്ചിരുന്നു.

ആ യുവാവ്   നഗരത്തിന്റെ  തിരക്കിലൂടെ  കാര്‍  ഓടിച്ച്  പോകുന്നത്   പലപ്പോഴും  ഞാന്‍  കണ്ടിട്ടുണ്ട്.  ഏതോ  ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന്  അയാളുടെ   ഭാവങ്ങളും  കാറിന്റെ  പുതുമയും  വെളിപ്പെടുത്തിയിരുന്നു.  അപ്രകാരമുള്ളവര്‍ക്ക്   ഇപ്പോള്‍  കണ്ട   രംഗങ്ങളില്‍   പെട്ട്  പോയാല്‍ സാധാരണ  ഉണ്ടാകുന്ന   എല്ലാ  പരുങ്ങലും  അയാളില്‍  ഞാന്‍  കണ്ടു.  അത്  കൊണ്ട്  തന്നെ  ആ ചമ്മല്‍  മാറ്റി   സമാധാനിപ്പിക്കാനായി   അയാളുടെ  തോളില്‍  തലോടി  ഞാന്‍   ചോദിച്ചു “  എന്ത്  പറ്റി  അഛനു,   എന്റെ  സഹായം എന്തെങ്കിലും വേണോ?”

എന്റെ  സമീപനം  അയാള്‍ക്ക്  നല്ലരീതിയില്‍  അനുഭവപ്പെട്ടു എന്ന്  മുഖത്തെ  ഭാവം  വ്യക്തമാക്കി. അത്  കൊണ്ടായിരിക്കാം  അയാള്‍  കാര്യങ്ങള്‍   ചുരുക്കത്തില്‍  വിവരിച്ചു.

വൃദ്ധന്റെ  അഛന്‍  തൊണ്ണൂറ്റി  മൂന്നാമത്തെ  വയസില്‍   കുറച്ച്  കാലങ്ങള്‍ക്ക്  മുമ്പ്  മരിച്ചിരുന്നു. “അഛനും  വല്യഛനും  പിതൃപുതൃ  ബന്ധത്തിലുപരി  ഉറ്റ സ്നേഹിതന്മാരെന്ന  നിലയിലായിരുന്നു  ജീവിച്ചിരുന്നത്. പോലീസിലെ   സര്‍ക്കിള്‍  ഇന്‍സ്പക്റ്റര്‍  ലാവണത്തില്‍  നിന്നും പെന്‍ഷന്‍ പറ്റിയ   അഛന്‍   ഔദ്യോഗിക  ജീവിതത്തിലിരിക്കുമ്പോഴും  ഒന്നിരാടം  വീട്ടില്‍  വന്ന്  വല്യഛനോടൊപ്പം  രാത്രി  കഴിച്ച്  കൂട്ടും. പത്ത്  വര്‍ഷങ്ങള്‍ക്കള്‍ക്ക്  മുമ്പ്  വരെ  അവര്‍ രണ്ട്  പേരും  കൂട്ട്കാരെ  പോലെ  ബാറ്റുമിന്റനും  മറ്റും  കളിച്ചിരുന്നു.

  ഞങ്ങള്‍  കുടുംബാംഗങ്ങള്‍  എല്ലാവരും  ഒരു  വലിയ  പുരയിടത്തില്‍   അടുത്തടുത്തായി  വീടുകള്‍  പണിത്  ഒരു വലിയ  കൂട്ടുകുടുംബമായി  കഴിഞ്ഞു  വരുന്നു.  അഛനും  വല്യഛനും  എന്നോടൊപ്പമാണ്. അചന്റെ പ്രിയപ്പെട്ട  ഭാര്യ  അതായത്  എന്റെ  അമ്മ  മരിച്ചപ്പോഴും  അഛന്‍  പിടിച്ച്  നിന്നു. പക്ഷേ  വല്യഛന്റെ  മരണം  അഛനു  താങ്ങാന്‍  കഴിഞ്ഞിരുന്നില്ല.“

  “ഞാന്‍  എങ്ങിനെ  അത്  താങ്ങുമെടാ”വൃദ്ധന്‍  തലപൊക്കി  മകനോട്  ചോദിച്ചു. തലേ  ദിവസം  രാത്രിയിലും   എഴുന്നേറ്റ്  കട്ടിലിനടുത്ത്  വന്ന്  എന്റെ  തലയില്‍  തലോടി,  ഞാന്‍  ഉറങ്ങാന്‍  പോകുവാ,  നീ ഉറങ്ങിക്കോ എന്നും  പറഞ്ഞ്  പോയി  കിടന്നതല്ലേ,  ഒരുപ്പോക്ക്  പോകുവാന്ന്  ആരു  കരുതി. നേരം  വെളുത്തിട്ടും  എഴുന്നേല്‍ക്കാത്തതെന്തെന്ന്   പോയി  നോക്കിയപ്പോള്‍ .....”വൃദ്ധന്റെ  സ്വരത്തില്‍  വിറയല്‍  വന്നു.

“മാസങ്ങള്‍ക്ക്  മുമ്പ്  നടന്ന  സംഭവത്തിനു  ഇന്നെന്താണ്  ഇങ്ങിനെയൊരു  പ്രതികരണം...?    യുവാവിനോടുള്ള എന്റെ  ചോദ്യം  സ്വാഭാവികമായിരുന്നു.

യുവാവിന്റെ  മുഖത്ത്  നേരിയ  ചിരി  കാണാനായി. 

 ദൂരെ  എവിടെയോ  മഴ പെയ്യുന്നു  എന്നറിയിച്ച്  കൊണ്ട്  ഒരു  തണുത്ത  കാറ്റ്  അതിലൂടെ  കടന്ന്  പോയി. വൃദ്ധന്‍   തല  ഉയര്‍ത്തി  എന്നെ  നോക്കി  പിന്നീട്  മകനേയും.

“  എല്ലാ  വര്‍ഷവും തിരുവോണ  പുലരിയില്‍   വല്യഛന്‍  മക്കളുടെയും  പേരക്കുട്ടികളുടെയും  വീടുകള്‍  സന്ദര്‍ശിക്കും. അഛനും  കൂടെ  കാണും.  ഈ സന്ദര്‍ശന  സമയം  വല്യഛന്‍  വീതിയില്‍  കസവ് വെച്ച്  പിടിപ്പിച്ച  ഒരു  നേരിയത് തലയില്‍   കിരീട  രൂപത്തില്‍  ധരിച്ചിരിക്കും.ആകെയൊരു  രാജകീയ  ഭാവം. ഓരോ  വീടിന്റെ  വാതിലില്‍  അഛന്‍   തട്ടി വിളിച്ച്  പറയും. “ ദാ  നമ്മുടെ  മാവേലി  വന്നു.”   വല്യഛന്റെ  സന്ദര്‍ശനം എല്ലാ മക്കള്‍ക്കും  അറിയാമായിരുന്നതിനാല്‍    എല്ലാവരും   വീടിനു പുറത്ത്  വരും. ആ  പുലര്‍  കാലത്തെ  അന്തരീക്ഷം ആഹ്ലാദത്തിന്റെയും  സന്തോഷത്തിന്റേത്  മാത്രമായി  തീരും. വല്യഛന്  എല്ലാ  പേരക്കുട്ടികളുടെയും   പേരെടുത്ത്  വിളിച്ച്  ക്ഷേമാന്വേഷണം  നടത്താന്‍  തക്ക  വിധം  ഓര്‍മ ശക്തിക്ക്  ഒരു  കുറവും  സംഭവിച്ചിരുന്നില്ല.....”

പെട്ടെന്ന്  വൃദ്ധന്‍  പൊട്ടിക്കരഞ്ഞു.”   ഈ  വര്‍ഷത്തെ  ഓണത്തിനു   ഞാന്‍  ആരെയാണ്   കൊണ്ട്  നടക്കുക...  വീട്ടിലിരുന്നാല്‍  ഇതെല്ലാം  ഓര്‍മ്മ വരും  ..”

കരയുന്ന  അഛനെ   കെട്ടി  പിടിച്ച്  ആ മകനും  കരഞ്ഞപ്പോള്‍ കഴിഞ്ഞ  ദിവസം  ഞാന്‍   സാക്ഷിയായ മറ്റൊരു  നിലവിളിയെ കുറിച്ചുള്ള  ഓര്‍മ്മ  എന്റെ  ഉള്ളില്‍ സങ്കടമോ  സന്തോഷമോ  എന്താണ്  ഉളവാക്കിയതെന്നറിയില്ല. 

അത്  ഒരു  മകന്‍  മാത്രമുള്ള    മാതാവിന്റെ  നിലവിളി  ആയിരുന്നു. അഗതി  മന്ദിരം  വൃദ്ധസദനമായി  ഉപയോഗിച്ച്  വരുന്ന  ഒരു  സ്ഥാപനമായിരുന്നു സംഭവസ്ഥലം.  മറ്റൊരു  കാര്യത്തിനായി  അല്‍പ്പ  ദിവസങ്ങള്‍ക്ക്  മുമ്പ്  ആ സ്ഥാപനത്തില്‍  പോയതായിരുന്നു  ഞാന്‍ . യാദൃശ്ചികമായി  എന്റെ  ഒരു  പരിചയക്കാരന്റെ  മാതാവിനെ  ഞാന്‍  അവിടെ കണ്ടു.  വിദൂരതയില്‍  കണ്ണും നട്ട്  സ്ഥാപനത്തിന്റെ  പുറക്  വശമുള്ള  തോട്ടത്തില്‍  ഒരു  ആഞ്ഞിലി  മരത്തിന്റെ  തണലില്‍  കിടന്ന  സിമിന്റ്  ബെഞ്ചില്‍  അവര്‍  ഇരിക്കുകയയിരുന്നു. അടുത്ത്  ചെന്ന്  ഞാന്‍  മുരടനക്കിയപ്പോള്‍  അവര്‍ തല ഉയര്‍ത്തി  എന്നെ  നോക്കുകയും   തിരിച്ചറിഞ്ഞപ്പോള്‍   പെട്ടെന്ന്  ചാടി  എഴുന്നേല്‍ക്കുകയും  ചെയ്തു.

“അമ്മ  ഇവിടെ........’?!  ഞാന്‍  ശങ്കയോടെ  വിവരം  അന്വേഷിച്ചു.

“അവന്‍  ബിസ്സിനസ്  ആവശ്യത്തിനായി  തിരുവനന്തപുരത്ത്   സെറ്റില്‍  ചെയ്തു. ഒറ്റ  മുറി  ഫ്ലാറ്റില്‍.  ഭാര്യയെയും  കുട്ടികളെയും  കൂടെ കൂട്ടി.  ഒരു  മുറി  മാത്രമുള്ള  ഫ്ലാറ്റില്‍  ഞാനും  കൂടെ  താമസിക്കുന്നതെങ്ങീയെന്ന്  കരുതി    എന്നെ  ഇവിടെ  കൊണ്ടു  വന്നു.അവന്‍  ആവശ്യത്തിനു  രൂപ  കൊടുക്കുന്നത്  കൊണ്ട്  ഇവിടെ  സുഖമാണ്.“ മകനെ  കുറ്റപ്പെടുത്തുന്നതൊന്നും  തന്റെ  വാക്കുകളില്‍  ഉണ്ടായിരിക്കരുതെന്ന  വ്യഗ്രത  അവരില്‍  പ്രകടമായി  കണ്ടു. 

എങ്കിലും  മനസ്  ഏതോ  പന്തി  ഇല്ലായ്ക  മണത്തു.  അവന്റെ  ഭാര്യ  ഈ  അമ്മയോട്   എങ്ങിനെയാണ്   പെരുമാറിയിരുന്നതെന്ന്  എനിക്ക്  സുവ്യക്തമായിരുന്നല്ലോ.  ആവശ്യമില്ലാതെ  ചോദ്യങ്ങള്‍  ചോദിച്ച്  അവരെ  അലട്ടരുതെന്ന്  കരുതി  ഞാന്‍  യാത്ര  പറഞ്ഞ്  തിരികെ  പോകാന്‍  നേരം  അവര്‍  എന്നെ  വിളിച്ചു.”ഒന്ന്  നില്‍ക്കണേ!”

“മകനോടൊന്ന്  പറയുമോ,   ഓണ ദിവസം  എനിക്ക്  അവന്റെ  കുഞ്ഞുങ്ങളെ  ഒന്ന്   കാണാനായി  കൊണ്ട്  വരണമെന്ന്.....  ആ  കൊച്ചു  കുഞ്ഞുങ്ങളെ  ഒന്ന്  കാണാന്‍  വല്ലാത്ത  ആഗ്രഹം” പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്  അവര്‍  വിമ്മി  കരഞ്ഞു.  ഞാന്‍  വല്ലാതായി.

  രംഗം  വീക്ഷിച്ച്  കൊണ്ടിരുന്ന  ആയ  ഓടി  വന്നു. “നിങ്ങള്‍ക്കെന്താ  ഇവിടെ  കുഴപ്പം,  സമയത്ത്  ആഹാരമില്ലേ?  പരിചരണമില്ലേ? ഹും... എന്തിന്റെ  കുറവാ  നിങ്ങള്‍ക്ക്....ഹും...?“ആയമ്മയുടെ വാക്കുകകളില്‍  ഒരു മയവുമില്ലായിരുന്നു.  .

 പെട്ടെന്ന്  അമ്മ  സമനില  വീണ്ടെടുത്തു. രണ്ടാം  മുണ്ട്  കൊണ്ട്  മുഖം  തുടച്ചു.  എന്നെ  നോക്കി  ചിരി  പോലൊന്ന്  വരുത്തിയിട്ട്   പറഞ്ഞു,  “എന്നാ....പൊയ്ക്കോ..” 

ഈ  ഓണ  തലേന്ന്,   ഇപ്പോള്‍   രാത്രിയില്‍,    വ്യത്യസ്തമായ  മറ്റൊരു  രംഗത്തിനു  സാക്ഷി  ആകുമ്പോള്‍  ആ   അമ്മയുടെ  ദു:ഖം  എന്നില്‍  നിറഞ്ഞ് നിന്ന്  ഏങ്ങലടിക്കുന്നതായി  എനിക്കനുഭവപ്പെട്ടു.

ഞാന്‍  മുമ്പോട്ട്  നടന്ന്  ചെന്ന്    അഛന്റെ കൈ   പിടിച്ച്  പറഞ്ഞു. “ വിശുദ്ധ  ഗൃന്ഥങ്ങള്‍  പറയുന്നത്,  മരണം  സുനിശ്ചിതമണെന്നാണ്,  മരണത്തിന്റെ  രുചി അറിയാത്ത  ഒന്നും  ഈ ലോകത്തിലില്ല    എന്നും. സയന്‍സും അത്  തന്നെ  പറയുന്നു.  അപ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള  അങ്ങയെ  പോലുള്ളവര്‍ കുറച്ച്  കാലം  മുമ്പ്   പിതാവ്  മരിച്ചുപോയി എന്നു    പറഞ്ഞു ഈ  ദിവസം  വീടു  വിട്ടിറങ്ങുകയും  കടത്തിണ്ണയില്‍  കരഞ്ഞും  കൊണ്ടിരിക്കുകയും  ചെയ്യുന്നത്  ശരിയാണോ?  ഇതിലെ  കാറില്‍ കടന്ന്  പോയ  എത്രയോ  പേര്‍  ഈ രംഗം  കണ്ടു  കാണും.  അഛനും  മകനും മാനക്കേടല്ലേ  അത്.  അങ്ങയുടെ അഛന്‍  ജീവനോടിരുന്നിരുന്നു  എങ്കില്‍  അങ്ങ്  ഇങ്ങിനെ  വീട് വിട്ടിറങ്ങി   ഈ  പീടിക  തിണ്ണയില്‍ ഇരിക്കുന്നത്  കാണാന്‍  ഇഷ്ടപ്പെടുമായിരുന്നോ?  അങ്ങയുടെ  അഛന്റെ  സ്ഥാനത്ത്   നാളെ  പുലര്‍ച്ച  അങ്ങ്  തലയില്‍  കസവ്  തലേക്കെട്ടു  കെട്ടി   എല്ലാ  പേരക്കുട്ടികളുടെയും  സമീപം  പോയി   ക്ഷേമാന്വേഷണം   നടത്തണം.  ഈ  നില്‍ക്കുന്ന  മകന്‍  കൂടെ  വരട്ടെ.  അങ്ങയുടെ  കാലശേഷം   അങ്ങയുടെ  മകന്‍   ഏറ്റെടുക്കട്ടെ  ഈ  ജോലി. വിശേഷ  ദിവസങ്ങളിലെ  പ്രധാന  ഉദ്ദേശവും  അത്  തന്നെയല്ലേ?എല്ലാവരും  ലോകത്ത്  ക്ഷേമത്തില്‍  കഴിയുന്നത്   കാണാന്‍  സന്ദര്‍ശനം  നടത്തുക   എന്നത്.  പക്ഷേ....”  വാക്കുകളില്‍   വിറയല്‍  അനുഭവപ്പെട്ടപ്പോള്‍  ഞാന്‍  നിര്‍ത്തി. ആ  അമ്മ എന്റെ  ഉള്ളില്‍  നിറഞ്ഞ്  നില്‍ക്കുന്നു  ഇപ്പോള്‍.....

ഞാന്‍  ആ  കഥ  അഛനോടും  മകനോടും  പറഞ്ഞിട്ട്  ഇത്രയും  കൂട്ടി  ചേര്‍ത്തു.”   ആ അമ്മയുടെ   അനുഭവവുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ  ഈ സ്നേഹം  വാക്കുകള്‍ക്കതീതമാണ്,  അത്  അപൂര്‍വവുമാണ്.”    പറഞ്ഞ്  പൂര്‍ത്തിയാക്കുന്നതിനു  മുമ്പ്   ഒരു  വലിയ  വാന്‍  സഡന്‍  ബ്രേക്കിട്ട്  അവിടെ  നിന്നു.  അതിന്റെ ഉള്ളില്‍  നിന്നും  ആഹ്ലാദ  സ്വരത്തിലുള്ള  ആരവങ്ങള്‍,വിളിച്ചു  കൂവല്‍....ഡോര്‍  തുറന്ന്  ഒരു  പറ്റം  കൌമാരങ്ങള്‍  പാഞ്ഞു വരുന്നു.
അപ്പോഴേക്കും  മഴ  ചാറി  തുടങ്ങിയിരുന്നു.

  “ദേ!  വല്യഛന്‍ ...അഛന്‍  ....ചിറ്റപ്പോ  ഇത്  ഞങ്ങളാ.....“ 

മഴ തുള്ളികളെ  പോലെ അവര്‍  പെയ്തിറങ്ങി..

  “എവിടെല്ലാം  ഞങ്ങള്‍  അന്വേഷിച്ചു,  അവസാനം  കണ്ടല്ലോ....ഇനി വണ്ടീലോട്ട് കയറ്......’നിമിഷ  നേരത്തിനുള്ളില്‍  വൃദ്ധനെ  കൌമാരങ്ങള്‍  എല്ലാം  ചേര്‍ന്നു  എടുത്തുയര്‍ത്തി. വൃദ്ധന്‍  ആഹ്ലാദ   സ്വരത്തില്‍  അലറി  വിളിച്ചു” എന്നെ  വിടെടാ  കഴുവേറികളേ...താഴെ  ഇറക്കടാ  എന്നെ....”  അവര്‍  താഴെ  ഇറക്കിയില്ല  നേരെ  വാഹനത്തിനുള്ളിലേക്ക്  ആ  വൃദ്ധനെ  കൊണ്ട്  പോയിരുത്തി.  അദ്ദേഹം  ആ  ആഹ്ലാദം  അക്ഷരാര്‍ത്ഥത്തില്‍   നുണച്ചിറക്കിയിരുന്നതായി  എനിക്ക്  ബോദ്ധ്യം  ഉണ്ട്.

  വൃദ്ധന്റെ മകന്‍ എന്റെ   രണ്ട്  കൈകളും   കൂട്ടി  പിടിച്ച്   എന്നെ  നോക്കി  ചിരിച്ചു.  ആ ചിരിയില്‍  എല്ലാം  അടങ്ങിയിരുന്നു. അയാളും  വാഹനത്തിലേക്ക്  കയറി  ഇരുന്നു  എന്റെ  നേരെ   കൈ വീശി.  അപ്പോള്‍  കൌമാരങ്ങള്‍ക്കിടയില്‍  നിന്നും  ഒരു വൃദ്ധകരവും  എന്റെ  നേരെ  വീശുന്നുണ്ടായിരുന്നു.

മഴ അപ്പോഴും  പെയ്തിരുന്നെങ്കിലും  ഉത്രാട  നിലവിന്റെ  ശോഭ കുറഞ്ഞിരുന്നില്ല.മഴയും  നിലാവും  ഒരുമിച്ച്  പെയ്തിറങ്ങുന  അ രാവില്‍  ഒഴിഞ്ഞ  നിരത്തിലൂടെ  ഈ  സന്തോഷ  അനുഭവത്തിനു  സാക്ഷ്യം വഹിച്ച്  ഞാന്‍  വീട്ടിലേക്ക് തിരികെ  നടക്കുമ്പോള്‍ ദൂരത്ത്    മറ്റൊരു സ്ഥലത്ത്  ആ  അമ്മ  ഉറക്കം  വരാതെ  തന്റെ  പേരക്കുട്ടികളെ  ഓര്‍മ്മിച്ച്   തലയിണ  കണ്ണീരില്‍  കുതിര്‍ക്കുകയായിരിക്കുമെന്ന   ചിന്ത  എന്നെ  വല്ലാതെ  വേദനപ്പെടുത്തിക്കൊണ്ടിരുന്നു.

Friday, August 17, 2012

നവവത്സരാശംസകള്‍

ഇന്ന് ചിങ്ങം  ഒന്നാം  തീയതി  ആണ്.  മലയാളത്തിന്റെ  വര്‍ഷാരംഭം. എല്ലാ  വര്‍ഷവും  ഞാന്‍  നവവത്സരാശംസകള്‍  പോസ്റ്റ്  ചെയ്യുമായിരുന്നു,  ഈ തീയതിയില്‍.   ഇന്നേ  ദിവസം   ഞാന്‍  മനപൂര്‍വം  മാറി  നിന്നു.  ആരെങ്കിലും  ഇന്ന്  വര്‍ഷാരംഭം  ഓര്‍മിക്കുമോ  എന്നറിയാന്‍ .  ചിന്ത  അഗ്രിഗേറ്ററില്‍  കിഴുമേല്‍  ഞാന്‍  പരതി.  ഇല്ല   ആരുമില്ല.   ആരും  നവവത്സരാശംസകള്‍  പറഞ്ഞില്ല. സായിപ്പിന്റെ  അധിനിവേശത്താല്‍  തലച്ചോര്‍   പണയം  വെച്ചവര്‍   ഹാപ്പി   ന്യൂ   ഇയര്‍   പറഞ്ഞ്  കൂകി  അര്‍മാദിക്കാന്‍  മടി  കാണിക്കറില്ല.  അതാണ്  ഫാഷന്‍ .  മലയാള  വര്‍ഷത്തില്‍  എന്ത്  ഹാപ്പി  ന്യൂ  ഇയര്‍?! 

 സ്വന്തം  അമ്മയെ  മറന്നൊരു  ആഘോഷം  ഉണ്ടോ.  മലയാളവും  മലയാള  തനിമയും  പഴഞ്ച്ചനായി  കാണുമ്പോള്‍  എന്ത്  മലയാള  വര്‍ഷാരംഭം. 

എന്നാലും  എന്റെ  മനസ്  നിറയെ  സന്തോഷത്തോടെ  ഞാന്‍  വിളീച്ച്  കൂകട്ടെ....

നിങ്ങള്‍ക്ക്  എല്ലാവര്‍ക്കും  എന്റെ  നവവത്സരാശംസകള്‍

Friday, August 10, 2012

അമ്പലനടയില്‍ നോമ്പ്തുറ

എന്റെ  ഒരു  സ്നേഹിതന്‍  സുഖമില്ലാതെ  കിടക്കുന്നു  എന്നറിഞ്ഞ്  അവനെ  കാണാനായാണ് ഞാന്‍  ആ സ്ഥലത്തെത്തിയത്. താമസ  സ്ഥലത്ത്  നിന്നും 12കിലോമീറ്റര്‍  ദൂരമേ  ഉള്ളൂ  എങ്കിലും  എപ്പോഴും  ബസ്   ഇല്ലാത്ത  ഒരു  കുഗ്രാമം  ആയിരുന്നു  ആ സ്ഥലം.

വീട്ടില്‍  നിന്നും  ഇറങ്ങുമ്പോള്‍  മൂന്നു  മണി  കഴിഞ്ഞു. ബസിന്റെ  സമയം  കണക്ക്  കൂട്ടിയപ്പോള്‍  നോമ്പ്  തുറക്ക്  മുമ്പ്  വീട്ടിലെത്താന്‍  കഴിയുമെന്ന്  കരുതിയാണ് ഞാന്‍  തിരിച്ചത്. ഉദ്ദേശിച്ച  ബസ്  കിട്ടി  സ്നേഹിതന്റെ  വീട്  തിരക്കി  പിടിച്ച്   അവനെ  കണ്ടു.  അസുഖമായി  കിടന്നപ്പോഴും  അവന്റെ  തമാശ  പറച്ചിലിനു  കുറവൊന്നും  കണ്ടില്ല. മാത്രമല്ല  ആരോടെങ്കിലും  വര്‍ത്തമാനം  പറഞ്ഞിരിക്കാന്‍  അവനു  അതിയായ  ആഗ്രഹം  ഉണ്ടെന്നു  എനിക്ക്  മനസിലായതിനാല്‍  ഞാന്‍  കുറേ  നേരം  അവിടിരുന്നു.  തിരികെ  പോകാന്‍   ഞാന്‍  ഉദ്ദേശിച്ചിരുന്ന  ബസിനു  പുറകേ  ഒരു  കെ.എസ്.ആര്‍.റ്റി.സി. ബസ്  ഉണ്ടെന്നും അതില്‍   പോകാമെന്നും  അവന്‍  പറഞ്ഞപ്പോള്‍  ആ ബസില്‍  പോയാലും  നോമ്പ്  തുറക്ക്   വീട്ടിലെത്താമെന്നുള്ളതിനാല്‍  കുറേ  നേരം  കൂടി  അവന്റെ  ആഗ്രഹാനുസരണം  ഞാന്‍  അവിടെ  ഇരുന്നു.

  അവന്റെ   ഭാര്യ  ചായ  കൊണ്ട്  വന്നപ്പോള്‍ എനിക്ക്  നോമ്പാണെന്ന്  അവന്‍  അവരെ  അറിയിച്ചു. എന്നിട്ട്  എന്നോട്  പതുക്കെ  പറഞ്ഞു”  നിന്റെ  വര്‍ഗം ഒറ്റ  മേത്തനും  ഈ  പഞ്ചായത്തിലില്ല,  അത്കൊണ്ട് നോമ്പ്  എന്താണെന്നൊന്നും  അവള്‍ക്കറിയില്ല”

സര്‍ക്കാര്‍  ബസിന്റെ  സമയം  ആയപ്പോള്‍   ഞാന്‍  അവനോട്  യാത്ര പറഞ്ഞ്  ബസ്  സ്റ്റോപ്പിലേക്ക്  നടന്നു.  വിശാലമായ   ഒരു വയലിന്റെ  മദ്ധ്യത്തിലുള്ള   വരമ്പിലൂടെ  പൊതു  നിരത്തിലേക്ക്  സായാഹ്നാന്ത്യത്തിലുള്ള  യാത്ര   സുഖകരമായിരുന്നെങ്കിലും   നിരത്തിലെത്തി  ചേരുന്നതിനു  മുമ്പ്  തന്നെ  ബസ്  കടന്ന്  പോകുന്നത്  ദൂരെ  നിന്ന്  കണ്ടപ്പോള്‍   സമയ  ബന്ധിത‍മായ   എന്റെ  എല്ലാ   പരിപാടികളും   താളം  തെറ്റിയെന്നുള്ള  സത്യം  ഞാന്‍  തിരിച്ചറിഞ്ഞു. ഈ  സ്ഥലത്ത്  നിന്നും   എനിക്ക്  പോകേണ്ട  സ്ഥലത്തേക്ക്  അടുത്ത   ബസ്   ഇനി  ഏഴര മണിക്കാണെന്ന്   ഒരു  വഴിപോക്കനില്‍  നിന്നും  അറിയാന്‍  കഴിഞ്ഞു.

 “ പുത്തൂര്‍  ചെന്നാല്‍   അവിടെ നിന്നും ബസ്  കിട്ടും   പുത്തൂരിലേക്ക്   ഇവിടെ  നിന്നും ഇനിയും കിലോമീറ്ററുകൾ  ദൂരമുണ്ട്.  നടന്ന് പോകുമ്പോള്‍   ഭാഗ്യമുണ്ടെങ്കില്‍  വഴിയില്‍  ചിലപ്പോള്‍   റിട്ടേണ്‍  ആട്ടോ  ലിഫ്റ്റ്  തരും”  അയാള്‍  കൂട്ടിച്ചേര്‍ത്തു.

ആ  ഭാഗ്യം  കിട്ടുമെന്നുള്ള  പ്രതീക്ഷയോടെ  ഞാന്‍  നിരത്തിലൂടെ  പുത്തൂര്‍  ലക്ഷ്യമാക്കി  നടന്നു. നോമ്പ്  ആയതിനാല്‍  എനിക്ക്  വേഗത്തില്‍   നടക്കാന്‍   സാധിച്ചില്ല.  മാത്രമല്ല  റിട്ടേണ്‍  ആട്ടോ  എന്ന  ഭാഗ്യം  എന്നെ   കടാക്ഷിച്ചുമില്ല. കടന്ന്  പോയ  എല്ലാ  ആട്ടോകളിലും    യാത്രക്കാര്‍  നിറഞ്ഞിരുന്നു. വീട്ടില്‍ ചെന്ന്  നോമ്പു  തുറക്കാം  എന്ന  പ്രതീക്ഷ  ഞാന്‍  ഉപേക്ഷിച്ചു.

പകുതിദൂരമായെന്ന്  എനിക്ക്  തോന്നിയപ്പോള്‍  ഞാന്‍  എത്തി  ചേര്‍ന്നത്   ഒരു അമ്പലവും  മൂന്ന്  നാലു  ചെറിയ  പീടികകളുമുള്ള  സ്ഥലത്തായിരുന്നു. അപ്പോഴേക്കും ഞാന്‍  ക്ഷീണിച്ചിരുന്നു. കയറ്റവും  ഇറക്കവുമുള്ള  ദുഷ്കരമായ  വഴിയാണ്  ഞാന്‍  താണ്ടിയത്.   വാച്ചിലേക്ക്  നോക്കിയപ്പോള്‍   നോമ്പ് തുറക്ക്  ഇനിയും   കുറച്ച്  സമയം  മാത്രമേ  ബാക്കിയുള്ളൂ  എന്ന്  കണ്ടു
 മുന്‍‌വശം പലഹാരങ്ങള്‍  നിറഞ്ഞ  കണ്ണാടി  അലമാരിയും   സമൃദ്ധമായി  കായ്കള്‍  നിറഞ്ഞ  പഴക്കുലകളും  കണ്ട  ഒരു  ചായക്കടയിലേക്ക്  ചെന്ന്  കയറി. “ഇന്നത്തെ  നോമ്പ്  തുറ ഇവിടെയാക്കാം”  ഞാന്‍  കരുതി.

കുടവയറിനു  മുകളില്‍  കാവിനിറത്തില്‍  മുണ്ടുടുത്ത്  കഴുത്തില്‍ രുദ്രാക്ഷ മാല  ധരിച്ച  ഒരു  മീശക്കാരനായിരുന്നു  കട  ഉടമസ്ഥന്‍ . അദ്ദേഹത്തിന്റെ  നെറ്റിയിലെ  ചന്ദന  കുറിയും  കയ്യിലെ  ചരടും  മുഖത്തെ  ഗൌരവ  ഭാവവും  ഒരു  നായര്‍  പ്രമാണിയുടെ  എല്ലാ  ലക്ഷണവും  വെളിവാക്കി.

“ഉം....മ്.......?”  എന്താണ്    എനിക്ക്  വേണ്ടതെന്ന   ചോദ്യം  പ്രതിഫലിക്കുന്ന  ആ  മൂളലില്‍   നിന്നും   മുതലാളിയും  സപ്ലയറും   എല്ലാം  അദ്ദേഹം  തന്നെയെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.

ആ  കടയില്‍  വേറെയും  മൂന്ന്  നാലു  പേര്‍   ചായകുടിച്ച്  കൊണ്ടിരുന്നു.  ചിലര്‍  പലഹാരം  കഴിക്കുന്നു.  ലക്ഷണമൊത്ത  ഒരു  ഗ്രാമീണ  ചായക്കട  തന്നെ  ആയിരുന്നു  അത്. ഒരു  ടേപ് റിക്കാര്‍ഡ്  പഴയ  മലയാള  സിനിമാ  ഗാനങ്ങള്‍   താഴ്ന്ന  സ്വരത്തില്‍  ഉരുവിടുന്നു.  ഏതോ  രാഷ്ട്രീയ  ചര്‍ച്ചയില്‍  ഏര്‍പ്പെട്ടിരുന്ന  എല്ലാവരും   സംസാരം  നിര്‍ത്തി  അപരിചിതനായ എന്നെ  ശ്രദ്ധിക്കുന്നത്   കണ്ടപ്പോള്‍  ഞാന്‍  പറഞ്ഞു” ഒരു  പഴവും   ഒരു  ഗ്ലാസ്  പാലും  വേണം, ങാ,  ഒരു  ഗ്ലാസ്  വെള്ളവും  വേണം”

 കണ്ണാടി  അലമാരിയില്‍   വെള്ള  അപ്പവും  മറ്റ്  പലഹാരങ്ങളും  നിറയെ  ഇരിക്കുമ്പോള്‍   പാലും  പഴവും  കഴിക്കാനാണോ   ഇങ്ങോട്ട്   കെട്ടി  എടുത്തത്  എന്ന  ഭാവം  മുതലാളിയുടെ  മുഖത്ത്    കണ്ടെങ്കിലും  ഞാന്‍   അത്  അവഗണീച്ചു.

“എവിടെ  നിന്നു  വരുന്നു”  കൂട്ടത്തില്‍  കാര്‍ന്നോര്‍  സ്ഥാനമെന്ന്  തോന്നിക്കുന്ന   ഒരു  മൂപ്പില്‍  എന്നോട്  വിളിച്ച്  ചോദിച്ചു.  ഞാന്‍  എവിടെ  നിന്നു  വന്നു  എന്നും  എന്തിനു  വന്നുവെന്നും  ബസ്  കടന്ന്  പോയതുമായ  കാര്യങ്ങള്‍  ചുരുക്കം   വാക്കുകളില്‍   പറയുമ്പോഴേക്കും  മീശക്കാരന്‍  മുതലാളി   പഴവും  പാലും  എന്റെ  മുമ്പില്‍ മേശപ്പുറത്ത്  കൊണ്ട്  വെച്ചു. പിന്നീട്  ഒരു  സ്റ്റീല്‍  ടംബ്ലറില്‍  വെള്ളവും  കൊണ്ട് വന്ന്  ആ  പാത്രം  മേശപ്പുറത്ത്  ശക്തിയായി  വെച്ചു. ടംബ്ലറിലെ  വെള്ളം  പുറത്തേക്ക്  തെറിച്ചു. സന്ധ്യാ  നേരത്ത്  ചെറിയ  കച്ചവടത്തിനു  മാത്രമായി  വന്നതിന്റെ  പ്രതിഷേധമായിരിക്കാം അത്.

ഞാന്‍  നിശ്ശബ്ദനായി  ഇടക്കിടെ  വാച്ചിലേക്ക്   നോക്കി  ഇരിപ്പായി.  ഇനി  ഏതാനും  മിനിട്ടുകള്‍  ബാക്കി  ഉണ്ട്  നോമ്പ്  തുറക്കാന്‍ . കാര്‍ന്നോര്‍  ചോദിച്ചു”  എന്താ  കഴിക്കാത്തത്...?”

“ എനിക്ക് റമദാന്‍  നോമ്പാണ് ,  നോമ്പ്  തുറക്കാന്‍  ഇനിയും  അല്‍പ്പം  നേരം   കൂടി  ബാക്കി  ഉണ്ട് അതാണ്  ഞാന്‍  കഴിക്കാതിരിക്കുന്നത്....”

എന്റെ ഈ മറുപടി   കടയില്‍  പെട്ടെന്ന്  നിശ്ശബ്ദത  പരത്തി.  കടമുതലാളിയുടെ  മുഖം ഒന്നുകൂടി  ഗൌരവത്തിലായി. കടയുടെ  പുറക്  വശത്തെ  വാതിലില്‍  നിന്നിരുന്ന  സ്ത്രീയെ-അത്  അയാളുടെ  ഭാര്യ  ആണെന്ന്  പിന്നീട്  മനസിലായി-  അയാള്‍  രൂക്ഷമായി  നോക്കി.  അവര്‍  പുറകോട്ട്  വലിഞ്ഞപ്പോള്‍  ആ വാതിലിലൂടെ  പുറക്  വശത്തെ  വീട്  ഞാന്‍  കണ്ടു.   ചായക്കടക്കാരന്റെ  വീട്  ആയിരിക്കാമത്.   കടയിലെ  എല്ലാവരുടെയും  തുറിച്ച്  നോട്ടം  എന്നില്‍  അസ്വസ്ഥത  ഉളവാക്കി.

“സാറേ! ഞങ്ങള്‍ ആദ്യമായിട്ടാ  നോമ്പ്  തുറ   നേരില്‍  കാണുന്നത്....ഇവിടെ  നിങ്ങളുടെ  ജാതിയില്‍  പെട്ട  ഒരാളുമില്ല...പക്ഷേ   ഞങ്ങള്‍  റ്റി.വി. യില്‍  നോമ്പ്  തുറക്കുന്നത് കണ്ടിട്ടുണ്ട്....അത്....ഇങ്ങിനെ  അല്ലല്ലോ.....നിറയെ  പലഹാരവും  കോഴി  പൊരിച്ചതെല്ലാം  വേണ്ടേ...?’  ശുദ്ധനായ  ആ ഗ്രാമീണന്‍  കാര്‍ന്നോര്‍  എന്നെ  പരിഹസിക്കുക  അല്ലെന്നും  അയാളുടെ  നിഷ്കളങ്കതയില്‍  നിന്നുമാണ്  ആ ചോദ്യം  ഉടലെടുത്തതെന്നും  എനിക്ക്  മനസിലായി.  ഞാന്‍  പുഞ്ചിരിച്ചു.

“അത് റ്റി.വി.ക്കാരുടെ  നോമ്പ്  തുറ,  ഇത്  സാധാരണക്കാരുടെ  നോമ്പ്  തുറ“  കൂട്ടത്തില്‍  ചെറുപ്പക്കാരനാണ്  അത്  പറഞ്ഞത്.

“പ്രവാചകന്‍  കാരക്കായുടെ  ഒരു  ചീളു  കൊണ്ടാണ്  നോമ്പ്  തുറന്നത്”  ഞാന്‍  സൌമ്യ  സ്വരത്തില്‍  പറഞ്ഞതിനു  ശേഷം  നോമ്പ്  തുറക്കുള്ള  പ്രാര്‍ത്ഥനക്കായി   രണ്ട്  കയ്യും  ഉയര്‍ത്തി.”  പരമകാരുണികനായ  ദൈവമേ! അങ്ങേക്ക്  വേണ്ടി  നോമ്പ്  നോറ്റു,  അങ്ങ്  തരുന്ന  കാരുണ്യം  കൊണ്ട്  ഞാന്‍  നോമ്പ്  തുറക്കുന്നു.....“ ഏകദേശം  ഈ അര്‍ത്ഥം  വരുന്ന  വാക്കുകള്‍   ഉരുവിട്ടതിനു  ശേഷം  ഞാന്‍  ഒരു  കവിള്‍  വെള്ളം  കുടിച്ചു,  പഴം തിന്നു.  അപ്പോഴും   മീശ  എന്നെ  രൂക്ഷമായി  നോക്കി  നില്‍ക്കുകയാണ്.
“ഇപ്പോള്‍  എന്താണ്   കൈ  പൊക്കി  പിറു  പിറുത്തത്“  കാര്‍ന്നോര്‍  വീണ്ടും   സംശയം  ചോദിച്ചപ്പോള്‍   പാല്‍  കുടിക്കാന്‍  എടുത്ത  ഗ്ലാസ്സ്  താഴ്ത്തി  വെച്ച്   ഞാന്‍  പ്രാര്‍ത്ഥിച്ചതിന്റെ  അര്‍ത്ഥം  പറഞ്ഞു  കൊടുത്തു.

ഇതിനിടയില്‍  മീശ കടയിലെ  ലൈറ്റ്   തെളിയിച്ചു. എന്നിട്ട്  പുറം  തിരിഞ്ഞ്  നിന്നു  ഉച്ചത്തില്‍  പറഞ്ഞു” ഇനി    വീട്ടില്‍  പോയി രാത്രി  മുഴുവന്‍  തിന്നാല്ലോ”

“പകല്‍  മുഴുവന്‍  ഒന്നും  കഴിക്കാതിരുന്നിട്ട്   രാത്രി  വാരി  വലിച്ച്   തിന്നാന്‍ സാധാരണക്കാരനെ  കൊണ്ട്  കഴിയില്ല“   പാല്‍  കുടിക്കുന്നിതിനിടയില്‍  ഞാന്‍   പതുക്കെ  മറുപടി  പറഞ്ഞപ്പോള്‍  “അത്  ശരിയാ”  എന്ന്  അയാളുടെ  ഭാര്യ  വാതില്‍ക്കല്‍  നിന്ന്  പിന്‍‌താങ്ങി.

മീശ അവരെ  രൂക്ഷമായി  നോക്കി.  വീണ്ടും  അവര്‍  പുറകോട്ട്  മാറി.

“സാര്‍  ഇനി  എപ്പോള്‍  ആഹാരം  കഴിക്കും”  ആ  ചെറുപ്പക്കാരനാണ്  ഈ ചോദ്യം  ഉന്നയിച്ചത്.

“സന്ധ്യക്ക്  ഒരു  നമസ്കാരം  ഉണ്ട്.  അത്  കഴിഞ്ഞ്   എന്തെങ്കിലും  ആഹാരം  കഴിക്കുകയാണ്  പതിവ്   പിന്നീട്  പുലര്‍കാലത്തും...”  ഞാന്‍  പറഞ്ഞു.

“അതിനു  ഇനി  സാര്‍  കൊട്ടാരക്കര  എത്തേണ്ടെ,  അതിനിടയില്‍  ഒരിടത്തും  പ്രാര്‍ത്ഥിക്കാന്‍   നിങ്ങടെ  ജാതിക്കാരുടെ  പള്ളി  ഇല്ലല്ലോ  സാറേ”

“വൃത്തിയുള്ള  ഒരു  സ്ഥലം  ഉണ്ടെങ്കില്‍   അവിടെ  നമസ്കരിക്കാന്‍  കഴിയും“  ഞാന്‍  പറഞ്ഞു.

 മീശ  നെടുങ്കനെ  നടന്ന് വന്ന്  എന്റെ  നേരെ  നിന്ന്   ദേഷ്യത്തോടെ  ചോദിച്ചു.”എന്താ  ഞങ്ങള്‍  അത്രക്ക്  വൃത്തി  ഇല്ലാത്തവരാണോ,  എന്റെ  വീട്ടില്‍  നിങ്ങള്‍ക്ക്   പ്രാര്‍ത്ഥിച്ചാല്‍  എന്താ?“

എനിക്ക്  അയാളുടെ  അന്തര്‍ഗതം  മനസിലായി. അയാള്‍ക്ക്  ഒരു  കാര്യവും  സൌമ്യമായി  അവതരിപ്പിക്കാന്‍  അറിയില്ല. അയാളുടെ  മനസിലിരിപ്പ്  തിരിച്ചറിഞ്ഞ  ഞാന്‍  കടയുടെ  പുറക്  വശത്തെ  വാതിലിലൂടെ  അയാളുടെ  വീട്ടിലേക്ക്  നടന്നു. അരമതില്‍  ഉള്ള   വീടിന്റെ  വരാന്തയിലേക്ക്  ഞാന്‍  നോക്കി.  മുഖം  കാണത്തക്ക  വിധത്തില്‍  മിനുക്കി സിമിന്റ്  തേച്ച  ആ  വരാന്ത  സാമാന്യം  വൃത്തി  ഉള്ളതായിരുന്നു. മുറ്റത്ത് കണ്ട  കിണറിനു  സമീപത്തേക്ക്  ഞാന്‍  പോയി.  എന്റെ  ആവശ്യം  മനസിലാക്കിയ  അയാളുടെ  ഭാര്യ  പെട്ടെന്ന് തന്നെ കിണറിനു  സമീപം  ചെന്നു   ബക്കറ്റ്  കിണറ്റിലേക്കിറക്കി  വെള്ളം   കോരി  ഒരു   ചെറിയ  കല്ലിനു  മുകളില്‍  വെച്ച്  തന്നു.  ഞാന്‍  നമസ്കാരത്തിനു   മുമ്പ്   ചെയ്യേണ്ട  അംഗശുദ്ധി വരുത്താന്‍ തുടങ്ങി. മുന്‍  കൈകള്‍  കഴുകി,  വായില്‍  വെള്ളം  എടുത്ത്  കുലുക്കി  തുപ്പി, മുഖം  മുഴുവനായി  കഴുകി,  കൈകള്‍  മുട്ട്  വരെ  കഴുകി,  നെറ്റിയും  ചെവിയിലും  വെള്ളം  തടകി,  അവസാനം   രണ്ട് കാലും  കണം കാല്‍  വരെ  കഴുകി.  ഇതെല്ലാം  മൂന്ന്  തവണ  ചെയ്ത്  അംഗശുദ്ധി  വരുത്തുന്നത്  ആ  ചെറിയ  സംഘം  നോക്കി  നിന്നു. അവര്‍  ആദ്യമായാണ്  ഈ  വക  കാര്യങ്ങള്‍  നേരില്‍  കാണുന്നത്.  ആ  കൌതുകം  അവരുടെ  എല്ലാവരുടെയും   മുഖത്ത്   ഞാന്‍ വായിച്ചു.  മീശ  മാത്രം    “ഗൌരവ സ്വാമിയായി” നിലകൊണ്ടു.

“എനിക്കൊരു  പഴയ ന്യൂസ്  പേപ്പര്‍  തരുമോ“   ഞാന്‍  അയാളോട്  ചോദിച്ചു. അയാള്‍  ഭാര്യയെ  ഒന്ന്  നോക്കി.   എന്തിനാണ്  പേപ്പര്‍  ആവശ്യപ്പെട്ടതെന്ന്  മനസിലായില്ലെങ്കിലും   ഏതോ  ചടങ്ങിനാണെന്ന്  കരുതി  നിമിഷ  നേരത്തിനുള്ളില്‍  അവര്‍  പേപ്പര്‍  കൊണ്ട്  വന്നു.ആ  പത്രം വരാന്തയില്‍  വിരിച്ച്    നമസ്കരിക്കാനായി  ഞാന്‍   അതില്‍   കയറി  നിന്നു.

“നില്‍ക്ക്”   ആ  ആജ്ഞ  മീശയില്‍  നിന്നായിരുന്നു.  ഇനി  എന്ത് പുകിലാണ്  എന്ന  ഭാവത്തോടെ  അയാളെ  നോക്കിയപ്പോള്‍ “ഞങ്ങള്‍  അത്രക്ക്  പോക്ക്  കെട്ടവരാണെന്ന്  കരുതിയോ?” എന്ന്  ദേഷ്യത്തോടെ  അയാള്‍  എന്നോട്  ചോദിച്ചു.  എനിക്ക്   കാര്യം  മനസിലായില്ല.അയാള്‍  ഭാര്യയെ  വിളിച്ചു.    “എടീ....”

അവര്‍  അകത്തേക്ക്  പാഞ്ഞു,  അല്‍പ്പ  സമയത്തിനുള്ളില്‍   വൃത്തിയായി  അലക്കി  ഇസ്തിരിയിട്ട  ഒരു വെളുത്ത  ഷീറ്റുമായി  ഓടിയെത്തി   തറയിലെ  പേപ്പറിനു  മുകളില്‍  ആ ഷീറ്റ്  വിരിച്ച്  തന്നു.    അനിര്‍വചനീയമായ   ഒരു   വികാരം  അപ്പോള്‍  എന്റെ  മനസില്‍  മുളപൊട്ടി.  ഞാന്‍  ഉടനെ  തന്നെ  നമസ്കാരത്തില്‍  പ്രവേശിച്ചു. 

നമസ്കാരത്തില്‍  നിന്നു  വിരമിക്കുന്നതിനായി  ആദ്യം  വലത്  ഭാഗത്തേക്കും  പിന്നീട്  ഇടത്  ഭാഗത്തേക്കും തല  തിരിച്ച്  സമാധാനത്തിനും  കാരുണ്യത്തിനും  വേണ്ടി    ഞാന്‍ പ്രാര്‍ത്ഥിച്ചു.   എന്റെ  നമസ്കാരം  വീക്ഷിച്ച്  കൊണ്ട്  ആ ചെറിയ  കൂട്ടം  അവിടെ  നില്‍ക്കുന്നു  എന്ന് എനിക്കറിയാമായിരുന്നു.
കാര്‍ന്നോര്‍  ആ  കാര്യം  ആദ്യം  തന്നെ  ചോദിച്ചു.”എന്താണ്   രണ്ട്  വശത്തേക്കും  തല  തിരിച്ച്  പറഞ്ഞത്“  അതിന്റെ  അര്‍ത്ഥം  ഞാന്‍  പറഞ്ഞ്  കൊടുത്തപ്പോള്‍   ചെറുപ്പക്കാരന്  അറിയേണ്ടത്  മുട്ടുകുത്തി   നെറ്റി തറയില്‍   മുട്ടിച്ച്  കിടന്ന്  എന്താണ്   പ്രാര്‍ത്ഥിച്ചതെന്നാണ്. “സര്‍വശക്തനായ  നിന്റെ നാമം  വാഴ്ത്തുന്നു” എന്ന്  പറഞ്ഞപ്പോള്‍  മറ്റൊരാള്‍  ചോദിച്ചു “ അപ്പോള്‍  നിങ്ങള്‍   ഈ  അറബിലുള്ള  മന്ത്രങ്ങളല്ലേ  ചൊല്ലുന്നത്?, മേത്തന്മാരെന്ന്  വെച്ചാല്‍  മഹാ  മാന്ത്രികന്മാരല്ലേ?”  ഞാന്‍  ചിരിച്ച്  പോയി.  ഇരു  സമൂഹങ്ങളും  തമ്മില്‍  പരസ്പരം  ആശയ വിനിമയമില്ലാത്തതിന്റെ   അപാകതകള്‍   എന്റെ  മുമ്പില്‍  തെളിഞ്ഞു നിന്നു.

കടയിലേക്ക്  കയറിയപ്പോള്‍  ഒരു  വാഴ ഇല  കീറില്‍   വെള്ള  അപ്പവുമായി  മീശ  കാത്ത്  നില്‍ക്കുന്നു.” ഇത്  തിന്നേച്ച്  പോയാല്‍  മതി” ആ സ്നേഹത്തിന്റെ  മുമ്പില്‍  ഞാന്‍  തലകുനിച്ചു  പോയി.  അപ്പത്തില്‍  ചമ്മന്തി  ഒഴിക്കുമ്പോള്‍  അയാള്‍  പറഞ്ഞു “  അമ്പലത്തിന്റെ  നടയിലുള്ള  കടയാ ഇത്,  ഇവിടെ  ഇറച്ചി  ഒന്നും  കിട്ടില്ല”  എനിക്ക്  ഇറച്ചി  നിര്‍ബന്ധമല്ലെന്ന്  പറഞ്ഞപ്പോള്‍     അയാളുടെ ഗൌരവം  നിറഞ്ഞ  മുഖത്ത്  ഘനത്തില്‍  നില്‍ക്കുന്ന  മീശയ്ക്ക്  സമീപം  ഒരു   പുഞ്ചിരി   കണ്ടുവോ  എന്ന് എനിക്ക്  സംശയം  ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ   ആഹാരം   വീണ്ടും  വീണ്ടും  കഴിക്കാന്‍  എന്നെ  നിര്‍ബന്ധിച്ച്  കൊണ്ടിരുന്നു.

കൈ കഴുകി  പുറത്തേക്കിറങ്ങിയപ്പോള്‍  എല്ലാവരും  എന്നോടൊപ്പം  കടക്ക്   പുറത്തിറങ്ങി. 

  മാനത്ത്  സന്ധ്യയുടെ  ചെന്തുടിപ്പ്  മാഞ്ഞ്  കഴിഞ്ഞു.  ഇനിയും  ചേക്കേറാത്ത  ഒരു  പക്ഷി  തന്റെ  കൂട്  തേടി  കരഞ്ഞുകൊണ്ട്   എന്റെ  തലക്ക്  മീതെ  പറന്നു  പോയി.   സന്ധ്യാ രാഗത്തില്‍  അലിഞ്ഞ്  ചേര്‍ന്ന് അമ്പലത്തില്‍  നിന്നും   മണി  നാദം   ഒഴുകി  വന്നു   കൊണ്ടിരുന്നു.  നോമ്പ്   തുറക്കുമ്പോളുള്ള  ആനന്ദവും  അപരിചിതരും  മനശ്ശുദ്ധി  ഉള്ളവരുമായ  ആ മനുഷ്യരുടെ  സ്നേഹപ്രകടനങ്ങളും ,  അന്തരീക്ഷത്തിന്റെ  ആകര്‍ഷണീയതയും  എന്റെ  മനസില്‍  എന്തെന്നില്ലാത്ത  വികാര പ്രപഞ്ചം  സൃഷ്ടിച്ചു.  ഞാന്‍  ആ  നല്ല  മനുഷ്യരുടെ  നേരെ  കൈ  കൂപ്പി. “എല്ലാവര്‍ക്കും  നല്ലത്  വരട്ടെ.”
“ഇനി  ഇതിലെ  വരുമ്പോള്‍  ഇവിടെ  കയറണം”  ആ ചായക്കടക്കാരന്‍   എന്നോട്  പറഞ്ഞു.അപ്പോഴേക്കും  ഏഴരയുടെ  ബസ്  ഇരച്ച്  വന്ന്   അമ്പലത്തിനു  സമീപം  നിര്‍ത്തി.  ബസില്‍  കയറി  ഇരുന്നു     അവരുടെ  നേരെ  കൈവീശുമ്പോള്‍   മനസില്‍  പറഞ്ഞു  ഈ ഗ്രാമ  വിശുദ്ധി  അനുഭവിക്കാന്‍  ഇനിയും  ഇവിടെ  വരണം.

Monday, July 23, 2012

സ്വാമിയും റംസാനും

(ഈ  അനുഭവം  മൂന്ന്  വര്‍ഷങ്ങള്‍ക്ക്  മുമ്പ്   എന്റെ  ബ്ലോഗ്ജീവിതത്തിന്റെ  ആരംഭകാലത്ത്  പ്രസിദ്ധീകരിച്ചതാണ്. അന്ന്  ഞാന്‍  ബ്ലോഗ്  ലോകത്ത്  പുതിയ ആളായതിനാല്‍     ഈ പോസ്റ്റ്  കൂടുതല്‍  ആള്‍ക്കാര്‍ക്ക്  എത്തിച്ച്  കൊടുക്കാന്‍  സാധിച്ചില്ല.  ഇതിലെ  പ്രതിപാദ്യ വിഷയം  ഇപ്പോഴും പ്രസക്തമായതിനാല്‍  അന്ന്  വായിക്കാത്തവര്‍ക്കായി  വീണ്ടും  പോസ്റ്റ്  ചെയ്യുന്നു.)

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ്‌ എന്നത്‌ മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓർമ്മയിൽ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരൻ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു. 

നോമ്പു കാലത്തോടൊപ്പം സ്വാമിയും മറക്കാനാവാത്ത ഓർമകളുമായി  ഇപ്പോഴും  മനസ്സിൽ കടന്നു വരുന്നു.

സക്കര്യാ ബസ്സാറിലും വട്ടപ്പള്ളിയിലും വൃത കാലത്തു   തുറന്ന്  പ്രവര്‍ത്തിച്ചിരുന്ന  ചായക്കടകളുടെ മുമ്പിൽ ചാക്കു വിരികൾ കെട്ടി    കച്ചവടം അകത്ത്  ഒളിച്ച് നടത്തുമായിരുന്നു .  ആരും  ഭീഷണിപ്പെടുത്താന്‍  വന്നിരുന്നില്ലാ എങ്കിലും  റംസാന്‍  കാലത്തോടുള്ള    ബഹുമാനം  കൊണ്ടാണ്  അങ്ങിനെ  ഒരു  മറക്കല്‍ നടത്തിയിരുന്നത്.പകൽ ആഹാരം കഴിക്കുന്നതു നാണക്കേടായി കരുതിയിരുന്ന അന്നു പരസ്യമായി പുക വലിക്കുന്നതു പോലും നിഷിദ്ധമായിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരും സ്വമനസ്സാലെ ഇതെല്ലാം അംഗീകരിച്ചിരുന്നു. "ഇന്നു നോമ്പു എത്ര ആയി" എന്നു ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ സഹോദര സമുദായത്തിൽപ്പെട്ടവർക്കും കഴിഞ്ഞിരുന്ന സുവർണ്ണദിനങ്ങൾ  ആയിരുന്നു  അന്നുണ്ടായിരുന്നത്.


ഞങ്ങൾ ചെറിയ കുട്ടികൾ സെയ്തു പൂക്കോയാ തങ്ങളുടെ മഖാമിൽ നിന്നും നോമ്പു തുറ സൂചിപ്പിക്കുന്ന വെടിയൊച്ചകൾക്കായി കാതോർത്തു നിമിഷങ്ങൾ തള്ളി നീക്കും. ഒരു വേനല്ക്കാലത്തായിരുന്നു അന്ന് നോമ്പു.കഠിനമായ വെയിലിൽ വട്ടപ്പള്ളിയിലെ മണൽ പരപ്പ്‌ കത്തിജ്വലിച്ചു നിന്നപ്പോൾ അതിയായ ദാഹത്താൽ ഞങ്ങൾ കുട്ടികൾ വലഞ്ഞു. റോഡിൽ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന മുനിസിപ്പാലിറ്റി വക പൈപ്പുകളിൽ നിന്നായിരുന്നു വട്ടപ്പള്ളിയിൽ കുടിവെള്ളം ലഭിച്ചിരുന്നത്‌. നോമ്പു മൂന്നാം ദിവസം പകൽ രണ്ടു മണി കഴിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു. ചുണ്ടുകൾ ഉണങ്ങി. വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കട്ടു കുടിക്കുന്നതു കണ്ടാൽ അടി ഉറപ്പു. എന്റെ കൂട്ടുകാരൻ ഗഫൂറിനും ഈ അവസ്ഥ തന്നെ ആയിരുന്നു. ഞങ്ങൾ പരസ്പരം നോക്കി.രണ്ടു പേരുടെയും ആഗ്രഹം ഒന്നായിരുന്നെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.

 വട്ടപ്പള്ളിയിലെ പൈപ്പുകളിൽ നിന്നും പകൽ പരസ്യമായി വെള്ളം കുടിക്കുന്നതു കണ്ടാൽ ആൾക്കാർ പരിഹസിക്കും. അവസാനം ഞങ്ങൾ തീരുമാനിച്ചു. ആലിശ്ശേരിയിൽ പോകാം. സഖാവു സുഗതന്റെ കുടുംബ വീടു സ്ഥിതി ചെയ്യുന്ന ആലിശ്ശേരിയിൽ അധികവും ഹിന്ദുക്കളായിരുന്നു താമസിച്ചിരുന്നതു.
 ഞങ്ങളെ തിരിച്ചറിയാത്ത ആലിശ്ശേരി വാർഡിലെ ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ചുട്ടു പഴുത്ത മണൽ പരപ്പ്‌ താണ്ടി ഞങ്ങൾ പാഞ്ഞു. ആലിശ്ശേരി അമ്പലത്തിലേക്കു തിരിയുന്ന റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പിനു സമീപമെത്തി ഗഫൂർ വെള്ളം കുടിക്കാനായി കുനിഞ്ഞു.
 പെട്ടെന്നു പുറകിൽ നിന്നും "എടാ" എന്നൊരു വിളി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്വാമി! ഞങ്ങളുടെ കുടിപ്പള്ളിക്കൂടം വാദ്ധ്യാർ!
അരികിൽ നിന്ന വേലിയിൽ നിന്നും സ്വാമി വടി ഒടിച്ചെടുത്തു ഞങ്ങളുടെ ചന്തിയിൽ രണ്ടു അടി വീതം തന്നു.
"ദൈവ ദോഷം കാണിക്കുന്നോ" സ്വാമി കയർത്തു.
"ഞങ്ങൾ മുഖം കഴുകാൻ പോകുവായിരുന്നു". ഗഫൂർ തടി തപ്പാൻ നോക്കി.
"നോമ്പും പിടിച്ചു കള്ളവും പറയുന്നോ" എന്നായി സ്വാമി.
അടിയുടെ വേദനയേക്കാൾ കുറ്റബോധം എന്നെ കരയിച്ചു.
എന്റെ കണ്ണീർ കണ്ടതു കൊണ്ടാവാം അദ്ദേഹം ശാന്തനായി. എന്റെ തലയിൽ തലോടി.
"കുഞ്ഞുങ്ങളേ! ....നോമ്പു നോമ്പായി തന്നെ പിടിക്കണം; നോമ്പു പിടിക്കുമ്പോൾ തെറ്റു ചെയ്യരുതു കള്ളം പറയരുതു" സ്വാമി പറഞ്ഞു.
പിൽക്കാലത്തു വായിച്ചും പ്രഭാഷണങ്ങൾ ശ്രവിച്ചും ഞാൻ അറിവു നേടി. പക്ഷേ ആ അറിവിനേക്കാളും സ്വാമി തന്ന ഉപദേശം വൃതം അനുഷ്ഠിക്കുമ്പോൾ എന്റെ മനസ്സിൽ മായാതെ നില നിൽക്കുന്നു.


Tuesday, July 17, 2012

അപകടങ്ങള്‍!.അപകടങ്ങള്‍.

എനിക്ക്   പ്രത്യേക  സ്വഭാവ  ഗുണമുള്ള   ചില യുവ  സുഹൃത്തുക്കളുണ്ട്. അതില്‍  ഒരാളാണ്  ഫാസില്‍ ഇസ്മെയില്‍. അദ്ദേഹം ഫെയ്സ് ബുക്കില്‍   സുപരിചിതനാണ്.

കമ്പ്യൂട്ടര്‍  വിദഗ്ദനായ  ഫാസില്‍  നല്ലൊരു  ഫോട്ടോഗ്രാഫര്‍  കൂടിയാണ്. വാഹന അപകടങ്ങളുടെ  ഫോട്ടോ  എടുക്കുന്നതിലാണ്   കൂടുതല്‍  താല്പര്യം  എന്നിടത്താണ്  അയാളുടെ  പ്രത്യേകത.  സമീപസ്ഥലങ്ങളിലും  യാത്രാ വേളകളിലും   കാണപ്പെടുന്ന   വാഹന അപകടങ്ങളുടെ  ബാക്കി  ഫലം  അയാള്‍   ക്യാമറയുടെ  ഉള്ളിലേക്ക്  ആവാഹിക്കും. അങ്ങിനെ  എടുത്തതും  മറ്റ്  പലതരത്തില്‍  സംഘടിച്ചതുമായ അപകട  രംഗങ്ങളുടെ    ഒരു    ചിത്ര ശേഖരം   ഈ യുവാവിന്റെ  കൈവശം  കണ്ട  ഞാന്‍   അതില്‍  കുറച്ച്  ആവശ്യപ്പെട്ടപ്പോള്‍   അയാള്‍  മടികൂടാതെ  തന്നതാണ്   ഈ  ലേഖനത്തില്‍  ചേര്‍ത്തിരിക്കുന്നത്.

ഈ ചിത്രങ്ങളിലൂടെ  കണ്ണോടിക്കുക.

വളരെ  വര്‍ഷങ്ങള്‍ക്ക്  മുമ്പ്  പത്ത്   കാള  വണ്ടികളും   രണ്ട്  സൈക്കിളുകളും  വല്ലപ്പോഴും  ഒരു  കാറും  പോകാനായി  വെട്ടി  ഉണ്ടാക്കിയ   പാതകള്‍  പരിഷ്കരിച്ച്  റോഡുകളാക്കിയതാണ്  ഇപ്പോള്‍  ഈ  നാട്ടിലെ  പ്രധാന  സഞ്ചാര  മാര്‍ഗങ്ങളില്‍    പലതും.  അതിലൂടെയാണ്   ഓരോ  നിമിഷത്തിലും  നൂറു  കണക്കിനു  വാഹനങ്ങള്‍  ചീറി  പായുന്നത്.

 ഈ  നാട്ടിലെ   മൊത്തം  വാഹങ്ങള്‍  ഒരു  ദിവസം  ഒരു  പ്രത്യേക    സമയത്ത്    നിരത്തില്‍  ഇറക്കി  നിര്‍ത്തി  എന്ന്  സങ്കല്‍പ്പിക്കുക.  കേരളത്തിലെ  മൊത്തം   റോഡുകളുടെ   നീളം  അളന്ന്   കണ്ടെത്തുക.  തുടര്‍ന്ന്   ഇവിടെ  രജിസ്റ്റര്‍  ചെയ്ത  വാഹനങ്ങളുടെ  നീളവും  കണക്ക്   കൂട്ടി  എടുക്കുക.  റോഡുകളുടെ  നീളത്തേക്കാളും  അധികമായിരിക്കും  ആകെ  വാഹനങ്ങളുടെ  നീളം  എന്ന്  കണ്ടെത്താനാകും.  അതായത്  നമ്മുടെ  ഈ കൊച്ച്  കേരളത്തിലെ  റോഡുകള്‍ക്ക്  നമ്മുടെ  നാട്ടിലെ   മൊത്തം  വാഹനങ്ങളെ   ഉള്‍ക്കൊള്ളാന്‍  തക്ക വിധം  സൌകര്യം  ഇല്ലാ എന്ന് വ്യക്തം.

 പണ്ട്   ഒരു  പ്രദേശത്തെ  വീടുകളില്‍  ചിലതില്‍,   സഞ്ചരിക്കാനായി  ഒരു  സൈക്കില്‍  ഉണ്ടാകുമായിരുന്നു.  വലിയ  പണക്കാരുടെ  വീടുകളില്‍  കാറും.  കാറ്  ആഡംബരത്തിന്റെയും  സമ്പത്തിന്റെയും  പ്രതീകമായിരുന്നു. ഇന്ന്  നാലക്ക സംഖ്യ   കയ്യിലുണ്ടെങ്കില്‍  കാറു  വാങ്ങാന്‍  ബാങ്ക്കാര്‍    ബാക്കി  തുകയുടെ   ലോണുമായി   നമ്മുടെ  വീടിനു  മുന്‍‌വശത്ത്  തയാറായി   നില്‍ക്കുന്നതിനാല്‍    ഓരോ  വീടിലും    ഒന്നിലധികം  വാഹനങ്ങള്‍   കാണപ്പെടുന്നു  എന്നതില്‍  അതിശയിക്കേണ്ടതില്ല.ഇവയെല്ലാം  ഒരുമിച്ച്  വിദ്യാലയവും  ആഫീസുകളും   പ്രവര്‍ത്തിക്കുന്ന   സമയത്തു    നിരത്തിലേക്കിറങ്ങുമ്പോഴുള്ള  അവസ്ഥ ചിന്തിച്ച്  നോക്കുക.  നിയമം  ധിക്കരിക്കാനുള്ള  മലയാളിയുടെ  സവിശേഷതയും  മറ്റുള്ളവരോടുള്ള  അസഹിഷ്ണതയുടെ   ആഴവും  ഒരുമിക്കുമ്പോള്‍  അപകടങ്ങളുടെ  തോത്  വര്‍ദ്ധിക്കുന്നതിനു  കാരണമാകുന്നു.


അപകടങ്ങള്‍! അപകടങ്ങള്‍! ദിവസവും  പത്ര  താളുകളില്‍  അപകടങ്ങളുടെ  വാര്‍ത്തകള്‍  മാത്രം.  ദിനേനെ  എത്രയെത്ര വിലയുറ്റ  ജീവിതങ്ങള്‍  പൊലിയുന്നു. ജീവിച്ചിരുന്നിട്ടും  മരിച്ചതിനൊപ്പം  എത്രയോ  യുവത്വങ്ങള്‍! മൂക്കിനു  താഴെ  നാലു രോമം  വന്നു കഴിഞ്ഞാല്‍  ആണ്‍കുട്ടികള്‍ക്ക്  ഇരുചക്ര വാഹനം  ഒഴിച്ചുകൂടാനാവാത്ത വസ്തു  ആയി  മാറുന്നു.അരുമ പുത്രന്റെ  നിര്‍ബന്ധത്തിന്  വഴങ്ങി  മോട്ടോര്‍  സൈക്കില്‍  വാങ്ങിക്കൊടുക്കുന്ന  മാതാപിതാക്കള്‍  മകന്‍   വീട്ടില്‍  തിരിച്ചെത്തുന്നത്  വരെ  നെഞ്ചിടിപ്പോടെ  കഴിയുന്ന  വിവരം   ഒരു  കുട്ടികളും  തിരിച്ചറിയുന്നില്ലാ  എന്നുള്ളതാണ് സത്യം. നമ്മുടെ  റോഡിന്റെ  ദുരവസ്ഥയും  വാഹനങ്ങളുടെ  നിയന്ത്രണാതീതമായ  മരണ പാച്ചിലും  ദിനേനെ  കാണുന്ന   മാതാപിതാക്കള്‍ക്ക്  എങ്ങിനെ  നെഞ്ചിടിപ്പില്ലാതെ  ജീവിക്കാന്‍  കഴിയും! എന്തെങ്കിലും  ദുരന്തം സംഭവിച്ച്  കഴിഞ്ഞാല്‍  ഇര അപ്പോള്‍ തന്നെ  ഈ  ലോകത്തോട് യാത്ര  പറയുന്ന  സംഭവങ്ങളില്‍  ജീവിച്ചിരിക്കുന്നവര്‍  അവരുടെ  ജീവിത   അവസാനം  വരെ,  തങ്ങളെ  വിട്ട്  പോയവരുടെ   ദു:ഖസ്മരണകളുമായി  നിമിഷങ്ങള്‍  കഴിച്ചു  കൂട്ടേണ്ടി  വരുന്ന  അവസ്ഥ ദയനീയമാണ്. മോട്ടോര്‍  സൈക്കിളിലും  കാറിലും   ചീറി പായുന്ന  പുതിയ  തലമുറ  അല്‍പ്പമെങ്കിലും  ഇതിനെ  പറ്റി  ചിന്തിച്ചിരുന്നെങ്കില്‍.

എന്റെ ഒരു  സഹപ്രവര്‍ത്തകയുടെ  കാര്യം  ഓര്‍മയില്‍  വരുന്നു.  അവരുടെ  രണ്ട് കുട്ടികളില്‍  മൂത്തത്    പെണ്‍കുട്ടിയും  രണ്ടാമത്തേത്  ആണ്‍കുട്ടിയും  ആയിരുന്നു. ആഫീസില്‍  വരുമ്പോള്‍  മകന്റെ  കുസൃതികളും മറ്റും  പറയുമ്പോള്‍  ആ  മാതാവിന്റെ  മുഖത്ത്  വിരിഞ്ഞിരുന്ന  പാല്‍  നിലാവ്  ഇപ്പോഴും  എന്റെ  ഓര്‍മ്മകളില്‍  നിറഞ്ഞ്  നില്‍ക്കുകയാണ്.അവരുടെ  എല്ലാ ദു:ഖങ്ങളും  മകനുമായി  സമയം  പങ്കിടുമ്പോള്‍  മറന്നിരുന്നു.  വര്‍ഷങ്ങള്‍  കടന്ന്  പോയി. സഹപ്രവര്‍ത്തക  ശിരസ്തദാരായി  ഉദ്യോഗക്കയറ്റം കിട്ടി വിദൂരമായ  നഗരത്തില്‍  ജോലിക്ക്  പോയി   തുടങ്ങി. ജോലി സ്ഥലത്ത്  നിന്നും  തിരികെ  വരുമ്പോള്‍ സന്ധ്യ   കഴിഞ്ഞിരിക്കും.  എങ്കിലും    മകന്‍  ബസ് സ്റ്റോപ്പില്‍  കാത്ത്  നിന്ന്  അമ്മയെയും  മോട്ടോര്‍സൈക്കിളില്‍  ഇരുത്തി   തമാശകളും  പറഞ്ഞ്  വീട്ടിലേക്ക്  തിരിക്കും.  വീടിന്റെ  പടിക്കല്‍  എത്തി  ചേരുമ്പോള്‍   അമ്മയെ  മുമ്പേ  നടക്കാന്‍  പറഞ്ഞിട്ട്  ഇരുള്‍ നിറഞ്ഞ്  നില്‍ക്കുന്ന  മുറ്റത്തേക്ക്   മകന്‍   പുറകില്‍  നിന്നും  മോട്ടോര്‍ സൈക്കിളിന്റെ  ലൈറ്റ്   തെളിച്ച്  കൊടുക്കുമായിരുന്നു.ആ  കാലഘട്ടത്തില്‍ യാദൃശ്ചികമായി  തമ്മില്‍  കണ്ടപ്പോള്‍  മകന്റെ  സ്നേഹാധിക്യത്തെ പറ്റി    എന്നോട്  പറയുന്നതില്‍   ആ  അമ്മക്ക്  നൂറ്   നാവായിരുന്നു . അമ്മക്ക് ഉച്ചക്കുള്ള  ചോറ് പൊതി കെട്ടാന്‍   രാവിലെ  തന്നെ   അടുത്തുള്ള   അങ്ങാടിയില്‍   പോയി  മകനാണ്  മത്സ്യം  വാങ്ങി  വരുന്നത്.

അന്നൊരു  ദിവസം  മകന്‍  വാഹനത്തില്‍   രാവിലെ അങ്ങാടിയിലേക്ക്   വേഗത്തില്‍  പോയി.  വഴിയില്‍  കണ്ട  അയല്‍‌വാസിയെയും  പുറകില്‍  കയറ്റി  ഇരുത്തി.  അല്‍പ്പം ദൂരെയുള്ള  കലുങ്കിനു സമീപം  എത്തിയപ്പോള്‍  എതിരെ  നിയന്ത്രണം വിട്ട് പാഞ്ഞ്  വന്ന  ജീപ്പിനെ  ഒഴിവാക്കാനായി  അവനു  കഴിഞ്ഞില്ല.  രണ്ട്  പേരും  സംഭവ സ്ഥലത്ത്  വെച്ച്  തന്നെ  യാത്ര  ആയി. വിവരമറിഞ്ഞ്  മരണ വീട്ടിലേക്ക്  പോകുമ്പോള്‍  മകന്റെ  വേര്‍പാട്   അവര്‍   എങ്ങിനെ  സഹിക്കും  എന്ന ചിന്ത  ആയിരുന്നു  മനസ്സ്  നിറയെ. മകന്റെ  ശരീരത്തിനരികില്‍  ഇരുന്ന  അവര്‍ എന്നെ  കണ്ടപ്പോള്‍  കരയുകയായിരുന്നു  എന്ന്  പറഞ്ഞാല്‍  അതിനു  പൂര്‍ണ  അര്‍ത്ഥം  ആവില്ല.  അതിലുമുപരി അര്‍ത്ഥം  വരുന്ന വാക്ക് എനിക്ക്  അറിയാമായിരുന്നെങ്കില്‍  അത്  ഇവിടെ  ഞാന്‍  ഉപയോഗിച്ചേനെ. അവന്റെ  പഴയ  കാര്യങ്ങള്‍  ഓരോന്നായി  അവര്‍  വിളിച്ച് പറഞ്ഞ്  കൊണ്ടിരുന്നു. ഒന്നും  പറയാനാവാതെ  അല്‍പ്പം  പോലും  സ്വാന്തനം  നല്‍കാനാവാതെ  നിസ്സഹായതയോടെ  നോക്കി  നില്‍ക്കാനേ  അന്ന്  കഴിഞ്ഞുള്ളൂ. അതൊരു  വല്ലാത്ത  രംഗം  ആയിരുന്നു. വര്‍ഷങ്ങള്‍  കഴിഞ്ഞ്   ഭര്‍ത്താവും  മരിച്ചപ്പോള്‍  തനിച്ചായ  അവരെ  വിവാഹിതയായ  മകള്‍  തിരുവനന്തപുരത്തുള്ള   തന്റെ  വീട്ടിലേക്ക്  കൂട്ടി  കൊണ്ട്  പോയി. കുറച്ച്  കാലത്തിനു  മുമ്പ്   ഫോണിലൂടെ  ഞാന്‍  ബന്ധപ്പെട്ടപ്പോള്‍   “എന്നെ  മാത്രം   ദൈവം  കൊണ്ട്  പോകാത്തതെന്തേ!” എന്ന്  എന്നോട്  ദയനീയമായി   ചോദിച്ച  അവര്‍ക്ക്  മറുപടി  നല്‍കാന്‍  എനിക്കായില്ല  തന്റെ  ഓമന  മകന്റെ  ഓര്‍മ്മകളുമായി  ആ  മാതാവ്  തിരുവനന്തപുരം  നഗരത്തിന്റെ  ഏതോ  ഭാഗത്ത്   ഇപ്പോഴും  ജീവിക്കുന്നുണ്ട്.

ഇങ്ങിനെ  എത്രയെത്ര  മാതാപിതാക്കള്‍,  ഭാര്യമാര്‍,  സഹോദരീ  സഹോദരന്മാര്‍  പിരിഞ്ഞ്  പോയവരുടെ  ഓര്‍മ്മകളുമായി   ഇപ്പോഴും  ജീവശ്ചവമായി  കഴിയുന്നു.
ഇനിയുമിനിയും  ചിത്രങ്ങള്‍  ധാരാളമുണ്ട്, ദുരന്തത്തിന്റെ,  എന്നുമെന്നും  കണ്ണീരിന്റെ,  തലമുറകള്‍  കണ്ണിയറ്റ്  പോകുന്നതിന്റെ  ചിത്രങ്ങള്‍ ! എന്നാണിതിനൊരവസാനം?  ഈ  ദുരന്തങ്ങള്‍ക്ക്   ഇനിയുമൊരു  പരിഹാരംആര്‍ക്കും  കണ്ടെത്താനാവില്ലേ?!!!

(ചിത്രങ്ങള്‍ക്ക്  ഫാസില്‍  ഇസ്മെയിലിനോട്  കടപ്പാട്)
Saturday, June 30, 2012

ബൂലോഗമേ! അഭിമാനിക്കൂ!


ഈ   ചിത്രങ്ങള്‍  ബൂലോഗത്തിനു  അഭിമാനിക്കാന്‍ തക്ക  വിധം പോസ്റ്റ്  ചെയ്യാന്‍  കഴിഞ്ഞതില്‍  എനിക്ക്  സന്തോഷമുണ്ട്.

 ബൂലോഗത്തിന്റെ  കാരുണ്യ  പ്രവാഹം   ചലന ശേഷിയില്ലാതെ    കിടക്കയില്‍  മാത്രമായി  തന്റെ  ലോകം  ഒതുക്കി  കഴിഞ്ഞിരുന്ന  ഒരു  യുവാവിന്  ഒരു  ജീവിതം  നല്‍കിയതിന്റെ  ചിത്രങ്ങളാണ്  ഇവ.

  കേവലം  വര്‍ഷങ്ങള്‍  മാത്രം  പ്രായമുള്ള മലയാള  ബ്ലോഗ്  സമൂഹത്തിന്റെ  കാരുണ്യ  പ്രവര്‍ത്തികള്‍  ശ്ലാഘനീയമാണ്. ഈ  പംക്തിയില്‍  ധാരാളം  ഈ വിഷയ  സംബന്ധമായി   എഴുതി  കഴിഞ്ഞിരിക്കുന്നു.   ബൂലോഗം പിച്ചവെച്ച്  തുടങ്ങിയ    കാലത്ത്  തന്നെ  പലരുടെയും  ജീവിതം  സുഗമമായി  മുന്നോട്ട്  കൊണ്ട്  പോകാന്‍  തക്കവിധം  കാരുണ്യം  ചൊരിയാന്‍  ബ്ലോഗ് സമൂഹത്തിനു   കഴിഞ്ഞിരിക്കുന്നു  എന്ന്  അഭിമാനത്തോടെ  നമുക്ക്  പറയാന്‍  കഴിയും.അതില്‍ എടുത്ത്  പറയത്തക്ക  ഒരു  ഉദാഹരണമാണ്  കോട്ടയം  ജില്ലയിലെ  കിടങ്ങൂര്‍  സ്വദേശി  രാജെഷ്  എന്ന യുവാവ്. ഒരു  നുറുങ്ങ്  എന്ന  ബ്ലോഗ് സുഹൃത്ത്  ഹാറൂണിന്റെ    നേതൃത്വത്തില്‍   ബൂലോഗം  ഒന്ന്  ചെറുതായി  അണി  നിരന്നപ്പോള്‍   ചലന  ശേഷി  ഇല്ലാത്ത  രാജേഷിനു   ലഭിച്ചത്    രാജേഷിനു  തുണയായും  ഇണയായും   അയാളോടൊപ്പം   കഴിയാന്‍    സ്വമനസാലെ  തയാറായി  വന്ന   ഒരു  ജീവിത പങ്കാളി, അവര്‍ക്ക്  ഇപ്പോള്‍   ജനിച്ച  ഒരു  കുട്ടി,  ഒരു  ചെറിയ  വീട്  എന്നിവയാണ്.  ഈ  വക  കാര്യങ്ങള്‍  പരാമര്‍ശിച്ച്  “രാജേഷ്  അച്ഛനായി” എന്നൊരു  പോസ്റ്റും  ഞാന്‍  പ്രസിദ്ധീകരിച്ചു.  അത്  നിങ്ങള്‍ക്ക്  ഇവിടെ  അമര്‍ത്തിയാല്‍  കാണാം.  ഈ  പോസ്റ്റ്  പ്രസിദ്ധീകരിച്ച്  കഴിഞ്ഞതിനു  ശേഷം ഷഫീഖ്  മുല്ല  അലി  എന്ന  ഒരു ബ്ലോഗ് സുഹൃത്ത്   എനിക്ക്  ഒരു   മെയില്‍  അയച്ച്  തന്നു.  അത്  ഇപ്രകാരമാണ്.
പ്രിയ മാഷിനു,
ഞാന്‍  രാജേഷ്  ചേട്ടനെക്കുറിച്ച്  അറിയുന്നത്  ഹാരൂണ്‍  സാഹിബിന്റെ ബ്ലോഗില്‍   നിന്നാണ്.2010ഏപ്രില്‍10മുതല്‍  അവര്‍  ഫോണില്‍  വിളിക്കുമായിരുന്നു.ഞാന്‍  ഖത്തറില്‍  ജോലി  ചെയ്യുകയായിരുന്നു. നാട്ടില്‍  ലീവില്‍  പോകുമ്പോള്‍ രാജേഷ്  ചേട്ടന്റെ  അടുത്ത് പോകുമായിരുന്നു.രാജേഷ്  ചേട്ടന്റെ  വീട് പണിയുന്ന  സമയത്ത്  ഞാനും  സുഹൃത്തുക്കളും അവിടെ  പോയി  കഴിയുന്ന ശരീരിക  സഹായങ്ങള്‍ ചെയ്ത്  കൊടുത്തിരുന്നു. എന്റെ  വീട്  പെരുമ്പാവൂരില്‍  അണ്.  മാഷിനെ  കുറിച്ച്  എനിക്ക് നേരത്തെ  അറിയാമായിരുന്നു. കുന്നിക്കോട്  ഷംനാദിനടുത്തും  വരാറുണ്ട്. ഞാന്‍  ഇപ്പോള്‍  വീണ്ടും  ഖത്തറിലേക്ക്  പോന്നു. ഹാരൂണ്‍  സാഹിബിനെ  ഇത്  വരെ  നേരില്‍  കാണാന്‍  പറ്റിയിട്ടില്ല. ഈ  വീടിന്റെ  പണി  എത്രയും  പെട്ടെന്ന്  തീരാന്‍  കാരണം  ഹാരൂണ്‍  സാഹിബ്  ഒരാള്‍ മാത്രം  ആണ്.
  ഈ  ചിത്രങ്ങള്‍  പോസ്റ്റ്  ചെയ്തോളൂ. താങ്കളുടെയും  ഹാരൂണ്‍  സാഹിബിന്റെയും  ബ്ലോഗില്‍  കമന്റിട്ട  എല്ലാവര്‍ക്കും ഇ മെയില്‍  ചെയ്യണം  എന്നാണ്  വിചാരിച്ചിരുന്നത്.പക്ഷേ  ആരുടെയും  ഇ.മെയില്‍  ഐ.ഡി. ഡിസ്പ്ലേ  ആകുന്നില്ല.  നിങ്ങളാണ്  ഈ ഫോട്ടോ  കാണാന്‍  ഏറ്റവും  അര്‍ഹതപ്പെട്ടവര്‍. നിങ്ങളുടെ  എല്ലാം  കൂട്ടായ  പരിശ്രമത്തിന്റെ  ഫലമാണ് ഈ മാറ്റത്തിനു  കാരണം.
ഇന്‍ഷാ  അല്ലാ,  എപ്പോഴെങ്കിലും  ലീവില്‍  വരുമ്പോള്‍  നേരില്‍  കാണാം.നമുക്ക്  വേണ്ടിയും  പ്രാര്‍ത്ഥിക്കുക.
ഷഫീഖ്  ഖത്തര്‍.

മറ്റുള്ളവര്‍  ഈ മാതൃക  പിന്‍ തുടര്‍ന്ന്  ഭൂമിയില്‍   നന്മ  വിളയിക്കിട്ടെ  എന്ന  ഉദ്ദേശത്തിലാണ്  ഈ  കുറിപ്പുകള്‍   ഇവിടെ  കോറി  ഇട്ടത്.  മാത്രമല്ല  രാജേഷിന്റെ  ഭാര്യയുടെ  പ്രസവത്തിനായി  ആശുപത്രിയില്‍  നല്ലൊരു  തുക  ചിലവായി. വീടിന്റെ പണി  പൂര്‍ത്തി  ആയിട്ടുമില്ല. ചലന  ശേഷി  ഇല്ലാത്ത  ആ യുവാവിനു  സുമനസ്സുകളുടെ  സഹായമല്ലാതെ  മറ്റെന്ത്  വരുമാനമാണ്  ഉള്ളത്.ഈ  വിവരം  അറിഞ്ഞ  നമ്മുടെ  മാന്യ  സുഹൃത്ത്  ഡോക്റ്റര്‍  ജയന്‍  ഏവൂര്‍ ഞാനുമായി  ഫോണില്‍  സംസാരിച്ചപ്പോള്‍  1000രൂപാ  വീതം അഞ്ച്  പേര്‍  നല്‍കിയാല്‍ 5000ആകുമെന്നും അത്രയുമെങ്കില്‍  അത്ര ആകട്ടെ  എന്നും  ഡോക്റ്ററുടെ  വിഹിതമായ  1000രൂപാ  തരാമെന്നും  പറഞ്ഞിരുന്നു.പക്ഷേ ഈ തുക  രാജേഷിനു  എത്തിക്കാന്‍ അപ്പോള്‍  മാര്‍ഗമില്ലായിരുനു.  എന്നാല്‍   ഹാറൂണ്‍  സാഹിബിന്റെ  പോസ്റ്റില്‍   നിന്നും രാജേഷിന്റെ  അക്കൌണ്ട്  നമ്പര്‍ ലഭിച്ചു  അത്   ഇപ്രകാരമാണ്.
RAJESH.C,
SB A/C 13030100067968
FEDARAL BANK,
KIDANGOOR.
KOTTAYAM.

സന്മനസ്സിന്റെ  ഉടമകള്‍  കയ്യിലുള്ളത് അത്  എത്ര  ചെറിയ  തുക  ആയാലും അയാള്‍ക്ക് അയച്ചാല്‍   പല  തുള്ളി  പെരുവെള്ളമായി   അയാള്‍ക്ക്  ഉപകാരപ്പെടും.
എല്ലാവര്‍ക്കും  നന്മ  വരാനായും  ബൂലോഗത്തിന്റെ  ഈ  കൂട്ടായ്മ  എന്നും  നിലനില്‍ക്കാനും   പ്രാര്‍ത്ഥിക്കുന്നു.


Saturday, June 2, 2012

കൈരളീ നെറ്റും ബൂലോഗവും

കൈരളി നെറ്റ് എന്ന പേരില്‍ കൊല്ലത്ത് നിന്നും ഒരു സാംസ്കാരികാ-കാര്‍ഷിക-വാര്‍ത്താ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു ദിവസം അതിന്റെ ചീഫ് എഡിറ്റര്‍ ശ്രീ.സുനില്‍ ഷാ എന്നെ ഫോണില്‍ വിളിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത സാധനം എന്റേതല്ലാ എന്ന അനുഭവക്കുറിപ്പ് കൈരളി നെറ്റില്‍ പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചു. ആ പോസ്റ്റ് മാത്രമല്ല എന്റെ ബ്ലോഗിലെ ഏത് പോസ്റ്റ് വേണമെങ്കിലും പ്രസിദ്ധീകരിക്കാനായി ഞാന്‍ അദ്ദേഹത്തിനു അനുവാദം നല്‍കി. തുടര്‍ന്ന് ആ ലക്കം മാസിക അവര്‍ എനിക്ക് അയച്ചു തരികയും ചെയ്തു. മാസിക തുറന്ന് പോലും നോക്കാതെ പിന്നീട് വായിക്കാം എന്ന് കരുതി ഞാന്‍ മാറ്റി വെച്ചു. പക്ഷേ അല്‍പ്പം ദിവസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളിലുള്ള എന്റെ പരിചയക്കാര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ട് എന്റെ രചനയെ കുറിച്ച് അഭിപ്രായം അറിയിച്ചപ്പോള്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി; ഈ മാസിക ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെ കയ്യില്‍ കൃത്യമായി എത്തുന്നുണ്ടെന്നും അത് അല്‍പ്പം പ്രചാരമുള്ള മാസികയാണെന്നും. ഞാന്‍ മാസിക തപ്പി എടുത്ത് അതിന്റെ പേജുകളിലൂടെ കയറി ഇറങ്ങി. ഒരു കാര്യം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു , അല്‍പ്പം കാമ്പുള്ള സാധനം തന്നെ ആണിത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങള്‍, ഇന്റര്‍വ്യൂകള്‍, കഥകള്‍ , കവിതകള്‍, എന്നിവയാല്‍ സമ്പുഷ്ടമാണീ മാസിക. പണ്ടത്തെ സോവിയറ്റ് നാട് വാരികയെ പോലുള്ള നല്ല പോളിഷുള്ള പേപ്പര്‍.നല്ല കവറും ലേ ഔട്ടും. പരിണിത പ്രജ്ഞരായ പത്രാധിപ സമിതി, ശ്രീ. എം.എസ്. ജയപ്രകാശും സൈനുദ്ദീന്‍ പട്ടാഴിയും പോലുള്ള അഡ്വിസറീ ബോര്‍ഡ് അംഗങ്ങള്‍. എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സെറ്റ് അപ്പ്.

വായിക്കാന്‍ കൊള്ളാം എന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ മാസവും ഞാന്‍ ഈ മാസിക ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് എന്നെ അതിശയപ്പെടുത്തുന്ന മറ്റൊരു സത്യം വെളിവായത്. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനുമായി ബന്ധപ്പെട്ടത് പോലെ അവര്‍ ഇതര ബ്ലോഗേര്‍സുമായും ബന്ധപ്പെട്ട് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ശ്രദ്ധേയന്റെയും മനോരാജിന്റെയും ബ്ലോഗ് പോസ്റ്റുകള്‍ ഞാന്‍ അതില്‍ കണ്ടു. കൊട്ടോട്ടിക്കാരനേയും കണ്ടു. ബൂലോഗവും കൈരളീ നെറ്റുമായി നല്ല ബന്ധത്തിലാണെന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി.

നമ്മുടെ രചനകള്‍ അച്ചടി മഷി പുരണ്ട് 10പേര്‍ വായിക്കുന്നത് നമുക്ക് ആനന്ദം തരുന്ന വസ്തുതയാണ്. മഹാ സാഹിത്യകാരന്മാരുടെ ഏത് ചവറും പ്രസിദ്ധപ്പെടുത്താന്‍ യാതൊരു മടിയും കാണിക്കാത്ത മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ ഗുണമേന്മയുള്ള നമ്മുടെ രചനകള്‍ നിഷ്ക്കരുണം തിരിച്ചയക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ രചനകള്‍ ബ്ലോഗില്‍ വായിച്ചിട്ട് നമ്മളെ തിരക്കി വന്ന് ആ രചനകള്‍ മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ തയാറായ കൈരളീ നെറ്റ്കാര്‍ ബ്ലോഗ് ലോകത്തുള്ളവര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു എന്നതില്‍ നമ്മള്‍ സന്തോഷിക്കുക തന്നെ വേണം.

നന്ദി, കൈരളീ നെറ്റ്, നിങ്ങള്‍ക്ക് ബൂലോഗത്തിന്റെ അഭിവാദ്യങ്ങള്‍.

മേല്‍വിലാസം:-കൈരളീ നെറ്റ് മാസിക
ഇരവിപുരം പി.. കൊല്ലം


കൈരളീ നെറ്റിന്റെ ഇ.മെയില്‍:-


krnetklm@gmail.കോം

ചീഫ് എഡിറ്ററുടെ ഫോണ്‍ നമ്പര്‍:9037665581

Thursday, May 10, 2012

രാജേഷ് അച്ഛനായി

രാജേഷ് അച്ഛനായി.

രാജേഷിനെ അറിയില്ലേ?മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുന്ന മുപ്പത്തി എട്ട് വയസ്സ്കാരന്‍ കോട്ടയം കിടങ്ങൂര്‍ സ്വദേശി യുവാവ് .

ആത്മഹത്യാ ശ്രമത്തിന്റെ വക്കിലെത്തിയ അയാളെ നമ്മുടെ പ്രിയപ്പെട്ട ഹാറൂണ്‍സാഹിബ്( ഒരു നുറുങ്ങ്) കാരുണ്യത്തിന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്നു.
കണ്ണൂര്‍ നഗരത്തിന്റെ ഒരു മൂലയിലെ വസതിയില്‍ ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ പോലും തന്റെ കിടക്കയില്‍ കിടന്ന്കൊണ്ട്, തന്നെ പോലെ അവശരായ സഹജീവികളില്‍ കയ്യിലെഫോണ്‍ മാത്രം ഉപയോഗിച്ച് കാരുണ്യ മഴ പെയ്യിക്കുന്ന നമ്മുടെ ഹാറൂണ്‍!

ശാരീരിക അവശതയാല്‍ ഒരു നുറുങ്ങ് എന്ന ബ്ലോഗ് ഇപ്പോള്‍ അദ്ദേഹം സജീവമാക്കുന്നില്ലെങ്കിലുംഇപ്പോഴും അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ബൂലോഗത്ത് അനുഭവപ്പെട്ട്കൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞദിവസം ഹാറൂണ്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.

ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ട്. നമ്മുടെ രാജേഷ് അച്ഛനായി, മസ്കുലര്‍ ഡിസ്ട്രോഫിബാധിച്ച ആള്‍ക്ക് ഉല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.“

ഓര്‍മ്മകള്‍ പുറകിലേക്ക് പോയി. 2010ലെ ഹാറൂണിന്റെ ഫോണ്‍‌വിളികള്‍ എന്നിലേക്കെത്തി.

കോട്ടയത്തിനടുത്ത കിടങ്ങൂര്‍ വരെ പോകാമോ? അവിടെ ചലന ശേഷി നശിച്ച ഒരാള്‍ക്ക് ഒരുമൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ വേണ്ടിയാണ്, ഒന്നു അവിടെ പോയി അയാളെ ( രാജേഷിനെ)സമാധാനപ്പെടുത്തുകയും വേണം.”

പിന്നീട് ദൌത്യം ഏറ്റെടുത്ത് ഒരു ബ്ലോഗര്‍ അവിടെ പോയി.(കൊട്ടോട്ടി ആണോ എന്ന് സംശയം)

ഹാറൂണ്‍ അവിടം കൊണ്ട് നിര്‍ത്തിയില്ല. രാജേഷിനു ഒരു ജീവിതം തന്നെ നല്‍കി. ശരീരം തളര്‍ന്ന്കിടക്കുന്ന രാജേഷിന്റെ ജീവിത പങ്കാളി ആകാന്‍ മിനി എന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നും സ്വന്തംഇഷ്ടത്തില്‍ ഇറങ്ങി വരുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിച്ചു. അവരുടെ വിവാഹവും നടന്നു.(പത്രങ്ങളില്‍ വാര്‍ത്തയായി വിഷയം.) സ്തോഭജനകമായ സംഭവം വായിക്കുവാനായി നിങ്ങള്‍ തീര്‍ച്ചയായും ഹാറൂണിന്റെ ബ്ലോഗില്‍ ഇവിടെ പോകണം. പോസ്റ്റില്‍(ജീവിക്കാന്‍ കൊതിയോടെ) അവസാന ഭാഗം ഹാറൂണ്‍ ഇങ്ങിനെ പറഞ്ഞ് വെച്ചു:-
കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ.....”

ആ പ്രതീക്ഷ ഒരു പരിധിവരെ സഫലമായി എന്നാണ് കാലം തെളിയിച്ചത്. ബൂലോഗം ഹാറൂണിന്റെ അപേക്ഷ കൈക്കൊണ്ടു. കാരുണ്യ പ്രവാഹം പലതരത്തില്‍ രാജേഷിലേക്ക് ഒഴുകി. ഹാറൂണ്‍ തന്റെ കിടക്കയില്‍ കിടന്ന് മാര്‍ഗദര്‍ശനം നല്‍കി. ആകെ സ്വത്തായി രാജേഷിന്റെ കുടുംബത്തിനുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിലെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ സഹായിച്ചു. ഇതിനു വേണ്ടി കലക്റ്റര്‍, ബാങ്ക് മാനേജര്‍, തുടങ്ങി പലരെയും തന്റെ ഫോണിലൂടെ ഹാറൂണ്‍ ബന്ധപ്പെട്ടു. ബൂലോഗത്തിലെ സന്മനസുകളുടെ സഹായത്തോടെ രാജേഷിനു ഒരു ചെറിയ വീടിന്റെ നിര്‍മാണം ആരംഭിച്ചു.

ഇപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയായില്ലെങ്കിലും മിനിയെ ആശുപത്രിയില്‍ നിന്നും കുഞ്ഞുമായി പുതിയ വീട്ടിലേക്ക് കൊണ്ട് വരാനാണ് രാജേഷ് ആഗ്രഹിക്കുന്നതെന്ന് ഹാറൂണ്‍ എന്നെ അറിയിച്ചു. മാത്രമല്ല ഒന്ന് അവിടം വരെ പോയി ആ ചെറിയ കുടുംബത്തിന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ എടുത്ത് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്താനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ജോലി തിരക്കിനാല്‍ എനിക്ക് അവിടെ പോകാന്‍ സാധിച്ചില്ല. എങ്കിലും ദൈവം അനുവദിച്ചാല്‍ ഉടനെ പോകണമെന്ന് ആഗ്രഹിക്കുന്നു. അഥവാ ഏതെങ്കിലും ബ്ലോഗറന്മാര്‍ രാജേഷിന്റെ നാടിനു സമീപം താമസിക്കുന്നു എങ്കില്‍ ആ ദൌത്യം ഏറ്റെടുത്താല്‍ അത് സഹായകരമായിരിക്കും.

മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് കിടക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും പണി തീരാത്ത രാജേഷിന്റെ കൊച്ചു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബൂലോഗത്തിന്റെ കാരുണ്യം ഇനിയും ഉണ്ടാകാനും അതിനോടൊപ്പം ബ്ലോഗ് ലോകത്തിന്റെ കൂട്ടായ്മയാല്‍ സമൂഹത്തില്‍ രാജേഷീനെ പോലുള്ളവര്‍ക്ക് ലഭ്യമാകുന്ന സഹായങ്ങളെ ചൂണ്ടിക്കാണിക്കാനുമാണ് ഇപ്പോള്‍ ഞാന്‍ ഈ കുറിപ്പുകളുമായി നിങ്ങളുടെ മുമ്പില്‍ വന്നത്. ഇത് സദയം മറ്റുള്ളവരിലേക്ക് പങ്ക് വെയ്ക്കുക. രാജേഷിനും ചെറിയ കുടുംബത്തിനും ക്ഷേമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.