Sunday, November 1, 2009

മെഡി.കോളേജു ഡയറി.(പതിനാറു)

("ഒരു മെഡിക്കൽ കോളേജു ഡയറിക്കുറിപ്പ്‌" എന്ന എന്റെ പുസ്തകത്തിൽ നിന്നും പതിനാറാമത്തെപോസ്റ്റ്‌. പൂർണമായി മനസ്സിലാക്കാൻ മുൻ പോസ്റ്റുകൾ വായിക്കുക.)
23-11-1997.
സൈഫുവിനു ശക്തിയായ പനി ഇല്ല. എങ്കിലും ചൂടു തീരെ വിട്ടു മാറിയിട്ടില്ല. തലവേദന മാറി. ആഹാരംകഴിക്കുന്നുണ്ടു. കുളി മുറിയിൽ സ്വയമേ പതുക്കെ നടന്നു പോകുന്നുണ്ടു. കൂട്ടത്തിൽ അവന്റെ നെഞ്ചിൽനിന്നും ആരംഭിച്ചു ഗ്ലൂക്കോസ്സ്‌ കുപ്പിയിൽ അവസാനിക്കുന്ന ട്യൂബും കുപ്പിയും അവനെ അനുഗമിക്കുന്നു. കുപ്പി ഒരു കയ്യിൽ പിടിച്ചു ഇതു ഗദയാണു, ഞാൻ ഗദാധാരി ഭീമനാണു എന്നു പറഞ്ഞാണു ഇപോൾനടപ്പു. പക്ഷേ ഭീമന്റെ വാരിയെല്ലുകൾ എണ്ണി തിട്ടപ്പെടുത്താം എന്ന അവസ്ഥയിലാണു. ഏതുപ്രതിസന്ധിയും തരണം ചെയ്യാൻ നർമ്മം അവനെ സഹായികുന്നു.
24-11-1997.
ഇന്നു വീണ്ടും സൈഫുവിനെ ന്യൂറോ സർജറിയിൽ കൊണ്ടു പോയി 10 സി.സി. പഴുപ്പു കൂടി കുത്തിഎടുത്തു. നെറ്റി മരവിപ്പിക്കാതെ അതേ ദ്വാരത്തിൽ ഡ്രിൽ ചെയ്തു......ഇന്നും അവൻ ഉച്ചത്തിൽനിലവിളിച്ചു. ഞാൻ പരവശനായി ഒരു തൂണിൽ ചാരി നിന്നു.
രാവിലെ ഡോക്റ്റർ ജേക്കബ്‌ ആലപ്പാടൻ പറഞ്ഞിരുന്നു;
"ബ്രൈൻ ആബ്സസ്‌ ഇങ്ങിനെയാണു, പഴുപ്പു ഊറിക്കൊണ്ടേ ഇരിക്കും. അതു കുത്തി എടുത്തേമതിയാകൂ."
അദ്ദേഹം ദിവസവും രണ്ടു നേരം മുറിയിൽ വന്നു സൈഫുവിനെ പരിശോധിക്കുന്നുണ്ടു.ഇന്നുഡിപ്പാർട്ട്മന്റ്‌ മേധാവിയായ ഡോക്റ്റർ മാർത്താണ്ഡപിള്ളയും വന്നിരുന്നു. അദ്ദേഹം പ്രഗൽഭനായന്യൂറോ സര്‍ജനാണ് .
ഇപ്പോൾ സൈഫുവിനു ശരിയായ ചികിൽസ ലഭിക്കുന്നു എന്ന് എനിക്കു തോന്നി തുടങ്ങി. പക്ഷേ ഏതുഗുരുതരാവസ്ഥയിലും തമാശ പറയുന്ന അവൻ നീഡിൽ ആസ്പറേഷൻ സമയത്തു അലറിവിളിക്കുമ്പോൾ എനിക്കു സഹിക്കാൻ ആകുന്നില്ല. ട്രോളിയിൽ മുറിയിലേക്കു തിരികെ കൊണ്ടുവരുമ്പോൾ അവൻ പറഞ്ഞു.
" എന്തു റിയാക്ഷൻ ഉണ്ടായാലും അടുത്ത തവണ പഴുപ്പു കുത്തി എടുക്കുമ്പോൾ മരവിപ്പിച്ചു വേണംകുത്താൻ."
അവന്റെ വേദന അവനല്ലേ അറിയൂ. പഴുപ്പു കുത്തി എടുത്തു കഴിഞ്ഞു ഓപ്പറേഷൻ മുറിയിൽ നിന്നുംപുറത്തിറങ്ങി വരുമ്പോൾ വേദനയാൽ അവന്റെ മുഖം പരവശമായിരുന്നു.
25-11-1997
മരുന്നു കുത്തിവെപ്പു തുടരുന്നു. 2 മണിക്കൂർ ഇടവിട്ടു സി.പി. കുത്തി വൈക്കുകയാണു. രാത്രിയിലുംമുടക്കമില്ല. പഴുപ്പു കുറേ പോയി കഴിഞ്ഞപ്പോൾ രോഗം കുറയാൻ തുടങ്ങി.
മാനത്തു മഴക്കാറുകൽ മാഞ്ഞു തുടങ്ങി. തുലാവർഷം അവസാനിച്ചുവോ? ഇപ്പോൾ വെയിലിനു പൊൻനിറം. പ്രക്രുതി പ്രസന്നവദനയായി കാണപ്പെട്ടു.
26-11-1997
ഇന്നു മുതൽ സി.പി. കുത്തിവൈപ്പു 4 മണിക്കൂർ ഇടവിട്ടാക്കി. ഇപ്പോൾ പനി അനുഭവപ്പെടുമ്പോൾവെള്ളം നനച്ച തുണി കൊണ്ടു തുടച്ചാൽ 5 മിനിട്ടിനുള്ളിൽ പനി കുറയും. കാലിന്റെ മടക്കുകൾ വരണ്ടുപൊട്ടാൻ തുടങ്ങിയിരിക്കുന്നു. അവൻ കിടപ്പിലായിട്ടു എത്രയോ ദിവസങ്ങളായിരിക്കുന്നു. അതാണുവരഞ്ഞു പൊട്ടാൻ കാരണം.പൊട്ടിയ സ്ഥലത്തു ഓയിൻമന്റ്‌ പുരട്ടി. രക്തം പരിശോധിച്ചപ്പോൾ വലിയകുഴപ്പമൊന്നും ഇല്ലെന്നും എന്നാൽ ഇസ്നോഫീൽസ്സ്‌ അധികം ഉണ്ടെന്നു കാണപ്പെട്ടു.
27-11-1997.
സൈഫുവിനു വൈകുന്നേരം മാത്രം നെറ്റിയിൽ ചെറു ചൂടു. പൊതുവേ രോഗം കുറയുന്നു.
ഡോക്റ്റർ ജേക്കബ്‌ ആലപാടനെ കൂടാതെ ടോണി, അനിൽ.പി. , അനിൽ വർമ്മ, ജേക്കബ്‌ എന്നീ ഡോക്ടറന്മാര്‍ സൈഫുവിനെ പരിശോധിക്കുന്നു. ചിലപ്പോൾ ഡോക്റ്റർ മാർത്താണ്ഡൻപിള്ളയും വന്നുപരിശോധിക്കും. അദ്ദേഹം വരുന്നതു സൈഫുവിനു വലിയ താൽപര്യമാണു. ഡോക്റ്റർമാർത്താണ്ഡൻപിള്ള സൈഫുവിനെ എഴുനേൽപ്പിച്ചു ഇരുത്തി അദ്ദേഹത്തിന്റെ ഇടതു കയ്യിലെ ചൂണ്ടുവിരൽ വലതു ഭാഗത്തേക്കു ഉയർത്തി അവിടെ നോക്കാൻ പറയും. അതേ പോലെ ഇടതുഭാഗത്തേക്കും.പിന്നീടു കൈ വിരലുകൾ ഹോൺ അടിക്കുന്നതു പോലെ കാണിക്കാൻ പറയും. അതെല്ലാം അവനു വലിയ താൽപര്യമാണു. തലച്ചോറിൽ രോഗം ബാധിച്ചതിനെ തുടർന്നുഅവയവങ്ങളുടെ പ്രവർത്തന ശേഷി നഷ്ടപ്പെട്ടോ എന്നറിയാനാണു ഡോക്റ്റർ ഇപ്രകാരംചെയ്തിരുന്നതു. അവസാനത്തെ ഇനമാണു ഏറ്റവും ഇഷ്ടം.അദ്ദേഹം പല്ലിളിച്ചു "....." എന്നുകാണിച്ചു അതേ പോലെ ഇളിച്ചു "" പറയാൻ അവശ്യപ്പെടും. അവൻ അതു അനുകരിക്കും. പക്ഷേഇളിക്കുന്നതിന്റെഅവസാനം കാണിക്കുന്ന "" ശബ്ദം അൽപ്പം ദീർഘമായി "............" എന്ന് അവൻ നീട്ടുന്നതു ഡോക്റ്ററെ ഉന്നം വെയ്ക്കുന്നതാണോ എന്നു എനിക്കു സംശയം ഉണ്ടു.
സൈഫു നല്ലവണ്ണം ആഹാരം കഴിച്ചു തുടങ്ങി.
അടുത്ത ചില മുറികളിലെ രോഗികളും കൂട്ടാളികളും രോഗം ഭേദമായി കെട്ടും കിഴിയുമായി യാത്രആകുന്നതു കാണുമ്പോൾ ഞങ്ങൾക്കും വീട്ടിൽ പോകാൻ ആഗ്രഹം ഉടലെടുക്കുന്നു. എന്നാണു ഞങ്ങളുംഇങ്ങിനെ പോകുന്നതു.
28-11-1997
നാളെ വൈകുന്നേരം 5 മണിക്കു സ്കാൻ ചെയ്യണമെന്നു ന്യൂറോ സർജറിയിൽ നിന്നും നിർദ്ദേശിച്ചു. ഇപ്പോഴത്തെ രോഗ നില അറിയാനാണു. എന്നാലും സ്കാൻ എന്നു കേൾക്കുമ്പോൾ ടെൻഷനാണു. 6 മണിക്കൂർ ഉപവാസം. അതു കഴിഞ്ഞു ഞരമ്പിൽ കൂടി കണ്ട്രസ്റ്റിനുള്ള മരുന്ന് കയറ്റം. സ്കാൻഡിപാർറ്റുമന്റിലെ കാത്തിരുപ്പു. ഇപ്പോൾ ഇതെല്ലാം പരിചിതമായെങ്കിലും ഭയം വിട്ടു മാറുന്നില്ല.
ഇന്നു സൈഫുവിനു പനി ഇല്ല. ഡോക്റ്റർ ടോണി ആണു ഇന്നു സൈഫുവിനെ പരിശോധിക്കാൻ വന്നതു.
സൈഫു കട്ടിലിൽ കണ്ണടച്ചു കിടന്നിരുന്നു. ഡോക്റ്റർ വാതിൽക്കൽ വന്നു നിന്നു "എടാ" എന്നു ഉച്ചത്തിൽവിളിച്ചു. സൈഫു ഞെട്ടി എഴുന്നേറ്റു.
"എന്താടാ നിനക്കിത്ര ഉറക്കം" ഡോകർ ചിരിച്ചു കൊണ്ടു ചോദിച്ചു.
"എടാ" വിളിയിലെ ആത്മർത്ഥത ഞാൻ ഉൾകൊള്ളുന്നു. വിളിയിൽ ഡോക്റ്ററും രോഗിയും ഒരേവീട്ടിലെ അംഗങ്ങളാവുകയാണു.
ഞാൻ ആതുരാലയത്തിൽ വന്നിട്ടു നാളുകൾ പല തു കഴിഞ്ഞു. പക്ഷേ ഇത്രയും ഹ്രുദയം തുറന്നപെരുമാറ്റം അടുത്ത ദിവസങ്ങളിലാണു. അതായതു ന്യൂറോ സർജറി വിഭാഗത്തിൽ ചികിൽസതുടങ്ങിയതിനു ശേഷമാണു അനുഭവപെടുന്നതു. ലോകത്തിൽ നന്മ തീരെ നശിച്ചിട്ടില്ല. യുവഡോക്റ്ററന്മാരിലൂടെ അതു നില നിൽക്കുന്നു.
ഇന്നു വൈകുന്നേരം ഡോക്റ്റർ ആലാപ്പാടൻ മുറിയിൽ വന്നു അൽപ്പനേരം ഇരുന്നു.ഹ്രുദയം തുറന്നുസംഭഷണത്തിൽ ഏർപ്പെട്ടു. കൊച്ചു കൊച്ചു കാര്യങ്ങൾ പോലും അദ്ദേഹം വിഷയമാക്കി. എന്റെ ജോലിഎന്തെന്നു ഞാൻ ആരോടും ഇതുവരെ പറഞ്ഞിരുന്നില്ല. അദ്ദേഹം അതുചോദിച്ചു മനസ്സിലാക്കി. "ഞങ്ങൾ മൊഴി നൽകാൻ അവിടെ വരുമ്പോൾ എളുപ്പത്തിൽ പറഞ്ഞു വിടണേ" എന്നു തമാശരൂപേണ അദ്ദേഹം പറഞ്ഞു. രോഗിക്കും കൂട്ടിരിപ്പുകാർക്കും സന്തോഷം ലഭികുന്ന പെരുമാറ്റം.പക്ഷേ സ്ഥാപനത്തിൽ തന്നെ രോഗികളുടെയും മറ്റുള്ളവരുടെയും വികാരങ്ങൾ മനസിലാകാത്തവരുംഉണ്ടെന്നു ഇന്നു തന്നെ എനിക്കു ബോദ്ധ്യമായി.
മെഡിക്കല്‍ കോളേജു ആശുപത്രിയിൽ വരുന്നതിനു തൊട്ടു മുമ്പു എടുത്തതു ഉൾപ്പടെ 4 സ്കാൻഇതുവരെ സൈഫുവിനു വേണ്ടി എടുത്തിരുന്നു. ഒരു തവണ സ്കാൻ ചെയ്യാൻ കുത്തിവൈപ്പിനുമരുന്നുവില ഉൾപ്പടെ 2400 രൂപ ചെലവാകും.(ഞങ്ങൾ ദാരിദ്രിയ രേഖക്കു മുകളിൽ ആയതിനാൽസൗജന്യ നിരക്കു നിഷിദ്ധം) 4 തവണ സ്കാൻ ചെയ്തതിനാൽ സ്കാൻ ഡിപ്പാർറ്റ്‌മന്റ്‌ മേധാവിയായപ്രോഫസ്സറെ ചെന്നു കണ്ടു പറഞ്ഞാൽ അദ്ദേഹം സൗജന്യ നിരക്കു അനുവദിക്കും എന്നറിഞ്ഞു ഞാൻഅദ്ദേഹത്തെ പോയി കണ്ടു. അസിസ്റ്റന്റുമാരാൽ വളയപ്പെട്ട അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ വിഷയംഅവതരിപ്പിക്കുകയും 4 സ്കാൻ ഉയർന്ന നിരക്കിൽ എടുത്തു കഴിഞ്ഞെന്നും അഞ്ചാമത്തെ സ്കാൻസൗജന്യ നിരക്കിൽ എടുത്തു തരണമെന്നും വിനയപൂർവ്വം അപേക്ഷിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ വിനയം ഏതു കാര്യത്തിനും അത്യാവശ്യമാണെന്നു ഞാൻ പഠിച്ചുകഴിഞ്ഞിരുന്നു.ഏതു വാർഡിൽ നിന്നും ഞാൻ വരുന്നു എന്നു അദ്ദേഹം ആരാഞ്ഞു.
പേ വാർഡ്‌ എന്ന കേട്ട ഉടൻ അദ്ദേഹം കുപിതനായി ഞാൻ നൽകിയ സ്കാൻ റിക്വസ്റ്റ്‌ സ്ലിപ്പു വലിച്ചെറിഞ്ഞു.
" പേ വാർഡ്കാരനു സൗജന്യമോ?!" അദ്ദേഹം ആക്രോശിച്ചു.
ഞാൻ ഒന്നുകൂടി വിനയാന്വിതനായി. "മുമ്പുള്ള 4 സ്കാനും മുഴുവൻ തുകയും അടച്ചതു കാരണം സാമ്പത്തിക ഞെരുക്കം ഉണ്ടു." എന്നു ബോധിപ്പിച്ചു.
" പേ വാർഡ്കാരനു സാമ്പത്തിക ക്ലേശമോ?!" എന്നായി പ്രോഫസ്സർ.
അവിടെ നിന്നും ദയ പ്രതീക്ഷിക്കേണ്ട എന്നു മനസ്സിലാക്കിയ ഞാൻ അഞ്ചാമത്തെ സ്കാൻ ആയതു കാരണത്താലാണു ഇപ്രകാരം ആവശ്യപ്പെട്ടതെന്നു തിരികെ പോരാൻ നേരം വീണ്ടും ഡോക്റ്ററോടു പറഞ്ഞു.
" കുട്ടിക്കെന്തു പ്രായമെന്നു" പ്രോഫസ്സർ.
15 വയസ്സെന്നു എന്റെ മറുപടി. ഉടൻ തന്നെ അദ്ദേഹത്തിന്റെ വക അടുത്ത വെടിക്കെട്ടു തുടങ്ങി.
"15 വയസ്സ്കാരനു 5 സ്കാനോ?! എന്താ മിസ്റ്റർ ഇതു? സ്കാനിൽ നിന്നും ഉണ്ടാകുന്ന രശ്മികൾ അപകടകരമാണു. 5 സ്കാനോ! നിങ്ങൾക്കു ബോധമില്ലേ!" ഇങ്ങിനെ ആക്രോശിക്കുമ്പോൾ ഈ ഫയറിംഗ്‌ എല്ലാം തന്റെ അസിസ്റ്റന്റുമാർ ആസ്വദിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നുമുണ്ടു അദ്ദേഹം. അത്രയുമായപ്പോൾ ഞാൻ നിവർന്നു നിന്നു.ഞാൻ ചെയ്തുവന്നിരുന്ന ജോലിയുടെ ഗൗരവം എന്റെ മുഖത്തു വരുത്തി ഞാൻ പറഞ്ഞു
" ഹേയ്‌ മിസ്റ്റർ! ഒരു സ്കാൻ എടുക്കാൻ പോലും ഒട്ടും ആഗ്രഹം ഇല്ലാത്തവനാണു ഞാൻ. താങ്കളെപ്പോലെയുള്ള ഡോക്റ്ററന്മാർ എഴുതി തന്നാല്‍ ഞാൻ എന്തു ചെയ്യും." എന്റെ ഭാവമാറ്റം കണ്ടു പ്രോഫസ്സർ ഒന്നു പരുങ്ങി. അദ്ദേഹം എന്നെ ഉടനെ ഉപദേശിച്ചു."നിങ്ങളുടെ ഡോക്റ്ററോടു ചോദിക്കണം എന്റെ മകനു ഇത്ര സ്കാൻ എന്തിനെന്നു"
എങ്ങിനെയെങ്കിലും എന്റെ മകന്റെ രോഗം ഭേദമകണമെന്നുണ്ടു എനിക്കു. ഇയാളുടെ ഉപദേശവും കേട്ടു ഞാൻ എന്റെ ഡോക്റ്ററോടു തർക്കത്തിനു നിന്നാൽ എന്ത് ഗതിയെന്ന് എനിക്കറിയാം.
"ഉപദേശത്തിനു ഏറെ നന്ദി" എന്നു പറഞ്ഞു ഞാൻ അദ്ദേഹത്തിനെ നല്ലവണ്ണം ഒന്നു തൊഴുതിട്ടു അവിടെ നിന്നും തിരികെ പോന്നു. സൗജന്യം ഒന്നും വേണ്ടാ എന്നു തീരുമാനിച്ചാൽ കുഴപ്പമില്ലല്ലോ. നാളെ സ്കാൻ ചെയ്തു നല്ല റിപ്പോർട്ടു കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ടു ഇന്നത്തെ കുറിപ്പു നിർത്തുന്നു.(മെഡിക്കൽ കോളേജു ഡയറി തുടരുന്നു......)2 comments: