Tuesday, March 23, 2010

ഒരു വര്‍ഷം നൂറുപോസ്റ്റ്‌ പിന്നെ ചെറായിയും


ഒരു വർഷം -100പോസ്റ്റ്‌-പിന്നെ ചെറായി മീറ്റും.
ബൂലോഗത്തു ഞാൻ കടന്നു വന്നതു 2009 മാർച്ചിലായിരുന്നു. ഒരു വർഷം കഴിഞ്ഞു. ഇതു നൂറാമത്തെ പോസ്റ്റ്‌. ചെറായിയുടെ കാര്യം അവസാനം പറയാം.
ബൂലോഗത്തു നിസ്സഹായനായ ഒരു ശിശുവായി കൈകാലിട്ടടിച്ചു ള്ളേ..ള്ളേ.... കരഞ്ഞു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ കമഴ്‌ന്നു വീണു മുട്ടുകാലിൽ ഇഴയാൻ പരുവത്തിലായി.
പ്രോഫെയിലും മറ്റും ശരിയാക്കി തന്നതു എന്റെ സ്നേഹിതൻ മനു ആണു.മനു കൊട്ടാരക്കരയിൽ ഇന്റർ നെറ്റ്‌ കഫേ നടത്തുന്ന ആളും ഒരു ബ്ലോഗറും ആണു.
കമ്പ്യൂട്ടറിന്റെ പ്രാഥമിക പരിജ്ഞാനം പോലും പൂർണ്ണമായി ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പോസ്റ്റുകളുടെ കമന്റുകളിൽ സാങ്കേതികപരമായ നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നപ്പോൾ എനിക്കു ഒന്നും അറിയില്ല എന്ന സത്യം പുറത്തു അറിയിക്കാതെ ഞാൻ ആ നിർദ്ദേശങ്ങൾ എന്തെന്നു പഠിക്കാനും അതു പ്രാബല്യത്തിൽ വരുത്താനും ശ്രമിച്ചു.ഉദാ:- ആരംഭ കാലത്തു എന്റെ ഒരു പോസ്റ്റിൽ ആരോ ഇങ്ങിനെ ഒരു കമന്റിട്ടു.
"ഈ മോഡറേഷൻ എടുത്തു മാറ്റിയില്ലെങ്കിൽ മേലിൽ ഞാൻ കമന്റിടില്ല." മോഡറേഷൻ എടുത്തു മാറ്റാമെന്നു ഞാൻ മറുപടി ഇട്ടെങ്കിലും കമന്റു മോഡറേഷൻ എന്തെന്നു എനിക്കറിഞ്ഞിട്ടു വേണ്ടേ ഞാൻ അതു എടുത്തു മാറ്റാൻ. ഉടനെ മനുവിനെ അഭയം പ്രാപിച്ചു സംഗതി എന്തെന്നു മനു പറഞ്ഞു തന്നു.അങ്ങിനെ അങ്ങിനെ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കി പഠിച്ചു.എങ്കിലും എച്‌.ടി.എം.എൽ. എന്നൊക്കെ നിങ്ങൾ എന്നോടു പറയരുതു. കാരണം ആ വകയൊന്നും ഇപ്പോഴും പിടി കിട്ടിയിട്ടില്ല. സമയം കിട്ടാത്തതു കൊണ്ടാണു.കാര്യങ്ങൾ തുടർന്നും പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണു ഞാൻ ഇപ്പോഴും.ഫോട്ടോ ബ്ലോഗ്‌ പഠിക്കണമെന്ന ആശയുമുണ്ടു.
പരന്ന വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും കിട്ടുന്ന അറിവുകൾ ശ്രമം നടത്തി പോസ്റ്റ്‌ ഇടുമ്പോൾ ആരും കമന്റിടാതെ പോകുന്നതു കണ്ടു പലപ്പോഴും വിഷമം ഉണ്ടായിട്ടുണ്ടു. എന്നാൽ ഒരു ശ്രമവും നടത്താതെ ഉഴപ്പി ഇടുന്ന പോസ്റ്റുകൾക്കു ധാരാളം കമന്റുകൾ വീഴുന്നതു കണ്ടു അതിശയിച്ചിട്ടുമുണ്ടു.
മനസ്സിൽ ഉരുത്തിരിയുന്ന ആശയങ്ങൾ,അനുഭൂതികൾ, അനുഭവങ്ങൾ മുതലായവ കഥകളായും ലേഖനങ്ങളായും മറ്റും രൂപാന്തരം പ്രാപിച്ചു പല ദിവസങ്ങളിലെ ശ്രമത്തിലൂടെ അവയെല്ലാം ചെത്തി മിനുക്കി കടലാസ്സിൽ പകർത്തി ആനുകാലികങ്ങളിലേക്കു അയച്ചു കൊടുത്തിട്ടു അവ പ്രസിദ്ധീകരിച്ചു കാണാൻ കൊതിച്ചു കാത്തിരുന്ന നാളുകൾ!ദിവസങ്ങൾക്കു ശേഷം പത്രാധിപരെന്ന ദ്രോഹി ഒരു ദയവുമില്ലാതെ അതെല്ലാം തിരിച്ചയക്കുമ്പോഴുണ്ടാകുന്ന വേദന!എന്റെ രചനയേക്കളും വെറും തറയായ രചനകൾ അതെഴുതിയവൻ പ്രസിദ്ധനാണു എന്ന ഒറ്റ കാരണത്താൽ ആ വാരികയിൽ തന്നെ പ്രസിദ്ധീകരിച്ചു കാണുമ്പോൾ ഉണ്ടാകുന്ന അരിശം! ബ്ലോഗറായി കഴിഞ്ഞപ്പോൽ അതെല്ലാം കഴിഞ്ഞ കാല പേക്കിനാവുകളായി മാറി. ഇന്നു എനിക്കു എന്റെ ഇഷ്ടപ്രകാരം എന്തും എഴുതാം അതു ഇഷ്ടം ഉള്ളപ്പോൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. എന്തൊരു സുഖം! എന്തൊരു സന്തോഷം! പത്രാധിപരേ! ദ്രോഹീ, പോടാ പുല്ലേ! ബ്ലോഗ്‌ നീണാൽ വാഴട്ടെ!
പലരുമായി നേരിൽ കാണാതെ തന്നെ ബന്ധങ്ങൾ ഉണ്ടാക്കുകയും അങ്ങിനെ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു എന്നതാണു ബ്ലോഗറായതിന്റെ മറ്റൊരു ഗുണം. ജൂനൈദ്‌, കൊട്ടോടിക്കാരൻ തുടങ്ങിയവർ ഇ മെയിലിലൂടെ ബന്ധപ്പെട്ടു,കൊട്ടോടിക്കാരൻ പലപ്പോഴും ഫോണിൽ ബന്ധപെടുകയും ചെയ്യുന്നു......
ഇവിടെയാണു ചെറായി മീറ്റ്‌ കടന്നു വരുന്നതു.
2009 ജൂലൈയിൽ ചെറായി കടപ്പുറത്തു ലതി എന്ന മാന്യ ബ്ലോഗറിന്റെ ഭർത്താവു സുഭാഷിന്റെ റിസോർട്ടിൽ മലയാള ബ്ലോഗേഴ്സിന്റെ സംഗമം നടക്കുകയുണ്ടായി.അണിയറയിൽ അതിന്റെ ശിൽപ്പികളായി ഹരീഷ്‌, അനിൽ​‍്ബ്ലോഗ്‌, നിരക്ഷരൻ, ലതിക, മണികണ്ഠൻ, ജോ,തുടങ്ങിയവർ കഠിനമായി പരിശ്രമിച്ചു.മീറ്റ്‌ ദിവസം അരീകോടൻ മാഷ്‌,വാഴക്കോടൻ,കൊട്ടോടിക്കാരൻ, രമണിക, ചാണക്യൻ, ചാർവ്വാകൻ, പാവപ്പെട്ടവൻ, പാവത്താൻ, ടൈപ്പിസ്റ്റ്‌/എഴുത്തുകാരി, ബിന്ദു കെ.പി.കാർട്ടൂണിസ്റ്റ്‌ സജീവു, അപ്പൂട്ടൻ(അപ്പൂട്ടനും ഞാനും പറവൂർ ബസ്‌ സ്റ്റാന്റു മുതൽ ബന്ധം തുടങ്ങി)അപ്പു, ഹാൻലത്തു, ജൂനൈദ്‌, അങ്കിൾ, കേരളാ ഫാർമർ, ഡോക്റ്റർ നാസ്സ്‌, നാട്ടുകാരൻ, മാണിക്യം, അരുൺ കായം കുളം ,വേദവ്യാസൻ, ജിപ്പൂസ്സ്‌, ജയൻ ഏവൂർ, അങ്ങിനെ പല പ്രമുഖരായ ബ്ലോഗറന്മാരും അന്നു ചെറായിയിൽ വന്നു.(അവിടെ വന്ന എല്ലാവരുടെയും മുഖം മനസ്സിൽ ഉണ്ടു പക്ഷേ പേരുകൾ മറന്നു പോയി.മോട്ടോർ സൈക്കിളിൽ വന്ന മെലിഞ്ഞു പൊക്കം കൂടിയ ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ പേരു മറന്നു പോയി)
അവിസ്മരണീയമായ ഒരു ദിനം.കാർട്ടൂണിസ്റ്റ്‌ സജീവു പങ്കെടുത്ത എല്ലാവരുടെയും നഖ ചിത്രങ്ങൾ വരച്ചു.വാഴക്കോടൻ മിമിക്രി അവതരിപ്പിച്ചു.ചാർവ്വാകൻ നാടൻ പാട്ടുകൾ പാടി.അങ്ങിനെ പലരും അവരുടെ മേഖലകളിലെ പ്രാവീണ്യം വെളിപ്പെടുത്തി. അന്നു എടുത്ത ചില ഫോട്ടോകൾ മുകളില്‍ കൊടുത്തിട്ടുണ്ടു.
വീണ്ടും കാണാം എന്നു വേദനയോടെ ഉരുവിട്ടു എല്ലാവരും പിരിഞ്ഞു.ഇപ്പോൾ മാസങ്ങൾ കടന്നു പോയി. അടുത്ത മീറ്റിനായി നമുക്കു ഒന്നു ശ്രമിക്കേണ്ടേ? ആരാണു അതിനു മുൻ കൈ എടുക്കുക? അന്നുണ്ടായിരുന്ന പലരെയും ഇന്നു കാണുന്നില്ല; ഇന്നു ഉള്ള പലരും അന്നു ബൂലോഗത്തു ജനിച്ചിട്ടുമില്ലായിരുന്നു. അന്നുള്ളവരെയും ഇന്നുള്ളവരെയും ചേർത്തുള്ള ഒരു മീറ്റിനു ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.ബൂലോഗത്തു സമാധാനവും സൗഹൃദവും പൂത്തു തളിർക്കാനും ഒരു മീറ്റ്‌ അവശ്യം ആവശ്യമാണു.നേരിൽ കണ്ടു രണ്ടു കൊച്ചു വർത്തമാനം പറഞ്ഞാൽ തീരാവുന്ന ഹുങ്കല്ലേ മലയാളീക്കുള്ളൂ.മീറ്റിനായി ആരെങ്കിലും മുൻ കൈ എടുക്കാൻ അപേക്ഷിക്കുന്നു.
ഉടനേ തന്നെ ഒരു ബ്ലോഗ്‌ മീറ്റ്‌ ഉണ്ടാകണേ!എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.
സ്വന്തം ഷെരീഫ്കൊട്ടാരക്കര.


Monday, March 22, 2010

മൂക സാക്ഷി


ഒരു കാലത്ത് കനാലില്‍ കൂടി കെട്ടുവള്ളങ്ങള്‍ മലഞ്ചരക്കും,കയര്‍ കെട്ടുകളുമായി ഒഴുകി നടന്നു.രണ്ടറ്റവും തുഴക്കാരും. അവരുടെ പാട്ടുകള്‍ രാത്രികളെ കോള്‍മയിര്‍ കൊള്ളിച്ചു.കടവുകളില്‍ വള്ളം അടുക്കാനും അതില്‍ ചരക്കു കയറ്റാനും ഇറക്കാനും കാത്തു നിന്ന തൊഴിലാളികള്‍.കനാലിനു ഇരുവശത്തും ശബ്ദ മുഖരിതമായ പണിശാലകള്‍ . എല്ലാം പോയി. കെട്ടുവള്ളങ്ങള്‍ ഇപ്പോള്‍ വട്ടക്കായലില്‍ സായിപ്പിനെയും മദാമ്മയേയും കയറ്റുന്ന ഹൌസ് ബോട്ടുകളുടെ രൂപത്തിലായി.തൊഴിലാളികളും തൊഴില്‍ ശാലകളും കാല യവനികക്ക് അപ്പുറം കടന്നു.പായല്‍ മൂടി കിടക്കുന്ന കനാല്‍ മാത്രം ഗത കാല പ്രഭാവത്തിന്റെ മൂക സാക്ഷിയായി അവശേഷിക്കുന്നു.
ആലപ്പുഴയിലെ കൊമേഴ്സ്യല്‍ കനാല്‍ -ഒരു ദൃശ്യം-

Saturday, March 20, 2010

കാക്ക ചതിക്കപ്പെടുന്നു.

വർഷങ്ങൾക്കു മുമ്പു ഞാനെഴുതി കൂട്ടിയ രചനകളിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നായ ഈ കഥ എന്റെ ബ്ലോഗ്‌ ജീവിതത്തിൽ ആദ്യം ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത കാലത്തു ആ പോസ്റ്റിലൂടെ ഞാൻ കടന്നു പോയപ്പോൾ തെറ്റുകൾ പലതും കണ്ടു. മാത്രമല്ല ബ്ലോഗ്‌ ജീവിതത്തിലെ ബാലാരിഷ്ടതകൾ ബാധിച്ചിരുന്നതായും കാണപ്പെട്ടു.(അക്ഷരങ്ങളുടെ വലിപ്പം തുടങ്ങിയവ) അതിനാൽ ഒരു പുന:പ്രസിദ്ധീകരണം ഈ കഥ അർഹിക്കുന്നു.ഈ പോസ്റ്റിന്റെ പിറവി അങ്ങിനെയാണു സംഭവിച്ചതു..
കാക്ക ചതിക്കപ്പെടുന്നു.
കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിലിരുന്നു കുയിൽ കുഞ്ഞു വികൃത സ്വരത്തിൽ കരയുന്നതും കാക്ക തന്റെ ചുണ്ടിലെ തീറ്റ അതിന്റെ വായിൽ വെച്ചു കൊടുക്കുന്നതും അവൾ നോക്കി നിന്നു.
എത്രയോ നേരമായി താനിതു ശ്രദ്ധിക്കുന്നു. മനസ്സിലെ അസഹിഷ്ണത മുഖത്തു പ്രകടമായതു കൊണ്ടാവാം ഭർത്താവു ചോദിച്ചു:-
"എന്താ മാലിനീ നിനക്കൊരു വല്ലായ്മ.."
അവൾ മറുപടി പറയാതെ ദൂരെ കളിച്ചു കൊണ്ടിരുന്ന മകനെ ശ്രദ്ധിച്ചു.രണ്ടു വയസ്സുകാരൻ മകൻ മരക്കുതിരയിൽ ആടുകയാണു.
പന്തു കളിച്ചു കൊണ്ടിരുന്ന അഛനും മകനും എപ്പോഴാണു കളി നിർത്തിയതെന്നോ മകൻ മരക്കുതിരയിൽ കയറി ഇരുന്നതെപ്പോഴെന്നോ അവൾ അറിഞ്ഞതേയില്ല. കരയുന്ന കുയിൽ കുഞ്ഞിനെയും അതിനു തീറ്റി കൊടുക്കുന്ന കാക്കയെയുമായിരുന്നല്ലോ കുറേ നേരമായി അവൾ ശ്രദ്ധിച്ചിരുന്നതു.
മുഖത്തെ അസഹിഷ്ണത മാറ്റാനും ഭർത്താവിനെ നോക്കി ചിരിക്കാനും അവൾ ശ്രമിച്ചു.
"പഠനകാലത്തു കവിയത്രി ആയിരുന്നു എന്നതു കൊണ്ടു ഇപ്പോഴും പൂവിനും പക്ഷികൾക്കും പുറകെ നടന്നാൽ മോനെ ശ്രദ്ധിക്കാൻ പറ്റുമോ?"
അയാളുടെ സ്വരത്തിൽ പരിഭവം പുരണ്ടിരുന്നതായി അവൾ സം ശയിച്ചു.
മരകുതിരയുടെ സമീപത്തു ചെന്നു ഭര്‍ത്താവ് മകനെ എടുത്തു തോളിൽ വെയ്ക്കുന്നതും കണ്ണാടിക്കൂട്ടിലെ സ്വർണ്ണ മൽസ്യത്തെ ചൂണ്ടിക്കാണിക്കുന്നതും അവൾ കൗതുകത്തോടെ നോക്കി നിന്നു.
ഒരു ഒഴിവു ദിവസം കിട്ടിയാൽ അഛൻ മകന്റെ അരികിൽ നിന്നും മാറില്ല. അഛനു മകനെ ജീവനാണു.
കുയിൽ കുഞ്ഞു വീണ്ടും കരഞ്ഞപ്പോൾ അവൾ മാവിന്റെ കൊമ്പിൽ നോക്കി. ഇപ്പോൾ കാക്ക അരികിലില്ല.
എന്തൊരു ശബ്ദമാണു ഈ ജീവിയുടേതു. അവൾ അരിശത്തോടെ ചിന്തിച്ചു. കാക്കയുടേതുമല്ല കുയിലിന്റേതുമല്ലത്ത സ്വരം.
ആഹാരത്തിനു ആർത്തി കാണിക്കുന്ന സത്വം. കയ്യിലൊരു കല്ലു വേണമെന്നും കുയിൽ കുഞ്ഞിനെ എറിഞ്ഞു കൊല്ലണമെന്നും അവൾ ആഗ്രഹിച്ചു.
തനിക്കെന്തു പറ്റിയെന്നും ഈ വിധത്തിൽ തനിക്കു ചിന്തിക്കാൻ കഴിയുന്നതെങ്ങിനെയെന്നും അവൾ അതിശയിക്കുകയും ചെയ്തു.
എന്താണു തന്റെ അസഹിഷ്ണതയുടെ കാരണമെന്നു തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടൽ ഭർത്താവിൽ നിന്നും മറച്ചു വെക്കാണുള്ള ശ്രമത്തിലായി അവൾ.
ഇപ്പോൾ കുയിൽ കുഞ്ഞു നിശ്ശബ്ദനാണു. അതു ആണോ പെണ്ണോ എന്നറിഞ്ഞിരുന്നെങ്കിലെന്നു അവൾ കൊതിച്ചു.അതിന്റെ മാതാ പിതാക്കൾ എവിടെ പോയി.അടുത്ത പുരയിടത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരത്തിലിരുന്നു ഒരു പക്ഷേ അവർ തങ്ങളുടെ കുഞ്ഞിനെ ഒളിഞ്ഞു നോക്കുന്നുണ്ടാകാം
അവരുടെ കുഞ്ഞിനെ കാക്ക പൊൻ കുഞ്ഞായി വളർത്തുമെന്നു അവർക്കറിയാം.
മഞ്ഞ വെയിൽ പ്രകാശം പരത്തിയ ഒരു സായാഹ്നത്തിൽ കിളിച്ചുണ്ടൻ മാവിന്റെ തുഞ്ചാണി കൊമ്പത്തു കൂടു കെട്ടാൻ കാക്ക ഒരുക്കങ്ങൾ നടത്തുന്നതു അവൾ കണ്ടിരുന്നു. ചുണ്ടിൽ ചില്ലകളും നാരുമായി കാക്ക ദമ്പതികൾ മാറി മാറി പറന്നു വന്നു. കൂടു പൂർത്തിയായതിനു ശേഷം ഒരു കാക്ക (അതു ഭാര്യയോ ഭർത്താവോ എന്നറിയില്ല)ചുണ്ടിൽ പഞ്ഞി തുണ്ടുമായി പറന്നു വന്നു കൂടിനുള്ളിൽ പഞ്ഞി താഴ്ത്തി വെയ്ക്കുന്നതും അവൾ കണ്ടു.
വീട്ടുജോലികൾ ചെയ്യാൻ വേലക്കാർ ധാരാളം ഉള്ളതിനാൽ ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചായിരുന്നല്ലോ അവൾ സമയം ചെലവഴിച്ചിരുന്നതു.
മകൻ എല്ലാ നേരവും ആയയുമായി കഴിഞ്ഞു
പൂവിലും പൂനിലാവിലും തുമ്പിയിലും തുമ്പപ്പൂവിലുമായിരുന്നല്ലോ ബാല്യം മുതൽ തന്റെ താൽപര്യം. പ്രപഞ്ചമാകെ സ്നേഹം നിറഞ്ഞു നിൽക്കുന്നു എന്നും താനൊരു പ്രേമഗായികയാണെന്നും അവൾ വിശ്വസിച്ചു. കോളേജിൽ "പ്രേമഭിക്ഷുകി" എന്ന ഓമനപ്പേരു വീണപ്പോൾ അവൾക്കു നാണം തോന്നിയില്ല. കവിയരങ്ങിൽ പരിചയപ്പെട്ട കവിയുമായി ആരംഭിച്ച പരിശുദ്ധ സ്നേഹം ഹോട്ടൽ മുറിയിൽ കവിയാൽ വിവസ്ത്രയാക്കപ്പെട്ടതിനു ശേഷം അവസാനിച്ചപ്പോൾ അവൾക്കു വേദനയും തോന്നിയില്ല.
"നീ ഈ ലോകത്തു ഉണ്ടോ?!" ഭർത്താവിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി. താൻ അയാളെ ഭയക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.
തന്റെ ശരീരത്തിൽ ചാരി നിന്നു തന്നെ നോക്കി ചിരിക്കുന്ന മകന്റെ ചുരുണ്ട തലമുടിയിലൂടെ വിരലോടിക്കുമ്പോൾ അവൾ മാവിൻ കൊമ്പിൽ ഒളിഞ്ഞു നോക്കി.
കുയിൽ കുഞ്ഞിനെ കാണാനില്ല. ആ ജീവി ഇനി ശബ്ദിക്കാതിരുന്നെങ്കിൽ സ്വസ്ഥത കിട്ടിയേനെ എന്നവൾ കരുതി.
കല്യാണം കഴിഞ്ഞു എട്ടാം മാസം താൻ പ്രസവിച്ചപ്പോൾ മാസം തികയാതെ ജനിച്ച കുഞ്ഞിനെ ജീവനോടെ കിട്ടുമോ എന്നായിരുന്നു ഭർത്താവിന്റെ ഭയം. കമ്പിളി തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നു ഡോക്റ്റർ പറഞ്ഞപ്പോൾ ആ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു.
"കഥയോ കഥകളിയോ സ്വപ്നം കണ്ടു നീ ഇവിടെ ഇരുന്നോളൂ ഞാനും മോനും കുറച്ചു നേരം കൂടി കളിക്കട്ടെ" എന്നും പറഞ്ഞു അയാൾ മകന്റെ കുഞ്ഞി കയ്യിൽ പിടിച്ചു പുൽതകിടിയിലൂടെ നടന്നു പോകുന്നതും മകൻ കൊഞ്ചലോടെ അഛനുമായി വർത്തമാനം പറയുന്നതും അവൾ നോക്കി നിന്നു.
കാക്കയുടെ ശബ്ദം അവളെ മാവിൻ കൊമ്പിലേക്കു വീണ്ടും നോക്കാൻ പ്രേരിപ്പിച്ചു. കുയിൽ കുഞ്ഞിന്റെ കരച്ചിലും കേട്ടു.പൊളിഞ്ഞു പോയ കാക്കകൂടിനു സമീപമാണു ഇപ്പോൾ അതിനെ കണ്ടതു.
മാസങ്ങൾക്കു മുമ്പു കാക്ക അതിന്റെ കൂടു കെട്ടുമ്പോൾ അടുത്ത പുരയിടത്തിലെ ആൽമരത്തിൽ പുലർ കാലത്തും സായാഹ്നത്തിലും കുയിൽ ഇണയെ വിളിച്ച്‌ നീട്ടി പാടുന്നതു അവൾ ശ്രദ്ധിച്ചിരുന്നു.മറ്റൊരു ദിവസം കാക്ക ഇല്ലാതിരുന്ന നേരം കാക്കയുടെ കൂട്ടിൽ നിന്നും കുയിൽ പറന്നു പോകുന്നതും അവൾ കണ്ടിരുന്നു. കാക്ക അറിയാതെ കുയില്‍ അതിന്റെ കൂട്ടിൽ മുട്ടയിട്ടു കാണുമെന്നു അവൾക്കു മനസ്സിലായി.
പാവം കാക്ക തന്റെ കുഞ്ഞാണെന്നു കരുതി കുയിൽ കുഞ്ഞിനു കൊക്കിൽ തീറ്റ കൊണ്ടു വന്നു കൊടുക്കുന്നു.അടങ്ങാത്ത ആർത്തിയോടെ ആ ജീവി അതു വിഴുങ്ങുന്നതും കാക്ക അതു നോക്കി ഇരിക്കുന്നതും മാവിൻ ചില്ലകൾക്കിടയിലൂടെ അവൾ കണ്ടു.
പാവം കാക്ക. അവളുടെ മനസ്സു മന്ത്രിച്ചു.
"കാക്കേ അതു നിന്റെ കുഞ്ഞല്ല, കുയിലിന്റെ കുഞ്ഞാണു" എന്നു കാക്കയോടു വിളിച്ചു കൂവാൻ അവൾ ആഗ്രഹിച്ചു.
സഫലമാകാത്ത താണു തന്റെ ആഗ്രഹമെന്നും കാക്ക നിരന്തരം വഞ്ചിക്കപ്പെടുക തന്നെ ചെയ്യുമെന്നും ചിന്തിച്ചപ്പോൽ അവളുടെ കണ്ണുകൾ ഈറനായി.
"സ്വപ്നം കണ്ടു നീ കരയാനും തുടങ്ങിയോ" എന്നു ചോദിച്ചു ഉൽക്കണ്ഠയോടെ തന്നെ നോക്കി നിൽക്കുന്നതു തന്റെ ഭർത്താവല്ലെന്നും ആ കാക്കയാണെന്നും അയാളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന തന്റെ മകനു കുയിൽ കുഞ്ഞിന്റെ ഛായ ഉണ്ടെന്നും അവൾക്കു തോന്നിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിൽ മുഖം അമർത്തി.
"എന്തു പറ്റിയെടോ തനിക്കു" എന്ന അയാളുടെ ചോദ്യത്തിനു ഉത്തരം നൽകാൻ അവൾക്കു കഴിയാത്തതിനാൽ ആ മാറിൽ മുഖം അമർത്തി നിന്നു "എന്റെ കാക്കേ പ്രിയപ്പെട്ട കാക്കേ" എന്നു മാത്രം അവൾ മന്ത്രിച്ചു.

ഇപ്പോള്‍ ഞാന്‍ പാവം

ഇപ്പോള്‍ ഞാന്‍ പാവം.


ഇപ്പോള്‍ പ്രഭാതത്തില്‍ ഞാന്‍ വെറും പാവം ,എന്നെ നോക്കുമ്പോള്‍ ചെറിയ കുളിര്‍മയും നിങ്ങള്‍ക്ക് അനുഭവപ്പെടും ,എന്നെ കാണാനും നിങ്ങള്‍ക്ക് കഴിയും .കുറച്ചു മണിക്കൂറുകള്‍ കൂടി കഴിയട്ടെ;മീന മാസത്തിലെ എന്റെ വിശ്വ രൂപം നേരില്‍ കാണാന്‍ പോയിട്ട് ഒന്ന് തല ഉയര്‍ത്താന്‍ കൂടി നിങ്ങള്‍ക്ക് കഴിയില്ല.

Monday, March 15, 2010

വിനീത ലേലം വികൃത വേഷം

1984 എനിക്കുണ്ടായ അനുഭവം (തീയതി ഓർമ്മ വരുന്നില്ല) മലയാള മനോരമ ദിനപ്പത്രം നടുക്കഷണ പംക്തിയിലേക്കു അയച്ചു കൊടുക്കുകയും മനോരമ "വിനീത ലോകം വികൃത വേഷം" എന്നു പേരിൽ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.
വർഷങ്ങൾക്കു ശേഷം വീണ്ടും എന്റെ അനുഭവത്തിൽ പ്രതിപാദിക്കുന്ന ഈതട്ടിപ്പു മറ്റൊരു സ്ഥലത്തു വെച്ചു ഞാൻ കാണുകയുണ്ടായി. മാത്രമല്ല "പിതാമഹൻ" എന്ന തമിഴു സിനിമയിലെ നായക വേഷം തരത്തിലുള്ള തട്ടിപ്പു നടത്തുന്നതായുള്ള ചിത്രീകരണം ഉണ്ടെന്നു എന്റെ ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ അനുഭവം വീണ്ടും പ്രസിദ്ധീകരിക്കണമെന്ന തോന്നലുണ്ടായി. തോന്നലിൽ നിന്നും പോസ്റ്റ്‌ ജന്മമെടുത്തു;, മനോരമ നൽകിയ അതേ പേരിൽ.
വിനീത ലേലംവികൃത വേഷം.
തമിഴു നാടു സംസ്ഥാനത്തുള്ള ചെങ്കോട്ട ബസ്‌ സ്റ്റാന്റ്‌.
കൊല്ലത്തേക്കുള്ള ബസ്സ്‌ സ്റ്റാന്റിൽ പിടിച്ചിട്ടുണ്ടു. തമിഴും മലയാളവും ഇടകലർന്ന ഭാഷ സം സാരിക്കുന്ന ചെങ്കോട്ടക്കാരാണു ബസ്സിൽ അധികവും. വാരിക വിൽപ്പനക്കാരും പഴ വ്യാപാരികളും ബസ്സിൽ അവരുടെ വൈഭവം പ്രകടിപ്പിക്കുന്നു. ബസ്സ്‌ പുറപ്പെടാൻ ഇനിയും സമയം ഉണ്ടു. അപ്പോഴണു ഒരു പുതിയ വേഷത്തിന്റെ തിരപ്പുറപ്പാടു ഞാൻ ശ്രദ്ധിച്ചതു
ഒരു മീശക്കാരൻ. കൈത്തണ്ടിൽ ഒരു ബെഡ്‌ ഷീറ്റ്‌ മടക്കി തൂക്കി ഇട്ടിരിക്കുന്നു.
"
ദയവു ചെയ്തു ശ്രദ്ധിക്കുക" ബസ്സിലെ കലപില ബഹളങ്ങൾക്കു മീതെ അയാളുടെ ശബ്ദം ഉയർന്നു.
"
പുതുതായി തുടങ്ങിയ ഞങ്ങളുടെ കമ്പനിയുടെ പ്രചരണാർത്ഥം മാത്രം " കൊമ്പൻ മീശയുടെ താഴെ ഫിറ്റ്‌ ചെയ്ത പുഞ്ചിരിയോടെ അയാൾ മൊഴിഞ്ഞു.
എല്ലാവരു ശ്രദ്ധിച്ചു.
"ഇതാ 300 രൂപ വിലയുള്ള ബെഡ്‌ ഷീറ്റ്‌ ലേലം വിളിച്ചു കൊടുക്കുവാൻ പോകുന്നു...."
യാത്രക്കാർ വീണ്ടും സ്വന്തം കാര്യങ്ങളിലേക്കു തിരിഞ്ഞു. സാധാരണ വേഷക്കാരൻ; പുതുമയൊന്നുമില്ല.
"
പത്തു രൂപാ..." ലേലക്കാരൻ വിളി ആരംഭിച്ചു. ആർക്കും അനക്കമില്ല.
"300
രൂപയുടെ ബെഡ്‌ ഷീറ്റ്‌ കമ്പനിയുടെ പ്രചരണാർത്ഥം വെറും പത്തു രൂപാ..."
"15
റൂപാ...." ഒരു തമിഴു കുടവയർ വിളി ഏറ്റു പിടിച്ചു. " 20 രൂപാ..." അടുത്തിരുന്ന ഒരു മലയാളി വല്യമ്മ തുക കൂട്ടി.തമിഴന്റെ 15 രൂപാ അവർക്കിഷ്ടപ്പെട്ടില്ലെന്നു തോന്നി.
ലേലക്കാരന്റെ മുഖത്തെ പുഞ്ചിരിക്കു മാറ്റമൊന്നുമില്ല."20 രൂപാ...." അയാൾ ആവർത്തിച്ചു.
20
രൂപ പലരും ചേർന്നു 50 രൂപയിൽ കൊണ്ടെത്തിച്ചു."300 രൂപയുടെ ബെഡ്‌ ഷീറ്റ്‌ വെറും 50 രൂപായിലേ എത്തിയുള്ളൂ, ഞങ്ങളോടു സഹകരിക്കൂ, വില ഉയർത്തി വിളിക്കൂ....." ലേലക്കാരൻ പുഞ്ചിരിയോടെ മധുര സ്വരത്തിൽ വീണ്ടും ഉണർത്തി. അയാളുമായി യാത്രക്കാർക്കു മുൻ ബാദ്ധ്യതയുള്ള വിധത്തിലാണു പ്രഭാഷണം.
പല തവണ വിളിച്ചിട്ടും 50 രൂപയിൽ നിന്നും സൂചി മുകളിലേക്കു ഉയർന്നില്ല.50 രൂപ വിളിച്ച മദ്ധ്യവയസ്കൻ പോക്കറ്റു പരിശോധിച്ചതിനു ശേഷം ലേലക്കാരന്റെ സമീപം ചെന്നു ബെഡ്‌ ഷീറ്റ്‌ തിരിച്ചും മറിച്ചും പരിശോധിച്ചു. അയാളുടെ മുഖം നിറയെ സംതൃപ്തിയുടെ പ്രകാശം.
"50
രൂപാ..ഒരു തരം രണ്ടു തരം.......ഇല്ലാ മൂന്നു തരമില്ല. ക്ഷമിക്കണം.ഈ വിലക്കു കൊടുക്കാൻ സാദ്ധ്യമല്ല......" ലേല വേഷം നിരാശ സ്വരത്തിൽ എന്നാൽ മുഖത്തെ പുഞ്ചിരിക്കു കോട്ടം വരാത്ത വിധത്തിൽ മൊഴിഞ്ഞു.
"പക്ഷേ ഒന്നു കേൾക്കൂ, ..." അയാൾ ബസ്സിന്റെ ജനാലയിലൂടെ കൈ നീട്ടി. ഞാൻ പുറത്തേക്കു നോക്കി. ഒരു പയ്യൻ തുണിക്കെട്ടും മറ്റുമായി നിൽക്കുന്നു. അവൻ രണ്ടു പേനകൾ ലേലക്കാരനു കൊടുത്തു.
" ഈ ഷീറ്റ്‌ കൊടുക്കാൻ സാധിച്ചില്ലെങ്കിലും ഞങ്ങളുടെ കമ്പനിയുടെ പ്രചരണാർത്ഥം ഏറ്റവും തുക കൂടുതൽ വിളിച്ച രണ്ടു പേർക്കു ബോണസ്സ്‌...."
45-ം 50-ം രൂപ ലേലം വിളിച്ച രണ്ടു പേർക്കു അയാൾ ഓരോ പേനാ കൊടുത്തു.
യാത്രക്കാരുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടായി. പേന ഏതു തരത്തിലുള്ളതു ആയാലും അതു സൗജന്യമാണല്ലോ. 50 രൂപാ വിളിച്ച മദ്ധ്യ വയസ്കന്റെ മുഖത്തു ഇപ്പോൾ ഒരു വിജയ ഭാവമുണ്ടു.
"ഇതാ അടുത്തതു..." ഇപ്പോൾ ഒരു സാരിയാണു അയാളുടെ കയ്യിൽ.
"500 രൂപാ വിലയുള്ള സാരി കമ്പനിയുടെ പ്രചരണാർത്ഥം ,ഇതാ ലേലം തുടങ്ങുന്നു..വെറും 20 രൂപാ..."
"അൻപതു റൂപ.." പഴയ കുടവയറൻ തമിഴൻ ആരംഭമിട്ടു.ലേലത്തിൽ ആദ്യത്തെ വിളി അയാളുടേതായിരിക്കണമെന്നു അയാൾക്കു നിർബന്ധമുള്ളതു പോലെ തോന്നി. ഈ തവണ വല്യമ്മ അനങ്ങിയില്ല.ലേല തുക വേഗത്തിൽ ഉയർന്നു 100 രൂപാ വരെ എത്തി.യത്രക്കാർക്കു ലേലക്കാരനിൽ വിശ്വാസം ജനിച്ചിരിക്കുനു.പക്ഷേ 100 രൂപാക്കു മുകളിൽ ആരും കടന്നില്ല.
"ഒരു തരം.....രണ്ടു തരം.....ഇല്ല മൂന്നു തരമില്ല.....ലേലക്കാരന്റെ സ്വരത്തിൽ വീണ്ടും നിരാശ.
"ക്ഷമിക്കണം 100 രൂപാക്കു കൊടുക്കാൻ സാധിക്കുകയില്ല, സുഹൃത്തുക്കളേ പക്ഷേ...."അയാൾ പുറത്തേക്കു കൈ നീട്ടി.
100 രൂപാ വിളിച്ച കറുത്ത യുവതിയുടെ മുഖത്തു പതിനാലാം രാവിന്റെ തിളക്കം.
ഈ തവണ ബോണസ്സ്‌ രണ്ടു ചീപ്പു.100 രൂപാ വിളിച്ച കറുത്ത യുവതിക്കും 98 രൂപാ വിളിച്ച ഒരു കോന്ത്ര പല്ലനും അതു കിട്ടി. യാത്രക്കാർക്കു ഉത്സാഹം കയറി. ഇനി എന്താണാവോ അടുത്ത രംഗം.
ഈ തവണ ബോണസ്സ്‌ മുൻ കൂറായി പ്രദർശിപ്പിച്ചു. രണ്ടു സോപ്പു പെട്ടി വിത്തു സോപ്പു.
ലേല സാധനം രംഗത്തെത്തി. പാന്റ്സിന്റെ തുണി.
"ഇതാ കമ്പനിയുടെ പ്രചരണാർത്ഥം 500 രൂപായുടെ എ.സീ.കോട്ടൺ തുണി..പാന്റിനു..... ആർക്കും വിളിക്കാം...."
മിന്നൽ വേഗത്തിൽ ലേല തുക 250 രൂപായിൽ എത്തി. 250 രൂപാ വിളിച്ചതു ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ 245 വിളിച്ചതു ബെഡ്‌ ഷീറ്റ്‌ ലേലത്തിൽ കൂടുതൽ വിളിച്ച മദ്ധ്യ വയസ്കൻ.
"ഒരു തരം...രണ്ടു തരം..." ഞാൻ കാതോർത്തു. "ഇല്ലാ ക്ഷമിക്കണം ..." ഇപ്പോൾ പുറത്തു വരും. പക്ഷേ തെറ്റി.
"മൂന്നു തരം"
250-ം 245-ം വിളിച്ച രണ്ടു പേർക്കും ഓരോ പാന്റ്സ്‌ തുണിയും സോപ്പു പെട്ടി വിത്തു സോപ്പും ലേലക്കാരൻ മടിയിലിട്ടു കൊടുത്തു.അവരുടെ മുഖത്തു പരിഭ്രമം.
"ങ്‌ എ...എനിക്കു വേണ്ടാ...."മെലിഞ്ഞ ചെറുപ്പക്കാരൻ കുതറി നോക്കി.
"വേണ്ടെന്നോ....." ലേല വേഷത്തിന്റെ സ്ഥിരം പുഞ്ചിരി ഇപ്പോൾ മുഖത്തില്ല, പകരം രൗദ്രമാണു.ഉടൻ കാച്ചി കളയുമെന്ന മട്ടിൽ കൊമ്പൻ മീശ വിറച്ചു. ഈ സമയം അയാളുടെ പുറകിൽ അതേ പോലുള്ള രണ്ടു കൊമ്പൻ മീശകൾ കൂടി അണി നിരന്നിരിക്കുന്നു . അവർ സമയം ആയപ്പോൾ രംഗത്തെത്തിയതാണു.
"കണ്ടിട്ടു മാന്യനാണെന്നു തോന്നുന്നല്ലോ, തൊണ്ടയിലെ വെള്ളം വറ്റിച്ചു ലേലം വിളിച്ചിട്ടു ഇപ്പോൾ വേണ്ടെന്നോ? പൈസ്സ എടുക്കടോ " ലേലക്കാരൻ അലറി.പുറകിൽ നിൽക്കുന്ന മീശകൾ നിശ്ശബ്ദരാണു. പക്ഷേ അവർ ചെറുപ്പക്കാരനെ രൂക്ഷമായി നോക്കി മീശ പിരിച്ചു കൊണ്ടേ ഇരുന്നു.
യാത്രക്കാർ തരിച്ചിരിക്കുകയാണു.ആരും പ്രതികരിക്കുന്നില്ല. അഥവാ നമ്മെളെന്തിനു ഇതിൽ പ്രതികരിക്കണം എന്ന മട്ടു.
ബോണസ്സിന്റെ ആഗ്രഹത്തിന്മേൽ വിളിച്ചതാണെന്നും തുണി ആവശ്യം ഇല്ലെന്നും പറയുന്നതു മര്യാദക്കു നിരക്കാത്തതും നാണക്കേടുമാണു.
മെലിഞ്ഞ ചെറുപ്പകാരൻ ദയനീയമായി സഹ യാത്രികരെ നോക്കി. കൂട്ടു പ്രതിയായ മദ്ധ്യ വയസ്കനെ നോക്കി. ആരും സഹായത്തിനില്ല.
പോക്കറ്റിൽ നിന്നും രൂപാ എണ്ണി കൊടുത്തപ്പോൽ അയാൾ പതുക്കെ പറഞ്ഞത് "നീ ഗുണം പിടിക്കില്ലെടാ"എന്നാണോ എന്നറിയില്ല.
ലേലക്കാരൻ അനുയായികളുമായി മദ്ധ്യ വയസ്കന്റെ മുമ്പിൽ ചെന്നു കൈ നീട്ടി.
"ഉം...ം.." ബോംബയിൽ ഗല്ലികളിൽ ദാദാമാർ പണം പിരിക്കുന്ന ഭാവമാണു അയാളുടെ മുഖത്തു.
"ഞാൻ 245 രൂപയേ വിളിച്ചുള്ളൂ....." മദ്ധ്യ വയസ്കന്‍ ഒഴിയാൻ നോക്കി.
" മതി സാർ 245 തന്നാൽ മതി, തുണി എടുത്താട്ടെ...." തുണിയും സോപ്പു പെട്ടിയും അയാളുടെ മടിയിൽ തന്നെ കിടക്കുന്നു.
താമസം ഉണ്ടായില്ല; പൈസ്സാ കൊടുക്കാനും ലേല വേഷം ബസ്സിൽ നിന്നിറങ്ങാനും.
ബസ്സ്‌ പുറപ്പെട്ടു കഴിഞ്ഞു ചെറുപ്പക്കാരന്റെ പക്കൽ നിന്നും ഞാൻ തുണി വാങ്ങി പരിശോധിച്ചു. പരമാവധി 100 രൂപാ വില വരും, അതും രണ്ടു കഴുകൽ കഴിഞ്ഞാൽ മിച്ചം കാണുമോ എന്നു സംശയം. ലേലക്കാരനു ലാഭം 150രൂപ. അതിൽ ചിലവു രണ്ടു ബാൾ പെൻ, രണ്ടു ചീപ്പു, രണ്ടു സോപ്പു പെട്ടി വിത്തു സോപ്പു, ഇവയുടെ വില. കച്ചവടം കൊള്ളാം.
എസ്സൻസ്സ്‌:- ഇതു കലിയുഗം.സൗജന്യം എവിടെ കാണുന്നുവോ അവിടെ ജാഗ്രത ആയിരിക്കുക; പുറകിൽ അപകടം പതിയിരിക്കുന്നു.
:
Sunday, March 14, 2010

Sunday, March 7, 2010

മീനിന്നു മത്തിയോ ചെമ്മീനോ...

മീനിന്നു മത്തിയോ ചെമ്മീനോ.....


മീനിന്നു മത്തിയോ ചെമ്മീനോ..........
ചെമ്മീനുമില്ല നൈ മീനുമില്ല , അതെല്ലം പുറം കടലിൽ സായിപ്പുമാർ വലിയ കപ്പലുകളും യന്ത്ര സാമഗ്രികളുമായി വന്നു പിടിച്ചു കൊണ്ടു പോകും. നമുക്കു മത്തി തന്നെ ആധാരം. അതാണെങ്കിൽ ഇങ്ങു തീരത്തു ഒരു പഞ്ഞവുമില്ല. കോരി എടുത്തു വല സഹിതം പുന്നപ്ര മുതൽ തോട്ടപ്പള്ളി വരെ നാഷണൽ ഹൈ വേയുടെ വശങ്ങളിൽ കൊണ്ടു വെച്ചു നാട്ടുകാരെ കെട്ടി ഏൽപ്പിക്കുകയും ചെയ്യാം......

0 അഭിപ്രായ(ങ്ങള്‍):

മീനിന്നു മത്തിയോ ചെമ്മീനോ.....


മീനിന്നു മത്തിയോ ചെമ്മീനോ..........
ചെമ്മീനുമില്ല നൈ മീനുമില്ല , അതെല്ലം പുറം കടലിൽ സായിപ്പുമാർ വലിയ കപ്പലുകളും യന്ത്ര സാമഗ്രികളുമായി വന്നു പിടിച്ചു കൊണ്ടു പോകും. നമുക്കു മത്തി തന്നെ ആധാരം. അതാണെങ്കിൽ ഇങ്ങു തീരത്തു ഒരു പഞ്ഞവുമില്ല. കോരി എടുത്തു വല സഹിതം പുന്നപ്ര മുതൽ തോട്ടപ്പള്ളി വരെ നാഷണൽ ഹൈ വേയുടെ വശങ്ങളിൽ കൊണ്ടു വെച്ചു നാട്ടുകാരെ കെട്ടി ഏൽപ്പിക്കുകയും ചെയ്യാം......

Thursday, March 4, 2010

ഹുസൈനും ചിത്രവും

വിഖ്യാത ചിത്രകാരൻ എം.എഫ്‌.ഹുസ്സൈൻ ഇപ്പോൾ വാർത്താ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുകയാണു. ഖത്തറിലെ പൗരത്വ സ്വീകരണത്തോടനുബന്ധിച്ചു അദ്ദേഹം ഗൾഫ്‌ മാധ്യമവുമായി നടത്തിയ അഭിമുഖത്തെ തുടർന്നാണു ഹുസ്സൈന്റെ പേരു ഇപ്രകാരം വാർത്തകളിൽ കത്തി നിൽക്കുന്നതു.
വിദേശത്തു പൗരത്വം സ്വീകരിക്കാൻ ഹുസ്സൈനെ പ്രേരിപ്പിച്ച വസ്തുതകളെന്താണു എന്നും അദ്ദേഹത്തിന്റെ ഗള്‍ഫിലേക്കുള്ള പ്രയാണത്തിനു ഹേതുവെന്തെന്നും അഭിമുഖത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. വിശദീകരണവും തർക്ക ഹേതുവായ ചിത്രരചനയും തുറന്ന മനസ്സോടെ നിരീക്ഷിച്ചു നിരീക്ഷണങ്ങളിൽ നിന്നും വെളിവാകുന്ന വസ്തുതകളിൽ അന്തർലീനമായിരിക്കുന്ന സത്യം ചികഞ്ഞെടുക്കുക എന്നുള്ളതാണു കുറിപ്പിന്റെ ലക്ഷ്യം.
എന്താണു ഹുസ്സൈൻ ചെയ്തതു?
ഹൈന്ദവ ദർശനപ്രകാരം ആരാധ്യയായ സരസ്വതീ ദേവിയുടെ നഗ്ന ചിത്രം അദ്ദേഹം വരച്ചു പ്രദർശിപ്പിച്ചു. കൂട്ടത്തിൽ അതേപോലുള്ള മറ്റു ചില ചിത്രങ്ങളും അദ്ദേഹത്താൽ രചയിതമായി. ചിത്രങ്ങൾ മലയാളം ബ്ലോഗിൽ അഭിമന്യൂ എന്ന ബ്ലോഗറിന്റെ പോസ്റ്റിൽ കൂടിയാണെന്നു തോന്നുന്നു അടുത്ത ദിവസം പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടു.
ഹുസ്സൈന്റെ മേൽകാണിച്ച വിധമുള്ള ചിത്ര രചനക്കു ശേഷം സംഘ്‌ പരിവാർ സമൂഹം പ്രതിഷേധവും സമരവുമായി രംഗെത്തെത്തുകയും തുടർന്നു ഇന്ത്യയിൽ പല കോടതികളിലും അദ്ദേഹത്തിനെതിരായി കേസ്സുകൾ ഫയൽ ചെയ്യപ്പെടുകയുമുണ്ടായി.ഹിന്ദു സഹോദരന്മാർ വിദ്യയുടെ ദേവിയായി ആരാധിക്കുന്ന സരസ്വതീ ദേവിയെ ആശാസ്യമല്ലാത്ത രീതിയിൽ, നഗ്നയായി, വികൃതമായി ആവിഷ്ക്കാര സ്വാതന്ത്രിയത്തിന്റെ പേരിൽ ചിത്രീകരികരിച്ചപ്പോൾ ഹുസ്സൈനു എതിരായി ഭീഷണികൾ ഉയർന്നു വന്നു. സംഘർഷം വർദ്ധിക്കുകയും കേസ്സിന്റെ ബാഹുല്യം ഏറുകയും ചെയ്തപ്പോൾ പ്രാണ ഭയത്താൽ അദ്ദേഹം വിദേശത്തു അഭയം തേടി. 83 വയസ്സിൽ നാടു വിട്ട അദ്ദേഹത്തിനു ഇപ്പോൾ 95 വയസ്സു പ്രായമുണ്ടു . വിശ്രുത ചിത്രകാരനായ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു കോടികൾ വിലമതിക്കപ്പെടുമെന്നു പറയപ്പെടുന്നു.
ഇന്ത്യ എന്റെ ആത്മാവാണെന്നും ഇന്ത്യയെ ഞാൻ ഇന്നും സ്നേഹിക്കുന്നു എന്നും പക്ഷേ ഇന്ത്യക്കു എന്നെ വേണ്ടാതായി എന്നും ഹൃദയത്തിൽ വറ്റി തീരാത്ത വേദനയോടെയാണു ഞാൻ ഇതു പറയുന്നതെന്നും ഹുസ്സൈൻ ഗൾഫ്‌ മാധ്യമത്തോടു പറഞ്ഞതായി " മാധ്യമം" പത്രം റിപ്പോർട്ടു ചെയ്യുന്നു.
" വേദനയോടെയാണു ഞാൻ ഇന്ത്യൻ പൌരത്വം ഉപേക്ഷിച്ചതു, ഇന്ത്യക്കാണ് എന്നെ വേണ്ടാത്തത് , പിന്നെന്തിനു ഞാൻ അവിടെ കഴിയണം സംഘ്പരിവാർ ശക്തികൾ എനിക്കെതിരെ വാളോങ്ങിയപ്പോൾ എല്ലാവരും മൗനം പാലിച്ചു. രാഷ്ട്രീയ നേത്രുത്വമോ കലാകാരന്മാരോ ബുദ്ധിജീവികളോ എനിക്കു വേണ്ടി ശബ്ദിക്കാന്‍ മുന്നോട്ടു വന്നില്ല;......ഇന്ത്യയിൽ മാറി മാറി വന്ന ഒരു സർക്കാരും എന്നെ സംരക്ഷിക്കാൻ തയാറായില്ല.അങ്ങിനെയുള്ള നാട്ടിൽ ഇനിയും എനിക്കു ജീവിക്കാൻ കഴിയില്ല.രാഷ്ട്രീയക്കാർക്കു വോട്ടാണു പ്രധാനം.ഹിന്ദ്ത്വ വാദികളുടെ ഭീഷണികൾക്കു മുന്നിൽ അവർ മൗനം പാലിച്ചതിനു കാരണം മറ്റൊന്നുമല്ല......ഇത്രയും കാലം രും എനിക്കു വേണ്ടി ശബ്ദിക്കാനുണ്ടായില്ല,ഒരു സർക്കാരും എന്നെ മടക്കി വിളിച്ചില്ല ഇപ്പോൾ ഒരു രാഷ്ട്രം പൗരത്വം നൽകാമെന്നു പറഞ്ഞപ്പോഴാണു മടങ്ങി ചെല്ലാൻ പറയുന്നതു.ഇതുവരെ തിരിഞ്ഞു നോക്കാതിരുന്ന എന്നെ സംരക്ഷിക്കാൻ തയാറാകാതിരുന്ന രാഷ്ട്രീയ നേതൃത്വത്തെ ഞാൻ എങ്ങിനെ വിശ്വസിക്കും......എനിക്കു ഇന്ത്യയിൽ സുരക്ഷിതത്വം ലഭിക്കുമെന്നു എന്താണു ഉറപ്പു........."
അഭിമുഖ റിപ്പോർട്ടു തുടരുന്നു............
"ഇതു തികച്ചും കലക്കെതിരായ ആത്മാവിഷ്കാരത്തിനെതിരായ നീക്കമാണു.കലയിലൂടെ ആരെയും ആക്ഷേപിക്കാനോ വിശ്വാസങ്ങളെ വൃണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല. എന്റെ ആത്മാവിന്റെ അഭിരുചികളെ കലയിലൂടെ ആവിഷ്ക്കരിക്കുക മാത്രമാണു ഞാൻ ചെയ്തതു......" ഹുസ്സൈൻ അഭിമുഖത്തിൽ പറഞ്ഞു.
നമുക്കു വസ്തുതകൾ പുന:പരിശോധിക്കാം. നാ അങ്ങിനെ ചെയ്യുന്നതിനു മുമ്പു ഹുസ്സൈൻ ഒരു മുസ്ലിം ആണെന്നുള്ളതും പ്രതിഷേധക്കാർ സംഘ്‌ പരിവാർ ആണെന്നുമുള്ള കാഴ്ച്ചപ്പാടു തീർച്ച ആയും മനസ്സിൽ നിന്നും നീക്കം ചെയ്യണം.ഒരു നിഷ്പക്ഷ നിരീക്ഷണത്തിനു അപ്രകാരമുള്ള നീക്കം ചെയ്യൽ അത്യന്താപേക്ഷിതമാണു.ജാനാധിപത് ഭാരതത്തിലെ ഒരു ഭൂരിപക്ഷ സമൂഹം പവിത്രവും പരിശുദ്ധവുമായ നിലയിൽ കാണുന്നതും ആരാധിക്കുന്നതുമായ ഒരു ദേവിയെ നാളിതു വരെ കാണാത്ത കോലത്തിൽ സാമ്പ്രദായ്കമല്ലാത്ത രൂപത്തിൽ ചിത്രീകരിച്ചു പ്രദർശിപ്പിച്ചപ്പോൾ രചയിതാവു ഒരു മുസ്ലിം നാമധാരിയാണോ ഇതര മതസ്ഥനാണോ എന്നു നോക്കേണ്ട കാര്യമില്ല. ചിത്രീകരിക്കപ്പെട്ട ആരാധ്യവസ്തു ഹിന്ദുവിന്റേതാണൊ എന്നും നോക്കേണ്ടതില്ല.അങ്ങിനെയുള്ള ചിത്രം കാണൂമ്പോൾ ബന്ധപ്പെട്ട സമൂഹത്തിന്റെ മനോനിലയെപ്പറ്റി മാത്രമാണു ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ചിന്തിക്കേണ്ടതു.നാം ബഹുമാനിക്കുന്ന ആരാധിക്കുന്ന ഒരു വ്യക്തിയെ/ദൈവത്തെ വിമർശിച്ചു ആരെങ്കിലും സം സാരിക്കുകയും എഴുതുകയും ചെയ്യുമ്പോൾ ഒരു പരിധിവരെ അതു ചെയ്യുന്നവരുടെ നേരെ നമുക്കു സഹിഷ്ണത പുലർത്താം. കാരണം ആരോപിക്കപ്പെട്ട വിമർശിക്കപ്പെട്ട നമ്മുടെ ഭാഗത്തിനു വേണ്ടി കാര്യ ഗൗരവത്തോടെ ന്യായങ്ങൾ നിരത്തി മറുപടി പറയാനും മറുലേഖനം എഴുതാനും തെളിവുകൾ ഹാജരാക്കി അവരുടെ വിമർശനത്തെ ഖണ്ഡിക്കാനും നമുക്കു കഴിയും.ആരോപിക്കപ്പെട്ട വിമർശിക്കപ്പെട്ട തെറ്റിദ്ധരിക്കപ്പെട്ട വസ്തുതകൾ അപ്രകാരം നമുക്കു തിരുത്തുകയും ചെയ്യാം.
പക്ഷേ ഹുസ്സൈൻ ചെയ്തതു അപ്രകാരത്തിലുള്ള ആരോപണമോ വിമർശനമോ അല്ലെന്നു തീർച്ച.ഇവിടെ അദ്ദേഹം ചെയ്ത പ്രവർത്തിയിൽ ഹിന്ദുമത വിശ്വാസികളുടെ മനസ്സിലെവിടെയോ ഒരു നീറ്റൽ, അപമാനം, സഹോദരന്മാർ പരിശുദ്ധമായി വെടിപ്പാക്കി വെച്ചിരിക്കുന്ന പൂജാ മുറിയിൽ അമേധ്യം കണ്ടതു പോലുള്ള അറപ്പു തുടങ്ങിയവ ഉളവായി. ലേഖനങ്ങൾക്കോ വിമർശനങ്ങൾക്കോ മറുപടി എഴുതുകയോ പറയുകയോ ചെയ്തു വിമർശം ഖണ്ഡിക്കാൻ കഴിയുന്നതു പോലെ ചിത്ര പ്രശ്നത്തിൽ ഹിന്ദു സഹോദരന്മാർക്കു ബദൽ ഒന്നും ചെയ്യാൻ സാധിക്കാതെ വന്നു. അപ്രകാരം ഹിന്ദു മത വിശ്വാസികളിൽ വേദന ഉളവാകത്തക്ക രീതിയിൽ അദ്ദേഹം ദേവിയുടെ ചിത്രം വികൃതമാക്കിയതു ന്യായീകരിക്കപ്പെടാവുന്നതല്ല.
വന്ദ്യയായ നിങ്ങളുടെ സ്വന്തം മാതാവു നഗ്നയായി ചിത്രീകരിക്കപെട്ടു ചിത്രം നിങ്ങളുടെ മുമ്പിൽ പ്രദർശിപ്പിച്ചാൽ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാര വികാരങ്ങൾ എന്തെല്ലാമായിരിക്കും.
അപ്പോഴുണ്ടാകുന്ന നിങ്ങളുടെ പ്രതിഷേധത്തെ ,അത് ചെയ്ത ആള്‍ "ഇതു തികച്ചും കലക്കെതിരായ ആവിഷ്ക്കാരസ്വാതന്ത്രിയത്തിനെതിരായ നീക്കമാണു" എന്നു ന്യായീ കരിച്ചാൽ അതു ഒരിക്കലും നിങ്ങൾകു അംഗീകരിക്കാൻ കഴിയില്ല.
എന്താണു കല.?
കല ദിവ്യമാണു. പ്രകൃതി അനുഗ്രഹിച്ചു ചിലരിൽ മാത്രം നൽകുന്ന വരദാനമാണതു. മാനസികോല്ലാസപ്രദായകവും മറ്റുള്ളവരെ ഉപദ്രവിക്കാത്തതുമായിരിക്കണം. സമൂഹത്തിനു ഉപകാരപ്രദവുംസഹായകരവുമായിരിക്കണം.ചിത്ര രചന ആയാലുംസാഹിത്യമായാലും സംഗീതമായാലും കാഴ്ച്ചപ്പാടു ഉണ്ടാകണം.
യേശുദാസ്സ്‌ വിശൃതനായ സംഗീതജ്ഞനാണു. അദ്ദേഹം അതി സുന്ദരമായ ഈണത്തിൽ നാലു പച്ചതെറികൾ പാടിയാൽ അതു കേൾക്കുന്നവരായ നമ്മുടെ മനോഭാവം എന്തായിരിക്കും. അതുഅദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്രിയമാണു എന്നു പറഞ്ഞാൽ എന്തു ന്യായീകരണമാണുഉള്ളതു.അപ്പോൾ, ആവിഷ്കാര സ്വാതന്ത്രിയവും ആത്മാവിന്റെ അഭിരുചികളെ കലയിലൂടെആവിഷ്കരിക്കലും സഹജീവികളിൽ അസഹ്യത ഉണ്ടാക്കരുതു എന്ന ചിന്ത കലാകാരനിൽതീർച്ചയായും ഉണ്ടാകേണ്ടിയിരിക്കുന്നു. അതായതു ആവിഷ്കാര സ്വാതന്ത്രിയം അഴിച്ചു വിട്ട കൂറ്റൻകാളയെ പോലെ ആകരുതു എന്നു സാരം.
ഇവിടെ ഹുസ്സൈന്റെ വാചകങ്ങൾ തന്നെ അദ്ദേഹത്തിനെതിരായ സാഹചര്യ തെളിവുകളായി വരുന്നു .
".......സംഘ്‌ പരിവാർ കക്ഷികൾ എന്റെ നേരെ വാളോങ്ങിയപ്പോൽ എല്ലാവരും മൗനം പാലിച്ചു. രാഷ്ട്രീയ നേതാക്കളോ കലാകാരന്മാരോ ബുദ്ധിജീവികളോ എനിക്കു വേണ്ടി ശബ്ദിക്കാൻ വേണ്ടിമുന്നോട്ടു വന്നില്ല.ഇന്ത്യയിൽ മാറി മാറി വന്ന ഒരു സർക്കാരും എന്നെ സംരക്ഷിക്കാൻ തയാറായില്ല......"
ഹുസ്സൈന്റെ പരിദേവനം വസ്തുതാപരമായി ശരിയാണു. അതെന്തുകൊണ്ടെന്നു അദ്ദേഹംചിന്തിച്ചില്ല"ഹിന്ദുത്വ ശക്തികളെ ഭയപ്പെട്ടതിനാലാണു " ഇപ്രകാരം ഉണ്ടായതെന്നാണുഅദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടു. കാഴ്ച്ചപാടിനോടു യോജിക്കാൻ കഴിയില്ല. കാരണം ലോകത്തിലെഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണു ഇന്ത്യ. അപഭ്രംശങ്ങൾ അങ്ങുമിങ്ങും വിരളമായികാണപ്പെടുന്നു എങ്കിലും സ്വതന്തൃ ഇന്ത്യയിൽ മേൽ പറഞ്ഞ വിധത്തിൽ ഏതെങ്കിലും ശക്തികളെഭയന്നു നമ്മുടെ അഭിപ്രായങ്ങൾ നമ്മൾ മൂടി വെക്കാറില്ല. അപ്പോൽ ഹുസ്സൈൻ പറഞ്ഞ "മൗനംപാലിച്ച എല്ലാവരിലും" ഞാൻ നടേ പറഞ്ഞ ചിന്തകൾ ചിത്രങ്ങൾ കണ്ടപ്പോൾ ഉണ്ടായിട്ടുണ്ടുഎന്നതു സത്യമാണു. ഏതു സ്വാതന്ത്രിയത്തിന്റെ പേരിലായാലും അതു വേണ്ടായിരുന്നു എന്ന തോന്നൽഭൂരിപക്ഷം പേരിലും കാലത്തു ഉണ്ടായിരുന്നു. അതിനാലാണു ബുദ്ധിജീവികൾ ഉൾപ്പടെയുള്ളവർചിത്ര പ്രശ്നത്തിൽ മൗനം ഭജിച്ചതു.
കുറിപുകൾ അവസാനിക്കുന്നതിനു മുമ്പു മറ്റൊരു സത്യം കൂടി ഇവിടെനിരീക്ഷിക്കപ്പെടേണ്ടതുണ്ടു."കലയിലൂടെ അരെയും ആക്ഷേപിക്കനോ വിശ്വാസങ്ങളെവൃണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചില്ല." എന്നു അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിന്റെ കലയുടെആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വൻ സമൂഹം വേദനിക്കപ്പെട്ടു എന്നും അദ്ദേഹത്തിന്റെആത്മാവിന്റെ അഭിരുചി കലയിലൂടെ പ്രദർശിക്കപെട്ടപ്പോൾ സമൂഹത്തിന്റെ മനസ്സിൽ തന്റെരചനയെപ്പറ്റി അഭിനന്ദനമോ, പ്രോൽസാഹനമോ അല്ല, പകരം പ്രതിഷേധമാണു ഉൽഭവിച്ചതെന്നുംഅദ്ദേഹം തിരിച്ചറിയേണ്ടിയിരുന്നു. തിരിച്ചറിയലിൽ നിന്നും അദ്ദേഹത്തിന്റെ പശ്ചാത്താപംവെളിപ്പെടണമായിരുന്നു.പകരം എങ്ങും തൊടാതെയുള്ള ആത്മാർത്ഥത ഇല്ലാത്ത ചില ക്ഷമാപണവാക്കുകൽ മാത്രമാണു പണ്ടും ഇപ്പോഴും അദ്ദേഹം പ്രകടിപിച്ചതു. തെറ്റു തെറ്റായി കാണാൻ അദ്ദേഹംഒരുക്കമല്ല.
കോടതികളിലെ ഹുസ്സൈനു എതിരായ കേസ്സുകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത തായി വാർത്ത വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുംഅദ്ദേഹത്തെ പിൻ താങ്ങി സം സാരിച്ചിരിക്കുന്നു.
ഏതു കോടതിയിൽ നിന്നും ഏതു കേസ്സിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയാലും അദ്ദേഹത്തിന്റെആവിഷ്കാര സ്വാതന്ത്ര്യം മൂലം അപമാനിക്കപ്പെട്ട ഒരു വൻ സമൂഹത്തിന്റെ മനസ്സിലെ വേദനയെഇല്ലാതാക്കാൻ ഒരു അധികാര സ്ഥാപനത്തിനും കഴിയില്ലെന്നും തീർച്ച. അതോടൊപ്പം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധികൾ എന്തെല്ലാമെന്നു പുനർ ചിന്തനവും നമ്മളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.