Tuesday, November 24, 2009

പട്ടാണി ഇക്കായുടെ സുന്നത്ത്.

വളരെ വർഷങ്ങൾക്കു മുമ്പു നടന്നു സംഭവം. സ്ഥലം ആലപ്പുഴയിലെ വട്ടപ്പള്ളി പ്രദേശം. വട്ടപ്പള്ളിയുടെ പ്രത്യേകത എന്റെ "ദോശ" കഥയിൽ ഞാൻ പറഞ്ഞിരുന്നു.
വട്ടപ്പള്ളി നിവാസികൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും യാഥാസ്തിക മുസ്ലിംകളാണു. പ്രത്യേക സംസ്കാരവും രീതികളും നഗരത്തിലെ ഇതര ഭാഗങ്ങളിൽ നിന്നും അവരെ വ്യത്യ്സ്ഥരാക്കി.
കഥ നടക്കുമ്പോൾ എനിക്കു 11 വയസ്സ്‌ പ്രായം. സ്കൂൾ സമയം കഴിഞ്ഞാൽ പിന്നീടു ഞങ്ങളുടെ പരിപാടി പന്തു കളിയാണു. ഫുട്ബാളല്ല; ഒറ്റയും പെട്ടയും എന്നാണു ആ കളിയുടെ പേരു. ക്രിക്കറ്റ്‌ പന്തിന്റെ വലിപ്പമുള്ള റബ്ബർ പന്താണു കളിക്കായി ഉപയോഗിച്ചിരുന്നതു.
ആ കാലഘട്ടത്തിൽ വട്ടപ്പള്ളിയിൽ പൂഴിമണൽ നിറഞ്ഞ വെളിപ്രദേശങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.. അവിടെയാണു ഞങ്ങൾ പന്തു കളിച്ചിരുന്നതു.ഇന്നു ആ മൈതാനങ്ങളെല്ലാം നിറയെ വീടുകളായിരിക്കുന്നു. പറമ്പുകൾ മുള വാരിയും പത്തലും ഉപയോഗിച്ചുള്ള വേലികൾ കൊണ്ടു തിരിച്ചിരുന്നു. ഈ വേലികളിൽ മുകൾ ഭാഗം ഓല കൊണ്ടു മറക്കും, അടി ഭാഗം മറക്കാറില്ല.
അന്നു വാശിയേറിയ കളി നടന്നു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുൽഖാദർ അടിച്ച പന്തു ഞങ്ങളുടെ തലക്കു മീതെ ചീറിപ്പാഞ്ഞു ദൂരയുള്ള പറമ്പിലെ വേലി മൂലയിലേക്കു ഉരുണ്ടു. ഞാനും കൂട്ടുകാരൻ ഷുക്കൂറും പന്തിന്റെ പുറകേ പാഞ്ഞു വേലി മൂലയിലെത്തി. ഷുക്കൂറാണു മുമ്പിൽ. ഈ വേലിയുടെ അടിഭാഗവും ഓലകൊണ്ടു മറച്ചിട്ടില്ല. വേലിക്കപ്പുറം മൂലയിൽ ആരോ ഇരുന്നു മൂത്രം ഒഴിക്കുന്നു. മൂത്രം ഒഴിപ്പു പൂർണ്ണമാകാതിരുന്നതിനാലായിരിക്കാം ഷുക്കൂർ പന്തിനു നേരെ ഓടി വന്നപ്പോൾ പെട്ടെന്നു അയാൾക്കു എഴുന്നേറ്റു മാറാൻ കഴിയാതെ വന്നതു. മൂത്രം ഒഴിപ്പു ഒരുവിധം പൂർണ്ണമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു. പക്ഷേ അതിനു മുമ്പു തന്നെ ഷുക്കൂർ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു കഴിഞ്ഞിരുന്നു.
അവൻ അലറി നിലവിളിച്ചു.
" ഹെന്റള്ളോ‍ാ പട്ടാണി ഇക്കായെ മാർക്കം ചെയ്തിട്ടില്ലേ....യ്‌"
എവിടെ നിന്നോ വട്ടപ്പള്ളിയിൽ വന്നു താമസിക്കുന്ന പഠാണി സമുദായത്തിൽ പെട്ട സുലൈമാൻ ഖാൻ ആയിരുന്നു അതു.
ഞങ്ങൾ കുട്ടികൾ പ്രായത്തിനു മൂത്ത പുരുഷന്മാരെ പേരിനോടൊപ്പം "ഇക്കാ" ചേർത്തു വിളിക്കും.പോലീസുകാരനെ പോലീസിക്കാ, കപ്പലണ്ടിക്കാരനെ കപ്പലണ്ടി ഇക്കാ എന്നിങ്ങനെ. സുലൈമാൻ ഖാനെ പട്ടാണി ഇക്കാ എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു.
പട്ടാണി ഇക്കാ ഞങ്ങളെ നോക്കി അമർത്തിയ സ്വരത്തിൽ പറഞ്ഞു.
"മിണ്ടല്ലേടാ പന്നീ മിണ്ടാതിരുന്നാൽ, പത്തിരീം ഇറച്ചീ ബാങ്ങിത്തരാം."

ഷുക്കൂർ അതു ചെവിക്കൊണ്ടില്ല. അവൻ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു. ഇത്രേം പ്രായമായിട്ടും അറ്റം കളയാതെ നടക്കുന്നോ ഹമുക്ക്‌. അവൻ പിന്നെയും കൂവിയാർത്തു.
"പട്ടാണി ഇക്കായെ കണ്ടിച്ചിട്ടില്ലേ"
ഷുക്കൂറിന്റെ കൂവലും നിലവിളിയും കേട്ടു കളിച്ചു കൊണ്ടിരുന്നവരും കാഴ്ച്ചക്കാരും രംഗത്തെത്തി. അപ്പോഴേക്കും പട്ടാണി ഇക്കാ സ്ഥലം വിട്ടിരുന്നു.
" എന്താടാ കാര്യം"? അവ്വക്കരിക്കാ ചോദിച്ചു. ടിയാൻ പള്ളി മഹൽ ഭാരവാഹിയാണു.
"പട്ടാണി ഇക്കായുടെ പുഞ്ഞാണി ഞാൻ കണ്ടു. അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ പറഞ്ഞു. അവന്റെ മുഖത്തെ അതിശയം ഇനിയും മാഞ്ഞിരുന്നില്ല.
" സത്യം പറയെടാ ബലാലേ, നീ കണ്ടോ അതു" അവ്വക്കരിക്കാ വിരട്ടി.
"അള്ളാണെ, മുത്തുനബിയാണെ, പള്ളി പുരയിലെ ഉസ്താദിന്റെ മുട്ടുകാലാണെ സത്യം , പട്ടാണി ഇക്കാ മുള്ളുന്നതു ഞാൻ നോക്കി, ഇക്കാടെ സംഗതി ഞാൻ കണ്ടു.അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ ആണയിട്ടു പറഞ്ഞു.
നിമിഷത്തിനുള്ളിൽ വട്ടപ്പള്ളിയിൽ വാർത്ത പരന്നു.പട്ടാണിക്കു സുന്നത്തു നടത്തിയിട്ടില്ല.
പട്ടാണി ഇക്കാക്കു നാൽപ്പതു വയസ്സു പ്രായം കാണും.
" അതാണു ഹമുക്കു പെണ്ണു കെട്ടാത്തതു" ഹമീദു മൂപ്പൻ പറഞ്ഞു.കൂടി നിന്നവർക്കും ഗുട്ടൻസ്സ്‌ പിടികിട്ടി.
സുലൈമാൻ ഖാൻ വിവാഹം കഴിക്കാത്തതു ചേലാ കർമ്മം നടാത്തതിനാലായിരുന്നു. കല്യാണം കഴിച്ചിരുന്നെങ്കിൽ ആദ്യ രാത്രിയിൽ തന്നെ പെണ്ണു വിളിച്ചു കൂവില്ലേ, പുതിയാപ്ലയുടെ സംഗതി നടന്നിട്ടില്ലെന്നു.
വാർത്ത മഹല്ലിലെത്തി. മഹല്ലു ഭാരവാഹികൾ സുലൈമാന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കി.
" ഭായി ചെറുപ്പത്തിലേ നാടു വിട്ടിരുന്നു;ഒരുപാടു നാളു കഴിഞ്ഞാണു തിരികെ വന്നതു. "സഹോദരി പറഞ്ഞു.
അപ്പോൾ അതാണു കാര്യം. സുന്നത്തു നടത്തേണ്ട പ്രായത്തിൽ സുലൈമാൻ നാടു വിട്ടിരുന്നു. പിന്നീടു തിരികെ വന്നപ്പോൾ പ്രായം ഏറെ കഴിയുകയും ചെയ്തിരുന്നു.
എന്തായാലും മഹല്ലു ഭാരവാഹികൾ സുലൈമാനെ കസ്റ്റഡിയിലെടുത്തു.
അന്നു ആശുപത്രിയിൽ ചേലാ കർമ്മം നടത്തികൊടുക്കാറില്ല.ഒസ്സാൻ മെയ്തീൻ കുഞ്ഞിനെ സുലൈമാന്റെ സുന്നത്തു നടത്താൻ മഹല്ലു ഭാരവാഹികൾ ചുമതലപ്പെടുത്തി.
" എന്തിന്റെ പുറത്തു വെച്ചു പടച്ചോനേ! ഈ മൂത്ത തൊലി വെട്ടും;പുളി മുട്ടു തന്നെ വേണ്ടി വരും." മൈതീൻ കുഞ്ഞു പിറുപിറുത്തു..
പിന്നെന്തു നടന്നെന്നോ, സുന്നത്തു എങ്ങിനെ നടത്തിയെന്നോ എനിക്കറിയില്ലാ.പട്ടാണി ഇക്കായെ രണ്ടാഴ്ച്ച ഞങ്ങൾ കണ്ടില്ല. അതു കഴിഞ്ഞു കാലുകൾ അൽപ്പം അകത്തിവെച്ചു റോഡിലൂടെ ടിയാൻ നടക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു കാര്യം പിടികിട്ടി.
സംഗതി നടന്നു കഴിഞ്ഞിരിക്കുന്നു.
മറ്റൊന്നു കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു. ഈ സംഭവത്തിനു ശേഷം ആറു മാസം കഴിഞ്ഞു പട്ടാണി ഇക്കായുടെ നിക്കാഹു നടന്നു. ഞങ്ങൾ കുട്ടികൾക്കു ആദ്യ സഫിൽ തന്നെ ബിരിയാണിയും കിട്ടി.


13 comments:

 1. അപ്പോള്‍ ഷുക്കൂറിന്‍റെ കഷ്ടപ്പാടിന് ഫലമുണ്ടായി.....:).

  ReplyDelete
 2. ഹ ഹാ...പട്ടാണിക്ക ഷുക്കൂറിനെ പിന്നെ എന്തെങ്കിലും ചെയ്തോ?

  ReplyDelete
 3. ഞാന്‍ മനുവിനോട് വിളിച്ചു പറഞ്ഞു
  ഇതില്‍ സുന്നത്ത് ചെയ്യുന്ന സ്ഥലത്തിന്റെ പേര് പച്ചയ്ക്ക് പറഞ്ഞിട്ടുണ്ടെന്നു
  ഞങ്ങടെ ചിരി കേള്‍ക്കുന്നില്ലേ

  ReplyDelete
 4. മാറുന്ന മലയാളീ, ഷുക്കൂറിന്റെ ശ്രമം കൊണ്ടു പട്ടാണിക്ക കല്യാണം കഴിച്ചു, ഞങ്ങൾക്കു ബിരിയാണിയും കിട്ടി
  അരീക്കോടൻ മാഷേ! ഷുക്കൂറിനെ പിന്നീടു കാണുമ്പോഴെല്ലാം പട്ടാണിക്കാ പറയാറുണ്ടായിരുന്നു" എന്നെ പുയ്യാപ്ലയാക്കിയവൻ ഇവനാണു.
  ഷൈജു, "സാധനത്തിന്റെ" ഓമന പേരു മാത്രമാണു ഉപയോഗിച്ചതു. മനുവിന്റെ ചിരി ഞാൻ ഭാവനയിൽ കാണുന്നു.
  പട്ടാണിക്കായെ സന്ദർശിച്ചതിനു എല്ലാവർക്കും നന്ദി.

  ReplyDelete
 5. " എന്തിന്റെ പുറത്തു വെച്ചു പടച്ചോനേ! ഈ മൂത്ത തൊലി വെട്ടും;പുളി മുട്ടു തന്നെ വേണ്ടി വരും." മൈതീൻ കുഞ്ഞു പിറുപിറുത്തു..

  ഹഹ ..ഇങ്ങനെ ചിരിപ്പിക്കല്ലേ മാഷേ .....കലക്കന്‍ ...കലകലക്കന്‍ സാധനം

  ReplyDelete
 6. ഭൂതത്താനേ,
  ഞങ്ങളുടെ നാട്ടിൽ ഇത്തിരി മുതിർന്നതിനു ശേഷമാണു സുന്നത്തു നടത്തുന്നതെങ്കിൽ "'പുളി മുട്ടിൽ വെച്ചു വെട്ടുക എന്നാണു തമാശകു പറയുക".പുളി മുട്ടു എന്നു പറഞ്ഞാൽ ഇറച്ചി കടയിൽ ഇറച്ചി വെട്ടുന്ന തടിയില്ലേ അതു തന്നെ.

  ReplyDelete
 7. സ്വയമ്പന്‍ എഴുത്ത്...!

  ഗ്രാമനൈര്‍മ്മല്യതയുടെ ഇത്തരം നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ടുപോകുന്ന ഇന്നത്തെ ബാല്യത്തിനായി രണ്ടിറ്റു കണ്ണീര്‍ !

  എന്തായാലും 'പുഞ്ഞാണി 'ക്കാത്ത പെരുത്തിഷ്ടായി!

  ReplyDelete
 8. ഒരു ഓ.അബ്ദുല്ല ജോക്ക്..കേട്ടിട്ടുണ്ടെങ്കില്‍ ക്ഷമിക്കരുത്...
  ഒരു പയ്യന്റെ ചേലാകര്‍മ്മം..
  ജനം ജനം ..ബിരിയാണി ഒക്കെ കഴിഞു. ഇനി കര്‍മ്മം മാത്രം ബാക്കി. ചെറുക്കന്റെ അമ്മാവന്മാര്‍ ആണ് പിടിച്ചു കൊടുക്കേണ്ടത് (പയ്യനെ!)ഒസ്സാന്‍ റെഡി..കത്തി കല്ലില്‍ എല്ലാം തേച്ചു മൂറ്ച്ച കൂട്ടി.ഇനി സംഗതി നറ്ടത്തിയാല്‍ മതി.
  അമ്മാവന്മാര്‍ വിളിചു “മോനേ,..ഫേ”, “..ഫേ”
  വിളിക്കു മറുപടി കിട്ടാതായതോടു കൂടി എല്ലാവരും ഇന്റന്‍സിവ് കോംബിങ് ഓപറേഷന്‍ തുടങി.. ചീപ്പ് പ്രയോഗം ഫലിച്ചില്ല. പയ്യനെ കിട്ടിയില്ല.

  ഈ ഒച്ചയും ബഹളവും ഒക്കെ കേട്ട് പയ്യന്റെ ഉമ്മ ആങളമാരോട് “ എന്താ ഒരു ബഹളം, കഴിഞോ?”
  ഇല്ല ഇത്താ അവനെ കിട്ടിയില്ല”
  റ്റൌണിലേക്ക് ഓടുന്നത് കണ്ടു എന്ന് ഒരു പയ്യന്‍ പറഞു, ആഹരം കഴിച്ചവര്‍ എല്ലാം പോയി ഇനി വേറൊരു ദിവസന്ം ചെയ്യാം”

  അപ്പോള്‍ പയ്യന്റെ ഉമ്മ “ ആഹ് ഒരുത്തനെങ്കിലും ബാപ്പയെ പോലേ ഇരിക്കട്ടെ”..
  നിങള്‍ക്ക് ചിരി വന്നെങ്കില്‍ ജയ് ഓ. അബ്ദുല്ല..
  ചീറ്റിയെങ്കില്‍..പാവം ഞാന്‍ മുര്‍ദ്ദാബാദ്!

  ReplyDelete
 9. താങ്കളുടെ നാട്ടിലെ പിള്ളാര്‍ പണ്ടുമുതലേ അല്പം പിശകാണെന്ന് തോന്നുന്നു. ഇത്ര പച്ചക്ക് കാര്യങ്ങള്‍ വിളിച്ചു കൂവാമോ?? മറ്റെന്തെകിലും കണ്ടിരുന്നെങ്കില്‍ " ന്റെ ഉപ്പ ഉമ്മാനെ ഇന്നലെ രാത്രി കൊല്ലാന്‍ നോക്കി" എന്നൊക്കെ നാട്ടില്‍ പാട്ടാക്കിയേനെ !! പിന്നെ എത്ര മൂത്ത പ്രായക്കാര്‍ക്കും സുന്നത്ത് ചെയ്യാന്‍ ഞങ്ങടെ പൊന്നാനിയില്‍ സൌകര്യമുണ്ട് .
  ഏതായാലും ഉഗ്രന്‍ നര്‍മം! ഇനിയും ഇത്തരം പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ കുത്താന്‍ മറക്കരുത്. ഭാവുകങ്ങള്‍!!!

  www.shaisma.blogspot.com

  ReplyDelete
 10. ഇസ്മായിൽ, പട്ടാണിക്കായെ സന്ദർശിച്ചതിനു നന്ദി. താങ്കളുടെ കമന്റിലും ഒരു പൊടി നർമ്മം ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ."ഉമ്മായെ ഉപ്പാ ഇന്നലെ രാത്രി കൊല്ലാൻ നോക്കി അല്ലേ? പഹയാ! ഇതൊരു വടക്കൻ നർമ്മമാണല്ലോ!!!.

  ReplyDelete
 11. i am reserching about it 8086543368

  ReplyDelete
 12. الحمد لله نجحت حملة أوقفوا ختان الأولاد … ليس فقط البنات و إنضمت إلينا الدكتوره سهام عبد السلام و هى باحثه و مؤلفة لاحد الكتب و فى السابق أجرى موقع العربيه معها لقاء و نشره تحت عنوان باحثة مصرية ترى ان ختان الذكور جزارة ارتبطت بالمجتمع الذكوري وان الاسلام لا علاقة له بالختان و عنوان فرعى الختان جزاره لا طهاره و فتحت علينا كنز من معلوماتها العليمة و عن طريقها إتصلت بنا منظمه أمريكيه إسمها نوسيرك تتخصص فى محاربة ختان الأولاد تلك العاده التى أخذت تقل فى الولايات لمتحده
  Thank God, our Facebook campaign calling for the banning of male circumcision has attracted a lot of attention and members. Dr. Seham Abdel Salam - a researcher and author - supported our cause saying that male circumcision is pure butchery and is directly traced to male-dominant societies; Islam has nothing to do with such a habit. Also NOCIRC - an American organization that is combating male circumcision - got in touch with us.

  ReplyDelete
 13. സുന്നത്ത് കല്യാണം സുന്നത്ത് കല്യാണം എന്ന വിഷയത്തെ കുരിച്ചെഴുതാമെന്ന വിചാരത്തിൽ ഒന്ന് ഗൂഗിളിൽ പരതിയപ്പൊളാണൂ താങ്കളുടെ പോസ്റ്റ്‌ കണ്ടതു
  അനുഭവമാണോ കഥയാണോ വായിക്കാൻ കൊള്ളാം ഇത്രയും കമന്റുകൾ തന്നെ സാക്ഷ്യം 1965 ലാണെന്നാണു ഓർമ എന്റെയും സുന്നത്ത് കഴിഞ്ഞത് ഒരു ലൈസന്ഷിയെറ്റ് ഡോക്റ്ററെ കൊണ്ടാണു കഴിപ്പിച്ചത് വലിയ അംഗീകൃത ഡൊക്ക്ടർമാരുണ്ടൊ എന്നറിയില്ല ഉണ്ടെങ്കിലും ചില്ലറ പ്രശ്നം തന്നെയായിരിക്കാം ഗ്രാമത്തിലെ അപ്പോത്തിക്കാരിയെ തന്നെ കാണിക്കാൻ കാരണം ഞാനൊരു പോളിയോ ഇര ആയാതിന്നാൽ ഉമ്മാക്കും ഉപ്പാക്കും പേടി മൂലംഎന്റെ സുന്നത്ത് വൈകി എനിക്ക് പന്ത്രണ്ടോ മറ്റൊ വയസ്സായിരിക്കും അന്ന് അതിന്നു മുംബ് നാട്ടിൽ ആരും ഡോക്ടറെ കൊണ്ടു സുന്നത്ത് കല്യാണം നടത്തിയതായി പറയുന്നത് കേട്ടിട്ടില്ല ഉപ്പ ഒസ്സാന് കൊടുക്കാനുള്ള മാമൂൽ കൊടുക്കാത്തതിന്നാൽ സാധാരണ വീട്ടില് വന്നു മുടി വെട്ടി തന്നിരുന്ന ഒസ്സാൻ രണ്ടു മൂന്നു മാസം ബഹിഷ്കരണം നടത്തിയതും അതിനെ തുടര്ന്നു ബാർബർ ഷോപ്പിൽ പോയി ക്രോപ് ചെയ്തതും ഓർക്കുന്നു
  ക്രോപ് ചെയ്തതിന്റെ പേരില് മദ്രസയിൽ പുറത്ത് നിറുത്തിയതും ഓർക്കുന്നു അന്ന് ശിൽപ്പി കട്ടെ മുസ്ലീംകൾക്കനുവദിച്ചിരുന്നുള്ളൂ അല്ലെങ്കിൽ തല മൊട്ട അടിക്കണം ഇന്ന് മൊട്ട അടിച്ച മൗലവിമാരുണ്ടോ ക്രൊപ്പടീക്കാത്ത എത്ര മുസലിയാക്കന്മാരുണ്ട്
  ഒസ്സാൻ പിണങ്ങാൻ കാരണം മാമൂൽ കൊടുക്കാത്തതല്ല കാരണം അത് അദ്ദേഹത്തിന്റെ അവകാശപെട്ട പ്രത്യേക സ്ഥാന മാന ങ്ങല്ക്ക് മാറ്റം വരാൻ എന്റെ സുന്നത്ത് കാരണമായി എന്നതാകാം
  ക്രൊപ്പടിക്കാൻ വഴി തുറന്നത് ഞാനാണെന്ന വീമ്പോന്നും ഞാൻ അവകാശപ്പെടുന്നില്ല 21/12/2014
  Posted by p m mohamadali at 09:05
  Email This
  BlogThis!
  Share to Twitter
  Share to Facebook
  Share to Pinterest

  ReplyDelete