Monday, November 16, 2009
മെഡി.കോളേജു ഡയറി(അവസാനഭാഗം)
" ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" എന്ന എന്റെ പുസ്തകത്തിന്റെ അവസാനഭാഗം പോസ്റ്റ് ചെയ്യുന്നു.കൂട്ടത്തിൽ സൈഫു ശേഷം നേരിട്ട അനുഭവങ്ങളും
16-12-1997 പകൽ 5.30
ഡിസ് ചാർജു ഇന്നും നടക്കില്ല. സൈഫുവിന്റെ മുഖം വാടി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. റൂം കടന്നു 10 അടി മുന്നോട്ടു പോയി ഡോക്റ്റർ ആലപ്പാടൻ തിരിഞ്ഞു നിന്നു എന്നെ തലയട്ടി വിളിച്ചപ്പോൾ ഞാൻ പാഞ്ഞു ചെന്നു.
"സൈഫുവിനെ ഇന്നു ഡിസ് ചാർജു ചെയ്യുന്നു നിങ്ങൾ ഓഫീസ്സിലേക്കു വരുക."
ഇത്രയും സന്തോഷപ്രദമായ വാക്കുകൾ ജീവിതത്തിൽ ഇതിനു മുമ്പു ഞാൻ കേട്ടിട്ടില്ല. എന്റെ കണ്ണുകൾ നിറഞ്ഞു. കരുണാമയനായ ദൈവമേ! നിനക്കു സ്തുതി.
ആ സമയത്തു ഹൃദയത്തിൽ അലതല്ലിയ വികാരം എനിക്കു ഈ കുറിപ്പിലൂടെ പ്രകടമാക്കാൻ സാധിക്കുന്നില്ല. ലോകാലോകങ്ങളുടെ സൃഷ്ടാവേ! ഞങ്ങളെ അവിടന്നു രക്ഷിച്ചു. ഞങ്ങൾ വീട്ടിൽ സുഖമായി പോകാൻ തക്കവിധം അവിടന്നു ഞങ്ങളിൽ കാരുണ്യം ചൊരിഞ്ഞു. കോടികോടീ നന്ദി.
ന്യൂറോളജി ഡിപ്പർറ്റ്മന്റിൽ നിന്നും സലി പേപ്പർ ശരിയാക്കി തന്നു. വൈകുന്നേരം ഡോക്റ്റർ ആലപ്പാടനെ അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കണ്ടു. സൈഫുവിന്റെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതു തിരികെ ലഭിക്കുന്നതു വരെ രോഗമുള്ളവരിൽ നിന്നും അകലെ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുറിവു ഉണങ്ങുമ്പോൾ ശരീരത്തിൽ വടുക്കൾ ഉണ്ടാകുന്നതു പോലെ മസ്തിഷ്കാവരണത്തില്‍ പഴുപ്പു വന്നു ഉണങ്ങിയ ഭാഗത്തു ഒരു ക്രമമല്ലാത്ത വര ഉണ്ടാകാമെന്നും അതു ജന്നി ഉണ്ടാക്കാൻ ഇടയാക്കുമെന്നും സൂക്ഷിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
500 രൂപയുമായാണു ഞാൻ ആശുപത്രിയിലേക്കു തിരിച്ചതു, 51572 രൂപാ എല്ലാ ഇനത്തിലും കൂടി ഇതുവരെ ചെലവായി. ദൈവത്തിന്റെ കാരുണ്യം എങ്ങിനെയെല്ലാമോ ഞങ്ങളിലേക്കു ഒഴുകി വന്നു.നന്ദി ദൈവമേ നന്ദി!
രാത്രി7.30
ഡിസമ്പറിലെ കുളിരു നിറഞ്ഞ അന്തരീക്ഷത്തിൽ ഈ കാറില്‍ ഇരുന്നു ഞാൻ മെഡിക്കൽ കോളേജിലെ ഡയറിക്കുറിപ്പുകൾ അവസാനിപ്പിക്കുകയാണു. എല്ലവരോടും യാത്ര പറഞ്ഞു. ഡോക്റ്റർ അന്നാമ്മ ചാക്കോയെ ഒന്നാം വാർഡിൽ അവരുടെ മുറിയിൽ പോയി കണ്ടു. അവർ സൈഫുവിന്റെ തലയിൽ തലോടി യാത്രാ മംഗളം നേർന്നു. ഡോക്റ്റർ റഫീക്ക് അൻസാറിനേയും കണ്ടു നന്ദി പറഞ്ഞു. സലിയും ഭർത്താവും അൽപ്പം മുമ്പു വന്നിരുന്നു. കഴിഞ്ഞ 51 ദിവസങ്ങളിലെ മെഡിക്കൽ കോളേജു ജീവിതത്തിൽ എന്തും മാത്രം സഹായമാണു അവരിൽ നിന്നും എനിക്കു ലഭിച്ചതു.
"നന്ദി പറഞ്ഞാൽ അതു നന്ദികേടാകും" ഞാൻ സലിയുടെ ഭർത്താവിനോടു പറഞ്ഞു.
ഇവിടെ കിടക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യം ലഭിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു.ഞങ്ങളുടെ വേദന പോലെ ആയിരിക്കുമല്ലോ അവരുടേതും.
അൽപ നിമിഷത്തിനുള്ളിൽ അന്ധകാരത്തെ കീറിമുറിച്ചു ഈ കാർ മുന്നോട്ടു പോകും. ഡ്രൈവർക്കു കാണാവുന്ന ഭാഗത്തോളം കാറിന്റെ ഹെഡ്ലൈറ്റിൽ നിന്നും വെളിച്ചം കിട്ടും. അതിനപ്പുറം ഇരുട്ടിൽ എന്തെന്നു അറിയില്ല. മാരകമായ രോഗത്തിൽ നിന്നും രക്ഷപെട്ട എന്റെ മകന്റെ ഭാവി എന്തെന്നു എനിക്കറിയില്ല. ഡോക്ടര്‍ ജേക്കബ് ആലപ്പാടൻ പറഞ്ഞതു ഓർമ്മയുണ്ടു"സൂക്ഷിക്കണം"
ഏറ്റവും വലിയ ഭിഷഗ്വരന്റെ സംരക്ഷണം എന്റെ മകനു ലഭ്യമാണെന്ന വിശ്വാസം എനിക്കുണ്ടല്ലോ.
ഇവിടെ ഈ കുറിപ്പു ഞാൻ നിർത്തുന്നു.
'ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പു" പുസ്തകമായി പ്രസിദ്ധീകരിച്ചതു ഇവിടെ അവസാനിക്കുനു. മെഡിക്കൽ കോളേജില്‍ ഞങ്ങള്‍ ഉണ്ടായിരുന്ന ദിവസങ്ങളിൽ എഴുതിയ ഡയറി പ്രസിദ്ധീകരണത്തിനായി 2000 ജനുവരി മുതൽ മിനുക്കു പണികൾ തുടങ്ങി. എഡിറ്റിംഗ് നല്ല രീതിയിൽ നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കുവാനായി മലയാളത്തിലെ എല്ലാ ആനുകാലികങ്ങളുടെ ആഫീസുകളിലും ഞാൻ കയറി ഇറങ്ങി. അ കഥകളും അവസാനം 2007 ആരംഭത്തിൽ തിരുവനന്തപുരം എം.പി.അപ്പൻ റോഡിലുള്ള പരിധി പബ്ലിക്കേഷൻ വഴി പുസ്തകം പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളും 26-9-2009 ലെ എന്റെ പോസ്റ്റിൽ ഉണ്ടു. ഡയറി അവസാനിപ്പിച്ചു കഴിഞ്ഞതിനു ശേഷം സൈഫുവിനു അനുഭവപ്പെട്ടതെന്തെന്നു രേഖപ്പെടുത്തിയില്ലെങ്കിൽ ഈ പോസ്റ്റു അപൂര്‍ണമാകുമെന്ന ചിന്തയാൽ ശേഷം എന്ന തലക്കെട്ടിൽ ഞാൻ അതു പോസ്റ്റു ചെയ്യുന്നു.
ശേഷം
സൈഫു പിന്നീട് പലതവണ മെഡിക്കൽ കോളേജിൽ ചെക്കപ്പിനായി ഹജരായി. ടേഗ്രറ്റോൾ100 എന്ന ഗുളിക തുടരെ കഴിക്കുക എന്ന് അവിടന്നു കിട്ടിയ നിർദ്ദേശം ആദ്യ കാലങ്ങളിലനുസരിച്ചു. ദിവസങ്ങളും മാസങ്ങളും കടന്നു പോയപ്പോൽ എല്ലാം ഒരു വഴിപാടു പോലെയും ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങൾ ഒരു ദുസ്വപ്നം മാത്രമായും രൂപാന്തരം പ്രാപിച്ചു. ഡോക്റ്റർ ജേക്കബ് ആലപ്പാടന്റെ "സൂക്ഷിക്കണം" എന്ന താക്കീതും കാലക്രമത്തിൽ വിസ്മരിച്ചു. ട്ടെഗ്രടോള്‍ കഴിക്കുന്നതും ക്രമം തെറ്റാൻ തുടങ്ങി .ആ ദിവസങ്ങളിൽ അയൽപക്കത്തു വീട്ടിൽ ജലദോഷം വന്നാൽ പോലും സൈഫുവിനു അതു പകരുന്ന വിധം അവന്റെ ശരീര പ്രതിരോധ ശക്തി നശിച്ചിരുന്നു. അവനു ആ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനും കഴിഞ്ഞില്ല.
10-5-1998 ഉച്ച നേരം പുറത്തു നിന്നും വന്ന ഞാൻ സൈഫു വീഡിയോ ഗെയിം കളിക്കുന്നതു കണ്ടു അകത്തേക്കു പോയി. പക്ഷികളെ വെടി വെക്കുന്ന ഒരു ഗെയിം. ഒരോ വെടിക്കും ഒരോ ഫ്ലാഷ് ടി.വി. സ്ക്രീനിൽ തെളിയുന്നതു അവൻ കാണുകയായിരുന്നു. ഒപ്പം അവന്റെ മാതൃ സഹോദരി പുത്രനും ഉണ്ടായിരുന്നു. പെട്ടെന്ന് കൂട്ടനിലവിളി കേട്ടു ഓടി വന്നു നോക്കിയപ്പോള്‍ സൈഫ് നിലത്തു വീണു പിടക്കുന്നതാണ് കണ്ടത് . മുഖം ഒരു വശത്തേക്കു കോടി വായിൽ നിന്നും പതവരുന്നു. 2-3 മിനിട്ടു നേരം ഇതു തുടർന്നു.വീഡിയോ പ്ലെയറിൽ നിന്നും വൈദ്യുതി ഷോക്കു ഏറ്റതായിരിക്കാം എന്നു ആദ്യം എനിക്കു തോന്നി.പക്ഷേ പിന്നീടാണു അവനു ഫിറ്റ്സ്(ജന്നി) വന്നതു എന്നു മനസ്സിലായതു. മസ്തിഷ്കാവരണത്തിൽ പഴുപ്പു വന്നു ഉണങ്ങിയ ഭാഗത്ത് ഒരു വടു ഉണ്ടാകാമെന്നും അത് ജന്നി ഉണ്ടാകാന്‍ കാരണമായേക്കാം എന്ന് ഡോക്ടര്‍ ആലപ്പാടന്‍ പറഞ്ഞതു ഓര്‍മ്മ വന്നു.
സൈഫു ക്ഷീണിതനായി കാണപ്പെട്ടു. വീട്ടിലെ എല്ലാ സന്തോഷവും ഇല്ലാതായി.അടുത്ത ദിവസംതന്നെ സൈഫുവിനെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. ഡോക്റ്റർ ആലപ്പാടൻ സ്ഥലംമാറിപ്പോയതിനാൽ ഡോക്റ്റർ ടോണിയാണു സൈഫുവിനെ പരിശോധിച്ചതു. ടേഗ്രറ്റോൾ 100 എന്നത് 200ആക്കി ഉയർത്തുകയല്ലാതെ മറ്റൊന്നും അവർക്കു ചെയ്യാനില്ലായിരുന്നു. നവംബർ മാസത്തിനു മുമ്പു2തവണ കൂടി സൈഫുവിനു ഫിറ്റ്സ് വന്നു. തുടർന്നു നവംബറിൽ തന്നെ 2 ദിവസം അടുത്തടുത്തദിവസങ്ങളിൽ രോഗം വന്നതിനാൽ ഡോക്റ്റർ മാർത്താണ്ഡൻ പിള്ളയെ അദ്ദേഹത്തിന്റെ വീീട്ടിൽപോയി ബന്ധപ്പെട്ടു. അദ്ദേഹവും ടേഗ്രറ്റോൾ 200 തുടരാനാണു നിർദ്ദേശിച്ചതു.
പിന്നീടു അഞ്ചൽ സ്വദേശിയും ഹോമിയോ ഗവേഷകനുമായ ഡോക്റ്റർ പ്രസാദ് ഉമ്മൻ ജോർജിന്റെചികിൽസയിലായി അവൻ. ടേഗ്രറ്റോൾ തുടർന്നാലും ഇല്ലെങ്കിലും ഹോമിയോ മരുന്നിനു അതുബാധകമല്ലെന്നു ഡോക്റ്റർ പ്രസാദ് പറഞ്ഞതിനാൽ ടേഗ്രറ്റോളും തുടർന്നു. എല്ലാ മാസവുംപ്രസാദിനെയും ആറു മാസം കൂടുമ്പോൾ മാർത്താണ്ഡൻ പിള്ളയെയും കാണുക എന്നതു ഞങ്ങളുടെജീവിത ചര്യ ആയി.
വർഷങ്ങൾ കടന്നു പോയി. ആ കാലഘട്ടത്തിൽ കർശനമായ നിയന്ത്രണത്തിലായിരുന്നു സൈഫുജീവിതം കഴിച്ചു കൂട്ടിയതു. ടി.വി. കാണുകയോ തനിച്ചു ദൂരയാത്ര ക്കു പോകുകയോ ചെയ്യില്ലായിരുന്നു. അവൻ മെഡിക്കൽ കോളേജിൽ നിന്നും വന്നു കഴിഞ്ഞു അടുത്ത വർഷം എസ്.എസ്.എൽ.സി. ക്ലാസ്സിൽ ചേർന്നിരുന്നു. പൊതു പരീക്ഷക്കു ഉറക്കമൊഴിച്ചിരുന്നു പഠിക്കാൻ ഞങ്ങൾ അവനെഅനുവദിച്ചിരുന്നില്ല."എല്ലാ മാതാ പിതാക്കളും നല്ല വണ്ണം പഠിക്കൂ മോനേ എന്നു പറയുമ്പോൾ ഇവിടെപഠിക്കല്ലേ മോനേ എന്നാണു പറയുന്നതു." സൈഫു ഞങ്ങളെ കളിയാക്കി. ആ പരിഹാസത്തിൽവേദനയുടെ നേരിയ നിഴൽ ഉണ്ടായിരുന്നു. പക്ഷേ ബുദ്ധിമുട്ടി പഠിക്കാതിരുന്നിട്ടും അവൻഎസ്.എസ്.എൽ.സി. പരീക്ഷ ഉയർന്ന മാർക്കോടെ പാസ്സായി. ഇഷ്ടപ്പെട്ട ക്രിക്കറ്റു കളി ടി.വി.യിൽവരുമ്പോഴും അവന്റെ കൂട്ടുകാർ അവനെ തഴഞ്ഞു ടി.വി.യുടെ മുമ്പിൽ ചടഞ്ഞിരിക്കുമ്പോഴും കളിടി.വി.യിൽ കാണാൻ കഴിയാതെ മൂകനായി ഏതെങ്കിലും മൂലയിൽ ഒറ്റക്കിരിക്കുന്ന സൈഫു ഞങ്ങൾകുഒരു നൊമ്പരമായി.നാല്വര്ഷം കഴിഞ്ഞു ടെഗ്രടോള്നിര്‍ത്താന്‍ മാര്‍ത്താണ്ഡന്പിള്ള നിര്‍ദ്ദേശിച്ചു. പ്രസാദിന്റെ ഹോമിയോ ചികിത്സ പിന്നെയും ഒരുവര്‍ഷം കഴിഞ്ഞാണ് അവസാനിപ്പിച്ചത്. ഇതിനിടയില്‍ പനിയോ മറ്റു അസുഖങ്ങളോ വന്നാല്‍ ഹോമിയോ മരുന്നിനെ ആണ് അഭയം പ്രാപിച്ചത് .
വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് ഓടി പോയത്. സൈഫ് ആരോഗ്യവാനായ ഒരു യുവാവായി .
.
അവന്‍ ബി.എസ.സി. ഡിഗ്രീ ക്ലാസ്സോടു കൂടി പാസ്സായി. അതിനുശേഷം തിരുവനന്തപുരം ലാ അക്കാദമിയിൽ എൽ.എൽ.ബി. കോഴ്സ്സിനു ചേർന്നു. ആ കാലങ്ങളിൽആദ്യമായി അവൻ ഞങ്ങളെ പിരിഞ്ഞു താമസിച്ചു. ആഴ്ച്ചയിൽ ഒരു ദിവസം തിരുവനന്തപുരംവിശേഷങ്ങളുമായിവീട്ടിൽ വരുന്ന അവനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു. ഹോസ്റ്റൽ ഫീകൂടാതെ ആഴ്ച്ചയിൽ 50 രൂപാ മാത്രം ചിലവഴിച്ചാണു അവൻ തിരുവനന്തപുരം സിറ്റിയിൽകഴിഞ്ഞിരുന്നതെന്നും ഇവിടെ കൂട്ടി ചേർക്കേണ്ടിയിരിക്കുന്നു
നിയമ ബിരുദം കരസ്ഥമാക്കിയ സൈഫു 11-11-2007 ൽ അഭിഭാഷകനായി എൻ റോൾ ചെയ്തുകൊട്ടാരക്കരയിൽ അഡ്വക്കേറ്റ് ചിതറ രാധാകൃഷ്ണൻ നായരുടെ ജൂനിയറായി പ്രാക്റ്റീസ്സു തുടങ്ങി. ഞാൻഅവനോടു പറഞ്ഞു" നിനക്കു വിവാഹ പ്രായമായി. പെൺകുട്ടി നിന്റെ ഇഷ്ടം നോക്കിതിരഞ്ഞെടുക്കാൻ നിനക്കു അവകാശമുണ്ടു.പക്ഷേ നിന്റെ സഹോദരന്മാരെപ്പോലെ സ്ത്രീ ധനവുംസ്വർണ്ണവും പാടില്ല."
"ഞാൻ നോക്കി ഇരിക്കുകയായിരുന്നു. ഇതു കേൾക്കാൻ," ഉടൻ വന്നു അവന്റെ മറുപടി. ലാ കോളേജിൽഅവന്റെ സഹപാഠിയായിരുന്ന സാധാരണ കുടുംബത്തിൽ പെട്ട മഞ്ചേരി സ്വദേശിനി പെൺകുട്ടിയെവിവാഹം കഴിക്കാനൂള്ള ആഗ്രഹം അവൻ വെളിപ്പെടുത്തിയപ്പോൾ " മോനേ നിന്നെ പഠിക്കാനയച്ചോഅതോ പെണ്ണിനെ നോക്കാൻ അയച്ചോ" എന്നു അവന്റെ അമ്മ അവനെ ഒന്നു കുത്തിയെങ്കിലുംഅവനു അതു ഏശിയതായി തോന്നിയില്ല. ലാ കോളേജിൽ പടിക്കുമ്പോൾ അവന്റെ കഥ "ഒരുമെഡിക്കൽ കോളേജു ഡയറിക്കുറിപ്പു " എന്ന പേരിൽ പ്രസിദ്ധീകരിച്ചു.പുസ്തകം വായിച്ച അവന്റെസഹപാഠികളായ പെൺ കുട്ടികളുടെ മുമ്പിൽ അവൻ ഹീറോ ആയി വിലസുകയായിരുന്നു.
2008 മെയ് മാസത്തിൽ സൈഫു വിവാഹിതനായി. കഴിഞ്ഞ കാലങ്ങളിലെ മനപീഢയെല്ലം കഴിഞ്ഞുഎന്നു ഞാൻ കരുതി. പക്ഷേ..... വിവാഹം കഴിഞ്ഞു അടുത്ത മാസം ഞാനും സൈഫുവും ഭാര്യയുംആലപ്പുഴ പോകാൻ കൊട്ടാരക്കരയിൽ നിന്നും ബസ്സിൽ കയറി. അൽപ്പ നേരം കഴിഞ്ഞു ആരോഅമറുന്ന പോലെ ശബ്ദം കേട്ടതിനാൽ ഞാൻ തിരുഞ്ഞു നോക്കിയപ്പോൾ സൈഫു നിലത്തേക്കുവീഴുന്നതാണു കണ്ടതു. പത്തു കൊല്ലത്തിനു ശേഷം അവനു വീണ്ടും ഫിറ്റ്സ് വന്നിരിക്കുന്നു. സൈഫുവിന്റെ ഭാര്യ ഷൈനി ഏങ്ങി കരഞ്ഞു. വെള്ളിടി വെട്ടിയതു പോലെയായി ഞാൻ. ബസ്സിൽനിന്നും യാത്രക്കാരുടെ സഹായത്തോടെ അവനെ താഴെ ഇറക്കി കിടത്തി. ആ ഒരു മിനിട്ടു നേരം എന്തുപറയണമെന്നറിയാതെ ഞാൻ മിഴിച്ചു നിന്നു. യാത്ര റദ്ദാക്കി അവനും ഭാര്യയുമായി ഞാൻ തിരികെവീട്ടിലെത്തിയെങ്കിലും ഞാൻ ആകെ തകർന്നിരുന്നു.
അടുത്ത ആഴ്ച്ച തിരുവനന്തപുരം എസ്.എ.ടി. യിലെ പ്രസിദ്ധ ന്യൂറോളജിസ്റ്റ് ആയ ഡോക്റ്റർ മുഹമ്മദ്‌കുഞ്ഞിനെ സൈഫുവുമായി പോയി കണ്ടു ചികിൽസ തുടങ്ങി. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണംടേഗ്രറ്റോൾ400 ആണു ഇപ്പോൾ അവൻ കഴിക്കുന്നതു. ഡോക്റ്റർ പ്രസാദിന്റെ ഹോമിയോ ചികിൽസയുംതുടരുന്നു. 11 മാസത്തിനു ശേഷം 2009 മെയ് മാസത്തിൽ ബാർ അസ്സോസിയേഷൻ ഹാളിൽഇരിക്കുമ്പോൾ ഒരിക്കൽ കൂടി അവനു ഫിറ്റ്സ് വന്നു. ന്യൂറോളജിസ്റ്റ് വിദഗ്ദരുടെ കാഴപ്പാടിൽ ഫിറ്റ്സ് ഒരുരോഗമല്ല, സൈഫുവിനു ജന്മനാലുള്ള രോഗവുമല്ല. അവന്റെ മസ്തിഷ്കാവരണത്തിൽ മുറിവു വന്നുഉണങ്ങിയ ഒരു പാടു അവശേഷിക്കുന്നതാണു കാരണം. ഗുളികകൾ കൊണ്ടു അതു മാറ്റാവുന്നതേ ഉള്ളൂ. പക്ഷേ അവൻ ഒരു അഭിഭാഷകനാണു. കക്ഷികളുടെ മുമ്പിൽ ആദരവും ബഹുമാനവും ആവശ്യമുള്ളവ്യക്തി. ബുദ്ധിയും മിടുക്കും വാശിയും വേണ്ടതാണു അവന്റെ തൊഴിൽ രംഗം. അതെല്ലാം ആവശ്യത്തിനുഅവനുണ്ടെങ്കിലും രോഗം കക്ഷികളുടെ മുമ്പിൽ അവന്റെ വില ഇടിക്കില്ലേ എന്നാണു എന്റെ ശങ്ക. നിയമ ബിരുദം യോഗ്യത ആയുള്ള മറ്റു ജോലിക്കായിശ്രമിക്കാൻ ഞാൻ അവനോടു പറഞ്ഞു."ശ്രമിക്കാം" എന്ന മറുപടിയും കിട്ടി.
12 വർഷങ്ങൾക്കു മുമ്പു എന്റെ മകനു കല്ലട ഇറിഗേഷൻ കനാലിൽ ഒന്നു മുങ്ങികുളിക്കാൻ തോന്നി. അതുകാരണം അവനു പനി വന്നു,പനി മെനൈഞ്ചിറ്റിസ് ആയി ബ്രൈൻ ആബ്സസ്സ് ആയി. ചികിൽസയുംചികിൽസയുടെ ഡയറിയുമയി. അതു പുസ്തകമായി , പിന്നീടു ബ്ലോഗിലുമായി. ഒന്നു കുളിക്കാൻതോന്നിയതിന്റെ തുടർച്ചകൾ നിരീക്ഷിക്കുക. തീർച്ച ആയും ആരോ ഒരാൾ എല്ലാറ്റിനും ചരടുവലിക്കുന്നുണ്ടു.നമ്മൾ ആ ചരടിലെ പാവകൾ മാത്രം!
സൈഫു ഇപ്പോൾ ആരോഗ്യവാനാണു. അവന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുക, അവനെസന്തോഷവാനാക്കുക; ഇതാണു ഇപ്പോൾ ഞങ്ങൾ ചെയ്യുന്നതു.
എന്തിനാണു ഇതു പോസ്റ്റ് ചെയ്യുന്നതു എന്നു ഞാൻ ചിന്തിച്ചു. മനസ്സിലുള്ളതു മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ അവരിൽ നിന്നു സമാശ്വാസത്തിന്റെ വാക്കുകൾ ലഭിക്കും അതു നമ്മിൽ സമാധാനംകൊണ്ടു വരും. അ സമാധാനം പ്രതീക്ഷിച്ചാണു ഈ പോസ്റ്റ്.
ഇവിടെ ഈ കുറിപ്പുകൾ ഞാൻ നിർത്തുന്നു, നിങ്ങളുടെ പ്രാർത്ഥനകൾക്കു വേണ്ടിയുള്ളഅപേക്ഷയുമായി. സൈഫുവിന്റെ ഫോട്ടോയും ഇവിടെ പോസ്റ്റ് ചെയ്യുന്നു.അവന്റെ ഫോൺ നമ്പറും. വീടു:0474 2456116, മൊബെയിൽ:9747980012.കോടതി സമയം ഒഴികെ (രാവിലെ 10 മണിക്കു മുമ്പുംവൈകുന്നേരം 5 മണിക്കു ശേഷവും) അവനെ ഫോണിൽ ലഭിക്കും. കഴിഞ്ഞ പോസ്റ്റുകളിൽ ഏറെപ്രാർത്ഥനകൾ എന്റെ മകനു ലഭിച്ചിരുന്നു. എല്ലാവർക്കും അനേകമനേക നന്ദി.
Subscribe to:
Post Comments (Atom)
കമ്പ്യൂട്ടറിന്റെ കുഴപ്പം കാരണം ആവർത്തിപ്പും അക്ഷരപിശകും വന്നതിൽ ഖേദിക്കുന്നു. പോസ്റ്റ് അവസാനം വരെ വായിക്കുവാൻ ദയവു കാണിക്കുക. നന്ദി.
ReplyDeleteഇത് വായിച്ചപ്പോള്‍ ഒന്നും എയുതന്‍ തോനുന്നില്ല
ReplyDeleteസൈഫുവിനു ദീര്‍ഗയുസിനും ആരോഗ്യത്തിനും വേണ്ടി
പ്രര്തികാം
ഒരു പോസ്റ്റില്‍ ഞാന്‍ ഷെരീഫിക്കയൊദു ചോദിചിരുന്നു സൈഫു എങിനെ ഇരിക്കുന്നു എന്നെ... ആ കൂട്ടുകാരന്‍ സുഖമായ് ഇരിക്കുന്നു എന്നറിഞതില്‍ സന്തൊഷം... ദീര്‍ഖായുസ് നേരുന്നു
ReplyDeleteസ്ഥിരമായി വായിക്കാറുണ്ടായിരുന്നു.. സൈഫു സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം..
ReplyDeleteചികിത്സ തുടര്‍ന്നാല്‍ ഒരു പക്ഷേ പൂര്‍ണ്ണമായും മാറില്ലേ ? 10 വര്‍ഷങ്ങള്‍ കഴിഞ്ഞല്ലേ രണ്ടാമത് വന്നത് .
ഡയറിക്കുറിപ്പ് മുഴുവന്‍ വായിച്ചു.. അഭിപ്രായങ്ങള്‍ ഒന്നുമില്ല.. പ്രാര്‍ത്ഥനകള്‍ മാത്രം.. സൈഫുവിനും അവനു ലഭിച്ച ഇത്രയും സ്നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍ക്കും വേണ്ടി.
ReplyDelete:)
Best Wishes....
ReplyDeleteNothing more...
സൈഫു (ചേട്ടന്‍ എന്ന് വിളിക്കേണ്ടി വരും :) ) ഇപ്പോഴും ഒരു കൊച്ചു കുട്ടിയാണെന്ന് വിചാരിച്ചാണ് ഇതുവരെ വായിച്ചത്.. വളര്‍ന്നു വലുതായി നന്നായി ഇരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം..
ReplyDeleteആ ചേട്ടന്‍ തമാശകളൊക്കെ കാണിച്ചു സന്തോഷമായി ജീവിക്കട്ടെ :)
അവസാനം വരെ വായിച്ചു.സൈഫുവിന് അള്ളാഹു രോഗശമനം നല്‍കട്ടെ.പിന്നെ മഞ്ചേരി, മലപ്പുറം ജില്ലയിലേതാണോ?എങ്കില്‍ എന്റെ തൊട്ടടുത്ത പ്രദേശമാണ്.
ReplyDeleteമോനുട്ടി, വിജിത, സാഗർ, കിഷോർലാൽ പറക്കാട്, എൽധോ കക്കാട്ടൂർ, ദീപു, അരീക്കോടു മാഷ്, ഡയറി സന്ദർശിച്ചതിൽ എല്ലാവർക്കും അനേകമനേകം നന്ദി. തീർച്ചയായും നിങ്ങളുടെ പ്രാർത്ഥനകൾക്കു ഫലം ലഭിക്കുമാറാകട്ടെ!
ReplyDeleteവിജിത എന്റെ ദുഃഖത്തിൽ പലപ്പോഴും പങ്കുകൊണ്ടിരുന്നു. നന്ദി.
സാഗർ, താങ്കൾ പറഞ്ഞ ആ പ്രതീക്ഷയിലാണു ഞാനും. 10 വർഷം തുടർച്ചയായി സൈഫുവിനു രോഗം മാറി നിന്നിരുന്നു. പരിപൂർണ്ണമായി തന്നെ രോഗം മാറുമെന്ന പ്രതീക്ഷയിലാണു ഞാൻ.
കിഷോർ ലാൽ നന്ദി സ്നേഹിതാ.
എൽധോ നന്ദി.
ദീപു, സൈഫുവിനു 1 5 വയസ്സു പ്രായം ഉള്ളപ്പോഴായിരുന്നു രോഗം വന്നതു. ഇപ്പോൾ അവനു 26 വയസ്സു പ്രായം ഉണ്ടു. ഇപോഴും അവൻ തമാശക്കാരനാണു.
അരീക്കോട് മാഷേ, ഡയറി ആദ്യം മുതലേ വായിച്ചിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. മലപ്പുറം മഞ്ചേരിക്കു സമീപം പയ്യനാടു എന്ന സ്ഥലത്താണു സൈഫുവിന്റെ ഭാര്യ ഷൈനിയുടെ വീടു. ഷൈനിയും അഡ്വൊക്കേറ്റാണു. സൈഫുവിനോടൊപ്പം കൊട്ടാരക്കരയിൽ പ്രാക്റ്റീസ്സ് ചെയ്യുന്നു. സൈഫുവും ഷൈനിയും പലപ്പോഴും മഞ്ചേരിയിൽ വരാറുണ്ടു.
മനസ്സിനെ വല്ലാതെ നോവിച്ച ഡയറിക്കുറിപ്പുകള്‍. സന്തോഷമായി അവസാനിച്ചല്ലോ..മനുഷ്യത്വരാഹിത്യത്തിന്റെ ഊഷരഭൂമിയിലലഞ്ഞു തിരിയേണ്ടി വന്നെങ്കിലും ഭൂമിയില്‍ നന്മയുടെ ഉറവകള്‍ വറ്റിയിട്ടില്ല എന്ന തിരിച്ചറിവിലേക്ക് നയിച്ചതിനും നന്ദി.
ReplyDeletemany thanks, paavaththaan.
ReplyDelete