Saturday, November 28, 2009

കുട്ടനാടന്‍ അസ്തമനം

സായാഹ്നം സന്ധ്യയുമായി ഇണ ചേരാന്‍ പോകുന്ന നേരത്ത് ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലൂടെകടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു....കുട്ടനാടും. നോക്കെത്താത്ത ദൂരം വരെ നെല്‍പ്പാടങ്ങളുടെനാടായിരുന്നു കുട്ടനാട്. കേരളത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും താഴ്ന്നു സ്ഥിതി ചെയ്യുന്ന ഏക പ്രദേശം . പുഞ്ചകൃഷിയും കൊയ്ത്തും മെതിയും ഓര്‍മ്മയായി അവശേഷിപ്പിച്ചു പാടങ്ങള്‍എല്ലാം നികത്തപ്പെട്ടുകൂറ്റന്‍ കെട്ടിടങ്ങളായി മാറി. ജലാശയങ്ങള്‍ എല്ലാം പ്ലാസ്ടിക് കവറുകളുടെ ശേഖരമായും രൂപാന്തരംപ്രാപിച്ചു. അവശേഷിക്കുന്നവയുടെ ചിത്രങ്ങളില്‍ ചിലതാണിത്.
കുട്ടനാടും അസ്തമിക്കാന്‍ തുടങ്ങുന്നു.

Tuesday, November 24, 2009

പട്ടാണി ഇക്കായുടെ സുന്നത്ത്.

വളരെ വർഷങ്ങൾക്കു മുമ്പു നടന്നു സംഭവം. സ്ഥലം ആലപ്പുഴയിലെ വട്ടപ്പള്ളി പ്രദേശം. വട്ടപ്പള്ളിയുടെ പ്രത്യേകത എന്റെ "ദോശ" കഥയിൽ ഞാൻ പറഞ്ഞിരുന്നു.
വട്ടപ്പള്ളി നിവാസികൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും യാഥാസ്തിക മുസ്ലിംകളാണു. പ്രത്യേക സംസ്കാരവും രീതികളും നഗരത്തിലെ ഇതര ഭാഗങ്ങളിൽ നിന്നും അവരെ വ്യത്യ്സ്ഥരാക്കി.
കഥ നടക്കുമ്പോൾ എനിക്കു 11 വയസ്സ്‌ പ്രായം. സ്കൂൾ സമയം കഴിഞ്ഞാൽ പിന്നീടു ഞങ്ങളുടെ പരിപാടി പന്തു കളിയാണു. ഫുട്ബാളല്ല; ഒറ്റയും പെട്ടയും എന്നാണു ആ കളിയുടെ പേരു. ക്രിക്കറ്റ്‌ പന്തിന്റെ വലിപ്പമുള്ള റബ്ബർ പന്താണു കളിക്കായി ഉപയോഗിച്ചിരുന്നതു.
ആ കാലഘട്ടത്തിൽ വട്ടപ്പള്ളിയിൽ പൂഴിമണൽ നിറഞ്ഞ വെളിപ്രദേശങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.. അവിടെയാണു ഞങ്ങൾ പന്തു കളിച്ചിരുന്നതു.ഇന്നു ആ മൈതാനങ്ങളെല്ലാം നിറയെ വീടുകളായിരിക്കുന്നു. പറമ്പുകൾ മുള വാരിയും പത്തലും ഉപയോഗിച്ചുള്ള വേലികൾ കൊണ്ടു തിരിച്ചിരുന്നു. ഈ വേലികളിൽ മുകൾ ഭാഗം ഓല കൊണ്ടു മറക്കും, അടി ഭാഗം മറക്കാറില്ല.
അന്നു വാശിയേറിയ കളി നടന്നു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുൽഖാദർ അടിച്ച പന്തു ഞങ്ങളുടെ തലക്കു മീതെ ചീറിപ്പാഞ്ഞു ദൂരയുള്ള പറമ്പിലെ വേലി മൂലയിലേക്കു ഉരുണ്ടു. ഞാനും കൂട്ടുകാരൻ ഷുക്കൂറും പന്തിന്റെ പുറകേ പാഞ്ഞു വേലി മൂലയിലെത്തി. ഷുക്കൂറാണു മുമ്പിൽ. ഈ വേലിയുടെ അടിഭാഗവും ഓലകൊണ്ടു മറച്ചിട്ടില്ല. വേലിക്കപ്പുറം മൂലയിൽ ആരോ ഇരുന്നു മൂത്രം ഒഴിക്കുന്നു. മൂത്രം ഒഴിപ്പു പൂർണ്ണമാകാതിരുന്നതിനാലായിരിക്കാം ഷുക്കൂർ പന്തിനു നേരെ ഓടി വന്നപ്പോൾ പെട്ടെന്നു അയാൾക്കു എഴുന്നേറ്റു മാറാൻ കഴിയാതെ വന്നതു. മൂത്രം ഒഴിപ്പു ഒരുവിധം പൂർണ്ണമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു. പക്ഷേ അതിനു മുമ്പു തന്നെ ഷുക്കൂർ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു കഴിഞ്ഞിരുന്നു.
അവൻ അലറി നിലവിളിച്ചു.
" ഹെന്റള്ളോ‍ാ പട്ടാണി ഇക്കായെ മാർക്കം ചെയ്തിട്ടില്ലേ....യ്‌"
എവിടെ നിന്നോ വട്ടപ്പള്ളിയിൽ വന്നു താമസിക്കുന്ന പഠാണി സമുദായത്തിൽ പെട്ട സുലൈമാൻ ഖാൻ ആയിരുന്നു അതു.
ഞങ്ങൾ കുട്ടികൾ പ്രായത്തിനു മൂത്ത പുരുഷന്മാരെ പേരിനോടൊപ്പം "ഇക്കാ" ചേർത്തു വിളിക്കും.പോലീസുകാരനെ പോലീസിക്കാ, കപ്പലണ്ടിക്കാരനെ കപ്പലണ്ടി ഇക്കാ എന്നിങ്ങനെ. സുലൈമാൻ ഖാനെ പട്ടാണി ഇക്കാ എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു.
പട്ടാണി ഇക്കാ ഞങ്ങളെ നോക്കി അമർത്തിയ സ്വരത്തിൽ പറഞ്ഞു.
"മിണ്ടല്ലേടാ പന്നീ മിണ്ടാതിരുന്നാൽ, പത്തിരീം ഇറച്ചീ ബാങ്ങിത്തരാം."

ഷുക്കൂർ അതു ചെവിക്കൊണ്ടില്ല. അവൻ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു. ഇത്രേം പ്രായമായിട്ടും അറ്റം കളയാതെ നടക്കുന്നോ ഹമുക്ക്‌. അവൻ പിന്നെയും കൂവിയാർത്തു.
"പട്ടാണി ഇക്കായെ കണ്ടിച്ചിട്ടില്ലേ"
ഷുക്കൂറിന്റെ കൂവലും നിലവിളിയും കേട്ടു കളിച്ചു കൊണ്ടിരുന്നവരും കാഴ്ച്ചക്കാരും രംഗത്തെത്തി. അപ്പോഴേക്കും പട്ടാണി ഇക്കാ സ്ഥലം വിട്ടിരുന്നു.
" എന്താടാ കാര്യം"? അവ്വക്കരിക്കാ ചോദിച്ചു. ടിയാൻ പള്ളി മഹൽ ഭാരവാഹിയാണു.
"പട്ടാണി ഇക്കായുടെ പുഞ്ഞാണി ഞാൻ കണ്ടു. അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ പറഞ്ഞു. അവന്റെ മുഖത്തെ അതിശയം ഇനിയും മാഞ്ഞിരുന്നില്ല.
" സത്യം പറയെടാ ബലാലേ, നീ കണ്ടോ അതു" അവ്വക്കരിക്കാ വിരട്ടി.
"അള്ളാണെ, മുത്തുനബിയാണെ, പള്ളി പുരയിലെ ഉസ്താദിന്റെ മുട്ടുകാലാണെ സത്യം , പട്ടാണി ഇക്കാ മുള്ളുന്നതു ഞാൻ നോക്കി, ഇക്കാടെ സംഗതി ഞാൻ കണ്ടു.അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ ആണയിട്ടു പറഞ്ഞു.
നിമിഷത്തിനുള്ളിൽ വട്ടപ്പള്ളിയിൽ വാർത്ത പരന്നു.പട്ടാണിക്കു സുന്നത്തു നടത്തിയിട്ടില്ല.
പട്ടാണി ഇക്കാക്കു നാൽപ്പതു വയസ്സു പ്രായം കാണും.
" അതാണു ഹമുക്കു പെണ്ണു കെട്ടാത്തതു" ഹമീദു മൂപ്പൻ പറഞ്ഞു.കൂടി നിന്നവർക്കും ഗുട്ടൻസ്സ്‌ പിടികിട്ടി.
സുലൈമാൻ ഖാൻ വിവാഹം കഴിക്കാത്തതു ചേലാ കർമ്മം നടാത്തതിനാലായിരുന്നു. കല്യാണം കഴിച്ചിരുന്നെങ്കിൽ ആദ്യ രാത്രിയിൽ തന്നെ പെണ്ണു വിളിച്ചു കൂവില്ലേ, പുതിയാപ്ലയുടെ സംഗതി നടന്നിട്ടില്ലെന്നു.
വാർത്ത മഹല്ലിലെത്തി. മഹല്ലു ഭാരവാഹികൾ സുലൈമാന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കി.
" ഭായി ചെറുപ്പത്തിലേ നാടു വിട്ടിരുന്നു;ഒരുപാടു നാളു കഴിഞ്ഞാണു തിരികെ വന്നതു. "സഹോദരി പറഞ്ഞു.
അപ്പോൾ അതാണു കാര്യം. സുന്നത്തു നടത്തേണ്ട പ്രായത്തിൽ സുലൈമാൻ നാടു വിട്ടിരുന്നു. പിന്നീടു തിരികെ വന്നപ്പോൾ പ്രായം ഏറെ കഴിയുകയും ചെയ്തിരുന്നു.
എന്തായാലും മഹല്ലു ഭാരവാഹികൾ സുലൈമാനെ കസ്റ്റഡിയിലെടുത്തു.
അന്നു ആശുപത്രിയിൽ ചേലാ കർമ്മം നടത്തികൊടുക്കാറില്ല.ഒസ്സാൻ മെയ്തീൻ കുഞ്ഞിനെ സുലൈമാന്റെ സുന്നത്തു നടത്താൻ മഹല്ലു ഭാരവാഹികൾ ചുമതലപ്പെടുത്തി.
" എന്തിന്റെ പുറത്തു വെച്ചു പടച്ചോനേ! ഈ മൂത്ത തൊലി വെട്ടും;പുളി മുട്ടു തന്നെ വേണ്ടി വരും." മൈതീൻ കുഞ്ഞു പിറുപിറുത്തു..
പിന്നെന്തു നടന്നെന്നോ, സുന്നത്തു എങ്ങിനെ നടത്തിയെന്നോ എനിക്കറിയില്ലാ.പട്ടാണി ഇക്കായെ രണ്ടാഴ്ച്ച ഞങ്ങൾ കണ്ടില്ല. അതു കഴിഞ്ഞു കാലുകൾ അൽപ്പം അകത്തിവെച്ചു റോഡിലൂടെ ടിയാൻ നടക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു കാര്യം പിടികിട്ടി.
സംഗതി നടന്നു കഴിഞ്ഞിരിക്കുന്നു.
മറ്റൊന്നു കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു. ഈ സംഭവത്തിനു ശേഷം ആറു മാസം കഴിഞ്ഞു പട്ടാണി ഇക്കായുടെ നിക്കാഹു നടന്നു. ഞങ്ങൾ കുട്ടികൾക്കു ആദ്യ സഫിൽ തന്നെ ബിരിയാണിയും കിട്ടി.


Monday, November 16, 2009

മെഡി.കോളേജു ഡയറി(അവസാനഭാഗം)


" ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" എന്ന എന്റെ പുസ്തകത്തിന്റെ അവസാനഭാഗം പോസ്റ്റ്‌ ചെയ്യുന്നു.കൂട്ടത്തിൽ സൈഫു ശേഷം നേരിട്ട അനുഭവങ്ങളും
16-12-1997
പകൽ 5.30
ഡിസ്‌ ചാർജു ഇന്നും നടക്കില്ല. സൈഫുവിന്റെ മുഖം വാടി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. റൂം കടന്നു 10 അടി മുന്നോട്ടു പോയി ഡോക്റ്റർ ആലപ്പാടൻ തിരിഞ്ഞു നിന്നു എന്നെ തലയട്ടി വിളിച്ചപ്പോൾ ഞാൻ പാഞ്ഞു ചെന്നു.
"
സൈഫുവിനെ ഇന്നു ഡിസ്‌ ചാർജു ചെയ്യുന്നു നിങ്ങൾ ഓഫീസ്സിലേക്കു വരുക."
ഇത്രയും സന്തോഷപ്രദമായ വാക്കുകൾ ജീവിതത്തിൽ ഇതിനു മുമ്പു ഞാൻ കേട്ടിട്ടില്ല. എന്റെ കണ്ണുകൾ നിറഞ്ഞു. കരുണാമയനായ ദൈവമേ! നിനക്കു സ്തുതി.
സമയത്തു ഹൃദയത്തിൽ അലതല്ലിയ വികാരം എനിക്കു കുറിപ്പിലൂടെ പ്രകടമാക്കാൻ സാധിക്കുന്നില്ല. ലോകാലോകങ്ങളുടെ സൃഷ്ടാവേ! ഞങ്ങളെ അവിടന്നു രക്ഷിച്ചു. ഞങ്ങൾ വീട്ടിൽ സുഖമായി പോകാൻ തക്കവിധം അവിടന്നു ഞങ്ങളിൽ കാരുണ്യം ചൊരിഞ്ഞു. കോടികോടീ നന്ദി.
ന്യൂറോളജി ഡിപ്പർറ്റ്മന്റിൽ നിന്നും സലി പേപ്പർ ശരിയാക്കി തന്നു. വൈകുന്നേരം ഡോക്റ്റർ ആലപ്പാടനെ അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കണ്ടു. സൈഫുവിന്റെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതു തിരികെ ലഭിക്കുന്നതു വരെ രോഗമുള്ളവരിൽ നിന്നും അകലെ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുറിവു ഉണങ്ങുമ്പോൾ ശരീരത്തിൽ വടുക്കൾ ഉണ്ടാകുന്നതു പോലെ മസ്തിഷ്കാവരണത്തില്‍ പഴുപ്പു വന്നു ഉണങ്ങിയ ഭാഗത്തു ഒരു ക്രമമല്ലാത്ത വര ഉണ്ടാകാമെന്നും അതു ജന്നി ഉണ്ടാക്കാൻ ഇടയാക്കുമെന്നും സൂക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
500
രൂപയുമായാണു ഞാൻ ആശുപത്രിയിലേക്കു തിരിച്ചതു, 51572 രൂപാ എല്ലാ ഇനത്തിലും കൂടി ഇതുവരെ ചെലവായി. ദൈവത്തിന്റെ കാരുണ്യം എങ്ങിനെയെല്ലാമോ ഞങ്ങളിലേക്കു ഒഴുകി വന്നു.നന്ദി ദൈവമേ നന്ദി!
രാത്രി7.30
ഡിസമ്പറിലെ കുളിരു നിറഞ്ഞ അന്തരീക്ഷത്തിൽ കാറില്‍ ഇരുന്നു ഞാൻ മെഡിക്കൽ കോളേജിലെ ഡയറിക്കുറിപ്പുകൾ അവസാനിപ്പിക്കുകയാണു. എല്ലവരോടും യാത്ര പറഞ്ഞു. ഡോക്റ്റർ അന്നാമ്മ ചാക്കോയെ ഒന്നാം വാർഡിൽ അവരുടെ മുറിയിൽ പോയി കണ്ടു. അവർ സൈഫുവിന്റെ തലയിൽ തലോടി യാത്രാ മംഗളം നേർന്നു. ഡോക്റ്റർ റഫീക്ക്‌ അൻസാറിനേയും കണ്ടു നന്ദി പറഞ്ഞു. സലിയും ഭർത്താവും അൽപ്പം മുമ്പു വന്നിരുന്നു. കഴിഞ്ഞ 51 ദിവസങ്ങളിലെ മെഡിക്കൽ കോളേജു ജീവിതത്തിൽ എന്തും മാത്രം സഹായമാണു അവരിൽ നിന്നും എനിക്കു ലഭിച്ചതു.
"
നന്ദി പറഞ്ഞാൽ അതു നന്ദികേടാകും" ഞാൻ സലിയുടെ ഭർത്താവിനോടു പറഞ്ഞു.
ഇവിടെ കിടക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യം ലഭിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു.ഞങ്ങളുടെ വേദന പോലെ ആയിരിക്കുമല്ലോ അവരുടേതും.
അൽപ നിമിഷത്തിനുള്ളിൽ അന്ധകാരത്തെ കീറിമുറിച്ചു കാർ മുന്നോട്ടു പോകും. ഡ്രൈവർക്കു കാണാവുന്ന ഭാഗത്തോളം കാറിന്റെ ഹെഡ്ലൈറ്റിൽ നിന്നും വെളിച്ചം കിട്ടും. അതിനപ്പുറം ഇരുട്ടിൽ എന്തെന്നു അറിയില്ല. മാരകമായ രോഗത്തിൽ നിന്നും രക്ഷപെട്ട എന്റെ മകന്റെ ഭാവി എന്തെന്നു എനിക്കറിയില്ല. ഡോക്ടര്‍ ജേക്കബ്‌ ആലപ്പാടൻ പറഞ്ഞതു ഓർമ്മയുണ്ടു"സൂക്ഷിക്കണം"
ഏറ്റവും വലിയ ഭിഷഗ്വരന്റെ സംരക്ഷണം എന്റെ മകനു ലഭ്യമാണെന്ന വിശ്വാസം എനിക്കുണ്ടല്ലോ.
ഇവിടെ കുറിപ്പു ഞാൻ നിർത്തുന്നു.
'
ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പുസ്തകമായി പ്രസിദ്ധീകരിച്ചതു ഇവിടെ അവസാനിക്കുനു. മെഡിക്കൽ കോളേജില്‍ ഞങ്ങള്‍ ഉണ്ടായിരുന്ന ദിവസങ്ങളിൽ എഴുതിയ ഡയറി പ്രസിദ്ധീകരണത്തിനായി 2000 ജനുവരി മുതൽ മിനുക്കു പണികൾ തുടങ്ങി. എഡിറ്റിംഗ്‌ നല്ല രീതിയിൽ നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കുവാനായി മലയാളത്തിലെ എല്ലാ ആനുകാലികങ്ങളുടെ ആഫീസുകളിലും ഞാൻ കയറി ഇറങ്ങി. കഥകളും അവസാനം 2007 ആരംഭത്തിൽ തിരുവനന്തപുരം എം.പി.അപ്പൻ റോഡിലുള്ള പരിധി പബ്ലിക്കേഷൻ വഴി പുസ്തകം പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളും 26-9-2009 ലെ എന്റെ പോസ്റ്റിൽ ഉണ്ടു. ഡയറി അവസാനിപ്പിച്ചു കഴിഞ്ഞതിനു ശേഷം സൈഫുവിനു അനുഭവപ്പെട്ടതെന്തെന്നു രേഖപ്പെടുത്തിയില്ലെങ്കിൽ പോസ്റ്റു അപൂര്‍ണമാകുമെന്ന ചിന്തയാൽ ശേഷം എന്ന തലക്കെട്ടിൽ ഞാൻ അതു പോസ്റ്റു ചെയ്യുന്നു.
ശേഷം
സൈഫു പിന്നീട് പലതവണ മെഡിക്കൽ കോളേജിൽ ചെക്കപ്പിനായി ഹജരായി. ടേഗ്രറ്റോൾ100 എന്ന ഗുളിക തുടരെ കഴിക്കുക എന്ന് അവിടന്നു കിട്ടിയ നിർദ്ദേശം ആദ്യ കാലങ്ങളിലനുസരിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയപ്പോൽ എല്ലാം ഒരു വഴിപാടു പോലെയും ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങൾ ഒരു ദുസ്വപ്നം മാത്രമായും രൂപാന്തരം പ്രാപിച്ചു. ഡോക്റ്റർ ജേക്കബ്‌ ആലപ്പാടന്റെ "സൂക്ഷിക്കണം" എന്ന താക്കീതും കാലക്രമത്തിൽ വിസ്മരിച്ചു. ട്ടെഗ്രടോള്‍ കഴിക്കുന്നതും ക്രമം തെറ്റാൻ തുടങ്ങി . ദിവസങ്ങളിൽ അയൽപക്കത്തു വീട്ടിൽ ജലദോഷം വന്നാൽ പോലും സൈഫുവിനു അതു പകരുന്ന വിധം അവന്റെ ശരീര പ്രതിരോധ ശക്തി നശിച്ചിരുന്നു. അവനു വർഷത്തെ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതാനും കഴിഞ്ഞില്ല.
10-5-1998
ഉച്ച നേരം പുറത്തു നിന്നും വന്ന ഞാൻ സൈഫു വീഡിയോ ഗെയിം കളിക്കുന്നതു കണ്ടു അകത്തേക്കു പോയി. പക്ഷികളെ വെടി വെക്കുന്ന ഒരു ഗെയിം. ഒരോ വെടിക്കും ഒരോ ഫ്ലാഷ്‌ ടി.വി. സ്ക്രീനിൽ തെളിയുന്നതു അവൻ കാണുകയായിരുന്നു. ഒപ്പം അവന്റെ മാതൃ സഹോദരി പുത്രനും ഉണ്ടായിരുന്നു. പെട്ടെന്ന് കൂട്ടനിലവിളി കേട്ടു ഓടി വന്നു നോക്കിയപ്പോള്‍ സൈഫ് നിലത്തു വീണു പിടക്കുന്നതാണ് കണ്ടത് . മുഖം ഒരു വശത്തേക്കു കോടി വായിൽ നിന്നും പതവരുന്നു. 2-3 മിനിട്ടു നേരം ഇതു തുടർന്നു.വീഡിയോ പ്ലെയറിൽ നിന്നും വൈദ്യുതി ഷോക്കു ഏറ്റതായിരിക്കാം എന്നു ആദ്യം എനിക്കു തോന്നി.പക്ഷേ പിന്നീടാണു അവനു ഫിറ്റ്സ്‌(ജന്നി) വന്നതു എന്നു മനസ്സിലായതു. മസ്തിഷ്കാവരണത്തിൽ പഴുപ്പു വന്നു ഉണങ്ങിയ ഭാഗത്ത് ഒരു വടു ഉണ്ടാകാമെന്നും അത് ജന്നി ഉണ്ടാകാന്‍ കാരണമായേക്കാം എന്ന് ഡോക്ടര്‍ ആലപ്പാടന്‍ പറഞ്ഞതു ഓര്‍മ്മ വന്നു.
സൈഫു ക്ഷീണിതനായി കാണപ്പെട്ടു. വീട്ടിലെ എല്ലാ സന്തോഷവും ഇല്ലാതായി.അടുത്ത ദിവസംതന്നെ സൈഫുവിനെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. ഡോക്റ്റർ ആലപ്പാടൻ സ്ഥലംമാറിപ്പോയതിനാൽ ഡോക്റ്റർ ടോണിയാണു സൈഫുവിനെ പരിശോധിച്ചതു. ടേഗ്രറ്റോൾ 100 എന്നത് 200ആക്കി ഉയർത്തുകയല്ലാതെ മറ്റൊന്നും അവർക്കു ചെയ്യാനില്ലായിരുന്നു. നവംബർ മാസത്തിനു മുമ്പു2തവണ കൂടി സൈഫുവിനു ഫിറ്റ്സ്‌ വന്നു. തുടർന്നു നവംബറിൽ തന്നെ 2 ദിവസം അടുത്തടുത്തദിവസങ്ങളിൽ രോഗം വന്നതിനാൽ ഡോക്റ്റർ മാർത്താണ്ഡൻ പിള്ളയെ അദ്ദേഹത്തിന്റെ വീ‍ീട്ടിൽപോയി ബന്ധപ്പെട്ടു. അദ്ദേഹവും ടേഗ്രറ്റോൾ 200 തുടരാനാണു നിർദ്ദേശിച്ചതു.
പിന്നീടു അഞ്ചൽ സ്വദേശിയും ഹോമിയോ ഗവേഷകനുമായ ഡോക്റ്റർ പ്രസാദ്‌ ഉമ്മൻ ജോർജിന്റെചികിൽസയിലായി അവൻ. ടേഗ്രറ്റോൾ തുടർന്നാലും ഇല്ലെങ്കിലും ഹോമിയോ മരുന്നിനു അതുബാധകമല്ലെന്നു ഡോക്റ്റർ പ്രസാദ്‌ പറഞ്ഞതിനാൽ ടേഗ്രറ്റോളും തുടർന്നു. എല്ലാ മാസവുംപ്രസാദിനെയും ആറു മാസം കൂടുമ്പോൾ മാർത്താണ്ഡൻ പിള്ളയെയും കാണുക എന്നതു ഞങ്ങളുടെജീവിത ചര്യ ആയി.
വർഷങ്ങൾ കടന്നു പോയി. കാലഘട്ടത്തിൽ കർശനമായ നിയന്ത്രണത്തിലായിരുന്നു സൈഫുജീവിതം കഴിച്ചു കൂട്ടിയതു. ടി.വി. കാണുകയോ തനിച്ചു ദൂരയാത്ര ക്കു പോകുകയോ ചെയ്യില്ലായിരുന്നു. അവൻ മെഡിക്കൽ കോളേജിൽ നിന്നും വന്നു കഴിഞ്ഞു അടുത്ത വർഷം എസ്‌.എസ്‌.എൽ.സി. ക്ലാസ്സിൽ ചേർന്നിരുന്നു. പൊതു പരീക്ഷക്കു ഉറക്കമൊഴിച്ചിരുന്നു പഠിക്കാൻ ഞങ്ങൾ അവനെഅനുവദിച്ചിരുന്നില്ല."എല്ലാ മാതാ പിതാക്കളും നല്ല വണ്ണം പഠിക്കൂ മോനേ എന്നു പറയുമ്പോൾ ഇവിടെപഠിക്കല്ലേ മോനേ എന്നാണു പറയുന്നതു." സൈഫു ഞങ്ങളെ കളിയാക്കി. പരിഹാസത്തിൽവേദനയുടെ നേരിയ നിഴൽ ഉണ്ടായിരുന്നു. പക്ഷേ ബുദ്ധിമുട്ടി പഠിക്കാതിരുന്നിട്ടും അവൻഎസ്‌.എസ്‌.എൽ.സി. പരീക്ഷ ഉയർന്ന മാർക്കോടെ പാസ്സായി. ഇഷ്ടപ്പെട്ട ക്രിക്കറ്റു കളി ടി.വി.യിൽവരുമ്പോഴും അവന്റെ കൂട്ടുകാർ അവനെ തഴഞ്ഞു ടി.വി.യുടെ മുമ്പിൽ ചടഞ്ഞിരിക്കുമ്പോഴും കളിടി.വി.യിൽ കാണാൻ കഴിയാതെ മൂകനായി ഏതെങ്കിലും മൂലയിൽ ഒറ്റക്കിരിക്കുന്ന സൈഫു ഞങ്ങൾകുഒരു നൊമ്പരമായി.നാല്വര്ഷം കഴിഞ്ഞു ടെഗ്രടോള്നിര്‍ത്താന്‍ മാര്‍ത്താണ്ഡന്പിള്ള നിര്‍ദ്ദേശിച്ചു. പ്രസാദിന്റെ ഹോമിയോ ചികിത്സ പിന്നെയും ഒരുവര്‍ഷം കഴിഞ്ഞാണ് അവസാനിപ്പിച്ചത്. ഇതിനിടയില്‍ പനിയോ മറ്റു അസുഖങ്ങളോ വന്നാല്‍ ഹോമിയോ മരുന്നിനെ ആണ് അഭയം പ്രാപിച്ചത് .
വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ്‌ ഓടി പോയത്. സൈഫ് ആരോഗ്യവാനായ ഒരു യുവാവായി .

.
അവന്‍ ബി.എസ.സി. ഡിഗ്രീ ക്ലാസ്സോടു കൂടി പാസ്സായി. അതിനുശേഷം തിരുവനന്തപുരം ലാ അക്കാദമിയിൽ എൽ.എൽ.ബി. കോഴ്സ്സിനു ചേർന്നു. കാലങ്ങളിൽആദ്യമായി അവൻ ഞങ്ങളെ പിരിഞ്ഞു താമസിച്ചു. ആഴ്ച്ചയിൽ ഒരു ദിവസം തിരുവനന്തപുരംവിശേഷങ്ങളുമായിവീട്ടിൽ വരുന്ന അവനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു. ഹോസ്റ്റൽ ഫീകൂടാതെ ആഴ്ച്ചയിൽ 50 രൂപാ മാത്രം ചിലവഴിച്ചാണു അവൻ തിരുവനന്തപുരം സിറ്റിയിൽകഴിഞ്ഞിരുന്നതെന്നും ഇവിടെ കൂട്ടി ചേർക്കേണ്ടിയിരിക്കുന്നു
നിയമ ബിരുദം കരസ്ഥമാക്കിയ സൈഫു 11-11-2007 അഭിഭാഷകനായി എൻ റോൾ ചെയ്തുകൊട്ടാരക്കരയിൽ അഡ്വക്കേറ്റ്‌ ചിതറ രാധാകൃഷ്ണൻ നായരുടെ ജൂനിയറായി പ്രാക്റ്റീസ്സു തുടങ്ങി. ഞാൻഅവനോടു പറഞ്ഞു" നിനക്കു വിവാഹ പ്രായമായി. പെൺകുട്ടി നിന്റെ ഇഷ്ടം നോക്കിതിരഞ്ഞെടുക്കാൻ നിനക്കു അവകാശമുണ്ടു.പക്ഷേ നിന്റെ സഹോദരന്മാരെപ്പോലെ സ്ത്രീ ധനവുംസ്വർണ്ണവും പാടില്ല."
"ഞാൻ നോക്കി ഇരിക്കുകയായിരുന്നു. ഇതു കേൾക്കാൻ," ഉടൻ വന്നു അവന്റെ മറുപടി. ലാ കോളേജിൽഅവന്റെ സഹപാഠിയായിരുന്ന സാധാരണ കുടുംബത്തിൽ പെട്ട മഞ്ചേരി സ്വദേശിനി പെൺകുട്ടിയെവിവാഹം കഴിക്കാനൂള്ള ആഗ്രഹം അവൻ വെളിപ്പെടുത്തിയപ്പോൾ " മോനേ നിന്നെ പഠിക്കാനയച്ചോഅതോ പെണ്ണിനെ നോക്കാൻ അയച്ചോ" എന്നു അവന്റെ അമ്മ അവനെ ഒന്നു കുത്തിയെങ്കിലുംഅവനു അതു ഏശിയതായി തോന്നിയില്ല. ലാ കോളേജിൽ പടിക്കുമ്പോൾ അവന്റെ കഥ "ഒരുമെഡിക്കൽ കോളേജു ഡയറിക്കുറിപ്പു " എന്ന പേരിൽ പ്രസിദ്ധീകരിച്ചു.പുസ്തകം വായിച്ച അവന്റെസഹപാഠികളായ പെൺ കുട്ടികളുടെ മുമ്പിൽ അവൻ ഹീറോ ആയി വിലസുകയായിരുന്നു.

2008 മെയ്‌ മാസത്തിൽ സൈഫു വിവാഹിതനായി. കഴിഞ്ഞ കാലങ്ങളിലെ മനപീഢയെല്ലം കഴിഞ്ഞുഎന്നു ഞാൻ കരുതി. പക്ഷേ..... വിവാഹം കഴിഞ്ഞു അടുത്ത മാസം ഞാനും സൈഫുവും ഭാര്യയുംആലപ്പുഴ പോകാൻ കൊട്ടാരക്കരയിൽ നിന്നും ബസ്സിൽ കയറി. അൽപ്പ നേരം കഴിഞ്ഞു ആരോഅമറുന്ന പോലെ ശബ്ദം കേട്ടതിനാൽ ഞാൻ തിരുഞ്ഞു നോക്കിയപ്പോൾ സൈഫു നിലത്തേക്കുവീഴുന്നതാണു കണ്ടതു. പത്തു കൊല്ലത്തിനു ശേഷം അവനു വീണ്ടും ഫിറ്റ്സ്‌ വന്നിരിക്കുന്നു. സൈഫുവിന്റെ ഭാര്യ ഷൈനി ഏങ്ങി കരഞ്ഞു. വെള്ളിടി വെട്ടിയതു പോലെയായി ഞാൻ. ബസ്സിൽനിന്നും യാത്രക്കാരുടെ സഹായത്തോടെ അവനെ താഴെ ഇറക്കി കിടത്തി. ഒരു മിനിട്ടു നേരം എന്തുപറയണമെന്നറിയാതെ ഞാൻ മിഴിച്ചു നിന്നു. യാത്ര റദ്ദാക്കി അവനും ഭാര്യയുമായി ഞാൻ തിരികെവീട്ടിലെത്തിയെങ്കിലും ഞാൻ ആകെ തകർന്നിരുന്നു.
അടുത്ത ആഴ്ച്ച തിരുവനന്തപുരം എസ്‌..ടി. യിലെ പ്രസിദ്ധ ന്യൂറോളജിസ്റ്റ്‌ ആയ ഡോക്റ്റർ മുഹമ്മദ്‌കുഞ്ഞിനെ സൈഫുവുമായി പോയി കണ്ടു ചികിൽസ തുടങ്ങി. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണംടേഗ്രറ്റോൾ400 ആണു ഇപ്പോൾ അവൻ കഴിക്കുന്നതു. ഡോക്റ്റർ പ്രസാദിന്റെ ഹോമിയോ ചികിൽസയുംതുടരുന്നു. 11 മാസത്തിനു ശേഷം 2009 മെയ്‌ മാസത്തിൽ ബാർ അസ്സോസിയേഷൻ ഹാളിൽഇരിക്കുമ്പോൾ ഒരിക്കൽ കൂടി അവനു ഫിറ്റ്സ്‌ വന്നു. ന്യൂറോളജിസ്റ്റ്‌ വിദഗ്ദരുടെ കാഴപ്പാടിൽ ഫിറ്റ്സ്‌ ഒരുരോഗമല്ല, സൈഫുവിനു ജന്മനാലുള്ള രോഗവുമല്ല. അവന്റെ മസ്തിഷ്കാവരണത്തിൽ മുറിവു വന്നുഉണങ്ങിയ ഒരു പാടു അവശേഷിക്കുന്നതാണു കാരണം. ഗുളികകൾ കൊണ്ടു അതു മാറ്റാവുന്നതേ ഉള്ളൂ. പക്ഷേ അവൻ ഒരു അഭിഭാഷകനാണു. കക്ഷികളുടെ മുമ്പിൽ ആദരവും ബഹുമാനവും ആവശ്യമുള്ളവ്യക്തി. ബുദ്ധിയും മിടുക്കും വാശിയും വേണ്ടതാണു അവന്റെ തൊഴിൽ രംഗം. അതെല്ലാം ആവശ്യത്തിനുഅവനുണ്ടെങ്കിലും രോഗം കക്ഷികളുടെ മുമ്പിൽ അവന്റെ വില ഇടിക്കില്ലേ എന്നാണു എന്റെ ശങ്ക. നിയമ ബിരുദം യോഗ്യത ആയുള്ള മറ്റു ജോലിക്കായിശ്രമിക്കാൻ ഞാൻ അവനോടു പറഞ്ഞു."ശ്രമിക്കാം" എന്ന മറുപടിയും കിട്ടി.
12 വർഷങ്ങൾക്കു മുമ്പു എന്റെ മകനു കല്ലട ഇറിഗേഷൻ കനാലിൽ ഒന്നു മുങ്ങികുളിക്കാൻ തോന്നി. അതുകാരണം അവനു പനി വന്നു,പനി മെനൈഞ്ചിറ്റിസ്‌ ആയി ബ്രൈൻ ആബ്സസ്സ്‌ ആയി. ചികിൽസയുംചികിൽസയുടെ ഡയറിയുമയി. അതു പുസ്തകമായി , പിന്നീടു ബ്ലോഗിലുമായി. ഒന്നു കുളിക്കാൻതോന്നിയതിന്റെ തുടർച്ചകൾ നിരീക്ഷിക്കുക. തീർച്ച ആയും ആരോ ഒരാൾ എല്ലാറ്റിനും ചരടുവലിക്കുന്നുണ്ടു.നമ്മൾ ചരടിലെ പാവകൾ മാത്രം!
സൈഫു ഇപ്പോൾ ആരോഗ്യവാനാണു. അവന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുക, അവനെസന്തോഷവാനാക്കുക; ഇതാണു ഇപ്പോൾ ഞങ്ങൾ ചെയ്യുന്നതു.
എന്തിനാണു ഇതു പോസ്റ്റ്‌ ചെയ്യുന്നതു എന്നു ഞാൻ ചിന്തിച്ചു. മനസ്സിലുള്ളതു മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ അവരിൽ നിന്നു സമാശ്വാസത്തിന്റെ വാക്കുകൾ ലഭിക്കും അതു നമ്മിൽ സമാധാനംകൊണ്ടു വരും. സമാധാനം പ്രതീക്ഷിച്ചാണു പോസ്റ്റ്‌.
ഇവിടെ കുറിപ്പുകൾ ഞാൻ നിർത്തുന്നു, നിങ്ങളുടെ പ്രാർത്ഥനകൾക്കു വേണ്ടിയുള്ളഅപേക്ഷയുമായി. സൈഫുവിന്റെ ഫോട്ടോയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.അവന്റെ ഫോൺ നമ്പറും. വീടു:0474 2456116, മൊബെയിൽ:9747980012.കോടതി സമയം ഒഴികെ (രാവിലെ 10 മണിക്കു മുമ്പുംവൈകുന്നേരം 5 മണിക്കു ശേഷവും) അവനെ ഫോണിൽ ലഭിക്കും. കഴിഞ്ഞ പോസ്റ്റുകളിൽ ഏറെപ്രാർത്ഥനകൾ എന്റെ മകനു ലഭിച്ചിരുന്നു. എല്ലാവർക്കും അനേകമനേക നന്ദി.


Saturday, November 7, 2009

മെഡി.കോളേജു ഡയറി (പതിനെട്ടു)

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പതിനെട്ടാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. പൂർണമായിമനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക)
ഡയറിക്കുറിപ്പുകൾ അടുത്ത പോസ്റ്റിൽ അവസാനിപ്പിക്കാമെന്നു കരുതുന്നു. കുറിപ്പുകൾപ്രസിദ്ധീകരിച്ച പുസ്തകം ഒറ്റ ഇരുപ്പിൽ വായിക്കുമ്പോൾ ലഭിക്കുന്ന വായനാ സുഖംപലദിവസങ്ങളിൽ ബ്ലോഗിൽ ഭാഗങ്ങളായി വായിക്കുമ്പോൾ അനുഭവപ്പെടണമെന്നില്ല. ഭാഗങ്ങളായിവായിക്കുമ്പോള്‍ വിരസത ഉളവാകുമോ എന്നു ഞാൻ ശങ്കിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലെകുറിപ്പുകൾ സൈഫുവിന്റെ രോഗ ശമനത്തെയും മറ്റും പ്രതിപാദിക്കുന്നതാകയാൽ അതിലെപ്രസക്തമായ ഭാഗങ്ങൾ മാത്രം പോസ്റ്റിൽ ഇടാമെന്നും പുസ്തകത്തിന്റെ അവസാനഭാഗവുംശേഷം സൈഫുവിന്റെ അനുഭവങ്ങളും (അതു പുസ്തകത്തിൽ ഇല്ല) അടുത്ത പോസ്റ്റിൽപ്രസിദ്ധീകരിക്കാമെന്നും വിചാരിക്കുന്നു.
03-12-1997
ഇന്നു സൈഫു അവന്റെ ഗദ .വി, സ്റ്റാന്റിൽ തൂക്കി ഇട്ടു വരാന്തായിൽ ഇരുന്നു വാഹനങ്ങളെനിരീക്ഷിച്ചു. കുറെ നേരം കഴിഞ്ഞു അവൻ എന്നോടു ചോദിച്ചു, മോട്ടോർ കാർ പ്രചാരത്തിൽവരുന്നതിനു മുമ്പു നിരത്തിൽ കൂടി ഏതു വാഹനമാണു സഞ്ചരിച്ചിരുന്നതു എന്നു. രാജഭരണകാലത്തെ വാഹനങ്ങളെപ്പറ്റി അവൻ ചോദിച്ചപ്പോൾ ഞാൻ അവനെ ബലമായി എഴുന്നേൽപ്പിച്ചുമുറിക്കുള്ളിലാക്കി. തലച്ചോറിനു ആയാസം കൊടുക്കനുള്ള സമയമല്ലിതു. "ചിന്താ സ്വാതന്ത്ര്യം പോലുംഅനുവദിക്കില്ലേ " എന്നു ചോദിച്ചു അവൻ പിണങ്ങി കിടന്നു. കുറച്ചു കഴിയുമ്പോൾ അവന്റെ പിണക്കം മാറും എന്നെനിക്കറിയാം. വല്ലപ്പോഴും അൽപ്പം പിണങ്ങുന്നതും നല്ലതാണു. രോഗത്തിൽ നിന്നും മുക്തിനേടി സാധരണ ജീവിതത്തിലേക്കു തിരിച്ചു വരുന്നു എന്നതിനു തെളിവാണല്ലോ ഇണക്കവുംപിണക്കവും.
04-12-1997
സി.പി കുത്തിവെപ്പു 8 മണിക്കൂർ ഇടവിട്ടാക്കി. ക്ലോറോമയ്സിൻ .വി. നിർത്തി. പകരം മരുന്നുക്യാപ്സൂൾ 6 മണിക്കൂർ ഇടവിട്ടു കൊടുക്കുന്നു. എത്രമാത്രം മരുന്നുകൾ അവന്റെ ശരീരത്തിൽ കടത്തിവിടുന്നു. ഇതെല്ലം അവനെ എങ്ങിനെ ബാധിക്കും എന്നറിയില്ല. മോഡേൺ മെഡിസിനിൽ ഒരുകാലഘട്ടത്തിൽ സൽഫാ മരുന്നുകൾ കൊട്ടി ഘോഷിക്കപ്പെട്ടതും ദൂഷ്യ ഫലങ്ങൾ കണ്ടു പിന്നീടുഉപേക്ഷിക്കപ്പെട്ടതും ഓർമ്മ വന്നു. അതു പോലെ പെൻസിലിനും ക്ലോറോമയ്സിനും ഇപ്പോൾസ്വീകാര്യമെങ്കിലും ഒരുകാലത്തു തൂത്തെറിയപ്പെടും. ഔഷധങ്ങളെല്ലാം വിഷമയമാണു. വിഷംശരീരത്തിനു ദോഷവുമാണു. പറഞ്ഞിട്ടു എന്തു ഫലം! പകരം വിജയകരമായ ചികിൽസാ രീതിഒന്നുമില്ല. എല്ലാ ചികിൽസാ രീതികളും ഒരുമിച്ചു ഒരു സ്ഥപനത്തിനു കീഴിൽ കൊണ്ടു വന്നു തക്കസമയംകൂട്ടായ ആലോചനയിലൂടെ ആവശ്യമുള്ളതു പ്രയോഗിക്കുക എന്ന പദ്ധതി നിലവിൽ വന്നാൽനന്നായിരിക്കും.
"ഞങ്ങളുടെ ചികിൽസാ രീതിയാണു ഏറ്റവും മെച്ചമെന്നും മറ്റേതു തട്ടിപ്പാണെന്നും "എല്ലാവരും വീമ്പുപറയുന്നിടത്തു പദ്ധതി എങ്ങിനെ നടപ്പിൽ വരാൻ. മാത്രമല്ല മോഡേൺ മെഡിസിനിലെ ഭീമൻകുത്തക ഔഷധ കമ്പനികൾകു തങ്ങളുടെ ചരക്കുകൾ വിറ്റഴിക്കേണ്ടതിനു മറ്റു ചികിൽസാ രീതികൾഅബദ്ധമാണെന്നു സ്ഥാപിക്കേണ്ട്തു നില നിൽപ്പിന്റെ ഭാഗവുമാണു.
സൈറൺ മുഴക്കി ഒരു ആംബുലൻസ്സ്‌ ക്യാഷ്വാലിറ്റിയിലേക്കു കയറുന്നു. ഏതോ ഹത ഭാഗ്യൻ(ഗ്യ) ഇപ്പോൾ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്ന നൂൽപ്പാലത്തിലാണു. ഇന്നത്തെ കുറിപ്പുനിർത്തുന്നു.
05-12-1997.
സൈഫു ചാരി ഇരുന്നു അൽപ്പനേരം പുസ്തകം വായിക്കും. ബഷീറിന്റെ സമ്പൂർണ്ണ ക്രുതികൾസലിയുടെ ഭർത്താവു ഷാ വായനക്കായി കൊടുത്തു. അൽപ്പ നേരം പുസ്തകം വായിക്കുമ്പോള്‍ ഞാൻപിടിച്ചു കിടത്തും.
ഡോക്റ്റർ മാർത്താണ്ഡൻ പിള്ള വരുമ്പോൾ ഭയം ഉൽക്കണ്ഠ, എന്നീ രോഗങ്ങൾക്കു അവന്റെ പിതാവായഎന്നെ ചികിൽസിപ്പിക്കണമെന്നാണു അവന്റെ അഭിപ്രായം. ശരിയാണു, രോഗം അവനും ദുഃഖംഎനിക്കും അവന്റെ ഉമ്മയ്ക്കുമായിരുന്നല്ലോ!
ഞാൻ ഇതെഴുതുന്ന നേരം ചെറിയ ചീർപ്പു കൊണ്ടു അവൻ കുറ്റി മുടി ചീകുന്നു. അതു കണ്ടു നിന്നഅവന്റെ അമ്മയുടെ മുഖത്തു വന്ന ചിരി അവനെ പരിഹസിച്ചതാണെന്നു അവൻ പരാതിപ്പെട്ടു. ഡോക്റ്റർ മാർത്താണ്ഡൻപിള്ളയും ഡോക്റ്റർ ആലപ്പാടനും മുറിയിൽ വന്നു കയറിയതിനാൽ ഇപ്പോൾഒരു പിണക്കം ഒഴിവായി. പക്ഷേ ഡോക്റ്റർ മാർത്താണ്ഡൻപിള്ള പതിവു ആക്ഷൻ എടുപ്പിച്ചതിനുശേഷം അവനോടു ഇളിച്ചു കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ അവൻ അതു അമ്മയുടെ നേരെ...................യ്‌..യ്‌........... എന്നു ഇളിച്ചു കാട്ടി. ശബ്ദം അൽപ്പം നീട്ടുകയും ചെയ്തു. ഡോക്റ്ററുടെ ചുണ്ടിന്റെ കോണിൽ ചിരി വന്നു നിൽക്കുന്നതു എനിക്കു കാണാൻ കഴിഞ്ഞു.
ഡോക്റ്റർ പരിശോധിച്ചു കഴിഞ്ഞു ആവശ്യമുള്ള കുറിപ്പുകൾ കേസ്സ്‌ ഷീറ്റിൽ രേഖപ്പെടുത്തിയതിനുശേഷം അവന്റെ തോളിൽ തട്ടി .
06-12-1997
മരുന്നു തുടരുന്നു. രാത്രി നേരിയ ചൂടു, രാവിലേയും വൈകുന്നേരവും തെർമോമീറ്ററിൽ ടെമ്പറേച്ചർനോർമലാണു. ഒരു തെർമോമീറ്റർ ഞാൻ സ്വന്തമായി വാങ്ങിയതിനാൽ ഏതു നേരവും അവന്റെ ചൂടുപരിശോധിക്കൻ കഴിയുന്നു. അവനു അതു തമാശയായണു അനുഭവപ്പെടുന്നതു.
"കുത്തി വൈക്കാൻ കൂടി പഠിച്ചിരുന്നെങ്കിൽ പാതിരാത്രി പാവം സിസ്റ്ററെ ബുദ്ധിമുട്ടിക്കാതെകഴിച്ചുകൂട്ടാമെന്നു" അവന്റെ അമ്മ അഭിപ്രായപെട്ടതു അമ്മ എന്നെ കുത്തിയതാണെന്നാണുസൈഫുവിന്റെ വെളിപ്പെടുത്തൽ.
07-12-1997.
ഡിസംബർ ആയി. രാവിലെ മഞ്ഞു മറനീക്കി സൂര്യൻ തെളിഞ്ഞു വരുന്നതു കാണാൻ ഏറെ ഭംഗി.അതിരാവിലെ സൈഫു അഞ്ചാം നിലയിലെ മുറിയുടെ വാതിൽക്കൽ കസേരെയിൽ ഇരുന്നു സൂര്യോദയംകാണും. കുങ്കുമ വർണ്ണത്തിൽ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച്ച അവനു അഹ്ലാദകരമാണു.
ആതുരാലയത്തിൽ നിന്നു സുന്ദരമായ കാഴ്ച്ച കാണുമ്പോഴും മനസ്സ്‌ ശാന്തമല്ല . ഇന്നലെഅടുത്തമുറിയില്‍ ഒരു മരണം നടന്നു. സിസ്റ്റർ ഓടിപ്പോകുനതും ഹൗസ്സ്‌ സർജൻ വരുന്നതുംപോകുന്നതും തുടർന്നു മുറിയിൽ നിന്നു ആരുടെയോ തേങ്ങിക്കരച്ചിൽ കേള്‍ക്കുന്നതും ഞാൻ ശ്രദ്ധിച്ചു. മരണം ഇരയെ തേടി പതുങ്ങി നടക്കുന്ന അന്തരീക്ഷത്തിൽ എത്ര സുന്ദരമായ കാഴ്ചയുംആസ്വാദ്യകര മാവില്ല.പനി പൂർണ്ണമായി മാറിയാൽ മാത്രമേ ഇവിടെ നിന്നും പോകാൻ അനുവദിക്കുകയുള്ളൂ. എത്രയും പെട്ടെന്നു വീട്ടിൽ പോകാൻ വെമ്പുന്ന മനസ്സോടെയാണു ഞങ്ങൾ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതു. ജനറൽ വാർഡിൽ ആയിരുന്നെങ്കിൽ വവ്വാൽ ഡോക്റ്റർ ഞങ്ങളെ കെട്ടുകെട്ടിച്ചേനെ.
ഇന്നു സൈഫുവിനെ സന്ദർശിക്കാനെത്തിയ ബന്ധുക്കൾ പൊതിച്ചോർ കൊണ്ടു വന്നതു(പൊതിച്ചോർ അവനു വലിയ ഇഷ്ടമാണു)ബാക്കി വന്നതിനാൽ ആ പൊതികൾ ആർക്കെങ്കിലും കൊടുക്കാമെന്നു കരുതി ആറാം വാർഡിൽ പോയി.സൈഫുവിനെ പോലെ ഒരു കുട്ടി ന്യൂറോ സർജറിയിലെ ചികിൽസക്കു ശേഷം ആ വാർഡിൽ കിടപ്പുണ്ടു.ആ കുട്ടിയും ബന്ധുക്കളും നിർദ്ധനരായതിനാൽ പൊതിച്ചോർ അവർക്കു നൽകാമെന്നു കരുതി ആണു ഞാൻ പോയതു.ആലപ്പുഴയിൽ നിന്നും വന്ന അനന്തിരവൻ ബാബുവിനെ സൈഫുവിനും അമ്മക്കും കൂട്ടിരുത്തി.
ഓർത്തോ ഡിപ്പാർട്ട്മന്റിനരികിലൂടെയാണു ഞാൻ നടന്നതു.ഹോ! അവിടെ കണ്ട കാഴ്ച്ച എന്നെ ശരിക്കും ഞെട്ടിച്ചു.ഒരു വാർഡ്‌ നിറയെ കയ്യും കാലും ഒടിഞ്ഞവർ. ചിലരുടെ കാലിൽ തൂക്കം കെട്ടി ഇട്ടിരിക്കുന്നു. ഭൂരിഭാഗം ആൾക്കാരും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. എല്ലുകൾ ഒടിഞ്ഞവരെ ഒരു വാർഡിൽ ഒരുമിച്ചു കാണുന്നതു ഭയാനകരമായ കാഴ്ച്ചയാണു. ഞങ്ങൾ മുമ്പു കിടന്നിരുന്ന ഒന്നാം വാർഡിൽ ഇത്രയും തിരക്കില്ല. ഇവിടെ കട്ടിലിനു താഴെയും വരാന്തയിലും രോഗികൾ. മൂത്രപ്പുരയിൽ നിന്നും അസഹനീയമായ ദുർഗന്ധം അവിടെ വ്യാപിച്ചിരുന്നു. അവിടെ കഴിയുന്നവരും മനുഷ്യരാണെന്നു ചിന്തിച്ചപ്പോൾ സങ്കടം തോന്നി. ആശുപത്രിയിൽ സുഖത്തിനും സന്തോഷത്തിനും സ്ഥാനമില്ലല്ലോ.ജീവിതം ദുഃഖമയം തന്നെ ആണു. ദുഃഖത്തിന്റെ ശമനമാണു സുഖമെന്നതു എത്ര ശരി. ഭാവി ജീവിതത്തിൽ എപ്പോഴെങ്കിലും അഹങ്കാരം തോന്നുന്ന വേളയിൽ മെഡിക്കൽ കോളേജു സന്ദർശിക്കണം.
09-12-1997.
സൈഫുവിന്റെ നെറ്റിയിലും മുഖത്തും ചെറിയ കുരുക്കൾ കാണപ്പെട്ടു തുടങ്ങി. മുമ്പു ഇതു പോലെ രോഗശമനം വന്ന ദിവസമാണു, ചൊറിച്ചിലും തിണർപ്പും കാണപ്പെട്ടതും രോഗം ഗുരുതരമായതും. ഡോക്റ്റർ ആലപ്പാടനെ വിവരം ധരിപ്പിച്ചപ്പോൾ ഭയക്കനൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു.എങ്കിലും....
10-12-1997
ഇന്നു മുതൽ സിഫാലാക്സിൻ കാപ്സൂൾ 6 മണിക്കൂർ ഇടവിട്ടു കൊടുത്തു തുടങ്ങി. നെറ്റിയിലും മുഖത്തും കുരുക്കൾ അങ്ങിനെ തന്നെ നിൽക്കുന്നു. നാളെ മുതൽ കുത്തിവൈപ്പു നിർത്തും എന്നു ഡോക്റ്റർ പറഞ്ഞു. ദീർഘമായ ഒരു കാലയളവിനു ശേഷം കുത്തിവൈപ്പു ഇല്ലാത്ത ഒരു ദിവസം സൈഫുവിനു ഉണ്ടാകാൻ പോകുന്നു.
വെയിലിന്റെ കാഠിന്യം ഇല്ലത്ത സമയങ്ങളിലെല്ലാം സൈഫു വരാന്തയിലാണു. ഐ.വി.സ്റ്റാന്റ്‌ സമീപത്തു സ്ഥാപിച്ചു കസേരയിലിരുന്നു തിരക്ക് നിറഞ്ഞ നഗരത്തെ കാണുക എന്നതാണു ഇപ്പോൾ അവന്റെ ജോലി. ഏതെങ്കിലും വാഹനം പതുക്കെ പോകുന്നതു കാണാൻ കൊതിയാകുന്നു എന്നു ഒരിക്കൽ അവൻ പറഞ്ഞു. നിരത്തിൽ ധ്രുതിയില്ലാത്ത ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നി.
11-12-1997
ഇന്നു മുതൽ സൈഫുവിനു കുത്തിവൈപ്പു നിർത്തി. നെഞ്ചിലെ ഐ.വി.നീഡിൽ മാറ്റി. ഇപ്പോൽ ഗദയിലാതെ അവനു സഞ്ചരിക്കാം. ക്ലോറോമയ്സിൻ ക്യാപ്സൂളും നിർത്തി. ഇപ്പോൾ സിഫാലക്സിൻ, ടേഗ്രറ്റോൾ, ബിക്കാസൂൽസ്സ്‌ എന്നീ ഗുളികകൾ കൊടുക്കുന്നു. ചൊറിച്ചിലും ചുമപ്പും നെഞ്ചിലേക്കും കയ്യിലേക്കും വ്യാപിച്ചിട്ടുണ്ടു. പക്ഷേ അവൻ മാനസികമായി കരുത്തു നേടിയിരിക്കുന്നു. മുമ്പു ഉണ്ടായിരുന്നതു പോലെ മയക്കം ഇല്ല. കുത്തി വൈപ്പിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെ പ്രവർത്തനമാകാം പുറമേ ത്വക്കിൽ കാണപ്പെടുന്നതു.ഹിതകരമല്ലാത്ത വസ്തുവിനെ തിരസ്കരിക്കാൻ ശരീരം കാണിക്കുന്ന പ്രവണത ആണല്ലോ അലർജി എന്നറിയപ്പെടുന്നതു. പ്രതിദിനം ഡോക്റ്ററന്മർ വന്നു പരിശോധിക്കുന്നതിനാൽ ചൊറിച്ചിലും തിണർപ്പും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.
മുറിയിൽ വന്ന നഴ്സിനോടു അവർക്കു നൈറ്റ്‌ ഡ്യൂട്ടി ആണോ എന്നു അമ്മ അന്വേഷണം നടത്തിയതു ഇപ്രകരമാണെന്നു സൈഫു അവന്റെ സഹോദരന്മാരായ ബിജുവിനോടും സെയിലുവിനോടും വിവരിച്ചു.
"സിസ്റ്ററേ രാത്രി നൈറ്റാണോ?"
ഇതു പറഞ്ഞു സഹോദരന്മാർ ചിരിച്ചതിനാൽ അമ്മയും മകനും സൗന്ദര്യപ്പിണക്കത്തിലാണു.അവന്റെ നർമ്മം മെഡിക്കൽ കോളേജിലെ വിരസത മാറ്റാൻ പലപ്പോഴും ഉപകരിക്കുന്നു
13-12-1997
7 ദിവസം ഗുളിക കൊടുക്കുകയും ആ ദിവസങ്ങളിൽ പനി വരാതിരിക്കുകയും ചെയ്താൽ സൈഫുവിനെ ഡിസ്‌ ചാർജു ചെയ്തേക്കാം എന്നു ഡോക്റ്റർ ആലപ്പാടൻ പറഞ്ഞു.
15-12-1997
ഡിസ്‌ ചാർജു ചെയ്യാൻ സമയം ആയപ്പോൾ സഹനശക്തി നഷ്ടപ്പെടുകയാണു. ഡോക്റ്റർ അറിയതെ ഇവിടെ നിന്നും കടന്നാൽ എന്തെന്നു വരെ തോന്നൽ ഉണ്ടായി.പേ വാർഡിൽ ജനറൽ വാർഡിലെ പോലെ വവ്വാൽ ഡോക്റ്ററുടെ കുടി ഇറക്കു ഭീഷണി ഇല്ല. ഡോക്റ്റർ മാർത്താണ്ഡൻ പിള്ള ലീവിലാണു.അദ്ദേഹം വന്നാൽ മാത്രമേ ഡിസ്‌ ചാർജു ചെയ്യുകയുള്ളൂ എന്നാണു അറിയാൻ കഴിഞ്ഞതു. പേ വാർഡിലെ എല്ലാ നിലകളിലും ലിഫ്റ്റ്‌ വഴി ഞാനും സൈഫുവും ചുറ്റിക്കറങ്ങി നടക്കും. ബോറടി മാറ്റാൻ അവൻ കണ്ട പോം വഴിയാണതു. ഏറെ ദിവസം ഒരേ കിടപ്പിലായതിനാൽ നടക്കാൻ അവനു അതിയായ ആഗ്രഹം. അവന്റെ ഉത്സാഹത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഡോക്റ്റർ മാർത്താണ്ഡൻപിള്ള വന്നു പരിശോധിച്ചു കഴിഞ്ഞു ഇനിയും കുറെ ദിവസം കൂടി കിടക്കണമെന്നു പറഞ്ഞാൽ എന്തു ചെയ്യുമെന്നാണു അവന്റെ ഭീതി.ടെൻഷൻ....ആകെ ടെൻഷൻ.
16-12-1997 പകൽ 5.30
ഡോക്റ്റർ മാർത്താണ്ഡൻപിള്ള ലീവു തീർന്നു ഇന്നെത്തുമെന്നറിഞ്ഞു സൈഫു രാവിലെ തന്നെ കുളിച്ചു തയാറായി വരാന്തയിൽ നിന്നു. ഞങ്ങൾ രണ്ടു പേരും കോണിപ്പടി ഭാഗത്താണു നിന്നതു.ഇനിയും കുറേ ദിവസങ്ങൾ ഇവിടെ കിടക്കണമെന്നു ഡോക്റ്റർ ആവശ്യപ്പെടും എന്ന ശങ്കയിലാണു സൈഫു. അതിനാൽ താൻ ആരോഗ്യവാനാണു എന്നു എങ്ങിനെയും ഡോക്റ്ററെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു അവൻ.
ഡോക്റ്റർ കോണിപ്പടി കയറി വരുമ്പോൾ ഞങ്ങൾ മുമ്പേ നടക്കണം. അപ്പോൾ ഡോക്റ്റർ സൈഫുവിനെ കാണൂകയും അവന്റെ നടപ്പു നിരീക്ഷിച്ചു അവൻ ആരോഗ്യവാനാണെന്നു ബോദ്ധ്യപ്പെടും. ഇതെല്ലാമായിരുന്നു അവന്റെ പ്ലാൻ. പക്ഷേ ഏറെ നേരം കാത്തു നിന്നിട്ടും ഡോക്റ്റർ വന്നില്ല. ഞങ്ങൾ നിരാശരായി താഴത്തെ നിലയിൽ പോയി അന്വേഷിക്കാമെന്നു കരുതി. താഴെ നിലയിലെ വരാന്തയിലെത്തിയപ്പോൾ അവിടെ നിന്നും ഡോക്റ്റർ പെട്ടെന്നു മുകളിലെ പടികൾ കയറുന്നതാണു കണ്ടതു. ഡോക്റ്റർ ആലപ്പാടനും കൂടെ ഉണ്ടു. ഞങ്ങൾ പുറകിലായി പോയതു കാരണം നടന്നു കാണിക്കൽ പരിപാടി പാളി. എങ്കിലും ഞങ്ങൾ ഡോക്റ്ററുടെ തൊട്ടു പുറകെ കൂടി. പെട്ടെന്നു അദ്ദേഹ തിരിഞ്ഞു നോക്കി സൈഫുവിനെ കണ്ടു. "ഇതു അവനല്ലേ" എന്നു ഡോക്റ്റർ ആലപ്പാടനോടു ചോദിച്ചു. അതെ എന്നു അദ്ദേഹം തലകുലുക്കി. ഞങ്ങളുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അദേഹം അകത്തു കയറാതെ നേരെ നടന്നു. ഞങ്ങൾ നിരാശരായി നോക്കി നിന്നുഡിസ്‌ ചാർജു ഇന്നും നടക്കില്ല. സൈഫുവിന്റെ മുഖം വാടി.(ഡയറിക്കുറിപ്പു ബാക്കി ഭാഗവും ഡിസ്‌ ചാർജിനു ശേഷം സൈഫു കടന്നു പോയ അനുഭവങ്ങളുമടങ്ങിയ താണ് പോസ്റ്റിന്റെ അടുത്തതുംഅവസാനത്തേതുമായ ഭാഗം )
"