Saturday, November 3, 2012

എനിക്ക് ഹൃദയം ഉണ്ട്

   ഞാന്‍  നീതിന്യായ  വകുപ്പില്‍   സേവനത്തില്‍  ഇരിക്കവേ  സൃഷ്ടിക്കപ്പെട്ട   ചില  വിധികള്‍  കണ്ട്  ഹൃദയമില്ലാത്തവന്‍  എന്ന്    പറഞ്ഞിരുന്നവര്‍ ഇനി    പറയില്ലല്ലോ  എനിക്ക്  ഹൃദയം  ഇല്ലെന്ന്.   ഇതാ  എനിക്ക്  ഹൃദയം  ഉണ്ടെന്നും   അതില്‍  ഒന്നില്‍   അധികം   ബ്ലോക്കുകള്‍  ഉണ്ടായിരുന്നെന്നും  തിരുവനന്തപുരം  മെഡിക്കല്‍  കോജുകാര്‍   കണ്ട്  പിടിച്ച്  കഴിഞ്ഞു.  അവര്‍  ആ ബ്ലോക്കുകള്‍  നീക്കം ചെയ്യാനുള്ള  പ്രതിവിധിയായ  ആഞ്ജിയോ  പ്ലാസ്റ്ററി   എന്ന  പ്രയോഗത്തിനു  എന്നെ  വിധേയനാക്കുവാനും   അഞ്ചു  ദിവസം  ആശുപത്രി  വാസത്തിനും തുടര്‍ന്ന്  ഒരു മാസ  പരിപൂര്‍ണ വിശ്രമത്തിനും  വിധിച്ചു. അങ്ങിനെ  വിശ്രമ  ജീവിതത്തിന്റെ  വിരസതയില്‍  ബ്ലോഗും   ഫൈസ്ബുക്കും   ഫോണ്‍  വിളിയും  ഇല്ലാതെ  നിമിഷങ്ങളുടെ  പയ്യെപോക്കിനു  ഇരയായി   മാറി  മാറി  വരുന്ന   വെയിലും  മഴയും  മഞ്ഞും   നിരീക്ഷിച്ച്  വരാന്തയിലെ  ചാരു  കസേരയില്‍  പുസ്തകങ്ങളുമായി  19ദിവസങ്ങല്‍  കഴിച്ച്  കൂട്ടിയതിനു  ശേഷം  ഭാര്യയുടെ  ഭീഷണികള്‍  അവഗണിച്ച്  ഇന്ന്  ഇപ്പോള്‍   ഇവിടെ  കമ്പ്യൂട്ടറിന്റെ  മുമ്പില്‍  അല്‍പ്പം  നേരം   ഇരുന്നപ്പോള്‍  എന്തൊരു  ആശ്വാസമെന്നോ!!!

പിന്നെന്തുണ്ട്  കൂട്ടരേ!  വിശേഷങ്ങള്‍?  എല്ലാവര്‍ക്കും  സുഖം  തന്നെ  അല്ലേ?

വിശ്രമമില്ലാത്ത  ജീവിതവും  നിരന്തര  യാത്രയും കഴിഞ്ഞ  മൂന്നുമാസമായി  അനുഭവിച്ച്  കൊണ്ടിരുന്നപ്പോള്‍  അനുഭവപ്പെട്ടിരുന്ന  നെഞ്ചിലെ  ഭാരം  തോന്നല്‍   എനിക്ക്  രോഗം  വരില്ല  എന്ന  അതിരു  കടന്ന  ആത്മ  വിശ്വാസത്താല്‍  അവഗണിച്ച്  കൊണ്ടിരുന്നു.  ആയാസമില്ലാത്ത  പ്രഭാത   സവാരിയും  നിയന്ത്രണ വിധേയമായ  ആഹാരവും   ചായയും  കാപ്പിയും  പോലും  കഴിക്കാത്ത  സ്വഭാവവും  എല്ലാം   നെഞ്ചിലെ   ഭാരം  തോന്നല്‍  അവഗണിക്കാന്‍  എന്നെ  പ്രേരിപ്പിച്ചു.  ഇന്ന്  കോഴിക്കൊടെങ്കില്‍  ഇന്നലെ  തിരുവനന്തപുരം;  നാളെ  ആലപ്പുഴ;  നിരന്തരം  യാത്ര. കാഴ്ച്ചകള്‍  കാണാനുള്ള  മലകയറ്റം  ഉള്‍പ്പെടെയുള്ള  അലച്ചില്‍.  മുമ്പില്‍ വരുന്ന  കേസുകളില്‍  --അത്  ഭൂരിപക്ഷവും  ദാമ്പത്യബന്ധ  പൊരുത്തക്കേടുകളോ  സമാനമായതോ  ആയിരിക്കും---നിരന്തരമായ   കൌണ്‍സിലിങ്...അത്  മണിക്കൂറുകള്‍  നീളും...രാത്രി  രണ്ട്  മണി  വരെ  വായനയും  കമ്പ്യൂട്ടറും  ഫോണ്‍ വിളിയും.  ഒന്ന്  നിയന്ത്രിക്കുക   എന്ന  ഭാര്യയുടെ  ഉപദേശത്തെ   പോ  പുല്ലേ!!!   എന്ന   ഭാവത്തോടെ  രൂക്ഷമായി  നോക്കി  പായിക്കും.   അവസാനം  താങ്ങാവുന്നതിന്റെ  അപ്പുറം  എത്തിയപ്പോള്‍   വീട്ടില്‍  ഉള്ളവരുടെ  നിര്‍ബന്ധത്താല്‍  തിരുവനന്ത  പുരം   മെഡിക്കല്‍  കോളേജിലെ   ഒരു  ഹൃദയ  രോഗ  വിദഗ്ദനെ  പോയി  കണ്ടു.  അപ്പോഴും  മനസില്‍  എനിക്ക്  ഒന്നുമില്ലാ  എന്ന  വിശ്വാസമായിരുന്നു.പക്ഷേ  ആഞ്ജിയോഗ്രാം   എന്ന സയന്‍സിന്റെ  ഉല്‍പ്പന്നം  എന്റെ  രക്തക്കുഴലുകളില്‍  ബ്ലൊക്കുകള്‍  ഉണ്ടെന്ന്  നിരീക്ഷിച്ചു.  കേരളത്തിലെ144ബ്ലോക്കുകള്‍  കൂടാതെ  എന്റെ  നെഞ്ചിലും  ബ്ലോക്കുകള്‍  ഉണ്ടെന്ന്  കണ്ട്  പിടിച്ച  സ്ഥിതിക്ക്    അതിനെ  നീക്കം  ചെയ്യാന്‍   തീരുമാനിച്ച്   ചികിത്സക്ക്   വഴങ്ങി.  അവസാനം എല്ലാ  ജീവിത  ചര്യകളും   ഒന്ന്  നിയന്ത്രിച്ചോളാമേ!!  എന്ന്   ഇന്റന്‍സീവ്  കെയര്‍  യൂണീറ്റില്‍  കിടന്ന്  മൂന്ന്  പ്രാവശ്യം  ഏത്തം   ഇട്ട്  തീരുമാനമെടുക്കേണ്ട അവസ്ഥയിലെത്തി   ഇപ്പോള്‍ .   ഇനി  അത്  നടപ്പിലാകുമോ  എന്ന്  കണ്ടറിയാം...ദാ   ഭാര്യ  വന്ന്  മുമ്പില്‍  ദയനീയ   മുഖത്തോടെ  നില്‍ക്കുന്നു....അവള്‍ക്കറിയാം  ഈ  ഭാവത്തില്‍  നിന്നാലേ  എന്നെ  കീഴ്പ്പെടുത്താന്‍  കഴിയൂ  എന്ന്....ഇന്ന്   തല്‍ക്കാലം  നിര്‍ത്തുന്നു.....ഇന്‍ഷാ  അല്ലാ   ബാക്കി  നാളെ..എല്ലാവര്‍ക്കും  നന്മ  നേരുന്നു.....

20 comments:

  1. തളരാതെ മുന്നോട്ട് പോകുക..പക്ഷെ സൂക്ഷിക്കണം...ഇപ്പോള്‍ ഇത്ര മാത്രം പറയട്ടെ....

    ReplyDelete
  2. Welcome back and wish you a full recovery soon.

    Let the good Lord bless you and your family.

    toni

    ReplyDelete
  3. വേദനയില്‍ വിനോദം ചേരില്ല എന്നാണു ചൊല്ലെങ്കിലും , ഈ വിഷമാവസ്ഥയിലും നര്‍മ്മോക്തി കാത്തുസൂക്ഷിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.
    ഈ അത്യന്താധുനിക ലോകത്ത് ഈ വക അസുഖങ്ങള്‍ക്ക് ഭേദപ്പെട്ട പ്രതിവിധികളുണ്ട്.
    കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവുക.
    (ചായ ആരോഗ്യം വര്‍ധിപ്പിക്കും എന്ന് ആരാണ്ടൊക്കെ കണ്ടുപിടിച്ചതോര്‍ക്കുന്നു...പിന്നെ ഭാര്യയുടെ ഭീഷണിയില്‍നിന്ന് രക്ഷനേടാന്‍ അവര്‍ക്ക് കൂടി ഒരു ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കുന്നത് ഒരു പരിധിവരെ പരിഹാരമാണ്)

    ReplyDelete
  4. പ്രതിസന്ധികളിൽ നിന്നും കരകയറി ബൂലോകത്തും പൊതുരംഗത്തും വീണ്ടും സജീവമാകട്ടെ.
    ആയുരാരോഗ്യസൌഖ്യം നേരുന്നു.

    ReplyDelete
  5. ഇക്കയുടെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാം...
    (ഏതവനാണ് ഷെരിഫ് ഇക്കയ്ക്ക് ഹൃദയം ഇല്ലന്നു പറഞ്ഞത്...
    ഇക്കയുടെ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടു പിടിച്ച ഡോക്ടര്‍ക്കെതിരെ വല്ല വിധിയും പറഞ്ഞിട്ടുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്.)

    ReplyDelete
  6. എനിക്കും ഒരു ഹൃദയം ഉണ്ട്‌ !!!
    കൊള്ളാം നല്ല കുറിപ്പ്. വിശ്രമം ആവശ്യം
    അത് മറക്കേണ്ട കേട്ടോ

    ദാ ഭാര്യ വന്ന് മുമ്പില്‍ ദയനീയ മുഖത്തോടെ നില്‍ക്കുന്നു....ഇതെപോലോരാള്‍ ദയനീയ മുഖവുമായി മുന്നില്‍ നില്‍ക്കും ചിലപ്പോള്‍ സങ്കടം തോന്നും ഒപ്പം കംപ്യുട്ടര്‍ ഓഫാക്കും. അവരുടെ വാക്കും നോട്ടവും നിസ്സാരമായി എടുക്കല്ലേ ഇക്കാ!!
    ഷരീഫിക്കയുടെ ഹൃദയം ഉറപ്പുള്ളതാണ്!
    അവിടെ ബ്ലോക്കു വരാന്‍ വഴിയില്ലല്ലോ!
    എന്തായാലും വേഗം സുഖം പ്രാപിച്ചു പഴയപടി മുന്നോട്ടു പോകുവാന്‍ എന്റെ പ്രാര്‍ത്ഥന.
    Get Well Soon.

    ReplyDelete
  7. തടസങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ ....

    ReplyDelete
  8. ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  9. പ്രാര്‍ത്ഥിച്ചു കൊണ്ട് ഒത്തിരി നന്മയോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  10. എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനും പഴയപോലെ ഊർജ്ജസ്വലമായ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  11. ഓ, എന്റെ സംശ്യം തീര്‍ന്നു. ഷരിഫ് ഭായിയ്ക്ക് ഹൃദയമുണ്ടെന്ന് തെളിഞ്ഞല്ലോ...!!

    പൂര്‍ണ്ണാരോഗ്യത്തിനും സൌഖ്യത്തിനുമായി പ്രാര്‍ത്ഥനകളോടെ.

    ReplyDelete
  12. Welcome back S.Kottarakkara. I am so relieved that you are not "heartless" :)

    ReplyDelete
  13. "ജനങ്ങളുടെ രക്ഷിതാവേ, ഇദ്ദേഹത്തിന്റെ ക്ലേശം അകറ്റേണമേ, ഇദ്ദേഹത്തിന്റെ രോഗം നീ സുഖപ്പെടുത്തേണമേ ! യഥാർഥത്തിൽ രോഗം സുഖപ്പെടുത്തുന്നവൻ നീയാണല്ലോ. ഒരു രോഗവും അവശേഷിക്കാത്ത ശമനം !"

    ഹ്രദയ വാല്‍‌വ് തടസ്സം നീക്കം ചെയ്യാന്‍ സൌജന്യ ചികിത്സ
    Report on Sukumaran Vaidyar in Kattakkada
    http://www.youtube.com/watch?v=RaE5T5vGJ8Y

    ReplyDelete
  14. ഷെരീഫിക്ക....ഈ മനോധര്യം മാത്രം മതിയല്ലോ എല്ലാ തടസ്സങ്ങളേയും അതിജീവിയ്ക്കുവാൻ.....അതുകൊണ്ട് യാതൊരു ഭയപ്പാടുമില്ലാതെ ധൈര്യമായി മുൻപോട്ടു പോകുക.. സർവ്വേശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും... ഒപ്പം ഞങ്ങളുടെ പ്രാർത്ഥനകളും...
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  15. എന്റെ ചങ്ങാതിമാരേ! നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹവും എനിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും എന്നെ ഏറെ സന്തോഷവാനാക്കുന്നു . നന്ദി ഏവര്‍ക്കും നന്ദി.

    ReplyDelete
  16. ആരോഗ്യവാനായി തിരിച്ചെത്തിയതിൽ സന്തോഷം,

    ReplyDelete
  17. നല്ല മനസ്സോടെ മുന്നോട്ട്. കാരുണ്യവാനായ നാഥന്‍ ദീര്‍ഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. ആമീന്‍

    ReplyDelete
  18. നന്ദി . പ്രിയ മുഹിയുദ്ദീന്‍ , പ്രിയപ്പെട്ട എം.അഷറഫ്.

    ReplyDelete
  19. ഇക്കാടെ ആയുരാരോഗ്യത്തിനായ് സ്ർവ്വേശ്വരനോട് പ്രാർഥിക്കുന്നു

    ReplyDelete