Wednesday, November 4, 2009

മെഡി.കോളേജു ഡയറി(പതിനേഴു)

("മെഡിക്കൽ കോളേജു ഡയറി" പതിനേഴാം ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. പൂർണമായി മനസ്സിലാക്കാൻ മുൻഭാഗങ്ങൾ വയിക്കുക)
29-11-1997
ഉച്ചയ്ക്ക്‌ കഴിക്കേണ്ട ആഹാരം സൈഫു 11 മണിക്കു തന്നെ കഴിച്ചു. 5 മണിക്കു സ്കാൻ ചെയ്യണമല്ലോ. 5 മണിക്കൂർ ഉപവാസം സൈഫുവിനെ വല്ലതെ തളർത്തുന്നു. തുടർച്ചയായി ട്രിപ്പു കൊടുക്കുന്നു എങ്കിലും ആഹാരം കഴിച്ചില്ലെങ്കിൽ അവനു വല്ലായ്മയാണു. പതിവുള്ള കുത്തിവൈപ്പു മരുന്നുകൾ ശരീരത്തിൽ പ്രവർത്തനം നടത്തുന്നതിനോടൊപ്പം ഉപവാസം കൂടി ആകുമ്പോൾ അവൻ തളർന്നു പോകുന്നു.
ഇന്നു ദീർഘ നേരം അവൻ കണ്ണാടിയിൽ നോക്കി നിൽക്കുകയും കുറ്റി തലമുടിയിൽ വിരലോടിക്കുകയും ചെയ്തു.
" മുടി വളരുന്നുണ്ടല്ലോ" എന്നു അവൻ എന്നോടു അന്വേഷിച്ചു. അവന്റെ ദുഃഖം എനിക്കു മനസ്സിലാകുന്നു. സ്കൂളിൽ കൂട്ടുകാരോടൊപ്പം മൊട്ടത്തലയുമായി ഇരിക്കുന്നതിലുള്ള മനപ്രയാസമാണു.
ജീവൻ തിരിച്ചു കിട്ടിയ സ്ഥിതിക്കു ഇനി രണ്ടു തവണ കൂടി മൊട്ട അടിച്ചാലും കുഴപ്പമില്ലെന്നായി ഞാൻ. മാത്രമല്ല അവനു ഈ തവണ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതാൻ കഴിയാതെ വരും എന്നും ഞാന്‍ സൂചിപ്പിച്ചു .
പഠിക്കാതെ പരീക്ഷ എഴുതുന്നതിൽ അർത്ഥമില്ല. ഇനി മൂന്നു മാസത്തേക്കു അവനു ഒന്നിനും ആയാസപ്പെടാൻ കഴിയാതെ വരും. പിന്നെങ്ങിനെ പരീക്ഷ എഴുതും.
ഈ കാര്യം പറഞ്ഞപ്പോൾ അവന്റെ മുഖം മ്ലാനമായി. എങ്കിലും അവൻ പറഞ്ഞതിങ്ങിനെ.
"ദൈവ കാരുണ്യത്താൽ ഞാൻ ജീവനോടുണ്ടല്ലോ, അടുത്ത തവണയെങ്കിലും പരീക്ഷ എഴുതാൻ ഇടയാകട്ടെ"
പലതും പറഞ്ഞു ഞാൻ അവനു ധൈര്യം നൽകി.
വൈകുന്നേരം അഞ്ചര മണിയായി സ്കാൻ ചെയ്തപ്പോൾ. ചട്ടവട്ടങ്ങൾ കഴിഞ്ഞ ഉടൻ സ്കാൻ മുറിയിൽ കയറി. സൈഫു ഇപ്പോൾ അവിടെ സുപരിചിതനാണു. അവിടെ നിന്നിരുന്ന നഴ്സ്സ്‌ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
സ്കാൻ റിപ്പോർട്ട്‌ വാങ്ങി ഡോക്റ്റർ ആലപ്പാടനെ കാണിക്കുന്നതിനു മുമ്പു ഞാൻ അതു വയിച്ചു. പഴുപ്പു അൽപ്പം കൂടി ബാക്കി ഉണ്ടു പക്ഷേ അതു ഒരു ക്യപ്സൂളിനുള്ളിൽ ആയിരിക്കുന്നു. ക്യാപ്സൂൾ ചെറുതായി രൂപം പ്രാപിച്ചു വരുന്നതായി സി.ടി.കാണിക്കുന്നു.
"പഴുപ്പു കുറഞ്ഞിട്ടുണ്ടു പക്ഷേ........ഡോക്റ്റർ നിർത്തി . ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നിന്നും കണ്ണു എടുത്തീല്ല.
'പക്ഷേ ക്യാപ്സൂൾ രൂപം പ്രാപിച്ചാൽ ജന്നി(ഫിറ്റ്സ്‌) ഉണ്ടാകാൻ സാദ്ധ്യത ഉണ്ടു. ടേഗ്രറ്റോൾ ഗുളിക കുറച്ചു നാൾ കൊടുക്കണം. ബാക്കിയുള്ള പഴുപ്പും കുത്തി എടുക്കണം" അദ്ദേഹം പറഞ്ഞു.
സൈഫു ഇനിയും ന്യൂറോ സർജറി വിഭാഗത്തിലെ മുറിയിൽ പോകേണ്ടിയിരിക്കുന്നു.സ്കാൻ ചെയ്യാനായി ഡൈ കുത്തിവെച്ചതിൽ ശരീരത്തിൽ പ്രതിപ്രവർത്തനം ഒന്നുമില്ല. രക്തം പരിശോധിച്ചതിലും കുഴപ്പമില്ല. രോഗം കുറഞ്ഞു കൊണ്ടിരിക്കുന്നു. സി.പി.കുത്തിവൈപ്പു നാലു മണിക്കൂർ ഇടവിട്ടാണു.
30-11-1997.
സൈഫു ഇപ്പോൽ വാതിൽക്കൽ വന്നിരിക്കും തൊട്ടടുത്തു ഐ.വി.സ്റ്റാന്റിൽ അവന്റെ ഗദ(ട്രിപ്പു കൊടുക്കുന്ന കുപ്പിയും ട്യൂബും) തൂക്കി ഇടും. വാതിൽക്കൽ ഇരുന്നാൽ ദൂരെ തെങ്ങിൻ നിരകളും കെട്ടിടങ്ങളും വെയിലിൽ വെട്ടിത്തിളങ്ങുന്നതു കാണാം. പ്രക്രുതി ഭംഗി അസ്വദിക്കാനുള്ള കഴിവു അവനിൽ തിരിച്ചെത്തിയിരിക്കുന്നു. നാളെ നാലാമതു നീഡിൽ ആസ്പറേഷനാണു.പഴുപ്പു കുത്തി എടുപ്പു. അവന്റെ കരച്ചിൽ കേൾക്കാൻ വയ്യ. മരവിപ്പിക്കാൻ മരുന്നു കുത്തി വൈക്കാൻ പറയണം. ആ മരുന്നിന്റെ പ്രതിപ്രവർത്തനം ഉണ്ടാകുമോ എന്നു ഭയമാകുന്നു. രോഗത്തിന്റെ ശമന ഘട്ടത്തിൽ ഇനിയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരുന്നൽ മതിയായിരുന്നു.
ലക്ഷ ദ്വീപിൽ നിന്നും മെഡിസിൻ പഠിക്കാൻ വന്നു സ്കൂട്ടർ അപകടത്തിൽ ന്യൂറോ സർജറി ഡിപ്പാർട്ട്‌മന്റിൽ ചികിൽസയിലിരുന്ന വിദ്യാർത്ഥി മരിച്ചതായറിഞ്ഞു.(കഴിഞ്ഞ ഒരു പോസ്റ്റിൽ അയാളെ അഡ്മിറ്റ്‌ ചെയ്ത വിവരം ഞാൻ സൂചിപ്പിച്ചിരുന്നു) ബന്ധുക്കൾ എല്ലാവരും ദിവസങ്ങളായി ഇവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ മൃതദേഹം ലക്ഷദ്വീപിലേക്ക് കൊണ്ടു പോകാതെ കുമാരപുരം പള്ളിയിൽ അടക്കം ചെയ്തു. മകൻ ഡോക്റ്ററാകും എന്നു സ്വപ്നം കണ്ടിരുന്ന മാതാപിതാക്കളുടെ ദുഃഖം ഊഹാതീതമാണു.
1-12-1997
ഇന്നു നാലാമതു നീഡിൽ ആസ്പറേഷൻ നടത്തി. മരവിപ്പിച്ചാണു ചെയ്തതെങ്കിലും സൈഫു അൽപ്പം കരഞ്ഞു. അധികം പഴുപ്പു കുത്തി എടുക്കാനുണ്ടായിരുന്നില്ല.
ഈ കുറിപ്പുകളുടെ ആദ്യ ഭാഗം ഞാൻ വായിച്ചു നോക്കിയപ്പോൽ ഒരു പ്രത്യേകത കണ്ടു പിടിച്ചു. ആദ്യത്തെ നീഡിൽ ആസ്പരേഷൻ നേരം ഉണ്ടയിരുന്ന ടെൻഷൻ എനിക്കിപ്പോൾ ഇല്ല. സാഹചര്യങ്ങൾ എന്നെ അങ്ങിനെ ആക്കി തീർത്തു.
ഈ ആശുപത്രിയിൽ വളരെ ഏറെ ഞാൻ കണ്ടു. ഏറെകഷ്ടപടുകൾ! ഏറെ മരണങ്ങൾ! ന്യൂറോ സർജറി ഡിപ്പാർട്ടുമന്റ്‌ സന്ദര്‍ശിക്കുമ്പോള്‍ മനുഷ്യ ജീവിതം നശ്വരമാണെന്നു നമുക്കു ബോദ്ധ്യമാകും.
ഈ കാര്യം ഞാൻ ഒരു നഴ്സിനോടു പറഞ്ഞപ്പോൾ അവർ പറഞ്ഞു; ജീവിതത്തിന്റെ വിലയില്ലായ്മ അറിയണമെങ്കിൽ റീജിയനൽ ക്യാൻസ്സർ സെന്ററിൽ പോകണമെന്നു .ശരിയായിരിക്കാം. ഞാൻ എന്തുമാത്രം തുള്ളിച്ചാടി നടന്നവനായിരുന്നു. ഇന്നു ആരോടെങ്കിലും സം സാരിക്കുന്നതു തന്നെ വിനയത്തോടെയാണ് . എന്നോടു കയർത്താൽ പോലും പരമാവധി സംയമനം ഞാൻ പാലിക്കുന്നു. വാക്കിലോ നോട്ടത്തിലോ പോലും തെറ്റു ചെയ്യാതിരിക്കാൻ ശ്രമിക്കുന്നു.എന്നിൽ ഇങ്ങിനെ ഒരു മാറ്റം ഉണ്ടാകണമെന്നു ദൈവം ഉദ്ദേശിച്ചിരുന്നോ? അതിനാലാണൊ ഞാൻ ഈ ആശുപത്രിയിൽ വന്നു പെട്ടതു. എല്ല കാര്യങ്ങളും കരുണാമയൻ നേരത്തെ നിച്ചയിച്ചു വെച്ചതാകാം. ദൈവ ഹിതം ആരറിയുന്നു.
സൈഫുവിന്റെ മസ്തിഷ്കാവരണത്തിലെ പഴുപ്പു പരിപൂർണ്ണമായി മാറിയാൽ മാത്രം രോഗം ഭേദപ്പെട്ടു എന്നു പറയാം. ഇന്നു പഴുപ്പു കുത്തി എടുത്തപ്പോൾ അൽപ്പം ചോരയും വന്നെന്നു സലി പറഞ്ഞു.
മരവിപ്പിക്കാനായി കുത്തിവെച്ച മരുന്നു പ്രതിപ്രവർത്തനം നടത്തിയില്ലെന്നു തോന്നുന്നു. കാരണം സൈഫു സ്വസ്ഥമായി ഉറങ്ങുന്നതു അൽപ്പം മുമ്പു ഞാൻ കണ്ടു. അവൻ സുഖ നിദ്രയിലാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും.എന്റെ മോൻ ഇങ്ങിനെ ശാന്തമായി ഉറങ്ങുന്നതു കണ്ടിട്ടു നാളേറെയായി. പ്രുക്രുതിയും ശാന്തമാണു. മഴമേഘങ്ങൾ മാഞ്ഞു കഴിഞ്ഞു.ഞാനിതെഴുതുന്നതു പേ വാർഡ്‌ റൂമിന്റെ സമീപത്തുള്ള വരാന്തയിലെ ട്യൂബ്‌ ലൈറ്റു വെട്ടത്തിലിരുന്നാണു. നഗരം ഉറങ്ങുനു. ദൂരെ ഇരുണ്ട നിറത്തിൽ കാണുന്നതു പച്ച തഴപ്പുകള്‍ ആണ്‍. അതിനു മപ്പുറം വൈദ്യുത വിളക്കുകൾ നക്ഷത്രങ്ങൾ പോലെ കാണപ്പെട്ടു. തെളിഞ്ഞ മനത്തു താരകങ്ങൾ വെട്ടിത്തിളങ്ങുന്നു. വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങൾ മാത്രം നിശ്ശബ്ദതയെ കീറി മുറിച്ചു. ഇനി എത്ര ദിവസങ്ങൾ ഞാൻ ഈ കുറിപ്പുകൾ എഴുതേണ്ടി വരും. ഇന്നു എനിക്കു ഉറക്കം വരുന്നു; അതും അതിശയമാണു. (മെഡിക്കൽ കോളേജു ഡയറി തുടരുന്നു......)


1 comment:

  1. വായിയ്ക്കുന്നുണ്ടു മാഷേ...
    കമന്റെഴുതാന്‍ കമ്പ്യൂട്ടര്‍ ചിലപ്പോള്‍ സമ്മതിയ്ക്കാത്തതിനാലാണ് മിണ്ടാതെ പോകുന്നത്...

    ReplyDelete